ധ്രുവദീപ്തി : Society // ജർമ്മൻ ഡയറി // തുടർച്ച..
മറുനാട്ടിൽ
കൊച്ചു കൊച്ചു കേരളങ്ങൾ സൃഷ്ടിച്ചവർ //
ജോർജ് കുറ്റിക്കാട്ട് .
ധീരവീര ചരിത്രം എഴുതിയ കുടിയേറ്റത്തിന്റെ കഥകൾ |
ജർമ്മനിയിൽ നഴ്‌സിംഗ് പരിശീലനം നല്കപ്പെടും. കന്യാസ്ത്രീകളോ, അഥവാ വൈദികരോ ആകുവാനുള്ള പഠനവും പരിശീലനവും അവിടെത്തന്നെ നൽകപ്പെടും, അതുപോലെ മറ്റുള്ള വിവിധ തരം പഠനങ്ങൾക്കും തൊഴിൽ പരിശീലനങ്ങൾക്കും അവസരം ലഭിക്കും, അതിനുശേഷം മറ്റു തരത്തിൽ യാതൊരു തടസ്സങ്ങളില്ലാതെ അവരവരുടെ ജോലി തുടരാമെന്നുള്ള അടിസ്ഥാന ധാരണയുടെ പരിപൂർണ്ണ ഉറപ്പിലാണ്,1950 കളുടെ അവസാന ഘട്ടത്തിൽ, 1960- കൾ മുതൽ ആദ്യമായി ജർമ്മനിയിയിലേ വിവിധ നഗരങ്ങളിലേക്ക് മലയാളി യുവതീയുവാക്കൾക്ക് അന്ന് വന്നെത്തുവാൻ ഇടയായത് .
അന്നത്തെ കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെയും, മിഷനറി സന്യാസ- സന്യാസിനീ സഭകളുടെയും ഉത്തരവാദപ്പെട്ട അധികാരികളും മറുവശത്ത് ജർമ്മനിയിലെ ക്രിസ്ത്യൻസഭ അധികാരികളും സ്പോൺസർ ചെയ്യുവാനു ള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് ഉന്നയിച്ച പ്രത്യേക ആവശ്യ ങ്ങളും, അവ നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികളും ചർച്ചകളും നടന്നു. അവർ ഇരുകൂട്ടരും തമ്മിൽ പരസ്പരമുണ്ടായ ചർച്ചകളുടെ അടിസ്ഥാ നത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളനുസരിച്ചാണ് ഇരു ഭാഗത്തുനിന്നും ഫലപ്രദവും സജ്ജീവമായ സഹകരണത്തോടെയും തുടർ നടപടികൾ ഉണ്ടായത്. അപ്രകാരമാണ് ആദ്യമായി മലയാളികളുടെ ചെറിയ ചെറിയ ഗ്രൂപ്പുകൾ 1961- ൽ ആദ്യമായി പശ്ചിമ ജർമ്മനിയിലെത്തിയതെന്നത് ഒരു യാഥാർത്ഥ്യമാണ്.
ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ തുടങ്ങിവച്ച രണ്ടാം ലോകമഹാ യുദ്ധം 1945- ൽ കഴിഞ്ഞതോടെ എല്ലാം തകർന്ന ജർമ്മൻ സാമ്രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് അനേകം ജോലിക്കാരെ ആവശ്യമായി വന്നിരുന്നു. യുദ്ധാനന്തര ജർമ്മനിയാകട്ടെ, രണ്ടു വ്യത്യസ്ത രാജ്യങ്ങളായി, പൂർവ്വ- പശ്ചിമ ജർമ്മനികളായി, വിഭജിക്കപ്പെട്ടു. നിർമ്മാണപ്രവർത്തനങ്ങൾക്ക് മാത്രമല്ല രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും പുനർനിർമ്മാണവും വികസനവും ഉടൻ ആവശ്യമായിരുന്നു. ജർമ്മനിയിലെ വിവിധ ആശുപത്രികളിൽ മാത്രമല്ല, മറ്റു വൃദ്ധസദനങ്ങൾ (ഓൾഡ്എയ്‌ജ്ഹോമുകൾ), അതുപോലെ ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലെല്ലാം അനേകം ജോലിക്കാരെയും, വിദഗ്ദ്ധന്മാരായ ഡോക്ടർമാരെയും ആയിരക്കണക്കിന് നേഴ്‌സുമാരെയും സഹായികളെയും ആവശ്യമുണ്ടായിരുന്നു. പശ്ചിമ ജർമ്മനിയിലെ തൊഴിൽ, പഠന, പരിശീലന സാദ്ധ്യതകൾക്കെല്ലാം മുന്നോട്ടുള്ള ഭാവി ജീവിതത്തിനു എങ്ങനെയുള്ള മാർഗ്ഗങ്ങളാണുള്ളതെന്ന് കേരളത്തിലെ ക്രിസ്ത്യൻ സഭാനേതൃത്വങ്ങൾ ജർമ്മനിയുമായി ബന്ധപ്പെട്ടശേഷം അറിയിച്ചിരുന്നു. അവരവരുടെ മനസ്സിലുറപ്പിച്ചു മുളച്ചുവന്ന ഓരോരോ സുവർണ്ണ ദിവാസ്വപ്നങ്ങൾ യാഥാർ ത്ഥ്യമാകുന്ന തിളങ്ങുന്ന ഭാവിയുടെ ദിനങ്ങളെയാണ് ആകാംക്ഷയോടെ തന്നെ കേരളത്തിലെ യുവതീ യുവാക്കൾ കേട്ടതും, അങ്ങനെ ജർമ്മനിയെ തേടിയെത്തിയെന്നതും ശരി മറുവശം.
കുടിയേറ്റങ്ങളുടെതായ ചരിത്രങ്ങളിൽ നമുക്കിവിടെ ഏറെയും ശ്രദ്ധേയമായ കാര്യം, ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ നടന്ന മലയാളി പെൺകുട്ടികളുടെ ജർമനിയിലേക്കുള്ള കുടിയേറ്റ ചരിത്രമായിരുന്നു. പക്ഷെ മറ്റുപലരാജ്യങ്ങളിൽ നിന്നുണ്ടായിട്ടുള്ള ജനതകളുടെ ജർമനിയിലേക്കുള്ള കൂട്ടമായ കുടിയേറ്റങ്ങളുടെയെല്ലാം ചരിത്രത്തിൽ മലയാളി പെൺകുട്ടികൾ തികച്ചും ഒരു ധീര വീര ചരിത്രമാണ് എഴുതിച്ചേർത്തതെന്ന് നമുക്ക് ഇവിടെ മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ വികസനകാര്യത്തിലക്കാലത്തും, വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും, ഇന്നത്തേതുപോലെ തന്നെ അന്നും സാദ്ധ്യതകൾ വളരെ കുറവായിരുന്നു. യുവജനങ്ങളുടെ ഭാവിയോ ജീവിതവഴികളോ അവിടെ ഒട്ടും സുരക്ഷിതമായിരുന്നില്ല. കേരളീയർ അക്കാലത്തും മാറിമാറി വരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഓരോ സർക്കാരുകളുടെയും വിശ്വാസ വാഗ്ദാനങ്ങളും നിയമങ്ങളും കേട്ട് മനക്കോട്ട കെട്ടി ജീവിക്കുന്നവരാണ്. 1960 കളിൽ കേരളത്തിലെ ജനങ്ങളുടെ പട്ടിണി പോലും ഇല്ലാതാക്കുവാൻ ആവശ്യമായ കാർഷികവിളകൾ കേരളത്തിൽ മതിയായിരുന്നില്ല. മലയാളിയുടെ സാമൂഹിക ജീവിതം മുഴുവൻ- അതായത് സാമ്പത്തികവും, തൊഴിൽ രംഗവും, താമസവും, കഷ്ടമായിരുന്നു. പരിസര വികസനവും, ഗതാഗത സൗകര്യങ്ങളും, എല്ലാം പരിഹാരം കാണാൻപോലും കഴിയാത്ത തീർത്തും കുത്തഴിഞ്ഞു അനാഥമായിപ്പോയ ശോച്യാവസ്ഥയെ പ്രാപിച്ചിരുന്നു! പക്ഷെ അവരവരുടെ സ്വന്തം ഭാവിസ്വപ്നങ്ങളെ കുറച്ചൊന്നു സഫലീകരിക്കാൻ പോലും തീർത്ത് കഴിയുകയില്ലാത്ത പ്രശ്നഅവസ്ഥയിൽ, വിദ്യാഭ്യാസ- തൊഴിൽ പരിശീലന സ്ഥാപനങ്ങൾപോലും കുറവായതിനാൽ, ഇങ്ങനെയൊരു നാട്ടിൽ നിന്നും അന്നത്തെ മലയാളി യുവതീയുവാക്കൾ എങ്ങനെയും രക്ഷപെട്ട് ജർമ്മനിക്ക് പോകുവാനും ഉറച്ചു തയ്യാറായി.
സന്യാസ ജീവിതത്തിന്റെ ആത്മനിയോഗം
കേരളത്തിലെ സാമൂഹ്യ ജീവിതസാഹചര്യങ്ങളിൽ, കന്യാസ്ത്രികളാകാൻ ആഗ്രഹിച്ചിരുന്ന കുറെ പെൺകുട്ടികൾ ജർമ്മൻ കോൺവെന്റുകളിലെ സാധ്യതകളെക്കുറിച്ചും, തിയോളജി പഠനത്തിനായി 1961- 62- ൽ ജർമ്മനിക്ക് പോയിരുന്ന അവരുടെ സഹോദരങ്ങളുമായി ഗൗരവതരമായ അന്വേഷണം നടത്തി. ജർമ്മൻ കോൺവെന്റുകളിലെ കന്യാസ്ത്രീകളുടെ ത്യാഗജീവിത യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്ന മലയാളികളായ സെമിനാരിയിലെ സഹോദരങ്ങൾ കേരളത്തിലെ തങ്ങളുടെ സഹോദരികളോട് ഉപദേശിച്ചത്, കേരളത്തിൽത്തന്നെ മറ്റു വഴികൾ ആരായുന്നതിനെയാണ്. കന്യാസ്ത്രിയോ വൈദികനോ ആകുവാൻ വേണ്ടിയുള്ള ആഗ്രഹ സഫലീകരണത്തിനായി ജർമ്മനിയിൽ എത്തേണ്ടതില്ലെന്നും ഇന്ത്യയിൽ തന്നെ അതിനുള്ള മാർഗ്ഗം വിവേകപൂർവ്വം കണ്ടെത്തുന്നതാണ് ഉത്തമമെന്നും, ഉപദേശിക്കുകയും ആ ഉദ്യമത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു.
അങ്ങനെ, ജർമ്മനിയിൽ വരാതെ അവർ ഇന്ത്യയിലെ കോൺവെന്റുകളിൽ ചേർന്ന് അവരവരുടെ ആത്മാഭിലാഷം നിറവേറ്റിയപ്പോൾ, അന്നവർ എടുത്ത ഉറച്ച തീരുമാനങ്ങളും അവരുടെ തെരഞ്ഞെടുത്ത ജീവിത വഴികളും എല്ലാം ശരിയായിരുന്നെന്നു പിന്നീട് ബോദ്ധ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ ഇന്നവർ സന്തോഷപൂർവ്വം മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നുവെന്ന് കരുതാം.
മലയാളി പെൺകുട്ടികളും ആൺകുട്ടികളും ജർമ്മനിയിലേക്ക് വന്നു കാലു കുത്തിയത് തങ്ങളാഗ്രഹിച്ച വിവിധ പഠനോദ്ദേശങ്ങളെയും അതുകഴിഞ്ഞു തങ്ങൾ എന്തായിത്തീരുമെന്ന ചിന്തയിലും തീക്ഷ്ണമായ പ്രതീക്ഷയിലുമാണ്. ആൺകുട്ടികൾ തിയോളജി പഠനത്തിനായി സെമിനാരികളിൽ വന്നതാണ്. അവരിൽത്തന്നെ കുറേപ്പേർ മെഡിക്കൽ ബിരുദ പഠനത്തിനായി ചേർന്ന് പഠനം തുടങ്ങി. പെൺകുട്ടികളിൽ ചിലരെല്ലാം കന്യാസ്‌തികളാകാനും, മറ്റു ചിലർ നേഴ്സിംഗും പഠിക്കുവാനും ആഗ്രഹിച്ചു. കന്യാസ്ത്രികളായവരും നേഴ്സിംഗു പഠനത്തിനും ചേർന്നു. ഓരോരോ പാഠ്യവിഷയ വിഭാഗത്തിലേയ്ക് അവരെയെല്ലാം നേരത്തെതന്നെ നിശ്ചയിച്ച പാഠ്യപദ്ധതികൾ അനുസരിച്ചു പ്രത്യേക വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റി.
1960- കളിൽ മുതൽ തിയോളജി പഠനം തുടങ്ങുന്നവരെയെല്ലാം സ്റ്റുട്ട്ഗാർട്ട് നഗരത്തിന് അടുത്തുള്ള ക്ലാരിറ്റിനർ സഭയുടെ ഹൌസിലേയ്ക്കും, അതുപോലെതന്നെ ഫ്രാങ്ക്ഫർട്ടിന്
അടുത്തുള്ള "സെന്റ് ഗെയോർഗെൻ യൂണിവേർസിറ്റി"യിൽ തിയോളജി പഠിക്കുവാനും നിയോഗിച്ചു. ചിലരെ മ്യൂൻസ്റ്റർ, കൊളോൺ, ഫ്രയ്ബുർഗ്, തുടങ്ങിയ മറ്റു വിവിധ സ്ഥലങ്ങളിലെ ഓരോ വൈദിക സെമിനാരികളിലും ചേർത്തു. അപ്രകാരംതന്നെ 1964-മുതൽ വന്നത്തിയ പെൺകുട്ടികളെയെല്ലാം, വിന്സെന്റീനർ സഭയുടെയും, ഡൊമിനിക്കാനർ സഭ, എന്ന് തുടങ്ങി മറ്റു വിവിധ സന്യാസസഭകളുടെ കോൺവെന്റുകളിലും ചേർത്തു. തെക്കു പടിഞ്ഞാറേ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിന് (Schwarzwald) ചേർന്നുള്ള Bühler Convent, Freiburg- ലുള്ള St. Vincentiner കോൺവെന്റ് എന്നിങ്ങനെ വിവിധ വലിയ കേന്ദ്രങ്ങൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു. ഇക്കാലത്തു അനവധി ഇത്തരം കോൺവെന്റുകൾ കന്യാസ്ത്രികളാകാൻ ജർമ്മൻകാരായ ആരുമവിടെ യ്ക്ക് വരുന്നില്ലാത്തതുകൊണ്ടു പ്രവർത്തിക്കുന്നില്ല.
സ്നേഹ ഹൃദയങ്ങളുടെ യാത്ര പറച്ചിൽ |
തങ്ങളുടെ സ്വന്തം നാടിനോടും വീടിനോടും വാത്സല്യസ്നേഹം നിറഞ്ഞ അപ്പനോടും അമ്മയോടും ദു:ഖത്താൽ വിങ്ങിപ്പൊട്ടിയ പ്രിയപ്പെട്ട തന്റെ സഹോദരങ്ങളോടും വിട പറഞ്ഞിറങ്ങിയ മൂകദുഃഖപൂരിതമായ വിഷമ നിമിഷങ്ങൾ മറക്കാനാവില്ലെന്ന ദുഃഖ യാഥാ ർത്ഥ്യം അവർ സ്മരിക്കുന്നു. അതേതുടർന്നു എന്തുകൊണ്ടും തികച്ചും അപരിചിതമായ മറ്റൊരു രാജ്യത്തിലേക്കുള്ള നീണ്ട അതിസാഹ സികമായ ഒരു ദീർഘദൂരയാത്രയും! അതിനോ ടൊപ്പം മനസ്സിലുറപ്പിച്ചിരുന്ന വലിയ പ്രതീക്ഷകളും തിളങ്ങുന്ന മധുര സ്വപ്നങ്ങളും കൊണ്ട് വളയപ്പെട്ട യുവമനസ്സുകളെ അധികം താമസ്സമില്ലാതെ മാനസികമായും അതിലേറെ ശാരീരികമായും, അവരൊട്ടു പ്രതീക്ഷിക്കാ തിരുന്ന കൊടുംപിരിമുറുക്കത്തിലാക്കി. ജർമ്മനിയിൽ എത്തിയപ്പോൾ അവരുടെ തളർന്ന ആവശ്യങ്ങളിൽ മാത്രമായിട്ടു സംസാരിക്കാൻ മലയാള മല്ലാതെ മറ്റുള്ള ഭാഷകൾ പോലും പുതിയതായിട്ട് അവർക്ക് വശമില്ലാ തിരുന്നു. ഉരൽ മദ്ദളത്തോടു തന്റെ സങ്കടം പറയുന്നുവെന്ന് പറയപ്പെടുന്ന തുപോലെ അവരുടെ ചെറിയ സമൂഹം പരസ്പരം സ്വന്തം സങ്കടങ്ങൾ പറഞ്ഞു നീക്കി.
ജർമ്മനിയിലെത്തി വൈദികനായിത്തീരാനും, കന്യാസ്ത്രികളാകാനുള്ള ഉറച്ച ആത്മനിയോഗത്തിൽ ജർമ്മനിയിലേയ്ക്ക് അന്ന് വന്നത്തിയ മലയാളി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ആദ്യകാലങ്ങളിലെ പുതിയ അപരിചിത ജീവിതത്തിന്റെ പുത്തൻ അനുഭവങ്ങളാകട്ടെ അവ തീർത്തും പ്രതീക്ഷിക്കാത്ത വെള്ളിടിപോലെയായിരുന്നു. നേരിടേണ്ടിവന്ന പുതിയ ജീവിതശൈലിയിൽ സ്വയം അവരില്ലാതാകുമെന്നവർക്ക് തന്നെ തോന്നി. മലയാളികളായ നമ്മുടെ സന്യാസാർത്ഥിനികളിൽ പലരും അതുപോലെ വൈദികപഠനത്തിനെത്തിയ ആൺകുട്ടികളിൽ കുറെയധികം പേർ ആദ്യ കാലത്തെ താങ്ങാനാവാത്ത ദുരനുഭവങ്ങളുടെ നിറം മനസ്സിലാക്കിയപ്പോൾ അവരുടെ നല്ല ഭാവിജീവിതത്തിനു വേണ്ടി ഇണങ്ങിയ പുതിയ വേറിട്ടുള്ള ഭാവി വഴികൾ തേടിപ്പോയി. വേറേ ചില പെൺകുട്ടികളും ആൺകുട്ടികളും മറ്റൊന്നും അന്വേഷിക്കാതെ കന്യാസ്ത്രീമഠത്യാഗ ജീവിതവും സെമിനാരി ജീവിതവും സ്വയം എന്നേയ്ക്കുമായി വേണ്ടെന്നു തീരുമാനിച്ചു വന്നവഴിയെ തിരിച്ചു അവരുടെ നാട്ടിലേയ്ക്ക് എന്നെന്നേയ്ക്കുമായി ജർമ്മനിയോട് വിട പറഞ്ഞു പോയി. അവരിലൊരാളായിരുന്നു, പിന്നീട് കേരളത്തിലെത്തി സർക്കാർ സർവീസിൽ എന്റെ ഒരു സഹപ്രവർത്തകനായി കുറേക്കാലം ജോലിചെയ്തിരുന്ന അന്തരിച്ച ജോസഫ് പാലയ്ക്കൽ. മാത്രമല്ല, ഒരു ഗ്രൂപ്പിൽ വന്ന സെമിനാരി വിദ്യാർത്ഥികൾ മുഴുവൻ സെമിനാരിജീവിതം വിട്ടു പുറത്തു പോയി മറ്റുള്ള പഠനത്തിനും ജോലിപരിശീലനത്തിനുമായി പ്രവേശിച്ചു. ചിലർ വൈദികനായശേഷംപോലും, അതുപോലെ ചിലർ കന്യാസ്ത്രിവൃതം സ്വീകരിച്ചശേഷവും ആ പദവിവേണ്ടെന്നുവച്ചു വിവാഹിതരായി കുടുംബ ജീവിതം ആരംഭിച്ചു. പശ്ചിമ ജർമ്മനിയിലേക്ക് ഭാവിജീവിതത്തിനായി വന്നെത്തിയ ഓരോരോ മലയാളികളുടെ ജീവിത വഴികളെല്ലാം വളരെ വളരെ ക്ലേശങ്ങൾ നിറഞ്ഞതായിരുന്നുവെന്നതിനു തക്കതായ തുറന്ന തെളിവുകളാണല്ലോ അവയെല്ലാം. ജർമനിയിലേക്കുള്ള മലയാളികളുടെ ചരിത്രപരമായ ആദ്യകാല കുടിയേറ്റത്തിന്റെ പൂർവ്വകാല സ്മരണകളിൽ ഇവയെല്ലാം മായാതെ നിലകൊള്ളും.
കുറേപ്പേർ അവരുടെ ഭാവിയുടെ ഇരുളടഞ്ഞ അനന്തമായ അവരുടെ ജീവിതത്തെ നയിക്കുവാൻ പറ്റിയ കരുത്തേറിയ തീരുമാനത്തിൽ ലഭിച്ച ജോലിയിലോ, പഠിക്കുവാൻ ലഭിച്ച അവസരമോ സ്വീകരിച്ചു സ്വയം ജർമ്മൻ ജീവിതത്തിലേയ്ക്ക് കാലെടുത്തുവച്ചു. അതുപക്ഷേ പെൺകുട്ടികൾ ആഗ്രഹിച്ചിരുന്ന അവരുടെ ആത്മീയപ്രൊഫഷണൽ ജീവിതത്തിലേയ്ക്ക് കടക്കുവാൻ ചില കടമ്പകൾ കൂടി കടക്കേണ്ടിയിരുന്നു. രണ്ടു വർഷത്തെ പോസ്റുലേറ്റു പരിശീലനം കൂടി കഴിയണം. നൊവിഷ്യേറ്റ് കാലം വേറെ, എന്നിങ്ങനെ പല കടമ്പകൾ തുടക്കത്തിലേ അവർക്കു മുമ്പിൽ ഒഴിവാക്കാനാവാത്ത ജീവിത വഴികളായിരുന്നു. അവരെ ജർമ്മനിക്ക് അയച്ച കേരളത്തിലെ കത്തോലിക്കാ വൈദിക ഏജൻസികളാകട്ടെ ജർമ്മനിയിലെ ജീവിത സാഹചര്യങ്ങളെപ്പറ്റിയോ അവരുടെ പഠന പദ്ധതികളെപ്പറ്റിയോ, കന്യാസ്‍തിജീവിതത്തിന്റെ വിവിധ പദ്ധതികളെപ്പറ്റിയോ ഒരു വിശദമായ മുന്നറിവ് നൽകിയിരുന്നില്ല. അവർ ജർമ്മനിയിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ നേരിടേണ്ടി വരുന്ന ജീവിത പ്രതിസന്ധികളെപ്പറ്റി അവർ മുഖാമുഖം അറിഞ്ഞുതുടങ്ങിയത്. കന്യാസ്ത്രി പദവിയിലേക്കുള്ള വ്രതമെടുത്ത് ജീവിതം നയിക്കുവാൻ തുടങ്ങുന്നവർ വിവിധ കാര്യങ്ങളിൽ പരിശീലനവും ചിട്ടകളും ക്രമങ്ങളും ജോലികളും പ്രായോഗികമായി അറിഞ്ഞു യോഗ്യതയുള്ളവരായിരിക്കണം.
യോഗ്യതകൾ നേടുവാനായി അതിനു നിശ്ചിത പരിശീലനങ്ങളും പലവിധ അറിവുകളും ഉണ്ടാകണമല്ലോ. അതു പക്ഷേ അവർ മനസ്സിൽ കരുതി വച്ച ജോലികളൊന്നുമല്ല കോൺവെന്റു അധികാരികൾ അവർക്കു നൽകിയത്. ജർമ്മൻഭാഷ പഠിക്കുവാനോ അഥവാ മറ്റെന്തെങ്കിലും പ്രത്യേക വിഷയങ്ങൾ പഠിക്കുന്നതിന് കേരളത്തിൽനിന്നുള്ള സന്യാസാർത്ഥിനിമാരെയെല്ലാം ഉടൻ തന്നെ അനുവദിക്കുമെന്നാണവർ കരുതിയത്. പകരം, മഠത്തിൽ ചേർന്നിട്ടു ള്ള മലയാളി പെൺകുട്ടികൾക്ക് എല്ലാ ജോലികളിലും സാമാന്യമായ അറിവ് ഉണ്ടായിരിക്കണം. ആദ്യമായി ഒട്ടും തന്നെ പരിചയമില്ലാത്തതായ അപരി ചിത ജോലികളാണ് മുന്നിലെത്തിയത്. അടുക്കളയിലെ പാചക ജോലി, പാത്രങ്ങൾ മുഴുവൻ കഴുകിവൃത്തിയാക്കുക, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക, കിടപ്പു മുറികൾ, കക്കൂസ്‍മുറികൾ, കുളി മുറികൾ, കെട്ടിട വരാന്തകൾ വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ അവരുടെ ഓരോരോ ദൈനംദിന ജോലികളിൽപ്പെട്ടതായിരുന്നു. ഓരോരോ ദിവസങ്ങളും വ്യത്യസ്തമായ ജോലികൾ മാറി മാറി ഓരോരുത്തരും ചെയ്യണമായിരുന്നു. മഠത്തിനുള്ളിലുള്ള നിശ്ചിത ജോലികളല്ലെങ്കിൽ മറ്റു ഏതെങ്കിലും ജോലികൾ ചെയ്യണം. മഠം വക പച്ചക്ക റിത്തോട്ടത്തിൽ, പൂന്തോട്ടത്തിൽ കള പറിക്കുക, വളമിടുക, തുടങ്ങി വിഷമ കരമായ പല ജോലികളും ചെയ്യുവാൻ ഉണ്ടായിരുന്നു.
ഇത്രയുംകൊണ്ട് തീർന്നില്ല. മാറിമാറി വൃദ്ധസദനങ്ങളിലും അതുപോലെ ആശുപത്രികളിലും പോയി വൃദ്ധജനങ്ങളെയും രോഗികളെയും ശുശ്രൂഷിച്ചു സഹായിക്കണമായിരുന്നു. കൂടാതെ ആശുപത്രികളിലെ തൂപ്പുജോലികളും മറ്റും ചെയ്യണമായിരുന്നു. നഴ്‌സിംഗ് പഠിക്കുവാൻ വന്നവർ തൂപ്പ്കാരികളുടെ ജോലി ചെയ്യേണ്ടിവന്നു. ജർമ്മൻ ഭാഷ പഠിക്കുവാനോ അഥവാ നഴ്‌സിംഗ് പഠനത്തിനോ പോലും ദിവസവും ഇത്തരം മറ്റു വ്യത്യസ്തപ്പെട്ട ജോലികൾ ചെയ്യേണ്ടിയിരുന്നതിനാൽ മലയാളി പെൺകുട്ടികൾക്ക് അവസരം ലഭിച്ചില്ല. ഒരർത്ഥത്തിൽ അടിമകളെപ്പോലെ എല്ലാത്തരത്തിലുമുള്ള വിഷമകരമായ ജോലികൾ ചെയ്ത അനുഭവങ്ങൾ ചിലരെങ്കിലും ഇപ്പോൾ പറയുന്നുണ്ട്. ഈ ജോലികളെല്ലാം ചെയ്തതിനു സന്യാസാർത്ഥിനികളായ പെൺകുട്ടികൾക്ക് നേരിട്ടു ശമ്പളം അധികൃതർ നൽകിയില്ല. അവർക്കു ലഭിക്കേണ്ടിയിരുന്ന പ്രതിഫലം വാങ്ങുന്നത് അവരുടെ കോൺവെന്റുകളോ അഥവാ അന്നത്തെ പെൺകുട്ടികളെയെല്ലാം ജർമ്മനിക്ക് വരുവാനുള്ള ഇടപാടുകൾ ചെയ്തിരുന്ന കേരളത്തിലെ സഭയിലെ വൈദിക ഏജൻസികളോ ആയിരുന്നുവെന്ന് പിന്നീടറിഞ്ഞു. എന്തായാലും ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങളാകട്ടെ ഭാവിയെ ഓർത്ത് ആരുംതന്നെ അന്ന് പുറത്തു പറയാൻ ധൈര്യപ്പെട്ടില്ല.
ചില സന്യാസാർത്ഥിനികൾക്ക്, ഉദാ: Bühler Convent അധികൃതർ, മറ്റു ചില സൗകര്യങ്ങൾകൂടി കൊടുത്തു. സ്വന്തമായ ഉത്തരവാദിത്വത്തിൽ കോൺവെന്റിൽനിന്ന് പുറത്തുപോയി സ്വതന്ത്രമായി താമസിച്ചു നഴ്‌സിംഗ് പഠനം കഴിഞ്ഞാൽ, കോൺവെന്റിൽ വീണ്ടും അവർക്കിഷ്ടമുണ്ടെകിൽ തിരിച്ചുവന്ന് കന്യാസ്ത്രിയായി ജീവിതം തുടരാൻ അനുവദിച്ചിരുന്നു. അപ്രകാരമുള്ള തീരുമാനങ്ങൾ എടുത്തു പുറത്തുപോയി പഠനം നടത്തിയ വരുണ്ട്. നിർദ്ദിഷ്ടപഠനം കഴിഞ്ഞു ചിലർ വീണ്ടും സ്വയം തിരിച്ചു അവരുടെ കോൺവെന്റിലേക്ക് പോയവരുണ്ട്. മറ്റുചിലർ പഠനമെല്ലാം കഴിഞ്ഞശേഷം അവരുടേതായ സ്വന്തം ജീവിതവഴികളെ തെരഞ്ഞെടുത്തു വൈവാഹിക ജീവിതം തുടങ്ങി. ജർമ്മൻകാരെയും, ചിലർ നാട്ടിലുള്ള വരെയും വിവാഹം ചെയ്തു. കേരളത്തിൽ പോയി വിവാഹം ചെയ്തവർ പിന്നീട് അവരുടെ ഭാവി കുടുംബജീവിത പങ്കാളികളെയെല്ലാം ജർമ്മനിയിലേക്ക് വരുത്തുകയും ചെയ്തു.
പശ്ചിമജർമ്മനിയിലെ പരിശീലന കേന്ദ്രങ്ങളിലെല്ലാം മലയാളികൾ ക്ക് വേണ്ടി അന്ന് സ്‌പോൺസർമാർ ഉടനെതന്നെ താമസസൗകര്യങ്ങൾ നൽകിയിരുന്നു. ചിലർക്കുള്ളത് താൽക്കാലികമായ സൗകര്യങ്ങൾ മാത്രം ആയിരുന്നു, ഹോട്ടലുകളിൽ തയാറാക്കിയിരുന്നത്. 1965 ൽ ഹൈഡൽബെർഗ്ഗിൽ വന്നെത്തിയ ആദ്യത്തെ ഗ്രൂപ്പിലെ മലയാളി പെൺകുട്ടികൾക്ക് താൽക്കാലിക താമസത്തിനുള്ള സൗകര്യങ്ങളാണ് സ്‌പോൺസർ അന്ന് നൽകിയത്. ഹൈഡൽബെർഗിലെ "ഷ്ളോസ് ഹോട്ടലിൽ" ആയിരുന്നു. മലയാളി പെൺകുട്ടികൾ നഴ്‌സിംഗ് പഠനം ഉദ്ദേശിച്ചിരുന്നത് ഹൈഡൽബെർഗ് നഗരത്തിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ സ്കൂളിലായിരുന്നു. യൂണി വേഴ്സിറ്റി ഹോസ്പ്പിറ്റലുകളുടെ ഡയറക്‌റ്റർ ശ്രീ. ഏർണെസ്റ്റ് എന്ന ജർമ്മൻ കാരൻ നേരിട്ടെത്തിയാണ് അവരെയെല്ലാം സ്വീകരിച്ചുവെന്നത് അവർക്ക് തീർച്ചയായും സന്തോഷം പകർന്നു. മലയാളി പെൺകുട്ടികളുടെ ഒരുമിച്ചു ള്ള താമസം സാദ്ധ്യമാക്കാൻ അവർക്കു വേണ്ടി ഹോസ്പിറ്റൽ അധികൃതർ പിന്നീട് പുതിയ നഴ്‌സസ് ക്വാർട്ടേഴ്‌സുകൾ നിർമ്മിച്ചു അവരെ അവിടേയ്ക്ക് താമസം മാറ്റി നൽകി. അവർക്കുവേണ്ടി പിന്നീട് ഒരു നഴ്‌സിംഗ് സ്‌കൂളും തുറന്നു പ്രവർത്തനം തുടങ്ങി.
മലയാളിയുടെ ആവശ്യം -
നേരത്തെ പ്ലാൻ ചെയ്തിരുന്നതുപോലെ ജർമ്മൻ ഭാഷാപഠനവും നഴ്‌സിംഗ് പരിശീലനവും ഉടനെ തന്നെ തുടങ്ങുമെന്നാണ് അവരെല്ലാം ഉറപ്പായിട്ട് കരു തിയിരുന്നത്. നഴ്‌സിംഗ് പഠനത്തിനായി ഹൈഡൽബർഗിൽ എത്തിയ പെൺ കുട്ടികൾക്ക് അതിനു അവസരം ലഭിക്കാതെ അവർ തൂപ്പ്ജോലികൾ ചെയ്തു കൊണ്ടു നടന്നു ഭാവി മുഴുവൻ തടസ്സപ്പെടുമെന്നവർക്കു തോന്നി. എന്തുസംഭ വിച്ചാലും വേണ്ടില്ല, ഹോസ്പിറ്റൽ അധികൃതരുമായി തങ്ങളുടെ ഭാവിയെക്കു റിച്ചുള്ള തീവ്രമായ ആശങ്കകളും തങ്ങളുടെ ആവശ്യങ്ങളും നേരിട്ടു ചർച്ച ചെയ്യണമെന്നു തന്നെ തീരുമാനിച്ചു, നമ്മുടെ പെൺകുട്ടികൾ അതിനു വേണ്ടി നിർബന്ധിതരായിത്തീർന്നു എന്നതാണ് യാഥാർത്ഥ്യം. അവർ നടത്തിയ ചർച്ച അനുകൂലമായിത്തീർന്നു. ഒടുവിൽ മലയാളികളുടെ ആവശ്യങ്ങൾ - നഴ്‌സിംഗ് പഠനം അവിടെ നല്കുമെന്നുള്ള ഉറപ്പ് ഹോസ്‌പിറ്റൽ അധികൃതർ നൽകി. ഹൈഡൽബെർഗ്ഗിലെത്തിയ ആദ്യത്തെ മലയാളിഗ്രൂപ്പ് പെൺകുട്ടികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികാരികൾ അവിടെ ആദ്യ നഴ്‌സിംഗ് സ്‌കൂൾ തുറക്കുകയാണുണ്ടായത്. അതിനുമുൻപ് ജർമൻകാർക്ക് വേണ്ടി മാത്രമുള്ള നഴ്‌സിംഗ് പരിശീലനം മാത്രം നടന്നിരുന്നു. അവിടേക്ക് അവർക്ക് പ്രവേശനം ലഭിച്ചില്ല. അങ്ങനെ തൂപ്പു ജോലികളോട് എന്നേക്കും അവസാനമായി വിട പറഞ്ഞു. നഴ്‌സിംഗ് പഠനത്തിനായി അവർക്ക് വാതിൽ തുറക്കപ്പെട്ടു. അവർ മാതൃകാപരമായ വിജയം കാഴ്ചവച്ചു. പക്ഷെ അവരുടെ ജർമ്മനിയിൽ പഠിക്കുന്ന നേഴ്‌സിംഗ് വിദ്യാഭ്യാസ ബിരുദം അന്ന് ഇന്ത്യയിൽ ജോലി ചെയ്യുവാൻ അഗീകരിക്കുകയില്ലെന്നു അറിഞ്ഞി രുന്നു. ഇതെല്ലാം അറിയാമായിരുന്നെങ്കിലും ഭാവിയെ സുരക്ഷിത മാക്കാൻ അവർ തളരാതെ ജർമ്മനിയിൽ തുടർന്ന് പഠിക്കുവാൻ തീരുമാനിച്ചു.
നിരവധിയേറെ വിഷമപ്രശ്നങ്ങളെയെല്ലാം തരണം ചെയ്തിട്ടാണ് അവരുടെ തൊഴിൽ പരിശീലനവും പഠനവും ആരംഭിച്ചത്. ജർമ്മനിയിലെത്തിയ എല്ലാ യുവതീയുവാക്കൾക്കും സുരക്ഷിതമായ താമസസൗകര്യങ്ങൾ നല്കിയിരുന്നു. എന്നിരുന്നാലും ചോറിലെ മണൽത്തരി കടിച്ചത് പോലെ മലയാളികളാദ്യം തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ അഗ്നിപരീക്ഷണത്തിനു മുഖം കൊടുക്കേണ്ടിവന്നു. അവയെല്ലാം വളരെ ബോധപൂർവ്വം സമചിത്തതയോടെ തന്നെ സ്വയം സഹിച്ചു തൂപ്പുജോലികളും മറ്റും ചെയ്തപ്പോഴും തങ്ങളുടെ നാട്ടി ലുള്ള സ്വന്തം കുടുംബാംഗങ്ങളെ ഹൃദയത്തിൽപേറി, തങ്ങളുടെയും സ്വന്തം ഭാവിയും പ്രതീക്ഷിച്ചുള്ള സത്ഫലത്തിനായി അവർ അവയെല്ലാം അതീവ ശ്രേഷ്ഠവും മാതൃകാപരവുമായ ആത്മസമർപ്പണമായിരുന്നു സ്വയം നല്കിയ തെന്ന് പറയാതെ പോകുന്നത് തന്നെ നീതിയല്ലന്ന് ഞാൻ കരുതുന്നു.
മലയാളിയുടെ രുചി
ജർമ്മൻകാരുടെ ഭക്ഷണങ്ങൾ ജർമ്മനിയിൽ വന്നെത്തിയ മലയാളി പെൺ കുട്ടികൾക്ക് തീർച്ചയായും ഒരു വെല്ലുവിളിയായിരുന്നു. അത്- കേരളത്തിൽ ലഭിക്കുന്ന അരിയും ചോറും, മോരും തൈരും, കപ്പയും, എരിവും പുളിയും ഇട്ടു കറിവച്ച മീൻകറികളും, സാമ്പാറും, തോരനും, അവിയലും പപ്പടവും അച്ചാറുകളും ഒന്നും ലഭിച്ചിരുന്നില്ല. ജോലിസ്ഥലത്ത് നിന്നും ലഭിക്കുന്ന പ്രഭാത ഭക്ഷണം ഗോതമ്പ് റൊട്ടിയായിരുന്നു. പലനിറത്തിലും, വലുപ്പവും ആകൃതിയിലും, രുചിയിലും ഉള്ള ബ്രെഡ് അവർക്ക് ലഭിച്ചു. ചീസും, ബട്ടറും, ജാമുകളും, പിന്നെ ഇറച്ചികൊണ്ടു ഉണ്ടാക്കുന്ന "വൂർസ്റ്റ്" ഭക്ഷണസാധനവും ജർമ്മൻകാരുടെ പ്രഭാതകാല ഭക്ഷണത്തിലുണ്ടായിരുന്നു. എരിവും പുളിയും ഒന്നുമില്ലാത്ത, അവരുടെ മേശപ്പുറത്തെ മസാലകൂട്ടുപൊടികൾ ചേർക്കാത്ത ഇറച്ചിക്കറികൾ, ബട്ടറും ഉപ്പും മറ്റുചില അപരിചിത ചേരുവകളും കൂട്ടി ചേർത്തുണ്ടാക്കിയ പച്ചക്കറികൾ, ഇതെല്ലാം മലയാളിയുടെ നാവിന്റെ രുചിക്ക് തീരെ അപരിചിതമായിരുന്നു. അതുപക്ഷേ പിന്നീട് ജർമ്മൻ ഭക്ഷണവും ആ ഭക്ഷണത്തിന്റെ മേന്മയേറിയ രുചിയും മലയാളിയുടെ നാവിലെ പാരമ്പര്യ രുചിയിലേയ്ക്ക് അവർ ദത്തെടുത്തു.
1960 കൾ മുതൽ 1970 കൾ വരെ കാലം മാറിയപ്പോൾ, അതെ ഏതാണ്ട് പത്തു വർഷങ്ങൾകൊണ്ട് ഏകദേശം അയ്യായിരത്തോളം മലയാളി യുവജനങ്ങൾ യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള പശ്ചിമ ജർമ്മനിയിൽ അവിടവിടെയായി കൊച്ചുകൊച്ചു കേരളങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇവരിൽ അധികഭാഗവും വ്യത്യസ്തപ്പെട്ട പഠനം നടത്തുന്നവരും പലതരം ജോലികൾ ചെയ്യുന്നവരും ആ യിരുന്നു. ആ സമൂഹത്തിൽ കുറെ തൊഴിൽ രഹിതരും ഉണ്ടായിരുന്നു. കേര ളത്തിൽ പോയി വിവാഹം ചെയ്തവരുടെ ജീവിതപങ്കാളികളും എത്തി. അവ രിൽ ചിലർ ഇന്ത്യയിൽ വിവിധ മണ്ഡലങ്ങളിൽ ജോലിചെയ്തിരുന്നവരും ആ യിരുന്നു. ജർമ്മനിയിലെത്തിയ കുടുംബാംഗങ്ങൾക്ക് ജർമ്മനിയിൽ ജോലി ലഭിക്കുവാൻ അപ്പോഴേയ്ക്കും ചില നിയന്ത്രണങ്ങൾ ഉണ്ടായിവന്നു. കാല ക്ര മേണ അത്തരം ജോലി- താമസനിയമങ്ങളിൽ പരിപൂർണ്ണമായ അയവു വന്നു. ഇക്കാര്യങ്ങളെല്ലാം പിന്നീട് വിവരിക്കുന്നതാണ്.
കാലങ്ങൾ മാറിപ്പോയി. പശ്ചിമ ജർ മ്മനിയിൽ ആതുരാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും ജോലി ചെയ്തി രുന്ന ജർമ്മൻ കോൺവെന്റ് സന്യാ സിനികളുടെ എണ്ണത്തിൽ കുറവാ യി. അനേകം കന്യാസ്ത്രി മഠങ്ങൾ പോലും അടച്ചുപൂട്ടിയ നില വന്നു. പുതിയ സന്യാസാർത്ഥിനീകളുടെ പ്രവേശനവും തീർത്തു ഇല്ലാതെയാ യി. കന്യാസ്ത്രീകളുടെ പരിപൂർണ്ണ മായ മേൽനോട്ടത്തിൽ നടത്തിയി രുന്ന പല വൃദ്ധമന്ദിരങ്ങളുടെയും ഭാവിപോലും അടഞ്ഞ നിലയിലാ യി. അപ്പോൾ ഇത്തരം വൃദ്ധമന്ദിര ങ്ങളുടെ പ്രവർത്തനം തുടർന്ന് നട ത്തുവാൻ കേരളത്തിലെ മിഷനറികോൺഗ്രിഗേഷനുകളിലെ കന്യാസ്ത്രിക ൾ ഏറ്റെടുക്കാൻ തയ്യാറായി. അങ്ങനെ കേരളത്തിലെ വിവിധ മിഷനറി ക ന്യാസ്‌തികൾ, മിക്കവാറും എല്ലാ കോൺഗ്രിഗേഷനുകളിൽ നിന്നും, പിന്നീടു ള്ള കാലഘട്ടങ്ങളിൽ പലപ്പോഴായി ജർമ്മനിയിലെ നിരവധി ഹോസ്പിറ്റലുക ളിലും വൃദ്ധമന്ദിരങ്ങളിലും ജോലി ചെയ്യുവാൻ തുടങ്ങി. ഉദാ: ആരാധനമഠ ങ്ങളിൽ നിന്ന്, സേക്രഡ് ഹാർട്ട് കോൺവെന്റുകളിൽ നിന്ന്, കർമ്മലീത്ത സഭാ മഠങ്ങളിൽ നിന്ന് തുടങ്ങി ആയിരങ്ങളിലേറെ മിഷനറി കന്യാസ്ത്രിക ൾ ജർമ്മനിയിലേക്ക് ജോലി ചെയ്യുവാനെത്തി. പിൽക്കാലത്തു ജർമ്മനിയിലെ പല സ്ഥലങ്ങളിലുമുള്ള നിരവധി വൃദ്ധമന്ദിരങ്ങളുടെയും മുഴുവൻ പ്രവർ ത്തന ചുമതലകളും മലയാളി കന്യാസ്ത്രികൾ വഹിക്കുവാൻ തുടങ്ങിയിരി ക്കുന്നു. എന്നേയ്ക്കും അടഞ്ഞുപോയ ജർമ്മൻ കന്യാസ്ത്രീ മഠങ്ങളും സന്യാ സസഭാ വൈദികരുടെ ആശ്രമങ്ങളും ഇക്കാലത്തു മറ്റുപല പൊതുസ്ഥാപന ങ്ങളായി മാറുന്നുണ്ട്. അതോടൊപ്പം മറ്റുചിലർക്ക് പുതിയ മറ്റു വിവിധ പ്രവർ ത്തനവേദിയായിത്തീരുന്നു.
ഹൃദയങ്ങളുടെ മൂകമായ വിട പറച്ചിൽ
സ്വന്തം നാട്ടിൽനിന്നും തങ്ങളുടെ തൊട്ട് അടുത്ത ഗ്രാമത്തിൽ വരെ പോലും പോയിട്ടില്ലാത്തവർ തികച്ചും ദീർഘദൂരത്തിലുള്ള അന്യദേശത്തേയ്ക്ക് സ്വന്തം നാടും, സ്വന്തം വീടും, മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തപ്പെട്ട ആളുകളെയും ഒരു ദീർഘകാലത്തെ വേർപാടിന്റെ കനത്ത മൂകവേദനയോടെ യാത്രചോദിച്ചു വിട്ടുപേക്ഷിച്ചു പഠനവും ജോലിയും ഭാവി ജീവിതവും തേടിയിറങ്ങിയ നമ്മുടെ നാടിന്റെ സഹോദരങ്ങളാകട്ടെ, അന്ന് ജർമ്മനിയിൽ അവരവരുടേതായി മാത്രം ഒതുങ്ങിയ ജീവിതം നയിച്ച ത്യാഗ സുമനസ്സുകളായിരുന്നു. വാത്സല്യം നിറഞ്ഞ മകനോ മകളോ ആകട്ടെ, അവരുടെ മനസ്സിന്റെ അനന്തവിഹായസ്സിൽ നോക്കെത്താത്ത ദൂരത്തി ലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോൾ." ഇനിയും നിന്നെ കാണാൻ പറ്റുമോ?.നീ എന്ന് വരും? "കണ്ഠമിടറി അപ്പനും അമ്മയും ചോദിച്ച ചോദ്യങ്ങൾക്ക്പോലും നനഞ്ഞ കണ്ണുകൾ ചേർന്നുള്ള മൗനമറുപടി യായിരുന്നു നൽകിയത്. ദുഃഖം നിറഞ്ഞ വിങ്ങിപ്പൊട്ടിയ ഹൃദയങ്ങളുടെ മൂകമായ വിട പറച്ചിൽ. സ്‌നേഹം നിറഞ്ഞ അപ്പന്റെയും അമ്മയുടെയും നിസ്സഹായതയിലെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ നോക്കിനിന്നവരുടെ മാത്രമല്ല, ചോദിച്ചവരുടെയും അതിനു മറുപടിയായി മെല്ലെ മുറ്റത്തേയ്ക്കി റങ്ങി നിശബ്ദമായി മെല്ലെ നടന്നു നടന്നു നീ ങ്ങിയവരുടെയും ഹൃദയം തേങ്ങിക്കരയുന്നുണ്ടായിരുന്നു.
ചിലർക്കാകട്ടെ ആഗ്രഹിക്കാത്തത് അപ്രകാരം സംഭവിച്ചു. അധിക കാലം കഴിഞ്ഞില്ല, " നീ ഇനി എന്ന് വരും " എന്ന് ചോദിച്ച സ്നേഹപിതാവിന്റെ എന്നേക്കുമുള്ള വേർപാടിന്റെ, മരണ വാർത്ത, ജർമ്മനിയിലെ ചെറിയ മുറിയിലെത്തി. ഒരു ടെലിഗ്രാം അറിയിപ്പ്! മങ്ങിയ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഭാവിയുടെ പ്രകാശംതേടി നടന്നു നടന്നു അകലങ്ങളിലേയ്ക്ക് പോയപ്പോൾ, രണ്ടു പേരുടെ ജീവിതവഴികളിലെ എന്നെന്നേക്കുമുള്ള വേർപാടിന്റെ, യഥാർത്ഥ വേർപാടിന്റെ ദുഃഖ സന്ദേശത്തിന്റെ കഥയായി മാറുകയായിരുന്നു, ആ ടെലിഗ്രാം സന്ദേശം ...
കാലങ്ങൾ കൊഴിഞ്ഞുപോയി. പഠനം പൂർത്തിയാക്കി. ആഗ്രഹിച്ച ജോലി ചെയ്യുന്നു. വർഷങ്ങൾ എട്ടോ പത്തോ കഴിഞ്ഞു പോയത് മറക്കാനാവില്ല. ഇ നി നാട്ടിൽ പോയി എല്ലാവരെയും കാണാമല്ലോയെന്ന ആഗ്രഹങ്ങളാണവ. പതിവുള്ള ജോലികൾ കഴിഞ്ഞു താമസിക്കുന്ന മുറിയിൽ എത്തുമ്പോൾ മന സിന്റെ തിരുമുറ്റത്ത് തെളിഞ്ഞു വരുന്ന ചിത്രങ്ങൾ പൂർവ്വകാലങ്ങളിലെ ഓർമ്മകളുടെ മാറാപ്പിനു താങ്ങാവുന്നതിലുമപ്പുറമായിരുന്നു. നാട്ടിലുള്ള സ ഹോദരങ്ങളുടെ മോഹങ്ങളും അവരുടെ എല്ലാവിധ ആവശ്യങ്ങളും സാധിച്ചു കൊടുക്കണം, തങ്ങൾ ജനിച്ചു വളർന്ന നാട്ടിലെ സ്വന്തം വീട്ടിലെത്തി എന്നെ സ്നേഹിക്കുന്ന അമ്മയെയും അപ്പനെയും ആങ്ങളമാരെയും കുട്ടികളെയും അനുജത്തിമാരെയും ഒക്കെ കാണണം. അവർക്കെല്ലാം സമ്മാനങ്ങൾ വാങ്ങി കൊണ്ടുപോകണം... നാട്ടിലെത്തിയാൽ സ്വീകരിക്കാൻ അപ്പനും അമ്മയും വരും, കൊച്ചിയിലെ വിമാനത്താവളത്തിൽ ? ഓ... പെട്ടെന്ന് നിന്നുപോയി... ഇല്ല.. ശ്ശൊ ! സ്നേഹിച്ച അപ്പനില്ലല്ലോ...മനസ്സ് വല്ലാതെ തേങ്ങി... ആങ്ങളമാർ വരുമായിരിക്കും... അനുജത്തിയും ഒരുപക്ഷെ കാണും...
കാത്തിരിപ്പിന് ശേഷം കൺകുളിർക്കെ കാഴ്ച |
നീണ്ട എട്ടും പത്തും വർഷങ്ങൾക്ക് ശേഷ മാണ് ജർമനിയിലേക്ക് ആദ്യം പോയ പെൺ കുട്ടികളും ആൺകുട്ടി കളും ആദ്യമായിട്ട് കേരളത്തിലെ തങ്ങ ളുടെ വീടുകളിലേക്ക് തിരിച്ചു എത്തുന്നത്. ദീർഘനാൾ നീണ്ടു നീണ്ട കാത്തരിപ്പിനു ശേഷം, വർഷങ്ങൾക്ക്ശേഷം, അത്യാകാംക്ഷയോടെ കേരളത്തിലേയ്ക്ക് യാത്ര ചെയ്ത ഒരു പെൺകുട്ടിയുടെ പ്രതികരണം അന്ന് ആ വിമാനത്തിലു ണ്ടായിരുന്ന സഹയാത്രികനായിരുന്ന എന്റെ ഒരു സുഹൃത്ത് വിവരിച്ചതിങ്ങനെയാണ്. "അന്നത്തെ വിമാനയാത്രയിൽ, ഞങ്ങൾ ഫ്രാങ്ക്ഫർട്ടിൽനിന്നും ബോംബെ വിമാനത്താവളത്തിലെത്തി. അന്നുതന്നെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ തുടർ യാത്രയായി. ഏതാണ്ട് പതിനെട്ടു- ഇരുപതു യാത്രക്കാരുണ്ട്, ആകെ ഞങ്ങൾ ഉൾപ്പടെ. അക്കാലത്തെ ചെറിയ ഡെക്കോട്ട വിമാനം. കൊച്ചിയിലെ വിമാനത്താവളത്തിലേക്ക് ഇതാ ലാൻഡ് ചെയ്യുവാൻ വിമാനം സാവധാനം താഴ്ന്നു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ... "അമ്മച്ചീ...." എന്ന് അലറിവിളിച്ചുള്ള ഒരു സ്ത്രീയുടെ ഒരു രോദനമാണ് കേട്ടത്. നീണ്ട പത്തു വർഷങ്ങളുടെ വേർപാടിന്റെ കടുത്ത വേദനയായിരുന്നു ആ ദീനരോദനം.. യാത്രയിലുടെനീളം പഴയകാല ജീവിത ഓർമ്മകൾ മാത്രം കശക്കിയലിഞ്ഞ ഒരു മനസ്സിന്റെ പിരിമുറുക്കം സ്വയം അറിയാതെ പൊട്ടി ഒഴുകിയ ദീനരോദനമായിരുന്നു ആ "അമ്മച്ചീ വിളി". വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാർ ആരും യാതൊരു പരാതിയും പറഞ്ഞില്ല. അപ്പോൾ ആ പെൺകുട്ടിയോട് അവർ വിവേകവും സ്‌നേഹവും കാണിച്ചു." അദ്ദേഹം പറഞ്ഞു നിറുത്തി, ഒരു ദീർഘനിശ്വാസത്തിലൂടെ...അദ്ദേഹവും ആ പെൺകുട്ടിയെപ്പോലെ തന്നെ വേർപാടുകളുടെ ദുഃഖം ഉണങ്ങിയ ഇലയായിരുന്നു, കാറ്റിൽ പറക്കുന്ന കനം കുറഞ്ഞുപോയ ഉണക്കയില. തന്റെ സ്വന്തം പിതാവിന്റെ നിത്യ വേർപാടിന്റെ ഓർമ്മകൾ പോലെ.
ഇടിമിന്നലുകൾ
ജർമ്മനിയിൽ 1972-1976- കളിൽ ജർമ്മൻ ആശുപത്രികളിൽ നേഴ്‌സുമാരുടെ സാന്നിധ്യം ഏറെ വർദ്ധിച്ചുവെന്നും, എന്നാൽ മലയാളി നഴ്‌സുമാരെയെല്ലാം ഇന്ത്യക്ക് ആവശ്യമാണെന്നും പ്രചരിപ്പിച്ച വാസ്തവവിരുദ്ധമായ പ്രചാരണം ഉണ്ടായി. അനുബന്ധമായി മലയാളി നേഴ്‌സുമാരുടെ ജർമനിയിലെ ജോലി-താമസ അനുവാദം തടയുന്ന വിവിധ നീക്കങ്ങൾ പോലും ജർമ്മൻ ഔദ്യോഗി കതലങ്ങളിൽ ഉണ്ടായിരുന്നു. അന്ന് അതിന് പ്രേരകമായ ശക്തികൊടുത്ത് പ്രവർത്തിച്ച നിർദ്ദിഷ്ട കാരണങ്ങളെ ഫലപ്രദമായ നീക്കങ്ങൾ കൊണ്ട് ഉടൻ നേരിടേണ്ടി വന്നതും മലയാളിയുടെ ജർമ്മനിയിലെ ത്യാഗജീവിതത്തിലെ ഒരു ഭാഗമായി ഇപ്പോൾ നാം കാണുന്നു. പിന്നീട് വിവരിക്കുന്നതാണ്.
സമീപഭാവിയിൽത്തന്നെ ജർമ്മൻ ആശുപത്രികളും വൃദ്ധമന്ദിരങ്ങളുമെല്ലാം നേഴ്‌സിംഗ് ജോലിക്കാരുടെ കടുത്ത മാന്ദ്യം മൂലം ആരും ഉദ്ദേശിക്കാത്ത പ്രതി സന്ധി ഉണ്ടായേക്കാമെന്ന് ഈയിടെ ജർമ്മൻ പാർലമെന്റ് സമ്മേളിച്ചപ്പോൾ മുന്നറിയിപ്പ് നൽകി. അടിയന്തിരമായി തക്ക പ്രശ്ന പരിഹാരങ്ങൾ നഴ്‌സിംഗ് മേഖലയിൽ കാണുന്നതിനെപ്പറ്റി പാർലമെന്റ് കൂടിയപ്പോൾ ചില പ്രായോഗി ക തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ജർമനിയിലെ നേഴ്‌സുമാരുടെ ജോലി മെച്ചപ്പെടുത്തുവാൻ ആകർഷകരമായ വേതനവ്യവസ്ഥയും നല്കുന്നതിനോട് പാർലമെന്റ് സമ്മേളനം യോജിക്കുകയായിരുന്നു. അധികം താമസ്സിയാതെ ഏതാണ്ട് രണ്ടു ലക്ഷം നഴ്‌സുമാരുടെ കുറവ് ഉണ്ടാകുമെന്ന സൂചന ജർമ്മൻ പാർലമെന്റ് നൽകുന്നു. പൊതുജനാരോഗ്യവിഷയത്തിൽ ഒന്നാംപ്രധാന്യം നൽകുന്ന ജർമ്മനിയിൽ നഴ്‌സുമാരുടെ അമിതവർദ്ധനവ് ഉണ്ടാകുകയില്ല.
വേർപാടിന്റെ മൗനം |
ജന്മനാടായ കേരളത്തിന്റെ ഭാഗധേയം കരുപ്പിടിപ്പിക്കുന്ന തിലും ത്യാഗം ചെയ്തിട്ടുള്ള ഒരു തലമുറയാണ് ജർമ്മനിയിൽ കുടിയേറിയ മലയാളികൾ. അവർ നമ്മുടെ കേരളത്തിന്റെ അടിസ്ഥാന ജീവിത വിശ്വാസ പാരമ്പര്യവും പെരുമാറ്റച്ചട്ടവും ജർമനിയിലും പരിപാലിക്കുന്നു. 168 മണിക്കൂറുള്ള ഒരു ആഴ്ചയിൽ 40 മണിക്കൂർ ജോലിയാണ് അവർ ചെയ്തിരുന്നത്. ഇപ്പോഴാകട്ടെ ജോലിസമയങ്ങളിൽ നിയമ പരമായ മാറ്റങ്ങൾ വന്നതോടെ ആഴ്ചയിൽ 37,5 മണിക്കൂർ ശരാശരി ജോലി ചെയ്യാം. മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഒഴിവ് സമയങ്ങ ളിൽ ക്രിയാത്മകമായ പല വിവിധ കാര്യങ്ങളിലും പങ്കെടുക്കുന്നത്. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ഭാവി ജീവിതാവിഷ്ക്കരണ ത്തിനുവേണ്ടി മാത്രമാണ് മലയാളികൾ നീണ്ട കാലം മറുനാടൻ അഥവാ പ്രവാസിമലയാളികൾ എന്ന വിളിപ്പേരിൽ സ്വന്തം ജന്മനാടിനാൽത്തന്നെ ബഹിഷ്‌ക്കരിക്കപ്പെട്ടവനായിട്ടും, നമ്മുടെ സ്വന്തം നാടിനെയെന്നും ഹൃദയത്തിൽ സൂക്ഷിച്ചു മറുനാട്ടിൽ താമസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അൽപ്പം സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹ്യ ജീവിതത്തിനു ഉറപ്പ് ലഭിക്കുന്ന തുമായ ഒരു മറുനാട്ടിൽ ജീവിക്കാൻ കാരണമാകുന്നത്.
ജർമ്മനിയിലെ മലയാളികളുടെ ജീവിതം ജർമ്മൻകാരുടെ പൊതു സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും ജീവിതശൈലിയിലും താരതന്മ്യേന അവർ ഇഴുകിച്ചേർന്നുകഴിഞ്ഞിട്ടുണ്ടെന്നു ഹൃസ്വമായി പറയാൻ കഴിയും. എന്നാൽ ഒരു നിമിഷംപോലും യൂറോപ്പിന്റെ ഇടുങ്ങിയ കോണുകളുടെ ജനജീവിത സംസ്കാരത്തോടു ചേർന്ന് ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. മലയാളിയുടെ മാനുഷികബന്ധങ്ങൾ വളരെ വിരളമായേ ഉപരിതലത്തിനടിയിലേയ്ക്ക് നീ ങ്ങുന്നുള്ളൂ. നമ്മളെല്ലാം ഈ യുഗത്തിന്റെ സന്താനങ്ങളാണല്ലോ. പുതിയ തല മുറയുടെ സവിശേഷതകൾ ഉൾക്കൊണ്ടവരുമാണല്ലോ. രണ്ടാം യുവ തല മുറ കളും അവരുടെ ജീവിതകാഴ്ചപ്പാടുകളും ആ സമൂഹത്തിന്റെ നിറഞ്ഞ സാ ന്നിദ്ധ്യമായി മാറിയിരിക്കുന്നു. എന്നാൽ ജർമ്മനിയിലെ മലയാളികളുടെ രണ്ടാം തലമുറ മറ്റു മേഖലകളിൽ ഉന്നത പഠനവും വിദഗ്ദ്ധ തൊഴിൽ പരിശീ ലനവും നേടിയെടുക്കുകയാണ് ചെയ്തത്. അതിനനുകൂല ജീവിത സാഹചര്യം ഒരുക്കിയത് ഒന്നാം തലമുറയുടെ ത്യാഗജീവിതഫലം കൊണ്ട് മാത്രമാ ണല്ലോ. അവരും, അവർ ജനിച്ചുവളർന്ന സ്വന്തം വീടും മാതാപിതാക്കളും സഹോദരീ സഹോദരങ്ങളും, കേരളത്തിന്റെയും മാത്രമല്ല, ആധുനിക ജർമ്മനിയുടെയും നമ്മുടെ പൊതുവികസന ചരിത്രത്തിലെ അവിഭാജ്യ പങ്കാളികളായിരുന്നു അവർ. ഇന്ന് വർത്തമാനവുമായി ബന്ധപ്പെട്ടനിലയിൽ ഏറെക്കുറെ വൈദേശികരായി തീർന്നിട്ടുള്ള അവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളെല്ലാം ഒറ്റവാക്കിൽ എങ്ങനെ പറഞ്ഞുതീർക്കും? //-
-------------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.