George Kuttikattu |
ഭാവിയിൽ ക്രിസ്ത്യൻ സഭകൾക്ക് എന്ത് രൂപമുണ്ടാകുമെന്നത് ഇപ്പോൾ വ്യക്തമല്ല. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ക്ലാസിക്ക് സഭ- സഭകളുടെ ഓരോ ശ്രുംഖലകൾ അതിന്റെ നിലവിലെ സാന്ദ്രതയിലും അതിനുള്ള മാർഗ്ഗ ദർശികളിലും മറ്റും പരിപാലിക്കപ്പെടാൻ കഴിയുന്നില്ല. പ്രവണത കൂടുതൽ കാണപ്പെടുന്നത് പ്രാദേശികവത്ക്കരണത്തിന്റെ ദിശയിൽ ആണ്. ഇത് ഉയർന്ന നിലവാരമുള്ള പള്ളിസംഗീതം അതല്ലെങ്കിൽ ചില പ്രവർത്തനക്ഷമമായ യുവജനപ്രവർത്തനങ്ങൾ പോലെയുള്ള പ്രസിദ്ധ വാഗ്ദാനങ്ങൾ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. അതേസമയം പരസ്പര സമ്പർക്കം കൂടുതൽ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും കാണുന്നു. ദീർഘ കാലാടിസ്ഥാനത്തിൽ സഭകൾക്കുള്ളിൽ ചില പ്രത്യേക ചലനങ്ങൾ നാം കാണുന്നു. സഭയിൽ പണത്തിന്റെ ഒഴുക്ക് താഴെനിന്ന് വിതരണം മുകളിലേയ്ക്ക്, മുകളിൽനിന്നു താഴേയ്ക്ക് എന്നത്പോലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പതിവ് എക്കാലവും തുടരുമോ എന്ന ചോദ്യം ഉയർന്നേക്കാം. സാമ്പത്തിക ഒഴുക്കിന്റെ ദിശയെ സ്പർശിച്ചാൽ, അത് ഇപ്പോഴും ആഡംബര ഘടനകളിൽ ഏർപ്പെടുന്ന സഭാ മാനേജ്മെന്റ് തലങ്ങൾക്ക് വലിയ സ്വാധീനം നഷ്ടപ്പെടുമെന്ന് കാണാൻ കഴിയും.ഇന്ന് ലോക കത്തോലിക്കാസഭയിൽ വിവിധ ഭാഗങ്ങളായി വേർപിരിഞ്ഞ പ്രധാനപ്പെട്ട ഒരു സഭാവിഭാഗമാണ് സീറോമലബാർ സഭയെന്നു അവർ അവകാശപ്പെടുന്നുണ്ട്. ആ വിഭാഗത്തിൽ നടക്കുന്ന സഭാപ്രശ്നങ്ങൾ ഇന്ന് ലോകപ്രസിദ്ധമാണ്. അതുപോലെ തന്നെ മറ്റുള്ള ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലും വളരെ സങ്കീർണ്ണവും നീണ്ടുനിൽക്കുന്നതും വളരെ വേദനാജനകവുമായ മാറ്റങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് നമുക്ക് തീർച്ചയായും തോന്നുന്നു.
നമ്മുടെ വിശ്വാസത്തിന്റെ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ചില ശക്തമായ ഒരു മാനസികഘടകം കൂടിയുണ്ട്. സഭാവിശ്വാസികളെ, അഥവാ സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം തോൽവിയിൽ അവർ വീഴുകയല്ലാ, മറിച്ച് ലഭ്യമായ അവസരങ്ങൾ ഉപയോഗിക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുക എന്നതാണ് പ്രധാനം. എന്താണ് ഇപ്പോൾ ക്രിസ്തുമതത്തിന്റെ ചിഹ്നങ്ങൾ ? അതിന്റെ പാട്ടുകൾ, പള്ളികൾ, മറ്റ് ആചാരങ്ങൾ എന്നിവ മാത്രമായിരിക്കണമോ ? ഇപ്പോഴും അതെല്ലാം നിലനിൽക്കുന്നു. സഭംഗങ്ങളെക്കുറിച്ചും സഭാംഗത്വത്തെക്കുറിച്ചും ഉള്ള ഉറച്ച പാരമ്പര്യ ധാരണയും മാറണം.ഈ പൈതൃകത്തിന്റെതായ സംരക്ഷണത്തിന് വേണ്ടി സജ്ജീവമായ സന്നദ്ധത കാണിക്കുവാൻ സഭാധികാരികളും സഭാംഗങ്ങളും ഒരുപോലെ ധാരണ കാണിക്കണം.
നമ്മൾ പരസ്പരം എങ്ങനെ പെരുമാറുന്നു എന്നതിൽ നാമെല്ലാവരും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷ നല്ലതു തന്നെ. അതുപക്ഷേ, പരസ്പര ബഹുമാനവും അഭിനന്ദനവും വീണ്ടും കൂടുതൽ മൂല്യങ്ങൾ നൽകുമെന്നും സംഭാഷണങ്ങൾ, നല്ല വിട്ടുവീഴ്ചകൾ, ലോകത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ വിവിധ കാഴ്ചപ്പാടുകളുടെ വൈവിധ്യങ്ങൾ എന്നിവയ്ക്കായി സഭയിലെ എല്ലാ അംഗങ്ങളും, പുരോഹിതർ ഉൾപ്പടെ, ഒരുമയോടെ പ്രവർത്തിക്കും എന്ന നിലപാടാണ് ആവശ്യമായിട്ടുള്ളത്. വിശ്വാസികളുടെ, സഭാ അംഗങ്ങളുടെ ആത്മീയവിശ്വാസത്തിനും, സഭയ്ക്കും സഭയിലെ വിശ്വാസികൾക്കുമെതിരെയുള്ള ഏതുവിധ ആക്രമണത്തിന് എതിരെ തടയൽ പരിധി കുറയുന്നത് ആശങ്കാജനകം തന്നെയാണ്, അത് അസ്വീകാര്യമാണ്. എന്നാൽ സഭാ നേതൃത്വങ്ങളും സഭയിലെ പുരോഹിതരും നിഷ്ക്രിയമായ നിലപാട് സ്വീകരിക്കുന്ന സംഭവം ഉണ്ടായത് ഈ അടുത്തകാലത്തു നടക്കുന്നതായ ജനാഭിമുഖ കുർബാനയർപ്പണത്തിന്റെ പേരിൽ നടന്ന അനിഷ്ടസംഭവങ്ങളാണ്. ഇത്തരം നിലപാടുകളിൽ സീറോമലബാർ സഭാനേതൃത്വം ആത്മീയ ദൃഢനിശ്ചയത്തോടെ സഭാവിശ്വാസിസമൂഹത്തോട് നന്മ നിറഞ്ഞ പാതയെ തെരഞ്ഞെടുക്കണം.
ഫ്രാൻസിസ് മാർപാപ്പയുടെ ആശങ്ക.
ഫ്രാൻസിസ് മാർപാപ്പ |
കേരളത്തിൽ മാത്രമല്ല, ക്രിസ്ത്യൻ സഭകൾ പ്രതിസന്ധികളെ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണമായി യൂറോപ്യൻ രാജ്യങ്ങൾക്ക് ജർമ്മനിയിലെ വലിയ വിശ്വാസിസമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളാണ് ദേവാലയങ്ങൾ. ഇത് മാത്രമല്ല, ലക്ഷക്കണക്കിനുള്ള സന്നദ്ധപ്രവർത്തകരെ ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കുറെ കാലങ്ങളായി പള്ളികളുടെ ചുരുങ്ങലിന് കാരണമായത് ചില സാംസ്കാരികഘടകങ്ങളാലാണെന്ന് പറയാം. കാരണം ഇത് യൂറോപ്യൻ സ്വത്വത്തിന്റെ ക്രിസ്ത്യൻ സമൂഹത്തെ ദുർബലപ്പെടുത്തുന്നതാണ്. അതുപോലെ തന്നെ ലോകമൊട്ടാകെ ക്രിസ്ത്യൻസഭകളിൽ നടക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കാണപ്പെടുന്നു. ആദ്യമായി ജർമ്മൻ സഭയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. മറ്റുരാജ്യങ്ങളിൽ അനുഭവപ്പെടുന്ന വളരെ തീവ്രമായ കാര്യങ്ങൾ നിരീക്ഷണത്തിൽ ഇരിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ സഭാനവീകരണ പ്രക്രിയകൾ. മാർപാപ്പയുടെ അതൃപ്തി.
ഫ്രാൻസിസ് മാർപാപ്പ |
ജർമ്മനിയിലെ സഭാ പരിഷ്കാരങ്ങളെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ ജർമ്മനിയിൽ കത്തോലിക്കാസഭയിലെ നവീകരണപ്രക്രിയയോടുള്ള തന്റെ അതൃപ്തി ഒരു കത്തിലൂടെ വ്യക്തമാക്കിയതായി ഒരു മാദ്ധ്യമം "വെൽറ്റ് "റിപ്പോർട്ട് ചെയ്തിരുന്നു. കുറേക്കാലങ്ങളായി ജർമ്മനിയിലെ കത്തോലിക്കാസഭയുടെ വികസനത്തെ സംബന്ധിച്ചു പ്രത്യേകമായ വിഷയങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ വീണ്ടും വിമർശിച്ചതായി "വെൽറ്റ്" റിപ്പോർട്ട് നൽകിയത്. "സാർവത്രിക സഭയുടെ പൊതുവായ പാതയിൽ നിന്ന് കൂടുതൽ അകന്നുപോകുമെന്ന് വെളിപ്പെടുത്തുന്ന ഈ പ്രാദേശികസഭയുടെ വലിയ ഭാഗങ്ങൾ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിരവധി മൂർത്തമായ നടപടികളെക്കുറിച്ചുള്ള "ആശങ്ക"മാർപാപ്പയും പങ്കിടുന്നു. അദ്ദേഹം എഴുതിയ കൈയ്യക്ഷരകത്തിൽ കഴിഞ്ഞ വർഷം നവംബർ 10-ന് സഭാ പരിഷ്ക്കാരങ്ങളെ വിമർശിക്കുന്ന നാല് ജർമ്മൻ വനിതകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അഭിപ്രായം എഴുതിയെന്ന് "വെൽറ്റ് "മാദ്ധ്യമം കുറിച്ചിരുന്നു. ജർമ്മൻകാർ "എപ്പോഴും പുതിയ ചില കമ്മിറ്റികളിൽ രക്ഷ തേടുന്നുവെന്നും എപ്പോഴും ഒരേ വിഷയങ്ങൾ ഒരു നിശ്ചിത ആത്മാഭിമാനത്തോടെ ചർച്ച ചെയ്യുന്നവെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നുവെങ്കിലും അതിനുപകരമായി, അദ്ദേഹം നമ്മുടെ കൂടുതൽ ശ്രദ്ധ എന്തിനുവേണ്ടി, എങ്ങനെ ആകണം എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിൻറെ കുറിപ്പിൽ ഇപ്രകാരം നിർദ്ദേശിച്ചിരുന്നുവെന്ന് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. "പ്രിയ സഹോദരീ സഹോദരന്മാരെ, പ്രത്യേകിച്ച് നമ്മുടെ പള്ളിയുടെ വാതിലുകളിലൂടെ ഉമ്മരപ്പടിയിൽ, അതുപോലെ തെരുവുകളിലും, ജയിലുകളിലും, ഓരോ ആശുപത്രികളിലും, ചത്വരങ്ങളിലും ഉള്ളവരെ, നാം ഹൃദയം തുറന്ന് കാണാൻ പോകുക, അത് സാധിക്കുന്ന കാര്യമാണ്. ഈ ഉള്ളടക്കം ഉള്ള കത്ത് ജർമ്മൻ ഭാഷയിൽ എഴുതുകയും "ഫ്രാൻസിസ്ക്സ്" എന്ന് കൈകൊണ്ടു ഒപ്പിടുകയും ചെയ്തിട്ടുണ്ടെന്നു " വെൽറ്റ് " പത്രം കുറിച്ചു.
ജർമ്മനിയിലെ സഭാ സിനോഡൽ പാതയും പുതിയ കമ്മിറ്റി രൂപീകരണവും.
ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസും (DBK) ജർമ്മൻ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റിയും (ZDK) നാല് വർഷങ്ങൾ മുമ്പ് ഒരുമിച്ച് ആരംഭിച്ച സിനഡാൽ പാത പരിഷ്ക്കരണപ്രക്രിയയുമാണ് പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിനുള്ള പശ്ചാത്തലം. കഴിഞ്ഞ നവംബർ 10-ന് പുതിയ ഒരു സഹനിർണ്ണയസമിതിയും സിനഡാൽ കമ്മിറ്റിയും ആദ്യമായി യോഗം ചേർന്നു. പക്ഷെ അന്ന് കൊളോൺ കർദ്ദിനാൾ റെയ്നർ മരിയ വോയ്ൽക്കിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ജർമ്മനിയിലെ നാല് യാഥാസ്ഥിതിക ബിഷപ്പുമാർ രണ്ടു ദിവസ വർക്കിംഗ് സെഷൻ ബഹിഷ്കരിച്ചു മാറി നിന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഈ കഴിഞ്ഞ മാർച്ചിൽ ജർമ്മൻ കത്തോലിക്കർ അവരുടെ മൂന്നര വർഷത്തെ സഭാ സിനഡാൽ പാത നവീകരണ പ്രവർത്തനം പൂർത്തിയാക്കിയിരുന്നു. അതെന്തായാലും സിനോഡാലിറ്റി-സംയുക്ത കൂടിയാലോചനയും തീരുമാനമെടുക്കലും ക്രമമായിത്തന്നെ തുടരണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിലൊന്ന്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇത് എങ്ങനെയിരിക്കുമെന്ന് സഭാ സിനഡാൽ കമ്മിറ്റി വ്യക്തമാക്കണം. അതിനുശേഷം ഒരു സിനഡാൽ കൗൺസിൽ രൂപീകരിക്കണം. ആ കൗൺസിലിൽ സാധാരണ സഭാ അംഗങ്ങൾക്ക് കൂടി സഭാതീരുമാന ങ്ങളെടുക്കുന്നതിൽ സ്ഥിരമായി തുല്യ അവകാശങ്ങളും സ്വന്തമായി അഭിപ്രായങ്ങളും ഉണ്ടായിരിക്കണം. ഇത്തരം ഒരു സ്ഥാപനത്തെപ്പറ്റി വിമർശനാത്മകമായിട്ടാണ് വീക്ഷിക്കുന്നതെന്ന് വത്തിക്കാൻ വളരെ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നതാണ്. നിരീക്ഷണ ഫലങ്ങൾ എന്ത്തന്നെയാകട്ടെ എല്ലാ വിശ്വാസികളെയും സഭാ ഐക്യത്തിൽ നിന്നു അകറ്റാൻ കഴിയുന്ന കാരണമാകാൻ ഇടയാകരുത്. സഭയിലെ ഐക്യത്തിന് വേണ്ടിയുള്ള ഉത്കണ്ഠ ജർമ്മനിക്ക് മാത്രമല്ല, മുഴുവൻ സാർവത്രിക സഭയ്ക്കും വളരെ പ്രാധാന്യമുള്ളതാണ്.
പ്രൊട്ടസ്റ്റന്റ് സഭ നേരിടുന്ന വെല്ലുവിളികൾ
സാർവത്രിക സഭയിലെ തീരാത്ത പ്രശ്നങ്ങൾപോലെ, ജർമ്മനിയിൽ പ്രൊട്ടസ്റ്റന്റ് സഭ പല ഭാഗത്തുനിന്നും സമ്മർദ്ദം നേരിടുന്നു. കഴിഞ്ഞ വർഷം സഭയിൽനിന്ന് 380000 രാജിക്കാരുടെ എണ്ണം ഉണ്ടായത് മുൻ വർഷത്തെ റെക്കാർഡ് തലത്തിൽ തുടരുന്നു. പുതിയ പ്രൊട്ടസ്റ്റന്റ് സഭാ കണക്കുകൾ സഭയിലെ ജനസംഖ്യാപരമായ പ്രശ്നവും വെളിപ്പെടു ത്തുന്നു. അതനുസരിച്ച് പ്രൊട്ടസ്റ്റന്റ് സഭയ്ക്ക് കഴിഞ്ഞ വർഷം നടന്ന മാമോദീസ വഴി 140000 പുതിയ അംഗങ്ങളെ ലഭിച്ചു. എന്നാൽ അതെ കാലയളവിൽ മരണത്തിലൂടെ 340000 പേരെ നഷ്ടപ്പെട്ടു. ഈ പരാമർശിച്ച കാര്യങ്ങൾ നിരവധി വർഷങ്ങളായി പ്രകടമായി ഉണ്ട്. എന്നാൽ ഇതു വരെ അവയുടെ ഫലങ്ങൾ സഭയിൽ അനുഭവപ്പെട്ടിട്ടില്ല, ഒരുവിധം നല്ല സാമ്പത്തിക സ്ഥിതി കാരണം. സഭയുടെ നികുതി വരുമാനം തുടങ്ങി പല കാര്യങ്ങളും സഭയ്ക്ള്ളിലെ സ്വന്തം ഘടനകളെക്കുറിച്ചുള്ള ചർച്ച സഭ തീരുമാനിക്കും. ഇപ്പോൾ വളരെ വർഷങ്ങൾക്ക് ശേഷം ആദ്യമായി പള്ളികളുടെ നികുതി അഞ്ചു ശതമാനത്തിലധികം കുറഞ്ഞു. വരും തലമുറകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവുകളും സാമ്പത്തിക സമ്മർദ്ദം ഇനിയും ഇനിയും വർദ്ധിക്കാൻ ഇടയുണ്ട്. പല സഭാംഗങ്ങളും വരുമാനക്കുറവിൽ വലയുന്നതുതന്നെ സഭയിലും ചില പാർശ്വഫലങ്ങൾ പ്രതീക്ഷിക്കാം. ഉദാഹരണമായി പറയട്ടെ. കുട്ടികൾ സ്വീകരിക്കുന്ന ആദ്യകുർബാന ആഘോഷം തന്നെ പഴയതിലും ഏറെ കുറവായി മാറിയിരിക്കുന്നു. ഓരോ സഭാ നികുതിദായകരിൽനിന്നും (അംഗങ്ങൾ നൽകുന്ന ചർച്ച് ടാക്സ് ) യഥാർത്ഥത്തിൽ പണം ആവശ്യമി ല്ലാത്ത "സമ്പന്നമായ പള്ളികൾ" എന്ന മിഥ്യയ്ക്ക് പിന്നിൽ അതിന്റെ മികച്ച ദിനങ്ങളുണ്ടായേക്കാം. പാസ്റ്ററുടെ ഓഫീസ്, പള്ളി, അല്ലെങ്കിൽ കിന്റർഗാർട്ടൻ എന്നിവ എന്നിവ പിടിച്ചെടുക്കാൻ കഴിയാത്ത രണ്ടു സഭകളും തുടർച്ചയായതും വേദനാജനകവുമായ മാറ്റങ്ങളുടെ നീണ്ട ചില മാറ്റങ്ങളുടെ ദീർഘഘട്ടത്തെ അഭിമുഖീകരിക്കുന്നത് ഉറപ്പാണ്. ഇതിനു ശക്തമായ ചില മാനസികഘടകങ്ങളുണ്ട്. സഭകളിലെ ഓരോ ജീവനക്കാരെയും സംബന്ധിച്ചിടത്തോളം ഇതൊരു പരാജയ വീഴ്ചയിൽ വീഴുകയല്ല, മറിച്ച് ലഭ്യമായ അവസരങ്ങൾ സ്ഥിരോത്സാഹത്തോടെ ഉപയോഗിക്കുക എന്നതാണ്. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് പള്ളികളുo അവയുടെ ക്ഷേമഏജൻസികളും ജർമ്മൻ ഭരണകൂടം കഴിഞ്ഞാൽ ഏറ്റവും വലിയ സ്ഥാപനങ്ങളാണ്. മാത്രമല്ല, ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകരെ ബന്ധിപ്പിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ഇന്ന് പള്ളികളുടെ ചുരുങ്ങലിന് ഒരു സാംസ്കാരിക ഘടകമുണ്ട്. ക്രിസ്ത്യൻ സമൂഹത്തിന് അതൊരു വലിയ വിലങ്ങുതടിയാണ്.
ജർമ്മനിയിൽ ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾ കുറവായിരിക്കുന്നു.
കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. സാധാരണയായിട്ട് ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ച്ച പരമ്പരാഗതമായി കത്തോലിക്കാ സഭയിലെ ആചാരപരമായ ആദ്യകുർബാന സ്വീകരണദിനമായി അന്ന് ആചരിച്ചിരുന്നു. ആ ദിവസം കുട്ടികളുടെ എണ്ണം കുറവായതിനാൽ ആദ്യകുർബാന സ്വീകരണവും കുറവായി. ഇത്തരം ചില കാരണങ്ങൾ മാത്രമല്ല, അനേകം സഭാംഗങ്ങൾ സഭ വിട്ടുപോയി എന്നത് മറ്റൊരു വൻ യാഥാർത്ഥ്യമാണ്. ചട്ടംപോലെ കുട്ടികൾ ആദ്യകുർബാന സ്വീകരിക്കു മ്പോൾ അവർക്ക് എട്ടു മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുണ്ട്. ഇപ്പോൾ അവരുടെ എണ്ണം ഏകദേശം 60-70 ശതമാനമായി കുറഞ്ഞു. അവരുടെ മാതാപിതാക്കൾ സഭാവിട്ടു പോകുന്നതിന്റെയും അനന്തര ഫലങ്ങൾ ഏറെയാണ്. ഇപ്പോൾ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സഭയിൽ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുസംസാരം.
വി. കുർബാനയിൽ പങ്കെടുക്കുവാൻ ആളുകൾ തീർത്ത് കുറവായി.
ഇപ്പോൾ അംഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ വർഷം മാത്രം ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റെഫാലിയയിലെ കുറെ കത്തോലിക്ക പള്ളികളിൽ നിന്നും പ്രൊട്ടസ്റ്റന്റ് പള്ളികളിൽ നിന്നും 197012- നും 223500 ഇടയ്ക്ക് വരുന്ന അത്രയും ആളുകൾ സഭയിൽനിന്നു വിട്ടുപോയി. വി. കുർബാനയിൽ പങ്കെടുക്കുവാൻ വേണ്ടി പള്ളിയിൽ വരുന്നവരുടെ എണ്ണം കുത്തനെ താഴേയ്ക്ക് കുറഞ്ഞു. യുവജനങ്ങൾ, അതുപോലെ അനേകം സഭാംഗങ്ങൾ കുട്ടികൾ- മുമ്പുണ്ടായിരുന്നതു പോലെ ആരും ഇപ്പോൾ പള്ളിയിലേക്ക് വരുന്നില്ല. ഞായറാഴ്ചകളിൽ ഓരോ പള്ളികളിലേക്ക് നിറയെ ആളുകൾ വന്നു വി.കുർബാനകളിൽ പങ്കെടുത്തിരുന്ന ഒരു കാലത്തെ ഞാൻ ഓർമ്മിക്കുന്നു. ഇപ്പോൾ ഈ പള്ളികളിൽ കൂടിയാൽ നാൽപ്പതിനും നാല്പത്തിയഞ്ചിനും ഇടയ്ക്ക് എണ്ണം മാത്രമുള്ള ആളുകൾ ഞായറാഴ്ചകളിൽ വി.കുർബാനയിൽ പങ്കെടുക്കാൻ വരുന്നു.
ജർമ്മനിയിൽ ഈയൊരു കണക്ക് മറ്റെവിടെയെക്കാളും വ്യത്യസ്ഥമല്ല. അതിനാൽത്തന്നെ ഇടവകകളുടെ കമ്മ്യുണിറ്റി ചുമതലയുള്ളവർക്ക് മറ്റു ആളുകൾക്കും ആളുകളെയും പ്രത്യേകിച്ച് കുട്ടികളെയും സഭാ വിശ്വാസകാര്യങ്ങളിലും അതുപോലെ കത്തോലിക്കാ സഭയെയും കൂടുതൽ അടുത്തുനിറുത്തി സഹകരിപ്പിക്കുന്നതിൽ എളുപ്പമല്ലാതെ ആയിരിക്കുന്നു. കേരളത്തിൽ സീറോമലബാർ സഭയിലുള്ള ഇടവക തലങ്ങളിൽ തുടങ്ങിയിട്ടുള്ള കുടുബ കൂട്ടായ്മാ സംവിധാനം പോലെ ജർമ്മനിയിൽ കുടുംബങ്ങളെ ഉൾക്കൊള്ളുന്നതിനായി ആദ്യ കൂട്ടായ്മാ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. എന്നാലത് ഗണ്യമായി ചുരുങ്ങി. ഇന്ന് കൂട്ടായ്മകളുടെ കണ്ടുമുട്ടൽ തീർത്തും ഇല്ലെന്നായിക്കൊണ്ടിരിക്കുന്നു. ആദ്യകുർബാന ആഘോഷം തന്നെ പഴയതിലും വളരെ ശാന്തമായി മാറിയിരിക്കുന്നു. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം കാരണം കുടുംബകൂട്ടായ്മക്ക് അംഗമാകുന്നത് പരാജയപ്പെടുമെന്നത് പുതിയ ചിന്താവിഷയമായി. സഭയിലെ ഐക്യത്തിനായുള്ള ഉത്കണ്ഠ ഒരു പ്രത്യേക രാജ്യത്തു മാത്രമല്ല, മുഴുവൻ സാർവത്രിക സഭയ്ക്കും വളരെ പ്രധാനമുള്ളതാണ്.
സീറോമലബാർസഭ ആരുടേതാണ്? ആരാണ് നിർമ്മാതാവ്?
ക്രിസ്ത്യൻ സഭ വേദനാജനകമായ മാറ്റങ്ങൾ നേരിടുകയാണ്. ഇപ്പോൾ സഭാധികാരികൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. കത്തോലിക്കാ സഭയിൽ ലോകത്തിലെ ഏറ്റവും വലിയ മതസംഘടനകളിൽ പ്രധാനപ്പെട്ടതാണ് ഇന്ന് സീറോ മലബാർ സഭ. ഈ ക്രിസ്ത്യൻ മതവിഭാഗത്തിന്റെ പഠന വിശ്വാസങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ദശലക്ഷക്കണക്കിന് വിശ്വസ്തരായ കുറെ അനുയായികളെ ഈ സഭ ഉൾക്കൊള്ളുന്നു. ഇന്ന് അതിനൊരുദാഹരണമാണ് കേരളത്തിലുള്ള സീറോ മലബാർ സഭാ വിശ്വാസികൾ. ഈ സഭ നിർദ്ദേശിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ അവയൊന്നും ബൈബിളിലോ സഭയുടെ കാനോൻ നിയമത്തിലോ പോലും ഉണ്ടോ? കൂദാശകർമ്മങ്ങൾ, കല്പനകൾ, പ്രാർത്ഥനകൾ, അത് മാത്രമല്ല, ആരാധന തുടങ്ങിയവ ബൈബിളിൽ പോലും ഉണ്ടോ? ഇവർ കൽപ്പിക്കുന്ന കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ ഇല്ല.
സീറോ മലബാർ സഭയുടെ മേലധികാരികളായ മെത്രാന്മാരുടെ ഉന്നത സമ്മേളനം പാലായിലുള്ള ബിഷപ്പ്സ് ഹൌസിൽ നടന്നു. അവരാണ് സഭയുടെ ഭാവി പരിഷ്ക്കരണങ്ങൾ തീരുമാനിക്കുന്നത്. സഭയെന്നു വിവക്ഷിക്കപ്പെടുന്നത് ആരെ, എന്തിനേ ഉദ്ദേശിച്ചുള്ളതാണെന്നു ഒരു വിശ്വാസിയും ചിന്തിക്കാനുള്ള അവസരം മെത്രാന്മാർ നൽകുന്നില്ല. എന്നാൽ സഭയുടെ മേലധികാരിയായ ബിഷപ്പ് തട്ടിൽ പറയുന്നത്, "എല്ലാവരും ഒരുമിച്ചു കിടന്നുറങ്ങാം, ഒരുമിച്ചു സഞ്ചരിക്കാം, ഒരുമിച്ചു ധനസഹായങ്ങൾ സഭയ്ക്ക് നൽകാം", എന്ന് സ്വപ്നസഹോദരതുല്യമായ പ്രസ്താവനകൾ അദ്ദേഹം വായ് തുറന്നടിക്കുന്നുണ്ട്. ഇതൊന്നും സീറോ സഭയുടെ- വിശ്വാസികളുടെയും പുരോഹിതരുടെയും പുരോഹിത ശേഷ്ഠന്മാരുടെയും ഐക്യത്തിനായുള്ള പരിഹാരമല്ല. സീറോമലബാർ സഭയിലെ മെത്രാൻ തുടങ്ങി വൈദികർ പോലും ദുരുപയോഗവിവാദം ഈ കഴിഞ്ഞ നാളുകളിൽ നടന്നു. പീഡിപ്പിക്കപ്പെട്ടവർ- സഭയിലുള്ള കന്യാസ്ത്രികൾ പോലും അത്തരം പീഡനങ്ങൾക്ക് ഇരയായിട്ടും ഈ കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ കോടതിയിലും പോലീസിലും പരാതികൾ നൽകി. എന്ത് ഫലം? ഇന്നും കുറ്റവാളികൾ നിർദ്ദോഷികൾ!പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രികൾ കുറ്റവാളികളുമായി പരസ്യപ്പെട്ടു. പീഡന പ്രതി ഫ്രാങ്കോ മെത്രാൻ തെളിവെടുപ്പ് സമയത്തു പാലായിലെ ജയിലിൽ ആയിരിക്കുമ്പോൾ, പാലായിലെയും അതുപോലെ തന്നെ കേരളത്തിലെ പ്രമുഖ ആത്മീയ- രാഷ്ട്രീയനേതാക്കളും ആ ജയിലിൽ നേരിട്ട് ദർശിച്ചു ഫ്രാങ്കോ മെത്രാനെ സന്തോഷിപ്പിച്ച വിശേഷങ്ങൾ എല്ലാ പത്ര-ടെലിവിഷൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതാണ്.
ഇതുമാത്രമല്ല അങ്കമാലി- എറണാകുളം അതിരൂപതയിൽ ജനാഭിമുഖ വിശുദ്ധ കുർബാന അർപ്പണക്കാര്യത്തിൽ മെത്രാന്മാരുടെ കടുത്ത നിലപാട് ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കുന്നില്ല. ഈ മെത്രാന്മാർ ഇന്ത്യയ്ക്ക് വെളിയിൽ, ഉദാ: യൂറോപ്പിൽ വി. കുർബാന അർപ്പിക്കുന്നത് ജനാഭിമുഖമാണല്ലോ. അപ്പോൾ "ഞാൻ പിടിക്കുന്ന മുയലിനു ഏഴു കൊമ്പ് ഉണ്ട് " എന്ന അവരുടെ തറപറ്റിയ ഈ നിലപാട് മാത്രം മതി അല്മായരുടെ ശരിയായ അറിവ് ലോകം അതിശക്തമായി ശരിവയ്ക്കുമെന്നുള്ള യാഥാർത്ഥ്യം. സീറോ മലബാർ മെത്രാന്മാർ മാർപാപ്പയുടെ യാതൊരു നിർദ്ദേശങ്ങളും സ്വീകരിക്കുന്നില്ല. മാർപാപ്പ സീറോമലബാർ സഭയുടെ നിലവിലിരിക്കുന്ന പ്രശ്നങ്ങളിൽ അന്തിമ തീരുമാനമെടുക്കുകയില്ലെന്നു പറഞ്ഞു. സീറോമലബാർ സഭ മലങ്കര സഭ പോലെ സാർവ്വത്രികസഭയിൽനിന്നും വിട്ടുപിരിഞ്ഞു മാറിയ ഈ വിവരം സഭാവിശ്വാസികൾ അറിഞ്ഞിട്ടില്ല. ഈ സഭാമേലധികാരികൾ അനേകം രഹസ്യ ബോംബുകൾ അവരുടെ അധികാര കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്നു. ഇപ്പോൾ സീറോ മലബാർ സഭാ മെത്രാന്മാരും പുരോഹിതരും കരുതുന്നത് അല്മായ സമൂഹം അവരുടെ ആവശ്യവും ഏതുനിർദ്ദേശങ്ങളും കല്പനകളും സ്വയം സ്വീകരിച്ചു അവരെയാകെ അനുസരിച്ചു ജീവിക്കണമെന്നാണ്. സഭാ മെത്രാന്മാർ പ്രാഥമികമായി മനസ്സിലാക്കണം അല്മായരില്ലാതെയുള്ള സിനഡാൽ വഴി, അവരാണ് സഭ, എന്ന തത്വശാസ്ത്രം കാതലുറച്ച വൻ നുണയുടെ തത്വശാസ്ത്രം തന്നെയാണ്. സിനഡ് എന്നത് സഭയുടെ പാർലമെന്റാണ്. അതിൽ സഭാവിശ്വാസികൾക്ക് അംഗമാകാൻ അവകാശമുണ്ട്.
സീറോമലബാർ സഭയിൽ പുരോഹിതവിഭാഗം വിശ്വാസികൾക്ക് നേരെ പുലർത്തുന്ന ഏകാധിപത്യ നിലപാട് കാരണം സഭയിൽനിന്നും അല്മായർ വിട്ടുപോകുകയില്ലെന്നു കരുതാൻ കഴിയുന്നില്ല. ഇടവക വികാരിമാർ വി.കുർബാന അർപ്പിക്കുന്നതിനിടെ നടത്തുന്ന പ്രസംഗം അല്മായരെ ചീത്ത പറഞ്ഞുകൊണ്ടാണ്. ഉദാഹരണമായി, കാഞ്ഞിര പ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകപ്പള്ളിയിൽ വികാരിയായി ജോലി ചെയ്യുന്ന മോൺസിഞ്ഞോർ പദവിയുള്ള വികാരി പണപ്പിരിവിന്റെ വിഷയമാണ് പ്രധാന പ്രസംഗവിഷയമാക്കുന്നത്. ഇടവകക്കാർ ഇവിടെ സ്തോസ്ത്രക്കാഴ്ച കൂടുതൽ നൽകിയില്ലെങ്കിൽ അവർ ആശുപത്രി ഐ. സി. യു. വിൽ രോഗിയായി കയറി കഷ്ടതകൾ അനുഭവിക്കുന്ന നേരം നിങ്ങൾ അറിയും എന്ന് പ്രസംഗിക്കുന്നു. ഇതാണോ വൈദിക ആത്മീയത? പള്ളിയിൽ ഇവർ കുർബാനയർപ്പിക്കുന്നത് എന്തിനാണ്? നിരവധി പ്രശ്നങ്ങൾ കാരണമാണ് സാർവത്രിക സഭയിൽനിന്നും ഈ കഴിഞ്ഞ വർഷം നാലു ലക്ഷത്തിലധികം ജർമ്മൻ വിശ്വാസികൾ സഭ വിട്ടുപോയത്. യേശുക്രിസ്തുവിനെ കുരിശിൽതറച്ചു വധിക്കണമെന്ന് എന്തിനാണ് നിർദ്ദേശിച്ചത് ? അന്നു യേശു പറഞ്ഞു, "ഈ ദേവാലയം എന്റെ പ്രാർത്ഥനാലയമാണെന്ന്, ഈ ദേവാലയം കച്ചവടസ്ഥലമല്ല, പണം പിടിച്ചെടുക്കാനുള്ള ഒരു സ്ഥലമല്ലെന്ന് യേശുക്രിസ്തു പറഞ്ഞു. അപ്പോഴാണല്ലോ പുരോഹിതർ യേശുക്രിസ്തുവിനെ വധിക്കണമെന്നു പറഞ്ഞത്. ഈ പ്രവർത്തി ഇന്നും പള്ളികളിൽ ആവർത്തിക്കുന്നു. പള്ളികൾ സിനിമാതീയേറ്ററുകൾ അല്ല, സിനിമാ കാണുവാൻ പണം കൊടുക്കണം. വി.കുർബാന കാണാൻ പള്ളിയിൽ വരുന്നവരെല്ലാം "സ്തോസ്ത്രകാഴ്ച" എന്ന് വിളിക്കപ്പെടുന്ന പണം കൊടുത്ത് വേണോ കുർബാനയിൽ പങ്കെടുക്കുവാൻ? പള്ളികൾ എന്താണെന്നും സഭാ ഭരണഘടനയിൽ വിവരിച്ച കാര്യം എന്തെന്നും എല്ലാ പുരോഹിതരും മെത്രാന്മാരും വായിച്ചു മനസ്സിലാക്കിയോ എന്ന് വിശ്വാസികൾ ഇന്ന് ചോദിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയും സഭാപ്രതിസന്ധികളും
മറ്റ് രാജ്യങ്ങളിൽ ഇപ്പോഴും നടക്കുന്ന തീരാവ്യാധികളാണ് നിരവധി വർഷങ്ങൾക്ക് മുമ്പ് നടന്ന ലൈംഗിക ദുരുപയോഗ വിവാദങ്ങളുടെ കഥകൾ. ഒരു സംഭവം ഇവിടെ കുറിക്കാം. ഇത്തരം വിഷമകരമായ വിവാദങ്ങളെത്തുടർന്ന് ബൽജിയത്തുള്ള ഒരു രൂപത- ബ്രൂഗസിന്റെ മുൻ ബിഷപ്പ് റോജർ വാങ് ഹെല്വെയെയും ഫ്രാൻസിസ് മാർപാപ്പ ബിഷപ്പിന്റെ പൗരോഹിത്യത്തിൽ നിന്നും നീക്കി. ഇപ്പോൾ 87 വയസ്സ് പ്രായമുള്ള മുൻ ബിഷപ്പ് 2011-ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ തന്റെ രണ്ട് മരുമക്കളെ വർഷങ്ങളായി ലൈംഗികമായി ദുരുപയോഗം ചെയ്തതായി സമ്മതിച്ചു. എന്നിരുന്നാലും ആ സമയത്ത് ഉപയോഗിച്ച പെരുമാറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു. ഈ ആരോപണങ്ങൾ കാരണം ബിഷപ്പ് സ്ഥാനം രാജിവച്ചെങ്കിലും വൈദികനായി തുടർന്നു. എന്നാൽ വത്തിക്കാനിൽ നിന്നും നടപടിയുണ്ടായി. വൈദികനായി തുടരാൻ മാർപാപ്പ അനുവദിച്ചില്ല. വൈദികസ്ഥാനം മാർപാപ്പ നിരോധിച്ചു. 1984 മുതൽ 2010 വരെ ബ്രൂഗസ് രൂപതയിൽ മുൻ ബിഷപ്പ് റോജർ രൂപതാ ആസ്ഥാനത്തിരുന്നതാണ്. എന്തുകൊണ്ടാണ് വത്തിക്കാൻ പുതിയ ശക്തമായ നിലപാട് സ്വീകരിക്കുന്നത്? പുതിയ ഗുരുതരമായിട്ടുള്ള ഘടകങ്ങൾ കാരണമായിട്ടുള്ള സംഭവങ്ങൾ കത്തോലിക്ക സഭയിൽ ഉണ്ട്. മുൻ ബിഷപ്പിന്റെ സ്വന്തം താല്പര്യപ്രകാരം ഫ്രാൻസിലെ ഒരു ആശ്രമത്തിൽ താമസിക്കുന്നുവെന്ന് വാർത്തകളുണ്ട്. കേരളത്തിൽ ഫ്രാൻകോ മെത്രാൻ കുറ്റക്കാരനായിരുന്നിട്ടും സഭ ഒരു നടപടിയും ഉണ്ടായില്ല.
ഓസ്ട്രേലിയയിൽ കത്തോലിക്കാ സഭ നേരിട്ട പ്രതിസന്ധികൾ.
ദുരുപയോഗ ആരോപണത്തിൽ ഓസ്ട്രേലിയയിൽ ഒരു മുൻ ബിഷപ്പ് പ്രതിയായിത്തീർന്നത് ഗുരുതരവും അഗാധവുമായ അസ്വസ്ഥതകൾ ക്ക് ഇടയായി. മുൻ ഓസ്ട്രേലിയൻ ബിഷപ്പ് ക്രിസ്റ്റഫർ സോൻഡേഴ്സിനെ തിരെ സഭാതലത്തിൽ നിയമ നടപടിയെടുക്കുന്നതിന് വത്തിക്കാൻ അന്വേഷിച്ചു. എന്താണ് മെത്രാന് എതിരെ ഉയർന്ന ആരോപണങ്ങൾ? സ്വദേശികളായ ചില യുവാക്കളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പറയപ്പെട്ടിരുന്നു. 74 വയസുള്ള അദ്ദേഹത്തെ തന്റെ വീട്ടിൽ നിന്ന് ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി എന്ന വാർത്ത പോലീസിനെ ഉദ്ധരിച്ചു ഗാർഡിയന്റെ ഓസ്ട്രേലിയൻ പതിപ്പ് റിപ്പോർട്ട് ചെയ്തു.
1995- ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ബ്രൂമിലെ ബിഷപ്പ് ആയി നിയമിച്ചിരുന്നു. ദുരുപയോഗ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ 2020-ൽ സസ്പെൻഡ് ചെയ്തിരുന്നു. 2021-ഓഗസ്റ്റിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിൻറെ രാജി സ്വീകരിച്ചു. എന്നാൽ ബിഷപ്പിന് എതിരെ ഉണ്ടായ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഹോളി സീ ഓസ്ട്രേലിയൻ പൊലീസിന് 200 പേജുള്ള ഒരു റിപ്പോർട്ട് അയച്ചു. ഓസ്ട്രേലിയക്കാരായ നാല് യുവാക്കൾക്കെതിരായ നാല് ലൈംഗികാതിക്രമങ്ങളിൽ ബിഷപ്പ് കുറ്റക്കാരനാണെന്നും 687 പേർ പരാതികൾ നൽകി. 2008 ലും അതിനു ശേഷമുള്ള കാലയളവിലും ബന്ധപ്പെട്ടതാണ് ആരോപണങ്ങൾ. ഇതിൽ അധികാരികളുമായി ചേർന്ന് സഹകരിക്കുമെന്ന് ഓസ്ട്രേലിയൻ ബിഷപ്പ് കോൺഫറൻസ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ വിടണമെന്ന് നൽകിയ പ്രതിയുടെ അപേക്ഷ തള്ളിയതായി പോലീസ് അറിയിച്ചു. ആരോപണo ഗൗരവമുള്ളതും സമൂഹത്തിൽ ആഴത്തിൽ അസ്വസ്ഥമാക്കുന്നതും കോടതിയിൽ ഹാജരാകേണ്ട കേസുമാണല്ലോ എന്നാണ് പോലീസ് നിലപാട്. പലപ്പോഴും ശരിയായ തെളിവുകളുടെ അഭാവത്തിൽ അന്നത്തെ ഓസ്ട്രേലിയയിലെ പബ്ലിക് പ്രോസിക്യൂട്ടർ ആ സമയത്തു കുറ്റം ചുമത്തിയുമില്ല. തുടർന്ന് വത്തിക്കാൻ സ്വന്തം ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. ബിഷപ്പ് കുറ്റക്കാരൻ ആണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു.
* സാർവത്രിക സഭയിൽ ഇങ്ങനെയുള്ള നീറിപ്പുകയുന്ന സംഭവങ്ങൾ പലതും ലോകം കാണുന്നു.
മറ്റുള്ള വിവിധ കാര്യങ്ങൾ -തുടർച്ച :
Part- 2-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. : //-
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
******************************************************************************