Samstag, 29. Oktober 2016

ധ്രുവദീപ്തി: ജർമ്മൻ ഡയറി // ആവേശകരവും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, ആദ്യത്തെ കപ്പൽ യാത്ര. George Kuttikattu

ജർമ്മൻ ഡയറി: പാർട്ട് IV 

ആവേശകരവും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, 
ആദ്യത്തെ കപ്പൽയാത്ര. 


കാണാത്തീരങ്ങളെത്തേടി .

LLoyd Tristieno-  
"ആസ്‌ട്രേലിയ 
വസാനം എല്ലാ കാര്യങ്ങളും പൂർത്തിയായി. യാത്രയ്ക്ക് വേണ്ടി തുടക്കമായി. ഭാവിയുടെ സ്വപ്‌ന കാണാത്തീരങ്ങളെ ലക്ഷ്യമാക്കി കുറെ പെൺകുട്ടികളുടെയും, കുറെ ആൺകുട്ടികളുടെയും ജർമ്മനിയെ ലക്ഷ്യമാക്കിയുള്ള ചരിത്രം കുറിച്ച സാഹസിക യാത്രയുടെ തുടക്കം. എല്ലാവർക്കും, അവരുടെ പ്രിയപ്പെട്ട ജന്മനാടിനു പുറത്തേയ്ക്കുള്ള ആദ്യത്തേതും, ആവേശകരവും അതിലേറെയും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, അന്നത്തെ കപ്പൽ യാത്ര. കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ മലയാളി പെൺകുട്ടികളുടെയും കൗമാര പ്രായം കഴിഞ്ഞ കുറെ യുവാക്കളുടെയും ജർമനിയിലേക്കുള്ള സംഘടിത സാഹസികവും ഏറെസങ്കീർണ്ണവും അതിലേറെ പ്രത്യേകതകളും നിറഞ്ഞ കുടിയേറ്റത്തിന്റെ ചരിത്രമായിരുന്നത്. വിവിധ തരത്തിലുള്ള പഴയകാല അനുഭവങ്ങളും സ്മരണകളും ജീവിതകാലം മുഴുവൻ അവരെ ഇന്നും ഒരുനിമിഷം മുമ്പെന്നതുപോലെ ഇപ്പോഴും മായാതെ മറയാതെ സ്ഥിരമായി തൊട്ടുപിറകിൽ അവ പിന്തുടരുന്നുവെന്ന്, അവരിൽ ചിലരുമായി ആദ്യകാല അനുഭവങ്ങളെക്കുറിച്ചു ഞങ്ങൾ പങ്കവച്ചു സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. ജർമ്മനിയിൽ വന്ന ആദ്യകാല മലയാളികളുടെ കുടിയേറ്റ ചരിത്രത്തെപ്പറ്റി സ്മരിക്കുന്ന അവരുടെ പൂർവ്വകാലാനുഭവ ങ്ങളിലേയ്ക്ക് നമ്മുക്ക് അല്പദൂരം അവരോടൊപ്പം ചേർന്ന് തിരിഞ്ഞു നോക്കാം.

2016 ഒക്ടോബർ മാസം കഴിയുമ്പോൾ ആദ്യസംഘം മലയാളികൾ ജർമ്മനി യിൽ വന്നിട്ട് 55 വർഷങ്ങൾ കഴിയും. എന്നാൽ അവർക്കു മുമ്പിലായി 1950 കളിൽ ജർമ്മനിയിലേക്ക് ചില മലയാളികൾ വന്നിരുന്നു. ഇന്ത്യയിലെ ചില കമ്പനികളിൽ ജോലി ചെയ്തിരുന്ന കുറെ മലയാളികളെ ട്രെയിനികളായി പരിശീലനത്തിന് അയച്ചതായിരുന്നു. അതിനുശേഷമുള്ള കാലങ്ങളിൽ നഴ്‌സിംഗ് പഠനത്തിനും തീയോളജി പഠനത്തിനും, പെൺകുട്ടികൾ വിവിധ മഠങ്ങളിൽ ചേർന്ന് കന്യാസ്ത്രികളാകുവാനുമുള്ള പഠനങ്ങൾക്കും മറ്റുമായി ജർമ്മനിയിലേക്ക് വന്നുതുടങ്ങി.

തൊട്ടുശേഷമുള്ള കാലങ്ങളിൽ തൃശൂർ, അങ്കമാലി പ്രദേശങ്ങളിൽ നിന്നും ചില യുവാക്കൾ രാഷ്ട്രീയ (സാമ്പത്തിക) അഭയാർത്ഥികളുടെ കപടവേഷം കെട്ടിയുമെത്തിയിരുന്നു. അവരെല്ലാവരുംതന്നെ പിൽക്കാലത്തു ജർമ്മൻ പൗരത്വം എടുത്തു ജർമ്മനിയിൽ സ്ഥിര താമസവും  തുടങ്ങി. എറണാകുളം രൂപതയിൽ നിന്നും കുറെ ചെറുപ്പക്കാരെ ആ രൂപതയ്‌ക്കുവേണ്ടിയുള്ള വൈദികരാക്കാൻ ജർമ്മനിയിലേയ്ക്ക് അയച്ചിരുന്നു. അവർ ബവേറിയ സംസ്ഥാനത്തിലെ പുരാതനവും മദ്ധ്യകാലഘട്ടത്തിലെ നഗരവുമായിരുന്ന EICHSTÄTT- ൽ ഉണ്ടായിരുന്ന പ്രസിദ്ധ കാത്തലിക്ക് യൂണിവേഴ്സിറ്റിയിലാണ് തിയോളജി പഠിക്കാൻ തുടങ്ങിയത്. കുറെ വർഷങ്ങൾക്ക്ശേഷം അവിടെ നിന്നും അവർ പഠനം വിട്ടുപേക്ഷിച്ചു പോയിരുന്നു. അവരെല്ലാവരും തന്നെ ജർമ്മനിയിൽ മറ്റു പഠനകാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു.   തങ്ങളുടെ നാട്ടിലുള്ളവരായ സ്വന്തക്കാരെ അഭയാർത്ഥി വേഷമണിയിച്ചു ജർമ്മനിയിൽ കൊണ്ടുവരാൻ പിന്നാമ്പുറ സഹായം നൽകിയത്. കേരളം കേൾക്കാത്ത ഒരിനം അപമാനകരമായ ക്രിമിനൽ കുറ്റം പ്ലാൻ ചെയ്തുകൊണ്ട് നടത്തിയ മദ്ധ്യവർത്തിയുടെ പരസഹായം ആത്മാഭിമാനമുള്ള ഒരിന്ത്യാക്കാ രന്  ചേർന്ന നടപടി അല്ല. ഇങ്ങനെയുള്ളവരുടെ അവസ്ഥയെ എങ്ങനെ നന്നാക്കാൻ കഴിയും !

അപമാനകരമായ പിന്നാമ്പുറ സഹായം 

കേരളത്തിൽനിന്നും അഭയാർത്ഥി വേഷത്തിലെത്തിയവർ മേൽപ്പറഞ്ഞവ രുടെ സഹായത്താൽ, "കേരളത്തിൽ തിരിച്ചു ചെന്നാൽ ജീവാപായം അന്ന് തീർച്ചയായിട്ടും ഉണ്ടാകുമെന്നു" വരെ ജർമ്മനിയുടെ അന്നത്തെ സർക്കാർ മൈഗ്രെഷൻ അധികാരികൾക്ക് എഴുതിക്കൊടുത്തു. അങ്ങനെ ആ കപട മാന്യന്മാരുടെ സ്വന്തക്കാരായവർ കുറേപ്പേരെ ജർമ്മനിയിലേക്ക് എത്തിച്ചു. നമ്മുടെ കേരളത്തിൽ നിന്നും ചില വൈദികരുടെ ഒളിപിന്തുണയിലൂടെ  വന്നവരുമുണ്ട്. അവർ ഇപ്പോഴും ജർമ്മനിയിൽ ഉണ്ട്. കേരള ചരിത്രത്തിലിന്നു വരെയും ഇപ്രകാരമുള്ള യാതൊരുവിധത്തിലുമുള്ള തീരെ  അനിഷ്ടകരമായ സാമൂഹ്യ സംഘട്ടനങ്ങളും മറ്റുചലനങ്ങളും, അക്കാലഘട്ടത്തിലും മാത്രമല്ല പിന്നീടുള്ള കാലവും, ഉണ്ടായിരുന്നില്ല. കേരളത്തിലെ കുറെ ക്രിമിനലുകളെ അഭയാർത്ഥിവേഷത്തിൽ ജർമ്മനിയിൽ കൊണ്ടുവന്നു ഒളിപ്പിക്കുവാൻ കൂട്ടുനിന്നത് അന്ന് സെമിനാരിയിൽ പഠിച്ചു ഒരു മാതൃകാ വൈദികനാകാൻ പദ്ധതിയിട്ട ചില കപടഭക്തരായിരുന്നുവെന്നത് നമ്മെ അതിശയപെടുത്തുന്ന കുറ്റകൃത്യങ്ങളാണ്. മനുഷ്യനന്മയ്ക്ക് വേണ്ടി ഇപ്രകാരം ഒരു അഭയാർത്ഥി വേഷം കെട്ടിക്കാതെ കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് ആളുകളെ ജോലിക്കും പഠനത്തിനും വേണ്ടി അക്കാലത്തു നേരായവിധത്തിൽ കൊണ്ട്  വരാൻ കഴിയുമായിരുന്നു. ഇത്തരം സഹായികൾ വൈദികപഠന സെമിനാരി വിട്ടത് തന്നെ നമ്മുടെ വിശ്വാസികളുടെയെല്ലാം മഹാഭാഗ്യം എന്ന് കരുതാം. കേരളത്തിന് ഇന്നും അപമാനമായിട്ടുള്ളതും, ജർമ്മൻ സർക്കാർ രേഖയിൽ നൽകിയിട്ടുള്ള നുണപ്രസ്താവത്തിനു കപട പിന്തുണ നൽകിയ വ്യക്തികളെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു, ശരിയായ തെളിവുകൾ പിന്തുടന്നു നിയമപരമായി ശിക്ഷിക്കേണ്ടതാണ്.  

ചെറുമീനുകളുടെ ഇടയിലെ നരിമീനിനെപ്പോലെ. 

 കൊളോൺ കത്തീഡ്രൽ- 
1962 
ഇപ്പോഴും ജർമ്മനിയിലെ എല്ലാ സ്ഥലങ്ങളിലും, മലയാളികളുടെയിടയിൽ,  ജർമനിയിലെ പൊതു സാമൂഹ്യജീവിതത്തിൽ, ചെറുമീനുകളുടെ   ഇടയിൽ നരിമീനിനെപ്പോലെ ഇടപഴകാൻ ഇവർ തലയുയർത്തി നടക്കുന്നുണ്ട്. പക്ഷെ  കൊളോൺ  മഹാ നഗരത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി പ്രസ്ഥാനം, ജർമൻ കാരിത്താസിനെ, മുതലെടുത്തുകൊണ്ടു തന്ത്രപൂർവ്വം ആർക്കും അതിൽ പിടികൊടുക്കാതെതന്നെ നിരന്തരം ഹിതകരമല്ലാത്ത പ്രവർത്തനങ്ങളും തെറ്റായ മാദ്ധ്യമ പ്രചാരണ വേലകളും നടത്തി വരുന്നുണ്ട്. ഇവരെയാകട്ടെ ഇന്ത്യൻ സർക്കാരോ മലയാളികളോ ജർമ്മൻ അധികാരികളോ ആരും തന്നെ മലയാളികളുടെ ചുമതലപ്പെട്ടവരായ ഒദ്യോഗിക അധികാരികളായി, മലയാ ളികൾക്കു്വേണ്ടി പ്രചാരകന്മാരായി ആരും ചുമതലപ്പെടുത്തിയിട്ടില്ല. ജർമ്മ നിയിലെ മലയാളി സമൂഹം മുഴുവൻ, തങ്ങളുടെ നിയന്ത്രണത്തിലും പൂർണ്ണ ശിക്ഷണത്തിലുമാണ്, കാരിത്താസ് സഹായ സഹകരണ പ്രവർത്തനങ്ങൾ മേൽപ്പറഞ്ഞതിന്റെ പ്രത്യക്ഷമായ അടയാളമാണ്, എന്നെല്ലാം പ്രചാരണം നൽകി ലോകം മുഴുവനുമുള്ള മലയാളികളെയെല്ലാം മനസ്സിലാക്കുവാനുള്ള ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും അധമവും വിലകുറഞ്ഞതുമായ ഇത്തരം പ്രധാനപ്പെട്ട ചിന്തകളുടെ പ്രചാരണങ്ങൾ നടത്തുന്നതിന്, ജർമ്മൻ ഭാഷയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അവരുടെ ഒരു മാദ്ധ്യമം MEINE WELT എന്ന പേരിൽ പുറത്തുവരുത്തുന്നു. ഇതാണ് അവരുടെ നുണ പ്രചാരണത്തിന് ആധാരമായ ആയുധം. 

ഈ പ്രസിദ്ധീകരണം ജർമ്മനിയിലെ മലയാളികൾക്ക് വേണ്ടിയാണോ? ഇവർ എന്താണുദ്ദേശിക്കുന്നത് ? എന്നൊക്കെ ജർമ്മൻകാർ മുതൽ ധാരാളം പേർ ചോദിക്കുന്നുണ്ട്. ഇന്ത്യയെ കണ്ടിട്ടില്ലാത്ത, ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റി, ഇന്ത്യൻ ഭാഷകളെക്കുറിച്ചു, ജനങ്ങളുടെ ആചാരങ്ങളെപ്പറ്റി, മതങ്ങളെപ്പറ്റി, വിശ്വാസത്തെപ്പറ്റി, ഇന്ത്യയെക്കുറിച്ചു യാതൊരുവിധ പരിജ്ഞാനവുമില്ലാ ത്ത ചില ജർമ്മൻകാർ എഴുതിയ ലേഖനങ്ങൾ കണ്ടു. എന്റെ രാജ്യത്തോട് അറിവും സത്യസന്ധതയും ഇല്ലാതെ തെറ്റായ കാര്യങ്ങൾ എഴുതുന്ന ഇവർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണ്. ഇന്ത്യാക്കാർക്കു വേണ്ടി, മലയാളിക്കുവേണ്ടി തങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ ഇവർ തുറന്ന സത്യത്തിനു വേണ്ടി ആദരവോടെ കഷ്ടപ്പെടാൻ സ്വാർത്ഥത പാടേ വെടിഞ്ഞു തയ്യാറാവണം. ഇത്തരം അതിക്രമങ്ങളാകട്ടെ വായനക്കാരുടെ ആത്മാവിന് പ്രതീക്ഷാഭംഗത്തിനിടയാക്കും.

പതിനെട്ടടവുകൾ 

കേരളത്തെ ജർമ്മനിയുടെ മുൻപിൽ പ്രതിയാക്കി, ചിലർ അഭയാർത്ഥി കളായി മാറി. ചിലർ, കാരിത്താസ് സഹായപദ്ധതിക്ക് വേണ്ടി ഏതു വേഷങ്ങളും കെട്ടി. കാലങ്ങൾ കഴിഞ്ഞിട്ടും കാലു നക്കി നിന്നവർ മലയാളഭാഷയ്ക്ക് വേണ്ടി, ലോകമലയാളസാഹിത്യത്തിനു വേണ്ടി, ജർമനിയിലെയും, യൂറോപ്പിലെയും അമേരിക്കയിലെയും മലയാളിയെ സ്വന്തം ഐഡന്റിറ്റിപോലും  ഇല്ലാത്ത, തങ്ങൾക്ക് തലചായ്ക്കാനിടമില്ലാത്ത "ലോകമലയാളിയാക്കി" അവർക്ക്  പേരിട്ടു. കേരളീയരെ അപമാനിക്കാൻ, ലോകമലയാള മഹാസമ്മേളനങ്ങൾ നടത്തുന്നതിനുവേണ്ടി, എങ്ങനെയും ഓരോരോ കാരണങ്ങൾ ഉണ്ടാക്കി. ഇരു സർക്കാരുകളുടെയും (ഇന്ത്യ- ജർമ്മനി) സാമ്പത്തികം ഊറ്റി ഇവരുടെ സ്വന്തം കീശയിലാക്കാൻ, ഇവർ മഹാകവിയായും സാഹിത്യകാരനായും, പ്രസിദ്ധ നോവലിസ്റ്റായും, വിദ്യാഭ്യാസവിദഗ്‌ദ്ധനായും സ്വയം ഞാൻ പ്രസിദ്ധനായ ഒരു  മഹാനെന്ന് വരുത്തി. നമ്മെയെല്ലാം ബോദ്ധ്യപ്പെടുത്താനുള്ള നിഗൂഡ പദ്ധതികൾ ജർമ്മനിയിലെ മറ്റു മലയാളികളോ കേരളത്തിലെ മലയാളിയോ അറിയുന്നില്ലല്ലോ, അവയെ കാണാനുള്ള കണ്ണുള്ളവരല്ലല്ലോ, കേരളത്തിലും  ജർമനിയിലുമുള്ള  മലയാളികളെന്നവർ വിചാരിക്കുന്നുണ്ട്. ഈ വിജയത്തെ ഇവരുടെതായി അവകാശപ്പെടണം എന്നവർ കരുതുന്നു. അങ്ങനെ വല്ലതും സംഭവിക്കുന്നത് തന്നെ അവർ മലയാളികളുടെ ശവപ്പെട്ടിയിന്മേൽ വീണ്ടും തറയ്ക്കുന്നതായ ആദ്യത്തെ ആണിയായിരിക്കും. ഇത് നമ്മുടെ ആശയ ദർശനങ്ങളുടെയും അവനവന്റെ സ്വന്തം ആത്മാഭിമാനത്തിന്റെയും വേരറക്കുകയും ചെയ്യും. ഇവിടെയൊരു വലിയ സംശയം ഉയരുന്നു. ഇവരുടെ ഈ ആഗ്രഹമെന്തിനു, ആർക്ക് വേണ്ടിയാണ്? അറിയില്ല, ജർമ്മനിയിലെ മലയാളികളെ ജർമ്മൻകാരനാക്കുവാനോ അതോ ജർമ്മൻകാരെ മുഴുവൻ മലയാളിയാക്കാനോ?, അതോ രണ്ടും കൂടിയുള്ള ഏതോ വേറെ വല്ല കാര്യം സാധിക്കാനോ? ജർമ്മൻകാർ പോലും ഇതിനാൽ ഈ വിഷയത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. 1976- കളിൽ ജർമ്മനിയിലെ ആദ്യകാല മലയാളികൾ നേരിട്ട താമസ- ജോലി പ്രശനങ്ങളെല്ലാം ഉണ്ടായതിൽ ഇവർക്കു പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ജർമ്മനിയിൽ നിന്നും മലയാളികളെ തിരിച്ചയക്കുന്നതിൽ സമ്പൂർണ്ണമായ പിന്തുണയും പ്രേരണയും നൽകുവാൻ പ്രവർത്തിച്ചവരിൽ ഒരാൾ മാതൃകയായി  സ്വയം തിരിച്ചുപോകുന്നുവെന്ന മതിപ്പ് മറ്റുള്ളവരിൽ ഉണ്ടാക്കുവാൻ ഒരടവ് ശ്രമം നടത്തി. ആ വ്യക്തി രണ്ടുവർഷം അന്ന്  ഇന്ത്യയിൽ പോയി താമസിച്ചു. മലയാളികളുടെ Reintegration- പേരിൽ  അയാൾ തട്ടിപ്പിന്റെ പതിനെട്ടടവും പൂഴിക്കടകനടിയും പയറ്റി നോക്കി. തങ്ങൾ ഉദ്ദേശിച്ച പദ്ധതി പരാജയപ്പെടുമെന്നായപ്പോൾ തിരിച്ചു ജർമ്മനിക്ക് വീണ്ടും അവർ വന്നു. ഇപ്പോൾ ജർമ്മനി വീണ്ടും "എന്റെ ലോകമായി!

വഴിത്തിരിവുകൾ 

1970 കൾ ആയതോടെ നഴ്‌സിംഗ് പഠനം കഴിഞ്ഞവർ കേരളത്തിൽ ചെന്ന് വിവാഹിതരായി, പിന്നീട് അവരുടെ ഭർത്താക്കന്മാരെ താമസിയാതെതന്നെ ജർമ്മനിയിലേക്ക് കൊണ്ടുപോരുകയും ചെയ്തു. തിയോളജി പഠിക്കാൻ വന്ന യുവാക്കളും കന്യാസ്ത്രികളാകാനെത്തിയ പെൺകുട്ടികളും, അവരാകട്ടെ ഭൂരിപക്ഷം പേരും, അതുപേക്ഷിച്ചു വിവാഹിതരായി. ജർമ്മനിയിലെത്തിയ മലയാളി അഭയാർത്ഥികളും മലയാളിപെൺകുട്ടികളെ വിവാഹം ചെയ്തു ബഹുമാന്യരായി. ചിലർ ജർമ്മൻകാരെയും വിവാഹം ചെയ്തു ജർമ്മനിയിൽ കുടുംബ ജീവിതം തെരഞ്ഞെടുത്തു. കുറേപ്പേരാകട്ടെ എല്ലാമുപേക്ഷിച്ചു, തീർത്ത് ജർമ്മനിവിട്ടു കേരളത്തെ വീണ്ടും സ്വീകരിച്ചു. മറ്റു ചിലരാകട്ടെ അമേരിക്കയിലേക്കും കാനഡയിലേയ്ക്കും കുടിയേറി. വളരെ ചുരുക്കം പേർ മാത്രം അവരുടെ ഉദ്ദേശവും ദൗത്യവും ലക്ഷ്യത്തിലെത്തിച്ചു, വൈദികരും കന്യാസ്ത്രികളുമായിത്തീർന്നവർ  വേറിട്ടൊരു ജീവിതാന്തസ് തിരഞ്ഞെടുത്തു.

കാര്യങ്ങൾ അവിടം കൊണ്ട് തീർന്നിരുന്നില്ല. മലയാളി സമൂഹത്തിൽ ഏറെ പുകയുന്നതും എരിയുന്നതുമായ വളരെയേറെ പ്രശ്നങ്ങൾ ഉയർന്നു പൊങ്ങി. വിവാഹിതരായി കുടുംബജീവിതം സാദ്ധ്യമാക്കുവാൻ വന്നവർക്ക് ജോലി, ഭാഷ, താമസ സൗകര്യങ്ങൾ, കൂടിയ ജീവിതച്ചെലവുകൾ എന്നിങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. ഭർത്താക്കന്മാർ ഒരു ജോലിയും ലഭിക്കാതെ അവർ താമസിക്കുന്ന ഒരു മുറിയിൽ ദിവസം മുഴുവൻ, സിഗററ്റ് വലിച്ചും, ആൽക്കഹോൾ കുടിച്ചും, ഭാര്യ ജോലികഴിഞ്ഞു തിരിച്ചു വരുന്നതു വരെ, സമയം ഉന്തിനീക്കിയിരുന്നവരുമുണ്ടായിരുന്നു. സ്വദേശത്ത് സാമാന്യം മെച്ചപ്പെട്ട ജോലിയും പഠനവും ഉണ്ടായിരുന്നവർക്ക് പുതിയ രാജ്യത്തു വന്ന്  അപ്രതീക്ഷിത അടികിട്ടിയതുപോലെ ആയി. വായിൽ പുഴുത്താൽ എന്ത്?എന്ന് പറയുന്ന അവസ്ഥ. അവരുടെ കുടുംബജീവിതത്തിൽ ആഴത്തിലുള്ള വിള്ളലുകൾ ഉണ്ടായിട്ടുള്ള സംഭവങ്ങളും, വിവാഹമോചനങ്ങളും, കുടുംബ വഴക്കുകളും, ചിലപ്പോൾ കുടുംബ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും, വർദ്ധിച്ചു വന്ന ആൽക്കഹോൾ സ്വാധീനവും, ഇവയെല്ലാംകൊണ്ടു മുമ്പ് അവരിൽ ഉണ്ടായിരുന്ന ഉയർന്നതരം ജീവിത പ്രതീക്ഷകളെല്ലാം തകർന്നു ഇല്ലാതാക്കിയ അനവധി കാര്യങ്ങളും ഉണ്ടായി. മലയാളികളുടെ പശ്ചിമ ജർമ്മനിയിലെ ജീവിതത്തിൽ അവരുടെ പുതിയ ജീവിത സാഹചര്യത്തിലെ പെരുമാറ്റത്തിൽ മലയാളിത്തത്തിന് യൂറോപ്യൻ നിറമോ, ജർമ്മൻ മണമോ, ചുവയോ മറ്റുള്ള എന്തോ ഉണ്ടായിരുന്നോ, അതോ, അവർക്ക് ജർമ്മൻകാരുടെ സമൂഹത്തിൽ അവരുടെ സ്വഭാവത്തിലും സഹവാസത്തിലും അതിരില്ലാത്ത മലയാളിത്തനിമയുടെ ചായം വളരെ തെളിഞ്ഞുവെന്നോ?, എന്തുണ്ടായി? അതുപക്ഷേ ഇതെല്ലാം കഴിഞ്ഞകാലങ്ങൾ തെളിയിച്ചു.

ഇളമനസ്സുകളുടെ പ്രതീക്ഷകൾ 

                                                                       നെയാപ്പിൾ തുറമുഖം  
1938 മുതൽ 1945 വരെ ജർമ്മനി തുടങ്ങിവച്ച രണ്ടാം ലോകമഹായുദ്ധത്തിനു അവസാനകാലഘട്ടമായി. പശ്ചിമ ജർമ്മനി അപ്പാടെ തകർന്നു. രാജ്യ പുനർ നിർമ്മാണ പ്രവർത്തനം അതിവേഗതയിൽ ആരംഭിച്ച ഒരു രാജ്യത്തിലേക്ക് പ്രശ്നസങ്കീർണ്ണമായതോ ജീവിതം പ്രശ്നരഹിതമോ എന്ന് സ്വപ്നത്തിൽ പോലും വിവേചിച്ചറിയാൻ കഴിയാത്ത ഇളമനസ്സുകൾ, വഴിമാറുന്ന ഏതോ ഒരു ഭാവി കാലത്തിനു മാത്രം പറയാൻ പറ്റുന്ന പ്രതീക്ഷയുടെ തീരുമാനത്തിൽ അവർ പ്രവാസത്തിനായി ഇറങ്ങിത്തിരിച്ചു. "കേരളത്തിലെ ഹൈസ്‌കൂൾ (S.S.L.C ) പൂർത്തിയാക്കിയ ഞങ്ങളുടെ ഗ്രൂപ്പ് വളരെ ചെറുതായിരുന്നു. അന്ന് ഞങ്ങളെ  സഹായിക്കുന്നതിന് കപ്പൽ യാത്രാപരിചയമുള്ള ഞങ്ങളുടെ അധികാരിയോ മറ്റു സഹായികളോ അപ്പോൾ ദീർഘദൂര കപ്പൽ യാത്രയിൽ അനുഗമിക്കാൻ  ഞങ്ങൾക്കൊപ്പം ഇല്ലായിരുന്നു. 1962- ൽ ഒക്ടോബറിൽ ഞങ്ങളെയും കൊണ്ട് LLoyd Tristieno യുടെ "ആസ്‌ട്രേലിയ" എന്ന ഇറ്റാലിയൻ കപ്പൽ കൊച്ചിയിലെ തുറമുഖത്തുനിന്നും ജർമ്മനിയെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ആ കപ്പൽ പുറപ്പെട്ടത്, അതിലുണ്ടായിരുന്ന ഞങ്ങൾ കുറെ മലയാളികൾക്ക് വേണ്ടി മാത്രമാണെന്ന് തോന്നൽ അപ്പോൾ ഞങ്ങൾക്ക് തോന്നിയിരുന്നിരിക്കാം, അത് പക്ഷെ, യാത്രക്കാർ ജർമ്മനിയിലേക്ക് മാത്രമായിരുന്നില്ല, യൂറോപ്പിലെ മറ്റുപല രാജ്യങ്ങളിലേക്കും പോകുന്നവരുണ്ടായിരുന്നു. കപ്പൽ ആസ്‌ത്രേലിയ യിൽ നിന്നും പുറപ്പെട്ടതായിരുന്നു". അന്നത്തെ യാത്രയിലെ മലയാളികളുടെ ഗ്രൂപ്പിലുണ്ടായിരുന്ന എന്റെ ഒരു പരിചിതൻ തന്റെ അനുഭവങ്ങളിപ്രകാരം വിശദീകരിച്ചു.

 Dreifaltigkeitsberg -Spaichingen 
1961- ൽ കൊച്ചിയിൽ നിന്നും, സെപ്റ്റംബർമാസം പുറപ്പെട്ട ആദ്യഗ്രൂപ്പിലെ  മലയാളികളുമായി, യാത്രാ കപ്പൽ LLoyd Tristieno-OZEANIA ഇറ്റലിയിലെ ലോക പ്രസിദ്ധ നെയാപ്പിൾ  (NEAPLE ) വഴി ജനീവയിലെ തുറമുഖത്തിറങ്ങി. അവർ  അവിടെ നിന്നും ട്രെയിനിൽ സൂറിച്ചിലേയ്ക്കും, വേറൊരു ഗ്രൂപ്പ് ജനീവയിൽ നിന്നും നേരിട്ട് ബസ്സിൽ റോമിലേയ്ക്കും തുടർന്നു. റോമിലേക്ക് പോയവർ  അന്ന് റോമിൽ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനത്തിൽ കാഴ്ച ക്കാരായിരുന്നു. സൂറിച്ചു വഴി വന്നവരെ ജർമനിയിലെ സ്റ്റുഡ് ഗാർട്ട് നഗരത്തിൽനിന്നും ഏറെദൂരെയല്ലാത്ത നഗരം TUTTLINGEN- നും ROTTWEIL ലിനും ഇടയ്ക്കുള്ള സാമാന്യം വലിയ പ്രകൃതിമനോഹരവുമായ SPEICHINGEN എന്ന ചെറിയ ഷ്വാബൻ നഗരത്തിലേക്കുമെത്തിച്ചു. അവിടെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഭാവിയിലെയ്ക്കുള്ള പ്രാഥമിക പരിശീലന കേന്ദ്രമായിട്ട് മാത്രമാണ് ക്ലാരിറ്റിനർ സഭാധികാരികൾ ആശ്രമ വാസസ്ഥാനം ഉപയോഗിച്ചത്.

പഠനത്തിന്റെ വഴികളിൽ 

1962- കളിൽ, എറണാകുളം രൂപതയ്ക്ക് വേണ്ടി ഫ്രാങ്ക്ഫുർട്ടിലേയ്ക്ക് കുറേപ്പേരെ വിട്ടിരുന്നു. അവരിൽ രണ്ടുപേർ പുറത്തുപോയി. അവരെല്ലാം ഫ്രാങ്ക്ഫർട് St. GEORGEN HOCHSCHULE യിലാണ് തിയോളജി പഠനം നടത്തി യത്. വൈദികരാകാനും കന്യാസ്ത്രികളാകാനും എത്തിയവർ റോമിലും ജർമനിയിലെ വിവിധ വ്യത്യസ്ത സ്ഥലങ്ങളിലുമാണ് താമസിച്ചു തുടർപഠനം തുടർന്ന് നടത്തിയതെന്ന് നാം അറിയണം. അല്ലാതെ ഒരു സെമിനാരിയിൽ മാത്രം ആയിരുന്നില്ല. SPEICHINGEN കൂടാതെ, ഫ്രാങ്ക്ഫുർട്ട്, EICHSTÄTT, റോം,
WEIßENHORN തുടങ്ങിയ വിവിധ  സ്ഥലങ്ങളിലാണ്, വിവിധ കേരള രൂപതകളിൽ നിന്നുള്ളവർ പരിശീലനവും തുടർ പഠനവും നടത്തിയത്.

 Claritiner Kolleg, Weißenhorn-1928
അന്നത്തെ ക്ലാരിറ്റിനർ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ (Fr. PETER SCHWEIGER (Superior General, WEIßENHORN) Bayern  നുമായിട്ടാണ് അന്ന് പാലാ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ ഒരു പരസ്പര ധാരണയിലെ ത്തിയത്.

പഠനകാലശേഷം പാലാ രൂപതയുടെ ആത്മീയ- ഭൗതീക ആവശ്യങ്ങളിൽ വ്യാപകമായിട്ടു തന്നെ സഹായിക്കുവാനാണ് അന്ന് ഇപ്രകാരം ധാരണ ഉണ്ടായത്. ജർമ്മനിയിലെ പുരാതന ചരിത്ര മുറങ്ങുന്ന സ്പയിഷിൻഗൻ നഗരത്തിന്റെ തിലകക്കുറി പോലെ എന്നും തല ഉയർന്നുനിൽക്കുന്ന ഷ്വേബിഷ് ആൽപ്പൻമലമുകളിൽ, അതിമനോഹരവും ചരിത്ര (Dreifaltigkeitsberg) പ്രസിദ്ധവുമായ ക്ലാരിറ്റീനർ ആശ്രമവും മാത്രമല്ല (Dreifaltigkeits Kirche ), പരിശുദ്ധ ത്രീത്വത്തിന്റെ പ്രസിദ്ധ ദേവാലയവും സ്ഥിതിചെയ്യുന്ന നിദാന്ത നിശബ്ദ നിത്യശാന്തതയുടെ പുണ്യ തീർത്ഥാടനകേന്ദ്രമാണ്.

1962- ലും ഇതേ കപ്പൽമാർഗ്ഗം ( LLoyd Tristieno-Australia Cochin-Genua വഴിയാണ്  റോമിലേയ്ക്കും ജർമ്മനിയിലേയ്ക്കും മലയാളികൾ ചെറിയ ഗ്രൂപ്പുകളായി എത്തിയിരുന്നതെന്ന് മേൽ വിശദീകരിച്ചല്ലോ. 14 .10 . 1962-ൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പൽ AUSTRALIA (LLOYD, TRIESTINO, 15 ദിവസങ്ങളിലെ യാത്ര ചെയ്തു  29 .10 .1962 -ൽ ഇറ്റലിയിലെ GENU യിലെത്തി. അവിടെനിന്നും ജർമ്മനിയിലേക്കുള്ളവരെ ട്രെയിനിൽ കയറ്റി വിട്ടു. അക്കൂട്ടത്തിൽ 80 ലേറെ പെൺകുട്ടികൾ നഴ്‌സിംഗ് പഠനത്തിനായി എത്തിയിരുന്നു. അന്ന് ഓരോ തിയോളജി ഗ്രൂപ്പിലും ഒൻപതും പത്തും പേരുള്ളതായിരുന്നു. പെൺകുട്ടിക ളിൽ കുറേപ്പേർ റോമിലേക്കും, ജർമ്മനിയിലെ ഫ്രെയ്‌ബുർഗ്ഗിലേയ്ക്കും മറ്റു അവിടെയുള്ള ജർമ്മൻ മഠങ്ങളിൽ  കന്യാസ്ത്രികളാകാനും ചേർന്നു. അവർ പഠനശേഷം കേരളത്തിൽ തിരിച്ചുചെന്നു മഠങ്ങൾ തുടങ്ങുന്നതിനുവേണ്ടി പ്രത്യേകം അവരെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.1962-നു ശേഷമുള്ളതും അതിനടുത്ത ഓരോ വർഷങ്ങളിലും ഇതുപോലെ ജർമ്മനിയിലേയ്ക്കും റോമിലേയ്ക്കും (1964- ൽ തലശേരിരൂപതയിൽ നിന്നും) നഴ്‌സിംഗ് പരിശീലന പഠനത്തിനും തീയോളജി പഠനത്തിനുമായി എത്തിയിരുന്നു. അക്കാലത്തു മലയാളീ യുവതലമുറയുടെ ജർമ്മനിയിലേക്കുള്ള പുറപ്പാടുകൾ വീണ്ടും വീണ്ടും നടന്നുകൊണ്ടിരുന്നു. പിൽക്കാലത്തു യൂറോപ്പിലേക്ക് വന്നവരിൽ ഏറെപ്പേരും ബോംബെയിൽനിന്നും വിമാനത്തിലാണ് ജർമ്മനിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വന്നെത്തിയത്.

കപ്പൽച്ചൊരുക്കും അസ്വസ്ഥതകളും 

 ജനീവ തുറമുഖം 
ലോകപരിചയം തീരെയില്ലാത്ത പതിനെട്ടു വയസുകാരുടെ കന്നി കപ്പൽ യാത്ര. "കപ്പൽച്ചൊരുക്ക്" ഞങ്ങളിൽ ചിലരെ ആഞ്ഞടിച്ചു. അദ്ദേഹം തന്റെ മുൻ കാലത്തെ അനുഭവങ്ങളിലേക്ക് കടന്നുവന്നു. "ആദ്യത്തെ കുറെ മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും കപ്പൽ യാത്രയ്ക്കിടയിൽ ഞങ്ങളിൽ ചിലർ അനുഭവിച്ചിരുന്ന തുടരെയു ള്ള ശർദ്ദിയുടെയും മാനസികമായ ഉൾഭയത്തിന്റെ തീവ്രതയുമെല്ലാം  മാറ്റമില്ലാത്ത തീരാസങ്കടവും ഒന്നും സാവധാനം തീരെ വിട്ടകലുന്നതായിട്ട്  ഞങ്ങൾക്കനുഭവപ്പെട്ടില്ല."കപ്പലിൽ ഞങ്ങൾ മരിച്ചു വീഴുമെന്ന്" ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലർ പറഞ്ഞിരുന്നു. ഞങ്ങളിൽ ചിലർക്ക് മാത്രം കപ്പലിൽ കപ്പൽചൊരുക്ക് അനുഭവപ്പെട്ടില്ല. കപ്പലിലെ ജോലിക്കാരോട് പോലും ഒന്ന് സംസാരിക്കാൻ, ഇoഗ്ലീഷ് ഭാഷയോ, അതുപോലെ ജർമ്മനോ സംസാരിച്ചു ശീലമില്ലാതിരുന്ന ഞങ്ങൾക്ക് അവർ സംസാരിച്ചത് ഒന്നും മനസ്സിലായില്ല. കപ്പലിലെ ഇറ്റാലിയൻ ജോലിക്കാർ ആകട്ടെ എപ്പോഴും ഇറ്റാലിയൻ ഭാഷ മാത്രം പറയുന്നവർ, ചിലർ ജർമ്മൻ ഭാഷ പറയും, ചിലർ ഇ0ഗ്ലിഷ് ഭാഷ മാത്രം സംസാരിക്കുന്നവർ ആയിരുന്നു. ഞങ്ങൾ ഒൻപതു പേരുള്ള ഒരു സംഘം ആയിരുന്നു. ഞങ്ങളോട് മറ്റുരാജ്യങ്ങളിലെ ചിലർക്ക് ദയ തോന്നി, കപ്പലിലെ വിദേശികളായ ജോലിക്കാർ അടുത്തു സംസാരിക്കാൻ വന്നപ്പോൾ അവർ ആദ്യമൊന്നും പറയുന്നത് ഞങ്ങൾക്ക് മനസ്സിലായില്ല. പുറത്തേയ്ക്ക് മറുപടി പറയാനുദ്ദേശിക്കുന്ന വാക്കുകൾ ഓരോന്നും ഞങ്ങൾക്ക്  മനസ്സിൽ അപ്പോൾ ക്രമപ്പെടുത്തേണ്ടിയിരുന്നു. പറയുന്ന വാക്കുകൾ മനസ്സിലായപ്പോൾ മറുപടി പറയാനും കഴിഞ്ഞില്ല.

ഉൾക്കടലും ആടിയിളകി

ഉൾക്കടലിൽ പ്രവേശിച്ച ഞങ്ങളെ തണുപ്പ് ശക്തിയായി ആശ്ലേഷിച്ചു. വിറച്ചു തുടങ്ങിയ ഞങ്ങൾ തീച്ചൂടുള്ള ഒരു കട്ടൻകാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു. അതുപക്ഷേ എങ്ങനെ ഇറ്റാലിയൻ പറയുന്ന ജോലിക്കാരോട് പറയും? ഒടുവിൽ കയ്യുംകാലും ആംഗ്യത്തിൽ പറഞ്ഞു മനസ്സിലാക്കി. ആ വിശുദ്ധ ചൂടുള്ള കാപ്പിയെ എങ്ങനെ മറക്കാനൊക്കും. അതായിരുന്നു ഞങ്ങൾകൊതിച്ച കട്ടൻകാപ്പി, തീച്ചൂടുപറന്നുയരുന്നകട്ടൻ കാപ്പിയുടെരുചി.    
 LLoyd Tristieno കപ്പലിലെ
ഭക്ഷണമുറി  
ഞങ്ങൾക്ക് കപ്പലിൽ ലഭിച്ച ഭക്ഷണം വ്യത്യസ്തപ്പെട്ടതാ യിരുന്നു. ഇറ്റാലിയൻ പിസ്സ, സ്പാഗെത്തി, എന്ന് തുടങ്ങി വ്യത്യസ്തപ്പെട്ട ഭക്ഷണങ്ങൾ ആയിരുന്നവ. ഞങ്ങൾക്കു അവയെല്ലാം എപ്രകാരം  ഉപയോഗിക്കണമെന്ന് ഒട്ടും  അങ്ങനെയുള്ള  മുന്നറിവ് ഒന്നുമില്ലായിരുന്നു. അന്ന്  മാംസവും വൈനും ഇല്ലാത്ത  ഭക്ഷണ ഇനങ്ങളും പട്ടികയിൽ ഇല്ലായിരുന്നു. "ഉൾക്കടലിൽ നിങ്ങൾ എത്തുമ്പോൾ അവിടെ നല്ല തണുപ്പാകും, അപ്പോൾ വൈനും ആൽക്കഹോൾ പാനീയവും ഒക്കെ കുറെ നിങ്ങൾ കഴിക്കുന്നത് നല്ലതാണെന്നു" ഒരു ഇറ്റലിക്കാരൻ സ്നേഹപൂർവ്വം പറഞ്ഞു. ഉൾക്കടലിൽ തിരയുടെ ശക്തി കപ്പലിനെ ഇളക്കിയാടിക്കുന്നതുപോലെ ഞങ്ങളിൽ ചിലർ ആദ്യമായിട്ട് അല്പം വൈൻ ഉപയോഗിച്ച് നോക്കി, കുറെ സമയം കഴിഞ്ഞപ്പോൾ അവരും ആടിയിളകി. ഇറ്റലിക്കാർ ഞങ്ങളെനോക്കി പൊട്ടിച്ചിരിച്ചു. കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനു യാതൊരു മുൻ പരിചയവും ഇല്ലായിരുന്നു. കപ്പലിൽ ആദ്യത്തെ കുറെ ദിവസങ്ങൾ കൊച്ചിയിൽനിന്നും ശേഖരിച്ചു കൊണ്ടുവന്ന ഏത്തക്ക പഴവും, മറ്റു വിവിധ പഴങ്ങളും അക്കൂട്ടത്തിലെന്നും ആപ്പിളും ഉണ്ടായിരുന്നു. ആപ്പിൾ ഞങ്ങൾ അന്ന് ആദ്യമായാണ് കാണുന്നത്. കടലിൽ കുതിച്ചുചാടിപ്പൊങ്ങുന്ന വലിയ തരം മത്സ്യങ്ങളെ ആപ്പിൾ വലിച്ചെറിഞ്ഞു അവയുടെ കളികൾ കണ്ടു ഞങ്ങളും സന്തോഷിച്ചു. അവരും ഞങ്ങൾക്കൊപ്പം പോരുന്നു എന്നാണു ഞങ്ങൾക്ക് തോന്നിയത്.

കപ്പലിൽ ഞങ്ങൾ ആണുങ്ങൾ കറുത്ത പാന്റും  വെളുത്ത ഷർട്ടും കറുത്ത ടൈയും ആണ് ധരിച്ചിരുന്നത്. വൈദികഗണത്തിൽപെട്ടവരാണെന്ന് മറ്റുള്ള വർക്ക് മനസ്സിലാക്കാൻ വേണ്ടി ഞങ്ങൾ ആ ഡ്രസ് ഉപയോഗിക്കുന്നതാണ് ഉത്തമം എന്ന് ഞങ്ങൾ പുറപ്പെടുന്നതിനു മുമ്പായി വസ്ത്രങ്ങളെക്കുറിച്ചുള്ള മുൻകൂർ നിർദ്ദേശം ഉണ്ടായിരുന്നു. ഞങ്ങളിൽ ചിലർ കൊച്ചിയിൽ പോയി അന്ന് ആവശ്യമുള്ള കറുത്ത പാന്റ്സും ഷർട്ടും തയ്പ്പിച്ചു. പെൺകുട്ടികൾ ഓരോ വ്യത്യസ്ത മഠംകാരുടെ ഔദ്യോഗികനിറമുള്ള ഉ: നീലയോ, മഞ്ഞയോ, തവിട്ടു നിറമോ ഉള്ളത്, പരസ്പരം അങ്ങുമിങ്ങും അറിയാനും എല്ലാവർക്കും അതെളുപ്പമായി. - കന്യാസ്‌തികളുടെ സഭാ വസ്ത്രമാണ്  Aspirants  കപ്പലിൽ ധരിച്ചിരുന്നത്. നഴ്‌സിംഗ് പരിശീലനത്തിന് പോകുന്ന പെൺകുട്ടികളെല്ലാം അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള സാരികൾ ധരിച്ചിരുന്നു. കപ്പലിലു ള്ള യാത്രക്കാരുടെയെല്ലാം പ്രാർത്ഥനാ ആവശ്യത്തിനായി കപ്പലിൽത്തന്നെ സജ്ജീകരിച്ചിരിക്കുന്ന കപ്പേളയിൽ വി. കുർബാനയിൽ പങ്കെടുക്കുവാൻ കുറെ എളുപ്പമായിരുന്നു. അവിടുത്തെ ചാപ്പലിലെ ചാപ്ലെയിനുമായി അന്ന് ഞങ്ങൾക്ക് പരസ്പരം അടുത്തു പരിചയപ്പെടുവാൻ കഴിഞ്ഞിരുന്നു. അദ്ദേഹം ഒരു നല്ല വൈദികനായിരുന്നു. ഒരു ഇറ്റാലിയൻ വൈദികനായിരുന്നദ്ദേഹം.

മറ്റുരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും LLoyed Tritieno കപ്പലിലുണ്ടായിരുന്നു. ആസ്‌ട്രേലിയയിൽ  നിന്നുള്ള കുറെ പ്രായമുള്ള  രണ്ടുനാല് മലയാളികൾ ഞങ്ങളോട് ദയ തോന്നിയിട്ട് അടുത്തുവന്നു വർത്തമാനം പറയാൻ തുടങ്ങി. അവർ ഞങ്ങളെക്കാൾ വളരെയേറെ പ്രായമുള്ളവരായിരുന്നു. അവരും അന്ന് യൂറോപ്പിലേക്ക് പോകുന്നവരായിരുന്നു. ഞങ്ങളുടെ നിസ്സഹായ സ്ഥിതിയെ  കണ്ടിട്ടാവാം ഞങ്ങളെ സഹായിക്കാൻ അവർ തയ്യാറായി. ഞങ്ങൾ എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, എന്നൊക്കെ ചോദിച്ചു. കപ്പൽ യാത്രയിലെ ബുദ്ധിമുട്ടുകളെപ്പറ്റിയെല്ലാം പറഞ്ഞു. അവർ ഞങ്ങൾക്ക് ഏതുവിധവുമുള്ള  സഹായത്തിനെത്തിയിരുന്നു. ഞങ്ങൾ കപ്പലിൽ എങ്ങനെ ഭക്ഷണമേശയിൽ പെരുമാറണമെന്നും എങ്ങനെ മറ്റുള്ളവരുമായി സംസാരിക്കണമെന്നുമവർ ഞങ്ങളെ പറഞ്ഞു പരിചയപ്പെടുത്തി. ഇന്ത്യയിലെ പരിചയപ്പെടലിൽ നമ്മൾ പറയുന്ന "സാർ" സംബോധനകളും എല്ലാം യൂറോപ്പിലെ പരിചയപ്പെടലിൽ അനൗചിത്യമായിരിക്കുമെന്നും മറ്റുമുള്ള യൂറോപ്യൻ ആചാരമര്യാദകളുടെ ആദ്യപാഠം അവരിൽ നിന്നും കുറെ മനസ്സിലായി.

Dreifaltigkeits Kirche -Speichingen
"ഞങ്ങളിൽ ചിലർക്ക് കപ്പൽ ചൊരുക്ക് മൂലമുള്ള അസ്വസ്ഥത കാരണം ഭക്ഷണം നടന്നു പോയി എടുത്തു കൊണ്ടു വരാൻ കഴിയാത്തതു പോലെ വളരെയേറെ ക്ഷീണത്തിലായിരുന്നു. മാനസികമായി ഞങ്ങൾ ആകെ തകർന്ന അവസ്ഥ. കൊച്ചിയിൽനിന്നും ഒരു കപ്പലിൽ കയറിയ ഞങ്ങൾ യമൻ, സൂയസ് കനാൽ കടന്ന് ഒടുവിൽ ഇറ്റലിയിലെ ജനീവയിൽ എത്തി. പുറത്തു സാമാന്യം നല്ല തണുപ്പ് അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞങ്ങളുടെ കൂടെ യാത്രചെയ്തിരുന്ന കുറെ പെൺകുട്ടികൾ റോമിലേയ്ക്കും, ഞങ്ങൾ 10 പേർ ജർമ്മനിയിലേയ്ക്കും കരമാർഗ്ഗം യാത്ര തുടർന്നു. ഒടുവിൽ ജർമ്മനിയിലെ സ്റ്റുഡ് ഗാർട്ടിനടുത്തുള്ള സ്പയിഷിൻഗൻ ( SPEICHINGEN ) എന്ന മനോഹരമായ നഗരത്തിലേയ്ക്ക്, ഞങ്ങൾക്കുള്ള താമസ സ്ഥലത്തു, എത്തിച്ചേർന്നു.

"യഥാർത്ഥത്തിൽ ഞങ്ങളെല്ലാവരും ഇവിടെയോ തികച്ചും അപരിചിതർ. അതാകട്ടെ കുറേനാളുകൾ മുമ്പ് ലക്ഷോപലക്ഷം മനുഷ്യരെ കുരുതി നടത്തിയ ഏകാധിപതി ഭരിച്ചിരുന്ന ഈ നാട്ടിൽ !". ജർമ്മനിയിലെത്തിയ ഞങ്ങളുടെ മാനസിക സംഘർഷങ്ങളുടെ കുറേ നിമിഷങ്ങൾ കാരണമാക്കി ഞങ്ങളിൽ ഉണ്ടാക്കിയ പരസ്പര ബന്ധമില്ലാത്ത ചിന്തകൾ ആയിരുന്നു". 

ജർമ്മനിയിലേക്ക് മലയാളികൾ വന്നെത്തുന്നതിനു തുടക്കമിട്ട കാരണങ്ങൾ കഴിഞ്ഞ ലക്കത്തിൽ (ജർമ്മൻ ഡയറി) ഞാൻ പറഞ്ഞിരുന്നു. ജർമ്മനിയിൽ എത്തിയ പെൺകുട്ടികളിൽ ചിലർ നഴ്‌സിംഗ് പരിശീലനത്തിനും മറ്റുചിലർ കന്യാസ്ത്രികൾ ആകുവാനും അതാതു സ്ഥലങ്ങളിലേക്ക് പോയി. ഇവരിൽ കുറേപ്പേർ പാലാ രൂപതയിൽനിന്നും, മറ്റുചിലർ  തിരുവല്ല, തിരുവനന്തപുരം, എറണാകുളം രൂപതകളിലെ ഇടവകകളിലും പെട്ടവരായിരുന്നു. വന്നെത്തി യ യുവാക്കളാകട്ടെ, അവർ ഫിലോസഫി, തിയോളജി പഠനത്തിനും അതിനു ശേഷം വൈദികരാകുവാനും വന്നെത്തിയവരായിരുന്നു. അതു പക്ഷേ ഒരു കാലം, അവർ തുടക്കത്തിൽ ആഗ്രഹിച്ചതുപോലെയല്ല അവസാനമുണ്ടായ പച്ച യാഥാർത്ഥ്യമെന്ന അറിവ് ഒടുവിലവർക്കു മനസ്സിലായി.

അന്നത്തെ ദീർഘദൂര കപ്പൽ യാത്ര ചെയ്ത എന്റെ ആ സഹപ്രവർത്തകനു മായിരുന്ന സുഹൃത്ത് തുടർന്ന് പറയുന്നു: "ഞങ്ങൾക്ക് കേരളത്തിൽ നിന്നും പുറപ്പെടുന്നതിനു മുമ്പ് തന്നെ ജർമ്മനിയെക്കുറിച്ചും മഹായുദ്ധം ഉണ്ടാക്കിയ നാശങ്ങളെക്കുറിച്ചും കുറെ അറിവ് കിട്ടിയിരുന്നു" അക്കാലത്തു ജർമ്മനി യിലേക്ക് വരുവാൻ വലിയ ആവേശമായിരുന്നു. അത്തരം ആവേശത്തിന് പ്രധാന കാരണമാക്കിയ അദ്ദേഹത്തിൻറെ മുൻകാലസ്മരണകൾ പങ്കവച്ചു: "അതുപക്ഷേ അങ്ങനെ ലഭിച്ച ഒരോ അറിവുകൾ പൂർണ്ണമായിരുന്നില്ല".

പ്രതീക്ഷകളുടെ പരീക്ഷകൾ  

"ജർമ്മനിയിൽ വന്നിറങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ ഞങ്ങളുടെ പ്രതീക്ഷകൾ ഞങ്ങളറിയാതെ കൊഴിഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഈയൊരവസ്ഥ ഞങ്ങളെ വല്ലാതെ തളർത്തി. ലോക മഹായുദ്ധത്തിന്റെ നാശനഷ്ടങ്ങൾ എല്ലാ തെരുവുകളിലും അന്നും കാണാമായിരുന്നു. ജർമ്മനി! ബഹുനില കെട്ടിടങ്ങളും, റോഡുകളും പ്രകൃതി മനോഹരമായ നഗരങ്ങളും ഗ്രാമങ്ങളിലെ ജീവിതവും എല്ലാം ഞങ്ങളുടെ ഭാവനയിൽ നിറഞ്ഞിരുന്നു. പക്ഷേ, തണുപ്പിലും മഞ്ഞിലും പൊതിഞ്ഞ ജർമനി,  ലോകമഹായുദ്ധത്തിൽ തകർന്ന എല്ലാ തെരുവുകളുടെയും വീടുകളുടെയും ശോച്യാവസ്ഥ കാണാൻ കഴിയുമെന്ന് ആരും കരുതിയില്ല.. എങ്കിലും മഞ്ഞിൽ പൊതിഞ്ഞ മലകളും ജർമ്മനിയുടെ താഴ്വരകളും അതിമനോഹരമായിരിക്കുന്നുവെന്ന് പിന്നീട്  ഞങ്ങൾക്ക് തോന്നിത്തുടങ്ങി. ഇലകൾ കൊഴിഞ്ഞു തുടങ്ങിയ ഗോൾഡൻ ഒക്ടോബറിലെ സുവർണ്ണ സൂര്യപ്രകാശത്തിൽ തെളിയുന്ന പൈൻമരങ്ങൾ, തിങ്ങിനിറഞ്ഞ വനത്തിലെ ഒക്ടോബറിന്റെ സ്വർണ്ണ നിറത്തിലുള്ള ഇല കൊഴിയുന്ന മരങ്ങളെ കണ്ടു ആദ്യം അമ്പരന്നുപോയി. മരങ്ങൾ കേടുവന്നു ഇലകൾ കൊഴിയുന്നുവെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്. മരങ്ങളെയെ ല്ലാം ശീതകാലത്ത്  സംരക്ഷിക്കുന്ന പ്രകൃതിയുടെ തലോടലാണ് ഈ ഇല കൊഴിയൽ പ്രക്രിയയെന്ന് മനസ്സിലായപ്പോൾ പൊഴിയുന്ന ഇലകളെപ്പോലെ ഞങ്ങളുടെ വറ്റിവരണ്ട ശിരസിൽ നിന്ന് മുടികളും കൊഴിഞ്ഞുപോയി എന്ന് തോന്നി..പശ്ചിമ ജർമ്മനിയുടെ ഏതു ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മദ്ധ്യത്തിൽ എപ്പോഴും ഉയർന്നു കാണാമായിരുന്ന ദേവാലയങ്ങൾ, ഇത്തരം പ്രൗഢഗംഭീര ദൃശ്യങ്ങളിൽ ഒട്ടു വളരെ ശ്രദ്ധേയമാംവിധം ദേവാലയങ്ങൾ വേറിട്ടു നിന്നു. അങ്ങനെയുള്ള പള്ളികളിലൊന്നിന്റെ അകത്തു കടന്നാലു ടൻ പുറത്തെ ബഹളവും മറ്റു ശബ്ദവും നാം വിസ്മരിക്കും.

 Claritiner Kolleg ,Weßenhorn 
"ഒക്ടോബർ (28.10. 1962) അവസാനത്തിലെ ഒരു സായാഹ്നത്തിലാണ് ഞങ്ങൾ ഒൻപതു പേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ് എത്തിച്ചേരുന്നത്. സൂറിച്ചു വരെ എത്തിച്ചേർന്നവരെ സ്വീകരിച്ചു കൊണ്ടുപോരാൻ അവർക്കു മുമ്പേ 1961 -ൽ എത്തിയ ഒരു മലയാളിയും അദ്ദേഹത്തിൻറെ സുപ്പീരിയർ ആയ ജർമ്മൻകാരൻ വൈദികനും അവിടെ ബസുമായി വന്നു കാത്തുനിന്നിരുന്നു. ഞങ്ങളെ അവിടെനിന്നും SPEICHINGEN ആശ്രമത്തിലേക്ക് കൊണ്ടുപോയി. നാട്ടിലെ വസ്ത്രങ്ങൾ മാത്രം പരിചയിച്ച ഞങ്ങളുടെ വേഷം മറ്റുള്ളവരെപ്പോ ലെതന്നെ ആകണമെന്ന് ഞങ്ങൾ അപ്പോൾ വിചാരിച്ചിരുന്നു. വിറച്ചുവിറങ്ങ ലിച്ചു കോച്ചുന്ന തണുപ്പിൽ ഞങ്ങൾ കേരളത്തിൽനിന്നും പോരുന്നതിനു മുൻപ് കൊച്ചിയിലെ ഒരു തയ്യൽക്കാരൻ തുന്നിയെടുത്ത ജാക്കറ്റ് - അതാകട്ടെ  ആ തണുപ്പിനെ ഒട്ടുമേപോലും ചെറുക്കാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ജർമൻകാരുടെ തണുപ്പുകാലങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചു കാണുന്നത് ആദ്യമൊക്കെ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. സ്ത്രീകൾ ധരിച്ചിരുന്ന വളരെ നീളമുള്ള തടിച്ച പുറംവസ്ത്രങ്ങൾ (ജാക്കറ്റുകൾ), പുരുഷന്മാരും അപ്രകാരം തടിച്ച പുറംകോട്ടുകളും ധരിച്ചു നടന്നിരുന്നു.. രാത്രിയിലാണ് ഞങ്ങളേറെ വിഷമിച്ചത്‌. തണുപ്പിൽ നിന്നും രക്ഷപെടാൻ ഞങ്ങളുടെ എല്ലാ മുറികളിലും കൽക്കരി കത്തിച്ചുള്ള ഹീറ്റർ ഓവൻ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഞങ്ങളെയത് കൂടുതൽ സഹായിച്ചില്ല. തണുപ്പിന്റെ തീവ്രതയാകട്ടെ ഓരോരോ  ദിവസവും   കൂടുതലേറെ  വർദ്ധിച്ചുകൊണ്ടിരുന്നതേയുള്ളൂ. ജർമ്മനിയിൽ ഇന്നത്തേതുപോലെയുള്ള ഓയിൽ, ഗ്യാസ് സെൻട്രൽ ഹീറ്റിങ് സമ്പ്രദായം വീടുകളിലും അന്നുള്ള കെട്ടിടങ്ങളിലും  അന്നുണ്ടായിരുന്നില്ല.

"ആദ്യദിവസങ്ങളിൽ ഞങ്ങളുടെ താമസം വളരെ ബുദ്ധിമുട്ടായി തോന്നി. ഞങ്ങൾക്ക് പരിചയമുള്ളവർ ഞങ്ങൾ തന്നെ ! ലഭിച്ചിരുന്ന ഭക്ഷണത്തിനു പോലും രുചി തോന്നിയില്ല. പുതിയ ഞങ്ങളുടെ താമസസ്ഥലത്തു ഞങ്ങൾ ഏറെയും അസ്വസ്ഥരായിരുന്നു. സ്‌നേഹം തന്നിരുന്ന അപ്പനെയും അമ്മയെ യും സഹോദരങ്ങളെയും ബന്ധുക്കളെയും, വീടിനെയും നാടിനെയും പറ്റി എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. "ഇനിയും നമ്മൾ തമ്മിൽ കാണുമോ, അറിയില്ല" എന്നു കണ്ണീരിൽ കുതിർന്ന ദുഃഖ മനസ്സിന്റെ ചോദ്യവുമായി കൊച്ചിയിലെ തുറമുഖത്തു അവരുമായി എന്നേയ്ക്കുമായി കൺ മറഞ്ഞു പിരിഞ്ഞ വേർപാടിന്റെ വേദനയുടെ നിമിഷസാക്ഷികളായ അമ്മയും അപ്പനും.. രാത്രിയാകെ അവരെക്കുറിച്ചുള്ള എല്ലാത്തരം ചിന്തകൾ ഉറക്കം അസാദ്ധ്യമാക്കിയിരുന്നു. ഞങ്ങളുടെ അപ്പനും അമ്മയും ഞങ്ങളുടെ വീടും നാടും ഞങ്ങളിൽനിന്നും അതിവിദൂരതയിലേയ്ക്ക് മറഞ്ഞുപോയി എന്ന തിരിച്ചറിവ്, ഞങ്ങളുടെ ദുഃഖത്തിന് ആഴക്കടലിലെ മഹാതിരകകളേക്കാൾ കൂടുതൽ ശക്തിയുള്ളതാക്കിയിരുന്നു... ഞങ്ങളിൽ ഓരോരുത്തരുടെയും വറ്റി വരണ്ട മനസ്സിന്റെ ഉള്ളിന്റെയുള്ളിലെ ദുരിതം ആരോടും പറയാനും വയ്യ, പറഞ്ഞിട്ടെന്തു കാര്യം? അഥവാ അങ്ങനെ അത് ചെയ്യാൻ കഴിഞ്ഞാലും എന്ത് പ്രയോജനം? ഞങ്ങളുടെ മുൻപിൽ നിൽക്കുന്ന ഒൻപതു വർഷങ്ങൾ നീങ്ങണം, ഞങ്ങളെ അയച്ചവരെ, വീടിനെ, നാടിനെ വീണ്ടും പുണരാൻ. വർഷങ്ങൾക്ക് ശേഷം അങ്ങനെ നാട്ടിലെത്തിയ ഞങ്ങൾക്കാകട്ടെ എന്തിലും ഏതിലും ഞങ്ങളെ ആശ്വസിപ്പിക്കുന്ന ഒന്നും ഞങ്ങൾ അവിടെ കണ്ടില്ല. സ്‌നേഹം പകർന്നു തന്ന ഉറ്റവരെക്കുറിച്ചുള്ള തേങ്ങലിലലിഞ്ഞ കുറെ ഓർമ്മകൾ മാത്രമായി അവിടെ മൂകമായി അലഞ്ഞു നടന്നു, അവരുടെ സ്നേഹസ്പർശമേൽക്കാൻ...

അപരിചിതവും വിചിത്രവുമായിരുന്നു

ജർമ്മനിയിൽ തുടങ്ങിവച്ച ജീവിതം. അവ എല്ലാഅർത്ഥത്തിലും ഞങ്ങൾക്ക് അപരിചിതവും വിചിത്രവുമായിരുന്നു. നാടും ആളുകളും അവരുടെ സ്വന്തം ജീവിതസമ്പ്രദായങ്ങളും, വീടുകളും, ഭാഷയും, ഭക്ഷണരീതികളും, ആചാര മര്യാദകളും ഞങ്ങൾ ഓരോ തുടക്കക്കാരെന്നനിലയിൽ എല്ലാം സൂക്ഷിച്ചു വേണമായിരുന്നു കാണാൻ. ഞങ്ങൾക്ക് പലർക്കും കഴിക്കാമായിരുന്ന എല്ലാ ഭക്ഷണങ്ങളും രുചിക്കുറവുള്ളതും, ഏറെ വിരസവുമായി തോന്നിയിരുന്നു. ഞങ്ങൾക്ക് ക്രമപ്രകാരമുള്ള പഠനം ആ ദിവസങ്ങളിലും ആരംഭിച്ചിരുന്നില്ല. യൂറോപ്യൻ വൻകരയിലെ പൊതുഭാഷകൂടിയായിരുന്നു ജർമ്മൻ ഭാഷ. കൂടാതെ ഇ0ഗ്‌ളീഷും. ഞങ്ങൾ അതഭ്യസിക്കേണ്ടതാണെന്നു ഞങ്ങളോട് ആരോ പറഞ്ഞു. യൂറോപ്യന്മാരും നമ്മളും തമ്മിൽ ചിന്തയിലും അവരുടെ പ്രവർത്തിയിലും വ്യത്യാസങ്ങൾ കണ്ടു. അത് നല്ല അനുഭവമായിരുന്നു. ഈ ഘട്ടം മുതൽ ഞങ്ങൾ വിദ്യാർത്ഥികളായി മാറി.

എങ്കിലും എത്തിപ്പെടാനാവാത്ത രണ്ടു വിദൂര ദീപുകളിൽ ചെന്നു പെട്ടതു  പോലെ ഞങ്ങൾക്ക് അന്ന് തോന്നി. ജർമ്മനി ഏറെ ദുസ്സഹമായി. അത്പക്ഷെ ഞങ്ങൾ കേരളത്തിലേയ്ക്ക് മടങ്ങിപ്പോവുകയെന്നത് ചിന്തിക്കാനാവാത്ത നീറുന്ന കാര്യവുമായിരുന്നു. എന്തായാലും വന്ന സ്ഥിതിയ്ക്ക് പഠനം തീർത്ത് തീർക്കണം, ഇതായിരുന്നു മനസ്സു പദേശിച്ചത്. അതുപക്ഷേ ഇന്നതേക്കുറിച്ചു അഭിപ്രായം പറഞ്ഞാൽ ഞങ്ങളിലെത്രപേർക്ക് ഇക്കാര്യത്തിൽ ഞങ്ങളുടെ ആന്തരികാത്മാവിന്റെ ആഗ്രഹമനുസരിച്ചു, അപ്രകാരം സാധിച്ചു എന്നത് പിന്നീടുള്ള കാലങ്ങളിൽ മാത്രം അനുഭവമായി. പക്ഷെ ജീവിതത്തിന്റെ വഴിവളപ്പിൽ ഞങ്ങളുടെ ആഗ്രഹങ്ങളും അതിനുവേണ്ടി എടുത്ത നിരവധി തീരുമാനങ്ങളും മാറ്റേണ്ടിവന്നു. ഫിലോസഫിയും തിയോളജിയും പഠിച്ച ശേഷം വൈദികവൃത്തിയിൽ പ്രവേശിക്കാനിരുന്നവർ അതുപേക്ഷിച്ചു മറ്റു പലവിഷയങ്ങളിലേക്ക് തീരുമാനമെടുത്തു മാറിപ്പോയി. അവരെല്ലാം പുതിയ മറ്റു ജീവിതാന്തസുകൾ സ്വയം തെരെഞ്ഞെടുത്തു, അവർ അവയെ മനസ്സാ സ്വീകരിച്ചു.

പെൺകുട്ടികളുടെ ചരിത്രം സൃഷ്ടിച്ച കുടിയേറ്റം 

1965. ഹൈഡൽബെർഗ് യൂണി.
ക്ലിനിക്കുകളുടെ
 ഡയറക്ടർ
Herr. Ernest  മലയാളി പെൺകുട്ടികളെ
 സ്വീകരിക്കുന്നു. 
1960- കളുടെ അവസാനമായപ്പോഴേ യ്ക്കും പശ്ചിമ ജർമ്മനിയിലേക്ക് വന്ന മലയാളി പെൺകുട്ടികളുടെ സങ്കീർണ്ണവും സാഹസികവുമായ പെൺകുടിയേറ്റം പരമാവധി നടന്നു കഴിഞ്ഞു. അന്ന് ജർമ്മനിയി ലേക്കുള്ള മലയാളികളുടെ വരവി നുള്ള പശ്ചാത്തലവശങ്ങൾ രണ്ടാണ്.1). കേരളത്തിലെ സാമൂഹി ക സാമ്പത്തിക തൊഴിൽ- വിദ്യാ ഭ്യാസ മേഖലകളുടെ ഭാവിയുടെ പ്രതീക്ഷയില്ലായ്മ, 2). ജർമ്മനിയിലെ പൊതുജനാരോഗ്യരംഗത്ത്, പ്രത്യേ കമായി രോഗീ ശുശ്രൂഷാരംഗത്തു അടിയന്തിരമായി ആവശ്യമായിരു ന്ന നഴ്‌സുമാരുടെ കുറവിൽനിന്നും മോചനം ഉണ്ടാവണം. നിരവധി വിദേശി നഴ്‌സുമാരുടെ സേവനം ജർമ്മൻ അധികൃതർ സ്വീകരിച്ചു. അപ്പോൾ ഒരുവശത്ത് മലയാളിയുടെ ആവശ്യവും ജർമ്മൻകാരുടെ തേടലും ഏതാണ്ട് ഒരേവഴിയിലും അവ നിവൃത്തിയാവുകയായിരുന്നു. മലയാളച്ചുവയും ജർമ്മൻചുവയും തമ്മിലുള്ള സമ്മിശ്ര ജീവിത ശൈലിയുടെ പ്രകടമായ രംഗം. ഹൈഡൽബെർഗ്, വീസ്‌ലോഹ്, കൊളോൺ, ഫ്രാങ്ക്ഫർട്ട്, മൈൻസ്, ബർലിൻ, ബാഡ് മെർഗന്തു ഹൈം, ഫ്രെയ്‌ബുർഗ്, ബോൺ തുടങ്ങി വിവിധ ജർമ്മനിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഹോസ്പിറ്റലുകളിൽ നഴ്‌സിംഗ് പരിശീലനത്തിനും ആ കാലഘട്ടത്തിൽ ജോലിക്കുമായി നൂറുകണക്കിന് മലയാളികൾ അവിടെയെല്ലാം എത്തിക്കഴിഞ്ഞിരുന്നു.  1965- ലാണ് ആദ്യമായിട്ട് ഹൈഡൽബെർഗിൽ മലയാളി പെൺകുട്ടികളുടെ സമൂഹം വന്നെത്തിയത്.

 ഹൈഡൽബെർഗ്- 1960 
നഴ്‌സിംഗ് പരിശീലനം നൽകും, അതിനുശേഷം തടസ്സങ്ങളില്ലാതെ ജോലി തുടരാമെന്നുള്ള ധാരണ വ്യവസ്ഥയിലാണ് ആദ്യമായി 1965-ൽ ഹൈഡൽ ബെർഗ്ഗിലെത്തിയതും നമ്മുടെ മലയാളി പെൺ കുട്ടികൾക്ക് അപ്രകാരമാണ് അറിവ് ലഭിച്ചതും. ആ സമൂഹം ഹൈഡൽബെർഗ്ഗിലെത്തിയപ്പോൾത്തന്നെ    അന്ന് താൽക്കാലികമായ താമസത്തിനു വേണ്ടി അവർക്ക് നഗരത്തിലുള്ള ഒരു ഹോട്ടലിൽ അക്കോമെഡേഷൻ നൽകി. ഹൈഡൽബെർഗ് നഗരത്തിൽ യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലുകളുടെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന Herr.  ഏർണെസ്റ്റ്  അന്ന് നേരിട്ട് എത്തി നമ്മുടെ പെൺകുട്ടികളെ സ്വാഗതം ചെയ്തു. നിരവധി വിഷമപ്രശ്നങ്ങളെ തരണം ചെയ്താണ് അവരുടെ പരിശീലനവും ജോലിയും ആരംഭിച്ചത്. അതുപക്ഷേ ജർമ്മനിയിലെത്തിയ മലയാളികളിൽ ആദ്യം തന്നെ വലിയ അഗ്നിപരീക്ഷണത്തിന് നേർക്ക് നേരിടേണ്ടി വന്നവർ  അവരായിരുന്നു. കൂടുതൽ നല്ല ഭാവി പ്രതീക്ഷിച്ചുള്ള സാഹസികമായിരുന്ന   ആത്മസമർപ്പണമായിരുന്നു മലയാളി പെൺകുട്ടികളുടേത് എന്ന് എനിക്ക് ഇവിടെ പറയാതെ പോകുന്നത് നീതിയല്ല. //-
തുടരും.
-------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.