Sonntag, 4. Oktober 2020

ധ്രുവദീപ്തി // ആനുകാലികം // വേളൂർ കൃഷ്ണൻകുട്ടി // കണ്ണുനീരിനും ചിരിക്കാനറിയാം.// ജോസഫ് കട്ടക്കയം



വേളൂർ കൃഷ്ണൻകുട്ടി 

കണ്ണുനീരിനും ചിരിക്കാനറിയാം.//

ജോസഫ് കട്ടക്കയം


 Joseph Kattakayam 


(മലയാളഭാഷയിലെ പ്രസിദ്ധ ഹാസ്യ സാഹിത്യകാരനായിരുന്ന അന്തരിച്ച വേളൂർ കൃഷ്ണൻകുട്ടിയെ ദീപികയിൽ ദീർഘകാലം തന്റെ സഹപ്രവർത്തകനായിരുന്ന പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ. ജോസഫ് കട്ടക്കയം  അനുസ്മരിക്കുന്നു. ..) 


1973- ൽ തുടങ്ങിയ "മാസപ്പടി മാതുപിള്ള" വേളൂർ കൃഷ്ണൻകുട്ടി എന്ന ഹാസ്യ സാഹിത്യകാരനെ ഹാസ്യസാഹിത്യത്തിന്റെ ഉയരങ്ങളിലെത്തിച്ചു. ഇതേ പേരിൽ ഇറങ്ങിയ സിനിമയ്ക്ക് കൃഷ്ണൻകുട്ടി തന്നെ സംഭാഷണം രചിച്ചു. 1984- ൽ ഇറങ്ങിയ "പഞ്ചവടിപ്പാലം" 1984 - ൽ സിനിമയാക്കി. വിശ്രുത സംവിധായകൻ കെ. ജി. ജോർജ് ദൗത്യം ഏറ്റെടുത്തതോടെ വേളൂർ കൃഷ്ണൻ കുട്ടിയുടെ സൃഷ്ടികൾക്ക് ആരാധകരേറി. 

"അമ്പിളി അമ്മാവൻ", "വേല  മനസ്സിലിരിക്കട്ടെ", "സ്വന്തത്തിലും സ്വന്തം ലംബോധരൻപിള്ള", എന്നീ രചനകളും കൃഷ്ണൻകുട്ടിയുടെ സൃഷ്ടികൾക്ക് പിൻബലമേകി. 1974- ലെ ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ധി അവാർഡ് "വേല മനസ്സിലിരിക്കട്ടെ" എന്ന (മിസ്സലേനിയസ് വർക്സ് വിഭാഗം) കൃതിക്ക് ലഭിച്ചു. കെ. കരുണാകരൻ സ്മാരക സേവാദൾ അവാർഡ് അതെ വർഷം വേളൂർ കൃണൻകുട്ടിക്ക് ലഭിച്ചു. എം. ഡി. സെമിനാരി സ്‌കൂളിലും, സി. എം. എസ്. കോളജിലും ആണ് വിദ്യാഭ്യാസം.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തിലെ കോട്ടയം ജില്ലയിലെ വേളൂർ എന്ന ഗ്രാമത്തിൽ ശ്രീ. എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി 1927- സെപ്റ്റംബർ 19- ന് വേളൂർ കൃഷ്ണൻ കുട്ടി ജനിച്ചു. കോട്ടയം എം. ഡി. സെമിനാരിയിലും, സി. എം. എസ് കോളജ് കോട്ടയത്തുമായിരുന്നു വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തകനായി "പത്രപാരായണൻ" എന്ന തൂലികാനാമത്തിൽ കോളം എഴുതുവാൻ തുടങ്ങി, തുടർന്ന് ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാകുകയും ചെയ്തു. പിന്നീട് എട്ട് വർഷങ്ങളോളം കേരളധ്വനിയുടെ പത്രാധിപ സമിതിയിൽ സേവനം ചെയ്തു. കൊച്ചിൻ സർവ്വകലാശാലയുടെ സെനറ്റിലും, ഓൾ ഇന്ത്യാ റേഡിയോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ ഉപദേശക സമിതിയിലും അംഗമായിരുന്നു. ഭാര്യയേയും മൂന്ന് മക്കളെയും ബാക്കിയാക്കി 2003 ആഗസ്റ്റ് 22- ന്,  രോഗിയായിത്തീർന്ന കൃഷ്ണൻകുട്ടി  കോട്ടയത്തുള്ള ഒരു സ്വകാര്യ ആശുപതിയിൽ വച്ച് നിര്യാതനായി. ശ്രീമതി ശാന്ത ഭാര്യയും, വിനോദിനി, കലാവിനോദിനി, വിനോദ് എന്നിവർ മക്കളുമാണ്. 

ഹാസ്യസാമ്രാട്ട്, നാടകാചാര്യൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻ കുട്ടി "പത്രപാരായണൻ" എന്ന എന്ന പേരിൽ ദീപികയിലെഴുതി ക്കൊണ്ടിരുന്ന പരമ്പര പ്രചുരപ്രചാരം നേടി. സാമൂഹ്യ-രാഷ്ട്രീയ വിമർശന ത്തിന്റെ മൊഴിമുത്തുകൾ എന്ന നിലയിൽ അദ്ദേഹത്തിൻറെ  ചിത്രരചന കൾ ശ്‌ളാഘിക്കപ്പെട്ടു. 

"പറയുമ്പോൾ എല്ലാം പറയണം". "അജ്ഞാത ഗായിക അതിലെ ഇതിലെ" "കൊടുത്ത് ഞാൻ അവനെനിക്കിട്ട് രണ്ട്" തുടങ്ങിയവ കൃഷ്ണൻകുട്ടിയുടെ ഹാസ്യാവതരണശൈലിയിലെ ചില തിളങ്ങുന്ന നുറുങ്ങുവെട്ടം മാത്രം.

സിനിമയും വാരികകളുമായുള്ള സമ്പർക്കം വേളൂർ കൃഷ്ണൻകുട്ടിയെ രചനാ ലോകത്തിന്റെ മുന്നിരയിലെത്തിച്ചു. കണ്ണീരുപ്പ് കലർന്നൊരു "വേളി"പ്പുടവ നനഞ്ഞു കുതിർന്ന രംഗം കഥാകാരന്മാർ അവതരിപ്പിക്കുമ്പോൾ മുട്ടത്ത് വർക്കിയേപ്പോലെ "തലപ്പന്തൽ ചേട്ടൻ / നല്ല നല്ല ചേട്ടൻ / തല്ലുകേല ചേട്ടൻ/ നുള്ളുകേല ചേട്ടൻ / നല്ല നല്ല ചേട്ടൻ എന്നുറക്കെപ്പാടാൻ കൃഷ്ണൻകുട്ടിക്ക് മടിയില്ല. ഒരു ദുഃഖത്തിൽ നിഴലാറുമ്പോൾ മനസ്സിലൊരു പൂവിരിയുന്നു. നോവിൻ മുൾപ്പടർപ്പിലുമെൻ ജീവിതം പൂവിൻ മനസ്‌മിതം തൂകുവാൻ തുടിക്കുന്നു എന്നുള്ള ദുഃഖം കലർന്ന രംഗങ്ങളും കൃഷ്ണൻകുട്ടിയുടെ ഓരോ രചനകളിൽ കണ്ടെന്നിരിക്കയില്ല. താനേ വാതുറന്നു ചിരിപ്പിക്കുന്ന തുറുപ്പ് ശീട്ട് ഇദ്ദേഹത്തിന് സ്വന്തം ദീപികയിൽ വാരാന്ത്യത്തിന്റെ ചുമതലക്കാരനാ യിരുന്നു വേലൂർ കൃഷ്ണൻകുട്ടി. പിന്നീട് ഫാ. അലക്‌സാണ്ടർ പൈകട C M I. വാരികയുടെ ചുമതലക്കാരനായപ്പോൾ സിനിമാ സംവിധായകനായ പി. ഭാസ്കരൻ വാരികയുടെ മുഖ്യപത്രാധിപനായി. "കണ്ണടയും ചക്രവാളവും എന്ന പേരിലുള്ള ഭാസ്കരൻ മാസ്റ്ററുടെ വാരാന്ത്യ പരമ്പര രാജ്യാന്തര പ്രീതി പിടിച്ചു പറ്റി. ജേർണലിസം കോഴ്‌സ് ഡയറക്ടർ തേക്കിൻകാട് ജോസഫ് ഭാസ്‌ക്കരൻ മാസ്റ്ററുടെ ടീമിലുണ്ടായിരുന്നു.

ഇണപ്രാവുകൾ എന്ന സിനിമയിലെ കണ്ണുനീരിന്റെ നനവുള്ള ഒരു ഗാനം ഓർമ്മയിലെത്തുന്നു. "കുരുത്തോലപ്പെരുന്നാളിന്‌ പള്ളിയിൽ പോയ് വരും കുഞ്ഞാറ്റ കുരുവികളെ.. കണ്ണീരും കയ്യുമായി നാട്ടിൻപുറത്തൊരു കല്യാണം നിങ്ങൾക്ക് കാണാം.., എല്ലാം മറന്നൊന്ന് മാപ്പ് ചോദിക്കുവാൻ എന്നിനി എന്നിനി കാണും? പക്ഷെ, "കണ്ണുനീരിനും ചിരിക്കാനറിയാം" എന്ന് കാട്ടി കൊടുക്കാനായിരുന്നു കൃഷ്ണൻകുട്ടിക്ക് ആവേശം. 

വയലാറിനൊപ്പം കവിത രചനാരംഗത്ത് ജയഭേരി മുഴക്കിയ പൊൻകുന്നം ദാമോദരന്റെ ശവദാഹത്തിനു പങ്കെടുക്കുവാൻ കോട്ടയത്തുനിന്നും പുറപ്പെട്ട മൂവർസംഘത്തിൽ വേളൂർ കൃഷ്ണൻകുട്ടിയും കഥാകാരനും ഗ്രന്ഥകർത്താവുമായ എൻ. വാസുക്കുട്ടനും, ദേശാഭിമാനി ലേഖകൻ ബിജു കുര്യനും ഉണ്ടായിരുന്നു. സംഘം പൊൻകുന്നത്തിറങ്ങി ദൈവസഹായം ഹോട്ടലിൽ പ്രഭാതഭക്ഷണത്തിന് ഇരുന്നു. വെയ്റ്റർ തളികയിൽ ചൂട് കാപ്പി കൊണ്ടുവന്നു. കൃഷ്ണൻകുട്ടിയുടെ ഒരു തമാശ കേട്ട് ഗുണ്ടുപൊട്ടുമാറുച്ചത്തി ൽ ഗ്ളാസ് കൈയിൽനിന്നും തെന്നിത്തെറിച്ചു. പിന്നെ ചിരിയുടെ നിലയ്ക്കാ ത്ത പ്രവാഹം. ചിരിയുടെ ഒരു തിര. പിന്നെയും തിര. കഥകളുടെ രാജകുമാര നായിരുന്ന കോട്ടയം പുഷ്പനാഥ് ആകട്ടെ വേളൂർ കൃഷ്ണൻകുട്ടിയുടെ മറ്റൊരു പതിപ്പാണ്.കേരളത്തിന് പുറത്തെങ്ങും യാത്രപോകാതെ ബ്രിട്ടനും, ബ്രസീലും, അമേരിക്കയും കഥയുടെ പ്രഭവകേന്ദ്രമാക്കാൻ പുഷ്പനാഥിന് കഴിഞ്ഞു. ആശ്ചര്യജനകമായ അവതരണം, അദ്ദേഹം തന്മയത്വമാക്കി കേരളത്തിന് പുറത്തു എങ്ങും സഞ്ചരിക്കാതെ ലോകാതിർത്തിവരെ സഞ്ചരിച്ച തോന്നൽ വായനക്കാരിലുണർത്താൻ വേളൂർ കൃഷ്ണൻകുട്ടിക്കും കഴിഞ്ഞു. പക്ഷെ കൃഷ്ണൻകുട്ടി ജർമ്മനിയിലെ ഹോപ്സ്റ്റൺ നഗരത്തിൽ നടത്തപ്പെട്ട കേരളമേള എന്ന പരിപാടിയിൽ അദ്ദേഹം നേരിട്ട് സംബന്ധിച്ചു. മലയാള ലോകത്ത് എഴുത്തിൽ അദ്ദേഹം രചനയുടെ വൈവിധ്യം സൃഷ്ടിച്ചു. 

പൊട്ടിപ്പൊട്ടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വേളൂർ കൃഷ്ണൻ കുട്ടി നിലയ്ക്കുന്ന ഓർമ്മകളുടെ ശേഖരമാണ്. ഉന്നം മറന്ന് തെന്നിപ്പറക്കുന്ന തൂവാനത്തുമ്പികളെ വായനക്കാരന്റെ മുമ്പിൽ അദ്ദേഹം അണിനിരത്തി. മിട്ടുപൂച്ചയും തങ്കുപൂച്ചയും ഒക്കെ ഈ കഥാപാത്രങ്ങളുടെ ശേഖരത്തിലുണ്ട്. ഹാസ്യരംഗത്തെ ആ അതികായന്റെ ഓർക്കാപ്പുറത്തെ ഒളിയമ്പേറ്റ് പിടഞ്ഞ വരത്രെ! ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ നമ്മൾ ഓരോരുത്തരുമുണ്ട്. പരമ്പരയിലെ കഥാപാത്രങ്ങളെ ബാഹ്യാത്മകമായി ചിത്രീകരിക്കുന്നതിന് മുട്ടത്തു വർക്കിസാറിന്റെ 'നിക്കി' എന്ന ഹാസ്യപരമ്പര മാതൃകയായി. ചില ഉദാഹരണം - ദീപികയിൽ "പത്രപാരായണൻ" എന്ന പംക്തി അവതരിപ്പിച്ച കൃഷ്ണൻകുട്ടി വാർത്തകളിലെ സ്വാരസ്യം ഫലപ്രദമായി ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ഈ കോളം ഉപയോഗിച്ചു. ചിരിയും ചിന്തയുമായി സാമൂഹ്യ രാഷ്ട്രീയ വിമർശനത്തിന്റെ നേർക്കാഴ്ചയായി ഒരു കാലത്ത് ഈ കോട്ടയത്തുകാരൻ തനി നാടൻ കുട്ടികൃഷ്ണനായി. ചുണ്ടിൽ പുഞ്ചിരിയും കക്ഷത്തിൽ ഉടുമുണ്ടിന്റെ ഒരു കോന്തുമായി തിരുനക്കര വട്ടം ചുറ്റിയിരുന്ന വേളൂരെ കൃഷ്ണൻ കുട്ടിയെ ഒരിക്കൽ പരിചയപ്പെട്ടവരോ ഒരു തവണ അദ്ദേഹത്തിൻറെ രചനകളിലൂടെ അഭിരമിച്ചവരോ മറക്കാനിടയില്ല. //-  
--------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.