Freitag, 29. Juli 2016

ധ്രുവദീപ്തി // Kerala Politic // കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ - "വിശ്വാസ പ്രമേയം എന്ന വെള്ളിടി".

കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ - തുടർച്ച ...നിയമസഭാസമ്മേളനം..

1970 ഏപ്രിൽ 3 വെള്ളി


"വിശ്വാസ പ്രമേയം എന്ന വെള്ളിടി".


 കെ. സി. സെബാസ്ററ്യൻ 
മേനോൻ മന്ത്രിസഭയെ അട്ടിമറിക്കുന്നതിനുള്ള നാടകത്തിൽ മാർക്സിസ്റ്റ് പാർട്ടിയേക്കാൾ പ്രധാന റോൾ അഭിനയിച്ചത് ഡോ. ജോർജ് തോമസ്സിന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്സാണ്‌. നേരത്തെ പറഞ്ഞതു പോലെ സംഘടനാ കോൺഗ്രസ്സ് ഗവൺമെന്റിനെതിരായി തിരിഞ്ഞ വസ്തുത കണക്കിലെടുത്താണ് മാർക്സിസ്റ്റുകൾ മന്ത്രിസഭ തകർക്കൽ ശ്രമം ആരംഭിച്ചത് തന്നെ. മാർക്സിസ്റ്റ് നേതാക്കളും എസ് എസ് പി നേതാക്കളും, സംഘടനാ കോൺഗ്രസ്സ് നേതാക്കളും തമ്മിൽ തുടർച്ചയായി നിശാകാല സന്ദർശനങ്ങൾ നടന്നു. ആലോചനകൾ നടന്നു. അഭിപ്രായങ്ങൾ കൈമാറി. ഡോ. ജോർജ് തോമസ്സിന്റെ  മുറിയിൽ നിത്യസന്ദർശകരിൽ ഒരാളായി മാറി മാർക്സിസ്റ്റ് പാർട്ടി നേതാവ് അഴീക്കോടൻ രാഘവൻ. ബഡ്ജറ്റ് ഡിമാൻഡ് ചർച്ചാ വേളയിൽ ഗവണ്മെന്റിനെതിരായി വോട്ടു ചെയ്തുകൊള്ളാമെന്ന് രഹസ്യ കരാർ സംഘടനാ കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ഉണ്ടാക്കി.

തങ്ങൾ സ്വീകരിക്കുന്ന നടപടി സാധാരണ പൊതുജനങ്ങൾ അംഗീകരിക്കാ ൻ വിഷമിക്കും എന്ന ബോധം സംഘടനാ കോൺഗ്രസ് നേതൃത്വത്തിനുണ്ടാ യിരുന്നു. ജനങ്ങളുടെ മുമ്പിൽ പടിപടിയായി തങ്ങളുടെ നീക്കങ്ങൾ അവതരിപ്പിക്കാൻ തന്നെ സംഘടനാ കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തു നടക്കുന്ന പോലീസ് മർദ്ദനങ്ങളിൽ സംഘടനാ കോൺഗ്രസ്സ് പ്രതിഷേധിച്ചു. ആരുപറഞ്ഞാലും സംഘടനാ കോൺഗ്രസ്സ് ഇന്ന് നാട്ടിൽ നടക്കുന്ന പോലീസ് മർദ്ദനങ്ങളെപ്പറ്റി പരാതി പറഞ്ഞു കേട്ടപ്പോൾ സംഘടനാ കോൺഗ്രസ്സിൽ അടിയുറച്ചു വിശ്വസിച്ചിരുന്നവർ വരെ ചിരിച്ചു പോയി. അടുത്തപടി നിയമസഭാ വോട്ടിംഗിൽ തങ്ങൾ ഗവർമെന്റിന് എതിരാണെന്ന് പ്രദർശിപ്പിക്കുകയായിരുന്നു. പ്രത്യേക പ്രകോപനമൊന്നും കൂടാതെ സംഘടനാകോൺഗ്രസ്സ് ഒരു വോട്ടിംഗിൽ നിഷ്പക്ഷത പാലിച്ചു.

മാർക്സിസ്റ്റ് പാർട്ടിക്ക് മന്ത്രിസഭ മറിക്കുന്നതിനുള്ള അവരുടെ നീക്കങ്ങൾക്ക് ബലം നൽകുവാൻ സംഘടനകോൺഗ്രസ്സിന്റെ ഈ പ്രദർശനം ആവശ്യമായിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പ്.

മാർക്സിസ്റ്റ് പാർട്ടിയും സംഘടനാകോൺഗ്രസ്സും ഒഴിച്ച് മന്ത്രിസഭ കാണണ മെന്ന് ആഗ്രഹിച്ചവരാരും ഒരു ഇടക്കാല തിരഞ്ഞെടുപ്പ് സ്വാഗതം ചെയ്തില്ല. ബദൽ മന്ത്രിസഭ ഉണ്ടാക്കാമെന്ന മോഹന വാഗ്‌ദാനത്തിലാണ് മാർക്സിസ്റ്റുകൾ ആളുപിടുത്തം നടത്തിയിരുന്നത്. ബദൽ മന്ത്രിസഭയ്ക്ക് മാർക്സിസ്റ്റുകളും സംഘടനാ കോൺഗ്രസ്സും പിന്തുണ നൽകുമോ എന്ന സംശയം ഭരണകക്ഷി യിൽനിന്നും ഇളകി നിന്നവർക്കും ഉണ്ടായി. എന്നിരുന്നാലും മന്ത്രിസഭ മറിക്കാൻ സാധിക്കുന്നവിധം ആലോചനകൾ വിജയപ്രദമായിത്തന്നെ മുന്നോട്ടുപോയി. തങ്ങളുടെ ജനപിന്തുണയിൽ അമിതമായ ആത്മവിശ്വാസ മുണ്ടായിരുന്ന ഭരണകക്ഷിക്കാർ മാർക്സിസ്റ്റു -സംഘടനാ കോൺഗ്രസ്സ് നീക്കങ്ങൾ കാര്യമായി എടുത്തില്ല. മാത്രമല്ല, "ഞങ്ങളെ എന്ത് ചെയ്യാം" എന്ന പുച്ഛം വരെ ചില നേതാക്കന്മാരുടെ സംഭാഷണത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.

യഥാർത്ഥ രൂപം


 സി. അച്ചുത മേനോൻ 
അച്യുതമേനോൻ മന്ത്രിസഭയുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്, ഇതുവരെ രഹസ്യമായി നടന്നുവന്ന മന്ത്രിസഭാ തകർക്കൽ ആലോചനയുടെ യഥാർത്ഥ രൂപം വെളിയിൽ വന്നു. തങ്ങളുടെ നില ഉറച്ചു എന്ന ആത്മ വിശ്വാസം, മാർക്സിസ്റ്റു- സംഘടനാ കോൺഗ്രസ്സ് ക്ലിക്കിനു വന്നത് കൊണ്ടാകണം അവരുടെ ആലോചനകളുടെ ശരിയായ രൂപം ചോർന്നു പോയത്.

ഭരണകക്ഷിക്കാർ കണ്ണുതുറന്നു നോക്കിയപ്പോൾ കാലിനടിയിലെ മണ്ണ്  ഊർന്ന് പോയ യാഥാർത്ഥ്യം മനസ്സിലായി. അലംഭാവത്തോടെ കാര്യങ്ങൾ നോക്കിയിരുന്ന ഭരണകക്ഷികളുടെ വയറ്റിൽ ഒമ്പതാം ഉത്സവമായി. ഐക്യകമ്മിറ്റി അടിയന്തിരമായി കൂടി. ഓരോ സ്ഥലത്തേയ്ക്കും ദൂതാളന്മാർ പാഞ്ഞു.

കർണ്ണാടക സമിതിക്കാരുടെ അടുത്തു ഒരു ദൗത്യ സംഘം എത്തി. പരസ്പരം സംസാരിച്ചു തെറ്റിദ്ധാരണകൾ നീക്കേണ്ട കാര്യമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രി അച്ചുതമേനോൻ കാസർകോട് കാര്യത്തിൽ അവർക്കും കൂടി തൃപ്തികരമായവിധം ഒരു വിശദീകരണം നൽകാൻ തയ്യാറായി. ഭരണകക്ഷികളുടെ അശ്രദ്ധകൊണ്ട് മറുഭാഗത്തേയ്ക്ക് മാറിയ അവരെ തിരികെ ഭരണകക്ഷിയിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. മന്ത്രിസഭാ തകർപ്പന്മാരെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ആഘാതമായിരുന്നു. ഭരണകക്ഷിയുമായി ഇടഞ്ഞുനിന്ന മറ്റുള്ളവരെയും ദൂതാളന്മാർ സമീപിച്ചു. തെറ്റുതിരുത്തൽ ഉറപ്പുകളും വാഗ്ദാനങ്ങളും അവർക്കു ലഭിച്ചു.

അത് ഒരു വശത്തു നടക്കുമ്പോൾ ഭീഷണി എന്ന് വിവരിക്കാനാവില്ലെങ്കിലും അന്നത്തെ രാഷ്ട്രീയ നിലവച്ചു ബദൽ ഗവർമെന്റ് ഉണ്ടാകയില്ലെന്ന് ഭരണകക്ഷിക്കാർ തറപ്പിച്ചു പ്രസ്താവിച്ചു. ആർ. എസ്. പി യിലെ ബേബി ജോൺ ബദൽ ഗവണ്മെന്റ് സ്വപ്നം കണ്ട് ആരും മന്ത്രിസഭ മറിക്കാൻ കൂട്ട് നിൽക്കേണ്ടെന്നു പറഞ്ഞു. ഇന്ദിരാ കോൺഗ്രസ്സ് നേതാവ് കെ.കെ. വിശ്വനാഥൻ ബദൽ മന്ത്രിസഭയ്ക്കുള്ള സാദ്ധ്യത തള്ളിക്കളഞ്ഞു. ഭരണകക്ഷിയിൽ ആളുകളെ ഉറപ്പിച്ചു നിറുത്താനുള്ള അടവായി ഈ പ്രസ്താവനകൾ മാർക്സിസ്റ്റുകൾ വ്യാഖ്യാനിച്ചു. മാർക്സിസ്റ്റ് പാർട്ടിയും സംഘടനാ കോൺഗ്രസ്സും പുതിയ ജനവിധിക്കുവേണ്ടി നിൽക്കുമ്പോൾ എങ്ങനെ ബദൽ മന്ത്രിസഭ ഉണ്ടാകുമെന്ന ചോദ്യം പ്രസക്തമാണെന്ന് മുഖ്യമന്ത്രി സി. അച്ചുത മേനോനും ചോദിച്ചു.

ബദൽമന്ത്രിസഭ
ബദൽ മന്ത്രിസഭാരൂപീകരണത്തിനായുള്ള സാദ്ധ്യത വിരളമാണെന്ന ഭരണ കക്ഷിക്കാരുടെയും ഇന്ദിരാകോൺഗ്രസ്സുകാരുടെയും പ്രസ്താവനയ്ക്ക് ഉദ്ദേശിച്ച ഫലം തൽക്കാലം സിദ്ധിച്ചു. ആടിനിന്നവർ അവരുടെ കാലുകൾ നിന്നസ്ഥലത്തുതന്നെ ഉറപ്പിച്ചു. മന്ത്രിസഭയുടെ നിലനിൽപ് സാദ്ധ്യമാണെന്ന നിലവന്നു. മാർക്സിസ്റ്റുകൾ അടങ്ങിയിരുന്നില്ല.അവർ അടവ് മാറ്റി. മേനോൻ മന്ത്രിസഭയെ താഴെയിറക്കി ബദൽമന്ത്രിസഭ ഉണ്ടാക്കുന്നപക്ഷം ആ മന്ത്രിസഭയ്ക്ക് പിന്തുണ നൽകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മാർക്സിസ്റ്റു പാർട്ടിയിൽ അതുവരെയുള്ള നയത്തിനുവന്ന മൗലികമായ വ്യതിയാനമാ യിരുന്നു ആ പ്രഖ്യാപനം. അതുകൊണ്ടും പ്രശനം തീർന്നില്ല. മാർക്സിസ്റ്റു പാർട്ടി മാത്രം പിന്തുണ നൽകിയാൽ ഭൂരിപക്ഷം ഉണ്ടാകുന്ന വിധം കാലുമാറ്റക്കാരെ കിട്ടാൻ സാദ്ധ്യതയില്ല. ഇങ്ങനെ മന്ത്രിസഭാതകർക്കൽ ആലോചനകൾ കുഴഞ്ഞുനിന്നപ്പോൾ അവസരത്തിനൊത്ത് ലക്ഷ്യപ്രാപ്തി ക്കു വേണ്ടി മുന്നോട്ടു പോകുവാൻ സംഘടനാകോൺഗ്രസ്സ് തീരുമാനിച്ചു. സംഘടനാ കോൺഗ്രസ്സ് മുൻതീരുമാനം മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാത്ത ബദൽമന്ത്രിസഭയ്ക്ക് പിന്തുണ നല്കുന്നതാണെന്ന് പ്രഖ്യാപിച്ചു. സംഘടനാ കോൺഗ്രസ്സിന്റെ പിന്തുണ പ്രഖ്യാപനം മന്ത്രിസഭാ തകർക്കലും ബദൽമന്ത്രിസഭാരൂപീകരണവും ആലോചനകൾക്കു മൃത സജ്ജീവനിയായിരുന്നു.

പിന്നീടുള്ള നീക്കം മിന്നൽ വേഗതയിലായിരുന്നു. മാർക്സിസ്റ്റു പാർട്ടിയും സംഘടനാ കോൺഗ്രസ്സും പിന്തുണ നൽകുന്ന പക്ഷം ബദൽ ഗവൺമെന്റിന് നിയമസഭയിൽ ഭൂരിപക്ഷം കാണിക്കാൻ സാധിക്കുന്ന നിലവന്നു. പിന്നീട് കാലുമാറ്റക്കാരെ തിരക്കൽ ആയിരുന്നു. എം.എം. തോമസ് ഏതാണ്ട് മുഴുവനായി അവരുടെ ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. ലോകത്തു ഉപയോഗിക്കാവുന്ന പ്രലോഭനങ്ങൾ മുഴുവനും പല അംഗങ്ങളുടെയും മേൽ പ്രയോഗിക്കപ്പെട്ടു. മദ്യവും മറ്റു സത്ക്കാരങ്ങളും ഒരു വശത്ത്. മുഖ്യമന്ത്രി പദം തൊട്ട് ആകർഷകമായ വാഗ്ദാനങ്ങൾ മറുവശത്ത്. എല്ലാംകൂടി ആയപ്പോൾ പ്രതിപക്ഷത്തിന് ഗവർമെന്റിനെ മറിച്ചിടാനുള്ള പിന്തുണയായി.  

വലതു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.സി.സഖറിയായും വലതു കമ്മ്യൂണിസ്റ്റ് സ്വാതന്ത്രനായിക്കഴിഞ്ഞിരുന്ന എം.കെ. ജോർജുമാണ് പ്രതിപക്ഷം ഉണ്ടാക്കിയ കെണിയിൽ വീണത്. കെ. സി. സഖറിയാ തൊടുപുഴനിന്നും വലതു കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു നിയമ സഭയിൽ വന്ന അംഗമാണ്. പിന്നീട് അദ്ദേഹം വലതു കമ്മ്യൂണിസ്റ്റ്  നിയമ സഭാകക്ഷിയിൽ മുഴുവൻ അംഗമായി.കെ. സി. സഖറിയായെ പ്രലോഭന ങ്ങളുമായി പ്രതിപക്ഷ ദല്ലാളന്മാർ സമീപിക്കുവാൻ കാരണവുമുണ്ടായി രുന്നു. സഖറിയായും വലതു കമ്മ്യൂണിസ്റ്റ് റവന്യൂ മന്ത്രി കെ. ടി. ജേക്കബും തമ്മിൽ നേരത്തെ അല്പം സൗന്ദര്യപിണക്കം നടന്നു. ഒരു നിവേദനവുമായി മന്ത്രിയെ സമീപിച്ചപ്പോൾ സ്റ്റാമ്പ് പതിച്ചു ഓഫീസിൽ കൊടുക്കാൻ മന്ത്രി തന്റെ പാർട്ടിയിലെ അംഗത്തോട്  പറഞ്ഞുവത്രേ! തനിക്കുണ്ടായ ഈ അനുഭവം സഖറിയാ വെളിയിൽ പറഞ്ഞിരുന്നതായും അറിവായിട്ടുണ്ട്. പ്രതിപക്ഷ ദല്ലാളന്മാർ കെ. സി. സഖറിയായുടെ മനം മാറ്റാൻ ഉപയോഗിച്ചത്, പ്രധാനമായും ഈ ദൗർബല്യമാണെന്നാണ് പറയപ്പെടുന്നത്. മലനാട് ജില്ലയും കൂത്താട്ടുകുളം താലൂക്കും വെളിയിൽ കാരണങ്ങളായി കൊണ്ടുവന്നു എന്നുമാത്രം.

എം. കെ. ജോർജിനെ സംബന്ധിച്ചിടത്തോളം ചില അഭിപ്രായ വ്യത്യാസങ്ങ ളുടെ പേരിലാണ് അദ്ദേഹം പാർട്ടി വിട്ടത്. പുതുമണവാളന് നൽകുന്ന സ്വീകരണം വലതുകാർ ജോർജിന് നൽകി. അദ്ദേഹത്തെ അവരുടെ കൂടെ സ്വീകരിച്ചു. പക്ഷെ കാലം പോയപ്പോൾ പുതുമണവാളൻ പഴമണവാളനായി. അന്വേഷിക്കാനും പറയാനും ക്ഷേമം നോക്കുവാനും ആളില്ലെന്നായി. ഈ ബലഹീനത മനസ്സിലാക്കി മാർക്സിസ്റ്റുകളും ദല്ലാളന്മാരും ജോർജിനെ സമീപിച്ചു. ഉറച്ചുനിൽക്കുന്നവരെ പോലും ഇളക്കാൻ കഴിയുന്ന വാഗ്ദാനങ്ങളു മായി സമീപിച്ചപ്പോൾ ഇളകിനിന്ന കാലുകൾ മറിഞ്ഞുപോയി.

എല്ലാം ക്ലീൻ 

 ഇ . കെ . ഇമ്പിച്ചി ബാവ 
ഇമ്പീച്ചി ബാവായുടെ ഭാഷയിൽ പറഞ്ഞാൽ "എല്ലാം ക്ലീൻ". എം. എം. തോമസും, എസ്. പി. ലൂയിസും, എം. കെ. ജോർജ്ജും, കെ. സി. സഖറിയായും പ്രതിപക്ഷത്തേയ്ക്കു മാറിയിരിക്കുന്ന വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചു. മന്ത്രിസഭ മറിക്കാനുള്ള ക്ലീൻ നില. അന്യഥാ ചിന്തിതം കാര്യം. ഓരോരുത്തരും എവിടെ നിൽക്കുന്നുവെന്ന യഥാർത്ഥ വിവരം ഭരണ കക്ഷിക്ക് ലഭിച്ചു. മന്ത്രിസഭ  മറിക്കാൻ  നിയമ സഭയിൽ കടന്നുവന്ന പ്രതിപക്ഷം കേട്ടത് അച്ചുതമേനോൻ വിശ്വാസവോട്ട് കൊണ്ടുവരുന്നു എന്നതായിരുന്നു. അത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വെള്ളിടിയായി. //-                                                           (അവസാനിക്കുന്നില്ല). 


(1970 മാർച്ചിൽ നടന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തെക്കുറിച്ചു ശ്രീ. കെ.സി. സെബാസ്ററ്യൻ പ്രസിദ്ധീകരിച്ച ലേഖനം).
-----------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 

DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.