Sonntag, 8. März 2015

വൃദ്ധ വിലാപം / - കവിത / ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- അവസാനഭാഗം.../ ഫാ. എബ്രാഹം കുടകശ്ശേരിൽ.


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
 


കവിത : ചെങ്ങളമാഹാത്മ്യം- ഓട്ടൻ തുള്ളൽ- സമ്പാദകൻ / ടി. പി. ജോസഫ് തറപ്പേൽ - (അവസാനഭാഗം തുടർച്ച...) 

                             
"ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല.

ബഹു. ഫാ. എബ്രാഹം കുടകശേരിൽ രചിച്ച ഹൃദയസ്പർശിയായ അനുഭവ കവിത ഓട്ടൻ തുള്ളൽ രചനാരീതിയിൽ സഹൃദയർക്കു കാഴ്ചവച്ചപ്പോൾ അന്ന് മലയാളത്തിൽ അതിപ്രശസ്തനായ മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ചെങ്ങളമാഹാത്മ്യം ഓട്ടൻതുള്ളൽ കവിത വായിക്കുകയുണ്ടായി. അദ്ദേഹം ബഹു. എബ്രാഹം കുടകശേരിൽ അച്ചനു ആ കവിതയെപ്പറ്റി എഴുതി അറിയിച്ച അഭിപ്രായം ഇതോടൊപ്പം തന്നെ വായനക്കാർക്ക് സമർപ്പിക്കുന്നു: " ധൃവദീപ്തി ഓണ്‍ലൈൻ ).

( അവസാന ഭാഗം തുടർച്ച- :


                         
അഭിപ്രായ പ്രകടനം       

                                     
                                                                                             മീനച്ചിൽ, പാലാ.
                                                                                            ൧ . ൧൦ . ൯൫  

 ദിവ്യ ശ്രീ കുടകശേരിൽ അബ്രാഹം അച്ചൻ അവർകൾക്ക്,


ചെങ്ങള മാഹാത്മ്യം മുഴുവനും ഞാൻ വായിച്ചുനോക്കി. അത്ഭുതചരിതനായ വിശുദ്ധൻ പാദുവായിലെ അന്തോനീസുസിദ്ധന്റെ മാദ്ധ്യസ്ഥം നിമിത്തം ചെങ്ങളം പള്ളിയിൽ സംഭവിച്ചുവരുന്ന സ്വഭാവാതീതങ്ങളായ വിസ്മയ കൃത്യങ്ങളും രോഗശമനങ്ങളും ഈ കേരളദേശമെങ്ങും അറിയപ്പെട്ടിട്ടുള്ളവ യാണ്. പ്രതിവാരം അവിടെ വന്നുചേരുന്ന സംഖ്യയറ്റ ജനങ്ങൾ ഇതെല്ലാം കണ്ടു ബോധിക്കുന്നുമുണ്ട്. അവിടുത്തേയ്ക്കുണ്ടായ രോഗശാന്തിയുടെ കൃതജ്ഞതാ സൂചകമായി നിർമ്മിച്ചതാണെങ്കിലും ഈ കൃതി നിമിത്തം ആ ദേവാലയം സന്ദർശിക്കുവാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവർക്കു കൂടെയും അവിടുത്തെ സംഭവങ്ങളുടെ ഏകദേശജ്ഞാനമെങ്കിലും ലഭിക്കാൻ ഇടയാകുമെന്നുള്ളതിനു സംശയമില്ല. ഇതിൽ നിസ്സാരമായ വല്ല അഭംഗിയുമുണ്ടായിരുന്നാൽ തന്നെയും അങ്ങേ ആദ്യക്രുതിയാകയാൽ അതെല്ലാം ക്ഷന്തവ്യങ്ങളാണ്. ഫിലോസഫി, തീയോളജി, മുതലായ വിഷയങ്ങളിൽ ബിരുദ് നേടിയിട്ടുള്ള അങ്ങേയ്ക്ക് ഭാഷ യിൽ ഇതമാത്രം ജ്ഞാനമുള്ളതായിക്കാണുന്നതിൽ സന്തോഷിക്കുന്നു. ഇനിയും ഇതുപോലെയുള്ള കൃതികൾ നിർമ്മിച്ച്‌ വാസനയെ പോഷിപ്പിക്കുമെന്നു വിശ്വസിക്കുന്നു. 

വിധേയൻ                                                   
കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള.

ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- അവസാന ഭാഗം തുടർച്ച...
By-ഫാ. എബ്രാഹം കുടകശ്ശേരിൽ.

ചിരിവന്നേക്കാം കേട്ടാൽ സംഗതി
ശരിയാണെന്ന് വരുന്നൊരു പക്ഷം
തിരിയാറാകും ചെങ്ങളനാഥൻ
പെരിമകൾ, ചിന്തിച്ചീടുകിലാർക്കും

നരരുടെ മടിയാൽ കടലിൽ വസിക്കും
നരിമീനുകളൊടു വരുവാനോതി
തിരുവചനത്തെ കേൾപ്പിച്ചവനൊരു
നരിയെ വരുത്താൻ വൈഭവമില്ലേ ?

ഇത്തരമത്ഭുത സംഭവമെല്ലാം
കത്തോലിക്കാത്തിരുസഭതന്നുടെ
സത്യംകാട്ടും സാക്ഷികളായ്ത്താൻ
നിത്യവുമിങ്ങനെ വിലസീടുമ്പോൾ

കൃത്യവിഹീനതയോടസ്സഭയെ
പ്രത്യേകിച്ചൊരു കാരണമെന്യേ
ഹൃത്തിൽവെറുത്തു സഭയ്ക്ക്പുറത്തുമ-
റുത്തു വസിപ്പതുമുത്തമമാണോ ?

നിത്യത്വത്തെ നിനച്ചീടാതെയ-
നിത്യക്കോടിയിലാണ്ടുപുരണ്ടു
സത്യമതത്തെ വെടിഞ്ഞുനടപ്പതു
മെത്രമടത്തരമാണ് നിനച്ചാൽ

ഇക്കവിതയ്ക്ക് നിദാനമതായവ
മിക്കതുമെഴുന്നവനാൽത്തന്നെ
ദൃക്സാക്ഷിത്വമണഞ്ഞതിനുള്ളൊരു
നക്കലുമാത്രവുമാണീവരികൾ

ചൊവ്വല്ലെന്നജ്ഞാനികൾചൊല്ലും
ചൊവ്വാവാസരമാണിവിടത്തിൽ
ഈ വന്ദ്യന്റെ ഫലപ്രദമാകിയ
സേവക്കുള്ളവിശേഷാവസരം

ഒൻപതു ചൊവ്വാചൊവ്വേയിവിടെ -
ക്കുമ്പിടുമവരുടെയാത്മശരീര -
ത്തുമ്പമശേഷവുമരഞൊടിയിൽ
തുമ്പിപറക്കുംപൊലെഗമിക്കും.

പുതുമക്കാരൻ ചെങ്ങളനാഥനു
പതിമൂന്നാഴ്ചകൾ നുതിചെയ്യുന്നൊരു
പതിവുണ്ടതു ബഹുഫലമാണതിനെ
പതിതന്മാരുമനുഷ്ഠിക്കുന്നു 

പെരുന്നാളുകളീയാണ്ടിൽരണ്ടുകു-
ബേരന്മാര് തിമിർത്തുകഴിച്ചു
"കൊരുനാക്കുന്നൊന്ന" പരൻ"കൊണ്ടൂ
പ്പുരയിട"മതിലേ പാപ്പനുമത്രെ

വെടികുഴൽവാദ്യം പടകംഭേരി-
യ്ക്കിടയിൽ ഫിഡിൽഗാനങ്ങളുടുക്കും
കുടകൊടിതഴവെണ്‍ചാമരകളുമാ-
നടവഴിയങ്ങുനിരന്നുപിടിച്ചും

ചടുപടെ ഏറുപടക്കം കുട്ടിക-
ളിടയിട്ടിടാതെറിയുന്നിടയിൽ
ഇടവകജനവും പുറജാതികളും
ഇടചേർന്നുള്ളൊരു നടയുടെ നടുവിൽ

വടിവേറും ചെങ്ങളനാഥൻ തിരു-
മുടി വടി കടകമണിഞ്ഞും കുഞ്ഞാ -
മുടയവനെ നിജമാർവ്വിലെടുത്തും
നടനടരവമാർപ്പൊടുകൂടിയ

"കൊടിയും സ്ലീബയിറങ്ങിയനേരം
പിടിമണൽ വാരിയെറിഞ്ഞാലതിലൊരു
പൊടിപോലും നിലമടിയാത്തവിധം
ഇടതിങ്ങിജ്ജനമടി മാറാനിട

കിടയാതവിടെ വലഞ്ഞവരേറ്റം
കാപ്പയുടുത്തോരെന്നെക്കൂടെ
വേപ്പിച്ചിടുവാൻതക്കൊരുദിക്കിൽ
കാപ്പിക്കാരുടെ വീപ്പമറിഞ്ഞുവി-

രിപ്പാവപ്പടികാപ്പിയുമായ് ചില
ഷാപ്പുകളിൽ ചിലചീപ്പുകൾ കാപ്പാ-
നേർപ്പെട്ടവരുടെ കള്ളിവെളിപ്പെ-
ട്ടാർപ്പുകളിട്ടൊരു ഷാപ്പിൻ കീപ്പർ

പേപ്പടികാട്ടുന്നിടയിലൊളിച്ചൊരു
കോപ്പയെടുത്തൊരുകാപ്പുമെടുത്തൊരു
സോപ്പുമെടുത്തു തിരിച്ചാനപരൻ
ഇക്കേട്ടവകകളിലൊക്കെക്കാളുമി -
.................................................................

 "ഇവിടെ മുതൽ കുറെ കവിതഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്". ധൃവദീപ്തി ഓണ്‍ലൈൻ.

തുടർച്ച...

കൈക്കൊള്ളുന്ന തിരക്കില്പ്പെട്ടുവി-
യർക്കും നെറ്റിയൊടപ്പമെടുത്തുവി-
റയ്ക്കും വിരലുകളോടുമവർക്കുപ-
കുക്കാൻ ഭാഗ്യമെനിക്കുണ്ടായത്

മൊക്കെയുമിവിടുത്തെ കൃപതന്നെ
മാസം പതിനായിരമാളോളം
മാംസം മേരീ സുതനുടെയനിശം
അശനം ചെയ്വതിലധികം മറ്റൊ-

ന്നാശംസിപ്പതിനെന്ത്ജഗത്തിൽ
കോവർക്കഴുതേക്കൊണ്ട് മഹോന്നത
പാവനമാം കുറുബാനയെമുന്നം
സേവനടത്തിച്ചവനീയവനികയിൽ

ജീവനെ ദാനംചെയ്തിടുമപ്പം
യാവനമനുജർ ചെയ്‌വാൻ പുതുമക -
ളീവനദേശത്തരുളി വരുന്നു
വെള്ളക്കാരും കാറിൽക്കേറി

പ്പള്ളിയിലെയ്ക്ക് വരുന്നുണ്ടിപ്പോൾ
പള്ളകളെല്ലാം റോഡുകളായി
വള്ളം മാത്രം വരുകയുമില്ല
എട്ടാശത്തട്ടുകളിൽനിന്നും

ഒട്ടനവധിജനമീനാളുകളിൽ
കൂട്ടംകൂട്ടമതായവിടേയ്ക്ക്
കെട്ടുമെടുത്തു ഗമിച്ചീടുന്നു
മീനച്ചിക്കാർ മീനുകൾപോലെ

പാലാക്കാർ തിരമാലകൾപോലെ
മുത്തോലിക്കാർ മുത്തുകൾ പോലെ
എത്തുന്നഖിലരുമൊത്തിവടത്തിൽ
കുടമാളൂർക്കാർ കുടകളെടുത്തും

വടുതലവാസികൾ വടികൾപിടിച്ചും
പശ്ചിമചെങ്ങളവാസികൾ പലതര
നേർച്ചകളിച്ഛകലർന്നു വഹിച്ചും
മാന്നാനംകാർ മന്ദമകന്നും

കൈപ്പുഴവാസികൾ കെല്പുകലർന്നും
അതിരമ്പുഴയധിവാസികളെല്ലാം
മതിരാവിലെ എഴുനേറ്റുതിരിച്ചും
ചെറുവാണ്ടൂർക്കാർഗർവ്വമകന്നും

വെട്ടിമുകൾക്കാർ വെട്ടുവഴിക്കും
കൂടല്ലൂർക്കാർ കൂടെനടന്നും
ഊടുവഴിക്കു കടമ്പകടന്നും
വയലാക്കാർ വെയിലാറി ഗമിച്ചും

കോഴാക്കാർ കുഴയാതെനടന്നും
വെമ്പള്ളിക്കാർ വെമ്പലകന്നും
മാഞ്ഞൂക്കാർ മഞ്ജുള നടയാർന്നും
വെച്ചൂക്കാർവെച്ചൂണ് കഴിച്ചും

കൊച്ചീക്കാർ കൊച്ചിങ്ങളുമായും
പിച്ചക്കാരൊരുമിച്ചുമദിച്ചും
പച്ചിലകളിലേയെച്ചിൽ ഭുജിച്ചും
കച്ചവടക്കാർകച്ചകൾ കവണികൾ

മെച്ചമൊടൊക്കെമുറുക്കി വഹിച്ചും
വടയാറന്മാർപല കഥചൊല്ലി
പടുതരമോടു മുറുക്കി രസിച്ചു
വൈക്കംകാർ വാക്കാണമകന്നും

ചെങ്ങണ്ടക്കാർ ശങ്കവെടിഞ്ഞും
ചേർത്തല പാർത്തലവാസികൾ ചെങ്ങള
യാത്രകഴിച്ചു വിയർത്തുവലഞ്ഞും
മുട്ടംകാർ മുട്ടറ്റം ചെറുമാ-

മുട്ടംകാർ മട്ടോലും മട്ടും
മുട്ടുചിറക്കാർ മുട്ടുകളറ്റും
മുട്ടുവരെയ്ക്കും ഷർട്ടുകളിട്ടും
വടകരയിടവക കുടികളിടയ്ക്കിടെ

വടമരമൂട്ടിലിരുന്നു സുഖിച്ചും
രാമപുരംകാർ ക്ഷേമമിയന്നും
ഇടമറ്റംകാരിടയിടയിട്ടും
ഭരണങ്ങാനത്തമരുന്നാളുക -

ളരുണോദയമതിലേറ്റുതിരിച്ചും
ളാലംകാർ ലാളനയൊടുമയല-
ന്ത്യോളംകാർ സന്തോഷമിയന്നും
ചേർപ്പുങ്കക്കാർദർപ്പമകന്നും

ഉൾപ്പൂവിൽബഹുഭക്തികലർന്നും
പുന്നത്തുറകരതന്നിൽ വസിപ്പവർ
ഖിന്നതയഖിലമോഴിച്ചുരസിച്ചും
മറ്റക്കരയിൽപറ്റിവസിപ്പവർ

മുറ്റുംമോദമൊടേറ്റുതിരിച്ചും
മൂഴൂക്കാർ മുഴുമോദത്തോടും
വാഴൂക്കാർ വഴിതിങ്ങാനടന്നും
മണിമലവാസികൾ അണിയണിയായ്

തുണികളുടുത്തും പണമതെടുത്തും
ചങ്ങ്നാരിക്കാർ തങ്ങലിലൊത്തും
കൈനകരിക്കാർ മനമെരിവോടും
കാവാലംകാരവികലമായൊരു

സേവാബലമതിലുള്ളൂലാ
ചേന്നംകരിയിൽചേർന്ന
സന്ദർശനമതിനേറെയുമുണ്ട്
ചമ്പക്കുളമതിലമ്പത്തമരും

വൻപത്തോരവരിമ്പത്തോടും
ആലപ്പുഴയിൽ ചേലൊത്തമരും
മാലെത്താത്തവർ ജാലത്തോടും
നാട്ടകവാസികൾ നട്ടമകന്നും

കോട്ടയവാസികൾ കോട്ടംവിട്ടും
പുതുകോട്ടുകൾഷർട്ടുകളിട്ടുമുറുക്കി
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും
കൂട്ടക്കാരിവരൊക്കെവരുന്നു...

                                                                  അവസാനിച്ചു. അവസാനഭാഗം കണ്ടുകിട്ടാത്തതിനാൽ കവിത അപൂർണ്ണമാണ് : ധ്രുവദീപ്തി. ഓണ്‍ ലൈൻ).                                                

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.