Freitag, 23. November 2018

ധ്രുവദീപ്തി: // Panorama // ആഗോളവത്ക്കരണവും ലോകരാജ്യങ്ങളുടെ ഭദ്രതയും. George Kuttikattu


ധ്രുവദീപ്തി: // Panorama //


ആഗോളവത്ക്കരണവും ലോകരാജ്യങ്ങളുടെ 
ഭദ്രതയും.

George Kuttikattu

ആഗോളവത്ക്കരണത്തിൽ ഉയർന്നുപൊങ്ങിയ സമ്പത് വ്യവസ്ഥയിലുണ്ടായ കുറവുകളും നഷ്ടങ്ങളും, അതിനോട് ബന്ധപ്പെട്ട മറ്റു വ്യത്യസ്തപ്പെട്ട നിരവധി പ്രതിസന്ധികളുമൊക്കെ ആഗോളവത്ക്കരണ പ്രക്രിയയെ സഹായിക്കുന്ന ഘടകങ്ങൾ അല്ല. അന്തർദ്ദേശീയ വ്യാപാരവിപണിരംഗത്തെ ആന്തരികവും, ബാഹ്യവുമായും വിവിധതരത്തിലുള്ള സ്വാധീനങ്ങൾ സ്വാഭാവികമായിട്ട് എന്നും ഉണ്ടായിരുന്നു. അതോടൊപ്പം ബന്ധപ്പെട്ടു കിടക്കുന്ന ആധുനികവും വളരെ മെച്ചപ്പെട്ട വിനിമയ സാദ്ധ്യതകൾപോലെ പ്രത്യേകിച്ച് നൂതന ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഉറച്ച കാഴ്ചപ്പാടുകളും അത്ഭുതകരമായ മാറ്റങ്ങളുടെ പുതിയ മാനങ്ങളും ഉണ്ടായി വന്നത് ആഗോള വത്ക്കരണ പ്രക്രിയയെ ധ്വരിതപ്പെടുത്തുവാൻ സഹായകമായി . യൂറോപ്യൻ രാജ്യങ്ങളിലാണ് അത്ഭുതകരമായ സാമ്പത്തിക വളർച്ചയിലെ മാറ്റങ്ങളുടെ വെളിച്ചം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയും.

ഇതേപ്പറ്റി ചിന്തിക്കുമ്പോൾ അനേകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. എപ്പോൾ മുതലാണ് ഈ ആഗോളവത്ക്കരണത്തിന്റെ നൂതന വളർച്ചയുടെമേലുള്ള സ്വാധീനം അന്തർദ്ദേശീയതലത്തിൽ ഇത്ര പെട്ടെന്നുള്ള ശക്തി പ്രാപിച്ചത്? മനുഷ്യകുലത്തിന്റെ ഉത്ഭവം മുതൽ നിലനിൽക്കുന്ന ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയുടെ പ്രതിഭാസമായിരുന്നല്ലോ ജനതകൾക്കിടയിൽ എക്കാലവും സംഭവിച്ചുകൊണ്ടിരുന്ന എല്ലാ പുറപ്പാടുകളും കുടിയേറ്റങ്ങളും ജനതയുടെ കൂടിച്ചേരലുകളും ? ഇങ്ങനെയുള്ള ഓരോ കുടിയേറ്റങ്ങളുടെ പിന്നിലുണ്ടായ പ്രേരകകാരണങ്ങൾ എന്തായിരുന്നു? അത്തരം കുടിയേറ്റങ്ങളും മനുഷ്യന്റെ ജീവിതശൈലിയിൽ വന്നെത്തിയ പുതിയ മാറ്റങ്ങളും സാമ്പത്തികകമ്പോള വികസനത്തിന്റെ ആധുനിക തത്വശാസ്ത്ര അനുബന്ധമായി സാമൂഹിക ജീവിതം കൂടുതൽ എളുപ്പമായിത്തീരുകയും ചെയ്ത ചരിത്ര സംഭവങ്ങളെല്ലാം ഇന്നത്തെ മനുഷ്യസമൂഹത്തിന് അനുഭവസമ്പത്തായി മാറി.

ആഗോളവത്ക്കരണം എന്ന് പറയുന്നതുതന്നെ, ഇന്നത്തെ ലോകരാജ്യങ്ങളിൽ കാണപ്പെടുന്ന എല്ലാ പ്രവർത്തനമേഖലകളും - സാംസ്കാരികം, സാമൂഹികം തൊഴിൽ, പരിസ്ഥിതി, വിനിമയ മേഖല എന്നിങ്ങനെ ഏതുവിധത്തിലുമുള്ള കാര്യങ്ങളെല്ലാം തന്നെ ഏതോ  വ്യക്തിപരമോ സ്ഥാപനങ്ങൾ മുഖേനയോ രാജ്യങ്ങൾ തമ്മിൽ തമ്മിലോ പരസ്പരം ബന്ധപ്പെട്ടിട്ടുള്ള വിശാലമായ പ്രക്രിയയാണല്ലോ. ഇവയിൽ ഏറ്റവും ബാഹ്യമായി കാണാൻ കഴിയുന്നത് സാങ്കേതിക വിദ്യയും അനുബന്ധമായ ഡിജിറ്റൽ റവല്യൂഷനും ആണല്ലോ. പ്രത്യേകമായി വാർത്താവിനിമയം, ഗതാഗത സ്വാതന്ത്ര്യം, സാങ്കേതിക മാദ്ധ്യമ സൗകര്യങ്ങൾ എല്ലാം ലോക വ്യാപാര മേഖലയിൽ സ്വതന്ത്രമായ അന്തർദ്ദേശീയ കാഴ്ചപ്പാടിന് പ്രത്യേക രൂപം കൊള്ളാനിടയാക്കിയെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.

സാമ്പത്തിക ശാസ്ത്രത്തിലെ "ആഗോളവത്ക്കരണം" എന്ന ആ സാങ്കേതിക പദത്തിന്റെ ഉറവിടംതന്നെ ജർമ്മനിയിലെ നാസ്സി ആധിപത്യത്തിൽ നിന്നും ഒളിച്ചോടി രക്ഷപെട്ട് ഇൻഗ്ലണ്ടിൽ കുടിയേറിയ ഒരു യഹൂദ വംശനായ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതന്റെ തിയറിയാണ്. ഹാർവാർഡ് ബിസ്സിനസ് സ്‌കൂളിലെ അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്ന പ്രൊ. തിയോഡോർ ലവിറ്റിൽ ആണ് ആഗോളവത്ക്കരണ പദത്തിന്റെ പേരിന് തന്നെ കാരണഭൂതൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന് മുൻപ് 1944- ൽ ഇത്തരമൊരു പദപ്രയോഗം ഉണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ പേരിന് അതിനുശേഷം 1961- ൽ പ്രചാരത്തിലായ  ഇംഗ്ലീഷ്  ഭാഷാ നിഘണ്ടുവിൽ "ഗ്ലോബലൈസേഷൻ" എന്ന പദപ്രയോഗം ചേർത്തിരുന്നു. എന്നാൽ 1983- ൽ പ്രൊഫ. തിയോഡോർ ലെവിറ്റ് പ്രസിദ്ധപ്പെടുത്തിയ "ഗ്ലോബലൈസേഷൻ ഓഫ് മാർക്കറ്റ്" എന്ന ലേഖനം "ആഗോളവത്ക്കരണം" എന്ന പദപ്രയോഗത്തിന് വ്യാപകമായ ലോകപ്രചാരം ഉണ്ടാക്കിയിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ ആഗോളവത്ക്കരണ പ്രക്രിയയും സമാന്തരകാലത്ത് കമ്മ്യുണിസവും സോഷ്യലിസവും തമ്മിൽ നടന്നിരുന്ന മത്സരങ്ങളുമെല്ലാം യൂറോപ്പിന്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിൽ ശക്തമായി പ്രതിഫലിപ്പിക്കുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ ആഗോളവത്ക്കരണത്തിന്റെ ഗതിവിഗതികൾ അന്തർദ്ദേശീയ വ്യാപാരമേഖലയുടെ ദിശയിലെത്തിയതോടെ ഒരു ലോകകമ്പോളവേദി നിലവിൽ വന്നതും എല്ലാം അതുമൂലം വ്യവസായവത്ക്കരണത്തിനുള്ള മുന്തിയ സാദ്ധ്യതകളും അതിശയകരമായ ശാസ്ത്രസാങ്കേതിക വളർച്ചയ്ക്ക് കാരണവുമായി. ഇത് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ സഹായിക്കുക മാത്രമല്ല ജനങ്ങളുടെ സാമ്പത്തിക സുരക്ഷയുടെ സമാന്തര ആവശ്യങ്ങൾക്ക് സഹായകമായിത്തീർന്നുവെന്ന് കാണാം.

അങ്ങനെ സമ്പത് ഘടനയുടെ ആഗോളവത്ക്കരണം സാദ്ധ്യമാകുന്നത് ഉറച്ച അടിസ്ഥാനമുള്ള സ്ഥിതിവിവരങ്ങളെ ആധാരമാക്കിയാണെന്നു കാണാം. അവയിതാണ്, ലോകവ്യാപാരമേഖലയുടെ വളർച്ച, സ്വദേശ-വിദേശ പൊതു നിക്ഷേപങ്ങളുടെ വളർച്ച, ആഗോളതലത്തിലുള്ള വ്യവസായ സഹകരണ പ്രക്രിയകൾ, ഓരോരോ കമ്പനികളുടെയും വ്യവസായങ്ങളുടെയും വളർച്ച, അതിനുവേണ്ടതായിട്ടുള്ള രാജ്യങ്ങളുടെ പങ്കാളിത്തം, ഇവ പ്രധാന ഘടകം തന്നെയാണ്. അതുപോലെ സാമ്പത്തിക കമ്പോളത്തിലെ ആഗോള വ്യാപാര സാദ്ധ്യതകൾ, ഇവയെല്ലാം മുന്നിൽക്കാണുന്ന ആഗോളവത്ക്കരണത്തിനു പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ മേഖലകളിലും ആഗോളവത്ക്കരണതത്വം ശക്തമായി സ്വാധീനം ആർജിച്ചതും സമ്പത്ഘടനയിൽ മാറ്റത്തിന്റെ ഏതോ ശക്തിയേറിയ ചലനങ്ങൾ ഉണ്ടായതും രാജ്യങ്ങളുടെ അതിർത്തിവരമ്പുകളെ മറികടന്നുള്ള മനുഷ്യസമൂഹത്തിന്റെ കുടിയേറ്റങ്ങളുടെ പുതിയ ചരിത്രം സൃഷ്ടിച്ചു. അതിനു കാരണമായ യാഥാർത്ഥ്യങ്ങളെന്തായിരുന്നു? വ്യത്യസ്ത കാരണങ്ങൾ ഏതാണ്ടിപ്രകാരമാണ്:

(1)- ആഗോളവത്ക്കരണം എന്നത് ലോകരാജ്യങ്ങളിലെ ജനങ്ങളിൽ പുതിയ ഒരു അവസ്ഥാഭേദത്തിന്റെ അറിവ് നൽകി.
(2)- ലോകമഹായുദ്ധങ്ങൾ മൂലം മനുഷ്യസമൂഹത്തിൽ പുതിയ ഭാവിയുടെ വെളിച്ചം കാണാനുള്ള തീക്ഷ്ണമായ പ്രത്യാശയും മാറ്റങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പും.
(3)- പതിനഞ്ചാം നൂറ്റാണ്ട് മുതൽ ലോകമൊട്ടാകെ നേരിട്ടിരുന്ന സാമൂഹിക-സാമ്പത്തിക തലങ്ങളിലുണ്ടായ തുടർ പ്രതിസന്ധികൾ, അതുപോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ കൊളോണിയൽ വ്യവസ്ഥിതിയും അവരുടെ സ്വേശ്ചാധിപത്യവും.
(4)- ഓരോ രാജ്യങ്ങളുടെയും വിദേശ വ്യാപാര നയങ്ങളിൽ സ്വീകരിച്ചിരുന്ന പുതിയ നയങ്ങളും സമീപനശൈലിയും.
(5)- 1840- കളിൽ തുടങ്ങിയ സ്വതന്ത്ര കമ്പോളങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും അതിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളും.

എന്നാൽ 1870 കാലഘട്ടത്തോടെ ഓരോരോ രാജ്യങ്ങളും അവരവരുടെതായ സ്വന്തമായ സാമ്പത്തിക സംരക്ഷണതത്വം സ്വീകരിച്ചു തുടങ്ങിയതായിട്ട് കാണാൻ കഴിയും. ഇപ്രകാരമുള്ള നടപടികൾമൂലം ആഗോളവത്ക്കരണ പ്രക്രിയയിൽ ഉണ്ടായ രാഷ്ട്രീയ സ്വാധീനം അളവിൽക്കുറഞ്ഞ സാമൂഹ്യ വികസന നയപരിപാടികളുടെ ഒരു നിർദ്ദിഷ്ഠ പൊതു ധാരണയായി മാറി. ഇതോടെ ആഗോളവത്ക്കരണത്തിന്റെ ശാസ്ത്രീയതയിലെ പോസിറ്റിവ് എനർജി ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ ശക്തമായി പ്രതിഫലിച്ചിരുന്നു. എന്നാൽ അതേസമയം അമേരിക്കയിലും യൂറോപ്പിലും മറ്റുചില ഏഷ്യൻ രാജ്യങ്ങളിലും ഉണ്ടായ സാമ്പത്തിക വളർച്ചയുടെ തരംഗം ഉറങ്ങിക്കിടന്ന ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഒരു ആഗോള സാമ്പത്തികശാക്തീകരണത്തിന്റെ പോസിറ്റിവ് എനര്ജിയെ അവിടുത്തെ ജനസമൂഹം തിരിച്ചറിഞ്ഞിരുന്നില്ല.    

ഇതിനുത്തരവാദികൾ ആരായിരുന്നു? തികച്ചും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളെ കാണുവാൻ കഴിയും. ലോകരാജ്യങ്ങളിൽ അതിസ്വാധീനം പുലർത്തിയിരുന്ന കാപ്പിറ്റലിസം, അതിനെതിരെയന്ന് ഉയർന്നുപൊങ്ങിയ കമ്മ്യുണിസവും തമ്മിലുള്ള കടുത്ത മത്സരവും. അന്ന് പ്രചാരത്തിലിരുന്നത് ഇങ്ങനെ: കമ്മ്യുണിസ്റ്റുകൾക്ക് ലോകരാജ്യങ്ങൾ അംഗീകരിച്ച ആഗോള വത്ക്കരണപ്രക്രിയയിലൂടെയുള്ള പൊതു സാമ്പത്തിക വികസനത്തിലൊട്ട് വിശ്വാസമില്ലാ എന്ന അഭിപ്രായം പൊന്തിവന്നിരുന്നു. തെളിവായിട്ടു അന്ന് ആരോപിച്ച കാര്യം, ആസിയാൻ- ഇന്ത്യൻ കരാർ അതേപടി എതിർക്കുന്നവർ കമ്മ്യുണിസ്റ്റുകൾ ആണെന്നായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്യപ്രാപ്തിക്കുശേഷം കേരളം ഭരിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും "ജനങ്ങൾക്ക് വേണ്ടി" എന്ന ആ വാക്കിനു പകരം ഓരോ രാഷ്ട്രീയനേതൃത്വങ്ങളുടെ ഉള്ളിലിരുന്നത് "ജനങ്ങൾക്ക്" എന്നതിലെ "ജ" വെട്ടിച്ചുരുക്കി "ഞങ്ങൾക്ക് വേണ്ടി" സേവനം ചെയ്യണം എന്ന അനുഭവമാണ് കാണാനിടയായത്. കേരളത്തിൽ ബാലറ്റ് പേപ്പറുകളിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ് പാർട്ടി ഏറെ വിമർശനം ഏറ്റു വാങ്ങിയാണ് ആദ്യമായി അധികാരത്തിലെത്തിയത്. ഇ. എം. എസ് നമ്പൂതിരി സർക്കാർ കേരളത്തിലെ ജന്മിമാരുടെ അവകാശത്തിൽ കിടന്ന കുടിയാന്മാരുടെ ഭൂമികൾ അവരുടെ സ്വന്തമായിട്ടുള്ള  അവകാശത്തിൽ ആക്കുന്നത്തിന് ഭൂപരിഷ്ക്കരണനിയമം കൊണ്ടുവന്നു. അതിനു ശേഷം കേരളം കണ്ടിട്ടുള്ള അതിശക്തനായ മുൻ കോൺഗ്രസ് നേതാവും കേരളം കണ്ട മഹാനുമായിരുന്ന ശ്രീ പി. ടി.ചാക്കോ + ഭൂനിയമം കർശനമായി നടപ്പാക്കി. അവർ ഇരുവരും കേരളത്തിൽ അവരുടെ രാഷ്ടീയ ജീവിതത്തിൽ  അനേകം വെല്ലുവിളികൾ നേരിട്ടവരുമായിരുന്നു. അതുപോലെതന്നെ 1967-ൽ കേരളത്തിൽ അന്ന് അധികാരത്തിലിരുന്നിരുന്ന  കമ്മ്യുണിസ്റ് സർക്കാരാണ് തൊഴിലാളികളുടെ വേതന നിരക്ക് ആദ്യമായി പരിഷ്‌ക്കരിച്ചതും, ആദ്യമായി ജീവനക്കാർക്ക് ഒരു ശമ്പള സ്കെയിൽ എന്ന സമ്പ്രദായം നടപ്പിലാക്കിയതും. അപ്പോൾ ഒരു കാര്യം നാമെല്ലാം ഇവിടെയും മനസ്സിലാക്കണം, ഭരണ രാഷ്ട്രീയത്തിലെ വ്യക്തിതാല്പര്യങ്ങൾ ജനങ്ങളുടെ ജീവിതനിലവാരത്തെ തകർക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടായിട്ടുണെന്ന യാഥാർത്ഥ്യം. തനി സ്വാർത്ഥതാല്പര്യത്തിനു വേണ്ടി കമ്മ്യുണിസ്റ്റുകളെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും ഭിന്നിപ്പിക്കുന്ന ഒരു അന്ധമായ അന്തിമ വിധി പറയരുതെന്ന അഭിപ്രായമാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത്.

യൂറോപ്യൻ യൂണിയൻ സാമ്പത്തിക സഖ്യം നിലവിൽവന്നശേഷം ക്രമേണ  അതിന്റെ പ്രവർത്തനം ശക്തിപ്പെട്ടത് മറ്റു ഏഷ്യൻ രാജ്യങ്ങൾക്ക് പുത്തൻ ഉണർവുണ്ടാക്കിയതായി അറിയാൻ കഴിഞ്ഞുവെന്നാണു ചില സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചത്. യൂറോപ്പിന്റെ സ്വതന്ത്ര വ്യാപാര സാദ്ധ്യതകൾ ഫലം കണ്ടത് മൊത്തം സാമ്പത്തിക വികസനം എളുപ്പമാക്കിയതിലൂടെയാണ്. ആസിയാൻ -യൂറോപ്യൻ കരാറുകൾ ഇരു സഖ്യരാജ്യങ്ങളുടെയും സമഗ്രമായ പുരോഗതിയാണ് ഉദ്ദേശിച്ചിരുന്നത്. വിപണിയിലെത്തുന്ന സാധനങ്ങൾക്ക് മേന്മ വർദ്ധിക്കേണ്ടതിനും വ്യവസായ മേഖലയിൽ പുതിയ സാങ്കേതികവിദ്യ സാദ്ധ്യതകൾ അന്വേഷിച്ചു കണ്ടെത്താനും അങ്ങനെ കാർഷികമേഖലയിൽ പുതിയ സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനും കാരണമാക്കിയെന്നും കാണാൻ കഴിയും. രാജ്യങ്ങളുടെ ഒറ്റപ്പെട്ട വളർച്ചയെയല്ല, ആഗോളതലത്തിൽ ഓരോ രാജ്യങ്ങളുടെയും സമാന്തരവേഗതയിലുള്ള വളർച്ചയാണ് പ്രധാനമായതെന്ന് സാമ്പത്തിക ശാസ്ത്രനിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

കേരളത്തിന്റെ വ്യാകുലം

കേരളത്തിന്റെ വ്യാകുലങ്ങൾക്കു അടിസ്ഥാനമില്ല എന്നുതന്നെ പറയട്ടെ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ അവ കാർഷികമോ അഥവാ വ്യാവസായികമോ എന്തുമായിക്കൊള്ളട്ടെ, മേന്മയേറിയ ഉത്പന്നങ്ങളാണ് ഉണ്ടാക്കേണ്ടത്. സ്വദേശവിപണിയിലും വിദേശവിപണിയിലും മേന്മയേറിയ സാധനങ്ങൾക്കാണ് ആവശ്യങ്ങൾ ഉണ്ടാകുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഓസ്ട്രിയ, അതുപോലെ ജപ്പാൻ, അമേരിക്ക, തുടങ്ങിയ നിരവധി രാജ്യങ്ങളുടെ അടിസ്ഥാന സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അവർ അവരുടെ സ്വന്തം ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ചല്ല വികസനലക്ഷ്യങ്ങൾ സാദ്ധ്യമാക്കുന്നതെന്ന് കാണുന്നുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് രാജ്യാന്തര സഹകരണപ്രവർത്തനത്തിലൂടെയുള്ള വിജയമാതൃകയാണല്ലോ ഉദാ:  സിങ്കപ്പൂരിന്റെ സാമ്പത്തിക വികസനം മാതൃകയാണ്. കേരളത്തിലെ കാർഷിക വ്യാവസായിക രംഗത്തെ വളർച്ചയ്ക്ക് വിദേശ രാജ്യങ്ങളുമായുള്ള കരാറുകൾമൂലം മറ്റ് തകരാറുകൾ സംഭവിക്കുമെന്നുള്ള നിരന്തര വിചാരം മൗഢ്യമാണ് എന്ന് പറയേണ്ടതുണ്ട്. തൊഴിൽ സമരങ്ങളുടെയും പൊതു പണി മുടക്കുകളുടെയും (ഹർത്താലുകൾ) രാഷ്ട്രീയപകപോക്കലുകളുടെയും, മതാന്ധന്മാരുടെയും വിളഭൂമിയായി കേരളത്തെ മാറ്റിയത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. കേരളീയരുടെ പൊതുനാശം വരുത്തിവയ്ക്കുന്നതിന് കാരണക്കാർ അവർക്കൊപ്പം രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. കേരളത്തിലെ യുവജനങ്ങളെ നിരത്തിലിറക്കി അവരുടെ ഭാവി ജീവിതം തകർക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ശാപം തന്നെയാണ്. സമരത്തിനും ഹർത്താലത്തിനും പിറകെ പോകുന്ന സമയം അവർ ജോലി ചെയ്യാൻ വേണ്ടി രാഷ്ട്രീയം മാതൃക കാണിക്കുക. അല്ലാതെ പ്രതിസന്ധികൾ വരുമ്പോൾ പണമില്ലെന്ന് പറഞ്ഞു ലോകം മുഴുവൻ നടന്നു ഭിക്ഷയാചിക്കുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ടാകാനാണോ രാഷ്ട്രീയവും മതങ്ങളും ലക്ഷ്യമിടുന്നത്? കേരളവികസനത്തിനു സ്വന്തം ശക്തി ഉപയോഗിക്കട്ടെ. അനേകായിരം യുവജനങ്ങൾ കേരളത്തിൽ ഹർത്താലിനും തെരുവ് യുദ്ധത്തിനും വേണ്ടി വെറുതെ ജീവിതം പാഴാക്കുന്നു!. അവർക്കു വേണ്ടി പ്രവാസിമലയാളികൾ ഒരു തുള്ളി വിയർപ്പു പോലും പൊഴിക്കരുത്.

അടുത്തകാലത്തായിട്ട് അന്തർദ്ദേശീയ വ്യാപാരകമ്പോളത്തിൽ ചില ശക്തി രാജ്യങ്ങളുടെ യുദ്ധം പ്രകടമായി കാണാൻ തുടങ്ങി. ഈ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ തകരാറുകൾ ഉണ്ടാക്കുന്നത് മാത്രമല്ല, സാമ്പത്തിക തകർച്ചയും, വികസനസാദ്ധ്യതകളിൽ വിള്ളലുകൾക്ക് അത് കാരണമാകുകയും ചെയ്യും. ഉദാ: അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപാര യുദ്ധം മൂലം ലോകജനങ്ങൾക്ക് നേരിട്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ. ഉദാഹരണം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരക്കരാറുകളിൽ ഉണ്ടായ അതിശയകരമായ മാറ്റങ്ങളും, കയറ്റുമതിച്ചുങ്കം വർദ്ധന, നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് തുടങ്ങി അനേകം പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായി. അങ്ങനെ ആഗോളവത്ക്കരണത്തിൽ രാജ്യങ്ങൾ തമ്മിലുള്ള തെറ്റായ വ്യാഖ്യാനങ്ങൾ വഴി സമ്പത് ഘടനയെ മോശമായി ബാധിച്ചു. നിയന്ത്രണമില്ലാത്ത തരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനതകളുടെ രാജ്യാന്തര പ്രവാഹം ഇത്തരമുള്ള സാമ്പത്തിക പ്രതിസന്ധികൾ ആണ് കാരണമാക്കിയത്. ഇത് മൂലം രാജ്യങ്ങൾ തമ്മിൽ അകലം സ്വയം സൃഷ്ടിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. രാജ്യാന്തര കമ്പോളയുദ്ധം അതിരുവിട്ടു ശക്തിപ്രാപിക്കാനും കാരണമായി. 

ഇന്ത്യയുടെ സാമ്പത്തികനില അന്താരാഷ്ട്രതലത്തിൽ മുഖംകുത്തി വീണ നിലയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്ക്കാരങ്ങളും, ആഗോള രാജ്യങ്ങളുമായുള്ള നയതന്ത്രജ്ഞതയുടെ ഒരു കനത്ത പരാജയവും ഇന്ത്യയുടെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യവിലയിൽ ഇതിലേറെ താഴേയ്ക്ക് പതിക്കുവാനില്ല. അന്താരാഷ്‌ട്ര വ്യാപാരമേഖലയിൽ ഡോളറും ഇന്ത്യൻരൂപയും 1Dollar  = 84 Ruppee എന്ന അനുപാതത്തിലായപ്പോൾ ഇന്ത്യയുടെ സാമ്പത്തികവികസന തകർച്ചയുടെയും രൂപയുടെ മൂല്യത്തകർച്ചയെയും ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ നരേന്ദ്രമോദിയുടെ ധനവിനിമയ പരീക്ഷണമോ അഥവാ ധനവിനിമയ നശീകരണമോ എന്തായിരുന്നാലും, നോട്ടുനിരോധനം ഇന്ത്യൻ പൊതുവിപണികളെ തകർത്തു കളഞ്ഞു. ഇന്ത്യയിലെ സാധാരണ ജനങ്ങൾ അന്നുമുതൽ നോട്ടുനിരോധന പരീക്ഷണങ്ങൾ മൂലം ഉണ്ടായിട്ടുള്ള പുതിയ സാമ്പത്തികപതനത്തിത്തിന്റെ നരകയാതനകൾ ഇന്ന് ഏതുകാര്യത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ കാർഷികമേഖലയുടെ തകർച്ച മാത്രം ഒരു ഉദാഹരണമല്ലേ? ഇന്ത്യൻ കാർഷിക രംഗം രാജ്യമാകെ ആകെ തകർന്നുവീണതു പൊതു ചർച്ചാവിഷയമായി. ഇതിനുത്തരവാദികൾ പ്രകടമായി ആരെന്നു മനസ്സിലാക്കാൻ എവിടേയ്ക്കും പോകേണ്ടതില്ല. അത്, ഇന്ത്യഭരിക്കുന്ന ബി. ജെ. പി സർക്കാരിന്റെ വികലമായ സാമ്പത്തികനയം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥത ഇല്ലായ്മയുമാണിതിന് മുഖ്യ കാരണങ്ങൾ.  ഇതോടെ ആഗോളതലത്തിലുള്ള രാജ്യങ്ങളുടെ സ്വാതന്ത്രവിപണിക്ക് ഇന്ത്യൻ സാമ്പത്തിക വിപണിയിൽ ഉണ്ടായിരുന്നതായ വിശ്വാസം കുത്തനെ ഇടിഞ്ഞുപോയി.

ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള  രാഷ്ട്രീയ അഭയാർത്ഥികളുടെ  പ്രവാഹം രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥയിലെ തകർച്ചയുടെ അടയാളമാണ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മറ്റുചില രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെല്ലാം അത് തുറന്ന വെല്ലുവിളിയാണ്. അതിനു കാരണമായത് കഴിഞ്ഞ അനേകം വർഷങ്ങളായി മദ്ധ്യപൂർവ്വദേശ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം ആണ്. ഉദാ: സിറിയൻ യുദ്ധം. രാജ്യങ്ങളുടെ ആഗോളവത്ക്കരത്തിലൂടെ ഉണ്ടാക്കിയ പോസിറ്റിവ് എനർജിയെ അപ്പാടെ തകർക്കുന്ന പ്രവണതകൾക്ക് ഇത്തരം യുദ്ധങ്ങളും ശക്തിരാജ്യങ്ങളെല്ലാം നടത്തുന്നതായ മത്സരങ്ങളും ശക്തി കൂട്ടുന്നു. ഇന്ത്യയും അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഒക്കെയായി കാലങ്ങളായി അവസാനമില്ലാത്ത ശത്രുതാമനോഭാവം വച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന് ഭരിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഒരിക്കലും ചിന്തിക്കുന്നില്ല. മറ്റൊന്ന്, അമേരിക്കയിലേക്ക് നുഴഞ്ഞു കടക്കുവാൻ ശ്രമിക്കുന്ന മെക്സിക്കൻ ജനപ്രവാഹത്തിനും, അമേരിക്കയും ഇറാനും സൗദി അറേബ്യായും തമ്മിൽ വ്യാപാരക്കരാറുകളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിരിക്കയാണെങ്കിൽ അമേരിക്കയുടെ സ്വന്തം താല്പര്യസംരക്ഷണം ഏറ്റവും പ്രധാനമായി മുന്നിൽ നിൽക്കും. ഇത് ഒരു രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം ആക്കുകയും ചെയ്തു. ഓയിൽ, പെട്രോൾ കയറ്റുമതിയും, അതുപോലെതന്നെ രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങളുടെ ഉപയോഗത്തിനുള്ള ആധുനിക യന്ത്രോപകരണങ്ങളുടെയും കയറ്റുമതി ഇറക്കുമതികൾ ചില രാഷ്ട്രീയ ബന്ധങ്ങൾ തടയപ്പെട്ടതുമൂലമുണ്ടായ സാമ്പത്തികമേഖലയുടെ ഒരു പ്രധാന തകർച്ചയുടെ അപകടകരമായ ഫലം എന്തായിരിക്കുമെന്ന് മുന്നറിയിപ്പ് തരുന്നു. //-
------------------------------------------------------------------------------------
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Montag, 12. November 2018

ധ്രുവദീപ്തി: ജർമ്മൻ ഡയറി // പ്രവാസിമലയാളിയുടെ ശബ്ദം ശക്തവും അദ്ധ്വാനം അഭിനന്ദനാർഹവുമാണ്- // George Kuttikattu

ധ്രുവദീപ്തി: ജർമ്മൻ ഡയറി //


പ്രവാസിമലയാളിയുടെ 
ശബ് ദം ശക്തവും 
അദ്ധ്വാനം   
 അഭിനന്ദനാർഹവുമാണ്- 

George Kuttikattu


ഉപജീവവനമാർഗ്ഗം തേടി ഭാവിജീവിതം എളുപ്പമാക്കി തീർക്കുവാൻ മറ്റൊരു രാജ്യത്തെത്തിയ മലയാളിക്ക് ഏറ്റവും വലിയ പ്രശ്‍നം ഉണ്ടായത്, അവരുടെ തൊഴിൽ- മൈഗ്രേഷൻ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലെ വലിയ അനിശ്ചിതത്വമായിരുന്നു. മുൻകുറിപ്പുകളിൽ പലപ്പോഴും എഴുതിയിട്ടുള്ള  കാര്യങ്ങൾ ഇവിടെ വീണ്ടും വീണ്ടും ഞാൻ ആവർത്തിക്കുകയാണ്. ജർമ്മൻ മലയാളികളുടെ ജർമ്മനിയിലെ സ്ഥിരതാമസാനുവാദത്തിൽ, ഇടയ്ക്ക് വച്ച് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (ബോംബെ) യുടെ സ്വകാര്യ സ്വാർത്ഥതയുടെ ചില അവിഹിത ഇടപെടലുകൾ നടന്നത് മൂലം 1977 കളിൽ ജർമ്മനിയിൽ അതിഗൗരവവും ആശങ്കാജനകവുമായ ഭാവിദിനങ്ങളുടെ അനിശ്ചിതത്വത്തിന്റെ കടുത്ത വിള്ളലുകൾ ഉണ്ടാക്കി. പ. ജർമ്മനിയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനം ബാഡൻവ്യൂർട്ടംബർഗ്ഗിൽ അക്കാലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മലയാളികൾക്ക് അപ്രതീക്ഷിതമായി സംസ്ഥാന സർക്കാരിൽ നിന്നും ഒരറിയിപ്പ് ലഭിച്ചു. ആ അറിയിപ്പ് ഇപ്രകാരമായിരുന്നു. ആറുമാസങ്ങൾക്കകം ജർമ്മനിയിൽ നിന്നും സ്വന്തം മാതൃ രാജ്യത്തേയ്ക്ക് തിരിച്ചുപോകണം എന്നായിരുന്നു, ഉള്ളടക്കം. അതിനുണ്ടായ കാരണങ്ങൾ എന്താണെന്ന് ആർക്കും പൊടുന്നെനെ അറിയാൻ കഴിഞ്ഞില്ല. ഇതിനെതിരെ ജർമ്മൻജനതയും പ്രതിഷേധം ഉയർത്തി. ഇന്ത്യൻ സർക്കാർ തലത്തിലും, കേരള സർക്കാർ തലത്തിലും ആവശ്യമായ സഹായസഹകരണങ്ങൾ അന്ന് ലഭിച്ചു. കേരളത്തിൽ അക്കാലത്തു തൊഴിൽ മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുമായി ഞാൻ നടത്തിയ ചില ചർച്ചകൾക്ക് ശേഷം മലയാളികൾക്ക് അനുകൂല നിലപാടുകൾ ജർമൻ സർക്കാർ കൈക്കൊണ്ടു. ജർമ്മനിയിലെ മലയാളികൾക്ക് ഒരു ശോഭനമായ ഭാവിതുടർ ജീവിതത്തിനു കാരണമാക്കി.

എന്നാൽ 1978- കാലഘട്ടമായപ്പോൾ മലയാളികളെ പശ്ചിമ ജർമ്മൻ സർക്കാർ തിരിച്ചയക്കുകയില്ലെന്നുള്ള ഉറപ്പു ലഭിച്ചിരുന്നുവെങ്കിലും, മറ്റുതരത്തിൽ നിയമത്തിന്റെ ഘടകങ്ങൾ ഒരു ദീർഘകാല താമസത്തിനുള്ള അനുവാദം നൽകാതെ, നിരീക്ഷണത്തിൽ ആറുമാസമോ, ഒരു വർഷമോ എന്നുള്ള ഒരു കാലയളവിൽ പുതിയ വിസാ പുതുക്കി നൽകിത്തുടങ്ങിയതാണ് മറ്റൊരു പ്രശ്നം. ഇത്തരമുള്ള ഒരു അനിശ്ചിതത്വം മലയാളികളുടെ ഭാവിജീവിതത്തിൽ ജീവിത പദ്ധതികൾ രൂപപ്പെടുത്തുന്നതിന് പല പ്രതിബന്ധങ്ങളും ഉണ്ടാക്കി. ജർമ്മനിയിൽ ജോലി ചെയ്യുന്നവർ, കേരളത്തിൽ പോയി വിവാഹിതരായി, നഴ്‌സുമാരുടെയെല്ലാം ഭർത്താക്കന്മാർക്കും ജർമ്മൻ തൊഴിൽ അനുവാദം ലഭിക്കുവാൻ കുറഞ്ഞത് മൂന്നു മുതൽ നാലു വർഷങ്ങൾവരെ പ്രതീക്ഷയിൽ അന്ന് കാത്തിരിക്കണമായിരുന്നു. അതുവരെ ഔദ്യോഗികമായിട്ട് ഏതൊരു ജോലികളും ചെയ്യുന്നത് നിയമം വിലക്കിയിരുന്നു.അന്ന് മലയാളികൾ ഏറെ പേരും അന്നത്തെ ജോലി നിരോധനനിയമത്തെ മറന്നു, അവർക്ക് ലഭിച്ച ചില താൽക്കാലിക ജോലികൾ സ്വകാര്യ സ്ഥാനങ്ങളിൽ പോയി ചെയ്തു. ഇത്തരം കാര്യങ്ങൾ നമുക്ക് അപ്പാടെ ഒരിക്കലും ഒളിച്ചുവയ്ക്കാനാകാത്തതായ ചില യാഥാർത്ഥ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, Schwarz Arbeit എന്ന് ജർമ്മൻ ഭാഷയിൽ പറയും. ഒട്ടും നിയമാനുസരണമല്ലാത്ത ജോലി!. അങ്ങനെ ചെയ്യുന്ന ജോലിക്ക് തൊഴിൽനികുതിയടയ്ക്കുന്നില്ല, എന്നാൽ തൊഴിൽദാതാവിനും അതൊരു ലാഭകരമായ കാര്യം! ഇത്തരം പ്രായോഗിക ജീവിതത്തിലെ വിഷമങ്ങളേറെ ഉണ്ടായത് ബാഡൻവ്യൂർട്ടംബർഗ്ഗ് സംസ്ഥാനത്തായിരുന്നു. വളരെയധികം മലയാളികൾ അക്കാലത്തു ജർമ്മനിയിൽ താവളമടിച്ചിരുന്ന അമേരിക്കൻ സൈനികരുടെ താവള സ്ഥാപനങ്ങളിൽ തൊഴിൽ നേടിയിരുന്നു.

റവ. ഫാ. ലുഡ്‌വിഗ് ബോപ്പ് രാജ്ഘട്ടിൽ
മഹാത്മാഗാന്ധി സമാധി സ്മാരകം   
 സന്ദർശിക്കുന്നു     

1978- കൾ ആയതോടെ ആ നിയമത്തിൽ ചില ഭാവി അയവുകൾക്ക് വേണ്ടി പുതിയ നിർദ്ദേശങ്ങൾ ജർമ്മൻ സർക്കാരിലേക്ക് നൽകുവാൻ ചില ജർമ്മൻ പാർലമെന്റ് അംഗങ്ങൾ ഇടപെട്ട് നിയമ  വ്യക്തത വരുത്തി. ഇക്കാര്യത്തിൽ ഉചിതവും  നിയമപരവു മായ മാറ്റങ്ങൾ അതി വേഗം  ഉണ്ടാകുവാൻ എന്റെ നല്ല സുഹൃത്തും ഹൈഡൽ ബെർഗ്ഗിലെ കത്തോലിക്കാ ഇടവകയു ടെ (ബോണിഫാസിയുസ് പള്ളി)  വികാരി റവ. ഫാ. ലുഡ്‌വിഗ്‌ ബോപ്പ് നമുക്കു വേണ്ടി വിവിധ രാഷ്ട്രീയ നേതാക്കളുടെ സഹായം തേടി. പ്രശ്നത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചുവെങ്കിലും ഒരു ദീർഘകാല വിസായുടെ കാര്യത്തിലും ജോലിക്കുള്ള നിയമ അനുവാദത്തിനും ഏതാണ്ട് 1980- കൾ വരെ മലയാളികൾ കാത്തിരിക്കേണ്ടിവന്നു. എങ്കിലും ചില  കാര്യങ്ങളിൽ മലയാളികൾക്ക് എന്നേയ്ക്കും ആശ്വസിക്കത്തക്കവിധം അനിശ്ചിതകാല തൊഴിൽ നിയമ അനുവാദവും, അതുപോലെ നിശ്ചിത കാലയളവിൽ മാത്രം നൽകിയിരുന്ന തൊഴിലിനും താമസത്തിനും പരിധിയില്ലാത്ത കാലം കണക്കാക്കി പഴയ മൈഗ്രേഷൻ നിയമം സർക്കാർ പിന്നീട് പരിഷ്‌ക്കരിച്ചു.

 മുൻ സീറോ മലബാർ സഭാദ്ധ്യക്ഷൻ 
കർദ്ദിനാൾ 
മാർ വർക്കി വിതയത്തിൽ + എറണാകുളത്ത്    
റവ. ഫാ.ലുഡ്വിഗ് ബോപ്പിനെ സ്വീകരിക്കുന്നു.
സമീപത്ത്- ഫാ. തോമസ് പുത്തൻപുരയ്ക്കൽ +, 
ജോർജ് കുറ്റിക്കാട്.
ക്ലേശകരവും ഒരു സഹന ജീവിതപരീക്ഷണത്തിലെ തുടക്കത്തിലേയ്ക്കും കടക്കുന്ന ആദ്യത്തെ പടിയായി തന്നെയാണ് തൊഴിലിൽ  കടന്നെത്തിയത്. അതു പക്ഷേ, അതിനെ ഗൗരവമായവിധം കാണാനുള്ള വ്യക്തിഗത ഉൾക്കാഴ്ച ഒന്നും ഉണ്ടായിരുന്നില്ല. തനത് ആത്മാർത്ഥതയോ, ഒരു ദീർഘവീക്ഷണമോ, അക്കാലത്ത് സൃഷ്ടിച്ചിരുന്ന ചില മലയാളിസംഘടന പ്രവർത്തകർക്ക് ഒട്ടും ഇല്ലായിരുന്നു. കാരണം സംഘടനയുടെ രൂപീകരണവും അവയുടെ ഭാവി നിലനിൽപ്പും തന്നെ ഏറെക്കുറെ ചിലരുടെ വ്യക്തിതാല്പര്യത്തെയും, ഓരോ സ്വകാര്യ സൗഹൃദ ബന്ധങ്ങളെയും ആശ്രയിച്ചായിരുന്നു. അപ്രകാരം അന്ന് സ്വരൂപിപിച്ച ഒരോ സംഘടനാ സംവിധാനം ഉണ്ടായതുകൊണ്ട് ഒരു നിശ്ചിത സ്ഥലത്തുതന്നെ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ നിന്ന് പിളർന്നു വേറെ രണ്ടോ മൂന്നോ സംഘടനകൾ വേറെ ചിലർക്ക് വേണ്ടി പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുണ്ട്. മറുനാടുകളിൽ 'മലയാളി സമാജങ്ങൾ' എന്ന വിളിപ്പേരിൽ വിവിധ സംഘടനപ്രസ്ഥാനങ്ങൾകൊണ്ട് സാമൂഹിക- സാംസ്കാരികരംഗത്ത് ഒരിക്കലും മാതൃകാപരമായ ചലനങ്ങൾ സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഇങ്ങനെയുള്ള സമാജങ്ങൾ ഉണ്ടാക്കുന്നു. ജർമ്മനിയിൽ മലയാളികൾ കുറേപ്പേർ മാത്രം താമസിക്കുന്ന നഗര- ഗ്രാമ പ്രദേശങ്ങളിലും സമാജങ്ങൾ എന്ന പേരിൽ ഓരോരോ സൗഹൃദ കൂട്ടായ്മകൾ സൃഷ്ടിച്ചു. ജർമ്മനിയിലെ മലയാളികൾക്ക് അവശ്യം ലഭിക്കാനുള്ള ഓരോ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള നൂതനവിഷയങ്ങളോ, അതുപോലെയുള്ള മറ്റിതരകാര്യങ്ങളോ മലയാളിസമൂഹത്തിലേയ്ക് അറിയിക്കുന്നതിനുപോലും അവരുടെ സംഘടനാ തലത്തിൽ ഒരു പ്രത്യേക സംവിധാനം പോലും അന്നും ഇന്നും നിലവിലില്ല.   

ജർമ്മനിയിലെ മലയാളിജീവിതത്തിന്റെ ആത്മാവ്-


അക്കാലത്ത്  പ്രായോഗികമായിട്ട്  ജർമ്മനിയിലെ മലയാളികൾക്ക്  പുതിയ കാര്യങ്ങളിലുള്ള വിവിധ  അറിയിപ്പുകൾ നൽകാനുള്ള സൗകര്യം ലഭിച്ചത്, ജർമ്മനിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന  'കവിത, 'വാർത്ത' എന്നീ മലയാളം മാദ്ധ്യമങ്ങൾക്ക് ആയിരുന്നു. 1970- കളിൽ "കവിത" യും, 1982- ൽ "വാർത്ത" മാദ്ധ്യമവും പ്രവർത്തനമാരംഭിച്ചു. ഇന്ത്യാക്കാരിൽ പുതിയ ആശയങ്ങളും അറിവുകളും ഉണ്ടാകുന്നതിനുവേണ്ടി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി സൗത്താഫ്രിക്കയിലെ ഇന്ത്യാക്കാർക്ക് വേണ്ടി "ഇന്ത്യൻ ഒപ്പീനിയൻ" എന്ന പേരിൽ ഒരു വാർത്താ മാദ്ധ്യമം സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചു. അങ്ങനെയൊരു പരീക്ഷണം നടത്തിയത് തന്നെ, ഏതൊരു സംഘടനയുടെ പ്രവർത്തനത്തേക്കാളേറെ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുമെന്ന് ഗാന്ധിജിക്ക് അക്കാലത്തു വളരെ നന്നായി ബോധ്യപ്പെട്ടതുകൊണ്ടാണ്. ആ മഹാ ശ്രമം  വലിയ വിജയമായിരുന്നു. എന്നാൽ ജർമ്മനിയിലെ മലയാളികൾ ക്കുവേണ്ടി 1970 കളിൽ ആരംഭിച്ച "കവിത" യുടെയും, 1982- ൽ തുടങ്ങിയ "വാർത്ത"യു ടെയും പേരുകൊണ്ടുതന്നെ അതിന്റെ നടത്തിപ്പിന് യഥാർത്ഥ കാരണക്കാർ ആരാണെന്നും ലക്ഷ്യമെന്താണെന്നും ജർമ്മനിയിലെ എല്ലാ ഇന്ത്യാക്കാർക്കും ജർമ്മൻകാർക്കും അറിയാമായിരുന്നു. ജർമ്മനിയിലെ മലയാളികളായ ശ്രീ. ജോർജ് കട്ടിക്കാരനും, ഡോ. മാത്യു മണ്ഡപത്തിലും ആയിരുന്നു പ്രസാധകന്മാർ. ആ പ്രസിദ്ധീകരണങ്ങൾ അന്ന് ജർമ്മനിയിൽ തുടങ്ങിയിരുന്നില്ലെങ്കിലും ഒരു പക്ഷെ അത്ര സാരമില്ലായിരുന്നു. പക്ഷെ ഒരിക്കൽ തുടങ്ങിയിട്ട് നിലനില്പില്ലാതെ പെട്ടെന്ന് നിറുത്തുന്നത് മലയാളി സമുദായത്തിന് ഒരു വലിയ നഷ്ടമായിത്തീർന്നു. നിയന്ത്രിക്കാനാവാത്തതരം ജലപ്രളയം വിളകൾ നശിപ്പിക്കുന്നതുപോലെ തന്നെ ചില  സാഹചര്യങ്ങൾ തൂലിക നാശമാണ് അന്ന് ഉണ്ടാക്കിയത്. കൂടെക്കൂടെ പ്രസിദ്ധീകരിച്ചിരുന്ന അതിന്റെ പംക്തികൾ ആകട്ടെ ജർമ്മൻ മലയാളികളുടെ ജീവിതത്തിന്റെ ആത്മാവിനെ അത് ഒഴുക്കിക്കൊണ്ടിരുന്നു. അവ  പിന്നീട് നിർത്തലാക്കിയത് വരെ അവയുടെ ഓരോ  ലക്കവും നൽകിയ പ്രസിദ്ധമായ മുഖക്കുറിപ്പുകൾ സസൂക്ഷ്‌മം ചിന്തിക്കാതെയോ ഏതു കാര്യങ്ങളിലും അതിൽ മനഃപൂർവ്വം അതിശയോക്തി കലർത്തിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താൻവേണ്ടി മാത്രമായോ ഒറ്റവാക്കുപോലും അതിൽ പ്രയോഗിച്ചതായ പ്രത്യേക അനുഭവം എനിക്കോർമ്മിക്കാൻ കഴിഞ്ഞില്ല. ഒരു വിമർശകന് ആക്ഷേപാർഹമായി വല്ലതും കാണാൻ ഞെരുക്കമായിരുന്നു. വാസ്തവത്തിൽ ആ മാദ്ധ്യമങ്ങളുടെ സ്വരം വിമർശകനെ തന്റെതന്നെ പേനയുടെമേൽ നിയന്ത്രണം വെക്കാൻ നിർബന്ധിക്കുകയാണുണ്ടായത്. ജർമ്മനിയിലെ മലയാളികളുടെ വിഷമ സന്ധികളിൽ തീർച്ചയായും "കവിത", "വാർത്ത" പോലെയുള്ള മാദ്ധ്യമങ്ങളെ കൂടാതെ മറ്റൊരു ആശയ വിനിമയം ഏറെക്കുറെയന്ന് അസാദ്ധ്യമായിരുന്നു. ജർമ്മനിയിലെ ഇന്ത്യാക്കാരുടെ യഥാർത്ഥ സ്ഥിതിയുടെ സത്യസന്ധമായ വിവരം കിട്ടാൻ വായനക്കാർ അതിന്റെ നേർക്കാണ് പ്രതീക്ഷയോടെ അന്ന് നോക്കിയിരുന്നത്. ഒരു പത്രപ്രവർത്തനത്തിന്റെ ഏകലക്ഷ്യം സേവനം ആണെന്ന് നമുക്ക് ആ മാദ്ധ്യമങ്ങൾ മനസ്സിലാക്കിത്തന്നു. പക്ഷെ ഏതുതരം ചിന്താഗതിയും ശരിയാണെങ്കിൽ ഇങ്ങനെയുള്ള സേവനം മൂലം ഏതൊക്കെ പ്രസിദ്ധീകരണങ്ങൾ അകത്തുനിന്നും പുറത്തുനിന്നുമുള്ള പരീക്ഷകളിൽ എത്രമാത്രം വിജയിക്കും? അതിൽ നിന്നും നാം ഒരു വ്യക്തമായ ശരി ഉത്തരം തിരഞ്ഞെടുക്കേണ്ടി വരും. 

പ്രവാസി മലയാളിക്ക് എവിടെ സുരക്ഷിതത്വം?

1990- 91- ൽ  മലയാളികൾക്ക് അവരുടെ ജോലി- താമസകാര്യങ്ങളിന്മേൽ ആവശ്യമായ നിയമങ്ങളിൽ ജർമ്മൻ സർക്കാർ പുതിയ പരിഷ്ക്കാരങ്ങൾ ഉണ്ടാക്കി. ജർമ്മനിയിൽ അക്കാലത്തു തുടർച്ചയായിട്ട് എട്ടു വർഷങ്ങൾ താമസിച്ചിട്ടുള്ള മലയാളിക്ക് ജർമ്മൻ പൗരത്വം ലഭിക്കുവാൻ അവകാശമുള്ള നിയമ നിർമ്മാണവും ഉണ്ടായി. ജർമ്മനിയിലെ മലയാളികൾക്കെല്ലാം ആ പരിഷ്‌ക്കാരം മൂലം അവരുടെ ഭാവി ജീവിതത്തിന് പുതിയൊരു ലക്ഷ്യവും വഴിത്തിരിവുമാണുണ്ടാക്കിയത്. ഭാവികാര്യ അനിശ്ചിതത്വം ആദ്യം മുതലേ മലയാളികളെ ഭയപ്പെടുത്തിയിരുന്നു. ജർമ്മനിയിൽ ഇനിയും നാമെല്ലാം ഒരു ഭാഗ്യപരീക്ഷണം നടത്താൻ ശ്രമിച്ചാൽ ഭാവി തകരും എന്ന ചിന്തയിൽ അന്ന് വളരെയേറെ ജർമ്മൻ മലയാളികൾ അമേരിക്കാ, ഓസ്‌ട്രേലിയ, ഇന്ഗ്ലണ്ട്, ഓസ്ട്രിയ, അയർലൻഡ്,  സിറ്റിസർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി സ്വീകരിച്ചു ജർമ്മനി വിട്ടുപോയി. ഇതേപ്പറ്റി മുൻപ് ഞാൻ ജർമ്മൻ ഡയറിയിൽ കുറിച്ചിരുന്നു.

പുതിയ നിയമപരിഷ്ക്കരണത്തെക്കുറിച്ചു യാതൊരു പുതിയ അറിവുകളും കൂടുതലായി ലഭിക്കാതിരുന്ന ജർമ്മനിയിലെ വിദേശികൾ അമ്പരപ്പിക്കുന്ന നിസ്സാഹായതയാണ് പ്രകടിപ്പിച്ചത് എന്ന് ഞാൻ ഓർമ്മിക്കുന്നു. അതുപക്ഷേ വിദേശികളുടെ കാര്യത്തിൽ വേണ്ട നടപടിക്രമങ്ങൾ ചെയ്തുകൊടുക്കുന്ന സർക്കാർ ഓഫീസുകൾക്കും വേണ്ടത്ര അറിയിപ്പുകൾ സർക്കാരിൽനിന്നും ലഭിച്ചിരുന്നുമില്ല എന്നായിരുന്നു അവരുടെയും വിശദീകരണം. അതിനാൽ ആ പുതിയ നിയമപരിഷകരണത്തെപ്പറ്റി ആവശ്യക്കാർക്ക് പൂർണ്ണമായ അറിയിപ്പുകൾ നൽകാനോ കഴിഞ്ഞില്ല. മ്യുൻസ്റ്റർ രൂപതയുടെ ഹോപ്സ്റ്റൺ നഗരത്തിൽ പ്രവർത്തിക്കുന്ന BILDUNG CENTER ൽ നിന്ന് പ്രസിദ്ധീകരിക്കുന്ന "വാർത്ത" മാദ്ധ്യമം വായനക്കാരുടെ നിരന്തരമുള്ള ആവശ്യപ്രകാരം ഉടൻ സഹായത്തിനെത്തി. 1991- ൽ പ്രസിദ്ധീകരിച്ച 'വാർത്ത' യുടെ പതിപ്പിൽ വിദേശികളുടെ ജർമ്മൻപൗരത്വത്തിനുള്ള നിയമപരിഷ്ക്കരണം നൽകിയ പുതിയ നിബന്ധനകൾ എല്ലാം തന്നെ ഓരോന്നായി വിശദീകരിച്ചു പ്രസിദ്ധപ്പെടുത്തി. ഈ വിശദീകരണം മലയാളികൾക്കും   വളരെയേറെ ഉപകാരപ്രദമായ അറിയിപ്പുകളായിരുന്നു. മലയാളികൾ എല്ലാവരും തന്നെ ഇപ്പോൾ ജർമ്മൻ പൗരത്വം ലഭിച്ചിരിക്കുന്നരാണ്. അവർക്കെല്ലാം പ്രവാസി ഇന്ത്യക്കാരനാണെന്ന പദവി (Overseas Citizen of India, OCI) ഇന്ത്യൻ നിയമപ്രകാരം ലഭിച്ചിട്ടുള്ളവരുമാണ്‌.  അതുപക്ഷേ, ഈ പദവി കടലാസിൽ ഉണ്ടെങ്കിലും ജന്മനാടിന്റെ അവകാശങ്ങൾ പലതും നഷ്ടപ്പെട്ടു. "ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ" എന്ന പദവിയുണ്ട്, പക്ഷെ ഇന്ത്യയിൽ വോട്ടു ചെയ്യാനുള്ള ഒരു അവകാശവും ഇല്ല. ജീവിക്കാൻവേണ്ടി ജോലിതേടി മറുനാട്ടിലെത്തിയവർ ജന്മനാടിന്റെയും സ്വന്ത ജനങ്ങളുടെയും ആവശ്യങ്ങളിൽ അനേകമനേകം സംഭാവനകൾ നൽകി സഹായിച്ചു എന്ന "തെറ്റു" കാരണം, അവനു ജന്മനാടു തന്നെ "അന്യൻ" എന്ന പദവി, "പ്രവാസി ഇന്ത്യാക്കാരൻ" എന്ന ഒരു ദുഷ്പ്പേര് കൂടി നൽകി അവരെ അപമാനിച്ചു. പല രാജ്യങ്ങളും ഇരട്ട പൗരത്വം നൽകി അതാത് രാജ്യങ്ങളുടെ സ്വന്തം പൗരന്മാരുടെ എല്ലാവിധ  മൗലീക  അവകാശങ്ങളെയും അംഗീകരിക്കുന്നു, സംരക്ഷിക്കുന്നു. അതേസമയം, ഓരോ പ്രവാസി ഇന്ത്യാക്കാരന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾക്കുള്ള  നികുതി മുറ തെറ്റാതെ സർക്കാരിനു നൽകുകയും  ചെയ്യുന്നുണ്ട്.  പക്ഷേ,  ആ  പ്രവാസിയുടെ സ്വന്തം വീടിനോ അവന്റെ തനത്  അവകാശപ്പെട്ട ആസ്തികൾക്കോ അവരുടെ അഭാവത്തിൽ ഇന്ത്യൻ സർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റേയോ യാതൊരു വിധത്തിലും ലഭിക്കാവുന്ന  സംരക്ഷണവും നിയമപരമായി ലഭിക്കുന്നുമില്ല.  അനേകം  പ്രവാസി മലയാളികൾ അവരുടെ സ്വത്തുസംരക്ഷണകാര്യത്തിൽ നടക്കുന്ന ഓരോ  കേസുകളുമായി കോടതി കയറിയിറങ്ങുന്നുവെന്ന വാർത്തകൾ അറിയാം.

ജർമ്മൻ ഭാഷാ പഠനം 

ജർമ്മനിയിലെത്തിയ ഒരു മലയാളിക്ക് ജർമ്മനിയിൽ ജോലിയോ പഠനമോ നടത്തണമെങ്കിൽ ജർമ്മൻ ഭാഷാജ്ഞാനം കുറെയെങ്കിലും വേണമായിരുന്നു. വിദേശികൾക്ക് ജർമ്മൻ ഭാഷാപഠനത്തിന് സൗകര്യമൊരുക്കുന്ന പൊതു വിദ്യാഭ്യാസ സ്കൂളുകൾ മിക്കവാറും എല്ലാ നഗരങ്ങളിലും പ്രവർത്തിച്ചിരുന്നു. അതുപോലെ തന്നെ ജർമ്മൻ സവ്വകലാശാലകളിൽ ഭാഷാപഠനത്തിനുള്ള സൗകര്യങ്ങളും നൽകിയിരുന്നു. മലയാളികൾ ഏറെപ്പേരും ജർമ്മൻ ഭാഷാ പഠനത്തിന് അങ്ങനെയുള്ള സ്ഥാപനങ്ങളിൽ പോയി ഭാഷാപഠനം നടത്തി. ജർമ്മനിയിൽ ഇംഗ്‌ളീഷ് ഭാഷാജ്ഞാനം ജോലി- പഠന ആവശ്യങ്ങളിലാകട്ടെ പ്രയോജനപ്പെടുകയില്ലായിരുന്നു. എന്നാൽ ഇക്കാലത്തു ഇൻഗ്ലീഷ് ഭാഷ എല്ലാ സ്കൂളുകളിലും സർവ്വകലാശാലകളിലും ഒരു പഠന ഭാഷയിൽപ്പെടുന്നു. ഇന്ന് സർവ്വകലാശാലകളിലെ ഉപരിപഠനം പോലും ഈ ഭാഷയിൽ സാധിക്കുന്നു. 1949- ൽ എഴുതപ്പെട്ടിരുന്ന ജർമ്മൻഭരണഘടനനിയമപ്രകാരം ജർമ്മനിയിൽ എല്ലാ പൗരനും വിദ്യാഭ്യാസം സൗജന്യമാക്കിത്തീർത്തു. ഈ ആനുകൂല്യം ജർമ്മനിയിൽ ജീവിക്കുന്ന എല്ലാവരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു. ജർമ്മനിയിൽ വന്നുചേർന്ന എനിക്ക് ജർമ്മൻ ഭാഷ തികച്ചും അപരിചിതം തന്നെയായിരുന്നു. ഒരു ഭാഷാ ഇൻസ്റ്റിട്യൂട്ടിലും, പിന്നീട് ഹൈഡൽബെർഗ് സർവകലാശാല നൽകിയിരുന്ന ഭാഷ കോഴ്‌സുകളിലും ഞാൻ ജർമ്മൻ ഭാഷയിൽ സാമാന്യ പരിചയം നേടി.

ജർമ്മനിയുടെ പുനർനിർമ്മാണത്തിൽ..  

ജർമ്മൻ ജനത രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിനുശേഷം അവരുടെ യുദ്ധകാല ദുരന്തങ്ങളിൽനിന്നും അനുഭവിച്ച അനുഭവപാഠം പഠിച്ചവരാണ്. അതിനാൽ ജർമ്മനിയുടെ പുനർനിർമ്മാണപ്രക്രിയയിൽ സഹായത്തിനു എത്തിയിരുന്ന വിദേശികളോട് വിദ്വേഷഭാവത്തിൽ പെരുമാറിയിരുന്നില്ല. അതുപക്ഷേ തലമുറകൾ മാറിവന്നതനുസരിച്ചു പലസ്ഥലങ്ങളിലും അവർ അവരിൽ സൂക്ഷിച്ചിരുന്ന വിദേശീവിരോധം അവിടവിടെ ഉയർന്നുവന്നു. 1989 മുതൽ യുദ്ധകാലത്ത് വിഭജിക്കപ്പെട്ടുപോയ ഇരുജർമ്മനികളും വീണ്ടും ഒന്നായിചേർന്ന് ജർമ്മനിക്ക് പഴയ രൂപം വീണ്ടും ലഭിച്ചു. പശ്ചിമജർമ്മനി പൂർവ്വ ജർമ്മനിയുമായി ചേർന്നതോടെ പൂർവ്വജർമ്മൻ ഭാഗത്തുള്ള ജർമ്മൻ പൗരന്മാരിൽ ഉറച്ചു നിന്നിരുന്ന ചില അവനവനിസ ചിന്താഗതിയിൽ പല തരത്തിൽ പശ്ചിമ ജർമ്മനിയുടെ പുനർനിർമ്മാണത്തിൽ സഹായിക്കുവാൻ മുൻകാലങ്ങളിൽ എത്തിയ വിദേശികളോട് മാനസികമായി വലിയ  അകലം തുടങ്ങി. ഈ അടുത്തകാലത്തായിട്ട് ജർമ്മനിയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ജർമ്മൻകാരുടെ ഇടയിൽ വിദേശീയരോടുള്ള വെറുപ്പ് കുറെ വർദ്ധിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്.

കൂടുതലായും പൂർവ്വ ജർമ്മൻ ഭാഗത്തേയ്ക്ക് മാറിത്താമസിച്ച വിദേശികളായ തൊഴിലാളി കുടുംബങ്ങൾക്ക് വിദേശിവിരോധത്തിന്റെ പുതിയ അനുഭവം നേരിടേണ്ടി വന്നു. എന്നാൽ പഴയ പൂർവ്വ ജർമ്മൻ പ്രദേശങ്ങളിലേക്ക് അന്ന് താരതന്മ്യേന ഏറെ കുറച്ചു ആളുകൾ മാത്രമാണ് മാറിയത്. ഇതേപ്പറ്റി തന്നെ അക്കാലത്തു ഒരു പൊതുചർച്ചാവിഷയം പോലും  ആയിരുന്നുവെന്നതേറെ ശ്രദ്ധാർഹമായിരുന്നു. ഇക്കാലത്തു വിദേശികളോടുള്ള വെറുപ്പും ഭയവും ജർമ്മൻകാരിൽ വർദ്ധിച്ചു വരുന്നതിന് തെളിവാണ്, പൂർവ്വജർമ്മൻ നഗരമായ സാക്സണിൽ ആരംഭിച്ച "പെഗിഡ" പ്രസ്ഥാനം, മാത്രമല്ല, ജർമ്മനിയൊട്ടാകെ പ്രചാരത്തിൽ വന്ന AFD തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും ഉത്ഭവവും, അപ്രകാരം തന്നെയാണ്. ആദ്യകാലങ്ങളിൽ വിദേശീവിരോധത്തിലുദിച്ച പ്രതിഷേധ വികാരത്തിൽനിന്നും ഉദിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് A. F. D, (ഓൾട്ടർനേറ്റിവ് ഫോർ ജർമ്മനി). ജർമ്മനിയിൽ  വിദേശീവിരോധം ഒന്നാം ലോകമഹായുദ്ധം മുതൽ ഉണ്ടായിരുന്ന ദേശീയ പ്രശ്നം ആയിരുന്നു. വിദേശീ വിരോധത്തിന്റെ ഉത്ഭവത്തിന്റെ അടിസ്ഥാനമായ കാര്യങ്ങളെപ്പറ്റി ഒരു  ആദ്യ വിശദീകരണം ജർമ്മനിയുടെ തൊഴിൽ മന്ത്രാലയം നൽകിയത് 1991 ഫെബ്രുവരി 22- നു നൽകിയ റിപ്പോർട്ടിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ വിദേശികളുടെ  കൂട്ടമായ വലിയ അഭയാർത്ഥി പ്രവാഹം മൂലം ജർമ്മനിയുടെ സമാധാന അന്തരീക്ഷത്തിൽ കാർമേഘം വ്യാപകമായിട്ട്  ഉരുണ്ടുകൂടിയിരിക്കുന്നു. ഇക്കാലത്തു ജർമ്മൻ സമൂഹത്തിൽ ഉണ്ടായിരുന്ന വിദേശീ വിരോധം വളർത്തുവാൻ കൂടുതൽ ഇടയാക്കിയിട്ടുള്ള വിവിധ കാര്യങ്ങൾ രാഷ്ട്രീയപരമാണ്. എങ്കിലും ജർമ്മനിയിലെ മലയാളികൾ ജർമ്മൻ ജനതയിൽ തുടക്കത്തിലേ തന്നെ ഉണ്ടാക്കിയ നല്ല പ്രതിശ്ചായയ്ക്ക് ഇന്നും മങ്ങലേൽപ്പിച്ചില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ജർമ്മനിയിലെ മലയാളികൾ ജർമ്മൻ ജനതയ്ക്ക് എന്നും ഇന്നും പ്രിയപ്പെട്ടവർ തന്നെയാണ്. അതുപക്ഷേ, മറുനാട്ടിലും മലയാളികളുടെ സ്വന്തം ലോകത്തിൽ, അവർ എവിടെയാണെങ്കിലും, അവരുടേതായ തനിമസ്വഭാവം എപ്പോഴും തുറന്നു കാണിക്കുന്നവരുമാണ് എന്ന് ഇവിടെ കുറിക്കാതിരിക്കുന്നതും മന:പൂർവ്വം യാഥാർത്ഥ്യത്തോടുള്ള മുഖം തിരിച്ച മനോഭാവമായിരിക്കും എന്ന് ഞാൻ ഉറച്ചു കരുതുന്നു. വളരെ കുറഞ്ഞ തോതിലുള്ള കുറ്റകൃത്യങ്ങളിൽ ചെന്നു പതിക്കുന്ന ചില മലയാളികളും ഏതൊരു സമൂഹത്തിലുമുള്ളതുപോലെ തന്നെ ജർമ്മനിയിലും അക്കൂട്ടർ ഉണ്ടായിരുന്നു. അവരിൽ എക്കാലവും കാണപ്പെടുന്ന സങ്കുചിതത്വവും സ്വാർത്ഥതാമനോഭാവവും നീക്കുന്നതിൽ ഒരിക്കലും ഒരു വീണ്ടുവിചാരം ഉണ്ടായതായി പറയാനാവില്ല. 

ഹോപ്സ്റ്റണിലെ "ബർണാഡ് ഓട്ടേ ഹൌസ്"

1980- കൾ  മുതൽ ജർമ്മനിയിലെ മലയാളികളിൽ ഭാവി ജീവിതകാര്യങ്ങളിൽ ഏതാണ്ട് മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകുമെന്ന ആത്മധൈര്യം ഉണ്ടായി.  മുൻ ജർമ്മൻ പ്രസിഡന്റ്  Richard Von Weizäcker ഇന്ത്യയും ജർമ്മനിയുമായുള്ള പരസ്പരമുള്ള സൗഹൃദബന്ധം കൂടുതൽ ഉണ്ടാകണം എന്ന അഭിപ്രായം തന്റെ ഇന്ത്യൻ സന്ദർശനവേളയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു Dr. മാത്യു മണ്ഡപത്തിൽ എന്ന് ഞാൻ മുൻകുറിപ്പിൽ എഴുതിയിരുന്നു. വിദേശികളുടെ റഫറൻറ് എന്നനിലയിൽ വിദേശികളുടെ വിവിധ കാര്യങ്ങളിൽ ബർണാഡ് ഒട്ടേ ഹൌസിൽ ഓരോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ജനപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ, ആ രാജ്യങ്ങളുടെ വികസനങ്ങളെ  എപ്രകാരം വിഷമകരമാക്കുമെന്നുള്ള ചോദ്യങ്ങൾക്ക് പരിഹാര നിർദ്ദേശം, നൽകുന്നതിനുള്ള കാര്യങ്ങളിൽ ജർമ്മൻ സർക്കാർ തലത്തിൽ നടത്തപ്പെട്ട പോഡിയം ചർച്ചകളിൽ സജ്ജീവമായി അദ്ദേഹത്തിന്റെ പങ്കുണ്ടായത് മലയാളിക്ക് ജർമ്മനിയിൽ ലഭിച്ച വലിയ അംഗീകാരം തന്നെയാണ്.

ഹോപ്സ്റ്റണിലെ കേരളമേളയുടെ ഒരു രംഗം. 
Dr. മാത്യു മണ്ഡപത്തിൽ (രണ്ടാം നിരയിൽ രണ്ടാമത്).
ജർമ്മൻ മലയാളി സമൂഹ ത്തിനു വേണ്ടി 1982- ൽ ഹോപ്സ്റ്റണിലെ BILDUNG CENTRUM-ൽ നിന്ന്, Dr. മാത്യു മണ്ഡപത്തിലി ന്റെ ചുമതലയിൽ പ്രവർ ത്തനമാരംഭിച്ച "വാർത്ത" മാദ്ധ്യമം ഒരു ബഹുഭാഷാ സംവിധാനത്തിൽ ആണ് തുടങ്ങിയത്. മലയാളം, ഇൻഗ്ലീഷ്, ജർമ്മൻ എന്നീ വിവിധ ഭാഷകളിൽ നമ്മുടെ കേരളത്തിലെ വിവിധ മേഖലകളിൽ അനുദിനം  ആനുകാലിക മായിട്ടുള്ള വിഷയങ്ങളെ ക്കുറിച്ചുള്ള അറിവ്കൾ നൽകുന്ന ഓരോ പുതിയ നാട്ടുവിശേഷങ്ങൾ "വാർത്ത" യിൽ നൽകിത്തുട ങ്ങി. ഉദാഹരണം, കേരളത്തിലെ രാഷ്ട്രീയസ്ഥിതി, ഓരോ  മതാചാരങ്ങൾ, സാമൂഹികം, സാംസ്കാരികം തുടങ്ങിയവ ജർമ്മനിയിലുള്ള  മലയാളികൾ ക്കും ഒരു സാമാന്യ അറിവ് നൽകുകയെന്ന ലക്ഷ്യമായിരുന്നു. മലയാളി യുടെ ജർമ്മനിയിലെ പൊതു സാമൂഹിക ജീവിതത്തിലെ ഓരോ ജീവ സ്പന്ദനങ്ങൾ എപ്രകാരമായിരുന്നെന്നും, ഭാഷയും ദേശവും ജനങ്ങളും അപരിചിതമായിരുന്ന ഒരു പഴയകാലത്തെ തുടർക്കഥ എങ്ങനെയായിരുന്നു, എന്നും, തുടങ്ങിയ അനേകമനേകം ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം നൽകുന്ന  ദൃക്‌സാക്ഷികളായി  "വാർത്ത"യും അതുപോലെതന്നെ "കവിത"യും സമൂഹത്തിൽ  തെളിഞ്ഞു നിന്നു. മലയാളികളുടെ സംഘടനാ വിശേഷങ്ങൾക്ക് പ്രചാരണം നൽകുവാൻ രണ്ടു മാദ്ധ്യമങ്ങളും ഏറെ സഹായകമായിരുന്നു. ഈ രണ്ടു മാദ്ധ്യമങ്ങളും ഇന്ന് പ്രവർത്തിക്കുന്നില്ല. എന്നാൽ എനിക്ക് തോന്നുന്നത് ഇക്കാലമത്രെയും കൊണ്ട്  ആ രണ്ടു പ്രസിദ്ധീകരണങ്ങൾ ജർമ്മനിയിലെ മലയാളിസമൂഹത്തിന് നല്ല സേവനം ചെയ്തു എന്നാണ്.

ബർണാഡ് ഓട്ടേ ഹൌസിൽ 
സമ്മേളിക്കുന്ന 
മലയാളികളുടെ ഒരു ദൃശ്യം
മ്യുൻസ്റ്റർ രൂപതയുടെ വിദ്യാഭ്യാസ കേന്ദ്രമായിരുന്ന  ഹോപ്സ്റ്റണിലെ "ബർണാഡ് ഓട്ടേ ഹൌസ്" മലയാളികൾക്ക് മാത്രം സമ്മേളിക്കാ നും ഒഴിവുസമയത്ത്  ഒന്നിച്ചുകൂടി സൗഹൃദം   പങ്കുവയ്ക്കാനുമുള്ള ഒരു സ്ഥലമല്ലായിരുന്നു. വിദേശികൾക്കും വിവിധ കാര്യങ്ങളിൽ ക്രിയാത്മക മായ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള പരിശീലനക്കളരിയുമായിരുന്നു. മലയാളികൾക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ സെമിനാറുകളും, കലാസാംസ്ക്കാരിക സമ്മേളന ങ്ങളും അവിടെ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ അനിവാര്യ മായിരുന്നു. ഉദാഹരണത്തിന് ജർമ്മനിയിൽ  മലയാളികൾ കേരള മേളകൾ വർഷംതോറും നടത്തുമ്പോൾ പങ്കെടുക്കുന്ന അനേകം പേർക്ക് അതിനാവശ്യമായ താമസസൗകര്യം ഉൾപ്പടെ മറ്റുള്ള എല്ലാ സൗകര്യങ്ങളും ബർണാഡ് ഓട്ടേ ഹൌസ് (BILDUNG CENTER) നൽകിയിരുന്നു. 1992- ജൂലൈ 22- നു കേരളമേളയുടെ പത്താംവാർഷികം ആഘോഷമായി നടത്തി. ചരിത്രം, സാംസ്കാരികം, സാമ്പത്തികം, രാഷ്ട്രീയം, മതപരം, എന്നിങ്ങനെ വിവിധ  വിഷയങ്ങളിൽ കാണപ്പെടുന്ന ചലനങ്ങളും മാറ്റങ്ങളും, സാദ്ധ്യമായ പൊതു വികസനങ്ങളും കേരളത്തിലും പൊതുവെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എപ്രകാരമാണെന്ന് ഓരോരോ വിശദമായ അവലോകനവും ആയിരുന്നു, കേരള മേളകളുടെ കേന്ദ്രബിന്ദുവിഷയങ്ങൾ ആയത്. ഇതുപോലെതന്നെ ശ്രദ്ധേയമായിരുന്നത് കുടുംബ സമ്മേളനങ്ങൾ ആയിരുന്നു. ഇൻഡോ- ജർമ്മൻ കുടുംബമേളകൾ പതിവ് തെറ്റാതെ നടത്തിയിരുന്നു. മലയാളികൾ ജർമ്മൻകാരെ വിവാഹം ചെയ്തു കുടുംബമായി ജീവിതം തുടങ്ങിയിരുന്നു. അവരുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കവയ്ക്കുകയും പുതിയ ജീവിത  സാഹചര്യങ്ങളിൽ ഒരു പുതിയ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാടുകൾ തുടങ്ങിയതിനു ഉത്തമ അംഗീകാരമാണ്, ഇങ്ങനെയുള്ള കുടുംബമേളകളിൽ പ്രകടമായത്. ഇങ്ങനെ, വർഷം മുഴുവൻ മലയാളികളുടെ വ്യത്യസ്തപ്പെട്ട കാര്യങ്ങളോട് ബന്ധപ്പെട്ട സമ്മേളനങ്ങൾ, അതായത് ഓണം, ദീപാവലി, ക്രിസ്മസ്, ഈസ്റ്റർ ആഘോഷം, കാർണിവൽ എന്നിങ്ങനെ നമ്മുടെയെല്ലാം പൊതു- സ്വകാര്യ ജീവിതത്തിലെ എല്ലാവിധ സന്തോഷവും, ദുഃഖങ്ങളും, മറ്റ് വിചാരവികാരഭേദങ്ങളും സമൂഹത്തിൽ തുറന്നു പ്രകടിപ്പിക്കുക, അവയെ ക്രിയാത്മകമായ മാതൃകയിൽ ഫലത്തിൽ എത്തിക്കുവാൻ, ബെർണാഡ് ഓട്ടേ ഹൌസ് എന്നും ജർമ്മൻ മലയാളികൾക്ക് വേണ്ടി നിലകൊണ്ടുവെന്നത് യാഥാർത്ഥ്യമാണ്. ഇതിലേയ്ക് നേരിട്ട് വന്നു പങ്കുചേരാൻ മാതൃരാജ്യത്തെ വിവിധ തലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരായ  അനേകം പേർ അവിടേയ്ക്ക് എത്തി. അവരുടെയെല്ലാവരുടെയും പേരുകൾ ഈ കുറിപ്പിൽ എഴുതിച്ചേർക്കുന്നതിനുള്ള ഉദ്യമം ഞാൻ ഉപേക്ഷിക്കുന്നു. അവർ മലയാള ഭാഷാപണ്ഡിതർ, സാഹിത്യകാരന്മാർ, ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ, വിദ്യാഭ്യാസ-മത-സാംസ്കാരിക നേതൃത്വങ്ങളിൽപെട്ടവരും ആയിരുന്നു.

നെടുമ്പാശേരി വിമാനത്താവളം- ജർമ്മൻമലയാളികളുടെ ആവശ്യം

ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും അമേരിക്കൻ ആസ്ട്രേലിയൻ നാടുകളിലേയ്ക്കും എല്ലാം പോകേണ്ട മലയാളികൾക്ക് ഉണ്ടായിരുന്ന ഒരു  വിമാനത്താവളം തിരുവനന്തപുരം ആയിരുന്നു. കൊച്ചിയിലെ സൈനിക വിമാനത്താവളത്തിൽ നിന്നും പരിമിതമായ തോതിൽ മാത്രമാണ് സൗകര്യം ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് മറുനാടുകളിലേയ്ക്കും മറുനാടുകളിൽ നിന്ന് തിരിച്ചു കേരളത്തിലേക്കും യാത്രാസൗകര്യം ലഭിക്കുകയെന്നത് ഒരു വലിയ പരീക്ഷണമായിത്തീർന്നു. ഉദാ.: യൂറോപ്പിലേക്ക് ബോംബെ വഴിയോ മദ്രാസുവഴിയോ ശ്രീലങ്കവഴിയോ ഒക്കെ കറങ്ങിത്തിരിഞ്ഞു വിമാനയാത്ര ചെയ്യുന്നതുതന്നെ ദുസ്വപ്നമായിത്തീർന്നു. കൊച്ചിയിലേയ്ക്ക് നേരിട്ട് തന്നെ വന്നെത്താനുള്ള  വിമാനയാത്രാ സംവിധാനം ആവശ്യമാണെന്നുള്ള ജർമ്മൻ മലയാളികളുടെ നിരന്തരമുള്ള അഭിപ്രായങ്ങൾ ശക്തമായി ഉയർന്നുവന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ -
വിദേശങ്ങളിലേക്ക് വിമാനം കയറാനുള്ള 
മലയാളി നേഴ്‌സുമാരുടെ  ദുരവസ്ഥ.
കേരളത്തിന്റെ ബഹുമുഖമായ വിക സനകാര്യങ്ങളിൽ ജർമ്മനിയിലെ മലയാളികൾ വളരെ അധികം പ്രാധാന്യം നൽകിയത് കേരളത്തിലെ പൊതുസമൂഹം കൂടുതലേറെ അറിയാനിടയില്ല. ജർമ്മനിയിലെ ഓരോ മലയാളികളും നിശബ്ദമായി അന്ന് നൽകിയിട്ടുള്ള സേവനങ്ങൾ അഭിമാനകരമാണ്. അതിനു ഒരു ഉദാഹരണമാണ്, ഇന്ന് കേരളത്തിൽ നെടുമ്പാശേരി വിമാനത്താവള ത്തിന്റെ ഉത്ഭവകാല ചരിത്രം നൽകുന്നത്.  ഈ വിമാനത്താവളം വഴി കടന്നു ഇന്ന് യാത്ര ചെയ്യുന്ന ആരെങ്കിലും ഇങ്ങനെയുള്ള ചരിത്ര യാഥാർത്ഥ്യത്തിന്റെ പഴയതാളുകൾ തുറന്നു കാണാൻ ആഗ്രഹിക്കുമോ? വിദേശമലയാളികൾ അക്കാലത്തു അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് ഒരു പരിഹാരം കാണുന്നതിന് വേണ്ടി ജർമ്മൻമലയാളികളുടെ ആവശ്യങ്ങളെ മനസ്സിലാക്കിയ ജർമ്മനിയിലെ ചില മലയാളികളായ ഡോ. മാത്യു മണ്ഡപത്തിൽ, ആന്തരിച്ച ക്യാപ്റ്റൻ ജോസ് കണയൻപാല തുടങ്ങിയവർ കേരളത്തിലെത്തി കേരളത്തിലെ രാഷ്ട്രീയ ഭരണ തലങ്ങളിലുള്ളവരുമായി പ്രശ്നങ്ങളെ ബോദ്ധ്യപ്പെടുത്തി. 

 ശ്രീ. വി . ജെ . കുര്യൻ I.A.S (ഡയറക്ടർ 
നെടുമ്പാശേരി വിമാനത്താവളം), 
മുൻ കേരള  മന്ത്രി. 
Late  ശ്രീ. ടി. എം. ജേക്കബ്, Dr. മാത്യു 
മണ്ഡപത്തിൽ, ജർമ്മനി (from left to right ).  
 കേരളത്തിലെ മുൻ  അഡീഷണൽ ചീഫ്‌സെക്രട്ടറിയും ഇപ്പോൾ നെടുമ്പാശേരി അന്തർദ്ദേശീയ വിമാനത്താവളം ഡയറക്ടറുമായ  ശ്രീ. വി. ജെ. കുര്യൻ I. A. S, കേരളത്തിലെ മന്ത്രിയുമായിരുന്ന അന്തരിച്ച ശ്രീ. ടി. എം. ജേക്കബ്, കൂടാതെ മറ്റുചില പ്രമുഖ വ്യക്തികളുമായി വിഷയം സംസാരിച്ചു. അവർ കോട്ടയം കലക്ടറേറ്റിൽവച്ച് ഒരു ചർച്ചാ യോഗം വിളിച്ചുകൂട്ടി. അന്ന് കേരള മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. ടി. എം. ജേക്കബ്, അതുപോലെ മറ്റു നിരവധി പ്രമുഖന്മാരും ചർച്ചാ യോഗത്തിൽ പങ്കെടുത്തു. ജർമ്മനിയിൽ നിന്ന് Dr. മാത്യു മണ്ഡപത്തിലും, അന്തരിച്ച ക്യാപ്റ്റൻ ജോസ് കണയൻപാലയും മറ്റു ചില മലയാളികളും ആ യോഗത്തിൽ പങ്കെടുത്തു. നെടുമ്പാശേരിയിൽ ഒരു രണ്ടാം അന്തർദ്ദേശീയ വിമാനത്താവളം സർക്കാർ സ്ഥാപിക്കുന്നതിന് വേണ്ട  അനുകൂലമായ  നിർദ്ദേശമാണ് മന്ത്രി. ശ്രീ. ടി. എം. ജേക്കബും, ശ്രീ. വി. ജെ. കുര്യനും അന്ന് ഇതിനായി ഒരു പരിഹാര തീരുമാനം നിർദ്ദേശിച്ചത്. മലയാളികൾക്ക് വിദേശത്തു നിന്നു നേരിട്ട് കൊച്ചിയിലേക്ക്  വന്നിറങ്ങാൻ സാധിച്ചാൽ പ്രശ്നപരിഹാരമാകുമെന്നും, അതിനായി ഏറ്റവും വേഗം ഒരു വിമാനത്താവളം കൊച്ചിയിൽ ഉണ്ടാകണമെന്നുമുള്ള രഹസ്യ ആശയം ശ്രീ. വി. ജെ. കുര്യൻ I. A. S ന് അന്ന് നേരിട്ട് ഉപദേശിച്ചതു തന്റെ അടുത്ത അയൽവാസിയും നല്ല സുഹൃത്തുമായ  ഡോ. മാത്യു മണ്ഡപത്തിൽ ആയിരുന്നു. അദ്ദേഹം ഇതിനായി നടത്തിയിരുന്ന ഓരോരോ ചലനങ്ങളും ജർമ്മനിയിൽ 'ബർണാഡ് ഓട്ടേ ഹൌസിന്റെ' ഉത്തരവാദപ്പെട്ട തൊഴിൽ സ്ഥാനത്തിരുന്ന ഒരു ജർമ്മൻ മലയാളിയെന്ന നിലയിൽ അപ്പോൾ നൽകിയ സേവനസഹായം എത്രയെന്ന് ആരറിഞ്ഞു? വിദേശമലയാളികളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കോട്ടയത്തോ കൊച്ചിയിലോ അന്തർദ്ദേശീയ വിമാനത്താവളം നിർമ്മിക്കണമെന്നുള്ള ജർമ്മൻമലയാളികളുടെ ആവശ്യം അന്ന് കേരളത്തിലെ ഭരണനേതൃത്വത്തിനെ അറിയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോട്ടയം ചർച്ചാസമ്മേളനത്തിൽ ജർമ്മനിയിലെ മലയാളികളുടെ സാമ്പത്തിക പിന്തുണയും വാഗ്ദാനം നൽകി. അങ്ങനെ മന്ത്രി ടി.എം.ജേക്കബ്, വി. ജെ. കുര്യൻ I. A. S തുടങ്ങിയവരുടെ ഒരു ഡെലിഗേഷൻ ജർമ്മനിയിലേക്ക്, ജർമ്മൻ മലയാളികളുടെ ഉറപ്പുലഭിക്കുവാൻ, ഹോപ്സ്റ്റണിലെ ബെർണാഡ് ഓട്ടേ ഹൌസിൽ വന്നു ചേർന്നു. ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ  ജീവിക്കുന്ന അനേകം മലയാളികൾ വിമാനത്താവള ഷെയർഹോൾഡർ ആയിത്തീർന്നു. കേരളമേളയിൽ പങ്ക് കൊള്ളാൻ മേൽപ്പറഞ്ഞ മന്ത്രിമാരും, ശ്രീ. വി. ജെ. കുര്യൻ I. A. S ഉം, മറ്റുള്ള എം. എൽ. എ. മാരും ജർമ്മനിയിലേക്ക്  ഡോ. മാത്യു മണ്ഡപത്തിലിന്റെ ക്ഷണം സ്വീകരിച്ചാണ് വന്നെത്തിയത്. 

സംഘടനകളുടെ ഉത്തരവാദിത്വം 

 ശ്രീ.ജോണി നെല്ലൂർ (മുൻ എം. എൽ. എ), 
ശ്രീ. ജോസഫ് കൈനിക്കര (ജർമനി) 
ശ്രീ. പി. എം. മാത്യു (മുൻ എം. എൽ. എ), 
ശ്രീ. ജോൺ കന്യാക്കോണിൽ (ജർമ്മനി) 
(Left to Right )  
മലയാളികൾ ആഘോഷങ്ങളും പരസ്പരമുള്ള  കണ്ടുമുട്ടലുകളുമാ യിട്ട് മാത്രമല്ല അവരുടെ സമയം ചെലവഴിച്ചത്. മലയാളികൾ കുറേപ്പേർ താമസിച്ചിരുന്ന പ്രദേശ ങ്ങളിലെല്ലാം അവർ രൂപീകരിച്ച മലയാളിസ്വതന്ത്ര സംഘടനകളുടെ നേതൃത്വങ്ങൾ കേരളത്തിലെ പൊതുവികസനകാര്യങ്ങൾ സംബ ന്ധിച്ചും ശ്രദ്ധിക്കുമായിരുന്നു. ജർമ്മനിയിലെത്തുന്ന കേരളത്തി ലെ പൊതുരാഷ്ട്രീയ നേതാക്കളു മായി കൂടിക്കാഴ്ചകളും ആശയ കൈമാറ്റങ്ങളും അക്കാലത്തു നടത്തുമായിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. വിദേശമലയാളി കളുടെ ഒരു വലിയ തീരാത്ത പ്രശ്നമാണ്, കേരളത്തിലേയ്ക്കുള്ള യാതാസൗകര്യത്തിലെ കുറവുകൾ എന്ന് ജർമ്മനിയിലെ മലയാളിസംഘടനകളും പരാതിപ്പെട്ടു. ഒരു കാര്യം മേലെഴുതിയ വസ്തുതകളിൽ നിന്നും വ്യക്തമാകുന്നതിതാണ്, വിദേശ മലയാളികൾക്കുവേണ്ടി അവരുടെ കേരളത്തിലേയ്ക്കുള്ള വിമാനയാത്രാ സൗകര്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് കേരള സർക്കാരിന്റെ ചിന്തയോ സംസ്ഥാനമന്ത്രിമാരുടെ വ്യക്തിഗത ആഗ്രഹങ്ങളോ താല്പര്യമോ മാത്രം ആയിരുന്നില്ല. അതിനെ  പ്രാഥമികമായി ജർമ്മനിയിലെ മലയാളിക ളുടെ മനസ്സിൽ ആഴത്തിൽ നിറഞ്ഞു നിന്ന അഭിലാഷമായിരുന്നുവെന്നാണ്  കാണാൻ കഴിയുന്നത്. അതിനുവേണ്ടി ജർമ്മനിയിലെ മലയാളികൾക്ക് ചില പ്രമുഖ ജർമൻകാരും  നൽകിയിട്ടുള്ള വിലയേറിയ ക്രിയാത്മക സഹകരണം വിസ്മരിക്കാനാവില്ല.  ഇക്കാര്യത്തിൽ വളരെ  പ്രകടമായിട്ടുള്ള തെളിവാണ് ഹോപ്സ്റ്റണിലെ ബർണാഡ് ഒട്ടേ ഹൌസ് ഡയറക്ർ ആയിരുന്ന ജർമൻകാരൻ ശ്രീ. Peter Junk ജർമ്മൻ മലയാളികളുടെ അടിയന്തിര പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിൽ ഹൃദയപൂർവ്വം സഹകരിച്ചത്. കേരളത്തിൽ നിന്നെത്തിയ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വിസ്മരിക്കാനാവില്ല, അദ്ദേഹത്തിൻറെ തുറന്ന സഹകരണം.  യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ജോലിചെയ്യുന്ന ഓരോ മലയാളികളുടെയും  കേരളത്തിലേയ്ക്കുള്ള യാത്രാക്ലേശം ചെറുതായിരു ന്നില്ല. ജർമ്മനിയിൽ രൂപീകരിച്ചിരുന്ന "മലയാളി- ഡോയ്‌ഷെസ്  ട്രഫൻ" സംഘടനയുടെ നേതൃനിരപ്രവർത്തകർ കേരളവും ജർമ്മനിയും തമ്മിലുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന് അന്നത്തെ ഭരണകർത്താക്കളുമായി വേണ്ട ചർച്ചകളും നടത്തി. അന്ന് കേരള സംസ്ഥാനമന്ത്രി ടി. എം. ജേക്കബിന് ഒരു നിവേദനവും നൽകി.

ഇടത്തുനിന്ന് -- ശ്രീ. ജോണി നെല്ലൂർ, 
ശ്രീ. പി.എം. മാത്യു,
ശ്രീ. ജോസഫ് കൈനിക്കര ,
ശ്രീ. ജോൺ കന്യാക്കോണിൽ 
തുടങ്ങിയവരുമായി കൂടിക്കാഴ്ച 
(1993 -In Stuttgart, Germany)   
1993- മേയ് മാസം 21- നു "മലയാളി- ഡോയ്‌ഷെ ട്രെഫെൻ" സംഘടന യുടെ സെക്രട്ടറിയായിരുന്ന ശ്രീ. ജോസഫ് കൈനിക്കരയുടെ സ്റ്റുട്ട്  ഗാർട്ട്‌ നഗരത്തിനടുത്തുള്ള  വീട്ടിൽ വച്ച്  കേരളത്തിൽ നിന്നെ ത്തിയ മന്ത്രിമാരും, എം. എൽ. എ മാരുമായി സംഘടനാ ഭാരവാഹിക ൾ ചർച്ച ചെയ്തു. ജർമ്മനിയിലെ മലയാളികൾ കേരളത്തിലേയ്ക്ക് യാത്രചെയ്യാൻ എന്നും നേരിടുന്ന ബുദ്ധിമുട്ടുകളും അതുപോലെ മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ടു ള്ള വിമാന സൗകര്യം നടപ്പാക്കുക യെന്നുള്ള ഒരു  പ്രമേയമായിരുന്നു,  സംഘടനയുടെ ഭാരവാഹികൾ  അന്ന് നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം. എല്ലാ വർഷങ്ങളും പതിവ്‌ തെറ്റാതെ ആഘോഷിക്കാറുള്ള കേരളമേളയിൽ പങ്കെടുക്കുവാൻ വേണ്ടി 'ബർണാർഡ് ഓട്ടേ ഹൌസിൽ' എത്തിയിരുന്ന കേരളത്തിൽ നിന്നുള്ള കുറെ മുൻ എം. എൽ. എ മാരും സംഘടനയുടെ ക്ഷണപ്രകാരം അന്ന് നടന്ന ചർച്ചകളിൽ  പങ്കെടുത്തിരുന്നു. കേരള  സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. ടി. എം. ജേക്കബിന്‌ അന്ന് പങ്കെടുക്കാനായില്ല. എങ്കിലും പിന്നീട് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് നേരിട്ട് മെമ്മോറാണ്ടം നൽകുകയും ചെയ്തു. അന്ന് നടത്തിയ ചർച്ചയിൽ "മലയാളി- ഡോയ്‌ഷെ ട്രെഫെൻ" സംഘടനയുടെ പ്രസിഡന്റ് ശ്രീ. ജോൺ കന്യാക്കോണിൽ, സെക്രട്ടറി ശ്രീ. ജോസഫ് കൈനിക്കര, മുൻ എം. എൽ. എ മാരായ  Mr. P. M. Mathew, Mr. M. P. M. Ishaque Kurukkal, Mr. T.V. Chandra Mohan, Mr. Johny Nellor, Mr. K. K. Mathew, (K. Congress, Kottayam), തുടങ്ങിയവരും പങ്കുകൊണ്ടിരുന്നു.

ജർമ്മനിയിലേക്ക് എന്ത് ആകാൻ വേണ്ടിയാണോ മലയാളികൾ എത്തിയത് അത് സാധിക്കുവാൻ എപ്രകാരം ആയിരിക്കണമെന്ന് പ്രായോഗികമായി പ്രയോജനപ്പെടുന്ന  മാർഗ്ഗം  എങ്ങനെയാണെന്ന് മനസ്സിലാക്കാൻ വേണ്ടതായ ആത്മ വിശ്വാസം പലർക്കും ഉണ്ടായിരുന്നില്ല.അക്കാലത്ത്  രൂപീകരിക്കപ്പെട്ട സംഘടനകൾക്ക്  ഒന്നും കേരളത്തിൽനിന്നും കുടിയേറിയ മലയാളികളുടെ വിവിധതരം കഷ്ടപ്പാടുകളെപ്പറ്റി ഒന്നും സഹായകരമായി എന്തെങ്കിലും ഒരു കാര്യം ചെയ്യുവാൻ നല്ല അറിവും ഉണ്ടായിരുന്നില്ല. ഓരോരോ സംഘടനകൾ അവിടെയും ഇവിടെയുയെല്ലാം സമ്മേളനങ്ങൾ നടത്തി. പക്ഷേ അവർക്ക് ഇപ്രകാരമുള്ള പൊതുപ്രശ്നങ്ങളൊന്നും സ്വതന്ത്രമായ ആശയവിനിമയചർച്ചാ വിഷയമായില്ല. കേരളസർക്കാരിനോ ഇന്ത്യൻ സർക്കാരിനോ മറുനാട്ടിലുള്ള മലയാളികളുടെ ഭാവിയെപ്പറ്റിയുള്ള യാതൊരുവിധ തനത് കാഴ്ചപ്പാടുകളും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ കേരളത്തിൽനിന്നും ജർമ്മനിയിലെ കേരളമേളകളിൽ സംബന്ധിക്കുവാൻ ക്ഷണം സ്വീകരിച്ചു ഹോപ്സ്റ്റൺ നഗരത്തിലെ ബർണാഡ് ഓട്ടേ ഹൌസിൽ എത്തിച്ചേർന്ന കേരളത്തിലെ ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളെ കേരള മേളയിൽ സഹകരിച്ചു പ്രവർത്തിച്ച ജർമ്മൻ മലയാളി സംഘടനകളുടെ നേതൃത്വങ്ങൾക്ക് അവരുമായി തുറന്ന ചർച്ചകൾക്കുള്ള തുറന്ന വേദിയായി. കേരളത്തിലെ ഭരണകൂടത്തിന്റെ കണ്ണുതുറക്കാൻ കേരളമേളകൾക്ക് സാധിച്ചുവോ?  പ്രവാസിമലയാളിയുടെ ശബ്ദം വളരെ ശക്തവും അവരുടെ അദ്ധ്വാനം മാതൃകാപരവും വളരെയേറെ അഭിനന്ദനാർഹവുമാണെന്ന് കേരളനേതാക്കൾ പറയുകയും ചെയ്തു. //- 
------------------------------------------------------------------------------------------------------
തുടർച്ച അടുത്തതിൽ //-  ധ്രുവദീപ്തി. ഓൺലൈൻ
 

------------------------------------------------------------------------------
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371