Sonntag, 24. April 2016

ധ്രുവദീപ്തി // Christianity // വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും - നാഥനൊപ്പം നടന്നവർ // Fr. Dr. Dr. Joseph Pandiappallil


Faith and Prayer -


വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും- 
നാഥനൊപ്പം നടന്നവർ //

Fr. Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
 വിശുദ്ധാത്മാക്കളൊക്കെ യേശുവിനെ അനുകരിച്ചവരും യേശുവിനെപ്പോലെ ആയിത്തീർന്നവരുമാണ്. അതേസമയം അവർ സാധാരണ മനുഷ്യരായിരുന്നുതാനും . യേശുവിനെ അനുകരിക്കാൻ പരിശ്രമിക്കുന്ന നമുക്ക് വിശുദ്ധർ നല്ല മാതൃകകളാണ്. അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ വണങ്ങുന്നത്. വിശുദ്ധരെ അനുകരിക്കുന്നവർ യേശുവിലേയ്ക്ക് വളരു ന്നവരും യേശുവിനെപ്പോലെ ആയിത്തീരുന്നവരു മാണ്. വിശുദ്ധർ എങ്ങനെ പ്രാർത്ഥിച്ചിരുന്നുവെന്നും എപ്പോൾ എന്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു എന്നെല്ലാം   അറിയുന്നത് നമ്മുടെ പ്രാർത്ഥനാ ശൈലിയും മനോഭാവവും പരിശോധിക്കുവാൻ സഹായിക്കും. നമുക്കിവിടെ  പരിചിതരായ രണ്ടു വിശുദ്ധരുടെ മാതൃകകൾ നമുക്ക് പരിശോധിക്കാം.

അൽഫോൻസാമ്മയുടെ പ്രാർത്ഥനാചൈതന്യവും പ്രാർത്ഥനാനുഭവവും.

 ചെറുപ്പം മുതലേ പ്രാർത്ഥിക്കുന്നതിൽ തൽപരയായിരുന്നു, അൽഫോൻസാമ്മ. അവൾ കൂടെക്കൂടെ പള്ളിയിൽ പോകുമായിരുന്നു. കുട്ടിയായിരുന്ന അവൾ അവസരം കിട്ടുമ്പോഴൊക്കെ വി. കുർബാന കൈക്കൊള്ളുമായിരുന്നു. ജപമാല ഭക്തി, മാസാദ്യ വെള്ളിയാഴ്ച്ചാചരണം, ശനിയാഴ്ച നോമ്പാചരണം തുടങ്ങിയ ഭക്താനുഷ്ടാനങ്ങൾ അൽഫോൻസാമ്മ കൃത്യമായി ആചരിച്ചിരുന്നു. എന്നും സന്ധ്യാ പ്രാർത്ഥന നടത്തുന്നതിലും, അങ്ങനെ ദൈവസാന്നിദ്ധ്യാനുഭവത്തിൽ നിറയുന്നതിനും അൽഫോൻസാമ്മ പരിശ്രമിച്ചിരുന്നു. അങ്ങനെ തിരുസഭ നിർദ്ദേശിക്കുന്ന രീതിയിലുള്ള പ്രാർത്ഥനയും ഭക്ത്യാഭ്യാസങ്ങളും പാലിച്ചു. യഹൂദ ആചാരങ്ങളും പഴയ നിയമസംഹിതയും അനുസരിച്ച് ഈശോ പ്രാർത്ഥിക്കുകയും തപസ്സനുഷ്ഠകൾ ചെയ്തതുപോലെയും ദൈവവചന ത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി  അൽഫോൻസാമ്മ  പ്രാർത്ഥി ക്കുകയും ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ജീവിതം പ്രാർത്ഥനയായിരുന്നു.

 St. Alphonsamma, and her Father-Cherian Auseph
and Mother- Mary Muttatthupadathu. Kudamaloor
Kerala.
Born on 19. 08. 1910- died on 28. 07. 1946
Canonized on 12. 10. 2008 by Pope benedict XVI
 ജീവിതത്തിന്റെ നിർണ്ണായക മുഹൂർത്തങ്ങളിൽ ദൈവത്തെ തേടുകയും ദൈവ പരിപാലനയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായാണ് അൽഫോൻ സാമ്മയെ നാം കാണുന്നത്. വിവാഹത്തിനു നിർബന്ധിക്കപ്പെടുമ്പോൾ പേരമ്മയുടെ മനസ്സ് മാറുവാൻ അവൾ തീവ്രമായി പ്രാർത്ഥിച്ചു. മഠത്തിൽ നിന്നു അധികാരികൾ പറഞ്ഞുവിടുവാൻ തീരുമാനിച്ചപ്പോഴും സഹോദരങ്ങൾ തെറ്റിദ്ധരിച്ചപ്പോഴും കടുത്ത രോഗത്താൽ വലഞ്ഞപ്പോഴും ദൈവത്തിനു സ്വയം സമർപ്പിച്ച അൽഫോൻസാമ്മയെയാണ് നമുക്ക് കാണാൻ കഴിയുക. പ്രാർത്ഥിക്കുകയെന്നു പറഞ്ഞാൽ സ്നേഹിക്കുക എന്നായിരുന്നു അൽഫോൻസാമ്മയുടെ നിലപാട്. യേശുവിനോടുള്ള വേർപെടുത്താനാവാത്ത വ്യക്തിപരമായ ബന്ധമായിരുന്നു അത്. യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ച അൽഫോൻസാമ്മയ്ക്ക് ജീവിതം തന്നെ ഒരു പ്രാർത്ഥനയായിരുന്നു. ദൈനംദിന ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളിൽ ദൈവഹിതമന്വേഷിച്ചറിഞ്ഞ പ്രാർത്ഥനയുടെ ദൈവാനുഭവം അൽഫോൻസാമ്മയുടെ ഹൃസ്വജീവിതത്തിൽ ഉണ്ടായിരുന്നു.

 യേശുവുമായുള്ള വ്യക്തിപരമായ ബന്ധം അൽഫോൻസാമ്മയ്ക്ക് വളരെ ആഴമേറിയതായിരുന്നു. വളരെ വലിയ സ്വാതന്ത്ര്യവും യേശുവിനോട് അൽഫോൻസാമ്മയ്ക്ക് തോന്നി. ഈ സ്വാതന്ത്ര്യം പ്രാർത്ഥനയിൽ പ്രതിഫലിച്ചു. തനൂലം പ്രാർത്ഥന സ്വാതന്ത്ര്യബോധത്തോടെയുള്ള ഒരു സ്നേഹസംഭാഷണം ആയി മാറി. ഒരിക്കൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ ചോദിക്കുന്ന കാര്യങ്ങൾ നിനക്ക് ചെയ്തുതന്നാലെന്താ? നീ ചോദിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ ഞാൻ നിനക്ക് ചെയ്തു തരാതിരുന്നിട്ടുണ്ടോ? നിന്നോടുള്ള സ്നേഹത്തെപ്രതിയല്ലേ എന്നെ വേദനിപ്പിച്ച സഹോദരിയോട്‌ സ്നേഹ പൂർവ്വം ക്ഷമിച്ചതും എനിക്ക് വിശപ്പില്ലായെന്നു പറഞ്ഞു ഒരുനേരം നിന്നതും. എങ്കിൽ പിന്നെ എനിക്കിത് ചെയ്തുതന്നാലെന്താ, നീയെനിക്ക് ഇത് ചെയ്തു തരണം".

 ഈശോയ്ക്ക് പ്രാർത്ഥിക്കുകയെന്നത് ദൈവഹിതത്തോടുള്ള സ്വയാർപ്പണമാ യിരുന്നല്ലോ. ആ അർപ്പണം സഹനത്തിലാണ് പ്രതിഫലിച്ചത്. സഹനം കുരിശു മരണം ആയിരുന്നു. യേശു തന്റെ കുരിശു മരണവും സഹനവും പ്രാർത്ഥന യാക്കി മാറ്റി. സഹനത്തിലൂടെ കുരിശുമരണാനുഭവത്തിൽ നിറഞ്ഞ് യേശു വിനെപ്പോലെയർപ്പിച്ചു പ്രാർത്ഥിക്കുവാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞു. തന്മൂലം വേദനയുടെ നടുവിൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ കുരി ശിലാണ് കിടക്കുന്നത്, കുരിശിൽ കിടന്ന യേശുവിന് കയ്യും കാലും അനക്കു വാൻ കഴിഞ്ഞിരുന്നില്ലല്ലോ. എനിക്കാണെങ്കിൽ എന്റെ ചുറ്റും സഹോദരി കൾ".
 Holy Mass on 13. 10. 2008, 
St.John's Lateran Basilica, 
-Canonization-12. 10. 2008 -Rome
ഒരിക്കൽ ചങ്ങനാശ്ശേരി മെത്രാനായിരു ന്ന മാർ ജയിംസ് കാളാശ്ശേരി  തിരു മേനി (1927-1949) അൽഫോൻസാമ്മ യോട് ചോദിച്ചു, "വേദനകൊണ്ട് ഉറക്കം വരാത്ത രാത്രികളിൽ നീ എന്ത് ചെയ്യുകയാണ്?". അൽഫോൻസാമ്മ ഇങ്ങനെ മറുപടി പറഞ്ഞു: "ഞാൻ സ്നേഹിക്കുകയാണ്". പ്രാർത്ഥനയെ സ്നേഹമായും നിത്യ സമർപ്പണമാ യും   മനസ്സിലാക്കിയ അൽഫോൻസാ മ്മയ്ക്ക് ഈശോയോടുള്ള വ്യക്തിപര വും ആഴമാർന്നതുമായ ബന്ധമായിരു ന്നു തന്റെ ജീവിതത്തിന്റെ ശക്തി. അൽഫോൻസാമ്മയുടെ പ്രാർത്ഥനയി ൽ ഇത് വ്യക്തമാണ്. അൽഫോൻസാമ്മ പ്രാർത്ഥിച്ചു.

"ഓ ഈശോനാഥാ, അവിടുത്തെ തിരുവിലാവിലെ മുറിവിൽ എന്നെ മറ യ്ക്കണമേ, സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽനിന്നും വിമുക്തമാക്കേണമേ. കീർത്തിയും ബഹുമാനവും സമ്പാദി ക്കുന്നതിനുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമേ. ഒരോ പരമാ ണുവും അങ്ങേ സ്നേഹാഗ്നി ജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തേണമേ. സൃഷ്ടികളേയും മാത്രമല്ല എന്നെത്തന്നെയും മറന്നുകളയുന്നതി നുള്ള അനുഗ്രഹം എനിക്ക് തരണമേ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യവാനായ എന്റെ ഈശോയെ ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കയ്പ്പായി പകർത്തെണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യ സ്നേഹാഗ്നിക്കതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേരെയുള്ള സ്നേഹത്താൽ എരിയിച്ച്‌ എന്നെ നിന്നോട് ഒന്നിപ്പിക്കേണമേ".

വി. കൊച്ചുത്രേസ്യയുടെ പ്രാർത്ഥനാനുഭവം.

  Little Therese-
Born 02. 01. 1873-Alencon, France
Died 30. 09. 1897- Lisieux)
 യേശുവിന്റെ ജീവിതത്തിന്റെ അവസാനരംഗമായിരുന്നല്ലൊ യേശുവിന്റെ പ്രാർത്ഥനാനുഭവത്തിന്റെ തികവ്. എല്ലാം പിതാവിനു സമർപ്പിച്ച യേശു സമർപ്പണത്തിലൂടെ ഏറ്റം ആഴമായും ആത്മാർത്ഥമായും പ്രാർത്ഥിച്ചു. വി. കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെയും പ്രാർത്ഥനയുടെയും പരിപൂർത്തി കണ്ടെത്താനാവുന്നതും വിശുദ്ധയുടെ മരണ നേരത്താണ്. വിശുദ്ധ ഇപ്രകാരം പ്രാർത്ഥിച്ചു. "നല്ല ദൈവം എന്നെ കൈവിടാൻ പോകുന്നില്ല. തീർച്ച ".യേശുവിന്റെ പ്രാർ ത്ഥനയുടെ മറ്റൊരു ആവിഷ്ക്കാരമാണിത്. യേശു പ്രാർ ത്ഥിച്ചു: "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?" ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

കൊച്ചുത്രേസ്യ മരണനേരത്തു വീണ്ടും പ്രാർത്ഥിച്ചു. "അവിടുന്നെന്നെ ഒരിക്ക ലും ഉപേക്ഷിച്ചിട്ടില്ല, അതെ എന്റെ ദൈവമേ, അങ്ങ് തിരുമനസ്സാകുന്നതെല്ലാം, എങ്കിലും എന്റെ ദൈവമേ, എന്റെ മേൽ കൃപയുണ്ടാകണമേ". വി. കൊച്ചു ത്രേസ്യ ഇവിടെ പ്രാർത്ഥിക്കുകയാണ്, ദൈവത്തിന് മനസ്സാകുന്നതെല്ലാം നിറ വേറട്ടെയെന്ന്. പക്ഷെ മരണവേദന കഠിനമാണ്. മാനുഷികമായി സഹിക്കു വാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. "എങ്കിലും എന്റെ മേൽ ദയ ഉണ്ടാകണേ എന്ന പ്രാർത്ഥനയിൽ താനനുഭവിക്കുന്ന ക്ലേശത്തിന്റെ നേരിയ പ്രകാശനവും നമുക്ക് കാണാൻ കഴിയും.

പ്രാർത്ഥനയുടെ സാദൃശ്യം

 Louis martin( 1823-29.07.1894), and  
Zelie Guerin(1831- 28.08.1877), 
Parents of St. Little Therese
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ പ്രാർത്ഥനയ്ക്ക് സദൃശ്യ മായ ഈശോയുടെ പ്രാർത്ഥ നയാണ് "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽ നിന്നും കടന്നു പോകട്ടെ! എങ്കിലും എന്റെയിഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന യാചനയിൽ നിഴലിക്കുന്നത്. മാനുഷികമായ രീതിയിൽ സഹിക്കുവാൻ ബുദ്ധിമുട്ട് തോന്നിയ അവസരത്തിൽ സഹനം മാറിക്കിട്ടുവാൻ യേശു ആഗ്രഹിച്ചു. അതേ സമയം പിതാവിന്റെ ഹിതത്തിനു മുമ്പിൽ തന്നെത്തന്നെ സമർപ്പിക്കുവാനും യേശു തീരുമാനിച്ചു.

 ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും വി. കൊച്ചുത്രേസ്യ യേശുവിനെപ്പോലെ ആയിത്തീർന്നു. തന്റെ മരണനേരത്തെ യേശുവിന്റെ മരണനേരംപോലെ വിശുദ്ധമാക്കിത്തീർക്കുവാൻ വി. കൊച്ചുത്രേസ്യയ്ക്ക്‌ കഴിഞ്ഞു. യേശു ഉരുവിട്ട പ്രാർത്ഥനപോലെതന്നെ വി. കൊച്ചുത്രേസ്യയും മരണനേരത്തു പ്രാർത്ഥിച്ചു. "എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എത്രയോ നല്ലവൻ, സ്നേഹത്തിന് ആത്മസമർപ്പണം ചെയ്തതിനെക്കുറിച്ച് ഞാൻ ഖേദിക്കുന്നില്ല". അവസാനമായി വി. കൊച്ചുത്രേസ്യ പറഞ്ഞു:" എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". യേശുവിന്റെ അവസാനവാക്കുകൾക്കു സമമാണ് വി. കൊച്ചുത്രേസ്യയുടെ അവസാന വാക്കുകളും.

 സ്നേഹിക്കുകയെന്നു പറഞ്ഞാൽ സമർപ്പിക്കുകയെന്നാണർത്ഥം. യേശു അവസാനമായി പറഞ്ഞു "പിതാവേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.". വി. കൊച്ചുത്രേസ്യ അവസാനമായി പറഞ്ഞു: ഞാൻ അങ്ങയെ സ്നേഹിക്കുന്നു". വി. കൊച്ചുത്രേസ്യ യേശുവി നെപ്പോലെ ആയിത്തീരുന്നതിൽ പൂർണ്ണമായും വിജയിച്ചു. അതുകൊണ്ട് യേശുവിനെ പിതാവ് മഹത്വപ്പെടുത്തിയത്പോലെ വി. കൊച്ചുത്രേസ്യായെ യും പിതാവ് മഹത്വപ്പെടുത്തി. വി. കൊച്ചുത്രേസ്യയുടെ താഴെ വിവരിക്കുന്ന പ്രാർത്ഥന ആ വിശുദ്ധയുടെ ആദ്ധ്യാത്മികതയുടെ കുറുക്കുവഴി വളരെ വ്യക്ത മായി പ്രതിഫലിപ്പിക്കുന്നുണ്ട്.

  ആദ്ധ്യാത്മികതയുടെ പ്രാർത്ഥനാവഴി

 St. Little Therese
Canonization-17.05.1925
  " ഹാ! യേശുവേ, എന്റെ ദിവ്യ മണവാളാ, എന്റെ ജ്ഞാനസ്നാന പവിത്രതയുടെ രണ്ടാം വസ്ത്രം എനിക്കൊരിക്കലും നഷ്ടപ്പെടാതിരുന്നെങ്കിൽ! ഏറ്റവും ലഘുവായ ഒരു കുറ്റംപോലും ഞാൻ മന:പൂർവ്വം ചെയ്യാൻ ഇടയാകുന്നതിനു മുമ്പ് എന്റെ ജീവിതം അവസാനിപ്പിച്ചു കൊള്ളണമേ. അങ്ങയെ മാത്രമല്ലാതെ യാതൊന്നും കണ്ടെത്താതിരിക്കുവാനും എനിക്ക് അനുഗ്രഹം തരേണമേ. സൃഷ്ടികൾ എനിക്കും ഞാൻ അവയ്ക്കും നിരർത്ഥകമായി ഭവിക്കട്ടെ. എന്നാൽ യേശുവേ, അങ്ങുമാത്രം സർവ്വവും ആയിരിക്കുക. ഭൌമിക വസ്തുക്കൾക്കൊന്നിനും എന്റെ ആത്മാവിനെ അസ്വസ്ഥമാക്കാൻ സാധിക്കാതെ വരട്ടെ. എന്റെ സമാധാ നത്തെ യാതൊന്നും ഭന്ജിക്കാതിരിക്കട്ടെ. യേശുവേ, സമാധാനം മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളൂ. സ്നേഹവുംകൂടി അങ്ങല്ലാതെ വേറെ അതിരൊന്നുമി ല്ലാത്ത അനന്ത സ്നേഹം. സ്വാർത്ഥതയെ സമ്പൂർണ്ണമായി വിസ്മരിച്ച് എന്റെ യേശുവേ അങ്ങയെ മാത്രം ശ്രദ്ധിക്കുന്ന സ്നേഹം. യേശുവേ, അങ്ങേയ്ക്ക് വേണ്ടി എനിക്കൊരു വേദ സാക്ഷിയായി മരിക്കണം. ഹൃദയത്തിന്റെയോ അഥവാ ശരീരത്തിന്റെയോ, വേദ സാക്ഷിയാകണം, അല്ലെങ്കിൽ രണ്ടുംകൂടി ഒന്നിച്ചു തന്നെയാകട്ടെ! "

 Family of St. Little Therese
 എന്റെ വ്രുതങ്ങൾ സമ്പൂർണ്ണമായി അനുഷ്ടിക്കുവാൻ എനിക്കനുഗ്രഹം തരണമേ ! അങ്ങയുടെ മണവാട്ടിയാ യിരിക്കുക എന്നതിന്റെ യാഥാർത്ഥ്യം എന്നെ ഗ്രഹിപ്പിക്കണമേ. ആശ്രമത്തിന് ഞാൻ ഭാരമായിരിക്കുവാൻ ഒരിക്ക ലും അനുവദിക്കരുതെ. ആരുടെയെ ങ്കിലും പ്രത്യേക ശുശ്രൂഷ എനിക്കു വേണ്ടി വരാതിരിക്കട്ടെ. യേശുവേ, അങ്ങയെപ്രതി ഒരു മണൽത്തരിപോ ലെ എല്ലാവരാലും കരുതപ്പെടുവാനും, ചവിട്ടി മെതിക്കപ്പെടുവാനും വിസ്മരി ക്കപ്പെടുവാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുമനസ്സ് എന്നിൽ സമ്പൂ ർണ്ണമായി നിറവേറട്ടെ. അങ്ങ് എനിക്കുവേണ്ടി ഒരുക്കുന്ന സ്ഥലത്ത് ഞാൻ വന്നു ചേരുകയും ചെയ്യട്ടെ.

 യേശുവേ, അനേകം ആത്മാക്കളെ രക്ഷിക്കുവാൻ എന്നെ സഹായിക്കണമേ. ഇന്നേ ദിവസം ഒന്നുപോലും നിത്യനാശത്തിൽ ഉൾപ്പെടുവാൻ ഇടയാകാതിരി ക്കട്ടെ. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെല്ലാം മോക്ഷം പ്രാപിക്കുകയും ചെയ്യട്ടെ. യേശുവേ, എന്റെ അപേക്ഷകൾ സാഹസമാണെങ്കിൽ എന്നോട് ക്ഷമിക്കേണമേ. അങ്ങയെ പ്രസാദിപ്പിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും മാത്രമേ എനിക്കാഗ്രഹമുള്ളൂ".

മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർ.

 വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ജീവിത മാതൃകയും പ്രാർത്ഥനാ മാതൃകയും നമുക്കേറ്റവും പ്രചോദനകമാണ്. ഏറ്റവും ലളിതമായ ജീവിത സാഹചര്യങ്ങളിൽ മഹത്തായ ദൈവാനുഭവം സാധിക്കു മെന്ന് അവർ നമ്മെ പഠിപ്പിച്ചു. പ്രത്യേക പഠിപ്പൊന്നുമില്ലാതെ തന്നെ സഭാ പണ്ഡിതയാകുവാനും വി. കൊച്ചുത്രേസ്യായ്ക്ക് സാധിച്ചു. 1997 ഓഗസ്റ്റിൽ പാരീസിൽ സംഘടിപ്പിച്ച ലോകയുവജന സംഗമത്തിൽ വച്ച് പരി. പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. കൊച്ചുത്രേസ്യയെ സഭാപണ്ഡിതയായി പ്രഖ്യാപിച്ചു. മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർക്ക് ദൈവതിരുമുമ്പിൽ വലിയവരാകുവാൻ കഴിയുമെന്നും ദൈവതിരുമുമ്പിലെ വലിപ്പം മനുഷ്യർക്ക്‌ മുമ്പിൽ അവരെ വലിയവരാക്കുമെന്നും ഈ രണ്ടു വിശുദ്ധരുടെ മാതൃകകൾ നമ്മെ പഠിപ്പിക്കുന്നു.//-
-----------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form." --------------------
E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.