Montag, 5. Juli 2021

ധ്രുവദീപ്തി // യാത്രാവിവരണം// (Part 2 ) അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം - //.ബ്രൗണൗവിലെ സിംഹക്കൂടിനരികെ //- ജോർജ് കുറ്റിക്കാട്ട്

  (Part 2 )-

അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം- 

-ബ്രൗണൗവിലെ സിംഹക്കൂടിനരികെ- -

ജോർജ് കുറ്റിക്കാട്ട് 

  മ്യൂണിക് നഗരത്തിൽനിന്നും അഡോൾഫ് ഹിറ്റ്ലറുടെ ജന്മനാട് ഓസ്ട്രിയയുടെ കിഴക്ക് അതിർത്തിയിലെ ബ്രൗണൗവിലേയ്ക്ക് നേരിട്ട് പോകുവാൻ ഭാഗികമായി മാത്രമേ ഓട്ടോബാൻ (ഹൈവേ) സൌകര്യമുള്ളൂ. എളുപ്പവഴിതേടി ഉൾനാടൻ മനോഹര ഗ്രാമങ്ങളും പാലങ്ങളും ചെറു പട്ടണങ്ങളും തൊട്ടുരുമ്മികടന്നുപോകുന്ന വിജനമായ നാട്ടുപാതകളും ഞങ്ങൾ തിരഞ്ഞെടുത്തു.

കൊയ്ത്തുകാലം കഴിഞ്ഞു ശൂന്യമായി കണ്ണെത്താദൂരത്തിൽ നീണ്ടുപരന്നു കിടക്കുന്ന ചെറുതും വലുതുമായ ചോളകൃഷിപ്പാടങ്ങൾ. പക്ഷികൾക്ക് വിരുന്നൊരുക്കുന്ന വിരുന്നുശാലകളാണെന്ന് തോന്നും. ഞങ്ങൾ കാർ നിറുത്തി നോക്കിനിന്നു. മനംകുളിർക്കുന്ന പുത്തൻകാഴ്ചകൾ. കാക്കകൾ, കൊക്കുകൾ, കുരുവികൾ അവരെല്ലാം അവിടെയുണ്ട്. ശാന്തരായി, വളരെ നിശബ്ദമായി അവർ ഭക്ഷണം തേടുന്നു, ആസ്വദിക്കുന്നു. ആരും അവർക്ക് തടസം ഉണ്ടാക്കുന്നില്ല. തീരെ വിജനമായ ഗ്രാമീണ റോഡുകൾ, പച്ചവിരിച്ച മനോഹര പുൽമേടുകൾ, കടന്നുപോകുന്ന ചെറു ഉൾനാടൻ  ഗ്രാമങ്ങൾ, അപൂർവമായി കാണാവുന്ന ചില കൃഷിക്കാരുടെ വീടുകൾ, ഉപകരണ മെഷീനുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഇവയെല്ലാം ജർമൻ- ഓസ്ട്രിയൻ അതിർത്തിപ്രദേശങ്ങളിലെ ഞങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത മായാത്ത സ്മരണകളായി മാറി.


 "ഇൻ" നദിയുടെ കരയിലെ  മാർക്റ്റൽ ഗ്രാമം

"ഇൻ" നദിയുടെ കരയിലിരിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് "ആൾട്ട് ഒട്ടിംഗ് ". അവിടെയുള്ള അഞ്ഞൂറ് വർഷങ്ങൾ പഴക്കമുള്ള "ഗ്നാടൻ കപ്പേള" (Gnadenkirche) എന്ന ചെറിയ ദേവാലയം പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. അവിടെ നിന്നും ഏതാണ്ട് പത്തു മിനിറ്റ് സമയം കാറോടിച്ചാൽ "മാർക്ടൽ" എന്ന് പേരുള്ള മറ്റൊരു ചെറിയ മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരാം. Marktl am Inn - Geburtsort von Papst Benedikt XVI


മാർക്ടൽ ഗ്രാമവും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും .

 ബനഡിക്ട് പതിനാറാമൻ പാപ്പ     

ആൾട്ട് ഒട്ടിംഗിൽനിന്നും ഞങ്ങൾ മാർക്ടലിലേയ്ക്ക് പോയി. ഈ ചെറുഗ്രാമം ലോക പ്രസിദ്ധമാണ് . ഏറെ വർഷങ്ങൾക്കു മുമ്പ് ഗ്രാമത്തിനു മദ്ധ്യത്തിൽ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു. മാർക്ടൽ 13-)0 നൂറ്റാണ്ടിൽ "ഗ്രാഫ് ഫൊൻ ലെയൊൻബർഗ്(ഏൾ)" ആണ് സ്ഥാപിച്ചത്. അവിടെ പോലീസ് ഓഫീസർ ആയിരുന്ന (Gendarmerie Master) ജോസഫ് റാറ്റ്സിങ്ങരുടെ പുത്രൻ ആയി രുന്നു 1927 ഏപ്രിൽ 16-നു ജനിച്ച ആലോയ്സിയുസ് ജോസഫ് റാറ്റ്സിങ്ങർ. അദ്ദേഹമാണ് പിന്നീട് കത്തോലിക്കാ സഭയുടെ തലവൻ ആയിരുന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ.

 ബനഡിക്ട് പതിനാറാമൻ മാർപാപ്പ ജനിച്ച വീട്

ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു മാർപാപ്പമാരിൽ ഒന്നാമൻ ആണ്. ഇക്കാലത്തും    മാർക്റ്റലിൽ കാണപ്പെടുന്ന മുൻകാല പോലീസ് സ്റ്റേഷന്റെ മുകളിൽ അന്ന് ഉണ്ടായിരുന്ന അപ്പാർട്ട്മെന്റിൽ ആണ് അദ്ദേഹം ജനിച്ചത്‌. അവിടെയാണ് മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചത്. ഈ ഭവനം ഇന്ന് പോലീസ് സ്റ്റേഷൻ അല്ല, ലോകത്തിനായി തുറന്നിരിക്കുന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പ( 2005-2013) ഏഴു വർഷവും 10 മാസങ്ങളും 9 ദിവസങ്ങളും സേവനം ചെയ്ത ശേഷം സ്വയം പദവിയിൽ നിന്നും പിന്മാറി. സഭാചരിത്രത്തിൽ ചില ജർമ്മൻ വംശജരായിരുന്ന മാർപാപ്പാമാരിൽ എട്ടാമനായിരുന്നു.

ഞങ്ങൾ മാർപാപ്പ ജനിച്ച മുറിയിൽ.

 ലേഖകൻ ജോർജ് കുറ്റിക്കാട്ടും ഭാര്യ ലൂസിയും 

  മാർക്ടലിൽനിന്നും 11 കിലോമീറ്റർ അകലെ ഓസ്ട്രിയയുടെ അതിർത്തിയിലെ ബ്രൗണൗവിലേയ്ക്കാണ് തുടർന്നുള്ള ഞങ്ങളുടെ യാത്ര. "ഇൻ" നദിയുടെ പാലം കടന്നു ബ്രൗണൗവിലേയ്ക്ക് ലക്ഷ്യം വച്ചു തിരിഞ്ഞ എന്റെ ചിന്തകൾ  ഇതായിരുന്നു: ഈ മനോഹരമായ ഇൻ നദിയുടെ ഓരങ്ങളിളുടെ അപ്പുറത്തും ഇപ്പുറത്തുമായി വെറും പതിനൊന്നു കിലോമീറ്റർ അകലത്തായി, ചരിത്രം വിറയ്ക്കുന്ന, മറ്റൊന്ന്, ചരിത്രം അത്ഭുതപ്പെടുന്ന, ചരിത്രം എന്നേയ്ക്കുമായി നിത്യസ്മാരകം പോലെ വേറിട്ട് ചേർത്തു വയ്ക്കുവാൻ രണ്ടു വ്യത്യസ്തപ്പെട്ടതായ അപൂർവ്വ ചരിത്രവ്യക്തിത്വങ്ങളുടെ ജനനവീടുകൾ അടുപ്പിച്ചു ചേർത്തു വച്ചത് എന്തിനായിരുന്നു ? അതിൽ ഒന്ന് ബൗണൗ ഗ്രാമത്തിലും മറ്റേ ഭവനം  മാർക്ടൽ ഗ്രാമത്തിലും ?

ഹിറ്റ്ലറുടെ ജനനസ്ഥലം, ഭവനം 

 ഹിറ്റ്‌ലർ ജനിച്ച വീട് 

'ഇൻ' നദിക്കരയിലെ ബ്രൗണൗവിന്റെ പേര് ഇന്ന് അഡോൾഫ് ഹിറ്റ്ലറുടെ ജന്മസ്ഥലമെന്നാണ് അ റിയപ്പെടുന്നത്. ചരിത്രത്തിനു ഒരിക്കലും മായ്ക്കാ നാവാത്ത  സംഭവങ്ങൾക്ക്, രണ്ടാം ലോകമഹാ യു ദ്ധത്തിനും ഫാസിസത്തിനും തുടക്കമിട്ട, ലക്ഷക്ക ണക്കിനുള്ള മനുഷ്യക്കുരുതിക്കും അടിസ്ഥാന മിട്ട സ്ഥലം. ജർമനിയിലെ നാഷണൽ സോഷ്യലി സ്റ്റുകളുടെ ഭീകര ജന്മത്തിന്റെ ചരിത്രം ഓർമ്മി പ്പിക്കുന്ന പൊക്കിൾക്കൊടിയായിരുന്നു, ബ്രൗണൗ.

നാഷണൽ സോഷ്യലിസ്റ്റ് പൂർവ്വകാല ചരിത്രത്തിന്റെ തടസ്സപ്പെട്ടു കിടന്ന കുടിശിഖ ജോലികൾ 1980 കളുടെ അവസാനം കുറെ തടസ്സങ്ങളോടെയെങ്കിലും വീണ്ടും ആരംഭിച്ചു. അതിൽ വളരെ ശ്രദ്ധയേറിയ ഒരു വലിയ സംഭവമാണ്, 1989 ഏപ്രിൽ മാസം 20-ന് അഡോൾഫ് ഹിറ്റ്ലറിന് 100 വയസു തികയുന്ന ദിവസം. ബ്രൗണൗവിന്റെ നഗരപിതാവായിരുന്ന 'ഗെർഹാർഡ് സ്കിബ'യുടെ തീരുമാനപ്രകാരം അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഭവനത്തിനു മുൻപിൽ ഒരു കരിങ്കൽ പാളിയിൽ യുദ്ധത്തിനും ഫാസിസത്തിനുമെതിരെയുള്ള ഒരു "അനുശാസനം" തീർത്ത്‌ അവിടെ സ്ഥാപിച്ചു. അനുശാസനം എഴുതുവാനുപയോഗിച്ച പാളിക്കല്ല്‌ 'മൗട്ട്ഹൗസൻ' എന്ന സ്ഥലത്ത് ജർമൻ നാസി കൾ നിർമ്മിച്ചിരുന്ന കോൺസെന്ട്രേഷൻ ലാഗറിൽ (യുദ്ധത്തടവുകാരുടെ ജയിൽ) നിന്നു കൊണ്ടു വന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ക്രൂരമായി മരണപ്പെട്ടവരുടെയും വധി ക്കപ്പെട്ടവരുടെയും പൂർണ്ണമായ എണ്ണം ഒരിക്കലും ചരിത്രത്തിനു രേഖപ്പെടുത്തുവാൻ കഴിയുക യില്ല എന്നത് വസ്തുതയാ ണ്. 1930-ൽ ഹിറ്റ്ലർക്കു ജന്മദേശം നല്കിയ അംഗീകാരവും ബഹുമാന്യ പൌരൻ എന്ന പദവിയും 2011 ജൂലൈ 7-നു എടുത്തുകളഞ്ഞുകൊണ്ട് നഗരസഭയുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

1889 ഏപ്രിൽ 20-നു ബ്രൗണൗവിൽ ജനിച്ച അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയൻ-ഹംഗേറിയൻ പൌരൻ ആയിരുന്നു. 1933 മുതൽ 1945 വരെ ഏകാധിപതി ഹിറ്റ്ലർ ജർമൻ റൈഷ് ചാൻസിലർ ആയിരുന്നു. 1933 ജനുവരി 30-നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ "റൈഷ് ചാൻസിലർ" പദവിയിൽ  അധികാരത്തിലെത്തിയത്. അതിനു മുമ്പ് 1921- മുതൽ  NSDAP (നാസി പാർട്ടി) യുടെ അനിഷേദ്ധ്യ ചെയർമാനായിരുന്നു. ഇതിനിടെ 1923 -ൽ ഒരു അട്ടിമറിയിലൂടെ വൈമാറർ റിപ്പബ്ലിക് തകർത്ത് അധികാരത്തിൽ ഇരിക്കുവാനുള്ള ശ്രമവും നടത്തിയിരുന്നു.  Mein Kampf ( എന്റെ യുദ്ധം- 1925- 26 കളിൽ) എന്ന തന്റെ സ്വന്തം പുസ്തകത്തിലൂടെ നാസികളുടെ വർഗ്ഗ വിദ്വേഷ ആദർശങ്ങളും യഹൂദ വിരോധവും(Anti-semitism)  പ്രചരിപ്പിച്ചു.

 ഹിറ്റ്‌ലർ ഭവനത്തിനു മുമ്പിൽ - "അനുശാസനം"

റൈഷ് ചാൻസിലർ ആയി അധികനാളുകളാകുന്നതിനുമുമ്പ് തന്റെ ഭീകര ആദർശങ്ങൾ ഓരോ ന്നായി നടപ്പിൽ വരുത്തിത്തുടങ്ങി. ജർമനിയിലെ മറ്റുള്ള രാഷ്ട്രീയപാർട്ടികളെ നിരോധിച്ചു. ഭരണഘടനാവകാശങ്ങൾ നിരോധിച്ചു, അഭിപ്രായ സ്വാതന്ത്ര്യം നിരോധിച്ചു, തന്റെ എല്ലാതര ത്തിലുമുള്ള രാഷ്ട്രീയ എതിരാളികളെ കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ അടച്ചുകൊന്നു കളഞ്ഞു. അത് ചെന്ന് കലാശിച്ചത് ഒരു രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്കും. തന്റെ അതിക്രൂ രമായ രാഷ്ട്രീയം ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കി. അവർ യഹൂദരും, സിന്ധിയും, റോമയും, അതിലേറെ വിദേശികളും, ജർമൻകാരും, അംഗവൈകല്യമുള്ളവരും രോഗികളും ആയിരുന്നു. ജർമനിയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയ്ക്കും മഹാ യുദ്ധം കാരണമാക്കി.

ബ്രൗണൗ നഗരത്തിൽ.

ബ്രൗണൗ നാഗരത്തിലേയ്ക്ക് കടന്നപ്പോൾ വഴിവക്കിലൂടെയുള്ള നടപ്പാതയിൽ നടന്നകന്നു പോയിരുന്ന ആരെയും വിളിച്ചു നിറുത്തി അവരോട് അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് എവിടെയായിരുന്നെന്ന് ചോദിച്ചറിയാൻ കാറിൽ ഇരുന്ന എന്റെ സഹയാത്രികർ ആരും തയ്യാറായില്ല. അങ്ങനെയൊരു ചോദ്യത്തിന് ലഭിക്കാവുന്ന ഉത്തരത്തെപ്പറ്റിയുള്ള ഭയാശങ്കകൾ എന്റെ സഹയാത്രികരെ വല്ലാതെ ബാധിച്ചിരുന്നു.!

 ഹിറ്റ്‌ലർ ജനിച്ച വീട് -(ഇന്നത്തെ ദൃശ്യം)

മാനവചരിത്രം വഴിമുട്ടിപകച്ചു നിന്നുപോയത് മനുഷ്യത്വം മരണപ്പെട്ട് പോയ ശൂന്യതയുടെ ഇരുണ്ട ഇരുപതാം നൂറ്റാണ്ടിലാണ്. അഡോൾഫ് ഹിറ്റ്ലറുടെ ജന്മഗൃഹത്തേക്കുറിച്ചോ, കുടുംബത്തെപ്പറ്റിയോ മാത്രം ആണ് ഞങ്ങൾ അന്വേഷിക്കുന്നത്. അതുപക്ഷെ സമീപത്തെവിടെയെങ്കിലുമോ അഥവാ അതിന് തൊട്ടു മുറ്റത്തോ പോലും ജർമനിയിൽ നിന്നെത്തിയ ഞങ്ങൾക്ക് സഹായകമായി ഓരോ ചരിത്രവിശേഷങ്ങളും സവിശേഷതകളും വിവരിച്ചു പറഞ്ഞുതരാൻ ആരെങ്കിലും അവിടെ ഉണ്ടായിരിക്കുമെന്നാണ് ഞങ്ങളപ്പോൾ കരുതിയത്‌. എന്നാൽ അതുണ്ടായില്ല.

 ഹിറ്റ്‌ലർ ജനിച്ച വീട്

"ഇൻ" നദിയുടെ പാലം കടന്നയുടൻ തന്നെ ഞങ്ങൾ ആദ്യം മുന്നിൽ കണ്ട പെട്രോൾ പമ്പിലെ ഒരു ഓസ്ട്രിയക്കാരൻ ജോലിക്കാരനോട് ഞങ്ങളുടെ ലക്ഷ്യങ്ങൾക്കും അവയറിയാനുള്ള ആഗ്രഹങ്ങൾക്കും സംശയങ്ങൾക്കും ഒരുത്തരം കണ്ടെത്താൻ ഒരു ശ്രമം നടത്തി നോക്കി. ഓസ്ട്രിയക്കാരെല്ലാവരും ജർമൻ ഭാഷ തന്നെയാണ്‌ സംസാരിക്കുന്നത്. ഒരല്പം വ്യത്യസ്തമായ ഉച്ചാരണരീതിയുടെ "ആല്പൻ" മാധുര്യം അനുഭവപ്പെട്ടു. ഞങ്ങൾക്ക് രണ്ടു കാര്യങ്ങൾ വളരെവളരെ തൃപ്തികരമായി അനുഭവപ്പെട്ടു. കുറഞ്ഞ ദൂരത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ജർമനിയുടെ അതിർത്തി കടന്ന് ഓസ്ട്രിയയുടെ അകത്തു പ്രവേശിച്ച ഞങ്ങൾക്ക് കാറിനുള്ള ഇന്ധനം ഞങ്ങൾ ചെന്നെത്തിയ പെട്രോൾപമ്പിൽ നിന്നും വില കുറഞ്ഞു ലഭിച്ചു. ജർമനിയിൽ കൊടുക്കെണ്ടിയിരുന്നതിൽ ഇരുപത്തിയഞ്ചു യൂറോ കുറച്ചു മാത്രമേ അവിടെ കൊടുക്കെണ്ടിയിരുന്നുള്ളൂ.

 അഡോൾഫ് ഹിറ്റ്ലർ 

ഞങ്ങൾ പരിചയപ്പെട്ട ഒസ്റ്റ്രിയക്കാരൻ ചെറുപ്പക്കാരനോട്‌ ഞങ്ങളുടെ ഒളിഞ്ഞ ആഗ്രഹം തുറന്നടിച്ചു ചോദിച്ചു. ഒന്ന് ചിരിച്ചുകൊണ്ടയാൾ പറഞ്ഞു തുടങ്ങി. അവിടെനിന്നും അധികദൂരത്തിലല്ലാതെ നഗരമദ്ധ്യത്തിൽ ഇരിക്കുന്ന ഒരു മൂന്നുനില കെട്ടിടം കാണാം. അതിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. അതിനുള്ള പേര് "Lebenshilfe für behinderten ev." എന്നാണവിടെ പരസ്യ ബോർഡ് എഴുതിയിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ ഓഫീസ് എവിടെയെന്നു പെട്രോൾ പമ്പ് ജീവനക്കാരൻ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. ഈ സ്ഥാപനം ഇപ്പോൾ അംഗവൈകല്യം സംഭവിച്ച എല്ലാ മനുഷ്യർക്കും സഹായം നല്കുന്ന ഒരു അന്തർദ്ദേശീയ സംഘടനയുടെ ഓഫീസാണ്. അതേ മുറികൾ, അത് തന്നെയാണ്, അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഭവനം.// - 

*************************************************************************************************************

ധൃവദീപ്തി  ഓണ്‍ലൈൻ

 

for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.

Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.