Donnerstag, 26. Dezember 2013

ധ്രുവദീപ്തി// കവിത // യവനിക നീങ്ങിയപ്പോൾ // Nandini Varghese

Nandhini Varghese
ധ്രുവദീപ്തി// കവിത // 


യവനിക നീങ്ങിയപ്പോൾ //  


 നന്ദിനി വർഗീസ് 


കത്തിയെരിയുന്ന തിരി തന്‍ വെളിച്ചത്തില്‍
ആ മുഖത്തേയ്ക്ക് ഞാന്‍ ഉറ്റു നോക്കി
കൈകള്‍ വിറച്ചു , ആ ചെറു കടലാസ് 
താഴെ വീണെങ്ങോ  പറന്നു പോയി
                 
               മാഞ്ഞില്ല  ആ മുഖം മനസ്സിന്‍ മടിത്തട്ടില്‍ 
               ആഴത്തിലങ്ങു  പതിഞ്ഞു  പോയി  
               ആരായിരുന്നത് ഉറക്കെ ചിന്തിച്ചു ഞാന്‍
               എന്നോട്  തന്നെ  പറഞ്ഞു  നോക്കി 

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

                ഒത്തിരിയൊത്തിരി ഓര്‍മകള്‍ പിന്നെയും
                എന്‍  മനതാരില്‍ തെളിഞ്ഞു വന്നു
                ഓര്‍ത്തു ഞാന്‍ ആ സ്നേഹം ഉള്ളില്‍ പതിയവെ
                കാലത്തിലേയ്ക്ക്  തിരിഞ്ഞു നോക്കി


"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .ഭൂമി  രൂപരഹിതവും  ശൂന്യവുമായിരുന്നു. ആഴത്തിന് മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍ ചൈതന്യം വെള്ളത്തിനു മേല്‍ ചലിച്ചു
കൊണ്ടിരുന്നു ..."


                 ചൈതന്യ ശ്രോതസാം ദൈവമാം കര്‍ത്താവു
                 നന്മയും തിന്മയും വേര്‍തിരിച്ചു
                  ഇരുളില്‍ പ്രകാശം കടന്നു വന്നു
                  സ്വച്ഛായയില്‍ മര്‍ത്യനെ മെനഞ്ഞെടുത്തു .
സൗഭാഗ്യ പൂര്‍ണ്ണമാം ജീവിതം സിദ്ധിച്ച
സൃഷ്ടിയാം മര്‍ത്യനോ സൃഷ്ടാവിനെ
ധിക്കരിച്ചന്യനായ് അപരാധിയായ്
ലജ്ജിച്ചു തലതാഴ്ത്തി നിന്ന് പോയി

                   സ്വച്ഛന്ത സുന്ദരമായൊരാ ജീവിതം
                   സ്വാര്‍ത്ഥത മൂലം വെടിഞ്ഞു മര്‍ത്യന്‍
                   സ്വന്തം വിയര്‍പ്പുകൊണ്ടപ്പം ഭക്ഷിച്ചവന്‍
                   മണ്ണോടു മണ്ണായി തീര്‍ന്നിടുന്നു

എങ്കിലും  കര്‍ത്താവ്  തന്നുടെ  മക്കളെ 
സ്നേഹിച്ചു  വീണ്ടും  അരുമയോടെ 
പാപിയെ  സ്നേഹിച്ചു  പാപം പൊറുത്തു 
സ്നേഹത്തിന്‍  ഉറവയാം  നല്ല ദൈവം

           കര്‍ത്താവ്  തന്നുടെ വാത്സല്യ മക്കള്‍ക്ക്‌
           കാനാന്‍ ദേശം ഒരുക്കിടുന്നു
           അബ്രഹാം ഇസഹാക്ക് യാകോബ് വഴിയായി
           ഇസ്രേല്‍ ജനത്തെ നയിച്ചിടുന്നു

ദൈവമാം കര്‍ത്താവ് തന്നുടെ സ്നേഹം
തന്‍ മക്കള്‍ക്ക്‌ വീണ്ടും വെളിപ്പെടുത്തി
പത്തു പ്രമാണങ്ങള്‍ നല്‍കിടുന്നു
നേര്‍വഴിക്കവരെ നയിച്ചിടുന്നു

         കാലത്തിന്‍ യവനികയ്ക്കുള്ളില്‍ മറയുന്നു
         മോശയും ജോഷ്വയും രാജാക്കളും
         എസ്രാ  നെഹമിയ   തോബിത്ത്  യൂദിത്ത് 
         സഹനത്തിന്‍  മാതൃകയായ  ജോബും  

പിന്നെയും പിന്നെയും ഓരോന്നുമോര്‍ത്തോര്‍ത്തു
തെല്ലിടെ ഞാനങ്ങിരുന്നിടുമ്പോള്‍
തപ്പുകള്‍ കൊട്ടുന്നു തംബുരു മീട്ടുന്നു
ആത്മാവില്‍ നിറയുന്നു സങ്കിര്‍ത്തനം


           തങ്ങളെ  സൃഷ്ട്ടിച്ച   സ്വര്‍ഗീയ താതനെ
           സൃഷ്ട്ടിയാം  മര്‍ത്യന്‍  അവഗണിച്ചു    
           സൃഷ്ട്ട വസ്തുക്കളെ  കുമ്പിടുന്നു 
           ആ  നല് പിതാവിനെ മറന്നിടുന്നു 

തിന്മ  പെരുകുന്നു  വഞ്ചന നിറയുന്നു 
പത്തു   പ്രമാണങ്ങള്‍   മറന്നിടുന്നു   
പാപത്തിന്‍ കുഴിയില്‍  അകപ്പെടുന്നു
സാത്താന്‍ തന്‍  പിടിയില്‍ അമര്ന്നിടുന്നു 

              തന്നെ  മറക്കുന്ന, തന്നെ  വെറുക്കുന്ന  
               നന്ദിയില്ലാത്ത ജനതയിന്മേല്‍
              കര്‍ത്താവ് വീണ്ടും തന്‍ കാരുണ്യം വര്‍ഷിച്ചു
              തന്നേകജാതനെ നല്‍കിയവന്‍

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

സ്വര്‍ഗീയതാതന്‍ തന്‍ ദൂതുമായി ഗബ്രിയേല്‍
 മറിയത്തിന്‍  ഭവനത്തില്‍   എത്തി വേഗം
നന്മ നിറഞ്ഞൊരാ കര്‍ത്താവിന്‍ ദാസിയെ 
അമ്മയായ് ദൈവം തിരഞ്ഞെടുത്തു


രണ്ടായിരം കൊല്ലം മുമ്പ് ജെറുസലേം
കാലിത്തൊഴുത്തില്‍ പിറന്നു വീണു
പാപിയെ സ്നേഹിച്ചു വീണ്ടെടുത്തീടുവാന്‍
മര്‍ത്യനായ്  ഭൂമിയില്‍  ദൈവപുത്രന്‍

                കാലം  കടന്നു  പോയി ആ ദൈവപൈതല്‍
                തിരുക്കുടുംബത്തിന്‍  പ്രകാശമായി    
                സകല  ജ്ഞാനത്തിലും ഒന്നാമനായി  അവന്‍ 
                നിത്യ ജീവന്റ്റെ   ഉറവയായി  

പാവനാത്മവിനാല്‍  പൂരിതനാകുവാന്‍ 
യോര്‍ദ്ദനാന്‍      തീരത്ത്‌ വന്നു നാഥന്‍ 
സ്വര്‍ഗം  തുറന്നു   കപോതമായ്      ആത്മാവ്
ചാരത്തണഞ്ഞു  തിരുസുതന്റ്റെ


           ആതമാവാല്‍ പ്രേരിതനായിട്ടു തമ്പുരാന്‍
           മരുഭൂമിയിലേയ്ക്ക് ചെന്നിടുന്നു
           രാവും പകലും ഉപവസിച്ചു
           സാത്താന്റ്റെ തന്ത്രത്തെ തച്ചുടച്ചു

അമ്മ തന്‍ ഓമനപുത്രനായ്  വാണവന്‍
അമ്മയുമൊന്നിച്ചു അന്നൊരുനാള്‍
കാനായില്‍ വച്ച് വിരുന്നു തന്‍ വേളയില്‍
വെള്ളം വീഞ്ഞാക്കി ദൈവപുത്രന്‍

            മരണത്തിന്‍ നിഴല്‍ വീണ താഴ്വര തന്നിലെ
            ജീവന്റ്റെ സ്രോതസായി പോന്നു നാഥന്‍
            നിത്യജീവന്റ്റെ പരിമളമായി അവന്‍
            അന്ധകാരത്തില്‍ പ്രകാശമായി

ആ പ്രകാശത്തിന്‍   കിരണങ്ങളാകുവാന്‍ 
ശിഷ്യ ഗണത്തെ തിരഞ്ഞെടുത്തു 
അജ്ഞരായുള്ളോരു   മുക്കുവരിലേയ്ക്ക്  
വിജ്ഞാനമായി    കടന്നു നാഥന്‍ 

             അന്ധനു  കാഴ്ചയും  ചെകിടന് കേള്‍വിയും
             കുഷ്ഠ രോഗികള്‍ക്ക് സൗഖ്യവുമായ്
              വചനം പ്രസംഗിച്ചു കടന്നു പോയി  നാഥന്‍
              വഴിയും സത്യവും ജീവനുമായി

ദൈവത്തിന്‍ ന്യായസനത്തിനു മുമ്പാകെ
നീതിമാന്മാരായി  നിന്നീടുവാന്‍
മര്‍ത്യഗണത്തെ ഒരുക്കി നാഥന്‍
വചനത്തിന്‍  ദീപമായ്  യേശുനാഥന്‍

           സ്വര്‍ഗീയതാതന്റ്റെ   ഓമനപുത്രനെ
           സ്വാര്‍ത്ഥരാം മര്‍ത്യര്‍ അവഗണിച്ചു
           ഒറ്റി ക്കൊടുത്തവന്‍  തന്നുടെ ഗുരുവിനെ
           തള്ളിപ്പറയുന്നു   പ്രിയ ശിഷ്യര്‍

തന്നുടെ വാത്സല്യ മക്കടെ പാപങ്ങള്‍
എ ല്ലാം ചുമന്നു നടന്നു നാഥന്‍
കാല്‍വരിയിലേയ്ക്ക് ചെന്നിടുന്നു 
യാഗമായി  തീരുന്നു  പൊന്നുതാതന്‍ 

          ഞെട്ടി ത്തെറിച്ചു ഞാന്‍  ഓര്‍മകള്‍ മുറിയവെ
          ദു : ഖമാം  ആഴിയില്‍  ആണ്ടു പോയി 
          എന്തിനാണെന്തി നാണെന്‍ പ്രിയ താതനെ 
          കുരിശില്‍  തറച്ചത്  ചോദിച്ചു പോയി  

മായാത്ത ആ മുഖം മനസ്സില്‍ പതിഞ്ഞുടന്‍
എന്നോട് ചൊല്ലി അരുമയായി
"പാപിയാം മര്‍ത്യനെ വീണ്ടെടുത്തീടുവാന്‍
കുരിശില്‍ മരിച്ചു ഞാന്‍ കുഞ്ഞോമനേ "

          
          യേശു    എന്നേശു   മറ്റാരെയേക്കാളും
          എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
          പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
          ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 
                                                
യേശു മരിച്ചു ......          
ഭൂമി വിറച്ചു ......
സൂര്യന്‍  ഇരുണ്ടു.....
പാറ പിളര്‍ന്നു ........

             ദേവാലയത്തിന്‍ തിരശീല രണ്ടായി
             മുകള്‍ മുതല്‍  താഴേയ്ക്ക് കീറിടുന്നു
             മാനവരാശി തന്‍ വീണ്ടെടുപ്പിനായ്
             യാഗമായി ഭൂമിയില്‍ ദൈവപുത്രന്‍



ആ സ്നേഹമോര്‍ത്തോര്‍ത്തു പിന്നെയും  പിന്നെയും
എന്‍ മനമാകെ തുടിച്ചിടുന്നു
സ്നേഹിച്ചു    സ്നേഹിച്ചു പാപിയാം മര്‍ത്യനെ 
വീണ്ടെടുത്തീടുന്നു    യേശു  നാഥന്‍  

            സ്നേഹമാം തമ്പുരാന്‍ പിന്നെയും തന്നുടെ
            മക്കള്‍ക്ക്‌ നല്‍കി സഹായകനെ
            അഗ്നിനാളങ്ങളായി കടന്നു വന്നു
            പാവനത്മാവിനാല്‍ പൂരിതരായ്
            

ആത്മാവാല്‍ നിറയുവാന്‍ .......
വീണ്ടും ജനിക്കുവാന്‍......
സ്വര്‍ഗ്ഗ രാജ്യത്തില്‍   പ്രവേശിക്കുവാന്‍ .......
കാത്തിരിക്കുന്നു  ഞാന്‍ യേശുനാഥാ....... 
കനിവോടെ എന്നെ  നീ കാണണമേ.......



നന്ദിനി

Donnerstag, 19. Dezember 2013

ധ്രുവദീപ്തി// Religion // പൗരസ്ത്യ സഭകളുടെ കാനോന സംഹിതയിലെ ദിവ്യകാരുണ്യ ദർശനം // Fr.Dr.Thomas Kuzhinapurath



ധ്രുവദീപ്തി// Religion // 



പൗരസ്ത്യ സഭകളുടെ കാനോന 
സംഹിതയിലെ ദിവ്യകാരുണ്യ ദർശനം // 

Fr. Dr. Thomas Kuzhinapurathu

കാനോനിക പഠനങ്ങൾ-

(2009 ഒക്ടോബർ 21 മുതൽ 25 വരെ റാഞ്ചിയിൽ നടന്ന അഖിലേന്ത്യാ കാനൻ ലോ കോണ്‍ഫറൻസിൽ ഫാ. ഡോ. കുഴിനാപ്പുറത്ത്   അവതരിപ്പിച്ച പ്രബന്ധത്തിന്റെ മലയാള പരിഭാഷാ സംഗ്രഹം. നിത്യജീവന്റെയും വിശുദ്ധിയുടെയും ഐക്യത്തിന്റെയും കൂദാശയായി പരിശുദ്ധ കുർബാനയെ കാണുന്ന പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികതയുടെ ഉറവിടം ഇവിടെ കണ്ടെത്താം.)




 Fr. Dr. Thomas Kuzhinapurath
ഭയെ സജീവ ക്രിസ്തുശരീരമാക്കുന്നത് കൂദാശ കളുടെ കൂദാശയായ പരിശുദ്ധ കുർബാനയാണ്. സഭാചരിത്രത്തിന്റെ സഹസ്രാബ്ധങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു ദിവ്യ കാരുണ്യ ദർശനമാണ്, ഇത്. തെന്ത്രോസ് സുന്നഹദോസ് (പതിനാറാം നൂറ്റാണ്ട്) പരി. കുർബാനയുടെ കൂട്ടായ്മയിൽ നിലനിൽക്കാത്തവരെ ശപിച്ചിരുന്നു (കാനോന-10). തുടർന്നുണ്ടായ  ദൈവശാസ്ത്ര വളർച്ച സഭയുടെ ദിവ്യകാരുണ്യദർശനത്തിലും വിപുലമായ പുരോഗമനം സാധിതമാക്കി. രണ്ടാം വത്തിക്കാൻ സുന്നഹദോസ് ഇപ്രകാരം പഠിപ്പിക്കു ന്നു: "വിശ്വാസികളുടെ നിയമാനുസൃതമായ പ്രാദേശിക സമൂഹങ്ങളിലെല്ലാം ക്രിസ്തുവിന്റെ സഭ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നു. അജപാല കരോട് ഐക്യപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ സമൂഹങ്ങളാണ് പുതിയനിയമത്തിൽ (അപ്പ. പ്ര. 8,1; 14, 22-23; 20,27) സഭകൾ എന്ന് വിളിക്കപ്പെട്ടിരിക്കുന്നത്. കാരണം അതാത് പ്രദേശത്ത് പരിശുദ്ധാത്മാവിലും സർവ്വ സമ്പൂർണ്ണതയിലും ദൈവം വിളിച്ചിരിക്കുന്ന പുതിയ ദൈവജന മാണവർ (തെസ്സ 1,5). ഈ സഭകളിൽ സുവിശേഷ പ്രഘോഷണത്താൽ വിശ്വാസികൾ സമ്മേളിക്കുകയും കർത്താവിന്റെ ശരീരരക്തങ്ങൾ വഴി സമസ്ത സഹോദര ബന്ധങ്ങളും ദ്രുഢപ്പെടുത്തുന്നതിലേയ്ക്ക് കർത്താവി ന്റെ തിരുവത്താഴ രഹസ്യം പരികർമ്മം ചെയ്യുകയും ചെയ്യുന്നു.

മെത്രാന്റെ വിശുദ്ധ ശുശ്രൂഷയുടെ കീഴിൽ ബലിപീഠസവിധേ സമ്മേളി ച്ചിരിക്കുന്ന ഏതു സമൂഹത്തിലും നിത്യരക്ഷയ്ക്ക് അപരിത്യാജ്യമായ ഭൌതീകശരീരത്തിലെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം ദൃശ്യമാണ്. കാരണം ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ സ്വീകരണം നാം ഭക്ഷിക്കുന്ന ദിവ്യവസ്തുവായി നമ്മെ രൂപാന്തരപ്പെടുത്തു കയാണ് ചെയ്യുന്നത് (തിരുസഭ-26). "പ്രാർത്ഥനയിലും പൊതുവായ പൊതുവായ പരിശുദ്ധ കർമ്മങ്ങളിലും പ്രത്യേകിച്ച് പരിശുദ്ധ കുർബാന യിലും പങ്കു കൊള്ളുവാൻ ഐക്യപ്പെട്ടു നിൽക്കുന്ന ദൈവജനത്തിന്റെ അദ്ധ്യക്ഷനായി മെത്രാൻ തന്റെ പുരോഹിതഗണത്തോടും ശുശ്രൂഷ കരോടും കൂടി സന്നിഹിതൻ ആകുമ്പോഴാണ് സഭ ഏറ്റവും വ്യക്തമായി സ്വയം ആവിഷ്ക്രുതയായിരിക്കുന്നതെന്ന് അവ അറിഞ്ഞിരിക്കട്ടെ" (ആരാധനക്രമം-41).
                       
വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ

ഇതിനാൽ ഉറച്ച വിശ്വാസത്തോടെ നമുക്ക് പറയുവാൻ സാധിക്കും അൾത്താരയ്ക്കു ചുറ്റും പരിശുദ്ധ കുർബാനയ്ക്കായി ഒന്നുചേരുന്ന ദൈവജന കൂട്ടായ്മ ക്രിസ്തുവിന്റെ സഭയുടെ ഒരു യഥാർത്ഥ പ്രകാശനമാണെന്ന്. ഈ ബലിയർപ്പണത്തിലൂടെ ഓരോ പ്രാദേശിക ദൈവജന കൂട്ടായ്മയുടെ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ സഭയായിത്തീരുന്നു. ഈ ചിന്തകളുടെ പശ്ചാത്തലത്തിൽ പൗരസ്ത്യസഭകളുടെ കാനോന സംഹിതയുടെ ദിവ്യകാരുണ്യ ദർശനത്തിലേയ്ക്ക് ഒരു അന്വേഷണം നടത്തുകയാണിവിടെ.

കാനോന സംഹിതയ്ക്ക് ഒരു ആദ്ധ്യാത്മികതയോ ?

നിയമം എന്ന് കേൾക്കുമ്പോൾ നിബന്ധനകളുടെ ഒരു സമാഹാരം എന്നാ ചിന്തയിലേയ്ക്കാണ് നമ്മുടെ മനസ്സ് നയിക്കപ്പെടുന്നത്‌. വി. തോമസ്‌ അക്വീനാസ് നിയമത്തെ നിർവ്വചിച്ചിട്ടുള്ളതും ഏതാണ്ട് ഇത്തരത്തിലാണ്. നിയമം (Law) എന്ന വാക്കുതന്നെ ബന്ധിക്കുക "LIGARE" എന്ന പദത്തിൽ നിന്നുമാണ് ഉരുത്തിരിഞ്ഞിട്ടുള്ളതെന്നാണ് അക്വീനാസ് ഭാഷ്യം. ഇത്തരം നിബന്ധനകളുടെ സമാഹാരത്തിൽ ഒരു ആദ്ധ്യാത്മികതയോ? പലരും നെറ്റി ചുളിച്ചേക്കാം.എന്നാൽ സഭാനിയമങ്ങളെ സംബന്ധിച്ച് അവയ്ക്ക് ഒരു ആദ്ധ്യാത്മികത ഉണ്ടായേ മതിയാകു. കാരണം, മാനവരാശിയെ മുഴുവൻ രക്ഷയെന്ന മഹാരഹസ്യത്തിലേയ്ക്ക് നയിക്കുന്ന ചൂണ്ടുപലകകളാകാതെ മറ്റ് നിർവാഹമില്ല. രക്ഷയുടെ വഴികാട്ടികളായ സഭാനിയമങ്ങൾക്ക് തനതായ ഒരു ആദ്ധ്യാത്മികത അനിവാര്യമാണ്.

പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാനാ കേന്ദ്രീകൃതം.
മനുഷ്യനെ ദൈവത്തിലേയ്ക്ക് നയിക്കുന്നതിന് ആവശ്യമായ മാർഗ്ഗരേഖകൾ നൽകുന്നതിൽ സഭാനിയമങ്ങളുടെ ആദ്ധ്യാത്മികതയുടെ അന്ത:സത്ത കണ്ടെത്താനാവും. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ കാനോന സംഹിതയുടെ ആദ്ധ്യാത്മികത ആരാധനക്രമകേന്ദ്രീകൃതമാണ്. ഒരു പടി കൂടി മുന്നോട്ടു പോയി ഞാൻ പറയും പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാനാകേന്ദ്രീകൃതമാണ്.

ഈ കാനോന സംഹിത തികച്ചും ദൈവശാസ്ത്രപരമായ കാനോനയിലൂടെ പരി.കുർബാനയെ നിർവചിക്കുന്നുണ്ട്. "യേശുക്രിസ്തു അന്ത്യ അത്താഴവേളയിൽ ചെയ്തത്, വി.കുർബാനയിൽ, സഭയുടെ കാഴ്ച്ചവസ്തുവിന്മേൽ ക്രിസ്തുവിന്റെ നാമത്തിൽ  ശുശ്രൂഷ ചെയ്യുന്ന വൈദികന്റെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവിനാൽ തുടർന്ന് കൊണ്ടുപോകപ്പെടുന്നു.കുരിശിൽ നമുക്കായി അർപ്പിക്കപ്പെട്ട തന്റെ ശരീരവും ചൊരിയപ്പെട്ട തന്റെ രക്തവും ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് സത്യമായ ബലി സ്ഥാപിക്കുകയും ചെയ്തു. കുരിശിലെ രക്തബലി ഈ ബലിയിൽ കൃതജ്ഞതാസ്തോത്രത്തോടെ അനുസ്മരിക്കപ്പെടുകയും അവിടുത്തെ ശരീരമായ സഭയുടെ നിർമ്മിതിയ്ക്കായുള്ള ദൈവജനത്തിന്റെ ഐക്യം സൂചിപ്പിക്കുന്നതിനും പൂർണ്ണമാക്കുന്നതിനും വേണ്ടി, സമർപ്പണത്തിലൂടെയും കൂട്ടായ്മയിലൂടെയും സഭയാൽ യാഥാർ ത്ഥ്യവത്കരിക്കപ്പെടുകയും ചെയ്യുന്നു" (കാനോന-698).

അന്ത്യത്താഴത്തിന്റെയും കുരിശിലെ സമർപ്പണത്തിന്റെയും പ്രതീകാത്മകമായ പുനരാവിഷ്ക്കരണമാണ് പരി.കുർബാനയെന്ന് ഈ കാനോനയിലൂടെ വിശദമാക്കപ്പെടുന്നു. ഒരുപോലെ ബലിയും കാഴ്ചയും വിരുന്നുമായ പരി.കുർബാന ക്രിസ്തുഗാത്രമായ സഭയെ വളർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുവെന്നും ഇവിടെ സ്ഥാപിക്കപ്പെടുന്നു. ഇങ്ങനെ സഭാജീവിതത്തിലെയും വിശ്വാസികളുടെ വ്യക്തി ജീവിതത്തിലെയും ആദ്ധ്യാത്മികതയുടെ കേന്ദ്രബിന്ദുവാണ് പരി.കുർബാനയെന്ന് പൌരസ്ത്യ കാനോന സംഹിത പഠിപ്പിക്കുന്നു.(കാനോന 881 § 1-4 ).

ഞായറാഴ്ച്ചകളിലും മാറാനായ പെരുന്നാളുകളിലും പരി. കുർബാനയിൽ പങ്കു കൊള്ളുവാൻ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും കടമയുണ്ടെന്ന് കാനോന സംഹിത അനുശാസിക്കുന്നു. വൈദികരെയും സെമിനാരിക്കാരെയും (കാനോന -538 § 1-3) എല്ലാ ദിവസവും പരി.കുർബാന അർപ്പിക്കുന്നതിനൊ പങ്കു കൊള്ളുന്നതിനോ ഉദ്ബോധിപ്പിക്കുന്നു. പരി.കുർബാനയുടെ സ്വീകരണം ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്ക് ഏറ്റവും അഭികാമ്യമായിരിക്കുന്നതിനാൽ ദൈനംദിനമുള്ള കുർബാനസ്വീകരണം പ്രത്യേകിച്ച് മൃത്യു അപായ അവസരങ്ങളിൽ കാനോനസംഹിത പ്രത്യേകമായി ശുപാർശ ചെയ്യുന്നു (കാനോന 713 § 1-3; 708). ചില പ്രത്യേക അവസരങ്ങളിൽ അകത്തോലിക്കാ ക്രൈസ്തവർക്കും പരി.കുർബാന നൽകാമെന്ന് കാനോനസംഹിതയിലുണ്ട് (കാനോന-971 § 1-5). ആത്മാക്കളുടെ രക്ഷ എന്ന ഉത്കൃഷ്ട ലക്ഷ്യത്തിനു മുന്നിൽ വിഭാഗീയതയുടെ മണ്‍ചുമരുകൾ ഇടിഞ്ഞു വീഴുന്നതാണ് ഇവിടെ നാം കാണുന്നത്.

വൈദികരും പരി. കുർബാനയും.




പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു
വൈദികരുടെ ആദ്ധ്യാത്മിക ജീവിതത്തിൽ പരി.കുർബാനയുടെ ദൈനംദിനമുള്ള അർപ്പണത്തിനു വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ഈ നിയമസംഹിത പ്രത്യേകം പഠിപ്പിക്കുന്നു. വിശിഷ്യാ കടമുള്ള തിരുനാളുകളിലും ഞായറാഴ്ച്ചക ളിലും പരി.കുർബാന അർപ്പിക്കേ ണ്ടതാണ്. അനുദിനമുള്ളഅർപ്പണം തീർച്ചയായും താൽപ്പര്യപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു (കാനോന- 378). നിയമ സംഹിത മറ്റൊരിടത്ത് പറയുന്നു. താൻഅംഗമായിരിക്കുന്ന സ്വയാധികാരസഭയിലെ പ്രത്യേക ആരാധനക്രമ നിയമങ്ങളനുസരിച്ച് ഒഴിവാക്കപ്പെട്ടിട്ടുള്ള ദിവസങ്ങളൊഴികെ ഏതൊരു ദിവസവും ഒരു വൈദികന് പരി.കുർബാന സമുചിതമായി അർപ്പിക്കാവുന്നതാണ് (കാനോന-764). ഇതോടൊപ്പം പരി.കുർബാനയുടെ അർപ്പണത്തിന് വൈദികനാവശ്യമായ ആത്മശുദ്ധിയെക്കുറിച്ചും നിയമസംഹിത അനുശാ സിക്കുന്നു. ഗൗരവമായ പാപത്തെക്കുറിച്ചു ബോധവാനായ വ്യക്തി ഗൗരവമുള്ള കാരണമുണ്ടായിരിക്കുകയും കുമ്പസാരിക്കുവാൻ അവസരം ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴല്ലാതെ വി. കുർബാന അർപ്പിക്കുകയോ ദിവ്യകാരുണ്യം സ്വീകരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന് കുമ്പസാരിച്ചുകൊള്ളാമെന്നുള്ള ഉദ്ദേശത്തോടെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വൈദികൻ പൂർണ്ണ മന:സ്താപം നടത്തേണ്ടതാണ്  (കാനോന -711).

രക്ഷാകര രഹസ്യങ്ങൾ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്ന ഈ കൂദാശകളുടെ കൂദാശയിൽ വൈദികന്റെ ആദ്ധ്യാത്മിക ജീവിതം പരിപോഷിപ്പിക്കപ്പെടുമെന്നതിനാൽ ദൈനംദിനമുള്ള ബലിയർപ്പണം ഒരു നൈയ്യാമിക കടമയല്ലെങ്കിൽക്കൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. രണ്ടാം വത്തിക്കാൻ സുന്നഹദോസ് പഠിപ്പിക്കുന്നു, "വിശുദ്ധ വസ്തുക്കളുടെ പരികർമ്മികൾ എന്നനിലയിൽ വൈദികർ ക്രിസ്തുവിനെ പ്രത്യേകമാം വിധം പ്രതിനിധാനം ചെയ്യുന്നു. പ്രത്യേകിച്ച് പരിശുദ്ധ കുർബാനയെന്ന ബലിയിൽ മനുഷ്യരുടെ പവിത്രീകരണത്തിനായിട്ടാണല്ലോ ക്രിസ്തു സ്വയം ബലി അർപ്പിച്ചിട്ടുള്ളത്. തങ്ങൾ കൈകാര്യം ചെയ്യുന്ന ഈ യാഥാർത്ഥ്യ ങ്ങളെയെല്ലാം അനുകരിക്കേണ്ട ചുമതല വൈദികർക്കുണ്ട്. വിശുദ്ധ കുർബാനയുടെ അർപ്പണത്തിലൂടെയാണ് വൈദികർ തങ്ങളുടെ സുപ്രധാന കർമ്മം അനുസൃതം നിർവഹിക്കുന്നതും. ഇക്കാരണത്താൽ വൈദികരെല്ലാം എല്ലാദിവസവും പരിശുദ്ധ കുർബാന അർപ്പിക്കണമെന്ന് നിഷ്കർഷാപൂർവ്വം ഉപദേശിക്കുന്നു" (കാനോന -13).

പരിശുദ്ധ കുർബാന ജീവന്റെ അപ്പം.

തന്നിൽ വിശ്വസിക്കുന്ന എല്ലാവരും നിത്യജീവൻ പ്രാപിക്കുന്നതിനും ദൈവത്തിന്റെ മക്കളാകുന്നതിനും വേണ്ടി യേശുക്രിസ്തു ദിവ്യകാരുണ്യ രഹസ്യത്തെ പിതാവായ ദൈവം നൽകുന്ന നിത്യജീവന്റെ അപ്പമായി സ്ഥാപിച്ചു (യോഹ. 6, 33, 35, 54). പൌരസ്ത്യ കാനോനസംഹിതയിൽ വിശുദ്ധ കുർബാനയുടെ ജീവദായകമായ അർത്ഥം കൂടുതൽ വ്യക്തമാകുന്നു (കാനോന-698). ഈ കാനോനയിൽ പരിശുദ്ധ ആത്മാവിനാൽ പവിത്രീകരിക്കപ്പെട്ട നിത്യജീവന്റെ അപ്പമായാണ് വിശുദ്ധ കുർബാനയെ അവതരിപ്പിക്കുന്നത്. അതോടൊപ്പം സഭയെ ക്രിസ്തുശരീരമായി ഒരുമിച്ചു ചേർക്കുന്ന ദിവ്യ ഭോജനവുമാണത് (1 കോറി,10,17). സഭയിൽ സ്ഥിരത നിലനിറുത്തുന്നതിനു പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് അപ്പസ്തോല ന്മാരുടെ കാനോനികളിൽ പ്രത്യേകം നിഷ്കർഷിക്കുന്നു (കാനോന.9). സഭയെ ഐക്യത്തിലും സ്നേഹത്തിലും വളർത്തുന്ന വലിയ ആന്തരിക ശക്തികേന്ദ്രമാണ് പരിശുദ്ധ കുർബാന എന്ന ദർശനമാണ് ഈ കാനോനകളിലൂടെ സംഹിത സംവേദനം ചെയ്യുന്നത്.

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ അനുദിനം സ്വീകരിക്കുന്ന വിശ്വാസികൾ കേവലം വ്യക്തികളായി മാത്രമല്ലാ നിലകൊള്ളുന്നത്. മറിച്ച് അവർ ക്രിസ്തുശരീരത്തിലെ സജ്ജീവ അവയവങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയാണ്. ഹൃദയ ശുദ്ധിയോടെ പരിശുദ്ധ കുർബാന അനുഭവിക്കുന്ന ഒരു വിശ്വാസിയുടെ ജീവിതത്തിൽ ദൈവിക ജീവന്റെ അനുരണനങ്ങൾ ക്രമേണ ദർശിക്കാനാകും. ഈ ദൈവികജീവൻ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നില്ക്കുകയില്ലാ. "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവി ഒഴുകും"(യോഹ.7, 38). പരിശുദ്ധ കുർബാനയുടെ സ്വീകരണം ഒരു വിശ്വാസിയെ ദൈവികജീവനിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതോടൊപ്പം ആ ദൈവികജീവന്റെ പ്രസരണം ആ വ്യക്തിയുമായി ബന്ധപ്പെടുന്ന വരിലേയ്ക്കും ഉണ്ടാകുന്നു. സ്നേഹത്തിലും ഐക്യത്തിലും വളരുന്നതിൽ ദൈവജനകൂട്ടായ്മയെ സഹായിക്കുന്നത് ഈ ദൈവികജീവന്റെ പരസ്പരം സംവേദനം ആണെന്ന് കാനോനസംഹിത പഠിപ്പിക്കുന്നു.

പരിശുദ്ധ കുർബാനയുടെ സൗഖ്യദായകസ്വഭാവം.

രോഗികൾക്ക് പരിശുദ്ധ കുർബാന നൽകുന്നതിനെ സഭ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. അന്ത്യോഖ്യായിലെ മാർ ഇഗ്നാത്തിയോസ് പരി. കുർബാനയെ വിശേഷിപ്പിക്കുന്നത് "അമർത്യതയുടെ ദിവ്യ ഔഷധം" എന്നാണ്. മനുഷ്യനെ നിത്യജീവനിലേയ്ക്ക് നയിക്കുന്ന ദിവ്യ ഔഷധമാണ് പരിശുദ്ധ കുർബാനയെന്ന് അടിവരയിട്ട് സ്ഥാപിക്കുകയാണ് സഭാപിതാവായ മാർ ഇഗ്നാത്തിയോസ്. പൗരസ്ത്യകാനോന സംഹിത ഇപ്രകാരം പ്രസ്താവിക്കുന്നു. "ന്യായമായ ഒരു കാരണം മറിച്ച് നിർദ്ദേശിക്കുന്നില്ലെങ്കിൽ, ദിവ്യകാരുണ്യം നൽകേണ്ടത് പരിശുദ്ധ കുർബാനയുടെ ആഘോഷത്തി നിടയിലാണ് (കാനോന 713 § 1). പരിശുദ്ധ കുർബാനമദ്ധ്യേ അല്ലാതെ രോഗികൾക്കും മറ്റും ദിവ്യകാരുണ്യം നൽകുന്നതിനെയാണ്‌ ഇവിടെ ന്യായമായ കാരണം എന്നതുകൊണ്ട്‌ സൂചിപ്പിച്ചിട്ടുള്ളത്. ചില മന:ശാസ്ത്രജ്ഞന്മാരുടെ സാക്ഷ്യമനുസരിച്ച്‌ തങ്ങളെ സമീപിക്കുന്ന രോഗികളിൽ നല്ലൊരു ശതമാനത്തിനും പരി. കുർബാനയിലെ സജ്ജീവ ഭാഗഭാഗിത്വം അവരെ രോഗശാന്തിയിലേയ്ക്ക് നയിക്കുന്ന നിർണ്ണായക ഘടകമായി വർത്തിച്ചിരിക്കുന്നു. മാക്മാന്യൂസ് "കൂദാശകളുടെ സൗഖ്യദായക ശക്തി" എന്ന ഗ്രന്ഥത്തിലാണ് ഇതേപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്.

കർദ്ദിനാൾ ടെലെസ്ഫോർ ടോപ്പോ റോമിൽ നടന്ന മെത്രാന്മാരുടെ ഒരു സുന്നഹദോസിൽ, ഉത്തരേന്ത്യയിലെ ആദിവാസി ക്രൈസ്തവർക്കിടയിൽ ദിവ്യ കാരുണ്യ സ്വീകരണം വരുത്തിയ വ്യതിയാനങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. "ഞങ്ങളുടെ ക്രൈസ്തവ ആദിവാസികൾ ദൃഢമായി വിശ്വസിക്കുന്നു, ക്രിസ്തുവിന്റെ രക്ഷാകരമായ മരണവും ഉത്ഥാനവും, എല്ലാ പൈശാചിക ശക്തികളെയും തകർത്ത് തങ്ങൾക്ക്‌ സൗഖ്യവും രക്ഷയും നൽകിയിരിക്കുന്നു. പൈശാചിക ശക്തികളെ പ്രസാധിപ്പിച്ച് രോഗമുക്തി നേടുവാൻ രക്തബലി പോലും ഒരു കാലത്ത് നടത്തിയിരുന്ന അവരിൽ ഇന്ന് സംഭവിച്ച മാറ്റം വളരെ വലുതാണ്. ക്രിസ്തുവിന്റെ തിരുശരീരരക്ത ങ്ങളെയാണ് ഇന്നവർ രോഗശാന്തിക്കായി ശരണപ്പെടുന്നത്. ഈ കാഴ്ച്ചപ്പാടിന്റെ വ്യതിയാനം അവരുടെ വ്യക്തിജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു." തീർച്ചയായും പരിശുദ്ധ കുർബാനയുടെ അനുഭവം വ്യക്തികളെ മാനസികമായും ശാരീരികമായും സുഖമാക്കുന്നു എന്നതിന് ഇന്ന് വേണ്ടുവോളം സാക്ഷ്യങ്ങൾ ലഭ്യമാണ്. പരിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെ മനുഷ്യന്റെ സുസ്ഥിതിയാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്ന് കാനോന സംഹിത ഇവിടെ സ്ഥാപിക്കുന്നു.

വിശുദ്ധി: പരി. കുർബാനയുടെ ആത്യന്തിക ലക്ഷ്യം.

വിശുദ്ധിയുടെ സംവേദനമാണ് പരി.കുർബാനയുടെ ആത്യന്തിക ലക്ഷ്യം. വിശുദ്ധിയുടെ കൂദാശയായ പരി.കുർബാന സ്വീകരിക്കുന്നതിന്  അനുയോജ്യമായ ഒരുക്കത്തേക്കുറിച്ച്‌ കാനോന സംഹിത ഇപ്രകാരം അനുശാസിക്കുന്നു. "പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിനായി ഉപവാസം, പ്രാർത്ഥനകൾ, മറ്റു പ്രവർത്തികൾ എന്നിവയിലൂടെയുള്ള ഒരുക്കത്തെ സംബന്ധിച്ച് ക്രൈസ്തവ വിശ്വാസികൾ തങ്ങൾ അംഗങ്ങൾ ആയിരിക്കുന്ന സ്വയാധികാരസഭയിലെ നിബന്ധനകൾ സഭാതിർത്തി ക്കുള്ളിൽ മാത്രമല്ല, സാധ്യമായിടത്തോളം എല്ലായിടത്തും വിശ്വസ്തതാ പൂർവ്വം പാലിക്കേണ്ടതാണ്" (കാനോന 713 § 2). ഭയഭക്തിയോടെയും വിശുദ്ധിയോടെയും പരി. കുർബാനയെ സമീപിക്കുവാൻ വേണ്ട അനുശാസ നങ്ങൾ ഓരോ വ്യക്തിസഭയിലും ഉണ്ടായിരിക്കണം എന്നാണു ഈ കാനോനയിലൂടെ സംഹിത ഉദ്ദേശിക്കുന്നത്. വിശുദ്ധിയോടെ പരി. കുർബാന സ്വീകരണത്തിനു തയ്യാറാകുന്നതോടൊപ്പം സ്വയം വിശുദ്ധീകരണവും സംഭവിക്കുന്നു.

സീറോ മലങ്കര ആരാധനാക്രമത്തിൽ പരി. കുർബാന നൽകുമ്പോൾ വൈദികൻ ഉച്ചരിക്കുന്ന വാക്കുകളിൽ ഇത് വളരെ വ്യക്തമാണ്. "നമ്മുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരവും തിരുരക്തവുമാകുന്ന തീക്കട്ട കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനുമായി സത്യവിശ്വാസികൾക്ക്‌ നൽകപ്പെടുന്നു." ഏശയ്യായുടെ വിശുദ്ധീകരണ ത്തിനായി ദൈവമായ കർത്താവ് ചെയ്ത പവിത്രീകരണ കർമ്മമാണ്‌ ഇവിടെ വ്യംഗമായി സൂചിപ്പിച്ചിട്ടുള്ളത്. "ഞാൻ പറഞ്ഞു, എനിക്ക് ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു. അപ്പോൾ സെറാഫുകളിലൊന്നു ബലിപീഠത്തിൽ നിന്ന് കൊടിൽകൊണ്ട് എടുത്ത തീക്കനലുമായി എന്റെയടുത്തേയ്ക്ക് പറന്നു വന്നു. അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ട് പറഞ്ഞു: ഇത് നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു." (ഏശയ്യ 6, 5-7).

മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധ കുർബ്ബാന 
വിശുദ്ധിയുടെ ഉറവിടമായ ദൈവത്തിലുള്ള ഭാഗഭാഗിത്തമാണ് പരി. കുർബാന സ്വീകരണത്തിലൂടെ സംഭവിക്കുന്നത്‌. ഈ വിശുദ്ധിയിൽ പങ്കു പറ്റുന്നതിന് വിശ്വാസിയുടെ ക്രിയാത്മകമായ സഹകരണം സഭ അനുശാസിക്കുന്നു. വിശുദ്ധി പ്രാപിക്കുവാനായി മനുഷ്യൻ എത്രമാത്രം തന്നേ ത്തന്നെ തയ്യാറാക്കുന്നുവോ അതിന്റെ പതിന്മടങ്ങ്‌ വിശുദ്ധിയിലേയ്ക്ക് അവൻ പരി.കുർബാനയുടെ സ്വീകരണത്തിലൂടെ നയിക്കപ്പെടുന്നു. പരസ്പര പൂരകമായ ഒരു വിശുദ്ധീകരണ കർമ്മമാണ്‌ പരി. കുർബാനയുടെ സ്വീകരണത്തിലൂടെ സംഭവിക്കുക. വിശുദ്ധി ആർജ്ജിക്കുകയും വിശുദ്ധി സ്വീകരിക്കുകയും ചെയ്യുന്നു. ഒരേ സമയം വിശുദ്ധിയോടെ സമീപിക്കേണ്ട കൂദാശയും വിശുദ്ധീകരണ കൂദാശയുമാണ് പരി.കുർബാന. ഇത് പൗരസ്ത്യ ദിവ്യകാരുണ്യ ദർശനമനുസരിച്ച് ഒരു വലിയ രഹസ്യമാണ്. 

ഉപസംഹാരം.
നിയമം അതിൽത്തന്നെ നിബന്ധനയാണെങ്കിലും സഭാനിയമത്തിന് ഒരു രക്ഷാകരമായ അർത്ഥം കൂടിയുണ്ട്. രക്ഷയുടെ കൂദാശയായ പരി. കുർബാനയെ സംബന്ധിക്കുന്ന സഭാനിയമങ്ങളിലൂടെ കാനോനസംഹിത യുടെ ഈ രക്ഷാകര അർത്ഥവും ആദ്ധ്യാത്മികതയുമാണ് വെളിവാകുന്നത്. പൌരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാന കേന്ദ്രീകൃതമാണ്. മനുഷ്യനിലേയ്ക്ക് നിത്യജീവൻ പകരുന്നതും ഈ ജീവന്റെ പങ്കുവയ്ക്കലിലൂടെ സഭയെ ഒരു കൂട്ടായ്മയായി വളർത്തുന്നതും പരിശുദ്ധ കുർബാനയിലെ സജീവഭാഗഭാഗിത്തമാണെന്ന് കാനോനസംഹിത പഠിപ്പിക്കുന്നു. ഒപ്പം പരി. കുർബാനയുടെ സൗഖ്യദായക സ്വഭാവത്തിലേ യ്ക്കും കാനോന സംഹിത വിരൽ ചൂണ്ടുന്നു. 

ഒരേ സമയം പരമപരിശുദ്ധമായ കൂദാശയും വിശുദ്ധീകരണത്തിന്റെ കൂദാശയുമായ പരിശുദ്ധ കുർബാനയിലൂടെ ദൈവാനുഗ്രഹത്തിലേയ്ക്ക് കടന്നു വരുന്നതിനു വിശ്വാസികൾക്ക് സാധിക്കുമെന്നതും അതിനായി തക്കതായ ഒരുക്കം ആവശ്യമാണെന്നും കാനോനസംഹിത അനുശാസി ക്കുന്നു. ഇങ്ങനെ നിത്യജീവന്റെയും വിശുദ്ധിയുടെയും ഐക്യത്തിന്റെയും കൂദാശയായി പരിശുദ്ധ കുർബാനയെ കാണുന്ന പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികതയുടെ ഉറവിടം ഇവിടെ കണ്ടെത്താം.  


 
http://dhruwadeepti.blogspot.de/

Sonntag, 15. Dezember 2013

ധ്രുവദീപ്തി // Religion / പ്രാർത്ഥനയും വിശ്വാസ ജീവിതവും// Fr. Dr. Dr. Joseph Pandiappallil M.C.B.S.

ധ്രുവദീപ്തി // Religion / 


പ്രാർത്ഥനയും വിശ്വാസ ജീവിതവും//

Fr. Dr. Dr. Joseph Pandiappallil   M.C.B.S. 


ജർമനിയിലെ ഫ്രൈബുർഗ്, മ്യൂണിക്ക് സർവകലാശാലകളിൽ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഉന്നത പഠനം നടത്തിയ ഫാ: ഡോ. ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ എം.സി.ബി.എസ് (മിഷനറി കോണ്‍ഗ്രിഗേഷൻ ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്) സഭാംഗമാണ്. ജീവാലയാ ഇൻസ്ടിട്യൂട്ട് ഓഫ് ഫിലോസഫി (Bangalore), സനാതന സെമിനാരി, തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ജർമ്മനിയിലെ മ്യൂണിക്ക് നഗരത്തിലുള്ള വിശുദ്ധ അമലോത്ഭവ മാതാവിന്റെയും, തിരുക്കുടുംബത്തിന്റെയും ഇടവകകളിൽ വികാരിയായി സേവനം ചെയ്യുന്ന അദ്ദേഹം വിസിറ്റിംഗ് പ്രോഫസ്സറായും സേവനം ചെയ്യുന്നു. മലയാളം, ഇംഗ്ലിഷ് , ജർമൻ തുടങ്ങി വിവിധ ഭാഷകളിൽ  എഴുതിയ നിരവധി ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും രചയിതാവാണ് അദ്ദേഹം. മനുഷ്യന് മതജീവിതവുമായി ബന്ധപ്പെടുത്തി മാത്രമേ പ്രാർത്ഥനാ ജീവിതത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കുവാനും വിലയിരുത്തുവാനും കഴിയുകയുള്ളൂവെന്നും പ്രാർത്ഥനയെക്കുറിച്ചും മഹത്തായ വിശ്വാസ ജീവിതത്തെക്കുറിച്ചുമുള്ള ദാർശനികവും ദൈവശാസ്ത്രപരവുമായ വിശകലനങ്ങൾ നമ്മുടെ സംശയങ്ങൾ ദുരീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.


വിശ്വാസജീവിതമാണ് പ്രാർത്ഥന. വിശ്വാസ ജീവിത മാകുന്ന പ്രാർത്ഥനയ്ക്ക് പരിശുദ്ധമറിയമാണ് മാതൃക. മറിയത്തിന്റെ വിശ്വാസം ഏറ്റം മഹത്തായ ഒരു പ്രാർത്ഥനയായി പ്രതിഫലിക്കുന്നത് മറിയത്തി ന്റെ ജീവിതം അപഗ്രഥിച്ചാൽ കാണാനാവും. മംഗള വാർത്ത സ്വീകരിച്ചപ്പോഴും, മകൻ പറയുന്നതുപോലെ പ്രവർത്തിക്കുകയെന്ന് കാനായിലെ കല്യാണവേള യിൽ കലവറക്കാരോട് പറഞ്ഞപ്പോഴും, കുരിശിൻ ചുവട്ടിൽ മരണത്തോട് മല്ലടിക്കുന്ന മകനെ നോക്കി ദു:ഖിതയും നിസ്സഹായയുമായി നിന്നപ്പോഴും മറിയ ത്തിന്റെ വിശ്വാസമാകുന്ന പ്രാർത്ഥനാജീവിതം പ്രകടമായി. മംഗളവാർത്ത സ്വീകരിച്ചതിലൂടെ മറിയം പ്രകടിപ്പിച്ച വിശ്വാസ ചൈതന്യം നാം ഈ ലേഖനത്തിൽ വിശകലനം ചെയ്യുകയാണ്.

മറിയം യോവാക്കിമിന്റെയും അന്നയുടെയും പുത്രിയായിരുന്നു. അവളെ ദേവാലയശുശ്രൂഷയ്ക്ക് മാതാപിതാക്കൾ നിയോഗിച്ചു. യഹൂദ സംസ്കാരത്തിൽ അങ്ങനെയൊരു പതിവുണ്ടായിരുന്നു. കൊച്ചുന്നാളിലെ മുതൽ മാതാപിതാക്കൾ പെണ്‍കുട്ടികളെ ദേവാലയ ശുശ്രൂഷയ്ക്കയ്ക്കും. തിരുവസ്ത്രങ്ങളും തിരുപ്പാത്രങ്ങളും കഴുകുക, തിരുവസ്ത്രങ്ങൾ ഒരുക്കുക, ദേവാലയം അലങ്കരിക്കുക, വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു അവരുടെ ജോലി. സമാഗമകൂടാരത്തിന്റെ വാതിൽക്കൽ ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളേക്കുറിച്ച് പുറപ്പാട് 38:8 ൽ പ്രതിപാദനമുണ്ട്. വിവാഹ പ്രായത്തിനു മുമ്പേ ഇവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹപ്രായം ആകുമ്പോഴേ ആഘോഷമായ കല്യാണവിരുന്നോടുകൂടി പ്രതിശ്രുതവരൻ വധുവിനെ സ്വഗ്രഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു പതിവ്. ഇതാണ് പശ്ചാത്തലം. മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കല്യാണത്തിന് ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളു. ഈ കാലഘട്ട ത്തിലാണ് ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടത്. ദൈവത്തിന്റെ ശക്തി എന്നർത്ഥമുള്ള ഗബ്രിയേൽ.

ഗബ്രിയേൽ ദൂതൻ 
മറിയത്തിനു 
 പ്രത്യക്ഷപ്പെടുന്നു.
ഗബ്രിയേൽ ദൂതൻ മറിയത്തോടരുളി. പരി ശുദ്ധാത്മാവ് നിന്റെ മേൽ  വരും. അത്യുന്നത ന്റെ ശക്തി നിന്റെ മേൽ ആവസിക്കും. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും (ലൂക്കാ.1:31-35). മറിയത്തിന് കാര്യങ്ങൾ വ്യക്ത മായി മനസ്സിലായില്ല. കാരണം വിനീതയായ അവൾ സാധാരണക്കാരിയെന്നു സ്വയം കരുതി യിരുന്നവളാണ്. ഒരു മരപ്പണിക്കാരനെ തന്റെ ഭർത്താവായി അവൾ സ്വീകരിച്ചിരുന്നു. എങ്കിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തന ത്താൽ ഒരു പുത്രൻ തന്നിലൂടെ പിറക്കാൻ പോകുന്നു എന്നവൾ മനസ്സിലാക്കി. അവളത് വിശ്വസിച്ചു. എന്നിട്ട് മറിയം പറഞ്ഞു "ഇതാ കർത്താവിന്റെ ദാസി. നിന്റെ വചനം എന്നിൽ ഭവിക്കട്ടെ" (ലൂക്കാ.1:38 )

ഗബ്രിയേൽ ദൂതന്റെ വാക്കുകൾ വിശ്വസി ക്കാൻ തക്കവിധമുള്ള കാരണങ്ങളൊന്നും നിരത്താൻ മറിയത്തിനില്ലായിരുന്നു. എന്നിട്ടും മറിയം വിശ്വസിച്ചു വെന്നതാണ് മറിയത്തിന്റെ മഹത്വം. ഈ വിശ്വാസം ഭൗതീകമായ യാതൊരു നേട്ടവും തരില്ല എന്നും മറിയത്തിനറിയാമായിരുന്നു. എന്നിട്ടും മറിയം വിശ്വസിച്ചുവെന്നതാണ് ഈ വിശ്വാസത്തിന്റെ പ്രത്യേകത. ദൈവത്തിലും ദൈവവചനത്തിലും വിശ്വസിച്ച മറിയത്തെ മറ്റുള്ളവർ വിശ്വസിച്ചെന്നു വരില്ല എന്നും തെറ്റിദ്ധരിക്കുമെന്നും മറിയത്തിന്  അറിയാമായിരുന്നു. അത് കാര്യമാക്കാതെ വചനത്തിൽ വിശ്വസിച്ചുവെന്നത് മറിയത്തിന്റെ ആഴമായ വിശ്വാസത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.

യൂദ തീവ്രവാദികൾ ഒരു രാഷ്ട്രീയ നേതാവിനെയാണ് മിശിഹായിൽ പ്രതീക്ഷിച്ചിരുന്നത്. തങ്ങളെ റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും മിശിഹാ വിമോജിപ്പിക്കുമെന്നവർ കരുതി. എളിയവളായ മറിയത്തിനു ഒരു തീവ്രവാദി തന്നിൽ നിന്നും ജനിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. നിയമ പണ്ഢിതർ പുതിയതും ശ്രേഷ്ഠവുമായ നിയമം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനായിരിക്കും മിശിഹാ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയെങ്കിൽ മിശിഹാ പിറക്കേണ്ടിയിരുന്നത് നിയമ പണ്ഡിതരുടെ ഗൃഹത്തിലായിരുന്നു. മിശിഹാ തങ്ങളുടെ കുലത്തിൽ പിറക്കുമെന്ന് നിയമജ്ഞർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പ്രധാനപുരോഹിതനായിരി ക്കും വരാനിരിക്കുന്ന മിശിഹാ എന്നായിരുന്നു മറ്റൊരു വിശ്വാസം. പുരോഹിതശുശ്രൂഷ ചില കുടുംബങ്ങളുടെ കുത്തകയായിരുന്നതുകൊണ്ട്‌ പുരോഹിതനായ മിശിഹാ ഒരു പുരോഹിത കുടുംബത്തിൽ പിറക്കുന്നതേ അവർ സ്വപ്നം കണ്ടിരുന്നുള്ളൂ. അതും വിശ്വസിക്കാൻ മറിയത്തിനു ന്യായമില്ല. കാരണം, മറിയം പുരോഹിത കുടുംബത്തിൽപ്പെട്ടവളായിരുന്നില്ല.

മിശിഹാ പ്രവാചകനായിരിക്കുമെന്ന് സമറിയാക്കാർ വിശ്വസിച്ചിരുന്നു. നിയമാവർത്തനം 18:15-ൽ മോശയെപ്പോലൊരു പ്രവാചകനെ ദൈവം അയക്കുമെന്നൊരു പ്രവചനമുണ്ട്. "നിന്റെ ദൈവമായ കർത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലൊരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്." എന്നാൽ സമറിയാക്കാരുടെ വിശ്വാസം യൂദരാരും കാര്യമായി കരുതിയിരുന്നില്ല.

ബെത് ലഹെമിൽ നിന്നും ഇസ്രയേലിനെ ഭരിക്കാനിരിക്കുന്നവൻ വരുമെന്ന് മിക്കാ.5:2 ൽ പ്രവചനമുണ്ട്. "ബെത് ലഹെം എഫ്രാത്ത, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ  നിന്നും പുറപ്പെടും: ആവാൻ പണ്ടേ യുഗങ്ങൾക്കു മുമ്പേ ഉള്ളവനാണ്. മറിയമാണെങ്കിൽ ബെത് ലഹെം നിവാസിയല്ലതാനും. ഇങ്ങനെയൊക്കെ യുള്ള പശ്ചാത്തലങ്ങളിൽ കന്യകയായ മറിയത്തിൽ നിന്നും മിശിഹാ പിറക്കുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല.

അതുകൊണ്ട് വിശ്വസിക്കുവാൻ മറിയത്തിനും മറ്റ് എല്ലാവർക്കും ബുദ്ധിമുട്ടുള്ളത് മറിയം വിശ്വസിച്ചു. പരിണതഫലമായി കല്ലെറിയപ്പെടാം; കൊല്ലപ്പെടാം; ഉപേക്ഷിക്കപ്പെടാം; വിദേശത്തേയ്ക്ക് നാടുകടത്തപ്പെടാം; അലയുന്നവളും ഉലയുന്നവളുമായിത്തീരാം. കാരണം മറിയം ദേവാലയ ശുശ്രൂഷ ചെയ്തിരുന്നവളാണ്. സാമുവേലിന്റെ ഒന്നാം പുസ്തകം 2:22 ൽ പ്രതിപാദനമുണ്ട്. പുരോഹിതനായ ഏലിയുടെ പുത്രന്മാർ സമാഗമകൂടാരത്തിന്റെ പ്രവേശനകൂടാരത്തിൽ ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളോടോത്തു ശയിച്ചിരുന്നതിനെപ്പറ്റി. അതുകൊണ്ട് മറിയം തെറ്റിദ്ധരിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാദ്ധ്യതയായിരുന്നു വിശ്വസിക്കപ്പെടാനുള്ളതിലും കൂടുതൽ. തന്റെ ഭർത്താവായ ജോസഫ് തന്നെ വിശ്വസിക്കുമെന്ന് കരുതാൻ മറിയത്തിനു മതിയായ കാരണങ്ങൾ ഒന്നുമില്ലായിരുന്നു. തന്റെ മാതാപിതാക്കളായ യോവാക്കിമും അന്നയും വിശ്വസിക്കുമെന്ന് കരുതാനും ന്യായമുണ്ടായിരുന്നില്ല. പുരോഹിതരും നിയമ പണ്ഡിതരും ഫരിസേയരും മറിയത്തെ വിശ്വസിക്കാൻ ന്യായമില്ല. എന്നിട്ടും മറിയം ദൈവവചനത്തിൽ വിശ്വസിപ്പിച്ചു. ദൈവത്തിൽ വിശ്വസിച്ചു, വരാൻ പോകുന്ന ഏത് തകർച്ചയും കൈനീട്ടി വാങ്ങാൻ തയ്യാറായി.

വിശുദ്ധ ലൂക്കാ സുവിശേഷകൻ പുരോഹിതനായ സഖറിയായുടെ ദർശനം വിവരിക്കുന്നുണ്ട് (ലൂക്കാ.1:11 ). സഖറിയായുടെ ദർശനം ദേവാലയത്തിൽ വച്ചും പ്രാർത്ഥനാവേളയിലും ആയിരുന്നു. ധൂപാർപ്പണവേളയിൽ പുറത്ത് നിന്നിരുന്ന ജനത്തിനു മുഴുവൻ മനസ്സിലായിരുന്നു, പുരോഹിതനായ സഖറിയായ്ക്ക് ദൈവദർശനമുണ്ടായി എന്ന്. സഖറിയായുടെ വന്ധ്യയും വൃദ്ധയുമായ ഭാര്യ ഗർഭിണിയാകുമെന്നായിരുന്നു ദർശനത്തിലൂടെ ലഭിച്ച സന്ദേശം. ഒരർത്ഥത്തിൽ സഖറിയായുടെ ആഗ്രഹം സാധിച്ചതും പ്രാർത്ഥന ഫലിച്ചതുമായിരുന്നു ഈ ദർശനം. വന്ധ്യത്വം അപമാനമായിരുന്ന കാലത്ത് ദൈവം കനിഞ്ഞ്‌ സഖറിയായുടെയും എലിസബത്തിന്റെയും പ്രാർത്ഥന കേട്ടു. അവരുടെ കാത്തിരിപ്പ് പൂർത്തിയാക്കുകയായിരുന്നു ഈ സന്ദേശത്തിലൂടെ. സഖറിയായുടെ ഭാര്യയ്ക്കും ബന്ധുമിത്രാദികൾക്കും സന്തോഷം നൽകുന്ന വാർത്തയായിരുന്നു, അത്. എന്നിട്ടും സഖറിയ സംശയിച്ചു. സംശയിച്ച സഖറിയയ്ക്ക് ദൈവദൂതൻ തെളിവു നൽകി. സഖറിയായുടെ സംസാരശക്തി നഷ്ടപ്പെട്ടു. മൗനം സഖറിയായ്ക്കും ജനത്തിനും തെളിവായിരുന്നു. അരുളപ്പാട് പൂർത്തിയാകുമെന്നുള്ള തെളിവ്.

എന്നാൽ മറിയത്തിന് ലഭിച്ചത് മാനുഷികമായി ചിന്തിച്ചാൽ സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നില്ല. സഖറിയയ്ക്ക് ലഭിച്ചപോലെ തെളിവുകളോ അടയാളങ്ങളോ മറിയത്തിന് ലഭിച്ചിരുന്നില്ല. എന്നിട്ടും മറിയം വിശ്വസിച്ചു. കാരണം മറിയം വിശുദ്ധിയുള്ളവളായിരുന്നു. പഴയനിയമ ആദ്ധ്യാത്മികതയുടെ ആഴങ്ങൾ ഉൾക്കൊണ്ടവൾ ആയിരുന്നു.

അബ്രഹാമിന്റെ ഉറ്റവരും 
ഉടയവരും.
പഴയനിയമ ആദ്ധ്യാത്മികത വിശ്വാസത്തി ന്റെ ആദ്ധ്യാത്മികതയാണ്. വിശ്വാസത്താലാ ണ് അബ്രഹാം നാടും വീടും വിട്ട് പുറപ്പെട്ടത്‌. ഈ വിശ്വാസം അബ്രാഹത്തിന് നാടും വീടും ഉറ്റവരെയും ഉടയവരെയും നൽകി. ആകാശ ത്തെ നക്ഷത്രങ്ങൾ പോലെയും കടലോരത്തെ മണൽത്തരിപോലെയും. വിശ്വാസത്താലാണ് അബ്രഹാം മകനെ കൊല്ലാൻ വാളോങ്ങിയത്‌. വിശ്വാസത്താലാണ് നോഹ മലമുകളിൽ പേടകം പണിതത്. വിശ്വാസത്താലാണ് മോശ മരുഭൂമിയിലേയ്ക്ക് ഇസ്രയേല്യരെ നയിച്ചത്.

വിശുദ്ധയായിരുന്നതുകൊണ്ട് മറിയം വിശ്വ സിച്ചു. മാനുഷിക മൂല്യങ്ങൾക്കതീതമായ ദൈവികമൂല്യങ്ങൾ മറിയത്തിനു മനസ്സിലാക്കാനായി. വിശ്വാസം കാക്കാൻ, തകർച്ചകളെ സ്വാഗതം ചെയ്യാൻ മറിയത്തിനു കഴിഞ്ഞു. അങ്ങനെ മറിയം വിശ്വാസികളുടെ മാതാവായി. നമ്മുടെ അമ്മയായി, വിശുദ്ധയായി, മാലോകർക്ക് മാതൃകയായി ഒന്നുമറിയാതെ എന്തും വരട്ടെയെന്ന് കരുതി മറിയം വിശ്വസിച്ചു. അത് ദൈവത്തിലുള്ള വിശ്വാസമായിരുന്നു. തന്നെ ജനിപ്പിച്ചു വളർത്തിയ ദൈവം അറിഞ്ഞു തരുന്നതെന്തും വഹിക്കാൻ ശക്തിയും തരുമെന്നുള്ള വിശ്വാസം. ദൈവപരിപാലനയിലുള്ള വിശ്വാസം. വിശ്വാസത്തിന്റെ ശ്വാസം ശ്വസിച്ചവൾ പറഞ്ഞു."ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു" (ലൂക്കാ. 1:49 ). 

മറിയത്തിന്റെ മഹത്തായ വിശ്വാസം ദൈവാരൂപി പ്രകീർത്തിച്ചു. എലിസബത്തിലൂടെ "വിശ്വസിച്ച നീ ഭാഗ്യവതി" (ലൂക്കാ.1:45). പരിശുദ്ധാത്മാവാണ് ഈ പ്രഖ്യാപനത്തിന് പ്രേരകം. ഇത് ദൈവത്തിന്റെ പ്രതികരണമായിരുന്നു. മറിയത്തിന്റെ വിശ്വാസത്തിന്റെ ദുരൂഹത യേക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിട്ടുണ്ടാവില്ല. മറിയത്തിനു വിശ്വസിക്കുക എളുപ്പമായിരുന്നു എന്നു നാം കരുതിയിരുന്നിരിക്കാം. താൻ ദൈവപുത്രന്റെ അമ്മയാകും എന്നാ വിശ്വാസം മറിയത്തിനു ഒരു ആത്മസമർപ്പണം ആയിരുന്നു. ദൈവതിരുഹിതത്തിനുള്ള സമർപ്പണം. അതുകൊണ്ട് മറിയത്തിനു വിശ്വാസമെന്നത് ദൈവാനുഭവവും ദൈവ ഹിതാനുവർത്തനവും പ്രാർത്ഥനയുമായിരുന്നു. വിശ്വസിക്കുക വഴി മറിയം ഹൃദയത്തിന്റെ ഭാഷയിൽ ദൈവത്തോട് സംസാരിക്കുകയും പ്രാർത്ഥി ക്കുകയും ചെയ്തു. അങ്ങനെ മറിയം വിശ്വാസത്തിനു പര്യായവും പ്രാർത്ഥനയ്ക്ക് മാതൃകയുമായി.            
(തുടരും).

 ------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/

Montag, 9. Dezember 2013

ധ്രുവദീപ്തി // Religion // കാനോനിക പഠനങ്ങൾ - പൌരസ്ത്യസഭകളുടെ കാനോനസംഹിതയുടെ (CCEO) രക്ഷാകര സ്വഭാവം // Fr. DR. Thomas Kuzhinapurath

ധ്രുവദീപ്തി // Religion // കാനോനിക പഠനങ്ങൾ- 





പൌരസ്ത്യസഭകളുടെ കാനോനസംഹിതയുടെ 
(CCEO) രക്ഷാകര സ്വഭാവം // 


Fr. DR. Thomas Kuzhinapurath 



(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)

കാനോനിക പഠനങ്ങൾ -


(2009 ഏപ്രിൽ 23 ന് റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇറ്റാലിയൻ ഭാഷയിൽ അവതരിപ്പിച്ച ഡോക്ടറൽ പ്രബന്ധത്തിന്റെ മലയാള പരിഭാഷ.)

 Fr. Dr. Thomas Kuzhinapurath
ല്ലാ നിയമങ്ങളും അവ ബാധിക്കുന്ന സമൂഹത്തി ന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ് നിർമ്മിക്ക പ്പെട്ടിരിക്കുന്നത്. സഭയുടെ നിയമെന്ന നിലയിൽ കാനൻ നിയമത്തിന്റെ ലക്ഷ്യവും ക്രൈസ്തവ വിശ്വാസികളുടെ പൊതു നന്മയല്ലാതെ മറ്റൊന്നല്ല. പൌരസ്ത്യ സഭകളുടെ കാനോന സംഹിത പ്രസിദ്ധീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചു. " ഇവിടെ പ്രഖ്യാപിക്കപ്പെടുന്ന ഈ കാനോനകളിലെ നിബന്ധനകൾ സഭാമക്കളുടെ നന്മയ്ക്കായി ഉപകരിക്കപ്പെടണമെന്ന് നാം ഉദ്ബോധിപ്പിക്കുന്നു. " ആത്മാക്കളേകുറിച്ചുള്ള കരുതൽ സഭ നിയമത്തി ന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറയുന്നു. ആത്മാക്കളെ ക്കുറിച്ചുള്ള ഈ കരുതൽ ആത്മാക്കളുടെ രക്ഷയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തന്മൂലം സഭയുടെ നിയമ സംഹിതകൾക്ക് അടിസ്ഥാനപരമായി ഒരു രക്ഷാകര സഭാവം ഉണ്ടായിരിക്കണം. ഈ പ്രബന്ധത്തിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആരായുകയാണ്.

1. പൌരസ്ത്യസഭകളുടെ കാനോന സംഹിതയ്ക്ക് ഒരു രക്ഷാകര സ്വഭാവമുണ്ടോ ?

2. ഉണ്ടെങ്കിൽ അത് കാനോന സംഹിതയിൽ എങ്ങനെ പ്രകടമായിരിക്കുന്നു?

3. സഭാനിയമത്തിന്റെ ഈ രക്ഷാകര സ്വഭാവം സഭയുടെ അസ്തിത്വത്തെ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപകരിക്കും?

പ്രബന്ധത്തിന്റെ ലക്ഷ്യം

സഭാനിയമത്തെ പൗരസ്ത്യ സഭകളുടെ കാനോന സംഹിതയുടെ അടിസ്ഥാനത്തിൽ രക്ഷാശാസ്ത്രപരമായി പഠിക്കാനുള്ള പരിശ്രമമാണ് ഈ പ്രബന്ധം. പൗരസ്ത്യസഭകളുടെ കാനോന സഹിതയുടെ രക്ഷാകര സ്വഭാവം സ്പഷ്ടവും അസ്പഷ്ടവും ആയ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.

പഠനരീതി 

ഈ പ്രബന്ധത്തിൽ സ്വീകരിച്ചിരിക്കുന്ന പഠനരീതി നയ്യാമികദൈവശാസ്ത്ര പരമാണ്. ഈ പഠനത്തിലുടനീളം ഇതുമായി ബന്ധപ്പെട്ട നയ്യാമിക സംജ്ജകളെ കൂലംകക്ഷമായി വിശകലന വിധേയമാക്കുന്നു. ഒപ്പം അവയുടെ ദൈവശാസ്ത്ര അർത്ഥതലങ്ങൾ വിശദമായി പഠിക്കുകയും ചെയ്യുന്നു. പൌരസ്ത്യ സഭകളുടെ കാനോന സംഹിതയിലെ നൂറിൽപരം കാനോനകളെക്കുറിച്ചു ഈ പഠനം ചർച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം ലത്തീൻ കാനോന സംഹിതയിലെ സമാനനിയമങ്ങളെ കുറിച്ചും പ്രബന്ധം പഠിക്കുന്നു. വേദപുസ്തകപരവും ദൈവശാസ്ത്രപരവുമായ പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാർപാപ്പമാർ പുറപ്പെടുവിച്ചിട്ടുള്ള ആനുകാലിക നിയമങ്ങൾ, വിവിധ റോമൻ കാര്യാലയങ്ങളുടെ പ്രബോധനങ്ങൾ എന്നിവയും ഈ പഠനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം സീറോ-മലങ്കര കത്തോലിക്കാസഭയുടെ പരിശുദ്ധ കുർബാനയെയും സഭാ നിയമത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകളും ഈ പഠനത്തിന്റെ ഭാഗമായിരിക്കുന്നു.

പ്രബന്ധത്തിന്റെ ഉള്ളടക്കം.

ഒന്നാം അദ്ധ്യായത്തിൽ രക്ഷയെക്കുറിച്ചും നിയമത്തെക്കുറിച്ചും വേദ പുസ്തകത്തിലും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും ആധുനിക ദൈവ ശാസ്ത്രജ്ഞന്മാരുടെ കാഴ്ച്ചപ്പാടുകളിലും സഭാനിയമങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും എങ്ങനെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കുകയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും രക്ഷയെക്കുറിച്ചു ചില നിയമപരവും നീതിന്യായപരവുമായ പശ്ചാത്തലങ്ങളിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈജിപ്തിൽനിന്നുള്ള പുറപ്പാടാണ് പഴയ നിയമത്തിലെ രക്ഷയുടെ അടിസ്ഥാനം. ഇസ്രായേലിന്റെ വിശ്വാസത്തിന്റെ അന്ത:സത്ത ഈ രക്ഷാ അനുഭവമാണ്. ഇസ്രായേലിന്റെ പ്രഥമ നിയമ ദാതാവായ മോശ എല്ലാറ്റിലുമുപരി ഒരു വിമോചന നേതാവായിരുന്നു എന്നത് ഏറ്റം ശദ്ധേയമാണ്. പുറപ്പാടിലൂടെ ലഭിക്കുന്ന രക്ഷാ അനുഭവമാണ് തുടർന്ന് സംഭവിക്കുന്ന നിയമ ദാനത്തിലേയ്ക്ക് ഇസ്രയേലിനെ നയിക്കുന്നത്. പത്തു കൽപ്പനകൾ നൽകുന്നതിന് തൊട്ടു മുമ്പ് ദൈവം മോശയോട് അരുളിച്ചെയ്യുന്നു, "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ്." (പുറ. 20,2 ).

പുതിയ നിയമത്തിൽ മാനവരാശിയെ ആകെമാനം ആകെമാനം ബാധിക്കുന്ന ഒരു അനുഭവമായി രക്ഷ മാറുന്നു. ഈ രക്ഷയുടെ അടിസ്ഥാന നിയമം ദൈവ സ്നേഹവും പരസ്നേഹവും ആണെന്ന് സ്ഥാപിക്കപ്പെടുന്നു. പുതിയ നിയമത്തിലെ രക്ഷ മനുഷ്യന്റെ ആത്മീയ നന്മ മാത്രമല്ല,ലക്‌ഷ്യം വയ്ക്കുന്നത്. മറിച്ചു അവന്റെ ശാരീരികവും ഭൗതീകവുമായ ക്ഷേമത്തിലും കരുതൽ പ്രകടമാക്കുന്നു. മനുഷ്യന്റെ സർവ്വക്ഷേമവും ലാക്കാക്കിയാണ് സ്നേഹമെന്ന അടിസ്ഥാന നിയമം പുതിയനിയമത്തിൽ സ്ഥാപിക്കപ്പെട്ടി രിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം പുതിയനിയമത്തിലെ രോഗ ശാന്തി വിവരണങ്ങളെയും അത്ഭുതപ്രവർത്തനങ്ങളെയും പഠനവിധേയ മാക്കേണ്ടത്.

സഭയിലെ അപ്പസ്തോലിക പിൻതുടർച്ചയുടെ ആത്യന്തിക ലക്ഷ്യം സുവി ശേഷം പ്രസംഗിക്കുകയും മാനവരാശിയെ മുഴുവൻ ക്രിസ്തുവിന്റെ രക്ഷയിലേയ്ക്ക് നയിക്കുകയുമാണ്. രണ്ടാം വത്തിക്കാൻ സൂന്നഹദോ സിന്റെ പ്രബോധനമനുസരിച്ചു സഭയുടെ എല്ലാ ദൃശ്യഘടനകളുടെയും ലക്ഷ്യം മാനവരാശിയെ മുഴുവൻ യേശുക്രിസ്തുവിൽ ഏകീഭവിപ്പിക്കുക എന്നതാണ്. "സംഘടിതമായ ഒരു ഹൈരാർക്കിയോടു കൂടിയതാണ് സഭ. അതേസമയം ക്രിസ്തുവിന്റെ മൗതിക ശരീരവുമാണത്; ദൃശ്യവും അദൃശ്യവുമായ സഭ ഭൗതികമെങ്കിലും സ്വർഗീയ ദാനങ്ങളാൽ പരി പുഷ്ടയാണ്. എന്നാൽ സഭയുടെ ഈ രണ്ടു വശങ്ങൾ രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളാണെന്ന് നാം ധരിച്ചുകൂടാ. പ്രത്യുത, ദൈവീകവും മാനുഷി കവുമായ ഘടകങ്ങൾ സമ്യക്കായി ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണ യാഥാർത്ഥ്യത്തിനാണ് അവ രൂപം കൊടുക്കുന്നത്." (തിരുസഭ-8). തന്മൂലം ദൃശ്യസഭയുടെ ആസ്തിത്വത്തിന്റെ ആകമാന ലക്ഷ്യം തീർച്ചയായും രക്ഷാകരമാണ്. ഇവിടെ സഭയുടെ ദൃശ്യഘടനയുടെ മുഴുവൻ പ്രത്യേകിച്ച് സഭയുടെ നിയമത്തിന്റെ രക്ഷാകര സ്വഭാവം നമുക്ക് കാണാൻ കഴിയുന്നു.

സഭാ നിയമത്തെ രക്ഷാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ പഠിക്കാനാണ് നാം പരിശ്രമിക്കുക. ഒരു സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങൾ അവയുടെ സ്വഭാവത്താൽ സങ്കീർണ്ണ ങ്ങളാണ്. സമൂഹജീവിതത്തിനു സ്ഥിരത നൽകേണ്ട നിബന്ധനകളാണ് നിയമങ്ങളെങ്കിലും അവയ്ക്കും സമൂഹം വളരുന്നതനുസരിച്ചു പരിണാമം സംഭവിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ പൊതുനന്മയാണ് ഏത് നിയമത്തി ന്റെയും അടിസ്ഥാനമെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ അല്പം കൂടി മുമ്പോട്ട് പോയി ഈ പൊതു നന്മയായിരിക്കണം നിയമ നിർമ്മാണത്തി ന്റെയും അടിസ്ഥാനമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സഭയിൽ ഈ പൊതു നന്മ മാനവരാശിയുടെ മുഴുവൻ രക്ഷയല്ലാതെ മറ്റൊന്നുമല്ല.

രണ്ടാം അദ്ധ്യായത്തിൽ പൌരസ്ത്യ സഭകളുടെ കാനോന സംഹിതയുടെ ദൈവശാസ്ത്രവും ചരിത്രവും പഠനവിധേയമാക്കുന്നു. 1990 ഒക്ടോബർ 18 ന് "പരിശുദ്ധ കാനോനകൾ" എന്ന അപ്പസ്തോലിക പ്രമാണ രേഖവഴി പ്രസിദ്ധപ്പെടുത്തി. 1991 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ വന്ന ഈ സംഹിത യുടെ ആവിർഭാവം സഭാജീവിതത്തിലെ ഒരു ചരിത്ര സംഭവ മായിരുന്നു. ഈ കാനോന സംഹിത പുരാതനമായ കാനോനിക ഉറവിടങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് പൗരസ്ത്യ സഭാജീവിതത്തെ, സാർവത്രിക സഭയുടെ ഐക്യത്തിലും സര്വ്വ ശക്തനായ ദൈവത്തിന്റെ അനന്ത പരിപാലനയിലും രൂപകല്പ്പന ചെയ്യുകയായിരുന്നു. സഭാ കൂട്ടായ്മയുടെ ചിന്താപദ്ധതിയിലൂടെ സാർവത്രിക സഭയിലെ 'സ്നേഹത്തി ന്റെ വാഹന'മായി പൗരസ്ത്യ സഭകളുടെ കാനോന സംഹിത പരിണമിച്ചു.

മൂന്നാം അദ്ധ്യായത്തിൽ പൗരസ്ത്യ കാനോന സംഹിതയുടെ സ്പഷ്ടമായ രക്ഷാകരസ്വഭാവമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇവിടെ വി. കുർബാനയെ ക്കുറിച്ചുള്ള ഈ കാനോനസംഹിതയുടെ ആദ്ധ്യാത്മികത, രക്ഷ (Salus), ആത്മാക്കളുടെ രക്ഷ (Salus Animarum), കാനോനിക ധർമ്മം (Canonical Equity) എന്നീ സംജ്ജകളുടെ ഉപയോഗം എന്നിവ പഠനവിധേയമാക്കുന്നു. പൗരസ്ത്യ കാനോന സംഹിതയുടെ പൊതു ആദ്ധ്യാത്മികത വി.കുർബാനയുടെ ആദ്ധ്യാത്മികതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് കണ്ടെത്താൻ കഴിയും. പരിശുദ്ധ കുർബാനയുടെ സൗഖ്യദായക സ്വഭാവവും ആത്മാവിന്റെ പരിശുദ്ധിയാണ് വി.കുർബാനയുടെ ആത്യന്തിക ലക്ഷ്യമെന്ന വസ്തുതയും പൗരസ്ത്യ കാനോന സംഹിതയുടെ രക്ഷാകരസ്വഭാവം വെളിവാക്കുന്ന രണ്ടു ഘടകങ്ങളാണെന്ന് ഈ അദ്ധ്യായത്തിൽ സ്ഥാപിക്കപ്പെടുന്നു.

ഈ കാനോനസംഹിത ഏറെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരിക്കുന്ന രണ്ടു സംജ്ജകളാണ് 'രക്ഷയും' 'ആത്മാക്കളുടെ രക്ഷയും'. ഈ സംജ്ജകൾ അവ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക കാനോനിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് പഠനവിധേയമാക്കിയിട്ടുള്ളത്. ഈ അന്വേഷണ ത്തിലൂടെ നാം മനസ്സിലാക്കി, വി. ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യത്തിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള അതെ അർത്ഥത്തിൽ തന്നെയാണ് പൗരസ്ത്യ കാനോന സംഹിതയിലും 'രക്ഷ' എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന്. രക്ഷയെന്ന രഹസ്യത്തെ പ്രഘോഷിക്കുവാൻ ഓരോ ക്രൈസ്തവ വിശ്വാസി ക്കുമുള്ള ഉത്തരവാദിത്വത്തെ കാനോന സംഹിത ഉയർത്തിപ്പിടിക്കുന്നു. "എല്ലാ കാലങ്ങളിലും ലോകത്തെമ്പാടുമുള്ള സകല ജനങ്ങൾക്കും രക്ഷയുടെ ദൈവീക സന്ദേശം കൂടുതൽ കൂടുതലായി എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാൻ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും അവകാശ വും കടമയുമുണ്ട്" (കാനോന-14). സർവ്വ പ്രപഞ്ചത്തിന്റെയും ആത്യന്തിക ലക്ഷ്യം രക്ഷയാണെന്നും കാനോനസംഹിത സ്ഥിരീകരിക്കുന്നു.

"വചന പ്രഘോഷകൻ മാനുഷിക വിജ്ഞാനത്തിന്റെതായ വാക്കുകളും ഗഹനമായ പ്രമേയങ്ങളും മാറ്റിവച്ച് വഴിയും സത്യവും ജീവനുമായ ക്രിസ്തുവിൻറെ സമ്പൂർണ്ണ രഹസ്യം ക്രിസ്തീയ വിശ്വാസികളോട് പ്രഘോഷി ക്കണം. ഭൌതിക വസ്തുക്കളും മാനുഷിക സ്ഥാപനങ്ങളും സൃഷ്ടാവായ ദൈവത്തിന്റെ പദ്ധതിയിൽ മാനവരക്ഷാർത്ഥം ക്രമവത്ക്കരിക്കപ്പെട്ട വയാണെന്നും ക്രിസ്തുവിന്റെ ഗാത്രനിർമ്മിതിയിൽ അവയ്ക്ക് ചെറുതല്ലാത്ത സംഭാവന നൽകുവാൻ സാധിക്കുമെന്നും അവർ കാണിച്ചുകൊടുക്കണം." (കാനോന- 616- § 1). അതുപോലെതന്നെ ആത്മാക്കളുടെ രക്ഷയിലുള്ള അതീവ താല്പ്പര്യം പൗരസ്ത്യകാനോന സംഹിത നീതിന്യായപരവും അജപാലനപരവുമായ വിവിധ പശ്ചാത്തലങ്ങളിൽ പ്രകടമാക്കുന്നുണ്ട്. "നിയമത്തെയും നിയമാനുസൃതമായ ആചാരങ്ങളെയും കൃത്യമായി പാലിച്ചുകൊണ്ടും നീതിയും ധർമ്മവും കണക്കിലെടുത്തു കൊണ്ടും, ആത്മാക്കളുടെ രക്ഷയ്ക്കും പൊതുനന്മയ്ക്കും ഏറ്റവും മെച്ചപ്പെട്ട മാർഗ്ഗം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുമായിരിക്കണം ഒരാൾ കല്പന (Decree) പുറപ്പെടുവിക്കേണ്ടത്‌". (കാനോന 1519 § 1) കാനോനികധർമ്മം (Canonical Equity) ആണ് രക്ഷാകര സ്വഭാവത്തോടുകൂടി പൗരസ്ത്യ കാനോന സംഹിതയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള മറ്റൊരു സംജ്ഞ. "നിയമാനുസൃതമായ അധികാ രിയാൽ വിചാരണയ്ക്കായി വിളിക്കപ്പെടുന്നപക്ഷം നിയമത്തിന്റെ അനുശാസനകൾക്ക് അനുസൃതമായും കാനോനികധർമ്മം പാലിച്ചു കൊണ്ടും വിധിക്കപ്പെടുവാൻ ക്രൈസ്തവ വിശ്വാസികൾക്ക് അവകാശമുണ്ട്‌."(കാനോന -24 § 2) ധർമ്മമെന്ന തത്വം പൌരസ്ത്യകാനോന സംഹിതയിൽ നീതി ഉറപ്പാക്കുന്നതിനും ആത്മാക്കളുടെ രക്ഷ സാധിക്കുന്നതിനും വേണ്ടി യാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ കാനോനകളിലെല്ലാം തന്നെ പൗരസ്ത്യ കാനോന സംഹിത സ്പഷ്ടമായ ഒരു രക്ഷാകര സ്വഭാവം പ്രകടമാക്കുന്നു.


നാലാം അദ്ധ്യായത്തിൽ പൌരസ്ത്യ കാനോന സംഹിതയുടെ അസ്പഷ്ടമായ (Implicit) രക്ഷാകര സ്വഭാവത്തെക്കുറിച്ചാണ് ചർച്ച ചെയ്യുക. ഇതിനായി ശിക്ഷാനിയമ ങ്ങളുടെ സൗഖ്യദായക സ്വഭാവം, അനുര ജ്ഞന കൂദാശയുടെ രക്ഷാകര സ്വഭാവം, ആനുകൂല്യങ്ങൾ (privileges), ഒഴിവാക്കലുക ൾ (Dispensations), ഒഴിവുകൾ (Exceptions), തിരുത്തപ്പെടലുകൾ (Sanation) തുടങ്ങിയ കാനോനിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. "വഴി തെറ്റിപ്പോയ ആടുകളെ തിരികെ കൊണ്ടുവരുവാൻ ദൈവം എല്ലാവിധ മാർഗ്ഗങ്ങളും ഉപയോഗി ക്കുന്നു; അതിനാൽ അഴിക്കുവാനും ബന്ധിക്കുവാനും ദൈവത്തിൽനിന്നു അധികാരം ലഭിച്ചിട്ടുള്ളവർ കുറ്റം ചെയ്തിട്ടു ള്ളവരുടെ രോഗാവസ്ഥ, ക്ഷമയിലും പ്രബോധനത്തിലും ഒരിക്കലും വീഴ്ച വരുത്താതെതന്നെ, തിരുത്തലും ശാസനയും അപേക്ഷയും വഴി,വേണ്ട രീതിയിൽ ചികിത്സിക്കേണ്ടതാണ്. കുറ്റം വഴി ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുവാനും അങ്ങനെ, കുറ്റം ചെയ്തവർ അങ്ങനെ നിരാശയിൽ നിപതിക്കുന്നതും ജീവിതത്തിൽ മാറ്റം വരുത്താതെ തെറ്റിൽ ഉറച്ചു നില്ക്കുന്നതും നിയമത്തോട് അവജ്ഞ കാണിക്കുന്നതും ഒഴിവാക്കുവാനു മായി, അവർ ശിക്ഷകൾ പോലും ചുമത്തേണ്ടതാണ്"(കാനോന -1401). ഇവിടെ ശിക്ഷയുടെ ഉദ്ദേശ്യം കുറ്റവാളിയുടെ സ്വഭാവ തിരുത്തലും തിരിച്ചുവരവു മാണെന്ന് വ്യക്തമാകുന്നു. "നിയമത്തിൽ മറ്റൊരു ശിക്ഷ വ്യവസ്ഥ ചെയ്യാത്തപക്ഷം, പൌരസ്ത്യസഭകളുടെ പുരാതന പാരമ്പര്യങ്ങൾക്ക നുസരിച്ചു നിശ്ചിത പ്രാർത്ഥനകൾ, തീർത്ഥാടനം,പ്രത്യേക ഉപവാസം, ദാനധർമ്മം, ധ്യാനം തുടങ്ങിയ ഗൗരവമാർന്ന പുണ്യ പ്രവർത്തികളോ ഭക്ത്യാഭ്യാസങ്ങളോ ഉപവിപ്രവർത്തനങ്ങളോ ആവശ്യപ്പെടുന്ന ശിക്ഷകൾ ചുമത്താവുന്നതാണ്." (കാനോന 1426 § 1). ഇവിടെയെല്ലാം ഒരു രക്ഷാകര സ്വഭാവം അത്ര വ്യക്തമല്ലാത്ത നിലയിൽ പൗരസ്ത്യ കാനോന സംഹിത യിൽ വെളിവാകുന്നുണ്ട്‌.

ഗവേഷണനിഗമനങ്ങൾ

ഈ ഗവേഷണം സഭയുടെ അസ്തിത്വത്തെ മെച്ചപ്പെടുത്തുന്ന തരത്തിൽ താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

1. പൗരസ്ത്യ സഭകളുടെ കാനോനസംഹിതയ്ക്ക് ഒരു രക്ഷാകര സ്വഭാവ മുണ്ട്. തന്മൂലം ഈ സംഹിതയിലെ കാനോനകൾ പഠിക്കപ്പെടേ ണ്ടതും മനസ്സിലാക്കപ്പെടേണ്ടതും ഈ പശ്ചാത്തലത്തിലാ യിരിക്കണം.

2. ഈ നിയമസംഹിതയിൽ വിശുദ്ധ ഗ്രന്ഥത്തിലെ ചില സംജ്ഞകൾ അതെ അർത്ഥത്തിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. തന്മൂലം ഈ സംഹിത കേവലം നിബന്ധനകളുടെ ഒരു സമാഹാരം മാത്രമല്ല,മറിച്ചു വി. ഗ്രന്ഥത്തിന്റെയും പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തിൽ കൂടിവേണം ഈ സംഹിത വിലയിരുത്തപ്പെടേണ്ടത്.

3. വി. കുർബാനയെക്കുറിച്ചുള്ള കാനോനകൾ അവയുടെ രക്ഷാകര സ്വഭാവം മനസ്സിലാക്കി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്.

4. ആരാധനക്രമത്തെ സംബന്ധിക്കുന്ന ചർച്ചകളും തർക്കങ്ങളും ഇതിനെക്കുറിച്ചുള്ള കാനോനകളുടെ അടിസ്ഥാന രക്ഷാകരസ്വഭാവം മനസ്സിലാക്കി പരിഹരിക്കപ്പെടേണ്ടതുണ്ട്.

5. സഭയുടെ അജപാലനപരവും നീതിന്യായപരവുമായ ശുശ്രൂഷകൾ നിർവഹിക്കുന്നവർക്ക് ആത്മാക്കളുടെ രക്ഷയെക്കുറിച്ച് പ്രത്യേക കരുതൽ ഉണ്ടായിരിക്കണം.

6. അനുരഞ്ജന കൂദാശയുടെ കാർമ്മികർക്ക് തങ്ങൾ ദൈവത്തിന്റെ അനന്ധമായ കരുണയുടെ പ്രദായകരാണെന്ന ബോദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം.

7. ശിക്ഷാനിയമങ്ങൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ അവയുടെ ആത്യന്തിക ലക്ഷ്യം കുറ്റം ചെയ്തവരുടെ മാനസ്സാന്തരം ആണെന്ന് വ്യാഖ്യാതാക്കൾ കരുതേണ്ടതാണ്.

ഉപസംഹാരം.

ഈ ഗവേഷണം കാനൻ നിയമത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ച്ച പ്പാടിലേയ്ക്ക് നമ്മെ നയിക്കുന്നു. സാധാരണ ഗതിയിൽ കാനൻ നിയമത്തിന്റെ നിർവചനത്തിൽ താഴെപ്പറയുന്ന ഘടകങ്ങൾ ഉണ്ടാവും: വിശ്വാസത്താൽ പ്രകാശിതമായതും യുക്തിഭദ്രവുമായ ഒരുകൂട്ടം നിയമങ്ങളുടെ സംഹിതയാണിത്; സഭാസമൂഹത്തിൽ ക്രമവും ചിട്ടയും സ്ഥാപിക്കുന്നതിനുവേണ്ടി അവ നിർമ്മിക്കപ്പെട്ടിരിക്കുന്നു. സഭാസമൂഹ ത്തിന്റെ സംരക്ഷണത്തിനായി ചുമതലപ്പെട്ടവർ അവ നിർമ്മിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു; പൊതു നന്മയാണ് അവയുടെ ലക്ഷ്യം; തന്മൂലം നിയമങ്ങളിലൂടെ കടമകളും ഉത്തരവാദിത്വങ്ങളും സഭാ വിശ്വാസി കളുടെമേൽ ഭാരമേൽപ്പിക്കപ്പെടുന്നു. എന്നാൽ ഈ പഠനത്തിൽ കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു കാനോനിക നിയമാവബോധം സംലഭ്യമാകുന്നു. ആദിമ സഭാസമൂഹത്തിൽ നിലനിന്നിരുന്നതും എല്ലാ മനുഷ്യനിർമ്മിത നിയമങ്ങൾ ക്കതീതവും ദൈവശാസ്ത്രത്തിലടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമായ ഒരു പരസ്പര പ്രതിബദ്ധതയിലേയ്ക്ക് അത് വിരൽ ചൂണ്ടുന്നു. ക്രിസ്തുവിന്റെ സഭയിലെ എല്ലാ അംഗങ്ങളെയും ഒരുമിപ്പിക്കുന്ന ആന്തരികവും ആദ്ധ്യാത്മി കവുമായ ഒരു നയ്യാമിക ശക്തി ഉണ്ടായിരുന്നു എന്ന വസ്തുത ഇവിടെ സ്ഥാപിക്കപ്പെടുന്നു.

കത്തോലിക്കാ സഭയിൽ നിയമം സ്നേഹത്തിന്റെ ഒരു മാർഗ്ഗം കൂടിയാണ്. രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങൾ രക്ഷാകര രഹസ്യത്തി ലേയ്ക്കുള്ള ചൂണ്ടുപലകകളായിരിക്കണം എന്ന വസ്തുത ഇവിടെ അടിവര യിട്ട് പരാമർശിക്കപ്പെടുന്നു. ഏതെങ്കിലും സഭാനിയമം ഈ ഉദാത്ത ലക്ഷ്യത്തിൽ നിന്നും വഴിമാറി ചരിക്കുന്നുണ്ടെങ്കിൽ അത് സഭാനിയമം ആയിരിക്കുകയില്ല. ഈ സത്യം സ്ഥാപിക്കുന്നതിന് വേണ്ടി പൗരസ്ത്യ കാനോന സംഹിതയിലെ ഏതാനും നിയമങ്ങൾ നാം പഠന വിധേയ മാക്കുകയായിരുന്നു. പൗരസ്ത്യ കാനോന സംഹിതയ്ക്ക് സ്പഷ്ടവും അസ്പഷ്ട വുമായ രക്ഷാകര സ്വഭാവമുണ്ടെന്ന് നാം കണ്ടെത്തുകയും ചെയ്തു.

യേശുക്രിസ്തു സർവ്വ പ്രപഞ്ചത്തിനുമായി പ്രദാനം ചെയ്ത നിത്യരക്ഷ യിലേയ്ക്ക് നയിക്കുന്ന ഉപകരണങ്ങളാണ് സഭാ നിയമങ്ങൾ. ആത്യന്തി കമായ ദൈവസംസർഗ്ഗത്തിലേയ്ക്ക് മനുഷ്യനെ നയിക്കുക എന്ന ഉദാത്ത ലക്ഷ്യമാണ്‌ സഭാനിയമങ്ങൾക്ക് പരമപ്രധാനമായി നിർവഹിക്കുവാനുള്ളത്. നിയമങ്ങളെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങളിൽ എന്നും നിഴലിച്ചിരിക്കു ന്നത് ഈ തത്വമായിരുന്നു. അതിനാൽത്തന്നെ സഭ തന്റെ നിയമ സംഹിത കളിൽ ഈ തത്വം വളരെ ശക്തമായി സന്നിവേശിപ്പിച്ചിരിക്കുന്നു. "ആത്മാക്കളുടെ രക്ഷയാണ് അത്യുന്നത നിയമം.    
 ------------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/

Mittwoch, 4. Dezember 2013

ധ്രുവദീപ്തി // Politic / മാനുഷിക ദുരന്തമാകുന്ന കസ്തൂരി രംഗൻ റിപ്പോർട്ട് // K. A. Philip, USA



ധ്രുവദീപ്തി // Politic / 


മാനുഷിക ദുരന്തമാകുന്ന കസ്തൂരി രംഗൻ റിപ്പോർട്ട് // 

K. A. Philip USA




("മനുഷ്യനും അയാളുടെ പ്രവൃത്തിയും രണ്ടു വ്യത്യസ്ത സംഗതികളാണ്. ഒരു സൽകൃത്യം അഭിനന്ദനവും ദുഷ്പ്രവൃത്തി ആക്ഷേപവും നേടുന്നു."- മഹാത്മാ ഗാന്ധി)



K.A.Philip. USA

നങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്, എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്ത ന കാലശേഷം, കേരളത്തിൽ യു.ഡി.എഫ് സർക്കാർ നിലവിൽ വന്നു. അങ്ങനെ യു.ഡി.എഫിലെ പ്രമുഖ കഷിയായ കോണ്‍ഗ്രസ് പാർട്ടിയുടെ നേതാവ്  ശ്രീ.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുമായി. എന്നാൽ സാധാരണക്കാരായ പൊതു ജനങ്ങളിൽ ഏറെ പ്രതീക്ഷയും ആവേശവും ഉണ്ടാക്കി ഭരണം തുടങ്ങിയ ഐക്യജനാധിപത്യമുന്നണി സർക്കാർ, ബുദ്ധിയുള്ള യാതൊ രാൾക്കും ഒട്ടും തെറ്റിദ്ധരിക്കാൻ ആവാത്തവിധം, പ്രകടമായ ജനവിരുദ്ധഭരണമാണ് തുടരെ  നടത്തിക്കൊണ്ടിരിക്കുന്നുവെന്ന പച്ചയാഥാർ ത്ഥ്യം സൃഷ്ടിച്ച് മലയാളിയുടെ മനസ്സിനെ വേദനിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ കരങ്ങളിൽ ജനതാൽപ്പര്യങ്ങളെല്ലാം ഭദ്രമായിരിക്കു മെന്നു  കരുതിയിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. ആ നില ഇന്ന് മാറി. കേരളത്തിലെ ലക്ഷോപലക്ഷം മലയോര കർഷകരെ വഴിയാധാരമാക്കുന്ന കസ്തൂരി രംഗൻ പദ്ധതിക്ക് അനുവാദം നൽകിയതിൽ കേരള സംസ്ഥാന സർക്കാരുകളുടെ മുഖ്യ ദല്ലാളുകളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെപ്പൊലെ തന്നെ മുൻപന്തിയിൽ നിന്ന് സമ്മതം നൽകിയ പ്രമുഖ രാഷ്ട്രീയ പാർട്ടിയാണ് കോണ്‍ഗ്രസ് പാർട്ടിയെന്നും ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെട്ടു. ദാരിദ്ര്യം കാർന്ന് തിന്ന കേരളത്തിലെ സാധാരണ കൃഷിക്കാരെ കേരളത്തിലെ വനഭൂമിയിലേയ്ക്ക് പ്രവേശിപ്പിച്ച് അവിടെ വിളഭൂമിയാക്കി കേരളീയരുടെ പട്ടിണി മാറ്റാനുള്ള ആഹ്വാനം ചെയ്തവർ തന്നെയാണ്, ഇപ്പോൾ അതേ മലയോര കർഷകരുടെ  സ്വപ്നങ്ങളെ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ പേരിൽ തകർക്കുന്നത്. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുവാൻ വേണ്ടി സർക്കാർ ഒരു പ്രാഥമിക  ഔദ്യോഗിക വിജ്ഞാപനവും ഇറക്കിക്കഴിഞ്ഞു. റിപ്പോർട്ടിനെക്കുറിച്ച് താഴെ ചില അനുബന്ധ വിഷയങ്ങൾ ചുരുക്കമായി നല്കിയിരിക്കുന്നു.                

Report of the high level working group on Western Ghats (Kasturirangan Western Ghats Report)

High Level Working Group presents report on Western Ghats to MoEF; proposes protecting 90 per cent of the region’s ‘natural landscape’ as ecological sensitive area. The Western Ghats is a biological treasure trove that is endangered, and it needs to be “protected and regenerated, indeed celebrated for its enormous wealth of endemic species and natural beauty” – says the Union Ministry of Environment and Forest’s High Level Working Group, whose much awaited report on the Ghats was presented to Ms.Jayanthi Natarajan, Minister of State (IC) for Environment & Forests. The 10- member Working Group is headed by Dr. K Kasturirangan (Member, Planning Commission) and includes environmental experts and other professionals as its members.

RELATED CONTENT:

In-Court: National Green Tribunal pulls up the environment ministry, 1 Oct 2013.














ഒറ്റനോട്ടത്തിൽ തന്നെ ഈ റിപ്പോർട്ട് മലയോരകർഷക വിരുദ്ധ അന്ത്യ വിധിയാണ് എന്നതിൽ ഒട്ടും സംശയമില്ല.

കസ്തൂരി രംഗൻ റിപ്പോർട്ട് എന്താണെന്നും, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ എന്താണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും നാം അറിഞ്ഞു. ഇതുമൂലം പദ്ധതി പ്രദേശത്തു അറുപതു എഴുപതു വർഷങ്ങളായി സ്ഥിരമായി  താമസിച്ചുവരുന്ന ജനങ്ങളുടെ ഗുരുതര ഭാവിയെയും അനന്തര ഫലങ്ങളെയും മുന്നിൽ കാണുന്ന ജനങ്ങളുടെ പ്രതികരണവും, ഇതിനകം നാം കാണുകയും വായിച്ചറിയുകയും ചെയതു കഴിഞ്ഞു. അതോടൊപ്പം ഇപ്പോഴുള്ള കേരള സർക്കാരിന്റെ നിഗൂഢ നിലപാടുകളും മനസിലാക്കുന്നു. ഒറ്റവാക്കിൽ ഇങ്ങനെ പറയാം-രാഷ്ട്രീയ ധാർമ്മികതയില്ലാതെ കടന്നുകയറിയ ചില കപട പരിസ്ഥിതിപ്രേമികളെന്നറിയപ്പെടുന്നവരുടെ നിഗൂഢ താൽപ്പര്യങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന ഡോ.കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇന്ത്യയെന്ന ഒരു മഹാരാജ്യം സൃഷ്ടിക്കപ്പെട്ട നാൾ മുതൽ യാതൊരാളും ഇന്നുവരെയും കണ്ടിട്ടില്ലാത്തതും, ഭാവിയിൽ പോലും ഒരു ജനാധിപത്യരാജ്യത്തു സംഭവിക്കാൻ പാടില്ലാത്തതും, കാലം  കാണാൻ പോകുന്നതുമായ ഒരു മഹാ മനുഷ്യദുരന്തത്തെയാണ് കേരളത്തിൽ കാണേണ്ടിവരുന്നതെന്ന് ഇപ്പോഴേ തീർച്ചയാണ്.

മലയോര കുടിയേറ്റകർഷകരുടെ  പറുദീസാ
കസ്തൂരി രംഗൻ റിപ്പോർട്ട് വിശദമായി ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അല്ലാതെ തന്നെ മലയാളിക്കത്  മനസ്സിലായി. മലയോരകർഷകർ താമസിക്കുന്ന സ്ഥലങ്ങളെ പരിസ്ഥിസംരക്ഷണകേന്ദ്രങ്ങളാക്കിമാറ്റി അവിടെ എല്ലാ വികസന പ്രവർത്തങ്ങളെയും മരവിപ്പിക്കും. റോഡു നിർമ്മാണം മുതൽ പുതിയ കെട്ടിടങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, പുതിയ കൃഷിരീതികൾ എന്നുവേണ്ട എന്ത് ചെയ്യുന്നതിനും ഉദ്യോഗസ്ഥരുടെ കനിവിനു വേണ്ടി കാത്തിരിക്കണം. മൃഗസംരക്ഷണത്തിനുവേണ്ടി ജനങ്ങളുടെ രാത്രിയാത്രാ അവകാശം പോലും നിരോധിക്കും. വനവകുപ്പ് മാഫിയാ ഉദ്യോഗസ്ഥരുടെ ചൂണ്ടുവിരലിന്റെ വരുതിയിൽ വരുത്തി കർഷകരെ അവിടെനിന്നും തുരത്തുവാനുള്ള ഹീനശ്രമങ്ങൾ ആണ് ഈ കപട പരിസ്ഥിതിയുടെ പേരിൽ ആരംഭിച്ചിരിക്കുന്നത്.

കർഷകരുടെ സംരക്ഷണ താൽപ്പര്യത്തിനായി ഈ പദ്ധതിയെ എതിർക്കുന്ന സാമൂഹ്യ നേതൃത്വങ്ങൾക്ക്‌ പദ്ധതിയെപ്പറ്റി ഒന്നും അറിയത്തില്ലായെന്നു ആക്ഷേപിച്ചു ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ മാതൃഭൂമി ദിനപത്രത്തിലെ ഒരു ലേഖനം വായിച്ചു വളരെ അതിശയിച്ചു പോയി. കോഴപ്പണം വാങ്ങി കൂലിയെഴുത്തു നടത്തി വരുന്ന കപടരാജ്യ സ്നേഹിക്കിടം നൽകുന്ന ഏതു മാദ്ധ്യമങ്ങളെയും മലയോരകർഷകർ തിരസ്കരിക്കന്ന നാളുകൾ അതി വിദൂരമായിരിക്കില്ല. കേരള സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് വേണ്ടി ജനങ്ങളോട് ആലോചിക്കാതെ സ്വതന്ത്ര തീരുമാനം എടുത്ത്  അനുവാദം നൽകിയെന്ന പൊതുജനങ്ങളുടെ അഭിപ്രായം വന്നതും പരക്കെ എല്ലാവരും സമ്മതിക്കുന്നുമുണ്ട്. അതേസമയം മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ  പാർട്ടിനേതൃത്വവും അതിനെ നിഷേധിച്ചു പരസ്യമായിത്തന്നെ  ജനാധിപത്യ സംസ്കാരത്തെ  വെല്ലുവിളിക്കുന്ന കാഴ്ചയാണ്  നിർഭാഗ്യവശാൽ നമുക്ക് ഇവിടെ കാണാൻ കഴിയുക.

പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതി സംരക്ഷണത്തിനു പ്രതികൂല സാഹചര്യം ഉണ്ടാക്കിയവർ അവിടെ എല്ല് മുറിയെ പണിയെടുക്കുന്ന ഒരു കർഷകനും  ആയിരുന്നില്ല. അതേസമയം, പാറമട വ്യാപാരം, വനസമ്പത്തു കളായ ഈട്ടി, ചന്ദനം, തെക്ക് തടികൾ ഇവയെല്ലാം കള്ളക്കടത്തു നടത്തി കോടികളുടെ കള്ളപ്പണം സമ്പാദിക്കുന്ന രാഷ്ട്രീയനേതാക്കളും മറ്റ് അവരുടെ അധോലോക പാർശ്വവർത്തികളായ ഇടനില ഗുണ്ടകളുമാണെന്ന് ഈ അടുത്ത കാലങ്ങളിൽ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ സത്യമാണ്. എന്നിട്ടും, പരിസ്ഥിതി ഘാതകർ ഈ പാവപ്പെട്ട കർഷക രാണെന്ന ആരോപണം അവരുടെ ശിരസിൽ കെട്ടിവയ്ക്കാൻ വേണ്ടി നടത്തുന്ന ശ്രമം റിപ്പോർട്ടിൽ ഒളിഞ്ഞിരിക്കുന്നു.

"കസ്തൂരിരംഗൻ റിപ്പോർട്ട്" അതേപടി നമ്മുടെ കേരളത്തിൽ ഒരിക്കലും  നടപ്പാക്കുകയില്ലയെന്നു മാത്രമല്ല, കർഷകക്ക് എതിരായ ഒരു നടപടികളും ഉണ്ടാവില്ലാ"യെന്നു മുഖ്യമന്ത്രി ആണയിട്ടു നഗ്നമായ വാസ്തവ നിഷേധവും  പ്രസ്താവനയും ഇറക്കുന്നു. കേരളത്തിൽ ഒരു മുഖ്യഭരണാധികാരി നടത്തുന്ന അടുത്തകാലത്തെ ഏറ്റവും ഭീകരമായ നുണപ്രചാരണം എന്ന് ഖേദപൂർവം പറയട്ടെ. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയെപ്പോലെതന്നെ, ഗാട്ഗിൽ കമ്മിറ്റി മുതൽ കസ്തൂരി രംഗൻ കമ്മിറ്റിയെക്കുറിച്ചുവരെ വ്യക്തമായ അറിവും റിപ്പോർട്ടിന് പിന്തുണയും മന്ത്രിയായിരിക്കുമ്പോൾത്തന്നെ നൽകിയ കേന്ദ്ര മന്ത്രി ഏ. കെ. ആന്റണിയുടെ മദ്ധ്യസ്ഥത തേടിയത് കേരള മുഖ്യമന്ത്രിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയും നിഷേധനില പാടും നിഗൂഢതയും ഒരിക്കൽക്കൂടി ബലമായി വ്യക്തമാക്കുകയാണ്. ഇങ്ങനെ പറയാൻ എന്തു കാര്യം.? പൂച്ച പുറത്തു ചാടി. "ഭരണം വലിയ കാര്യമല്ല, മലയോര കർഷകരുടെ ഇപ്പോഴുള്ള ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഞങ്ങൾക്ക് പ്രധാനം, ഞങ്ങൾ എപ്പോഴും അവരുടെ കൂടെയാണെന്ന്" അതേസമയം പ്രാദേശിക പാർട്ടിയായ കേരള കോണ്‍ഗ്രസ് ഭരണഘടകകക്ഷിനേതാവു പറയുന്ന പ്രസ്താവന ഏറെയേറെ  ശ്രദ്ധേയവുമാണ്.

ഒരു തുറന്ന സത്യം ഉണ്ട്. മലയോര കർഷകന് അവരുടെതായ പ്രതിജ്ഞയുണ്ട്. അവരുടെ സ്വന്തം ശരീരത്തിലെ വിയർപ്പുതുള്ളികൾ അലിഞ്ഞു ചേർന്ന മണ്ണിനു അച്ഛനും മക്കളും തമ്മിലുള്ള ബന്ധമാണുള്ളത്. ഈ ബന്ധത്തിൽ ഒരു തകർച്ചയുണ്ടാക്കാൻ ശ്രമിക്കുന്ന കപട പരിസ്ഥിതിവാദികളുടെ ഏത് വിധ ഇടപെടലുകളെയും ശക്തമായി എതിർത്തു നേരിടുമെന്നാണവരുടെ ഉറച്ച പ്രതിജ്ഞ. മലയോരകർഷക്ന്റെ ജീവിതം എന്നും സാഹസങ്ങൾ നിറഞ്ഞത്‌ തന്നെയാണെന്ന അവബോധം അവരിൽ തെളിഞ്ഞു നില്ക്കുന്നുണ്ട് .

നമ്മുടെ ഭൂപ്രകൃതിയേക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിനായി വനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ  ഉണ്ടായിരിക്കണം. അതുപക്ഷെ, സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും കൂടി അവലോകനം ചെയ്തു പഠിച്ചശേഷം മാത്രമായിരിക്കണം സാധിക്കേണ്ടത്. ശൂന്യാകാശ ഗവേഷണം നടത്തുന്ന ഒരു വ്യക്തിയാണ് ഡോ.കസ്തൂരി രംഗൻ എന്ന് നാം ഓർക്കണം. ജീവിതത്തിൽ കയ്യിൽ മണ്ണ് പറ്റിക്കാതെ കസേരയിൽ ഇരുന്നു ആകാശത്തെ മാലാഖമാർ എന്തുചെയ്യുന്നുവെന്ന് മുകളിലേയ്ക്ക് നോക്കിയിരിക്കുന്ന അദ്ദേഹത്തിനു മലയോര കർഷകന്റെ  മാനുഷികപ്രശ്നങ്ങൾ എങ്ങനെ അറിയാം? ജനങ്ങൾ തിങ്ങി പാർക്കുന്ന മലയോരപ്രദേശങ്ങളിൽ എന്ത് ഉണ്ടായിരിക്കണം എന്ത് ഇല്ലായിരിക്കണം എന്നെല്ലാം സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടതിനു ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ നിർമ്മിക്കുന്നതിനു മുൻപ് അതെക്കുറിച്ച് രാജ്യത്തെ നിയമസഭ കൂടി ചർച്ച ചെയ്തു പൊതുജനാഭിപ്രായം സ്വീകരിച്ചു നടപ്പാക്കേണ്ടതാണ്. അപ്പോൾ അത് കുറ്റമറ്റ തീരുമാനങ്ങൾ ആയിരിക്കും.

അടിമാലിക്കടുത്തുള്ള പൊന്മുടി അണക്കെട്ട്.
ജനങ്ങൾ ദീഘകാലമായി തിങ്ങിപ്പാർക്കുന്ന മലയോര പ്രദേശങ്ങളിൽ മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായി യാതൊരു തുമ്പും തൂലുമറിയാത്ത ഒരുകൂട്ടം രാഷ്ട്രീയപ്രവർത്തകർ  ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി നേതൃത്വവുമായി ചേർന്ന് എന്തിന്റെയോ ദുരുദ്ദേശ ലക്ഷ്യത്തിനുവേണ്ടി, പേരിന്  അന്ധമായ പ്രകൃതി പ്രേമം വെളിയിൽ പറഞ്ഞ് കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭീകര കാഴ്ചയാണ് നാം കാണുന്നത്. കേരളസംസ്ഥാനം ജനവാസം നിറഞ്ഞ "ഒരൊറ്റ ഗ്രാമം" ആണെന്ന് എക്കാലത്തും പരക്കെപ്പറയുന്നതു സാധാരണ ചൊല്ലാണ്. ഇതിലെ യാഥാർത്ഥ്യവും നന്മയും അപ്രകാരം തന്നെയാണല്ലോ.

പരിസ്ഥിതിവാദികളും ജനജീവിതത്തിൽ സാസ്കാരിക നായകരുടെ പങ്കു പൊക്കിപ്പിടിച്ചു നടക്കുന്നവരും ലോകത്തിൽ എല്ലാരാജ്യങ്ങളിലും ഉണ്ട്. അവരെല്ലാം തന്നെ ചില താൽപ്പര്യങ്ങൾ സ്വന്തമായിട്ടുള്ളവരുമാണ്. അവരും നാമുദ്ദേശിക്കുന്ന വിധത്തിൽ എല്ലാ അർത്ഥത്തിലും നിഷ്പക്ഷരുമല്ല. കേരളത്തിലെ ചില സാംസ്കാരിക നായകന്മാരുടെ കപട നിഷ്പക്ഷത  പ്രത്യേകമായി രാഷ്ട്രീയ കാര്യങ്ങൾ വരുമ്പോൾ ദുസ്സഹമായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. മറ്റാരും ഇതൊക്കെ മനസ്സിലാക്കുകയില്ലെന്നാണ് ഇവരുടെ വിചാരം. ഇവിടെ, ഡോ. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ ആത്മഹത്യാപരമായ വിരാമഘട്ടത്തിൽ ആണ് അവരുടെ സ്വധർമ്മം വിസ്മരിച്ചത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയിൽ വ്യത്യസ്ഥതയുണ്ട്. മാത്രമല്ല, ജനസംഖ്യയിൽ പോലും വ്യത്യസ്ഥതയുണ്ട്. സംസ്കാരത്തിൽ ദേശീയമായും പ്രാദേശികമായും വ്യത്യസ്ഥതയുണ്ട്. വിസ്തൃതിയിലും വലുപ്പത്തിലും ഏറെ അന്തരമുണ്ട്. ഓരോരോ സംസ്ഥാനത്തിലും ഉൾപ്പെടുന്ന വനത്തിന്റെ ഉൾ അളവിൽ അന്തരം ഉണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് നമ്മുടെ കേരളത്തിൽ ജനസംഖ്യ ഏറെയാണ്‌. കേരളം മുഴുവൻ ജനങ്ങൾ വ്യാപകമായി എല്ലായിടത്തും വസിക്കുന്നു. വനങ്ങൾക്ക് രാജ്യത്തെ പൊതു പരിസ്ഥിതി ക്രമീകരിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. ശരി തന്നെ. അതുപക്ഷെ, അതിനുവേണ്ടിയുള്ള ശീഘ്ര  പ്രയാണത്തിൽ അശാസ്ത്രീയമായ സർക്കാർ തീരുമാനങ്ങൾ കർഷകരുടെ  താൽപ്പര്യത്തിനെതിരായി എടുത്തുകൊണ്ട് നിർബന്ധമായി നടപ്പാക്കുമ്പോൾ അവയൊന്നും ജനങ്ങളുടെ ആവശ്യത്തെയല്ല പൂർത്തീകരിക്കുന്നത്.

ഹൈറേഞ്ചിലെ ഒരു കർഷകന്റെ പുരയിടം
കേരളത്തിലെ ജനജീവിതവും താമസസ്ഥലങ്ങളും വീടുകളും കൃഷി രീതികളും കൃഷിസ്ഥലങ്ങളും മറ്റു സംസ്ഥാനത്തെതുപോലെ സമാനമായി ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കുന്നത്‌ ശരിയല്ല. ജനാഭിപ്രായം മാനിക്കാത്ത കപടരാഷ്ട്രീയ  പരിസ്ഥിതിവാദികളെ ജനം തിരസ്ക്കരിക്കു ന്ന സമയം അടുത്തു വരുന്നത് നമുക്ക് കാണാം. കേരളം മധ്യപ്രദേശ് സംസ്ഥാനമോ തമിഴുനാട് സംസ്ഥാനമോ ഉത്തരാഖണ്ടോ അല്ലല്ലോ. കേരളത്തിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാലിന്യം നീക്കം ചെയ്യുന്നതിലും ഉടനെ അതിനെ വേർതിരിച്ചു സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ഇത്രകാലങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ യാതൊന്നും ചെയ്യാൻ കഴിയാത്ത രാഷ്ട്രീയ- സാംസ്കാരിക പരിസ്ഥിതിവാദികളുടെയും സർക്കാരി ന്റെയും നിലപാട് സംശയകരമാണ്.

കേരളത്തിൽ സർക്കാരുകൾ നടത്തിയ ഭൂപരിഷ്കരണ നിയമങ്ങൾ  ആർക്ക് വേണ്ടിയായിരുന്നു? വീടില്ലാത്ത പാവപ്പെട്ട കേരളീയനു വീടുവയ്ക്കണം. സ്വന്തമായ ഒരു തുണ്ട് ഭൂമിക്കുവേണ്ടി യാജിക്കുന്നവരുടെ മുൻപിൽ പൊള്ള  വാഗ്ദാനങ്ങൾ നല്കുന്ന സർക്കാർ പൊതുമേളകൾ നടത്തുന്നുണ്ട്. എന്നാൽ ഇവിടെ പാവപ്പെട്ടവനു വീട് വയ്ക്കുവാൻ സ്ഥലം നൽകുന്നതിൽ പോലും കേരള സർക്കാർ എന്നേ പൂർണമായി പരാജയപ്പെട്ടു? കേരളത്തിലുള്ള  മൂന്നേകാൽ കോടി ജനങ്ങളെ പാർപ്പിക്കാൻ പോലും വേണ്ടിയ ഭൂമി സർക്കാർ കൈവശമില്ല.

പശ്ചിമ ഘട്ട പ്രദേശങ്ങളിൽ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം  നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിജ്ഞാപനം ഒരു താല്ക്കാലിക ഉത്തരവല്ല. അതിലെ വിശദീകരണങ്ങൾ വായിച്ചാൽ അവ വ്യക്തമാകും. ഈ പദ്ധതിയെ സർക്കാരുകൾ ശുപാർശ ചെയ്തിട്ടുള്ളവയുമാണ്. എഴുതിയത് എഴുതിയത് തന്നെയെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ ഇതിനെയാണ് കോണ്‍ഗ്രസ് പാർട്ടി നേതൃത്വം രാഷ്ട്രീയപരമായി സ്വയം ന്യായീകരിക്കുവാനും മലയോര കർഷകരെ തെറ്റിദ്ധരിപ്പിച്ചു പദ്ധതിയുടെ ഗൗരവസ്ഥിതിയെ മറച്ച് തീർത്തും ഉപദ്രവരഹിതമാക്കുവാനും ശ്രമിക്കുന്നത്.

ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് മുതൽ വരാൻ പോകുന്ന ഭവിഷ്യത്തുകളെ അറിയുന്ന മലയോരപ്രദേശത്തു വസിക്കുന്ന സാധാരണ കർഷകർക്ക് അസ്ഥിരതയും അസ്വസ്ഥതയും കൂടിവരുന്നു. ജനങ്ങൾ തിങ്ങി തിങ്ങിപ്പാർക്കുന്ന പശ്ചിമഘട്ട പ്രദേശങ്ങളായ മലബാറിലെയും അതുപോലെ  ഇടുക്കിയിലെയും, അതായത്, കേരളത്തിന്റെ വടക്ക് മുതൽ തെക്കേ അറ്റം വരെയുള്ള, ജനനിബിഢമായ മലയോര നഗരങ്ങളും ഗ്രാമങ്ങളും പരിസ്ഥിതി  സംരക്ഷണ പരിധിയിൽ വരുത്തി അവിടെ പൊതു വികസനവും അടിസ്ഥാന സൗകര്യവും മരവിപ്പിക്കുകയെന്നത് കസ്തൂരി രംഗൻ റിപ്പോർട്ട് അതുപടി   നടപ്പാക്കുന്നതിലൂടെ നടക്കുമെന്നത് തീർച്ച യാണ്. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും, നിലപാടും കർഷകനെതിരെന്നു വ്യക്തം. ഇതാണോ കേന്ദ്ര-കേരള സർക്കാരുകളുടെ യും ജനപ്രതിനിധികളുടെയും മറ്റും ഭാവനയിൽ കാണുന്ന പരിസ്ഥിതി സംരക്ഷണ മാതൃക?

മൂന്നാറിലെ തേയില തോട്ടം 

മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ജനങ്ങളുടെ കുടിയേറ്റം നടന്നുകഴിഞ്ഞിട്ട് മൂന്നും നാലും തലമുറകൾ കഴിഞ്ഞിരിക്കുന്നു. മലയോടും മലബനിയോടും മൃഗങ്ങളോടും മരണത്തോടും പൊരുതി ജയിച്ച മലയോര കർഷകരെല്ലാം കേരളസംസ്ഥാനത്തിന്റെ ദാരിദ്ര്യമുഖശ്ചായ മാറ്റിയ സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന നമ്മുടെയൊക്കെ പൂർവീകരും സഹോദരീ സഹോദരന്മാരുമാണ്. അവരെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന രാഷ്ട്രീയനപുംസകങ്ങൾ തന്നെയാണ്, ഇപ്പോഴിങ്ങനെയൊരു ഭീകര പ്രതിസന്ധി കർഷക മനസിൽ ജനിപ്പിച്ചത്. പരിസ്ഥിതിപ്രേമികൾ! നമ്മുടെ കേരളത്തിൽ ഒരു "സോഷ്യൽ ഫോറസ്ടറി" സംവിധാനം സർക്കാർ നടപ്പാക്കട്ടെ.

കേരളീയരെ സംബന്ധിച്ച് പറഞ്ഞാൽ, 1937 മുതൽ 1950 കാലഘട്ടം വരെയുള്ള ജനജീവിതം പട്ടിണിയുടെതായിരുന്നു എന്ന് പറയുന്നതാണ് ശരി. രണ്ടാം ലോക മഹായുദ്ധം കാരണമാക്കിയ ഭക്ഷ്യക്ഷാമം കേരളത്തെ മുഴുവൻ ഏതാണ്ട് ദാരിദ്ര്യമാക്കിത്തീർത്തിരുന്നു. നിരവധി പട്ടിണി മരണങ്ങൾ ഉണ്ടായി. പട്ടിണി ക്കെതിരായ മനുഷ്യപ്രയഗ്നങ്ങൾ പാടെ പരാജയപ്പെട്ടു. കർഷകർ അന്ന് കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങൾക്ക് വിലയില്ല. ഭക്ഷണസാധനങ്ങളായ അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ കമ്പോളങ്ങളിൽ ലഭിക്കാതെയായി. ഇന്നത്തെ ശാസ്ത്രീയ കൃഷിരീതികൾ അന്നില്ല. ടാറിട്ട ഒരു റോഡുകൾ ഇല്ല. ഓടുകൾ മേഞ്ഞ്, തറകൾ സിമിന്റിട്ടു പണിത വീടുകൾ കാണാനില്ലായിരുന്നു. ചാണകം കൊണ്ട് മെഴുകിഎടുത്ത തറയിലിരുന്നു, കേരളത്തിലെ കൊടപ്പനകൾ വെട്ടിയെടുത്തുണ്ടാക്കിയ പൊടിഅടഭക്ഷണം മലയാളി കഴിച്ചു വിശപ്പടക്കി.

മൂന്നാറിൽ. കർഷക ഹരിതവിപ്ലവം
ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങൾ ഒന്നും ഇല്ലാതെയിരുന്ന ഒരു ഇരുണ്ട കാലം കരള ജനത അനുഭവിച്ചിരുന്നു. ജനങ്ങളിലെ ദാരിദ്ര്യത്തിനെതിരെ കേരള സർക്കാരിന് ഒന്നും പരിഹരിക്കാൻ  കഴിയാത്ത നിലവന്നപ്പോഴാണ് അന്ന് ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ മലയോരപ്രദേശങ്ങളെ വിളഭൂമിയാക്കാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും സാധാരണ ജനങ്ങളെ ആഹ്വാനം ചെയ്തത്. മലയോര കർഷകർ വിതച്ചപ്പോൾ നൂറുമേനി അവർ കൊയ്തെടുത്തു. അവർ  ദാരിദ്രത്തിന്റെ കോട്ടകൾ തകർത്തത് തികച്ചും അഭിമാനത്തോടെയായിരുന്നു. മലയോരത്തു നിന്നും കപ്പയും വാഴക്കുല കളും നെല്ലും ശർക്കരയും പഴങ്ങളും പച്ചക്കറികളും നാട്ടിൻ പുറങ്ങളിലെ ചന്തകളിൽ എത്തിച്ചേർന്നു. പശ്ചിമഘട്ട മലയോരത്തു എത്തിയ കർഷകർ എല്ലുമുറിയെ പണിയെടുത്തപ്പോൾ അത് നാട്ടിൻ പുറത്തെ സാധാരണക്കാരനും പട്ടിണിപ്പാവങ്ങൾക്കുപോലും പുത്തൻ പ്രതീക്ഷകളുടെ മധുരസ്വപ്‌നങ്ങൾ വിടർന്നു.

ഒരു ചരിത്ര വസ്തുത നാം മറക്കേണ്ട. അക്കാലത്ത്  ഇടുക്കി ജില്ല ഉണ്ടായിട്ടില്ല. ഹൈറേഞ്ച് വനപ്രദേശം അക്കാലത്ത് പ്രായോഗികമായി സ്വന്തംപോലെ കയ്യടക്കിവച്ചിരുന്നത് തമിഴ്നാട്ടിലെ ചില വമ്പൻ മാഫിയാസംഘം ആയിരുന്നു. ഉദാഹരണമായി, അവരിൽ പ്രസിദ്ധരായ ചിലരുടെ പേരുകൾ കൂടി ഇവിടെ ചേർക്കട്ടെ. പേര് കേൾക്കുമ്പോൾ തന്നെ കേരളീയർ അന്ന് ഭയന്ന് ഞെട്ടിയിരുന്ന   കഴുത്തുവെട്ടികൾ എന്നറിയപ്പെട്ട പാണ്ടിത്തേവന്മാർ, തമിഴ്നാട്ടുകാരായ കൊള്ളത്തലവൻ ആങ്കൂർ റാവുത്തർ, പാമ്പാടുംപാറ ഭാസ്കർ തുടങ്ങിയവർ   കിഴക്കൻ വനപ്രദേശം അധീനതയിൽ ആക്കിയിരുന്നു. ആങ്കൂർ റാവുത്തർ മലയോര ഉൾഭാഗങ്ങളിൽ റോഡുകൾ നിർമ്മിച്ച്‌ വനപ്രദേശത്തുണ്ടായിരുന്ന തേക്ക്, ഈട്ടി, തുടങ്ങിയ വനവൃക്ഷങ്ങൾ അനധീകൃതമായി വെട്ടിയിട്ട്  തമിഴ് നാട്ടിലേയ്ക്ക് കടത്തിക്കൊണ്ടുപോയി. പാണ്ടിതേവർമാരും പാമ്പാടുംപാറ ഭാസ്കറും അതുപോലെ മറ്റുപലരും ആയിരക്കണക്കിന് ഏക്കർ വനഭൂമി കൈവശപ്പെടുത്തി അവിടെ ഏലകൃഷി ചെയ്തു.

സ്വർണ്ണം വിളയുന്ന ഹൈറേഞ്ചു പ്രദേശങ്ങൾ മൊത്തമായും തമിഴ്‌നാടിന്റെ കൈവശമാകുമെന്നു തിരിച്ചറിഞ്ഞ കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ പട്ടം താണുപിള്ളയും ചില കോണ്‍ഗ്രസ് നേതാക്കളും ചേർന്ന് തമിഴ് അധിനിവേശത്തെ പോലീസിനെ ഉപയോഗിച്ച് അവരെ എതിർത്തു. ഹൈറേഞ്ചു പ്രദേശത്തുനിന്നു വളരെയേറെ തമിഴരെ ബലപ്രയോഗത്തിൽ തുരത്തി. ഇത് പട്ടം താണുപിള്ളയുടെ രാഷ്ട്രീയ വിജയമായിരുന്നു. പട്ടം കോളനി എന്ന ഗ്രാമപ്പേര് ഈയൊരു വിജയത്തിനു തെളിവാണ്. നെടുങ്കണ്ടം, പട്ടം കോളനി, കുമളി, ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻ കോവിൽ, കട്ടപ്പന, രാജാക്കാട്, കൊന്നത്തടി, അടിമാലി, തുടങ്ങിയ  പ്രദേശങ്ങളിൽ ഓരോ കർഷകനും അഞ്ചേക്കർ സ്ഥലം വീതം "ആലോട്ടുമെന്ടു "ഭൂമിയായി ആദ്യം സർക്കാർ അളന്നുതിരിച്ചു കൊടുത്തു. നാട്ടിൻപുറത്തെ പാവപ്പെട്ടവരും സാമ്പത്തിക മെച്ചമെച്ചമുണ്ടായിരുന്ന മറ്റുചിലരും അവിടെ  ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.

ഹൈറേഞ്ചിലെ ഒഴുകിവറ്റുന്ന കർഷക സ്വപ്‌നങ്ങൾ - മുതിരപ്പുഴയാർ
പിന്നീട് അധികാരത്തിലെത്തിയ കേരളസർക്കാർ ഹൈറേഞ്ചു പ്രദേശങ്ങളു ടെ വികസനത്തിനു ലക്ഷ്യം വച്ച് ഇടുക്കി ജില്ല രൂപീകരിച്ചു. പക്ഷെ, ഇപ്പോഴും ചില തമിഴ് ലോബിയുടെ ഒളിപ്രവർത്തനം നിഗൂഢമായി നടക്കുന്നുണ്ട്. ഇതിനു പുതിയ തെളിവാണ് പീരുമേട് താലൂക്ക് തമിഴ്നാടിന്റെ ഭാഗമാക്കണമെന്നു എഴുതിഒട്ടിച്ച പോസ്ടറുകൾ അവിടെ ഈയിടെ പ്രത്യക്ഷപ്പെട്ടത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ മറപിടിച്ചാണ് ഈ നടപടി അവിടെ നടന്നതെന്നും ജനസംസാരം ഉണ്ട്. കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതിവാദികളും തമിഴ് ലോബിയും തോളിൽ തോളുരുമ്മുന്നുണ്ട് എന്നും പരക്കെ പറയുന്നുണ്ട്.

മലയാളിയുടെ സാമ്പത്തിക വികസന ലക്ഷ്യവും, തമിഴുലോബികളുടെ  പിടിയിൽ നിന്നും വനപ്രദേശത്തെ സംരക്ഷിക്കലും, മാറി മാറി വന്നിരുന്ന  സർക്കാറുകളുടെ പ്രധാന ലക്ഷ്യമായിരുന്നു. മലയോര മേഖലയിൽ കർഷകർ കുടിയേറി വനമേഖല വിളഭൂമിയാക്കാൻ നേതാക്കൾ ആഹ്വാനം നടത്തിയതും കർഷകന് ഭാവിയും കേരളത്തിന്റെ ദാരിദ്ര്യനിർമാർജ്ജനവും ഇവിടെ നിന്നും ആരംഭിക്കട്ടെയെന്നു അന്ന് നേതാക്കൾ കരുതിയിരുന്നതു കൊണ്ടാണ്. ഹൈറേഞ്ചു വികസനം സുഗമമായി നടപ്പാക്കാൻ വേണ്ടി അന്ന്സർക്കാർ തന്നെ ഒരു കമ്മീഷനെ നിയോഗിച്ചു. ഇതായിരുന്നു അക്കാലത്ത് അറിയപ്പെട്ട പ്രസിദ്ധ "മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട്". ഹൈറേഞ്ചു കർഷകരുടെ സാമ്പത്തിക ഭാവിസ്ഥിരതയെ ഉറപ്പുവരുത്താൻ ആവശ്യമായ നിർദ്ദേശങ്ങളും മറ്റും അടങ്ങിയ തെളിവെടുപ്പ് റിപ്പോർട്ട് ശ്രീ മാത്യൂ മണിയങ്ങാടൻ ( മുൻ ഇന്ത്യൻ പാർലമെന്റ് അംഗം, കോട്ടയം)  കേന്ദ്ര സർക്കാരിൽ സമർപ്പിച്ചു.

മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതുപടി അംഗീകരിച്ചു. മലയോര മേഖലയിലെ ലക്ഷക്കണക്കിനായ  കർഷകരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. അവർക്ക് അവരുടെ കൃഷി ഭൂമിക്ക് സ്ഥിരപട്ടയം ലഭിച്ചു. തമിഴ്നാടിന്റെ ആധിപത്യവും കുറെയെങ്കിലും അവിടെ അവസാനിപ്പിച്ചു. ഇത്പോലെ സങ്കീർണ്ണമായ  ചരിത്രവും മലബാർ കർഷക കുടിയേറ്റങ്ങളിലും ഉണ്ടായിരുന്നുവെന്നു  ഇവിടെ പറയട്ടെ. ഇവിടെയെല്ലാം ലക്ഷോപലക്ഷം കുടുംബങ്ങൾ ഇപ്പോൾ തിങ്ങിപ്പാർക്കുന്നുണ്ട്. സ്വതന്ത്രമായ കേരളവികസനത്തിന്റെ യഥാർത്ഥ മാതൃക.

ഹൈറേഞ്ചിലെ  മറയൂരിൽ കർഷകർ ഉണ്ടാക്കുന്ന ശർക്കര
കുടിയേറിയ കർഷകർ സ്വതന്ത്രമായി കൃഷി ചെയ്തു. മനോഹരമായ വീടുകൾ നിർമ്മിച്ചു. അവിടെ  ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും കച്ചവടകേന്ദ്രങ്ങളും ഭംഗിയുള്ള റോഡുകളും ഗതാഗത മാർഗ്ഗങ്ങളും ഉണ്ടാക്കി. വനമേഖല സമൃദ്ധിയുടെ വിളഭൂമിയായി. സ്വദേശികൾക്കും വിദേശികൾക്കും വേണ്ടിയുള്ള സന്ദർശന കേന്ദ്രമായി മാറി. കേരളത്തിന്റെ മനോഹരമായ  മലയോരമേഖലയിൽ മുഖ്യകൃഷി ഉത്പ്പന്നങ്ങളായ ഏലം, കാപ്പി, കുരുമുളക്, റബ്ബർ, തേയില,ചക്ക, മാങ്ങാ, കപ്പ, കരിമ്പ്(ഉദാ.മറയൂർ ശർക്കര ) എന്നുവേണ്ട കേരളത്തിനു നിത്യേന വേണ്ടിയതെല്ലാം അവിടെ അവർ വിളയിച്ചു. അവർ കർഷകർ അവിടെ വിതച്ചു, അവർ നൂറുമേനി വിളവു  കൊയെതെടുത്തു. സ്വദേശത്തും വിദേശത്തും ഉത്പ്പന്നങ്ങളെല്ലാം വിതരണം ചെയ്തു. അവ വിദേശങ്ങളിൽ  കയറ്റി അയച്ചു. ഇതൊക്കെ മലയോര കർഷകരുടെ കഠിന പ്രയഗ്നത്തിന്റെ സാക്ഷ്യങ്ങളും നാൾ വഴികളുമായിരുന്നു. കേരളത്തിൽ, ശരിക്ക് പറഞ്ഞാൽ, മലയോര കർഷകർ വിപ്ലവകരമായ ഹരിത വിപ്ലവം തന്നെ നടത്തി. മലയോരത്തു ഹരിതവിപ്ലവം സൃഷ്ടിച്ച , അടിയുറച്ച സ്വന്തം ആത്മാഭിമാനം ആർക്കും അടിയറ വയ്ക്കാത്തവരായ കർഷകരുടെ സ്വന്തം സഞ്ചാര പഥത്തിലാണ് അന്തകരായ കുറെ കപടപരിസ്ഥിതിസംരക്ഷണ  പ്രേമികൾ ഇറങ്ങിയിരിക്കുന്നത്.

കേരളം വികസിക്കുന്നു. അനന്തരഫലങ്ങൾ ആലോചിക്കാതെ  കൃത്യമായി മലയോരമേഖലയിൽ ഉണ്ടാകേണ്ട വികസനം മരവിപ്പിക്കുന്ന  കസ്തൂരി രംഗൻ റിപ്പോർട്ടിന് ആനുകൂലിക്കുന്നവരെ സമൂഹം പുറത്താക്കുന്ന ദിനം അതിദൂരത്തല്ലായെന്നു ജനം ആവർത്തിച്ചു പറഞ്ഞു തുടങ്ങി. ഇവരെ ജനം നന്നായി തിരിച്ചറിഞ്ഞു. ഏറെക്കാലമായി മറുനാടുകളിൽ ജീവിക്കുന്ന എല്ലാ പ്രവാസി മലയാളികളിലും ഉത്ക്കണ്ഠയോടെ ആഴത്തിൽ ഈ വിഷയം സ്വാധീനിച്ചതായി മനസിലാക്കുവാൻ കഴിയുന്നുണ്ട്.

കേരളം രാഷ്ട്രീയ മാഫിയാകളുടെയും കള്ളക്കടത്തുകാരുടെയും പിടിയി ൽ അമർന്നിരിക്കുന്നു എന്നാണു മറുനാടൻ മലയാളികൾ പറയുന്നത്. ഇതിനെ സ്ഥിരീകരിക്കുന്ന ഒരു ഭീകര വാർത്തയാണ്, ഗൾഫ് പ്രവാസി മലയാളിയുടെ തൊടുപുഴയ്ക്കടുത്ത് കാഞ്ഞിരമറ്റത്തുള്ള സ്വന്തം ഭൂമിയിൽ പണി നടത്താൻ പോലും അനുവദിക്കാതെ കപടപരിസ്ഥിതി വാദികളായ രാഷ്ട്രീയ ഗുണ്ടകൾ ഭീകരാന്തരീക്ഷം ഉണ്ടാക്കി അയാളുടെ ജീവനും സ്വത്തിനും പോലും തീവ്ര ഭീഷണിയുണ്ടാക്കിയെന്നും, കേരള മാദ്ധ്യമമായ ദീപിക(5.12.2013 ) ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പീഡിപ്പിക്കപ്പെട്ട പ്രവാസി മലയാളിക്ക് ഇതുവരെ അവിടെ സർക്കാരിന്റെ നീതി ലഭിച്ചില്ലയെന്നും വാർത്തയിൽ പറഞ്ഞു.. 

ഒരു ചരിത്ര വസ്‌തുത ഇവിടെ പറയട്ടെ. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ്‌ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന " റൌളറ്റ് കമ്മിറ്റി റിപ്പോർട്ടി" നെതിരെ നടന്ന ജനപ്രക്ഷോപം വലിപ്പവും തീവ്രതയും ആർജിച്ചു വന്നപ്പോൾ സർക്കാർ ആ ശുപാർശകൾ നടപ്പാക്കുവാൻ നിഗൂഢമായ നിർബന്ധം കാണിക്കുകയാണ് ഉണ്ടായത്. ഒടുവിൽ എതിർപ്പുകളുടെ തീവ്ര സ്വരം ഉയരുന്നതിനിടയിൽ ബിൽ നിയമമായി പ്രസിദ്ധീകരിക്കപ്പെട്ടു. അന്നാണ് "പൊതു ഹർത്താൽ" എന്ന പാവനമായ സമരമുറയെക്കുറിച്ചുള്ള ആശയം മഹാത്മാ ഗാന്ധിക്ക് ആദ്യം ഉണ്ടായത്. ഈ സമരരീതി പ്രതീക്ഷിക്കാത്ത ഫലമാണ് അന്ന് ഉണ്ടാക്കിയത്.  അതുപക്ഷെ, ഇക്കാലത്ത് ഹർത്താലുകൾ ലാഭകരമായ പരിപാടിയാണല്ലോ. കേരള സർക്കാരും രാഷ്ട്രീയലോബികളും ഇപ്പോൾ അന്നത്തേതുപോലെ തന്നെ  കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കു ന്നതു സംബന്ധിച്ച് നിഗൂഢ നിർബന്ധം കാണിക്കുകയാണ്. പ്രക്ഷുപ്തമായ ജനമനസ്സിൽ മറ്റൊരു പ്രതീക്ഷാ  വിശ്വാസം ഉണ്ടാക്കുവാനുള്ള മൃദുവായ ആശയമായിരുന്നു കേന്ദ്ര പരിസ്ഥിതി - വനം വകുപ്പ് മന്ത്രിണി യുമായുള്ള മുഖ്യമന്ത്രിയുടെ ഈ ദിവസങ്ങളിലെ ഡൽഹി കൂടിക്കാഴ്ചയും ശേഷമുള്ള പ്രസ്താവനയും. 

ഏകാധിപത്യപ്രവണത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ പരിശീലിക്കുന്നത് ഭീകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന ചെറുത്തു നിൽപ്പിന് കാരണമാക്കും. കേരളത്തിലെ മലയോരകർഷകർ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമാധാനപരമായ നിയമ ലംഘനത്തിന് സ്വയം യോഗ്യത നേടുന്നതിനു മുൻപ് ജനങ്ങളുടെ അഭിപ്രായത്തെ ആദരണീയമായി മാനിക്കുവാൻ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര-കേരള സർക്കാരും ഉടൻ തയ്യാറാവണം. മലയോര കർഷകരെല്ലാം തങ്ങളും കൂടി ഉൾപ്പെടുന്ന മണ്ണിന്റെ മക്കളും സഹോദരരും ആണെന്ന നിലയ്ക്ക് രാഷ്ട്രീയ ധാർമ്മികത നഷ്ടപ്പെടാത്ത കർത്തവ്യബോധവും അവർക്ക് മഹിമയേറ്റുന്ന ചർച്ചയും തീരുമാനങ്ങളും ഉണ്ടാക്കുന്നത്‌ അനുചിതമായിരിക്കും. ജനങ്ങളെ ബോദ്ധ്യപ്പെടുത്താത്ത അവരുടെ പൂർണ സഹകരണത്തോടെയല്ലാത്തതുമായ യാതൊരു പരിഷ്കാരവും നടപ്പാക്കുന്നത് ഫാസിസ്റ്റ് നടപടി തന്നെ./

------------------------------------------------------------------------------------------------------------------------------

 
  http://dhruwadeepti.blogspot.de/