Montag, 15. Juni 2015

ധ്രുവദീപ്തി // Literature / കവിത / അസ്ഥിര ചിന്തകൾ - നന്ദിനി വർഗീസ്

Literature / കവിത / 
അസ്ഥിര ചിന്തകൾ -
നന്ദിനി വർഗീസ് 


നീലാഞ്ജനമിഴി  ചന്ദ്രവര്‍ണ്ണങ്ങളില്‍
സ്വപ്‌നങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കവേ ...
നിറഞ്ഞൊഴുകിപ്പരക്കും അനീതിയില്‍ 
നിത്യത നിര്‍വ്യാജം ആര്‍ത്തു പടര്‍ന്നതും ..

നീര്‍മിഴിക്കോണിലെ നീല വെളിച്ചത്തില്‍ 
നിലവിളി ശോണിമ പുല്കി മറഞ്ഞതും ..
നിലാവണഞ്ഞതും ആര്‍ക്കനുണര്‍ന്നതും 
ഉറഞ്ഞ കണ്ണീര്‍ അറിയാതിരുന്നതും ...

ഇടയ്ക്കുണര്‍ന്നെപ്പൊഴോ ഞെട്ടിവിയര്‍ക്കുമ്പോള്‍
ആരെയോ തേടി മിഴികള്‍ അലഞ്ഞതും ..
മൈലാഞ്ചി ചോപ്പിനായ് കൈകള്‍ കൊതിച്ചതും 
പ്രണയ പ്രപഞ്ചത്തില്‍ നെഞ്ചു തുടിച്ചതും ..

അടഞ്ഞ മിഴികളില്‍ ഉറഞ്ഞ വികാരത്തില്‍ 
ഹൃദയധമനികള്‍ പൊട്ടിപ്പിളര്‍ന്നതും ..
പിച്ചിയെറിഞ്ഞ മുഖങ്ങള്‍ക്കു നേരെയാ -
മൈലാഞ്ചി മോഹിച്ച കൈകള്‍ ഉയര്‍ന്നതും ..

സ്പന്ദനത്തേരിലെ രഥചക്രങ്ങളില്‍
ചക്രവാളങ്ങള്‍ മിഴികള്‍ തുറന്നതും ..
മേഘമാര്‍ഗ്ഗേ പറക്കവേ  നെഞ്ചകം 
ഒരിറ്റുശ്വാസപ്പിടച്ചില്‍ അറിഞ്ഞതും ...

കോടാനുകോടി ഞെരമ്പുകളൊരുമയില്‍
ഇല്ല ..മുന്നോട്ടില്ല എന്നു പറഞ്ഞതും ...
തുടിച്ച ഹൃദയത്തിനുലച്ചിലുയര്‍ന്നപ്പോള്‍ 
വികാരവിജ്രുംഭിത സ്വപ്നമണഞ്ഞതും...

സര്‍വ്വശുദ്ധീകരാഗ്നിയില്‍   വെന്തതും 
ഒരു പിടി ചാരമായ് ഭൂവില്‍ പതിച്ചതും ...
ദൂരെ കരയുന്ന കാകസ്വരങ്ങളില്‍ 
ഗംഗാജലത്തില്‍ അലിഞ്ഞു ചേരുന്നതും ...

ഒക്കെയും ഓര്‍മ്മയായ് കാലക്കെടുതിയില്‍ 
കല്‍പ്പടവുകളില്‍ കാല്‍ തെറ്റി വീഴവേ ...

തോര്‍ന്ന മിഴികളില്‍ അസ്ഥിരചിന്തകള്‍
നിഴലിച്ചു ചിന്താസരണിയെ പുല്കുമോ ...?
സ്വച്ഛന്ദമൃത്യുവിന്‍ ആലിംഗനത്തിനായ്
വറ്റിയ ഓര്‍മ്മ പുനര്‍ജ്ജനിച്ചീടുമോ ....?
                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.