Dienstag, 25. September 2018

ധ്രുവദീപ്തി: Opinion // "ഈ കന്യാസ്ത്രീകളെ ആർക്ക് രക്ഷിക്കാൻ കഴിയും?" കേരളത്തിലെ തിരുസഭയും വിശ്വാസിസമൂഹവും. George Kuttikattu

ധ്രുവദീപ്തി:  Opinion // 


"ഈ കന്യാസ്ത്രീകളെ 
ആർക്ക് രക്ഷിക്കാൻ കഴിയും?":
(മുൻ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ)


കേരളത്തിലെ തിരുസഭയും 
വിശ്വാസിസമൂഹവും.
George Kuttikattu 
            
ഭയിലെ വിശ്വാസി സമൂഹത്തെ സഭാധികാരികളിൽ നിന്നും ആർക്ക് രക്ഷിക്കാൻ കഴിയും എന്ന ചോദ്യം കൂടി ഞാനിവിടെ ഇപ്പോൾ ആദ്യമേ തന്നെ  ചോദിക്കട്ടെ. സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ്പും സഭയിലെ കർദ്ദിനാളുമായിരുന്ന മാർ വർക്കി വിതയത്തിൽ "STRAIGHT FROM THE HEART" എന്ന തന്റെ പുസ്തകത്തിൽ വളരെയധികം ആശങ്കയോടെതന്നെ ചോദിച്ചിരിക്കുന്ന ഒരു വലിയ ചോദ്യമായിരുന്നു, കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളുടെ മഠങ്ങളിലെയും അവരുടെ സഭാജീവിതവേദികളിൽ നിരന്തരം കാണപ്പെടുന്ന അടിമത്തജീവിതവഴികളിലുണ്ടാകുന്ന പ്രശ്നങ്ങളും, കന്യാസ്ത്രികൾക്കു സഭാധികാരികളിൽനിന്നും അനുഭവമായിട്ടുള്ളതും, അവയ്ക്കൊന്നും യാതൊരു മറുപടി ലഭിക്കാത്ത അനേകം നിഗൂഢമായ തിക്താനുഭവങ്ങളുടെ യാഥാത്ഥ്യങ്ങളെയെല്ലാം നേരിൽ മനസ്സിലാക്കിയ ശേഷം അദ്ദേഹം സ്വയം ചോദിച്ചത്. ഇപ്രകാരമാണ്: " ഈ കന്യാസ്ത്രീകളെ ആര് രക്ഷിക്കും ?" എന്നാണ്.

പുണ്യശ്ലോകനായ മുൻ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അഭിലാഷവും ഉള്ളലിഞ്ഞ പ്രാർത്ഥനയും ഇന്ന് നേരിട്ട് ഫലം കണ്ടുവെന്ന് തർക്കമില്ലാതെ പറയാം. ഒപ്പം, പുരാതനകാലം മുതലേ അടിമത്വമനുഭവിച്ചിരുന്ന "അല്മായർ" എന്ന് സഭാധികാരികൾ വിളിക്കുന്ന സഭാംഗങ്ങൾക്ക് ഇടയന്മാരായ സഭാധികാരികളുടെ പീഡനങ്ങളിൽ നിന്നും, ഏകാധിപത്യ മനോഭാവത്തിൽ നിന്നും ഒരു പരിധിവരെയെങ്കിലും മോചനം ഉണ്ടാക്കുന്നതിനും സാധിച്ചു എന്നുപറയാം. കേരളത്തിലെ ക്രിസ്തീയ സഭാ വിശ്വാസികളുടെ താൽക്കാലിക ധാർമ്മിക വിജയമാണ് കുറവിലങ്ങാട് നാടു കുന്ന് മഠത്തിലെ കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സഹന സമര ത്തിലൂടെ നാമെല്ലാം കണ്ടതെന്ന് ഉറക്കെപ്പറയാൻ കഴിയും. ജലന്ധർ മെത്രാൻ ഫ്രാങ്കോ നടത്തിയ ലൈംഗിക പീഡനത്തിൽ ഇരയായ സഭയിലെ  കന്യാ സ്ത്രികൾ, സഭയിൽ നീതിയും സുരക്ഷയും കിട്ടണമെന്നും, കോടതി പ്രതി യെ നിയമപരമായി ശിക്ഷിക്കണമെന്നും, സമാധാനപൂർവ്വം കഴിഞ്ഞ നാളു കളിൽ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധർമ്മസമരം കേരളത്തിൽ   കത്തോ ലിക്കാസഭയിലും സഭയിലെ എല്ലാ സഭാംഗങ്ങളിലും പുതിയൊരു ചരിത്രപര മായ നവോത്ഥാനം ഉണ്ടാക്കാൻ കാരണമാകുമെന്ന് കേരളത്തിലെ കത്തോ ലിക്കാ വിശ്വാസികൾക്ക് സംശയവുമില്ലാതെ കാണുവാൻ കഴിയും. നീതിക്കു വേണ്ടിയുള്ള സമരം നയിച്ചവരുടെ ആ ആത്മവീര്യം തികച്ചും ഒരു  "പ്രതി ഷേധസമര"മായി ആ സമരമുഖത്തു ആളിക്കത്തി. ജലന്ധറിലേ രൂപതയുടെ മെത്രാനെ പോലീസ് നിയമപരമായി അറസ്റ്റു ചെയ്തത് ലോകജനത ആകെ ശ്വാസം പിടിച്ചുനോക്കി നിന്നു പോയി.!

നീതിക്ക് വേണ്ടിയുള്ള കന്യാസ്ത്രീകളുടെ സഹനസമരം സഭാവിരുദ്ധ നടപടിയോ  മെത്രാന്മാരെ?

 എറണാകുളത്തു 
പൊതു നിരത്തിൽ
 വിവിധ രൂപതകളിലെ 100 ലേറെ
വൈദികരുടെ പ്രതിഷേധസമര
ജാഥയുടെ രംഗം. 

കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരു ടെ കെ.സി.ബി.സി യുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും 100 %വും  സഭാവിരുദ്ധമാണ്. അവരുടെ നിലപാടുകളെ-,  സഭാംഗങ്ങൾക്ക് ഭീഷണിയുയർത്തുന്ന എല്ലാ രീതിയിലുള്ള അവരുടെ മനോഭാവത്തെ  ശക്തമായിത്ത ന്നെ അപലപിക്കേണ്ടതുമാണ്. കെ. സി. ബി. സിയിലെ മെത്രാന്മാരെ, നിങ്ങൾ, എന്റെ ഈ ചോദ്യങ്ങൾക്കു മറുപടി തരാൻ, സഭയു ടെ മെത്രാന്മാരും കർദ്ദിനാൾമാരും, ബാദ്ധ്യ സ്ഥരാണ്. കേരളത്തിൽ 1959- കളിൽ  കമ്യു ണിസ്റ്റ് ഭരണത്തിന് നേരെ, ഭീകരഭരണം, സഭാവിരുദ്ധഭരണം, ജനവിരുദ്ധഭരണം എന്നൊക്കെ പറഞ്ഞു മെത്രാന്മാർ പൊതു നിരത്തിലിറങ്ങിയതും, പല ഇടയലേഖനം ഇറക്കിയും സജ്ജീവ സമരമുഖം നയിച്ചതു ചരിത്ര സത്യമാണ്. ചങ്ങനാശേരി രൂപത മുൻ ആർച്ചുബിഷപ്പ് പവ്വത്തിലിനെ മേജർ ആർച്ചുബിഷപ്പായി നിയമിക്കാനുള്ള ഒരു നീക്കത്തിനെതിരെ അന്ന് വിവിധ രൂപത കളിൽ നിന്നുള്ള 100 ലേറെ വരുന്ന വൈദികർ എറണാകുളത്ത് വച്ച് യോഗം ചേരുകയും, പ്രതിഷേധജാഥകൾ നടത്തി അന്നത്തെ കർദ്ദിനാൾ പടിയറയ്ക്ക് നിവേദനം നൽകിയത് അവർ മറന്നുപോയോ?. അന്ന് ജാഥയായിട്ടാണ് വൈദികർ മേജർ ആർച്ച്ബിഷപ് പടിയറയുടെ പക്കലെത്തിയത്. കത്തീഡ്രൽ വികാരി ഫാ. ജോസ് പോൾ നെല്ലിശേരിയാണ് പ്രതിഷേധ യോഗത്തിൽ അന്ന് അദ്ധ്യക്ഷത വഹിച്ചത്. "കത്തോലിക്കാസഭയുടെ അന്ത്യം ഞങ്ങൾ വരുത്തും, പവ്വത്തിലിനെതിരെ പ്രക്ഷോപണവുമായി വൈദികരെല്ലാം നിരത്തിലിറങ്ങി പ്രതിഷേധക്കൊടി പിടിച്ചു സമരം ചെയ്തവരാണ്. ഇതൊന്നും അന്നത്തെ കെ. സി. ബി. സിക്കതു സഭാവിരുദ്ധമല്ലായിരുന്നോ? നാണമില്ലേ, നാണമില്ലേ കെ. സി. ബി. സി.യിലെ മെത്രാന്മാരെ, കർദ്ദിനാളെ, നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രികൾ സഭാവിരുദ്ധനടപടിയാണ് ചെയ്തതെന്ന് പറയാൻ ? അതിഗൗരവമായിട്ടുള്ള സഭയുടെ  ഈ വിഷയം മനസ്സിലാക്കിയ വത്തിക്കാൻ ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ നാടകീയമായ വിധം, അന്ന് വൈദികനായി രുന്ന ഫാ. വർക്കി വിതയത്തിലിനെ മെത്രാനായും, മേജർ ആർച്ചുബിഷപ്പ് ആയും പിന്നീട് കർദ്ദിനാളായും നിയമിക്കേണ്ടതായി വന്നത് ചരിത്ര സംഭവമല്ലേ? കെ. സി. ബി. സി. യിലെ മെത്രാന്മാർക്ക് യാഥാർഥ്യബോധം നശിച്ചുപോയി. കാരണം ഏകാധിപതികളായി സ്വകീയാധികാരം ഉള്ളിൽ വച്ചുപുലർത്തുമ്പോൾ അവർക്ക് യാഥാർത്ഥ്യബോധം ഉണ്ടാവുകയില്ല. കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ നേരെ ആരോപണം നടത്തുകയും കുറ്റക്കാരായ സഭാധികാരികളോട് സഹതാപവും പ്രകടിപ്പിക്കുന്ന സഭയിലെ ഏതു മെത്രാന്മാരുമാകട്ടെ അവരൊന്നും ഈ സഭയിലെ അധികാരസ്ഥാനം അർഹിക്കുന്നവരല്ല. മനുഷ്യരല്ലേ, തെറ്റും കുറവുകളും അധികാരികൾക്കും ഉണ്ടാകാം എന്ന ഇവരുടെ ന്യായവാദം കൊണ്ട് ഇവർ സഭാസംവിധാനത്തെ പൊളിച്ചടുക്കി കത്തിച്ചുകളയുന്ന ക്രിമിനലുകൾ തന്നെ.

സഭയിലെ വൈദികരെല്ലാം നിരത്തിലിറങ്ങി സമരം ചെയ്തത നടപടികൾ സഭാനിയമത്തിന് എതിരല്ലേ മെത്രാന്മാരെ, കർദ്ദിനാളന്മാരെ? കേരളത്തിലെ കത്തോലിക്കാ സഭയെ ബിഷപ് പവ്വത്തിലും കൂട്ടരും കൂടി രഹസ്യമായി ഒരൊറ്റ അല്മായരോടും ആലോചിക്കാതെ കേരളത്തിലെ കത്തോലിക്കാ സഭയയെ സീറോമലബാർ സഭയെന്ന പേരിൽ റോമൻ കത്തോലിക്കാ സഭ ക്കെതിരെയുള്ള വേറിട്ടൊരു സഭ കേരളത്തിൽ സ്വയം പ്രഖ്യാപിച്ചുകൊണ്ടു മാർപാപ്പയ്‌ക്കെതിരെ കൊടിപിടിച്ചു. ഇതിനെതിരെയും അന്ന് വളരെയേറെ വൈദികർ പ്രതിഷേധ സമരം ചെയ്തു. മാത്രമല്ല, സഭയിൽ ഉണ്ടായിട്ടുള്ള    നിരവധിയേറെ കൊലപാതകങ്ങളെ മറച്ചുവച്ചു കേസില്ലാതെയാക്കിയത് മെത്രാന്മാരും വൈദികരുമാണ്. മരണപ്പെട്ടവർ കന്യാസ്‌തികൾ ആയിരുന്നു. വലിയ ഉദാഹരണം ചെമ്മലമറ്റത്തു ഒരു കന്യാസ്ത്രി കൊല്ലപ്പെട്ടത്‌, അതിനു കാരണം അപകടമരണമാണെന്ന് വരുത്തി സിസ്റ്ററിന്റെ മൃതദേഹം ഉടൻ സംസ്കരിച്ചു. വേറൊന്ന്, സിസ്റ്റർ അഭയയും കൊല്ലപ്പെട്ടത് മറ്റൊരു പ്രസിദ്ധ ഉദാഹരണം..കൊട്ടിയൂരിൽ ഇടവക വികാരി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കുഞ്ഞുണ്ടാക്കി. ഇതൊന്നും സഭാമെത്രാന്മാരുടെ കണ്ണിൽ സഭാവിരുദ്ധ നടപടിയല്ല? അവയൊന്നും കോഴപ്പണം കൊടുത്ത് മെത്രാൻ ഉദ്യോഗം ലഭിച്ച കെ. സി. ബി. സി. യിലെ മെത്രാന്മാർക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകമില്ല എന്ന് പറയാതെ തരമില്ല.. ഇപ്പോഴിതാ ഒരു കന്യാസ്ത്രിയെ പൈശാചികമായി ലൈംഗികദാഹം മൂത്തു ബലാൽസംഗം നടത്തിയ ഒരു നീചനായ മെത്രാൻ നിങ്ങളുടെ മുൻപിൽ ഉണ്ട്. ജലന്ധർ രൂപതയുടെ, അതെ -ഫ്രാങ്കോ എന്ന് പേരുള്ള ഒരു മെത്രാൻ തന്റെ ക്രൂരമായ നീചപ്രവർത്തികളിൽ ശിക്ഷിക്കപ്പെട്ടു. മെത്രാൻ പാലായിലെ ജയിൽവാസം അനുഭവിക്കുമ്പോൾ, നിങ്ങളുടെ നിങ്ങളുടെ നെഞ്ചുപൊട്ടുന്നു, പാലാ രൂപത യുടെ ഒരു മെത്രാൻ കുറ്റവാളിയായി അറസ്റ്റുചെയ്യപ്പെട്ടു പാലാ ജയിലിൽ വസിക്കുന്ന മെത്രാനെ നേരിട്ട് സന്ദർശിച്ചു ശക്തി പകരുന്നു. അതേസമയം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയാകട്ടെ അതെല്ലാം സഹിച്ചു.സഹിച്ചു അവ  ക്ഷമിച്ചു കൊള്ളണം, അല്ലെങ്കിൽ അവർ സഭയ്ക്ക് പുറത്താണ്! മെത്രാനെന്ന കുറ്റവാളിയെ വിശുദ്ധനായും നിങ്ങൾ കാണുന്നു. ഹ!കഷ്ടം മെത്രാന്മാരെ !!!

കത്തോലിക്കാ സഭ ഇപ്പോൾ നേരിടുന്ന നീറുന്ന പ്രശ്നം സഭയുടെ ആകെമാന സംവിധാനത്തിലോ വിശ്വാസത്തിന്റെ പിഴവുകളിലോ അല്ല, പ്രത്യുത, നാം ഉൾക്കൊള്ളുന്ന കത്തോലിക്കാ സഭയിലെ അഭിഷിക്തരായ ശുശ്രൂഷികളായ മെത്രാന്മാരുടെയും പുരോഹിതരുടെയും, പ്രത്യേകിച്ച്, മെത്രാന്മാരെയെല്ലാം സംബന്ധിക്കുന്നതാണ് പ്രതിപാദനവിഷയം. പൗരസ്ത്യസഭാ വിഭാഗമായ സീറോ മലബാർ കത്തോലിക്ക സഭയിലെ അംഗങ്ങളായിരുന്നു, ജലന്ധർ ലത്തീൻ രൂപതയുടെ മെത്രാനും, തന്റെ ലൈംഗിക ഇരയായിമാറിയ തന്റെ മെത്രാൻ അധികാരപരിധിൽപ്പെട്ട ജലന്ധർ രൂപതയിലെ ഒരു മഠത്തിലെ കന്യാസ്ത്രീയും. കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും സന്യാസി-സന്യാസിനികളും അവർ ആപദവിയിലെത്തുന്നതിനു മുമ്പ് തന്നെ സഭയുടെ ക്രമപ്രകാരം മൂന്നു വൃതങ്ങൾ ഏറ്റുപറഞ്ഞിട്ടുള്ളവരാണ്. ദാരിദ്ര്യം ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വൃതങ്ങൾ. പ്രതിജ്ഞ എടുത്ത വ്രതവാഗ്ദാനങ്ങളെയെല്ലാം ലൈംഗികദാഹത്തിന്റെ മൂർച്ചയേറിയ ആയുധം വച്ച് കന്യാസ്ത്രിയെ പലതവണ പീഡിപ്പിച്ച അതിക്രൂരകൃത്യം എന്നാണ് നമുക്ക് പറയേണ്ടത്. മേലധികാരിയെന്ന അഹന്തയുടെ മൂർച്ചയുള്ള വാൾകൊണ്ട് കന്യാസ്ത്രിയെ കീഴ്‌പ്പെടുത്തി ഒരു മെത്രാൻ ലൈംഗികസുഖം രുചിച്ചു നോക്കി. ഇതിനെ എതിരിടാനുള്ള മാനസികശക്തിയും കായിക ശക്തിയുമില്ലാത്ത കന്യാസ്ത്രി സ്വന്തം നാണക്കേടിൽ ഭയന്ന് അപമാനം സഹിച്ചു. ഒടുവിൽ സഹികെട്ട് സീറോമലബാർ സഭയുടെ കർദ്ദിനാൾ മുതൽ, മറ്റുള്ള സഭാനേതൃത്വങ്ങളെയെല്ലാം തന്റെ ദുരന്തകഥകൾ നേരിട്ട് പറഞ്ഞു. ധാർമ്മികത പള്ളികളിൽ നാലുകൈകളും എട്ടുകാലുകലുകളും എടുത്തു നാലുപാടും വീശി അല്മായരോട് അധാർമ്മികതയും പാപവും പറഞ്ഞു അവരെ പാതാളത്തിലേക്ക് വിടുന്നതുപോലെ അവരെല്ലാം കൂടി ആ സഭാ സഹോദരിയെ നരകശിക്ഷയ്ക്ക് വിധിക്കുവാനാണ് ശ്രമിച്ചത്. നാണമില്ലേ, നാണമില്ലേ ഈ മെത്രാന്മാർക്ക് അധികാരത്തിന്റെ ചുവന്ന മേലങ്കിയും, കിരീടവും, കഴുത്തിൽ പാഷാണ്ഡമതത്തിന്റെ കുരിശും ധരിച്ചു ദൈവം ചമഞ്ഞു സിഹാസനത്തിലിരിക്കാൻ?? ജലന്ദർ രൂപതയുടെ മെത്രാൻ ഫ്രാങ്കോ  മുളയ്ക്കൽ ഒരു കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തതിനെതിരെ നീതി ആവശ്യപ്പെട്ടും പ്രതിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കന്യാസ്ത്രി നൽകിയ പരാതിയിൽ മെത്രാൻ അറസ്റ്റു ചെയ്യപ്പെട്ടു ജയിലിലായ ഗൗരവമായ സംഭവത്തെ കേരള കത്തോലിക്കാ ബിഷപ്‌സ് കൗൺസിൽ സമ്മേളിച്ചു ആ കന്യാസ്ത്രീ സ്വീകരിച്ച നടപടി നിലപാടിനെതിരെ നിശിതമായി അവരെ വിമർശിച്ചു. കന്യാസ്ത്രി പൊതുനിരത്തിൽ ഇറങ്ങി നീതിക്കുവേണ്ടി സമരം ചെയ്തത് സഭാനയങ്ങൾക്ക് വിരുദ്ധമാണെന്നും സഭയ്‌ക്കെതിരെയാണെന്നും മെത്രാനെ നീതീകരിക്കുകയാണുണ്ടായത്. കേരളത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ആരും വിമർശിച്ചിട്ടില്ല, സഭയ്‌ക്കെതിരെ ആരും സമരം ചെയ്തിട്ടില്ല, മറിച്ചു, സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രിയെ ലൈംഗിക ബലാൽക്കാരം ചെയ്തതിനെതിരെ നീതി ലഭിക്കുവാൻ എല്ലാമാർഗ്ഗങ്ങളിലും, വിശിഷ്യാ, സഭാധികാരികളായ കർദ്ദിനാളിന്റെയും പുരോഹിതരുടെയും മെത്രാൻസംഘത്തിന്റെയും മുമ്പിൽ പോലും, മുട്ടിയിട്ടും ആരും അവരെ സഹായിച്ചില്ല. വഴിമുട്ടിയ കന്യാസ്‌തികൾ ഒടുവിൽ തെരുവിലിറങ്ങിയത് സഭാവിരുദ്ധപ്രകടനമെന്നു മെത്രാന്മാർ പ്രസ്‌താവിച്ചത്‌ കടുത്ത അവിവേകം തന്നെയാണ്.

ആദ്യമായിത്തന്നെ മെത്രാന്മാർ എല്ലാവരും യാഥാർത്ഥ്യം മനസ്സിലാക്കണം. സഭയെന്നു പറയുന്നത് മെത്രാന്മാരുടെയും അവരുടെ കീഴിലുള്ള  വൈദിക രുടെയും കന്യാസ്ത്രികളുടെയും മാത്രമുള്ള ക്രിസ്തു സംഘടനയാണെന്ന് നിങ്ങൾ വിചാരിക്കുന്നത് മൗഢ്യമാണ്. അതുപോലെ, മനസ്സിലാക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ മെത്രാന്മാർക്കും സഭയിലെ പുരോഹിതർ ക്കും മാത്രമല്ല, അല്മായർക്കും കന്യാസ്ത്രികൾക്കും വിശ്വാസികൾക്കും ലഭി ക്കാവുന്നതാണ്. പരിശുദ്ധാത്മാവിന്റെ നിവേശനത്തിൽ തിരുസഭയിൽ പൊന്തിവരുന്ന അഭിപ്രായങ്ങൾകൊണ്ട് ചില സംഭവങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം നൽകണം. അതിനാണ് മെത്രാന്മാരെ നിയമിച്ചത്. എന്നാൽ ഒരു കാര്യം മെത്രാന്മാർ മനസ്സിലാക്കണം, മെത്രാന്മാർക്ക് മാത്രമല്ല, സഭയിലെ വിശ്വാസികൾക്കും പരിശുദ്ധാത്മാവിന്റെ വരങ്ങളുണ്ട്. സുവിശേഷ വചന പ്രഘോഷണത്തിനു നിയോഗിക്കപ്പെട്ടവരുടെ സഭാവിരുദ്ധപ്രവർത്ത നം നാം അറിയുന്നു, പലപ്പോഴും അത് ഇരുളിന്റെ മറയിൽ മറഞ്ഞുപോകും. പക്ഷെ സുവിശേഷ ദൗത്യനിർവഹണത്തിൽ വിമുഖരായി നിന്ന് പ്രവർത്തിക്കുന്ന നിയോഗിക്കപ്പെട്ടവരുടെ പ്രവർത്തിയാൽ മനം മടുത്തു തളർന്നവശമായി നിദ്രാധീനയായിക്കഴിഞ്ഞ സഭയെ അല്മായർ നിദ്രയിൽനിന്നുണർത്തുകയും കർമ്മനിരതരാകുകയും ചെയ്ത അനേകം സംഭവങ്ങൾ സഭാചരിത്രത്തിൽ കാണാൻ കഴിയും. ഇപ്പോഴും, നിസഹായരായി സഭപോലും തള്ളിക്കളഞ്ഞ സഭയിലെ അംഗങ്ങളായ കന്യാസ്ത്രീകളുടെ സുരക്ഷയ്ക്കും നീതി വാങ്ങി നലകുന്നതിനും അല്മായർ അവർക്കൊപ്പം നിലകൊള്ളുന്നത് സഭയിലെ ശക്തികേന്ദ്രങ്ങളുടെ താക്കോൽ കൈവശമാക്കിയിരിക്കുന്ന മെത്രാന്മാർക്ക് ദഹിക്കുകയില്ലെന്നു അല്മായർക്കറിയാം. കന്യാസ്ത്രികൾക്കെതിരെ പക തീർക്കാൻ അവരെ ശിക്ഷിക്കുന്ന അധികാരികളുടെ നടപടി തിരുത്താൻ അല്മായർക്കറിയാം. അവർക്കുവേണ്ടി പൊതുനിരത്തിലിറങ്ങിയ സഭയിലെ വൈദികരെ ശിക്ഷിക്കാൻ സഭ എന്ന് പറഞ്ഞു വീമ്പിളക്കുന്ന മെത്രാന്മാർക്ക് ധൈര്യമുണ്ടോ എന്ന് ഞാൻ ചോദിക്കുന്നു. നീതിക്കുവേണ്ടി പൊതുനിരത്തു വരെ ഇറങ്ങി യാചിക്കേണ്ടി വന്ന സഭാസഹോദരികളെ കത്തോലിക്കാ സഭ സംരക്ഷിച്ചില്ലെങ്കിൽ അവരെ സഭയിൽ സംരക്ഷിക്കാനും നീതി നടപ്പാക്കി നൽകുന്നതിനും മെത്രാന്മാർ വിളിക്കുന്ന അല്മായർ എന്ന് പേരുള്ള സഭയുടെ അംഗങ്ങൾക്ക് കഴിയുമെന്ന് മെത്രാന്മാർ മനസ്സിലാക്കണം. ഇന്ത്യയിലെ ചില മെത്രാന്മാർ വിശ്വസിക്കുന്ന സഭയെന്നത് അവർ മാത്രമുള്ളതല്ല, സഭയിൽ ദൈവജനം എന്ന് വിളിക്കപ്പെടുന്ന അല്മായരുംകൂടിയാണെന്നു അറിയണം.

ലോക കത്തോലിക്കാ സഭയെ ആകെ നാറ്റിച്ച അധികാരിവർഗ്ഗങ്ങളായിട്ട് ഇന്ത്യൻ മെത്രാന്മാരും പുരോഹിതന്മാരും അധ:പതിച്ചുപോയിരിക്കുന്നു എന്നതിന്റെ മഹത്തായ തെളിവുകളാണ് എനിക്ക് ഇവിടെ വിരൽചൂണ്ടി പറയേണ്ടതായി വരുന്നത്. നിരവധിയേറെ ഉദാഹരണങ്ങൾ നിരത്തി അവ ചൂണ്ടിക്കാണിക്കാനുണ്ട്. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം, എന്നീങ്ങനെ സഭയുടെ മൂന്നു നിർദ്ദിഷ്‍ട വൃതങ്ങളെയും വലിച്ചു ദൂരെയെറിഞ്ഞു തട്ടിപ്പും പണക്കൊതിയും, ലൈംഗികതയും, അവരുടെ മൂന്നു നിത്യവൃതങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഞാൻതന്നെ ഇന്ത്യൻ മെത്രാന്മാരിൽ നിന്നും നേരിട്ട് സഹിക്കേണ്ടിയിരുന്ന ഒരു വമ്പൻ തട്ടിപ്പ് സംഭവത്തെക്കുറിച്ചിവിടെയൽപ്പം കുറിക്കട്ടെ. . 1976 കളിൽ ഇന്ത്യൻ മെത്രാൻ കൗൺസിൽ, കേരളത്തിലെ ചില മെത്രാന്മാർ ഉൾപ്പെടെയുള്ളവർ, അന്ന് ജർമ്മനിയിൽ ജോലികൾ ചെയ്തിരുന്ന എല്ലാ ഇന്ത്യൻ നേഴ്സുമാരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാൻ  ജർമ്മൻ സർക്കാരുമായി ജർമ്മൻ കാരിത്താസ് സംഘടനയുടെ സഹായത്തിൽ ഒരു കള്ള ഉടമ്പടി ഉണ്ടാക്കി. ബിഷപ്പുമാർക്കു ജർമ്മൻ പണം വേണം, ജർമ്മൻ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് യോഗ്യതയനുസരിച്ചു ഞങ്ങൾ ജോലിയും കൊടുക്കാം... ജർമ്മൻ സർക്കാർ മലയാളികളായ എല്ലാ നഴ്‌സുമാർക്കും ആറുമാസത്തിനകം ജർമനി വിട്ടുപോകണമെന്ന് കാണിച്ചു ഔദ്യോഗിക നോട്ടീസും നൽകി. ഇതിന്റെ ഉറവിടം ഞാൻ മനസ്സിലാക്കി. എന്നോടൊപ്പം ഇന്ന് കൊച്ചിയിൽ കന്യാസ്ത്രീക്കുവേണ്ടി പിന്തുണനൽകിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്ന അല്മായ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരനും ചേർന്ന് ഞങ്ങൾ അന്നത്തെ മെത്രാന്മാരുടെ മൊത്തക്കച്ചവടത്തെ പൊളിച്ചടുക്കിയ ചരിത്രം ഇന്ത്യൻ സഭാചരിത്രത്തിൽ കുഞ്ഞാടുകളെ ചുട്ടുകരിച്ചുതിന്നുന്ന ഇന്ത്യൻ മെത്രാൻ സഖ്യത്തിന്റെ നേരെ നടത്തിയ മുന്നേറ്റമായിരുന്നു. ഇക്കാര്യം ഞാൻ ജർമ്മൻ ഡയറി എന്ന ലേഖന പരമ്പരയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ 2012-ൽ കർദ്ദിനാൾ ആലഞ്ചേരിയും ഇപ്പോൾ റോമിൽ അഭിക്തനായി ചാർജെടുത്ത സീറോമലബാർ ബിഷപ് ചിറപ്പണത്തും കൂടി നടത്തിയ വമ്പൻ റീയൽ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ്. ജർമ്മനിയിൽ ഉള്ള മലയാളികളിൽനിന്നും രണ്ടു മില്യൺ യൂറോ പിരിച്ചെടുക്കാൻ വേണ്ടി ഇവർ രണ്ടുപേരുംകൂടി പ്ലാൻചെയ്തു ഒരു കത്ത് കർദ്ദിനാൾ ആലഞ്ചേരി ഒരാൾക്ക് അയച്ചു. അതുപക്ഷേ, വലിയ എതിർപ്പിന് കാരണമായി ആ പദ്ധതി പൊളിച്ചു. എന്നാൽ ആരുമറിയാതെ വത്തിക്കാനിൽ കോടികൾ മുടക്കി ഒരു "പ്രോക്കൂറ ഹൌസും " കുറെ കളി സ്ഥലവും ചിറപ്പണത്തും, ആലഞ്ചേരിയുംകൂടി വാങ്ങി. ഇതിനു ലഭിച്ചതായ കമ്മീഷൻ ആണ് ചിറപ്പണത്തിനു കിട്ടിയ മെത്രാൻ സ്ഥാനം. 2012 -നു ശേഷം കർദ്ദിനാൾ ആലഞ്ചേരി ജർമ്മനിയിലെ ആടുകളുടെയടുക്കലേയ്ക്ക് ഒരു വിശുദ്ധ സന്ദർശനം നടത്തിയതായി അറിവില്ല. ലോകമൊട്ടാകെ സീറോ മലബാർ മെത്രാന്മാരെ സൃഷ്ടിച്ചു വിശ്വാസികളെ അന്ധവിശ്വാസം ഊതി വീർപ്പിച്ചു പണം തട്ടിയെടുക്കാനുള്ള ഏതടവുകളും അവർ പ്രയോഗിക്കുക യാണ്.

കേരളത്തിൽ എത്രയെത്ര പെൺകുട്ടികൾ വൈദികരുടെ ലൈംഗിക ദാഹം മൂത്ത് തടാകത്തിൽ, കിണറുകളിൽ, കന്യാസ്ത്രികൾ മഠങ്ങളിൽ ക്രൂരമായി കൊല്ലപ്പെട്ടും കണ്ടിട്ടുള്ള കുറെ ചരിത്രം ഉണ്ടായി. ആലപ്പുഴയിൽ, കണ്ണൂരിൽ, പാലായിൽ , കോട്ടയത്ത്, ചെമ്മലമറ്റത്ത്, പല കന്യാസ്ത്രികൾ കൊല്ലപ്പെട്ടു. ചെമ്മലമറ്റത്ത് ഒരു കന്യാസ്ത്രി കൊല്ലപ്പെട്ട സംഭവം മെത്രാൻ ഇടപെട്ട് അത് സ്വാഭാവിക അപകടമരണമാക്കി ചിത്രീകരിപ്പിച്ചു കേസ്സില്ലാതാക്കി. പല പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ പോലും വൈദികരിൽനിന്നും ഗർഭിണികളായി. കൊട്ടിയൂരിൽ ഒരു പെൺകുട്ടിയുടെ സ്വന്തം അപ്പന്റെ തലയിൽ കുറ്റം ചുമത്തിയ കത്തനാന്മാർ, മഠങ്ങളിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന കന്യാസ്ത്രിയെ സ്നേഹിച്ചുകൊണ്ട് പ്രേരിപ്പിച്ചു മഠത്തിലെ ഖജനാവിലെ ലക്ഷക്കണക്കിന് രൂപയും എടുപ്പിച്ചു കേരളത്തിൽനിന്നും നാടുവിട്ട കള്ളക്കത്തനാന്മാർ, ഇവരെല്ലാം പൊടിതട്ടാതെ രക്ഷപെട്ടിട്ടുണ്ട്. സഭയുടെ സർവ്വാധികാരികളായ മെത്രാന്മാരുടെയടുക്കൽ, പരാതിപറഞ്ഞു വരുന്നവരോട്  "ഞാൻ ഈ നാട്ടുകാരനല്ല" എന്ന് കൈമലർത്തിക്കാണിച്ചു പരാതിക്കാരുടെ നേരെ നോക്കി തള്ളിപ്പറഞ്ഞു കുറ്റവാളികളായ സഭയിലെ മെത്രാനെയോ വൈദികനെയോ  സംരക്ഷിച്ച ചരിത്രം മാത്രമേ അല്മായർക്ക് കേൾക്കാനുള്ളു. ജർമ്മനിയിൽ മ്യൂണിക്കിൽ ആലുവ സ്വദേശി മലയാളി വൈദികൻ കുർബാനയ്ക്ക് പങ്കെടുക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചതിന് ജയിലിൽ പോയി. അവിടെയും സഭാനേതൃത്വം അയാളെ ശിക്ഷിച്ചില്ല. അത് മാത്രമോ വൈദികരുടെ മുമ്പിൽ കൗൺസിലിംഗിന് എത്തുന്നവരെപ്പോലും അടച്ചിട്ട മുറിയിൽ വച്ച് ലൈംഗികപീഡനം നടത്തിയവരുടെ ദൈവീകത്വം പറയുവാനുണ്ട്. 

കർദ്ദിനാൾ മുതൽ വൈദികരും മെത്രാന്മാരും നടത്തുന്ന ഭൂമിവില്പനയിലെ പണത്തട്ടിപ്പുകൾ വിശ്വാസികളെ ഒന്നടങ്കം കബളിപ്പിച്ചു. കർദ്ദിനാൾ ആലഞ്ചേരി, ബിഷപ്പ് മാത്യു അറയ്ക്കൽ, ബിഷപ്പ് ജോസ് പൊരു ന്നേടം, ബിഷപ്പ് കല്ലറങ്ങാട്ട് എന്നിങ്ങനെ നിരവധി മെത്രാന്മാരും അവരുടെ ഉറ്റ സിൽബന്ധികളും കൂടി സീറോമലബാർ സഭയെ ഇങ്ങനെ അങ്ങേയറ്റം മലീമസമാക്കി. നമ്മുടെ പഴയപള്ളികൾ പൊളിച്ചു കോടിക്കണക്കിനു രൂപ ഇടവകക്കാരിൽ നിന്നും പ്രവാസികളിൽ നിന്നും തട്ടിയെടുത്തു പുതിയ കൊട്ടാരതുല്യമായ പള്ളികൾ ഉണ്ടാക്കുന്നു. ആ പള്ളിയെ കർദ്ദിനാളിന്റെ വെള്ളം തളിക്കലോടെ തീർത്ഥാടനകേന്ദ്രമെന്ന ധൂർത്ഥാടനകേന്ദ്രമാക്കി, മെത്രാന്റെ ആസ്ഥാനകേന്ദ്രമാക്കി അനേകം നേർച്ചപ്പെട്ടികളും നൊവേന നമസ്ക്കാരങ്ങളും അത്ഭുതപ്രവർത്തനങ്ങളും പ്രഖ്യാപിക്കും. ഈയിടെ കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം പള്ളി വികാരിയെ ധ്രുതഗതിവേഗ കൽപ്പനയിൽ വികാരിസ്ഥാനത്തുണൈന്നും തെറിപ്പിച്ചു സ്ഥലം മാറ്റിവിട്ടു. സ്ഥലം മാറ്റം എങ്ങോട്ടെന്ന് പൊതുജനങ്ങളിൽ ഇന്നും ഒരു അതിശയചോദ്യം മാത്രമായി. ഇങ്ങനെ അനേകം കുറ്റകൃത്യങ്ങളെ സഭയിലെ മെത്രാന്മാർ കൂടി ഇരുളിന്റെ കാണാമറയത്തേയ്ക്കു ഒളിപ്പിച്ചു. ഇപ്പോൾ ഫ്രാങ്കോ എന്ന ജലന്ദർ മെത്രാനെ സംരക്ഷിക്കാൻ മെത്രാൻ സഖ്യങ്ങൾ, അവരുടെ സമ്മർദ്ദത്തിൽ കോടതിയും സർക്കാരും, രാഷ്ട്രീയപാർട്ടികളും കേരളാപോലീസും മറ്റുചില മെത്രാന്മാരുടെ പടയാളികളായ ചില മാഫിയ സംഘടനകളും തോളോടു തോൾ ചേർന്ന് പരിശ്രമിക്കുകയാണ്. കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടി അവരെ സംരക്ഷിക്കുന്നത് ഇന്ന് ഹൃദയമുള്ള ജനങ്ങളാണ്, മെത്രാന്മാരല്ല. അവർ സഭംഗങ്ങളെ ആടുകളാക്കി കൂട്ടിൽ അടച്ചു അവയെ ബലാൽസംഗം ചെയ്യുന്നു. ഇതിനെല്ലാം കാരണമോ, അവരുടെ സ്വകീയാധികാരത്തിന്റെ മുനയുള്ള വാൾ കരങ്ങളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റ അടുത്ത പ്രതി പുരുഷന്മാരെന്നു സ്വയം പ്രഖ്യാപിച്ചുള്ള സുഖജീവിതത്തിന്റ ബാബേൽ ഗോപുരങ്ങളിൽ പാർക്കുന്നവർ. വൈദികരെ അല്മായരുടെ ഇടയിൽ നിയമി ച്ചിരിക്കുന്നതിന്റെ ഉദ്ദേശം എല്ലാവരെയും സ്നേഹത്തിന്റെ ഐക്യത്തിലേ യ്ക്ക് ആനയിക്കുവാനാണ് എന്ന തത്വം വൈദികർ മറന്നു പോയോ?

ഇങ്ങനെ, കത്തോലിക്കാ സഭയിലെ അധാർമ്മികശക്തികളായി മെത്രാന്മാർ അധഃപതിച്ചപ്പോൾ സഭയിലെ അല്മായരും, റോമൻ കത്തോലിക്ക സഭയിൽ ഇതുവരെയും സഭാപദവി കൂദാശയായി അംഗീകാരം കിട്ടാത്തവരായ സഭാ കന്യാസ്ത്രികളും അവസാനത്തെ രക്ഷാമാർഗ്ഗമായി തെരുവിൽ ഇറങ്ങേണ്ടി വന്നു. ഇത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരു കറുത്ത യുഗമായി കാണേണ്ടിവരുന്നതിനു ഉത്തരവാദികൾ മെത്രാൻ സഖ്യങ്ങളും സഭയിലെ വൈദികരുമാണ്. എന്തുകൊണ്ടാണ് മെത്രാന്മാർ സഭാംഗങ്ങളെ മുഴുവൻ അടിച്ചിരുത്തി അവരുടെ അടിമകളാക്കി നിലയ്ക്ക് നിറുത്താൻ ഇവർ ഓരോ പാഴ്‌വേലചെയ്യുന്നത് ? വെറും അധികാരത്തിന്റെ ചുവപ്പു തൊപ്പിയുടെ കാർക്കശ്യം, സഭയുടെ ഏകാധിപത്യം തോളിൽ വച്ചിരിക്കുന്ന മുൻ റോമൻ സാമ്രാജ്യ ചക്രവർത്തിയുടെ അധികാരത്തിന്റ അഹങ്കാരമനോഭാവവും മൂലമാണ്. ചക്രവർത്തിമാരും ലൈംഗികമായ  സുഖത്തിനുള്ള സ്ത്രീകളെ ജയിലിൽ പാർപ്പിച്ചു. മെത്രാന്മാർക്ക് സഭാപരമായി ലഭിച്ചിരിക്കുന്ന ഉദ്യോഗ സ്വകീയാധികാരം ഉപയോഗിച്ച് ഓരോ കന്യാസ്ത്രീമഠങ്ങൾ ഉണ്ടാക്കി പാവം പെൺകുട്ടികളെ അവിടെ അടിമകളാക്കി മാറ്റിയിട്ടുണ്ട്. മേൽപ്പറഞ്ഞതായ കാര്യങ്ങളിൽ നിന്ന് നമുക്കെല്ലാം വൃക്തമായ കാര്യമിതാണ്. ഇവരാകട്ടെ വ്രതവാഗ്ദാനങ്ങൾക്ക് ഒരു പുല്ലുവില പോലും ഇവർ നൽകിയിട്ടില്ല, എന്തും അവർ ലംഘിക്കും. സഭാസംവിധാനത്തിൽ ഇവരുടെയും അല്മായരുടെയും സ്ഥാനവും ഘടനയും ക്രമപ്പെടുത്തുന്ന പശ്ചാത്തലവും അർഹതയും, ഓരോ അധികാരപദവികളും എപ്രകാരമാണ് എന്ന് നമുക്ക് ചുരുക്കമായി നോക്കാം.

സഭയിലെ പുരുഷമേധാവിത്തം 

ഞാനുദ്ദേശിക്കുന്നത്, സഭയുടെ സംവിധാനത്തിൽ ഉൾപ്പെട്ട മെത്രാന്മാരും വൈദികരും, സന്യാസിനികളും സന്യാസികളും, അല്മായരും സഭയിൽ എപ്രകാരമാണ് അവരുടെയെല്ലാം സ്ഥാനം ക്രമീകരിച്ചിരിക്കുന്നതെന്നു ഏകദേശം വിശദീകരിക്കുവാനാണ്. മാർപാപ്പയും അദ്ദേഹത്തിൻറെ നേരെ കീഴിലുള്ള മെത്രാന്മാരുടെയും അതുപോലെ വൈദികരുടെയും സഭയിലെ അധികാരങ്ങളും, സന്യാസി- സന്യാസിനികളുടെ പദവിയും സ്ഥാനങ്ങളും, അലമായരുടെ സ്ഥാനവും നാം അറിയേണ്ടതാണ്. കത്തോലിക്കാസഭയിലെ സഭാംഗങ്ങളുടെയിടയിലെ പ്രതികരണവും, കെ.സി.ബി.സി മെത്രാന്മാരുടെ സമിതിയുടെയും സി. ബി. സി. ഐ.യുടെയും ഈ വിഷയത്തിലുള്ള  ഇപ്പോൾ സംജാതമായിട്ടുള്ള തീവ്രമായ പ്രതികാരങ്ങളും പ്രതികരണങ്ങളും വളരെ അധികം ഗൗരവമായി കാണേണ്ടതുണ്ട്. ആരാണ് സഭാധികാരികൾ, അവർ എന്ത് സ്ഥാനം അർഹിക്കുന്നു, ആരാണ് അല്മായർ , ആരാണ് സന്യാസികളും സന്യാസിനികളും എന്നചോദ്യം നമുക്ക് മുന്നിൽ വരുന്നുണ്ട്. ഇതുകൊണ്ട് ആദ്യമായിത്തന്നെ ഇവിടെ ഒരു പ്രസക്തമായ കാര്യം പരാമർശിക്കാനുണ്ട്. കത്തോലിക്കാ സഭ ഇരുപത്തിഒന്നാം നൂറ്റാണ്ടു കടന്നിട്ടും ഇക്കാലമത്രയും സന്യാസിനികളുടെ സഭയിലെ പദവി കൗദാശികമാക്കിയിട്ടില്ല. അതായത് കന്യാസ്ത്രീകളുടെ പദവി ഒരു കൂദാശയിലും ഉൾപ്പെടുത്തിട്ടില്ല. സഭയിലെ പുരുഷമേധാവിത്തത്തിന്റെ നഗ്നമായ ശക്തി പ്രകടനമാണ് കാണപ്പെട്ടത്. സന്യാസിനികളെ സഭ ദുരുപയോഗം ചെയ്യുകയായിരുന്നു ഇക്കാലമത്രെയും. പള്ളികളിൽ അൾത്താര അലങ്കരിക്കാനും, അല്മായർക്കു മുമ്പേ കുർബാന സ്വീകരിക്കാനും, പാതിരിമാർക്ക്, മെത്രാന്മാർക്ക് , അടിമവേലയ്ക്ക് മാത്രം കന്യാസ്ത്രീകളെ ഈ പുരുഷമേധാവിത്തം അംഗീകരിച്ചു. ഇതിനാൽ കുറെ കാര്യങ്ങൾ സഭാഘടനയെപ്പറ്റി ഒരു വിശദീകരണമായി താഴെ ചേർക്കട്ടെ.

മെത്രാന്മാർക്ക് കത്തോലിക്കാ സഭയിലുള്ള സ്ഥാനക്രമം, പ്രത്യേകിച്ച് ഒരു മെത്രാൻ സ്ഥാനത്തെക്കുറിച്ചു കത്തോലിക്ക സഭ നിർവചനം നൽകുന്നത് നോക്കാം. "ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വർദ്ധിപ്പിക്കാനുമാ യി ക്രിസ്തുനാഥൻ വിവിധ ശുശ്രൂഷാകർമ്മങ്ങൾക്കായിട്ട് തന്റെ സഭയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ മൗതികശരീരം മുഴുവന്റെയും നന്മയ്ക്ക് വേണ്ടിയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധാധികാരം ലഭിച്ചിരുന്ന ശുശ്രൂഷികളെല്ലാം തങ്ങളുടെ സഹോദരന്മാർക്ക് വേണ്ടിയാണ് ശുശ്രൂഷകൾ ചെയ്യുന്നത്. റോമാ മാർപാപ്പയുടെ വിശുദ്ധമായ പരമാധികാരത്തിന്റെയും അപ്രമാദമായ ഒരു പ്രബോധനാധികാരത്തിന്റെയും സ്ഥാപനം, നിലനിൽപ്പ്, പ്രാബല്യം, അതിന് അടിസ്ഥാനം എന്നിവയെപ്പറ്റിയുള്ള ദൃഢമായ പ്രബോധനം വിശ്വാസികളെ ല്ലാം വിശ്വസിക്കുന്നതിനു, പരിശുദ്ധ സൂനഹദോസ് പുനരവതരിപ്പിക്കുന്നതി ങ്ങനെ: ക്രിസ്തുവിന്റെ വികാരിയും സാർവ്വത്രിക സഭയുടെ ദൃശ്യതലവനു മായ പത്രോസിന്റെ പിൻഗാമിയോടൊത്ത് സജീവനായ ദൈവത്തിന്റെ ഭവനത്തിന്മേൽ ഭരണം നടത്തുന്ന അപ്പസ്തോലന്മാരുടെ പിൻഗാമികളാണ് മെത്രാന്മാർ. അവരെക്കുറിച്ചുള്ള അറിവ് ഏവരുടെയും മുമ്പിൽ ഏറ്റുപറയാ നും പ്രഖ്യാപിക്കാനും സഭയുടെ സൂനഹദോസ് വെളിപ്പെടുത്തിയിട്ടുണ്ട്.

മെത്രാൻ പദവി, ഒരു കൂദാശ. 

അപ്പസ്തോലന്മാരെപ്പറ്റി പ്രതിപാദിച്ചതിനുശേഷം പരിശുദ്ധ സൂനഹദോസ് മെത്രാന്മാരുടെ സ്ഥാനം പഠനവിഷയമാക്കി പിതാക്കന്മാരിൽനിന്നുള്ളതായ നിരവധി ഉദാഹരണങ്ങളോടെ മെത്രാന്മാർ അപ്പസ്തോലന്മാരുടെ പിൻഗാമി കളാണെന്നുള്ള ഒന്നാം വത്തിക്കാൻ സൂനഹദോസിന്റെ പഠനം ആവർത്തി ച്ചുറപ്പിക്കുന്നു. അതായത്, അപ്പസ്തോലന്മാർക്ക് ആദ്യതലമുറയിൽ അന്ന് ഉണ്ടായിരുന്നതുപോലെ മെത്രാന്മാരുടെ സംഘത്തിന് സഭയുടെമേൽ ഉന്നത പരമാധികാരമുണ്ട്. പാരമ്പര്യം ഉത്‌ഘോഷിക്കുന്നതുപോലെ, ഇടമുറിയാതെ മെത്രാൻപദവിയിൽ നിയമിക്കപ്പെടുന്നവനും അപ്പസ്തോലികബീജം സദാ വഹിക്കുന്നവരുമായ ആളുകളുടെ ജോലിയാണ് മെത്രാന്മാരും അവരുടെ പിൻഗാമികളും ഇക്കാലംവരെയും ലോകമെല്ലായിടത്തും അവതരിപ്പിച്ചത്. മെത്രാഭിഷേകംവഴി, അതായത്, ഈ ആദ്ധ്യാത്മികദാനം കൈവെപ്പു വഴി യാണ്, എന്ന് ( 1 തിമോ. 4 : 14 ; 2 .തിമോ, 1 : 6 -7), നമ്മുടെ കാലത്തേയ്ക്കും കൈ മാറിയത്. മെത്രാഭിഷേകം വഴി തിരുപ്പട്ടകൂദാശയുടെ പൂർണ്ണത നല്കപ്പെടുന്നു വെന്നു സഭാ സൂനഹദോസ് പഠിപ്പിക്കുന്നു. പ്രധാനാചാര്യത്വം കൈവന്ന ഇവർക്ക് ശുശ്രൂഷയുടെ ഉന്നതാധികാരമാണത്. മെത്രാഭിഷേകത്തോടെ പഠിപ്പിക്കാനും ഭരിക്കാനുമുള്ള ഉദ്യോഗം അവർക്കെല്ലാം നൽകപ്പെടുന്നു. അതിനാൽത്തന്നെ തിരുപ്പട്ട കൂദാശ മുഖേന ദൃശ്യമായ വിധത്തിൽ അവർ അദ്ധ്യാപകൻ, ഇടയൻ, പ്രധാനാചാര്യൻ, എന്നീ നിലകളിലുള്ള ജോലികൾ ഏറ്റെടുക്കുന്നു. തിരുപ്പട്ട കൂദാശ മുഖേന മെത്രാന്മാരുടെ സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം മെത്രാന്മാർക്കുണ്ട്. അതുപോലെ പത്രോസിന്റെ പിൻഗാമിയായ റോമാ മാർപാപ്പയും ക്രിസ്തു അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പരം ഒന്ന്ചേർന്നി രിക്കുന്നു. മെത്രാൻ കൂടുതൽ അധികാരമുള്ള ഒരു സാധാരണക്കാരനായ വൈദികനല്ലെന്നും, മറിച്ചു, കൗദാശികമായ അഭിഷേകം വഴി അദ്ദേഹം തിരുപ്പട്ടത്തിന്റെ അധികാരം വഹിക്കുന്നെന്നും വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിക്കുന്നു. എന്നാൽ ഉദ്യോഗത്തിന്റെ ശക്തിയാൽ സഭയിൽ ഏറെ സമ്പൂർണ്ണവും സാർവ്വത്രികവുമായ അധികാരവും സ്വാതന്ത്ര്യവും എപ്പോഴും  മാർപാപ്പയ്ക്കുണ്ട്.

അജപാലനകർമ്മം അഥവാ, സഭയിൽ  സ്വന്തം അജഗണത്തിന്റെ അനുദിന സംരക്ഷണം സമ്പൂർണ്ണമായും നിക്ഷിപ്തമായിരിക്കുന്നത്    മെത്രാന്മാരിലാണ്. റോമാ മാർപാപ്പാമാരുടെ വികാരിമാരായി  മെത്രാന്മാരെ പരിഗണിച്ചാൽ പോരാ, കാരണം, സ്വകീയമായിട്ടുള്ള അധികാരമാണ് മെത്രാൻ കൈകാര്യം ചെയ്യുന്നത്. ഇതുകൊണ്ടാണവരെ ജനത്തിന്റെ മേലദ്ധ്യക്ഷന്മാരെന്നവരെ സംബോധന ചെയ്യുന്നത്. സ്വകുടുംബം ഭരിക്കാൻവേണ്ടി കുടുംബപിതാവ് മെത്രാനെ അയച്ചിരിക്കുകയാൽ ശുശ്രൂഷിക്കപ്പെടുന്നതിനു പകരം ശുശ്രൂഷി ക്കാനും (മത്തായി. 20 : 28: മാർക്കോ. 10 : 45 ) സ്വന്തം ആടുകൾക്കുവേണ്ടി ജീവൻ ഹോമിക്കാനും (യോഹ. 10 :11) വന്ന നല്ല ഇടയന്റെ മാതൃക മായാതെ അവരുടെ കൺമുമ്പിലുണ്ടായിരിക്കണം. ഒരു മെത്രാൻ സ്വപുത്രരെപ്പോലെ വിശ്വാസികളെ പോഷിപ്പിക്കുകയും തന്നോട് കൂടി നന്നായി സഹകരിച്ചു പ്രവർത്തിക്കാൻ ഉത്ബോധിപ്പിക്കുകായും വേണം. അവരുടെ ആത്മാക്കളെ ക്കുറിച്ചു ഒരിക്കൽ കണക്ക് കൊടുക്കേണ്ടവൻ എന്ന നിലയിൽ തങ്ങളുടെ പ്രാർത്ഥന, പ്രസംഗം, ഉപവിയിൽ പ്രേരിതമായ ഓരോരോ പ്രവർത്തനങ്ങൾ എന്നിവ മുഖേന വിശ്വാസികളെയും മറ്റുള്ള ജനങ്ങളെയും പരിപാലിക്കണം. അതുപോലെ, വൈദികർ അഭിഷിക്തരായിരിക്കുന്നത് സുവിശേഷവചനം പ്രസംഗിക്കാനും വിശ്വാസികളെ പരിപാലിക്കാനും പുതിയ ഉടമ്പടിയിലെ യഥാർത്ഥ പുരോഹിതരെന്ന നിലയിൽ ദൈവാരാധന നടത്തുവാനാണ്. വൈദികർക്ക് പൗരോഹിത്യത്തിന്റെ അത്യുന്നത പദവിയില്ല. അവർക്കു ലഭിച്ചിരിക്കുന്ന അധികാരത്തിന്റെ വിനിയോഗത്തിലവർ മെത്രാന്മാർക്ക് വിധേയരുമാണ്. ദൈവജനത്തെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ടവർ ഇവരുടെ പൗരോഹിത്യത്തിന് വിവിധങ്ങളായ ധർമ്മങ്ങളുണ്ടെങ്കിലും ഓരോ മെത്രാനോടൊന്നിച്ചു ഏക പൗരോഹിത്യത്തിനുവേണ്ടിയാണ് അവരും രൂപം നൽകേണ്ടത്. ഇങ്ങനെ പോകുന്നു മെത്രാന്റെ സഭയിലെ സ്ഥാനമഹിമയുടെ നാൾവഴികൾ.

ആരാണ് അല്മായർ ?

തിരുപ്പട്ടം സ്വീകരിക്കാത്തവരോ സഭ അംഗീകരിച്ചിട്ടുള്ള സന്യാസ സഭക ളിൽ പെടാത്തവരോ ആയ എല്ലാ വിശ്വാസികളെയുമാണ് അല്മായർ എന്ന നാമത്തിൽ വിളിക്കപ്പെടുന്ന സഭാംഗങ്ങൾ. മാമോദീസ്സവഴി (കൂദാശ) അവർ ക്രിസ്തുവിനോട് ചേർന്ന് ഒരു ശരീരമായിത്തീർന്നു കൊണ്ട് അഭിഷിക്തരാകു ന്നു, ദൈവത്തിന്റെ ജനമായി രൂപം കൊള്ളുന്നു. ക്രിസ്തുവിന്റെ യഥാർത്ഥ പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും സ്വകീയമായ രീതിയിൽ അവരും പങ്കുകാരാകുന്നു. അല്മായരെ ഇവിടെ വിവരിക്കുന്നത് നിഷേധാത്മകമായ വിധത്തിലും (തിരുപ്പട്ടം സ്വീകരിക്കാത്തവർ ) മാത്രമല്ല ഭാവാത്മകമായ വിധത്തിലും ( ജ്ഞാനസ്നാനം എന്ന കൂദാശ വഴി ദൈവജനമാ യിത്തീർന്നവർ) ആണ്. തിരുപ്പട്ടത്തിലും സന്യാസത്തിലും ഉൾപ്പെടാത്തവരാ ണ് അല്മായർ എന്നത് ശരിയാണെങ്കിലും അഭാവാത്മകമായ ഇത്തരം സഭാ വിശദീകരണങ്ങളെ സൂനഹദോസിൽ പോലും കനത്ത വിമർശനത്തിനു വിഷയമായിട്ടുണ്ട്. ലോകത്തോട് ബന്ധപ്പെട്ടു ജീവിക്കുന്നു എന്നതാണ് അല്മായരുടെ പ്രത്യേകത. അല്മായർ എല്ലാക്കാര്യങ്ങളിലും ഇടയന്മാർക്കു വിധേയരായിരുന്നുകൊള്ളണമെന്ന തെറ്റായ ധാരണ നീക്കിയശേഷം, എല്ലാ അല്മായരും വൈദികരും മെത്രാനും പരസ്പരം ആശ്രയിച്ചും, സഹകരിച്ചും കഴിയണമെന്നാണ് കത്തോലിക്കാ പ്രമാണരേഖ ഉറച്ചു വ്യക്തമാക്കുന്നത്. മെത്രാന്മാർ അല്മായർക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കണം. അല്മായരുടെ വിവേകപൂർവ്വമായ ഉപദേശം മെത്രാന്മാർ മഹാമനസ്ക്കതയോടെ ഉപയോഗപ്പെടുത്തണം.

സന്യാസ സമൂഹങ്ങൾ

ദൈവത്തിനു സമർപ്പിക്കപ്പെടുന്നതായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം, എന്നീ സുവിശേഷോപദേശങ്ങളിൽ സഭാഘടനയുടെ വീക്ഷണത്തിൽ അ ധിഷ്ഠിതമായിരിക്കുമ്പോൾ സന്യാസജീവിതം ദൈവീകജീവിതത്തിന്റെ യും അല്മായജീവിതത്തിന്റെയും ഇടയ്ക്കു സ്ഥിതിചെയ്യുന്ന ഒരു ജീവിതാവ സ്ഥയല്ലെന്നു കാണാം. സന്യാസ ജീവിതത്തിന്റെ സ്വഭാവവും പ്രാധാന്യവും വൃതാനുഷ്ഠാനംകൊണ്ടോ അതിനു തുല്യമായ മറ്റുവല്ല വിശുദ്ധ വാഗ്ദാനങ്ങൾ കൊണ്ടോ ആണ് മേൽ സൂചിപ്പിച്ച മൂന്നു സുവിശേഷോപദേശങ്ങൾ അനുഷ്ടി ക്കാനുള്ള കടമ ഒരു ക്രൈസ്തവൻ ഏറ്റെടുക്കുന്നത്. നല്ല പരിപൂർണ്ണതയുള്ള ഏതൊരു സന്യാസസഭയെയും അതിലെ ഏതൊരംഗത്തെയും മെത്രാനെ പ്പോലെയുള്ള വൈദികമേലദ്ധ്യക്ഷന്മാരുടെ അധികാരത്തിൽനിന്ന് തീരെ വിടർത്തി ശ്ലൈഹീക സിംഹാസനത്തിന് സ്വന്തം അധീനതയിൽത്തന്നെ ആക്കാവുന്നതാണ്. എങ്കിലും, സ്ഥലത്തെ മേലദ്ധ്യക്ഷന് വിധേയരല്ലെന്നു വരില്ല. തിരുസഭയാകട്ടെ സന്യാസവൃതാനുഷ്ഠാനം അംഗീകരിച്ചു അതിനെ കാനോനിക ജീവിതസ്ഥിതിയുടെ മഹനീയതയിലേക്കുയർത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്, തിരുക്കർമ്മങ്ങളിൽ സ്ഥാനം നൽകി സമർപ്പിക്കപ്പെട്ടിട്ടു ള്ള ഒരു ജീവിതാവസ്ഥയാണെന്ന് വ്യക്തമാക്കുകകൂടി ചെയ്യുന്നു. സന്യാസ സന്യാസിനിമാരുടെ സമൂഹങ്ങൾ സുവിശേഷോപദേശങ്ങൾ അനുസരിച്ചു കൊണ്ടുള്ള അവൈദിക സന്യാസജീവിതം, അത് പുരുഷന്മാരുടെയോ, മറ്റു സ്ത്രീകളുടേതോ ആയാലും തന്നിൽത്തന്നെ പൂര്ണമാണ്. ഇപ്രകാരമുള്ള സന്യാസ സന്യാസിനി സഹോദരസമൂഹങ്ങളുടെ ഭവനങ്ങളിലെ വൈദിക കർമ്മങ്ങൾ നടത്താൻ പ്രസ്തുത സമൂഹങ്ങളുടെ പൊതുസംഘത്തിന്റെയും നിശ്ചയപ്രകാരം സമൂഹത്തിന്റെ അവൈദിക സ്വഭാവം അഭംഗുരം പാലിച്ചു കൊണ്ടുതന്നെ സമൂഹരംഗങ്ങളിൽ ചിലരെ വൈദികപദവിയിലേയ്ക്ക് ഉയർത്താൻ തടസമില്ലെന്നു സഭാസൂന്നഹദോസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ കന്യാസ്ത്രീമഠത്തിൽ മെത്രാനും കത്തനാന്മാർക്കും എന്തുകാര്യം? കാരണം, കന്യാസ്ത്രികളുടെ പദവി വൈദികരുടേതിന് തുല്യമായ കൗദാശിക പദവി സഭ ഇന്നുവരെ നൽകിയിട്ടില്ല. അതിനാൽ സഭയുടെ ഇന്നുവരെയുള്ള സഭാ കൗദാശികനിയമത്തിൽ മാറ്റം വരുത്തി അവരുടെ സന്യാസ വൃതത്തിന്റെ സ്ഥാനം കൂദാശകളിൽ പെടുത്തി ക്രമീകരണം ഉണ്ടാവണം. 

എങ്കിലും സന്യാസിനികളുടെ ജീവിതഘടനയെപ്പറ്റി കത്തോലിക്ക സഭയിൽ  സ്വീകരിച്ച നിലപാടുകളിൽ ഇരുപത്തിയൊന്ന് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അവരുടെ പദവി ഔദ്യോഗികമായി കൂദാശയായി അംഗീകരിച്ചിട്ടില്ല. 1749ഏപ്രിൽ 30- നു ബനഡിക്റ്റ്‌ XIV ഒരു പുതിയ നിയമാവലി "QWAMVIS JUSTO" പുറത്തിറക്കി. ഇത് ഇംഗ്ലിഷ് കന്യാസ്ത്രികളുടെ കോണ്‍ഗ്രിഗേഷൻ ഘടന സംബന്ധിച്ചുള്ള നിയമാവലിയായിരുന്നു. അതുപക്ഷെ, 1900 ഡിസംബർ 8-നു ലിയോ XIII കൊണ്ടുവന്ന നിയമാവലി "Condita"യ്ക്ക് ഒരു മുഖവുര ആയിരുന്നു എന്ന് കാണാം. ഇത് കോണ്‍ഗ്രിഗേഷനുകളെ അതിന്റെ അടിസ്ഥാന ഭരണ ഘടനയനുസരിച്ച് വേർതിരിച്ചു. പൊതുവായി 'സാധാരണ പ്രതിജ്ഞാവ്രുതം' നടത്തിയവർക്കും, കൂടുതൽ ദൃഡമായ നിബന്ധനകൾ സ്വീകരിക്കുന്നവർ ക്കും വേർതിരിച്ചു വ്യക്തമാക്കിയിരുന്നു. അതായത്, ഏതാണ്ട് എല്ലാവിധ ആധുനിക സഭകളുടെ ഘടനയിൽ - രൂപതാ അധികാരികളുടെ കീഴിലുള്ള സഭകൾ, ബിഷപ്പിന്റെ നേരിട്ടുള്ള അധികാരപരിധിയിൽ, അടുത്തതാകട്ടെ, പൊന്തിഫിക്കൽ നിയമത്തിനു വിധേയമായത്, എന്നിങ്ങനെ വ്യത്യസ്ഥമായി വേർതിരിച്ചു.

ക്രിസ്തുമതത്തിൽ (Clergy)എക്കാലത്തും പുരുഷന്മാർക്കുണ്ടായിരുന്ന ഏറ്റവും പ്രത്യേകമായ ഔദ്യോഗിക സഭാധികാരകാര്യസ്ഥാനങ്ങളോ അവരുടെതായ പ്രേഷിതവേലയിൽ ഉണ്ടായിരുന്ന ഔദ്യോഗിക പദവികളോ ആദരവുകളോ മിഷനറി വേലകൾക്കുള്ള അംഗീകാരമോ ആദ്യകാലങ്ങളിൽ പോലും ആ സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. ഇവയൊന്നും ഇല്ലാതെപോലും, അതേസമയം സഭയുടെ ആത്മീയമായ നിർദ്ദിഷ്ട താല്പ്പര്യങ്ങളും ലക്ഷ്യങ്ങളും പൂർണ്ണത സാധിക്കുവാൻ, അതിന്റെ ഗുണഭോക്താക്കളായിത്തീരുന്നതിനും സന്യസ്ത വൃതജീവിതം പരിശീലിക്കുന്നതിനും തുടക്കമിട്ടത് അക്കാലത്ത് സ്ത്രീകൾ ആയിരുന്നു. അക്കാര്യം അവകാശപ്പെടാനും അഭിമാനിക്കാനും അവർക്ക് ഏറെ വകയുണ്ട്. അതായത്, ക്രിസ്ത്യൻ സഭയുടെ ആരംഭകാലം മുതൽക്കേ സ്ത്രീകൾക്ക് സ്വാഭിമാനം അവകാശപ്പെടാൻ മാത്രം അവരുടെ പങ്കു വളരെ വളരെ വലുതായിരുന്നു. കത്തോലിക്കാസഭയിൽ ഏറ്റവും അധികമായി വണ ങ്ങപ്പെടുന്ന ഒരു സ്ത്രീ ആരാണ്, യേശു ക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യക മറിയമാണ്.

സന്യാസിനികളെക്കുറിച്ചുള്ള (മഠംവാസികൾ, അഥവാ Nuns) പൂർവ ചരിത്ര അന്വേഷണത്തിന്റെ തുടക്കം നമുക്ക് വിശുദ്ധ സുവിശേഷത്തിൽ നിന്നും അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയും ലിഖിതങ്ങളിൽ നിന്നുമാണ് ദർശിക്കുവാൻ കഴിയുന്നത്‌. പ്രാചീനതയുടെ ജീവിതശാസ്ത്രവും വ്രുതങ്ങളുടെ അർപ്പണതത്വശാസ്ത്രവും ആത്മീയതയുടെ ഭാവനാ പ്രേരണയും ദൈവീക ചിന്താസരണിയുടെ ഗതിശാസ്ത്രവും ഒരു പ്രത്യേക പാതയിൽ ഒരുമിച്ചു സംഗമിക്കുമ്പോൾ രൂപീകൃതമാകുന്ന വർണ്ണപ്രഭയേറിയ ജീവിതത്തിന്റെ ആശയത്തെയാണ് സന്യസ്തരുടെ ജീവിതരീതിയിൽ അവർ പ്രകടമായി അവതരിപ്പിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രിഗേഷനുകളുടെ നിയമാവലിക ളെ നിരാകരിക്കുന്ന രീതിയാണ് ഉണ്ടായത്. സന്യാസിനികളുടെ സഭാ പദവിയെ "കൂദാശ"യായി പ്രഖ്യാപിക്കുന്നതു പോലെയുള്ള അവശ്യമായ പദവികൾ നൽകുന്ന നടപടികൾ, സഭയിൽ സ്ത്രീപുരുഷ സമത്വം അംഗീകരിക്കുക എന്നിങ്ങനെ നിരവധി മാറ്റങ്ങൾ സഭയിൽ എന്നേ ഉണ്ടാവേണ്ടതായിരുന്നു?

യാഥാർത്ഥ്യം എന്താണെങ്കിലും ഐതിഹ്യം  എന്തായിരുന്നാലും  AD 858-ൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക് ആയിരുന്നത് ജർമനിയിലെ മൈൻസിൽ ജനിച്ചുവളർന്ന പെണ്‍കുട്ടി "ജോഹാന്ന" ആയിരുന്നുവെന്നു ചില പഠനങ്ങൾ നിലവിൽ ഉണ്ട്. ജോഹാന്നയാണ് എതൻസിലെ വിദ്യാഭ്യാസ ശേഷം റോമിൽ എത്തി "യോഹാനസ് എട്ടാമൻ" മാർപാപ്പയായത് എന്ന് രേഖപ്പെടുത്തുന്നു. ഇത് സഭയുടെ ഇരുണ്ട യുഗത്തിന്റെ കഥയാണ്. ഇരുണ്ട സഭായുഗത്തിന്റെ ചരിത്രം മുഴുവൻ ഇരുളിന്റെ മറയിലേയ്ക്ക് പിന്തള്ളിക്കളയുകയും ചെയ്യപ്പെട്ടു. അധികാരവും ശക്തിയും എന്നും കൈമുതലുള്ള പുരുഷമേധാവിത്വത്തിന് മുകളിൽ ഒരു സ്ത്രീയെന്ന നിലയിൽ ജോഹാന്ന അധികകാലം പിടിച്ചുനിന്നില്ല എന്നും ഐതിഹ്യം ഉണ്ട്.

പൊന്തിഫിക്കൽ നിയമതലത്തിൽ വിശുദ്ധമായ ആത്മസമർപ്പണം നൽകു ന്ന സന്യാസിനികളുടെ കാര്യത്തിൽ ഇന്നും ഒരു അർഹമായ രീതിയിൽ പൂർണ്ണ അംഗീകാരം ഉണ്ടാകുന്നില്ല, സഭ രണ്ടു സഹസ്രാബ്ധങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും ഒട്ടു നൽകിയിട്ടുമില്ല. കന്യാസ്ത്രികൾ ആത്മീയ വൃതസമർപ്പ ണം നൽകി ദൈവശുശ്രൂഷ ചെയ്യുമ്പോൾ ഭൌതീകവും ആത്മീയവുമായ അവരുടെ ജീവിതാന്തസ്സ് പൂർത്തിയാകുന്നത് സഭ അവരുടെ ആത്മീയ അന്തസ്സിനെ  "കൂദാശവത്ക്കരിക്കുക" വഴിയായിരിക്കും. സഭാനവീകരണ പ്രക്രിയയിൽ തൽപ്പരനായ ഫ്രാൻസിസ് പാപ്പയിൽ ഇങ്ങനെയൊരു നവീക രണ യാഥാർത്ഥ്യം ഫലമണിയുമോ?

സഭയിൽ പരിവർത്തനം ഉണ്ടായേ തീരൂ. 

എന്തുകൊണ്ടാണ് കത്തോലിക്കാ സഭയിൽ കാലാനുസരണമായ മാറ്റങ്ങൾ വേണമെന്ന് തോന്നുന്നത്. സത്യത്തിന്റെ അരൂപിയെ തട്ടിയുണർത്തുകയും നിലനിറുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ മെത്രാന്മാർ ഭരിക്കുന്ന ഒരു സഭയുടെ മാനുഷികവചനങ്ങളെക്കാൾ അധികമായി വിശ്വസ്തതയോടെ ദൈ വത്തിന്റെ വചനങ്ങളെ സ്വീകരിക്കാൻ ബാദ്ധ്യതപ്പെടുകയുള്ളു. നിത്യമായ രക്ഷപ്രാപിക്കാൻ ഫലപ്രദമായിട്ടു സ്വീകരിക്കാവുന്ന ധാരാളം മാർഗ്ഗങ്ങൾ സഭാവിശ്വാസികൾക്കറിയാം. പകയും നീതികേടും ലൈംഗികാക്രമണവും സഭാംഗങ്ങളുടെ മേൽ നടത്തുന്നവരായ മെത്രാന്മാരും പുരോഹിതരുമെല്ലാം അവർക്ക് നേരെ ഉയർത്തുന്ന ഈ മുന്നറിപ്പ് താൽക്കാലികമല്ലായെന്നുള്ള ഈ കാര്യം കാണണം. സന്യാസിനികളുടെ സഭയിലെ പദവി കത്തോലിക്കാസഭ കൗദാശികമാക്കണം. ഇവയെ മെത്രാന്മാരുടെ അനുവാദമില്ലാതെ മാർപാപ്പ കന്യാസ്ത്രീകളുടെ സന്യാസജീവിതം സഭയിൽ അത് യാഥാർത്ഥ്യമാക്കണം, പ്രാവർത്തികമാക്കണം. സഭയുടെ പ്രേഷിതവേലകൾ, സഭയുടെ രൂപതയുടെ മെത്രാന്മാർക്കും പുരോഹിതർക്കും, പ്രതിഫലം ഇല്ലാതെ, അടിമവേലകൾ ചെയ്യാനുള്ള ഒരുകൂട്ടം സ്ത്രീകളുടെ ജീവിതസങ്കേതമാകരുത്. 

ഇക്കാലത്ത് ത്തോലിക്കാസഭയ്ക്കുള്ളിലെ വൈദികരെപ്പറ്റിയും മെത്രാന്മാരെപ്പറ്റിയും ഉണ്ടായിരിക്കുന്ന ലൈംഗികപീഡന സംഭവങ്ങളെപ്പറ്റി വിശദ നിരീക്ഷണം നടത്തുവാൻ ജർമ്മൻ കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ ഒരു സമ്മേളനം ഇപ്പോൾ നടക്കുന്നു. അതുപോലെ സി. ബി. സി. ഐ. യുടെയും കെ. സി. ബി. സി. യുടെയും ഒരു നിരീക്ഷണം നടത്താൻ പോലും മെത്രാന്മാർ തയ്യാറായിട്ടില്ല. മാർപാപ്പയും ജർമ്മൻ കത്തോലിക്കാ സഭയുടെ ബിഷപ്പ്സ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ മാർ മാർക്‌സും, സഭയിൽ ഇപ്പോൾ അതിരൂക്ഷമായി സംഭവിച്ചിരിക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായ വൈദികരുടെയും മെത്രാന്മാരുടെയും ലൈംഗികവീഴ്ചയെ അപലപിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിലെ  പുരോഹി തർ വിവാഹിതരാകുന്നതിനെക്കുറിച്ചു പോലും സഭാകൗൺസിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 11-)0നൂറ്റാണ്ടു വരെ പുരോഹിതർക്ക് വിവാഹജീവിതം വിലക്കിയിരുന്നില്ലല്ലോ. മുൻകാലങ്ങളിലുള്ള മാർപാപ്പാമാർ പോലും ഭാര്യാ ഭർതൃതുല്യ ജീവിതം നയിച്ചിരുന്നതായി ചരിത്രം കുറിക്കുന്നു. 

എന്തുകൊണ്ട്? പീഡിപ്പിക്കപ്പെട്ട കന്യാസ്‌ത്രിയെയും ആ കന്യാസ്ത്രിയെ സഹായിക്കാൻ പിന്തുണ നൽകിയ കന്യാസ്ത്രികളെയും  ശിക്ഷിച്ച സഭാനേതൃത്വം എന്തുകൊണ്ട് കുറ്റവാളിയായി അറസ്റ്റു ചെയ്യപ്പെട്ടു ജയിലിൽ അടക്കപ്പെട്ട ഒരു മെത്രാന് നേർക്ക് ശിക്ഷണനടപടി എടുക്കാതെ, ആ നടപടിയെ അപലപിക്കുകയും, സങ്കടം അറിയിക്കുകയും ചെയ്ത കേരള മെത്രാന്മാരും കർദ്ദിനാളും സഭാവിരുദ്ധമായ നടപടികളല്ലേ ചെയ്തതെന്ന് സഭയിലെ അല്മായർ ഒന്നടങ്കം ചോദിച്ചു. ഇത്തരം സംഭവങ്ങൾ സഭയിൽ ആവർത്തിച്ചു ഉണ്ടാകാതിരിക്കാൻ മെത്രാൻസമിതി വിഷയം ഫലപ്രദമായ രീതിയിൽ പരിഹാരം കാണുവാൻ നേരത്തെ എന്തുകൊണ്ട് ശ്രമിച്ചില്ല?. സഭാഘടനയിൽ മെത്രാന്മാരും അല്മായരും വൈദികരും പരസ്പരം ഇടപെട്ട് സഹകരിച്ചു പ്രവർത്തിക്കണമെന്നുള്ള സഭാസൂനഹദോസ് നിർദ്ദേശങ്ങളെ തള്ളിക്കൊണ്ട് സ്വകീയാധികാരമുള്ള മെത്രാന്മാർ പ്രശ്നം വഷളാക്കി മാറ്റി. പൗരസ്‌തകത്തോലിക്കാ സഭയിൽ കുറെ മെത്രാന്മാർ ചേർന്ന് അല്മായരെ മാറ്റിനിറുത്തിക്കൊണ്ടു കല്ദായവാദം വത്തിക്കാനിൽ അടിച്ചേൽപ്പിച്ചു സീറോമലബാർസഭയെന്നപേരിൽ ഒരു പാഷാണ്ഡ മതത്തെ സൃഷ്ടിച്ചു. അന്ന് റോമാ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ ആ നിർദ്ദേശം എതിർത്തിട്ടും കേരളമെത്രാൻസമിതി കല്ദായവാദം സ്വയം നടപ്പാക്കിയെന്ന് വത്തിക്കാൻ റേഡിയോ വാർത്ത നൽകിയിരുന്നു. അല്മായർക്കു ഒരറിവും ഉണ്ടായിരുന്നില്ല. യേശുക്രിസ്തുവിനെ വധിക്കാനുപയോഗിച്ചിരുന്ന കുരിശ് തടികൊണ്ടുണ്ടാക്കിയതായിരുന്നെന്നു ചരിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, കല്ദായവാദക്കാർ സീറോമലബാർസഭയിൽ കുരിശു താമരക്കുരിശ് ആയി പേർഷ്യൻ പാഷാണ്ഡതയുടെ ചിഹ്നം നൽകി പള്ളികളിൽ സ്ഥാപിച്ചു. ഇക്കാര്യത്തിലും അല്മായരെ അന്ധവിശ്വാസം മെത്രാന്മാർ അടിച്ചേൽപ്പിച്ചു. അതുപക്ഷേ,ഇപ്പോൾ കാലം മാറുന്ന കാര്യം അവരാരും ശ്രദ്ധിക്കുന്നില്ല. നാം വിശ്വസിക്കുന്ന സഭയിലെ അംഗങ്ങൾക്ക് വിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്, എന്നാൽ അവയ്ക്ക് നേരെ അവർ നടത്തുന്ന ഏകാധിപത്യ മനസാക്ഷി ഇനി അല്മായർ അതേപടി അനുസരിക്കുന്ന കാലം വിട്ടുപോയി. അതിനാൽ നാം സഭയിൽ കാലാനുസരണമായ നവോത്ഥാനം ഉണ്ടാകുവാൻ കത്തോലിക്കാ സഭാധികാരികളുമായി പരസ്പ്പരം സഹകരിക്കാനും തയ്യാറാക്കാനുള്ള ഒരു പദ്ധതി അവരെ ബോദ്ധ്യപ്പെടുത്തണം. ഈയിടെ കേരളത്തിൽ സഭയിലെ ഒരു കന്യാസ്ത്രീക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾപോലെ വേറെയും പല പരിഹരിക്കാത്തതായ അനേകം വിഷയങ്ങൾ ഉണ്ട്.

സഭയിൽ മെത്രാന്മാർ പുതിയ മാറ്റത്തിനുവേണ്ടി, ഇന്ത്യൻ മെത്രാന്മാരുടെ കൗൺസിൽ സമ്മേളനം നടത്തി അല്മായരെയും ഏതുവിധവും പൂർണ്ണമായി സഹകരിപ്പിച്ചു ആധുനികകാലത്ത് സഭയ്ക്ക് വന്ന നഷ്ടങ്ങളെ മനസ്സിലാക്കി ഒരു പരിവർത്തനത്തിനു വഴിയൊരുക്കാൻ  മെത്രാന്മാർ അവരുടെ സ്വകീയ അധികാരത്തിന്റെ അഹന്തമാറ്റിവച്ചു ജനങ്ങളുടെ പക്ഷം അണിനിരന്നാൽ സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും. പക്ഷെ അപ്രകാരം ഓരോ മെത്രാന്മാർ മനസ്സിലാക്കുന്നില്ലെങ്കിൽ പുതിയപുതിയ ഫ്രാങ്കോ ചരിത്രങ്ങൾ ആവർത്തിക്കപ്പെട്ടു കേരള സഭ വിഷലിപ്തമായ ഭൗതീകതയുടെ ഇരുളടഞ്ഞ കേന്ദ്രമായിത്തുടരുകതന്നെ ചെയ്യും. ഇത്തരം നടപടിക്രമങ്ങൾ സഭയിൽ നടത്തി ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വെറുതെ സീറോ മലബാർ സഭാധികാരികൾ ഓരോരോ കാര്യത്തിനും മാർപാപ്പയെ കുറ്റപ്പെടുത്തുന്നതുപോലെ, ഇക്കാര്യത്തിലും സഭാതലവനായ മാർപാപ്പയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അല്മായ സമൂഹത്തിനും കഴയും എന്ന് ഇന്ത്യയിലെ മെത്രാന്മാരുടെ കൗൺസിലുകൾ മനസ്സിലാക്കണം എന്ന മുന്നറിയിപ്പ് നൽകുന്നു. അതിനു പകൽ പോലെ നല്ല തെളിഞ്ഞ ഉദാഹരണമാണ്, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയുടെ മോചനം ലക്ഷ്യമാക്കിയ അല്മായർ നടത്തിയ നീതിക്കുവേണ്ടിയുള്ള സഹന സമരവും അതിനു കാരണമാക്കിയ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ ജയിലിൽ കയറിയ സംഭവവും ആണ് വിരൽചൂണ്ടുന്നത്.. ഇന്ത്യൻ മെത്രാന്മാർ അനന്തരഫലം എന്തെന്ന് വിവേകപൂർവം ചിന്തിക്കുമോ, കണ്ണുകൾ തുറന്നു കാണുമോ? കത്തോലിക്കാസഭയിൽ സ്ത്രീകൾക്ക് പരുഷന്മാർക്കുള്ള അംഗീകാരത്തിന് ഒപ്പമുള്ള  അതെ ഔന്നത്യസ്ഥാനം അവർക്ക് നൽകണം. //-
------------------------------------------------------------------------------------------------------
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.