Donnerstag, 5. Juni 2014

ധ്രുവദീപ്തി// വിജ്ഞാനം // The world / ലിങ്കണും ഡാർവിനും തമ്മിലെന്ത് ? by George Kuttikattu


ധ്രുവദീപ്തി// വിജ്ഞാനം /

The world /  

ലിങ്കണും ഡാർവിനും തമ്മിലെന്ത് ? 

by George Kuttikattu


ചാൾസ് റോബർട്ട് ഡാർവിനും എബ്രാഹം ലിങ്കണും - ഇവരിരുവരും ഇരുനൂറു വർഷങ്ങൾക്കു മുമ്പ് ജനിച്ചവരാണ്. വ്യത്യസ്ഥ ഭൂഘണ്ഡത്തിൽ ജനിച്ച ഇരുവരും എങ്ങനെയോ മനുഷ്യന്റെ സമത്വത്തിൽ സമാനതയോടെ ഒരുപോലെതന്നെ ഉറച്ചു വിശ്വസിച്ചിരുന്നവരും ആയിരുന്നു.

ഒരാൾ, ലോകം കണ്ട മനുഷ്യക്കടത്തിനും അടിമത്തത്തിനുമെതിരെയും ധീരമായി  പോരാടിയ പോരാളി, ഐക്യ അമേരിക്കയുടെ പതിനാറാമത്തെ ഭരണാധികാരി,  റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ അമേരിക്കൻ പ്രസിഡണ്ട്,  ചരിത്ര പ്രസിദ്ധനായ വാഗ്മി, ചോരപ്പുഴ ഒഴുക്കിയ യുദ്ധം നയിച്ചു.  മറ്റെയാൾ, വർഗ്ഗ വിദ്വേഷികളിൽ നിന്നും വർഗ്ഗ വൈരുദ്ധ്യങ്ങളുടെ വിഭിന്നതകളിൽ നിന്നും ആദായം കൊയ്തു. ഇരുവരുടെയും പൂർവകാല ജീവിത പാതകളിലൂടെ കൂടെപ്പോയാൽ നമ്മെ അമ്പരപ്പിക്കുന്ന അടയാളങ്ങൾ ഏറെയേറെ കാണുവാൻ കഴിയുന്നുണ്ട്. അതിങ്ങനെ ഒറ്റവാക്കിൽ പറയാം- ഇരുവരുടെയും അതാത് മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ലോകത്ത് വളരെയധികം പരിവർത്തനങ്ങൾ പിൽക്കാലത്ത് ഉണ്ടാക്കുവാൻ വഴിയൊരുക്കിയെന്നത് മികവുറ്റ  ചരിത്ര പാഠങ്ങൾ തന്നെയായി. അവർ ഇരുവരും ജനിച്ചത്‌ ഒരേ ദിവസം, മരിച്ചത്, ഒരേ മാസവും.

എബ്രഹാം ലിങ്കണ്‍ ജനിച്ച വീട്-(മോഡൽ )
അമേരിക്കയിലെ ഹാർഡിൻ കൌണ്ടിയിലെ ഹോഡ് ഗെൻ വില്ലെയിലെ- ഇന്നത്തെ കെൻടക്കി യിൽ-   ലാറ്യൂ കൌണ്ടിയിൽ  ഒരു സാധാരണ കർഷക  കുടുംബത്തിൽ 1809 ഫെബ്രു.12-ന് തോമസ്‌ ലിങ്കണിന്റെയും ഭാര്യ നാൻസി ലിങ്കണിന്റെയും രണ്ടാമത്തെ മകനായി എബ്രാഹം ജനിച്ചു. വളരെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം എബ്രാഹം ലിങ്കണിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം സൃഷ്ടിച്ചു. സംസ്ഥാനത്തെ കർഷകരിൽ ഭൂരിഭാഗവും അക്കാലത്ത് സാമ്പത്തികമായി ഒട്ടുംതന്നെ മെച്ചപ്പെട്ടവർ ആയിരുന്നില്ല.പിതാവു തോമസും അമ്മ നാൻസിയും സഹോദരി സാറായുമടങ്ങുന്ന ഒരു കൊച്ചു കുടുംബം. ഇളയ സഹോദരൻ തോമസ്‌ ചെറുപ്രായത്തിൽ തന്നെ മരിച്ചു. ആ കൊച്ചു കുടുംബത്തിനു യോജിച്ച ഒരു കൊച്ചു ബ്ലോക്ക് ഹൗസിലാണ് എല്ലാവരും താമസിച്ചത്. തന്റെ ഒന്പതാം വയസ്സിൽ രോഗിയായിത്തീർന്ന അമ്മയുടെ നിത്യ വേർപാടിലൂടെ (1818-ൽ ) അബ്രഹാമിന് നഷ്ടപ്പെടുവാൻ അധികമായി ബാക്കി  ഒന്നുമില്ലായിരുന്നു. വിദ്യാഭ്യാസം ലഭിക്കുവാൻ അന്ന് സ്കൂളുകളില്ല, അതിനായി അവിടെയുള്ള   വിവിധ പ്രായത്തിലുള്ളവരെ ഒരുമിച്ചിരുത്തി പറഞ്ഞു കൊടുക്കുന്ന അറിവു നല്കാൻ ഒരിടം മാത്രം സൌകര്യപ്പെടുത്തി. എഴുത്തും  വായനയും അവിടെ അഭ്യസിപ്പിച്ചിരുന്നില്ല. അന്നുമുതലാണ് എബ്രാഹം- പിതാവിന്റെ രണ്ടാം ഭാര്യയുടെയും ( രണ്ടാനമ്മ-) സഹോദരി സാറയുടെയും സ്നഹം നിറഞ്ഞ വിദ്യാഭ്യാസ ശിക്ഷണത്തിൽ വളരുന്നത്‌. എബ്രാഹം ലിങ്കണിന്റെ മൂലകുടുംബം പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ മസാചൂസെട്സിലേയ്ക്കു കുടിയേറി താമസ്സം ആക്കിയവർ ആയിരുന്നു.


എബ്രാഹം ലിങ്കണ്‍-  സ്വയം തികഞ്ഞ ആത്മവിശ്വാസി, ജന്മനാൽ തന്നെ രാഷ്ട്രീയക്കാരനായവൻ, സാമൂഹ്യ നീതിയിലെ  ഇഷ്ടാനിഷ്ടങ്ങളെ വളരെ വേർ തിരിച്ചു കണ്ട മഹാപ്രതിഭ- കയ്യിലെത്തുന്ന ഏതു പുസ്തകവും വായിച്ചു തീർക്കുവാനുള്ള ദാഹം തീരാത്തവൻ, പലതരം തൊഴിലുകൾ ചെയ്തു, പട്ടാളക്കാരനായി, പട്ടാള മെധാവിയായി, നിയമം പഠിച്ചു, ജൂറിസ്റ്റ് ആയിത്തീർന്നു, മഹാ പണ്ഡിതനായി, മഹാവാഗ്മിയായി, ഇത്രയും കൊണ്ട് തീരുന്നില്ല, തന്റെ തന്ത്രപരമായ ഇടപെടലുകളിൽക്കൂടി ലോക ചരിത്രത്തിന്റെ മുൻപേജുകളിൽ സ്ഥാനം പിടിച്ച മഹാവ്യക്തിത്വത്തിനു സമാനതയില്ലാത്ത ഉടമയും.

എല്ലാക്കാലങ്ങളിലും വിവിധ മണ്ഡലങ്ങളിൽ അസാധാരണമായ കഴിവുകൾ ഉണ്ടായിരുന്ന വ്യക്തികൾ വീണ്ടും വീണ്ടും ഉണ്ടായിരുന്നു. ഇവരൊക്കെ ഒന്നുകിൽ ശാസ്ത്രജ്ഞർ, അഥവാ സാംസ്കാരികമോ അഥവാ രാഷ്ട്രീയമോ ആയ തലങ്ങളിൽ സ്വന്തം വ്യക്തിപ്രഭാവം തെളിയിച്ചു പ്രത്യേകമായ ശ്രദ്ധ നേടിയിട്ടുള്ളവർ ആയിരിക്കാം. ഇവർ  ലോകത്തിനു എല്ലാക്കാലവും  ഓർമ്മയിലിരിക്കുന്ന ചില മഹത്തായ കാര്യങ്ങൾ അവശേഷിപ്പിച്ചു, ഒരു വില്പത്രം പോലെ. ഈ പ്രത്യേകതയിൽ ഇവരെല്ലാം ചെയ്തത് പൊതുവായി എല്ലാത്തിനും ഉപരി ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഇവർ ചരിത്രത്തിന്റെ ഒരു ഉറച്ച ഘടകമായിത്തീർന്നിരിക്കുന്നു.

ഡോ.ചാൾസ് ഡാർവിനെപ്പോലെ വിശ്വവിഖ്യാതമായ ലോകവീക്ഷണത്തിൽ വ്യതിയാനം വരുത്തി മാറ്റിക്കുറിച്ച മറ്റൊരു മഹാനായ പണ്ഡിതൻ ഇന്നുവരെ വേറെയുണ്ടായിട്ടില്ല. അനേക മില്യണ്‍ വർഷങ്ങളുടെ പരിവർത്തനത്തിൽ നമ്മുടെ ഭൂമി ഉണ്ടായിരിക്കുന്നു, ആറ് ദിവസം കൊണ്ട് ദൈവം നിർമ്മിച്ചതല്ല ഈ ഭൂമിയെന്നും എന്നായിരുന്നു ഡാർവിന്റെ സിദ്ധാന്തം. ഇതിനാൽ തന്റെ ജീവിതകാലത്ത് ഇംഗ്ലീഷുകാരനായ ഡാർവിൻ അറിയപ്പെട്ടത്, മതനിന്ദകൻ, അഥവാ നാസ്തികൻ എന്നൊക്കെയുള്ള പേരിൽ അറിയപ്പെട്ടു. ചില നിശ്ചിത തീവ്ര ക്രിസ്ത്യൻ വിശ്വാസികൾ അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ  ഒരു ഭ്രാന്തൻ മതവിരുദ്ധ സിദ്ധാന്തം ആണെന്ന് പോലും പേര് വിളിച്ചു. അതുപക്ഷെ നമ്മെ ഏറെ അതിശയപ്പെടുത്തുന്നത്, കാണപ്പെടുന്ന ആന്തരികവും ബാഹ്യവുമായ കാഴ്ചപ്പാടിൽ, പെരുമാറ്റത്തിൽ, അദ്ദേഹം വെറുമൊരു വിപ്ലവകാരിയല്ലാ, നേരെമറിച്ച് അദ്ദേഹം എവിടെയും എപ്പോഴും ചേർന്നിണങ്ങുന്ന ഒരു പൊരുത്തപ്പെടുന്ന മാന്യവ്യക്തിത്വത്തി ന്റെ ഉടമയായിരുന്നു എന്നതാണ്.

വിജ്ഞാനമണ്ഡലത്തിൽ "ഡാർവിൻ" എന്ന  പേര് അക്കാലത്തും വളരെയേറെ പ്രസിദ്ധമായിരുന്നു. 1809 ഫെബ്രു.12 ന് ചാൾസ് റോബർട്ട് ഡാർവിൻ ഇംഗ്ലണ്ടിലെ SHREWSBURY -യിൽ റോബർട്ട്‌ വാറിംഗ് ഡാർവിന്റെയും ഭാര്യ സുസാന്ന വേഡ്ഗെ വുഡിന്റെയും അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. അദ്ദേഹത്തിനു എട്ടുവയസ്സു ആകുമ്പോൾ 1817-ജൂലൈ 15-ന് ചാൾസിന്റെ അമ്മ മരിക്കുന്നു. അദ്ദേഹത്തിൻറെ സഹോദരിമാരാണ് ചാൾസിന്റെ സംരക്ഷണം ഏറ്റെടുത്തത്. ഒരു പ്രസിദ്ധമായ ഡോക്ടർ കുടുംബത്തിൽ ജനിച്ച ചാൾസിനെയും ഒരു ഡോക്ടർ ആക്കിത്തീർക്കണം എന്ന ആശയം ഡോക്ടർ തന്നെയായിരുന്ന പിതാവും സ്വാഭാവികമായി ആഗ്രഹിച്ചു. അതിനുവേണ്ടി  100 ശതമാനം അച്ചടക്കം നല്കുന്ന, വടി കൊണ്ടുള്ള അടി നല്കിക്കൊണ്ട് പോലും ശിക്ഷണം നടപ്പാക്കുന്ന ബോർഡിംഗ് സ്കൂളിൽ ചേർത്തു. എന്നാൽ സ്വയം ഒരു പ്രകൃതി ശാസ്ത്രജ്ഞനും വൈദ്യനുമായ ചാൾസിന്റെ വല്യപ്പൻ, തന്നെപ്പോലെതന്നെ കൊച്ചുമകൻ ചാൾസും ഒരു പ്രസിദ്ധനായ പ്രകൃതി ശാസ്ത്രജ്ഞൻ ആയിത്തീരുമെന്നു ഊഹപ്രസ്താവന ചെയ്തിരുന്നു. പതിനാറു വയസായ ചാൾസിനെയും മൂത്ത സഹോദരൻ ഇറാസ്മുസിനെയും മെഡിസിൻ പഠനത്തിനയച്ചു. രോഗിയെ ഓപ്പറേഷൻ  ചെയ്യുവാൻ പോലും  അനസ്തെസിയ നല്കാതെ ചികിത്സയുള്ള കാലം!.ഒരു നീണ്ട കാല ശ്രമത്തിനു തയ്യാറാകാതെ ചാൾസ് തന്റെ മെഡിസിൻ പഠനം ഉപേക്ഷിച്ചു. മകന് വൈദ്യം പഠിക്കൽ ഒട്ടും ചേർന്നതല്ല എന്ന് പിതാവും സമ്മതിച്ചു. പക്ഷെ, മകൻ എന്തോ ആയിത്തീരണം , പിതാവിന്റെ ഉറച്ച ആഗ്രഹമാണത്.
 
ഡോ. ചാൾസ് ഡാർവിൻ
തന്റെ പിതാവിന്റെ രണ്ടാം ആഗ്രഹം ആയിരുന്നു . തിയോളജിപഠനം - ആംഗ്ലിക്കൻ തിയോളജി.  1828-ൽ പിതാവിന്റെ ആഗ്രഹം സഫലീകരിക്കാൻ പകുതി മനസ്സോടെ തിയോളജി പഠനം കേംബ്രിഡ്ജിൽ തുടങ്ങി. എങ്കിലും ബൈബിളിലെ  ഓരോ വചനങ്ങളും അക്ഷരാർത്ഥത്തിൽ പൂർണ്ണമായും ശരി തന്നെയെന്നോ വിശ്വസിച്ചില്ല. അദ്ദേഹത്തിലെ  വളർച്ച പ്രാപിച്ചു കൊണ്ടിരുന്ന സസ്യശാസ്ത്ര വിജ്ഞാനം വികസിപ്പിക്കുവാൻ തനിക്ക് പ്രേരക ശക്തിയായിത്തീർന്നത്‌ സുഹൃത്തും വൈദികനുമായിരുന്ന ജോണ്‍ സ്റ്റീഫൻ ഹെൻസ്ലോയുമായുള്ള സൗഹൃദം ആയിരുന്നു. അവരുടെ പതിവു തെറ്റാത്ത ആഴ്ചയിലെ ഓരോ വെള്ളിയാഴ്ചകളിലും  നടന്നിരുന്ന  കൂടിക്കാഴ്ചയിൽ, അവരിരുവരും  ദൈവ ശാസ്ത്രം പറയുന്നതിലേറെ പ്രക്രുതി ശാസ്ത്രത്തെ ഏറെ കൂടുതൽ അടുത്തറിയുവാനാണ് താൽപ്പര്യപ്പെട്ടത്‌. തിയോളജിപഠനം കൊണ്ട്  ഉപജീവനം നേടലിനോ, അഥവാ കുടുംബം പോറ്റലിനോ വേണ്ടി ഉപകരിക്കാം, എന്നാൽ  പ്രക്രുതിശാസ്ത്രവിജ്ഞാനം നേടൽ ഒരു ഹോബിയെന്നുമാണ് ചാൾസ് ഡാർവിൻ ചിന്തിച്ചത്. അതുപക്ഷെ ഒടുവിൽ സംഭവിച്ചത് മറ്റൊന്നും!  ചെടികളെക്കുറിച്ചുള്ള വിജ്ഞാനം, ജീവികളെക്കുറിച്ചുള്ള ജിജ്ഞാസ തുടങ്ങി ജീവിതത്തിന്റെ അവസാനം വരെ ഡാർവിന് മറുപടി കാണാൻ കഴിയാത്ത കാര്യങ്ങൾ - അതെ ഡാർവിന്റെ ആശയങ്ങൾ - "THE ORIGIN OF SPECIES" - ധീരതയും വ്യക്തതയുമുള്ള പ്രകൃതിശാസ്ത്ര വിജ്ഞാനം -THE THEORY OF THE EVOLUTION. ലോകത്തിനു ബാക്കി വച്ചു.

ഡോ .ചാൾസ് ഡാർവിൻ-ഒരു ഇംഗ്ലീഷുകാരൻ ,സമ്പന്നൻ, വളരെ ഒതുങ്ങി ജീവിക്കാനാഗ്രഹിച്ച മഹാപണ്ഡിതൻ, നിശബ്ദനായ ഒരു എഴുത്തുകാരൻ, ഇതുകൊണ്ടും തീർന്നില്ല. വൈദ്യശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും ഒക്കെ ഇടയ്ക്ക് വച്ചു മുടങ്ങിപ്പോയെങ്കിലും അതുവരെയുള്ള ചിന്തകളും സങ്കൽപ്പങ്ങളും മറികടന്ന് പ്രകൃതിശാസ്ത്ര രംഗത്ത് അത്ഭുതം സൃഷ്ടിച്ച അറിവുകളുടെ ഒരു അതിശയകരമായ കുതിച്ചുചാട്ടത്തിനു നാന്ദി കുറിച്ചു.

ഡോ .ചാൾസ് ഡാർവിന്റെ ഇരുനൂറ്റി അഞ്ചാം ജന്മ ദിനം ഹൃദയത്തിൽ ആചരിക്കുന്ന ഇന്നത്തെ തലമുറ മഹത്തായ മറ്റൊരു ചിന്താശൈലിയും പുതിയ പുതിയ അറിവുകളും പഠനരീതികളും സ്വീകരിക്കുന്നതായി കാണാം.. ആധുനിക ശാസ്ത്രത്തിലെ പുതിയ പുതിയ ആഴങ്ങളിലേയ്ക്കുള്ള അന്വേഷണങ്ങളുടെ ഇടയിൽ പലപ്പോഴും വഴിമുടക്കി നിൽക്കുന്ന പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം ലോകത്തിനു കാഴ്ച വച്ച " ജനിതോത്‌പത്തി" ( THE ORIGIN OF THE SPECIES) അവിടെയെല്ലാം എപ്പോഴും ഒരു ചൂണ്ടുപലകയായി മാറിയിട്ടുണ്ട്.

വർഗ്ഗങ്ങളുടെ ഉത്ഭവവും പരിവർത്തനങ്ങളും വിശദീകരിക്കുന്ന യഥാർത്ഥ ബയോളജിക്കൽ മാറ്റങ്ങളുടെ ചരിത്രങ്ങളുടെ ആശയമാണ് ചാൾസ് ഡാർവിൻ, ജീൻ  ബാപ്റ്റിസ്റ്റ്. ഡെ.ലമാർക്ക് തുടങ്ങിയവർ നിരീക്ഷണം നടത്തിയത്. ഇതിൽ, ബയോളജി, പാലിയന്തോളജി, ജനെറ്റിക്, മോർഫോളജി, അനാട്ടമി, സെൽ ബയോളജി, ബയോകെമിസ്ട്രി, ബിഹേവിയർ ബയോളജി, എക്കോളജി , ബയോ ജിയോഗ്രാഫി, ഡവലപ്മെന്റ് ബയോളജി തുടങ്ങിയ എല്ലാവിധ ഉത്പത്തിയുടെ ഉറവിടം അടങ്ങുന്ന ജീവന്റെ ചരിത്ര സംഹിതയാണ് ഡാർവിന്റെ എവലൂഷൻ തിയറി എന്ന് ചുരുക്കമായി പറയാം. രോഗം അലട്ടിയിരുന്ന അദ്ദേഹത്തിനു  തന്റെ ആശയങ്ങൾ പുറലോകത്തിനു തുറന്നു നൽകുവാൻ അത്ര എളുപ്പമായിരുന്നില്ല. തന്റെ പ്രകൃതി ശാസ്ത്ര ആശയങ്ങൾ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുവാനുള്ള ഭയമായിരുന്നു വളരെ താമസിച്ചു അവ പ്രസിദ്ധീകരിക്കുവാൻ കാരണമായത്‌. ഇംഗ്ലണ്ടിലെ പുരോഹിതരുടെയും പ്രകൃതി ശാസ്ത്രജ്ഞന്മാരുടെയും കാഴ്ചപ്പാടിൽ തന്റെ ആശയങ്ങൾക്ക് നേരെ എതിർപ്പുകളുടെ ഒരു വലിയ വേലിയേറ്റം തന്നെയുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്തു എതിർപ്പുകൾ സ്വയം വാങ്ങുന്ന തന്റെ വല്യപ്പൻ ഇറാസ്മുസ്സിനുണ്ടായിരുന്ന ധീരത ചാൾസിനു ഉണ്ടായിരുന്നില്ല. അതുകൊണ്ട് " THE ORIGIN OF SPECIES " 1859-ലാണാദ്യമായി  പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടത്.

ലോക രാഷ്ട്രങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമായിരുന്നു, നവീന  ശാസ്ത്രലോകത്തിനു ജീവതന്ത്രത്തിലും ഊർജതന്ത്രത്തിലും പ്രത്യേക വിജ്ഞാന മണ്ഡലമാക്കി അമിതപ്രാധാന്യം നല്കി അതിനെ ആഗോള ശാസ്ത്ര പഠന വേദിയാക്കി ഉയർത്തിയത്‌. എബ്രാഹം ലിങ്കണിന്റെയും ഡോ. ചാൾസ് ഡാർവിന്റെയും അർപ്പിതമായ സേവനമില്ലായിരുന്നെങ്കിൽ ഇക്കാര്യം ചിന്തിക്കുവാൻ കൂടി പോലും സാധ്യമാകുമായിരുന്നില്ലായെന്ന് ഇപ്പോൾ ശാസ്ത്രലോകവും വിശ്വസിക്കുന്നു.

എബ്രാഹം ലിങ്കണിന്റെയും ഡോ.ചാൾസ് ഡാർവിന്റെയും തനതായ സ്വതന്ത്ര ചിന്താരീതിയിലും പ്രവർത്തനശൈലിയിലും വളരെയേറെ തീരുമാനങ്ങളിലും സമാനതകൾ എന്നും ഉണ്ടായിരുന്നതായി നമുക്ക്  മനസ്സിലാക്കുവാൻ കഴിയും. എന്തുകൊണ്ടാണിങ്ങനെ എന്നത് ഏറെ ചിന്തനീയവുമാണ്. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കെന്റക്കിയിലേയ്ക്ക് കുടിയേറിയ ലിങ്കണ്‍കുടുംബത്തിലെ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ദാരിദ്ര്യം തൊട്ടറിഞ്ഞു ജനിച്ച എബ്രാഹം ലിങ്കണ്‍, ഇംഗ്ലണ്ടിലെ സെവേർനിൽ ഒരു ധനിക കുടുംബത്തിലെ ഭിഷഗ്വര പുത്രനായി ജനിച്ച ചാൾസ് ഡാർവിൻ. സമൂഹത്തിലുണ്ടായിരുന്ന ദാസ്യവേലയോടും അന്നത്തെ  അടിമത്ത സമ്പ്രദായത്തോടും ഇവരിരുവർക്കും എക്കാലവും ശക്തമായ എതിർപ്പാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അവർ ഇരുവരും തങ്ങളുടേതായ മണ്ഡലങ്ങളിൽ അടിയുറച്ചുനിന്നു പോരാടി.

അടിമ വിമോചന പ്രഖ്യാപനം അടിവരയിട്ടു രൂപപ്പെടുത്തിയ എബ്രാഹം ലിങ്കണിന്റെ  ചരിത്ര പ്രസിദ്ധമായ "ഗറ്റിസ് ബെർഗ് പ്രസംഗം "- അതൊരു പ്രസംഗം മാത്രമായിരുന്നില്ല. ഒരു പരിപൂർണ്ണ ജനാധിപത്യ ശാസ്ത്രത്തിലുറച്ച സ്വാതന്ത്ര്യം അടിസ്ഥാനമാ ക്കിയ ലോക     സമാധാനത്തി നും മനുഷ്യ സമത്വത്തിനും വേണ്ടിയുള്ള ഒരു മഹാ ചരിത്ര ഉടമ്പടി പ്രഖ്യാപന മായിരുന്നു, അത്.

ഡോ. ചാൾസ് ഡാർവിൻ     ശാസ്ത്രലോകത്ത്          ഇതിൽ നിന്നും ഒട്ടും തന്നെ വിഭിന്നമല്ലാത്ത സ്വതന്ത്ര ചിന്തകളിലൂടെയും  നിരീ ക്ഷണ പരീക്ഷണങ്ങളിലൂടെ യും  നേരിട്ടുള്ള തനതായ വിവിധ   അനുഭവങ്ങളിലൂടെ യും ബോധ്യപ്പെട്ടതാണ്, "എല്ലാ മനുഷ്യരും സജാതീയത്വം ഉൾക്കൊള്ളൂന്നവർ ആണെന്ന അറിവ്. ഇതേക്കുറിച്ച് അദ്ദേഹ ത്തിൻറെ ബയോഗ്രാഫി എഴുതിയ ജയിംസ് മൂറും, ആഡ്രിയാൻ ഡസ്മോണ്ടും" ഡാർവിൻസ് സേക്രഡ് ക്രോസിൽ" ഇതേക്കുറിച്ച് തറപ്പിച്ചു സമർത്ഥിക്കുന്നു.

എല്ലാതരത്തിലുമുള്ള അടിമത്ത സമ്പ്രദായങ്ങളും അവസാനിപ്പിക്കുകയെ ന്നത്, എബ്രാഹം ലിങ്കണിന്റെയും ചാൾസ്‌ ഡാർവിന്റെയും ജീവിതോ ദ്യമങ്ങളിലെ ശ്രേഷ്ഠ കർമ്മങ്ങളുടെ പ്രധാന ഭാഗമായിരുന്നു. " ഒരു അടിമയെപ്പോലും മോചിപ്പിക്കാതെയാണ് രാജ്യഐക്യം സാധിക്കുന്ന തെങ്കിൽ അത് ഞാൻ ചെയ്യും. അഥവാ എല്ലാ അടിമകളെയും മോചിപ്പിക്കുവാൻ കഴുയുമെങ്കിൽ ഐക്യം സംരക്ഷിക്കുവാൻ വേണ്ടി അപ്രകാരം തന്നെയും ചെയ്യും. അതുമല്ല, അവരിൽ കുറച്ചുപേരെ മാത്രം മോചിപ്പിക്കുവാനും മറ്റുള്ളവരെ അതിനു അതിനു സഹായിക്കുക യുമില്ലായെങ്കിൽ പോലും അത് ഞാൻ ചെയ്യും." അടിമത്തം സംബന്ധിച്ച എല്ലാക്കാര്യങ്ങളിലും രാജ്യത്തിന്റെ ഐക്യം  സംരക്ഷിക്കുവാൻ ഇത് ഏറെ സഹായിക്കുമെന്നു തന്നെയാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നത്.

ഇതിൽ ഉറച്ചുനിന്നുകൊണ്ട്തന്നെ എബ്രഹാം ലിങ്കണ്‍ തന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര യുദ്ധത്തിൽ രാജ്യസഖ്യങ്ങളടങ്ങിയ " അമേരിക്കൻ ഐഖ്യനാടുകളിൽ" (UNITED STATES OF AMERICA)  താൻ എന്നുമെന്നും ചിന്തിച്ചിരുന്ന  ആശയം - അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുകയും,  അതിനായി വർണ്ണ വിവേചനത്തിനു എതിരെ ശക്തമായ ഒരു അവബോധം രൂപപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

അമേരിക്കയിൽ അടിമത്തം വളർന്നതെങ്ങനെ ?

അമേരിക്ക സ്വതന്ത്രമായതോടൊപ്പം തന്നെ യൂറോപ്പിൽ വിവിധ അസംസ്കൃത സാധനങ്ങളുടെ വലിയ കുറവ് അനുഭവപ്പെട്ടു. അതേസമയം, അമേരിക്കയിൽ വലിയ ഫാക്ടറികളും അവയുടെ യന്ത്രവത്ക്കരണ പ്രക്രിയയും ഇവയുടെ കുറവുമൂലം ആകെ അവതാളത്തിലായി. യൂറോപ്പിനെ ആശ്രയിക്കാതെയുള്ള ഒരു യന്ത്രവത്ക്കരണം തീരെ അസാദ്ധ്യമാണെന്നു മനസ്സിലാക്കിയ അമേരിക്ക അവരുടെ പരുത്തിയും പുകയിലയും തുടങ്ങിയ ഒട്ടനവധി അസംസ്കൃത സാധനങ്ങൾ തങ്ങളുടെ കപ്പലുകളിൽ യൂറോപ്പിലേയ്ക്ക് അയച്ചുതുടങ്ങി. ഇതിനു പകരമായി യൂറോപ്പിൽ നിന്നും യന്ത്രങ്ങളും പാർട്സ്കളും തിരികെ ലഭിച്ചു. അമേരിക്കൻ പ്ലാന്റെഷനുകളും ഖനികളും വികസനത്തിന്റെ ഉച്ചകോടിയിലെത്തി. ഇതനുസരിച്ച് തൊഴിലാളികളുടെ കുറവ് കുത്തനെ വർദ്ധിച്ചു വന്നു. ഈ സാഹചര്യം യൂറോപ്യൻ കോളനി ശക്തികൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് കായശേഷിയുള്ള കറുത്ത വർഗ്ഗക്കാരെ അടിമകളാക്കി കൈമാറ്റം ചെയ്യുന്നതിന് രാജ്യങ്ങൾ  തമ്മിൽ കരാറുണ്ടാക്കി.

അമേരിക്കയിൽ അടിമത്തസമ്പ്രദായം പതിനേഴാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നുവെങ്കിലും അത് ശക്തമായി പരക്കെ വ്യാപിച്ചത് യൂറോപ്പുമായുള്ള വ്യാപാര കരാറു മുതലായിരുന്നെന്നു കാണാൻ കഴിയും. കപ്പലുകളുടെ ഇരുണ്ട ഇടുങ്ങിയ വൃത്തികെട്ട മുറികളിൽ അടച്ചിരുന്ന അടിമകൾക്ക് പ്രകാശം കാണുവാനുള്ള ഭാഗ്യം മൂന്നോ നാലോ മാസ്സങ്ങൾക്ക് ശേഷമായിരുന്നു. അപ്പോഴേയ്ക്കും അസുഖങ്ങളും പകർച്ചവ്യാധികളിലും പെട്ട് കപ്പലുകളിൽ അടയ്ക്കപ്പെട്ട ഏതാണ്ട് എണ്‍പത്തി അഞ്ചു ശതമാനം അടിമകളും മരണത്തിനു കീഴടങ്ങിയിരുന്നു. അങ്ങനെ ദിവസംതോറും അമേരിക്കൻ തുറമുഖങ്ങളിലേയ്ക്ക് അടിമകളായി പിടിച്ചു കയറ്റി അയക്കപ്പെട്ട കറുത്ത വർഗ്ഗക്കാരുടെ നിസ്സഹായതയുടെ ദയനീയ രോദനം എവിടെ നിന്നോ ശക്തിയാർജിച്ചു വന്നെത്തി ആഞ്ഞടിച്ചു കടന്നുപോകുന്ന തിരമാലകൾക്കൊപ്പം അലിഞ്ഞു ലയിച്ചു ചേർന്നുകൊണ്ടിരുന്നു.

ട്രോപ്പിക്കൽ കാലാവസ്ഥയുള്ള അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലെ ധനിക കർഷകരാണ് അടിമകളെ വാങ്ങി അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതേസമയം വ്യവസായ ശാലകളും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും നടത്തിവന്നിരുന്ന വടക്കൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിമത്ത വ്യവസ്ഥിതിയെയും അടിമവ്യാപാരത്തെയും അംഗീകരിക്കുവാൻ വിഷമം ഉണ്ടായത്, അമേരിക്ക ഇക്കാര്യത്തിൽ ആദർശപരമായി രണ്ടായി പിരിയുവാൻ ഒരു കാരണമായി. വടക്കൻ പ്രദേശത്തുകാരനായ എബ്രഹാം ലിങ്കണ്‍ സ്വാഭാവികമായിത്തന്നെ അടിമക്കച്ചവട ഇടപാടുകളോട് എതിരാവുകയും ചെയ്തു. ഇതോടെ അദ്ദേഹം മനുഷ്യസമത്വത്തിന്റെയും സമത്വ പ്രമാണങ്ങളുടെയും പ്രവാചകനായിത്തീർന്നു, സ്വതസിദ്ധമായ നീതി ബോധത്തിലുറച്ച പ്രതിജ്ഞയുമായി.

ഇതുപോലെതന്നെ അതിശയകരമായ ഏറെ സമാനതയോടെയാണ് ഡോ. ചാൾസ് ഡാർവിനും ഈ പ്രപഞ്ച രഹസ്യത്തെക്കുറിച്ചു ഈ ഭൂമിയിലെ മനുഷ്യരുടെ അറിവിലേയ്ക്ക് വിശദീകരിച്ചത്. അതുപക്ഷെ മനുഷ്യനെ സ്വതന്ത്രനാക്കുന്നതിനല്ല, മറിച്ച് പരിണാമ വാദം വിശദീകരിച്ചുകൊണ്ട് മനുഷ്യർ എല്ലാവരും സമാനതയുള്ളവർ ആണെന്നും പരസ്പരം   ബന്ധമുള്ളവർ ആണെന്നും അവരോട് സമർത്ഥിക്കുകയായിരുന്നു, അദ്ദേഹം.

എന്നാൽ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. എബ്രഹാം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും തനതും സ്വതന്ത്രവുമായ പ്രവർത്തനങ്ങളിലെയും ചിന്തകളിലെയും വൈപരീത്യമാണത്. ഒരു പുതിയ ഐക്യനാടുകൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ എബ്രാഹം ലിങ്കണ് ഒരു രക്തരൂക്ഷിത യുദ്ധം തന്നെ നയിക്കേണ്ടിവന്നു. ആറുലക്ഷത്തി ഇരുപതിനായിരത്തോളം പേർ പോർക്കളത്തിൽ മരിച്ചു വീണു. പക്ഷെ, യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. കൂടാതെ, അടിച്ചർത്തപ്പെട്ടിരുന്ന തെക്കൻ പ്രവിശ്യകൾ പതിറ്റാണ്ടുകളോളം തകർന്നടിഞ്ഞു കിടന്നു.

യന്ത്രവൽകൃത യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധമെന്ന ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധത്തിന്റെ അവസാനഫലം ഭീകരമായിരുന്നു. എതിർസൈന്യങ്ങളെ വകവരുത്തുക മാത്രമായിരുന്നില്ല, മറിച്ച്, നിരപരാധികളായ അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും ഇല്ലായ്മ ചെയ്തു. അൻഡെർസൻക്യാമ്പിൽ ഉണ്ടായിരുന്ന തടവുകാരിൽ നാൽപ്പതു ശതമാനവും മരണത്തിനിരയായി.

A British cartoonist presented -1870



ചാൾസ് ഡാർവിന്റെ വ്യക്തവും ധീരവുമായ ആശയം- THE ORIGIN OF SPECIES- ലോക ശാസ്ത്രജ്ഞരുടെ മുൻപിൽ ഒരു ഭീകര വെല്ലുവിളിയായി ഉയർന്നു പൊങ്ങി. മതശാസ്ത്രജ്ഞർ, പ്രകൃതി ശാസ്ത്ര പണ്ഡിതർ എന്നുവേണ്ട നാനാമുഖത്തുനിന്നും എതിർപ്പുകൾ ഉണ്ടായി. The Origin Of Species പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടശേഷം അദ്ദേഹത്തിൻറെ 
 
ജീവിതാവസാനം വരെയും മറുപടി കിട്ടാത്ത അടുത്ത ചോദ്യവുമായി നിരീക്ഷണ ജോലികൾ ചെയ്തു. അതായിരുന്നു, Acquired properties നെ കുറിച്ചുള്ള ചോദ്യം. ഈ ചോദ്യത്തിന് മനുഷ്യന്റെ പരിണാമ ചരിത്രത്തിൽ വ്യക്തമായ ഒരു ചിത്രം വിവരിച്ചു  നല്കുവാൻ ഡാർവിനു കഴിഞ്ഞില്ല. തന്റെ പ്രിയപ്പെട്ട ഭാര്യ എമ്മാ പത്തു മക്കളുമായി ദൈവവിശ്വാസത്തിൽ ഒരു ജീവിതം മുഴുവൻ കഴിഞ്ഞപ്പോഴും, ഡാർവിൻ തന്റെ പരീക്ഷണങ്ങൾ മുന്നേറുന്നതനുസരിച്ചു ഒരു പരിപൂർണ്ണ അത്തെയിസ്റ്റായി മാറുകയാണ് ചെയ്തത്. മരണം എല്ലാത്തിനും ഒരു പരിപൂർണ്ണ അവസാനം എന്ന് അദ്ദേഹം മനസ്സിലാക്കി. 1882 ഏപ്രിൽ 19 നു ചാൾസ് ഡാർവിൻ കെന്റിൽ അന്തരിച്ചു. പ്രകൃതി ശാസ്ത്രത്തിനു എക്കാലവും വിലമതിക്കാനാവാത്ത സംഭാവനകൾ നല്കിയ ചാൾസ് ഡാർവിനെ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ  സംസ്കരിച്ചു.

1865 ഏപ്രിൽ പതിനാലാം തിയതി, ദു:ഖ വെള്ളിയാഴ്ച, ലോകം കണ്ട അടിമത്ത സമ്പ്രദായത്തിനു വിലക്ക് നല്കി മനുഷ്യ സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കിയ, ഒരു നവീന അമേരിക്കൻ ഐക്യനാടുകൾക്ക് ജന്മം നല്കിയ, എബ്രഹാം ലിങ്കണ്‍ തന്റെ ഭാര്യയുമൊത്ത് നാടക തീയേറ്ററിൽ ഇരിക്കുമ്പോൾ ആണ്  വിൽക്കെസ് ബൂത്ത് എന്ന ഘാതകൻ അദ്ദേഹത്തെ വെടി വച്ചു കൊന്നത്.

യാഥാസ്ഥിതിക ചേരികളുടെ കടുത്ത ഭീഷണികളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ട് തന്റെ കർമ്മ മണ്ഡലത്തിലെ ആത്മാർത്ഥവും ശ്രേഷ്ഠവും സ്തുത്യർഹവുമായ പ്രവർത്തനങ്ങളാൽ മനുഷ്യർക്കിടയിലെ  സമത്വത്തിനും സഹവർത്തിത്വത്തിനും സുദൃഢമായ അടിത്തറയിടാൻ സഹായിച്ച ചാൾസ് ഡാർവിൻ  1865-ലെ  ഏപ്രിൽ മാസം 19-ന്, ലിങ്കണിന്റെ വേർപാടിനു അഞ്ചു ദിവസങ്ങളുടെ അകലത്തിൽ, അന്തരിച്ചു.

ധ്രുവദീപ്തി ഓണ്‍ലൈൻ -

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.