Samstag, 30. September 2023

ധ്രുവദീപ്തി: Life & Culture // മലയാളിയുടെ കുടിയേറ്റങ്ങളോ, അഭയം തേടലുകളോ പരിഹാരമാർഗ്ഗങ്ങൾ ? ജോർജ് കുറ്റിക്കാട്ട്

ധ്രുവദീപ്തി: Life- Culture // 

 മലയാളിയുടെ കുടിയേറ്റങ്ങളോ, അഭയം തേടലുകളോ
പരിഹാരമാർഗ്ഗങ്ങൾ ?
 

(Part -1)

 George Kuttikattu

രു ഇന്ത്യൻ പൗരൻ- അതെ, ഒരു മലയാളി, സ്വമേധയാ ഏതെങ്കിലും ഒരു വിദേശ രാജ്യത്തേക്കുള്ള ഒരു കുടിയേറ്റക്കാരനാണോ ? എന്താണ് യഥാർത്ഥ സത്യം? എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് ഇന്ത്യാക്കാർ, അവരിലേറെയും മലയാളികളായ യുവജനങ്ങൾ മറുനാടുകളിലേയ്ക്ക് പാലായനം ചെയ്യുന്നത്? ആരാണ് ഈ മുഖ പിന്തുണയ്ക്ക് വേണ്ടി ഉറച്ചു നിലകൊള്ളുന്നത്? ആമുഖമായി കുടിയേറ്റങ്ങൾക്ക് കാരണമാകുന്ന ചില സത്യങ്ങൾ ഇവിടെ കുറിക്കേണ്ടതായി കാണുന്നു.   

മലയാളിയുടെ ജീവിത ആശങ്കകൾ ?, മറുനാട്ടിലേക്കുള്ള കുടിയേറ്റങ്ങളോ, അഭയം തേടലുകളോ പരിഹാരമാർഗ്ഗങ്ങൾ ? കേരളത്തിലെ യുവജനങ്ങളുടെ അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളുടെ ഏതെങ്കിലും യഥാർത്ഥമായ കാര്യങ്ങളോ കാരണങ്ങളോ നാം കുറച്ചു മാത്രം കേട്ടറിയുന്നു. ഇന്നു നമ്മുടെ കേരളത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ എല്ലാ ജീവിത മാർഗ്ഗരേഖകളെയും അടയ്ക്കുകയാണ്. സാമ്പത്തികം നമ്മുടെ ആവശ്യമാണ്. അതിനുള്ള വഴികൾ അടയ്ക്കുന്ന സർക്കാരിന്റെ ഭരണരീതി കേരളത്തെ വനഭൂമിയാക്കി. ഇപ്പോൾ ഏതു നഗരങ്ങളിലും വന്യമൃഗങ്ങൾ വന്നു കുടിയേറുന്ന വാർത്തകളുണ്ടല്ലോ. നമ്മുടെ യുവജനങ്ങൾ ഭാവിയുടെ മാർഗ്ഗരേഖകളാണ്. അവരുടെ മുന്നോട്ടുള്ള വഴികൾ അടയ്ക്കുന്ന പ്രവണതകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും ഉള്ളത്. ഇപ്പോൾ കേരളത്തിലെ ജീവിതാവശ്യങ്ങൾക്കുള്ള  സാമ്പത്തിക വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിദ്യാഭ്യാസരംഗവും, അത് സ്വകാര്യസ്ഥാപനങ്ങളോ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകട്ടെ, വെറും സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയതിനാൽ കേരളത്തിലെ  യുവജനങ്ങളുടെ ഭാവിപ്രതീക്ഷകൾക്ക് കടുത്ത വിലങ്ങുതടിയായി മാറി. ഒരു തൊഴിൽ ലഭിക്കണമെങ്കിൽ അനേക ലക്ഷങ്ങൾ തുക എണ്ണിക്കൊടുക്കണം. കേരളത്തിൽ ജനങ്ങളുടെ പൊതുസാമ്പത്തികശക്തിക്ക് വലിയ തടസമായി  നിൽക്കുന്നത് സർക്കാരിന്റെ അഴിമതിഭരണം ആണ്. ഇന്ന് കേരളനാടിനെ  "ദൈവത്തിന്റെ സ്വന്തം നാട്" അല്ല, മറിച്ച് "പിശാചിന്റെ സ്വന്തം നാടാക്കി"  മാറ്റിയിരിക്കുന്നു എന്ന് ജനങ്ങൾ തന്നെ പറയുന്നു. ജീവിതാവശങ്ങളിൽ ഏറെ പ്രാമുഖ്യം നൽകേണ്ടതായ കുടുംബജീവിതം, വിദ്യാഭ്യാസം, തൊഴിൽരംഗം, ഫാമിലിയുടെ സാമ്പത്തിക വരുമാനം, ആരോഗ്യകാര്യങ്ങളിൽ ജനങ്ങൾക്ക് നേരിടേണ്ടിവരുന്ന അസഹനീയമായ ഉയർന്ന പണച്ചിലവ്, നിത്യആവശ്യങ്ങൾ ക്കുള്ള പണത്തിന്റെ ഉറവിടം, ഏതുതരത്തിൽ നോക്കിയായലും കേരളം തകർന്ന് കിടക്കുന്ന കാഴ്ചയാണുള്ളത്. ജനങ്ങൾ പ്രതീക്ഷിക്കുന്ന കാർഷിക വരുമാനം തറപറ്റിയിരിക്കുന്ന നിലയാണ്. ഇന്ത്യയിൽ പൊതുവെ ജനങ്ങളുടെ അടിസ്ഥാന സാമ്പത്തികം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് പോലും ഉണ്ടാകാത്തവിധം സാമ്പത്തികവരുമാനം തകർത്തത് ആരാണ് ??. ജനങ്ങൾ വോട്ടു നൽകി തെരഞ്ഞെടുത്തുവിട്ട തങ്ങളുടെ സഹായികളാകേണ്ടവരായ ജനപ്രതിനിധികളെന്നു വിളിക്കപ്പെടുന്നവർ, "യൂദാസിന്റെ പിൻഗാമികൾ" ആണ്. അവർ ജനങ്ങളെ ഒറ്റിക്കൊടുത്ത് പണം സമ്പാദിക്കുന്നു. സർക്കാർ ജീവനക്കാരെയും, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളായ വിദ്യാലയങ്ങളിലെ  എല്ലാ ജീവനക്കാരെയും വീണ്ടും വീണ്ടും അവരുടെ ജോലിസ്ഥലത്തുനിന്നു സ്ഥലം മാറ്റങ്ങൾ കൊടുക്കുന്നത് ലോകം പുശ്ചിച്ചു തള്ളുന്ന ഒരു കാര്യമാണ്. സ്ഥലം മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ, കുടുംബജീവിത പ്രശ്നങ്ങൾ ഇങ്ങനെയുള്ള നിരവധി മാനുഷികാവശ്യങ്ങളെ തിരസ്ക്കരിച്ചുള്ള  നിയമങ്ങൾ ഉണ്ടാക്കുകയാണോ ജനപ്രതിനിധികളുടെ സേവനം? ഇതൊക്കെ കാണുന്ന ഇന്നത്തെ യുവജനങ്ങൾ ഭാവിജീവിതത്തിന് കേരളം നരകമാണെന്നു പോലും ചിന്തിച്ചുപോവുകയില്ലേ? ഇത് മറ്റൊരു യാഥാർത്ഥ്യമാണ്.

"ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ  മാറുന്നു" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവർത്തിച്ചു എന്നും പ്രഖ്യാപിക്കുന്നുണ്ടല്ലോ.. മൂന്നാമത്തേതോ !! മുന്നൂറു നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആ പദവി ഇന്ത്യയ്ക്ക് ലഭിക്കുമോ? എന്നാൽ ഇത് യാഥാർത്ഥ്യമാണോ? ജനങ്ങളിൽ നിന്നും ഉയരുന്ന ചോദ്യമാണ്. അതുപോലെതന്നെ ജനങ്ങളോടുള്ള സഹതാപത്തോടെ മറ്റുള്ള  വിദേശരാജ്യങ്ങളുടെയും ഭരണനേതൃത്വങ്ങളും വിരൽ ചൂണ്ടി അതെ ചോദ്യം ചോദിക്കുന്നുണ്ട്. അത് കൂടാതെയും, വേറെ അഭിപ്രായങ്ങളും അവരിലുണ്ട്. അതിങ്ങനെ: " ഇന്ത്യ"യെന്ന് നിലവിലുള്ള "പേര് മാറ്റലല്ല" അടിയന്തിരാവശ്യം. ഇന്ത്യയുടെ ഇന്നുള്ള സാമ്പത്തികനില മാറ്റി മെച്ചപ്പെടുത്തിയെടുക്കുകയാണ്  വേണ്ടതെന്ന് ചൈനയുടെ ഭരണനേതൃത്വം പോലും നിർദ്ദേശിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിൻറെ ഭരണക്ഷിപാർട്ടിയും കൂടി ഇന്ത്യയുടെ പൊതു സാമ്പത്തികവികസനവിഷയമല്ല നിലവിൽ വിഷയമാക്കുന്നത്. ഇന്ന് വിഷയമാക്കുന്നത് "ഇന്ത്യ" എന്ന പേര് മാറ്റിക്കളഞ്ഞു ഇന്ത്യയെ "ഇന്ത്യ"യല്ലാതെ  ആക്കിത്തീർക്കുകയാണ്. "ഇന്ത്യ" എന്ന ഒരു രാജ്യം ഇല്ലെന്നാക്കുകയാണ്. "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" ! ഇന്ത്യയിൽ ആർക്കുവേണ്ടി ഈ പരിഷ്കരണം  നടപ്പിലാക്കണം ?. ജനങ്ങളുടെ പേര് പറഞ്ഞുകൊണ്ട്, ജനങ്ങൾ, ജനാധിപത്യം എന്നീ വാക്കുകൾ, ഇനി ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിൽ ഇന്ത്യയെന്ന ഒരു രാജ്യം ഇല്ലെന്നാക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായശേഷം നടപ്പിലാക്കിയിട്ടുള്ള  ഇന്ത്യൻ ഭരണഘടനയിൽ നൽകിയിരുന്ന "ഇന്ത്യ" എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി കളങ്കപ്പെടുത്തി. ഇനി ജനങ്ങൾ ചെയ്യേണ്ടത്, നരേന്ദ്രമോദിയുടെ പേരും മാറ്റണം. പഴയ തൊഴിലുമായി ചേരുന്ന പേര് അദ്ദേഹത്തിന് തികച്ചും അനുയോജ്യമാകും. ഇന്ത്യൻ ഭരണഘടന പോലും തള്ളിക്കളയാൻ ബി ജെ പി യും പ്രധാനമന്ത്രിയും സർക്കാരും ഉദ്ദേശിക്കുന്നത് അവരുടെ ഏകാധിപത്യ അധികാരം സ്ഥിരപ്പെടുത്തുവാനാണ്

പതിറ്റാണ്ടുകളായി മലയാളികളുടെ രാഷ്ട്രീയവിഷയ പ്രഭാഷണവും ഓരോ പ്രവർത്തന ജനാധിപത്യവും ഒരു പരിധി വരെയെങ്കിലും കേരളത്തിൽ നാം പഠിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പൗരന്മാർ ഇതുവരെ അത് ഒട്ടും ശരിയായി മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല, കമ്യുണിസത്തിനു കീഴിൽ വളർന്ന, എന്നാൽ ഇന്നും കേരളത്തിലെ കമ്മ്യുണിസത്തിന്റെ ഭരണ- സ്വേച്ഛാധിപത്യത്തിൽ മടുത്ത്, അതിനുപകരമായ ജനാധിപത്യത്തെ ഉറപ്പിച്ചു ധൈര്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും കമ്മ്യുണിസ്റ്റ് ജനാധിപത്യത്തിന്റെ ഘടനാ  അപൂർണ്ണത മനസ്സിലാക്കാൻ പ്രയാസമാണ്. ഇതിൽ നിരവധി കാര്യങ്ങളെല്ലാം  അനുദിന അനുഭവങ്ങളാകാം. 

ഇന്ത്യയിൽ നമ്മോടൊപ്പം സ്ഥിരമായി താമസിക്കുന്ന അയൽക്കാരോ, അഥവാ സഹപൗരന്മാരായ ആളുകളോ, അവർ എവിടെ ജോലി ചെയ്താലും, വിദേശത്തു താമസിച്ചുകൊണ്ട് ജോലിചെയ്താലും, ഒരു വിദേശിയെക്കാൾ വ്യത്യസ്തമായൊ, മോശമായോ പരിഗണിക്കാൻ നാം ഒരിക്കലും അവസരം ഒരുക്കരുത്, അത് നാം ഒരിക്കലും അനുവദിക്കരുത്. പക്ഷെ, ഇന്ന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാനങ്ങൾ ഭരിക്കുന്ന അധികാരികളിൽനിന്നും എല്ലാ രാഷ്ട്രീയപാർട്ടികളിൽനിന്നും നിന്നും ഉണ്ടാകുന്ന ശത്രുത മനോഭാവം ഇന്ത്യൻ അടിസ്ഥാന നിയമത്തിന്റെ (ഭരണഘടന) കനത്ത ലംഘനമാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ,  ഏതൊരു ഇന്ത്യൻ പൗരനും, ഏത് മനുഷ്യ സമൂഹത്തിന്റെ അടിത്തറയെന്ന നിലയിൽ ആർക്കും ലംഘിക്കാനാവാത്തതും ഒഴിവാക്കാനാവാത്തതുമായ  അവകാശപ്പെട്ട മൗലീകാവകാശങ്ങളോട് പ്രതിജ്ഞാബദ്ധനാണ്. തരം താണ  കേരളത്തിലെ രാഷ്ട്രീയക്കാർ നൽകിയ പേരാണ് "പ്രവാസികൾ". ഇന്ത്യൻ മണ്ണിൽ ജനിച്ചവരെ വിളിക്കുന്നത്, അവർ വിദേശത്തു വസിക്കുന്നതുകൊണ്ടു മാത്രം! ഒരു പ്രവാസി ഇന്ത്യക്കാരൻ തൊഴിൽ ചെയ്തുണ്ടാക്കിയ പണമെടുത്തു സമ്പാദിച്ചിട്ടുള്ള വീടും സ്ഥലവും ഇന്ന് കൈമാറ്റങ്ങൾ ചെയ്യുന്നതിനുവേണ്ടി ലോകരാജ്യങ്ങളിൽ ഒരിടത്തും കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത കനത്ത ഭൂനികുതി പിരിക്കാൻ നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണ്ടവർ, ജനങ്ങൾ തിരഞ്ഞെടുത്തുവിട്ടവർ, അതേ ജനപ്രതിനിധികളാണല്ലോ ഇത്തരം കാടത്ത കാട്ടാള നിയമങ്ങളെല്ലാം  ഇന്ത്യയിൽ ഉണ്ടാക്കുന്നത് !! കേരളത്തിലെ ജനപ്രതിനിധികൾ ഇന്ന് അവരിൽ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മൗനികളായി ഒരേ വഞ്ചിയിലിരിക്കുന്നു. കേരളത്തിലെ യുവജനങ്ങൾക്കുള്ള വിദ്യാഭ്യാസ-തൊഴിൽ വികസനത്തിനായി അവർ എന്ത് ചെയ്തിട്ടുണ്ട്? സ്വന്തം നാട്ടിൽ ജീവിതാവശ്യത്തിനു വേണ്ടി ഒരു തൊഴിൽ നമ്മുടെ യുവജനങ്ങൾക്ക് ലഭിക്കുന്നില്ലല്ലോ. ജനപ്രതിനിധികൾ നടത്തുന്ന അഴിമതികൾ അങ്ങും ഇങ്ങും ആരോപിച്ചുള്ള തോരാത്ത വായ് പോരാട്ടത്തിനുള്ള ഇടമായി നിയമസഭാഹാൾ മാറിയിട്ടുണ്ട്. അവർ അവിടെ ഇരുന്ന് ജനവിരുദ്ധ നിയമങ്ങൾ പാസാക്കുന്നു, (ഉദാ: പ്രവാസി ഇന്ത്യാക്കാരന്റെ പണം വിലപേശി ഊറ്റിയെടുക്കാനുള്ള ഓരോ  നിയമങ്ങൾ). അതിന് മാത്രമല്ല, നിയമസഭ കൂടുന്നത്, നികുതി വർദ്ധനവാണ് പ്രധാന ലക്ഷ്യം. ഇന്ന് ആവശ്യമായ കാർഷിക വികസനകാര്യങ്ങളിൽ വായ് തുറക്കാനും പ്രതിപക്ഷ പാർട്ടികൾ ആരും ചിന്തിച്ചിട്ടില്ല

ആന്തരികവും ബാഹ്യവുമായ സുരക്ഷ 

എന്തുകൊണ്ടാണ് കേരളത്തിൽനിന്ന് യുവജനങ്ങൾ മാത്രമല്ല, മുതിർന്നവർ പോലും അന്യരാജ്യങ്ങളെ തേടി അഭയം നേടാൻ പുറപ്പെടുന്നത്? കേരളത്തിൽ  ഇതുപോലെ ആശങ്കാജനകമായ സ്ഥിതിയിൽ ജനസമൂഹത്തിന് ഒരുകാലത്തു പോലും ഉണ്ടായിട്ടുള്ളതായി ചരിത്രത്തിൽ കാണുകയില്ല. കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് യുവജനങ്ങളുടെ കുടിയേറ്റങ്ങൾ ഉണ്ടാകുവാൻ പ്രേരിതമായ കാരണങ്ങൾ എന്താണ്? കേരളത്തിന് എക്കാലവും തുണയാവേണ്ടവരായ സാങ്കേതിക വിദഗ്ധന്മാരുടെ പാലായനങ്ങൾക്ക് തക്ക കാരണമാകുന്ന കാര്യങ്ങൾ എന്താണ്? ഈ വിഷയങ്ങൾ കേരളം ഭരിക്കുന്ന ഭരണകക്ഷികളോ പ്രതിപക്ഷമോ ആരായുന്നില്ല. ഇക്കാലത്ത് കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന സമാധാനപരമായ ജീവിതം പ്രതിസന്ധിയിലായി എന്ന തോന്നൽ ഉണ്ടാകുന്നുണ്ട്. പ്രതിസന്ധിയുടെ വഴികളെന്നത് ഭാവിയുടെ ഭദ്രത നേരിടുന്ന അപകടസ്ഥിതിയാണ്, ഇവിടെ സൂചിപ്പിച്ചത്. ഈ അവസ്ഥ മനസ്സിലാക്കാനുള്ള അവസരം യുവജനങ്ങൾക്ക് ലഭിച്ചു തുടങ്ങിയെന്ന് നമുക്ക്  പറയാം. ആത്മവിശ്വാസം തകർക്കുന്ന കേരളത്തിലെ വിവിധ രാഷ്ട്രീയ-മത- നേതൃത്വങ്ങളുടെ കപടമായ ഇടപെടലുകളും, സർക്കാർ നയപരിപാടികളും  എന്താണെന്ന് ലയാളികൾക്ക് മനസ്സിലായിട്ടുണ്ടോ ? ഇതാണ് കേരളം ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ അധികാര ചുമതല വഹിക്കുന്നവരും പൊതുജനങ്ങളും  അറിയേണ്ടത്.   

ഇന്ത്യയിലുടനീളം തുല്യമായി വിതരണം ചെയ്യപ്പെടേണ്ട ചുമതലകളിൽ ഒന്ന് തൃപ്തികരമായ സ്വകാര്യ ജനജീവിതസുരക്ഷ പുനഃസ്ഥാപിക്കുക എന്നതാണ്. ഇപ്പോൾ കേരളത്തിലും പൊതുവെ ഇന്ത്യയിലൊട്ടാകെയും കുറ്റകൃത്യങ്ങൾ ധൃതഗതിയിൽ വർദ്ധിച്ചുവരുന്ന പ്രവണതയാണുള്ളത്. മറ്റു രാജ്യങ്ങളിൽ നടക്കുന്നതിലേറെ ഇന്ന് ഇന്ത്യയിൽ കൊലപാതകനിരക്ക് വളരെ കൂടുതൽ ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നിത്യവും ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥിരസംഭവങ്ങളായിരിക്കുന്നു. അതുപോലെതന്നെ ഇന്ത്യൻ വംശജർ മറുനാടുകളിൽ, (ഉദാ: ഈയിടെ കാനഡയിൽ നടന്ന  കൊലപാതക കൃത്യങ്ങൾ), പോലും കൊലപാതക ക്രൂരകൃത്യങ്ങൾ നടത്തുന്നതിൽ നിന്ന് അന്താരാഷ്ട്രത്തലത്തിലുള്ള വിമർശനങ്ങളും, ഇന്ത്യയും കാനഡയും തമ്മിൽ രാഷ്ട്രീയമായി അകലുന്നതിനു പോലും കാരണമാക്കി. ഇന്ത്യയിൽ മാത്രമല്ല, മറുനാടുകളിലും ഇന്ത്യക്കാർ പോയി സമാധാനജീവിതം നരകതുല്യമാക്കുന്ന ചില അനുഭവങ്ങളാണ് നിത്യവും വായിക്കുന്ന വാർത്തകളിൽ പ്രധാനപ്പെട്ടത്. കേരളം കണ്ടിട്ടില്ലാത്തവിധം മാനസികരോഗികൾ വളരെയധികം വർദ്ധിച്ച യാഥാർത്ഥ്യം നാം ഇപ്പോൾ കാണുന്നതിൽ അത്ഭുതപ്പെടാനില്ല. ഈയൊരു ദയനീയമായ അവസ്ഥ മാറ്റി അതിനുള്ള പരിഹാരം കാണുവാൻ ഇന്ത്യയിലെ മാനസികരോഗികളായ രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളോ ചിന്തിക്കുന്നില്ല. അവരും ഈവിധ കുറ്റകൃത്യങ്ങളുടെ  ഉറവിടമാണെന്നു ഇവിടെ പറയാതെ പോകുന്നത് നീതിയല്ല

ഇന്ത്യ ഇക്കാലംവരെ ലോകം സ്വീകരിച്ചിട്ടുള്ള കുടിയേറ്റങ്ങൾക്കുള്ള രാജ്യമല്ല. എന്നാൽ ഇന്ത്യൻ പൗരന്മാരാകട്ടെ അവരുടെ നല്ല ഭാവിസുരക്ഷിതത്വം തേടി മറുനാടുകളിൽ പോയി അഭയം തേടേണ്ടവരുമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്ര രാഷ്ട്രമായതോടെ ഇന്ത്യ ഇന്ത്യൻ ജനതയുടെ സ്വന്തം ഉപ ഭൂഖണ്ഡ മാതൃരാജ്യമാണ്. അതുപക്ഷേ, ഇന്ത്യൻ പൗരന്മാർക്ക് അവകാശപ്പെട്ട സുരക്ഷിതത്വം ലഭിക്കുന്നില്ല. കേന്ദ്ര- കേരളത്തിലെ സർക്കാരിന്റെ ഭാഗത്തു നിന്നു വാഗ്ദാനങ്ങൾ മാത്രമായി കാണപ്പെടുന്നു. ഇന്ത്യൻ പൗരന്മാർ അവരുടെ നിർഭയ ഭാവിയെക്കുറിച്ചു ചിന്തിക്കുകയും പിന്നീട് അവർ ഇന്ത്യയിൽ നിന്ന് അവർ വിദേശങ്ങളിൽ അഭയം തേടുന്നതും എന്തുകൊണ്ടാണെന്ന് ഇന്ത്യയിൽ  സർക്കാരുകൾ മനസ്സിലാക്കണം. ഇന്ത്യയിൽ ജനങ്ങൾ നേരിടുന്ന ദാരിദ്യ്രവും തൊഴിലില്ലായ്മയും എങ്ങനെയാണുണ്ടായത്, എന്താണ് അർത്ഥമാക്കുന്നതെന്ന് ശരിയായി നാമെല്ലാവരും അറിയണം. അറിവ് ശരിയാണെങ്കിൽ ഏതാണ്ട് ഒരു ലക്ഷത്തോളും യുവജനങ്ങൾ നമ്മുടെ നാട് വിടാനൊരുങ്ങുന്നുവെന്ന മാദ്ധ്യമ  വാർത്തയെ നാം എങ്ങനെ കാണണം? ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ സിറിയ, അഫ്‌ഗാനിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും, അഭയം തേടുന്നു. ഈയിടെ ജർമ്മനിയിലെ ഭരണപക്ഷ  രാഷ്ട്രീയപാർട്ടികളും മാത്രമല്ല, ജർമ്മൻ  പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇത്തരം അഭയാർത്ഥി പ്രവാഹങ്ങളെ കരുതലോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള നിർദ്ദേശങ്ങളും ഇപ്പോൾ വളരെ സജ്ജീവമാണ്. നാം അറിയുന്നതുപോലെ ഇന്ത്യയിൽ നിന്നു മറുനാടുകളിൽ കുടിയേറുന്നവരുടെ കണക്കെടുത്താൽ അധികകാലം കൂടാതെ ഇന്ത്യയും, പ്രത്യേകിച്ച്, കേരള സംസ്ഥാനത്തെയും, അഭയാർത്ഥികൾ നാടുവിട്ടുപോകുന്ന  സിറിയ, തുർക്കി, അഫഗാനിസ്ഥാൻ, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളേക്കാൾ വളരെ മുമ്പിൽ കാണേണ്ടതായി വരും. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ അനേക ലക്ഷം അഭയാർത്ഥികളെ നിയമാനുസരണം തിരിച്ചയക്കുന്ന നടപടികൾ ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കുടിയേറ്റങ്ങൾ നടത്തുന്നവരുടെ സ്വന്തം  രാജ്യങ്ങളുടെ ഭരണനേതൃത്വങ്ങളുടെ അതിക്രൂരമായ പ്രവൃത്തികൾമൂലമാണ്, ജനങ്ങൾ അന്യരാജ്യങ്ങളിൽ അവരുടെ ഭാവിജീവിതം സ്വപ്നം കണ്ടു പുറപ്പെട്ട് പോകുന്നത്

മറുനാട്ടിലേയ്ക്ക് ഭാവിജീവിത സുരക്ഷിത മാർഗ്ഗം തേടി അഭയം തേടുന്ന ഒരു  വലിയ പ്രവണത വർദ്ധിക്കുന്നുണ്ട്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ കുടിയേറുന്നുണ്ട്. ഒരു യാഥാർത്ഥ്യം ആദ്യം തന്നെ കുറിക്കട്ടെ, കേരളത്തിൽ നിന്ന്  സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച സാങ്കേതിക വിദഗ്ധർക്ക് കേരളത്തിൽ ഭാവി ജീവിതത്തിന്  സുരക്ഷിതത്വം ഉറപ്പ് നൽകുന്ന തൊഴിൽ സാദ്ധ്യതകൾ കേരള സർക്കാർ നൽകിയിരുന്നെങ്കിൽ അവരാരും മാതൃരാജ്യം ഉപേക്ഷിച്ചു മറുരാജ്യങ്ങളിൽ  പോവുകയില്ലായിരുന്നു. നമ്മുടെ രാജ്യത്തിന് ശക്തി പകർന്ന് നൽകുന്ന ഇവർ  നാടിന്റെ നട്ടെല്ലാണ്. ഓരോ കുടുംബങ്ങളുടെയും കേന്ദ്രബിന്ദുവാണ്‌ യുവ ജനങ്ങൾ. അവരുടെ അഭാവം പ്രായമായ മാതാപിതാക്കൾക്ക് ഗൗരവതരമായ തരത്തിൽ അവരുടെ ആശങ്കകൾ ഉണ്ടാക്കും. പ്രായമായ മാതാപിതാക്കൾക്ക്  സഹായഹസ്തമായിരിക്കേണ്ടവരുടെ സാന്നിദ്ധ്യമില്ലാതെ, പരസഹായമില്ലാതെ  അവർ വേദനിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ആഗോള സഞ്ചാരം ദിനം തോറും നടത്തുന്ന ഒരു  കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇവ അറിയേണ്ടതാണ്. അതുപക്ഷേ, അവരുടെ യാതാഉദ്ദേശങ്ങൾ അവരെല്ലാം  സ്വകാര്യകാര്യങ്ങൾക്കായി മാത്രം ഒതുക്കി നിറുത്തുന്നു. കേരളത്തിലെ ചില ഗ്രാമങ്ങൾ ഇന്ന് കുറെ അടച്ചിട്ട വീടുകളുടെയും കുറെ വയോജനങ്ങളുടെയും മാത്രം കേന്ദ്രമാകുന്നു. കാർഷികഭൂമികൾ ആയിരുന്ന ഈ ഗ്രാമങ്ങൾ വന്യമൃഗ കേന്ദ്രങ്ങളുമാകുകയാണ്.

മലയാളികളുടെ കുടിയേറ്റങ്ങൾ അതിവേഗത്തിലാണ് ?

അതുപക്ഷേ, അവർ ഇങ്ങനെയുള്ള കുടിയേറ്റങ്ങളിൽ നേരിടാവുന്ന വിവിധ  അപ്രതീക്ഷിത കാര്യങ്ങൾ അറിയുന്നുണ്ടോ? ചില കാര്യങ്ങൾ മാത്രം ഇപ്പോൾ  ഞാനിവിടെ കുറിക്കുന്നത് എല്ലാം പൂർണ്ണമായി ശരിയെന്ന് ഞാൻ കൃത്യമായി  അവകാശപ്പെടുകയില്ല. എങ്കിലും ചില പഴയ  അറിവുകൾ മാത്രം ഞാനിവിടെ കുറിക്കുകയാണ്. കാനഡയും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജർമ്മനിയും കുടിയേറ്റക്കാർക്ക് ആകർഷകമാണ്. എന്നാൽ മലയാളികൾ വീണ്ടുവിചാരം കൂടാതെ ഇങ്ങനെയുള്ള മറുനാടുകളിൽ കുടിയേറുമ്പോൾ ആ നാടുകളിൽ ഭാവിയിൽ ഏതെല്ലാം രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാമെന്നും അവരുടെ ഭാവി സുരക്ഷിത ജോലി-താമസ കാര്യങ്ങളിൽ ഉണ്ടാകേണ്ടതായ സുരക്ഷിതത്വം അവർ ഉദ്ദേശിക്കുന്നതുപോലെ മാറ്റങ്ങൾക്ക് വിധേയമാകുകയില്ലെന്നു തീർത്ത്  കരുതുന്നത് യുക്തിയല്ലായെന്നു നമ്മൾ അറിയണം. ഒരു ഉദാഹരണം ഇവിടെ  കുറിക്കട്ടെ: ജർമ്മനിയിലെ ആദ്യകാല മലയാളികൾക്ക് 1977- കാലഘട്ടത്തിൽ അപ്രതീക്ഷിതമായി അവരുടെ ജോലി-താമസം വിസായുടെ  കാര്യങ്ങളിൽ ജർമ്മൻ സർക്കാർ വിലക്കേർപ്പെടുത്തിക്കൊണ്ടു, മലയാളികൾ ജർമ്മനിയിൽ നിന്നും തിരിച്ചു ഇന്ത്യയിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചു അറിയിപ്പ് നൽകി. ഈ സംഭവത്തിനു പിറകിൽ അന്നത്തെ മലയാളി സമൂഹത്തിനെതിരെ പ്രവർത്തിച്ചത് ഇന്ത്യയിൽ നിന്നായിരുന്നുവെന്ന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ ഇന്ത്യൻ സർക്കാരോ അന്ന്  ജർമ്മനിയിലെ ഇന്ത്യൻ എംബസിയോ അങ്ങനെയുള്ള കുറ്റകൃത്യങ്ങളെ ശരി വച്ചില്ല. ശക്തമായ പിന്തുണ ജർമ്മനിയിലെ മലയാളികൾക്ക് അവർ നൽകി.


 ഫോട്ടോ: (1978-1979 )-ശ്രീ. ടി.ടി.പി അബ്ദുള്ള (L),
ജോർജ് കുറ്റിക്കാട്ട് (R) ജർമ്മനിയിലെ 
മലയാളികളുടെ പ്രശ്‌നം ചർച്ച ചെയ്‌തു.


ഇത് സംബന്ധിച്ച് ഞാൻ അക്കാലത്ത് കേരളത്തിൽ തൊഴിൽമന്ത്രിയായിരുന്ന (1978-ൽ), കഴിഞ്ഞ നാളിൽ അന്തരിച്ച ശ്രീ. ഉമ്മൻ ചാണ്ടിയെ നേരിൽക്കണ്ട് പ്രശ്നം ചർച്ചചെയ്തു. പ്രശ്നത്തിന്റെ ഗൗരവം അദ്ദേഹം വ്യക്തമായി മനസ്സിലാക്കി അക്കാര്യങ്ങളിൽ അദ്ദേഹം അന്നു തന്നെ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന ശ്രീ. വാജ്‌പേയിയുടെ സഹകരണം തേടി. ബഹു. ശ്രീ ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം അക്കാലത്ത്  സൗദി അറേബ്യയിലെ  ഇന്ത്യൻ അംബാസിഡർ ശ്രീ. ടി. ടി. പി അബ്ദുള്ളയെ ജർമ്മനിയിൽ വന്നു ഞാനുമായി പ്രശ്നം ചർച്ച ചെയ്യുവാൻ അയക്കുകയുണ്ടായി. ജർമ്മനിയിലെ അന്നുവരെയുള്ള മലയാളികളെയും  തിരിച്ചയക്കാത്ത നടപടി ചെയ്യുമെന്ന് അദ്ദേഹം ഉടൻ ഉറപ്പു തരുകയും ചെയ്തു. അതിനു മുമ്പ് തന്നെ ഇക്കാര്യം ശ്രീ. ഉമ്മൻ ചാണ്ടി എനിക്ക്  വ്യക്തിപരമായി ഇതേ മറുപടി എഴുതി അറിയിക്കുകയും ചെയ്തു.     അന്നുവരെ
ഉള്ള ഒരു മലയാളിയും ജർമ്മനിയിൽ നിന്ന് തിരിച്ചയക്കപ്പെട്ടിട്ടില്ല. എന്റെ എളിയ അഭ്യർത്ഥന സ്വീകരിച്ച ശ്രീ. ഉമ്മൻ ചാണ്ടി അന്ന് എനിക്ക് സഹായ ഹസ്തം നൽകിയത് എന്നും ഇന്നും എക്കാലവും എനിക്ക് സന്തോഷകരമായ മധുര സ്മരണയാണ് 

മലയാളി യുവജനങ്ങൾക്ക് കേരളസർക്കാർ തുണ നൽകുന്നില്ല. വാഗ്ദാനങ്ങൾ പെരുമഴപോലെ ഒഴുകുന്നു.

അടുത്ത കാലങ്ങളിൽ ജർമ്മനിയിലേയ്ക്കും കാനഡായിലേയ്ക്കും തൊഴിൽ- പഠന കാര്യങ്ങളിൽ മലയാളി യുവജനങ്ങളുടെ കുടിയേറ്റത്തിന്റെ നെട്ടോട്ടം അതിവേഗത്തിലായിട്ടുണ്ടെന്നു മാദ്ധ്യമങ്ങളും ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ട്. ഈ വാർത്ത അത്ര നിസ്സാരമല്ല. ഈ കഴിഞ്ഞനാളുകളിൽ ഇംഗ്ലണ്ടിലേയ്ക്കും, കാനഡയിലേയ്ക്കും, ജർമ്മനിയിലേയ്ക്കും എത്തിച്ചേർന്ന മലയാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നുണ്ട്. അനേകലക്ഷം രൂപ ബാങ്കുകളിൽനിന്ന് കടമായി  വാങ്ങി ഏജന്റുമാർക്ക് കൊടുത്ത് മറുനാട്ടിലെത്തുന്നവർ അവരുടെ പുതിയ അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് അറിയിക്കുന്നുണ്ട്. ഏജന്റുമാരും അവർക്ക്  കേരളത്തിലെ ബാങ്കുകളും ഇത്തരം കുടിയേറ്റങ്ങളുടെ കാര്യത്തിലൂടെ പണ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന കാര്യം മറുനാടുകളിലെത്തിയവർ ഇപ്പോൾ  പറയുന്നുണ്ട്. കേരളത്തിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷാകേന്ദ്രങ്ങളായി കരുതപ്പെട്ട ബാങ്കുകൾ അഴിമതികളുടെ ഒന്നാം നിരയിലാണെന്നുള്ള കാര്യം നിഷേധിക്കാനാവില്ല. ഇന്നത്തെ എസ്.ബി.ഐ. ബാങ്കിൽ ഞാൻ നിക്ഷേപിച്ച  ഒരു സ്ഥിരനിക്ഷേപ തുക എനിക്ക് നഷ്ടപ്പെട്ട ദുരനുഭവം ഈ കഴിഞ്ഞ നാളിൽ ഉണ്ടായി. പരാതിപ്പെട്ടിട്ട് ഒരു നടപടിയും ബാങ്ക് അധികൃതർ നടത്തിയില്ല. 

മറുനാടുകളിൽ മലയാളിസംഘടനകളോ? 

അതുപോലെ ജർമ്മനി ആദ്യമായി മുഖാമുഖം കണ്ട ചില നവ മലയാളികൾ ജർമ്മനിയെപ്പറ്റിയുള്ള കുറെ കാര്യങ്ങൾ അവരുടെ കീർത്തിക്കുവേണ്ടി യു-ട്യൂബ് ചാനൽ വഴി യാഥാർത്ഥ്യം അല്ലാത്ത ഓരോ കാര്യങ്ങൾ ചില വീഡിയോ വഴി പ്രസിദ്ധീകരിക്കുന്നു. അതുപോലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഉണ്ട്.  മറുനാടുകളിൽ (ഉദാ: ജർമ്മനി), മലയാളികൾ വന്നുചേർന്നു അവർ കാലുകൾ നിലത്തു ഉറപ്പിക്കുന്നതിനു മുമ്പ്, ഈ യുവതീ-യുവാക്കൾ മലയാളികളുടെ ന്യു മലയാളി അസോസിയേഷൻ എന്ന പേരിൽ സംഘടനകൾ സൃഷ്ഠിക്കുകയാണ്. കേരളത്തിലെ പെരുമാറ്റശൈലികൾ ഏതുരാജ്യത്തുമാകാം എന്ന അവരുടെ പെരുമാറ്റങ്ങൾ ശരിയാണോ? ഇത്തരം ചില  കാര്യങ്ങൾക്കാണോ മാതൃരാജ്യം വിട്ടതെന്ന്, എന്താണ് അവർ ഇക്കാര്യങ്ങളിൽ ഉദ്ദേശിക്കുന്നതെന്ന് ഞാൻ വിധി എഴുതുന്നില്ല. ജർമ്മനി കേരളമല്ല, ജർമ്മനിയിൽ യുവജനങ്ങൾ ചിന്തിക്കുന്നത്  മലയാളി യുവതീ യുവാക്കളുടെ താല്പര്യങ്ങളല്ല. മഹാത്മാ ഗാന്ധി ആദ്യമായി സൗത്ത് ആഫ്രിക്കയിലെത്തിയ ശേഷം അന്നവിടെയുള്ള ഇന്ത്യൻ വംശരുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുവാൻ ഒരു സംഘടന സ്ഥാപിച്ചു. അതുപക്ഷേ, അദ്ദേഹംതന്നെ മാസങ്ങൾക്കുള്ളിൽ, മറുനാട്ടിൽ ചില ഇന്ത്യൻ സംഘടനകൾ  പ്രവർത്തിക്കുന്നത് ശരിയല്ല എന്ന അറിവ്  മനസ്സിലാക്കി അദ്ദേഹം സംഘടന  നിറുത്തലാക്കി. അതിനുശേഷം അദ്ദേഹം "ഇന്ത്യൻ ഒപ്പീനിയൻ "എന്ന പ്രസിദ്ധ ജേർണൽ തുടങ്ങിയതെന്ന് ചരിത്രം പറയുന്നുണ്ട് . മറുനാടുകളിൽ ജോലിക്കോ പഠനത്തിനോ പോകുന്നവർ ആദ്യമായി ചിന്തിക്കുന്നത് ഒരു സംഘടനയെന്ന കാര്യമാണ്. ഇത്തരം സംഘടനകൾകൊണ്ട് ഒരു അടിയന്തിരകാര്യങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇത്തരം സംഘടനകൾ അവർ ജീവിക്കുന്ന മറുനാടുകളിൽ ചെന്ന് താമസിക്കുന്നവർക്ക് വിഘടനാ ചിന്തകൾ സൃഷ്ടിക്കുന്നതിനു ഏറെ എളുപ്പമാക്കും. തമ്മിൽ തമ്മിൽ ചേരാത്ത സമൂഹം സൃഷ്ടിക്കും. കേരളത്തിൽ യുവ രാഷ്ട്രീയവും സംഘടനകളും ഉള്ളതുപോലെ മറുനാടുകളിൽ എത്തിയ യുവമലയാളികൾ സംഘടനയും കൂടിച്ചേരലുകളും നടത്തുകയാണോ അവർ വന്നെത്തിയതിന്റെ ലക്‌ഷ്യം പ്രാപിക്കൽ ?  ആദ്യം ശ്രദ്ധിക്കേണ്ടത് ?  അവരുടെ കീർത്തി മാദ്ധ്യമങ്ങളിൽ അഥവാ വീഡിയോ യു-ടൂബ് ചാനലിൽ നൽകാനൊ മുൻഗണന നൽകുന്നത് ?, അവരുടെ കാലുകൾ അവിടെ ഉറപ്പിച്ചശേഷം ജീവിതമാർഗ്ഗം സ്വീകരിക്കാനോ, അവർ എന്തിനാണ് മറുനാട്ടിൽ വന്നതെന്ന കാര്യം ആദ്യമായി ചിന്തിക്കണം

ഇംഗ്ലണ്ടിൽ എത്തിയ ഏതാണ്ട് 400-ഓളം പുതിയ മലയാളികളുടെ ജോലിയും -താമസവും പ്രതിസന്ധിയിലായി. പ്രശ്നപരിഹാരത്തിന് വേണ്ടി ഉടൻ  ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ അഭയം തേടിയ വാർത്തയുമുണ്ടായി. മറ്റൊരു സംഭവം. ഇംഗ്ലണ്ടിൽ ജോലിക്ക്പോകുവാൻ ഒരു ഏജന്റിന് ലക്ഷങ്ങൾ തുക  കൊടുത്ത് തൊഴിൽതേടിയെത്തിയ ഒരു യുവതിക്ക് അവിടെ ചെന്നപ്പോൾ ആ  തൊഴിൽ ലഭിച്ചില്ലായെന്ന കാര്യം വാർത്തയായി കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. അനേകലക്ഷങ്ങൾ തുക കുടിയേറ്റ രാജ്യങ്ങളിലെ  ഏജന്റുമാരും കുടിയേറ്റകാര്യങ്ങളിൽ നേട്ടം കൊയ്ത് വലിയ പണത്തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം കേരളത്തിൽ പണം കടം നൽകുന്ന ബാങ്കുകൾ ഒന്നിച്ചു പ്രവർത്തിച്ചുവെന്നും മറുനാടുകളിലേയ്ക്ക് എത്തിച്ചേർന്ന പുതിയ  മലയാളികൾ പറയുന്നുണ്ട്.

കേരളത്തിൽ കാർഷികമേഖലകളും തൊഴിൽ രംഗവും തറപറ്റിയരിക്കുന്നു. ജനങ്ങളുടെ തൊഴിലില്ലായ്മയും, തകർന്ന് വീണ സാമ്പത്തിക വരുമാനവും മൂലം കേരളത്തെ തളർത്തിയിരിക്കുകയാണ്. ഇതിന് പ്രതിവിധി കാണാനും നിലവാരം മെച്ചപ്പെടുത്താനും സർക്കാർതലത്തിൽ യാതൊരു വിധത്തിലും അനുകൂലമായ സാഹചര്യങ്ങളും പ്രോത്സാഹനവും നൽകുന്നില്ല."ജനങ്ങൾക്ക് വേണ്ടി" എന്ന പേരും പറഞ്ഞു ജനപ്രതിനിധികളെന്ന പദവി ലഭിക്കാൻ നമ്മുടെ സമ്മതവോട്ടു തേടി വന്നവർക്ക് വോട്ടുനൽകി ജനപ്രതിനിധികളെന്ന പദവി സ്വീകരിച്ചു. അവരുടെ തൊഴിലിടമായ നിയമസഭയിൽ, പാർലമെന്റിലെത്തി അവർ ചെയ്യുന്നതെന്താണ്? അവിടെ എന്താണ് നടമാടുന്നത്? അവിടെ ഓരോ  കള്ളപ്പണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ മന്ത്രിമാരുടെയും ഓരോ ജനപ്രതിനിധികളുടെയും തമ്മിൽതമ്മിലുള്ള ക്രൂര വാക്കേറ്റയുദ്ധത്തിന്റെ ബോംബുകൾ പൊട്ടുന്ന ധ്വനികൾ മാത്രമാണ് കേൾക്കാനുള്ളത്. കേരളത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പറയാനും ജനങ്ങൾക്കുള്ള പൊതു സാമ്പത്തിക വികസനത്തിന്റെ കാര്യങ്ങളോ ഒന്നും വിഷയമല്ല. കേരളത്തിന് എല്ലാവിധ പുരോഗതിക്കും നെടുംതൂണായി നിൽക്കേണ്ടവരാണ് ഭാവിജീവിതവഴികൾ തേടി മറുനാടുകളിൽ അഭയം തേടുന്നത്. എങ്കിലും മാതൃഭൂമിയായ കേരളം അവരുടെ ആത്മാവാണ്, അവരുടെ ജീവിതസ്വപ്നത്തിന്റെ പൂർണ്ണതയ്ക് അവർ കേരളത്തിൽ നിന്നും മറുനാട്ടിലെത്തുകയാണ്. പക്ഷെ, കേരളത്തിലെ ഭരണ തലത്തിലിരിക്കുന്ന രാഷ്ട്രീയതത്വശാസ്ത്രം ജനവിരുദ്ധ ശൈലിയിലാണ്. നമ്മുടെ കേരളത്തിൽ ഭാവിജീവിതം അതിഭീകരമാക്കി മാറ്റിയതാര്? അതിനെ ലോകത്തിനു മുമ്പിൽ വ്യക്തമാക്കുന്നതിന് മലയാളികളുടെ കുടിയേറ്റത്തെ വലിയ തെളിവായി കാണാൻ കഴിയും. ഇതെല്ലാം എത്രമാത്രം ശരിയാണെന്നും തെറ്റാണെന്നും ഏതാണ്ട് അര നൂറ്റാണ്ടുകളോളം മനസ്സിലാക്കിയ വിദേശരാജ്യ  ജീവിത അനുഭങ്ങളിൽ നിന്ന് ഞാൻ എന്തെല്ലാമാണ് കണ്ടതെന്നും ഞാൻ ഒരു  വിധിയെഴുതുന്നില്ല. കേരളത്തിൽ നിന്നും മലയാളികളുടെ കുടിയേറ്റം ഏതോ ജീവിത അഭയം തേടലുകൾക്ക് സമാനത കാണുന്നില്ലേ? യുവജനങ്ങളുടെ ഭാവി പഠനത്തിനും ഒരു തൊഴിൽ ചെയ്യുന്നതിനും അനേകം യുവജനങ്ങൾ നമ്മുടെ  കേരളത്തിൽ നിന്നും ജർമ്മനിയിൽ അടുത്തനാളുകളിൽ വന്നെത്തുന്നുണ്ട്. എങ്കിലും മറുനാടുകളിൽ കുടിയേറുന്നവർ ഞാൻ മുമ്പ് മേലുദ്ധരിച്ച ചില ചില കാര്യങ്ങളിൽ തട്ടി വീഴരുതെന്നുള്ള ഒരഭിപ്രായം മാത്രം ഇവിടെ കുറിക്കുന്നു സമ്പത്  ദാരിദ്രവു൦ തൊഴിലില്ലായ്മയുംഇത് എന്താണ് ? മറുനാടുകളിലേയ്ക്ക് നമ്മുടെ യുവജനങ്ങളുടെ അഭയം പ്രാപിക്കൽ നിത്യപരിഹാരമാർഗ്ഗമാണോ എന്ന് കേരളം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.//- -ശേഷം Part -2-ൽ - വായിക്കുക.

**********************************************************************

Part -2- ൽ

  "ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? "  

******************************************************************************************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************************