Samstag, 28. Juni 2014

ധ്രുവദീപ്തി // Panorama / ചെങ്ങളം പള്ളിയുടെ ചരിത്ര സംക്ഷേപം. / സമ്പാദകൻ-ടി.പി.ജോസഫ് തറപ്പേൽ


ധ്രുവദീപ്തി // Panorama / 

ചെങ്ങളം പള്ളിയുടെ ചരിത്ര സംക്ഷേപം. /  

സമ്പാദകൻ-
ടി.പി.ജോസഫ് തറപ്പേൽ( കേരളത്തിലെ സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ) ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു ചെങ്ങളം പള്ളി. 

ഒരു നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു " ചരിത്ര സംക്ഷേപമായി" പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി.പി. ജോസഫ് തറപ്പേലിനും ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .

പ്രാരംഭം

ഭാഗ്യസ്മരണയ്ക്കർഹനായ ൧൦.)൦ പീയൂസ് മാർപ്പാപ്പാ തിരുമനസുകൊണ്ട് തിരുസഭയെ ഭരിച്ചിരുന്ന സുവർണ്ണകാലത്തിൽ ശ്രീ മൂലം തിരുനാൾ പൊന്നുതമ്പുരാൻ തിരുമനസുകൊണ്ട്‌ വഞ്ചി രാജ്യാധിപതിയായിരി ക്കയിൽ, ദിവാൻ ബഹദൂർ എം.കൃഷ്ണൻ നായർ അവർകൾ ദിവാൻജി യായിരുന്ന കാലത്തിലും
 
ടി.പി.ജോസെഫ് 
തറപ്പേൽ
നി. വ. ദി. ശ്രീ. ചങ്ങനാശ്ശേരി മിസത്തിന്റെ വികാരി അപ്പോസ്തോലിക്കാ ആയ കുർയ്യാള ശേരിൽ മാർതോമ്മാ മെത്രാനച്ചന്റെ കാലത്തു, ൧൯൧൨- ൽ ചെങ്ങളം എന്ന ഈ സ്ഥലത്ത് ഒരു കുരിശു സ്ഥാപിക്കുന്നതിലേക്കായി വല്യ പറമ്പിൽകരോട്ടു വർക്കിപോത്തനും, ചെങ്ങള ത്ത് അവിരാ മാത്തുവും കൂടി ഇവിടെ ഒരു കുരിശു സ്ഥാപിക്കുന്നതായിരുന്നാൽ നമ്മടെ ഈ ഇടങ്ങളിലുള്ള ആടുമാടുകളുടെയും മറ്റും പൊടുംന്നനവെ ഉള്ള ചാവും ഈ ദേശത്തിലുള്ള വസന്തക്ലേശവും നീങ്ങിപ്പോകുന്നതിനും പുറമേ ഇവിടെ അടുത്തുള്ള പുലയരും മറ്റും സത്യവേദത്തിൽ ചേരുന്നതിനും ഇടയുള്ളത് കൂടാതെ ഈ സ്ഥലം മേൽപറഞ്ഞ ആളുകളുടെ "നമ്പര" (കോഴിവെട്ട്, തേങ്ങയേറ്)  ഉപയോഗിക്കുന്ന സ്ഥലമാകകൊണ്ട് ഇവിടെ കുരിശ് സ്ഥാപിക്കുന്നതായിരുന്നാൽ പിശാചുക്കളുടെ ബാധ ഈ ദേശത്തിൽനിന്നും മാറി പ്പോകുന്നതാണെന്ന് വിശ്വസിച്ചു പരസ്പരം പറയുകയും അങ്ങനെ ഇവിടെ കുരിശു സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതായിരുന്നാൽ എന്റെ പേർക്ക് (പേജ് -2 ) അഞ്ചുപറ വിത്തിന് സ്ഥലം ദാനമായി തരുവിപ്പിച്ചു കൊള്ളാമെന്നും, അല്ലാത്തപക്ഷം എന്റെ അവകാശപ്രകാര- മെങ്കിലും ഇവിടെത്തന്നെ തന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു പിരിയുകയും ചെയ്തു.

ടി. കരോട്ടു വർക്കി പോത്തൻ ഇതേസംബന്ധിച്ചു ഗൂഢമായി ആലോചിച്ച് ആരുടെ നാമത്തിൽ കുരിശു കുരിശു സ്ഥാപിക്കണമെന്ന് വിചാരിച്ചു നിത്യാരാധന പുസ്തകം  എടുത്തു പ്രത്യേകിച്ച് നോക്കിയതിൽ പല പുണ്യവാന്മാരുടെയും പുണ്യവതികളുടെയും പടങ്ങളും കാണുകയും, ഇതിൽ മറിച്ച് ആദ്യമായി കിട്ടുന്ന ആളിന്റെ നാമത്തിൽ കുരിശു സ്ഥാപിക്കണമെന്ന് നിശ്ചയിച്ചു ധ്യാനത്തോടുകൂടി പുസ്തകം മറിക്കുകയും വിശു. അന്തോനീസു പുണ്യവാന്റെ പടവും, പുണ്യവാനെപ്പറ്റി ചുരുങ്ങിയതായ ഒരു വിവരണവും കണ്ടുകിട്ടി.

ആയതിനെ മനസിലുറപ്പിച്ചു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ടി.മാത്തുവിന് ഒരു തെക്കൻപനി പിടിപെടുകയും,വൈദ്യന്മാരാൽ അസാദ്ധ്യമെന്നു വിധിക്കപ്പെടുകയും, ഈയാളിന്റെ സകല കാര്യങ്ങളും ടിയാന്റെ ജേഷ്ടനായ അയ്പ്പിനെ ഭരമേൽപിക്കുകയും ചെയ്ത അവസരങ്ങളിൽ വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും അവിടെ ഉണ്ടായിരുന്നിട്ടും ദീനക്കാരനായ ടി. മാത്തു, തങ്ങളിൽ വാഗ്ദാനം ചെയ്ത സംഗതിയെക്കുറിച്ചു യാതൊന്നും പറയാതെ ഇരുന്നതിനാൽ വ്യസനപൂർവം ടി. വർക്കി പോത്തൻ ' ഈ ആളിനെ ഈ ദീനത്തിൽനിന്ന് രക്ഷിക്കുന്നതിനു ദൈവത്തിൽ മദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനായി ഈ ആളിനെ തൊട്ടു വിശു. അന്തോനീസ് പുണ്യവാനോട് അപേക്ഷിച്ചിട്ടുള്ളത് വളരെ രഹസ്യമായിട്ടുള്ളതാണ്.

പ്രത്യേക ദൈവസഹായത്താലും, പുണ്യവാന്റെ മദ്ധ്യസ്ഥത്താലും, പുനർജ്ജീവിച്ചതുപോലെ ദീനം സുഖമാകുകയും, അപേക്ഷയുടെ രഹസ്യം ടി. മാത്തുവിനോട് പറയുകയും ചെയ്ത സമയം മുന് വാഗ്ദാനപ്രകാരം ഒക്കെയും നടക്കുന്നതിലേയ്ക്ക് യാതൊരു തടസവും ഇല്ലെന്നു വീണ്ടും പറയുകയുണ്ടായി. പിന്നീട് അതിനായി പരിശ്രമിച്ചു ആനിക്കാട്ടു പള്ളിയുടെ ബ. വികാരി അച്ചനോട് ഈ രഹസ്യങ്ങൾ അറിയിക്കുകയും അദ്ദേഹം തക്ക സമാധാനം തരികയും ചെയ്തിട്ടുണ്ട്. (പേജ് 3)

 Demolished St.Antony's Church Chengalam
നിങ്ങളുടെ അപേക്ഷപ്രകാരം ഒരു ഹർജി എഴുതി സമക്ഷത്തിൽ കൊടുക്കുന്നതിനു ആജ്ഞാപിക്കുക യും അതനുസരിച്ച് ഞങ്ങളും മറ്റും ഒപ്പിട്ടതിനും പുറമേ പുലയരും, മറ്റു ഇംഗ്ലീഷിൽ ചേർന്നവരുമായി കുറെ കൈഒപ്പിട്ട് ഒരപേക്ഷ ചങ്ങനാശ്ശേരി മിസ്സത്തിന്റെ എ.പെ.പെ.ബ കുർയ്യ്യാളശേരിൽ മാർതോമ്മാ മെത്രാനച്ചൻ തിരുമനസുകൊണ്ട് ഞങ്ങളുടെ ഇടവകയായ ആനിക്കാട്ടു പള്ളിയിൽ ൧൯൧൨ നവംബർ ൧൫-ന് വിസീത്തയ്ക്കായി വന്നസമയം, ടി. പള്ളി വികാരിയായിരുന്ന അയ്യങ്കനാൽ ബ.യൗവുസേപ്പച്ചന്റെ പ്രത്യേക സഹായത്താലും ഞങ്ങളുടെയും, പുലയരുടെയും, അപേക്ഷപ്രകാരവും ടി. സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കുന്ന തിനുള്ള അപേക്ഷ എ. പെ. പെ.ബ. പിതാവിന്റെ കൈയ്യിൽ കൊടുക്കുക യും അതേസംബന്ധിച്ചു ആലോചി ച്ചാൽ, ടി. പള്ളികൈക്കാരന്മാരുടെ പേർക്ക് ആ സ്ഥലം തീറെഴുതി വാങ്ങിക്കുന്നസമയം കുരിശ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതാണെന്ന് കല്പന ഉണ്ടാകുകയും ചെയ്തു.

൧൦൮൮ കുംഭം ൮ ന് (൧൯൧൩-ഫെബ്രുവരി-൧൯-)൦ ന് ) കല്പനപ്രകാരം ടി. മാത്തുവിന്റെ കുഡുംബത്തിൽനിന്നും ഒരേക്കർ സ്ഥലം ദാനമായി ടി. പള്ളികൈക്കാരന്മാരുടെപേർക്ക് ഒഴിഞ്ഞെഴുതി കൊടുക്കുകയും ഇതേ സംബന്ധിച്ച്, ടി. കുഡുംബത്തിലേയ്ക്ക് പള്ളിയിൽനിന്നും രണ്ടു ഒറ്റ കുർബാന വീതം ആണ്ടുതോറും നടത്തുന്നതിലേയ്ക്ക് ആധാര നിശ്ചയം ചെയ്തു. ടി. വകയ്ക്കുള്ള ചിലവ് വല്യപറമ്പിൽ കരോട്ട് വർക്കി പോത്തന്റെ കൈയ്യിൽനിന്നു തനിച്ചുമാകുന്നു. എ.പെ.പെ.ബ.പിതാവിന്റെ മുൻകല്പന യനുസരിച്ചു ആധാരം വാങ്ങിക്കുകയും പിന്നീട് ഗവർന്മേന്റിനെ ബോധിപ്പിച്ച് അനുവാദം വാങ്ങുന്നതിനായി എ.പെ.പെ.ബ. പിതാവിന്റെ കല്പനയ്ക്കതാവശ്യപ്പെട്ടതിനാൽ തദവസരത്തിൽ എ.പെ.പെ.ബ. പിതാവു് വിശീത്തയിലായിരുന്നതുകൊണ്ട് രാമപുരത്തു പള്ളിയിൽ ചെന്ന് തിരുമേനിയെ കണ്ടു അപേക്ഷ കൊടുക്കുന്നതിനായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും (പേജു നാല് ) മാക്കൽ തൊമ്മൻ ചാക്കോയും കൂടിപോയി.

എ. പെ .പെ .ബ . മെത്രാനച്ചൻ തിരുമനസുകൊണ്ട് ൧൯൧൩ മേടം ൧൩-) 0 ന്  അനുവദിച്ച് ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചന് കല്പന തരികയും, അതുസഹിതം ൧൦൮൮ മേടം-16-)-ന് ഗവർമ്മെന്റിനെ ബോധിപ്പിക്കുന്ന തിലേയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്ത് അവിരാമാത്തുവും, വല്യപറമ്പിൽ തെക്ക് ചാക്കോമാത്തുവും, വല്യപറമ്പിൽ ചാക്കോദേവസ്യായും, ഇങ്ങനെ നാലുപേർ കൂടിപോകയും ഇവർക്ക് സഹായമായി ആനിക്കാട്ടു പള്ളിവക സ്കൂളിൽ പഠിപ്പിച്ചിരുന്ന പള്ളം സ്വദേശിയായ രാമൻപിള്ള എന്ന് വിളിച്ചുവരുന്ന അദ്ധ്യാപകനും ഞങ്ങളെ വളരെ സഹായിക്കുകയും വളരെ കഷ്ടപ്പാട് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

തത്സമയം ഗവർമ്മെന്റിൽ കൊടുത്തിട്ടുള്ള അപേക്ഷ ൧൦൮൮ മേടം ൧൮ -) o ന് (൧൯൧൩.ഏപ്രിൽ30-)O-തിയതി) മേലദ്ധ്യക്ഷന്റെ അനുമതി ഹാജരാക്കാത്തതു നിമിത്തം തള്ളുകയും; രണ്ടാമതുവീണ്ടും അപേക്ഷ മേലദ്ധ്യക്ഷന്റെ അനുമതികൂടി ചേർത്ത് ഒരുമ്പെട്ടു ചെന്ന സമയം പേഷ്കാർ യജമാനൻ അവർകൾ സർക്കീട്ടിലായിരുന്നതുകൊണ്ട്, സർക്കീട്ട് സ്ഥലത്തേയ്ക്ക് റജിസ്ട്രർ ചെയ്തയയ്ക്കുകയും റജിസ്ട്രർ ചെയ്തു അയച്ചതിനെപ്പറ്റി നടപടിനടത്താൻ പാടില്ലെന്ന് വീണ്ടും ഇണ്ടാസുകിട്ടുകയും മൂന്നാമതായി ജൂണ്‍ ൪-)-O തിയതി വക്കീൽ മുഖാന്തിരം എല്ലാവിവരങ്ങളും കാണിച്ചു അപേക്ഷ കൊടുക്കുകയും അപേക്ഷയിലെ താൽപര്യമനുസരിച്ച് ൧൨-) o തിയതി പാർവത്യകാർ വന്നു വിചാരണ നടത്തുകയും പിന്നീട് ൧൫-) o  തിയതി തഹശീൽദാരായ ആറുമുഖം കൃഷ്ണപിള്ള യജമാനൻ വന്നു സ്ഥലവിചാരണ നടത്തുകയും ഞങ്ങൾക്കനുകൂലമായി ദേവസ്വം അധികാരികളുടെയും മറ്റും മൊഴിവാങ്ങി വേണ്ടവിധം റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു.

ഇത് സംബന്ധമായി കരക്കാർ, മുറിക്കാർ എന്നിവരെക്കൊണ്ട് മൊഴി കൊടുപ്പിക്കണമെന്നു ഉള്ള ഉത്തരവനുസരിച്ച് കരക്കാരനായി ഒറ്റപ്ലാക്കൽ പരമേശ്വരപ്പണിക്കരെയും മുറിക്കാരനായി മാക്കൽ ഈഴവൻ കേളനെയും കൊണ്ടുപോയി മൊഴികൊടുപ്പിക്കുകയും (പേജു-5) ഈവകകൾക്കും മറ്റുമായി ഹർജിക്കാരുടെ കൈയ്യിൽനിന്നും എഴുപതുരൂപയോളം ചെലവുണ്ട്. ഇങ്ങനെ ഇരിക്കെ പ്രസ്തുത സ്ഥലത്ത് പള്ളിയും ശവക്കോട്ടയും വയ്ക്കുന്നത് വിഹിതമാണെന്ന് തോന്നുന്നില്ല എന്നു ഹജൂർക്ക് എഴുതി അയച്ചിട്ടുണ്ടെന്ന് വീണ്ടും ഇണ്ടാസ് വന്നപ്പോൾ ഞങ്ങൾക്കുണ്ടായ അതിയായ വ്യസനം എഴുതി അറിയിക്കാവുന്നതല്ല.

ഇങ്ങനെയിരിക്കുന്ന അവസരത്തിൽ പ്രത്യേക ഒരു ദൈവസഹായത്താൽ ഹജൂർകച്ചേരിയിൽ നിന്നും തിരു എഴുത്ത് വിളംബരം അനുസരിച്ച് ൧൯൧൩ -സെപ്റ്റംബർ ൨-നു, ൯൪- (94)ന്റെ നമ്പരായി അനുവദിച്ചു ഉത്തരവ് കിട്ടുകയും ചെയ്തു.

ടി. സ്ഥലത്ത് കുരിശു വയ്ക്കുന്നതിലേയ്ക്കായി എതുതടി വേണമെന്ന് ആലോചിക്കുകയും കുറിയിട്ടു നോക്കുകയും ചെയ്തതിൽ കാഞ്ഞിരത്തടി വേണമെന്ന് കിട്ടുകയും അത് തൽക്കാലം സാധിക്കാഞ്ഞതിനാൽ മുള്ളുവേങ്ങത്തടി വെട്ടി അറക്കുന്നതിനു ഒരുമ്പെടുകയും തത്സമയം ടി. വർക്കി പോത്തന്റെ കാലിന്റെ വിരലിനു വെട്ടുകൊള്ളുകയും അതുമുഖാന്തിരം കുറെ ദിവസം ഇരിപ്പിലാകുകയും ആ തടി കൊള്ളാഞ്ഞതിനാലും, കാഞ്ഞിരം കിട്ടാതെ വന്നതിനാലും വീണ്ടും എതുതടി വേണമെന്ന് കുറിഇടുകയും കാഞ്ഞിരംതന്നെ കിട്ടിയതുകൊണ്ട് ടി.തടി അന്വേഷിച്ചതിൽ പുരയിടത്തിൽ പോത്തൻ വർക്കി എന്ന ആളിന്റെ വക സ്ഥലത്തിൽ നിന്നിരുന്ന കാഞ്ഞിരത്തടി അനുവദിച്ചുതരികയും ആ തടിവെട്ടിഅറക്കുന്നതിലേയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, വല്യപറമ്പിൽ തെക്ക് ചാക്കോ മാത്തുവും, തോട്ടുപുറത്തു ചാക്കോ കുര്യ്യാക്കോസും, ചാക്കോ ഔസേപ്പും, ചെങ്ങളത്തു അവിരാ മാത്തുവും കൂടി ചെന്ന് തടി വെട്ടി അറത്തുകൊണ്ട് പോരുകയും ഈ തടി ടി. വർക്കി പോത്തന്റെ സ്വന്തം കൈകൊണ്ടുതന്നെ ഒരു കുരിശുതീർത്തു.

താർമഷിയും ഇട്ടുവച്ചിരുന്നത് ൧൯൧൩  കന്നി ൨൮- നു  കുരിശു സ്ഥാപിക്കുന്നതിലേയ്ക്ക് വേണ്ടി പെരുമ്പഴ ബ.പീലിപ്പോസച്ചനും കൈക്കാരന്മാരും യോഗക്കാരും കൂടി മേലാവിൽ ബോധിപ്പിക്കുകയും ൨൧൩൫-)O നമ്പരായി ൧൯൧൩  കന്നി  ൨൯-)0 തിയതി അനുവദിച്ചു ആനിക്കാട്ടുപള്ളിയുടെ ബ.വികാരി അച്ചന് കല്പന കിട്ടുകയും കല്പനയിലെ താല്പര്യമനുസരിച്ച് ൧൯൧൩ തുലാം ൭-ന് (തുലാം 7) ആനിക്കാട്ടുപള്ളിയിൽ കൊണ്ടുചെന്നു വെഞ്ചരിച്ചു. പാട്ടുകുർബാനയും കഴിഞ്ഞ് പ്രദിക്ഷണത്തോടുകൂടി വന്നു ടി. സ്ഥലത്ത് കുരിശു സ്ഥാപിക്കുകയും വിശു. അന്തോനീസ് പുണ്യവാന്റെ നാമത്തിൽ ബ. വികാരിഅച്ചൻ ശിലാസ്ഥാപനം നിർവഹിക്കപ്പെടുകയും ഇതുകഴിഞ്ഞു അരിവിത്തുറപ്പള്ളിയുടെ വികാരിയായ അയ്യങ്കനാൽ ബ. യൌസേപ്പച്ചൻ വളരെ ദീർഘമായതും ഗൗരവമേറിയതും ആയ ഒരു പ്രസംഗം നടത്തുകയും ചെയ്തു. (പേജു-6 ) പൂഞ്ഞാറ്റിൽ പള്ളിയുടെ വികാരിയായ ബ. വടാന മത്തായി അച്ചനും കൂടി ഉണ്ടായിരുന്നു എന്നുള്ളത് പ്രസ്താവയോഗ്യമാണ്.

അരിവിത്തുറപ്പള്ളിയുടെ ബ. വികാരിഅച്ചൻ വളരെ മുൻപേതന്നെ ഇവിടെ സ്ഥാപിക്കുന്നതിലേയ്ക്കായി വിശു. അന്തോനീസ് പുണ്യവാന്റെ ഒരു ബസ്കി രൂപവും ഇവിടെചേരാൻ മനസ്സുള്ളവരെകൊണ്ട് ഒപ്പിടുവിക്കുന്നതി ലേയ്ക്കായി ഒരു പുസ്തകവും വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനെ ഏൽപ്പിച്ചിരുന്നതിൽ ടി.ബസ്ക്കി രൂപം തത്സമയം ഇവിടെ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത് പ്രസ്താവയോഗ്യമാണ്. തലപ്പള്ളിയിൽനിന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളതിൽ ഒരു തുലാത്തോളം വരുന്നതായ ഒരു മണിയും മൂന്നു കതിനാക്കുറ്റിയും തന്നിട്ടുണ്ട്. കൂടാതെ വല്യപറമ്പിൽ ചാക്കോ പോത്തൻ ഒൻപത് തിരിയുള്ള ഒരു ഓട്ടുവിളക്കും വച്ചിട്ടുണ്ട്. ൧൯൧൩-ഒക്ടോബർ ൨൪-ന് നസ്രാണിദീപികയിലും ൧൯൧൩ ഒക്ടോബർ ൩൧-ന് സത്യനാദം എന്ന പത്രത്തിലും പരസ്യം ചെയ്തിട്ടുള്ളതും വാസ്തവമാണ്. ഈ വകയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്ത് അവിരാ മാത്തുവും, തോട്ടുപുറത്തു മാത്തൂ ചാക്കോയും വല്യ പറമ്പിൽ ചാക്കോ ദേവസ്യ മുതൽപേരുംകൂടി അന്നേദിവസത്തെ ഭക്ഷണച്ചിലവും സമ്മാനങ്ങളുമായി എഴുപതിൽ ചില്വാനം രൂപയും പന്ത്രണ്ടിൽ ചില്വാനപ്പറ അരിയും ചെലവാക്കിയിട്ടുണ്ട്.

ഇതുമുതൽ ദിവസംതോറുമുള്ള വിളക്ക് വയ്പ്,മണിയടി, സന്ധ്യകർമ്മം മുതലായത് മുടക്കം വരാതെ നടത്തിപ്പോരുന്നത്, തൊട്ടുപുറത്തു മാത്തൂചാക്കൊയും (പേജ്-7) ചെങ്ങളംതകടിയിൽ ഔസേപ്പ് മത്തായിയും വല്യപറമ്പിൽ ചാക്കൊപോത്തനും, ടി.കരോട്ട് വർക്കിപോത്തനുമായി രുന്നു. ൧൯൧൩ നവംബർ ൧൬-o തിയതി ഈ കുരിശുപള്ളിക്കാര്യ്യാദികളെ അന്വേഷിച്ചു നടത്തുന്നതിനായി തോട്ടുപുറത്തു മാത്തൂ ചാക്കൊയെയും, വല്യപറമ്പിൽ ചാക്കൊ ദേവസ്യാ യെയും, ടി .വർക്കി പോത്തനെയും മുതുകത്തോലിൽ ആയ പതിയിൽ മത്തായിമത്തായിയെയും, തെരഞ്ഞെടുത്തു അധികാരപ്പെടുത്തിയത് ആനിക്കാട്ടു പള്ളിയുടെ ബ. വി. പെരുമ്പഴ പീലിപ്പോസച്ചൻ ഈ നിശ്ചയം അനുസരിച്ച് നടത്തിവരവെ ൧൯൧൪ മിഥുനം ൧൩-)o തിയതി പതിയിൽ മത്തായിമത്തായിയെ നീക്കം ചെയ്ത് കൂടുതലായി പൂവേലിൽ ഔസേപ്പ് തൊമ്മനെയും, ചെങ്ങളത്തു അവിരാ മാത്തുവിനെയും നിശ്ചയിച്ചു.

ഇവർകൂടി ഒരു കിണറു ദാനമായി വെട്ടിത്തീർക്കുകയും പള്ളിമുറികെട്ടിടം പണിയിക്കുകയും മറ്റും ചെയ്തുവരവെ ൧൯൧൪ തുലാം ൬-)o നു കല്ലിട്ട തിരുനാൾ ആഘോഷിക്കുന്നതിനും ചിട്ടപ്രകാരം നടത്തുന്നതിലേയ്ക്ക് മനസ്സുള്ള ആളുകളുടെ പേരുവിവരംതോട്ടുപുറത്തു മാത്തൂ ചാക്കൊ, വല്യപറമ്പിൽ ചാക്കൊ ദേവസ്യ, ടി.കരോട്ട് വർക്കി പോത്തൻ, ചെങ്ങളത്ത് അവിരാ മാത്തൂ, പൂവേലിൽ ഔസേപ്പ് തൊമ്മൻ ഇവർ സമ്മതിച്ചിട്ടുള്ളപ്രകാരം ആളൊന്നുക്കു ൪ രൂപായും (നാല് രൂപാ) ഒരുപറ അരിവീതവും പള്ളിച്ചിലവിലേയ്ക്കായി നിശ്ചയിക്കുകയും കൂടുതൽ ചിലവ് വേണമെന്നു ഉണ്ടായിരുന്നാൽ പ്രസേന്തിയുടെ അഭിപ്രായപ്രകാരം നടത്താമെന്നുള്ളതും അനുവദിച്ചത് ടി .പള്ളിവികാരി പെരുമ്പഴ ബ. പീലിപ്പോസച്ചൻ എന്നാൽ ടി.ദിവസം കുർബാന നടത്തുന്നതിലേയ്ക്കും മറ്റും അനുവാദമില്ലാത്തതിനാൽ വിവരത്തിനു സമക്ഷത്തിൽ ൧൯൧൪ സെപ്റ്റംബർ- ൯-)o തിയതി ബ.വികാരി അച്ചനും കൈക്കാരന്മാരും യോഗക്കാരും കൂടി ബോധിപ്പിക്കുകയും അപേക്ഷപ്രകാരം കല്ലിട്ട ദിവസവും മിഥുനം ൧൩-)o തിയതി പുണ്യവാന്റെ തിരുനാൾ ദിവസവും ഇങ്ങനെ ആണ്ടിൽ രണ്ടു കുർബാനയും തിരുനാളാഘോഷവും നടത്തിക്കൊടുക്കുന്നതിലേയ്ക്കായി ആനിക്കാട്ടു പള്ളിയുടെ ബ.വികാരി അച്ചനു ച.മി.അഡ്മിനിസ്ട്രെറ്റർ (ച.മി.=ചങ്ങനാശ്ശേരി മിസ്സത്തിന്റെ  ) കണ്ടങ്കരി കുര്യ്യാക്കോസ് തിരുമനസ്സുകൊണ്ടു ൯൧൪ സെപ്റ്റംബർ ൧൦-)  തിയതി ൧൧൦൪-)  നമ്പ്രായി ഉണ്ടായിട്ടുള്ള കല്പ്പന(പേജ് 8 ) പ്രകാരം തിരുനാൾ ആഘോഷിക്കുന്നതിന് വേണ്ടി ചെങ്ങളമെന്ന ഈ സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടത്തിൽ പാലപ്പലകകൊണ്ടും മറ്റും പുതുതായി ഒരു മദുബഹായും അൾത്താരി മുതലായവയും തീർത്ത്‌ ശരിപ്പെടുത്തുകയും ചെയ്തു.

ഈ വകയ്ക്കുള്ള തടികൾ വെട്ടി അറത്തിട്ടുള്ളതും മറ്റും വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്തു അവിരാമാത്തുവും,വല്യപറമ്പിൽ തെക്ക് ചാക്കൊ മാത്തുവും തോട്ടുപുറത്തു ചാക്കൊ കുര്യ്യാക്കോസും, ടി.ചാക്കൊ ഔസേപ്പും ഇവർ പലർ കൂടി നടത്തിയിട്ടുള്ളതാകുന്നു. ഇവരുടെ മേൽനോട്ടത്തിലേയ്ക്കായി തച്ചപറമ്പത്തു അയ്പ് അവിരായും കണികതോട്ടു തൊമ്മൻ തൊമ്മനും ഉണ്ടായിരുന്നത് കൂടാതെ കൊഴുവനാൽ പള്ളി ഇടവകക്കാരനായ താമരശേരിൽ സംസ്കൃത പണ്ഡിതനും വിദ്യാസമ്പന്നനുമായ മാത്തൂ ആശാനും വളരെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും ചെയ്തു സഹായിച്ചിട്ടുണ്ടെന്നുള്ളത് പ്രസ്താവയോഗ്യമാണ്.

ചെങ്ങളം പള്ളിയിലെ വിശുദ്ധ അന്തോനീസ് പുണ്യാളൻ
മുൻ നിശ്ചയമനുസരിച്ച് ൧൯൧൪ തുലാം ൬-) o നു കല്ലിട്ട തിരുനാൾ കഴിക്കുന്നതിനു ആദ്യമായി കുറി കിട്ടിയത് തോട്ടുപുറത്തു മാത്തൂ ചാക്കൊയ്ക്ക് മുറപ്രകാരം തിരുനാൾ ആഘോഷിക്കുന്നതിനു ഒരുമ്പെടുകയും ടി. തിരുനാൾ കഴിപ്പിക്കുന്നതിലേയ്ക്കായി ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചനും കൊച്ചയ്യങ്കാൻ  ബ.തോമ്മാ അച്ചനും മറ്റുമുണ്ടായിരുന്നു. ആദ്യമായി ഈ സ്ഥലത്ത് ദിവ്യപൂജ അർപ്പിച്ചത് കൊച്ചയ്യങ്കാൻ ബ.തോമ്മാ അച്ചൻ ആണെന്നുള്ളത്‌ സ്പഷ്ടമായിട്ടുള്ളതാണ്. പ്രസംഗം നടത്തിയിട്ടുള്ളത് ബ. വികാരി അച്ചനാണ്. അന്നേദിവസം എഴുപതു രൂപയോളം കൂലിയുള്ളതായ വിശു.അന്തോനീസ് പുണ്യവാന്റെ കൊത്തുരൂപം ആലുങ്കൽതാഴത്ത് മാണി മാണി ദാനമായി ഈ പള്ളിക്ക് വെയ്ക്കുകയും ചെയ്തിട്ടുള്ളതും വിസ്മരിക്കത്തക്കതല്ല. പുണ്യവാളന്റെ രൂപം വെക്കുന്നതിനുള്ള രൂപക്കൂടും അലമാരിയും പണി ചെയ്തിട്ടുള്ളത് ടി. വർക്കി പോത്തൻ മുതൽ പേരാണെന്നുള്ളതും സ്മർത്തവ്യമാണ്. 

പുതുക്രിസ്ത്യാനികളുടെയും മറ്റും ഉപയോഗത്തിലേയ്ക്കായി ഒരു(പേജ്-9) പള്ളിക്കൂടം കെട്ടിയുണ്ടാക്കി കുറെ പുലകുട്ടികളെ വച്ചു ടി .വർക്കി പോത്തൻ പഠിപ്പിക്കുകയും പിന്നീട് ആനിക്കാട്ടുപള്ളിവക സ്കൂളിൽ പരിശോധനയ്ക്കായി രാജശ്രീ. അലക്സാണ്ടർ ഇൻസ്പെക്റ്റർ അവർകൾ വന്നപ്പോൾ അദ്ദേഹത്തിൻറെ സമക്ഷത്തിൽ ടി.വർക്കിപോത്തൻ മുതൽപേർ അപേക്ഷകൊടുക്കുകയും ഉടനെതന്നെ അനുവദിച്ചു ഉത്തരവുണ്ടാകുകയും ഇതു സംബന്ധമായി എഴുത്തുകുത്തുകളും മറ്റും നടത്തുന്നതിനു ടി.സ്ക്കൂളിന്റെ മാനേജരായി  ടി.വർക്കി പോത്തനെതന്നെ നിയമിക്കുകയും അതുമുതൽ ഉത്തരവനുസരിച്ച് പഠിത്തം പള്ളിമുറിയിൽ ആരംഭിക്കുകയും പള്ളിക്കൂടം പണിയുന്നതിനു കല്ലുകൾ വെട്ടിക്കുകയും തടികൾ അറക്കുകയും അയൽവാസികളുടെ പ്രത്യേക സഹായത്താലും മറ്റും മിക്കവാറും പണികൾ പെട്ടെന്ന് തീർത്ത്‌ പള്ളിക്കൂടത്തിൽ പഠിത്തം ആരംഭിക്കുകയും അദ്ധ്യാപകന്മാരെ നിയമിക്കുകയും ചെയ്തു.
  
ചിത്രം -പൊളിച്ചു മാറ്റപ്പെട്ട ചെങ്ങളത്തെ ആദ്യകാല സ്കൂൾ കെട്ടിടം

൧൯൧൫ ജൂണ്‍ ൧൩ നു വിശു.അന്തോനീസ് പുണ്യവാന്റെ തിരുനാൾ മുൻ കല്പനപ്രകാരം ആദ്യമായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തൻ തനതായി കഴിച്ചു. ൧൯൧൫ ജൂലായ് ൬-)൦ തിയതി ആയ ആദ്യചൊവ്വാഴ്ച ദിവസം വിളക്കുമാടം പള്ളി ഇടവക ഏർത്ത് ബ. യൌസേപ്പച്ചൻ വന്നു ഒരു ഗുണദോഷവും സത്യവിശ്വാസത്തിൽ ചേരേണ്ടവരോട് പ്രത്യേക ഒരു ഉപദേശവും നടത്തിയിട്ടുണ്ട്. ൧൯൧൩ മുതൽ മാസം ആദ്യംവരുന്ന ചൊവ്വാഴ്ചകൾ തോറും നടത്തിവരുന്ന പാച്ചോറുനേർച്ചയും അപേക്ഷകളും മുടക്കം വരാതെ മേൽ നടത്തയ്ക്ക് വേണ്ടി ൧൯൧൫ ജൂലായ്‌ ൬-)൦ തിയതി മുതൽ ഓരോ മാസങ്ങളിലും ചിട്ടയായി നടത്തുന്നതിനു സമ്മതിച്ചിട്ടുള്ള ആളുകളുടെ പേരുവിവരം ൧ -തണ്ണിപ്പാറ പടിഞ്ഞാറേതിൽ തൊമ്മൻ, - വല്യ പറമ്പിൽ കരോട്ട് പോത്തൻ, ൩-  കണികതോട്ട് തൊമ്മൻ, -ചെങ്ങളത്തു മാത്തൂ, - തോട്ടുപുറത്തു ഔസേപ്പ്, ൬-വല്യപറമ്പിൽ ദേവസ്യാ, - ടി .പോത്തൻ, -തോട്ടുപുറത്ത് കുര്യ്യാക്കോ, ൯- ചെങ്ങളം തകിടിയിൽ വർക്കി, ൧൦ - തച്ചപറമ്പത്ത് ഉലഹന്നൻ, ൧൧ - തണ്ണിപ്പാറ കിഴക്കേതിൽ മത്തായി, ( പേജ്-10)

൧൨-തച്ചപറമ്പത്തായ ചീരക്കുന്നേൽഔസേപ്പ്, ൧൩-പൂവേലിൽ തൊമ്മൻ, ൧൪-കുന്നേൽ ഔസേപ്പ്, ൧൫-മുരട്ടുപൂവത്തിങ്കൽ ഇസഹാക്ക്, ൧൬-വല്യപറമ്പിൽ തെക്ക് മാത്തൂ, ൧൭-കുറുന്തോട്ടത്തു- വടക്ക് വർക്കി, ൧൮- കുന്നക്കാട്ട് മത്തായി, ൧൯-പേഴാനാൽ ഔസേപ്പ്, ൨൦-മുരട്ടുപൂവത്തിങ്കൽ മാത്തൂ, ൨൧-നരിക്കുഴെ ആഗസ്തി, ൨൨-വല്യപറമ്പിൽ പടിഞ്ഞാറ് തൊമ്മൻ, ൨൩-തടത്തിൽ മത്തായി ഇവർ കൂടിയോജിച്ചു മുടക്കം വരുത്താതെ നടത്തിവരവെ കൂടുതലായി മൈലാടിയിൽ- വടക്ക് ഔസേപ്പും, പുൽത്തകടിയേൽ ഔസേപ്പും ഒരു ചൊവ്വാഴ്ച നടത്തുകയും ഇതുനുപുറമേ മൈലാടിയിൽ വർക്കിയും ചെരിപുറത്തു വർക്കിയും, മറ്റത്തിൽ മത്തായി, പതിയിൽ മത്തായി, വെള്ളാപ്പള്ളിൽ തൊമ്മൻ, ഞാമത്തോലിൽ അവിരാ, ഇവർ മുഖാന്തിരം മേൽനിശ്ചയം അനുസരിച്ച് നാലുചൊവ്വാഴ്ച നടത്തീട്ടുണ്ട്, ചിട്ടിമുറപ്രകാരം ൯൧൭ ഏപ്രിൽ ൩- ) ന് വരെ നടത്തിയിട്ടുണ്ടു്. 

പള്ളിമുറികെട്ടിടത്തിനു ഓടിടുന്നതിലേയ്ക്ക് നിവർത്തി ഇല്ലാഞ്ഞതിനാൽ ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചന്റെ ആജ്ഞയനുസരിച്ച് ധർമ്മപ്പിരിവിനായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, കണികതോട്ടുതൊമ്മൻ തൊമ്മനും കൂടി പിരിവ്നടത്തുകയും കുറെസംഖ്യ പിരിഞ്ഞു കിട്ടുകയും; പിന്നാലെ തോട്ടുപുറത്ത് മാത്തൂ ചാക്കൊയും, ചെങ്ങളത്ത് അവിരാ മാത്തുവുംകൂടി പിരിച്ചു. ആകെ ഇരുനൂറ്റി ചില്വാനം രൂപയോളം പിരിച്ചെടുത്താണ് മുറിക്കെട്ടിടത്തിന് ഓടിട്ടിട്ടുള്ളതും മറ്റുപണികൾ ചെയ്യിച്ചിട്ടുള്ളതും ഏവർക്കും ബോധ്യമായിട്ടുള്ളതാണ്. 

൯൧൫ -മുതൽ (1915 ) ൯൧൮ -വരെ (1918 ) കല്ലിട്ട തിരുനാൾ ടി. ചിട്ടിക്കാർ മുറപ്രകാരം നടത്തിവന്നു. ൯൧൬-ജൂണ്‍ ൧൩ )o-നു തിരുനാൾ ദിവസം ആനിക്കാട്ടുപള്ളിയുടെ വികാരി ആയ കട്ടക്കയത്ത് ബ. കൊച്ചുചാക്കൊച്ചൻ മൂന്നുപേരെ നീക്കം ചെയ്ത് വല്യപറമ്പിൽ ചാക്കൊദേവസ്യായെയും ടി. കരോട്ട് കരോട്ട് വർക്കി പോത്തനെയും കാര്യ്യാദികൾ നടത്തിപ്പിനായി നിയമിച്ചു. ടി. പള്ളി ബ. വികാരി അച്ചന്റെ നിശ്ചയമനുസരിച്ച് മാസന്തോറുമുള്ള വരവ് ചെലവുകളുടെ കണക്കുകൾ ആനിക്കാട്ടുപള്ളിക്കൽ കൊണ്ടുചെന്നു ബ. വികാരിഅച്ചനെക്കൊണ്ട് പരിശോധിപ്പിച്ച് അടയാളം വെയ്പിക്കുക പതിവുണ്ടായിരുന്നു. അതനുസരിച്ച് മുറപ്രകാരം നടത്തിവന്നു. ഇങ്ങനെ ഇവർ യോജിച്ചു ജോലികൾ നടത്തിവരവെ ഒരു അച്ചനെ അനുവദിച്ചുകിട്ടുന്നതിനു ആനിക്കാട്ടുപള്ളി വക യോഗ പുസ്തകത്തിലും കൂടാതെയും രേഖപ്പെടുത്തി അപേക്ഷിച്ചിട്ടും സാധിക്കാതെ നാലു കൊല്ലംവരെ കഷ്ടപ്പെട്ടു, ഞങ്ങളും ഈ സ്ഥലത്തുള്ള ചണ്ഡാളന്മാരും പാർത്തിരുന്നു. 

ഒടുവിൽ എ.പെ.പെ. ബ.പിതാവ് ൧൯൧൭ (1917) ഫെബ്രുവരി ൧൭ (17) നു ആനിക്കാട്ടുപള്ളിയിൽ വിശീത്തക്കായിവന്നപ്പോൾ ടി. വർക്കി പോത്തൻ മുതൽപേരുടെ മുട്ടിപ്പായ അപേക്ഷ അനുസരിച്ച് പ്രോഗ്രാമിൽ പ്രത്യേക ഒരു സമയം നിശ്ചയിച്ചു അനുവദിച്ചതുകൊണ്ട് എ.പെ.പെ. ബ. പിതാവിനെ ഈ സ്ഥലത്തേയ്ക്ക് എടുത്തുകൊണ്ടുവരുകയും, ഇപ്പോഴും അഡ്മിനിസ്റ്റ്രെറ്റർ ആയിരിക്കുന്ന എ.പെ.പെ.ബ. പിതാവും കൂടെഉണ്ടായിരുന്നു. അശക്തരായ ഞങ്ങളുടെ സ്ഥിതിക്ക് അനുസരണമായ ഒരു മംഗളപത്രവും ബ.വികാരി അച്ചൻ മുഖാന്തിരം ഒരു തിരിയും സമർപ്പിക്കയുണ്ടായി. ആയതിനെ ദയാപൂർവം സ്വീകരിക്കുകയും ഗൌരവമേറിയ ഒരു പ്രസംഗവും ഈ സ്ഥലത്തിന്മേലും ഞങ്ങളുടെമേലും പ്രത്യേക ആശീർവാദവും ഉണ്ടായിട്ടുള്ളതും കൂടാതെ, കിണറ്, മുറി, കക്കൂസ്, ഈ വകയെപ്പറ്റി നന്നായി ഒരഭിപ്രായവും വാക്കുമൂലം കല്പിക്കുകയുണ്ടാകയും ജനങ്ങളിൽനിന്ന് ഒരു പിരിവെടുത്ത് ഈ പള്ളിക്കുവേണ്ടതായ കുർബാനകുപ്പായങ്ങൾ മുതലായ സാമാനങ്ങൾ വാങ്ങിക്കുന്നതിനു പണവുമായി അരമനയിൽ ചെല്ലുന്നതിനു കല്പിക്കുകയും ചെയ്തു.

തദവസരത്തിൽ പനച്ചക്കൽ ബ.തോമ്മാച്ചനും ഉണ്ടായിരുന്നു. കല്പ്പനയനുസരിച്ചു ഉടൻതന്നെ ഞങ്ങൾ പണംപിരിച്ചുകൊണ്ട് തോട്ടുപുറത്തു മാത്തൂചാക്കൊയും, വല്യപറമ്പിൽ കരോട്ട് വർക്കിപോത്തനും തണ്ണിപ്പാറ കുരുവിള മത്തായിയും നരിക്കുഴെ തൊമ്മൻ ആഗസ്തിയുംകൂടി സംക്ഷപത്തിൽചെന്ന് കല്പിച്ചപ്രകാരം സാമാനങ്ങൾ വാങ്ങിക്കൊണ്ടുപോരുകയും ചെയ്തു.


(തുടരും... ചെങ്ങളം പള്ളിയുടെ " പിൽക്കാല ചരിത്രം "പ്രതീക്ഷിക്കുക.( ധ്രുവദീപ്തി).

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.