-ധ്രുവദീപ്തി -
സഭയുടെ അല്മായ ദർശനത്തിൽ ആധുനികവും ഏറെ വിശാലവും ശ്രദ്ധാർഹവുമായ നിർണ്ണായക പുരോഗമനത്തിന് വഴിതെളിച്ച മഹാ
സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിൽ. ആദിമസഭയുടെ ആത്മചൈതന്യത്തിന്റെ
പുനരാവിഷകരണമാണ് ഇവിടെ കാണുക. ഈ അത്മായ ദർശനത്തിന്റെ അടിസ്ഥാനവും ചരിത്ര
പുരോഗതിയും വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.
ജനകീയ സംരംഭങ്ങളുടെ വിജയം.
ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത് -
Rev. Dr. Thomas Kuzhinapurathu |
രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ പങ്കെടുത്ത അല്മായ പ്രമുഖനായിരുന്ന പ്രൊ. റമോണ്‍ സുഗ്രായൻസ് ഇങ്ങനെ അഭിപ്രായ പ്പെടുന്നു: രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ സംഭവങ്ങളിൽ ഏറ്റം പ്രധാനം ഇതാണ് - തിരുസഭയെയാകെ സംബന്ധിക്കുന്ന കോണ്‍സ്റ്റിട്യൂഷനിൽ ദൈവ ജനത്തെക്കുറിച്ചുള്ള അദ്ധ്യായത്തിന് പ്രഥമസ്ഥാനം നൽകി. സഭയുടെ അല്മായ ദർശനത്തിൽ നിർണ്ണായക പുരോഗമനത്തിന് വഴിതെളിച്ച മഹാ സംഭവമായി രുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിൽ. ആദിമസഭയുടെ ആത്മചൈതന്യ ത്തിന്റെ പുനരാവിഷകരണമാ ണ് ഇവിടെ കാണുക. ഈ അത്മായ ദർശനത്തി ന്റെ അടിസ്ഥാനവും ചരിത്ര പുരോഗതിയും വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.
ആരാണ് അല്മായൻ
യേശുക്രിസ്തുവാകുന്ന മൂലക്കല്ലിൽനിന്നും (1 കോറി 3,11 ) അപ്പസ്തോലന്മാരും പ്രവാചകരുമാകുന്ന അടിത്തറമേൽ (എഫേ 2, 20) പണിതുയർത്തപ്പെട്ട സഭ യിലെ സജ്ജീവ ശിലകളാണ് അല്മായർ (1 കോറി.3, 16-17 ; എഫേ 2,21-22 ;1 പത്രോ.2,5 ). വിളിച്ചു കൂട്ടപ്പെട്ടവരുടെ ഈ സമൂഹത്തിൽ ( Ecclesia ) എല്ലാ അംഗ ങ്ങൾക്കും അവർ മെത്രാന്മാരോ വൈദികരോ സന്ന്യാസികളോ അല്മായ രോ ആരുമായിക്കൊള്ളട്ടെ, അവർക്ക് സഭയുടെ സ്വന്തം സാകുലത (wholeness) സൃഷ്ടി ക്കുന്നതിൽ സജീവമായ പങ്കുവഹിക്കുവാനുണ്ട്. ലോകത്തിൽ ദൈവ വേല നിർവഹിക്കുന്നവരാണ് അല്മായർ. അല്മായർ എന്ന വാക്ക് ഉരുത്തിരിഞ്ഞ ''ഒല്മോ' എന്ന സുറിയാനി വാക്കിന്റെ അർത്ഥം ലോകം എന്നാണ്. ആദിമകാലം മുതൽക്കേ അല്മായർ സഭയുടെ സജ്ജീവ ഘടകങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. പിന്നീട് സഭാചരിത്രത്തിന്റെ ഗതിവിഗതികൾക്കിട യിൽ ഈ പരമ്പരാഗതവീക്ഷണത്തിന് ചില പരിണാമങ്ങൾ സഭയിൽ സംഭവിച്ചുവെന്നത് ഒരു അനിഷേധ്യ വസ്തുതയാണ്. എന്നാൽ ഇന്ന് ഈ ഉത്കൃഷ്ട ദർശനത്തിന്റെ പുനരാവിഷ്കരണത്തിനുള്ള സുധീര പരിശ്രമങ്ങൾ സഭയിലാകെമാനം നടന്നു കൊണ്ടിരിക്കുന്നു.
അല്മായ പൌരോഹിത്യത്തിന്റെ അർത്ഥവ്യാപ്തി.
സഭയുടെ അടിസ്ഥാനവും കെട്ടുപണിക്കാരുമാണ് മെത്രാന്മാരും വൈദികരും അടങ്ങുന്ന സമൂഹം. ഈ സമൂഹത്തിന്റെ അപ്പസ്തോലിക പൌരോഹിത്യം അടങ്ങിയിരിക്കുന്നത് ദൈവജനമാകുന്ന സഭയ്ക്കുവേണ്ടി അവർ ശുശ്രൂഷ ചെയ്യുന്നതിലും സഭയെ സജ്ജീവമായി പണിതുയർത്തുന്നതിലുമാണ്. ശുശ്രൂ ഷാ പൌരോഹിത്യം ഇത്തരത്തിൽ നിർവചിക്കപ്പെടുമ്പോൾ ദൈവജനത്തി ന്റെ മുഖ്യ പങ്കുവരുന്ന അല്മായ സമൂഹം കേവലം ഭരണീയരായി മാത്രം കരു തപ്പെടുന്നില്ല.
ക്രിസ്തു തന്റെ പൌരോഹിത്യ ശ്രേഷ്ടത സഭയിലാകമാനം സംവേദനം ചെയ്തിട്ടുണ്ട്. തന്മൂലം ദൈവജനമൊന്നാകെ ഈ പൌരോഹിത്യത്തിൽ പങ്കു പറ്റുന്നു. ശുശ്രൂഷാപുരോഹിതൻ ദൈവജന സേവനത്തിനായി അഭിഷേകം വഴി നിയോഗിക്കപ്പെടുന്നു. എന്നാൽ അല്മായ വിശ്വാസികളുടെ രാജകീയ പൗരോഹിത്യം തങ്ങളുടെ ജീവിതം നീതിപൂർവകവും സ്നേഹാധിഷ്ഠിതവും ആയി ദൈവത്തെ ലക്ഷ്യമാക്കി നയിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. അല്മായർ തങ്ങളുടെ വിശ്വാസ ജീവിതം വഴി ക്രിസ്തുവിന്റെ പൌരോഹി ത്യത്തിൽ പങ്കുകാരാകുന്നു എന്നർത്ഥം.
അവർ തങ്ങളുടെ ജീവിതാർപ്പണം വഴി യഥാർത്ഥ ബലിയർപ്പകരാകുകയാണ് (വത്തിക്കാൻ കൗണ്‍സിൽ II തിരുസഭ.34). ജീവിതാർപ്പണം പുരോഹിത പ്രവർ ത്തിയാണെന്ന ചിന്ത പുരാതന കാലം മുതൽക്കേ സഭയിൽ നില നിന്നിരുന്നു. സഭാപിതാക്കന്മാരുടെ കൃതികളും പുരാതന ആരാധനക്രമങ്ങളും നല്കുന്ന സൂചനയനുസരിച്ച് രക്തസാക്ഷികളുടെ ജീവിത സമർപ്പണം ഒരു ബലിവസ്തു അവരുടെ ജീവിതം തന്നെയായിരുന്നു. അല്മായ പൌരോഹിത്യത്തിന്റെ അർത്ഥവ്യാപ്തിയിലേക്കാണ് ഈ ചിന്ത വിരൽ ചൂണ്ടുന്നത്. ദൈനം ദിനം യാഥാർത്ഥ ക്രൈസ്തവ ജീവിതം വഴി ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ പൊതുപൈത്രുകാവകാശമായി പൗരോഹിത്യം ഇവിടെ പരിണമിക്കുന്നു.
ചരിത്ര പരിണാമം.
സുവിശേഷ ദർശനത്തിലും ആദിമ സഭയിലും വൈദിക-അല്മായ വൈജാത്യം തുലോം തുച്ഛമായിരുന്നെന്ന് മനസ്സിലാക്കാം. അപ്പസ്തോലന്മാർക്കൊപ്പം വേറെ എഴുപത്തിരണ്ട് ദൈവജന പ്രതിനിധികളടങ്ങുന്ന ശിഷ്യഗണത്തെ യേശു ക്രിസ്തു തെരെഞ്ഞെടുക്കുന്നുണ്ട് (ലൂക്കാ 10:1). ഇതര പുതിയ നിയമഗ്രന്ഥ ങ്ങളിലും ശുശ്രൂഷാപുരോഹിതരുടെ പ്രത്യേക ശുശ്രൂഷാ അധികാരങ്ങളെ ക്കുറിച്ചു പ്രതിപാദിക്കുന്നതോടൊപ്പം ദൈവജനമൊന്നാകെ പങ്കുവയ്ക്കുന്ന ആത്മീയതയേയും സഭാജീവിതത്തെയും പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട് (1 കോറി. 3:9- 17; എഫേ. 2:19-22; റോമ. 12:3-8, ഹെബ്ര. 13: 7; 1517 ; 1 പത്രോ. 2:4-10; 5:1-5). ആദിമസഭയിൽ ദൈവജനം എകസമൂഹമായാണ് പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. സഭാശുശ്രൂഷകളിൽ മാത്രം നിലനിന്നിരുന്ന ഈ വ്യത്യാസം അവസ്ഥാന്തരമായിരുന്നില്ല.
ഏ. ഡി. നാലാം നൂറ്റാണ്ടുവരെ സഭയിൽ ഈ കാഴ്ചപ്പാട് നിലനിന്നിരുന്നു. പിന്നീട് രൂപംകൊണ്ടിരുന്ന സഭയിലെ അധികാരസങ്കൽപ്പത്തെ വളർത്തിയത് ദൈവശാസ്ത്രത്തെക്കാൾ ഉപരി ചരിത്രമായിരുന്നു. മതേതര ചരിത്രത്തിൽ ഫ്യൂഡലിസവും സാമ്രാജ്യത്വവും വളർന്നതോടെ തദനുസ്രുതമായ മാറ്റങ്ങൾ സഭയിലും സംഭവിക്കുകയായിരുന്നു.
കോണ്‍സ്റ്റന്റീൻ ചക്രവർത്തി |
ഏ. ഡി. 312-ൽ കോണ്‍സ്ടന്ടിൻ ചക്രവർത്തി കുരിശു ധരിച്ചു മിൽവിയൻ പാലത്തിനടുത്ത് യുദ്ധത്തിനിറങ്ങി. ആ യുദ്ധത്തിൽ അദ്ദേഹം മാക്സ്യൻസിനെതിരെ വൻവിജയം നേടി. റോമാ ചക്രവർത്തിയായി. ഈ നേട്ടത്തിന് പിന്നിൽ ക്രിസ്തുവിന്റെ ശക്തിയാണെന്ന് കോണ്‍സ്റ്റന്റൈൻ വിശ്വസിച്ചു. ഇത് സഭാചരിത്രത്തിൽ ഒരു നൂതന അദ്ധ്യായത്തിന് തുടക്കം കുറിച്ച സംഭവം ആയിരുന്നു. ഏ. ഡി. 313-ൽ കോണ്‍സ്റ്റന്റൈൻ ചക്രവർത്തി നടത്തിയ മിലാൻ വിളമ്പരം വഴി ക്രൈസ്തവസഭ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു .
ഇതേത്തുടർന്ന് സഭാജീവിതം ഒരു ഘടനാപരമായി മറ്റൊരു പുതിയ ശൈലി കൈക്കൊള്ളുകയായിരുന്നു. മെത്രാന്മാർക്കും വൈ ദികർക്കും പ്രഭുതുല്യമായ അധികാരാവകാശങ്ങൾ നൽകപ്പെട്ടു. ഏ.ഡി. 325 നു ശേഷം നടന്ന ഏഴു പൊതുസൂനഹദോസുകളിൽ രൂപപ്പെട്ട നിയമങ്ങളിൽ അ ല്മായർക്ക് സഭാജീവിതത്തിൽ പലവിധ വിലക്കുകളും കല്പ്പിക്കപ്പെട്ടു. അൾ ത്താരയിൽ പ്രവേശിക്കുവാൻ പാടില്ല, സഭയുടെ മേലദ്ധ്യക്ഷന്മാരുടെ തിര ഞ്ഞെടുപ്പിൽ പങ്കാളിത്തമില്ല, സഭയിൽ ഔദ്യോഗികമായി പഠിപ്പിക്കാൻ പാടി ല്ല, മുതലായവ ചില ഉദാഹരണങ്ങൾ മാത്രം. വിവാഹം കഴിച്ചു കുടുംബ ജീവി തം നയിക്കുന്നത് ലോകവ്യാപാരങ്ങളോടുള്ള അമിത തൽപ്പരതയായി പരിഗ ണിക്കപ്പെട്ടു.
മദ്ധ്യ നൂറ്റാണ്ടിൽ ഉണ്ടായ ബാർബേറിയൻ ആക്രമണം വഴി വിദ്യാഭ്യാസവും സാംസ്കാരിക സമ്പന്നതയും സാധാരണ ജനങ്ങൾക്ക് അന്യമായിത്തീർന്നു. സാംസ്കാരിക വികസനം കൊവേന്തകളിലും വൈദിക പരിശീലന കളരികളി ലും മാത്രമായി ഒതുങ്ങിയതോടെ, സഭാതീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നിന്നും പൊതുചർച്ചകളിൽ നിന്നും അല്മായസമൂഹം ഒഴിക്കപ്പെട്ടു. പതിനാ റാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റു നവീകരണപ്രസ്ഥാനം വൈദിക നേതൃത്വത്തിനെ തിരെ വിമർശന ശരങ്ങൾ സഭാശുശ്രൂഷയിൽ അല്മായർക്കുണ്ടായിരുന്ന പങ്കാളിത്തം തന്നെ നിഷേദ്ധ്യമായി.//-
(തുടരും- ധ്രുവദീപ്തി)
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.