Donnerstag, 13. Juli 2017

ധ്രുവദീപ്തി : Christianity // പ്രാർത്ഥനയും രോഗശാന്തിയും // Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി : Christianity //

പ്രാർത്ഥനയും രോഗശാന്തിയും //

Dr. Dr. Joseph Pandiappallil 

രോഗശാന്തിയും പ്രാർത്ഥനയും തമ്മിലുള്ള ബന്ധം എന്ത് ?

Dr. Dr. Joseph
Pandiappallil
 
ഒന്ന് മറ്റൊന്നിന്റെ ഫലമായി മനസ്സിലാക്കുന്നവർ ധാരാളമാണല്ലോ. രോഗ ശാന്തിക്കായി പ്രാർത്ഥിക്കുന്നതും ധ്യാനം കൂടുന്നതും നേർച്ച നേരുന്നതും തീർത്ഥാടനം നടത്തുന്നതും ശരിയും തെറ്റുമാകാറില്ലേ ? ഇന്ന സ്ഥലത്തു പോയി ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌താൽ മാരക രോഗം സുഖപ്പെടുന്നുവെന്ന് കരുതുന്നവരും ചില പ്രത്യേക വ്യക്തികളുടെ പ്രാർത്ഥനാശുശ്രൂഷകളിലൂടെ രോഗശാന്തി വാഗ്ദാനം ചെയ്യുന്നവരും സൗഖ്യം വലിയ കച്ചവടമാക്കി മാറുന്നുവെന്ന് കരുതുന്നവരും നമ്മുടെയിടയിൽ തന്നെയുണ്ടല്ലോ. ധ്യാനകേന്ദ്രങ്ങളും പ്രാർത്ഥനാ ഭവനങ്ങളും വേണ്ടായെന്നോ ധ്യാനപ്രാർത്ഥനാദികൾക്കും മനഃപരിവർത്തനത്തിനും പ്രേരിപ്പിക്കുന്ന വചനോപാസകർ അന്യരാണെന്നോ അല്ല വിവക്ഷ. ഇതൊക്കെ അത്യാവശ്യമാകുമാറ് നമ്മൾ യേശുവിൽ നിന്നും വിദൂരത്തിലായിരിക്കുന്നു എന്നും, സ്വാർത്ഥവും ഭൗതീകവുമായ താത്പര്യങ്ങൾ നേടാൻ മാർഗ്ഗങ്ങളായി ദൈവവചനവും ദൈവാരാധനയുംപോലും ഉപയോഗിക്കപ്പെ ടുന്നുവെന്നാണ് സാരം.

രോഗിക്കുവേണ്ടി പ്രാർത്ഥിക്കുക. സൗഖ്യമുണ്ടാകുമെന്ന വചനം വിസ്മരിക്കുന്നില്ല (യാക്കോ.5 :15). സൗഖ്യം ദൈവദാനമാണ്. എന്നാൽ ശാരീരിക രോഗവും വാർദ്ധക്യവും മരണവുമില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുവാൻ മർത്യർക്ക് അവകാശമില്ല. നമ്മുടെ ഓഹരിയും നേട്ടവും ക്രിസ്തു മാത്രം. മരണത്തിലൂടെ മരണമില്ലായ്മ പ്രാപിച്ച സാക്ഷാൽ മിശിഹാ -അവിടുന്ന് സൗഖ്യദായകനാണ്. പരമസൗഖ്യം നിത്യജീവനാണല്ലോ. എന്നാൽ താൽക്കാലിക സൗഖ്യങ്ങളും ശാരീരികാസ്വസ്ഥതകളും ദൈവം നൽകാറുണ്ട്. അവ എന്തുകൊണ്ട്, എപ്പോഴെല്ലാം, എന്തിനുവേണ്ടി എന്നിത്യാദികാര്യങ്ങൾ ചിന്തിക്കുക നല്ലതാണ്.
  
പ്രവർത്തിയിലൂടെ പ്രതിഫലിച്ച പ്രാർത്ഥന

ഈശോ ശാരീരിക സൗഖ്യമരുളുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ബൈബിളിൽ ഉണ്ട്. കുരുടൻ, ചെകിടർ, കുഷ്ഠരോഗികൾ, തളർവാതരോഗികൾ, കൂനുള്ളവർ, അപസ്മാരം ബാധിച്ചവർ, ഊമർ, മുടന്തൻ, പിശാചുബാധിതർ, പനി പിടിച്ചവർ ....രോഗശാന്തിയുടെ പട്ടിക വളരെ ദീർഘിച്ചതാണ്. എല്ലാം നാഥന്റെ ദൗത്യനിർവഹണമായിരുന്നു. ദൈവീക മഹിമയുടെ പ്രത്യക്ഷ ലക്ഷണങ്ങളായിരുന്നു രോഗശാന്തി. പിതാവിനോടുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രകാശനമായിരുന്നു അത്. പ്രവർത്തിയിലൂടെ പ്രതിഫലിച്ച പ്രാർത്ഥനയായിരുന്നു രോഗശാന്തി. അത് അവിടുത്തെ ആത്മപ്രകാശന മായിരുന്നു. അതോടൊപ്പം ചില സത്യങ്ങൾ പഠിപ്പിക്കുവാനുള്ള വേദികളും ആയിരുന്നു, രോഗശാന്തികൾ. രോഗത്തെപ്പറ്റിയും സൗഖ്യത്തെപ്പറ്റിയും ജീവിതമെന്നാൽ എന്തെന്നും സൗഖ്യദാനമുഹൂർത്തങ്ങളിൽ കർത്താവ് പഠിപ്പിച്ചു.

 യേശു തളർവാതരോഗിയെ
സുഖപ്പെടുത്തുന്നു 
ബേത്സയ്ദായിലെ രോഗശാന്തി ഒരു നിർണ്ണായക മുഹൂർത്തമായിരുന്നു (യോഹ. 5 : 1-18). മുപ്പത്തിയെട്ട് വർഷങ്ങളായി തളർവാതം പിടിപെട്ട് കിടക്കുന്ന രോഗിക്ക് സുഖപ്പെടണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സഖ്യ മാർഗ്ഗങ്ങൾ അവലംഭിക്കുവാൻ അശക്തനാണവൻ. സഹായത്തിനു ആരുമില്ലതാനും. ഈശോ അരുളി," നിന്റെ കിടക്കയുമെടുത്തു നടക്കുക"(യോഹ. 5:8) അതോടെ അവനു സൗഖ്യമായി. അവൻ വീട്ടിലേയ്ക്ക് പോയി. പിന്നീട് ദേവാലയത്തിൽ വച്ച് ഈശോ അവനെ കണ്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "ഇതാ നീ സുഖം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായാതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്" (യോഹ :5:14). തളർവാതരോഗിയായി എഴുന്നേൽ ക്കാനാവാതെ കിടന്നതിലും മോശമായത് ഇനി പാപം ചെയ്‌താൽ സംഭവിക്കും എന്ന് ഈശോ താക്കീതു നൽകുകയാണ്. അതായത് മാരകവും ദുരിതപൂർണ്ണവുമായ ശാരീരിക രോഗത്തിനും അസ്വസ്ഥതയ്ക്കും പാപം കാരണമാകുമെന്ന്.

രോഗശാന്തി പാപമോചന അടയാളമാണ്. 

മറ്റൊരു സൗഖ്യദാനം കഫർണാമിലെ വീട്ടിലാണ് സംഭവിക്കുന്നത്.(മത്തായി : 9:1-12). ഈശോ വീട്ടിലുണ്ടെന്നു നാട്ടിൽ അറിവായി. അതോടെ അവിടേക്ക് ജനപ്രവാഹവും ആരംഭിച്ചു. രോഗിയെ അകത്തെത്തിക്കുവാൻ മാർഗ്ഗമില്ലാ തെ ഏതാനുംപേർ രോഗിയെ എടുത്തു മേൽക്കൂര പൊളിച്ചു യേശുവിനു മുന്നിലെത്തിച്ചു. തളർവാതരോഗിയോട്‌ ഈശോ പറഞ്ഞു" മകനെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു". പലർക്കും അതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലായില്ല. അതുകൊണ്ടു അവിടുന്ന് വ്യക്തമാക്കി," ഭൂമിയിൽ മനുഷ്യപുത്രനു പാപം മോചിക്കുവാൻ അധികാരമുണ്ടെന്ന് അറിയേണ്ടതിനു ഞാൻ നിന്നോട് പറയുന്നു,"എഴുന്നേറ്റു നിന്റെ കിടക്കയു മെടുത്തു വീട്ടിലേയ്ക്ക് നടക്കുക"(മത്തായി : 9:7). ആദ്യത്തെ സംഭവത്തിൽ സൗഖ്യം നൽകിയിട്ട് 'പാപം ചെയ്യരുതെന്ന്' ഈശോ കൽപ്പിച്ചു. ഈ സംഭവത്തിൽ പാപമോചനമരുളിയിട്ട് പാപമോചന അടയാളമായി രോഗശാന്തി നൽകുകയാണ് ചെയ്തത്.

ഒരു മാജിക്ക്പോലെ രോഗശാന്തിയെ നോക്കിക്കാണാനുള്ള പ്രവണത ഉപേക്ഷിക്കണം. പാപമോചനമുണ്ടായാൽ രോഗശാന്തിയുണ്ടാകും. പല ധ്യാനവേളകളിലും രോഗശാന്തി മാനസാന്തരഫലമാണ്. ചിലപ്പോൾ മനുഷ്യനെ മാനസാന്തരത്തിലേക്കു നയിക്കാൻ ദൈവം സൗഖ്യമേകി യെന്നും വരാം. ദൈവത്തിലേക്ക് തിരിയുവാനും അനുതപിച്ചു അനുരജ്ഞന പ്പെടുവാനുമാണ് നാഥൻ ആവശ്യപ്പെടുന്നത്. അതിനവസരം എല്ലായിടത്തും ഉണ്ടല്ലോ. പാപമോചനകൂദാശയായ കുമ്പസാരവും പാപമോചനബലിയായ വി. കുർബാനയുമാണ് ഏറ്റവും മഹത്തായ രോഗശാന്തി ശശ്രൂഷ. അതിന്പ്പുറമുള്ള രോഗശാന്തി ശശ്രൂഷകളെല്ലാം ഇതിന്റെ നിഴലുകൾ മാത്രമാണ്. എല്ലാ ദിവസവും കാണുന്ന സ്വന്തം ദേവാലയത്തിലെ കുർബാനയിലും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാവുന്ന കുമ്പസാരത്തിലും സൗഖ്യദായകാനുഭവമില്ലാത്തവർ നമ്മുടെ വിശ്വാസ രാഹിത്യം മൂലമത്രെ. എന്നിട്ടും ദൈവം രോഗശാന്തി നൽകുന്നത് ദൈവ കാരുണ്യത്തിന്റെ വലുപ്പവും നമ്മുടെ അയോഗ്യതയുടെ ആഴവും വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ടവയിൽനിന്നും അകന്നു അപ്രധാനമായവയിൽ വിലയം കൊള്ളുന്ന പ്രവണത തകർത്തെ പറ്റൂ. അപ്രധാനമായവ പ്രധാനമായവയിലേ യ്ക്ക് നമ്മെ നയിക്കണം. ദിവ്യകാരുണ്യത്തിന്റെ സൗഖ്യദായകാനുഭവം നമ്മിൽ അനുദിനം നിറയണം. അപ്പോൾ എല്ലായിടവും ദൈവസാന്നിദ്ധ്യ വേദിയാണെന്ന് നമുക്ക് ബോദ്ധ്യമാകും.

 നാഥന്റെ മുമ്പിൽ 
അതായത് രോഗശാന്തി പാപമോചന അടയാളമാണ്. മാനസാന്തരപ്പെടലി ന്റെയും ദൈവത്തിലേക്ക് തിരിഞ്ഞ തിന്റെയും ദൈവം പാപങ്ങൾ ക്ഷമിച്ചതിന്റെയും പ്രതിഫലനവും പ്രത്യക്ഷമായ അടയാളങ്ങളുമാണ് രോഗശാന്തി. ഞാൻ സുഖം പ്രാപിച്ചു. എനിക്ക് ധ്യാനം കൂടുകവഴി രോഗ ശാന്തി കിട്ടി എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിച്ചു വെന്നും ദൈവത്തിനു പ്രിയപ്പെട്ടവനാ യി മാറിയെന്നും വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരുണ്ട്. ശരിതന്നെ. ഒപ്പം മറന്നുകൂടാത്ത മറ്റൊരു വസ്തുത കൂടിയുണ്ട്. ഞാൻ പാപിയായിരുന്നു, ദൈവം എന്റെ പാപം ക്ഷമിച്ചുവെന്ന അവബോധം എനിക്ക് രോഗശാന്തി കിട്ടി എന്ന് പറഞ്ഞു അഭിമാനിക്കുന്നതിലും സത്യസന്ധതയുള്ളത് എനിക്ക് പാപമോചന അനുഭവം ഉണ്ടായി എന്ന അവബോധമാണ്. ഞാൻ പാപിയായിരുന്നുവെന്നും എനിക്ക് പാപമോചനം ഉണ്ടായിയെന്നുള്ള അവബോധവും അതേറ്റു പറയാനുള്ള സന്നദ്ധതയും ശ്രേഷ്ഠമാണ്. അതില്ലാതെ രോഗശാന്തി രോഗ ശാന്തി കിട്ടിയെന്നു പറയുമ്പോൾ ഭൗതികത നിറഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാകുന്നത്. രോഗശാന്തിയും പാപമോചനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും തേടുന്നവരാണ് നമ്മൾ. ഇത് രണ്ടും നമുക്ക് നൽകാൻ കഴിവുള്ള നാഥന്റെ മുമ്പിലാണ് നാം ആശ്രിതരായി നിലകൊള്ളുന്നത്. നാഥന്റെ വിളി കേൾക്കാൻ നമുക്ക് കാതോർക്കാം.

എനിക്ക് സൗഖ്യം കിട്ടി എന്ന വെളിപ്പെടുത്തലിന് പകരം ഞാൻ മാനസ്സാന്തര പ്പെട്ടു എന്ന് പറഞ്ഞാലും വളരെ ശരിതന്നെ. ദൈവം സൗഖ്യം തന്നുവെന്ന് പറയുമ്പോൾ ദൈവമാണ് കാർമ്മികൻ. എന്നാൽ ആദ്യം ഭവിക്കേണ്ടത് മാനസാന്തരമാണ്. അതുകൊണ്ടു ഞാൻ മാനസാന്തരപ്പെട്ടു, അതുവഴി എനിക്കും സൗഖ്യാനുഭവം ഉണ്ടായി എന്ന് പറഞ്ഞാൽ അതൊരു വെളിപ്പെടു ത്തലാകും. അതിൽ ആത്മാർത്ഥതയുണ്ടുതാനും. //-
-------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.