Freitag, 28. Juli 2017

ധ്രുവദീപ്തി: ജർമൻ ഡയറി- // കേരളവും ജർമനിയും തമ്മിലുള്ള അകലം കുറഞ്ഞുതുടങ്ങി.// George Kuttikattu

ധ്രുവദീപ്തി: ജർമൻ ഡയറി-  




കേരളവും ജർമനിയും 
തമ്മിലുള്ള 
അകലം കുറഞ്ഞുതുടങ്ങി.

George Kuttikattu


ജീവിതത്തിന്റെ നടുമുറ്റത്തെത്തിയ ഓരോരോ കനത്ത വെല്ലുവിളികളെ  നേരിടുവാൻ തന്നെ ഉറച്ചു ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ കൊച്ചു കേരളത്തിലെ ഒരുവിഭാഗം യുവതീയുവാക്കളുടെ സ്വപ്‍ന സാക്ഷാത്ക്കരണമായിരുന്നു അവർ ജർമ്മനിയിൽ വന്നു കഴിഞ്ഞു സ്വയം നേടിയെടുത്തത്. 1960-1962 കാലഘട്ടങ്ങൾ മുതൽ ജർമ്മനിയിലെത്തിയ മലയാളികൾ അവരവരുടെ ഭാവിജീവിത പദ്ധതികൾ ആവിഷ്‌ക്കരിക്കുവാൻ തക്കവിധം അവർ സ്വയം അവരവരുടെ വഴികളിൽ ആത്മവീര്യം ഉള്ളവരായിക്കൊണ്ടിരുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ, വൈദികപഠനസെമിനാരികളിൽ, വിവിധ സ്ഥലത്തെ മഠങ്ങളിൽ, മറ്റു ഉപരിപഠനത്തിനുള്ള മാർഗ്ഗങ്ങളിൽ, പൊതുജനാരോഗ്യ മേഖലയിൽ, എല്ലാം സ്വന്തം ഐഡന്റിറ്റി കാണിക്കുവാനുള്ള തുടക്കത്തെ  കുറിക്കുമ്പോഴും, ഇന്ത്യയുടെ പൈതൃകത്തിൽ ഉറച്ചിട്ടുള്ള സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും വിശ്വാസ ജീവിതപാരമ്പര്യത്തിൽനിന്നും വളരെയകലത്തിലും വ്യത്യസ്തമായതുമായ യൂറോപ്യൻ ജീവിത ശൈലിയുടെ ഓരോ ഭാഗമായിത്തീരുകയായിരുന്നു. മുൻലക്കത്തിൽ മലയാളികൾക്ക് പുതിയ ജീവിത സാഹചര്യത്തിലുണ്ടായിട്ടുള്ള ഓരോരോ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ത രീതിയിലുണ്ടായിട്ടുള്ള ആത്മസംഘർഷങ്ങളെയൊക്കെയും, അവയെയെല്ലാം മറികടന്നുകൊണ്ട് അവരവരുടെ വ്യക്തിജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് എപ്രകാരം അവരെല്ലാം കടന്നു കയറിയതെന്നും മറ്റുമുള്ള കാര്യങ്ങളുമാണ് ഞാൻ എഴുതിയത്.


ആധുനിക ഇന്ത്യയിലെ ജനങ്ങൾ ജർമ്മനിയുമായി രാഷ്ട്രീയ- സാംസ്കാരിക തലങ്ങളിൽ കൂടുതലായി ബന്ധപ്പെട്ടുതുടങ്ങിയത് രണ്ടാം ലോകമഹായുദ്ധ ശേഷമാണെന്നു സ്ഥൂലരൂപത്തിൽ വേണമെങ്കിൽ പറയാം. അതിനുമുമ്പ് യൂറോപ്പുമായി പലവിധത്തി ൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും എന്ന് നമുക്കറിയാം. 1950 കൾ മുതലുള്ള കാലഘട്ടം കുറേക്കൂടി അടുത്ത ബന്ധങ്ങൾക്ക് വഴികൾ തുറന്നു. അതിനൊരു ഉദാഹരണം, 1955- ൽ ജർമ്മനിയിലെ വിവിധ സർവ്വകലാശാലാതലത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യുറ്റുകൾ സ്ഥാപിച്ചു. 1962- ൽ ഹൈഡൽബർഗ്ഗ് സർവ്വകലാശാലയിൽ അതിന്റെ പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു വലിയ വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയും ജർമനിയും തമ്മിലുള്ള വിദ്യാഭ്യാസ സാംസ്കാരിക ഗവേഷണ കാര്യങ്ങളിൽ പഠനം നടത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഇന്ത്യയും ജർമ്മനിയും എല്ലാ വികസനരംഗത്തും സാവധാനം പരസ്പരം പങ്കാളികളായി. 

പശ്ചിമ ജർമ്മനിയുടെ എല്ലാഭാഗങ്ങളിലും, വടക്ക് സ്ളേസ്‌വിഗ്ഹോൾസ്റ്റയിൻ മുതൽ തെക്ക് - പടിഞ്ഞാറായി ബാഡൻ വ്യൂർട്ടംബർഗ്ഗ് വരെയും കിഴക്ക് ബവേറിയ മുതൽ പടിഞ്ഞാറ് നോർഡ് റൈൻ വെസ്റ്റ്ഫാളൻ വരെയും പശ്ചിമ ജർമ്മനിയുടെ എല്ലാ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വന്നെത്തിയ മലയാളികൾ പഠനവും പരിശീലനവും തുടങ്ങി. 1960 കാലഘട്ടം മുതൽ പല ഗ്രൂപ്പുകളായി വന്നെത്തിക്കൊണ്ടിരുന്നവരാണ് ഈ പ്രദേശങ്ങളിലേക്ക് ചെന്ന് താമസവും പഠനവും നടത്തിയിരുന്നത്. ബവേറിയയിലെ മ്യൂണിച്ച് നഗരം മ്യൂൺസ്റ്റർ, ഹെസ്സൻ സംസ്ഥാനത്തിലെ പ്രധാന നഗരമായ ഫ്രാങ്ക്ഫർട്ട്, മൈൻസ്, ബാഡൻവ്യൂർട്ടംബർഗ്ഗിലെ സ്റ്റുഡ് ഗാർട്ട്, ഹൈഡൽബർഗ്ഗ്, കാൾസ് റൂഹെ, ഫ്രെയ്‌ബുർഗ്ഗ്, ഹാംബുർഗ്, കൊളോൺ, ഡ്യുസൽഡോർഫ്, ബർലിൻ എന്നിങ്ങനെ നിരവധിയേറെ നഗരങ്ങളിലേയ്ക്കും മലയാളികൾ ക്രമേണ ജോലിക്കായും പഠനത്തിനായും വന്നെത്തിക്കൊണ്ടിരുന്നു. 1970 കളുടെ തുടക്കത്തിൽ എത്തിയപ്പോഴേയ്ക്കും ജർമ്മനിയിൽ ഒട്ടാകെ ഏതാണ്ട് 2500- ലേറെ യുവതീയുവാക്കൾ വന്നെത്തിയിരുന്നു. അവരിൽത്തന്നെ ജോലിക്കു  വന്ന നഴ്‌സുമാരും, നഴ്‌സിംഗിന് പഠിക്കാനെത്തിയവരും, വൈദികരും, കന്യാസ്ത്രികളും ഉണ്ടായിരുന്നു. അവരെല്ലാം അവരുടേതായ മേഖലകളിൽ സ്വന്തം നിലനിൽപ്പിന്റെ ഉറപ്പുള്ള ഉടമസ്ഥത കൈവരിച്ചു തുടങ്ങി.

ജർമ്മനിയിലെ മലയാളികളുടെ ആദ്യകാല ചരിത്രത്തെ സ്വന്തം വ്യക്തി പുകഴ്ചയ്ക്ക് വേണ്ടി യാഥാർത്ഥ ചരിത്രത്തെ വികലമാക്കി ചിത്രീകരിക്കുന്ന ചിലരുണ്ട്. കൊളോണിലും പരിസരത്തും കേരളത്തിലും ജീവിക്കുന്ന ചിലർ എക്കാലത്തുമുള്ളതുപോലെ ചില സ്വന്തം ഓൺലൈൻ മാദ്ധ്യമങ്ങളുടെയും സഹായത്തിൽ നടത്തുന്ന വാസ്തവവിരുദ്ധ പ്രചാരണം ഈയിടെ പലപ്പോഴും നിരീക്ഷിക്കുകയുണ്ടായി. 1976- കളിൽ ജർമ്മനിയിലെ മലയാളിസമൂഹത്തെ  മുഴുവൻ ചില ക്രിസ്ത്യൻ ഏജൻസികളുമായി കുറെ വർഷങ്ങൾ ബന്ധപ്പെട്ടു ജർമൻസർക്കാരിൽ ഗൂഡ സമ്മർദ്ദം ചെലുത്തിക്കൊണ്ട് കേരളത്തിലേയ്ക്ക് തിരിച്ചയക്കാനുള്ള നിഗൂഡ പദ്ധതികൾക്ക് ശ്രമിച്ചവർ തന്നെയാണ്, ഇന്നും കള്ളപ്പണവും പ്രസിദ്ധിയും സമ്പാദിക്കുവാൻ അന്നത്തെപോലെ ഇപ്പോഴും ആക്ടീവായത്. ഇപ്പോൾ നഴ്‌സുമാരുടെ പഴയകാല ചരിത്രം ഡോക്കുമെന്റ്ററി (ബ്രൗൺ മാലാഖമാർ) ഫിലിമുകൾ എന്ന പേരിൽ ഉണ്ടാക്കി നിരത്തി വിളമ്പി നടക്കുന്നവർ സ്വന്തം പോക്കറ്റിൽ നിറയെ പണമുണ്ടാക്കാൻ ജർമനിയിലെ മലയാളികളുടെ പൂർവ്വകാലചരിത്രത്തെ വ്യഭിചാരം നടത്തുകയാണ്. ഇതിനു കേരളത്തിലും ജർമനിയിലുമുള്ള ഏതിനും കൂടെനിൽക്കുന്നവരുടെ വമ്പൻ പിന്തുണയിലും തിരക്കഥയിലും വേരുറപ്പിച്ചു പ്രവർത്തനം നടത്തുകയാണ്. ജർമ്മൻ മലയാളികളുടെ ആദ്യകാല വരവിനെക്കുറിച്ചുള്ള തിരക്കഥ ചമച്ചു ഉണ്ടാക്കിയവർ ആരുമാകട്ടെ, യാഥാർഥ്യതയുടെ കഴിഞ്ഞകാലങ്ങളുടെ ഒരു സത്യചരിത്രത്തെയല്ല പകർത്തിയത്. ഇവരാകട്ടെ ഇത്തരം ജർമ്മനിയിലെ അധോലോകവ്യാപാരികൾ നൽകിയിരുന്ന ഓദാര്യംപറ്റി പശ്ചിമ ജർമ്മനി കണ്ടുപോയവരാണ്. ജർമ്മനിയിൽ വന്നു ജോലിചെയ്യുന്നവരായ മലയാളി പെൺകുട്ടികളെ "തവിട്ടുനിറം" പൂശി മാലാഖാമാരാക്കി പുറലോകത്തിനു കാഴ്ചവച്ച ഇരുളിന്റെ കറപ്പുള്ള കോളിവുഡുകളുടെ പിന്നാമ്പുറ തനിനിറം വഞ്ചനയുടേതാണ്.  

1970 കളുടെ ആരംഭത്തോടെ വികസനത്തിന്റെ പാതയിലെ ജർമ്മനിയിൽ  യുദ്ധാനന്തര യുവതലമുറകളുടെ ചലനങ്ങൾ വിവിധ മേഖലകളിലേയ്ക്ക്  പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അത്, രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ യുവജനങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പൊതുശ്രദ്ധയെ ആകർഷിക്കുന്നവിധത്തിൽ കണ്ടുതുടങ്ങിയിരുന്നതായിരുന്നു. യുദ്ധാനന്തര ജർമ്മനിയിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ സംഘടനകളും ഗ്രൂപ്പുകളും രൂപീകരിക്കപ്പെട്ടു. 1960 കളിൽ അമേരിക്കയിലും യൂറോപ്പിലും പ്രത്യേകിച്ച് ജർമ്മനിയിലും യുവജനങ്ങളുടെ സാംസ്കാരിക മുന്നേറ്റമായിരുന്ന ഹിപ്പി യുഗത്തിന്റെ അവസാനവും നവയുഗത്തിന്റെ തുടർച്ചയുമായിരുന്നു ജർമനിയിലെ പുതിയ കലാശാലാ വിദ്യാർത്ഥികളുടെയിടയിൽ തുടങ്ങി വച്ച സംഘടനാ പ്രസ്ഥാനങ്ങൾ. ഈ വഴികളിൽ അവർ പുതിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ ചിന്തിച്ചുതുടങ്ങി. ജർമ്മനിയിൽ അക്കാലത്തും കലാശാലകളിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു. ഏഷ്യയിൽനിന്നുള്ളവർ, ആഫ്രിക്ക, അമേരിക്ക, എന്നിങ്ങനെ ലോകരാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ സംസ്കാരവും മറ്റു ജീവിതശൈലിയും ഉൾക്കൊണ്ടു ജീവിക്കുമ്പോഴും ആതിഥേയ രാജ്യത്തിനു അനുസൃതമായ കീഴ്വഴക്കങ്ങൾ അംഗീകരിച്ചും ബഹുമാനിച്ചുമാണ് അന്ന് സമൂഹത്തിൽ അവർ ജീവിച്ചത്.

47 രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തപ്പെട്ട ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു വളർന്നവരായ വിദ്യാർത്ഥിനി-വിദ്യാർത്ഥികൾ ആധുനികതയുടെ കടുത്ത ഒഴുക്കിൽപ്പെടാതെ ജീവിക്കാൻ വേണ്ടി ഒരുമിക്കാനുള്ള സാഹചര്യം അവർ ഒരുക്കി. യൂറോപ്യൻ വിദ്യാർത്ഥി സമൂഹത്തിൽ അവരുടെ ജീവിതം എളുപ്പം ഇന്റഗ്രേറ്റ് ചെയ്യപ്പെടണം, അതിനുള്ള സഹായകമായ സഹായപദ്ധതികൾ ഉണ്ടാക്കാൻ കത്തോലിക്കാസഭയുടെ മേൽനോട്ടത്തിൽ ആഫ്രോ-ഏഷ്യൻ സ്റ്റുഡൻസ് ഗെമൈൻഷാഫ്റ് (AASG ) തന്നെ പ്രവർത്തനമാരംഭിച്ചു. ഈ രാജ്യങ്ങളിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പുകൾ നൽകി അവരുടെ വിദ്യാഭ്യാസം സാധിക്കുകയെന്ന ഉത്തമ ലക്ഷ്യമായിരുന്നു ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ 2016 മുതൽ മേൽപ്പറഞ്ഞ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തലാക്കി.

AASG യുടെ അക്കാലത്തെ നേതൃനിരയിൽ സജ്ജീവമായി പ്രവർത്തിച്ച പ്രവർത്തകരായിരുന്നവർ മലയാളി വിദ്യാർത്ഥികളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. 1971- മുതൽ 1977- വരെ AASG യുടെ അന്തർദ്ദേശീയ വിഭാഗം പ്രസിഡണ്ടായിരുന്നവർ മ്യൂണിച്ച് സർവ്വകലാശാലയിലെ മലയാളികളായ വിദ്യാർത്ഥികൾ ആയിരുന്നു. ഡോ. മാത്യു മണ്ഡപത്തിൽ (1971-1973, (Rtd. Ausländerreferent des Diozesanbildungswerkes Münster.), 1973 മുതൽ 1975 വരെ ഡോ. സെബാസ്ട്യൻ മുണ്ടിയാനപ്പുറത്ത്, 1975- മുതൽ 1977- വരെ ഡോ. ജോർജ് തയ്യിൽ, എന്നിവരായിരുന്നു AASG യുടെ (ആഫ്രോ- ഏഷ്യൻ സ്റ്റുഡൻസ് സമൂഹത്തിന്റെ) പ്രസിഡണ്ടുമാരായി വിലപ്പെട്ട സേവനം നല്കിയവരെന്ന് നമുക്ക് തീർച്ചയായും അഭിമാനപൂർവ്വം സ്മരിക്കാം. ഇത് മലയാളികളുടെ ജർമ്മൻ ജീവിതചരിത്ര സംഭവങ്ങളിൽ ചേർന്ന് കിടക്കുന്നു. അക്കാലത്തെ ഓവർസീസ് സ്റ്റുഡൻസ് സംഘടനയും (OSCO), ജർമനിയിലെ AASG ഒരുമിച്ചു സഹകരിച്ചുള്ള ഇവരുടെ പ്രവർത്തനം അന്നത്തെ വിദ്യാർത്ഥിസമൂഹത്തിൽ 1968- ൽ രൂപീകരിക്കപ്പെട്ട ROTE ARMY FRAKTION വിപ്ലവ ഗ്രൂപ്പുകളുമായി അകന്നു നിന്ന് പ്രവർത്തിക്കാൻ വളരെയധികം  സഹായിച്ചു. ഇപ്രകാരമുള്ള മാനുഷികമൂല്യങ്ങൾ  നിറഞ്ഞപ്രവർത്തനത്തിന് സഹായികളായിരുന്നവർ  ഹോളണ്ടുകാരനായിരുന്ന കത്തോലിക്കാ വൈദികൻ ഫാ. ഹാസ്, ( REV. FR. HASS +), സ്റ്റുഡന്റസ് ആത്മീയ ഉപദേശകനായിരുന്ന LATE REV. FR. GERHARDS, തുടങ്ങിയവർ ആയിരുന്നു. അന്ന് കത്തോലിക്കാ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു ഏറെ സഹായികളായിരുന്നു എന്ന് പറയാതെ പോകുന്നത് യഥാർത്ഥ ചരിത്രത്തെ വിസ്മരിക്കുന്നത് തന്നെയാണ്.

 Kardinal Julius August Döpfner
ഇവരുടെ ആത്മാർത്ഥമായിട്ടുള്ള സഹകരണം കൊണ്ടു മാത്രമാണ്, 1972- ഓഗസ്റ്റിൽ മ്യുണിച്ചിൽ വച്ച് (മ്യുൻഷൻ ഷ്വാബിംഗ്) അന്തർദ്ദേശീയ ശ്രദ്ധയെ  ആകർഷിച്ച മഹാജൂബിലി ആഘോഷം നടന്നത്. 1900 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ തോമസ് അപ്പസ്തോലൻ കേരളത്തിലെത്തിയതിന്റെ സ്മര ണ ജൂബിലിയാഘോഷം മൂന്നു ദിവസങ്ങളിലായി അത്യധികം ആഘോഷമായി മ്യൂണിക്ക് നഗരത്തിൽ ആചരിക്കപ്പെട്ടത്, അന്തരിച്ച ഫാ. ഡാമിയൻ CMI, ഡോ. മാത്യു മണ്ഡപത്തിൽ, ശ്രീമാൻ ജോസഫ് ചക്കാലക്കൽ തുടങ്ങിയ മലയാളികളുടെ നേതൃത്വത്തിലും, അവരുടെ ക്രിയാത്മകവും നിസ്വാർത്ഥവുമായ കഠിന പ്രയഗ്നത്തിന്റെയും മഹത് ഫലമായിരുന്നു. ആ ജൂബിലി മഹാസമ്മേളനം ഒരു ചരിത്ര യാഥാർത്ഥ്യമാണ്. ജൂബിലിയാഘോഷത്തോടനുബന്ധിച്ച ചടങ്ങിൽ കാണികളുടെ ഹൃദയം കവർന്നിരുന്ന മാർത്തോമ്മാ ചരിതം നാടകത്തിനു തിരക്കഥ  എഴുതി അന്ന് സ്റ്റേജിൽ അവതരിപ്പിച്ചതും സംവിധാനം ചെയ്തതും ജേർണലിസ്റ്റ് ആയിരുന്ന ഡോ. തോമസ് വടക്കേക്കരയായിരുന്നു.     അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച സെന്റ് തോമസ് ജൂബിലി (1900 വർഷം) മൂന്നു ദിവസങ്ങളിലായി അത്യധികം ആഘോഷമായി ആചരിക്കപ്പെട്ടത് ജർമ്മനിയിൽ കുടിയേറിയ മലയാളി ജീവിതത്തിന്റെയും ചരിത്രമായി.

 കർദ്ദിനാൾ ഫ്രാൻസ് ക്യോനിഗ്,
AASG പ്രസിഡന്റ്
ഡോ. മാത്യു മണ്ഡപത്തിൽ. 1972 ലെ 

മാർത്തോമാശ്ലീഹാ ജൂബിലി 
ആഘോഷവേളയിൽ .
ജർമ്മനിയിൽ വസിക്കുന്ന 1500 ലേറെ മലയാളികൾ ജർമനിയുടെ വിവിധ നഗരങ്ങളിൽ നിന്ന് വന്ന്  പങ്കെടുത്ത മഹാ ജൂബിലിയാഘോ ഷം ജർമൻ മലയാളികളുടെ ചരിത്ര ത്തിലാകട്ടെ അതിനു മുമ്പും ശേഷ വും വേറെ ഉണ്ടായിട്ടില്ല. അനേകം ജർമൻകാരുടെയും അതുപോലെ ജർമ്മനിയിലെ മലയാളികളുടെയും സാന്നിദ്ധ്യത്തിൽ ഒരപൂർവ്വ ചരിത്ര സംഭവമായി മാറിയ മാർത്തോമ്മാ മഹാജൂബിലിയാഘോഷ പരിപാടി കൾ ഉത്‌ഘാടനം ചെയ്തത് അന്നത്തെ മ്യൂണിക്കിലെ കർദ്ദിനാൾ JULIUS AUGUST DÖPFNER +, ആയിരുന്നു. അന്നു നടന്ന സമ്മളനത്തിലെ മുഖ്യാതിഥി വത്തിക്കാൻ സൂനഹദോസിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന വിയന്നയിലെ ആർച്ച്ബിഷപ്പും കർദ്ദിനാളുമായിരുന്ന ഫ്രാൻസ് ക്യോനിഗ് (FRANZ KARDINAL KÖNIG +3. August 1905 in Warth bei Rabenstein; † 13. March 2004 in Wien, was from 1956  to 1985 Archbishop of Vienna, Austriaആയിരുന്നുവെന്നത് തന്നെ അന്നത്തെ മഹാ സമ്മേളനത്തിന്റെ പ്രത്യേകതയും അതിപ്രാധാന്യവും നമ്മെ എന്നുമെന്നും അഭിമാനപുരസ്സരം  ഓർമ്മിപ്പിക്കുന്നു. അങ്ങനെ കുറഞ്ഞൊരു നാളിൽത്തന്നെ നമ്മുടെ മലയാളി സാന്നിദ്ധ്യം ജർമ്മൻ സമൂഹത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കേരളം ജർമ്മനിയിൽ വളരെ വേഗം വളർന്നുകൊണ്ടിരുന്നു. അങ്ങനെ മാതൃകേരളവും ജർമനിയും തമ്മിലുള്ള അകലം കുറഞ്ഞുതുടങ്ങി.

കേരളത്തിൽനിന്നും ജർമ്മനിയിൽ വന്നെത്തിയ പെൺകുട്ടികളുടെ തനത് ആവശ്യങ്ങൾ ധൈര്യമായി പ്രഖ്യാപിക്കാനും അവരുടെ ഭാവിയുടെ സ്ഥിതി മെച്ചപ്പെടുത്താനും ജർമ്മനിയിലെ അവരുടെ സ്പോണ്സർമാരുടെ സമക്ഷം ലഭിച്ച അവസരങ്ങൾ ഉപയോഗിച്ചു. അന്ന് എതിരഭിപ്രായമുള്ള ജർമ്മൻകാർ ആരുമുണ്ടായിരുന്നില്ല. 1960 കൾ  മുതൽ പലഘട്ടങ്ങളിലായി ജർമ്മനിയിൽ എത്തിയ മലയാളി ഗ്രൂപ്പുകൾ വിവിധ സ്ഥലങ്ങളിൽ നഴ്‌സിംഗ് പഠനവും മറ്റുചിലർ നേരിട്ട് ജോലിയിലും പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ചവർക്ക്  ഇന്ത്യയിൽ  നഴ്‌സിംഗ് പഠനം കഴിഞ്ഞു വിവിധ സംസ്ഥാനങ്ങളിൽ ജോലി പരിചയമുള്ളവർ ആയിരുന്നു. ജർമനിയിലെ വിദേശ വംശജരായിരുന്ന മറ്റ് ജോലിക്കാരുടെയിടയിൽ പ്രിയപ്പെട്ട മലയാളികൾ ന്യുനപക്ഷമായിരുന്നു.

1970 കളുടെ തുടക്കമായപ്പോൾ മലയാളികളുടെ എണ്ണം പശ്ചിമ ജർമനിയിൽ  ആശുപത്രികളിൽ വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ 1960- നും 1970- നും ഇടക്ക് വിവിധ പശ്ചിമ ജർമ്മൻ ആശുപത്രികളിൽ നികത്താനാവാത്തവിധം  വർദ്ധിച്ചുവന്നിരുന്ന നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെയെല്ലാം പ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയുണ്ടായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. പ്രശനം എളുപ്പം മറികടക്കുന്നതിനായി ആശുപത്രികളുടെ  ഡയറക്ടർമാർ നഴ്‌സുമാരെ തേടി മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയി. അവർ കേരളത്തിലും നഴ്‌സുമാരുടെ ആവശ്യം അറിയിച്ചുവെന്നാണ് ഒരു ചരിത്രവസ്തുത. അങ്ങനെ മലയാളികളായ നഴ്‌സുമാരും, നഴ്‌സിംഗ് പഠിച്ചു ജോലിചെയ്യുവാനും തങ്ങളുടെ ഭാവിജീവിതം മെച്ചപ്പെടുത്തുവാനും അന്ന് കേരളത്തിലെ  പെൺകുട്ടികൾ തീരുമാനിച്ചു. അവർ എത്തിച്ചേർന്നു. അതു പക്ഷേ, ആദ്യമേ അവർ ആഗഹിച്ചതുപോലെ നഴ്‌സിംഗ് പഠനം ഉടനെതന്നെ  നടന്നില്ല. ആശുപത്രികളിൽ ആ പെൺകുട്ടികളുടെ ആത്മാവിൽതട്ടി മുറിവ് പറ്റുന്ന അധമ ജോലികൾ ചെയ്തുകൊടുക്കുന്നത് നഴ്സിങ് പഠനത്തിനുള്ള ആദ്യ യോഗ്യതയായി ആശുപത്രി അധികാരികൾ കണ്ടു. ആശുപത്രികളിലാകട്ടെ  തൂപ്പ്‌ജോലി തുടങ്ങി പലതും ചെയ്തുള്ള പരിചയം നഴ്‌സിംഗിന് ഒരു മുൻകൂർ  പരിചയമായി അവർ കണ്ടിരുന്നു. അങ്ങനെ നിരവധിയേറെ പെൺകുട്ടികൾ ആ വിഷമഘട്ടങ്ങൾ തരണം ചെയ്തു. നഴ്‌സുമാരായി പരിശീലനം കഴിഞ്ഞ മലയാളി പെൺകുട്ടികൾ ആശുപത്രികളിൽ ജോലിയാരംഭിച്ചു.

കേരളത്തിൽനിന്നെത്തിയ പെൺകുട്ടികൾക്ക് ജർമനിയിലെ നഴ്‌സിംഗ് സ്ഥാപനങ്ങളിൽ പഠനവും ജോലിയും ചെയ്യുന്നതു സംബന്ധിച്ച യാതൊരു വിധ ഔദ്യോഗിക തൊഴിൽകരാർ ഇന്ത്യയും ജർമ്മനിയും തമ്മിൽ അന്നും ശേഷവും ഉണ്ടാക്കിയിരുന്നില്ല. ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകൂട്ടികളുടെ കാര്യത്തിൽ അന്ന് കേരള സഭാടിസ്ഥാനത്തിലുള്ള പരസ്പര ധാരണ മാത്രമായിരുന്നു, ജോലിയുടെയും പഠനത്തിന്റെയും ഭാവി നിശ്ചയിക്കപ്പെട്ടത്. നഴ്‌സുമാരുടെ സേവനത്തെ  ആവശ്യപ്പെട്ടുള്ള ജർമൻ ആശുപത്രികളുടെ ആഹ്വാനത്തെ കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ മേധാവികൾ അതിനോട് സഹകരിക്കാൻ തയ്യാറായിവന്നു. ഇത്തരമൊരു തൊഴിലവസരങ്ങൾ ലഭിക്കുകയെന്നത് തന്നെ നമ്മുടെ കേരളത്തിലെ ന്യുനപക്ഷ ക്രിസ്ത്യൻ കുടുംബങ്ങളിൽ അതിപ്രാധാന്യത്തോടെയാണ് ആ വാർത്ത സ്വീകരിച്ചത്. 1970 കളുടെ ആരംഭത്തിൽ നിരവധി നഴ്‌സുമാരെ ജർമൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ നേരിട്ട് ഇടപെട്ട് അവരുടെയെല്ലാം എല്ലാവിധ പ്രാഥമിക ആവശ്യചെലവുകൾപോലും ഏറ്റെടുത്തു കേരളത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള സംരംഭങ്ങളും ഉണ്ടായി. അതേയവസരത്തിൽ ത്തന്നെ നമ്മുടെ മലയാളികളെപ്പോലെ തന്നെ, കൊറിയയിൽനിന്നും, ഫിലിപ്പൈൻസിൽ നിന്നുമെല്ലാം വളരെയേറെ നഴ്‌സുമാരെ ജർമ്മനിയിലെ അനേകം ആശുപത്രികളിൽ കൊണ്ടുവന്നു.

ജർമ്മനിയിലെ നഴ്‌സിംഗ് പഠനം കഴിഞ്ഞു ജോലി തുടങ്ങിയവർ അവരുടെ ജീവിതത്തിന്റെ അടുത്തപടിയിലേയ്ക്ക് പ്രവേശിക്കുകയാണ് ചെയ്തത്. കൂടുതൽ പെൺകുട്ടികളും കേരളത്തിലെത്തി വിവാഹിതരായി വീണ്ടും അവരവരുടെ ജോലിയിൽ തിരിച്ചുവന്നു. അന്ന് കുറേപ്പേർ ജർമ്മനിയിലെ മലയാളികൾ തമ്മിലും, കുറേപ്പേർ ജർമൻ വംശജരെയും വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങി. കേരളത്തിൽ പോയി വിവാഹം ചെയ്തവരെല്ലാം, എല്ലാവരും പിന്നീട് അവരുടെ പങ്കാളികളെ സാവധാനം ജർമനിയിലേക്ക് വരുത്തുകയും ചെയ്തു. വന്നവരിൽ പലരും കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ജോലി ചെയ്തവരായിരുന്നു. പിൽക്കാലത്തു കുറേപ്പേർ തീർത്തും ജർമനി വിട്ടുപേക്ഷിച്ചു അവരവരുടെ നാട്ടിലേയ്ക്ക് തിരിച്ചുപോയി. പക്ഷെ ജർമ്മനിയിൽ വന്നെത്തിയ ഭർത്താക്കന്മാർക്ക് അക്കാലത്തെ ജർമൻ നിയമം അനുസരിച്ചു തൊഴിലനുവാദം ലഭിക്കുമായിരുന്നില്ല. അത് പലരെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചു. മറ്റുചിലർ തൊഴിലില്ലായ്മയുടെ വേദന മനസ്സിൽ ഒതുക്കി ത്യാഗജീവിതം തുടർന്ന് കൊണ്ടിരുന്നു. പലപ്പോഴും അപ്രകാരമുള്ള സാഹചര്യങ്ങൾ അവരുടെ കുടുംബജീവിതത്തിൽത്തന്നെ വിള്ളലുകളും പൊള്ളലുകൾക്കും കാരണമാക്കിയിരുന്നു. ഭാര്യ ജോലിക്കു പോകുന്നു, അവൾ തിരിച്ചു വരുന്നതുവരെ ഭർത്താവ് വാടകമുറിയിലിരുന്ന് കഴിഞ്ഞകാല ദിനങ്ങളുടെ നിറവ്യതിയാനങ്ങളെ ചിന്തിച്ചിരുന്നുകാണും. എങ്കിലും ജർമനിയുടെ പൊതുജീവിതത്തിന്റെ ഭാഗമായിത്തീരാൻ അവർ വൈമുഖ്യമൊട്ടു കാണിച്ചിരുന്നില്ല. ചിലരെങ്കിലും അതിനു അപാന്തരമായി ജീവിച്ചു സാമൂഹ്യജീവിതത്തിന്റെ ഇരുളടഞ്ഞ തത്വശാസ്ത്രത്തിലേക്ക് വഴുതി വീണു. സ്വന്ത ജീവിതം തന്നെ ഇരുളിന്റെ അഗാധതയിൽ ലയിച്ചു പോയിരുന്നു. അവരിലാകട്ടെ ചിലർ ആൽക്കഹോളിനു അടിമകളായിമാറി. കുടുംബജീവിതം തീച്ചൂളയായി പരിവർത്തനപ്പെട്ടു. ഒറ്റപ്പെട്ട ചില കടുത്ത ക്രിമിനൽ കുറ്റങ്ങളുടെ ഉടമകളായി ചിലർ മാറിയിരുന്നു. ഇവയൊക്കെ ജർമ്മൻ ജീവിതത്തിലെ അപൂർവ ദുഃഖകഥകളുടെ ഒറ്റപ്പെട്ട കാര്യങ്ങളായി മാറി.

ഇതെല്ലാം ദൗർഭാഗ്യത്തിന്റെ അഗാധമായ ചുഴികളിൽപ്പെട്ട ഓരോ മനുഷ്യ ജീവിതത്തിന്റെ തുടർയാത്രയിൽ പകച്ചു നിന്ന് പോയിട്ടുള്ള നാൽക്കവല കളിൽ അപകടപ്പെട്ടുപോയ ഒറ്റപ്പെട്ട ഓരോരൊ ചെറിയ സംഭവങ്ങളാണ്.  ഇതിനു ഇടവന്നത് നമ്മുടെ മലയാളി ജീവിതത്തിന്റെ ഒരു ചെറിയ തരം നിർഭാഗ്യവശം മാത്രമായിരുന്നു. അതുപക്ഷേ കാലങ്ങൾ മാറി. താമസ-ജോലികൾ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വന്നു. ജർമ്മനിയിൽ ഫാമിലി വിസയിൽ വന്നെത്തിയവരിൽ ചിലർ യൂണിവേഴ്സിറ്റികളിലും അതുപോലെ നഴ്‌സിംഗ് പഠനത്തിനും ചേർന്നു. ഇന്ത്യയിൽ ഇവരിലേറെപ്പേരും സർക്കാർ സർവീസുകളിലോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലിചെയ്തവരായിരുന്നു. അങ്ങനെ അവരവരുടെ ജോലി- താമസ സൗകര്യങ്ങൾ അപരിചിതമായ ഒരു പുതിയ രാജ്യത്ത് മെച്ചപ്പെട്ട വഴികളിലെത്തി. അതിനുമുൻപ് നിരവധി പേർ നഴ്‌സസ് ക്വർട്ടേഴ്‌സുകളിൽ ഒതുങ്ങി ജീവിക്കേണ്ടിയിരുന്നു. അവർ പഴയ ജീവിത രംഗത്തോട് എന്നേയ്ക്കും  വിടപറഞ്ഞു പുത്തൻ ജീവിത മാർഗ്ഗത്തി ലെത്തി.. നമ്മുടെ മലയാളികുടുംബങ്ങൾ ദൈനംദിനം ജർമ്മനിയിൽ വലുതായി വികസിച്ചു വന്നു. 

എന്നിരുന്നാലും ജർമൻ ജനതയുടെ ഹൃദയത്തിൽ തട്ടി പ്രതിധ്വനിച്ച സ്നേഹ ബഹുമാനവും അഭിനന്ദനവും അംഗീകാരവും സൽപ്പേരും കുറഞ്ഞൊരു കാലയളവിലെ ജർമ്മനിയിലെ ജോലിജീവിതത്തിനുള്ളിൽത്തന്നെ നേരിട്ട് ലഭിച്ചവർ ആരായിരുന്നു, അത് നമ്മുടെ മലയാളി പെൺകുട്ടികൾക്കാണ് ലഭിച്ചത്. ജർമനിയിലെ മലയാളികളുടെ പൊതു ജീവിതത്തിന്റെ മുഴുവൻ അഭിമാനകരമായ സൽപ്പേര്‌ നേടിയെടുത്ത് "ഇന്ത്യൻ നഴ്‌സുമാർ", അഥവാ, "ഇന്ത്യൻ സഹോദരിമാർ" എന്ന അഭിമാനകരമായ അനുമോദനവും പൂർണ്ണ അംഗീകാരവും ലഭിച്ചതിന്റെ പിന്നിൽ ഉണ്ടായ കാരണം നമ്മുടെ മലയാളി നഴ്‌സുമാരുടെ മനുഷ്യസ്നേഹവും തനതു സേവനമനഃസ്ഥിതിയും ഉള്ളത് മാത്രമായിരുന്നു. ഇന്ത്യൻ നഴ്‌സുമാർ എന്ന (Indische Krankenswester) വിളിപ്പേരിൽ അറിയപ്പെട്ട മലയാളി പെൺകുട്ടികളെ ജർമൻജനതയും, അവരുടെ കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകരും, അവരെ സ്നേഹിച്ചു, അവരുടെ നല്ല ഹൃദയത്തിൽ അവരെ സ്വീകരിച്ചു, അംഗീകരിച്ചു, അതാകട്ടെ കുറഞ്ഞൊരു നാളുകൾക്കുള്ളിൽത്തന്നെ. അവരുടെ സംതൃപ്തിയിൽ തെളിഞ്ഞ പ്രകാശം ഹൃദയം സ്വീകരിച്ചപ്പോൾ ജർമനിയിലെ ജീവിതത്തിനുപമയില്ലാത്തവിധം പ്രചോദനമായിമാറി. അതുപക്ഷേ അവരിലെ ആ നിറഞ്ഞു തുളുമ്പിയിരുന്ന സന്തോഷത്തിന്റെ നാളുകളുടെ ശാന്തതയെ തകർക്കുന്ന ഇരുണ്ടുറഞ്ഞു കൂടുന്ന മേഘങ്ങളുടെയും ഭീകരമായ കൊടുങ്കാറ്റിനെയും അവർ നേരിൽ നേരിടേണ്ടിയാതായ യഥാർത്ഥ്യങ്ങളുടെ കാര്യം അന്ന് അവർ ആരും തന്നെ കരുതിയിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ യെല്ലാം ജീവിതത്തിന്റെ അഗാധ തലങ്ങളിൽ അനുഭവപ്പെടുന്ന പ്രത്യേകതകളിലൂ ടെ കടന്നു പോന്ന ജീവചെതന്യ വിശേഷങ്ങളെ ബാഹ്യമായോ ആന്തരിക മായോ അന്ന് തകർക്കുവാൻ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിന് ശക്തി യുണ്ടായിരുന്നോ?//-     
---------------------------------------------------------------------------------------------------------------------

Mittwoch, 19. Juli 2017

ധ്രുവദീപ്തി // Literature // കഥ // ആ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു.// നന്ദിനി

Literature // ചെറുകഥ // 

  

ആ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു.// 

നന്ദിനി 

ദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.
നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ, ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, 
ഒരു കാല് ഇല്ലെന്ന കാരണം 
അത് സത്യമാക്കുന്നുണ്ടല്ലൊ...............

"എന്താണ് കുട്ടി താമസിക്കുന്നത്.."  
സ്വതവേ ഊര്ജ്ജസ്വലനായ അദ്ദേഹത്തെ ആ ചിന്ത മഥിച്ചു കൊണ്ടിരുന്നു. വഴിയില്‍ കണ്ണും നട്ടിരുന്ന അദ്ദേഹത്തിന്റെ   മുന്നിലേയ്ക്ക് അവള്‍ ഓടി വന്നു.
"എന്തേ മോള് താമസിച്ചത്..?" അദ്ദേഹം ചോദിച്ചു.
ഒരു കുസൃതി നോട്ടമായിരുന്നു ഉത്തരം. കവിളില്‍ മുത്തം നല്‍കി അവള് വീട്ടിലേയ്ക്ക് ഓടി കയറി. പതിവിനു വിപരീതമായി കുട്ടി ഉല്ലാസവതിയായി കാണപ്പെട്ടു.

വരാന്തയില്‍ ചാരുകസേരയിലേയ്ക്ക് ചെരിഞ്ഞപ്പോള്‍ താഴെ വീണ ഊന്നു വടി അദ്ദേഹത്തെ ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയി...
മറക്കാന്‍ ശ്രമിക്കുന്നതും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായ ആ ഓര്‍മ്മകള്‍ അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്നു...
വര്‍ഷങ്ങള്‍ക്കു മുമ്പ് റയില്‍വേ ഗെയ്റ്റിനടുത്ത് പാളത്തിലൂടെ ഓടി പോകുന്ന ഒരു പിഞ്ചു കുഞ്ഞ്. അവളുടെ അമ്മയായിരിക്കണം ദൂരെ ചിന്നഭിന്നമായി കിടന്നിരുന്നത്. 
പേടിച്ചു ഓടുന്ന അവള്‍ പാഞ്ഞു വരുന്ന ട്രെയിനിന്റ്റെ മുന്നില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിച്ചതിന്റ്റെ ഫലമായി നഷ്ടപ്പെട്ട കാലിനെയും ലഭിച്ച കുഞ്ഞിനെയും കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിനു പ്രിയങ്കരവും ഒപ്പം തേങ്ങലുമായിരുന്നു. ഏകനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിനു ആ കുഞ്ഞ് മകളായിരുന്നു .

ദിവസങ്ങള്‍ കഴിഞ്ഞു പോകും തോറും കുട്ടിയുടെ സ്കൂളില്‍ നിന്ന് വരുന്ന സമയത്തിനു താമസം കണ്ടു തുടങ്ങി. എങ്കിലും അവള്‍ ഉത്സാഹവതിയായിരുന്നു.  
അയല്‍പക്കത്തെ അന്തോനിച്ചന്‍ ഗെയിറ്റ് കടന്നു വരുന്നു.
സമയം 5 മണി. കുട്ടി എത്തിയിട്ടില്ല..
"കുറേ കാലമായല്ലോ കണ്ടിട്ട്..." അദ്ദേഹം ചോദിച്ചു .
"വണക്കം മേനോന്‍...ഞാനിവിടൊക്കെ തന്നെ ഒണ്ടേ..." തമാശ കലര്‍ന്നുള്ള സംഭാഷണം.
"കുട്ടി എത്തിയില്ല അല്ലേ..."അന്തോനിച്ചന്‍ ചോദിച്ചു.
ഇല്ല....ഒരു ദീര്‍ഘനിശ്വാസത്തോടെ മേനോൻ ഉത്തരം പറഞ്ഞു.
"ഒന്നും വിചാരിക്കരുത്...കുട്ടി വടക്കെ പാലത്തിനു താഴെയുള്ള അമ്മിണിയുടെ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു."
അന്തോനിച്ചന്‍ പറഞ്ഞത് കേട്ടു മേനോന്‍ ഞെട്ടിപ്പോയി.
"ഗുണ്ട രാജുവിന്റ്റെ അമ്മയല്ലേ ആ സ്ത്രി..." 
മേനോന്‍ ചോദിച്ചു.
"അതേ...കുട്ടിയെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും..."
അന്തോനിച്ചന്‍ യാത്ര പറഞ്ഞിറങ്ങി ..
പുറകെ മേനോനും.

അമ്മിണിയുടെ വീടിന്റ്റെ മുന്നിലെത്തിയതേ കുട്ടിയുടെ സംസാരം കേട്ടു.
വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു...പതുക്കെ അകത്തേയ്ക്ക് നോക്കി..
അമ്മിണി കട്ടിലില്‍ കിടക്കുന്നു . ദീനമാണെന്നു തോന്നുന്നു. അടുത്തിരുന്നു ടിഫിന്‍ ബോക്സില്‍ നിന്നും ചോറ് വാരി അമ്മിണിക്ക് കൊടുക്കുന്നു തന്റ്റെ മോള് ...

മേനോന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു...
തെറ്റിദ്ധരിച്ച് താന്‍ അവിവേകം കാട്ടിയിരുന്നെങ്കില്‍ ...
മേനോന്‍ കണ്ണു തുടച്ചു..
പതുക്കെ വീട്ടിലേയ്ക്ക് നടന്നു ....

അന്ന് വീട്ടില്‍ വന്ന കുട്ടി ഒരു സങ്കടം അപ്പനോട് പറഞ്ഞു..
"പാലത്തിന്റ്റെ താഴത്തെ വീട്ടിലെ... അമ്മിണിയമ്മയ്ക്ക് തീരെ സുഖമില്ല ...ആശുപത്രിയില്‍ കൊണ്ടു പോകണം...അവരുടെ മകന്‍ ഇപ്പോള്‍ ജയിലിലാണ്..." 

തന്റ്റെ പ്രിയ മകളെ മാറോടു ചേര്‍ക്കുമ്പോള്‍ ആ അപ്പന്റ്റെ നഷ്ടപ്പെട്ട കാല്‍ വളരുകയായിരുന്നു....
പട്ടിണി കിടക്കുന്ന അനേകം ജന്മങ്ങള്‍ക്ക് വേണ്ടി... .........
-----------------------------------------------------------------------------------------------------------
(ഇരിപ്പിടം weekly നടത്തിയ   കഥാമത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ച കഥ)  
നന്ദിനി വര്‍ഗീസ്‌

Donnerstag, 13. Juli 2017

ധ്രുവദീപ്തി : Christianity // പ്രാർത്ഥനയും രോഗശാന്തിയും // Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി : Christianity //

പ്രാർത്ഥനയും രോഗശാന്തിയും //

Dr. Dr. Joseph Pandiappallil 

രോഗശാന്തിയും പ്രാർത്ഥനയും തമ്മിലുള്ള ബന്ധം എന്ത് ?

Dr. Dr. Joseph
Pandiappallil
 
ഒന്ന് മറ്റൊന്നിന്റെ ഫലമായി മനസ്സിലാക്കുന്നവർ ധാരാളമാണല്ലോ. രോഗ ശാന്തിക്കായി പ്രാർത്ഥിക്കുന്നതും ധ്യാനം കൂടുന്നതും നേർച്ച നേരുന്നതും തീർത്ഥാടനം നടത്തുന്നതും ശരിയും തെറ്റുമാകാറില്ലേ ? ഇന്ന സ്ഥലത്തു പോയി ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌താൽ മാരക രോഗം സുഖപ്പെടുന്നുവെന്ന് കരുതുന്നവരും ചില പ്രത്യേക വ്യക്തികളുടെ പ്രാർത്ഥനാശുശ്രൂഷകളിലൂടെ രോഗശാന്തി വാഗ്ദാനം ചെയ്യുന്നവരും സൗഖ്യം വലിയ കച്ചവടമാക്കി മാറുന്നുവെന്ന് കരുതുന്നവരും നമ്മുടെയിടയിൽ തന്നെയുണ്ടല്ലോ. ധ്യാനകേന്ദ്രങ്ങളും പ്രാർത്ഥനാ ഭവനങ്ങളും വേണ്ടായെന്നോ ധ്യാനപ്രാർത്ഥനാദികൾക്കും മനഃപരിവർത്തനത്തിനും പ്രേരിപ്പിക്കുന്ന വചനോപാസകർ അന്യരാണെന്നോ അല്ല വിവക്ഷ. ഇതൊക്കെ അത്യാവശ്യമാകുമാറ് നമ്മൾ യേശുവിൽ നിന്നും വിദൂരത്തിലായിരിക്കുന്നു എന്നും, സ്വാർത്ഥവും ഭൗതീകവുമായ താത്പര്യങ്ങൾ നേടാൻ മാർഗ്ഗങ്ങളായി ദൈവവചനവും ദൈവാരാധനയുംപോലും ഉപയോഗിക്കപ്പെ ടുന്നുവെന്നാണ് സാരം.

രോഗിക്കുവേണ്ടി പ്രാർത്ഥിക്കുക. സൗഖ്യമുണ്ടാകുമെന്ന വചനം വിസ്മരിക്കുന്നില്ല (യാക്കോ.5 :15). സൗഖ്യം ദൈവദാനമാണ്. എന്നാൽ ശാരീരിക രോഗവും വാർദ്ധക്യവും മരണവുമില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുവാൻ മർത്യർക്ക് അവകാശമില്ല. നമ്മുടെ ഓഹരിയും നേട്ടവും ക്രിസ്തു മാത്രം. മരണത്തിലൂടെ മരണമില്ലായ്മ പ്രാപിച്ച സാക്ഷാൽ മിശിഹാ -അവിടുന്ന് സൗഖ്യദായകനാണ്. പരമസൗഖ്യം നിത്യജീവനാണല്ലോ. എന്നാൽ താൽക്കാലിക സൗഖ്യങ്ങളും ശാരീരികാസ്വസ്ഥതകളും ദൈവം നൽകാറുണ്ട്. അവ എന്തുകൊണ്ട്, എപ്പോഴെല്ലാം, എന്തിനുവേണ്ടി എന്നിത്യാദികാര്യങ്ങൾ ചിന്തിക്കുക നല്ലതാണ്.
  
പ്രവർത്തിയിലൂടെ പ്രതിഫലിച്ച പ്രാർത്ഥന

ഈശോ ശാരീരിക സൗഖ്യമരുളുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ബൈബിളിൽ ഉണ്ട്. കുരുടൻ, ചെകിടർ, കുഷ്ഠരോഗികൾ, തളർവാതരോഗികൾ, കൂനുള്ളവർ, അപസ്മാരം ബാധിച്ചവർ, ഊമർ, മുടന്തൻ, പിശാചുബാധിതർ, പനി പിടിച്ചവർ ....രോഗശാന്തിയുടെ പട്ടിക വളരെ ദീർഘിച്ചതാണ്. എല്ലാം നാഥന്റെ ദൗത്യനിർവഹണമായിരുന്നു. ദൈവീക മഹിമയുടെ പ്രത്യക്ഷ ലക്ഷണങ്ങളായിരുന്നു രോഗശാന്തി. പിതാവിനോടുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രകാശനമായിരുന്നു അത്. പ്രവർത്തിയിലൂടെ പ്രതിഫലിച്ച പ്രാർത്ഥനയായിരുന്നു രോഗശാന്തി. അത് അവിടുത്തെ ആത്മപ്രകാശന മായിരുന്നു. അതോടൊപ്പം ചില സത്യങ്ങൾ പഠിപ്പിക്കുവാനുള്ള വേദികളും ആയിരുന്നു, രോഗശാന്തികൾ. രോഗത്തെപ്പറ്റിയും സൗഖ്യത്തെപ്പറ്റിയും ജീവിതമെന്നാൽ എന്തെന്നും സൗഖ്യദാനമുഹൂർത്തങ്ങളിൽ കർത്താവ് പഠിപ്പിച്ചു.

 യേശു തളർവാതരോഗിയെ
സുഖപ്പെടുത്തുന്നു 
ബേത്സയ്ദായിലെ രോഗശാന്തി ഒരു നിർണ്ണായക മുഹൂർത്തമായിരുന്നു (യോഹ. 5 : 1-18). മുപ്പത്തിയെട്ട് വർഷങ്ങളായി തളർവാതം പിടിപെട്ട് കിടക്കുന്ന രോഗിക്ക് സുഖപ്പെടണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സഖ്യ മാർഗ്ഗങ്ങൾ അവലംഭിക്കുവാൻ അശക്തനാണവൻ. സഹായത്തിനു ആരുമില്ലതാനും. ഈശോ അരുളി," നിന്റെ കിടക്കയുമെടുത്തു നടക്കുക"(യോഹ. 5:8) അതോടെ അവനു സൗഖ്യമായി. അവൻ വീട്ടിലേയ്ക്ക് പോയി. പിന്നീട് ദേവാലയത്തിൽ വച്ച് ഈശോ അവനെ കണ്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "ഇതാ നീ സുഖം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായാതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്" (യോഹ :5:14). തളർവാതരോഗിയായി എഴുന്നേൽ ക്കാനാവാതെ കിടന്നതിലും മോശമായത് ഇനി പാപം ചെയ്‌താൽ സംഭവിക്കും എന്ന് ഈശോ താക്കീതു നൽകുകയാണ്. അതായത് മാരകവും ദുരിതപൂർണ്ണവുമായ ശാരീരിക രോഗത്തിനും അസ്വസ്ഥതയ്ക്കും പാപം കാരണമാകുമെന്ന്.

രോഗശാന്തി പാപമോചന അടയാളമാണ്. 

മറ്റൊരു സൗഖ്യദാനം കഫർണാമിലെ വീട്ടിലാണ് സംഭവിക്കുന്നത്.(മത്തായി : 9:1-12). ഈശോ വീട്ടിലുണ്ടെന്നു നാട്ടിൽ അറിവായി. അതോടെ അവിടേക്ക് ജനപ്രവാഹവും ആരംഭിച്ചു. രോഗിയെ അകത്തെത്തിക്കുവാൻ മാർഗ്ഗമില്ലാ തെ ഏതാനുംപേർ രോഗിയെ എടുത്തു മേൽക്കൂര പൊളിച്ചു യേശുവിനു മുന്നിലെത്തിച്ചു. തളർവാതരോഗിയോട്‌ ഈശോ പറഞ്ഞു" മകനെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു". പലർക്കും അതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലായില്ല. അതുകൊണ്ടു അവിടുന്ന് വ്യക്തമാക്കി," ഭൂമിയിൽ മനുഷ്യപുത്രനു പാപം മോചിക്കുവാൻ അധികാരമുണ്ടെന്ന് അറിയേണ്ടതിനു ഞാൻ നിന്നോട് പറയുന്നു,"എഴുന്നേറ്റു നിന്റെ കിടക്കയു മെടുത്തു വീട്ടിലേയ്ക്ക് നടക്കുക"(മത്തായി : 9:7). ആദ്യത്തെ സംഭവത്തിൽ സൗഖ്യം നൽകിയിട്ട് 'പാപം ചെയ്യരുതെന്ന്' ഈശോ കൽപ്പിച്ചു. ഈ സംഭവത്തിൽ പാപമോചനമരുളിയിട്ട് പാപമോചന അടയാളമായി രോഗശാന്തി നൽകുകയാണ് ചെയ്തത്.

ഒരു മാജിക്ക്പോലെ രോഗശാന്തിയെ നോക്കിക്കാണാനുള്ള പ്രവണത ഉപേക്ഷിക്കണം. പാപമോചനമുണ്ടായാൽ രോഗശാന്തിയുണ്ടാകും. പല ധ്യാനവേളകളിലും രോഗശാന്തി മാനസാന്തരഫലമാണ്. ചിലപ്പോൾ മനുഷ്യനെ മാനസാന്തരത്തിലേക്കു നയിക്കാൻ ദൈവം സൗഖ്യമേകി യെന്നും വരാം. ദൈവത്തിലേക്ക് തിരിയുവാനും അനുതപിച്ചു അനുരജ്ഞന പ്പെടുവാനുമാണ് നാഥൻ ആവശ്യപ്പെടുന്നത്. അതിനവസരം എല്ലായിടത്തും ഉണ്ടല്ലോ. പാപമോചനകൂദാശയായ കുമ്പസാരവും പാപമോചനബലിയായ വി. കുർബാനയുമാണ് ഏറ്റവും മഹത്തായ രോഗശാന്തി ശശ്രൂഷ. അതിന്പ്പുറമുള്ള രോഗശാന്തി ശശ്രൂഷകളെല്ലാം ഇതിന്റെ നിഴലുകൾ മാത്രമാണ്. എല്ലാ ദിവസവും കാണുന്ന സ്വന്തം ദേവാലയത്തിലെ കുർബാനയിലും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാവുന്ന കുമ്പസാരത്തിലും സൗഖ്യദായകാനുഭവമില്ലാത്തവർ നമ്മുടെ വിശ്വാസ രാഹിത്യം മൂലമത്രെ. എന്നിട്ടും ദൈവം രോഗശാന്തി നൽകുന്നത് ദൈവ കാരുണ്യത്തിന്റെ വലുപ്പവും നമ്മുടെ അയോഗ്യതയുടെ ആഴവും വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ടവയിൽനിന്നും അകന്നു അപ്രധാനമായവയിൽ വിലയം കൊള്ളുന്ന പ്രവണത തകർത്തെ പറ്റൂ. അപ്രധാനമായവ പ്രധാനമായവയിലേ യ്ക്ക് നമ്മെ നയിക്കണം. ദിവ്യകാരുണ്യത്തിന്റെ സൗഖ്യദായകാനുഭവം നമ്മിൽ അനുദിനം നിറയണം. അപ്പോൾ എല്ലായിടവും ദൈവസാന്നിദ്ധ്യ വേദിയാണെന്ന് നമുക്ക് ബോദ്ധ്യമാകും.

 നാഥന്റെ മുമ്പിൽ 
അതായത് രോഗശാന്തി പാപമോചന അടയാളമാണ്. മാനസാന്തരപ്പെടലി ന്റെയും ദൈവത്തിലേക്ക് തിരിഞ്ഞ തിന്റെയും ദൈവം പാപങ്ങൾ ക്ഷമിച്ചതിന്റെയും പ്രതിഫലനവും പ്രത്യക്ഷമായ അടയാളങ്ങളുമാണ് രോഗശാന്തി. ഞാൻ സുഖം പ്രാപിച്ചു. എനിക്ക് ധ്യാനം കൂടുകവഴി രോഗ ശാന്തി കിട്ടി എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിച്ചു വെന്നും ദൈവത്തിനു പ്രിയപ്പെട്ടവനാ യി മാറിയെന്നും വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരുണ്ട്. ശരിതന്നെ. ഒപ്പം മറന്നുകൂടാത്ത മറ്റൊരു വസ്തുത കൂടിയുണ്ട്. ഞാൻ പാപിയായിരുന്നു, ദൈവം എന്റെ പാപം ക്ഷമിച്ചുവെന്ന അവബോധം എനിക്ക് രോഗശാന്തി കിട്ടി എന്ന് പറഞ്ഞു അഭിമാനിക്കുന്നതിലും സത്യസന്ധതയുള്ളത് എനിക്ക് പാപമോചന അനുഭവം ഉണ്ടായി എന്ന അവബോധമാണ്. ഞാൻ പാപിയായിരുന്നുവെന്നും എനിക്ക് പാപമോചനം ഉണ്ടായിയെന്നുള്ള അവബോധവും അതേറ്റു പറയാനുള്ള സന്നദ്ധതയും ശ്രേഷ്ഠമാണ്. അതില്ലാതെ രോഗശാന്തി രോഗ ശാന്തി കിട്ടിയെന്നു പറയുമ്പോൾ ഭൗതികത നിറഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാകുന്നത്. രോഗശാന്തിയും പാപമോചനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും തേടുന്നവരാണ് നമ്മൾ. ഇത് രണ്ടും നമുക്ക് നൽകാൻ കഴിവുള്ള നാഥന്റെ മുമ്പിലാണ് നാം ആശ്രിതരായി നിലകൊള്ളുന്നത്. നാഥന്റെ വിളി കേൾക്കാൻ നമുക്ക് കാതോർക്കാം.

എനിക്ക് സൗഖ്യം കിട്ടി എന്ന വെളിപ്പെടുത്തലിന് പകരം ഞാൻ മാനസ്സാന്തര പ്പെട്ടു എന്ന് പറഞ്ഞാലും വളരെ ശരിതന്നെ. ദൈവം സൗഖ്യം തന്നുവെന്ന് പറയുമ്പോൾ ദൈവമാണ് കാർമ്മികൻ. എന്നാൽ ആദ്യം ഭവിക്കേണ്ടത് മാനസാന്തരമാണ്. അതുകൊണ്ടു ഞാൻ മാനസാന്തരപ്പെട്ടു, അതുവഴി എനിക്കും സൗഖ്യാനുഭവം ഉണ്ടായി എന്ന് പറഞ്ഞാൽ അതൊരു വെളിപ്പെടു ത്തലാകും. അതിൽ ആത്മാർത്ഥതയുണ്ടുതാനും. //-
-------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form


Sonntag, 9. Juli 2017

ധ്രുവദീപ്തി // Society // ജർമ്മൻ ഡയറി // മറുനാട്ടിൽ കൊച്ചു കൊച്ചു കേരളങ്ങൾ സൃഷ്ടിച്ചവർ // George Kuttikattu


ധ്രുവദീപ്തി : Society // ജർമ്മൻ ഡയറി // തുടർച്ച..

മറുനാട്ടിൽ 
  കൊച്ചു കൊച്ചു കേരളങ്ങൾ സൃഷ്ടിച്ചവർ //



ജോർജ് കുറ്റിക്കാട്ട് .


ധീരവീര ചരിത്രം
എഴുതിയ
കുടിയേറ്റത്തിന്റെ  
   കഥകൾ  
ർമ്മനിയിൽ നഴ്‌സിംഗ് പരിശീലനം നല്കപ്പെടും. കന്യാസ്ത്രീകളോ, അഥവാ വൈദികരോ ആകുവാനുള്ള പഠനവും പരിശീലനവും അവിടെത്തന്നെ നൽകപ്പെടും, അതുപോലെ മറ്റുള്ള വിവിധ തരം പഠനങ്ങൾക്കും തൊഴിൽ പരിശീലനങ്ങൾക്കും അവസരം ലഭിക്കും, അതിനുശേഷം മറ്റു തരത്തിൽ യാതൊരു തടസ്സങ്ങളില്ലാതെ അവരവരുടെ ജോലി തുടരാമെന്നുള്ള അടിസ്ഥാന ധാരണയുടെ പരിപൂർണ്ണ ഉറപ്പിലാണ്,1950 കളുടെ അവസാന ഘട്ടത്തിൽ, 1960- കൾ മുതൽ ആദ്യമായി ജർമ്മനിയിയിലേ വിവിധ നഗരങ്ങളിലേക്ക് മലയാളി യുവതീയുവാക്കൾക്ക് അന്ന്  വന്നെത്തുവാൻ   ഇടയായത് . 
        
അന്നത്തെ കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെയും, മിഷനറി സന്യാസ- സന്യാസിനീ സഭകളുടെയും ഉത്തരവാദപ്പെട്ട അധികാരികളും മറുവശത്ത് ജർമ്മനിയിലെ ക്രിസ്ത്യൻസഭ അധികാരികളും സ്പോൺസർ ചെയ്യുവാനു ള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് ഉന്നയിച്ച പ്രത്യേക ആവശ്യ ങ്ങളും, അവ നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികളും ചർച്ചകളും നടന്നു. അവർ ഇരുകൂട്ടരും തമ്മിൽ പരസ്പരമുണ്ടായ ചർച്ചകളുടെ അടിസ്ഥാ നത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളനുസരിച്ചാണ് ഇരു ഭാഗത്തുനിന്നും ഫലപ്രദവും സജ്ജീവമായ  സഹകരണത്തോടെയും തുടർ നടപടികൾ ഉണ്ടായത്. അപ്രകാരമാണ്  ആദ്യമായി മലയാളികളുടെ ചെറിയ ചെറിയ ഗ്രൂപ്പുകൾ 1961- ൽ ആദ്യമായി പശ്ചിമ ജർമ്മനിയിലെത്തിയതെന്നത് ഒരു യാഥാർത്ഥ്യമാണ്.

ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ തുടങ്ങിവച്ച രണ്ടാം ലോകമഹാ യുദ്ധം 1945- ൽ കഴിഞ്ഞതോടെ എല്ലാം തകർന്ന ജർമ്മൻ സാമ്രാജ്യത്തിന്റെ  പുനർനിർമ്മാണത്തിന് അനേകം ജോലിക്കാരെ ആവശ്യമായി വന്നിരുന്നു. യുദ്ധാനന്തര ജർമ്മനിയാകട്ടെ, രണ്ടു വ്യത്യസ്ത രാജ്യങ്ങളായി, പൂർവ്വ- പശ്ചിമ ജർമ്മനികളായി, വിഭജിക്കപ്പെട്ടു. നിർമ്മാണപ്രവർത്തനങ്ങൾക്ക് മാത്രമല്ല രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും പുനർനിർമ്മാണവും വികസനവും ഉടൻ ആവശ്യമായിരുന്നു. ജർമ്മനിയിലെ വിവിധ ആശുപത്രികളിൽ മാത്രമല്ല, മറ്റു വൃദ്ധസദനങ്ങൾ (ഓൾഡ്എയ്‌ജ്ഹോമുകൾ), അതുപോലെ ബന്ധപ്പെട്ട   മറ്റു സ്ഥാപനങ്ങളിലെല്ലാം അനേകം ജോലിക്കാരെയും, വിദഗ്ദ്ധന്മാരായ ഡോക്ടർമാരെയും ആയിരക്കണക്കിന് നേഴ്‌സുമാരെയും സഹായികളെയും ആവശ്യമുണ്ടായിരുന്നു. പശ്ചിമ ജർമ്മനിയിലെ തൊഴിൽ, പഠന, പരിശീലന സാദ്ധ്യതകൾക്കെല്ലാം മുന്നോട്ടുള്ള ഭാവി ജീവിതത്തിനു എങ്ങനെയുള്ള മാർഗ്ഗങ്ങളാണുള്ളതെന്ന് കേരളത്തിലെ ക്രിസ്ത്യൻ സഭാനേതൃത്വങ്ങൾ ജർമ്മനിയുമായി ബന്ധപ്പെട്ടശേഷം അറിയിച്ചിരുന്നു. അവരവരുടെ മനസ്സിലുറപ്പിച്ചു മുളച്ചുവന്ന ഓരോരോ സുവർണ്ണ ദിവാസ്വപ്നങ്ങൾ യാഥാർ ത്ഥ്യമാകുന്ന തിളങ്ങുന്ന ഭാവിയുടെ ദിനങ്ങളെയാണ് ആകാംക്ഷയോടെ തന്നെ   കേരളത്തിലെ യുവതീ യുവാക്കൾ കേട്ടതും, അങ്ങനെ ജർമ്മനിയെ തേടിയെത്തിയെന്നതും ശരി മറുവശം.  

ധീര വീര ചരിത്രം സൃഷ്ടിച്ചവർ

 കേരളത്തിലെ ഒരു സാധാരണ 
കുടുംബം -1960 കളിൽ 
കുടിയേറ്റങ്ങളുടെതായ ചരിത്രങ്ങളിൽ നമുക്കിവിടെ ഏറെയും ശ്രദ്ധേയമായ കാര്യം, ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ നടന്ന മലയാളി പെൺകുട്ടികളുടെ ജർമനിയിലേക്കുള്ള കുടിയേറ്റ ചരിത്രമായിരുന്നു. പക്ഷെ മറ്റുപലരാജ്യങ്ങളിൽ നിന്നുണ്ടായിട്ടുള്ള ജനതകളുടെ ജർമനിയിലേക്കുള്ള കൂട്ടമായ കുടിയേറ്റങ്ങളുടെയെല്ലാം ചരിത്രത്തിൽ മലയാളി പെൺകുട്ടികൾ തികച്ചും ഒരു ധീര വീര ചരിത്രമാണ്‌ എഴുതിച്ചേർത്തതെന്ന് നമുക്ക് ഇവിടെ മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ വികസനകാര്യത്തിലക്കാലത്തും, വിദ്യാഭ്യാസരംഗത്തും  തൊഴിൽ രംഗത്തും, ഇന്നത്തേതുപോലെ തന്നെ അന്നും സാദ്ധ്യതകൾ വളരെ കുറവായിരുന്നു. യുവജനങ്ങളുടെ ഭാവിയോ ജീവിതവഴികളോ അവിടെ ഒട്ടും സുരക്ഷിതമായിരുന്നില്ല. കേരളീയർ അക്കാലത്തും മാറിമാറി വരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഓരോ സർക്കാരുകളുടെയും വിശ്വാസ വാഗ്ദാനങ്ങളും നിയമങ്ങളും കേട്ട് മനക്കോട്ട കെട്ടി ജീവിക്കുന്നവരാണ്. 1960 കളിൽ കേരളത്തിലെ ജനങ്ങളുടെ പട്ടിണി പോലും ഇല്ലാതാക്കുവാൻ ആവശ്യമായ കാർഷികവിളകൾ കേരളത്തിൽ മതിയായിരുന്നില്ല. മലയാളിയുടെ സാമൂഹിക ജീവിതം മുഴുവൻ- അതായത് സാമ്പത്തികവും, തൊഴിൽ രംഗവും, താമസവും, കഷ്ടമായിരുന്നു. പരിസര വികസനവും, ഗതാഗത സൗകര്യങ്ങളും, എല്ലാം പരിഹാരം കാണാൻപോലും കഴിയാത്ത തീർത്തും കുത്തഴിഞ്ഞു അനാഥമായിപ്പോയ ശോച്യാവസ്ഥയെ പ്രാപിച്ചിരുന്നു! പക്ഷെ അവരവരുടെ സ്വന്തം ഭാവിസ്വപ്നങ്ങളെ കുറച്ചൊന്നു സഫലീകരിക്കാൻ പോലും തീർത്ത് കഴിയുകയില്ലാത്ത പ്രശ്നഅവസ്ഥയിൽ, വിദ്യാഭ്യാസ- തൊഴിൽ പരിശീലന സ്ഥാപനങ്ങൾപോലും കുറവായതിനാൽ, ഇങ്ങനെയൊരു നാട്ടിൽ നിന്നും അന്നത്തെ മലയാളി യുവതീയുവാക്കൾ എങ്ങനെയും രക്ഷപെട്ട് ജർമ്മനിക്ക് പോകുവാനും ഉറച്ചു തയ്യാറായി.

സന്യാസ ജീവിതത്തിന്റെ ആത്മനിയോഗം

കേരളത്തിലെ സാമൂഹ്യ ജീവിതസാഹചര്യങ്ങളിൽ, കന്യാസ്ത്രികളാകാൻ ആഗ്രഹിച്ചിരുന്ന കുറെ പെൺകുട്ടികൾ ജർമ്മൻ കോൺവെന്റുകളിലെ സാധ്യതകളെക്കുറിച്ചും, തിയോളജി പഠനത്തിനായി 1961- 62- ൽ ജർമ്മനിക്ക് പോയിരുന്ന അവരുടെ സഹോദരങ്ങളുമായി ഗൗരവതരമായ അന്വേഷണം നടത്തി. ജർമ്മൻ കോൺവെന്റുകളിലെ കന്യാസ്ത്രീകളുടെ ത്യാഗജീവിത യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്ന മലയാളികളായ സെമിനാരിയിലെ സഹോദരങ്ങൾ കേരളത്തിലെ തങ്ങളുടെ സഹോദരികളോട് ഉപദേശിച്ചത്, കേരളത്തിൽത്തന്നെ മറ്റു വഴികൾ ആരായുന്നതിനെയാണ്. കന്യാസ്ത്രിയോ വൈദികനോ ആകുവാൻ വേണ്ടിയുള്ള ആഗ്രഹ സഫലീകരണത്തിനായി ജർമ്മനിയിൽ എത്തേണ്ടതില്ലെന്നും ഇന്ത്യയിൽ തന്നെ അതിനുള്ള മാർഗ്ഗം വിവേകപൂർവ്വം കണ്ടെത്തുന്നതാണ് ഉത്തമമെന്നും, ഉപദേശിക്കുകയും ആ  ഉദ്യമത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു.

അങ്ങനെ, ജർമ്മനിയിൽ വരാതെ അവർ ഇന്ത്യയിലെ കോൺവെന്റുകളിൽ ചേർന്ന് അവരവരുടെ ആത്മാഭിലാഷം നിറവേറ്റിയപ്പോൾ, അന്നവർ എടുത്ത ഉറച്ച തീരുമാനങ്ങളും അവരുടെ തെരഞ്ഞെടുത്ത ജീവിത വഴികളും എല്ലാം ശരിയായിരുന്നെന്നു പിന്നീട് ബോദ്ധ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ ഇന്നവർ സന്തോഷപൂർവ്വം മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നുവെന്ന് കരുതാം.

മലയാളി പെൺകുട്ടികളും ആൺകുട്ടികളും ജർമ്മനിയിലേക്ക് വന്നു കാലു കുത്തിയത് തങ്ങളാഗ്രഹിച്ച വിവിധ പഠനോദ്ദേശങ്ങളെയും അതുകഴിഞ്ഞു തങ്ങൾ എന്തായിത്തീരുമെന്ന ചിന്തയിലും തീക്ഷ്ണമായ   പ്രതീക്ഷയിലുമാണ്. ആൺകുട്ടികൾ തിയോളജി പഠനത്തിനായി സെമിനാരികളിൽ  വന്നതാണ്. അവരിൽത്തന്നെ കുറേപ്പേർ മെഡിക്കൽ ബിരുദ പഠനത്തിനായി ചേർന്ന് പഠനം തുടങ്ങി. പെൺകുട്ടികളിൽ ചിലരെല്ലാം  കന്യാസ്‌തികളാകാനും, മറ്റു ചിലർ നേഴ്സിംഗും പഠിക്കുവാനും ആഗ്രഹിച്ചു.  കന്യാസ്ത്രികളായവരും നേഴ്സിംഗു പഠനത്തിനും ചേർന്നു. ഓരോരോ  പാഠ്യവിഷയ വിഭാഗത്തിലേയ്ക് അവരെയെല്ലാം നേരത്തെതന്നെ നിശ്ചയിച്ച പാഠ്യപദ്ധതികൾ  അനുസരിച്ചു പ്രത്യേക വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റി.

St. Georgen Hochschule, Frankfurt 
1960- കളിൽ മുതൽ തിയോളജി പഠനം തുടങ്ങുന്നവരെയെല്ലാം സ്റ്റുട്ട്ഗാർട്ട്‌ നഗരത്തിന് അടുത്തുള്ള ക്ലാരിറ്റിനർ സഭയുടെ ഹൌസിലേയ്ക്കും, അതുപോലെതന്നെ ഫ്രാങ്ക്ഫർട്ടിന്
അടുത്തുള്ള "സെന്റ് ഗെയോർഗെൻ യൂണിവേർസിറ്റി"യിൽ തിയോളജി പഠിക്കുവാനും നിയോഗിച്ചു. ചിലരെ മ്യൂൻസ്റ്റർ, കൊളോൺ, ഫ്രയ്ബുർഗ്, തുടങ്ങിയ മറ്റു വിവിധ സ്ഥലങ്ങളിലെ ഓരോ വൈദിക സെമിനാരികളിലും ചേർത്തു. അപ്രകാരംതന്നെ 1964-മുതൽ വന്നത്തിയ പെൺകുട്ടികളെയെല്ലാം, വിന്സെന്റീനർ സഭയുടെയും, ഡൊമിനിക്കാനർ സഭ, എന്ന് തുടങ്ങി മറ്റു വിവിധ സന്യാസസഭകളുടെ കോൺവെന്റുകളിലും ചേർത്തു. തെക്കു പടിഞ്ഞാറേ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിന് (Schwarzwald) ചേർന്നുള്ള Bühler Convent, Freiburg- ലുള്ള St. Vincentiner കോൺവെന്റ് എന്നിങ്ങനെ വിവിധ വലിയ കേന്ദ്രങ്ങൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു. ഇക്കാലത്തു അനവധി ഇത്തരം കോൺവെന്റുകൾ കന്യാസ്ത്രികളാകാൻ ജർമ്മൻകാരായ ആരുമവിടെ യ്ക്ക് വരുന്നില്ലാത്തതുകൊണ്ടു പ്രവർത്തിക്കുന്നില്ല.

സ്നേഹ ഹൃദയങ്ങളുടെ
യാത്ര പറച്ചിൽ 
തങ്ങളുടെ സ്വന്തം നാടിനോടും വീടിനോടും വാത്സല്യസ്നേഹം നിറഞ്ഞ അപ്പനോടും അമ്മയോടും ദു:ഖത്താൽ വിങ്ങിപ്പൊട്ടിയ പ്രിയപ്പെട്ട തന്റെ സഹോദരങ്ങളോടും വിട പറഞ്ഞിറങ്ങിയ മൂകദുഃഖപൂരിതമായ വിഷമ നിമിഷങ്ങൾ മറക്കാനാവില്ലെന്ന ദുഃഖ  യാഥാ ർത്ഥ്യം അവർ സ്മരിക്കുന്നു. അതേതുടർന്നു എന്തുകൊണ്ടും തികച്ചും അപരിചിതമായ മറ്റൊരു രാജ്യത്തിലേക്കുള്ള നീണ്ട അതിസാഹ സികമായ ഒരു ദീർഘദൂരയാത്രയും! അതിനോ ടൊപ്പം മനസ്സിലുറപ്പിച്ചിരുന്ന വലിയ പ്രതീക്ഷകളും തിളങ്ങുന്ന മധുര സ്വപ്നങ്ങളും കൊണ്ട് വളയപ്പെട്ട യുവമനസ്സുകളെ അധികം താമസ്സമില്ലാതെ മാനസികമായും അതിലേറെ ശാരീരികമായും, അവരൊട്ടു പ്രതീക്ഷിക്കാ തിരുന്ന കൊടുംപിരിമുറുക്കത്തിലാക്കി. ജർമ്മനിയിൽ എത്തിയപ്പോൾ അവരുടെ തളർന്ന ആവശ്യങ്ങളിൽ മാത്രമായിട്ടു സംസാരിക്കാൻ മലയാള മല്ലാതെ മറ്റുള്ള ഭാഷകൾ പോലും പുതിയതായിട്ട് അവർക്ക് വശമില്ലാ തിരുന്നു. ഉരൽ മദ്ദളത്തോടു തന്റെ സങ്കടം പറയുന്നുവെന്ന് പറയപ്പെടുന്ന തുപോലെ അവരുടെ ചെറിയ സമൂഹം പരസ്പരം സ്വന്തം സങ്കടങ്ങൾ പറഞ്ഞു നീക്കി. 

ജർമ്മനിയിലെത്തി വൈദികനായിത്തീരാനും, കന്യാസ്ത്രികളാകാനുള്ള ഉറച്ച ആത്മനിയോഗത്തിൽ ജർമ്മനിയിലേയ്ക്ക് അന്ന് വന്നത്തിയ  മലയാളി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ആദ്യകാലങ്ങളിലെ പുതിയ അപരിചിത ജീവിതത്തിന്റെ പുത്തൻ അനുഭവങ്ങളാകട്ടെ അവ തീർത്തും പ്രതീക്ഷിക്കാത്ത വെള്ളിടിപോലെയായിരുന്നു. നേരിടേണ്ടിവന്ന പുതിയ ജീവിതശൈലിയിൽ സ്വയം അവരില്ലാതാകുമെന്നവർക്ക്‌ തന്നെ തോന്നി. മലയാളികളായ നമ്മുടെ സന്യാസാർത്ഥിനികളിൽ പലരും അതുപോലെ വൈദികപഠനത്തിനെത്തിയ ആൺകുട്ടികളിൽ കുറെയധികം പേർ ആദ്യ കാലത്തെ താങ്ങാനാവാത്ത ദുരനുഭവങ്ങളുടെ നിറം മനസ്സിലാക്കിയപ്പോൾ  അവരുടെ നല്ല ഭാവിജീവിതത്തിനു വേണ്ടി ഇണങ്ങിയ പുതിയ വേറിട്ടുള്ള ഭാവി വഴികൾ തേടിപ്പോയി. വേറേ ചില പെൺകുട്ടികളും ആൺകുട്ടികളും  മറ്റൊന്നും അന്വേഷിക്കാതെ കന്യാസ്ത്രീമഠത്യാഗ ജീവിതവും സെമിനാരി ജീവിതവും  സ്വയം എന്നേയ്ക്കുമായി വേണ്ടെന്നു തീരുമാനിച്ചു വന്നവഴിയെ തിരിച്ചു അവരുടെ നാട്ടിലേയ്ക്ക് എന്നെന്നേയ്ക്കുമായി ജർമ്മനിയോട് വിട പറഞ്ഞു പോയി. അവരിലൊരാളായിരുന്നു, പിന്നീട് കേരളത്തിലെത്തി സർക്കാർ സർവീസിൽ എന്റെ ഒരു സഹപ്രവർത്തകനായി കുറേക്കാലം ജോലിചെയ്തിരുന്ന അന്തരിച്ച ജോസഫ് പാലയ്ക്കൽ. മാത്രമല്ല, ഒരു ഗ്രൂപ്പിൽ വന്ന സെമിനാരി വിദ്യാർത്ഥികൾ മുഴുവൻ സെമിനാരിജീവിതം വിട്ടു പുറത്തു പോയി മറ്റുള്ള പഠനത്തിനും ജോലിപരിശീലനത്തിനുമായി പ്രവേശിച്ചു. ചിലർ വൈദികനായശേഷംപോലും, അതുപോലെ ചിലർ കന്യാസ്ത്രിവൃതം സ്വീകരിച്ചശേഷവും ആ പദവിവേണ്ടെന്നുവച്ചു വിവാഹിതരായി കുടുംബ ജീവിതം ആരംഭിച്ചു. പശ്ചിമ ജർമ്മനിയിലേക്ക് ഭാവിജീവിതത്തിനായി വന്നെത്തിയ  ഓരോരോ മലയാളികളുടെ ജീവിത വഴികളെല്ലാം വളരെ വളരെ ക്ലേശങ്ങൾ നിറഞ്ഞതായിരുന്നുവെന്നതിനു തക്കതായ തുറന്ന തെളിവുകളാണല്ലോ അവയെല്ലാം. ജർമനിയിലേക്കുള്ള മലയാളികളുടെ ചരിത്രപരമായ ആദ്യകാല കുടിയേറ്റത്തിന്റെ പൂർവ്വകാല സ്മരണകളിൽ ഇവയെല്ലാം മായാതെ നിലകൊള്ളും.

കടുത്ത തീരുമാനങ്ങൾ

  Bühler Convent, Freiburg- 
കുറേപ്പേർ അവരുടെ ഭാവിയുടെ ഇരുളടഞ്ഞ   അനന്തമായ അവരുടെ ജീവിതത്തെ നയിക്കുവാൻ പറ്റിയ കരുത്തേറിയ തീരുമാനത്തിൽ ലഭിച്ച ജോലിയിലോ, പഠിക്കുവാൻ ലഭിച്ച അവസരമോ സ്വീകരിച്ചു സ്വയം ജർമ്മൻ ജീവിതത്തിലേയ്ക്ക് കാലെടുത്തുവച്ചു. അതുപക്ഷേ പെൺകുട്ടികൾ ആഗ്രഹിച്ചിരുന്ന അവരുടെ ആത്മീയപ്രൊഫഷണൽ ജീവിതത്തിലേയ്ക്ക് കടക്കുവാൻ ചില കടമ്പകൾ കൂടി കടക്കേണ്ടിയിരുന്നു. രണ്ടു വർഷത്തെ പോസ്റുലേറ്റു പരിശീലനം കൂടി കഴിയണം. നൊവിഷ്യേറ്റ് കാലം വേറെ, എന്നിങ്ങനെ പല കടമ്പകൾ തുടക്കത്തിലേ അവർക്കു മുമ്പിൽ ഒഴിവാക്കാനാവാത്ത ജീവിത വഴികളായിരുന്നു. അവരെ ജർമ്മനിക്ക് അയച്ച കേരളത്തിലെ കത്തോലിക്കാ വൈദിക ഏജൻസികളാകട്ടെ ജർമ്മനിയിലെ ജീവിത സാഹചര്യങ്ങളെപ്പറ്റിയോ അവരുടെ പഠന പദ്ധതികളെപ്പറ്റിയോ, കന്യാസ്‍തിജീവിതത്തിന്റെ വിവിധ പദ്ധതികളെപ്പറ്റിയോ ഒരു വിശദമായ മുന്നറിവ് നൽകിയിരുന്നില്ല. അവർ ജർമ്മനിയിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ നേരിടേണ്ടി വരുന്ന ജീവിത പ്രതിസന്ധികളെപ്പറ്റി അവർ മുഖാമുഖം അറിഞ്ഞുതുടങ്ങിയത്. കന്യാസ്ത്രി പദവിയിലേക്കുള്ള വ്രതമെടുത്ത് ജീവിതം നയിക്കുവാൻ തുടങ്ങുന്നവർ വിവിധ കാര്യങ്ങളിൽ പരിശീലനവും ചിട്ടകളും ക്രമങ്ങളും ജോലികളും പ്രായോഗികമായി അറിഞ്ഞു യോഗ്യതയുള്ളവരായിരിക്കണം.

യോഗ്യതകൾ നേടുവാനായി അതിനു നിശ്ചിത പരിശീലനങ്ങളും പലവിധ അറിവുകളും ഉണ്ടാകണമല്ലോ. അതു പക്ഷേ അവർ മനസ്സിൽ കരുതി വച്ച ജോലികളൊന്നുമല്ല കോൺവെന്റു അധികാരികൾ  അവർക്കു നൽകിയത്. ജർമ്മൻഭാഷ പഠിക്കുവാനോ അഥവാ മറ്റെന്തെങ്കിലും  പ്രത്യേക വിഷയങ്ങൾ പഠിക്കുന്നതിന് കേരളത്തിൽനിന്നുള്ള സന്യാസാർത്ഥിനിമാരെയെല്ലാം ഉടൻ തന്നെ അനുവദിക്കുമെന്നാണവർ കരുതിയത്. പകരം, മഠത്തിൽ ചേർന്നിട്ടു ള്ള  മലയാളി പെൺകുട്ടികൾക്ക് എല്ലാ ജോലികളിലും സാമാന്യമായ അറിവ് ഉണ്ടായിരിക്കണം. ആദ്യമായി ഒട്ടും തന്നെ പരിചയമില്ലാത്തതായ അപരി ചിത ജോലികളാണ് മുന്നിലെത്തിയത്. അടുക്കളയിലെ പാചക ജോലി, പാത്രങ്ങൾ മുഴുവൻ കഴുകിവൃത്തിയാക്കുക, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക, കിടപ്പു മുറികൾ, കക്കൂസ്‍മുറികൾ, കുളി മുറികൾ, കെട്ടിട വരാന്തകൾ വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ അവരുടെ ഓരോരോ ദൈനംദിന ജോലികളിൽപ്പെട്ടതായിരുന്നു. ഓരോരോ ദിവസങ്ങളും വ്യത്യസ്തമായ ജോലികൾ മാറി മാറി ഓരോരുത്തരും ചെയ്യണമായിരുന്നു. മഠത്തിനുള്ളിലുള്ള നിശ്ചിത ജോലികളല്ലെങ്കിൽ മറ്റു ഏതെങ്കിലും ജോലികൾ ചെയ്യണം. മഠം വക പച്ചക്ക റിത്തോട്ടത്തിൽ, പൂന്തോട്ടത്തിൽ കള പറിക്കുക, വളമിടുക, തുടങ്ങി വിഷമ കരമായ പല ജോലികളും ചെയ്യുവാൻ ഉണ്ടായിരുന്നു.

ഇത്രയുംകൊണ്ട് തീർന്നില്ല. മാറിമാറി വൃദ്ധസദനങ്ങളിലും അതുപോലെ ആശുപത്രികളിലും പോയി വൃദ്ധജനങ്ങളെയും രോഗികളെയും ശുശ്രൂഷിച്ചു സഹായിക്കണമായിരുന്നു. കൂടാതെ ആശുപത്രികളിലെ തൂപ്പുജോലികളും മറ്റും ചെയ്യണമായിരുന്നു. നഴ്‌സിംഗ് പഠിക്കുവാൻ വന്നവർ തൂപ്പ്കാരികളുടെ ജോലി ചെയ്യേണ്ടിവന്നു. ജർമ്മൻ ഭാഷ പഠിക്കുവാനോ അഥവാ നഴ്‌സിംഗ് പഠനത്തിനോ പോലും ദിവസവും ഇത്തരം മറ്റു വ്യത്യസ്തപ്പെട്ട ജോലികൾ ചെയ്യേണ്ടിയിരുന്നതിനാൽ മലയാളി പെൺകുട്ടികൾക്ക് അവസരം ലഭിച്ചില്ല. ഒരർത്ഥത്തിൽ അടിമകളെപ്പോലെ എല്ലാത്തരത്തിലുമുള്ള വിഷമകരമായ ജോലികൾ ചെയ്ത അനുഭവങ്ങൾ ചിലരെങ്കിലും ഇപ്പോൾ പറയുന്നുണ്ട്. ഈ ജോലികളെല്ലാം ചെയ്തതിനു സന്യാസാർത്ഥിനികളായ പെൺകുട്ടികൾക്ക് നേരിട്ടു ശമ്പളം അധികൃതർ നൽകിയില്ല. അവർക്കു ലഭിക്കേണ്ടിയിരുന്ന പ്രതിഫലം വാങ്ങുന്നത് അവരുടെ കോൺവെന്റുകളോ അഥവാ അന്നത്തെ പെൺകുട്ടികളെയെല്ലാം ജർമ്മനിക്ക് വരുവാനുള്ള ഇടപാടുകൾ ചെയ്തിരുന്ന കേരളത്തിലെ സഭയിലെ വൈദിക ഏജൻസികളോ ആയിരുന്നുവെന്ന് പിന്നീടറിഞ്ഞു. എന്തായാലും ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങളാകട്ടെ ഭാവിയെ ഓർത്ത് ആരുംതന്നെ അന്ന് പുറത്തു പറയാൻ ധൈര്യപ്പെട്ടില്ല. 

ചില സന്യാസാർത്ഥിനികൾക്ക്, ഉദാ: Bühler Convent അധികൃതർ, മറ്റു ചില സൗകര്യങ്ങൾകൂടി കൊടുത്തു. സ്വന്തമായ ഉത്തരവാദിത്വത്തിൽ കോൺവെന്റിൽനിന്ന് പുറത്തുപോയി സ്വതന്ത്രമായി താമസിച്ചു നഴ്‌സിംഗ് പഠനം കഴിഞ്ഞാൽ, കോൺവെന്റിൽ വീണ്ടും അവർക്കിഷ്ടമുണ്ടെകിൽ തിരിച്ചുവന്ന് കന്യാസ്ത്രിയായി ജീവിതം തുടരാൻ അനുവദിച്ചിരുന്നു. അപ്രകാരമുള്ള തീരുമാനങ്ങൾ എടുത്തു പുറത്തുപോയി പഠനം നടത്തിയ വരുണ്ട്. നിർദ്ദിഷ്ടപഠനം കഴിഞ്ഞു ചിലർ വീണ്ടും സ്വയം തിരിച്ചു അവരുടെ കോൺവെന്റിലേക്ക് പോയവരുണ്ട്. മറ്റുചിലർ പഠനമെല്ലാം  കഴിഞ്ഞശേഷം അവരുടേതായ സ്വന്തം ജീവിതവഴികളെ തെരഞ്ഞെടുത്തു വൈവാഹിക ജീവിതം തുടങ്ങി. ജർമ്മൻകാരെയും, ചിലർ നാട്ടിലുള്ള വരെയും വിവാഹം ചെയ്തു. കേരളത്തിൽ പോയി വിവാഹം ചെയ്തവർ പിന്നീട് അവരുടെ ഭാവി കുടുംബജീവിത പങ്കാളികളെയെല്ലാം ജർമ്മനിയിലേക്ക് വരുത്തുകയും ചെയ്തു.
 1965-ൽ ഹൈഡൽബെർഗ്ഗിലെത്തിയ
ആദ്യ ഗ്രൂപ്പ് മലയാളി പെൺകുട്ടികളെ
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ
ഡയറക്ടർ Mr . ഏർണെസ്ട്
സ്വീകരിക്കുന്നു. 
പശ്ചിമജർമ്മനിയിലെ പരിശീലന കേന്ദ്രങ്ങളിലെല്ലാം മലയാളികൾ ക്ക് വേണ്ടി അന്ന് സ്‌പോൺസർമാർ ഉടനെതന്നെ താമസസൗകര്യങ്ങൾ നൽകിയിരുന്നു. ചിലർക്കുള്ളത് താൽക്കാലികമായ സൗകര്യങ്ങൾ മാത്രം ആയിരുന്നു, ഹോട്ടലുകളിൽ തയാറാക്കിയിരുന്നത്. 1965 ൽ ഹൈഡൽബെർഗ്ഗിൽ വന്നെത്തിയ ആദ്യത്തെ  ഗ്രൂപ്പിലെ മലയാളി പെൺകുട്ടികൾക്ക് താൽക്കാലിക താമസത്തിനുള്ള സൗകര്യങ്ങളാണ് സ്‌പോൺസർ അന്ന്  നൽകിയത്. ഹൈഡൽബെർഗിലെ "ഷ്ളോസ് ഹോട്ടലിൽ" ആയിരുന്നു. മലയാളി പെൺകുട്ടികൾ നഴ്‌സിംഗ്  പഠനം ഉദ്ദേശിച്ചിരുന്നത് ഹൈഡൽബെർഗ് നഗരത്തിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ സ്കൂളിലായിരുന്നു. യൂണി വേഴ്സിറ്റി ഹോസ്പ്പിറ്റലുകളുടെ ഡയറക്‌റ്റർ ശ്രീ. ഏർണെസ്റ്റ് എന്ന ജർമ്മൻ കാരൻ നേരിട്ടെത്തിയാണ് അവരെയെല്ലാം സ്വീകരിച്ചുവെന്നത് അവർക്ക് തീർച്ചയായും സന്തോഷം പകർന്നു. മലയാളി പെൺകുട്ടികളുടെ ഒരുമിച്ചു ള്ള താമസം സാദ്ധ്യമാക്കാൻ അവർക്കു വേണ്ടി ഹോസ്പിറ്റൽ അധികൃതർ പിന്നീട് പുതിയ നഴ്‌സസ് ക്വാർട്ടേഴ്‌സുകൾ  നിർമ്മിച്ചു അവരെ അവിടേയ്ക്ക് താമസം മാറ്റി നൽകി. അവർക്കുവേണ്ടി  പിന്നീട് ഒരു നഴ്‌സിംഗ് സ്‌കൂളും തുറന്നു പ്രവർത്തനം തുടങ്ങി.

മലയാളിയുടെ ആവശ്യം -

നേരത്തെ പ്ലാൻ ചെയ്തിരുന്നതുപോലെ ജർമ്മൻ ഭാഷാപഠനവും നഴ്‌സിംഗ് പരിശീലനവും ഉടനെ തന്നെ തുടങ്ങുമെന്നാണ് അവരെല്ലാം ഉറപ്പായിട്ട് കരു തിയിരുന്നത്. നഴ്‌സിംഗ് പഠനത്തിനായി ഹൈഡൽബർഗിൽ എത്തിയ പെൺ കുട്ടികൾക്ക് അതിനു അവസരം ലഭിക്കാതെ അവർ തൂപ്പ്ജോലികൾ ചെയ്തു കൊണ്ടു നടന്നു ഭാവി മുഴുവൻ തടസ്സപ്പെടുമെന്നവർക്കു തോന്നി. എന്തുസംഭ വിച്ചാലും വേണ്ടില്ല, ഹോസ്പിറ്റൽ അധികൃതരുമായി തങ്ങളുടെ ഭാവിയെക്കു റിച്ചുള്ള തീവ്രമായ ആശങ്കകളും തങ്ങളുടെ ആവശ്യങ്ങളും നേരിട്ടു ചർച്ച ചെയ്യണമെന്നു തന്നെ തീരുമാനിച്ചു, നമ്മുടെ പെൺകുട്ടികൾ അതിനു വേണ്ടി നിർബന്ധിതരായിത്തീർന്നു എന്നതാണ് യാഥാർത്ഥ്യം. അവർ നടത്തിയ ചർച്ച അനുകൂലമായിത്തീർന്നു. ഒടുവിൽ മലയാളികളുടെ ആവശ്യങ്ങൾ - നഴ്‌സിംഗ് പഠനം അവിടെ നല്കുമെന്നുള്ള ഉറപ്പ് ഹോസ്‌പിറ്റൽ അധികൃതർ നൽകി. ഹൈഡൽബെർഗ്ഗിലെത്തിയ ആദ്യത്തെ മലയാളിഗ്രൂപ്പ് പെൺകുട്ടികൾക്ക് വേണ്ടി  യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികാരികൾ അവിടെ ആദ്യ നഴ്‌സിംഗ് സ്‌കൂൾ തുറക്കുകയാണുണ്ടായത്. അതിനുമുൻപ് ജർമൻകാർക്ക് വേണ്ടി മാത്രമുള്ള നഴ്‌സിംഗ് പരിശീലനം മാത്രം നടന്നിരുന്നു. അവിടേക്ക്  അവർക്ക് പ്രവേശനം ലഭിച്ചില്ല. അങ്ങനെ തൂപ്പു ജോലികളോട് എന്നേക്കും   അവസാനമായി വിട പറഞ്ഞു. നഴ്‌സിംഗ് പഠനത്തിനായി അവർക്ക് വാതിൽ തുറക്കപ്പെട്ടു. അവർ മാതൃകാപരമായ വിജയം കാഴ്ചവച്ചു. പക്ഷെ അവരുടെ ജർമ്മനിയിൽ പഠിക്കുന്ന നേഴ്‌സിംഗ് വിദ്യാഭ്യാസ ബിരുദം അന്ന് ഇന്ത്യയിൽ ജോലി ചെയ്യുവാൻ അഗീകരിക്കുകയില്ലെന്നു അറിഞ്ഞി രുന്നു. ഇതെല്ലാം അറിയാമായിരുന്നെങ്കിലും ഭാവിയെ സുരക്ഷിത മാക്കാൻ അവർ തളരാതെ ജർമ്മനിയിൽ തുടർന്ന് പഠിക്കുവാൻ തീരുമാനിച്ചു.

നിരവധിയേറെ വിഷമപ്രശ്നങ്ങളെയെല്ലാം തരണം ചെയ്തിട്ടാണ് അവരുടെ തൊഴിൽ പരിശീലനവും പഠനവും ആരംഭിച്ചത്. ജർമ്മനിയിലെത്തിയ എല്ലാ യുവതീയുവാക്കൾക്കും സുരക്ഷിതമായ താമസസൗകര്യങ്ങൾ നല്കിയിരുന്നു. എന്നിരുന്നാലും ചോറിലെ മണൽത്തരി കടിച്ചത് പോലെ മലയാളികളാദ്യം തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ അഗ്നിപരീക്ഷണത്തിനു മുഖം കൊടുക്കേണ്ടിവന്നു. അവയെല്ലാം വളരെ ബോധപൂർവ്വം സമചിത്തതയോടെ തന്നെ സ്വയം സഹിച്ചു തൂപ്പുജോലികളും മറ്റും ചെയ്തപ്പോഴും തങ്ങളുടെ നാട്ടി ലുള്ള സ്വന്തം കുടുംബാംഗങ്ങളെ ഹൃദയത്തിൽപേറി, തങ്ങളുടെയും സ്വന്തം ഭാവിയും പ്രതീക്ഷിച്ചുള്ള സത്ഫലത്തിനായി അവർ അവയെല്ലാം അതീവ ശ്രേഷ്ഠവും മാതൃകാപരവുമായ ആത്മസമർപ്പണമായിരുന്നു സ്വയം നല്കിയ തെന്ന് പറയാതെ പോകുന്നത് തന്നെ നീതിയല്ലന്ന് ഞാൻ കരുതുന്നു. 

മലയാളിയുടെ രുചി

ജർമ്മൻകാരുടെ ഭക്ഷണങ്ങൾ ജർമ്മനിയിൽ വന്നെത്തിയ മലയാളി പെൺ കുട്ടികൾക്ക് തീർച്ചയായും ഒരു വെല്ലുവിളിയായിരുന്നു. അത്- കേരളത്തിൽ ലഭിക്കുന്ന അരിയും ചോറും, മോരും തൈരും, കപ്പയും, എരിവും പുളിയും ഇട്ടു കറിവച്ച മീൻകറികളും, സാമ്പാറും, തോരനും, അവിയലും പപ്പടവും അച്ചാറുകളും ഒന്നും ലഭിച്ചിരുന്നില്ല. ജോലിസ്ഥലത്ത് നിന്നും ലഭിക്കുന്ന പ്രഭാത ഭക്ഷണം ഗോതമ്പ് റൊട്ടിയായിരുന്നു. പലനിറത്തിലും, വലുപ്പവും ആകൃതിയിലും, രുചിയിലും ഉള്ള ബ്രെഡ് അവർക്ക് ലഭിച്ചു. ചീസും, ബട്ടറും, ജാമുകളും, പിന്നെ ഇറച്ചികൊണ്ടു ഉണ്ടാക്കുന്ന "വൂർസ്റ്റ്" ഭക്ഷണസാധനവും ജർമ്മൻകാരുടെ പ്രഭാതകാല ഭക്ഷണത്തിലുണ്ടായിരുന്നു. എരിവും പുളിയും ഒന്നുമില്ലാത്ത, അവരുടെ മേശപ്പുറത്തെ മസാലകൂട്ടുപൊടികൾ ചേർക്കാത്ത ഇറച്ചിക്കറികൾ, ബട്ടറും ഉപ്പും മറ്റുചില അപരിചിത ചേരുവകളും കൂട്ടി ചേർത്തുണ്ടാക്കിയ പച്ചക്കറികൾ, ഇതെല്ലാം മലയാളിയുടെ നാവിന്റെ രുചിക്ക് തീരെ അപരിചിതമായിരുന്നു. അതുപക്ഷേ പിന്നീട് ജർമ്മൻ ഭക്ഷണവും ആ ഭക്ഷണത്തിന്റെ മേന്മയേറിയ രുചിയും മലയാളിയുടെ നാവിലെ പാരമ്പര്യ രുചിയിലേയ്ക്ക് അവർ ദത്തെടുത്തു.

1960 കൾ മുതൽ 1970 കൾ വരെ കാലം മാറിയപ്പോൾ, അതെ ഏതാണ്ട് പത്തു വർഷങ്ങൾകൊണ്ട് ഏകദേശം അയ്യായിരത്തോളം മലയാളി യുവജനങ്ങൾ യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള പശ്ചിമ ജർമ്മനിയിൽ അവിടവിടെയായി കൊച്ചുകൊച്ചു കേരളങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇവരിൽ അധികഭാഗവും വ്യത്യസ്തപ്പെട്ട പഠനം നടത്തുന്നവരും പലതരം ജോലികൾ ചെയ്യുന്നവരും ആ യിരുന്നു. ആ സമൂഹത്തിൽ കുറെ തൊഴിൽ രഹിതരും ഉണ്ടായിരുന്നു. കേര ളത്തിൽ പോയി വിവാഹം ചെയ്തവരുടെ ജീവിതപങ്കാളികളും എത്തി. അവ രിൽ ചിലർ ഇന്ത്യയിൽ വിവിധ മണ്ഡലങ്ങളിൽ ജോലിചെയ്തിരുന്നവരും ആ യിരുന്നു. ജർമ്മനിയിലെത്തിയ കുടുംബാംഗങ്ങൾക്ക് ജർമ്മനിയിൽ ജോലി ലഭിക്കുവാൻ അപ്പോഴേയ്ക്കും ചില നിയന്ത്രണങ്ങൾ ഉണ്ടായിവന്നു. കാല ക്ര മേണ അത്തരം ജോലി- താമസനിയമങ്ങളിൽ പരിപൂർണ്ണമായ  അയവു വന്നു. ഇക്കാര്യങ്ങളെല്ലാം പിന്നീട് വിവരിക്കുന്നതാണ്.

 വൃദ്ധമന്ദിരങ്ങൾ ഏറ്റെടുത്തു
ജർമ്മനിയിൽ ജോലി ചെയ്യുന്ന
കേരളത്തിലെ അഡോറേഷൻ സഭയിലെ
കന്യാസ്ത്രികൾ
കാലങ്ങൾ മാറിപ്പോയി. പശ്ചിമ ജർ മ്മനിയിൽ ആതുരാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും ജോലി ചെയ്തി രുന്ന ജർമ്മൻ കോൺവെന്റ്‌ സന്യാ സിനികളുടെ എണ്ണത്തിൽ കുറവാ യി. അനേകം കന്യാസ്ത്രി മഠങ്ങൾ പോലും അടച്ചുപൂട്ടിയ നില വന്നു. പുതിയ സന്യാസാർത്ഥിനീകളുടെ പ്രവേശനവും തീർത്തു ഇല്ലാതെയാ യി. കന്യാസ്ത്രീകളുടെ പരിപൂർണ്ണ മായ  മേൽനോട്ടത്തിൽ നടത്തിയി രുന്ന പല വൃദ്ധമന്ദിരങ്ങളുടെയും ഭാവിപോലും അടഞ്ഞ നിലയിലാ യി. അപ്പോൾ ഇത്തരം വൃദ്ധമന്ദിര ങ്ങളുടെ പ്രവർത്തനം തുടർന്ന് നട ത്തുവാൻ കേരളത്തിലെ മിഷനറികോൺഗ്രിഗേഷനുകളിലെ കന്യാസ്ത്രിക ൾ ഏറ്റെടുക്കാൻ തയ്യാറായി. അങ്ങനെ കേരളത്തിലെ വിവിധ മിഷനറി ക ന്യാസ്‌തികൾ, മിക്കവാറും എല്ലാ കോൺഗ്രിഗേഷനുകളിൽ നിന്നും, പിന്നീടു ള്ള കാലഘട്ടങ്ങളിൽ പലപ്പോഴായി ജർമ്മനിയിലെ നിരവധി ഹോസ്പിറ്റലുക ളിലും വൃദ്ധമന്ദിരങ്ങളിലും ജോലി ചെയ്യുവാൻ തുടങ്ങി. ഉദാ: ആരാധനമഠ ങ്ങളിൽ നിന്ന്, സേക്രഡ് ഹാർട്ട് കോൺവെന്റുകളിൽ നിന്ന്, കർമ്മലീത്ത സഭാ മഠങ്ങളിൽ നിന്ന് തുടങ്ങി ആയിരങ്ങളിലേറെ മിഷനറി കന്യാസ്ത്രിക ൾ ജർമ്മനിയിലേക്ക് ജോലി ചെയ്യുവാനെത്തി. പിൽക്കാലത്തു ജർമ്മനിയിലെ പല സ്ഥലങ്ങളിലുമുള്ള നിരവധി വൃദ്ധമന്ദിരങ്ങളുടെയും മുഴുവൻ പ്രവർ ത്തന ചുമതലകളും മലയാളി കന്യാസ്ത്രികൾ വഹിക്കുവാൻ തുടങ്ങിയിരി ക്കുന്നു. എന്നേയ്ക്കും അടഞ്ഞുപോയ ജർമ്മൻ കന്യാസ്ത്രീ മഠങ്ങളും സന്യാ സസഭാ വൈദികരുടെ ആശ്രമങ്ങളും ഇക്കാലത്തു മറ്റുപല പൊതുസ്ഥാപന ങ്ങളായി മാറുന്നുണ്ട്. അതോടൊപ്പം മറ്റുചിലർക്ക് പുതിയ മറ്റു വിവിധ പ്രവർ ത്തനവേദിയായിത്തീരുന്നു. 
ഹൃദയങ്ങളുടെ മൂകമായ വിട പറച്ചിൽ
   
സ്വന്തം നാട്ടിൽനിന്നും തങ്ങളുടെ തൊട്ട് അടുത്ത ഗ്രാമത്തിൽ വരെ പോലും പോയിട്ടില്ലാത്തവർ തികച്ചും ദീർഘദൂരത്തിലുള്ള അന്യദേശത്തേയ്ക്ക് സ്വന്തം നാടും, സ്വന്തം വീടും, മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തപ്പെട്ട ആളുകളെയും ഒരു ദീർഘകാലത്തെ വേർപാടിന്റെ കനത്ത മൂകവേദനയോടെ യാത്രചോദിച്ചു വിട്ടുപേക്ഷിച്ചു പഠനവും ജോലിയും ഭാവി ജീവിതവും തേടിയിറങ്ങിയ നമ്മുടെ നാടിന്റെ സഹോദരങ്ങളാകട്ടെ, അന്ന് ജർമ്മനിയിൽ അവരവരുടേതായി മാത്രം ഒതുങ്ങിയ ജീവിതം നയിച്ച ത്യാഗ സുമനസ്സുകളായിരുന്നു. വാത്സല്യം നിറഞ്ഞ മകനോ മകളോ ആകട്ടെ, അവരുടെ മനസ്സിന്റെ അനന്തവിഹായസ്സിൽ നോക്കെത്താത്ത ദൂരത്തി ലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോൾ." ഇനിയും നിന്നെ കാണാൻ പറ്റുമോ?.നീ എന്ന് വരും? "കണ്ഠമിടറി അപ്പനും അമ്മയും ചോദിച്ച ചോദ്യങ്ങൾക്ക്പോലും നനഞ്ഞ കണ്ണുകൾ ചേർന്നുള്ള മൗനമറുപടി യായിരുന്നു നൽകിയത്. ദുഃഖം നിറഞ്ഞ വിങ്ങിപ്പൊട്ടിയ ഹൃദയങ്ങളുടെ മൂകമായ വിട പറച്ചിൽ. സ്‌നേഹം നിറഞ്ഞ അപ്പന്റെയും അമ്മയുടെയും നിസ്സഹായതയിലെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ നോക്കിനിന്നവരുടെ മാത്രമല്ല, ചോദിച്ചവരുടെയും അതിനു മറുപടിയായി മെല്ലെ മുറ്റത്തേയ്ക്കി റങ്ങി നിശബ്ദമായി മെല്ലെ നടന്നു നടന്നു നീ ങ്ങിയവരുടെയും ഹൃദയം തേങ്ങിക്കരയുന്നുണ്ടായിരുന്നു.

ചിലർക്കാകട്ടെ ആഗ്രഹിക്കാത്തത് അപ്രകാരം സംഭവിച്ചു. അധിക കാലം കഴിഞ്ഞില്ല, " നീ ഇനി   എന്ന് വരും " എന്ന് ചോദിച്ച സ്നേഹപിതാവിന്റെ എന്നേക്കുമുള്ള വേർപാടിന്റെ, മരണ വാർത്ത, ജർമ്മനിയിലെ ചെറിയ മുറിയിലെത്തി. ഒരു ടെലിഗ്രാം അറിയിപ്പ്! മങ്ങിയ മെഴുകുതിരിയുടെ  വെളിച്ചത്തിൽ ഭാവിയുടെ പ്രകാശംതേടി നടന്നു നടന്നു അകലങ്ങളിലേയ്ക്ക് പോയപ്പോൾ, രണ്ടു പേരുടെ ജീവിതവഴികളിലെ എന്നെന്നേക്കുമുള്ള വേർപാടിന്റെ, യഥാർത്ഥ വേർപാടിന്റെ ദുഃഖ സന്ദേശത്തിന്റെ കഥയായി മാറുകയായിരുന്നു, ആ ടെലിഗ്രാം സന്ദേശം ...

കാലങ്ങൾ കൊഴിഞ്ഞുപോയി. പഠനം പൂർത്തിയാക്കി. ആഗ്രഹിച്ച ജോലി ചെയ്യുന്നു. വർഷങ്ങൾ എട്ടോ പത്തോ കഴിഞ്ഞു പോയത് മറക്കാനാവില്ല. ഇ നി നാട്ടിൽ പോയി എല്ലാവരെയും കാണാമല്ലോയെന്ന ആഗ്രഹങ്ങളാണവ. പതിവുള്ള ജോലികൾ കഴിഞ്ഞു താമസിക്കുന്ന മുറിയിൽ എത്തുമ്പോൾ മന സിന്റെ തിരുമുറ്റത്ത് തെളിഞ്ഞു വരുന്ന ചിത്രങ്ങൾ പൂർവ്വകാലങ്ങളിലെ ഓർമ്മകളുടെ മാറാപ്പിനു താങ്ങാവുന്നതിലുമപ്പുറമായിരുന്നു. നാട്ടിലുള്ള സ ഹോദരങ്ങളുടെ മോഹങ്ങളും അവരുടെ എല്ലാവിധ ആവശ്യങ്ങളും സാധിച്ചു കൊടുക്കണം, തങ്ങൾ ജനിച്ചു വളർന്ന നാട്ടിലെ സ്വന്തം വീട്ടിലെത്തി എന്നെ സ്നേഹിക്കുന്ന അമ്മയെയും അപ്പനെയും ആങ്ങളമാരെയും കുട്ടികളെയും അനുജത്തിമാരെയും ഒക്കെ കാണണം. അവർക്കെല്ലാം സമ്മാനങ്ങൾ വാങ്ങി കൊണ്ടുപോകണം... നാട്ടിലെത്തിയാൽ സ്വീകരിക്കാൻ അപ്പനും അമ്മയും വരും, കൊച്ചിയിലെ വിമാനത്താവളത്തിൽ ? ഓ... പെട്ടെന്ന് നിന്നുപോയി... ഇല്ല..  ശ്ശൊ ! സ്നേഹിച്ച അപ്പനില്ലല്ലോ...മനസ്സ് വല്ലാതെ തേങ്ങി... ആങ്ങളമാർ വരുമായിരിക്കും... അനുജത്തിയും ഒരുപക്ഷെ കാണും...
 കാത്തിരിപ്പിന് ശേഷം
കൺകുളിർക്കെ കാഴ്ച 

 വിമാനം കൊച്ചിയിൽ
ലാൻഡ് ചെയ്യുന്നു  
നീണ്ട എട്ടും പത്തും വർഷങ്ങൾക്ക്   ശേഷ മാണ് ജർമനിയിലേക്ക് ആദ്യം   പോയ പെൺ കുട്ടികളും ആൺകുട്ടി കളും ആദ്യമായിട്ട് കേരളത്തിലെ തങ്ങ ളുടെ വീടുകളിലേക്ക് തിരിച്ചു എത്തുന്നത്. ദീർഘനാൾ നീണ്ടു നീണ്ട കാത്തരിപ്പിനു ശേഷം, വർഷങ്ങൾക്ക്ശേഷം, അത്യാകാംക്ഷയോടെ കേരളത്തിലേയ്ക്ക് യാത്ര ചെയ്ത ഒരു പെൺകുട്ടിയുടെ പ്രതികരണം അന്ന് ആ വിമാനത്തിലു ണ്ടായിരുന്ന സഹയാത്രികനായിരുന്ന എന്റെ ഒരു സുഹൃത്ത് വിവരിച്ചതിങ്ങനെയാണ്. "അന്നത്തെ വിമാനയാത്രയിൽ, ഞങ്ങൾ ഫ്രാങ്ക്ഫർട്ടിൽനിന്നും ബോംബെ വിമാനത്താവളത്തിലെത്തി. അന്നുതന്നെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ തുടർ യാത്രയായി. ഏതാണ്ട് പതിനെട്ടു- ഇരുപതു യാത്രക്കാരുണ്ട്, ആകെ ഞങ്ങൾ ഉൾപ്പടെ. അക്കാലത്തെ ചെറിയ ഡെക്കോട്ട വിമാനം. കൊച്ചിയിലെ വിമാനത്താവളത്തിലേക്ക് ഇതാ ലാൻഡ് ചെയ്യുവാൻ വിമാനം സാവധാനം താഴ്ന്നു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ... "അമ്മച്ചീ...." എന്ന് അലറിവിളിച്ചുള്ള ഒരു സ്ത്രീയുടെ ഒരു രോദനമാണ് കേട്ടത്. നീണ്ട പത്തു വർഷങ്ങളുടെ വേർപാടിന്റെ കടുത്ത വേദനയായിരുന്നു ആ ദീനരോദനം.. യാത്രയിലുടെനീളം പഴയകാല ജീവിത ഓർമ്മകൾ മാത്രം കശക്കിയലിഞ്ഞ ഒരു മനസ്സിന്റെ പിരിമുറുക്കം സ്വയം അറിയാതെ പൊട്ടി ഒഴുകിയ ദീനരോദനമായിരുന്നു ആ "അമ്മച്ചീ വിളി". വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാർ ആരും യാതൊരു പരാതിയും പറഞ്ഞില്ല. അപ്പോൾ ആ പെൺകുട്ടിയോട് അവർ വിവേകവും സ്‌നേഹവും കാണിച്ചു." അദ്ദേഹം പറഞ്ഞു നിറുത്തി, ഒരു ദീർഘനിശ്വാസത്തിലൂടെ...അദ്ദേഹവും ആ പെൺകുട്ടിയെപ്പോലെ തന്നെ വേർപാടുകളുടെ ദുഃഖം ഉണങ്ങിയ ഇലയായിരുന്നു, കാറ്റിൽ പറക്കുന്ന കനം കുറഞ്ഞുപോയ ഉണക്കയില. തന്റെ സ്വന്തം പിതാവിന്റെ നിത്യ വേർപാടിന്റെ ഓർമ്മകൾ പോലെ.

ഇടിമിന്നലുകൾ 

ജർമ്മനിയിൽ 1972-1976- കളിൽ ജർമ്മൻ ആശുപത്രികളിൽ നേഴ്‌സുമാരുടെ സാന്നിധ്യം ഏറെ വർദ്ധിച്ചുവെന്നും, എന്നാൽ മലയാളി നഴ്‌സുമാരെയെല്ലാം ഇന്ത്യക്ക് ആവശ്യമാണെന്നും പ്രചരിപ്പിച്ച വാസ്തവവിരുദ്ധമായ പ്രചാരണം ഉണ്ടായി. അനുബന്ധമായി മലയാളി നേഴ്‌സുമാരുടെ ജർമനിയിലെ ജോലി-താമസ അനുവാദം തടയുന്ന വിവിധ നീക്കങ്ങൾ പോലും ജർമ്മൻ ഔദ്യോഗി കതലങ്ങളിൽ ഉണ്ടായിരുന്നു. അന്ന് അതിന് പ്രേരകമായ ശക്തികൊടുത്ത് പ്രവർത്തിച്ച നിർദ്ദിഷ്ട കാരണങ്ങളെ ഫലപ്രദമായ നീക്കങ്ങൾ കൊണ്ട് ഉടൻ നേരിടേണ്ടി വന്നതും മലയാളിയുടെ ജർമ്മനിയിലെ ത്യാഗജീവിതത്തിലെ ഒരു ഭാഗമായി ഇപ്പോൾ നാം കാണുന്നു. പിന്നീട് വിവരിക്കുന്നതാണ്. 

സമീപഭാവിയിൽത്തന്നെ ജർമ്മൻ ആശുപത്രികളും വൃദ്ധമന്ദിരങ്ങളുമെല്ലാം നേഴ്‌സിംഗ് ജോലിക്കാരുടെ കടുത്ത മാന്ദ്യം മൂലം ആരും ഉദ്ദേശിക്കാത്ത പ്രതി സന്ധി ഉണ്ടായേക്കാമെന്ന് ഈയിടെ ജർമ്മൻ പാർലമെന്റ് സമ്മേളിച്ചപ്പോൾ മുന്നറിയിപ്പ് നൽകി. അടിയന്തിരമായി തക്ക പ്രശ്ന പരിഹാരങ്ങൾ നഴ്‌സിംഗ് മേഖലയിൽ കാണുന്നതിനെപ്പറ്റി പാർലമെന്റ് കൂടിയപ്പോൾ ചില പ്രായോഗി ക തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ജർമനിയിലെ നേഴ്‌സുമാരുടെ ജോലി മെച്ചപ്പെടുത്തുവാൻ ആകർഷകരമായ വേതനവ്യവസ്ഥയും നല്കുന്നതിനോട് പാർലമെന്റ് സമ്മേളനം യോജിക്കുകയായിരുന്നു. അധികം താമസ്സിയാതെ ഏതാണ്ട് രണ്ടു ലക്ഷം നഴ്‌സുമാരുടെ കുറവ് ഉണ്ടാകുമെന്ന സൂചന ജർമ്മൻ പാർലമെന്റ് നൽകുന്നു. പൊതുജനാരോഗ്യവിഷയത്തിൽ ഒന്നാംപ്രധാന്യം നൽകുന്ന ജർമ്മനിയിൽ നഴ്‌സുമാരുടെ അമിതവർദ്ധനവ് ഉണ്ടാകുകയില്ല. 

  വേർപാടിന്റെ മൗനം 
ജന്മനാടായ കേരളത്തിന്റെ ഭാഗധേയം കരുപ്പിടിപ്പിക്കുന്ന തിലും ത്യാഗം ചെയ്തിട്ടുള്ള ഒരു തലമുറയാണ് ജർമ്മനിയിൽ കുടിയേറിയ മലയാളികൾ. അവർ നമ്മുടെ കേരളത്തിന്റെ അടിസ്ഥാന ജീവിത വിശ്വാസ പാരമ്പര്യവും പെരുമാറ്റച്ചട്ടവും ജർമനിയിലും പരിപാലിക്കുന്നു. 168 മണിക്കൂറുള്ള ഒരു ആഴ്ചയിൽ 40 മണിക്കൂർ ജോലിയാണ് അവർ ചെയ്തിരുന്നത്. ഇപ്പോഴാകട്ടെ ജോലിസമയങ്ങളിൽ നിയമ പരമായ മാറ്റങ്ങൾ വന്നതോടെ ആഴ്ചയിൽ 37,5 മണിക്കൂർ ശരാശരി ജോലി ചെയ്യാം. മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഒഴിവ് സമയങ്ങ ളിൽ ക്രിയാത്മകമായ പല വിവിധ കാര്യങ്ങളിലും പങ്കെടുക്കുന്നത്. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ഭാവി ജീവിതാവിഷ്ക്കരണ ത്തിനുവേണ്ടി മാത്രമാണ് മലയാളികൾ നീണ്ട കാലം മറുനാടൻ അഥവാ പ്രവാസിമലയാളികൾ എന്ന വിളിപ്പേരിൽ സ്വന്തം ജന്മനാടിനാൽത്തന്നെ ബഹിഷ്‌ക്കരിക്കപ്പെട്ടവനായിട്ടും, നമ്മുടെ സ്വന്തം നാടിനെയെന്നും ഹൃദയത്തിൽ സൂക്ഷിച്ചു മറുനാട്ടിൽ താമസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അൽപ്പം സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹ്യ ജീവിതത്തിനു ഉറപ്പ് ലഭിക്കുന്ന തുമായ ഒരു മറുനാട്ടിൽ ജീവിക്കാൻ കാരണമാകുന്നത്.    

ജർമ്മനിയിലെ മലയാളികളുടെ ജീവിതം ജർമ്മൻകാരുടെ പൊതു സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും ജീവിതശൈലിയിലും താരതന്മ്യേന അവർ ഇഴുകിച്ചേർന്നുകഴിഞ്ഞിട്ടുണ്ടെന്നു ഹൃസ്വമായി പറയാൻ കഴിയും. എന്നാൽ ഒരു നിമിഷംപോലും യൂറോപ്പിന്റെ ഇടുങ്ങിയ കോണുകളുടെ ജനജീവിത സംസ്കാരത്തോടു ചേർന്ന് ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. മലയാളിയുടെ മാനുഷികബന്ധങ്ങൾ വളരെ വിരളമായേ ഉപരിതലത്തിനടിയിലേയ്ക്ക് നീ ങ്ങുന്നുള്ളൂ. നമ്മളെല്ലാം ഈ യുഗത്തിന്റെ സന്താനങ്ങളാണല്ലോ. പുതിയ തല മുറയുടെ സവിശേഷതകൾ ഉൾക്കൊണ്ടവരുമാണല്ലോ. രണ്ടാം യുവ തല മുറ കളും അവരുടെ ജീവിതകാഴ്ചപ്പാടുകളും ആ സമൂഹത്തിന്റെ നിറഞ്ഞ സാ ന്നിദ്ധ്യമായി മാറിയിരിക്കുന്നു.  എന്നാൽ ജർമ്മനിയിലെ മലയാളികളുടെ രണ്ടാം തലമുറ മറ്റു മേഖലകളിൽ ഉന്നത പഠനവും വിദഗ്ദ്ധ തൊഴിൽ പരിശീ ലനവും നേടിയെടുക്കുകയാണ് ചെയ്തത്. അതിനനുകൂല ജീവിത സാഹചര്യം ഒരുക്കിയത് ഒന്നാം തലമുറയുടെ ത്യാഗജീവിതഫലം കൊണ്ട് മാത്രമാ ണല്ലോ. അവരും, അവർ  ജനിച്ചുവളർന്ന സ്വന്തം വീടും മാതാപിതാക്കളും സഹോദരീ സഹോദരങ്ങളും, കേരളത്തിന്റെയും മാത്രമല്ല, ആധുനിക ജർമ്മനിയുടെയും നമ്മുടെ പൊതുവികസന ചരിത്രത്തിലെ അവിഭാജ്യ പങ്കാളികളായിരുന്നു അവർ. ഇന്ന് വർത്തമാനവുമായി ബന്ധപ്പെട്ടനിലയിൽ ഏറെക്കുറെ വൈദേശികരായി തീർന്നിട്ടുള്ള അവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളെല്ലാം ഒറ്റവാക്കിൽ എങ്ങനെ പറഞ്ഞുതീർക്കും? //-   
-------------------------------------------------------------------------------------------------------------------------