Dienstag, 12. Mai 2020

ധ്രുവദീപ്തി : സ്മരണകൾ : ചോരക്കറയുണങ്ങാത്ത ജർമ്മനിയുടെ മണ്ണിന്റെ മായാത്ത സ്‌മരണകൾ.// ജോർജ് കുറ്റിക്കാട്ട് - //

 
ചോരക്കറയുണങ്ങാത്ത  ജർമ്മനിയുടെ 
മണ്ണിന്റെ മായാത്ത സ്‌മരണകൾ. // 


ജോർജ് കുറ്റിക്കാട്ട് -

സ്മരണകൾക്ക് ഒരിക്കലും അവസാനമില്ല.

ജർമനിയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വർഷങ്ങൾ തികഞ്ഞു.
ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റ് അഡോൾഫ് ഹിറ്റ്ലറുടെ ക്രൂരതയിൽ നിന്നു  08.05. 1945. ൽ ജർമ്മൻ ജനത കൈവരിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം സ്മരിക്കുന്ന ദിവസമായിരുന്നു 08.05. 2020.  ലോക രാജ്യങ്ങൾ എഴുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞ കൊടും ക്രൂരതയുടെ ദു:ഖ സ്മരണകൾ ഇന്നത്തെ ദിവസങ്ങളിൽ ആഴത്തിൽ സ്മരിക്കുകയാണ്‌. "സ്മരണകൾക്ക് ഒരിക്കലും ഒരവസാനമില്ല", ഈ പാഠമാണ് നമ്മെ എന്നെന്നും മനസ്സിലാക്കുന്നതെന്ന് മഹായുദ്ധത്തിൽ മരിച്ചവരെ ഓർത്ത് ബർലിനിൽ അനാർഭാടമായി സംഘടിപ്പിച്ച ചടങ്ങിൽ ലോകത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും നൽകിയ സന്ദേശത്തിൽ ജർമ്മൻ പ്രസിഡന്റ് വാൾട്ടർ സ്റ്റെയിൻ മെയർ ജർമ്മൻ ജനതയെ ഓർമ്മിപ്പിച്ചു.
 
 അഡോൾഫ് ഹിറ്റ്ലർ 

അഡോൾഫ് ഹിറ്റ്ലർക്കെ തിരായി രൂപീകരിച്ച സഖ്യകക്ഷികൾ   സുമാർ   75  ദീർഘകാല   വർഷങ്ങൾക്ക് മുമ്പ് 1945 മെയ് 7-)O  തിയതി ജർമ്മനി കീഴടക്കി; 8- മേയ് 1945- ന് യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം യാതൊരു വിധ ഉപാധികളുമില്ലാതെ ഔദ്യോഗികമായി പ്രഖ്യാ പിച്ച്‌ അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ നാഷണൽ സോഷ്യലിസത്തിൽ നിന്ന് (നാസി) ജർമ്മനിയുടെ വിമോചന ദിനമായി ഈ ദിവസം കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ 1945-മെയ്-7-നു സഖ്യകക്ഷിസൈന്യത്തിന്  ജർമ്മനി പൂർണ്ണമായി കീഴടങ്ങി. ജർമനി സ്വതന്ത്രയായി. ലോകരാജ്യങ്ങൾ   കഴിഞ്ഞ കാല സ്മരണകളാൽ സജ്ജീവമാകുകയാണ്. ജർമ്മനി പോളണ്ട് ആക്രമിച്ചു ആധിപത്യം എടുത്തു. യൂറോപ്പിലെ പ്രധാന നഗരങ്ങളെല്ലാം നാസികളുടെ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞിരുന്നു. എന്നാൽ അമേരിക്കയും ബ്രിട്ടനും സോവ്യറ്റ്‌റഷ്യയും ഫ്രാൻസും വകവച്ചില്ല. സഖ്യകക്ഷികൾ അതി ശക്തമായി തിരിച്ചടിച്ചു മുന്നേറി.

ഏകാധിപത്യനാസിഭരണത്തിന്റെ ഉപാധികളില്ലാത്ത അപ്രതീക്ഷിതമായ കീഴടങ്ങലിലൂടെ, നാസി ജർമൻ റൈഷിൻറ അവസാനദിവസം കാണുവാൻ  ലോക സഖ്യകക്ഷി സൈനികശക്തിക്ക് സാധിക്കുകയും ചെയ്തു. യാതൊരു ഉപാധികളില്ലാതെ നാസികളുടെ കീഴടങ്ങൽ സഖ്യകക്ഷികളുടെ വമ്പിച്ച വിജയമായിരുന്നു. യൂറോപ്പിൽ യുദ്ധത്തിന്റെ ആരവവും വെടിയൊച്ചയും അതോടെ നിലച്ചു. അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, സോവ്യറ്റ് യൂണിയൻ തുടങ്ങിയ സാമ്രാജ്യ ശക്തികൾ ആണ് വിജയിച്ചത്. യുദ്ധാവസാനം ജർമ്മനി ആകെ ബോംബ് ആക്രമണങ്ങളുടെ ഇടിത്തീയിൽ ചാരക്കൂമ്പാരമായി. മേയ് 8.1945 ന്റെ സ്മരണകൾ ഇന്ന് വീണ്ടും സ്മരണകളിൽ ഉയർന്നു നിൽക്കുന്നു.

ഉപാധികളില്ലാത്ത  സഖ്യകക്ഷികളുടെ വിജയം  
 
മേയ് 8. 1945 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു:"യൂറോപ് ഇന്ന് അതിഭീകര മഹായുദ്ധാവസാനത്തെക്കുറിച്ചു ഓർക്കുന്നു. ചിത്രങ്ങൾ, ഓർമ്മകൾ, എല്ലാം അന്നത്തെ കൊടും ക്രൂരതയും അന്ന് എങ്ങനെ അവസാനിച്ചുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു". ഏകദേശം 27 മില്യൺ റഷ്യൻ പൗരന്മാരുടെ ജീവൻ ബലി കഴിക്കപ്പെട്ട മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ ആധിപത്യം തകർക്കുന്നതിൽ തങ്ങളുടെ മഹത്തായ പങ്കിൽ അഭിമാനിക്കുന്നുവെങ്കിലും നാസികളുടെ ആക്രമണത്തിൽ വധിക്കപ്പെട്ട റഷ്യൻ സൈനീകരുടെയും അനേകലക്ഷം പൗരന്മാരുടെയും ഓർമ്മകളെ മെയ് ഒൻപതാം തിയതി മോസ്‌കോയിൽ ആചരിച്ചു.  മോസ്‌കോ നഗരത്തിന് മുകളിലൂടെ റഷ്യൻ വ്യോമസേനയുടെ പറക്കൽ പ്രകടനത്തോടെയും ആകാശമുകളിൽ കരിമരുന്നു പ്രകടനവും നടത്തിക്കൊണ്ട് ഹിറ്റ്‌ലർ റെജിമിനെതിരെയുള്ള വിജയത്തിന്റ സ്മരണ സോവ്യറ്റ് റഷ്യ ആഘോഷിച്ചു. യൂറോപ്യൻ രാജ്യങ്ങൾ മഹായുദ്ധാവസാന ത്തിന്റെ 75-)0 വർഷത്തിന്റെ ഓർമ്മദിനം 9.05.2020- ൽ  ആഘോഷമായി കൊണ്ടാടുവാൻ ആഗ്രഹിച്ചിരുന്നത് കൊറോണ പ്രതിസന്ധിമൂലം വളരെ ലളിതമായിട്ട് തന്നെ ആചരിക്കുകയാണ് ചെയ്തത്. റഷ്യൻ ജനതയ്ക്കുവേണ്ടി പ്രസിഡന്റ് വ്ളാഡിമിയർ പുട്ടിൻ യുദ്ധത്തിൽ മരണപ്പെട്ട അനേകായിരം റഷ്യൻ സൈനികർക്ക് വേണ്ടി മോസ്‌കോയിലെ സ്മൃതിമണ്ഡപത്തിലെത്തി സ്മരണകളുടെ പൂച്ചെണ്ട് സമർപ്പിച്ചുകൊണ്ട് സോവ്യറ്റ് റഷ്യൻ ജനതയുടെ അസ്തമിക്കാത്ത ഓർമ്മകളിൽ പങ്ക് ചേർന്ന് അഭിസംബോധന ചെയ്തു .

എന്നാൽ വടക്കൻ ജർമ്മനിയിലും പരിസര പ്രദേശത്തും അനേകംപേരെ സംബന്ധിച്ച്, യുദ്ധം മുൻകൂട്ടി അവസാനിച്ചിരുന്നു- അവരുടെ ഓരോ താമസ വീടുകളും ആ പ്രദേശങ്ങളും പോലും സഖ്യകക്ഷികൾ എടുക്കുകയോ, ഒരു പോരാട്ടമില്ലാതെ കൈയടക്കുകയോ ചെയ്യുകയായിരുന്നു. യുദ്ധത്തിന്റെ അവസാന നാളുകളിൽ ആളുകൾ എങ്ങനെയാണ് അതെല്ലാം അനുഭവിച്ചത് ? യുദ്ധം അവസാനിച്ചതിൻെറ 75- ാം വാർഷികത്തിന്റെ അവസാനത്തിൽ, നിലവിലുള്ള സമാധാനത്തിന്റെ വഴിയിൽ കഴിഞ്ഞ യുദ്ധ കാലത്തിലെ സംഭവങ്ങളെല്ലാം അവർ  ഓർമിക്കുന്നു. അത്, സമകാലിക സാക്ഷികളുടെ പല ഓർമ്മക്കുറിപ്പുകളും ഇന്നത്തെ വീക്ഷണകോണിൽ നിന്ന് കരണങ്ങളും വിശദീകരണങ്ങളും, നീണ്ട ചരിത്ര അവലോകനവും കാണാനും കഴിയും..

സഖ്യകക്ഷികൾ അതിശക്തമായ തയ്യാറെടുപ്പിൽ, ഉദാ: അമേരിക്ക, ബ്രിട്ടൻ എന്നിങ്ങനെ ശക്തിരാജ്യങ്ങൾ അവരുടെ സൈനിക പദ്ധതികൾ വ്യക്തത വരുത്തി ക്രമപ്പെടുത്തി ഓപ്പറേഷൻ ആരംഭിച്ചു. ഉദാഹരണമായി പറയാം. ബ്രിട്ടീഷ് വ്യോമ സൈന്യം   ഹാംബുർഗ്ഗിന്റെ അവസാന നാശകതിരമാല ആഞ്ഞടിക്കുമെന്ന് ഹാംബുർഗ്ഗിലെ അന്നത്തെ നിവാസികൾ ഭീതിയോടെ നോക്കിനിന്നു. സംഭവിച്ചതോ?  യുദ്ധത്തിന്റെ ഒരു ആരവങ്ങളുമില്ലാതെ നിമിഷങ്ങൾക്കകം വ്യവസ്ഥകൾക്കതീതമായി ബ്രിട്ടീഷ് സൈന്യം ഹാംബുർഗ്ഗ് തങ്ങളുടെ നിയന്ത്രണത്തിലാക്കി. സോവ്യറ്റ് റഷ്യ ബർലിൻ നഗരത്തിലെ അഡോൾഫ്‌ഹിറ്റ്ലർ ഭരണകേന്ദ്രം ബോംബ് വർഷിച്ചു തകർത്തിരുന്നു. ഹിറ്റ്ലറുടെ കൈപിടി വിട്ടുപോയി...

 ആത്മഹത്യ ചെയ്ത അഡോൾഫ് ഹിറ്റ്‌ലർ 
 
ഇതിനിടെ 1945 ഏപ്രിൽ 30- ന് ഉച്ചസമയം കഴിഞ്ഞു 15.28 നു ബെർലിനിലെ റൈഷ് കാൻസലയിലെ രഹസ്യ ഭൂഗർഭതാവളത്തിലെ സ്വകാര്യമുറിയിൽ വച്ച് അഡോൾഫ് ഹിറ്റ്‌ലർ സ്വന്തം പിസ്റ്റൾ എടുത്തു സ്വയം നെഞ്ചിൽ നിറയൊഴിച്ചു ആത്മഹത്യ ചെയ്തു. 29. 04. 1945 നു രാത്രിയിൽ ഹിറ്റ്ലർ തന്റെ കാമുകിയായിരുന്ന ഈവ ബ്രൌണിനെ വിവാഹം ചെയ്തു. സാക്ഷികളായി ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്തരായിരുന്ന ജോസഫ് ഗോബെൽസും, മാർട്ടിൻ ബോർമാനും ആയിരുന്നു. നവവധു ഈവ് ബ്രൗണിനെ അഡോൾഫ് ഹിറ്റ്‌ലർ സ്വകാര്യമുറിയിലേക്ക് നയിച്ചു. നിമിഷങ്ങൾക്കകം ഒരു ഷോട്ട് വീഴുന്നു. ഈവ ബ്രൗൺ മരണപ്പെട്ടത് Zyankali ഉള്ളിൽ ചെന്നായിരുന്നുവെന്നു കോടതി തെളിയിച്ചിരുന്നു. 

മുൻ സൈനീക ലാൻസ് കോർപ്പറൽ ആയിരുന്ന അഡോൾഫ് ഹിറ്റ്‌ലർ തന്റെ അൻപത്തിയാറു വയസ് പ്രായമായതിനുള്ളിൽ തന്നെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ ഒരു വ്യക്തിയായി മാറിയിരുന്നു. ഒരുപക്ഷെ, ഏറ്റവും വലിയ ഭീകരൻ.. ഭീകരരായ കൊലപാതകികളേക്കാളും മറ്റുള്ള മനുഷ്യരെ നശിപ്പിക്കുന്നവരേക്കാളും ഏറെ മുൻപന്തിയിലായിരുന്നു. ഒട്ടുമിക്കവാറും ജോസഫ് സ്റ്റാലിൻ അയാളുടെ അടുത്തെത്തിയേക്കാം. 12 നീണ്ട വർഷങ്ങൾ അഡോൾഫ് ഹിറ്റ്‌ലർ തന്റെ സമാനതയില്ലാത്ത ശക്തികൊണ്ട് വലിയ ഒരു യൂറോപ്യൻ രാജ്യത്തെ, ജർമ്മനിയെ  തന്റെ കൈപ്പിടിയിലൊതുക്കി വാണു. നാഷണൽ സോഷ്യലിസ്റ് കൊലപാതക സംഘം വലംകൈ ആയും അവന് സഹായികളായിട്ടും ഉണ്ടായി. താൻ " നേതാവ് " എന്ന് സ്വയം വിശേഷിപ്പിച്ചു, അത് ഏറ്റുപറയാൻ വളരെ ആഗ്രഹിച്ചിരുന്ന ധാരാളം ജനങ്ങളും;  അവസാന നിമിഷം വരെ. രാജ്യം മുഴുവനും ഈ ആദരവ് വച്ചുപുലർത്തിയ അഡോൾഫ് ഹിറ്റ്ലറുടെ കാലം!
 

 അഡോൾഫ് ഹിറ്റ്ലറും
ഭാര്യ ഈവ ബ്രൗണും 
 

അതുപക്ഷേ, എല്ലാം ഒറ്റ നിമിഷത്തിൽ തീർന്നു. സുമാർ 75 വർഷങ്ങൾക്ക് മുമ്പ് 1945 ഏപ്രിൽ 30 -)0 തിയതി ഉച്ചകഴിഞ്ഞു പുതിയതായി വിവാഹം ചെയ്ത ഭാര്യയെ ആദ്യവും, ഉടൻ തന്നെ സ്വയവും തന്റെ പിസ്റ്റൾ ഉയർത്തി ഷൂട്ട് ചെയ്തു. അത് തന്റെ ജന്മദിനം കഴിഞ്ഞ പത്താം ദിവസമാണ്. ഈ ദിവസത്തെ "ബ്രിഡ്ജ് ഡേ" എന്നാണ് ഇക്കാലത്തു ആ ദിവസം  അറിയപ്പെടുന്നത്. മെയ് 1 നു മുമ്പുള്ള ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയ്ക്കുള്ള ദിവസം. താൻ ജർമ്മനിയുടെ അധികാരമേറ്റെടുത്ത ദിവസം ഒരു അവധിദിനമാക്കിയ ദിവസം- എന്നാൽ ഈ എപ്രിൽ ദിവസത്തിനു കുറച്ചു ദിവസങ്ങളോ ആഴ്ചകൾക്കോ മുമ്പ്തന്നെ ജർമ്മൻ റൈഷ് യാതൊരുവിധ ഉപാധികളില്ലാത്തവിധം അവസാനത്തിലെത്തിയിരുന്നു.

 ഹിറ്റ്ലറുടെ മൃതദേഹം സംസ്കരിച്ചപ്പോൾ 
ഹിറ്റ്ലറുടെ സെക്രട്ടറി മാർട്ടിൻ ബോർമൻ വാതിൽ തുറക്കുമ്പോൾ, ഇതാ, കൈയിൽ ഒരു പിസ്റ്റളുമായി ചാരുകസേരയിലെ രക്തത്തിൽ പൊതിഞ്ഞ നിലയിൽ ഹിറ്റ്‌ലറെ അവിടെ കണ്ടെത്തുന്നു. സ്വന്തം ജീവൻ പൊട്ടാസ്യം സയനൈഡ് എടുത്ത ഭാര്യ ഒരു സോഫയിൽ അടുത്തു കിടക്കുന്നു. ബങ്കർ സ്റ്റാഫ് ശവങ്ങൾ പുതപ്പിനുള്ളിൽ വെച്ച് അവർ ഹിറ്റ്ലറുടെ ഉദ്യാനത്തിലേ ക്കു ചുമന്നുകൊണ്ട് പോയി. അവിടെ അവർ ഒരു കുഴിയിലിറക്കി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഏതാനും മണിക്കൂറുകൾക്കു മുമ്പ്, വെറും 800 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ രണ്ട് സോവിയറ്റ് സൈന്യ സെർഗൻറ്സ് സോവിയറ്റ് പതാക ഉയർത്തി. ബെർലിനിലേക്ക് അപ്പോൾ നടന്നുകൊണ്ടിരുന്ന യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. 

അതിനുശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ബ്രിട്ടീഷ് പാൻസർ സൈന്യം ഹാംബുർഗ്ഗ് വളഞ്ഞത്. അപ്പോൾ കണ്ടത്, ഹാംബുർഗ്ഗ് നഗരം പൊട്ടിച്ചിതറി തകർന്ന അവശിഷ്ടങ്ങളുടെ വലിയ കൂമ്പാരമായി മാറിയിരുന്നതാണ്. അത് ബ്രിട്ടീഷ് സൈന്യം അവിടെ വരുന്നതിനു രണ്ടു വര്ഷം മുമ്പ് അമേരിക്ക വ്യോമാക്രമണം "ഓപ്പറേഷൻ ഗോമോറ " എന്ന വ്യോമാക്രമണത്തിലൂടെ ഏതാണ്ട് 8500 ടണ്ണുകൾ വരുന്ന ബോംബുകൾ വർഷിച്ചു ഹാംബുർഗ്ഗ് നഗരം ചുട്ടു ചാമ്പലാക്കിയിരുന്നു. അന്ന് ഏതാണ്ട് 34000 ഹാംബുർഗ്ഗ് നിവാസികൾ അമേരിക്കൻ വ്യോമ ബോംബാക്രമണത്തിൽ കത്തിയരിഞ്ഞു പോയിരുന്നു. 

ഹിറ്റ്ലറുടെ "കോൺസെൻട്രേഷൻ ക്യാമ്പുകൾ".

65 മില്യൺ ജനങ്ങൾ മരണപ്പെട്ടത് ചരിത്രം ഒരിക്കലും മറക്കുകയില്ല. ഇതിൽ 6 മില്യണിലേറെ യഹൂദ വംശജർ ജർമ്മനിയിലും മറ്റുള്ള ഓരോ യൂറോപ്യൻ രാജ്യങ്ങളിലുമായി കൊലചെയ്യപ്പെട്ടു. ഇത്തരം ക്രൂരത ചെയ്തത് അഡോൾഫ് ഹിറ്റ്ലറുടെ നാസിപടയുടെ വർഗ്ഗീയതയാണ്. 1200 ലേറെ കൊലപാതക കേന്ദ്രങ്ങൾ അഡോൾഫ് ഹിറ്റ്‌ലർ യൂറോപ്പിൽ പല സ്ഥലങ്ങളിൽ സ്ഥാപിച്ചു, അതിന് "കോണ്സെന്ട്രേഷൻ ക്യാമ്പ് " എന്ന പേരുനല്കി. ജർമ്മനിയിലെ മ്യൂണിക്ക് നഗര സമീപമുള്ള ഡാഹൌ, പോളണ്ടിലെ ഔസ്ഷ്‌വിറ്റ്സ്, വേറെ അതുപോലെ നിരവധി കേന്ദ്രങ്ങൾ ഉണ്ടാക്കി., അതിൽ ഏഴു കേന്ദ്രങ്ങൾ നിർമ്മിച്ചത് സാധാരണ മനുഷ്യരെ അതിക്രൂരമായിത്തന്നെ വധിക്കുവാൻ വേണ്ടിയായിരുന്നു

75 വർഷങ്ങൾക്കു ശേഷം, ഡാഹൌവിലെ കോൺസൻട്രേഷൻ ക്യാംപിന്റെ മോചനത്തിനു ശേഷം, അതിന്റെ ഉത്ഭവസ്ഥാനം മറച്ചുവച്ച് നിർത്താൻ ആരും അആഗ്രഹിക്കുന്നില്ല. ചിലർ ഒരുപക്ഷെ ആഗ്രഹിക്കുന്നുണ്ടാകാം. ഈ അവസരത്തിൽ ജർമ്മനിയിലെ ഇപ്പോഴുള്ള രാഷ്ട്രീയ ചലനങ്ങൾ കുറെ സൂചനകൾ നൽകുന്നുണ്ട്. ജർമ്മനിയുടെ ഭാവിക്ക് കളങ്കം സൃഷ്ടിക്കുവാൻ ഇത്തരം രാഷ്ട്രീയ ആദർശങ്ങൾക്ക് കഴിഞ്ഞേക്കാം.

ഡാഹൌവിലെ രക്തപ്പുഴ-

തിരക്ക് ഒഴിഞ്ഞ റോഡുകളിൽ എങ്കിൽ ഡാഹൌവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മ്യൂണിക്കിലെയ്ക്ക് കുറഞ്ഞ സമയത്തിൽ എത്തിച്ചേരും.     

ഡാഹൌ എന്ന പ്രദേശം- അത് സങ്കീർണ്ണമാണ്  - ഏതാണ്ട് 41500- മനുഷ്യർ 1933- നും 1945- നും ഇടയിൽ ഡാഹൌവിലും, അതിന്റെ ഔട്ട്പോസ്റ്റുകളിലും കൊല്ലപ്പെട്ടു. ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പുകളും, തുടക്കം മുതൽ നാഷണൽ സോഷ്യലിസത്തിൻറെ അവസാനംവരെ നിലനിന്നിരുന്ന ഏക കേന്ദ്രവും ആയിരുന്നു, ഡാഹൌ. നാസികളുടെ സൃഷ്ടി- കോൺസൻട്രേഷൻ ക്യാമ്പുകളിലും ഒരു "കോണ്സെന്ട്രേഷൻ ക്യാമ്പ്" എന്ന നിലയിൽ, ഓരോ തടവുകാരെ പ്രത്യേകം ക്രമപ്പെടുത്തിയ ഒരു സംവിധാനം സൃഷ്ടിക്കപ്പെട്ടു.

 ഡാഹൌവിലെ കോൺസെൻട്രേഷൻ
ക്യാമ്പിനുള്ളിലെ ക്രമാറ്റോറിയം 
ഭാവനയിൽ പോലും കാണാൻ കഴിയാത്ത ക്രൂരപീഢനങ്ങളും കൊലപാതക പരമ്പരകളും അവിടെ നടന്നു. അത്തരമുള്ള കോൺസെൻട്രേഷൻ ക്യാമ്പ് ജർമ്മനിയുടെ പലഭാഗങ്ങളിലും  യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു. അവയിലൊന്നെങ്കിലും നേരിട്ട് കാണുവാനാണ് ഞാൻ ആഗ്രഹിച്ചത്. മറ്റെല്ലാ നാസ്സി തടങ്കൽപ്പാളയങ്ങളിലും നടന്നതുപോലെതന്നെ ഡാഹൌ മുതൽ പോളണ്ടിലെ ഔഷ്വിറ്റ്സ് വരെയുള്ള 1200 ഇത്തരം കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അഡോൾഫ് ഹിറ്റ്ലറുടെ എതിരാളികൾ നിർദ്ദയം ക്രൂരമായി വധിക്കപ്പെട്ടു. അവർ യഹൂദരും, ജർമ്മൻകാരും, വിദേശികളും, രോഗികളും അംഗവൈകല്യമുള്ളവരും, കുട്ടികളും, പ്രായമുള്ളവരും, എല്ലാ സ്ത്രീകളും പുരുഷന്മാരും, ചിന്തകരും, എഴുത്തുകാരും, കമ്മ്യുണിസ്റ്റുകളും, സോഷ്യൽ സോഷ്യൽ ഡെമോക്രാറ്റുകളും, ഹോമോസെക്സ്വലുകളും, തത്വചിന്തകരും-പൊതുവെ പറയാം- അതെ, അഡോൾഫ് ഹിറ്റ്ലറുടെ എല്ലാ എതിരാളികളും ആയിരുന്നു.

 പോളണ്ടിലെ ഔഷ്വിറ്റ്‌സ്
കോൺസെൻട്രേഷൻ ക്യാമ്പ് 

1939 - സെപ്റ്റംബർ ഒന്നാം തീയതി അഡോൾഫ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചത് മുതലാണ് രണ്ടാം ലോക മഹായുദ്ധത്തിന് അന്ന് തുടക്കമിട്ടത്. അന്നു മുതൽ മഹാ യുദ്ധാവസാനം വരെ ഏതാണ്ട് ആറു മുതൽ പത്തു മില്യൺ യഹൂദ വംശജരുടെ ജീവനാണ് ഒരു നൂറ്റാണ്ടിന്റെ കൊടും ക്രൂരതയുടെ ഇരയായിത്തീർന്നത്. ജർമ്മൻകാരും അല്ലാത്തവരുമായ ഏതാണ്ട് 65 മില്യൺ ജനങ്ങളാണ് യുദ്ധത്തിൽ വധിക്കപ്പെട്ടത്‌. അഡോൾഫ് ഹിറ്റ്ലർ മനസ്സിൽ ആഘോഷിച്ച ഭ്രാന്തൻ ആശയത്തിന് 2020 ഫെബ്രുവരി ഇരുപത്തിയെട്ടിന് എൺപത്തിയേഴ് വയസു തികയും. അതിനു കോണ്സെന്ട്രേഷൻ ക്യാമ്പുകൾ എന്ന് അന്ന് നാസ്സികൾ പേരുനല്കി. ജനങ്ങളിൽ ഭീതി ജനിപ്പിക്കുകയും പീഡനശ്രമങ്ങളും എല്ലാം അത്രത്തോളം തന്നെ ഏറെ സവിശേഷതകൾ നിറഞ്ഞതുമായിരുന്നു, നാസ്സി റജിമെന്റിന്റെ പ്രചാരണവേലയും പ്രവർത്തന ശൈലിയും !

 ഹിറ്റ്ലർക്ക് സ്വീകരണം നൽകുന്ന രംഗം. 
 
അഡോൾഫ് ഹിറ്റ്ലർക്ക് ജർമ്മൻ ജനനേതൃത്വമാകെ (നാസ്സികൾ) നാടെങ്ങും നല്കി ക്കൊണ്ടിരുന്ന എതിരേല്പിന്റെ ആരവങ്ങൾ മുഴങ്ങുമ്പോൾപോലും, അതെ സമയത്ത് രാജ്യം മുഴുവൻ തങ്ങളുടെ എതിരാളികളെ പൂർണ്ണമായും ഇല്ലെന്നാക്കാനുള്ള കരുണയില്ലാത്ത കൊടുംക്രൂരതയുടെ ഭീകരനടപടികൾ അരങ്ങേറാൻ നിശ്ചയിച്ചിരുന്ന തീരുമാനങ്ങളെല്ലാം നടപ്പാക്കുകയായിരുന്നു. അതിനായി രുന്നു, ജർമ്മനിയിലും യൂറോപ്പിലും എല്ലാം കോൺസെൻട്രേഷൻ ക്യാമ്പു കളുടെ മഹാ ശ്രുംഖല ശൃഷ്ടിച്ചു മുന്നേറിയത്.

1933 ഫെബ്രുവരി 28 . ജർമ്മനിയൊട്ടാകെ കോൺസെൻട്രേഷൻ ലാഗറുകൾ (ക്യാമ്പുകൾ)സർക്കാർ ഔദ്യോഗികമായി തുറക്കുന്നതിനെപ്പറ്റി അഡോൾഫ് ഹിറ്റ്‌ലർ ചരിത്രപ്രസിദ്ധ പ്രഖ്യാപനം നടത്തി. ഒരു നാഷണൽ സോഷ്യലിസ്റ്റ് (നാസ്സി) സാമ്രാജ്യത്തിന്റെ ഔദ്യോഗിക ക്രൂരതയുടെ യഥാർത്ഥ പ്രതീകം ആയിരുന്നു ആ പ്രഖ്യാപനം. തന്റെ ആശയങ്ങളെ എതിർത്തിരുന്ന നിത്യ ശത്രുക്കളെ (യഹൂദ വംശജരെയും, എതിരാളികളെയും) എല്ലാവരെയും  എന്നേക്കുമായി ഇല്ലെന്നാക്കാൻ തയ്യാറാക്കിയ കൊലക്കളങ്ങൾ ഉടൻ തന്നെ പ്രവർത്തനത്തിൽ വരുന്നു, എന്നതായിരുന്നു സാരം. നാസ്സി സർക്കാരിന്റെ "സ്റ്റേറ്റ് കോൺസെൻട്രേഷൻ ക്യാമ്പുകൾ".

ഡാഹൌ പോലെയുള്ള ഇത്തരം ക്യാമ്പുകളിൽ എന്താണിന്നു നമുക്ക് നേരിട്ട് കാണാനുള്ളത്? രാവും പകലും അവിശ്വസനീയമായി അവിടെയെല്ലാം അന്ന് അരങ്ങേറിയ സംഭവങ്ങളും ലക്ഷക്കണക്കിന് ധീരന്മാരായ തടവുകാരുടെ അത്യന്തം വൈകാരികവും അതിസാഹസികവും തീക്ഷ്ണവുമായ കടുത്ത വിഭ്രാന്തിയുടെ ദുഃഖ രംഗങ്ങളും ഇന്ന് അതാത് സ്ഥാനങ്ങളിൽ ഇന്നവയെല്ലാം വെറും ചുവർചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങളുടെ പിഴവ് കാണാത്ത നിഴലുകളായി മാറി. ജർമ്മൻ ജനതയുടെ കണ്ണീർത്തുള്ളികൾ മാത്രമല്ല, യഹൂദരുടെയും വിദേശീയരുടെയും രക്തപുഴു ഒഴുക്കിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും അതോടൊപ്പം ലോകത്തിന് എന്നും നൽകുന്ന സമാധാനവും ചരിത്രത്തിൽ നിത്യസ്മരണകളായിരിക്കും.//-
---------------------------------------------------------------------------------------------------------------------
 ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.