(ആരാണ് വിശുദ്ധരെന്നും വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും വണക്കവും എങ്ങനെയെന്ന് സമഗ്രമായി വിശകലനം ചെയ്തിരിക്കുന്ന ഒരു പഠനമാണ് ഫാ.ഡോ.ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ ഈ ലഘുലേഖനത്തിലൂടെ നടത്തിയിരിക്കുന്നത്) : ധ്രുവദീപ്തി.
Rev. Dr. Dr. Joseph Pandiappallil |
ഈശോയോട് പ്രാത്ഥിച്ചാൽ പോരെ?
വിശുദ്ധരോട് പ്രാർത്ഥിക്കണമൊ, അവർ വെറും മനുഷ്യരല്ലേ? ഈശോയോട് പ്രാത്ഥിച്ചാൽ പോരെ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഈ കാലങ്ങളിൽ ഉയരാറുണ്ട്. കത്തോലിക്കർ വിഗ്രഹാരാധകർ ആണെന്നും അവർ മരിച്ചവരോട് പ്രാർത്ഥിക്കുകയും അവരെ ആരാധിക്കുകയും ചെയ്യുന്നുവെന്ന പരാതികൾ പ്രചരിപ്പിക്കുന്ന സമൂഹങ്ങളെയും നാം കാണാറുണ്ട്. പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും പ്രതിമ വണങ്ങുന്നതിലും വിശുദ്ധരോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിലും തെറ്റ് കണ്ടെത്തുന്നവർ ദൈവത്തോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വാദിക്കുക. ഈ പശ്ചാത്തലത്തിൽ വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥ പ്രാർത്ഥനയും ഒന്ന് വിശകലനം ചെയ്യുന്നത് ഏറെ പ്രസക്തമായിരിക്കും.
കത്തോലിക്കാ സഭയുടെ ആരംഭകാലം മുതൽ ഇന്നുവരെ വിശ്വാസികൾ വിശുദ്ധരെ വണങ്ങുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധരുടെ ജീവിതലക്ഷ്യവും അവർ തങ്ങളുടെ ജീവിതത്തിൽ പുലർത്തിയ മൂല്യങ്ങളും ക്രിസ്ത്യാനികൾക്കെന്നും പ്രചോദനവും മാതൃകയുമായിരുന്നു. അപ്പസ്തോലന്മാരുടെയും സ്റ്റെഫാനുസ് മുതലുള്ള രക്ത സാക്ഷികളുടെയും ജീവിതാവേശത്തിൽ നിന്നും ജീവിതദർശനത്തിൽ നിന്നും പ്രചോദിതരായാണ് വിശ്വാസികളുടെ സമൂഹങ്ങൾ ക്രിസ്തീയതയിൽ വേരൂന്നി വളർന്നത്. വിശുദ്ധരും മനുഷ്യരാണെന്നും തെറ്റുകൾക്കും വീഴ്ചകൾക്കും അവർ വിധേയരാണെന്നും തെറ്റിൽ നിന്നും മാനസാന്തരപ്പെട്ട് നവമായ ജീവിതം
ആരംഭിക്കുന്നതാണ് ദൈവീകമെന്നുമൊക്കെ വിശ്വാസികൾ മനസ്സിലാക്കിയിരുന്നു. ചെറുപ്പകാലത്ത് വിശ്വാസ വിരുദ്ധനായി ജീവിച്ച വി. അഗസ്തീനോസിനെയും അസ്സീസി തെരുവിലൂടെ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ചു നടന്ന വി.ഫ്രാൻസിസിനെയും ക്രിസ്തുവിരോധിയായിരുന്ന വി.പൌലോസിനേയുമൊക്കെ മാതൃകകളാക്കി സ്വീകരിക്കുവാൻ വിശ്വാസികൾക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല.
തങ്ങൾ നേരിട്ട് അനുഭവിച്ച ക്രിസ്തുവിനുവേണ്ടി ജീവൻ സമർപ്പിച്ചു സഹ മനുഷ്യരെ സ്നേഹത്തിലും ദൈവവിശ്വാസത്തിലും ആഴപ്പെടുത്തുവാൻ അവൻ സ്വയം അർപ്പിച്ചുവെന്ന മഹാകാര്യം ക്രിസ്ത്യാനികളെ ആവേശഭരിതരാക്കി. കൊടുങ്കാറ്റ്പോലെ ശക്തമായിരുന്ന പ്രതികൂല സാഹചര്യങ്ങളെ അവർ സധൈര്യം നേരിട്ടു. തങ്ങൾ ജീവിച്ച കാലഘട്ടത്തിലെ സാമൂഹ്യതിന്മകൾക്കും തെറ്റായ പ്രവണതകൾക്കുമെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിരുന്നവരായിരുന്നു വിശുദ്ധർ. അന്നത്തെ സമൂഹത്തിനു മുമ്പിൽ അവരിൽ ചിലരെങ്കിലും പരാജയമായി ചിത്രീകരിക്കപ്പെട്ടുവെങ്കിലും അവരുടെ ആദർശങ്ങളും മാതൃകകളും സത്യവും മാർഗ്ഗവുമാണെന്നു മനുഷ്യർ മനസ്സിലാക്കി. അതുകൊണ്ട് അവർ ക്രിസ്തുമതാനുയായികൾക്ക് മാത്രമല്ല, ഇതര സമൂഹങ്ങൾക്കും പിൽക്കാലത്ത് സ്വീകാര്യരായി.
ആരാണ് വിശുദ്ധർ ?
സമൂഹത്തിന്റെ എല്ലാ തട്ടുകളിൽ നിന്നും എല്ലാ പ്രായത്തിൽപ്പെട്ടവരുമായ വിശുദ്ധരുണ്ട്. കുട്ടികളും ചെറുപ്പക്കാരും മദ്ധ്യവയസ്കരും പ്രായമായവരും ഒക്കെ പേരുവിളിക്കപ്പെട്ടവരും അല്ലാത്തവരുമായ വിശുദ്ധരുടെ ഗണത്തിൽ പെടുന്നു. ജനിച്ചപ്പോൾ അവർ വിശുദ്ധരായല്ല ജനിച്ചത്. തങ്ങളുടെ ജീവിത മാതൃകകളാണ് അവരെ വിശുദ്ധരാക്കിയത്. പലരെ സംബന്ധിച്ചും ജീവിതം ഒരു സഹനസമരമായിരുന്നു. മൂല്യങ്ങളിൽ മുറുകെപ്പിടിച്ചും ലക്ഷ്യത്തിൽ നങ്കൂരമിട്ടും അവർ ജീവിച്ചു. ജനുവരി ഒന്ന് മുതൽ ഡിസംബർ മുപ്പത്തൊന്നു വരെയുള്ള വർഷത്തിന്റെ എല്ലാ ദിവസവും അനുസ്മരിക്കാൻ തക്കവിധം ധീരമായി ജീവിച്ചു കടന്നു പോയ നിരവധി വിശുദ്ധരെ കത്തോലിക്കർ വണങ്ങുന്നുണ്ട്.
പേര് വിളിക്കപ്പെട്ട വിശുദ്ധരിൽ ഭൂരിപക്ഷവും യൂറോപ്പിൽ ജീവിച്ചവരാണെന്ന കാര്യം വിസ്മരിക്കുന്നില്ല. പേര് വിളിക്കപ്പെടുന്നതിനു മുമ്പ് വിശുദ്ധരെ വിശ്വാസികൾ ആദരിക്കുകയും അവരുടെ ജന്മസ്ഥലം, പ്രവർത്തനമണ്ഢലം, ശവകുടീരം തുടങ്ങിയവ സന്ദർശിക്കുകയും അവരോട് പ്രാർത്ഥിക്കുകയും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായും ഒറ്റയ്ക്കും തീർത്ഥാടനം നടത്തുകയും ചെയ്തിരുന്നുവെന്നും ഇന്നും ഈ പതിവ് തുടരുന്നുവെന്നുമോർക്കണം. അതായത് ഒദ്യോഗികമായി വിശുദ്ധരായി അംഗീകരിക്കുകയും ആദരിക്കുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആദരവും അംഗീകാരവും
വിശുദ്ധരോടുള്ള വിശ്വാസികളുടെ ആദരവിന്റെ ഔദ്യോഗികമായ ഒരു പ്രഖ്യാപനം മാത്രമേ ആകുന്നുള്ളൂ ഔദ്യോഗികമായ പേരുവിളിക്കൽ. മാതൃക തന്നു കടന്നുപോയ മനുഷ്യരെ ആദരിക്കാനും അവരുടെ നാമത്തിനു മനുഷ്യ മനസ്സിലും ചരിത്രത്തിലും സ്ഥിരപ്രതിഷ്ഠ കൊടുക്കുവാനുമുള്ള സന്നദ്ധത യൂറോപ്പിലെ മനുഷ്യർക്ക് ഏറെയുണ്ടെന്നതു തന്നെ ഒരു കാരണം. മറ്റുള്ളവർ ക്ക് ഉപദ്രവങ്ങൾ ചെയ്തും അവരെക്കുറിച്ച് അപഖ്യാതി പറഞ്ഞു പ്രച്ചരിപ്പി ച്ചുമല്ല, അവരെ അംഗീകരിച്ചും ആദരിച്ചും സ്വന്തം മഹത്വം വർദ്ധി പ്പിക്കുവാ നുമുള്ള മനോഭാവമാണ് മനുഷ്യന് ആവശ്യം. സ്വന്തം ചെറിയ സമൂ ഹത്തിൽ മാത്രമല്ല, കടലിനക്കരെപ്പോലും സഹോദരന്റെ നാമം അറിയപ്പെടു കയും ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ സ്വന്തം നാമം തന്നെയാണ് പ്രചരിപ്പി ക്കുന്നതെന്ന സത്യം പലർക്കും സ്വീകാര്യമല്ലപോലും.
ഈ പശ്ചാത്തലത്തിൽ ഒർമ്മിക്കേണ്ട ഒന്നുണ്ട്. നമുക്ക് മാതൃക തന്നു കടന്നു പോയ നമ്മുടെ പ്രിയപ്പെട്ട മരിച്ചവരെ ഓർമ്മിക്കണം, ആദരിക്കണം, അവരോട് പ്രാർത്ഥിക്കണം. പേര് വിളിക്കപ്പെടാത്ത വിശുദ്ധരാണവർ. അവരോടുള്ള നമ്മുടെ സ്നേഹവും ആദരവും അവരെ പേരുവിളിക്കപ്പെട്ട വിശുദ്ധരുടെ ഗണത്തിലേയ്ക്ക് നയിക്കും.
ക്രിസ്തുവിന്റെ മാതൃകയിലെ ജീവിതം
നിസ്വാർത്ഥരായി ജീവിച്ചവരാണ് വിശുദ്ധർ. മറ്റുള്ളവർക്കുവേണ്ടി അവർ സ്വയം ശൂന്യരാക്കി. അതുകൊണ്ടുതന്നെ അവർ സ്നേഹയോഗ്യരാണ്. ദൈവവിശ്വാസത്തിലും ദൈവാനുഭവത്തിലും അനുദിനം ആഴപ്പെടുവാനും മറ്റു മനുഷ്യരോടുള്ള സ്നഹ ബന്ധത്തിൽ ഒന്നിനൊന്നു വളരുവാനും അവർ ബദ്ധശ്രദ്ധരായിരുന്നു. ക്രിസ്തു നാഥൻ അവിടുത്തെ അനുയായികളിൽ നിന്നും പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. ക്രിസ്തുമതാനുയായികളുടെ ജീവിതലക്ഷ്യം ക്രിസ്തുവിന്റെ മാതൃകയിൽ ജീവിതം ക്രമപ്പെടുത്തുകയാണ്. ആദിമ ക്രിസ്ത്യാനികൾ ഈ ദൗത്യബോധം ഉൾക്കൊണ്ടവരായിരുന്നതുകൊണ്ടാണ് ആദിമനൂറ്റാണ്ടുകളിൽ ക്രിസ്തീയ വിശ്വാസികൾ വിശുദ്ധരായി അറിയപ്പെട്ടിരുന്നതും വിളിക്കപ്പെട്ടിരുന്നതും.
വി.പൗലോസ് ശ്ലീഹ |
വിശുദ്ധരെ വണങ്ങുന്ന പാരമ്പര്യമാണ് ആദിമനൂറ്റാണ്ട് മുതൽ ക്രിസ്ത്യാനികൾ പുലർത്തിയിരുന്നത്. സഭാസൂനഹദോസുകൾ വിശുദ്ധരെ വണങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിശുദ്ധരെ വണങ്ങുന്നത് നല്ലതും ഉപകാരപ്രദവുമാണെന്ന് ത്രെന്തോസ് സുനഹദോസ് വ്യക്തമാക്കുമ്പോൾ രണ്ടാം വത്തിക്കാൻ സുനഹദോസ് വിശുദ്ധരെ വണങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിൽ വന്നുഭവിക്കുന്ന അപാകതകളെ തിരുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.
ദൈവത്തെ കാണാനുള്ള കണ്ണാടി.
വിശുദ്ധരുടെ മാദ്ധ്യസ്ഥവും സഹായവും തേടുന്നതിലൂടെ ദൈവത്തിലേയ്ക്കു വളരാനുള്ള കുറുക്കു വഴികളാണ് നാം കൈവരിക്കുന്നത്. ദൈവത്തെ ആരും കണ്ടിട്ടില്ല. അനുഭവിച്ചിട്ടെയുള്ളൂ.എന്നാൽ ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്ന, ദൈവഹിതാനുസരണം ജീവിച്ച വിശുദ്ധർ നമുക്ക് പരിചിതരാണ്. അവരുടെ മാതൃക നമ്മെ ആവേശഭരിതരാക്കുക മാത്രമല്ലാ, മറിച്ച് മാദ്ധ്യസ്ഥം വാതിൽ തുറക്കാനുള്ള താക്കോലായി ഭവിക്കുകയും ചെയ്യും. ദൈവം തന്റെ സാദൃശ്യ ത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ട് ദൈവത്തെ കാണാനുള്ള കണ്ണാടി മനുഷ്യൻ തന്നെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ സക ലരും ദൈവതിരുമുൻപിൽ അവിടുത്തെ പ്രിയ മക്കളും ആത്മപ്രകാശനങ്ങളും ആണ്. മനുഷ്യരിലൂടെ ദൈവത്തിലേയ്ക്കു വളരുകയും ദൈവീകരാകുന്നതും മനുഷ്യരുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഭവത്തിൽ വളരുകയും ദൈവഹിതം മനസ്സിലാക്കുകയും ചെയ്യുന്നതും എളുപ്പവും ഉപകാരപ്രദവും ആണ്. അതു കൊണ്ട് വിശുദ്ധരോട് പ്രാർത്ഥിക്കുന്നതും വിശുദ്ധരെ വണങ്ങുന്നതും തികച്ചും ഉചിതവും സ്വാഭാവികവും ദൈവാന്വേഷണവുമായേ കണക്കാക്കാൻ ആവുകയുള്ളൂ.
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.