വേദനയിലും പീഡനത്തിലും പിതാവിന്റെ ഹിതം തേടിയ യേശു.
( പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു /
രണ്ടാം ഭാഗം തുടർച്ച...
By Dr. Dr: Joseph Pandiappallil )
യേശുവിനു പ്രാർത്ഥന പിതാവിന്റെ ഹിതാന്വേഷണം ആയിരുന്നു (മത്താ: 26:40-42). ജീവിതത്തിലുടനീളം അവിടുന്നു പിതാവിന്റെ ഹിതം അറിഞ്ഞു അനുവർത്തിച്ചു. തന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുന്നതും അവന്റെ ജോലി പൂർത്തിയാക്കുന്നതുമായിരുന്നു യേശുവിന്റെ ഭക്ഷണം (യോഹ.4:34). അതുകൊണ്ട് യേശുവിനു പ്രാർത്ഥിക്കുകയെന്നാൽ ജീവിക്കുക എന്നതായിരുന്നു; ജീവിക്കുക എന്നത് പ്രാത്ഥിക്കുകയും. തന്റെ വേദനയുടെ മണിക്കൂറുകളിലാണ് നമുക്ക് ഏറ്റവും ബോദ്ധ്യമാകുന്ന രീതിയിൽ അവിടുന്നു പിതാവിന്റെ ഇഷ്ടം അന്വേഷിച്ചത്.
പ്രാർത്ഥിക്കുന്ന യേശു. |
സുഖാന്വേഷണമാണ് മനുഷ്യരുടെ സ്വാഭാവിക ആഗ്രഹം. അതാണ് സ്വന്തം ഇഷ്ടം. അത് നിറവേറ്റേണ്ടതില്ല. മറിച്ചു ദൈവത്തിന്റെ ഇഷ്ടം നിറവേറണം. അത് സുഖാന്വേഷണമല്ല. ദൈവം മഹത്വപ്പെടുന്നതിനും അനേകർ ദൈവത്തെ അനുഭവിക്കുന്നതിനും ഉപകരിക്കുന്ന സംഭവങ്ങളാണ്. ദൈവേഷ്ട നിർവഹണത്തിനു ഉതകുന്ന കാര്യങ്ങൾ. ഇത് സ്വന്തം മരണം പോലും ആകാം.
ദ്രോഹിക്കുന്നവരോട് ക്ഷമിക്കുവാൻ പ്രാർത്ഥിക്കുന്ന യേശു-
മരക്കുരിശിൽ കിടന്നു യേശു പ്രാർത്ഥിച്ചു (ലൂക്കാ.23:23). മനുഷ്യർക്കു വേണ്ടിയാണ് അവിടുന്ന് പ്രാർത്ഥിച്ചത്. അതായത് നമുക്കുവേണ്ടി. യേശുവിന്റെ സമകാലികരെയും അവിടുത്തോടൊപ്പം നടന്നിരുന്നവരെയും അവിടുന്നു ആദ്യം തന്റെ മുമ്പിൽ കണ്ടു. അവർക്കുവേണ്ടി നാഥൻ പ്രാർത്ഥിക്കുന്നു. എന്നാൽ യേശുവിന്റെ ശിഷ്യരും മിത്രങ്ങളും ആയിരുന്നവർ അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി.
ഓടിപ്പോകുന്നതിലൂടെ അവരും മിത്രങ്ങളല്ലെന്നു തെളിയിച്ചു. അങ്ങനെ യേശുവിനു മിത്രങ്ങളില്ലെന്നായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ശത്രുക്കളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച (ലൂക്കാ.6:28) നാഥൻ ശത്രുസ്നേഹം കുരിശിൽ പ്രകടമാക്കി. (ശത്രു (ekthros -എക്ത്രോസ് ) എന്ന വാക്കിനർത്ഥം "നമ്മെ ദ്രോഹിക്കുന്നവൻ " അഥവാ "നമ്മുടെ തിന്മ ആഗ്രഹിക്കുന്നവൻ, നാം നശിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ, നാം നശിച്ചാലെ സുഖം കിട്ടുകയുള്ളൂ എന്ന് വിശ്വസിക്കുന്നവൻ", എന്നൊക്കെയാണ്. യേശുവിനെ ക്രൂശിക്കുവാൻ ആഗ്രഹിച്ചവരെല്ലാം അവിടുത്തെ ശത്രുക്കൾ ആയിരുന്നു. യൂദർ കള്ള പ്രചാരണം നടത്തി, പീലാത്തോസിനെപ്പോലും പേടിപ്പിച്ച് അവിടുത്തേയ്ക്കെതിരായി വിധിയെഴുതിപ്പിച്ചു. അവർക്ക് വേണ്ടിയാണ് യേശു പ്രാർത്ഥിക്കുന്നത്.
ക്ഷമ സ്നേഹത്തിന്റെ പുനരാവിഷ്ക്കാരമാണ്. ക്ഷമിക്കുകയും ക്ഷമിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ താൻ സ്നേഹിക്കുന്നതോടൊപ്പം പിതാവ് അവരെ സ്നേഹിക്കണമെന്നു ആവശ്യപ്പെടുകയുമാണ് യേശു ചെയ്യുക. ശത്രുക്കൾ പിതാവിലും യേശുവിലും ഒന്നായിത്തീർന്ന് പരസ്പരം ഐക്യപ്പെടണമെന്നാണ് അവിടുന്ന് ഉദ്ദേശിക്കുക. അതിലൂടെ അവർ നല്ലവരായിത്തീരുമെന്ന് ധ്വനി.
കാരണം പ്രാർത്ഥന യേശുവിനു സ്നേഹാനുഭാവമായിരുന്നു. പിതാവിനോടുള്ള സ്നേഹബന്ധമായിരുന്നു; പിതാവുമായി ഒരിക്കലും വേർപെടാത്ത ഐക്യമായിരുന്നു. പിതാവുമായി തനിക്കുണ്ടായിരുന്ന അഭേദ്യ ബന്ധം പോലുള്ള സ്നേഹാനുഭവത്തിലേയ്ക്ക് ശത്രുക്കളെയും ഉൾപ്പെടുത്തുവാൻ അവിടുന്നാഗ്രഹിച്ചു. അതായത് ദ്രോഹിച്ചവരെ കൂടുതലായി സ്നേഹിച്ചു എന്ന് സാരം. വേദനയുടെ മണിക്കൂറുകളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ തനിക്കുവേണ്ടി കണ്ണീർ
പൊഴിച്ചവർക്കുവേണ്ടിയോ, തന്റെ വചനങ്ങൾ പ്രഘോഷിക്കുന്നവർക്ക് വേണ്ടിയോ യേശു പ്രാർത്ഥിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശത്രു സ്നേഹത്തിന്റെ മഹത്വം പഠിപ്പിച്ച അവിടുന്നു സ്വജീവിതത്തിലൂടെ അത് പ്രകടമാക്കി.
ദൈവത്തിൽ നിരന്തരം ആശ്രയിച്ച യേശു (മർക്കോ.15:35)-
യേശുവിന്റെ പ്രാർത്ഥന ഏറ്റവും ഹൃദ്യമാകുന്നത് ഗാഗുൽത്തയിലാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ സങ്കീർത്തകനോടുകൂടി അവിടുന്നു പ്രാർത്ഥിക്കുന്നു. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?(മർക്കോ. 15:34). തികച്ചും മാനുഷികമായ ഒരു നിലവിളിയാണത്. തകർച്ചയുടെ നടുവിൽ യേശു ദൈവത്തിനു നേരെ തിരിയുകയാണ്. സങ്കീർത്തനം മുഴുവനും മനുഷ്യൻ ദൈവത്തിലേയ്ക്ക് തിരിയുന്നതിന്റെ ദൈവശാസ്ത്രമാണല്ലോ.
പ്രാർത്ഥനയായിത്തീർന്ന ജീവിതമാണ് യേശുവിന്റെ മാതൃക. |
ദൈവം ഉപേക്ഷിച്ചു എന്ന തോന്നലല്ല ഇതിനു നിദാനം. പിതാവ് തന്നെ കൈ വിടില്ല എന്ന ബോദ്ധ്യമാണ് ഇത്തരമൊരു പ്രാർത്ഥനയ്ക്ക് പ്രേരകം. കാരണം പിതാവ് പുത്രനിലും പുത്രൻ പിതാവിലുമാണ്(യോഹ.17:21). അവർ ഒന്നാണ് (യോഹ.17:22). കുരിശിൽ കിടന്നുള്ള നിലവിളി പിതാവിനോടുള്ള യേശുവിന്റെ ആഴമാർന്ന സ്നേഹത്തിന്റെ ആത്മാർത്ഥമായ ആവിഷ്ക്കാരമാണ്. അതായത് യേശുവിന്റെ ഏറ്റവും ആർജ്ജമാകുന്ന പ്രാർത്ഥനയായിരുന്നു ഈ നിലവിളി.
ദൈവത്തിനു സ്വയം കയ്യാളിച്ച യേശു-
സ്നേഹബന്ധത്തിന്റെ സമുന്നതി പരസ്പരമുള്ള സമർപ്പണമാണ്. സ്നേഹത്തിന് ഒരു പര്യായമുണ്ടെങ്കിൽ അത് സമർപ്പണമാണ്. യേശു എല്ലാവരെയും സ്നേഹിച്ചു. എല്ലാവർക്കുമായി സ്വയമർപ്പിച്ചു. അതിലൂടെ പിതാവിനെ സ്നേഹിച്ചു. പിതാവിനു സ്വയമർപ്പിച്ചു. അവിടുത്തെ പ്രാർത്ഥനാവേളകൾ പിതാവിനോടുള്ള തന്റെ സമർപ്പണമാണ് പ്രകടമാക്കുന്നത്. പിതാവിലേയ്ക്കുള്ള യേശുവിന്റെ "ലയനം " ആയിരുന്നു പ്രാർത്ഥന.
എല്ലാവർക്കും വേണ്ടിയുള്ള അവിടുത്തെ സമർപ്പണം വളർന്ന് കാൽവരിയിൽ ഫലം ചൂടി. യേശുവിന്റെ അവസാനവാക്കുകൾ അവിടുത്തെ ജീവിതത്തിന്റെ ആകെത്തുകയാണ്. സമർപ്പിച്ചു ജീവിച്ചവനായ യേശു സമർപ്പിച്ചു കൊണ്ട് ജീവിതം പൂർത്തിയാക്കി (യോഹ.19:30). അങ്ങനെ പ്രാർത്ഥനയാകുന്ന യേശുവിന്റെ ജീവിതം പ്രാത്ഥനയിൽ അവസാനിച്ചു. അവിടുത്തേയ്ക്ക് പ്രാർത്ഥിക്കുക സമർപ്പിക്കുകയായിരുന്നു. പിതാവിനും സകല മനുഷ്യർക്കും സമർപ്പിക്കുക പ്രാർത്ഥിക്കുകയായിരുന്നു.
കർത്താവായ യേശു പൂർണ്ണ ദൈവമാണ്, പൂർണ്ണമനുഷ്യനുമാണ്. അവിടുന്നു പിതാവിലൊന്നാണ്. മനുഷ്യനെ സ്നേഹിച്ച് കർത്താവ് മനുഷ്യരോടും ഒന്നായി. പ്രപഞ്ച വസ്തുക്കളെ സൃഷിടിച്ച്. അവയെ നയിച്ചും പരിപാലിച്ചും അവയോട് അവിടുന്നു ഒന്നുചേർന്നു.
യേശു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, മരിച്ചു. അതിലൂടെ മനുഷ്യനോടുള്ള തന്റെ ഐക്യം അവിടുന്നു മനുഷ്യന് ബോധ്യപ്പെടുത്തി. ഈ സ്നേഹൈക്യം മനുഷ്യനുള്ളിടത്തോളം കാലം അതെ തീവ്രതയിൽ തുടരുന്നു. ഈ ഐക്യത്തിലുള്ള നിലനിൽപ്പാണ് യേശുവിന്റെ പ്രാർത്ഥനാനുഭവം. അതായത് പ്രാർത്ഥന യേശുവിന്റെ ജീവിതശൈലിയായിരുന്നു. പ്രാർത്ഥനയായിത്തീർന്ന ജീവിതമാണ് യേശുവിന്റെ മാതൃകയിൽ കൊരുക്കുന്ന ജീവിതം. അത്തരമൊരു ജീവിതം തുടങ്ങിയാൽ അത് ക്രൈസ്തവ ജീവിതമായി./ End.
-------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.