Society //
എന്നെങ്കിലും ഹസ്തദാനം വീണ്ടും ഒരു യാഥാർത്ഥ്യമാകുമോ?
ജോർജ് കുറ്റിക്കാട്ട്
ഹസ്തദാനം |
പുതുവർഷത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വീണ്ടും പരസ്പരമുള്ള ഒരു ഹസ്തദാനം നമുക്ക് പ്രതീക്ഷിക്കാമോ?. അതുപക്ഷേ, ഭീകര പകർച്ചവ്യാധിയെ തുടർന്ന് ഭാവിയുടെ സഹവർത്തിത്വം എങ്ങനെയിരിക്കാം ? കാരണം, ഇപ്പോൾ കൊറോണ വ്യാപന പ്രതിസന്ധിയിലൂടെ സാമൂഹിക മാനദണ്ഡങ്ങളും മൂല്യങ്ങളും തലകീഴായി മാറിയിരിക്കുന്നു. പരസ്പര വിനിമയത്തിന്റെ ഒരു ഭാവിയിലെ പ്രതീക്ഷിക്കാവുന്ന അനന്തരഫലങ്ങൾ എന്ത് എന്ന് പ്രവചിക്കുക എളുപ്പമല്ലെന്നാണെനിക്കിപ്പോൾ തോന്നുന്നത്..
കൊറോണ
പകർച്ചവ്യാധി വ്യാപനം മനുഷ്യരാശിയുടെ സാംസ്കാരിക ജീവിത ചരിത്രത്തിൽ
മുമ്പെങ്ങുമില്ലാത്ത സംഭവമാണ്. ലോകം ഒട്ടാകെയുള്ള മനുഷ്യ സമൂഹം
പരിചയിച്ചിട്ടില്ലാത്ത പ്രത്യേക സാമൂഹിക ക്രമീകരണം, അത് വളരെ പെട്ടെന്ന്
എല്ലാവരും അവരുടെ സ്വന്തം പെരുമാറ്റത്തിലും സമഗ്രമായി മാറ്റണം ഇതായിരുന്നു,
മാറ്റത്തിന്റെ രീതി. ഒരിക്കലും അങ്ങനെ ഒരു ജീവിതരീതികൾ മനുഷ്യർ
ശീലിച്ചിരുന്നില്ലല്ലോ, ഒട്ടു പ്രതീക്ഷിച്ചതുമല്ല..
എന്നാൽ ഒരു ദിവസം മുതൽ അടുത്ത അനിശ്ചിത ദിവസം വരെ പരസ്പരമുള്ള ബന്ധങ്ങൾ മാറുമ്പോൾ സമൂഹത്തിന് ഇത് എപ്രകാരം അതുമായി ഇണങ്ങാൻ കഴിയും? വ്യത്യസ്ത രൂപമുണ്ടായിരിക്കുന്ന പുതുഭാവിയിൽ പരസ്പരം ഓരോരോ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും ജീവിക്കുന്നതുമെങ്ങനെയെന്നും ഭാവി അനന്തര ഫലങ്ങൾ എന്താണെന്നും ആർക്ക് നിശ്ചയിക്കാൻ കഴിയും? ലോകമാകെ നോക്കിയാൽ മനുഷ്യസമൂഹത്തിന്റെ ജീവിതശൈലികൾക്കും ആചാരാമര്യാദകൾക്കും വ്യത്യസ്ത സ്വഭാവമുണ്ടല്ലോ. ഏഷ്യൻ രാജ്യങ്ങളിലേതു പോലെ യൂറോപ്യൻ രാജ്യങ്ങളിലേതുമായി നോക്കിയാൽ പരസ്പരമുള്ള ഓരോ സ്വാഗത രീതി വ്യത്യസ്തമാണല്ലോ. ഹസ്തദാനം ചെയ്യുന്ന രീതി, ഒരു ആലിംഗനം ചെയ്യൽ, അതല്ലെങ്കിൽ കുമ്പിട്ട് നിന്ന് വന്ദനം നൽകൽ എന്നിങ്ങനെ പലവിധം ആചാര മര്യാദകൾ ലോകം കണ്ടു തുടങ്ങിയവയായിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ വ്യാപനത്തോടെ ആരും പരസ്പരം ഹസ്തദാനം ചെയ്യുന്ന ആചാരമോ ആലിംഗനമോ വ്യക്തമായി ഉപേക്ഷിച്ചു. സ്വാഗതം സൂചിപ്പിക്കുന്ന ആംഗ്യം എന്ന നിലയിൽ ഒരാളെ സ്വീകരിക്കുന്നു, അഥവാ ഒരാളോട് വിടപറയുന്നു. എന്നാൽ ചിലയിടങ്ങളിൽ വിശേഷാവസരങ്ങളിൽ മാത്രം ചിലർ ഹസ്തദാനം നൽകുന്നതും കണ്ടിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളേയോ ബന്ധുക്കളേയോ നേരിട്ട് സമീപിക്കുമ്പോൾ സന്തോഷത്തോടെ കഴുത്തിൽ കെട്ടിപ്പിടിച്ചുള്ള ആലിംഗനം ചെയ്തു സ്വീകരിക്കുന്ന പതിവ്, മാത്രവുമല്ല, ആരുടെയെങ്കിലും പിറന്നാൾ ദിവസത്തിന് തയ്യാറാക്കിയ കേക്കിലുറപ്പിച്ചു വച്ച മെഴുക് തിരികൾ ഊതി കെടുത്തിയ ശേഷം വച്ചിരിക്കുന്ന ആ കേക്ക് ഭക്ഷിക്കുമോ? അപ്പോൾ ഭാവിയിൽ ആ ആചാരവും നിലനിൽക്കുകയില്ല. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും പാൻഡെമിക് പ്രതിസന്ധിക്കുശേഷം നിത്യജീവിതത്തിലേക്ക് നാമെല്ലാം തിരിച്ചെത്തേണ്ടതുണ്ടല്ലോ.
ഇത്തരം വിഷയങ്ങളെപ്പറ്റിയുള്ള സാമൂഹിക മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന ചില അറിവുകൾ ജനങ്ങളിൽ എത്തിക്കാനുള്ള ജോലികൾ ആവശ്യമാണ്. എന്താണ് സ്വീകാര്യമായത്, എന്താണ് സ്വീകാര്യമല്ലാത്തത്, കൊറോണയുടെ വ്യാപനം എപ്രകാരം ഉണ്ടാകാം എന്നെല്ലാം പൊതുജനങ്ങളിൽ പ്രാഥമിക അറിവുകൾ നൽകുവാനും, പുതിയ ഉത്തരവാദിത്വബോധം വിവാദങ്ങൾക്ക് ഇടയാകാതെ ഉണ്ടാകുവാനും ആരോഗ്യരക്ഷാകേന്ദ്രങ്ങൾ തയ്യാറാകണം. വിവിധ കാര്യങ്ങൾ സംബന്ധിച്ച് നിലവിൽ വിവാദവിഷയങ്ങളുണ്ട്. വ്യക്തികൾ തമ്മിൽ തമ്മിൽ പാലിക്കേണ്ട സാമൂഹ്യ അകലം, പ്രത്യേകിച്ച് പ്രായമായവരുമായുള്ള അടുത്ത സമ്പർക്കം, രോഗബാധിതരും അല്ലാത്തവരുമായുള്ള അടുത്ത സമ്പർക്കങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ. ശരിതന്നെ, ഇത്തരം പെരുമാറ്റവും അവയിലൂടെ ഉണ്ടാകാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കാരണം സാമൂഹികജീവിത മൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കും.
ഇക്കാലങ്ങളോളം അവനവന്റെ ആരോഗ്യകാര്യങ്ങൾ ഒരു വ്യക്തിസ്വകാര്യം ആയിട്ടാണ് കണക്കാക്കിയിരുന്നതെന്ന് നമുക്കറിയാമല്ലോ. ഇക്കാര്യത്തിലും ആളുകളിൽ വിവിധ അഭിപ്രായങ്ങളുണ്ട്. ഓരോരുത്തനും ഇങ്ങനെയുള്ളതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എങ്ങനെ എല്ലാക്കാര്യങ്ങളും ശരിയായിത്തന്നെ നിർവഹിക്കാൻ കഴിയും? നമ്മൾ ഓരോരുത്തരുടെയും ജീവിതശൈലിയും, പെരുമാറ്റവും അവനവന്റെ ആരോഗ്യത്തെയും അതുപോലെ മറ്റുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കുമെന്നേതാണ്ട് ചിന്തിക്കാം. അടിസ്ഥാനമായ ഈ ആശയം സാമൂഹിക ഉത്തരവാദിത്വത്തിന്റെ പുതിയ അറിവിലേക്ക് നമ്മെ സഹായിച്ചേക്കാം. ഇതൊരു കാലാവസ്ഥാപ്രവചനം പോലെയാകാം. അതായത് അടുത്ത പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മനുഷ്യരാശിക്ക് ഒട്ടും നിർണ്ണയിക്കാൻ അത്ര എളുപ്പമാകുമോ?
പകർച്ചവ്യാധികളെക്കുറിച്ചും അതിനുള്ള സാദ്ധ്യതകളെക്കുറിച്ചും ജനങ്ങൾ സാവധാനം അറിയുന്നു, അതിൽ കീഴടങ്ങാൻ തയ്യാറാകാതെ എന്നമട്ടിൽ ഒരു കൂട്ടം ആളുകൾ കൂട്ടമായി ചേരുന്നുണ്ട്. ഈയൊരു പ്രവണത ലോകം എമ്പാടും കാണാവുന്നതാണ്. എങ്കിലും നാം താമസിക്കുന്ന വീട് മഴവെള്ളം വീണാൽ, താമസം ബുദ്ധിമുട്ടാകുമ്പോൾ പ്രതിവിധി കാണുവാൻ ശ്രമിക്കുമല്ലോ. അത് എന്തായാലും പുതിയ ഒരു ശുചിത്വ ധാർമ്മിക ചിന്താരീതിയും അപകടമായിട്ട് കാണേണ്ടതില്ല. പ്രാഥമികമായി കാണേണ്ടത്, ശുചിത്വമില്ലാത്തത് ധാർമ്മിക ദോഷമായി കണക്കാക്കാം. പാൻഡെമിക്കിനു ഒരു അവസാനം വന്നുവെന്നു കാണുക. ആ പ്രതിസന്ധിക്ക് ശേഷമുള്ള ഒരു കാലം വരുമല്ലോ എന്നാണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നത്. സംശയമില്ലാതെ ചില കാര്യങ്ങൾ നമുക്ക് ആവശ്യമായി സ്വീകരിക്കേണ്ടിവരുമെന്നു വേണം വിചാരിക്കാൻ. അതായത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ചില പുതിയ ശൈലികളും മാറ്റങ്ങളും കണ്ടെത്തുക എന്നത് വളരെ അവശ്യഘടകമായി മാറും. ഇപ്പോൾ ലോകമാകെ ആളുകൾക്കാശ്വാസമായി വാക്സിനേഷൻ ആളുകളിൽ നല്കപ്പെടാനുള്ള എല്ലാ ശ്രമങ്ങളും അവസാനഘട്ടത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് ഏറിയ ഭാഗവും ആ ശ്രമത്തെ അംഗീകരിക്കുന്നു എന്ന കാര്യം മാദ്ധ്യമങ്ങൾ ദിവസവും അറിയിക്കുന്നു.
നിലവിലുള്ള ആശങ്കയും ചെറുതല്ല. ആളുകളിലുള്ള ഏകാന്തത, പാൻഡെമി വ്യാപനത്തിന്റെ ഭയം, ഇതെല്ലാം വർദ്ധിക്കുന്നുണ്ട്. തമ്മിൽത്തമ്മിൽ ഉള്ള ആശയവിനിമയം സാധിക്കണമല്ലോ, അതിനായി ഓൺലൈൻ, ടെലിഫോൺ എന്നിവയുടെ പ്രയോജനങ്ങൾ ഉപയോഗപ്പെടുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് ശേഷമുള്ള കാലങ്ങളിൽ ജീവിതം എങ്ങനെ പരസ്പരം പങ്കിടുമെന്ന ആശങ്ക. അനേകം അവസരങ്ങൾ ഒത്തുചേരാനുള്ള ആവശ്യങ്ങൾ ജീവിതത്തിലെന്നും ഉണ്ടാകും. അതെല്ലാം എത്രകാലം വീഡിയോയിലും ഓൺലൈനിലും എല്ലാം സാധിക്കും ? അപ്പോൾ, ആളുകളിൽ ഏകാന്തത വർദ്ധിക്കും, പൊതുജീവിത മാനദണ്ഡത്തെ എപ്രകാരം മനസ്സിലാക്കും? ഇപ്പോഴുള്ള സാഹചര്യത്തിൽ അത് വിശദീകരിക്കാനുള്ള ഒരു പ്രവചനം എളുപ്പമല്ല. ഇപ്പോൾത്തന്നെ ദൈനംദിന ജീവിതത്തിൽ ഉണ്ടായ ശക്തമായ മണ്ണൊലിപ്പുപോലെയാണ് മാനുഷികമായ പരസ്പര സമ്പർക്കത്തിൽ ഉണ്ടായിരിക്കുന്ന വിടവ്. നമ്മുടെ ലോകം കാണാത്ത പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് കുതിക്കുകയാണ്. ജനങ്ങൾ ഈ സാഹചര്യത്തിൽനിന്നും രക്ഷപ്രാപിക്കാനുള്ള വാക്സിനേഷൻ വൈകാതെ ലഭിക്കുമെന്ന വാർത്ത ആശ്വാസകരമായി മാറുന്നുമുണ്ട്. പാൻഡെമികിൻറെ അതിശയകരമായ അതിവേഗ വ്യാപനത്തിൽ നിന്നും മാറിനിന്നുള്ള സാമൂഹ്യ ബന്ധങ്ങൾ മുൻകാലത്തേതുപോലെ ഉറപ്പിച്ചു മുന്നോട്ടുള്ള ജീവിതവഴികൾ തുറക്കുവാനും നാം പഠിക്കണം. അതല്ലെങ്കിൽ മരണപ്പെടുവാൻ പാടില്ലാത്ത അനേകം ആളുകൾ വരുംനാളുകളിലും മരിക്കുമെന്ന് ഇതിനകംതന്നെ നാം മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രീയവൃത്തങ്ങൾ എന്തെല്ലാം പറഞ്ഞാലും, മരണം, അതിന്റെ വില വളരെ കൂടുതലാണ്.
കൊറോണ പ്രതിസന്ധിയ്ക്ക് ഒരവസാനം ഉണ്ടാകുമെന്നുള്ള ചില ചിന്തകൾ ചിലരിൽ ഉയരുന്നുണ്ട്. അപ്പോൾ ആ പ്രതിസന്ധിക്ക് ശേഷമുള്ള നമ്മുടെ ഭാവി ജീവിതം എങ്ങനെ മാറ്റപ്പെടുമെന്നും നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് ആളുകളുടെ നഗരജീവിതവും, ഗ്രാമങ്ങളിലെ മറ്റൊരു ജീവിതവും തമ്മിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. കൊറോണ പാൻഡെമിക് ഒരു പ്രതിസന്ധിപോലെ മാത്രമല്ല, അത് ഏറെ അപകടകരവും വെല്ലുവിളികൾ നിറഞ്ഞതുമാണ് എന്ന് ആളുകൾക്ക് ബോധ്യമായിട്ടുണ്ട്. ആ മാറ്റങ്ങളെല്ലാം ഏതെല്ലാം മേഖലകളിൽ ആണ് നടക്കുന്നതെന്ന് സാവധാനം മനസ്സിലാകും. 2020 ലെ വിചിത്രമായ ഒരു വർഷം അവസാനിച്ചു. ഇപ്പോഴും കൊറോണയുടെ വ്യാപനം തടയുവാൻ മനുഷ്യരാശി പോരാടുകയാണല്ലോ. എന്നിരുന്നാലും ഈ പാൻഡെമിക് നിസംശയമായും മനുഷ്യരുടെ സാമൂഹിക ജീവിതത്തെയാകെ മറ്റൊരു ശൈലിയിലേക്ക്ള്ള മാറ്റം ധ്വരിതപ്പെടുത്തുന്നുണ്ട്.
കൊറോണ പാൻഡെമിക് ലോകത്തെയാകെ നിയന്ത്രണത്തിലാക്കി മനുഷ്യ ജീവിതത്തിന് മറ്റൊരു ദിശയിലേക്ക് വഴിത്തിരിക്കുകയാണ്. ഒരുപക്ഷെ അത് ഭാവിയിൽ എന്നും പ്രതികൂലമായിരിക്കണമെന്നുമില്ല. ഓരോ പുതിയ പാഠം നാം പഠിക്കുന്നു. അതായത്, ഓരോ പ്രതിസന്ധിയും പുതിയ വഴികളെയോ അവസരങ്ങളെയോ സൃഷ്ടിക്കുന്നുണ്ട് എന്നാണല്ലോ പറയുന്നത്. പ്രതിസന്ധി പുതിയ മാറ്റങ്ങൾ ഉണ്ടാകുവാൻ കാരണമാക്കുന്നു. അതിനു ചില ഉദാഹരണം നമുക്ക് ദർശിക്കുവാൻ കഴിയും. കൂടുതൽ ആളുകൾ കൃഷിഭൂമികളിലേക്ക് അവരുടെ ശ്രദ്ധ കൂടുതലായി കാണിച്ചുതുടങ്ങിയിരിക്കുന്നു. യൂറോപ്പിൽ ആളുകൾ അവരുടെ സ്വന്തം ഗാർഡനുകളിൽ പലതരം പച്ചക്കറി കൃഷികൾ തുടങ്ങിയവ സ്വന്തമായി ഉത്പ്പാദിപ്പിക്കുവാനേറെ സമയം കണ്ടെത്തുന്നുണ്ട്. ആളുകൾക്ക് പ്രകൃതിയിൽ ഏറെ താൽപ്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. അതുപോലെ അതാത് കൃഷിസ്ഥലങ്ങളിൽ മൃഗങ്ങളെയും മറ്റും കൂടുതൽ വളർത്തുന്നതിൽ താൽപ്പര്യം ഉണ്ടായിരിക്കുന്നു. അതായത്, ഒരു നഗരജീവിതം ഇത്തരം കാര്യങ്ങൾക്ക് നല്ലതല്ല എന്ന് മനസ്സിലാക്കിയവർ ഗ്രാമങ്ങളിലേയ്ക്ക് കടന്നുവരുന്ന പ്രവണത കൂടുതലായി കാണുന്നു. പ്രകൃതിപ്രതിഭാസങ്ങളും ജന്തുജാലങ്ങളും ഒക്കെ ജീവിതത്തിനു മറ്റൊരു നിറം പകരുന്നു. എതിർവശം നോക്കിയാൽ പുതിയ ഒരു നഗര ആസൂത്രണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും.
കൊറോണ വ്യാപന പ്രതിസന്ധിയിൽ ഏതുതരത്തിലുള്ള മാറ്റങ്ങളാണ് നാം ശ്രദ്ധിച്ചു കണ്ടത്? പലവിധത്തിലും ലോകമാകെപ്രതീക്ഷിക്കാത്ത മാറ്റങ്ങൾ കണ്ടുകഴിഞ്ഞു. ജനസാന്ദ്രതയേറിയ മഹാനഗരങ്ങളിലേക്കുള്ള ആളുകളുടെ വരവിന് വളരെയേറെ കുറവ് കണ്ടു. അതേസമയത്ത് ഗ്രാമങ്ങളിലും ചെറിയ പട്ടണപ്രദേശങ്ങളിലും വളരെ പെട്ടെന്ന് പോയി, ഷോപ്പിംഗ്, മറ്റുചില വിനോദം, മറ്റു ജീവിതാവശ്യങ്ങളും അതുപോലെ പ്രധാനമായ ഓരോ പ്രവർത്തനങ്ങളും നിർവഹിക്കാൻ എത്തിച്ചേരാനാകുന്ന ദൂരത്തിലുള്ള സ്ഥലങ്ങളിൽ പോകാൻ ആളുകളേറെ ഇഷ്ടപ്പെട്ടു തുടങ്ങി. അതുപോലെയാണ് താമസം, ജോലി, വീട്, തുടങ്ങിയ പലവിധ കാര്യങ്ങൾക്കും പ്രദേശങ്ങളുടെ തെരഞ്ഞെടുക്കലിൽ കൂടുതൽ പ്രാധാന്യം കാണുന്നു. അതുപോലെ കുടുംബബന്ധങ്ങളുറപ്പിക്കുന്ന അടുപ്പം, സ്നേഹ സൗഹൃദ ബന്ധങ്ങളും മറ്റും പരീക്ഷിക്കപ്പെടുന്നു; അപ്പോൾ, ആരാണ്, തങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ളതെന്ന് പാൻഡെമിക് വ്യാപന പ്രതിസന്ധി കാണിക്കുന്നുണ്ടെന്ന് വേണം കരുതാൻ. കുടുംബാംഗങ്ങൾ, ഉദാ: ഭാര്യാ-ഭർത്താക്കന്മാർ, കുടുംബങ്ങളുടെയടുത്ത സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാവിഭാഗങ്ങളിൽപ്പെട്ടവരെയും ബാധിക്കും. ഇങ്ങനെ വളരെക്കാലങ്ങളായി ലോക്ക്ഡൗൺ നിയന്ത്രണം മൂലം മാനസിക സമ്മർദ്ദം ഉണ്ടായിട്ടുള്ള അനേകം ആളുകൾക്ക് സഹായകമായ പരിഹാരം സമൂഹംതന്നെ വേഗം പരിഹാരങ്ങൾ കണ്ടുപിടിക്കണം. സാമൂഹിക സമ്പർക്കം ഉപേക്ഷിക്കപ്പെട്ട ഒരവസ്ഥയുണ്ട്. എന്നാൽ ഇപ്പോൾ ആളുകൾ വ്യക്തിഗത സമ്പർക്കത്തെയും അതുപോലെ ചില അടുത്ത സുഹൃത്തുക്കളെയും കൂടുതൽ വിലമതിക്കുന്നുണ്ട്. കോറോണയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ മുമ്പ് സമ്പർക്കത്തിലിരുന്ന സുഹൃത്തുക്കളും ആയിട്ട് മെച്ചപ്പെട്ട സമ്പർക്കം ഇപ്പോൾ വിവിധതരത്തിൽ ,ഉദാ: ഓൺലൈനിൽ കാണുന്നത് സാധാരണമായിരിക്കുന്നു,.പരിചയപ്പെട്ടുവരുന്നു.
ഭാവിയിൽ കൊറോണ പ്രതിസന്ധിപോലെ ഭീകര സാഹചര്യം മനുഷ്യരാശി ആവർത്തിച്ചു നേരിടേണ്ടിവന്നാൽ പ്രതിസന്ധികളെ നേരിടാൻ ആധുനിക സാങ്കേതിക വത്ക്കരണത്തിന്റെ ഉപയോഗം കൊണ്ട് വ്യക്തികൾക്കും ഓരോ സംഘടനകൾക്കും സർക്കാരിനും പൊതുവെ സ്വയമേ പ്രതിസന്ധി നേരിടാൻ കഴിയും എന്ന് കാണിക്കുന്നതാണ് സർക്കാരും കമ്പനികളും ഒറ്റരാത്രികൊണ്ട് എന്ന വിശേഷണത്തിൽ പറഞ്ഞാൽ ഹോം ഓഫീസ് സംവിധാനം , വീഡിയോ കോൺഫറൻസ് തുടങ്ങിയ അതിവിദൂര പരിഹാര വഴികൾ സാദ്ധ്യമാക്കിയത്. പ്രത്യേകിച്ച് ലോകത്തിലുള്ള എല്ലാ കമ്പനികളും ഡിജിറ്റൈസേഷൻ വഴി നല്ല ഒരു അനുഭവസമ്പത്തായി പാൻഡെമിക് ഭീതിക്ക് ശാശ്വതമായ പരിഹാരവും നൽകുന്ന പുത്തൻ ഉത്തേജനം നൽകിയെന്ന് കമ്പനികൾ സമ്മതിക്കുന്നുണ്ട്. ഈ നല്ല അനുഭവത്തെ അടിസ്ഥാനമാക്കി ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ചിന്തിക്കുന്നു.
പാൻഡെമിക് പല കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽപ്പെട്ടത് ഭാഷയുടെ പുതിയ പുതിയ വാക്കുകളുടെ ജനനം തന്നെ. ഉദാ: രണ്ടാംതരംഗം, അകലം പാലിക്കുക, എന്നിങ്ങനെ ആയിരത്തോളം പദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ഭാഷാ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. പദങ്ങൾക്ക് ഓരോ പുതിയ സാങ്കേതിക കാര്യങ്ങളെ മനസ്സിലാക്കാൻ കഴിയുമെന്നത് പ്രധാന കാര്യമാണ്. ഒരു നിർദ്ദിഷ്ട പ്രശ്നം ആളുകൾക്ക് ഉടനടി മനസ്സിലാക്കാനുള്ള ഒരു പദം ഉണ്ട് എന്നാണ് ഇതിനു പ്രാധാന്യം.
പാൻഡെമിക് പ്രതിസന്ധിക്ക് എന്ന് ഒരവസാനം കാണും ?
ഇതൊരു പൊതു ചോദ്യമാണ്. ഓരോ പ്രതിസന്ധിക്കും ശേഷം ഒരു സാധാരണ നിലയിലേയ്ക്ക് മടങ്ങേണ്ടത് വളരെ പ്രധാനമാണ്. അതുപക്ഷേ സാധാരണ നില എന്നത് യഥാർത്ഥത്തിൽ എന്താണർത്ഥമാക്കുന്നത്?, ഒരു പാൻഡെമിക് ദുരന്തത്തിനുശേഷം അത് ശരിക്കും സാദ്ധ്യമാണോ എന്ന ചോദ്യം നിത്യവും നമ്മുടെ ചെവികളിൽ ഇരമ്പുന്നു. എന്നിരുന്നാലും ആ തിരിച്ചു വരവ്, അഥവാ, ആദ്യകാലവും ഭാവികാലവും പൊരുത്തപ്പെടുത്തിയുള്ള പുതിയ ജീവിതത്തെ സ്വയം സമ്മതിച്ചു സ്വീകരിക്കണം. കൊറോണ പ്രതിസന്ധി ഒരു ചുരുങ്ങിയ കാല ഷോക്ക് ആയിട്ട് നാം കണക്കാക്കുകയും വേണം. അതിന്റെ ഓർമ്മയും സാവധാനം മറക്കുകതന്നെ വേണം. ഇതുമൂലമുണ്ടായ സാമ്പത്തിക നാശത്തെ വേഗം മറികടക്കാൻ ശ്രമിക്കുമ്പോഴും ആളുകൾക്ക് നഷ്ടമായ, അനുഭവങ്ങൾ ഓർമ്മിക്കപ്പെടുന്നു. അനേകം പേരുടെ മരണം, ജീവിതത്തോടുള്ള മനോഭാവം ശാരീരിക സമ്പർക്കങ്ങളുടെ എന്നേക്കുമുള്ള വേർപാട് എന്നിങ്ങനെ അനേക യാഥാർത്ഥ്യങ്ങളെ കൺമുന്നിൽനിന്നും മായ്ക്കാൻ എളുപ്പമല്ല. ഒരുപക്ഷെ ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകാണുമായിരിക്കാം. പലമേഖലകളിലും ഉദാ: വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, തൊഴിൽ ഇങ്ങനെയുള്ള അനേക വിഷയങ്ങളിൽ പരിഹാരമാർഗം ഉണ്ടാകണം, ഡിജിറ്ററിസഷനും മറ്റ് ഹോം ബ്യുറോ പ്രവർത്തനവും കൊണ്ട് എല്ലാം സാധിക്കുക സാധ്യമല്ല. കൊറോണ പാൻഡെമിക് വർഷങ്ങൾ ഒരുപക്ഷെ ഭാവിയിലേക്കുള്ള മുന്നറിയിപ്പുകളിൽ ഒന്നായിരിക്കും. കൊറോണ ഒരു തുടക്കം മാത്രമാണോഎന്നും സംശയമുണ്ട്. ലോകം ഒരു സാധാരണ നിലയിലേയ്ക്ക് മാറുന്നതിനുമുമ്പ് പകരം പുതിയ ഒരു പാൻഡെമിക് ലോകത്തെ മാറ്റിമറിക്കുകയില്ലെന്നു എങ്ങനെ നമുക്കറിയാം. ഇക്കഴിഞ്ഞനാളുകളിൽ ജനിതകമാറ്റം സംഭവിച്ച പാൻഡെമിക് വ്യാപിക്കുന്നു എന്ന വാർത്തകൾ ഇതിനു മുന്നോടിയായിത്തീരുകയാണോ? കൊറോണയുടെ വ്യാപനത്തോടെ ജർമ്മനിപോലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വിള്ളലുകൾ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട് എന്ന് ജർമ്മൻ സർക്കാർ സമ്മതിക്കുന്നു. അതുപോലെ മറ്റുള്ള രാജ്യങ്ങളുടെ സ്ഥിതി അതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.
കൊറോണ വ്യാപനവും മരണത്തിന്റെ എണ്ണവും വർദ്ധിച്ചതനുസരിച്ചു മറ്റു കാര്യങ്ങളിൽ, അതായത്, കാലാവസ്ഥയുടെ വ്യതിയാനങ്ങൾ, സാമ്പത്തിക മാന്ദ്യം, കൃഷിവികസനസാദ്ധ്യതകൾ, ദാരിദ്യം, എന്നിങ്ങനെയുള്ള അനേകം അടിയന്തിരകാര്യങ്ങൾ ശ്രദ്ധിക്കുന്നു. അതേസമയം ജനങ്ങൾ തിങ്ങിനിറഞ്ഞ നഗരങ്ങളിലെ സാമൂഹിക ജീവിതം തളരുകയുമാണ്. ആളുകളുടെ ആശയ വിനിമയം ഡിജിറ്റൽ വിന്യാസത്തിലൂടെ ഒതുങ്ങുന്നു. കൊറോണ വ്യാപനം ആഗോള തലത്തിലുള്ള ഭീഷണിയായിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന കടുത്ത സാമൂഹിക പിരിമുറുക്കം ദൈനംദിന ജീവിതത്തിന്റെയും സമ്പത് വ്യവസ്ഥയുടെയും അടിസ്ഥാന ഘടനയിൽ ഇളക്കം തട്ടിച്ചു. പക്ഷെ പുതിയ സാങ്കേതിക വിദ്യകൾക്ക് ഫലമുണ്ടായി, പാൻഡെമിക് വ്യാപനത്തിൽ ഏറെ താമസിയാതെ ഫലപ്രദമായ ഒരു പരിഹാരമുണ്ടാകുമെന്ന് കരുതാം. എങ്കിലും ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ ആളുകൾക്ക് ഭാവിയെപ്പറ്റി ഭയവികാരം അവസാനിക്കുന്നില്ല. അവർ സ്വകാര്യ ഇടങ്ങളിലേക്ക് ആളുകൾ ചുരുങ്ങുന്നു. പ്രാദേശിക വ്യവസായങ്ങളും അവയുടെ എല്ലാപ്രവർത്തനങ്ങളും ആഗോളതലത്തിലുള്ള മാർക്കറ്റിങ് സഹകരണവും ഒരു സ്ഥിരതയുള്ള കൂട്ട് സംവിധാനമാക്കുമെന്നു കരുതാം. അതുപോലെ ലോക കാർഷിക രംഗവും സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു..നാമെല്ലാം ഒരു കാര്യം ഒട്ടും സംശയമില്ലാതെ വിശ്വസിക്കണം. ഇപ്പോഴുള്ള പ്രതിസന്ധിയിൽനിന്നും ഭാവി ദിശകളെ മാറ്റുന്ന ചരിത്ര നിമിഷങ്ങൾ ഉണ്ടാകുമെന്നും, നമ്മളും, ഭാവിയുടെ കണക്ക്കൂട്ടലുകളിലെ ഇന്നും നാളെയും തമ്മിലൊരു ഉറപ്പായ പാലം പണിയും എന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്നം മാത്രമല്ല, പകർച്ചവ്യാധികളിലൂടെയും നാം വർത്തമാനകാലത്തിനു വിടപറഞ്ഞു സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വരും, അപ്പോൾ ഭാവിയിലെ വെല്ലുവിളികളെ നേരിടാനും നിരന്തരം പുതിയ പരിഹാരങ്ങൾ കണ്ടെത്താനും , ഇപ്പോൾ ആശങ്കയോടെ കാത്തിരിക്കുന്ന ഭാവി കാലവും പകർച്ചവ്യാധികളിലൂടെ സുരക്ഷിതമായിത്തന്നെ നമ്മോടൊപ്പം ചേർന്ന് വരുമെന്നും ഉറപ്പായിട്ട് ജീവിതത്തെ മുന്നോട്ടു കാണുക.. അങ്ങനെ നമ്മുടെ അന്വേഷിക്കുന്ന പ്രതീക്ഷകൾ വീണ്ടും യാഥാർത്ഥ്യമാകും. // -
-------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ഈബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.