സീറോ മലബാർ കുർബാന ജനാഭിമുഖമായി
നടത്തണം: ഫ്രാൻസിസ് മാർപാപ്പ // നിരാകരിച്ച് സീറോമലബാർ നേതൃത്വവും
ആശങ്കകളിൽ മുങ്ങിത്താഴുന്ന ക്രൈസ്തവസഭാംഗങ്ങൾ //
George Kuttikattu
ഫ്രാൻസിസ് മാർപാപ്പയും കർദ്ദിനാൾ മാർക്‌സും |
കത്തോലിക്കാസഭയിലെ ആഗോള തലത്തിലുള്ള വലിയ പ്രതിസന്ധികളിൽ ചില ഉദാഹരണങ്ങൾ മാത്രമാണിപ്പോൾ ജർമ്മനിയിൽ റോമൻ കത്തോലിക്കാ സഭയും നേരിടുന്ന പ്രതിസന്ധികൾ. ഇതുവരെ പരിഹാരം കാണാത്ത വിവിധ പ്രതിസന്ധികളുടെ തുടർക്കഥയെന്ന നിലയിൽ ചില ആരോപണങ്ങൾ ഇന്നും നിലനിൽക്കുന്നു.അതിശക്തമായ ചില പ്രതികരണങ്ങളിലൊന്നാണ്, മ്യൂണിക് രൂപതാധികാരിയും കർദ്ദിനാളുമായ റൈൻഹാർഡ് മാർക്സ് ഔദ്യോഗിക പദവി യിൽ നിന്നും രാജി വാഗ്ദാനം റോമിലെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയത്. ഇത് സംബന്ധിച്ച പ്രത്യേകമായ ഓരോരോ നടപടിയെപ്പറ്റി ജർമ്മനിയിലെയും കൂടാതെ, വത്തിക്കാനിലെയും ഉന്നതന്മാരായ ചില സഭാനേതൃത്വങ്ങളുമായിട്ട് യൂറോപ്യൻ പ്രസ് ഏജൻസികൾ വിലയിരുത്തി കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. പ്രതിസന്ധി മറികടക്കുന്നതിൽ പരാജയ പ്പെട്ടതിന്റെ ഉത്തരവാദിത്വം തുല്യമായിട്ടു താനുംകൂടി പങ്കെടുക്കുന്നു എന്ന് വിശദമായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർക്സ് മാർപാപ്പയ്ക്ക് രാജിക്കത്ത് നൽകിയത്. പക്ഷേ, ഇതിനടിസ്ഥാനമായ കാര്യങ്ങ ളുടെ ഒരു യാഥാർത്ഥ്യമെന്താണെന്ന് ആർക്കറിയാം? എന്നിരുന്നാലും ഇപ്പോൾ മുങ്ങുന്ന കപ്പലിനെ അദ്ദേഹം തന്നെ കീഴടക്കിയെന്ന് അത്ര തീർത്ത് പറയാനും സമയമായില്ല. ഇന്ന് ഏതെല്ലാം നീറുന്ന വിഷയങ്ങളാണ് വാർത്തകളായി വരു ന്നതെന്ന വസ്തുതകൾ ജർമ്മനിയിലെ കത്തോലിക്കാസഭയിൽ പൊതുവിറയലു ണ്ടാക്കാൻ ഇപ്പോൾ സാദ്ധ്യതയുണ്ട്. മൂന്നുപേജുള്ള രാജിക്കത്തിൽ കർദ്ദിനാൾ മാർക്സ് മ്യുണിക്ക്, ഫ്രെയ്‌സിംഗ് രൂപതകളുടെ ആർച്ചുബിഷപ്പ് സ്ഥാനം ഉടനെ ഉപേക്ഷിക്കാനുള്ള താൽപ്പര്യം മാർപാപ്പയെ വാഗ്ദാനം ചെയ്തിരുന്നു. കർദ്ദിനാൾ കത്തിൽ പറയുന്ന കാര്യം ചുരുക്കത്തിൽ ഇപ്രകാരമാണ്: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കത്തോലിക്കാ സഭയിലെ അധികാരികൾ നടത്തിയിട്ടുള്ള ലൈംഗിക ദുരുപയോഗപ്രതിസന്ധികൾക്ക് പരിഹാരം കാണാനാവാത്തതിലെ ഉത്തരവാദിത്വം പങ്ക് വയ്ക്കുക എന്നതാണ്, എന്നെ സംബന്ധിച്ചിടത്തോളം. പ്രസ് ഏജൻസികൾ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തിപരമായി ഈവക കാര്യങ്ങളെപ്പറ്റി അദ്ദേഹം ഇങ്ങനെ വിശദീകരിച്ചതായി മാദ്ധ്യമങ്ങളപ്പോൾ റിപ്പോർട്ട് ചെയ്തു.
എന്താണ് ഇന്ത്യയിൽ സീറോ മലബാർ കത്തോലിക്കാ സഭയിൽ നടക്കുന്നത് ?
കേരളത്തിലും ലോകമെമ്പാടും ക്രിസ്ത്യൻസഭകൾ ഓരോരോ മതമൗലികതയുടെ വിഭാഗമായി മാറാനുള്ള വഴിയിലാണെന്നു ആദ്യമേതന്നെ പറയട്ടെ. ഏറെ കാലങ്ങളായിട്ട് കേരളത്തിൽ ചില ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും, കത്തോലിക്കാ സഭയിലെ നേതൃത്വങ്ങളും തമ്മിൽത്തമ്മിലും ചേർന്ന്, ക്രിസ്തീയ വിശ്വാസികളെയാകെ ഇരുളിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. നിരവധി തരത്തിലുള്ള അനേകം ദുരുപയോഗങ്ങളുടെ ആരോപണങ്ങൾ ഉണ്ടായിട്ടും അവയെല്ലാം മറച്ചുവയ്ക്കുകയും ചെയ്യുകയാണ്. എന്നാൽ അവയെക്കൂടാതെ വർത്തമാന കാലത്ത് ചില സഭയിലുണ്ടായിട്ടുള്ള നിരവധി ഗുരുതര പ്രശ്നങ്ങൾ മൂലം വത്തിക്കാൻ പോലും പരാജയപ്പെടുന്നു. ഈ വിധമുള്ള അഭിപ്രായങ്ങൾ മാർപാപ്പ പോലും അടുത്ത കാലത്ത് ശക്തമായ ഭാഷയിൽ ചില മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യങ്ങളാണ്. സീറോമലബാർ സഭയിലെ സഭാതർക്കങ്ങളും സഭാതലവന്മാരും സഭാംഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, സഭാ നേതൃത്വങ്ങൾ നടപ്പാക്കിയ കുർബാനയുടെ ചട്ടങ്ങളും രീതികളും അല്മായർ എന്ന് വിളിക്കപ്പെടുന്ന സഭാംഗങ്ങളുമായിട്ടുള്ള പരിഹരിക്കാത്ത പ്രശ്നങ്ങൾ, കേരളത്തിലെ സഭയിൽ നടന്നിട്ടുള്ള ലൈംഗിക ദുരുപയോഗങ്ങളുടെ കഥകളും, ഇവയെല്ലാം റോമിലെ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞു. അതിനാൽ കഴിഞ്ഞ ആഴ്ച മാർപാപ്പ സീറോ മലബാർ തലവന് സഭയിൽ ഉണ്ടാകേണ്ടതായ മാറ്റങ്ങൾ ഉണ്ടാവേണ്ടതിനെക്കുറിച്ചു മുന്നറിയിപ്പ് നൽകേണ്ടതായി വന്നു. അതുപക്ഷേ മാർപാപ്പയുടെ നിർദ്ദേശങ്ങളെ സീറോമലബാർ കർദ്ദിനാളും നേതൃത്വങ്ങളും നിഷേധിക്കാനുറച്ചു നിൽക്കുകയാണ്. സീറോമലബാർ സഭയുടെ ഇന്നത്തെ നിലപാട് ക്രിസ്തീയതയുടെ പ്രതീകാല്മകത ആണോ? ഈ നിലപാടിനെ അപ്പാടെ തീർത്തും എതിർക്കാൻ സഭാംഗങ്ങൾക്ക് അവകാശമുണ്ട്. സഭാംഗങ്ങളില്ലാതെ സഭയില്ലാ, എന്ന് സീറോ- നേതൃത്വങ്ങൾ മനസ്സിലാക്കിയില്ല.
വിശുദ്ധ കുർബാന ജനാഭിമുഖമായി അർപ്പിക്കണം.
ഇന്ന് സീറോ മലബാർ സഭയിൽ വിശുദ്ധ കുർബാന ക്രമത്തിലും, അതുപോലെ സാമ്പത്തിക കാര്യങ്ങളിലും സഭാംഗങ്ങളിൽ ഇന്ന് എല്ലാവിധ സഹകരണവും ഐക്യദാർഢ്യവും ആവശ്യമാണെന്ന് മെത്രാന്മാരുടെ നേർക്ക് മുന്നറിയിപ്പും നൽകേണ്ടതായിട്ട് വന്നു എന്നത് വലിയ വാർത്തയായിരുന്നു. ഈ വാർത്തകൾ കേരളത്തിലെ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മാർപാപ്പയുടെ നേരിട്ടുള്ള ഇടപെടലിന് സീറോ മലബാർസഭ സാഹചര്യമൊരുക്കിയ അനേകം സഭാക്രമങ്ങളിൽ നടന്ന ക്രമക്കേടുകളിൽ ഏറെ ദുഖിതനായിട്ടാണ് അദ്ദേഹം പുതിയ മുന്നറിയിപ്പ് മെത്രാന്മാർക്ക് നൽകാനിടയാത്. ദൈവജനത്തോടൊപ്പം സഭാത്മകമായി ഐക്യപ്പെട്ട് നടക്കണമെന്നും കാര്യങ്ങളിൽ സ്ഥിരതയോടെ നിൽക്കണമെന്നുമാണ് സീറോമലബാർ മെത്രാന്മാരോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടത്. സീറോ മലബാർ സഭയിലെ രൂപതകളിൽ കുർബാനയർപ്പണം വ്യത്യസ്തപ്പെട്ടതായ രീതികൾ നിലനിന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഏകീകരണത്തിന് സിനഡ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. പള്ളിയിൽ ആൾത്താരയ്ക്കഭിമുഖമായിനിന്ന് കുർബാന അർപ്പിക്കുന്നതല്ല വേണ്ടതെന്നു മാർപാപ്പ നിർദ്ദേശിച്ചു. വിശുദ്ധ കുർബാനയുടെ പ്രാരംഭ ഭാഗവും സമാപനഭാഗവും ജനാഭിമുഖമായും അനാഫൊറ അൾത്താര അഭിമുഖമായും അർപ്പിക്കണമെന്നാണ് മാർപാപ്പ നിർദ്ദേശിച്ചത്. അതുപോലെ സീറോ മലബാർ സഭയിലെ അംഗങ്ങൾ മുഴുവനും ഐക്യദാർധ്യത്തിലും സാഹോദര്യത്തിലും ഒന്നിക്കണമെന്നുള്ള ആഹ്വാനവും ചെയ്യേണ്ടതായി വന്നു. ആദ്യമായി സീറോമലബാർ സഭയുടെ നേതൃത്വം മാർപാപ്പയെ അംഗീകരിക്കാൻ പഠിക്കണം. അത് ഇപ്പോഴത്തെ നേതൃത്വം നിരസിച്ചിരിക്കുന്നു. ഈ സീറോമലബാർ നേതൃത്വങ്ങളുടെ ഈ നെസ്തോറിയൻ നിലപാട് സഭയിലെ അംഗങ്ങൾ (അല്മായർ) എല്ലാവരും അംഗീകരിക്കുകയില്ല..
ഫാ. സ്റ്റാൻസ്വാമിയുടെ ദാരുണമരണം -സഭയുടെ നിഷ്‌ക്രിയത്വം
ഈയിടെ ജയിൽവാസത്തിനിടയിൽ രോഗിയായി മരണപ്പെട്ട ഈശോസഭാ വൈദികന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാ സഭാനേതൃത്വങ്ങളും മൗനം പാലിക്കുകയാണുണ്ടായത്. ഇതുസംബന്ധിച്ച നേതൃത്വങ്ങളുടെ നിലപാടിനെ സഭാംഗങ്ങൾ അപലപിച്ചു. 84 വയസു പ്രായം ഉണ്ടായിരുന്ന ഒരു ഈശോ സഭാ വൈദികൻ ഫാ: സ്റ്റാൻ സ്വാമിയെ ഇന്ത്യൻ ജുഡീഷ്യറിയും സർക്കാരും ചേർന്ന് നിർദ്ദയമായി കൊലപ്പെടുത്തി എന്നുവേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ അദ്ദേഹത്തിൻറെ ദാരുണമരണവിവരം, കേരളത്തിലെ മലയാളപത്രങ്ങളും ഇന്ത്യയിലെ പ്രത്യേകിച്ച്, കേരളത്തിലെ ക്രിസ്ത്യൻ മതനേതൃത്വങ്ങളും സഭാ മെത്രാന്മാരും കർദ്ദിനാളന്മാരും ഈ കൊടും ക്രൂരതയെ കണ്ടില്ല? ഈ ഭീകര കൃത്യം ഇന്ത്യയിൽ എപ്രകാരം നടന്നുവെന്ന് ലോകരാഷ്ട്രങ്ങൾ പോലും അത് കണ്ടില്ലേ? അവരെല്ലാവരും നരേന്ദ്രമോദിയെ ഭയക്കുകയാണോ? മോദിയോടു അർപ്പിക്കുന്ന ആരാധനയിൽ അവരുടെ പ്രതിഷേധം മറന്നോ? ഇന്ത്യയിലെ ഒരു സാധാരണക്കാരുടെ ജീവിതം വളരെ അപകടകരമാക്കുന്ന നിലവിലുള്ള സർക്കാർ നയം കൊണ്ട് ഫാ. സ്റ്റാൻ സ്വാമിയെ ഇല്ലാതാക്കിയതുപോലെ ഭാവി ഒട്ടും സുരക്ഷിതമല്ലാതെയായിത്തീർന്നു. എന്നാൽ നാമാരും എല്ലാം കഷ്ടതയും സഹിക്കുന്ന മെത്രാന്മാരുടെ വളർത്തുമൃഗമായി മാറരുത്. സർക്കാറിന്റെ അനീതികളെ നാം കണ്ടില്ലെന്നു നടിക്കരുത്. സഭാംഗങ്ങൾ ഐഖ്യദാർഡ്യം പാലിക്കണം. ഇന്ത്യൻ ക്രിസ്ത്യൻ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാകുന്നില്ല.
ഫാദർ സ്റ്റാൻ സ്വാമി രക്ഷിക്കണേയെന്ന് കരഞ്ഞു പറഞ്ഞിട്ടും
കരയുന്നതു ആരും കേട്ടില്ല. ഇപ്പോൾ അദ്ദേഹം മരിച്ചു
കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥന മുഴക്കുകയും
പ്രചാരണം നടത്തുകയും ചെയ്യുന്നത് ആർക്ക് വേണ്ടി ?
ഇവർ ഇത് ചെയ്യുന്നത് അദ്ദേഹത്തിൻറെ ആത്മാവ് സഹിക്കുകയില്ല.
കഴിഞ്ഞകാലങ്ങളിൽ കേരളം കേട്ട് മടുത്ത വാർത്തയായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ദുർവിനിയോഗ കേസുകളും ബിഷപ്പിന്റെ ജയിൽ വാസവും പ്രശ്നങ്ങളും. ഇന്നും അതിനു ഒരുവിധ തീരുമാനങ്ങളും ഉണ്ടായില്ല. ഫ്രാങ്കോ മെത്രാൻ പാലായിലെ ജയിലിൽ കിടന്നപ്പോൾ മന്ത്രിമാർ, എം.എൽ.എ മാർ,അനേകം പ്രമുഖർ, തുടങ്ങിയവർ സന്ദർശനം നടത്തി മെത്രാന്റെ കുറ്റം തുടച്ചു മാറ്റി. കോടതി പോലും മെത്രാന് ഭാഗികമായി മെത്രാന്റെ പക്ഷത്തു ചേർന്നുനിന്നു. എന്നാൽ മെത്രാൻ ചെയ്തകാര്യങ്ങൾ തെറ്റാണെന്നു ഉറച്ചു തുറന്ന് പറഞ്ഞ ഒരു കന്യാസ്ത്രിക്ക് സഭയുടെ നീതിരഹിതമായ നടപടിക്ക് മുമ്പിൽ ഇരയാകേണ്ടതായി വന്നിരിക്കുന്നു. അതുപോലെ സീറോമലബാർ സഭയിൽ നടക്കുന്ന സാമ്പത്തിക അഴിമതികളെ ഇതുവരെയും പരിഹരിക്കപ്പെടാത്ത വിഷയമായി കാണേണ്ടിയും വരുന്നു. ഒടുവിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ നേരിട്ടുള്ള ഇടപെടൽ വാർത്ത പുറത്തറിയുന്നത്.
ഇങ്ങനെ ലോകമാകെയുള്ള സഭാനടപടികളിൽ നിന്നും അതാത് രൂപതകളുടെ മേൽനോട്ടമുള്ള ഓരോരോ മെത്രാന്മാരും പുരോഹിതന്മാരും കർദ്ദിനാളും അല്മായരും പരസ്പരമങ്ങുമിങ്ങും ഐക്യദാർഢ്യമില്ലാത്ത വലിയ ഭിന്നിപ്പിൽ നിലകൊള്ളുന്നുണ്ട്. ഇക്കാര്യങ്ങൾ മാർപാപ്പയുടെ പക്കൽ എത്തിയിരുന്നു. സമാനതയുള്ള അനേക സഭാപ്രശ്നങ്ങൾ ജർമ്മൻ സഭാതലത്തിൽ ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മാറി. ജർമ്മനിയിൽ കത്തോലിക്കാസഭയുടെ പ്രശ്നങ്ങളിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധികൾ ഇപ്പോൾ ഏതുദിക്കിലേയ്ക്ക് വീശുമെന്നു പ്രവചിക്കുക സാദ്ധ്യമല്ലല്ലോ. ജർമ്മനിയിലെ നിലവിലുള്ള ഓരോ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലും ശാരീരികമായിട്ട് വളരെ ക്ഷീണിച്ച ഫ്രാൻസിസ് മാർപാപ്പ ഇടപെടേണ്ടതായി വന്നുകഴിഞ്ഞു.
ജർമ്മനിയിൽ സഭാംഗങ്ങളുടെ പ്രതികരണങ്ങൾ
കർദ്ദിനാൾ റൈൻഹാർഡ് മാർക്സിന്റെ രാജിവാഗ്‌ദാന വാർത്തയിൽ ഉടനെ തന്നെ കുറെ പ്രതികരണങ്ങൾ ഉണ്ടായി. ചിലരെ ആശങ്കപ്പെടുത്തി, എന്നാൽ ചിലർ നന്ദി രേഖപ്പെടുത്തി. ചിലർ സംശയാത്മകമായ നിരീക്ഷണങ്ങൾ ചെയ്തു. ജർമ്മനിയിലെ ബവേറിയൻ സംസ്ഥാന മുഖ്യമന്ത്രി മാർക്കൂസ് സോയ്ഡർ (CSU) കർദ്ദിനാൾ റൈൻഹാർഡ് മാർക്സ് മ്യൂണിക്ക് അതിരൂപതയ്ക്കും ഫ്രീസിംഗ് രൂപതയ്ക്കും നൽകിയിട്ടുള്ള സേവനങ്ങൾക്ക് ബവേറിയൻ സംസ്ഥാനത്തിനു വേണ്ടിയും, മാത്രമല്ല വ്യക്തിപരമായും, നന്ദി പറഞ്ഞു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: "കർദ്ദിനാൾ മാർക്സ് ഒരുപാട് കാര്യങ്ങൾ ആരംഭിക്കുകയും നല്ലതു ചെയ്യുകയും ചെയ്തതാണ്. അദ്ദേഹത്തിൻറെ തീരുമാനവും പ്രതിബദ്ധതയും ബഹുമാനത്തിനർഹമാണ്. ഇന്ന് പള്ളികളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. എല്ലാവർക്കും അതനുഭവിക്കാൻ കഴിയണം. മുഖ്യമന്ത്രി മാർക്കൂസ് സോയ്ഡർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഒരു ക്രിസ്ത്യാനി എന്നനിലയിൽ ഇന്ന് നമ്മുടെ വിശ്വാസവും സഭയും വളരെയധികം സജ്ജീവമാണ്. ഭാവിയിൽ അവർക്ക് ഇനിയും ധാരാളം കാര്യങ്ങൾ നൽകാൻ കഴിയുമെന്നും ബോദ്ധ്യമുണ്ട്." സ്വയം ഒരു പ്രൊട്ടസ്റ്റന്റ് സഭാംഗമായ ബവേറിയൻ സംസ്ഥാന മുഖ്യ മന്ത്രി മാർക്കൂസ് സോയ് ഡർ പ്രസ്താവിച്ചു.
തനിക്ക് ലഭിച്ച ഈ രാജിക്കത്ത് വാർത്ത വളരെ ബഹുമാനത്തോടെയും അതേ സമയം വളരെ ഖേദിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ജോർജ് ബോട്ട്സിംഗ് അഭിപ്രായപ്പെട്ടു. ജർമ്മൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ "പിന്തുണയ്ക്കുന്ന തൂണുകളിൽ ഒന്നായിരുന്നു, മ്യൂണിക്ക് കർദ്ദിനാൾ മാർക്ക്സ് എന്നദ്ദേഹവും പറഞ്ഞു. "വാസ്തവത്തിൽ കുറ്റകൃത്യങ്ങൾ സഭയിലെ വ്യവസ്ഥാപരമായ ബലഹീനതകളെ തുറന്നു കാട്ടിയിട്ടുണ്ട്. ഇത് വ്യവസ്ഥാപരമായ ഉത്തരങ്ങളും ആവശ്യപ്പെടുന്നുണ്ട്". അദ്ദേഹം നൽകിയ ആശയ വിനിമയത്തിൽ ഇവയെക്കുറിച്ചു ഉദ്ധരിക്കുന്നുണ്ട്. സഭയിൽ ഇന്ന് പൂർണ്ണമായും നിയമപരമായ ചില അവലോകനവും ഭരണപരമായ മാറ്റങ്ങളും ഇതുവരെ പര്യാപ്തമല്ല.
ഇതേ അഭിപ്രായം തന്നെയാണ് കർദ്ദിനാൾ മാർക്സിന്റെ രാജിക്കത്തിനെപ്പറ്റി ജർമ്മനിയിലെ കൗൺസിൽ ഓഫ് ഈവാഞ്ചലിക്കൽ ചർച്ചിന്റെ ചെയർമാൻ ഹെൻറിക്ക് ബെഡ്ഫോർഡ്-സ്‌ട്രോം അഭിപ്രായപ്പെട്ടത് : "ഇപ്പോൾ സഭയുടെ പ്രതിസന്ധിഘട്ടത്തിൽ ഒരു പുതുക്കലിനുവേണ്ടി അദ്ദേഹം പിന്തുടരുന്നതായ മാതൃകാപരമായതും അതിന്റെ സ്ഥിരതയുമാണ് മാർക്സിന്റെ രാജിവാഗ്ദാനം" കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ, മാർപാപ്പ രാജിക്കത്തു സ്വീകരിച്ചാൽ കർദ്ദിനാൾ മാർക്സിന്റെ ശക്തമായ ശബ്ദം നിലവിലുള്ള തന്റെ ഓഫീസിൽ ഇനി കേൾക്കുകയില്ല, എന്ന് പറയുമ്പോൾ പ്രശ്നങ്ങൾ നേരിടുന്ന കൊളോൺ രൂപതയിലെ കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കി മാർക്സിന്റെ രാജിവാഗ്ദാനത്തിൽ ആദരവ് പ്രകടിപ്പിച്ചു. പക്ഷെ, അദ്ദേഹം തന്റെ സ്വന്തം സ്ഥാനം ഉറപ്പിച്ചു ആ സ്ഥാനത്തുതന്നെ തുടരാൻ ആഗ്രഹിക്കുന്നത്, ഏറ്റവും വലിയ ജർമ്മൻ രൂപതയുടെ തലവനെന്ന നിലയിൽ തന്നെ പ്രഖ്യാപിച്ചത് സഭാ തലത്തിൽ ചർച്ചകളുണ്ട്. അദ്ദേഹം പറയുന്ന ന്യായവാദങ്ങൾ ഇപ്രകാരമാണ്. "ഈ കഴിഞ്ഞ വർഷം ഡിസംബറിൽ പരിശുദ്ധ പിതാവിനോട് കൊളോണിലെ അതിരൂപതയിൽ ലൈംഗിക അതിക്രമങ്ങൾ നടത്തിയ രീതികളെയും തന്റെ വ്യക്തിപരമായ സ്വയഉത്തരവാദിത്വവും വിലയിരുത്തുവാനാവശ്യപ്പെട്ടതാണ് . അങ്ങനെ ഞാൻ ആത്മവിശ്വാസത്തോടെ എന്റെ വ്യക്തിപരമായ സ്വതന്ത്ര അഭിപ്രായം വത്തിക്കാനിൽ മാർപാപ്പയുടെ കൈകളിൽ വച്ചു എന്നാണ് അന്ന് കർദ്ദിനാൾ വോയ്‌ൽക്കി വെളിപ്പെടുത്തിയത്.
നിരവധി മേഖലകളിൽനിന്നുമുള്ള അഭിപ്രായങ്ങളും വിലയിരുത്തുകളും ഒരു രാജിക്കത്ത് വാർത്തയിൽ അടിസ്ഥാനമാക്കി ഉണ്ടായി. ജർമ്മനിയിലെ വിവിധ രൂപതകളുടെ മെത്രാന്മാർ, സന്യാസസഭാനേതൃത്വങ്ങൾ, ജർമ്മൻ പാർലമെന്റ് അംഗങ്ങൾ, അല്മായപ്രതിനിധികൾ, മാധ്യമങ്ങൾ എന്നിങ്ങനെയുള്ള നിരവധി ഉത്തരവാദിത്വമുള്ള ആളുകൾ കർദ്ദിനാൾ മാർക്സ് നൽകിയ രാജി വാഗ്‌ദാനം സൃഷ്ടിച്ച നിലപാടുകളെ വിവിധ കോണുകളിൽ നിരീക്ഷണം നടത്തിയവർ അഭിപ്രായങ്ങൾ പറഞ്ഞു.: "സഭയുടെയും അതിന്റെ ഉദ്യോഗസ്ഥരുടെയും സന്ദേശവും വിശ്വാസ്യതയും നമ്മുടെ വ്യക്തിപരമായ നിലപാടിനേക്കാൾ പ്രധാനമാണെന്ന് മാർക്സ് കാണിക്കുന്നു. ഇത് ആദരവർഹിക്കുന്നു. ഒടുവിൽ, ജർമ്മനിയിലെ ഒരു ബിഷപ്പ് ആദ്യമായി വ്യക്തിപരമായി സംസാരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് വളരെ ശ്രദ്ധേയമായ ഒരു വലിയ ഘട്ടമാണ്. ഇപ്പോൾ പീഡനം ഇതിനകം അനുഭവിച്ചിട്ടുള്ള ദുരിതബാധിതർക്ക് മതിയായ നഷ്ടപരിഹാരവും ഒരു സത്യവും നീതിയും ലഭിക്കുമെന്നാണ് ഏക പ്രതീക്ഷ". രാഷ്ട്രീയതലത്തിലെ പ്രതീക്ഷാ പ്രതികരണങ്ങൾ: "മുമ്പത്തെ ചില വ്യക്തമാക്കൽ പ്രക്രിയ അവസാനിച്ചു, ഇനി പുതിയതായിട്ട് എന്തെങ്കിലും ഒരു തുടക്കം ആരംഭിക്കാൻ കഴിയും. പുതിയ മെത്രാന്മാരെ നിയമിക്കുന്നതിലും ഒരു പുതിയ നടപടിക്രമം സഭയിലാവശ്യമാണ്. ഇപ്പോൾ ഇതൊരു സ്വതന്ത്ര സത്യ കമ്മീഷന് സഭയെ സഹായിക്കാനുള്ള രാഷ്ട്രീയക്കാരുടെ പ്രത്യേകമായ അവസരമാണ്".
ജർമ്മൻ കത്തോലിക്ക സഭാംഗങ്ങളുടെ സെൻട്രൽ കമ്മിറ്റിയുടെ ചെയർമാൻ തോമസ് സ്റ്റെർബർഗ്ഗ് പറയുന്നു: " രാജി വാർത്ത എന്നെ അത്യധികം നടുക്കി". "എക്യൂമെനിസത്തിലും സിനഡാൽവേയിലും ഏതുവിധ ദുരുപയോഗങ്ങളും അപ്പോഴേ കൈകാര്യം ചെയ്യുന്നതിലും മാർക്സ് നേടിയ നേട്ടങ്ങൾ വളരെയേറെ പ്രധാനപ്പെട്ടതായിരുന്നു"-റൈനിഷേ പോസ്റ്റ് എന്ന മാദ്ധ്യമം അഭിപ്രായപ്പെട്ടു. ലോക കത്തോലിക്കാ സഭയുമായി പൊരുത്തപ്പെടുന്ന വലിയ പ്രക്രിയയിൽ മാർക്സ് വളരെ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ഈ രാജി അഭ്യർത്ഥന പരിഗണിക്കാതെ അദ്ദേഹം ജർമ്മൻ രൂപതകളിലെ സ്വതന്ത്രപുനർനിർണ്ണയം പൂർണ്ണശാക്തീയോടെ തുടർന്ന് മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം ഇപ്പോൾ സഹകരിക്കണം ജർമ്മൻ പ്രസ് ഏജൻസി D P A ക്ക് ജർക്കാരിന്റെ ദുരുപയോഗ കമ്മീഷണർ ശ്രീ. റിറിംഗ് അഭിപ്രായപ്പെട്ടത്:"സ്വന്തം അന്തസിൽ നിന്ന്കൊണ്ട് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുവാൻ കാരണമായ വ്യാപ്തിയും വികലതകളും ഈ പ്രത്യേക ഘട്ടത്തിൽ നാമേവരെയും ചൂണ്ടിക്കാണിക്കുന്നു" എന്നദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് രാജിവാഗ്ദാനം കൊടുത്തത്?
ജർമ്മനിയിലെ ട്രിയർ രൂപതയുടെ ബിഷപ്പ് സ്റ്റീഫൻ അക്കർമാൻ മ്യൂണിക്ക് കർദ്ദിനാളും തന്റെ മുൻഗാമിയുമായിരുന്ന മാർക്സിന്റെ രാജിവാർത്തയിൽ അത്ഭുതപ്പെട്ടു. വ്യക്തപരമായ തീരുമാനത്തിലൂടെ സഭയിലെ ലൈംഗിക അതിക്രമങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കാൻ അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നതിന്റെ ശക്തമായ അടയാളമായിട്ടാണ് രാജിവാഗ്ദാനം ചെയ്തത്. ആർച്ചുബിഷപ്പ്, കർദ്ദിനാൾ എന്നീ നിലകളിൽ വലിയ ഉത്തരവാദിത്വം ഉള്ള ആ സ്ഥാപനത്തിനുവേണ്ടി അദ്ദേഹം ഇത് ചെയ്യുന്നു. ആത്മീയ നവീകരണ പാതയിൽ സഭ മുന്നോട്ട് പോകാനുള്ള ആശ്ചര്യ ചിഹ്നമാണ് സംഭവം. അതെ സമയം ഇത് ഒരു ചോദ്യചിഹ്നം കൂടിയാണ്. ഇന്ന് ജർമ്മനിയിലെ സഭ നേരിടുന്ന നിരവധി വെല്ലുവിളികൾ കണക്കിലെടുത്തു ഐക്യം നിലനിറുത്തുന്നതിൽ നാം എത്രത്തോളം വിജയിക്കും? എല്ലാവിധ വൈവിദ്ധ്യങ്ങൾക്കിടയിലും ഒരു ഐക്യദാർഢ്യം ആവശ്യമാണ്. ഇപ്പോഴുള്ള സാഹചര്യം വളരെ ചിന്തനീയം തന്നെയാണ്. ഇതുപോലെ, കാനൻ നിയമ അഭിഭാഷകൻ തോമസ് ഷുള്ളർ ഈ അഭിപ്രായമാണ് ഉൾക്കൊള്ളുന്നത്. "കർദ്ദിനാളിന്റെ ഈ തീരുമാനം ആകട്ടെ ഒരു പരമാധികാര നടപടിയായി കണക്കാക്കാം. അതിനാൽ സഭയിലുള്ള മറ്റു മെത്രാന്മാരെയും ഇപ്പോൾ അളക്കേണ്ടതുണ്ട്. ഈ വിധം വികാരാധീനമായ ചുവടുവയ്പ്പിലൂടെ വിവിധ ഉത്തരവാദിത്വമുള്ള കർദ്ദിനാൾ റൈൻഹാർഡ് മാർക്സ് വ്യക്തിപരമായ പരാജയം ഏറ്റെടുക്കുന്നു എന്നുവേണം കരുതാൻ. ഒരു മറുവശമുണ്ട്. അദ്ദേഹം ജർമ്മൻ കത്തോലിക്കാസഭയോട് ചില കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതായത്, ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവാനും യഥാർത്ഥ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ ധൈര്യമുണ്ടാകാനും അദ്ദേഹം ആഗ്രഹിക്കുന്നു. നിയമപരമായ അഭിപ്രായങ്ങൾക്ക് പിന്നിൽ ഇന്ന് മറഞ്ഞിരിക്കുന്നവരെയും സഭയിലെ ലൈംഗികാധിക്രമങ്ങളുടെ ശരിയായ കാരണങ്ങൾ എല്ലാം ധീരമായ പരിഷ്‌കാരങ്ങളുമായി നേരിടാൻ ഇന്നുവരെയും തയ്യാറാകാത്തവരെയും കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം കർദ്ദിനാൾ വോയ്‌ൽക്കിയെ നേരിട്ട് ആക്രമിക്കുന്നുണ്ട്.
ഒരു സ്വതന്ത്ര മൂല്യനിർണ്ണയക്കാരൻ കർദ്ദിനാൾ വോയ്‌ൽക്കിയെ തന്റെ ഡ്യൂട്ടി ലംഘിച്ചതിൽനിന്നു കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും കൊളോൺ അതി രൂപതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ രാജി വാഗ്ദാനത്തെക്കുറിച്ചു ലോകമെമ്പാടും അറിയുന്നു. കാരണം, അദ്ദേഹം അത്രയ്ക്കും മറ്റാരെയുംകാൾ അത്ര മോശക്കാരനുമല്ല. കൃസ്ത്യൻ സഭയിൽ വ്യവസ്ഥാപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് കാണുന്നവരിൽ ഒരാളാണ് മാർക്സ് എന്ന കാര്യം വ്യക്തമാക്കുന്നു.
ചില വസ്തുതകൾ
പള്ളി പ്രതിനിധികളുടെ ലൈംഗിക ദുരുപയോഗത്തിന്റെ അനന്തരഫലമായി മ്യൂണിക്ക് കർദ്ദിനാൾ റൈൻഹാർഡ് മാർക്സ് മാർപാപ്പയുടെ പക്കൽ തന്റെ രാജി വാഗ്ദാനം നൽകി. എന്നാൽ കൊളോൺ രൂപതയിൽ നടന്ന പ്രശ്നങ്ങളിൽ നടപടികൾ എടുക്കാത്ത കൊളോൺ കർദ്ദിനാൾ വോയ്‌ൽക്കി ഔദ്യോഗിക ഓഫീസിൽ പറ്റിപ്പിടിച്ചു എന്നാണ് സംസാരവിഷയം. അദ്ദേഹവും കർദ്ദിനാൾ മാർക്സിന്റെ രാജിയെ സ്വാഗതം ചെയ്തിരുന്നു. "ഞങ്ങൾ ചർച്ച" എന്ന പ്രസ്ഥാനം കർദ്ദിനാൾ മാർക്സിന്റെ രാജി സഭയിൽ നടന്ന ലൈംഗികദുരുപയോഗത്തിൽ ആരോപിക്കപ്പെടുന്ന മറ്റ് സഭാനേതൃത്വങ്ങൾക്ക് നേരെയുള്ള സൂചനയായി കാണുന്നുണ്ട്. കൊളോണിൽ നിന്നുള്ള കർദ്ദിനാൾ വോയ്‌ൽക്കി ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്നു പറയപ്പെടുന്നു. കർദ്ദിനാൾ മാർക്സിന്റെ രാജി വാഗ്ദാനം "മനസ്സിലാക്കാവുന്നതും സ്ഥിരതയുള്ളതും തന്ത്രപരമായിപ്പോലും ബുദ്ധിമാനും ആത്യന്തികമായി പഴക്കമുള്ളതുമാണെന്നാണ് അഭിപ്രായങ്ങൾ. രാജി നടപടിയുടെ കാര്യത്തിൽ മറ്റൊരു സൂചനയുണ്ട്. കൊളോൺ കർദ്ദിനാൾ റൈഡർ വോയ്‌ൽക്കിക്ക് ഇതൊരു മുന്നറിയിപ്പുകൂടിണെന്നും അദ്ദേഹത്തിന് അത് കടുത്ത മാനസിക സമ്മർദ്ദത്തിലേയ്ക്ക് വഴിതിരിക്കാമെന്നും ചിലർ നിരീക്ഷിക്കുന്നു.
കത്തോലിക്കാ സഭയിൽ ഒരു പുതിയ തുടക്കത്തിന് പുതിയ ആളുകളെയും ആവശ്യമുണ്ട്, പ്രത്യേകിച്ചും ദൈർഘ്യമേറിയ നടപടികൾ വഴി മന്ദഗതിയിൽ ആകാത്തവർ. "കൂടുതൽ മെത്രാന്മാരും അദ്ദേഹത്തിൻറെ മാർഗ്ഗം പിന്തുടരും എന്നും മറച്ചുവയ്ക്കാനും തന്ത്രങ്ങൾ വൈകിപ്പിക്കാനും വാക്കാൽ മാത്രമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും" പ്രതീക്ഷകൾ മാത്രമാണ്. കത്തോലിക്കാ സഭയിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ദുരുപയോഗ അഴിമതിയിൽ നിന്ന് അദ്ദേഹം ചില നിഗമനങ്ങളിൽ എത്തിച്ചേരുകയാണുണ്ടായതെന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭ ഇന്ന് ഒരു "നിർജ്ജീവ അവസ്ഥ"യിലേക്ക് എത്തിയിട്ടുണ്ടെന്ന് മാർപാപ്പയ്ക്ക് എഴുതിയ രാജിക്കത്തിൽ കർദ്ദിനാൾ മാർക്സ് എഴുതി എന്നാണ് എന്നും ഇത് ഒരു ശക്തമായ സിഗ്നലാണ് എന്നുമാണ് സഭാ സിനോഡൽ അംഗവും പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനുമായ പ്രൊഫസർ ജൂലിയ നോപ്പും അഭിപ്രായപ്പെട്ടത്.
എന്തൊക്കെയായാലും അവസാനം ആരെങ്കിലും ഖേദം പ്രകടിപ്പിക്കുകയോ മാത്രവുമല്ല, വ്യക്തിപരമായ നിഗമനങ്ങളിലും എത്തിച്ചേരുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷത്തെ തുടക്കം മുതൽ സിനഡൽ പരിഷ്ക്കരണ പ്രക്രിയയിൽ സ്ത്രീകളുടെ സ്ഥാനം, അധികാരത്തിന്റെ ഉപയോഗം, ദുർവിനിയോഗങ്ങൾ, കത്തോലിക്കാ സഭയിലെ ലൈംഗിക ധാർമ്മികത, പൗരോഹിത്യം തുടങ്ങിയ വിഷയങ്ങൾ നിരീക്ഷണത്തിലുണ്ട്. സഭയ്ക്കുള്ളിലെ ടീം കളിക്കാരുടെ കൂടെ മെത്രാന്മാർക്കൊപ്പം പരിഷ്ക്കർത്താക്കളുടെ ക്യാമ്പിലേക്ക് റൈൻഹാർഡ് മാർക്സിനെയും കൂട്ടുവാൻ ചിലർ ചിന്തിക്കുന്നു. ആവശ്യം തികച്ചും ശക്തവും ആണ്. എന്നാൽ, അദ്ദേഹം ഇത് വ്യക്തമാക്കുന്നു, "ഒരു ബിഷപ്പ് എന്ന നിലയിൽ ഞാൻ സ്ഥാപനപരമായ പരാജയത്തിന്റെയും സഭാകുറ്റബോധത്തിന്റെയും ഒരു പ്രതിനിധിയാണ്, എങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല,". "നമ്മൾ ചർച്ച്" എന്ന പരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ വക്താവ് മാർക്സിനെ "റാറ്റ്സിൻഗേറിയൻ" ആണെന്ന് ചിലരെല്ലാം വിമർശിച്ചു. അതായത് മുൻ മാർപാപ്പ റാറ്റ്സിൻഗരുടെ ആദർശ പിൻഗാമി എന്ന വിവക്ഷ. സഭയെ ദൈവത്തിന്റെ ജനമായി മനസ്സിലാക്കുന്നതിനു പകരം മാറ്റാനാവാത്ത ഓഫീസ്ഘടനയുള്ള ഒരു സ്ഥാപനമെന്ന നിലയിലാണ് അദ്ദേഹത്തെ സഭയിൽ നിശ്ചയിച്ചിരുന്നത്.
ഒരു ബിഷപ്പ് എന്നനിലയിൽ ശ്രേണി-സ്വേച്ഛാധിപത്യ സ്വഭാവമുള്ള മാനേജർ ഇന്ന് സഭയിൽ ആവശ്യക്കാരനല്ല. മറിച്ച്, പുതിയ വഴികൾ കണ്ടെത്താനുള്ള ധൈര്യമുള്ള ഒരു പാസ്റ്ററെയാണ്, അഥവാ ഒരു മോഡറേറ്ററെയാണ് ആവശ്യം. കഴിഞ്ഞവർഷം ബിഷപ്‌സ് കോൺഫറൻസിൽ നിന്നും മാർക്സ് രാജിവച്ചപ്പോൾ നിലവിലെ നടപടിയെക്കുറിച്ചും സൂചിപ്പിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. ഒരു മുൻ ഫെഡറൽ ജർമ്മൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന Mrs. അനെറ്റ് ഷവാൻ CDU party) കർദ്ദിനാൾ മാർക്സിന്റെ രാജിക്കത്ത് ശക്തമായ സൂചനയായി ഈയിടെ വിശേഷിപ്പിച്ചു. ഇനിയും സഭ പുതുക്കപ്പെടാൻ ആഗ്രഹിക്കാത്തവരുടെ എല്ലാ സ്വാധീനം കുറയുകയും പ്രസക്തമാവുകയും ചെയ്യും, സാർവത്രിക സഭയിൽ കർദ്ദിനാൾ മാർക്സ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ബോദ്ധ്യമുണ്ടെന്നുമാണ് മുൻമന്ത്രി അഭിപ്രായപ്പെട്ടത്.
കാറ്റ് എങ്ങനെ എങ്ങോട്ട് വീശുന്നുവെന്ന് ആർക്കറിയാം?
മാർപാപ്പ കർദ്ദിനാൾ മാർക്സിന്റെ രാജി വാഗ്ദാനം നിരസിച്ചു.
കർദ്ദിനാൾ റൈൻഹാർഡ് മാർക്സ് മറ്റുള്ളവർക്കുവേണ്ടിയും പ്രതിസന്ധിയുടെ ഉത്തരവാദിത്വം പങ്കിടാൻ ആഗ്രഹിക്കുന്നു. കർദ്ദിനാൾ മാർക്സ് സഭയുടെ ഒരു അന്തിമഘട്ടത്തെക്കുറിച്ചു സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയ്ക്ക് രാജി വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷെ, ഫ്രാൻസിസ് മാർപാപ്പ മാർക്സിന്റെ രാജിക്കത്ത് നിരസിച്ചു. അതുപക്ഷേ ലോകമാകെ ചർച്ചാവിഷയമായിട്ടുണ്ട്. മ്യൂണിക്കിലെയും ഫ്രെയ്‌സിംഗിലെയും ആർച്ചുബിഷപ്പായിത്തന്നെ തുടരാൻ മാർപാപ്പ ആവശ്യപ്പെട്ടു. സഭയിലെ ലൈംഗിക ചൂഷണത്തിന്റെ ദുരന്തത്തെ കണ്ടിട്ടാണ് മാർപാപ്പയ്ക്ക് രാജി നൽകിയത്. എന്നിരുന്നാലും കത്തോലിക്കാ സഭയുടെ തലവൻ കരുതുന്നത് ഇപ്രകാരമാണ്. മ്യൂണിക്കിലെയും മാത്രമല്ല ഫ്രയ്‌സിംഗിലെയും തന്റെ ചുമതലകളെല്ലാം തുടർന്നും തന്റെ ഓഫീസിൽ ഏറ്റെടുക്കേണ്ടതാണ്. സ്പാനിഷ് ഭാഷയിൽ എഴുതിയ ഒറിജിനൽ മറുപടിയിൽ പരിശുദ്ധ പിതാവിന്റെ താല്പര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. //-(തുടരും).
***********************************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.