Freitag, 9. Januar 2015

വൃദ്ധ വിലാപം / കവിത / ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച... By- ഫാ. എബ്രാഹം കുടകശ്ശേരിൽ.

വൃദ്ധ വിലാപം

കവിത : ചെങ്ങളമാഹാത്മ്യം- ഓട്ടൻ തുള്ളൽ സമ്പാദകൻ / ടി. പി. ജോസഫ് തറപ്പേൽ - (തുടർച്ച...) 


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


 

ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./

ബഹു. ഫാ. എബ്രാഹം കുടകശേരിൽ രചിച്ച ഹൃദയസ്പർശിയായ അനുഭവ കവിത ഓട്ടൻ തുള്ളൽ രചനാരീതിയിൽ സഹൃദയർക്കു കാഴ്ചവച്ചപ്പോൾ അന്ന് മലയാളത്തിൽ അതി പ്രശസ്തനായ തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള ചെങ്ങള മാഹാത്മ്യം തുള്ളൽ കവിത വായിക്കുകയുണ്ടായി. അദ്ദേഹം ബഹു. എബ്രാഹം കുടകശേരിൽ അച്ചനു ആ കവിതയെപ്പറ്റി എഴുതി അറിയിച്ച അഭിപ്രായം ഇതോടൊപ്പം തന്നെ വായനക്കാർക്ക് സമർപ്പിക്കുന്നു: (തുടർച്ച- : ധൃവദീപ്തി).


  അഭിപ്രായ പ്രകടനം.

" പ്രി. ബ. അച്ചാ, 
'ചെങ്ങള മാഹാത്മ്യം' തുള്ളൽ ആപാദചൂഡം ഞാൻ ഒരാവർത്തി വായിച്ചു. നിസ്സാരങ്ങളായ ന്യൂനതകൾ ചിലടത്തു പറയാനുണ്ടെങ്കിലും, കൃതി ആകെപ്പാടെ ഹൃദയംഗമമായിട്ടുണ്ട്. ഇത്ര പ്രശംസാർഹമായ കവിതാവാസന അങ്ങേയ്ക്കുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങേ വാസനാബലത്തിനും മനോധർമ്മത്തിനും മിക്ക പുറങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. കവന വിഷയകമായ അങ്ങേ ഭാവി ശ്രമത്തിനു ഈ ചെറിയ കൃതി ഒരു നാന്ദിയായി പരിണമിക്കട്ടെയെന്നു ഞാൻ ആശംസിക്കുന്നു. ശേഷം പിറകെ.
അങ്ങേ വിധേയൻ 
തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള. "

ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച...
By-ഫാ. എബ്രാഹം കുടകശ്ശേരിൽ.

പിത്തപ്പുണ്ണുവെളുപ്പുതുടങ്ങി-
ട്ടെത്താതുള്ളൊരു ദീനമശേഷം
എത്രഫലപ്രദമായവിടെച്ചെ-
ന്നെത്തുന്നളവിൽ സുഖമാകുന്നു

ഞൊടിവാതം നിണവാതം പലവിധ
ഇടവാതങ്ങളുമെല്ലാം ചെങ്ങളം
നടവാതുക്കൽ ചെന്നാലുടനടി
പൊടിയാകുന്നതിനില്ല വിവാദം

താന്തോന്നിത്തമുരച്ചുനടക്കും
ഭ്രാന്തന്മാർ മാറന്തോനീസ്സിൻ
ചെന്താരടിപണിയുന്നതുകണ്ടാൽ
പന്താണവരുടെ ഭ്രാന്തെന്നോർക്കും

ഊമകൾ,ചെകിടർ,മുടന്തന്മാരും
കാണ്മതിനേതും കഴിയാത്തവരും
ആമയമീവിധമുള്ളവർപലരും
ക്ഷേമമി യന്നു വരുന്നുണ്ടവിടെ

വിശ്വാസത്തിനു കുറവുഭവിച്ചാ-
ലാശ്വാസം കിട്ടുകയില്ലൊട്ടും
സംശയരഹിതമപേക്ഷിച്ചെന്നാ-
ലാശുലഭിക്കും ഗുണമേവർക്കും

കടുകിടയോളം വിശ്വാസത്തിനു
കൊടുമുടിമാറ്റാൻ കഴിയുമതെന്നാ-
യുടയവനുടെയരുളോർത്തുഭജിച്ചാ-
ലുടനടിമാറും വിനകളശേഷം

കാളികരാളി പിശാചികൾകൂളിക-
ളാളികൾ പലവിധ കേളികളോടും
ആളുകളെല്ലാം പേടിക്കുംവിധ
മോളികളിട്ടു വിളിച്ചു പുളച്ചുക-

കളിച്ചുരസിച്ചു മദിച്ചൊരു മൂരി-
ക്കാളകണക്കമറി,ക്കടശിക്കൊരു
ധൂളികണക്കു പറന്നു ഗമിപ്പതു-
മാളുകൾ കണ്ടു വിരണ്ടീടുന്നു

പതിനെട്ടുമലയ്ക്കരിയവലെറിയും
പേതാളൻ ബഹു ഭീകരനാം യമ -
ഭൂതാളൻ, ബാധകളെ വിട്ടാ -
പ്പാതാളത്തിനു പായ് വത്കണ്ടാൽ

പേരാളും സീയാറായാലും 
ഭീയാളുന്നതിനില്ല വിവാദം 
നരിമറ്റത്തമരുന്നൊരു കാളീ-
നരികൂകുന്നതുപോലെ കരഞ്ഞി-

ട്ടൊരുചേകോത്തിയെ വിട്ടുഗമിച്ചത്‌
ചിരിവരുമേ കണ്ടെന്നാലാർക്കും 
തുള്ളക്കാരെന്നിവരുടെ നാമം 
പള്ളിക്കാരു പറഞ്ഞീടുന്നു 

ഉള്ളതുസത്യമുരച്ചിവർകേറിയ 
പുള്ളിക്കാരേവിട്ടുഗമിക്കും 
ആടുകയും ചിലർപാടുകയുംചിലർ 
ഓടുകയുംചിലർചാടുകയുംചിലർ 

അടിപിടിയിടി തൊഴിയേകുകയും ചിലർ 
കുടുമപിടിച്ചുവലിച്ചും ചിലരുടെ 
ജടകളൊളിച്ചുപിരിച്ചും ചിലരുടെ 
പിടലിതിരിച്ചുഞെരിച്ചും ചിലരുടെ 

തുടകളുരച്ചുവരച്ചും ചിലരുടെ 
ചെകിടുകൾ തച്ചുമുറിച്ചും ചിലരുടെ 
കൊന്തപറിച്ചും മുന്തിയറുത്തും 
വെന്തിങ്ങത്തിനൊരന്തം വച്ചും

"സെന്തന്തോനീസാണേപോണേ 
സന്താപത്തിനൊരന്തവുമില്ലേ"
ഇത്ഥമുരച്ചു നിലത്തു പതിച്ചവർ 
ചത്തതുപോലിരുനേത്രമടച്ചൊരു 

മാത്രകിടന്നുടനേറ്റവിടുത്തേ 
പത്തുനമിച്ചൊരുചക്രവുമിട്ടിരു-
കൈത്തളിർതങ്ങളിലൊത്തുപിടിച്ചിതി 
യിത്തനുവിൽ ഞാനെത്തുകയില്ലെ-

ന്നുത്തമമായൊരു സത്യമുരച്ച് 
സാത്താനകലത്തായതുമൂലം
ചിത്തരസത്തൊടു സത്വരമവരുടെ 
പത്തനമത്തിലെക്കെത്തീടുന്നു 

നരിയൊരുനരനുടെ കോഴിപിടിച്ചു 
നരനോ തെറ്റിയ ധാരണയാൽ ത-
സ്കരനെന്നോർത്തന്തോനിസ്സിന്നിരു
തിരികത്തിക്കാമെന്നുറച്ചു

നരിയതിരാവിലെ നരനുടെ മുറ്റ-
പ്പരിയത്തെത്തിത്താമസമായി 
തിരികെപ്പോകാൻ കൽപ്പനയായതു 
വരെയവനവിടെത്തന്നെയിരുന്നു.


(തുടർച്ച  അടുത്തതിൽ- ധ്രുവദീപ്തി ഓണ്‍ലൈൻ)

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.