Mittwoch, 7. Juli 2021

ധ്രുവദീപ്തി // യാത്രാവിവരണം // Part- 3 // അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം // George Kuttikattu


 അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം 

-ബ്രൗണൗവിലെ സിംഹക്കൂടിനരികിൽ -

George Kuttikattu 

"സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും 

വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്". 

വധിക്കപ്പെട്ട 

ലക്ഷോപലക്ഷങ്ങളുടെ താക്കീത് :

ബ്രൗണൗ നഗരമദ്ധ്യത്തിന്റെ ഒരറ്റത്ത് വാഹനഗതാഗതമധികമില്ലാത്ത ഉപറോഡിൽ  മഞ്ഞ പെയ്ൻറ് അടിച്ച സാമാന്യം അറ്റകുറ്റപ്പണികൾ മാത്രം ചെയ്തിരുന്ന ഒരു മൂന്നുനില കെട്ടിടത്തിന് മുന്നിൽ ഞങ്ങളെത്തിനിന്നു. ഞങ്ങൾ ആ കെട്ടിടത്തിന്റെ ഇടതുവശത്ത് അകത്തേയ്ക്ക് രണ്ടുപാളിയിൽ തള്ളിതുറക്കാവുന്ന അടച്ചിട്ട തടിനിർമ്മിത വാതിൽ കണ്ടു. പ്രധാന വാതിലിന് തൊട്ടുമുകളിൽ ഭിത്തിയിൽ ചെറിയ ഒരു ബോർഡ് എഴുതി വച്ചിരിക്കുന്നുണ്ട്. "Lebenshilfe ev". എന്നുമാത്രം . ഈ കെട്ടിടത്തോട് തൊട്ടു ചേർന്നുള്ള രണ്ടു മീറ്റർ വീതിയുള്ള നടപ്പാത വന്നുതീരുന്ന ഒരു വശത്തു മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം നന്നായി പണിചെയ്തു ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ആ റോഡിലൂടെ അവിടെയെത്തുന്ന യാത്രക്കാർക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടേയ്ക്ക് ഓരോ ബസുകൾ വരുന്നതും പോകുന്നതും എപ്പോഴാണെന്ന് കുറിച്ചിരിക്കുന്ന ഒരു ചെറിയ നോട്ടീസ് ബോർഡും വച്ചിട്ടുണ്ട്. എങ്കിലും അവിടേക്കെത്തുന്ന സന്ദർശകയാത്രക്കാരുടെ വലിയ തിരക്കുകൾ അവിടെ  അനുഭവപ്പെട്ടില്ല. 

 അഡോൾഫ് ഹിറ്റ്ലറുടെ ഭവനം- ഇന്നത്തെ നിലയിൽ 

വഴിവക്കിലെ ആ കെട്ടിടത്തിന് നിലം നിരപ്പിനുള്ള നിലയിൽ കാണപ്പെടുന്ന വലിയ പ്രവേശനവാതിലിനരുകിൽ പച്ചിലകൾ അധികമില്ലാത്ത, എന്തോ, ആരോരുമില്ലാത്ത ഒറ്റപ്പെട്ടവനെപ്പോലെ, ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു മരം നിൽപ്പുണ്ട്. മനുഷ്യമനസുകളെ വിറപ്പിച്ച, ജീവൻ മരവിപ്പിക്കുന്ന സത്യചരിത്രങ്ങളെ കാലഭേദമില്ലാതെ എന്നെന്നും ശിരസിൽ വഹിക്കുന്ന ദുഃഖഭാരമേന്തി ഏതു കാലത്തിനും ഏക മൂകസാക്ഷിയായി ഇന്നും ആ മരം നമുക്കായി അവിടെത്തന്നെ നിൽക്കുന്നു എന്നാണെനിക്ക് തോന്നിയത്. പ്രകൃതിമനോഹരമായ ഓസ്ട്രിയൻ അതിർത്തിയിൽ അൽപം ഗ്രാമങ്ങളുടെ ഉപരി സ്ഥാനത്തു "ഇൻ"നദിയുടെ കരയ്ക്കിരിക്കുന്ന ചരിത്രപ്രസിദ്ധ ബ്രൗണൗ നഗരത്തിൽ "സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് "എന്ന പേരുള്ള റോഡിലാണ് ഞങ്ങൾ നിൽക്കുക. ആ റോഡിന്റെ വശത്തുള്ള 12 -15 വരെയുള്ള കെട്ടിടങ്ങളുടെ നമ്പരാണ് ഞങ്ങളപ്പോൾ കൂടുതൽ ശ്രദ്ധിച്ചത്. ഇവിടെ 15-ൽ ആയിരുന്നു,ഞങ്ങൾ മനസ്സിലുറച്ചു തേടിയിറങ്ങിയ ആ ഭവനം -അഡോൾഫ് ഹിറ്റ്ലർ ഭവനം .

അഡോൾഫ് ഹിറ്റ്ലറുടെ ഭവനം എന്നറിയപ്പെട്ട ഈ കെട്ടിടം 1888 മുതൽ കുറേക്കാലം "Dafnar Family" ഡാഫ്‌നർ ഫാമിലിയുടെ ഉടമസ്ഥതയിൽ മദ്യബാറിനു അക്കാലത്ത് ഉപയോഗിച്ചിരുന്നു. അന്ന് ഇത് വേറിട്ടുനിന്ന രണ്ടു കെട്ടിടങ്ങൾ ആയിരുന്നു. അതിനു തൊട്ടുള്ള മറ്റുള്ള കെട്ടിടങ്ങൾ എല്ലാംതന്നെ വാടകവീടുകൾ ആയിരുന്നു. അതിൽപ്പെട്ട ഒന്നായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ NSDAP നാസ്സിപാർട്ടിയുടെ കൾച്ചറൽ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. 17-)0 നൂറ്റാണ്ട് മുതൽ അവിടെ ഒരു ഗസ്റ്റ്ഹൗസ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഭവനത്തിന്റെ ആദ്യമേൽവിലാസം 1826-ൽ (Vorstadt-219) ഫോർ സ്റ്റഡ്- 219 എന്നായിരുന്നു. അത് പിന്നീട് 1890-ൽ Salzburger Vorstadt 15 (സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് 15 എന്നാക്കി മാറ്റുകയും ചെയ്തുവെന്ന് 1943-ൽ സർക്കാർ രേഖയിൽ പ്രസിദ്ധപ്പെടുത്തി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമാണ് വാടകക്കാരിൽ ഒരാളായി അലോയ്‌സ് ഹിറ്റ്ലറും തന്റെ കുടുംബാംഗങ്ങളും സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് -15 നമ്പർ വീട്ടിൽ താമസമാക്കിയത്.

അഡോൾഫ് ഹിറ്റ്ലറിൻറെ ജനനം

അലോയ്‌സ് ഹിറ്റ്ലറുടെ മൂലകുടുംബം ഓസ്ട്രിയയിൽനിന്നുള്ളതാണ്. ഓസ്ട്രിയൻ അതിർത്തിയിലെ ജർമ്മൻ കസ്റ്റംസ് ഓഫീസിലെ ഒരു കസ്റ്റംസ് ഓഫീസറായിരുന്നു അലോയ്‌സ് ഹിറ്റ്ലറും അദ്ദേഹത്തിൻറെ മൂന്നാം ഭാര്യ ക്ലാര പോയ്‌സലും കുട്ടികളും ആയിരുന്നു വാടകവീട്ടിലേയ്ക്ക് താമസമാക്കിയത്. അലോയ്സിന്റെയും ക്ലാരയുടെയും ആറു മക്കളിൽ നാലാമനായി 1889 ഏപ്രിൽ 20-ന് വൈകിട്ട് ആറര മണിക്ക് GASTHOF  ZUM POMMEN- എന്ന വീട്ടിലായിരുന്നു അഡോൾഫ് ഹിറ്റ്ലർ ജനിച്ചതെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് 1933 ജനുവരി 30 -ന് നാല്പത്തിനാല് വയസുള്ള ഹിറ്റ്ലർ ജർമ്മൻ റൈഷ് ചാൻസിലർ ആയി, ഏകാധിപതിയായി അധികാരത്തിൽ വന്നു.

1891 -ൽ ഹിറ്റ്ലർ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്ന ഫ്രാൻസ് ഡാഫ്നർ  ആന്തരിച്ചതോടെ അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ജാക്കോബ് ബാഹ്ലൈറ്റ്നർ എന്നയാളെ വിവാഹം ചെയ്തു കഴിഞ്ഞശേഷം അതേ ഗസ്റ്റ് ഹൌസ് വീണ്ടും തുടർന്ന് നടത്തി. 1911-ൽ ഈ കെട്ടിടം വീണ്ടും വിറ്റു. പുതിയ ഉടമയായ ഒരു ജോസഫ് പൊമ്മർ എന്നയാൾ ആ ഗസ്റ്റ് ഹൌസ് 1912 മുതൽ 1938 വരെ തുറന്നു പ്രവർത്തിപ്പിച്ചു. 

 അഡോൾഫ് ഹിറ്റ്ലറെ NSDAP സ്വീകരിക്കുന്ന രംഗം    

ഈ കെട്ടിടത്തിന്റെ മുൻപിൽ നിൽക്കുന്ന ചെറിയ ഒരു മരത്തിനു ചേർന്ന് ഞങ്ങളുടെ വാഹനം പാർക്ക് ചെയ്തശേഷം കാറിൽനിന്നും പുറത്തിറങ്ങി. കാറിൽനിന്നും ഇറങ്ങിയ  ഞങ്ങൾ വെളിയിൽ ലക്ഷ്യം വച്ച് നോക്കിനിന്നത് ഞങ്ങൾ  മനഃപാഠമാക്കിയിരുന്ന പേര് "ഫോർസ്റ്റാഡ് സ്ട്രീറ്റ് നമ്പർ 15 " കെട്ടിടത്തെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വല്ലപ്പോഴും ഈ വീടിന് മുന്നിലൂടെ, വീതികുറഞ്ഞ നടപ്പാതയിലൂടെ, നടന്നു പോകുന്നവരെ കണ്ടു. നടന്നു പോകുന്നവർ ആരും ഞങ്ങൾ അവിടേയ്ക്ക് വന്നതുപോലെ എവിടെനിന്നോ വന്നുചേർന്നവരായ ടൂറിസ്റ്റുകൾ ആയിരുന്നില്ല. എന്നാൽ അവരൊക്കെ ഈ ഭവനത്തിന് സമീപമുള്ള ഓരോരോ അപ്പാർട്ടുമെന്റുകളിൽ താമസക്കാരായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇവർ അവിടെ നിൽക്കുന്ന ഞങ്ങളെ വളരെ ജിജ്ഞാസയോടെയും ഒപ്പം അതിലേറെ സംശയത്തോടെയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. "എന്തിനാണിവർ ഇപ്പോൾ ഇവിടെയെത്തിയത്? ഇവർ എവിടെനിന്നും വരുന്നു?, ഇവർ നമുക്ക് ആരാണ്? ". എന്നെല്ലാമാകാം അവരുടെ ആ സൂക്ഷ്മമായ നോട്ടത്തിലെ ഗൂഢമായ നിഗൂഡ അർത്ഥം. അതുപക്ഷേ അതൊരു ശക്തമായ പ്രതിഷേധക്കുറിപ്പ്പോലെ ഞങ്ങളുടെ നേർക്കയച്ച സന്ദേശമാകാം. അവിടേയ്ക്ക് വരുന്നവരെല്ലാം ഭൂതകാലത്തിന്റെ സ്മരണകളുടെ മുൻ അനുയായികളോ പിൻഗാമികളോ ആകാമെന്ന മനസ്സിലെ കണക്കുകൂട്ടൽ അവരിൽ അതിതീവ്രമായ ഉൾഭയത്തിന്റെ കൊടുകാറ്റു ശക്തമായി വീശിയിരിക്കാം. 

ഹിറ്റ്ലറുടെ ജന്മഭവനം- നാൾവഴികൾ...

 ജോർജ് കുറ്റിക്കാട്ട് ഹിറ്റ്ലർ ഭവനത്തിന്റെ മുമ്പിൽ 

ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചുവളർന്ന ഭവനം ഇന്ന് പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. അതിനുമുമ്പ് ഈ ഭവനം നിരവധി ഉടമകൾ കൈമാറി സ്വന്തം കൈവശം വച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ ഒരു ഗസ്റ്റ് ഹൌസ് ആയിട്ട് വളരെ നാൾ ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് വാടകയ്ക്ക് അപ്പാർട്ട്മെന്റുകളായും മറ്റ് പൊതുവേദികളായും ബീയർ ബാറായും ഉപയോഗിച്ചിരുന്നതായി രേഖകൾ ഉള്ളതായി ചരിത്രരേഖകളും വ്യക്തമാക്കുന്നുണ്ട്.

കാലങ്ങൾ മുന്നോട്ട്  കടന്നുപോയി. നാസിജർമ്മനിക്കുവേണ്ടി അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മാർട്ടിൻ ബോർമാൻ എന്ന ഒരു ജർമ്മൻകാരൻ 1938-ൽ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ താമസിച്ചിരുന്ന ഭവനം ഓസ്ട്രിയയിൽനിന്നും നാലിരട്ടി കൂടുതൽ വിലയ്ക്ക് വാങ്ങി. അത് നാസി പാർട്ടി NSDAP യ്ക്ക് നൽകുകയും ചെയ്തു. ഉടൻതന്നെ ആ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അവിടെ ഒരു പൊതു ലൈബ്രറിയും ഗാലറിയും അടങ്ങിയ സാംസ്കാരികകേന്ദ്രം തുറന്നു.  1943 -1944 കാലഘട്ടം. ഹിറ്റ്ലറുടെ ജന്മഭവനത്തിൽ"ബ്രൗണൗവർ ഗാലറി"യെന്നപേരിൽ തുറന്നു പ്രവർത്തിച്ച മുറികളിൽ അന്ന് പ്രചാരത്തിൽ വളരെ പ്രസിദ്ധരായ കലാകാരന്മാരുടെ ചിത്രങ്ങളും കലാരൂപങ്ങളും അവരവിടെ പ്രദർശിപ്പിച്ചു. ആന്റോൺ ഫിൽസ്‌മോസർ, ഹെർമൻ മയർഹോഫർ ( From Passau ), ജോസഫ് കാൾ നേറുഡു (from Simbach am Inn), ഹുഗോ  ഫൊൻ പ്രീൻ (Hugo von  Preen), മാർട്ടിൻ സ്റ്റാഹൽ, ഫ്രാൻസ് ക് സാവർ വൈഡിങ്ങർ ( Ried im Innkreis, Austria) തുടങ്ങിയവർ അവരിൽ പ്രമുഖനായിരുന്നു.

1938-ൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ ബോർമാൻ ഹിറ്റ്ലറുടെ ഭവനം വാങ്ങിയിരുന്നെങ്കിലും പിന്നീട് കെട്ടിടം  1952-ൽ പ്രൊവിഷൻ താരതമ്മ്യത്തിന് വിധേയമായി (The restitution settlement threfore an externe injustice) മുൻ ഉടമയ്ക്ക് തന്നെ തിരിച്ചെഴുതിക്കൊടുത്തു. അതേത്തുടർന്ന് 1965 വരെ കെട്ടിടം നഗരലൈബ്രറിയായും പിന്നീട് കുറച്ചുകാലം ഒരു ബാങ്ക് സ്ഥാപനമായും നടത്തിയിരുന്നു. 1970-മുതൽ 1976 വരെ HTL BRAUNAU എന്ന പേരിൽ അവിടെ ഒരു എൻജിനീയറിംഗ് സ്‌കൂൾ സ്ഥാപനത്തിനു വേണ്ടി വിട്ടുകൊടുത്തു. 1977 മുതൽ 2011 വരെ ഈ കെട്ടിടം അംഗവൈകല്യം ഉള്ളവർക്ക് 'ഡേ കെയർ>' കേന്ദ്രമായും കൗൺസിലിംഗ് ആൻഡ് പരിശീലന വർക്ക് ഷോപ്പായും ഉപയോഗിച്ചു. ഇന്നും വിവിധതരം പൊതുസാമൂഹികപ്രവർത്തനങ്ങൾക്ക് വേണ്ടി ആ ഭവനം ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ റഷ്യൻ "ഡ്യൂമ" പാർട്ടിയുടെ നേതാവ് ഫ്രാൻസ് ആദാമോവിച് ക്ളിൻസേവിച് (Franz Adamowitsch Klinzewitsch)2012-ൽ ഹിറ്റ്‌ലർ ഭവനം രണ്ടു മില്യൺ യൂറോയ്ക്ക് വാങ്ങി. അത് പൊളിച്ചു കളയുവാനുള്ള ശ്രമവും അതിനിടെ ഉണ്ടായിരുന്നു .

കോണ്സെന്ട്രേഷൻ ലാഗർ 

കോൺസെൻട്രേഷൻ ക്യാമ്പിലാക്കപ്പെട്ടവരുടെ ടോയിലറ്റ് 

അമേരിക്കൻ സൈന്യം ബ്രൗണൗ നഗരം പിടിച്ചടക്കി അധീനതയിൽ വച്ചിരുന്ന കാലം. 1945 മെയ് 2-ന് കുറെ ജർമ്മൻ രഹസ്യാക്രമണ റോന്ത് പട്ടാളക്കാർ ഹിറ്റ്ലറുടെ ജന്മഭവനം ബോംബിട്ട് തകർക്കാനുള്ള ശ്രമം നടത്തിയത് അന്ന് അമേരിക്കൻ സൈന്യങ്ങൾ അന്ന് തകർത്ത് കളഞ്ഞു. അതിനുശേഷം 1945 നവംബർ ഒന്നിന് അഡോൾഫ് ഹിറ്റ്ലർ ജനിച്ച സ്ഥാനത്തുതന്നെ "കോൺസെൻട്രേഷൻ ലാഗർ"എന്ന ദുഃഖസ്മരണയുടെ പ്രദർശനവും നടത്തി. രണ്ടാം ലോകമഹായുദ്ധത്തിൽ അഡോൾഫ് ഹിറ്റ്‌ലർ അനേകലക്ഷക്കണക്കിന് എതിരാളികളെയും യഹൂദരെയും മറ്റ് അനേകം വിദേശികളെയും ജർമ്മൻകാരെയും നിഷ്ക്കരുണം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത തടവുകേന്ദ്രമായി    "കോണ്സെന്ട്രേഷൻ ലാഗർ "ഇന്നും കാണപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ ആർമി അന്ന് ജർമ്മൻനാസികളുടെ കൈവശത്തിൽനിന്നും ഓസ്ട്രിയയെ മോചിപ്പിച്ചയുടനെ 1945 നവംബർ ഒന്നിന് തന്നെ ബ്രൗണൗവിലെ പ്രസിദ്ധമായ നാസികളുടെ "ബ്രൗണൗവർ ഗാലറി"യെ ഹിറ്റ്ലറിൻറെ "കോൺസെൻട്രേഷൻ ക്യാമ്പിന്റെ " നിത്യസ്മാരകവും ലോകചരിത്രത്തിൽ കുറിച്ച നാസിഭീകരതയ്‌ക്കെതിരെയുള്ള പ്രത്യക്ഷമായ ക്രൂര അടയാളമായി അമേരിക്ക അന്ന് പ്രഖ്യാപിച്ചു. 

ഇന്ന് അഡോൾഫ് ഹിറ്റ്‌ലർ ജീവിച്ചിരുന്നുവെങ്കിൽ ഏപ്രിൽ 20 -ന് തന്റെ 132-)മത്തെ ജന്മ ദിനമാകുമായിരുന്നു. ലോകത്തിൽ എത്രയോ ക്രൂരന്മാരായ സ്വേച്ഛാധിപതികൾ ഉണ്ട്. എന്നാൽ എന്ത് കാരണത്തിലാണ് ലോകജനങ്ങൾ മുഴുവനും അഡോൾഫ് ഹിറ്റ്ലറുടെ നാമം ഏറെക്കൂടുതൽ ചരിത്രത്തിലൂടെ തിരഞ്ഞു നോക്കിയത്?.അതിനിഷ്ടൂരമായ ജന പീഢനം, മഹായുദ്ധം മനുഷ്യക്കുരുതികൾ, എന്നിങ്ങനെ ചരിത്രത്തിൽ എന്നും എന്നും പൈശാചികതയ്ക്ക് ഏറ്റവും തികഞ്ഞ ഉദാഹരണമായിരുന്നു. അതിന് അഡോൾഫ് ഹിറ്റ്ലർ എന്നതായിരുന്നു പ്രധാനമായി കാണുന്ന അടിസ്ഥാനം. 

കുറഞ്ഞൊരു കാലയളവിൽത്തന്നെ NSDAP യുടെ അന്നത്തെ ചെയർമാൻ ആയിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ സ്വതസിദ്ധമായ യഹൂദ വിരോധത്തിൽ കുത്തിയൊലിച്ച പ്രതികാരഭാവത്തിന്റെ സിംഹഗർജ്ജനം ജർമ്മനിയുടെ ഓരോരോ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ ജനങ്ങളിലേക്ക് തുളച്ചുകയറ്റി. വൈമാറർ റിപ്പബ്ലിക്കും വേഴ്സ്സായ് കരാറും കാറ്റിൽപ്പറത്തിവിട്ടാൽ അവയുടെ അടയാളംപോലുമില്ലാതാക്കാൻ കഴിയുമെന്നുകരുതി വിവിധ സ്ഥലങ്ങളിൽ NSDAP മഹാസമ്മേളനങ്ങൾ സംഘടിപ്പിച്ചു ജനപിന്തുണയാർജ്ജിക്കുന്ന പ്രസംഗങ്ങളും അഡോൾഫ് ഹിറ്റ്ലറുടെ ശക്തി തെളിയിച്ച സമരമാർഗ്ഗമായി മാറ്റി. ഇങ്ങനെ ഹിറ്റ്ലറിൻറെ NSDAP പാർട്ടിയുടെ കരുത്ത് എല്ലാവിധ മേഖലകളിലേക്കും വർദ്ധിപ്പിച്ചു.

തീരാത്ത പകയുടെ വീര്യം 

യഹൂദരുടെ കത്തിയെരിഞ്ഞ മൃതദേഹ അവശിഷ്ടം 

അഡോൾഫ് ഹിറ്റ്ലറുടെ കുടുംബജീവിതപശ്ചാത്തലവും ഇതിനെല്ലാം കൂടുതൽ ഏറെ പ്രേരകമായിത്തീർന്നു. തന്റെ പിതാവ് അലോയ്‌സ് തനിക്കുനേരെ നടത്തിയിരുന്ന ശിക്ഷാനടപടികൾ അഡോൾഫ് ഹിറ്റ്‌ലറിൽ കൊടുംക്രൂരതയുടെയും വെറുപ്പിന്റെ ക്രൂരപ്രതികാരത്തിന്റെയും കത്തുന്ന തീക്കനലുകൾ നിറച്ചു. അതോടൊപ്പം എപ്പോഴും തീരാത്ത പകയുടെ കൊടുങ്കാറ്റും...ഒരു നൂറ്റാണ്ടിന്റെ അതിക്രൂരനായ ഏകാധിപതി ജർമ്മൻ റൈഷ് ചാൻസിലർ അഡോൾഫ് ഹിറ്റ്‌ലർ ജന്മനാടായ ബ്രൗണൗവിന്റെ എന്നും എന്നേയ്ക്കും മറക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ ഒന്നാം പൗരനാണ്. അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയൻ ഓണറ്റി പൗരത്വത്തെപ്പറ്റിയും ഉണ്ടായിട്ടുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒടുവിൽ ബ്രൗണൗവിലെ നഗരസഭ മറ്റൊരു താത്വിക മാർഗ്ഗരേഖ അഡോൾഫ് ഹിറ്റ്ലറുടെ ഓണറ്റി പൗരത്വത്തെപ്പറ്റി ഒരു പരിഹാരവിധിയായിത്തന്നെ സമർപ്പിച്ചു. അതിങ്ങനെയാണ്: ജർമ്മൻ ഭാഷയിൽ എഴുതിയ അതിശക്തമായ ഒരു മുന്നറിയിപ്പ് ഹിറ്റ്ലർ ഭവനത്തിന് നേരെമുമ്പിൽ സ്ഥാപിക്കുക.ഇതായിരുന്ന ശാസനം..

"Für Frieden,Freiheit und Demokratie-Nie wieder Faschismus" 

Millionen Tote Mahnen. 

"സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്" :

-വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ താക്കീത്-

ഇതായിരുന്നു കരിങ്കൽ പാളിയിൽ കൊത്തി എഴുതിയ ശാസനം.

 ഹിറ്റ്‌ലർ ഭവനത്തിനു മുമ്പിൽ എഴുതി സ്ഥാപിച്ച  - "അനുശാസനം"

കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് വലുപ്പമുള്ള ഒരു കരിങ്കൽ പാളിയിൽ ജർമ്മൻ ഭാഷയിൽ മുകളിലെഴുതിയ ശാസനം കൊത്തി എഴുതിപ്പിച്ചു ബ്രൗണൗ നഗരസഭയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീ. ഗെർഹാർഡ്‌ സ്കിബ്ബ അഡോൾഫ് ഹിറ്റ്ലറുടെ നൂറാമത്തെ ജന്മദിനത്തിൽ 1989 ഏപ്രിൽ 20 ന് അഡോൾഫ് ഹിറ്റ്ലറുടെ ഭവനത്തിനു മുമ്പിലുള്ള നടപ്പാതയിൽ സ്ഥാപിച്ചു. ഫാസിസത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായിട്ട് ഇന്നും ജനങ്ങൾ മനസ്സിലാക്കുന്നു. ഈയൊരു നടപടിയോടെ ബ്രൗണൗനഗരം ഹിറ്റ്ലർ ടൂറിസത്തോട് ആദ്യമായും അവസാനമായും വ്യക്തമായി അകന്നുമാറിക്കഴിഞ്ഞു. അഡോൾഫ് ഹിറ്റ്ലറുടെ നാമത്തിൽ സ്മരിക്കുന്നതായ വസ്തുക്കൾ അവിടെ വിൽപ്പന നടത്തുന്നതുപോലും ഉപേക്ഷിച്ചു.

രണ്ടായിരാംമാണ്ട് മുതൽ ബ്രൗണൗനഗരത്തിന്റെ കാലിക ചരിത്ര സംരക്ഷണ സമിതി അഡോൾഫ് ഹിറ്റ്ലർഭവനം വിലയ്ക്ക് വാങ്ങി അത് അവിടെ "ഹോളോകൗസ്റ്റ്" ചരിത്ര സ്മാരകമായി മാറ്റണമെന്ന പൊതുതാത്പര്യ ആഗ്രഹങ്ങൾ ബ്രൗണൗനഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും അതുപോലെ ഹിറ്റ്ലർ റെജിമെന്റിന്റെയും ഇരകളായിത്തീർന്നിരുന്ന അന്നത്തെ ലക്ഷോപലക്ഷം വരുന്ന മനുഷ്യാത്മാക്കളുടെ ഓർമ്മയ്ക്കായുള്ള ഒരു ലോക സ്മാരകം വേണമെന്നാണ് അവർ ആവർത്തിച്ചു ആവശ്യപ്പെടുന്നത്. ആ ഒരു ദിവസം, അതെ, 1889- ഏപ്രിൽ 20 -ന്- ഒരു അഡോൾഫ് ഹിറ്റ്ലറുടെ ജനനത്തിനായി ഒരിക്കലും ഉണ്ടാവരുതായിരുന്നുവെന്ന് ചരിത്രം ഇപ്പോഴും ശപിക്കുന്നു. മാനവചരിത്രത്തിനു അതുവഴി നിരവധി അരുതാത്ത ദുഃഖസംഭവങ്ങളുടെ കറുത്ത രേഖകളെല്ലാം തുന്നിച്ചേർക്കേണ്ടിവന്നത് തീർച്ചയായും ഒഴിവാകുമായിരുന്നു.

അഡോൾ ഹിറ്റ്ലറുടെ ഭവനം -ഇന്ന്?

ഇന്ന് ബ്രൗണൗ നിവാസികൾക്കും അതുപോലെ ബ്രൗണൗനഗരത്തിനും അഡോൾഫ് ഹിറ്റ്ലറുടെ അടിസ്ഥാന മുൻചരിത്രം ഒരുപക്ഷെ അത് ഒരിക്കലും തുടച്ചുമായ്ക്കാൻ കഴിയാത്ത സ്വന്തം ചരിത്രഭാഗമായി മാറിയിരിക്കുകയാണ്. ടൂറിസ്റ്റ് എന്നനിലയിൽ എന്നെ അപ്പോൾ അസ്വസ്ഥമായി അലട്ടിയിരുന്ന വലിയ വികലചിന്തയിതായിരുന്നു :ബ്രൗണൗനഗരത്തിന്റെ ഒരറ്റത്തെ ഏറ്റവും ആളൊഴിഞ്ഞ പാതയോരത്തിരിക്കുന്ന, ആളനക്കമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ ജനനവീട് ... അനേകം ലക്ഷോപലക്ഷം മനുഷ്യരെ - സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും, അവർ യഹൂദർ, രോഗികൾ, അംഗവൈകല്യം ഉള്ളവർ, വിദേശികൾ, തത്വചിന്തകർ, ചരിത്ര പണ്ഡിതന്മാർ, വൈദികർ, മതാചാര്യന്മാർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ അവരെല്ലാം അവരിൽപ്പെട്ടു. ഇവരെയെല്ലാം അതിക്രൂരമായി പീഡിപ്പിച്ചു. അവരെയെല്ലാം അതി ക്രൂരമായി അരുംകൊല ചെയ്ത സിംഹം വസിച്ചിരുന്ന ഗുഹയുടെ മുൻവാതിൽക്കൽ ആണല്ലോ ഞങ്ങളിപ്പോൾ എത്തിനിൽക്കുന്നതെന്ന ചിന്ത എന്നെ വല്ലാതെ അപ്പോൾ അലട്ടിയിരുന്നു. 

 അഡോൾഫ് ഹിറ്റ്ലർ 

ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായിത്തീർന്ന ഒരു ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ചുവീണ വീട് ഇന്ന്  തികച്ചും നിസഹായരായ വികലാംഗസമൂഹത്തിനായി അഭയം നൽകുവാനുള്ള ഒരു പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തത് ചരിത്രത്തിന്റെ ഏതുപേജിൽ ചേർത്തെഴുതാനാവും ? എനിക്ക് സംശയമുണ്ട്. എന്തായാലും, അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീടിനെപ്പറ്റിയും ജനനസ്ഥലം സംബന്ധിച്ചും വളരെ സാഹസികമായ ജിജ്ഞാസയോടെ സത്യാന്വേഷണം തുടരുന്നു എന്നത് തന്നെ ആശ്ചര്യജനകമായ മറ്റൊരു പുതുമയുള്ള ചരിത്രവസ്തുതയാണ്. 

ഇന്നേയ്ക്ക് ഏതാണ്ട് 19 വർഷങ്ങൾക്കു മുമ്പ് 19.2. 2002 -ൽ പ്രസിദ്ധ ജർമ്മൻ ചരിത്രകാരൻ ഈഗോൺ ഫൈൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇപ്രകാരം എഴുതി. അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്, ഓസ്ട്രിയൻ അതിർത്തിയിലെ ബ്രൗണൗവിലല്ല, മറിച്ച്, "ഇൻ " എന്ന നദിയുടെ മറുകരയിൽ ജർമ്മനിയുടെ കിഴക്കൻ സംസ്ഥാനം ബവേറിയയുടെ ആൽപ്സ് പർവ്വത നഗരപ്രദേശങ്ങളിലൊന്നായ "സിംബാഹ് " എന്ന സ്ഥലത്തായിരുന്നെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ജനിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ കുഞ് അഡോൾഫ് ഹിറ്റ്ലർക്ക് അന്ന് മാമ്മോദീസ നൽകിയ ബ്രൗണൗവിലെ കത്തോലിക്കാപള്ളിയിലെ വികാരി കപ്പൂച്ചിൻസഭാ വൈദികനായിരുന്ന ഫാദർ ഊബാൾഡിന്റെ അന്നത്തെ വെളിപ്പെടുത്തൽ ചരിത്രകാരൻ ഈഗോൺ ഫൈൻ ഇപ്രകാരം വ്യക്തമായി എഴുതി രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ: " 1889 ഏപ്രിൽ 20 -ന് സംഭവിച്ചതിങ്ങനെയാണ് - അന്ന് ജർമ്മനിയുടെ അതിർത്തിപോസ്റ്റിലെ കസ്റ്റംസ് ഓഫീസർ ആയി അലോയ്‌സ് ഹിറ്റ്ലർ ജോലി ചെയ്യുന്നു. ആ ദിവസം അലോയ്‌സിന് അത്താഴം എത്തിച്ച് കൊടുക്കാൻ "ഇൻ" നദിയുടെ പാലം കടന്നു അക്കരെയെത്തിയ തന്റെ പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ ക്ലാരയ്ക്ക് പ്രസവ വേദന ആരംഭിച്ചു. വൈകിട്ട് ആറര മണിക്ക് ക്ലാര ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അഡോൾഫ് ഹിറ്റ്ലർക്ക് ...

അഡോൾഫിന്റെ ജനനവിവരം സംബന്ധിച്ച് ഓസ്ട്രിയൻ ഭരണാധികാരികളുമായി ഉണ്ടാകുവാനിടയുള്ള നിയമയുദ്ധം മനഃപൂർവ്വം ഒഴിവാക്കുവാൻ മാതാപിതാക്കൾ അന്ന് ആ രാത്രിയിൽത്തന്നെ സിംബാഹിലെ ഓഫീസിൽ നിന്നും രഹസ്യമായി "ഇൻ" നദിയുടെ പാലം കടന്ന് തങ്ങൾ താമസിക്കുന്ന ബ്രൗണൗവിലെ വീട്ടിലേയ്ക്കു പോയി.

1992-ൽ അന്തരിച്ച ഫാദർ ഊബാൾഡ് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ശരി വച്ചുകൊണ്ടു ഓസ്ട്രിയയിലെ സെന്റ് മരിയ ആൾമിലെ ഇടവക വികാരി ആയിരുന്ന ഫാദർ അലോയ്‌സ് ഡ്യൂറിങ്ങർ സ്ഥിരീകരിച്ചതായി ചരിത്രകാരൻ ഈഗോൺ ഫൈൻ തന്റെ "ഹിറ്റ്ലർ" എന്ന പുസ്തകത്തിൽ യാഥാർത്ഥ്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനം ബ്രൗണൗവിലെ നിവാസികൾക്ക് ആഹ്ളാദത്തിന്റെയും മാത്രമല്ല, ഒരു ആശ്വാസത്തിന്റെയും പെരുമഴ സമ്മാനിച്ചു. കുറെ ഏറെ കാലങ്ങളായി ബ്രൗണൗ നഗ  നിവാസികൾ "ബ്രൗണൗ " അഡോൾഫ് ഹിറ്റ്ലറുടെ ജന്മസ്ഥലം ആണെന്നുള്ള വളരെ ചുട്ടുപഴുത്ത ആരോപണത്തിൽ ചുടുകണ്ണീർ പൊഴിച്ചിരുന്നു. ഇന്നിപ്പോൾ അവരെല്ലാം ആ ദുഖത്തിൽനിന്നും വിടുതൽ നേടിയിരിക്കുന്നു. അതുപോലെ ലോകമെമ്പാടുമുള്ള   മാന്യ വായനക്കാരും.//-

****************************************************************************************************************************** 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.