Sonntag, 24. Januar 2016

ധ്രുവദീപ്തി // Church Today // വൃദ്ധ വിലാപം - // ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // ടി. പി. ജോസഫ്, തറപ്പേൽ

Church Today // വൃദ്ധ വിലാപം :

  ക്രൂശിതരൂപവും മാർത്തോമ്മാ   കുരിശും. //  തുടർച്ച...


ഹാത്മാഗാന്ധി ഇങ്ങനെയാണ് പറഞ്ഞത്: "ഭൂരിപക്ഷത്തിന് വേണ്ടി ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ പാടില്ല. ആ ന്യൂനപക്ഷം ഒറ്റയാൾ മാത്രമായാലും".

ക്രൂശിത രൂപം
വർഷങ്ങൾക്കു മുമ്പ് മാർത്തോമ്മക്കുരിശു വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മലബാർ സഭയിലാകെ ഭിന്നിപ്പ്. ചങ്ങനാശ്ശേരി വിഭാഗത്തെയും എറണാകുളം വിഭാഗത്തെയും യോജിപ്പിലെത്തിക്കുവാൻ റോമിൽ നിന്നും ലത്തീൻ സഭാംഗമായ ബ. വിതയത്തിലച്ചനെ സഭയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അക്കാലത്താണ് രണ്ടുമൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് നിര്യാതനായ പ്രൊഫ. പി. റ്റി. ചാക്കോയും (ലുവെയിൻ) ശ്രീ. ജോസഫ് പുലിക്കുന്നേലും, അവർക്കൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നു. പേര് മറന്നു പോയി. ആ മൂവരും കൂടി പരസ്യമായി മാർത്തോമ്മ കുരിശു കത്തിക്കാൻ ഒരുങ്ങിയത് അഡ്മിനിസ്ട്രേറ്റർ വിതയത്തിൽ അതിൽ ഇടപെട്ട് മാർത്തോമ്മാക്കുരിശും അംഗീകരിക്കാമെന്ന എന്ന ഒരു പ്രസ്താവനയിറക്കി. പക്ഷെ അവയൊന്നും അംഗീകരിക്കണമെന്നു നിർബന്ധമില്ല. എങ്കിലും അതിൻപ്രകാരം അവർ ആ വിവാദ കൃത്യത്തിൽ നിന്നും ഉടൻ  പിൻവാങ്ങി.

ഇന്ത്യൻ ഭരണ ഘടനയനുസരിച്ച് ഇന്ത്യയിലെ ഒരു പൗരന് ഏതു മതത്തിലും ഏത് അവാന്തരവിഭാഗത്തിലും അവനവന്റെ മന:സാക്ഷിയനുസരിച്ചു വിശ്വസിക്കാനും ജീവിക്കാനും അവകാശമുണ്ട്‌. മാർത്തോമ്മക്കുരിശു വന്ദിക്കുന്നവരെ നിന്ദിക്കുവാൻ ഭരണഘടന അനുവദിക്കുന്നില്ല. അതുപോലെ ക്രൂശിത രൂപം വന്ദിക്കുന്നവരെ നിന്ദിക്കുവാനും നിഷ്കാസനം ചെയ്യുവാനും അനുവാദമില്ല. മാർത്തോമ്മാക്കുരിശുവാദികൾ മാർത്തോമ്മാക്കുരിശ് വന്ദിക്കട്ടെ. ക്രൂശിതരൂപവാദികൾക്ക് ക്രൂശിതരൂപം വന്ദിക്കുവാൻ സ്വാതന്ത്ര്യം കൊടുത്താൽ മതി, അത് സാമാന്യ മര്യാദ. ക്രൂശിതരൂപം പള്ളിയിൽ നിന്നും മദ്ബഹായിൽ നിന്നും പടിയിറക്കുക എന്നുപറഞ്ഞാൽ ഭരണഘടനയോടും വിശ്വാസികളോടും കാണിക്കുന്ന നേർക്കുനേർ ഉള്ള അവഹേളനമെന്നല്ലാതെ മറ്റൊന്നായി കാണാനും കഴിയുകയില്ല.

കുറേക്കാലം മുമ്പ് ഒരു മാസികയിൽ വായിച്ചു.. മാർത്തോമ്മാക്കുരിശു സംബന്ധിച്ചായതുകൊണ്ട് മലബാർസഭയിലെ കാര്യമായിരിക്കണമല്ലോ. ഒരു രൂപതാദ്ധ്യക്ഷന്റെ ഭരണത്തിന്റെ ആദ്യത്തെ പത്തുകൊല്ലത്തെ നേട്ടങ്ങളുടെ പട്ടികയിൽ കൊടുത്തിരുന്ന ഒരു പ്രധാന സംഗതി അദ്ദേഹം 26 പള്ളികൾ പൊളിച്ച് പുതിയവ നിർമ്മിച്ച്‌ അവയ്ക്ക് മുകളിൽ മാർത്തോമ്മക്കുരിശു സ്ഥാപിച്ചു എന്നതാണ്. പഴയ പള്ളികളുടെ മുകളിൽ മാർത്തോമ്മാക്കുരിശു സ്ഥാപിക്കുവാൻ പറ്റുകയില്ല. അതുകൊണ്ട് അതുപൊളിച്ച് പുതിയത് തന്നെ പണിയണം. ഇതേ നിഗൂഢ ബുദ്ധി തന്നെയായിരിക്കണം പഴയ പള്ളികളെല്ലാം പൊളിച്ചടുക്കുന്നതിന് പ്രേരകശക്തിയായത്.

ഹിറ്റ്‌ലറുടെ സ്വസ്തിക 

മാർത്തോമ്മക്കുരിശ്
ഇപ്പോൾ സ്വർഗ്ഗത്തിൽ വസിക്കുന്ന മോൺസിഞ്ഞോർ ജെ. വർക്കി അച്ചനെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുങ്ങും. അദ്ദേഹം രണ്ടു സന്യാസിനി സഭകൾ സ്ഥാപിച്ചു. തലശ്ശേരി രൂപതയിൽ വികാരിജനറാളായിരുന്നു. അവസാനം കുളത്തുവയൽ ധ്യാനകേന്ദ്രത്തിൽ ഡയറക്ടറും ശാലോം മാസ്സികയുടെയും ശാലോം പത്രത്തിന്റെയും എല്ലാമെല്ലാമായിരുന്നു. മരിച്ചിട്ട് ഇപ്പോൾ കുറെ വർഷങ്ങൾ ആയി. 1990 കളിൽ ആയിരുന്നെന്നാണ് എന്റെ ഓർമ്മ. തുടർച്ചയായി രണ്ടുമൂന്നുതവണ മാർത്തോമ്മാക്കുരിശിനെതിരായി ശാലോം മാസികയിൽ അദ്ദേഹം നിരവധി  ലേഖനങ്ങൾ എഴുതിയിരുന്നു.

ന്യായമായ വാദങ്ങൾ നിരത്തി മാർത്തോമ്മക്കുരിശിനു ജർമനിയിലെ ഏകാധിപതി ആയിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ചിഹ്നമായ സ്വസ്തികയുടെ വില മാത്രമേയുള്ളൂവെന്ന് അദ്ദേഹം ലേഖനങ്ങളിലൂടെ സമർത്ഥിച്ചു. അങ്ങനെ മാർത്തോമ്മാക്കുരിശിനെതിരെ വിശദീകരിച്ച് ശാലോം മാസികയിൽ പല ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് മാർത്തോമ്മാക്കുരിശിനെക്കുറിച്ചുള്ള പ്രധാന അടിസ്ഥാന കാര്യങ്ങൾ എനിക്കും മനസ്സിലാക്കുവാൻ സഹായകമായി, അവയൊക്കെ ഞാൻ സ്വാംശീകരിച്ചു.

സ്വാർത്ഥത, ആത്മവഞ്ചന 

അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ചൊല്ലുണ്ടെങ്കിലും തക്ക കാരണമില്ലാതെ അഭിപ്രായം മാറുന്നത് ഭൂഷണമല്ല. ഒഴുക്കിനൊത്തു നീന്തുകയെന്നത് തന്നെ സ്വാർത്ഥതയാണ്, കൊടിയ ആത്മവഞ്ചനയുമാണ്. അന്നുമുതൽ ഇന്നുവരെയും ഞാൻ ആ കുരിശ് അംഗീകരിക്കുന്നില്ല. ഇപ്പോൾ ആ അഭിപ്രായത്തിന് മാറ്റം വരുത്തുവാൻ തക്ക കാരണമൊന്നും കാണുന്നുമില്ല. മാർത്തോമ്മക്കുരിശ് അംഗീകരിക്കുന്നവർ അതംഗീകരിച്ചോട്ടെ, ക്രൂശിതരൂപവാദികളെ അവരും എതിർക്കാതിരുന്നാൽ മതി. ക്രൂശിതരൂപം വണങ്ങുന്നവർക്കും അവകാശങ്ങൾ ഉണ്ടല്ലോ. അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാതിരുന്നാൽ മതി. മർത്താസ് മഠത്തിൽ നിന്നും ക്രൂശിതരൂപം പടിയിറക്കിയതുപോലെ ചെങ്ങളം പള്ളിയിൽ നിന്നും, പള്ളിയുടെ മദ്ബഹായിൽ നിന്നും ക്രൂശിതരൂപം പടിയിറക്കും.

ആരംഭകാലം മുതൽക്കേ പള്ളിയിൽ മാർത്തോമ്മാക്കുരിശു കാണുമ്പോൾ എനിക്ക് ഒരു ചതുർത്ഥി തോന്നുമായിരുന്നു. പള്ളിക്കകത്ത് കയറുമ്പോഴേ ആ കുരിശെടുത്ത് വലിച്ചെറിയുവാൻ ഒരു തോന്നൽ... അക്രമം കാണിച്ച് പഠിക്കാ തിരുന്നതുകൊണ്ട് അത് ചെയ്തില്ല എന്നു മാത്രം. പിന്നെ, വന്ദ്യ വിതയത്തിൽ "അതുമാകാം" എന്ന് പറഞ്ഞതുകൊണ്ട് അത് വന്ദിക്കുന്നവരുടെയും വികാരം മാനിക്കണമല്ലോ എന്ന് കരുതി സഹിഷ്ണത കാണിക്കുന്നു. ആ സഹിഷ്ണത മാർത്തോമ്മാക്കുരിശുവാദികൾ ക്രൂശിതരൂപം മാനിക്കുന്നവരോടും കാണിച്ചാൽ മതി.

നമ്മുടെ റീത്ത് എല്ലാംകൊണ്ടും ഒരു പ്രത്യേക റീത്ത് തന്നെ. മറ്റൊരു റീത്തിലും ഇല്ലാത്തതുപോലെ വിഭിന്നമായ ആരാധനാക്രമങ്ങൾ - ചങ്ങനാശ്ശേരി രൂപതയ്ക്ക് ഒന്ന്, ഏറണാകുളത്തിനു മറ്റൊന്ന്. ഒരിടത്ത് ഒരു കൂട്ടർ ബലി വേദിയിലേയ്ക്ക്‌ തിരിഞ്ഞു നിന്ന് കുർബാന അർപ്പിക്കുന്നു. മറ്റൊരിടത്ത് വേറൊരു കൂട്ടർ ലത്തീൻകാരെപ്പോലെ ജനങ്ങളുടെ നേരെ തിരിഞ്ഞുനിന്നു കൊണ്ട് കുർബാനയർപ്പിക്കുന്നു. ഒരു കൂട്ടർ, ഇത് പ്രാരഭ കൂദാശകളെന്നു പറഞ്ഞ് മൂന്നു കൂദാശകൾ കുഞ്ഞുങ്ങൾക്ക് നല്കുന്നു. മറ്റേ കൂട്ടർ മാമ്മോദീസാ മാത്രം കുഞ്ഞുങ്ങൾക്ക്‌ നല്കുന്നു. ക്രൂശിതരൂപം നമ്മുടെ വിശ്വാസത്തിനു അനുസൃതമായിരിക്കുന്നതുപോലെ പ്രാരംഭകൂദാശയായി മാമ്മോദീസ മാത്രം നല്കുന്നതും നമ്മുടെ വിശ്വാസത്തിനു അനുസൃതമാണ്.

കുറെ മനുഷ്യർ പറയുന്ന അവർക്ക് മാത്രം വശമുള്ള ഭാഷ.  
 
Basics of Christian Theology
'Brothers of Patrick' എന്നൊരു സന്യാസ സഭയുണ്ട്. അതിലെ ഒരു സുപ്പീരിയർ തന്റെ കീഴിലുള്ളവരോട് പറഞ്ഞ ഒരു വസ്തുതയാണ് ഓർമ്മയിൽ വന്നത്.. "ദൈവം മനുഷ്യന്റെ ഗ്രഹണ ശക്തിക്ക് അതീതനാണ്. തിയോളജിയൻസ് എന്ന പണ്ഡിതന്മാർ പറയുന്നത് അവർക്കൊക്കെ അറിയാവുന്ന മാനുഷിക ഭാഷയിൽ, അതായത്, തിയോളജി എന്ന് പറയുന്നത് മനുഷ്യർക്ക് അറിയാൻ വയ്യാത്ത ഒരു വിഷയത്തെപ്പറ്റി കുറെ മനുഷ്യർ പറയുന്ന അവർക്ക് വശമുള്ള ഭാഷ- അതിൽ എന്തുമാത്രം ശരിയുണ്ടായിരിക്കും, എന്തുമാത്രം തെറ്റുണ്ടാകാം ? ആ ബ്രദർ സുപ്പീരിയർ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന് സമ്മതിച്ചേ പറ്റൂ.

പാണ്ഡിത്യമേറെ, വിലയിരുത്തൽ മോശം.

മാർത്തോമ്മാക്കുരിശിൽ അഭിമാനം കൊള്ളുന്ന കൽദായ വാദികൾക്ക് നമ്മൾ ഇത്രയും കാലം ആദരിച്ചുപോന്ന ക്രൂശിത രൂപം ഉൾക്കൊള്ളാൻ സ്വയം ഒട്ടും പറ്റുന്നില്ലെങ്കിൽ പിന്നെ അവരുടെ തിയോളജി എന്താണ്? ഒരിക്കൽ ഒരു 'ഡോക്ടർ വൈദികൻ' വചന പ്രഘോഷണത്തിനിടെ പറഞ്ഞത് ഇങ്ങനെയാണ്: "നിങ്ങൾ വികാരിയച്ചനുമായി ഭിന്നിപ്പിലാണെങ്കിൽ പാപത്തിലാണ്". അദ്ദേഹം മലബാർ സഭയുടെ മതബോധന കാര്യങ്ങളിലെ ഒരു ആധികാരിക വ്യക്തി ആയിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം പറയേണ്ടിയിരുന്നത്, നിങ്ങൾ സത്യവുമായി ഭിന്നിപ്പിലാണെങ്കിൽ പാപത്തിലാണ്, എന്നായിരുന്നു. വികാരിക്ക് എന്താ തെറ്റുപറ്റുകയില്ലേ ? മാർപാപ്പ പോലും പറയുന്നത് ദൈവജനവുമായി ഒന്നുചേർന്ന് വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ മാത്രമേ അദ്ദേഹത്തിനു പോലും അപ്രമാദിത്വമുള്ളു എന്നാണ്.

ഒരിക്കൽ ഞാൻ രൂപതാ കേന്ദ്രത്തിൽ പോയി. എന്റെ വിശ്വാസം സംബന്ധിച്ച് ഒരു സംശയം തീർക്കുവാനാണ്‌ പോയത്. രൂപതാബുള്ളറ്റിനായി പണമടച്ചു കൊണ്ടിരുന്നെങ്കിലും മാസങ്ങളായി എനിക്ക് ബുള്ളറ്റിൻ കിട്ടുന്നില്ല. അന്ന് ബുള്ളറ്റിന്റെ ചാർജുവഹിക്കുന്ന ശെമ്മാശ്ശൻ "എനിക്ക് തെറ്റ് പറ്റുകയില്ല" എന്ന് കട്ടായം പറഞ്ഞ് അതിന്റെ ഫയൽ തുറന്നു നോക്കാനേ വിസമ്മതിച്ചു. ഞാൻ പട്ടി ചന്തയ്ക്ക് പോയതുപോലെ ഒരു കാര്യവും നേടാതെ തിരിച്ചു പോന്നു. ഈ സംഭവം നടന്നത് 1995-ലോ 96-ലോ ആണെന്നാണ്‌ ഓർമ്മ. പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്‌, മേൽ വിലാസത്തിലെ തെറ്റുകാരണം അയൽപക്കത്ത് ഒരാൾക്ക് അത് കിട്ടിക്കൊണ്ടാ ണിരുന്നത് എന്ന്. ളോഹ കിട്ടിയാലുടൻ അപ്രമാദിത്വവും അക്കൂട്ടത്തിൽ ഉണ്ടെന്നാണ് ചില ശെമ്മാശാന്മാരും കൊച്ചച്ചന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.

മറ്റൊരിക്കൽ ളാലം നിത്യസഹായമാതാ പള്ളിയിൽ നൊവേനയ്ക്ക് പോയ ഒരു ഭക്തയ്ക്ക് പള്ളിക്കകത്തിരുന്ന ഒരു നോട്ടീസ് കിട്ടി. പള്ളിക്കകത്തു നിന്ന് കിട്ടിയതുകൊണ്ട് പൂജ്യമായി കരുതി അത് വീട്ടിൽ കൊണ്ടുവന്നു. വായിച്ചു നോക്കിയപ്പോൾ വേളാങ്കണ്ണി ഭക്തി പ്രചാരണാർത്ഥമുള്ള ഉടയോനില്ലാത്ത ഒരു നോട്ടീസ്.. അതിൽ ഒരു താക്കീതും ! "അവനവന്റെ സാമ്പത്തികസ്ഥിതി അനുസരിച്ചു അതിന്റെ കോപ്പികൾ അടിച്ചിറക്കണം. അല്ലെങ്കിൽ കാര്യമായ കഷ്ടനഷ്ടങ്ങളും ഒരുപക്ഷെ ജീവഹാനിയും സംഭവിച്ചേക്കാം". നമ്മുടെ ളാലം ഭക്ത ആകെ അങ്കലാപ്പിലായി. ഒരു പ്രഗത്ഭ വൈദികൻ വികാരിയായിരുന്ന കാലത്താണ് പള്ളിക്കകത്ത് വച്ച് നോട്ടീസ് വിതരണം നടന്നത്. കുറെനാൾ കഴിഞ്ഞു. ഭക്ത രോഗിയായി ഒരു ആശുപത്രിയിൽ ആയപ്പോൾ, ഒന്ന് കുമ്പസാരിക്കണമെന്നു വിചാരിച്ചു ഒരു വൈദികനെ സമീപിച്ചു. (അദ്ദേഹവും ഡോക്ടറെറ്റ്ള്ള ഒരു വൈദികൻ). മനസ്സിലെ ഈ കുത്ത് അദ്ദേഹത്തെ ഉടൻ   അറിയിച്ചു. അദ്ദേഹം അവരോട് ഉപദേശിച്ചു, 'പറ്റുന്നതുപോലെ നോട്ടീസ് അടിച്ചിറക്കണം' എന്ന്.

2013 ഡിസംബർ 4- മനോരമയിലെ ഉൾക്കാഴ്ചയിൽ ശ്രീ. ബി. എസ്. വാരിയർ, ഡോ. ബോബ്മൂർ ഹെഡ് എന്ന വൈദികനെ ഉദ്ധരിച്ചു അപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്: " ബിരുദധാരികൾ ധാരാളം, ബോധം കുറവ്, അറിവോ ഏറെ, പക്ഷെ വിലയിരുത്തൽ മോശം". ഇത്തരം സാമാന്യ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാതിരിക്കാൻ വയ്യാ. അത്രയും കടുപ്പത്തിൽ ഞാൻ പറയുന്നില്ല. ഡോക്ടറേറ്റ് ഉള്ളവർ ധാരാളം, ബോധമുള്ളവർ കുറവു എന്ന് പറയുന്നില്ല, പക്ഷെ ബോധമില്ലാത്തവരും അക്കൂട്ടത്തിൽ ഉണ്ട്. "എനിക്ക് തെറ്റ് പറ്റുകയില്ല "എന്ന് പറഞ്ഞ ശെമ്മാശനെപ്പോലെ മാർത്തോമ്മക്കുരിശിന്റെ തിയോളജി ഉരുത്തിരിഞ്ഞപ്പോൾ ഉണ്ടായ ചർച്ചകളിൽ ചിലരും ബോധത്തിന് സ്ഥാനം കൊടുത്ത് കാണുകയില്ല. കൽദായ സഭയുടെ പുത്രിസഭയായി നമ്മുടെ മലബാർ സഭയെ കണക്കാക്കുന്ന ചിലർ 'ആർക്കും ഇല്ലാത്ത ഒരു കുരിശ്' മാർത്തോമ്മാ കുരിശെന്ന പേരിൽ സംഘടിപ്പിച്ചെടുത്തതാണ്. പച്ചയായ മനുഷ്യന് പച്ചയായ കുരിശാണ്, ക്രൂശിതന്റെ രൂപമുള്ള കുരിശാണ് ആവശ്യം. / -  

 തുടരും..
                                             .............................................................................

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com


 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.