Mittwoch, 24. Dezember 2014

CHRISTMAS / മനുഷ്യാവതാരത്തിലൂടെ ദൈവീകജീവനിലേയ്ക്ക് / Dr. Andrews Mekkattukunnel, Major Seminary, Vadavathoor.


 Rev. Dr. Andrews Mekkattukunnel
"പൂർവകാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരോടു പലപ്രകാരത്തിലും പലവിധത്തിലും പ്രവാചകരിലൂടെ സംസാരിച്ചു. ഈ അവസാന നാളുകളിലാകട്ടെ, തന്റെ പുത്രനിലൂടെ ദൈവം നമ്മോട് സംസാരിച്ചിരിക്കുന്നു" ഹെബ്രാ (1,1-2). ദൈവത്തിന്റെ വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചത് (യോഹ 1,14) നമുക്ക് പിതാവായ ദൈവത്തിങ്കലേയ്ക്കുള്ള വാതിൽ തുറന്നു നൽകുന്നതിനുവേണ്ടിയായിരുന്നു. ഇതവിടുന്നു സാധിച്ചത് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമ്മുടെതന്നെ ഭാഷയിലും രീതിയിലും ദൈവത്തെ നമുക്ക് വെളിപ്പെടുത്തിത്തന്നത്കൊണ്ടാണ്.

ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ വാക്കുകളിൽ "പിതാവായ ദൈവത്തിന്റെ മുഖം നമുക്ക് കാണിച്ചു തന്നു" എന്നതിനാലാണ് ഈശോ നൽകിയ വെളിപാടിന്റെ മാഹാത്മ്യം (നസ്രായനായ ഈശോ 1,44). നസ്രായനായ ഈശോ പിതാവിന്റെ എകജാതനാണ് എന്ന് വിശ്വസിക്കുകയാണ് അവിടുന്നു തുറന്നു തരുന്ന വാതിലിലൂടെ പിതാവിങ്കലേ യ്ക്ക് പ്രവേശിക്കാനുള്ള ഏകമാർഗ്ഗം. വിശ്വാസപ്രമാണത്തിൽ "ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്നേറ്റ് പറയുമ്പോൾ ഈശോയാകുന്ന വാതിലിലൂടെ നമ്മൾ അകത്തു പ്രവേശിക്കുകയാണ്.

"ദൈവത്തിന്റെ സാദൃശ്യത്തിലായിരുന്നിട്ടും, തനിക്ക് ദൈവത്തോടുള്ള തുല്യത മാറ്റിവയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമായി അവൻ പരിഗണിച്ചില്ല. അവൻ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ, മനുഷ്യരുടെ സാദൃശ്യത്തിലാവുകയും ചെയ്തു" ഫിലി ,6-7). സത്തയിൽ പിതാവിനോട് സമനെങ്കിലും പരിമിതനായ മനുഷ്യന്റെ രൂപത്തിലാവാൻ അവിടുത്തേയ്ക്ക് മടിയില്ലായിരുന്നു. ത്രീത്വത്തിലെ രണ്ടാമത്തെ ആളിന്റെ അതിശ്രേഷ്ടമായ ശൂന്യവത്കരണമാണ് മനുഷ്യാവതാരം. "സമയം പൂർത്തിയായപ്പോൾ ദൈവം തന്റെ പുത്രനെ അയയ്ക്കുകയും,അവൻ സ്ത്രീയിൽ നിന്ന് ജനിച്ചു നിയമത്തിനു വിധേയനാവുകയും ചെയ്തു. അത് നിയമത്തിൻകീഴിൽ കഴിയുന്നവരെ വീണ്ടെടുക്കുവാനും നമുക്ക് ദത്തുപുത്രസ്ഥാനം നേടിത്തരാനും വേണ്ടിയായിരുന്നു" (ഗലാ 4,4-5).

മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി ദൈവപുത്രൻ മനുഷ്യനായി പിറന്നു. ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും രക്ഷിച്ച യാഹ് വെ (പുറ 14, 3-4 ) സമയത്തിന്റെ പൂർത്തിയിൽ മനുഷ്യവർഗ്ഗം മുഴുവനെയും രക്ഷിക്കുന്നതിനായി തന്റെ പുത്രനെ അയച്ചു. ദാവീദിന്റെ പട്ടണത്തിൽ ജനിച്ച ശിശുവിനെ നമുക്കുള്ള രക്ഷകനായാണ് ദൈവദൂതൻ അവതരിപ്പിച്ചത്(ലൂക്കാ 2, 11). ഉണ്ണിമിശിഹായെ കരങ്ങളിലെടുത്ത ശിമയോൻ ദീർഘദർശി സകല ജനതകൾക്കുമായി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ താൻ കണ്ടു എന്നുദ്‌ഘോഷിച്ചു(ലൂക്കാ 2,31). ഈശോ മാത്രമാണ് ഏക രക്ഷകനെന്ന് പന്തക്കുസ്തയ്ക്ക് ശേഷം ശ്ലീഹന്മാരും പ്രഘോഷിച്ചു.(നടപടി 4,12).

ദൈവപുത്രൻ മനുഷ്യനായി പിറന്നു.
ഈശോ നൽകുന്ന രക്ഷ പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനമാണ്. അവിടുത്തെ പേരുതന്നെ അത് വ്യക്തമാക്കുന്നുണ്ട്. ദൂതൻ യൗസേപ്പിനോട് പറഞ്ഞു:" നീ അവനു ഈശോ എന്ന് പേര് നൽകണം. കാരണം, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും" (മത്താ 1,21). "ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "(യോഹ 1,29) എന്ന് യോഹന്നാൻ മാംദാന ഈശോയെ വിശേഷിപ്പിക്കുന്നതിന്റെ അർത്ഥവുമിതാണ്. മനുഷ്യന്റെ അനുസരണക്കേടും അവിശ്വസ്തതയും മൂലം തകർന്ന ദൈവ-മനുഷ്യബന്ധത്തെ പുന:സ്ഥാപിച്ചുകൊണ്ടാണ് ഈശോ മിശിഹ രക്ഷ സാധിച്ചത്. മനുഷ്യവർഗ്ഗത്തോട് പരിപൂർണ്ണ താദാത്മ്യം പ്രാപിച്ച ദൈവ പുത്രൻ കുരിശുമരണം വരെയുള്ള തന്റെ അനുസരണയും വിശ്വസ്തതയും വഴി സകല മനുഷ്യരുടെയും പ്രതിനിധി എന്ന നിലയിൽ പരിഹാരമനുഷ്ഠിച്ചു. ദൈവീകമായ തന്റെ യോഗ്യതകളാൽ മനുഷ്യന്റെ പാപം കഴുകി, ദൈവവുമായി അവനെ രമ്യപ്പെടുത്തി; അവന്റെ ശിക്ഷ സാധിച്ചു. ഇതാണ് മനുഷ്യാവതാരരഹസ്യത്തിലൂടെ സംഭവിച്ചത്.

മനുഷ്യാവതാരംവഴി നമുക്കുണ്ടായ നേട്ടത്തെപ്പറ്റി പരിശുദ്ധ കുർബാനയിലെ മൂന്നാം ഗ്ഹാന്ത വ്യക്തമാക്കുന്നുണ്ട്. "നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധ:പതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു." ദൈവം നമ്മിലൊരുവനെപ്പൊലെയായതിലൂടെ നമ്മുടെ മനുഷ്യപ്രകൃതി വിശുദ്ധീകരിക്കപ്പെടുകയായിരുന്നു അഥവാ ദൈവീകരിക്കപ്പെടുകയായിരുന്നു; നമുക്ക് ദൈവീകജീവനിൽ പങ്കു ലഭിക്കുകയായിരുന്നു. "മനുഷ്യനെ ദൈവമാക്കാൻ ദൈവം മനുഷ്യനായി" എന്ന് സഭാപിതാവായ ഇരണേവൂസും, " മനുഷ്യൻ ദൈവമാകേണ്ടതിന് വചനം മാംസമായി " എന്ന് സഭാപിതാവായ അത്തനേഷ്യസും പറയുമ്പോൾ ഈ സത്യമാണ് പ്രഘോഷിക്കുന്നത്. ദൈവപുത്രൻ മനുഷ്യപുത്രനായത്, മനുഷ്യപുത്രർ ദൈവ പുത്രർ ആകേണ്ടതിനാണ് എന്ന് വി. ആഗസ്തീനോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മനുഷ്യാവതാരം വഴി നമുക്ക് ദൈവീകജീവനിൽ പങ്കു നൽകിയപ്പോൾ സൃഷ്ടിയിൽ ആരംഭിച്ച രക്ഷാപദ്ധതി ദൈവം പൂർത്തിയാക്കുകയായിരുന്നു. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചപ്പോൾത്തന്നെ ഈ സാദ്ധ്യത അവിടുന്നു മനുഷ്യനിൽ നിക്ഷേപിച്ചിരുന്നു. ദൈവപുത്രൻ മനുഷ്യ സ്വഭാവം സ്വീകരിച്ചതുവഴി ഈ സാദ്ധ്യതയാണ് പൂവണിഞ്ഞത്. മുകളിൽ സൂചിപ്പിച്ച ഗ്ഹാന്ത പ്രാർത്ഥനയുടെ സമാപനത്തിലും ഇതേ ആശയമുണ്ട്. "ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു". ഈശോമിശിഹാ സാധിച്ചിരിക്കുന്ന രക്ഷ - ദൈവീകരണ സാദ്ധ്യത - സ്വതന്ത്ര മനസ്സോടെ വ്യക്തിപരമായ മാനസാന്തരത്തിലൂടെ നാം സ്വീകരിക്കുകയും പൂർണ്ണ മനസ്സോടെ അതിനോട് സഹകരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് സ്വന്തമാകൂ. ദൈവീക കൃപാവരത്തോട് നമ്മൾ സഹകരിക്കുമ്പോൾ അവിടുത്തെ ജീവനിൽ നമുക്കും പങ്കു ലഭിക്കും. മനുഷ്യനായവതരിച്ച ദൈവപുത്രനുമായി കൂട്ടായ്മയിൽ ആകുന്നതുവഴിയാണ് നമുക്ക് ദൈവപുത്രരാകാൻ കഴിയുന്നത്‌.
ക്രിസ്തുമസ് ആശംസകൾ.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.