അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം l
"(സ്വാതന്ത്ര്യത്തിനും
സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി
ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്:
വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ
താക്കീത്.)"
|
ബ്രൗണൗവിലേക്കുള്ള ഞങ്ങളുടെ യാത്ര |
അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം.
യാത്രാ സ്മരണകൾ.
ബ്രൗണൗവിലെ സിംഹക്കൂടിനരികെ :
ജോർജ് കുറ്റിക്കാട്ട്
part 3
|
George Kuttikattu
|
ബ്രൗണൗവ് നഗരമദ്ധ്യത്തിന്റെ ഒരറ്റത്ത് വാഹനഗതാഗതം അധികമില്ലാത്ത ഒരു ഉപറോഡരുകിൽ മഞ്ഞപെയിന്റടിച്ച് സാമാന്യം അറ്റകുറ്റപ്പണികൾ മാത്രം ചെയ്തിരുന്ന ഒരു മൂന്ന് നില കെട്ടിടത്തിനു മുന്നിൽ ഞങ്ങളെത്തിനിന്നു. ആ കെട്ടിടത്തിന്റെ ഇടതുവശത്തായി അകത്തേയ്ക്ക് രണ്ടു പാളിയിൽ തള്ളിതുറക്കാവുന്ന തടിനിർമ്മിതമായ വലിയ വാതിൽ അടച്ചിട്ടിരിക്കുന്നു. പ്രധാന വാതിലിന് തൊട്ടുമുകളിൽ ഭിത്തിയിൽ ചെറിയ ഒരു ബോർഡ് എഴുതി വച്ചിരിക്കുന്നുണ്ട്. "Lebenshilfe ev." എന്നു മാത്രം.
ഈ കെട്ടിടത്തോട് തൊട്ടു ചേർന്നുള്ള രണ്ടു മീറ്റർ വീതിയുള്ള നടപ്പാത വന്ന് തീരുന്ന ഒരു വശത്ത്‌മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം നന്നായി പണിചെയ്തു ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ആ റോഡിലൂടെ അവിടെയെത്തുന്ന യാത്രക്കാർക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ബസുകൾ വരുന്നതും പോകുന്നതു മെപ്പോഴാണെന്നറിയിക്കുന്ന ഒരു ചെറിയ നോട്ടീസ് ബോർഡും വച്ചിട്ടുണ്ട്. എങ്കിലും യാത്രക്കാരുടെ തിരക്ക് അവിടെ ഏറെ അനുഭവപ്പെട്ടില്ല.
|
ജോർജ് കുറ്റിക്കാട്ട് ഹിറ്റ്ലരുടെ ജന്മഗൃഹത്തിന് മുമ്പിൽ | |
വഴിവക്കിലെ ആ കെട്ടിടത്തിനു നിലം നിരപ്പിനുള്ള നിലയിൽ കാണപ്പെടുന്ന വലിയ പ്രവേശന വാതിലിനരുകിൽ പച്ചിലകൾ അധികമില്ലാത്ത, എന്തോ, ആരോരുമില്ലാത്ത ഒറ്റപ്പെട്ടവനെപ്പോലെ, ഒറ്റപെട്ടു നിൽക്കുന്ന ഒരു മരം നില്പ്പുണ്ട്. മനുഷ്യമനസുകളെയാകെ വിറപ്പിച്ച, ജീവൻ മരവിപ്പിക്കുന്ന സത്യചരിത്രങ്ങളെ കാലഭേദ മില്ലാതെ എന്നെന്നും ശിരസിൽ വഹിക്കുന്ന ദു:ഖഭാരമേന്തി ഏതു കാലത്തിനും ഏക മൂകസാക്ഷിയായി ത്തന്നെ ആ മരം നമുക്കായി അവിടെത്തന്നെ നിൽക്കുന്നു എന്നാണെനിക്ക് തോന്നിയത്. പ്രകൃതി മനോഹരമായ ഓസ്ട്രിയൻ അതിർത്തി. ആൽപൻ ഗ്രാമങ്ങളുടെ ഉപരി സ്ഥാനത്ത് ഇൻ നദിയുടെ കരയ്ക്കിരിക്കുന്ന ചരിത്ര പ്രസിദ്ധ ബ്രൗണൗവ് നഗരത്തിലെ "സാൾസ്ബുർഗർ ഫോർസ്റ്റട് "എന്ന് പേരുള്ള റോഡിലാണ് ഞങ്ങൾ നില്ക്കുക .ഈ റോഡിന്റെ വശത്തുള്ള 12- 15 വരെയുള്ള കെട്ടിട നമ്പരാണ് ഞങ്ങളപ്പോൾ ശ്രദ്ധിച്ചത്. ഇവിടെ, 15- ൽ ആയിരുന്നു, ഞങ്ങൾ മനസ്സിലുറച്ചു തേടിയിറങ്ങിയ ഭവനം, അഡോൾഫ് ഹിറ്റ്ലർ ഭവനം.
അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം എന്നറിയപ്പെട്ട ഈ കെട്ടിടം 1888 മുതൽ കുറേക്കാലം "(Dafnar Family)" ഡാഫ്നർ എന്ന ഫാമിലിയുടെ ഉടമസ്ഥതയിൽ മദ്യബാറിനു ഉപയോഗിച്ചിരുന്നു. അന്ന് ഇത് വേറിട്ട രണ്ടു കെട്ടിടങ്ങൾ ആയിരുന്നു. അതിനു തൊട്ടുള്ള മറ്റുള്ള കെട്ടിടങ്ങളെല്ലാംതന്നെ വാടക വീടുകളുമായിരുന്നു. അതിലൊന്നായിരുന്നു അഡോൾഫ് ഹിറ്റ്ലരുടെ (NSDAP) നാസി പാർട്ടിയുടെ കൾച്ചറൽ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. 17-)0 നൂറ്റാണ്ടു മുതൽ അവിടെ ഒരു ഗസ്റ്റ് ഹൌസ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഭവനത്തിന്റെ ആദ്യമേൽ വിലാസം 1826-ൽ (Vorstadt -219) ഫോർസ്റ്റട് 219 എന്നായിരുന്നു. അത് പിന്നീട് 1890- ൽ (Salzburger Vostadt -15) "സാൾസ്ബുർഗർ ഫോർസ്റ്റട്- 15" എന്നാക്കി മാറ്റുകയും ചെയ്തുവെന്ന് 1943- ൽ സർക്കാർ രേഖകൾ പ്രസിദ്ധപ്പെടുത്തി.
|
Alois Hitler. 1837-1903 |
|
Klara Hitler 1860-1907 |
19-)0 നൂറ്റാണ്ടിന്റെ അവസാനമാണ് വാടകക്കാരിലൊരാളായി അലോയിസ് ഹിറ്റ്ലരും തന്റെ കുടുംബാംഗങ്ങളും Salzburger Vostadt-15-ൽ താമസ്സിച്ചിരുന്ന ത്. അലോയിസ് ഹിറ്റ്ലറുടെ മൂലകുടുംബം ഓസ്ട്രിയയിൽ നിന്നുള്ളതാണ്. ജർമൻ കസ്റ്റംസിന്റെ ഓസ്ട്രിയൻ അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ആയിരുന്ന അലോയ്സ് ഹിറ്റ്ലറും കൂടാതെ അദ്ദേഹത്തിൻറെ മൂന്നാം ഭാര്യ ക്ലാര പോയ്സലും അവരുടെ കുട്ടികളും ആയിരുന്നു താമസം. അലോയ്സ് ഹിറ്റ്ലറിന്റെയും ക്ലാരയുടെയും ആറ് മക്കളിൽ നാലാമനായി 1889 ഏപ്രിൽ 20-)0 തിയതി വൈകിട്ട് ആറര മണിക്ക് GASTHOF ZUM POMMEN-നിൽ ആയിരുന്നു അഡോൾഫ് ഹിറ്റ്ലർ ജനിച്ചതെന്നു ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് 1933 ജനു. 30-ന് ജർമൻ റൈഷ് ചാൻസിലർ ആയിത്തീർന്ന ഏകാധിപതിയാണ് അഡോൾഫ് ഹിറ്റ്ലർ.
1891 ഹിറ്റ്ലർ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്ന ഫ്രാൻസ് ഡാഫ്നർ അന്തരിച്ചതോടെ അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ജാക്കോബ് ബാഹ് ലൈറ്റ്നർ എന്നയാളെ വിവാഹം ചെയ്തുകഴിഞ്ഞ് അതേ ഗസ്റ്റ് ഹൌസ് വീണ്ടും തുടർന്ന് നടത്തി. 1911-ൽ ഈ കെട്ടിടം വീണ്ടും വിറ്റു. പുതിയ ഉടമയായ ജോസഫ് പൊമ്മർ എന്നയാൾ ആ ഗസ്റ്റ്ഹൗസ് 1912 മുതൽ 1938 വരെ തുറന്നു പ്രവർത്തിപ്പിച്ചു.
|
Adolf Hitler 1889-1945 |
ഈ കെട്ടിടത്തിന്റെ മുമ്പിൽ നിൽ ക്കുന്ന ചെറിയ മരത്തിനു ചേർന്ന് ഞങ്ങളുടെ വാഹനം പാർക്കു ചെയ്തു. കാറിൽ നിന്നും പുറത്തേയ്ക്കിറങ്ങി യ ഞങ്ങൾ ലക്ഷ്യം വച്ചു നോക്കി നിന്നത് "ഫോർസ്റ്റട് സ്ട്രീറ്റ് നമ്പർ 15" കെട്ടിടത്തെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വല്ലപ്പോഴും ഈ വീടിനു മുന്നിലൂടെ, വീതി കുറഞ്ഞ നടപ്പാത യിലൂടെ, നടന്നുപോകുന്നവർ ആരും എവിടെനിന്നോ വന്നുചേർന്നവരായ ടൂറിസ്റ്റ്കൾ ആയിരുന്നില്ല. എന്നാൽ അവരൊക്കെ ഈ ഭവനത്തിനു സമീപമുള്ള ഓരോരോ അപ്പാർട്ട്മെന്റുകളി ൽ താമസ്സക്കാരായിരുന്നെന്ന് മനസ്സിലായി. ഇവർ ഞങ്ങളെ വളരെ ഏറെ ജിജ്ഞാസയോടൊപ്പം അതിലേറെ സംശയത്തോടും കൂടിത്തന്നെ ശ്രദ്ധിക്കു ന്നുണ്ടെന്ന് മനസ്സിലായി. "എന്തിനാണിവർ ഇപ്പോൾ ഇവിടെയെത്തിയത്?, ഇവർ എവിടെനിന്ന് വരുന്നു, നമക്ക് ആരാണിവരെല്ലാം", എന്നെല്ലാമാകാം അവരുടെ ആ സൂക്ഷ്മമായ നോട്ടത്തിലെ നിഗൂഢാർത്ഥം. അതുപക്ഷെ, അന്ന് അതൊരു ശക്തമായ പ്രതിഷേധക്കുറിപ്പ് പോലെ ഞങ്ങളുടെ നേർക്ക് അയച്ച തുമാകാം. അവിടേയ്ക്ക് വരുന്നവരെല്ലാം ഭൂതകാലത്തിന്റെ അനുയായിക ളോ പിൻഗാമികളോ ആകാമെന്ന കണക്കുകൂട്ടൽ അവരിൽ തീവ്ര ഉൾഭയ ത്തിന്റെ കൊടുംകാറ്റ് ശക്തമായി വീശിയിരിക്കാം.
അഡോൾഫ് ഹിറ്റ്ലർ ജനിച്ചു വളർന്ന ഭവനം ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. അതിനുമുമ്പ് നിരവധി ഉടമകൾ ഈ ഭവനം കൈമാറി കൈവശം വച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ ഒരു ഗസ്റ്റ് ഹൗസ് ആയി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് വാടക അപ്പാർട്ട്മെന്റുകളായും പൊതുവേദിയായും ബീയർ ബാറായും ഉപയോഗിച്ചിരുന്നതായ രേഖകൾ ഉള്ളതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്.
കാലങ്ങൾ കടന്നു പോയി. നാസി ജർമനിക്ക് വേണ്ടി ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മാർട്ടിൻ ബോർമാൻ എന്ന ജർമൻകാരൻ 1938- ൽ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ താമസിച്ച ഭവനം ഓസ്ട്രിയയിൽ നിന്നും നാലിരട്ടി വിലയ്ക്ക് വാങ്ങി നാസി പാർട്ടി NSDAPയ്ക്ക് വാങ്ങി കൊടുത്തു. ഉടൻതന്നെ ആ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അവിടെ ഒരു ലൈബ്രറിയും ഗാലറിയും അടങ്ങിയ സാംസ്കാരിക കേന്ദ്രം തുറന്നു. 1943- 1944 കളിൽ ഹിറ്റ്ലരുടെ ജന്മഭവനത്തിൽ "ബ്രൗണൗവർ ഗാലറി" എന്ന പേരിൽ തുറന്നു പ്രവർത്തിച്ച മുറികളിൽ അന്ന് പ്രചാരത്തിൽ വളരെ പ്രസിദ്ധരായ കലാകാരന്മാരുടെ ചിത്രങ്ങളും കലാരൂപങ്ങളും അവരവിടെ പ്രദർശിപ്പിച്ചു. ആന്റോൺ ഫിൽസ്മോസർ, ഹെർമാൻ മെയർഹോഫർ (പാസാവ്), ജോസഫ് കാൾ നേറുട്( സിംബാഹ് അം ഇൻ ), ഹൂഗോ ഫൊൻപ്രീൻ, മാർടിൻ സ്റ്റാഹൽ, ഫ്രാൻസ് ക്സാവർ വൈദിങ്ങർ (റീഡ് അം ഇൻ ക്രൈസ്) തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു.
|
ഹിറ്റ്ലറുടെ ജന്മഭവനം- 1934 |
1938- ൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ ബോർമാൻ എന്ന ആളാണ് ഹിറ്റ്ലറുടെ ജന്മഭവനം
വാങ്ങിയത്, അത് പിന്നീട് 1952- ൽ പ്രൊവിഷൻ താരതമ്യത്തിനു വിധേയമായി ( The restitution
settlement therefore an externe injustice) മുൻ ഉടമസ്ഥന് തിരിച്ചെഴുതി
കൊടുത്തു. അതേതുടർന്ന് 1965 വരെ ഈ കെട്ടിടം നഗരലൈബ്രറിയായും, പിന്നീട് കുറച്ചുകാലം ഒരു
ബാങ്ക് സ്ഥാപനമായും നടത്തി. 1970 മുതൽ 1976 വരെ HTL Braunau എന്ന പേരിൽ
അവിടെ ഒരു എൻജിനീയറിംഗ് സ്കൂൾ സ്ഥാപനത്തിന് വേണ്ടി വിട്ടുകൊടുത്തു. 1977- മുതൽ 2011
വരെ ഈ കെട്ടിടം അംഗവൈകല്യം ഉള്ള വരുടെ "ഡേ കെയർ കേന്ദ്ര"മായും "കൗൺസെലിങ്ങ് ആൻഡ്
പരിശീലന വർക്ക്ഷോപ്പാ"യും ഉപയോഗിച്ചു. ഇന്നും വിവിധ തരത്തിലുള്ള പൊതു സാമൂഹ്യ
സാംസ്കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഈ ഭവനം ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ റഷ്യൻ
ദുമ പാർട്ടിയുടെ നേതാവ്
Franz Adamowitsch Klinzewitsch 2012-ൽ ഹിറ്റ്ലർ
ഭവനം രണ്ടു മില്യൺ യൂറോയ്ക്ക് വാങ്ങി പൊളിച്ചുകളയുവാനുള്ള ശ്രമവും ഉണ്ടായി.
അമേരിക്കൻ സൈന്യം ബ്രൗണൗ പിടിച്ചടക്കി അധീനതയിൽ വച്ചിരുന്ന കാലം. 1945 മെയ് 2- നു കുറെ ജർമൻ രഹസ്യാക്രമണറോന്ത് പട്ടാളക്കാർ ഹിറ്റ്ലറുടെ ജന്മഭവനം ബോംബിട്ട് തകർക്കാനുള്ള ശ്രമം നടത്തിയത് അന്ന് അമേരിക്കൻ സൈന്യങ്ങൾ തകർത്തു കളഞ്ഞു. അതിനുശേഷം1945 നവംബ ർ ഒന്നിന് അഡോൾഫ് ഹിറ്റ്ലർ ജനിച്ച സ്ഥാനത്തുതന്നെ "കോൺസെന്ട്രേ ഷൻ ലാഗർ" ദുഃഖസ്മരണയുടെ പ്രദർശനം നടത്തി. രണ്ടാം ലോകമഹായുദ്ധ ത്തിൽ അഡോൾഫ് ഹിറ്റ്ലർ അനേക ലക്ഷക്കണക്കിന് എതിരാളികളെയും യഹൂദരെയും മറ്റു വിദേശികളെയും തടവുകാരാക്കി പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത തടവുകേന്ദ്രമായിരുന്നു, "കോൺസെൻട്രേഷൻ ലാഗർ".
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ ആർമി ജർമൻ നാസികളുടെ കൈവശത്തിൽ നിന്നും ഓസ്ട്രിയയെ മോചിപ്പിച്ചയുടനെ 1945 നവംബർ ഒന്നിന് ബ്രൗണൗവിലെ പ്രസിദ്ധമായ നാസികളുടെ ബ്രൗണൗവർ ഗാലറിയെ കോൺസെൻട്രേഷൻ ക്യാമ്പിന്റെ നിത്യസ്മാരകവും ലോക ചരിത്രത്തിൽ നാസിഭീകരതക്കെതിരെയുള്ള പ്രത്യക്ഷ അടയാളവുമായി അമേരിക്ക അന്ന് പ്രഖ്യാപിച്ചു.
ഇന്ന് അഡോൾഫ് ഹിറ്റ്ലർ ജീവിച്ചിരുന്നെങ്കിൽ ഏപ്രിൽ 20- ന് തന്റെ 127-)0 ജന്മദിനമാകുമായിരുന്നു. ലോകത്തിൽ എത്ര എത്രയോ സ്വേച്ഛാധിപതികൾ ഉണ്ടായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് ലോകജനങ്ങൾ മുഴുവനും അഡോൾഫ് ഹിറ്റ്ലരുടെ നാമം ഏറെക്കൂടുതൽ ചരിത്രത്തിലൂടെ തിരഞ്ഞു നോക്കിയത്?. അതിനിഷ്ടൂര ജനപീഢനം, മഹായുദ്ധം, മനുഷ്യക്കുരുതികൾ എന്നിങ്ങനെ ചരിത്രത്തിൽ എന്നും പൈശാചികതയ്ക്ക് ഏറ്റവും തികഞ്ഞ ഉദാഹരണമായിരുന്നു അഡോൾഫ് ഹിറ്റ്ലർ എന്നതായിരുന്നു പ്രധാനമായി അതിനടിസ്ഥാനം.
കുറഞ്ഞൊരു കാലയളവിൽത്തന്നെ എൻ. എസ്. ഡി. എ. പി. യുടെ അന്നത്തെ ചെയർമാൻ ആയിരുന്ന അഡോൾഫ് ഹിറ്റ്ലരുടെ സ്വതസിദ്ധമായ യഹൂദ വിരോധത്തിൽ കുത്തിയൊലിച്ച പ്രതികാരഭാവത്തിന്റെ സിംഹഗർജ്ജനം ജർമനിയുടെ ഓരോരോ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സാധാരണ ജനങ്ങളിലേയ്ക്ക് തുളച്ചു കയറ്റി. വൈമാറർ റിപ്പബ്ലിക്കും വേഴ്സായ് കരാറും കാറ്റിൽ പറത്തിവിട്ടാൽ അവയുടെ അടയാളം പോലും ഇല്ലാതാക്കുവാൻ കഴിയുമെന്നു കരുതി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച എൻ.എസ.ഡി.എ. പി യുടെ മഹാസമ്മേളനങ്ങളിലെ ജനപിന്തുണയാർജ്ജിച്ച പ്രസംഗങ്ങളും അഡോൾഫ് ഹിറ്റ്ലറുടെ ശക്തി തെളിയിച്ച സമരമാർഗ്ഗമായി മാറി. ഇങ്ങനെ അദ്ദേഹത്തിൻറെ (NSDAP) പാർട്ടിയുടെ കരുത്തു എല്ലാവിധത്തിലും വളരെ വർദ്ധിപ്പിച്ചു.
അഡോൾഫ് ഹിറ്റ്ലരുടെ കുടുംബജീവിത പശ്ചാത്തലവും ഇതിനെല്ലാം ഏറെ പ്രേരകമായിത്തീർന്നു. തന്റെ പിതാവ് തനിക്കുനേരെ നടത്തിയിരുന്നതായ ശിക്ഷാ നടപടികൾ അഡോൾഫ് ഹിറ്റ്ലറിൽ കൊടുംക്രൂരതയുടെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും കത്തുന്ന തീക്കനലുകൾ നിറച്ചു. അതോടൊപ്പം എല്ലാറ്റിനോടുമുള്ള തീരാത്ത പകയുടെ കൊടുങ്കാറ്റും…
ഒരു നൂറ്റാണ്ടിന്റെ അതിക്രൂരനായ ഏകാധിപതി ജർമൻ റൈഷ് ചാൻസലർ അഡോൾഫ് ഹിറ്റ്ലർ ജന്മനാടായ ബ്രൗണൗവിന്റെ അപ്പാടെ എന്നെന്നേയ്ക്ക് മറക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ ഒന്നാം പൗരനാണ്. അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയൻ ഓണററി പൌരത്വത്തെപ്പറ്റിയും തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഒടുവിൽ ബ്രൗണൗവിലെ നഗരസഭ മറ്റൊരു താത്വിക മാർഗ്ഗരേഖ അഡോൾഫ് ഹിറ്റ്ലരുടെ ഓണററി പൌരത്വത്തെപ്പറ്റി ഒരു പരിഹാരവിധിയായിത്തന്നെ സമർപ്പിച്ചു. അതിങ്ങനെയാണ്: ജർമൻ ഭാഷയിൽ എഴുതിയ അതിശക്തമായ ഒരു മുന്നറിയിപ്പ് ഹിറ്റ്ലർ ഭവനത്തിനരികെ മുമ്പിൽ സ്ഥാപിക്കുക!
" Für Frieden, Freiheit und Demokratie
nie wieder Faschismus":
Millionen Tote Mahnen."
|
കരിങ്കൽ പാളിയിൽ കൊത്തി എഴുതിയ ശാസനം |
"(സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്: വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ താക്കീത് .)"
ഇതായിരുന്നു ശാസനം.
ബ്രൗണൗവ് നഗരസഭയുടെ അദ്ധ്യക്ഷനായിരുന്ന ഗേർഹാർഡ് സ്കിബ, ഹിറ്റ്ലറുടെ നൂറാം ജന്മദിനത്തിൽ, 1989 ഏപ്രിൽ 20-ന്, മൗട്ട്ഹൗസനിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും എടുപ്പിച്ചുകൊണ്ടുവന്ന ഒരു വലുപ്പമുള്ള കരിങ്കൽ പാളിയിൽ മുകളിൽ എഴുതിയ ശാസനം ജർമൻ ഭാഷയിൽ കൊത്തി എഴുതിപ്പിച്ച് അഡോൾഫ് ഹിറ്റ്ലറുടെ ഭവനത്തിനു മുമ്പിലുള്ള നടപ്പാതയിൽ സ്ഥാപിച്ചു. ഫാസിസത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പ്! ഈയൊരു നടപടിയോടെ ബ്രൗണൗ നഗരം ഹിറ്റ്ലർടൂറിസത്തോട് ആദ്യമായും അവസാനമായും വ്യക്തമായി അകന്നു മാറിക്കഴിഞ്ഞു . അഡോൾഫ് ഹിറ്റ്ലറെ സ്മരിക്കുന്ന വസ്തുക്കൾ അവിടെ വില്പന നടത്തുന്നതുപോലും ഉപേക്ഷിച്ചു.
രണ്ടായിരാമാണ്ട് മുതൽ ബ്രൗണൗനഗരത്തിന്റെ കാലിക ചരിത്ര സംരക്ഷണ സംഘടന അഡോൾഫ് ഹിറ്റ്ലർ ഭവനം വിലയ്ക്ക് വാങ്ങി അവിടെ "ഹോളോ കൌസ്റ്റ് "ചരിത്ര സ്മാരകമായി മാറ്റണമെന്ന പൊതുതാത്പര്യ ആഗ്രഹങ്ങൾ ബ്രൗണൗവ് നഗര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും ഹിറ്റ്ലർ റെജിമെണ്ടിന്റെയും ഇരകളായിത്തീർന്നിരുന്ന അന്നത്തെ ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓർമ്മയ്ക്കായുള്ള ഒരു ലോകസ്മാരകം വേണമെന്നാണ് അവർ ആവർത്തിച്ചാവശ്യപ്പെടുന്നത്.
ആ ഒരു ദിവസം - അതെ, ഏപ്രിൽ 20, 1889- ഒരു അഡോൾഫ് ഹിറ്റ്ലറുടെ ജനനത്തിനായി ഒരിക്കലും ഉണ്ടാവരുതായിരുന്നുവെന്നു ചരിത്രം ഇപ്പോഴും ശപിക്കുന്നു. മാനവ ചരിത്രത്തിനു അതുവഴി നിരവധി അരുതാത്ത ദുഃഖ സംഭവങ്ങളുടെ കറുത്ത രേഖകൾ തുന്നിച്ചേർക്കേണ്ടി വന്നത് തീർച്ചയായും ഒഴിവാകുമായിരുന്നു.
|
അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം -ഇന്ന്.
|
ഇന്ന് ബ്രൗണൗവ് നിവാസികൾക്കും അതുപോലെ ബ്രൗണൗ നഗരത്തിനും അഡോൾഫ് ഹിറ്റ്ലറുടെ അടിസ്ഥാന ചരിത്രം ഒരുപക്ഷെ അത് ഒരിക്കലും തുടച്ചു മായ്ക്കാൻ കഴിയാത്ത സ്വന്തം ചരിത്ര ഭാഗമായി മാറിയിരിക്കുകയാ ണ്. ടൂറിസ്റ്റ് എന്ന നിലയിൽ എന്നെ അസ്വസ്ഥമായി അലട്ടിയിരുന്ന ഒരു വലിയ വികല ചിന്തയിതായിരുന്നു: ബ്രൗണൗവ് നഗരത്തിന്റെ ഒരറ്റത്തെ ഏറ്റവും ആളൊഴിഞ്ഞ പാതയോരത്തിരിക്കുന്ന, ആളനക്കമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ ജനനവീട്- ലക്ഷോപലക്ഷം മനുഷ്യരെ- അതെ, സ്ത്രീകളും പുരുഷന്മാരും കുട്ടികളും- അവർ യഹൂദർ, രോഗികൾ, അംഗവൈകല്യമുള്ളവർ, വിദേശികൾ, തത്വചിന്തകർ, ചരിത്രപണ്ഡിതന്മാർ
എഴുത്തുകാർ, വൈദികർ, മതാചാര്യന്മാർ, രാഷ്ട്രീയക്കാർ ഇവരെല്ലാം അവരിൽപ്പെട്ടു... ഇവരെയെല്ലാം അതിക്രൂരമായി പീഡിപ്പിച്ചു അരുംകൊല ചെയ്ത സിംഹം വസിച്ചിരുന്ന ഗുഹയുടെ മുൻപിൽ ആണല്ലോ ഞങ്ങൾ എത്തി നില്ക്കുന്നതെന്ന ചിന്ത എന്നെ വല്ലാതെ അപ്പോൾ അലട്ടിയിരുന്നു.
ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായിത്തീർന്ന ഒരു ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പിന്നീട് തികച്ചും നിസ്സഹായരായ വികലാംഗസമൂഹത്തിനായി അഭയം നൽകുവാനുള്ള ഒരു പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തത് ചരിത്രത്തിന്റെ ഏതു പേജിൽ ചേർത്തെഴുതാനാവും? സംശയമുണ്ട്.! എന്തായാലും, അഡോൾഫ് ഹിറ്റ്ലർ ജനിച്ച ആ വീടിനെപ്പറ്റിയും ജനനസ്ഥലത്തെപ്പറ്റിയും വളരെ സാഹസിക ജിജ്ഞാസയോടെ സത്യാന്വേഷണം തുടരുന്നുവെന്നത് ആശ്ചര്യജനകമായ മറ്റൊരു ചരിത്ര പുതുമയുള്ള വസ്തുതയാണ്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ -അഡോൾഫ് ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും, ഹിറ്റ്‌ലർ യൂത്ത് സംഘടനയുടെയും ശരവേഗ വളർച്ചയുടെ അവസാനഘട്ടത്തിലാണ് ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊലയുടെ ഭീകരചരിത്ര സംഭവത്തെക്കുറിച്ചു ലോകം അറിഞ്ഞത്. ഇത്തരം ചിന്തകളുമായി ഞാൻ ബ്രൗണൗവിലെ തെരുവുകളുടെ മായാത്ത ചിത്രങ്ങളുമായി നടന്നുനീങ്ങി.
ഇന്നേയ്ക്ക് ഏതാണ്ട് 14 വർഷങ്ങൾക്കു മുമ്പ് 19. 02. 2002- ൽ പ്രസിദ്ധ ജർമൻ ചരിത്രകാരൻ ഈഗോൺ ഫൈൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇപ്രകാരം എഴുതി: അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്, ഓസ്ട്രിയൻ അതിർത്തിയിലെ ബ്രൗണൗവിലല്ല, മറിച്ച്, "ഇൻ നദി" യുടെ മറുകരയിലെ ജർമൻ സംസ്ഥാനം ബവേറിയയിലെ ആൽപൻപ്രദേശ നഗരങ്ങളിലൊന്നായ "സിംബാഹിൽ" ആയിരുന്നെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ജനിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ കുഞ്ഞ് അഡോൾഫ് ഹിറ്റ്ലർക്ക് അന്ന് മാമ്മോദീസാ നൽകിയ ബ്രൗണൗവിലെ കത്തോലിക്കാ പള്ളിയിലെ വികാരി
കപ്പൂച്ചിൻ സഭാവൈദികനായിരുന്ന ഫാദർ ഊബാൾഡിന്റെ അന്നത്തെ വെളിപ്പെടുത്തൽ ചരിത്രകാരൻ ഈഗോൺ ഫൈൻ ഇപ്രകാരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. "1889 ഏപ്രിൽ 20- ന് സംഭവിച്ചതിങ്ങനെയാണ്: അന്ന് ജർമനിയുടെ അതിർത്തിപോസ്റ്റിലെ കസ്റ്റംസ് ഓഫീസറായിരുന്ന അലോയ്സ് ഹിറ്റ്ലർക്ക് അത്താഴം എത്തിച്ചു കൊടുക്കാൻ "ഇൻ നദി"യുടെ പാലം കടന്ന് അക്കരെയെത്തിയ പൂർണ്ണ ഗർഭിണിയായിരുന്ന തന്റെ ഭാര്യ ക്ലാരയ്ക്ക് പ്രസവവേദന ആരംഭിച്ചു. വൈകിട്ട് ആറര മണിക്ക് ക്ലാര ഒരാൺകുഞ്ഞിന് ജന്മം നല്കി- അഡോൾഫ് ഹിറ്റ്ലർക്ക്".
അഡോൾഫിന്റെ ജനന വിവരം സംബന്ധിച്ച് ഓസ്ട്രിയൻ ഭരണാധികാരിക ളുമായി ഉണ്ടാകുവാനിടയുള്ള നിയമയുദ്ധം മന:പൂർവം ഒഴിവാക്കുവാൻ മാതാപിതാക്കൾ അന്ന് ആ രാത്രിയിൽ തന്നെ സിംബാഹിലെ ഓഫീസിൽ നിന്നും രഹസ്യമായി "ഇൻ നദി" യുടെ പാലം കടന്നു തങ്ങൾ താമസിക്കുന്ന ബ്രൗണൗവിലെ വീട്ടിലേയ്ക്ക് പോയി.
1992 -ൽ അന്തരിച്ച ഫാദർ ഊബാൾഡു പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയാണ്, എന്ന് ഓസ്ട്രിയയിലെ സെൻറ്. മരിയ ആൾമിലെ ഇടവകപ്പള്ളി വികാരി ആയിരുന്ന ഫാദർ അലോയ്സ് ഡ്യൂറിൻഗർ സ്ഥിരീകരിച്ചതായി ചരിത്രകാരൻ ഈഗോൺ ഫൈൻ തന്റെ "ഹിറ്റ്ലർ" എന്ന പുസ്തകത്തിൽ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനം ബ്രൗണൗവിലെ നിവാസികൾക്ക് ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും പെരുമഴ സമ്മാനിച്ചു. ഏറെ കാലങ്ങളായി ബ്രൗണൗവ് നിവാസികൾ' ബ്രൗണൗവ് ' ഹിറ്റ്ലറുടെ ജന്മസ്ഥലം ആണെന്നുള്ള ചുട്ടുപഴുത്ത ആരോപണത്തിൽ ചുടുകണ്ണീർ പൊഴിച്ചിരുന്നു. ഇന്നിപ്പോൾ അവർ ആ ദു:ഖത്തിൽ നിന്നും വിടുതൽ നേടിയിരിക്കുന്നു.//-End
----------------------------------------------------------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER:
Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents,
objectives or
opinions of the articles in any form."
--------------------
dhruwadeepti. .blogspot .com