Samstag, 7. Juni 2014

ധ്രുവദീപ്തി // Religion / പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു.( Part-1-) by Dr.Dr.Joseph Pandiappallil



ധ്രുവദീപ്തി  // Religion /

(ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉള്ള തന്റെ അഗാധമായ അറിവിൽ ഉറച്ചുനിന്നുകൊണ്ട് സ്വതന്ത്രമായ ചിന്തയിൽ പ്രാർത്ഥനയെപ്പറ്റി വളരെ ലളിതമായി ആർക്കും മനസ്സിലാകുന്ന രീതിയിൽ, പ്രാർത്ഥന എന്താണ്, എങ്ങനെ, ഉദ്ദേശം, ആവശ്യകത, ലക്ഷ്യം, ഫലസിദ്ധി, അനുഭവങ്ങൾ എന്നിങ്ങനെയുള്ള മനുഷ്യന്റെ നിരവധി ചിന്തകളെയും സങ്കല്പങ്ങളെയും മറികടന്നു സംശയങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ഏറെ എളുപ്പത്തിലും പഠനാത്മകവുമായ പുതിയ അറിവുകൾ നൽകുന്ന ധീരതയും വ്യക്തതയുമുള്ള ഒരു യാഥാർത്ഥ വിശദീകരണ പഠനമാണ് ലേഖകൻ നൽകിയിരിക്കുന്നത്. ഐക്യരൂപത്തിലുള്ള ഒരു പ്രാർത്ഥനയും പ്രാർത്ഥനയ്ക്ക് ഇല്ലായെന്ന് യേശുവിന്റെ പ്രാർത്ഥനാരീതിയിൽ നിന്നും കാണാൻ കഴിയും എന്ന് ലേഖകൻ സമർത്ഥിക്കുന്നു... ധ്രുവദീപ്തി ).

        
പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു 
(Part-1-).
 Dr.Dr.Joseph Pandiappallil


 പ്രാർത്ഥിക്കുന്ന യേശു-

പ്രാർത്ഥനയെപറ്റി പറയുക തന്നെ പ്രയാസമാണ്. കാരണം പറഞ്ഞു നടക്കേണ്ട വിഷയമല്ല പ്രാർത്ഥന. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച്, പ്രാർത്ഥനയിലൂടെ വളർന്നു പ്രാർത്ഥനയായി തീരേണ്ടവരാണ് നാം. യേശു അങ്ങനെയായിരുന്നു. അതുകൊണ്ട് നിർവചനങ്ങളോ വിശദീകരണങ്ങളോ ഒന്നുമല്ല ആവശ്യം. ഗുരുമുഖത്തുനിന്നും പഠിക്കുകയാണ് വേണ്ടത്.

നന്നായി പ്രാർത്ഥിച്ച് പ്രാർത്ഥനാജീവിതത്തിനു മാതൃക നൽകിയത് യേശുവാണ്. അവിടുത്തേയ്ക്ക് പ്രാർത്ഥിക്കുക ജീവിക്കുകയായിരുന്നു. ജീവിക്കുകയെന്നാൽ പ്രാർത്ഥനയും! അതായത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയായിരുന്നു യേശുവിനു പ്രാർത്ഥനയും ജീവിതവും. കാരണം, എന്നും പിതാവ് യേശുവിലും യേശുവിനോടുകൂടിയുമായിരുന്നു. യേശു പിതാവിലും പിതാവിനോടുകൂടിയുമായിരുന്നു. യേശുവിനു ഉണ്ടായിരുന്ന ഇതേ അനുഭവത്തിലുള്ള വളർച്ചയാണ് നമ്മുടെ പ്രാർത്ഥനയിലുള്ള വളർച്ച. യേശുവിനെപ്പോലെയായാൽ നാം യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നവരായി.

പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതൻ-

ബാല്യം മുതലേ യഥാർത്ഥ പ്രാർത്ഥന യേശുവിൽ പ്രതിഫലിച്ചിരുന്നു. അവിടുത്തെ പ്രാർത്ഥന യഥാർത്ഥവും സത്യസന്ധവുമായതുകൊണ്ട് അത് പ്രാർത്ഥനയാണെന്നുപോലും ആർക്കും മനസ്സിലായില്ല. യഹൂദർ ദീർഘമായ വാചിക പ്രാർത്ഥന ചൊല്ലിയിരുന്നവരായിരുന്നു. എന്നാൽ ഇതിനെല്ലാം അതീതമായ പ്രാർത്ഥനയുടെ ഒരു ഉന്നത തലമുണ്ടെന്ന് അവിടുന്നു വ്യക്തമാക്കി. തന്റെ ജീവിതത്തിന്റെ ഉദ്ദേശം തന്നെ പ്രാർത്ഥനയാണെന്നും താൻ ജനിച്ചതും ജീവിക്കുന്നതും പ്രാർത്ഥിക്കാനാണെന്നുമാണ് യേശുവിന്റെ സംസാരത്തിന്റെ ധ്വനി. അതായത്, പിതാവിനോടുകൂടി ആയിരിക്കുകയാണ് യേശുവിനു പ്രാർത്ഥനയും ജീവിതവും. പിതാവിനോടുകൂടി പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടവനാണ് താനെന്ന് അറിയില്ലേ എന്നാണ് അവിടുന്ന് ചോദിക്കുക (ലൂക്കാ 2:49). പക്ഷെ, ഇതാർക്കും മനസ്സിലായില്ലെങ്കിലും മറിയം മാത്രം കണ്ടതും കേട്ടതുമെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു (ലൂക്കാ 2:51). അതായത് മറിയം യേശുവിനോടുകൂടി യേശുവിനെപ്പോലെ ആയിക്കൊണ്ടേ യിരുന്നു.

ഏകാന്തതയിൽ പിതാവിനോടുകൂടിയായിരുന്നവൻ-

ഗെത് സെമേൻ തോട്ടം
യേശു തന്റെ ജീവിതത്തിൽ ഉടനീളം പിതാവിനോടൊത്ത് ആയിരിക്കാൻ ശ്രദ്ധിച്ചിരുന്നു. (മത്താ. 4: 1-13, 14:23 ; മാർക്കോ. 1: 12-13, 6 : 46 ; ലൂക്കാ 4:1-13; 5: 16 ; 6 :12 ; 9:18 ;യോഹ. 6:15 ). മരുഭൂമിയിലെ വിജനതയിലും മലമുകളിലെ ഏകാന്തതയിലും യേശു പിതാവുമായി അവഗാഢം ബന്ധപ്പെട്ടു. പിതാവിനോടൊത്തായിരിക്കാനായി തുടരെത്തുടരെ അവിടുന്ന് ജനങ്ങളിൽ നിന്നും മാറിയൊളിച്ചു. പരസ്യ ജീവിതത്തിനു മുമ്പ് ഏതാനും നാൾ അവിടുന്നു പിതാവിനെ ധ്യാനിച്ചുമാത്രം കഴിച്ചുകൂട്ടി (ലൂക്കാ 4:1-11 ). വിശപ്പും ദാഹവും അവിടുത്തെ മനസ്സിനെ ചഞ്ചലപ്പെടുത്തിയില്ല. യേശു സർവ്വത: മറന്നു പിതാവിൽ ലയിച്ചിരുന്നു. ഏകാന്തതയിൽ യേശുവും പിതാവും മാത്രമായിരുന്ന മുഹൂർത്തത്തിൽ അവിടുന്നു പ്രാർത്ഥിച്ചു. പിതാവിനോടുകൂടി ആയിരുന്നതിലൂടെ കരഗതമായ അനുഭവമായിരുന്നു, യേശുവിന്റെ ശക്തി. ഈ ശക്തി നേടാനായി പ്രാർത്ഥിക്കുവാൻ, തുടരെത്തുടരെ വിജനതകളിലേയ്ക്ക് നാഥൻ പിൻവാങ്ങി.

പലസ്തീന മലകളുടെ നാടാണ്. പലസ്തീനയിലെ ഏറ്റവും വിജനമായ സ്ഥലങ്ങൾ മലകളും മരുഭൂമിയുമാണ്. മലമുകളിൽ ദൈവത്തെ കണ്ടെത്താനാവുമെന്നും മലമുകളിലാണ് ആരാധന നടത്തേണ്ടതെന്നും അന്ന് പലരും വിശ്വസിച്ചിരുന്നു.എന്നാൽ, മലകളെക്കുറിച്ചുള്ള ഈ സങ്കൽപ്പമല്ല മലമുകളിലേയ്ക്ക് യേശു പിൻവാങ്ങിയതിനു കാരണം. എന്തെന്നാൽ, പിതാവിനെ കാണാൻ അവിടുത്തേയ്ക്ക് ദൂരെയെങ്ങും പോകേണ്ടിയിരുന്നില്ല. പിതാവു യേശുവിലും യേശു പിതാവിലുമാണ് (യോഹ.17:21). ശമറായ സ്ത്രീയോട് യേശു പറഞ്ഞു: "ഈ മലയിലോ ജറുസലത്തോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു" (യോഹ.4:21-23). അതുകൊണ്ട് യേശു മലമുകളിലേയ്ക്കും മരുഭൂമിയിലേയ്ക്കും പ്രാത്ഥിക്കുവാൻ പോയത് ഏകാന്തത തേടിയാണ്. പിതാവും താനും മാത്രമായിരിക്കുന്ന വേളയിൽ ഒരുമിച്ചായിരിക്കാനും അനുഭവത്തിൽ നിറയാനും.

അത്ഭുതങ്ങളിലൂടെ പിതാവിനെ മഹത്വപ്പെടുത്തുന്ന യേശു-

യേശു ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിച്ചു (യോഹ.6:11,11:41 ). യേശുവിനെ അത്ഭുതപ്രവർത്തകനായിട്ടാണ് പലരും മനസ്സിലാക്കിയത്. അവിടുത്തെ അത്ഭുതങ്ങൾ കാണാൻ ശ്രമിച്ച ഹേറോദേസ്സിനെപ്പോലുള്ളവരും കുറവായിരുന്നില്ല. ഓടിക്കൂടിയ ജനങ്ങളിൽ പലരും അവിടുത്തെ അന്വേഷിച്ചിരുന്നത് അപ്പം തിന്നു വയറു നിറഞ്ഞതുകൊണ്ടും മറ്റുമായിരുന്നു (യോഹ.6:26). എന്നാൽ അന്ന് ആരുംതന്നെ യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിരുന്നില്ല. ഒരിക്കൽ പത്രോസ് മാത്രം പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന്". അതും പിതാവ് വെളിപ്പെടുത്തിയതുകൊണ്ട്‌ (മത്താ. 16:16-17).


യേശു ലാസറിനെ ഉയർപ്പിക്കുന്നു
അത്ഭുതങ്ങൾ യേശുവിനു പ്രാർത്ഥനാ വേളകളായിരുന്നു. അപ്പം വർദ്ധിപ്പിച്ചതോ, രോഗികളെ സുഖപ്പെടുത്തിയതോ മരിച്ചവരെ ഉയർപ്പിച്ചതോ പിതാവിനോട് ചോദിച്ചു വാങ്ങിയ അനുഗ്രഹങ്ങൾ ആയിരുന്നില്ല. യേശു പിതാവിനോടൊപ്പംപ്രവർത്തിക്കുകയായിരുന്നു. പിതാവു യേശുവിലും യേശു പിതാവിലും ആയിരുന്നതുകൊണ്ട് അവർ ഒരുമിച്ചുള്ള പ്രവർത്തനങ്ങളായിരുന്നു, അത്ഭുതങ്ങൾ. യേശുവും പിതാവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രകടനങ്ങൾ ആയിരുന്നു അവ. പിതാവായ ദൈവത്തോട് യേശു ഒന്നായി എന്നതിന്റെ തെളിവുകളായിരുന്നു അത്ഭുതങ്ങൾ. അതുകൊണ്ടാണ് അത്ഭുതാടയാളങ്ങൾക്ക് മുമ്പ് യേശു പിതാവിനെ സ്തുതിച്ചതും പിതാവിനു നന്ദി പറഞ്ഞതും. അത്ഭുതങ്ങളിലൂടെ അവിടുന്ന് ദൈവാനുഭവത്തിന്റെയും ഐക്യത്തിന്റെയും ആഴങ്ങൾ അനുഭവിച്ചു. അതായത് അത്ഭുതങ്ങളിലൂടെ അവിടുന്ന് പ്രാർത്ഥിച്ചു (ലൂക്കാ. 11: 1-13; മത്താ. 7:7-12).

പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു-

നിരന്തരം പ്രാർത്ഥിക്കുക മാത്രമല്ല പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിക്കുകയും ചെയ്തു. യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാനാണ് അവിടുന്ന് പഠിപ്പിച്ചത്. യേശു പിതാവിനെ വിളിച്ച അതേ ശൈലിയിൽ ദൈവത്തെ വിളിച്ച് അപേക്ഷിക്കുവാനും അവിടുത്തോട്‌ സംവാദിക്കുവാനും അവിടുന്നു നമ്മെ പഠിപ്പിച്ചു. തന്റെ ജീവിതത്തിലൂടെ ക്രിസ്തു പിതാവിനെ മഹത്വപ്പെടുത്തിയതുപോലെ തന്റെ അനുയായികളും സ്വജീവിതങ്ങളിലൂടെ പിതാവിനെ മഹത്വപ്പെടുത്തണമെന്നു അവിടുന്നാഗ്രഹിച്ചു. പ്രാർത്ഥന ഏതാനും മണിക്കൂറുകളിലെ അഭ്യാസമായി മാറ്റി വയ്ക്കാതെ എല്ലാ നിമിഷങ്ങളിലും നിറഞ്ഞു നിൽക്കുന്ന ദൈവാനുഭവവും ബന്ധവും സംവാദവുമാണെന്നു അവിടുന്നു വ്യക്തമാക്കി. നിരന്തരം പ്രാർത്ഥിക്കണമെന്നു പറയുമ്പോൾ പിതാവുമായി സദാ സമ്പർക്കം പുലർത്തി നിത്യമായ അനുഭവത്തിൽ നിറയണമെന്നാണ് നാഥൻ ഉദ്ദേശിക്കുക. നിരന്തരമായ സ്നേഹാനുഭവമുണ്ടെങ്കിൽ നാം ചോദിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ദൈവം നൽകും (മത്താ. 6:32).
                
(-തുടരും.രണ്ടാം ഭാഗം അടുത്തതിൽ... ധ്രുവദീപ്തി ഓണ്‍ലൈൻ )     

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.