Sonntag, 4. Januar 2015

ധ്രുവദീപ്തി · // Politics // PEGIDA - ജർമൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയോ ? Gk


Dhruwadeepti // Politics // 

-PEGIDA - 

ജർമൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയോ ? 


George Kuttikattu

സംഘടിതവും നിർബന്ധിതവുമായ ഇസ്‌ലാം മതപരിവർത്തനശ്രമങ്ങളും, ഇസ്ലാമിക രാഷ്ട്ര രൂപീകരണവും എന്നപേരിൽ അതിനുള്ള ഉപാധിയായി ഇസ്ലാമിനെ ദുരുപയോഗിച്ചുകൊണ്ട്തന്നെ ഇസ്ലാം ഭീകരർ സിറിയയിലും ഇറാക്കിലും ലിബിയയിലും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൂട്ടക്കൊലകളും ലോകസമാധാനത്തിന് കടുത്ത ഭീഷണിയായിത്തീരും.  ഇസ്ലാം മതത്തിന്റെ പേരിനു മറപിടിച്ചു ഭീകരർ നേടാൻ ഉദ്ദേശിക്കുന്ന ഓരോ രാഷ്ട്രീയ ലക്ഷ്യവും മനസ്സിലിരിപ്പും ഉദ്ദേശങ്ങളും ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്നത് തികച്ചും ആശ്വാസകരം തന്നെ.

പാശ്ചാത്യരാജ്യങ്ങളെ നിഗൂഡമായി ഇസ്ലാമീകരിക്കുന്നതിനെതിരെ വീവിധ യൂറോപ്യൻ സ്വദേശാഭിമാനി ഗ്രൂപ്പുകളുടെ സംഘടനയായ "പെഗിഡ" ജർമൻ നഗരങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുമ്പ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഈ പ്രകടനങ്ങൾ, യൂറോപ്പിനെ മുഴുവൻ ലോകരാജ്യങ്ങൾ തുറന്ന കണ്ണുകളാൽ വീക്ഷിക്കപ്പെട്ടു എന്നതിൽ സന്ദേഹമില്ല. "PEGIDA" എന്നത് Patriotic Europeans Against the Islamization of the Occident (German anti-Islamic movement ). ഒരു ഇടതുപക്ഷ ജർമൻ രാഷ്ട്രീയ സംഘടനയാണ്,"പെഗിഡ". ജർമനിയിൽ, മറ്റിതര യൂറോപ്യൻ രാജ്യങ്ങളിൽ സാദ്ധ്യതയേറിയ ഇസ്ലാമിലേയ്ക്കുള്ള മത പരിവർത്തനങ്ങളെ സംശയകരമായി കാണുകയും അത്യാശങ്കയോടെ തന്നെ അതിനെതിരെ ഈയിടെ വളരെ ശക്തമായി പ്രതിക്ഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്ക് കാണാൻ കഴിയും,. എല്ലാ ലോകരാജ്യങ്ങളും പത്ര-ദൃശ്യ മാദ്ധ്യമങ്ങളും യൂറോപ്യൻയൂണിയൻ രാഷ്ട്രീയ വേദികളും, ഭരണ കൂടങ്ങളും ജർമനിയിൽ ഉയർന്നു പൊങ്ങിയ ഈയൊരു പ്രത്യേകത നിറഞ്ഞ കാരണത്താൽ തുടങ്ങിവച്ച വിദേശീ വിരുദ്ധ ചലനങ്ങളെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. 

യൂറോപ്പിൽ ക്രിസ്ത്യൻ ഭൂരിപക്ഷമാണല്ലോ നിലനിൽക്കുന്നത്. യൂറോപ്യൻ യാഥാസ്ഥിതികർക്കും അവരുടെ രാഷ്ട്രീയ പാർട്ടികൾക്കും ശക്തമായ കക്ഷി ബലം സ്ഥാപിക്കുവാനും കഴിയുന്നുണ്ട്. ജർമൻമണ്ണിൽ നിന്നും  ഇനിമേൽ ഒരു യുദ്ധം ആവർത്തിക്കാനിടവരരുത്- മനുഷ്യമഹിമയുടെ  മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. ഇവയെല്ലാം അമേരിക്കയുടെയും മറ്റ് സഖ്യരാഷ്ട്രങ്ങളുടെയും ദൌത്യങ്ങളായിരുന്നു. യൂറോപ്പിന്റെ ഐഡന്റിറ്റി എന്നും പഴയതുപോലെ നിലനില്ക്കുമോ എന്ന ചോദ്യം അടുത്തകാലത്ത് ചിന്താവിഷയമായതു ഇപ്പോൾ ഈയൊരു പുതിയ ആശങ്കകൾക്ക് കൂടുതൽ വഴിതെളിച്ചിരിക്കുന്നു. യൂറോപ്പിലെ സാംസ്കാരിക സാമൂഹ്യജീവിതശൈലി  മുമ്പത്തേതിലും നിന്ന് വ്യത്യസ്തമായിട്ടുള്ള വഴികളിലൂടെ തിരിഞ്ഞു മാറി കൊണ്ടിരിക്കയാണെന്നുള്ളതിന് ഒരു ഉദാഹരണമാണ്, സ്വിറ്റ്സർലണ്ടിലെ "ലിങൻതാൾ മിനററ്റ് വിവാദവും എതിർ വിവാദങ്ങളും". മുസ്ലീംകൾ മിനററ്റ് പണിയുന്നതിനെതിരെ സ്വിസ്സ് ജനതയെ ഒരു ചരടിൽ പരിപൂർണ്ണമായിട്ട് തന്നെ അവിടെ കോർത്തിണക്കാൻ കഴിഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു    പക്ഷെ ചിലപ്പോൾ നമ്മുടെ ഭയം യാഥാർത്ഥ്യങ്ങളേക്കാൾ വളരെയേറെ വലുതായിരിക്കുമെന്നുള്ളതു പറയാറുണ്ടല്ലോ. യൂറോപ്പിൽ, പ്രത്യേകമായി   ജർമനിയിൽ ഇപ്പോൾ തലപൊക്കിയിരിക്കുന്ന "ഇസ്ലാമീകരണവിവാദം", ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരുമിച്ചുള്ള സഹ ജീവിതവും സമൂഹിക  സമാധാനവും ഒരു ജനഹിത നിശ്ചയത്തിനുമേൽ പരാജയപ്പെടുകയാണോ? 

ഇങ്ങനെയൊരു ഇടതുപക്ഷ തീവ്രവാദ ചായ്‌വുള്ള ഒരു സെമി രാഷ്ട്രീയ പ്രസ്ഥാനത്തിനു ജർമനിയിൽ പൊടുംന്നെനെ സ്ഥാപിക്കുവാനുള്ള പുതിയ ആശയവും അതിനു പ്രേരകമായി ഈ അടുത്ത കാലത്തുണ്ടായ മറ്റു വിവിധ സാഹചര്യങ്ങളും എന്താണ്? യൂറോപ്യൻ യൂണിയൻ- ജർമൻ സർക്കാരുകളു ടെ അഭയാർത്ഥി-കുടിയേറ്റ രാഷ്ട്രീയ നയങ്ങളിൽ ഉണ്ടായിട്ടുള്ള വീഴ്ചയാണ് ദ്രേസ്ടൻ (Dresden) നഗരത്തിൽ 20.10.2014 മുതൽ ആഴ്ചതോറും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തുവാൻ പ്രേരിതമായതെന്നും, ജനങ്ങൾക്ക് യൂറോപ്പിൽ ഇസ്ലാമീകരണ ശ്രമങ്ങൾക്കെതിരെ ബോധവത്കരണം നൽകുവാനുമാണ് കോളിളക്കങ്ങൾ ഉണ്ടാകാൻ കാരണമായതെന്നാണ് സംഘാടകർ പറയുന്ന ന്യായം. ഇതിനുള്ള ആരംഭമിട്ട സംഘാടക നേതാവും ജർമൻകാരനുമായ ഒരു ലുട്സ് ബാഹ് മാൻ ആണ് ജർമൻകാരെ അന്ന് ആഹ്വാനം നടത്തിയത്. ഇസ്ലാം ഫണ്ടമെന്റലിസത്തെ യൂറോപ്പിൽ പാടെ തടയുക എന്ന ആവശ്യവുമാണ് പ്രകടനം നടത്തിയവർ അന്ന് മുന്നോട്ടു വച്ചത്. അന്ന് ഡ്രെസ്ഡൻ നഗരത്തിൽ മാത്രമല്ല, അതിനുശേഷം ജർമനിയുടെ വിവിധ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ജർമ്മനിയിൽ ഇസ്ലാം ഫണ്ടമെന്ടലിസത്തിനെതിരെയും ഇസ്ലാമിലേയ്ക്കുള്ള തന്ത്രപരമായ സംഘടിത മത പരിവർത്തനത്തെയും ശക്തമായി എതിർത്തു കൊണ്ടുള്ള ഇങ്ങനെയൊരു പൊതുപ്രസ്ഥാനത്തിന്റെ ഉറച്ച തീരുമാനവും, ഇതിന്റെ പിന്നിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ ഉദ്ദേശശുദ്ധിയും വിവിധ കോണുകളിൽ നിന്നും വ്യത്യസ്തമായട്ടുള്ള  അഭിപ്രായങ്ങളാൽ വളരെയേറെ ശക്തമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. അവരിൽ ഏറ്റവും മുന്നിൽ കൂടുതൽ മൂർച്ചയുള്ള ഭാഷയിൽ ഈ പ്രസ്ഥാനത്തെയും അതിന്റെ പ്രതിഷേധ പ്രകടനക്കാരെയും അതിനിശിതമായി വിമർശിച്ചത് ജർമൻചാൻസിലർ അങ്കെലാ മെർക്കൽ ആയിരുന്നു. ഏതു രാജ്യങ്ങളിലുള്ള  പൌരന്മാർ ആകട്ടെ, അവരുടെ ജീവരക്ഷയ്ക്കായി അവർക്ക് അർഹിക്കുന്ന മാനുഷികമായ സംരക്ഷണവും താമസിക്കാനുള്ള അവസരവും അതിനുള്ള സാഹചര്യവും കൊടുക്കുന്നതിനെതിരെ വിദേശീവിരോധവും മുസ്ലീംമത  വിരോധവും സ്വദേശീവാദവും മുന്നിൽ നിറുത്തിയുള്ള ഒരു കൂട്ടർ നടത്തുന്ന പ്രകടനങ്ങളോട് ജർമൻകാർ ആരും യാതൊരു തരത്തിലും അനുകൂലമായി സഹകരിക്കരുതെന്നും അവരുടെ നീക്കങ്ങളെ ബഹിഷ്കരിക്കണമെന്നും, രാഷ്ട്രത്തോടുള്ള അവരുടെ പുതുവത്സര ആശംസാ പ്രസംഗത്തിനിടയിൽ അങ്കെലാ മെർക്കൽ ഓർമ്മിപ്പിച്ചു. ഏറ്റവും അത്യൂന്നതമായതു ഇതാണ്, ഏത്  അഭയാർത്ഥികളും വിദേശീയരും നമ്മുടെരാജ്യത്ത് ഭയമില്ലാതെയും ഏറെ സന്തോഷമായും സുരക്ഷിതമായും ജീവിക്കുന്നുണ്ട് എന്നവർ പറയുന്നത് കേൾക്കുന്നത് നാം എത്രമാത്രം അഭിമാനം കൊള്ളുന്നുവെന്ന യാഥാർത്ഥ്യം പറഞ്ഞറിയിക്കുവാൻ കഴിയുന്നില്ലയെന്നും, അങ്കെലാ മെർക്കൽ പറഞ്ഞു.

വിവിധതരത്തിലുള്ള വിദേശീയരായ അഭയാർഥികളുടെ എണ്ണമറ്റ ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും, പ്രകടനക്കാരുടെ നിഗൂഡ ലക്ഷ്യത്തെക്കുറിച്ചും  വിവിധ രാഷ്ട്രീയ-സാമൂഹ്യ തലങ്ങളിലെ പ്രമുഖർ അഭിപ്രായപ്പെട്ടതും വിധിച്ചതും ഇങ്ങനെയായിരുന്നു : " ഈവിധം ഒരുകൂട്ടമാളുകൾ എതിർപ്പ് പ്രകടനങ്ങൾ നടത്തിയത് ജർമനിയിലെ വലതുപക്ഷ തീവ്രവാദികളുടെയും വലതുപക്ഷ പോപ്പുലിസ്റ്റുകളുടെയും അതുപോലെതന്നെ സമൂഹത്തിലെ എന്നുമുള്ള കുറെ യാഥാസ്ഥിതികരുടെയും കൂട്ടായ പങ്കാളിത്തത്തിൽ നിന്നാണ്." അത് ഇപ്രകാരം സമൂഹമദ്ധ്യത്തിൽ നിന്നും അഭിപ്രായം ഉണ്ടായതു വെറുതെയല്ല. ഈയിടെ നടന്ന പ്രകടനത്തിലുടെനീളം ആളിക്കത്തിയ വർഗ്ഗീയതയേയും വിദേശീവിരുദ്ധ വാദങ്ങളും ജർമ്മൻജനതയുടെ മുന്നിൽ പ്രതിഫലിച്ചു നിന്നതോടെയാണ്. ഈ വിഘടന മനോഭാവത്തെ ജർമൻ പ്രസിഡണ്ട് ശ്രീ. ജോവാഹീം ഗൗക്ക്, ചാൻസിലർ അങ്കെല മെർക്കൽ, അവർക്കു പുറമേ മറ്റ്‌ ജർമനിയിലെ പ്രമുഖ ക്രിസ്ത്യൻ സഭാനേതൃത്വങ്ങൾ മുതൽ നിരവധിയേറെ  സാമൂഹ്യസംഘടനകളും നിശിതമായി വിമർശിക്കുകയും ചെയ്തു കഴിഞ്ഞ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Lutz Bachmann

ലുട്സ് ബാഹ് മാൻ ആയിരുന്നു, പ്രകടനത്തിന് മുൻകൈ എടുത്ത പ്രമുഖനായ സംഘാടകനും പ്രകടനക്കാരെ അഭിസംബോധന ചെയ്തു വേദിയിൽ പ്രസംഗിച്ചതും. പ്രകടനക്കാർ, പൂർവജർമനി പശ്ചിമ ജർമനിയിൽ ലയിക്കുവാനും അതിനു വഴിത്തിരിവ് ഉണ്ടാക്കുവാൻ സഹായിച്ച "Monday demonstration"  നുമായി സമാനതയും കൊടുത്ത്  ജർമൻകാരെ മുഴുവൻ തന്ത്രപരമായിട്ട്  അവരുടെ കൂടെ നിറുത്തുവാനുള്ള ഒരു ശ്രമം കൂടി  പ്രകടനത്തിൽ പരീക്ഷിച്ചുനോക്കി. അതിനുവേണ്ടി  അക്കാലത്ത് ഉപയോഗിച്ച മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടിരുന്നു. ഇവരുടെ സജീവ പ്രതിഷേധത്തിനു വേണ്ടിയുള്ള സംഘടിത ശ്രമവും അടുത്ത പിന്തുണയും നൽകിയത് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരും വിവിധ മതവിഭാഗങ്ങളിലുള്ളവരുമായ പന്ത്രണ്ടു പേരും പ്രത്യേകിച്ച് ചില മുസ്ലീമുകളുടെയും സഹകരണമാണെന്ന് ലുട്സ് ബാഹ് മാൻ സമ്മതിക്കുകയും ചെയ്തതിൽ ചില അവ്യക്തത നിറഞ്ഞ യാഥാർത്ഥ്യങ്ങൾ ഉള്ളതായി ഇവയ്ക്കു പുറമേ നിഴലിക്കുന്നുണ്ട്. അതായത് ഇവർ ആരെല്ലാമായിരുന്നു? ഈയൊരു ചോദ്യം ആദ്യം മുന്നിൽത്തന്നെയുണ്ട്‌. സംഘാടക ടീമിൽ ഒരു സാമ്പത്തിക വിദഗ്ദ്ധയായ ഉപദേഷ്ടാവുണ്ട്, ഒരു ഹൗസ്മൈസ്റ്റർ, പിന്നെ ഒരു പെയ്ന്റർ, തീവ്രവാദ മുസ്ലീം സംഘടനയായ സലാഫിസ്റ്റ്- ഭീകര സംഘവുമായി സജ്ജീവ ബന്ധമുള്ള ഒരു വമ്പൻ സ്വകാര്യ സുരക്ഷാ കമ്പനിയുടെ വക്താവ്, ഇവരെല്ലാമാരാണെന്ന് ഉടനെ മനസ്സിലായി. കൂടാതെ വിദേശി വിരോധം പ്രസംഗിച്ചതിന് പാർട്ടിയിൽ നിന്നും നഗര ഭരണ കാര്യത്തിൽ നിന്നും ശിക്ഷാർഹനായി പുറത്താക്കപ്പെട്ടിരുന്ന ഒരു മുൻ സി. ഡി. യൂ. രാഷ്ട്രീയ പാർട്ടിയിലെ അംഗവും ഇതിൽ അംഗങ്ങൾ ആയിരുന്നു  എന്ന കാര്യം ഏറെ പ്രത്യേകതയുള്ളതുമാണ്.

ജർമൻകാരനായ ലുട്സ് ബാഹ് മാൻ തന്നെ പല നിയമ ലംഘനക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന വിവരം വെളിച്ചത്തുവന്നതോടെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിലെ നേതൃനിരയിൽ നിന്നും വിട്ടു മാറിനിന്നു. ഡിസംബർ 19, 2014 ലിൽ ലഭിച്ച സംഘടനാ ലൈസൻസ് കോടതിയുടെ തനി  അംഗീകാരത്തോടെ പെഗിഡ സംഘടനയുടെ ആധികാരികതയിൽ ചോദ്യം ചെയ്യപ്പെടാതെ പ്രകടനങ്ങൾ നടത്താൻ ഇവർക്ക് നിയമാനുവാദവും ലഭിച്ചു. അതുപക്ഷെ  "പെഗിഡ" സംഘടന പൊതുവെ ഇപ്പോൾ അറിയപ്പെടുന്നത് ഒരു വലതു തീവ്രവാദി സംഘടന എന്ന പേരിലാണ്. മറ്റൊന്ന്, ഏതൊരുവിധ  മാദ്ധ്യമങ്ങളുമായി സഹകരിക്കാൻ ഈ സംഘടനയുടെ നേതൃത്വം അപ്പാടെ നിരസിച്ചിട്ടുണ്ട്, തയ്യാറുമല്ല. പക്ഷെ, നിയമപരമായി നോക്കിയാൽ ഒരുവിധ തീവ്രവാദിഗ്രൂപ്പ് എന്ന നിലയിൽ ആ സംഘടനയെ വളരെ കർശനമായിട്ട്  നിയമപരമായി നിരോധിക്കുവാനും സാധിക്കുന്നില്ലല്ലോ എന്നാണു വിവിധ നിയമ നിരീക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

ജർമനിയുടെ പൂർവഭാഗ നഗരമായ "ദ്രേസ്ടനിൽ" ഒക്ടോബർ 19നു നടത്തിയ ആദ്യ ഇസ്ലാം വിരുദ്ധ പ്രകടനത്തിൽ ഏതാണ്ട് മുന്നൂറ്റി അമ്പതു പേരാണ് അന്ന്  പങ്കെടുത്തതെങ്കിൽ അത് ആഴ്ച തോറും വർദ്ധിച്ചു വർദ്ധിച്ച്, ഡിസംബർ, 2014 അവസാനഘട്ടത്തിൽ ഏകദേശം പതിനെണ്ണായിരം പേരുടെ പങ്കാളിത്തമവിടെ ഉണ്ടായിരുന്നതായി മാദ്ധ്യമങ്ങൾ കണക്കാക്കി. ഇത്തരം വലതു തീവ്രവാദികൾ നടത്തിവരുന്ന പ്രകടനങ്ങൾ സമൂഹത്തിനും ജർമനിക്കും വലിയ തീരാരാഷ്ട്രീയ  പ്രതിസന്ധിക്ക് കാരണമാക്കാൻ ഇടയുണ്ടെന്നതിനാൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ഇക്കൂട്ടർക്കെതിരെ എതിർപ്രകടനങ്ങൾ ഉണ്ടായി. ഫാസിസത്തിന്റെ മൂർച്ചയുള്ള പ്രകടനങ്ങളെ കണ്ടുമടുത്ത ജർമൻ ജനതയ്ക്ക് വീണ്ടുമൊരു അസ്വസ്ഥാന്തരീക്ഷം ജർമൻ മണ്ണിൽ ഉണ്ടാവരുതെന്ന വികാരം എതിർ പ്രകടനക്കാർ പ്രകടിപ്പിച്ചു.

ജർമൻ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ മതങ്ങളുടെ നേർക്കുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളും ജനജീവിതം തകർന്നു ചരിത്രത്തിനു ഒരിക്കലും മായിച്ചുകളയാൻ കഴിയാത്ത ദുരന്തങ്ങളുണ്ടാക്കിയ രണ്ടാം ലോകമഹായുദ്ധ കെടുതികളൊന്നും മറക്കാത്ത ജർമൻ ജനത, ഇങ്ങനെ ഇപ്പോൾ ജർമ്മനിയിൽ തലപൊക്കിയിരിക്കുന്ന പഴയ നാസികളുടെ പുതുപുത്തൻ വരവേൽപ്പിനെ എങ്ങനെ സ്വാഗതം ചെയ്യും? വിവിധ മത ന്യൂനപക്ഷങ്ങളെയും മറ്റുവിവിധ  സമുദായങ്ങളെയും തെരഞ്ഞു പിടിച്ചു കൊലക്കളമാക്കിയ        നാസികളുടെ
കോണ്‍സെൻട്രേഷൻ ക്യാമ്പുകളിലെത്തിച്ചു അവരെയെല്ലാം വിഷ ഗ്യാസ് മുറികളിൽ ഇല്ലായ്മ ചെയ്തു. ജനങ്ങളെ വിഘടിപ്പിച്ചു നാസികളുടെ ഭരണം നടത്തുവാൻ സമർദ്ധമായ തന്ത്രം പ്രയോഗിച്ചു. ജർമ്മനിയിലെ യഹൂദരെ കൊലപ്പെടുത്തുന്നതിനെതിരെ അന്ന് ഉണ്ടായ ആരോപണം ഒരിടത്തും ഏശാതെ പോയി. "എവുത്തനാസ്സിയ" അനുസരിച്ച് "മൂല്യമില്ലാത്ത ജീവൻ" ജീവനോടെ " നാസികൾ അവരെ കൊന്നൊടുക്കി എന്ന് ഇന്നത്തെ ജർമൻ ജനതയ്ക്കറിയാം. ലോകത്തിൽ കമ്യൂണിസത്തെയും നാസ്സിസത്തെയും ജനാധിപത്യത്തിന്റെ അന്തകരായി തിരിച്ചറിഞ്ഞവരാണ് ജർമൻ ജനത. ജനങ്ങൾ ആഗ്രഹിക്കുന്നത് അരനൂറ്റാണ്ട് മുമ്പുള്ള ഏതോക്രൂര രാഷ്ട്രീയ പാരമ്പര്യങ്ങളുടെ സംരക്ഷണമല്ല, അവസരങ്ങളും അവകാശങ്ങളും എന്നും സംരക്ഷിക്കപ്പെടുന്ന സ്വതന്ത്ര ചിന്തയും ഭയമില്ലാതെയും അതുപോലെ സമാധാനത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ഒരു സ്വതന്ത്രജർമ്മൻ രാഷ്ട്രത്തിലെ ഒരംഗമായിരിക്കാനും ആണ് ആഗ്രഹിക്കുന്നത്.
 
പെഗിഡയ്ക്ക് എതിരെ ജർമൻ ജനത
നാസ്സികളുടെയും കമ്യൂണിസ്റ്റു ഭീകര വാദങ്ങളുടെയും നിരന്തരമുണ്ടായ  ഭീഷണികൾ നേരിലറിഞ്ഞ ജർമൻ ജനത ഇനി ഏതു വിധത്തിലുമുള്ള  പ്രകോപനങ്ങളും അവർ തന്നെ മണത്തറിഞ്ഞു യോജിച്ച പ്രതിവിധി കാണുമെന്ന കാര്യം തീർച്ചയാണ്. എന്തായാലും ഈയിടെ ജർമനിയിൽ തുടരെയുണ്ടായ പൊതുജനങ്ങളുടെ എതിർപ്രതിഷേധം മൂലമെന്ന് വേണം കരുതാൻ, ബയണ്‍, ബോണ്‍, ഡാംസ്റ്റഡ്, ഡ്യൂസൽഡോർഫ്, കൊളോണ്‍, ലൈപ് സിഗ്, കാസ്സൽ, വ്യൂർസ്ബുർഗ് എന്നീ പ്രദേശങ്ങളിൽ പ്രതിഷേധം നടത്തി ക്കൊണ്ടിരുന്ന  ഇസ്ലാമീകരണ വിരുദ്ധരായ "പെഗിഡ" തീവ്രവാദസംഘടനയുടെ പ്രകടനത്തിന്റെ ശക്തി ജർമനിയാകെ സാവധാനം കുറെയേറെ കുറഞ്ഞിരിക്കുന്നതെന്ന് കാണാം.

എന്താണ് പെഗിഡയുടെ ആവശ്യങ്ങൾ.

ജനാധിപത്യവീക്ഷണമുള്ള ആർക്കും സംശയം ജനിപ്പിക്കാത്ത ചില ആശയ  ആദർശങ്ങളാണ് അവർ മുന്നോട്ടു വച്ചത്. ഇത് ജർമൻ ജനതയെ ഒറ്റയടിക്ക് തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്താണ് ജർമ്മനിയിൽ "പെഗിഡ" സംഘടനയ്ക്ക് ആകെ പറയാനുള്ളത്.? അതിങ്ങനെയാണ് : ജർമൻ സർക്കാർ സർക്കാരിന്റെ നിലവിലുള്ള കുടിയേറ്റ നിയമത്തിൽ മാറ്റങ്ങൾ വരുത്തണം; അത് ഇപ്രകാരമാകണം.,

1.കാനഡ, സൌത്ത് ആഫ്രിക്ക, ആസ്ട്രേലിയാ, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റ നിയമ മാതൃക ജർമ്മനിയിൽ പ്രാബല്യത്തിൽ വരുത്തുക.

2.നിലവിലുള്ള കുടിയേറ്റ-നാടുകടത്തൽ നിയമത്തെക്കുറിച്ച് പൂർണ്ണമായ ചില  നടപടിക്ക് പുന:പ്പരിശോധന ചെയ്യുക.

3. തീവ്രവാദികൾക്കെതിരെയും അതിന്റെ അംഗങ്ങൾക്കെതിരെയും ഉടൻ കർശനമായ നാടുകടത്തൽ നടപ്പാക്കുക.

4. കുറ്റവാളികളായ കുടിയേറ്റക്കാരുടെ നേർക്ക്‌ യാതൊരു സഹിഷ്ണതയും പാടില്ല.

5. ശക്തമായ അതിർത്തി പരിശോധന ഉണ്ടാകണം.

6. പോലീസ് സംവിധാനം ശക്തമാക്കുക, അതിലൂടെ അവരുടെ സേവനമണ്ഡലം വിപുലമാക്കുക.

7.പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഐഡന്റിറ്റി എന്നും സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക.

8. ആന്റിപാട്രിയോട്ടിസത്തിനു എതിരെ സ്വരാജ്യത്തോടുള്ള പൊതു സ്നേഹം തുറന്നു പ്രകടിപ്പിക്കുവാനുള്ള സാധാരണത്വം.

അതേസമയം അഭ്യയാർത്ഥി അവകാശങ്ങളുടെ ദുരുപയോഗം, പ്രത്യേകിച്ച്, യുദ്ധങ്ങൾ നടക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ ചില ശ്രദ്ധേയ നിർദ്ദേശങ്ങൾ ഇവർ മുന്നോട്ട് വച്ചു. ഏതെല്ലാം  അഭയാർത്ഥികളുടെ പ്രവേശനം?, ജീവസംരക്ഷണം, വിവിധ തരത്തിലുള്ള മേൽനോട്ടം, അംഗീകാരം നൽകൽ എന്നിവയിൽ മാനുഷികമായ സേവനം ആണ് നിർദ്ദേശിച്ചത്. അതേ സമയം ജർമൻ സമൂഹത്തിൽ ഒരു മതസമാന്തര സമൂഹമോ ഒരു മതസമാന്തര നീതിവ്യവസ്ഥയോ രൂപപ്പെടുത്തുന്ന ഏതൊരു നീക്കങ്ങളെയും, (ഉദാഹരണം: ജർമനിയിൽ ജീവിക്കുന്ന മുസ്ലീംസ്ത്രീകളുടെ മേലുള്ള സ്ത്രീവിരുദ്ധതതയുള്ള  മനോഭാവം, ഷാറിയ കോടതി, ഷാറിയ പോലീസ് തുടങ്ങിയവ.) നിരാകരിച്ചു. പൊതുവെപറഞ്ഞാൽ യാതൊരു മത തീവ്രവാദ പരീക്ഷണ ശ്രമങ്ങളെപ്പറ്റിയും പാശ്ചാത്യ നാടുകളിൽ മുസ്ലീമിന് അന്വേഷിക്കേണ്ടതില്ല എന്നതാണ് അതിന്റെ അർത്ഥം. 

2014 നവംബർ മൂന്നിനാണ് ജർമനിയിൽ ആദ്യമായി "പെഗിഡ" സംഘടനാ  പ്രവർത്തനത്തിന് എതിരെ ജനാധിപത്യ വിശ്വാസികൾ ദ്രെഷ്ഡനിൽ പ്രകടനം നടത്തിയത്. അതിനുശേഷം ജർമനിയുടെ വിവിധ നഗരങ്ങളിൽ പെഗിഡ സംഘടനയ്ക്ക് എതിരെ പ്രകടനങ്ങൾ നടന്നു. ഇതിനു നേതൃത്വം നല്കിയത് ജർമൻ ഇസ്ലാമിക് സെന്റർ, ക്രിസ്ത്യൻ സഭകളുടെ നേതൃത്വങ്ങൾ, യഹൂദ മത കൂട്ടായ്മയും, ചില സംസ്ഥാന മുഖ്യ മന്ത്രിമാർ തുടങ്ങിയവരും നേതൃത്വം നൽകിയിരുന്നു. ജർമനിയിൽ വംശ വിദ്വേഷത്തിനും മതവിദ്വേഷത്തിനും എതിരെ ജനപിന്തുണ നേടിയ വിപുലമായ ഈ പൊതു സംരംഭം ജനാധിപത്യ രാഷ്ട്രമായ ജർമനിക്ക് അഭിമാനിക്കാവുന്നതാണെന്ന് മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.

പെഗിഡ വിരുദ്ധ പ്രകടനം
ഇസ്ലാം മത വിദ്വേഷവും അതു പോലെതന്നെ ഇസ്ലാം പീഡനം അനുഭവിക്കുന്ന  അഭയാർത്ഥി കളുടെയും  വരവിനെ എതിർ ക്കുന്നതും പെഗിഡ സംഘടനയുടെ മനുഷ്യത്വ രഹിതമായ ഒരു കാഴ്ച്ചപ്പാ ടാണെന്ന് അന്ന് ജനങ്ങൾ  വിധി യെഴുതിക്കഴിഞ്ഞു.  ജർമനിയി ലെയ്ക്ക് ഇപ്പോഴുള്ള കുടിയേറ്റ ക്കാരുടെ വരവു ജർമനിക്ക് ഇന്ന് അഭിമാനിക്കാവുന്നതാ ണെന്നും അത് നല്ലതുമാണെ ന്നാണ് ജർമൻ ഭരണകൂടം വിലയിരുത്തുന്നത്. അതിനാൽ ഇന്ന്  വംശ വിദ്വേഷ  നിലപാടെടുത്ത പെഗിഡയുടെ പ്രവർത്തനങ്ങളെ ജനങ്ങളുടെ കൂട്ടായ എതിർപ്പ് മാത്രമല്ല എല്ലാ മത നേതൃത്വങ്ങളും യൂറോപ്യൻ യഹൂദ സമൂഹവും സാംസ്കാരിക സംഘടനകളും തൊഴിൽ രംഗത്തുള്ള വിവിധ നേതൃത്വങ്ങളും സംഘടനകളും അവരുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പി ക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാ മാദ്ധ്യമങ്ങളും എതിർപ്പ് അറിയിച്ചു. പെഗിഡ സംഘടനയുടെ മനസ്സിലിരിപ്പ് ഇതാണ്:" അവരുടെ ആവശ്യങ്ങളെ കേൾക്കണം, അത്രമാത്രം. പക്ഷെ അവർ എന്തെങ്കിലും പറയാൻ തയ്യാറുമല്ല, പെഗിഡയുടെ പ്രവർത്തകർ കരുതുന്നത്, ബഹുഭൂരി പക്ഷം ആളുകളും അവർക്ക് ശക്തമായ മൌനപിന്തുണ നൽകുന്നു എന്നാണ്. പക്ഷെ ഇവർ,  ബഹു ഭൂരിപക്ഷവുമായി സംസാരിക്കാൻ പോലും ഇവരാരും തയ്യാറാവുന്നില്ല"  ഇതൊക്കെയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ മനസ്സിലാക്കിയ കുറെ യാഥാർത്ഥ്യങ്ങൾ.

"പെഗിഡയുടെ" പ്രധാന ആവശ്യങ്ങളായി കാണുന്നത് എന്താണെന്ന് കൂടി നമുക്ക് സൂക്ഷ്മമായി നോക്കാം. ന്യൂനപക്ഷങ്ങൾക്കും വിദേശികൾക്കും കുറഞ്ഞ അവകാശങ്ങൾ മാത്രമേ നൽകാവു എന്നാണവരുടെ ഉറച്ച നിലപാട്. യാതൊരു വിധവുമുള്ള സഹിഷ്ണതാ മനോഭാവവും വിട്ടുവീഴ്ച്ചാചിന്തയും ഇല്ലാത്ത പെഗിഡയുടെ സംഘടനയുടെ നേർക്ക്‌ വേറിട്ടൊരു മയമുള്ള ഏതു വിധ വിട്ടുവീഴ്ചയും പാടില്ലയെന്ന ഉറച്ച തീരുമാനമാണ്ചില പ്രമുഖചിന്തകരും യൂറോപ്യൻ മാദ്ധ്യമങ്ങളും സ്വതന്ത്രമായി സ്വീകരിച്ചിരിക്കുന്നത്. അതേ സമയം, ഇവരുടെ കാര്യത്തിൽ ഒരു നയപരമായ സാമാന്യമായ വിധി തീർപ്പ് കൽപ്പിക്കാനൊ അഥവാ ഒരു സങ്കൽപ്പത്തിൽ എത്തുവാനോ ജർമ്മനിയിൽ ആർക്കുമൊന്നും കഴിയുന്നില്ലല്ലോ.

ജർമൻ സമൂഹത്തിൽ വളരെയേറെ നാളുകളായി ഇരുട്ടിൽ ഒളിഞ്ഞിരുന്ന താൽക്കാലികവും അപകടകരമായതുമായതും, ഇപ്പോൾ പുറത്തു തെളിഞ്ഞ പെഗിഡ സംഘടനയുടെ മറഞ്ഞ വംശവിദ്വേഷവും ന്യൂനപക്ഷ വിരോധവും തലപൊക്കിയാടി ഉയർത്തുന്നത് യൂറോപ്യൻ സമൂഹം ഒരുപക്ഷെ അവിടെ എപ്പോഴെങ്കിലും പ്രതീക്ഷിച്ചതുമാകാം. ഏതാണ്ട് 65 % ജർമൻകാരും ഇപ്പോൾ അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: "നിലവിലുള്ള സർക്കാർ, രാഷ്ട്രീയ- മത അഭയാർത്ഥി പ്രവാഹത്തിന്റെ കാര്യത്തിലോ പുതിയ കുടിയേറ്റക്കാരുടെ വിഷയത്തിലോ, അടുത്തകാലത്തായി വളരെയേറെ ആശങ്ക ഉണർത്തുന്ന വിധം ജർമൻകാരുടെയിടയിൽ നടക്കുന്ന ഇസ്ലാമിലേയ്ക്കുള്ള നിഗൂഢമായ നിർബന്ധമതപരിവർത്തനവിഷയം സംബന്ധിച്ചോ തക്കതായ ആവശ്യമുള്ള നടപടികൾ എടുക്കുവാൻ ശ്രമിച്ചിരുന്നില്ല" എന്ന അഭിപ്രായം ആണ്. ജർമൻ ജനതയുടെ ഉയർന്ന ഭൂരിപക്ഷത്തിന്റെതാണ്,ഇത്തരം അഭിപ്രാങ്ങൾ..


 Dr. Heiner Geißler
ജനാധിപത്യ ജർമനിയുടെ പ്രമുഖ നായ മുൻ മന്ത്രിയും ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് യൂണിയൻ (CDU) മുൻ ജനറൽ സെക്രട്ടറിയായിരുന്ന  Dr. ഹൈനർ ഗൈസ്സ്ലർ എന്താണ് ജർമനിയിൽ ഈയിടെ നടത്തിയ  പെഗിഡ ഡെമോണ്‍സ്ട്രേഷനെ ഉന്നം വച്ച് ഉറച്ച് അഭിപ്രായപ്പെട്ടത്? ഭാഗിക മായി പ്രകടനക്കാരെ  ശരി വച്ചു കൊണ്ടാണ്. "പെഗിഡ ജർമൻ സമൂഹത്തിനു ഒരു ഭീഷണിയല്ല. ജനങ്ങളുടെ പ്രതിഷേധ പ്രകടനം നടത്തിയത് ഇസ്ലാമിനെതിരെയല്ല, മറിച്ച്, മനുഷ്യത്വമില്ലാത്ത ഇസ്ലാമിക ഭീകരർ നടത്തിയ കുറ്റകൃത്യങ്ങളെ യെല്ലാം കണ്ടതുകൊണ്ടുള്ള ഭീതിയാണ് അടിസ്ഥാനമായിത്തന്നെ വിരുദ്ധ വികാരം ഉണ്ടാക്കിയത്. നിരവധി ആയിരം ജനങ്ങളെ ഭീകരർ നിഷ്ടൂരമായി തലയറുത്ത് കൊല്ലുകയും, അങ്ങനെ ലോകമൊട്ടാകെ  ഇസ്ലാമിക രാജ്യവും മതപരിവർത്തനവും  സാധിക്കുകയും ചെയ്യണമെന്നുള്ള ഇസ്ലാം ഭീകരർക്ക് നേരെ നടക്കുന്ന വികാര പ്രകടനം നിഷേധിക്കാവുന്നതല്ല". 

ഒരു കാര്യം ഇവിടെ പറയാതെ കടന്ന് പോകുന്നത് ശരിയല്ല. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഈയിടെ നടന്നിട്ടുള്ള നിർബന്ധിതവും സംഘടിതവും
ആയി നടത്തിയിട്ടുള്ള മതപരിവർത്തനങ്ങൾ എല്ലാം തികച്ചും അത്രയ്ക്ക് നിർദ്ദോഷകരമായിരുന്നെന്ന് കാണാൻ കഴിയുന്നില്ല. ഇന്ത്യൻ സമൂഹത്തിൽ അസഹ്യമായ അസ്വസ്ഥതകൾ ഉണ്ടാകുവാൻ ഇവയെല്ലാം കാരണമായിട്ടുണ്ട്. സ്വന്തം മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയും അതേസമയം ഇവർ അവരുടെ മൌലീക വാദത്തിലേയ്ക്ക് തെന്നിവീഴാതിരിക്കുകയും ചെയ്യുമെങ്കിൽ ഒരു ഇസ്ലാമിക ലോകത്തിനു ആകമാനം യൂറോപ്പിലെ മുസ്ലീംങ്ങൾ ലോകത്തിനു മുമ്പിൽ ഒരു മഹത്തായ മാതൃകയാകും. ഇത്പോലെ എല്ലാ മതങ്ങളും എതു രാജ്യത്തുമായിക്കൊള്ളട്ടെ അപ്രകാരം ഒരു സംസ്കാരം സാധിക്കുന്നില്ലെങ്കിൽ പോപ്പുലിസ്റ്റുകളുടെ വിജയം യൂറോപ്പിൽ മാത്രമല്ല, വിജയം ലോകമെമ്പാടും ഉറപ്പാക്കുകയും അതിലൂടെ ഒരു ഭീകരമായ സാംസ്കാരിക പോരിനു വഴികൾ  തുറക്കുകയും ചെയ്യും //-
----------------------------------------------------------------------------------------------.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.