·// History
കമ്മ്യൂണിസത്തിന്റെ അവശിഷ്ടം, ഒരു രാഷ്ട്രീയ രോഗലക്ഷണം.
George Kuttikattu
ഇന്ത്യയിലെ കമ്മ്യുണിസ്റ്റുകളുടെ ഏറെക്കാലങ്ങളായി നടന്നിട്ടുള്ള പോളിറ്റ് ബ്യുറോ സമ്മേളനങ്ങളും വിശിഷ്യ കേരളത്തിലെ കമ്മ്യുണിസ്റ്റുകളുടെ സംസ്ഥാന സമ്മേളനങ്ങളും എല്ലാം ഏതോ പ്രേതതുല്യമായ അരങ്ങേറ്റം മാത്രമായിരുന്നെന്നു തീർത്ത് പറയുന്നില്ല. അതുപക്ഷെ, കമ്മ്യുണിസത്തിന്റെ മാനിഫെസ്റ്റൊയുടെ സൃഷ്ടികർത്താക്കളായ കാൾ മാർക്സും എങ്ങൽസും ഈ സമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഒരു അസ്ഥിമാത്രശരീരർ ആയിട്ടാണെന്ന് പറയേണ്ടി വരുന്നു. കലാപരവും ഗവേഷണ വിജ്ഞാനീയ സമ്പത്തും കുറെ അവശേഷിക്കുന്ന എല്ലുകൾ മാത്രം ഉൾക്കൊണ്ട സാങ്കല്പികസമ്മേളനങ്ങൾ കൊണ്ട് അവിടെ അരങ്ങേറിയത് പല്ലുകൾ ഇല്ലാതെ കടിച്ചു പൊട്ടിക്കുന്ന വിപ്ലവ അപശബ്ദങ്ങൾ മാത്രമാണ്. ഇതെല്ലാം കണ്ട വിപ്ലവകാരികളായിരുന്ന കേരളത്തിലെ ആദ്യകാല സഖാക്കളായ പി. കൃഷ്ണപിള്ള, ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്, ഏ. കെ. ഗോപാലൻ, ടി. വി. തോമസ് തുടങ്ങിയവർ കിടന്നിരുന്ന കല്ലറയിൽ മറ്റൊരു വശത്തേയ്ക്കുടനെ തിരിഞ്ഞു കിടന്നു കണ്ണടച്ചു.
കാൾ മാർക്സ് (ഇടത്ത് ) എങ്ങെൽസ് (വലത്ത്) |
യഥാർത്ഥ കമ്മ്യുണിസ്റ്റ്കൾക്ക് ഇതിലൊന്നും കാണേണ്ടതില്ലല്ലോ. പാർട്ടിയിലെ അംഗങ്ങളുടെ വിശിഷ്യ ചില സ്ത്രീകളുടെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക അവശ്യ പരിപാടികളുടെ ഇനങ്ങളാണല്ലോ, നിയമസഭയിൽ പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള സമരമെന്ന് കാണിക്കാൻ പീഡനഇരകളായി അവതരിപ്പിക്കുക വരെ ചെയ്ത സംഭവങ്ങൾ ഉണ്ടായത്. കമ്മ്യുണിസ്റ്റ് വിപ്ലവ വീര്യം തൊട്ടു തേച്ചിട്ടില്ലാത്ത വിരസകളികൾക്ക് ഏറെ ലൈംഗികം ചേർത്തു ചില വനിത അംഗങ്ങൾ പുരുഷ ആകർഷണത്തിനു വേണ്ടി നിയമസഭാ സമ്മേളനത്തിൽ തത്രപ്പെട്ടു പണിയെടുത്തുവെന്നതാണല്ലോ നാമെല്ലാം അവിടെ കണ്ടതും കേട്ടതും. ലിംഗ വ്യത്യാസമില്ലാത്ത പഴയ കമ്മ്യുണിസ്റ്റ് വിപ്ലവ സിദ്ധാന്തത്തിനു വിരസമായ ഒരു തിരിച്ചടിയായിപ്പോയി എന്നാണു പാർട്ടിയിലെ ചില സർക്കസ് ക്ലൗണുകൾ തട്ടി വിട്ടത്. അതിനു നേതൃത്വം കൊടുത്തത് പ്രായം ചെന്ന ചുറ്റുമതിൽ പൊളിഞ്ഞു പോയ ആല്മരമായിരുന്നു. പ്രതിപക്ഷത്തു ഒന്നാം നിരയിലിരിക്കുന്നയാളെങ്കിലും പാർട്ടിനേതൃത്വം മുഴുവനും എന്നേയ്ക്കും എഴുതിത്തള്ളിയ വയോവ്രുദ്ധനായിരുന്നു, അദ്ദേഹം. അഴിമതിക്കെതിരെ നേതൃത്വം കൊടുത്ത് പോരാടുമെന്നു വിപ്ലവ ഘോഷം മുഴക്കുമെങ്കിലും അതിന്റെ അലകൾ കടൽക്കാറ്റിൽ അലിഞ്ഞു ഇല്ലാതാവുന്ന അവസ്ഥയാണ്!
കാൾ മാർക്സും, എങ്ങൽസും ഒരിക്കൽ പോലും ഭാവനയിൽ കേട്ടിട്ടില്ലാത്ത പോളിറ്റ് ബ്യുറോയിൽ പോലും ശബ്ദിക്കുവാൻ ആരും മൈക്രോഫോണ്‍ അയാൾക്ക് കൊടുക്കുകയുമില്ല. ഇതാണ് ഇയാളുടെ ദുർഗതി! അതിനുള്ള അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു: "വിപ്ലവ കമ്മ്യുണിസ്റ്റ്" എന്ന ഒരു ലേബൽ നിർഭാഗ്യവശാൽ ഇല്ലാത്ത ഒരു പാർട്ടി സദസ്സിൽ സമ്മേളിക്കുവാൻ താൻ ഉണ്ടാകില്ല". കേരള കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഇത്തരം ദുരവസ്ഥയ്ക്ക് കാരണമാക്കിയവർ എവിടെയെന്നു അറിയാൻ ഏറെയെങ്ങും ദൂരെ പോയി ആരെയും തൊട്ടു അന്വേഷിക്കേണ്ടതില്ല. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടി നേതൃത്വ കസേരയിൽ ഇരുന്നുകൊണ്ട് സഹിഷ്ണുതയില്ലായ്മയും, അധികാര സ്വേശ്ചാധിപത്യവും, രാഷ്ട്രീയ ബോംബ് നിർമ്മാണവും പൊട്ടിക്കലും, കൊലപാതകവും മാത്രം ശീലിച്ചു തഴമ്പിച്ചവരായിത്തീർന്നു. ചില "കണ്ണൂർ സ്വദേശവിപ്ലവ പാർട്ടി"യുടെ ആയുഷ്ക്കാല കമാണ്ടർമാർതന്നെയാണവർ എന്ന യാഥാർത്ഥ്യം ഏവർക്കും അറിയാം. ഇവിടെ ഇക്കാര്യം എന്തുകൊണ്ടോ പറയാതിരിക്കുവാനും ശ്രമിക്കുന്നത് തന്നെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതിനു തുല്യമാണ്. പാർട്ടിയുടെ നെടുംതൂൺ തുരുമ്പെടുത്ത വടംവലിയുടെ സാക്ഷ്യം!
കുറെ നാളുകളായി നടന്നിട്ടുള്ള പാർട്ടി സമ്മേളനങ്ങളിൽ എല്ലാം ചില ഇടതു ചിന്താസിദ്ധാന്തത്തിന്റെ ആത്മാവിന്റെ ആനുകാലിക ശബ്ദം വിമർശന വിപ്ലവം പോലെ അവിടെയെവിടെയോ ഒക്കെ വളരെ നിശബ്ദമായിത്തന്നെ അലഞ്ഞുതിരിഞ്ഞു നടന്നു എന്നതല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ലെന്ന പൊതുഅഭിപ്രായമാണ് കേട്ടത്. യുവത്വം നിറഞ്ഞ ഒരൊറ്റ സുന്ദരീ സുന്ദരന്മാർ അവിടെയെങ്ങും അരങ്ങിൽ കേൾവിക്കാരായി പോലും ഉണ്ടായിരുന്നില്ല. വയോജന കേന്ദ്രത്തിൽ എത്തിയ ചിലരുടെയൊക്കെ ചുരുക്കം ജല്പനങ്ങൾക്ക് ചൂടുള്ള കൈയ്യടികൾ നൽകി ആരെയോ ഒക്കെ പ്രീതിപ്പെടുത്തി ഉടൻതന്നെ സന്തോഷിപ്പിക്കുകയെന്ന ഉന്നത്തിൽ തട്ടിവിട്ടിരുന്ന പുകഴ്ച്ചാ അഭിപ്രായങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം ശരിയാണെന്ന തരത്തിൽ പതിവ് സത്യാന്വേഷണ നിരീക്ഷണ പഠനം പാർട്ടിയിൽ തന്നെ ഉണ്ടായി.
പുതിയ സിദ്ധാന്തമാണ് അനിവാര്യമായത്.
കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ചു പറയുമ്പോൾ, തത്വശാസ്ത്രപരമായ വിമർശനത്തിന്റെയും ഒരു സോഷ്യലിസ്റ്റ് രാഷ്ട്ര തത്വത്തിന്റെ യഥാർത്ഥമായ ഓരോ ആസ്തി ബാദ്ധ്യതകൾക്കും ഇടയ്ക്കുള്ള വസ്തുതകളുടെയും സമ്പൂർണ്ണ തിട്ടപ്പെടുത്തലുകളുമെല്ലാം വ്യക്തമായിട്ട് അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം. ഇതിനു അവയുടെ ഉറവിടം മുതൽ ആനുകാലിക അവസ്ഥ വരെയുള്ള കൃത്യമായ വസ്തുതകളെല്ലാം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ അതിൽ ചിലത് ആകട്ടെ അടിസ്ഥാന ചിന്താസ്ഥായിത്വം കാണാത്തതും പ്രായോഗികമല്ലാത്തതുമായ ചർച്ചകൾക്ക് മാത്രം കുറെപ്പേർക്ക് തുണയായി. അവിടെ നിന്നും പ്രതീക്ഷിച്ചതും അത് തന്നെയെന്നു അവരിൽ ചിലരെങ്കിലും മനസ്സിലാക്കി. യാഥാർത്ഥ്യം ഇതല്ലേ? ഇതുവരെയും മണ്ണിലേയ്ക്കു പൂർണ്ണമായി ലയിക്കാത്ത മാർക്സിന്റെ ആശയ "വിമർശന ആയുധം" മാത്രം പുറമേ അവശേഷിക്കുന്നു. അതായത് മാർക്സിസ്റ്റ് കമ്മ്യുണിസത്തിന്റെ ആശയമില്ലാതെ ഒരു "ഇമാൻസിപ്പേഷൻ" എങ്ങനെ ഉണ്ടാക്കും" ? ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ നിലപാടിന് ചേർന്ന മറ്റൊരു വിധ കറയില്ലാത്ത സത്യത്തിന്റെ മുഖം തുറന്നു കാട്ടുന്ന പുതിയ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് രാഷ്ട്രീയ ലോകത്തിനു അനിവാര്യമായത്.
തീർത്തും അജ്ഞതയിൽ അവഗണിക്കപ്പെട്ട രാഷ്ട്രീയ ചലനങ്ങളാൽ സംഭവിച്ച യഥാർത്ഥമായ പരിവർത്തനത്തിന് വിധേയമാകപ്പെട്ട ഒരു ജനസമൂഹം പകച്ചുനിന്നത് പുതിയ ആശയത്തിന്റെ അഭാവത്തിലാണെന്ന്, കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തെ എന്നേയ്ക്കുമായി ഉറച്ചു ഉപേക്ഷിച്ച പാശ്ചാത്യ ചിന്തകരുടെയെല്ലാം അഭിപ്രായത്തിനു ഇന്നും ശക്തമായ പിന്തുണ ലഭിച്ചു കഴിഞ്ഞു. അതിനു കാരണം എന്താണ്? സത്യവിരുദ്ധമായിട്ടുള്ള രീതിയിൽ, എന്തിനെയുംസൂക്ഷ്മമായി നോക്കിക്കാണാതെ, പുറംതിരിഞ്ഞു കടന്നു പോയവരുടെ ചിത്രത്തിന് പുറമേ വീണ്ടും ഓയിൽ പെയിന്റു മിനുക്കി അവരെ ആരാധിക്കുകയാണ് ഇപ്പോഴും! ഇന്നിന്റെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത പഴയ വിപ്ലവവീര്യത്തിൽ കമ്മ്യുണിസ്റ്റുകൾക്ക് വേണ്ടി ഇന്നും കൈയ്യടി നൽകുന്നവരുടെ ശ്രദ്ധേയമായ ജോലിയാണിതെന്ന രൂക്ഷ വിമർശനം ഇപ്പോഴും ഇല്ലാതില്ല. രാഷ്ട്രീയ അഭിപ്രായങ്ങളിൽ ശ്രദ്ധയേറിയ വസ്തുതകൾ പറഞ്ഞ ഫ്രഞ്ചു തത്വശാസ്ത്രജ്ഞ്ജൻ Mr. Alan Badiou ഭാവിയിൽ കമ്മ്യുണിസത്തിന് "വിപ്ലവം" എന്ന പ്രായോഗികമായ ആനുകാലിക ചിന്താ സിദ്ധാന്തത്തിന്റെ പുതിയ മുഖം എങ്ങനെ ആയിരിക്കണം എന്നുകൂടി സ്ഥിരീകരിച്ചു പറഞ്ഞു: "സത്യത്തിന്റെ ഒരു തീയറിയാണ് നമുക്ക് വേണ്ടത്".
ഇന്നത്തെ മനുഷ്യതലമുറയ്ക്ക് യോജിച്ചത് ഒരു "കമ്മ്യുണിസ്റ്റ് അക്രമരഹിത തിയറി"യാണ്.
Mischail Gorbatschow |
അന്ധമായി കമ്മ്യുണിസ്റ്റ് വിപ്ലവം എക്കാലവും പ്രസംഗിക്കുന്നവരിൽ ചിലരൊക്കെ ഇക്കാലത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഉണ്ടല്ലോ,
വിശിഷ്യ കേരളത്തിലും ഉണ്ട്. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവൻ വിലകൊടുക്കേണ്ടിവന്ന മാവോയുടെ അതിശയകരമായ "വിപ്ലവം", അതെ, "ഞങ്ങൾ ബുദ്ധിജീവികൾ "എന്ന് സ്വയം അവകാശപ്പെട്ടവർ ഇതിനെ സ്വാഗതം ചെയ്തു കൊണ്ട് ഇന്നുവരെയും എഴുതുകയും അവയെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടു പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുപക്ഷെ, അതിലും ഭീകരമായ നിലവിലുള്ള ഒരു ലിബറൽ ഫാസിസത്തിൽ അകപ്പെട്ട്പോയ, അത് തന്നെ ഒരിക്കലും ഒട്ടും പരിചയപ്പെടാത്ത തരത്തിലുള്ള സാമൂഹിക ജീവിത വ്യവസ്ഥയിൽ, ഇന്നത്തെ മനുഷ്യരുടെ തലമുറയ്ക്ക് യോജിച്ചത് ഒരു കമ്മ്യുണിസ്റ്റ് അക്രമരഹിത സിദ്ധാന്തമാണെന്ന തതത്വങ്ങൾ ലോകത്ത് ശക്തിയായി ഉയർന്നുവരുന്നുവെന്നത് ഒട്ടും നിസ്സാരമായിപ്പോലും അവഗണിക്കുവാനും നമ്മുടെ സാമാന്യ ബുദ്ധിക്ക് കഴിയുകയില്ല.
യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത, എന്നാൽ ജനസമൂഹത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്നതും, അതേ സമയം അവരെ ആകെ അന്ധമാക്കുവാനും പ്രത്യക്ഷപ്പെടുന്ന പൊതുമഹാ മാദ്ധ്യമങ്ങൾക്ക് ഒരു മഹാവിപ്ലവത്തിനു പോലും കാരണമാക്കുന്ന, അപൂർവ്വ അടിസ്ഥാനം നൽകാൻ കഴിയും. അതുപോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ അഭിപ്രായങ്ങളെ അവർ രൂപീകരിക്കാം. അതുപക്ഷെ അവ ചെന്നെത്തുന്ന അപ്രകാരമുള്ള ഏകീകൃതചിന്ത, ഒരു ഇടതു ഫാസിസ്സത്തിന്റെ ഊറ്റമേറിയ മുന്നേറ്റത്തിൽ ആയിരിക്കാം അവസാനിക്കുന്നത്.
ഓരോ ഭിന്ന അഭിപ്രായസ്ഥിരീകരണങ്ങളും, ലിംഗവ്യത്യാസത്തിന്റെയോ സംസ്കാരത്തിന്റെയോ കാരണങ്ങൾ നിരാകരിക്കപ്പെടുകയാണ്, ഈ ഇടതു ചിന്താരീതിയിൽ. എന്നാലും കേന്ദ്ര ബിന്ദുവായ ആശയം വന്നെത്തുന്നത് ഒരു "ഇടതു വിമോചന സിദ്ധാന്തം" രൂപീകരിക്കുന്നതിലാണ് എന്നത് കാണാൻ കഴിയും. കുറേക്കൂടി ശരിയായി പറയുന്നപക്ഷം, ഒരു അതിർത്തിയില്ലാത്ത വിപ്ലവവും വിപ്ലവകാരികളുടെ വിഷയവും മാത്രം ആണല്ലോ, കാണപ്പെടുന്ന ത്!. ഈ അവസ്ഥയുടെ ഒരു ഭാഗമാണ് ഇന്ത്യ എന്ന് ലോകം നിരീക്ഷിക്കുന്നു. ഇങ്ങനെയൊരു പൊരുതൽ ഐക്യമുന്നണിയുടെ ലക്ഷ്യം വളരെ കുറഞ്ഞ എണ്ണത്തിലുള്ള സാമ്പത്തിക ശക്തിയ്ക്ക് നേർക്ക് നേർ നിന്ന്, ഇവർ ശ്രദ്ധ ക്ഷണിക്കുകയാണ്.
കമ്മ്യുണിസത്തിന്റെ അസ്തിത്വം ബാക്കിനിന്ന ഏറ്റവും അപകടകരമായ ആകർഷണം ഇങ്ങനെയായിരുന്നു, ഒരിക്കൽ സ്വയം ബലിയാടാകുവാനുള്ള അഥവാ ജീവത്യാഗം വരെ ചെയ്യുവാനുള്ള ത്യാഗമനോഭാവം. ഇപ്രകാരമുള്ള ആദർശത്തിനായി അനവധി കമ്മ്യുണിസ്റ്റ് അനുയായികകൾ മുൻകാലത്തും മരണപ്പെടുകയും ചെയ്തു. ആധുനിക ഇന്ത്യയിലെ കമ്മ്യുണിസത്തെയും കമ്മ്യുണിസ്റ്റ്കാരെയും, കേരളത്തിലെയും പൊതുവെ ഇന്ത്യയിലെയും ജനാധിപത്യത്തിന്റെ അന്തകരായി ജനങ്ങൾ തിരിച്ചറിഞ്ഞത്, 1957- ൽ കേരള കമ്മ്യുണിസ്റ്റ്കൾ കേരള സംസ്ഥാന ഭരണം ഏറ്റെടുത്തപ്പോഴാണ്.
പാശ്ചാത്യരാജ്യങ്ങളിലെയും കേരളത്തിലെയും കമ്മുണിസ്റ്റുകൾ തമ്മിൽ വളരെയേറെ സമാനതകൾ ഉണ്ടായിരുന്നെന്ന് കാണാം. ഒരു ഉദാഹരണം, ജർമനികളുടെ ഏകീകരണത്തിനു മുൻപ് പൂർവ ജർമനിയിലെ രാഷ്ട്രീയ സ്ഥിതി എന്തായിരുന്നെന്നു ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആര് എന്തൊക്കെ എങ്ങനെയൊക്കെ ഉപദേശിച്ചാലും പ്രതിരോധിച്ചാലും, ഓരോരുത്തനിലും ഉൾക്കൊള്ളുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും, ക്രമപ്പെടുത്തുന്ന മതസ്ഥാപനങ്ങൾക്കും, മതാചാര്യന്മാർക്കും മാദ്ധ്യമങ്ങൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാഭ്യാസരീതിക്കും മാത്രമല്ല, സാമാന്യജനങ്ങളുടെയെല്ലാം ജീവനും മൂല്യങ്ങൾക്കും കൂടി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പകരം വെല്ലുവിളികളും പല്ലുകടിയും വെറുപ്പും വിലക്കുകളും നിയന്ത്രണവുംമൂലം നിയമസഭകളിലെ കടന്നുകയറ്റവും അക്രമവും നിയമഭീഷണിയും വഴി, കേരളത്തിലെ ജനജീവിതം ദുഷ്ക്കരമാക്കുകയാണ് ചെയ്തത്. കേരളത്തിൽ ഇപ്പോഴും ഈ അവസ്ഥ തുടരുന്നുണ്ട് . ഈ വികല വളർച്ചയ്ക്ക് എക്കാലവും സഹായികളായവർ, ഇതിനുത്തരവാദികൾ, ആരെന്നു ജനങ്ങൾക്ക് തന്നെ പ്രകടമായി അറിയാം.
മന്ദ:ബുദ്ധികളാക്കുന്ന മറ്റൊരു ചൂഷണം.
മതസാമുദായിക രാഷ്ട്രീയ തലങ്ങളിലെയും, അതുപോലെ വിവിധ രാഷ്ട്രീയ ക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിയമ പണ്ഢിതരുടെയും നിയമ-ക്രമ സമാധാനപാലകരുടെയും നീതിന്യായ കോടതി സംവിധാനങ്ങളുടെയും മഹാപൊതുമാദ്ധ്യമങ്ങളുടെയും ഭരണമേഖല പൊതുവെയും അഴിമതി അഴിഞ്ഞാടുന്നു എന്ന് ജനമനസ്സിൽ ഉണ്ട്. ഇതിനെതിരെ രൂപീകരിക്കപ്പെടുന്ന അഴിമതിവിരുദ്ധ സംഘടനകളും അഴിമതി വിരുദ്ധ രാഷ്ട്രീയപാർട്ടികളുടെ രൂപീകരണവുമെല്ലാം ജനങ്ങളെ പരോക്ഷമായി മന്ദ:ബുദ്ധികളാക്കുന്ന മറ്റൊരു ചൂഷണം തന്നെയാണ്. അഴിമതി നിവാരണം നാം ഓരോരുത്തനും വ്യക്തിപരമായി അറിഞ്ഞുകൊണ്ട് സ്വായത്തമാക്കേണ്ടതായ സാമൂഹ്യപൊതുമാലിന്യ നിർമാർജ്ജന പ്രക്രിയ തന്നെയാണ്. അതിനുവേണ്ടി ആരുടെയെങ്കിലും ആഹ്വാനത്തിൽ അടിമപ്പെട്ടു ഒരു വിരുദ്ധ ചേരി സൃഷ്ടിക്കൽ താൽക്കാലിക ലാഭേശ്ചയിൽ നിന്നും ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളാണ്. പക്ഷെ, കേരളത്തിൽ ജനങ്ങൾക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടെന്നു ആരെങ്കിലും തുറന്നു അവകാശപ്പെടുമോ ? അതിനുള്ള പരസ്യചൂഷണശ്രമം തന്നെയാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ കിളിർത്തുപൊങ്ങുന്ന കുറെ "പെരുംകൂണുകൾ"! അവയോ രണ്ടു ദിവസങ്ങൾക്കകം മണ്ണോടു ചേർന്നും അലിഞ്ഞുചേരും.
ഇതിനാൽ കമ്മ്യുണിസ്റ്റുകൾ പറയുന്നു: അഴിമതിയും ദുർഭരണവും നടത്തുന്ന ജനാധിപത്യ സർക്കാർ അധികാരത്തിൽ നിന്നും മാറണം". മന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ എണ്ണവും വണ്ണവും ഓരോ ദിവസവും കൂടുന്നു. ഇതിനെല്ലാം ചില നിർദ്ദിഷ്ഠ കാര്യങ്ങൾ പിറകിൽ ഉണ്ട്. കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനയിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രൂപ്പ് അധികാരരാഷ്ട്രീയവും അതിനു ചുവടു പിടിച്ചു കേരളാ കോണ്‍ഗ്രസ്സിനെതിരെയും അതിന്റെ ചെയർമാന് എതിരെയും ഉയർത്തിയ തെളിവുകളില്ലാത്ത അഴിമതിയാരോപണവും മുന്നിൽ നിറുത്തി കമ്മ്യുണിസ്റ്റ് പാർട്ടിയും അവരുടെ ഇടതു സഖ്യവും കേരളത്തിലെ പൊതുജീവിതം കലക്കി മറിച്ചിടാൻ നടത്തിയ ശ്രമം തല്ക്കാലം പാടേ പരാജയപ്പെട്ടു. നിയമസഭയിൽ വരെ അവർ ലിംഗഭേദം ഇല്ലാതെ അക്രമം അഴിച്ചുവിട്ടു നോക്കിയിരുന്നു. കമ്മ്യുണിസ്റ്റ് റെവല്യൂഷൻ ! അടുത്ത സമ്മേളനം ആകുമ്പോഴേയ്ക്കും അവർ അടവൊന്നു വീണ്ടും മാറ്റുന്ന ലക്ഷണം ഉണ്ട്.
അഴിമതിയാരോപണത്തിന്റെ പേരിൽ ബഹുജന പ്രക്ഷോപണം (വിപ്ലവം) സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന വിഷയമായിരുന്നു അവർക്ക് കൈയ്യിൽ വന്നത്. ഇപ്പോൾ കേരളത്തിൽ ഒരു അസംബ്ലി മണ്ഢലത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശങ്ങൾ പൊന്തിച്ചു കൊണ്ടുവന്നാൽ ജനദൃഷ്ടിയിൽ അവർ "സമർത്ഥന്മാർ " ആകാമോ എന്നാണു നോട്ടം. ഈ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത നിയമസഭാ സമ്മേളനത്തിലും ഉണ്ടാകാം. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നയം മാറ്റം ബഡ്ജറ്റ് സമ്മേളനം മുതൽ വ്യക്തമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സഖാവ് വി. എസ്. അച്യുതാനന്ദൻ ഒരു തികഞ്ഞ പരാജയമാണെന്നും അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു കഴിഞ്ഞു. സ്വന്തം പാർട്ടിയുടെ പിന്തുണ പോലും അദ്ദേഹത്തിനെ അന്വേഷിച്ചു വന്നില്ല.
ഇന്ത്യയിൽ വേരൂന്നി നിൽക്കുന്ന പല അടിസ്ഥാന സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കുവാനുള്ള തീവ്രശ്രമത്തിൽ ഇതുവരെയുണ്ടായിരുന്ന ഒരു സർക്കാരുകൾക്കും പൂർണ്ണമായി വിജയിക്കുവാൻ കഴിഞ്ഞിട്ടില്ല, വിപ്ലവം എന്ന ആശയം രാവും പകലും മനസ്സിലും ശരീരത്തിലും പേറി നടക്കുന്ന കമ്യുണിസ്റ്റ് സിദ്ധാന്ധത്തിൽ സ്വയം ജീവത്യാഗം ചെയ്യുന്നവർക്കും കഴിഞ്ഞില്ല എന്നത് പച്ച യാഥാർത്ഥ്യമാണ്.
ജനാധിപത്യ വ്യവസ്ഥിതി കോട്ടം തട്ടാതെ നിലനിൽക്കുക എന്നത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും അവരുടെ സുസ്ഥിര വികസനത്തിനുള്ള ശക്തമായ അടിത്തറയാണ്. പക്ഷെ, രാജ്യത്തിന്റെയും ജനാധിപത്യ വ്യവസ്ഥിതിയുടെയും ആരോഗ്യകരമായ ഘടനയെയും ഇമേജിനേയും തകർക്കുന്ന, ഒരുതരത്തിലും പ്രയോജനകരമല്ലാത്ത ഗ്രൂപ്പുകളും മുന്നണികളും രാജ്യതാൽപര്യങ്ങൾക്ക് എതിരായി വരുന്ന ശക്തിയേറിയ ബോംബാണ് എന്ന് ജനങ്ങൾക്കറിയാം. അത്തരം വീഴ്ചയുള്ള സംഭവങ്ങൾ നിത്യവും മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നു.
ജനങ്ങൾക്ക് വേണ്ടിയത് രാജ്യത്തെ ആയിരങ്ങളുടെ ജീവിതാന്ത്യം സ്വയം ജീവത്യാഗത്താൽ സംഭവിക്കുന്ന ഒരു "വിപ്ലവ പ്രത്യയ ശാസ്ത്രം" അല്ല, വെള്ളവും വെളിച്ചവും ഭക്ഷണവും നീതിയും നിയമസംരക്ഷണവും സാമൂഹ്യജീവിത സുരക്ഷിതത്വവും സമാധാനജീവിതവുമാണെന്ന തത്വം ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ തങ്ങൾക്കു കിട്ടിയ അനേകമായ അവസരമുപയോഗിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പൊതുവായ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഒരു ഭരണ വ്യവസ്ഥയിൽ എപ്പോഴും ഇന്ത്യൻ ജനാധിപത്യം സുരക്ഷിതമായിരിക്കുമെന്നു ജനങ്ങൾ മനസ്സിലാക്കിവരുന്നു. അതേസമയം സ്ഥാപിച്ചു കൊണ്ടുവരുന്ന പുതിയ കമ്മ്യുണിസ്റ്റ് സിദ്ധാന്തം ഒരു സാമ്പത്തിക കമ്പോള സെക്ടർ എന്ന നിലയ്ക്ക് മാത്രം പിന്തുണ നല്കുന്ന നാഗരിക-സാംസ്കാരിക ഫോണ്ട്സ് എന്ന കാഴ്ചപ്പാടിലാണ്. ഇവടെ ഇന്ത്യയിലെ "കമ്മ്യുണിസം" ഒരു കത്തിക്കരിഞ്ഞ അവശിഷ്ടം മാത്രമാണ്, ഇതെല്ലാം വാദപ്രതിവാദങ്ങൾക്ക് വേണ്ടി വാഗ്വൈഭവമുള്ള അംഗവിക്ഷേപങ്ങൾക്ക് പകരമാക്കാൻ കഴിയും.
-------------------------------------------------------------------------------------------------------------------------------------
Send Article, comments and write ups to : george.kuttikattu@t-online.de
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press. DISCLAIMER: Articles published in this online magazine
are exclusively the views of the authors. Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.