കവിത : ചെങ്ങളമാഹാത്മ്യം- സമ്പാദകൻ / ടി.പി.ജോസഫ് തറപ്പേൽ
ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ |
ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./ ധൃവദീപ്തി
"ചെങ്ങളമാഹാത്മ്യം" കവിതയുടെ പ്രസിദ്ധീകരണത്തിൽ അവതാരികയെഴുതിയത് അക്കാലത്ത് ചെങ്ങളം പള്ളി വികാരിയായിരുന്ന ബ. കയ്പ്പൻപ്ലാക്കൽ അബ്രാഹം കത്തനാർ ആയിരുന്നു.
അവതാരിക.
കലക്കത്തു കുഞ്ചൻ നമ്പ്യാരവർകളുടെ പന്ഥാവിനെ ഗതാനുഗതികന്യായേന പലരും അനുഗമിച്ചു പ്രസ്തുത രീതിയിൽ ധാരാളം കവനങ്ങൾ ഉണ്ടാക്കി ഭാഷായോഷയെ സവിശേഷഭൂഷണങ്ങളണിയിച്ചു കോമളകളേബരയാക്കി തീർത്തിട്ടുണ്ടെന്നുളള പരമാർത്ഥാവസ്ഥ സർവ്വവിദിതമാണ്. തദ്വാരാ ഈ കവിയും കവിതാനാടകരംഗത്തിൽ ബാലപ്പാർട്ടിട്ട് ഏതൽക്കാലത്ത്മാത്രമേ രംഗത്തിൽ പ്രവേശിക്കുന്നുള്ളൂ. ഈ കവി ഏതൽക്കാലപര്യന്തം കേവലം ഘടദീപംപോലെ ഇരിക്കുവാനിടയായതിൽ ഞാൻ അത്യധികം അനുശോചിക്കുന്നു. ജന്മാന്തരഗതാസംസ്കാരവിശേഷമായ വാസനാവൈഭാവത്തോടുകൂടിയ പല വന്ദ്യകവി വൃദ്ധന്മാരും ഐകകണ്ഠ്യെന അഭിപ്രായപ്പെട്ടിട്ടുള്ളത് "യഥാർത്ഥകവിത സ്വാനുഭവമാണ ത്രെ ". ഏതൽന്യായേന ഈ ചെറിയ പുസ്തകത്തിൽ ക്രോഢീകരിച്ചിരിക്കുന്ന കഥാവസ്തു പാദുവയിലെ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനിയോസ്സിന്റെ മാദ്ധ്യസ്ഥത്താൽ ചെങ്ങളം പള്ളിയിൽ നടക്കുന്നതും കവിക്കുതന്നെ സ്വാനുഭവമായതുമായ അത്ഭുത സംഭവങ്ങളാകയാൽ ഇതിലെ കഥാവസ്തു പണ്ഢിത പാമരപര്യന്തം പരിതുഷ്ടിയെ പ്രദാനം ചെയ്യുന്ന ഒന്നാകുന്നു.
ഈ പുസ്തകം കവി തനിക്കു നേരിട്ടിട്ടുള്ള പ്രമേഹരോഗശമനാർത്ഥം രചിച്ചിട്ടുള്ള ഒരു സ്മാരക പതാകയാണ്. പ്രസ്തുത പുസ്തകത്തിൽ അഭംഗിയായോ അബദ്ധമായോ ഉള്ള പ്രയോഗങ്ങൾ വളരെ ചുരുങ്ങും. രീതിഗുണങ്ങൾ പരിശോധിക്കുന്ന പക്ഷം വളരെ സരസവും ലളിതവുമായിരിക്കുന്നു. സന്ദർഭാനുസാരേണ ചിലടം ഫലിതമയമായ വർണ്ണനാ വൈശിഷ്ട്യങ്ങളാൽ സവിശേഷം ശോഭിക്കുന്നുണ്ട്. യമകം, അനുപ്രാസം, രൂപകം, ഉപമ, തുടങ്ങിയ ശബ്ദാർത്ഥാലങ്കാരങ്ങളാൽ ഈ ലഘുകാവ്യം ആപാദമസ്തകം അഭിരാമാതമായിത്തന്നെ പര്യവസാനിച്ചിരിക്കുന്നുവെന്നുള്ള വാസ്തവാവസ്ഥ മറക്കത്തക്കതോ, മറയ്ക്കത്തക്കതോ അല്ലതന്നെ. ഈ കവി ആയുഷ്മാനായി, ആരോഗ ദ്രുഢഗാത്രനായി ഇനിയും അനേക പുസ്തകങ്ങൾ രചിച്ച് ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
( ഒപ്പ് )
ചെങ്ങളം , കയ്പൻപ്ലാക്കൽ അബ്രാഹം കത്തനാർ .
20.05. 1920
സമർപ്പണം
"ആനന്ദത്തോട് ചങ്ങനാരീമണി മേടയ്ക്കുള്ളിലത്യുന്നത
സ്ഥാനത്തെത്തിയു, മത്തലിത്തിരിയുമുൾത്താരിലേശാതെയും
മാനത്തോടുവസിച്ചിടുന്നതിരുമേനിക്കുള്ളപൊൽച്ചേവടി
സ്ഥാനത്തിച്ചെറുപുസ്തകം രചയിതാവർപ്പിച്ചിടുന്നാദരവാൽ."/ ഗ്രന്ഥകർത്താ.
ചെങ്ങളമാഹാത്മ്യം
ഓട്ടംതുള്ളൽ
അരുതതു തിന്നരുതെന്നജനരുളിയ
കുരു കരളിൽ ചെന്നരഞൊടിയിടയിൽ
നരവർഗ്ഗത്തിനു വന്നൊരു ദുരിതം
കുരിശുമരണത്തിൽ തീർത്തൊരു യേശു
കരുണയൊടടിയനു കരളിൽക്കവനം
പരിചൊടുതോന്നാൻ വരമരുളേണം.
പാരാതിന്നൊരു കഥനം വാടിവോ-
ടാരാ ദ്വിഘ്നമൊഴിച്ചടിയറ്റം
തീരാൻ മറിയമൊഴിച്ചുനിനച്ചാ...
ലാരാണൊന്നു സഹായമെനിക്ക്
മറിയത്തിന്നധികം പ്രിയമേറിയ
വരനാം മാർയൗസേപ്പുമുനീന്ദ്രൻ
തരണം വരമുടനടിയനുവടിവൊട്
വരണം കവിതാരചനയിലഭിരുചി
നരിവേലിഗിരിമേൽ വാണരുളും
പരമഗുണാംബുധി ദേവസ്യാനോ-
സ്സരുളണമുരുകൃപതൽസരസിജരുചി
ചരണയുഗം മമശരണം സതതം
തിരുമുടി തലയിൽ കുരിശുകരത്തിൽ
അരയിൽ ചരടും കൊന്തയുമെന്തി
മരിയസുതൻ നിജ മാർവിലുമായി
മരുവീടും മാറന്തോനീസ്സൊരു
വരമുടനമ്പൊടെനിക്ക് പൊഴിച്ചത്
വരമൊഴിവഴിയുരചെയ്തിടാം ഞാൻ
ഇരുവർഷത്തിനുമുമ്പുതുടങ്ങി-
ത്തെരുതെരെമൂത്രവിസർജ്ജനമാകും
പുരുരുജചേർക്കും ദീനമെനിക്കും
വരുവാനിടയായ് കരുമനമൂലം
ആരംഭത്തിൽ സാരമതില്ലാ-
ഞ്ഞരവാശിക്കഥകൂടുതലായി
പരവശനായിപ്പള്ളിയിലേപ്പല
തിരുക്കർമ്മങ്ങളൊക്കെമുടങ്ങി
ഒരുപാടകലമിയന്നൊരു മംഗല-
പുരമോളും ഞാൻ പോയിമടങ്ങി.
ശരണക്കേടായി വിരമിക്കാതെ
മരണത്തിന്നാസ്ഥപ്പാടായി
ഒരുവിധമിങ്ങനെതലപുരമാകിന
തിരുവാനന്തപുരംപ്രാപിച്ചി-
ട്ടൊരുവിധമെവനുമാശ്രയമാ-
തുരശാലയിൽ ഞാൻ വാസവുമായി
ഒരു മുറി,വെള്ള സ്സോദരിമാരവർ
വിരികലുമിട്ടു വിതാനിച്ചിട്ടു
തരുവാനിടയായതിനാൽ വിഷമം
വാരുവാനിടയായില്ലിവനിവിടെ
വിരുതുവിളങ്ങും പീറ്റർ ലക്ഷ്മണ-
നിതുമാതിരിവേറില്ലൊരു ഡോക്ടർ
പരിചയവും പാണ്ഢിത്യവുമതിനൊടു
കരഗുണവും ചേർന്നുള്ളൊരു വൈദ്യൻ
അതിരാവിലെ വന്നെന്നുടെ നാഡികൾ
പരിശോധിച്ചഥ തോഷിച്ചെന്നോ-
ടൊരു സാരവുമില്ലെന്നു കഥിച്ച്
ചതുരതയോട്ചികിത്സതുടങ്ങി
ഒരുമാസത്തിനുശേഷമൊരല്പം
പുരുരുജകൾക്കൊരു കുറവുണ്ടായി
പറയത്തക്കഗുണംലഭിയാതെ
നരിവേലിക്ക്തിരിച്ചുടനെ ഞാൻ
ഇടവകഭരണം കയ്യേറ്റുടനെ
കടമകളും കൂടുതലായ് വന്നു
കെടുതിക്കല്പം കുറവുണ്ടെങ്കിലു-
മുടലിനു മുൻപടി ബലമെത്തീല
വീടുകളിരുനൂറ്റെണ്‍പതുമതിനുടെ
യടിയന്ത്രങ്ങളുമിടപാടുകളും
അടിവയ്ക്കാനരുതാത്തൊരു നമ്മുടെ
പിടലിക്കങ്ങനെ പിടിയുംകൂടി
മേടയിലമരും മേലാന്മാർക്കും
കടുകിടഭേദം കലാരതഖിലം
കടശിവരെയ്ക്കുമനുഷ്ടിക്കേണ്ടേ ?
ഇടവഴിതോറും മണ്ടിനടന്നി-
ട്ടൊടുകിനു നീരുപിടിച്ചകണങ്കാ-
ലിടറി; കടമ്പ കടന്നു വലഞ്ഞു
ഇടവകഭരണം കഠിനം തന്നെ
ഇങ്ങനെയുള്ളൊരു ജോലികൾ മൂലം
മങ്ങിയരോഗം വീണ്ടുകടുത്തു
"ഞങ്ങൾ വിധി "യെന്നിടവകജനവും
തങ്ങിയ കടനത്തോട് കഥിച്ചു.....
മൂത്രം മാത്രയിലൊഴിവുതുടങ്ങി
ഗാത്രം തീർത്തു മെലിഞ്ഞും പോയി
നേത്രം ചീർത്തൊരു കുഴിയായ് ജീവൻ-
മാത്രം യാത്രപറഞ്ഞില്ലെന്നായ്
ബ്രെവിയറിയെത്തിക്കുകയല്ലാതൊരു
വരിവായിപ്പാൻ വഹിയാതായി
മറുപടികത്തുകളൊന്നിനുപോലും
തരുവാൻ തരമാകാത്തതിലാരും
പരമാർത്ഥം പുനരിയാതേതും
പരിഭവമെന്നൊടു കരുതീടരുതെ
വേനലെടുത്തൂദീനവുമുച്ച-
സ്ഥാനമടുത്തു ദൂനു കടുത്തു
മേനിചടച്ചുകൂനുപിടിച്ചു
വാനമടുത്തു വസിക്കാറായി
കണിയാന്മാരും കിഴിപിഴിമുതലായ്
പണികളനേകം ചെയ്തുമടുത്തു
ഗുണമൊരു കണികയുമുണ്ടായില്ല
പണമൊരുപാടതിനും ചെലവായി
ചൂടുകൾവച്ചും നാഡി പിടിച്ചും
വീടുകൾതോറും തേടിനടക്കും
ലാടന്മാരുടെ ജാടകളെന്നിൽ
പാടെ വിഫലമതായിത്തീർന്നു
നീറ്റുകൾ വാറ്റുകളൊക്കെമടുത്തു
നീറ്റല് നെഞ്ചിലുമേററമെടുത്തു
നേത്രം ചീർത്തൊരു കുഴിയായ് ജീവൻ-
മാത്രം യാത്രപറഞ്ഞില്ലെന്നായ്
ബ്രെവിയറിയെത്തിക്കുകയല്ലാതൊരു
വരിവായിപ്പാൻ വഹിയാതായി
മറുപടികത്തുകളൊന്നിനുപോലും
തരുവാൻ തരമാകാത്തതിലാരും
പരമാർത്ഥം പുനരിയാതേതും
പരിഭവമെന്നൊടു കരുതീടരുതെ
വേനലെടുത്തൂദീനവുമുച്ച-
സ്ഥാനമടുത്തു ദൂനു കടുത്തു
മേനിചടച്ചുകൂനുപിടിച്ചു
വാനമടുത്തു വസിക്കാറായി
കണിയാന്മാരും കിഴിപിഴിമുതലായ്
പണികളനേകം ചെയ്തുമടുത്തു
ഗുണമൊരു കണികയുമുണ്ടായില്ല
പണമൊരുപാടതിനും ചെലവായി
ചൂടുകൾവച്ചും നാഡി പിടിച്ചും
വീടുകൾതോറും തേടിനടക്കും
ലാടന്മാരുടെ ജാടകളെന്നിൽ
പാടെ വിഫലമതായിത്തീർന്നു
നീറ്റുകൾ വാറ്റുകളൊക്കെമടുത്തു
നീറ്റല് നെഞ്ചിലുമേററമെടുത്തു
നെറ്റി പിളർപ്പതു പോലൊരു വേദന
മാറ്റമെഴാതെ തുടങ്ങി ശിരസിൽ
വയ്ക്കരയുളശ്ശയിലെന്നിരുമുഖ്യഭി -
ഷഗ്വരരാം തിരുമേനികളുടെ ഭുവി
ചൊൽക്കൊള്ളുന്നചികിത്സകൾകൂടെയി-
നിക്കൊരു കുറവുവരുത്തിയതില്ല
ഒരുവനുമിനിയൊരു ചക്രംപോലും
വെറുതെ നൽകുകയില്ലിതിനായി
നരനായാലൊരുനേരം മരണം
വരുമതിനും മടിയില്ലെന്നായി...
മാറ്റമെഴാതെ തുടങ്ങി ശിരസിൽ
വയ്ക്കരയുളശ്ശയിലെന്നിരുമുഖ്യഭി -
ഷഗ്വരരാം തിരുമേനികളുടെ ഭുവി
ചൊൽക്കൊള്ളുന്നചികിത്സകൾകൂടെയി-
നിക്കൊരു കുറവുവരുത്തിയതില്ല
ഒരുവനുമിനിയൊരു ചക്രംപോലും
വെറുതെ നൽകുകയില്ലിതിനായി
നരനായാലൊരുനേരം മരണം
വരുമതിനും മടിയില്ലെന്നായി...
തുടരും ..dhruwadeepthi.blogspot.de
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.