Donnerstag, 3. November 2016

ധ്രുവദീപ്തി : Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ// ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം കൊടുമ്പിരിക്കൊള്ളുന്നു. //

Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ // 


ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം 
കൊടുമ്പിരിക്കൊള്ളുന്നു. //  
 കെ. സി. സെബാസ്റ്റ്യൻ   
1975 ജനുവരി 6 തിങ്കൾ-

(കേരളരാഷ്ട്രീയം ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിൽ

ന്യൂനപക്ഷ അവകാശങ്ങളോട് എല്ലാവർക്കും എല്ലാവർക്കും വലിയ പ്രേമം കയറിയിരിക്കുകയാണ്. ഇന്നലെവരെ ന്യൂനപക്ഷ അവകാശത്തെ ഒരു വികൃത രൂപിണിയായി കണ്ടിരുന്നവർ എന്നതിനെ ശാലീന സുന്ദരിയായ കാമുകിയാക്കുവാൻ വെമ്പൽ കൊള്ളുന്നു. പടിവാതിലിൽ കാമുകരുടെ തിരക്കുകൊണ്ടു ന്യൂനപക്ഷ അവകാശം പകച്ചുനിൽക്കുന്നു. കുളിപ്പിച്ച് കുഞ്ഞിനെക്കൊല്ലുമോ എന്ന ഭയം സ്വാഭാവികമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പണ്ടൊരു മുത്തശ്ശി ഉണ്ടായിരുന്നു. ദിവസവും രാവിലെ അവർ അമ്പലത്തിൽ പോകും. സകല ദേവന്മാരെയും ദേവിമാരെയും പേരുപറഞ്ഞു പ്രാർത്ഥിക്കും.  തൊഴും. അമ്പലത്തിൽനിന്നും മടക്കം പള്ളിമുറ്റത്തുകൂടെയാണ്. പള്ളിയു ടെ "ആനവാതിൽ" കടക്കുമ്പോൾ ആരുമറിയാതെ ആരും കാണാതെ    അവിടെയും ഒന്ന് കുമ്പിടും. പതിവായി നടത്തിയ ഏർപ്പാട്. ഒരിക്കൽ ഏതാനും കുസൃതിക്കുട്ടികൾ അത് കണ്ടുപിടിച്ചു. അവർ മുത്തശ്ശിയെ പരി ഹസിച്ചു. "രക്ഷ എവിടെയായാലും അത് നമുക്ക് ലഭിക്കട്ടെ. നിങ്ങൾക്കെന്താ ചേതം?" മുത്തശ്ശിക്ക് പറയാനുള്ളത് ഇതായിരുന്നു.

ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ ചില രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന പുത്തൻപ്രേമവും ഏതാണ്ടിതുപോലെ തന്നെയാണ്. ന്യൂന പക്ഷ അവകാശങ്ങളെ ചവുട്ടി മെതിച്ചുകൊണ്ടു മുമ്പോട്ട് പോകാമെന്ന് അവർ കരുതി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ന്യൂനപക്ഷതാത്പര്യങ്ങൾ നിഹനിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് വിജയത്തിന് സഹായമാകുമോ എന്നവർക്ക് സംശയം. വൈകിയില്ല. ന്യൂനപക്ഷ അവകാശങ്ങളെയും അവർ തൊഴാൻ തുടങ്ങിയിരിക്കുന്നു. "എവിടെ നാല് വോട്ട് അധികം കിട്ടും? അതിനു വേണ്ടത് ചെയ്യും. നിങ്ങളാരാണ് പരിഹസിക്കാൻ? " പുത്തൻ പ്രേമക്കാരും തിരിഞ്ഞു നിന്ന് ചോദിക്കാതിരിക്കില്ല.

അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരിടക്കാല തിരഞ്ഞെടുപ്പുണ്ടായാലും ഇല്ലെങ്കിലും കേരളത്തിൽ സാധാരണഗതിയിൽ ആഗസ്റ്റ് -സെപ്റ്റമ്പർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അത് മുന്നോട്ടു നീങ്ങുമെന്ന് തന്നെയാണ് ഇപ്പോഴുള്ള സൂചന. ഫെബ്രു.28- നു വോട്ടർ പട്ടിക അവസാനമാ യി പ്രസിദ്ധീകരിക്കത്തക്ക ഒരു വോട്ടർ പട്ടിക പുതുക്കൽ പരിപാടി പ്രഖ്യാപി ച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ സെൻസസ് അനുസരി ച്ചുള്ള നിയോജക മണ്ഡല വിഭജനവും നടന്നു കഴിഞ്ഞു. ആ നിലയിൽ ഒരു പുതിയ ജനവിധിക്കു രാഷ്ട്രീയ കക്ഷികൾ വിധേയരാകാൻ പോകുന്നു വെന്ന് വ്യക്തം.

ലീഗിനുതന്നെ.

 സി.എച് .മുഹമ്മദ് കോയ 
വെളിയിൽ നിന്നുള്ള സമ്മർദ്ദമെന്തായിരുന്നാലും കേരള, കോഴിക്കോട് സർവ്വ കലാശാല നിയമങ്ങ ളുടെ പിതൃത്വം ലീഗിന് തന്നെ. സർവ്വകലാശാലാ  നിയമത്തിൽ കടന്നുകൂടിയിട്ടുള്ള ന്യൂനപക്ഷ അവകാശ ധ്വംസനം, വകുപ്പ് ഉത്തരവാദിത്വം, എന്ന നിലയ്ക്ക് ലീഗ് വിദ്യാഭ്യാസമന്ത്രിക്കും ലീഗ്  രാഷ്ടീയ കക്ഷിക്കുമാണ്. നിയമപരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ടു വന്നുഭവിച്ച പാകപ്പിഴ ഒന്നുമല്ലത്. വിവരമുള്ളവർ സി. എച്. മുഹമ്മദ് കോയയെയും ചാക്കേരി അഹമ്മദ് കുട്ടിയേയും പേരുചൊല്ലി വിളിച്ചു മന്ത്രിക്കസേരക്കായി  ന്യൂന പക്ഷ അവകാശം ബലികഴിക്കല്ലേ എന്ന് കരഞ്ഞു പറഞ്ഞതാണ്. അന്നവർ അതിനെ പുച്‌ഛിച്ചു. കാരണമുണ്ട്. ആനപ്പുറത്തിരിക്കുമ്പോൾ വഴിയിൽനിന്നു കുരയ്ക്കുന്ന നായയെ ഭയപ്പെട്ടിട്ടു കാര്യമില്ല.

ന്യൂനപക്ഷ അവകാശ സംരക്ഷണ വ്യഗ്രതയുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നവരിൽ മുൻപർ മുസ്‌ലിം ലീഗാണ്. അവർ യൂണിവേഴ്‌സിറ്റി നിയമത്തിൽ ന്യൂനപക്ഷ അവകാശ ധ്വംസനം കണ്ടുപിടിച്ചിരിക്കുന്നു. ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു ചർച്ച നടന്ന അവസരത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഒരു സ്ഥിതി വിശേഷവും ഉണ്ടായിട്ടില്ല. എങ്കിലും ലീഗ് മന്ത്രിയുടെ അഭാവത്തിൽ പുറം വാതിലിലൂടെ നിയമത്തിൽ മുഖ്യമന്ത്രി കുത്തിത്തിരുകിയ 68, 69 വകുപ്പുകൾ പിൻവലിക്കാത്ത പക്ഷം കോൺഗ്രസ് ഉൾപ്പെട്ട ഭരണമുന്നണിയിൽ തുടരാൻ സാധിക്കുകയില്ലെന്നു ഇപ്പോൾ ലീഗ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കേൾക്കാൻ രസമുണ്ട്. ഭരണമുന്നണിയിൽ തുടരുമെങ്കിലും മുന്നണിയുടെ ഭരണത്തിന് എത്ര വലിച്ചുനീട്ടിയാലും ആറുമാസം കൂടി മാത്രം ജീവിതം. മുൻ‌കൂർ തിരഞ്ഞെടുപ്പ് വരാം. അപ്പോൾ മുന്നണിയിൽനിന്നും ഭരണത്തിൽ നിന്നും മാറും എന്ന ഭീഷണി പുറപ്പെടുവിക്കാൻ വലിയത്യാഗ സന്നദ്ധതയൊന്നും ആവശ്യമില്ല. ആ ചെറിയ ത്യാഗം മുസ്‌ലിം സാധാരണക്കാരുടെ അധിക പിന്തുണയ്ക്ക് കാരണമാകുമെങ്കിൽ അതൊരു നേട്ടവുമാണ്. ഇന്നലെവരെ യൂണിവേഴ്സിറ്റി നിയമത്തിൽ കാണാതിരുന്നതും യാതൊരു പ്രതിസന്ധിയും കൂടാതെ ഒഴിവാക്കാമായിരുന്നതുമായ ഒരു പ്രശ്നമിപ്പോൾ ലീഗ് ഉയർത്തി വച്ചതു വെറും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുമാത്രമാണ്.

ഫലമില്ല.

 എ .കെ.ആൻറണി 
എ. കെ. ആൻറണിയും കൂട്ടരും എത്ര ചൊടിച്ചാ ലും സംസ്ഥാന കോൺഗ്രസ്സി ലെ ഒരു നല്ല വിഭാഗ ത്തിനും കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിനും ന്യൂന പക്ഷപ്രേമം കലശലായിത്തീർന്നിട്ടുണ്ട്. കേന്ദ്രമന്ത്രി എ. സി. ജോർജ് പ്രകടിപ്പിക്കുന്ന പ്രേമം വിടുന്നു. കരുണാകരനും പോൾ പി. മാണി ക്കും പ്രേമം വരുന്നതും മനസ്സിലാക്കാം. കേന്ദ്ര ഉരുക്കു-ഖനന വ്യവസായ വകുപ്പ് മന്ത്രി ചന്ദ്രജിത്ത് യാദവ് (മുൻ എ.ഐ. സി.സി. സെക്രട്ടറി), കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി തുടങ്ങിയവർക്ക് ന്യൂനപക്ഷക്കാര്യം പറയുമ്പോൾ വായി ൽ തേനൂറുന്നുണ്ട്. അവർക്കെല്ലാം ചോദിക്കാനുള്ളത് ജനസംഘം, മാർക്സിസ്റ്റ് പോലുള്ള കക്ഷികളിൽനിന്നും ന്യൂനപക്ഷ സംരക്ഷണം പ്രതീക്ഷിക്കാമോ എന്നാണ്.

ഇന്നലെ വരെ തങ്ങളെടുത്ത നിലപാട് ഒറ്റച്ചോദ്യത്തിൽ ജനങ്ങൾ വിസ്മരിക്കു മെന്നു കരുതുന്നവരുടെ തന്ത്രത്തിന് ദൈവം മാപ്പു നൽകട്ടെ. കോൺഗ്രസ്സി ന്റെ കൈകളിൽ ന്യൂനപക്ഷതാത്പര്യം ഭദ്രമായിരുന്നു എന്ന് നമ്മളെല്ലാം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ന്യൂനപക്ഷങ്ങൾ പൊതുവെ ഒറ്റക്കെട്ടായി കോൺഗ്രസ്സിന്റെ കൂടെ നിന്നിരുന്നു. ഇന്ന് നില മാറി. ന്യൂന പക്ഷ താൽപ്പര്യം അധരങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. തിരഞ്ഞെ ടുപ്പാണ് ഇന്നത്തെ താൽപ്പര്യപ്രകടനത്തിനു കാരണമെന്ന് കാണാനുള്ള കഴിവ് ന്യൂനപക്ഷങ്ങൾക്കുണ്ട് . അവർക്ക് ഒരു സംശയത്തിനും ആവശ്യമില്ല.

 കെ. കരുണാകരൻ 
കോൺഗ്രസിനെയും കടത്തിവെട്ടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ്, ആർ.എസ്. പി., ബാലകൃഷ്ണൻ പി. എസ്. പി. കക്ഷികൾ ന്യൂനപക്ഷപ്രേമം പ്രകടിപ്പി ക്കുന്ന ത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ന്യൂനപക്ഷ താത്പ്പര്യങ്ങൾക്കു പ്രത്യേക സംരക്ഷണം അവരുടെ രാഷ്ട്രീയപ്ര മേയത്തിൽ തിരുകി കയറ്റിയിരിക്കുന്നു. ഇവിടെ വിവാദപ്രശ്‌നം പ്രധാനമായും ന്യൂനപക്ഷ വിദ്യാ ഭ്യാസ സ്വാതന്ത്ര്യമാണല്ലോ. വിദ്യാഭ്യാസ ദേശ സാൽക്കരണം കമ്മ്യൂണിസ്റ്റ് പാർട്ടിയും അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും  ഉപേക്ഷിച്ചിരിക്കുന്നു. പ്രമേയം അതാണ് വ്യക്തമാക്കുന്നത്.

സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ പാടില്ലെന്ന് ഉറക്കത്തിൽക്കൂടി വിളിച്ചു പറയുന്ന കക്ഷിയാണ് ആർ.എസ് .പി. അതിന്റെ നേതാവാണ് എൻ. ശ്രീകണ്ഠൻ നായർ. ആർ.എസ് .പി ക്കും അതിന്റെ നേതാവിനും മാന:പരിവർ ത്തനം ഉണ്ടായിരിക്കുന്നു. വിദ്യാഭ്യാസം ദേശസാൽക്കരിക്കണം എന്നു തന്നെയാണ് തങ്ങളുടെ നിലപാടെങ്കിലും യൂണിവേഴ്‌സിറ്റി നിയമത്തെപ്പറ്റി ലീഗ് ഉന്നയിച്ചിരിക്കുന്ന ആക്ഷേപം പരിഗണിക്കേണ്ടതാണെന്നാണ് എൻ. ശ്രീകണ്ഠൻ നായരും ആവശ്യപ്പെടുന്നത്. ശാന്തം ! പാപം !

പി. എസ് . പി.യും ലീഗിന് പിന്തുണയും 

ബാലകൃഷ്ണൻ പി.എസ് .പി യും വെറുതെ ഇരിക്കുന്നില്ല. ആളേറെയില്ലെങ്കി ലും അതും ഭരണമുന്നണി ഘടക കക്ഷിയാണ്. അതിനുമുണ്ട് സംസ്ഥാന കമ്മിറ്റി. ബാലകൃഷണൻ പി.എസ്. പി. സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം ചേർന്ന് ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ ലീഗിന് പിന്തുണ നൽകി.

പാവം ആൻറണി ! അദ്ദേഹം മാത്രമേ ഡോൺ ക്യൂക്സോട്ടിനെപ്പോലെ ന്യൂനപക്ഷ അവകാശ ധ്വംസന കാറ്റാടിയന്ത്രത്തിനെതിരായി യുദ്ധം ചെയ്യുന്നുള്ളൂ. തിരഞ്ഞെടുപ്പല്ലേ. ആൻറണിയും തൽക്കാലം വാൾ ഉറയിലിട്ടു എന്ന് വരാം. അല്ലെങ്കിൽ പ്രധാനമന്ത്രി ആന്റണി വെളിച്ചപ്പാടിന്റെ വാളും വാങ്ങി ഡൽഹിക്ക് പോകുന്നതും അസംഭവ്യമല്ല.

ഏതായാലും ന്യൂനപക്ഷങ്ങൾക്കു വ്യാഴം വന്നു ഭവിച്ചിരിക്കയാണ്. പക്ഷെ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർക്കടക ശനിദശ തന്നെ വീണ്ടും വരുമെന്നവർ മനസ്സിലാക്കി വച്ചിരിക്കുന്നു. അതാണൊരു കുഴപ്പം. തിരഞ്ഞെടുപ്പ് അടുക്കു മ്പോൾ ഒന്ന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റൊന്ന് എന്ന "പാലം കടക്കുവോ ളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ " രാഷ്ട്രീയ ക്കാരെ ഈ തിരഞ്ഞെടുപ്പിലെങ്കിലും ഒരു പാഠം പഠിപ്പിച്ചാലവർ ഇത്ര കാലം നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതിവന്നേനേം.//-
-----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.