Donnerstag, 7. Mai 2020

ധ്രുവദീപ്തി //- Analysis People and Culture // ഗീതയിലും ഗീതാഞ്ജലിയിലും // എസ് . കുര്യൻ വേമ്പേനി

ധ്രുവദീപ്തി //-  

(  കുര്യൻ വേമ്പേനി സ്മരണകൾ ....) 
 ശ്രീ. എസ്. കുര്യൻ വേമ്പേനി ഒരു നവജീവിതദർശനം എല്ലാ മതവിശ്വാസ പഠനങ്ങളിലും ഒരു നൂതനമായ മതബോധനശൈലിക്ക് നിരവധി സംഭാവന ചെയ്തിരുന്നു. ദീർഘകാലമായി മതാചാരങ്ങളിൽ നടന്നു വന്ന അശാസ്ത്രീയ ചോദ്യോത്തര രീതിയുടെ അശാസ്ത്രീയതയുടെ വിരസതയിൽ നിന്നുള്ള മോചനം മനഃശാസ്ത്രാധിഷ്ഠിതവും ആകർഷകവുമായ മതബോധനശൈലി അടിസ്ഥാനപ്പെടുത്തി കാലാനുസരണമാക്കാൻ പ്രചോദനം നൽകി. പ്രസിദ്ധ ഭാഷാപണ്ഡിതനായ അദ്ദേഹം നൽകിയ ചരിത്രഗ്രന്ഥ രചനയിൽ, ആരുംതന്നെ  ഇന്ന് വരെ സ്വീകരിക്കാത്ത അവതരണരീതിയുടെ ഉടമയായിരുന്നുവെന്ന് മാത്രമല്ല, പ്രഗത്ഭനായ മലയാള ഭാഷാദ്ധ്യാപകനും കൂടിയായിരുന്നു. ശ്രീമാൻ എസ്.കുര്യൻ വേമ്പേനിയുടെ പാവന സ്മരണയ്ക്ക് വേണ്ടി അദ്ദേഹം രചിച്ച ലേഖനം ചുവടെ ചേർക്കുന്നു. : ധ്രുവദീപ്തി ഓൺലൈൻ. /


      ഗീതയിലും ഗീതാഞ്ജലിയിലും  


 എസ് . കുര്യൻ വേമ്പേനി 
ഗീതയിൽ ഭഗവാൻ ശ്രീകൃഷ്‌ണൻ പറയുന്നതനുസരിച്ചു നോക്കിയാൽ ഒരു ഈശ്വരാവതാരത്തിനു സമയമായിരിക്കുന്നു. എപ്പോഴാണോ ധർമ്മത്തിന് ക്ഷയം സംഭവിക്കുകയും അധർമ്മം ഉണർന്നെഴുന്നേൽക്കുകയും ചെയ്യുന്നത് അപ്പോൾ താൻ ഭൂമിയിൽ അവതരിക്കുമെന്നാണല്ലോ ശ്രീകൃഷ്‌ണൻ പറഞ്ഞിരിക്കുന്നത്.

അതിപ്രാചീന കാലംതൊട്ടേ ധർമ്മത്തിന് ഇത്രമാത്രം മൂല്യം കൽപ്പിക്കുന്ന ഒരു രാജ്യം ഭാരതമല്ലാതെ വേറൊന്നുമില്ല. കുരു പാണ്ഡവയുദ്ധം നടന്ന കുരുക്ഷേത്രം നമുക്ക് ധർമ്മക്ഷേത്രമാണ്. ഇവിടെ നടന്ന യുദ്ധം നമുക്ക് ധർമ്മയുദ്ധമാണ്. ഈ ധർമ്മഭൂമിയിൽ പേടിച്ചോടുന്നവനെയോ സ്ത്രീകളെയോ ശരണാഗതരെയോ ആക്രമിക്കുകയില്ല. രാമായണത്തിലെ സ്ത്രീലമ്പടനായ രാക്ഷസൻ രാവണൻ പോലും മതിമോഹിനിയായ സീതാ ദേവിയെ അപഹരിച്ചുകൊണ്ടു പോയിട്ട് അശോകവനിയിൽ താമസിപ്പിക്കുകയല്ലാതെ ചാരിത്ര്യാപഹരണം നടത്തിയില്ല.

രാമായണ ഭാരതാദി പുരാണങ്ങളെ പുണ്യഗ്രന്ഥങ്ങളായി പൂജിക്കുന്ന ഇന്നാട്ടിൽ ഇപ്പോൾ നടമാടുന്ന അധർമ്മം ആരെത്തന്നെ ലജ്ജിപ്പിക്കുകയില്ല? ഇക്കഴിഞ്ഞ ജനുവരിയിൽ അഞ്ജനമിശ്ര എന്ന വനിതയെ ഒരു കൂട്ടം കാപാലികർ കൂട്ടബലാൽസംഗം ചെയ്തു. ഒറീസയിൽ ഒരു വിദേശ മിഷനറിയെയും രണ്ടു മക്കളെയും ചുട്ടെരിച്ചു കൊന്നു. ഏകാന്തപഥികയായ ഒരു ക്രൈസ്തവ സന്യാസിനിയെ തട്ടിക്കൊണ്ടുപോയി. ഒരു സംഘം കശ്‌മലർ ബലാൽസംഗം ചെയ്തു. താരുണ്യം വിട്ടുമാറാത്ത നവദമ്പതികളെ, അവർ ക്രൈസ്തവരെന്ന കാരണത്താൽ അടിച്ചു കൊന്നു. തന്നെ സംഗമിക്കണേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ആശ്ലേഷിക്കാനെത്തിയ മനോമോഹിനിയായ ശൂർപ്പണകയിൽ നിന്നും ഓടിയകന്നു പിന്മാറിയ ശ്രീരാമനെവിടെ? തന്നെ ബലാൽക്കാരം ചെയ്യരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് പേടിച്ചരണ്ടോടിയ സന്യാസിനിയെ പീഢിപ്പിച്ച ഒറീസയിലെ ശ്രീരാമഭക്തന്മാരെവിടെ?

ധർമ്മ സാക്ഷാത്ക്കാരങ്ങളായ ശ്രീരാമനെയും ശ്രീകൃഷ്‌ണനെയും ആരാധ്യ ദൈവങ്ങളായി വിശ്വസിച്ചുപോരുന്ന ഹൈന്ദവ ജനതയിൽ നിന്നാണല്ലോ ഈ അധാർമ്മ രക്ഷസുകൾ, വാത്മീകത്തിൽ നിന്നും വിഷസർപ്പങ്ങൾ പോലെ പുറത്തു വന്നിരിക്കുന്നതെന്ന് ഓർക്കുമ്പോൾ ഹിന്ദു ജനത ലജ്ജിക്കുക. ഇക്കൂട്ടർ " ഫൊർ ഫൈറിയ" രോഗബാധിതരായിരിക്കാനേ തരമുള്ളൂ. ഇരുട്ടിന്റെ മറവിൽ സഞ്ചരിക്കുകയും സ്വന്തം വേദന മറക്കാനായി മനുഷ്യന്റെ ചോര കുടിക്കുകയും ചെയ്യുന്നവരാണല്ലോ.ഫോർഫൈറിയ രോഗികൾ. ഹിന്ദു എന്നതിന്റെ അർത്ഥം തന്നെ ഈ കൊലയാളികൾ തലതിരിച്ചെഴുതിയിരിക്കുന്നു.

'ഹിംസയാ ദൂയത ഇതി ഹിന്ദു ' ഹിംസ കണ്ടു വേദനിക്കുന്നവനാണ് ഹിന്ദു. ഈ രക്തദാഹികളുടെ ദൃഷ്ടിയിൽ ഹിംസ കണ്ടു ആനന്ദിക്കുന്നവനാണ് ഹിന്ദു ! ഒരു നൂറ്റാണ്ടിനു മുൻപ് മഹാകവി രവീന്ദ്ര നാഥ് ടാഗോർ ദീർഘദർശനം ചെയ്തു.

'ഹാ എന്റെ ഭാഗ്യഹീനയായ നാടേ നീ അപമാനിക്കപ്പെടും. അങ്ങനെ നീ അപമാനിച്ചവരോടൊപ്പം അപമാനത്തിൽ നീയും പങ്കു ചേരും' മതസ്പർദ്ധമൂലം ടാഗോർ ദീർഘദർശനം ചെയ്തതുപോലെ അപമാനിതയായി ഇന്ന് നമ്മുടെ നാട്.

 രവീന്ദ്ര നാഥ് ടാഗോർ ,  മഹാത്മാഗാന്ധി 
1888- ൽ മഹാകവി ടാഗോർ ധർമ്മപ്രചാർ എന്ന പേരിൽ ബംഗാളിയിൽ ഒരു കവിത എഴുതി. മതപ്രസംഗമെന്നോ മിഷണറി പ്രവർത്തണമെന്നോ നമുക്ക് അതിനെ മലയാളത്തിൽ പറയാം. 12- ) o നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ വിദേശ മിഷനറിമാർ ഇന്ത്യൻ സന്യസികളെ അനുകരിച്ചു വസ്ത്രധാരണം ചെയ്യുകയുണ്ടായി. 1885 നോടടുത്ത് രക്ഷാസൈന്യം (Salvation Army) എന്ന ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ വസ്ത്രധാരണം ഉൾപ്പടെയുള്ള മിക്ക ഇന്ത്യൻ രീതികളും അനുകരിച്ചു സ്വന്തമാക്കുകയുണ്ടായി. ക്രൈസ്തവ മിഷനറിമാരുടെ ഈ വേഷ പകർച്ച ഹിന്ദു വർഗ്ഗീയവാദികളെ പ്രകോപിതരാക്കി. ഹിന്ദുക്കൾ പാവനമായി കരുതുന്ന കാഷായവേഷം ധരിച്ച ഇക്കൂട്ടർ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കലാണെന്നു ഹിന്ദുമത ഭക്തർ ധരിച്ചുവശായി. ഹിന്ദു സന്യാസിമാരുടെ വേഷം ധരിച്ച ക്രൈസ്തവ മിഷനറിമാരെ എവിടെവച്ചു കണ്ടാലും അവരെ ആക്രമിക്കാൻ ഉത്തരേന്ത്യൻ ഹിന്ദു സംഘടനകൾ മുന്നിട്ടിറങ്ങി. ഈ സന്ദർഭത്തിലാണ് മഹാകവി ടാഗോർ "ധർമ്മപ്രചാർ " എഴുതിയത്. പ്രസിദ്ധ നിരൂപകനും ബംഗാളി ഭാഷാ പണ്ഡിതനുമായ എഡ്‌വേർഡ് തോംപ്‌സൺ ഈ കവിത ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

ഒരു ഇന്ത്യൻ സാധുവിനെപ്പോലെ കാഷായവസ്ത്രം ധരിച്ച ഒരു വിദേശ മിഷനറി നഗ്നപാദനായി ഒരു നാൽക്കവലയിൽ നിന്ന് പ്രസംഗിക്കുകയാണ്. വിഷയം ക്രിസ്തുവും അവിടുന്ന് അറിയിച്ച സദ്‌വാർത്തയുമാണ്. ആര്യസമാജത്തിലെ ചില അംഗങ്ങൾ ഈ പ്രസംഗം കെട്ടാതെ ക്രുദ്ധരായി. ഹൈന്ദവധർമ്മത്തിന്റെ സംരക്ഷണവും സമുദ്ധാരണവുമാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനാൽ ക്രിസ്തുവിന്റെ നാമം ഇവിടെ മിണ്ടിപ്പോകരുതെന്നും അവർ വിദേശമിഷനറിയോടു പറഞ്ഞു. മിഷനറി ഒട്ടും ചഞ്ചലപ്പെടാതെയും ശാന്തത കൈവെടിയാതെയും അവർക്കുവേണ്ടി പ്രാർത്ഥിച്ചു. ആര്ഷഭാരതത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുവാനെന്ന പേരിൽ അവർ നിസ്സഹായനും നിരായുധനുമായ ആ മിഷനറിയെ കുറുവടി കൊണ്ടടിച്ചു. വിഷ്ണുവിന് ജയ് വിളിക്കുന്നവരെ ആ മനുഷ്യനെ അടിക്കാനായിരുന്നു  ആർഷഭാരതമക്കളുടെ തീരുമാനം! മിഷനറി വിഷ്ണുസ്തവം ചൊല്ലിയില്ല. ആര്യസമാജക്കാർ അടിയും നിർത്തിയില്ല. തല പൊട്ടി രക്തം വാർന്നൊഴുകി മിഷനറി വഴിയിൽ വീണു. ആ അവസ്ഥയിലും അവർക്കായി പ്രാർത്ഥിച്ചതേയുള്ളൂ. ക്രിസ്തുവിന്റെ മുക്ത മാതൃക.

ഈ പദ്യ നാടകത്തിൽ രണ്ടു അങ്കങ്ങളാണുള്ളത് " വിദേശമിഷനറിമാർ പലരും ഇന്ത്യയിൽ വന്നു മരിച്ചെങ്കിലെന്ത് രവീന്ദ്രനാഥ് ടാഗോറിനെപ്പോലെ ഉള്ള ഒരു മഹാനായ ഭാരതപുത്രന്റെ കണ്ണുതുറപ്പിക്കുവാൻ കഴിഞ്ഞ അവരുടെ മരണം ഒരിക്കലും വൃഥാവിലാകില്ല. " എന്നാണു എഡ്‌വേർഡ് തോംപ്‌സൺ അഭിപ്രായപ്പെടുന്നത്. ഹാസ്യരസം തികച്ചും തുളുമ്പി നിൽക്കുന്നതാണ് ഈ കവിത. വിദേശമിഷനറിമാരുടെ കാഷായ വസ്ത്രവും നഗ്നപാദവുമൊക്കെ ആര്യസമാജക്കാർക്ക് ബഹുമാനാദരവുകൾ ജാനിപ്പിക്കുന്നതായിരുന്നു. പൂർണ്ണമായ സമർപ്പണത്തിന്റെയും അലൗകികമായ ശാന്തതയുടെയും അനന്യസാധാരണമായ ലാളിത്യത്തിന്റെയും പ്രതീകമാണല്ലോ ഹിന്ദു സന്യാസിമാരുടെ കാഷായ വസ്ത്രം. മിഷനറിമാരുടെ ആ വേഷവിധാനമാണ് അദ്ദേഹത്തെ ആക്രമിക്കാൻ ആര്യസമാജക്കാർക്ക് ധൈര്യം പകർന്നത്. പറക്കാത്ത പക്ഷിയെ വെടിവയ്ക്കാൻ ആവേശം കാട്ടിയെ അവരെയും ധീരദേശാഭിമാനികളുടെ പട്ടികയിലാണ് ആര്യസമാജം അന്ന് കണ്ടത്. സത്യവും അസഹിഷ്ണതയും നിറഞ്ഞ ഒരു സമീപനമാണ് ധർമ്മപ്രചാരിൽ ടാഗോർ സ്വീകരിച്ചിട്ടുള്ളത്. സത്യത്തെ കരിങ്കൽ ചിറകുകൾക്കുള്ളിൽ കെട്ടി നിർത്താതെ നിർബാധം ഒഴുകുവാൻ അനുവദിക്കുക എന്ന ആഹ്വാനമാണ് ടാഗോർ കവിതയിലുള്ളത്.

" ധർമ്മപ്രചാർ " കാവ്യനാടകത്തിലെ രണ്ടാമങ്കത്തിൽ മിഷനറിയുടെ ഒരു പ്രാർത്ഥനാഗീതിയുണ്ട്:

നാഥാ അങ്ങയുടെ ഹിതമനുസരിച്ചു എന്റെ ജന്മനാടിനെയും സ്നേഹിതരെയും ഞാൻ ഉപേക്ഷിച്ചു. അങ്ങയോടുള്ള സ്‌നേഹത്തെപ്രതി എനിക്ക് പ്രിയപ്പെട്ട എല്ലാറ്റിനോടും ഞാൻ യാത്ര പറഞ്ഞു. ആ നിസ്തുലമായ സ്നേഹത്തിന്റെ മുമ്പിൽ അന്യദേശമെന്നും ഭിന്നവർഗ്ഗമെന്നും ഉള്ള ചിന്തകളെല്ലാം എന്നിൽനിന്നും മാഞ്ഞു പോവുകയായിരുന്നു. വിഷദ്രവവുമായി വന്ന ഇവരെ നറും തേനുമായി അങ്ങ് മടക്കി അയക്കേണമേ. സ്നേഹപ്രകാശമേ വരുക. പക നിറഞ്ഞ ഈ കണ്ണുകൾക്ക് പ്രകാശമരുളുക.  

ഈ പ്രാർത്ഥന അവസാനിക്കുന്നതോടെ പോലീസുകാർ ആ രംഗത്തേയ്ക്ക് വരുന്നു. ആര്യന്മാരുടെ വിശ്വാസം വിജയിക്കട്ടെ എന്ന് ഉത്‌ഘോഷിച്ചു കൊണ്ടു ആര്യസമാജികർ ഓടി മറയുന്നു. നാടകം സമാപിക്കുന്നു.

അന്ധൻ ആനയെ കാണുന്നതുപോലെ ഈശ്വരനെ ദർശിക്കുന്ന മതാന്ധന്മാരുടെ ധർമ്മപ്രചാറിൽ ചിത്രീകരിക്കുന്നതുപോലുള്ള വിക്രിയകളാകാം ഗീതാഞ്ജലിയിൽ ഹൃദയസ്പർശിയായ ഒരു പദ്യത്തിനു രൂപം നൽകാൻ മഹാകവി ടാഗോറിനെ പ്രേരിപ്പിച്ചത് ആ മിസ്റ്റിക് ഗീതി ഇങ്ങനെയാണ്: 

"മനസ് എവിടെ ഭയരഹിതമായിരിക്കുന്നുവോ ശിരസ് എവിടെ ഉയർത്തിപ്പിടിച്ചിരിക്കുന്നുവോ എവിടെ അറിവ് സ്വാതന്ത്രമായിരിക്കുന്നുവോ എവിടെ ഇടുങ്ങിയ വേലികെട്ടു ലോകത്തെ തുണ്ടുതുണ്ടായി വിഭജിക്കാതിരിക്കുന്നുവോ വാക്കുകൾ എവിടെ സത്യത്തിന്റെ അഗാധതലത്തിൽ നിന്നുയരുന്നുവോ അടങ്ങാത്ത പരിശ്രമം എവിടെ പൂർണതയിലേക്ക് ചിറക് വിരിച്ചു പറക്കുന്നുവോ യുക്തിയുടെ തെളിനീർ പ്രവാഹം എവിടെ പഴയ ആചാരങ്ങളുടെ മണലാരണ്യങ്ങളിൽ ചെന്ന് കുടുങ്ങാതിരിക്കുന്നുവോ കൂടുതൽ വിശാലമായ ചിന്തയിലേയ്ക്കും പ്രവൃത്തിയിലേയ്ക്കും എവിടെ അങ്ങ് മനസ്സിനെ കൈകൊടുത്ത് നയിക്കുന്നുവോ ആ സ്വാതന്ത്ര്യസ്വർഗ്ഗത്തിലേയ്ക്ക് എന്റെ താതാ, എന്റെ രാജ്യം ഉണർന്നെഴുന്നേൽക്കട്ടെ". 

ടാഗോറിന്റെ കവിഹൃദയത്തിൽ നിന്നും ഈ പ്രാർത്ഥന ഉയർന്നിട്ട് ഒരു നൂറ്റാണ്ടോളമായി. ഈ അർത്ഥന ഇനിയും എത്ര കാലം ഉരുവിട്ടാലാണ് നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്.

വേദാന്തമതത്തിലെ പരമോത്കൃഷ്ടമായ ആശയം, നമുക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തിൽ എത്തിച്ചേരാം എന്നുള്ളതാണ്. ആ ലക്ഷ്യം സ്വാതന്ത്ര്യമാണെന്ന് തത്വജ്ഞാനികൾ പറയുന്നു. ആ ലക്ഷ്യത്തിലേക്കാണ് ബോധപൂർവ്വമോ അല്ലാതെയോ സകല ചരാചരങ്ങളും ചരിച്ചുകൊണ്ടിരിക്കുന്നത്. ആ സ്വാതന്ത്ര്യ സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗങ്ങളാണ് ഗീതയിൽ പ്രതിപാദിക്കുന്ന കർമ്മ, ജ്ഞാന, ഭക്തിയോഗങ്ങൾ . എല്ലാ മതങ്ങളും എല്ലാ കർമ്മമാർഗ്ഗങ്ങളും ആരാധനാരീതികളും പരമമായ സ്വാതന്ത്ര്യമെന്ന ഒരേ ലക്ഷ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഈ തത്വ ചിന്തയുടെ നീരുറവയിൽ നിന്നാണ് ഗീതാജ്ഞലിയിലെ ചിന്താധാര പകർന്നൊഴുകുന്നത്. മനുഷ്യൻ അവന്റെ ചെറിയ ശരീരമാണെന്നുള്ള ധാരണയിൽനിന്നും നമ്മെ മോചിപ്പിക്കുന്നതാണ് ഗീതയും ഗീതാഞ്ജലിയും. പക്ഷെ എന്ത് ചെയ്യാം അധർമ്മത്തിനെതിരെ പോരാടാൻ നമുക്ക് കഴിയുന്നില്ല; ധൃതരാഷ്ട്രർ പറയുംപോലെ , ധൃതരാഷ്ട്രർ പറയുന്നു. 

ജാനാമി ധർമ്മം (1 ) ചമേ 

പ്രവർത്തി !

ജാനാമ്മ്യ ധർമ്മം ന ചമേ 

നിവൃത്തി !

( എനിക്ക് ധർമ്മം എന്തെന്നറിയാം പക്ഷെ അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. എനിക്ക് അധർമ്മം എന്തെന്നറിയാം. പക്ഷെ അത് പ്രവർത്തിക്കാതിരിക്കാനും കഴിയുന്നില്ല.) സത്യാഗ്രഹത്തിന്റെ നാടായ  സാക്ഷികളാകാനാണ് നാം വിധിക്കപ്പെട്ടിരിക്കുന്നത് ! വിധിവൈപരീത്യം തന്നെ. //-  
------------------------------------------------------------------------------------------------------------------------
 ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.