Samstag, 27. Dezember 2014

Politics // രാഷ്ട്രീയ കേരളം/ / നിയമം നിയമത്തിന്റെ വഴിക്കു പോകും...? / K.A.Philip, U.S.A

ധ്രുവദീപ്തി :Politics // 


 രാഷ്ട്രീയ കേരളം/ / 

നിയമം നിയമത്തിന്റെ വഴിക്കു പോകും...? / 


K. A. Philip, U. S. A


രാഷ്ട്രീയ കേരളം / 

കേരളത്തിലെയും കേരളത്തിൽ നിന്നും മറുനാട്ടിൽ ജീവിക്കുന്നവരുമായ എല്ലാ മലയാളികളും ഇപ്പോൾ പരസ്പരം ചോദിക്കുന്ന ഒരു പ്രധാന വിഷയമാണ് ഈ നാട് എന്നെങ്കിലും നന്നാകുമോ എന്ന്. കേരളത്തിന്റെ വികസനം വളരെ  വളരെ നന്നായിക്കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടു തന്നെയാണ് ദോഷൈക ദൃക്കുകൾ നിസ്സഹായതയിൽ ഇപ്രകാരം അഭിപ്രായം പറയുന്നത്.

എന്താണ് കേരളത്തിലെ ജനങ്ങൾ നിലവിൽ നേരിടുന്ന ഗുരുതരമായിട്ടുള്ള  പ്രശ്നവിഷയങ്ങൾ? എണ്ണിയാൽ ഒട്ടു തീരാത്ത വളരെയധികം കാര്യങ്ങൾ ഉണ്ടായിരിക്കുന്നു എന്ന് ഒറ്റവാക്കിൽ പറയേണ്ടതുണ്ട്.

കേരളത്തിലെ ജുഡീഷ്യറി സംവിധാനവും, ജനാധിപത്യരാഷ്ട്രീയ ഘടനയും,  ഭരിക്കുന്നവരും, ജനാധിപത്യ നിയമസഭയും, മതവും മത നേതൃത്വങ്ങളും, വിശ്വാസവും ജീവിതവും ഏറെ പ്രശ്നസങ്കീർണ്ണമാണ്. നമ്മുടെ സാംസ്കാരിക സാമൂഹിക മൂല്യങ്ങളും, പൊതുവിദ്യാഭ്യാസവും, പൊതുജനാരോഗ്യവും, മാലിന്യവും സംസ്കരണവും, സാമ്പത്തികവും നികുതിയും, തൊഴിൽ നയവും, നീതിന്യായ വ്യവസ്ഥയും, കുറ്റകൃത്യങ്ങളും, ശിക്ഷാവിധികളും, എല്ലാം തന്നെ നിരീക്ഷണ വിധേയമാകേണ്ടിയിരിക്കുന്നു. ലോകം മുഴുവനുമുള്ള ഏതൊരു മലയാളികളുടെയും നിസ്സഹായ ചിന്താവിഷയത്തിലെ ചൂടുള്ള നിത്യസംസാര വിഷയങ്ങളാണ് ഇവയെല്ലാം. അപ്പോൾ ഈ വിഷയങ്ങളെപ്പറ്റിയും നാം ഇവിടെ ഹൃസ്വമായ അവലോകനം ചെയ്യുന്നത് ഉചിതവുമായിരിക്കും.

ജനാധിപത്യത്തിലെ അഴിമതിയാണ് കേരളത്തെ ഇന്നും കാർന്നുതിന്നുന്ന ചികിത്സാവിധിയില്ലാത്ത മഹാരോഗം എന്ന് ലോകം മുഴുവനും വളരെയേറെ  പ്രസിദ്ധമാണ്. മദ്യനിരോധനവും സർക്കാർ ഓർഡിനൻസുകളും, വിവിധ നികുതിവർദ്ധനവും, കാർഷികരംഗത്തിലെ തകർച്ചയും, ആരോപണങ്ങളും, നിയമനിർമ്മാണവും, അതിൽ കോടതികളുടെ നിരോധന ഇടപെടലുകളും, നിയമം റദ്ദാക്കലും ശാസനകളും എല്ലാംകൊണ്ടും ജനജീവിതത്തിലൊട്ടാകെ ഭീകരാന്തരീക്ഷം സൃഷിടിച്ചു കഴിഞ്ഞു. ഇതുമായി വളരെയേറെ അടുത്തു ബന്ധപ്പെട്ടുകൊണ്ട് കേരള രാഷ്ട്രീയത്തിൽ ചില സമുദായങ്ങളും വിവിധ മത നേതൃത്വങ്ങളും അനവസരത്തിലുള്ള ഇടപെടലുകളും ഉണ്ടായി. 

ഇതെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങൾ, വാദപ്രതിവാദങ്ങൾ, വിവിധ മഹാ ശക്തിപ്രകടനങ്ങൾ ഇവയൊക്കെ നിത്യസംഭവങ്ങളായി മാറി. എന്നും തുടർന്ന് നടക്കുന്ന അഴിമതിയന്വേഷണം, മൊഴിയും മറുമൊഴികളും ഒരുവശത്ത്‌. മറു വശത്ത്‌ പൊതുജനാരോഗ്യരംഗത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നവും അഴിമതിയും തൊഴിൽ വിദ്യാഭ്യാസ രംഗത്തെ കടുത്ത തകർച്ചയും വേറെ. എല്ലാത്തിനുമുപരി നീതിന്യായരംഗത്തെ ജനദ്രോഹപരമായ വീഴ്ചകൾ, കേരളാപോലീസ്വകുപ്പ് ഘടനയിലെ കടുത്ത അരാജകത്വം, തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളുടെ പോർവിളികളുടെയും ഭീഷണികളുടെയും ശബ്ദം നിറയുന്ന കേരളത്തിലെ നിയമനിർമ്മാണസഭയും, ഭരിക്കുന്ന മന്ത്രിമാരും അവരുടെ ഉദ്യോഗസ്ഥന്മാരും നിത്യചർച്ചാവിഷയമാണ്. കേരളത്തിൽ ഇന്ന്  അങ്ങോട്ടും ഇങ്ങോട്ടും ആരോടും എന്തിനും ഏതിനും സാധാരണ നമ്മളുടെ  ജീവിതത്തിൽ കോഴപ്പണം നൽകാതെ ഒരു കാര്യങ്ങളും സാധിക്കുകയില്ലെന്ന സാമൂഹ്യസംസ്കാരം കൊഴുത്തുവരുന്നു. കോഴപ്പണം വാങ്ങിയ കുറ്റങ്ങളെല്ലാം   എങ്ങനെ ആർക്കു തെളിയിക്കാൻ കഴിയും? 

കേരളസംസ്ഥാന നിയമ സഭയും മന്ത്രിസഭയും മുൻ കാലത്തും ഇന്നുമുള്ള തനിരൂപം എന്താണെന്നുള്ള ചില യാഥാർത്ഥ്യങ്ങൾ മലയാളികൾക്ക് ഏറെ അറിയാം. മന്ത്രിസഭകളുടെ പേരിൽ ഇന്നും ഉന്നയിക്കപ്പെടുന്ന പുകയുന്ന ഓരോ ആരോപണങ്ങളുടെ എണ്ണവും വണ്ണവും ഓരോ ദിവസവും കൂടിക്കൂടി വന്നിട്ടുള്ളതാണ് കാണാൻ കഴിയുന്നത്‌. എക്കാലവും കേരളത്തിലെ എല്ലാ  തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും വിവാദങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ കേരളത്തിൽ നിയമസഭയിൽ മന്ത്രിസഭയ്ക്ക് പരാജയം നേരിടുന്ന വിവിധ കാര്യങ്ങളും പലപ്പോഴും ഉണ്ടായിരുന്നു. ഇന്ന് ഏറെ സജ്ജീവമായിട്ടുള്ള ഒരു ചോദ്യമാണിത്: പ്രതിപക്ഷം നിയമസഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് നല്ല  കീഴ്വഴക്കമാണോ? കേരളത്തിലെ നിയമസഭകളിൽ പലപ്പോഴും നാം നേരിട്ട്  കണ്ടിട്ടുള്ള സംഭവങ്ങൾ ഇല്ലാതാക്കാൻ ഭരണഘടനാപരമായ തക്ക നടപടി ആവശ്യമായിരുന്നു.   

ഇപ്പോഴുള്ള കേരള സർക്കാരിനെ അഴിമതിഭരണം നടത്തുന്ന ജനദ്രോഹപര മായ നിയമങ്ങൾ നടപ്പാക്കുന്ന സർക്കാർ എന്ന് ജനങ്ങൾ വിളിക്കുന്നു. ആരോ പണങ്ങൾ തുടക്കത്തിൽ തന്നെ ഉണ്ടായതിങ്ങനെയാണ്: മുഖ്യമന്ത്രിയുടെയും  ഓഫീസിൽ അഴിമതി, മുഖ്യമന്ത്രിയുടെ കാവൽക്കാരൻ മുതൽ അടുത്തു നിൽക്കുന്നവരും അഴിമതിക്കാർ, സോളാർ അഴിമതിയും ബാർ അഴിമതിയും,  ആരോപണവും, വിദ്യാഭ്യാസമേഖലയിലുള്ള ഹയർസെക്കൻഡറി സ്കൂളുകൾ  
അഴിമതിയും, എന്ന് തുടങ്ങി യൂ. ഡി. എഫ് എന്ന സംവിധാനത്തിന്റെ ഭരണം തുടങ്ങിയത് മുതൽ "അഴിമതി" സർക്കാർ എന്നാണു കേരളത്തിലെ ഭരണത്തെ പരാമർശിച്ചു പറഞ്ഞു തുടങ്ങിയത്. അതുപക്ഷെ പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങൾക്ക് സർക്കാർ രാജിവച്ചു ഇറങ്ങി പോകണം എന്ന് പറയാൻ വയ്യാത്ത തരത്തിൽ യഥാർത്ഥ ചിന്താക്കുഴപ്പത്തിലായി. സാമ്പത്തികമായി കേരള റബർ കാർഷിക മേഖലയുടെ തകർച്ചയിൽ കർഷകരും സാധാരണ ജനങ്ങളും ഏറെ  കഷ്ടത്തിലായി തളർന്നു കഴിഞ്ഞു. ഇനി ആര് ഭരിച്ചാലും ഭാവിയിൽ എല്ലാം അപ്രകാരം തന്നെ എന്നവർ പിറുപിറുക്കുന്നു..
 
മൂലധനനിക്ഷേപത്തിനും അങ്ങനെ തൊഴിലില്ലായ്മയുടെ പരിഹാരത്തിനും വഴിയില്ലാത്ത ദൂഷിതവലയത്തിലാണ് കേരളം വന്നു നിൽക്കുന്നത്. പ്രവാസി മലയാളികളും കേരളത്തിലെ അവരുടെ സാമ്പത്തിക നിക്ഷേപങ്ങളും ഒട്ടും  സുരക്ഷിതമല്ലായെന്ന ആശങ്കയുള്ളവരാണ്. ടൂറിസത്തിലെ പ്രശ്നങ്ങളും മറ്റു സുരക്ഷയും മറ്റൊരു വിഷയം തന്നെയാണ്. നിക്ഷേപത്തിന് ആഗ്രഹിക്കുന്ന പ്രവാസിമലയാളികളെ മനം മടുപ്പിക്കുന്ന നിരന്തരമുള്ള നിയമയുദ്ധം നടത്തി ഉപദ്രവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥ നിലപാടിൽ വീണ്ടുവിചാരമുണ്ടാകണം. സുരക്ഷിതമല്ലാത്ത അവർക്ക് കൈവശമുള്ള ഓ. സി. ഐ. യും പി. ഐ. ഓയും വച്ചുകൊണ്ട് നിക്ഷേപത്തിന് ക്ഷണിക്കുന്നത് പരിഹാസ്യമാണ്. അവർക്ക് വാഗ്ദാനം നല്കിയ ആ നിയമം അവർക്ക് സമ്പൂർണ്ണ സഹകരണം നല്കുന്നില്ലെന്ന് പ്രവാസി മലയാളികൾ ആക്ഷേപം പറയുന്നു . അതല്ലെങ്കിൽ, പ്രവാസികളുടെ നിക്ഷേപം സ്വപ്ന പദ്ധതികളായി മാറും. കേരളത്തിൽ നടന്ന പ്രവാസീ മഹാ സമ്മേളനം കുറെപ്പേരുടെ അഴിമതി നിഴൽ നാടകം മാത്രമാണ്.

എന്തുകൊണ്ട് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളോ അക്രമസംഭവങ്ങൾക്കോ വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണായി കേരളം അങ്ങനെ മാറിയിരിക്കുന്നു. അല്ലെങ്കിൽ ദീർഘവീക്ഷണം കുറഞ്ഞ ഭരണാധികാരികൾ കേരളത്തെ അങ്ങനെയാക്കി മാറ്റിയിരിക്കുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടികൾക്ക് സർക്കാർ സജ്ജമായിരിക്കണം. ആദിവാസികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയെല്ലാം  നിരന്തരം തള്ളിക്കളയുന്ന സർക്കാരിന് അവരുടെ നിലവിളി മനസ്സിലാക്കാൻ ഒരിക്കലും കഴിയുന്നില്ല. ഇതിലെ പ്രധാന കാരണം അറിഞ്ഞുതന്നെ  ചികിത്സ നടത്തണം എന്നാണല്ലോ പറച്ചിൽ. 

കേരളത്തിൽ പുതിയ ജോലിക്കുള്ള സാദ്ധ്യതകൾ വിരളമാണ്. കേരളത്തിൽ തൊഴിൽ ലഭിക്കുവാനുള്ള ബുദ്ധിമുട്ട് തൊഴിൽ രംഗത്തുണ്ടായ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. എവിടെയും ജോലി ലഭിക്കുവാൻ കൊടുക്കേണ്ട കോഴയെപ്പറ്റി കടുത്ത പരാതിയുയരുന്നു. അവിടെ സർക്കാർ തലത്തിലും സ്വകാര്യതലത്തിലും വളരെ കൊഴുത്ത കോഴപ്പണം നേർച്ചയായി നല്കണം. 1970 കളിൽ കേരളത്തിൽ സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ഏതാണ്ട് 137 കോടി രൂപയായിരുന്നു എന്ന് സംസ്ഥാന ഔദ്യോഗിക കണക്കുകൾ ഉണ്ട്. അന്ന് അതിൽ ഉദ്യോഗസ്ഥർക്ക് ആയി 87 കോടി രൂപ (60 % ലധികമായി)ശമ്പളമായി പോയിരുന്നു. കടം എടുത്തു വീണ്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഇന്നത്തെ സംസ്ഥാന സാമ്പത്തികനിലയോ, എങ്ങനെ? ഇന്ന്  സംസ്ഥാനത്ത് കടക്കെണിയുടെ കണക്കു മിച്ചം. ഉദ്യോഗസ്ഥരുടെ ശമ്പളനില  ഇനിയും കൂട്ടണമെന്ന മുറവിളി കൂടുകയുമാണ്. 

കേരളത്തിലെ കർഷകന്റെ ഭാവിയായിരുന്നു റബ്ബർ കൃഷി. കഴിഞ്ഞകാല  കേന്ദ്ര സർക്കാർ അധികാരത്തിൽ നിന്നും മറയുന്നതിനു മുൻപ് കാർഷിക രംഗം കേരളത്തിൽ തകർത്തു. ഇതിനെതിരെ കേരളം ഭരിച്ചുകൊണ്ടിരുന്ന യൂ. ഡി. എഫ് സർക്കാർ അറിഞ്ഞുകൊണ്ട് ചെറുവിരലനക്കിയില്ലയെന്നു ജനങ്ങൾ. അതിനു പകരം കടുപ്പത്തിലുള്ള ശിക്ഷയും ഇവിടെ കർഷകർക്ക് കൊടുത്തു, അവർക്ക് അധിക നികുതിയും വർദ്ധിപ്പിച്ചു! എന്നിട്ട് സർക്കാർ അഴിമതി ഈ  ഉദ്യോഗസ്ഥരെ ശമ്പള വർദ്ധനവിൽ ഊട്ടി വളർത്തുന്ന പ്രഖ്യാപനം സർക്കാർ മുറയ്ക്ക് നടത്തി. കേരളത്തിലെ കർഷകരുടെ അപകടകരമായ ഭാവി എന്നും  അവഗണിച്ച കേരളത്തിലെ സർക്കാർ, ഇതും കണ്ടില്ലെന്നു നടിച്ചാൽ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് ജനങ്ങൾ അതിവേഗം  നിപതിക്കുമെന്നുള്ളതിൽ എന്തിനു സംശയിക്കണം?

കേരളത്തിലെ സാധാരണ ജനങ്ങൾക്ക്‌ പൊതുജീവിതം ഉറപ്പാക്കുന്ന നിയമവും ജുഡീഷ്യറി സംവിധാനവും ഇന്ന് പ്രായോഗികമല്ലാത്തതായി. കേരളത്തിൽ പഴയ നിയമങ്ങളിൽ പുതുക്കിപ്പണിയും, കൂടിയ സംരക്ഷണവും ഉണ്ടാകണം. കേരളത്തിൽ നിലവിലെന്താണ് സംഭവിക്കുന്നത്‌? "നിയമം നിയമത്തിന്റെ വഴിക്കു പോകും" രാഷ്ട്രീയക്കാരും മന്ത്രിമാരും എന്തിനും ഏതിനും അങ്ങനെ പറയുന്നു. ശരിയാണ്, നിയമം ആർക്കുവേണ്ടിയും നിൽക്കുന്നില്ല, അത്  കടന്നു പോകുന്നുവെന്നതാണ്‌ കാണാൻ കഴിയുന്നത്. ഇന്ന് പണത്തിനു മേൽ നിയമം വഴിമാറി ഒഴുകിപ്പോകും.

അതുപക്ഷെ അപകടകരമായ ക്രമസമാധാനനിലയാണ് ഇതുമൂലം രാജ്യത്ത് നഷ്ടപ്പെടുന്നത്.  ഇതോടെ ഒരു ജനതയുടെ സാമൂഹ്യമൂല്യച്ഛ്യുതിയാണ് സംഭവിക്കുന്നത്‌. സംസ്ഥാനത്തെ കോടതികളുടെ സംവിധാനമോ, പോലീസ് ഘടനയോ എല്ലാം തന്നെ നിർവീര്യമാകുന്നുണ്ട്. ഇപ്രകാരം അസ്വസ്ഥമായ ഒരുസമൂഹത്തെ സൃഷ്ടിക്കുകയെന്ന ദുഷ്ഠലാക്ക് നോക്കുന്ന കേരളത്തിലെ സാമൂഹ്യവിരുദ്ധർക്കു വിഹരിക്കാൻ വളരെയേറെ എളുപ്പമാക്കുന്നു. വേറെ കാരണങ്ങൾ അവർക്ക് തേടേണ്ട ഒരു ആവശ്യവുമില്ലല്ലോ.

കുടുംബങ്ങളിൽ നടക്കുന്ന കൊലപാതകങ്ങൾ, രാഷ്ട്രീയ പകപോക്കലുക ൾക്ക് വേണ്ടിയുള്ള കൊലപാതകങ്ങൾ, ലൈംഗിക പീഡനങ്ങൾ, മോഷണം, പിടിച്ചു പറിക്കൽ, തുടങ്ങിയ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിൽ കുറ്റവാളികൾ ക്ക് വീണ്ടു വിചാരത്തിന്റെയോ വ്യാകുലതയുടെയോ ആവശ്യങ്ങൾ കാണു ന്നില്ല. ഇതിനു കാരണം, കുറ്റകൃത്യം ചെയ്താലും ലഭിക്കാവുന്ന ശിക്ഷയെക്കു റിച്ചുള്ള ഭയം പ്രതികൾക്ക്    ഇല്ലാതായി. ചിലപ്പോൾ ശിക്ഷാവിധി ഒരു ജീവ പര്യന്തം,അഥവാ അതിലും കുറഞ്ഞ കാലം ആയിരിക്കും..

കാലം മാറിയില്ലേ. ക്രിമിനലുകൾക്ക് ജയിലിൽ എല്ലാ നല്ല സൌകര്യങ്ങളും സ്വന്തം വീടുകളിൽ  ഉള്ളതിലേറെ ലഭിക്കുന്നു. ഭക്ഷണം രാജകീയം! ഇന്ന് ഗോതമ്പുണ്ടയും, ചിരട്ടയും, ഇരുമ്പ് ചട്ടിയും മാറി. അവിടെ എന്തും ലഭിക്കും. നികുതിപ്പണം കൂട്ടുന്നതിൽ വാശിപിടിക്കുന്ന പാർട്ടി സർക്കാർ നടത്തിയ ദൂർത്തടിച്ച ചെലവുകൾക്ക് കണക്കുകളില്ല.! കുറ്റവാളികൾക്ക് വി.ഐ. പി. സുരക്ഷാസൌകര്യങ്ങൾ !

ജയിൽവാസ പരിഷ്കരണം മാറി വരുന്ന സർക്കാരുകൾ ചെയ്യുന്നുണ്ട് . ജയിൽ ശിക്ഷയെന്നത് ഒരു നരക ജീവിതമാണെന്ന്   കരുതിയ ഒരു പഴയകാലം ഉണ്ടാ യിരുന്നു. ഇന്ന് ജയിൽ വാസം എന്നത് ചിലർക്ക് ഒരു മേൽ പദവിയായിട്ടുണ്ട് . ജയിൽ വാസം കഴിഞ്ഞു പുറത്തു വരുന്ന അനേകം ക്രിമിനലുകൾ വീണ്ടും തരംപോലെ അതെ കുറ്റങ്ങൾ ചെയ്യുന്നതായി നാമെല്ലാം കേൾക്കുന്ന നിത്യ യാഥാർത്ഥ്യങ്ങളാണ്. ഒരു കേസ്സിൽ ഉടൻ പോലീസ്‌വകുപ്പിന്റെ നേരിട്ടുള്ള തെളിവെടുപ്പ് നടക്കുമെന്നിരിക്കട്ടെ, അതുപക്ഷെ പൂർത്തിയാകുന്നത് കാല ഹരണ സമയം കഴിഞ്ഞാലും തീരുന്നില്ല. എത്രയെത്ര വിവാദ കേസ്സുകൾ ഇങ്ങനെ നീണ്ടുപോകുന്നു.? ഒരുദാഹരണമാണ് സി. അഭയ കൊലപാതക കേസ്സ്.

ഒടുവിൽ കേസില്ലാത്ത ഒരു അവസ്ഥയുണ്ടാകുന്നതുവരെ മാറ്റിവയ്ക്കും.  അതിവേഗ കോടതി സംവിധാനം നടപ്പാക്കട്ടെ. പോലീസും കോടതിയും നിയമവും സർക്കാരും ജനങ്ങളും ജനപ്രതിനിധികളും നീതിപൂർവ്വം എവിടെയും ഇടപെടാൻ കഴിയും. അപ്പോൾ, എന്തുകൊണ്ട് കേരളത്തിൽ അതിവേഗ കോടതി സംവിധാനം ഉണ്ടാകുന്നില്ല ? എങ്കിൽ ഒരുപക്ഷെ അവിടെ സമാധാനവും സുരക്ഷയും  കൂടുതൽ ഉണ്ടാകുമായിരുന്നു.

ഈ യാഥാർത്ഥ്യങ്ങൾ എന്ന് വിശേഷിക്കപ്പെട്ട ചില വസ്തുതകൾ നാം വീണ്ടു വിചാരത്തോടെ കാണേണ്ടത് യുക്തിയുക്തമാണ്. ഈയിടെ കേരളമന്ത്രിസഭ യിലെ ഒരു പ്രമുഖ മന്ത്രിക്കെതിരെ കോടികളുടെ കോഴയാരോപണം നട ത്തി രാഷ്ട്രീയ കുതന്ത്ര മുതലെടുപ്പ് നടത്തിയത് ആരെന്നു നമുക്കറിയാം. അത് നടത്തിയത് മദ്യമാഫിയകളുടെ നേതൃത്വം ആയിരുന്നു. മദ്യനിരോധന ഉത്തരവു സർക്കാർ ഇറക്കിയതോടെയായിരുന്നു, ഈ ഒരു മന്ത്രിക്കെതിരെ അതിക്രൂരമായിട്ടുള്ള ആരോപണം നടത്തിയതെന്നതു വളരെ പ്രകടമായി തെളിഞ്ഞിട്ടുണ്ട്. നമുക്കറിയാം, അതേ മന്ത്രിതന്നെ രാഷ്ട്രീയകേരളത്തിൽ നിരവധി തവണ മന്ത്രിയായിരുന്നയാളാണ്. അദ്ദേഹം നിരവധിവകുപ്പുകളും അതിവിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ, അരനൂറ്റാണ്ടുകാലം കഴിഞ്ഞിട്ടുപോലും അദ്ദേഹത്തിൻറെ വ്യക്തി  രാഷ്ട്രീയ ജീവിതത്തിൽ അഴിമതി നടത്തിയെന്ന ആരോപണം വിരോധികളിൽ നിന്നോ മറ്റുള്ള പല  സ്നേഹിതരിൽനിന്നോ സ്വന്തം പാർട്ടിയിൽനിന്നോ മറ്റുവിവിധ പ്രതിപക്ഷ  രാഷ്ട്രീയക്കാരിൽ നിന്നോ  ഉണ്ടായിട്ടുള്ളതായി ഒരിക്കലും ഒരു അപസ്വരം കേട്ടിട്ടില്ല. 

മദ്യനിരോധനത്തിലും മദ്യമാഫിയകളുടെ മലക്കംമറിച്ചിലിലും അതിദുരൂ ഹത നിറഞ്ഞിട്ടുണ്ട്‌. അതിങ്ങനെ: ഒരു മന്ത്രി കോഴവാങ്ങിയെന്ന ഇപ്പോഴ ത്തെ ഒരു ആരോപണത്തെ ന്യായീകരിക്കുന്ന ചില കേരള മത സാമുദായിക നേതൃത്വത്തിന്റെ കടുത്ത ആരോപണവും പൊടുംന്നെനെയുള്ള അവരുടെ മൌനവും മൌനനിലപാടും വളരെ ശ്രദ്ധേയമാണ്.! 

അവസരത്തിനൊത്തു മദ്യമാഫിയയ്ക്കെതിരെ തക്ക പരിഹാരം ഉണ്ടാക്കി  കാണുവാൻ കേരളസർക്കാരിന് കഴിയാതെ പോകുന്നുവെന്നത് തികച്ചും അപകടകരമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്. പാർട്ടിരാഷ്ട്രീയത്തിൽ  ജനാധിപത്യവീക്ഷണത്തിന്റെ പക്വമായ പ്രായോഗികതയെ ഒരിടത്തും  കണ്ടെത്തുവാൻ മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും ഒട്ടും കഴിയാതെ പോയി.

അതായത്, ഇക്കാര്യം നിഷ്പക്ഷമായി നമ്മോടുതന്നെ ചോദിച്ചാൽ, കോഴ  വാങ്ങുന്നവനും കോഴ കൊടുക്കുന്നവനും തമ്മിൽ എന്ത് വ്യത്യാസം ഇരിക്കു ന്നു? ഇക്കാര്യത്തിൽ നിയമത്തിന്റെ മുമ്പിൽ ഇരുവരും ഒരുപോലെ തെറ്റുകാ രല്ലേ? കോഴ വാങ്ങുന്ന ഒരുവൻ അതാഗ്രഹിക്കും. കോഴ കൊടുക്കുന്നവൻ വാങ്ങുന്നവനെ മനസ്സറിഞ്ഞുകൊണ്ട് അതിനുവേണ്ടിത്തന്നെ  ഏറെയേറെ  ശക്തമായി പ്രോത്സാഹിപ്പിക്കുകയോ പ്രലോപിപ്പിക്കുകയോ ചെയ്യുന്നു. കൊടുക്കുന്നവൻ അവിഹിതമായത് അഥവാ അപ്രാപ്യമായത് ലഭിക്കുവാൻ ഇരയിട്ടു മീൻ പിടിക്കുന്ന ഉപായം പ്രയോഗിക്കുന്നു. ധാർമ്മികമായ അധ:പത നമാണ് ഇവിടെ കാണാൻ കഴിയുന്നത്‌. കോഴ കൊടുക്കുന്നവൻ തെറ്റുകാരൻ ആണ്, അതുപോലെ തന്നെ കാര്യസാദ്ധ്യതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ ഹീന തന്ത്രം സമൂഹത്തെ ബാധിക്കുന്ന മാരകമായ ക്യാൻസർ രോഗം തന്നെ യാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോയാൽ ഇരുവരും തെറ്റുകാരാകും.

ഏതുതരത്തിലും നിയമത്തെ വളച്ചൊടിക്കാൻ കഴിയും. ദിവസവും അനേ കം നിയമനിർമ്മാണം നടത്തുന്നത് കൊണ്ട് എന്തു പ്രയോജനം ഉണ്ട്? നിയമം കടുത്ത തോതിലാണെങ്കിൽ കൂടുതൽ എന്ത് പ്രയോജനം? കൊല പാതകം നടത്തുന്നയാളിനു കടുത്ത വധശിക്ഷ ലഭിക്കുമെന്നറിയുന്നവനും കൊല പാതകം നടത്തുന്നുണ്ട്. നിയമത്തിന്റെ ധാർമ്മിക കാഴ്ചപ്പാടിൽ ആണ് മാറ്റങ്ങൾ നിയമസഭകൾ ഉണ്ടാക്കേണ്ടത്. മന്ത്രിസഭയല്ല അത് ചെയ്യേണ്ടത്. ഇതാണ് കേരളത്തിൽ മദ്യനിരോധനത്തിൽ സംഭവിച്ചത്. സർക്കാർ കെട്ടിയ നിയമ വടം വീണ്ടും അവർ തന്നെ അഴിക്കേണ്ടി വരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങൾ നേരിൽക്കാണപ്പെടുന്ന യാഥാർത്ഥ്യങ്ങൾ ആണ്. മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച ചരിത്രത്തിനു സഹാസ്രാബ്ധങ്ങളുടെ കാലപ്പഴക്കം ഉണ്ട്. ബൈബിളിലും മറ്റു ചരിത്രങ്ങളിലും അതെക്കുറിച്ച് നല്ല പ്രതിപാദനം ഉണ്ടല്ലോ. ഇതെല്ലാം നമുക്കറിവു തരുന്നു. അന്നുമുതൽ ഇക്കാലം വരെയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യത്ത് ഇത്ര മൂർച്ചയേറിയ രീതിയിൽ മദ്യനിരോധനത്തിന് പശ്ചാത്തലമൊരുക്കിയ സാഹചര്യങ്ങൾ എന്താണെന്ന് പലർക്കും അറിയാൻ പാടില്ല. മദ്യത്തിൽ തകരുന്ന മനുഷ്യമനസ്സിനെയും അത് മരവിപ്പിക്കുന്ന ബുദ്ധിയേയും നാം മനസ്സിലാക്കുന്നു. വളരെയേറെ മനുഷ്യ  ജീവിതങ്ങൾ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മൂലം തകരുന്ന സംഭവങ്ങൾ അറിയുമ്പോഴാണ് അവ മനസ്സിലാക്കുന്നത്.

എന്നെന്നേയ്ക്കുമായി എല്ലാ ജനങ്ങളെയും സാമൂഹ്യവിരുദ്ധരും അതുപോലെ  വാടകഗുണ്ടകളും കൊലപാതകിയും മോഷ്ടാക്കളും പിടിച്ചുപറിക്കാരുമാക്കി  ആക്കാൻ സഹായിക്കുന്ന കള്ളുഷാപ്പുകൾ, ബാർഹോട്ടലുകൾ, നിർത്തലാക്കി , അതിനുപകരം മനോഹരമായ സ്റ്റാർഹോട്ടലുകളും മറ്റു മദ്യവില്പനശാലകളും
സാധിക്കുക, ഇതൊക്കെ ചില സമൂഹനന്മയെ ഉദ്ദേശിച്ചുള്ളതാണെന്നു പോലും ഇതിന്റെ ആധികാരിക നടത്തിപ്പുകാരും ബന്ധപ്പെട്ട സർക്കാർ വക്താക്കളും ഉപഭോക്താക്കളും ഉറക്കെ പറയുന്നുണ്ട്. പക്ഷെ, സ്റ്റാർ- ബാർ ഹോട്ടലുകൾ മദ്യ ഉപയോഗം നിയന്ത്രിക്കുവാൻ പറ്റിയ ഒരു പരിഹാരമാർഗ്ഗമല്ല. അവിടം കൊണ്ട് കുറ്റകൃത്യങ്ങ ൾ മുഴുവൻ തീരുന്നില്ല. 

ഈ വിഷയത്തിൽ കേരളത്തിലുള്ള മത നേതൃത്വത്തിലെ  മെത്രാന്മാരുടെയും സാമൂഹിക സാമുദായിക സാംസ്കാരിക പ്രവർത്തകരുടെയും മറ്റു വിവിധതരം  രാഷ്ട്രീയ നേതാക്കളുടെയും ബിസ്സിനസ്- മദ്യലോബിയുടെയും നിരന്തരമുള്ള ഭിന്നാഭിപ്രായങ്ങൾ തമ്മിൽ തമ്മിലുള്ള മുഷ്ടിയുദ്ധങ്ങൾ ഒന്നിന്പുറമേ എന്നും  അരങ്ങേറിയിരുന്നു.

ഇന്ത്യയിൽ ജനോപകാരപ്രഥമായ നിയമങ്ങൾ ഉണ്ട്. അതുപക്ഷെ കർശനമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പ് സർക്കാരുകൾക്ക് ഇല്ല. ഇന്ത്യക്ക് പുറമെയുള്ള വിദേശ രാജ്യങ്ങളിൽ എങ്ങനെ നിയമം നടപ്പാക്കുന്നുവെന്ന്  മനസ്സിലാക്കാൻ സർക്കാരിൽ ഉത്തരവാദപ്പെട്ടവർ എന്തുകൊണ്ട് തയ്യാറാകുന്നില്ല. അതുപക്ഷേ  കേരളത്തിൽ സമ്പത്ഘടന ക്രമീകരിക്കണം, ക്രമസമാധാനം പൂർണ്ണമായും നടപ്പാക്കണം, ജഡീഷ്യറിയും പോലീസും പൊതുവെ സർക്കാരും ഇക്കാര്യം വളരെ സജീവമായി സഹകരിച്ചു പ്രവർത്തിക്കണം. അല്ലാതെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആവശ്യങ്ങൾ കേട്ട് അത് നടപ്പാക്കാൻ രാജ്യത്ത് മദ്യ നിരോധനം കണ്ണുമടച്ചു നടപ്പാക്കിയതും രാജത്തെ മുഴുവൻ സമ്പത്ഘടനയെ  വളരെ വിപരീതമായി ബാധിച്ചതും തികച്ചും അശാസ്ത്രീയമായിപ്പോയി.

ഇന്നുവരെയും കേരളത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയനയങ്ങൾക്കും അവരുടെ  തത്വശാസ്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കും ചിലപ്രായോഗികമാറ്റങ്ങളെല്ലാം  ഉണ്ടാവണം. മാറി മാറി വരുന്ന സർക്കാരുകളിൽ ഉൾക്കൊള്ളുന്നവരും നിയമ സഭകളിലെ കസ്സേരകളിൽ ഇരിപ്പുറപ്പിക്കുന്നവരും ഇന്നുവരെ മാതൃകയിലും  നയങ്ങളിലും മാറ്റം ഒട്ടുംതന്നെ വരുത്താത്ത അതെ ആളുകൾ തന്നെയാണ്. ഈ സ്ഥിതിയിൽ, തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു നൽകി നിയമസഭയിലേക്ക്  സർക്കാർ രൂപീകരണത്തിനും അയക്കണം എന്ന തീരുമാനത്തിന് ജനങ്ങൾക്ക് സാധിക്കാതെ വരുന്നു.

നിയമം ജനോപകാരപ്രദമാകണം. ജനത്തിനു വേണ്ടി നിയമം നിയമത്തിന്റെ തന്നെ വഴിയിൽത്തന്നെ വരണം. നിയമം ജനങ്ങൾക്കുവേണ്ടി ജന പക്ഷത്തു ഉണ്ടാവണം. അത്പക്ഷെ ഇന്ന് കേരളത്തിന്റെ പൊതുവേയുള്ള സാമ്പത്തിക നിലയും തൊഴിലില്ലായ്മയും മാറ്റിവച്ചുകൊണ്ട് ചിന്തിച്ചാൽ കേരളത്തിലെയും  ജനങ്ങൾ ഇന്ന് പൊതുവിൽ ചൂഷണത്തിൽനിന്ന് ഒട്ടു മോചിതരല്ല. ഇതെല്ലാം ഒന്നാലോചിച്ചാൽ ഇത് ശരിതന്നെ എന്ന് പറയണം: മന്ത്രിമാർ കോടികൾ തുക കൈക്കൂലിപ്പണം പറ്റിയാൽ അതിനു പേര് കോഴപ്പണം, ഇന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങുന്നു എങ്കിൽ അതിനു കൈക്കൂലി, ഒരു മെത്രാൻ കോഴ വാങ്ങിയാൽ അതിനു പേര് ദാനം അഥവാ വാങ്ങുന്നതായ കോഴപ്പണത്തെയും  ഡൊണേഷനെന്നോ നേർച്ചയെന്നോ ഒക്കെ പേരും പറയും. എല്ലാവരും അത്  ചെയ്യുന്നത് ഒരേ ഒരുകാര്യം, അഴിമതി തന്നെ എന്ന് നിർവചിക്കാം.//- .
-------------------------------------------------------------------------------------------------------------



Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.