Freitag, 28. Juli 2017

ധ്രുവദീപ്തി: ജർമൻ ഡയറി- // കേരളവും ജർമനിയും തമ്മിലുള്ള അകലം കുറഞ്ഞുതുടങ്ങി.// George Kuttikattu

ധ്രുവദീപ്തി: ജർമൻ ഡയറി-  
കേരളവും ജർമനിയും 
തമ്മിലുള്ള 
അകലം കുറഞ്ഞുതുടങ്ങി.

George Kuttikattu


ജീവിതത്തിന്റെ നടുമുറ്റത്തെത്തിയ ഓരോരോ കനത്ത വെല്ലുവിളികളെ  നേരിടുവാൻ തന്നെ ഉറച്ചു ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ കൊച്ചു കേരളത്തിലെ ഒരുവിഭാഗം യുവതീയുവാക്കളുടെ സ്വപ്‍ന സാക്ഷാത്ക്കരണമായിരുന്നു അവർ ജർമ്മനിയിൽ വന്നു കഴിഞ്ഞു സ്വയം നേടിയെടുത്തത്. 1960-1962 കാലഘട്ടങ്ങൾ മുതൽ ജർമ്മനിയിലെത്തിയ മലയാളികൾ അവരവരുടെ ഭാവിജീവിത പദ്ധതികൾ ആവിഷ്‌ക്കരിക്കുവാൻ തക്കവിധം അവർ സ്വയം അവരവരുടെ വഴികളിൽ ആത്മവീര്യം ഉള്ളവരായിക്കൊണ്ടിരുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ, വൈദികപഠനസെമിനാരികളിൽ, വിവിധ സ്ഥലത്തെ മഠങ്ങളിൽ, മറ്റു ഉപരിപഠനത്തിനുള്ള മാർഗ്ഗങ്ങളിൽ, പൊതുജനാരോഗ്യ മേഖലയിൽ, എല്ലാം സ്വന്തം ഐഡന്റിറ്റി കാണിക്കുവാനുള്ള തുടക്കത്തെ  കുറിക്കുമ്പോഴും, ഇന്ത്യയുടെ പൈതൃകത്തിൽ ഉറച്ചിട്ടുള്ള സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും വിശ്വാസ ജീവിതപാരമ്പര്യത്തിൽനിന്നും വളരെയകലത്തിലും വ്യത്യസ്തമായതുമായ യൂറോപ്യൻ ജീവിത ശൈലിയുടെ ഓരോ ഭാഗമായിത്തീരുകയായിരുന്നു. മുൻലക്കത്തിൽ മലയാളികൾക്ക് പുതിയ ജീവിത സാഹചര്യത്തിലുണ്ടായിട്ടുള്ള ഓരോരോ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ത രീതിയിലുണ്ടായിട്ടുള്ള ആത്മസംഘർഷങ്ങളെയൊക്കെയും, അവയെയെല്ലാം മറികടന്നുകൊണ്ട് അവരവരുടെ വ്യക്തിജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് എപ്രകാരം അവരെല്ലാം കടന്നു കയറിയതെന്നും മറ്റുമുള്ള കാര്യങ്ങളുമാണ് ഞാൻ എഴുതിയത്.


ആധുനിക ഇന്ത്യയിലെ ജനങ്ങൾ ജർമ്മനിയുമായി രാഷ്ട്രീയ- സാംസ്കാരിക തലങ്ങളിൽ കൂടുതലായി ബന്ധപ്പെട്ടുതുടങ്ങിയത് രണ്ടാം ലോകമഹായുദ്ധ ശേഷമാണെന്നു സ്ഥൂലരൂപത്തിൽ വേണമെങ്കിൽ പറയാം. അതിനുമുമ്പ് യൂറോപ്പുമായി പലവിധത്തി ൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും എന്ന് നമുക്കറിയാം. 1950 കൾ മുതലുള്ള കാലഘട്ടം കുറേക്കൂടി അടുത്ത ബന്ധങ്ങൾക്ക് വഴികൾ തുറന്നു. അതിനൊരു ഉദാഹരണം, 1955- ൽ ജർമ്മനിയിലെ വിവിധ സർവ്വകലാശാലാതലത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യുറ്റുകൾ സ്ഥാപിച്ചു. 1962- ൽ ഹൈഡൽബർഗ്ഗ് സർവ്വകലാശാലയിൽ അതിന്റെ പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു വലിയ വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയും ജർമനിയും തമ്മിലുള്ള വിദ്യാഭ്യാസ സാംസ്കാരിക ഗവേഷണ കാര്യങ്ങളിൽ പഠനം നടത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഇന്ത്യയും ജർമ്മനിയും എല്ലാ വികസനരംഗത്തും സാവധാനം പരസ്പരം പങ്കാളികളായി. 

പശ്ചിമ ജർമ്മനിയുടെ എല്ലാഭാഗങ്ങളിലും, വടക്ക് സ്ളേസ്‌വിഗ്ഹോൾസ്റ്റയിൻ മുതൽ തെക്ക് - പടിഞ്ഞാറായി ബാഡൻ വ്യൂർട്ടംബർഗ്ഗ് വരെയും കിഴക്ക് ബവേറിയ മുതൽ പടിഞ്ഞാറ് നോർഡ് റൈൻ വെസ്റ്റ്ഫാളൻ വരെയും പശ്ചിമ ജർമ്മനിയുടെ എല്ലാ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വന്നെത്തിയ മലയാളികൾ പഠനവും പരിശീലനവും തുടങ്ങി. 1960 കാലഘട്ടം മുതൽ പല ഗ്രൂപ്പുകളായി വന്നെത്തിക്കൊണ്ടിരുന്നവരാണ് ഈ പ്രദേശങ്ങളിലേക്ക് ചെന്ന് താമസവും പഠനവും നടത്തിയിരുന്നത്. ബവേറിയയിലെ മ്യൂണിച്ച് നഗരം മ്യൂൺസ്റ്റർ, ഹെസ്സൻ സംസ്ഥാനത്തിലെ പ്രധാന നഗരമായ ഫ്രാങ്ക്ഫർട്ട്, മൈൻസ്, ബാഡൻവ്യൂർട്ടംബർഗ്ഗിലെ സ്റ്റുഡ് ഗാർട്ട്, ഹൈഡൽബർഗ്ഗ്, കാൾസ് റൂഹെ, ഫ്രെയ്‌ബുർഗ്ഗ്, ഹാംബുർഗ്, കൊളോൺ, ഡ്യുസൽഡോർഫ്, ബർലിൻ എന്നിങ്ങനെ നിരവധിയേറെ നഗരങ്ങളിലേയ്ക്കും മലയാളികൾ ക്രമേണ ജോലിക്കായും പഠനത്തിനായും വന്നെത്തിക്കൊണ്ടിരുന്നു. 1970 കളുടെ തുടക്കത്തിൽ എത്തിയപ്പോഴേയ്ക്കും ജർമ്മനിയിൽ ഒട്ടാകെ ഏതാണ്ട് 2500- ലേറെ യുവതീയുവാക്കൾ വന്നെത്തിയിരുന്നു. അവരിൽത്തന്നെ ജോലിക്കു  വന്ന നഴ്‌സുമാരും, നഴ്‌സിംഗിന് പഠിക്കാനെത്തിയവരും, വൈദികരും, കന്യാസ്ത്രികളും ഉണ്ടായിരുന്നു. അവരെല്ലാം അവരുടേതായ മേഖലകളിൽ സ്വന്തം നിലനിൽപ്പിന്റെ ഉറപ്പുള്ള ഉടമസ്ഥത കൈവരിച്ചു തുടങ്ങി.

ജർമ്മനിയിലെ മലയാളികളുടെ ആദ്യകാല ചരിത്രത്തെ സ്വന്തം വ്യക്തി പുകഴ്ചയ്ക്ക് വേണ്ടി യാഥാർത്ഥ ചരിത്രത്തെ വികലമാക്കി ചിത്രീകരിക്കുന്ന ചിലരുണ്ട്. കൊളോണിലും പരിസരത്തും കേരളത്തിലും ജീവിക്കുന്ന ചിലർ എക്കാലത്തുമുള്ളതുപോലെ ചില സ്വന്തം ഓൺലൈൻ മാദ്ധ്യമങ്ങളുടെയും സഹായത്തിൽ നടത്തുന്ന വാസ്തവവിരുദ്ധ പ്രചാരണം ഈയിടെ പലപ്പോഴും നിരീക്ഷിക്കുകയുണ്ടായി. 1976- കളിൽ ജർമ്മനിയിലെ മലയാളിസമൂഹത്തെ  മുഴുവൻ ചില ക്രിസ്ത്യൻ ഏജൻസികളുമായി കുറെ വർഷങ്ങൾ ബന്ധപ്പെട്ടു ജർമൻസർക്കാരിൽ ഗൂഡ സമ്മർദ്ദം ചെലുത്തിക്കൊണ്ട് കേരളത്തിലേയ്ക്ക് തിരിച്ചയക്കാനുള്ള നിഗൂഡ പദ്ധതികൾക്ക് ശ്രമിച്ചവർ തന്നെയാണ്, ഇന്നും കള്ളപ്പണവും പ്രസിദ്ധിയും സമ്പാദിക്കുവാൻ അന്നത്തെപോലെ ഇപ്പോഴും ആക്ടീവായത്. ഇപ്പോൾ നഴ്‌സുമാരുടെ പഴയകാല ചരിത്രം ഡോക്കുമെന്റ്ററി (ബ്രൗൺ മാലാഖമാർ) ഫിലിമുകൾ എന്ന പേരിൽ ഉണ്ടാക്കി നിരത്തി വിളമ്പി നടക്കുന്നവർ സ്വന്തം പോക്കറ്റിൽ നിറയെ പണമുണ്ടാക്കാൻ ജർമനിയിലെ മലയാളികളുടെ പൂർവ്വകാലചരിത്രത്തെ വ്യഭിചാരം നടത്തുകയാണ്. ഇതിനു കേരളത്തിലും ജർമനിയിലുമുള്ള ഏതിനും കൂടെനിൽക്കുന്നവരുടെ വമ്പൻ പിന്തുണയിലും തിരക്കഥയിലും വേരുറപ്പിച്ചു പ്രവർത്തനം നടത്തുകയാണ്. ജർമ്മൻ മലയാളികളുടെ ആദ്യകാല വരവിനെക്കുറിച്ചുള്ള തിരക്കഥ ചമച്ചു ഉണ്ടാക്കിയവർ ആരുമാകട്ടെ, യാഥാർഥ്യതയുടെ കഴിഞ്ഞകാലങ്ങളുടെ ഒരു സത്യചരിത്രത്തെയല്ല പകർത്തിയത്. ഇവരാകട്ടെ ഇത്തരം ജർമ്മനിയിലെ അധോലോകവ്യാപാരികൾ നൽകിയിരുന്ന ഓദാര്യംപറ്റി പശ്ചിമ ജർമ്മനി കണ്ടുപോയവരാണ്. ജർമ്മനിയിൽ വന്നു ജോലിചെയ്യുന്നവരായ മലയാളി പെൺകുട്ടികളെ "തവിട്ടുനിറം" പൂശി മാലാഖാമാരാക്കി പുറലോകത്തിനു കാഴ്ചവച്ച ഇരുളിന്റെ കറപ്പുള്ള കോളിവുഡുകളുടെ പിന്നാമ്പുറ തനിനിറം വഞ്ചനയുടേതാണ്.  

1970 കളുടെ ആരംഭത്തോടെ വികസനത്തിന്റെ പാതയിലെ ജർമ്മനിയിൽ  യുദ്ധാനന്തര യുവതലമുറകളുടെ ചലനങ്ങൾ വിവിധ മേഖലകളിലേയ്ക്ക്  പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അത്, രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ യുവജനങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പൊതുശ്രദ്ധയെ ആകർഷിക്കുന്നവിധത്തിൽ കണ്ടുതുടങ്ങിയിരുന്നതായിരുന്നു. യുദ്ധാനന്തര ജർമ്മനിയിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ സംഘടനകളും ഗ്രൂപ്പുകളും രൂപീകരിക്കപ്പെട്ടു. 1960 കളിൽ അമേരിക്കയിലും യൂറോപ്പിലും പ്രത്യേകിച്ച് ജർമ്മനിയിലും യുവജനങ്ങളുടെ സാംസ്കാരിക മുന്നേറ്റമായിരുന്ന ഹിപ്പി യുഗത്തിന്റെ അവസാനവും നവയുഗത്തിന്റെ തുടർച്ചയുമായിരുന്നു ജർമനിയിലെ പുതിയ കലാശാലാ വിദ്യാർത്ഥികളുടെയിടയിൽ തുടങ്ങി വച്ച സംഘടനാ പ്രസ്ഥാനങ്ങൾ. ഈ വഴികളിൽ അവർ പുതിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ ചിന്തിച്ചുതുടങ്ങി. ജർമ്മനിയിൽ അക്കാലത്തും കലാശാലകളിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു. ഏഷ്യയിൽനിന്നുള്ളവർ, ആഫ്രിക്ക, അമേരിക്ക, എന്നിങ്ങനെ ലോകരാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ സംസ്കാരവും മറ്റു ജീവിതശൈലിയും ഉൾക്കൊണ്ടു ജീവിക്കുമ്പോഴും ആതിഥേയ രാജ്യത്തിനു അനുസൃതമായ കീഴ്വഴക്കങ്ങൾ അംഗീകരിച്ചും ബഹുമാനിച്ചുമാണ് അന്ന് സമൂഹത്തിൽ അവർ ജീവിച്ചത്.

47 രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തപ്പെട്ട ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു വളർന്നവരായ വിദ്യാർത്ഥിനി-വിദ്യാർത്ഥികൾ ആധുനികതയുടെ കടുത്ത ഒഴുക്കിൽപ്പെടാതെ ജീവിക്കാൻ വേണ്ടി ഒരുമിക്കാനുള്ള സാഹചര്യം അവർ ഒരുക്കി. യൂറോപ്യൻ വിദ്യാർത്ഥി സമൂഹത്തിൽ അവരുടെ ജീവിതം എളുപ്പം ഇന്റഗ്രേറ്റ് ചെയ്യപ്പെടണം, അതിനുള്ള സഹായകമായ സഹായപദ്ധതികൾ ഉണ്ടാക്കാൻ കത്തോലിക്കാസഭയുടെ മേൽനോട്ടത്തിൽ ആഫ്രോ-ഏഷ്യൻ സ്റ്റുഡൻസ് ഗെമൈൻഷാഫ്റ് (AASG ) തന്നെ പ്രവർത്തനമാരംഭിച്ചു. ഈ രാജ്യങ്ങളിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പുകൾ നൽകി അവരുടെ വിദ്യാഭ്യാസം സാധിക്കുകയെന്ന ഉത്തമ ലക്ഷ്യമായിരുന്നു ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ 2016 മുതൽ മേൽപ്പറഞ്ഞ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തലാക്കി.

AASG യുടെ അക്കാലത്തെ നേതൃനിരയിൽ സജ്ജീവമായി പ്രവർത്തിച്ച പ്രവർത്തകരായിരുന്നവർ മലയാളി വിദ്യാർത്ഥികളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. 1971- മുതൽ 1977- വരെ AASG യുടെ അന്തർദ്ദേശീയ വിഭാഗം പ്രസിഡണ്ടായിരുന്നവർ മ്യൂണിച്ച് സർവ്വകലാശാലയിലെ മലയാളികളായ വിദ്യാർത്ഥികൾ ആയിരുന്നു. ഡോ. മാത്യു മണ്ഡപത്തിൽ (1971-1973, (Rtd. Ausländerreferent des Diozesanbildungswerkes Münster.), 1973 മുതൽ 1975 വരെ ഡോ. സെബാസ്ട്യൻ മുണ്ടിയാനപ്പുറത്ത്, 1975- മുതൽ 1977- വരെ ഡോ. ജോർജ് തയ്യിൽ, എന്നിവരായിരുന്നു AASG യുടെ (ആഫ്രോ- ഏഷ്യൻ സ്റ്റുഡൻസ് സമൂഹത്തിന്റെ) പ്രസിഡണ്ടുമാരായി വിലപ്പെട്ട സേവനം നല്കിയവരെന്ന് നമുക്ക് തീർച്ചയായും അഭിമാനപൂർവ്വം സ്മരിക്കാം. ഇത് മലയാളികളുടെ ജർമ്മൻ ജീവിതചരിത്ര സംഭവങ്ങളിൽ ചേർന്ന് കിടക്കുന്നു. അക്കാലത്തെ ഓവർസീസ് സ്റ്റുഡൻസ് സംഘടനയും (OSCO), ജർമനിയിലെ AASG ഒരുമിച്ചു സഹകരിച്ചുള്ള ഇവരുടെ പ്രവർത്തനം അന്നത്തെ വിദ്യാർത്ഥിസമൂഹത്തിൽ 1968- ൽ രൂപീകരിക്കപ്പെട്ട ROTE ARMY FRAKTION വിപ്ലവ ഗ്രൂപ്പുകളുമായി അകന്നു നിന്ന് പ്രവർത്തിക്കാൻ വളരെയധികം  സഹായിച്ചു. ഇപ്രകാരമുള്ള മാനുഷികമൂല്യങ്ങൾ  നിറഞ്ഞപ്രവർത്തനത്തിന് സഹായികളായിരുന്നവർ  ഹോളണ്ടുകാരനായിരുന്ന കത്തോലിക്കാ വൈദികൻ ഫാ. ഹാസ്, ( REV. FR. HASS +), സ്റ്റുഡന്റസ് ആത്മീയ ഉപദേശകനായിരുന്ന LATE REV. FR. GERHARDS, തുടങ്ങിയവർ ആയിരുന്നു. അന്ന് കത്തോലിക്കാ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു ഏറെ സഹായികളായിരുന്നു എന്ന് പറയാതെ പോകുന്നത് യഥാർത്ഥ ചരിത്രത്തെ വിസ്മരിക്കുന്നത് തന്നെയാണ്.

 Kardinal Julius August Döpfner
ഇവരുടെ ആത്മാർത്ഥമായിട്ടുള്ള സഹകരണം കൊണ്ടു മാത്രമാണ്, 1972- ഓഗസ്റ്റിൽ മ്യുണിച്ചിൽ വച്ച് (മ്യുൻഷൻ ഷ്വാബിംഗ്) അന്തർദ്ദേശീയ ശ്രദ്ധയെ  ആകർഷിച്ച മഹാജൂബിലി ആഘോഷം നടന്നത്. 1900 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ തോമസ് അപ്പസ്തോലൻ കേരളത്തിലെത്തിയതിന്റെ സ്മര ണ ജൂബിലിയാഘോഷം മൂന്നു ദിവസങ്ങളിലായി അത്യധികം ആഘോഷമായി മ്യൂണിക്ക് നഗരത്തിൽ ആചരിക്കപ്പെട്ടത്, അന്തരിച്ച ഫാ. ഡാമിയൻ CMI, ഡോ. മാത്യു മണ്ഡപത്തിൽ, ശ്രീമാൻ ജോസഫ് ചക്കാലക്കൽ തുടങ്ങിയ മലയാളികളുടെ നേതൃത്വത്തിലും, അവരുടെ ക്രിയാത്മകവും നിസ്വാർത്ഥവുമായ കഠിന പ്രയഗ്നത്തിന്റെയും മഹത് ഫലമായിരുന്നു. ആ ജൂബിലി മഹാസമ്മേളനം ഒരു ചരിത്ര യാഥാർത്ഥ്യമാണ്. ജൂബിലിയാഘോഷത്തോടനുബന്ധിച്ച ചടങ്ങിൽ കാണികളുടെ ഹൃദയം കവർന്നിരുന്ന മാർത്തോമ്മാ ചരിതം നാടകത്തിനു തിരക്കഥ  എഴുതി അന്ന് സ്റ്റേജിൽ അവതരിപ്പിച്ചതും സംവിധാനം ചെയ്തതും ജേർണലിസ്റ്റ് ആയിരുന്ന ഡോ. തോമസ് വടക്കേക്കരയായിരുന്നു.     അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച സെന്റ് തോമസ് ജൂബിലി (1900 വർഷം) മൂന്നു ദിവസങ്ങളിലായി അത്യധികം ആഘോഷമായി ആചരിക്കപ്പെട്ടത് ജർമ്മനിയിൽ കുടിയേറിയ മലയാളി ജീവിതത്തിന്റെയും ചരിത്രമായി.

 കർദ്ദിനാൾ ഫ്രാൻസ് ക്യോനിഗ്,
AASG പ്രസിഡന്റ്
ഡോ. മാത്യു മണ്ഡപത്തിൽ. 1972 ലെ 

മാർത്തോമാശ്ലീഹാ ജൂബിലി 
ആഘോഷവേളയിൽ .
ജർമ്മനിയിൽ വസിക്കുന്ന 1500 ലേറെ മലയാളികൾ ജർമനിയുടെ വിവിധ നഗരങ്ങളിൽ നിന്ന് വന്ന്  പങ്കെടുത്ത മഹാ ജൂബിലിയാഘോ ഷം ജർമൻ മലയാളികളുടെ ചരിത്ര ത്തിലാകട്ടെ അതിനു മുമ്പും ശേഷ വും വേറെ ഉണ്ടായിട്ടില്ല. അനേകം ജർമൻകാരുടെയും അതുപോലെ ജർമ്മനിയിലെ മലയാളികളുടെയും സാന്നിദ്ധ്യത്തിൽ ഒരപൂർവ്വ ചരിത്ര സംഭവമായി മാറിയ മാർത്തോമ്മാ മഹാജൂബിലിയാഘോഷ പരിപാടി കൾ ഉത്‌ഘാടനം ചെയ്തത് അന്നത്തെ മ്യൂണിക്കിലെ കർദ്ദിനാൾ JULIUS AUGUST DÖPFNER +, ആയിരുന്നു. അന്നു നടന്ന സമ്മളനത്തിലെ മുഖ്യാതിഥി വത്തിക്കാൻ സൂനഹദോസിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന വിയന്നയിലെ ആർച്ച്ബിഷപ്പും കർദ്ദിനാളുമായിരുന്ന ഫ്രാൻസ് ക്യോനിഗ് (FRANZ KARDINAL KÖNIG +3. August 1905 in Warth bei Rabenstein; † 13. March 2004 in Wien, was from 1956  to 1985 Archbishop of Vienna, Austriaആയിരുന്നുവെന്നത് തന്നെ അന്നത്തെ മഹാ സമ്മേളനത്തിന്റെ പ്രത്യേകതയും അതിപ്രാധാന്യവും നമ്മെ എന്നുമെന്നും അഭിമാനപുരസ്സരം  ഓർമ്മിപ്പിക്കുന്നു. അങ്ങനെ കുറഞ്ഞൊരു നാളിൽത്തന്നെ നമ്മുടെ മലയാളി സാന്നിദ്ധ്യം ജർമ്മൻ സമൂഹത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കേരളം ജർമ്മനിയിൽ വളരെ വേഗം വളർന്നുകൊണ്ടിരുന്നു. അങ്ങനെ മാതൃകേരളവും ജർമനിയും തമ്മിലുള്ള അകലം കുറഞ്ഞുതുടങ്ങി.

കേരളത്തിൽനിന്നും ജർമ്മനിയിൽ വന്നെത്തിയ പെൺകുട്ടികളുടെ തനത് ആവശ്യങ്ങൾ ധൈര്യമായി പ്രഖ്യാപിക്കാനും അവരുടെ ഭാവിയുടെ സ്ഥിതി മെച്ചപ്പെടുത്താനും ജർമ്മനിയിലെ അവരുടെ സ്പോണ്സർമാരുടെ സമക്ഷം ലഭിച്ച അവസരങ്ങൾ ഉപയോഗിച്ചു. അന്ന് എതിരഭിപ്രായമുള്ള ജർമ്മൻകാർ ആരുമുണ്ടായിരുന്നില്ല. 1960 കൾ  മുതൽ പലഘട്ടങ്ങളിലായി ജർമ്മനിയിൽ എത്തിയ മലയാളി ഗ്രൂപ്പുകൾ വിവിധ സ്ഥലങ്ങളിൽ നഴ്‌സിംഗ് പഠനവും മറ്റുചിലർ നേരിട്ട് ജോലിയിലും പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ചവർക്ക്  ഇന്ത്യയിൽ  നഴ്‌സിംഗ് പഠനം കഴിഞ്ഞു വിവിധ സംസ്ഥാനങ്ങളിൽ ജോലി പരിചയമുള്ളവർ ആയിരുന്നു. ജർമനിയിലെ വിദേശ വംശജരായിരുന്ന മറ്റ് ജോലിക്കാരുടെയിടയിൽ പ്രിയപ്പെട്ട മലയാളികൾ ന്യുനപക്ഷമായിരുന്നു.

1970 കളുടെ തുടക്കമായപ്പോൾ മലയാളികളുടെ എണ്ണം പശ്ചിമ ജർമനിയിൽ  ആശുപത്രികളിൽ വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ 1960- നും 1970- നും ഇടക്ക് വിവിധ പശ്ചിമ ജർമ്മൻ ആശുപത്രികളിൽ നികത്താനാവാത്തവിധം  വർദ്ധിച്ചുവന്നിരുന്ന നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെയെല്ലാം പ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയുണ്ടായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. പ്രശനം എളുപ്പം മറികടക്കുന്നതിനായി ആശുപത്രികളുടെ  ഡയറക്ടർമാർ നഴ്‌സുമാരെ തേടി മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയി. അവർ കേരളത്തിലും നഴ്‌സുമാരുടെ ആവശ്യം അറിയിച്ചുവെന്നാണ് ഒരു ചരിത്രവസ്തുത. അങ്ങനെ മലയാളികളായ നഴ്‌സുമാരും, നഴ്‌സിംഗ് പഠിച്ചു ജോലിചെയ്യുവാനും തങ്ങളുടെ ഭാവിജീവിതം മെച്ചപ്പെടുത്തുവാനും അന്ന് കേരളത്തിലെ  പെൺകുട്ടികൾ തീരുമാനിച്ചു. അവർ എത്തിച്ചേർന്നു. അതു പക്ഷേ, ആദ്യമേ അവർ ആഗഹിച്ചതുപോലെ നഴ്‌സിംഗ് പഠനം ഉടനെതന്നെ  നടന്നില്ല. ആശുപത്രികളിൽ ആ പെൺകുട്ടികളുടെ ആത്മാവിൽതട്ടി മുറിവ് പറ്റുന്ന അധമ ജോലികൾ ചെയ്തുകൊടുക്കുന്നത് നഴ്സിങ് പഠനത്തിനുള്ള ആദ്യ യോഗ്യതയായി ആശുപത്രി അധികാരികൾ കണ്ടു. ആശുപത്രികളിലാകട്ടെ  തൂപ്പ്‌ജോലി തുടങ്ങി പലതും ചെയ്തുള്ള പരിചയം നഴ്‌സിംഗിന് ഒരു മുൻകൂർ  പരിചയമായി അവർ കണ്ടിരുന്നു. അങ്ങനെ നിരവധിയേറെ പെൺകുട്ടികൾ ആ വിഷമഘട്ടങ്ങൾ തരണം ചെയ്തു. നഴ്‌സുമാരായി പരിശീലനം കഴിഞ്ഞ മലയാളി പെൺകുട്ടികൾ ആശുപത്രികളിൽ ജോലിയാരംഭിച്ചു.

കേരളത്തിൽനിന്നെത്തിയ പെൺകുട്ടികൾക്ക് ജർമനിയിലെ നഴ്‌സിംഗ് സ്ഥാപനങ്ങളിൽ പഠനവും ജോലിയും ചെയ്യുന്നതു സംബന്ധിച്ച യാതൊരു വിധ ഔദ്യോഗിക തൊഴിൽകരാർ ഇന്ത്യയും ജർമ്മനിയും തമ്മിൽ അന്നും ശേഷവും ഉണ്ടാക്കിയിരുന്നില്ല. ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകൂട്ടികളുടെ കാര്യത്തിൽ അന്ന് കേരള സഭാടിസ്ഥാനത്തിലുള്ള പരസ്പര ധാരണ മാത്രമായിരുന്നു, ജോലിയുടെയും പഠനത്തിന്റെയും ഭാവി നിശ്ചയിക്കപ്പെട്ടത്. നഴ്‌സുമാരുടെ സേവനത്തെ  ആവശ്യപ്പെട്ടുള്ള ജർമൻ ആശുപത്രികളുടെ ആഹ്വാനത്തെ കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ മേധാവികൾ അതിനോട് സഹകരിക്കാൻ തയ്യാറായിവന്നു. ഇത്തരമൊരു തൊഴിലവസരങ്ങൾ ലഭിക്കുകയെന്നത് തന്നെ നമ്മുടെ കേരളത്തിലെ ന്യുനപക്ഷ ക്രിസ്ത്യൻ കുടുംബങ്ങളിൽ അതിപ്രാധാന്യത്തോടെയാണ് ആ വാർത്ത സ്വീകരിച്ചത്. 1970 കളുടെ ആരംഭത്തിൽ നിരവധി നഴ്‌സുമാരെ ജർമൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ നേരിട്ട് ഇടപെട്ട് അവരുടെയെല്ലാം എല്ലാവിധ പ്രാഥമിക ആവശ്യചെലവുകൾപോലും ഏറ്റെടുത്തു കേരളത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള സംരംഭങ്ങളും ഉണ്ടായി. അതേയവസരത്തിൽ ത്തന്നെ നമ്മുടെ മലയാളികളെപ്പോലെ തന്നെ, കൊറിയയിൽനിന്നും, ഫിലിപ്പൈൻസിൽ നിന്നുമെല്ലാം വളരെയേറെ നഴ്‌സുമാരെ ജർമ്മനിയിലെ അനേകം ആശുപത്രികളിൽ കൊണ്ടുവന്നു.

ജർമ്മനിയിലെ നഴ്‌സിംഗ് പഠനം കഴിഞ്ഞു ജോലി തുടങ്ങിയവർ അവരുടെ ജീവിതത്തിന്റെ അടുത്തപടിയിലേയ്ക്ക് പ്രവേശിക്കുകയാണ് ചെയ്തത്. കൂടുതൽ പെൺകുട്ടികളും കേരളത്തിലെത്തി വിവാഹിതരായി വീണ്ടും അവരവരുടെ ജോലിയിൽ തിരിച്ചുവന്നു. അന്ന് കുറേപ്പേർ ജർമ്മനിയിലെ മലയാളികൾ തമ്മിലും, കുറേപ്പേർ ജർമൻ വംശജരെയും വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങി. കേരളത്തിൽ പോയി വിവാഹം ചെയ്തവരെല്ലാം, എല്ലാവരും പിന്നീട് അവരുടെ പങ്കാളികളെ സാവധാനം ജർമനിയിലേക്ക് വരുത്തുകയും ചെയ്തു. വന്നവരിൽ പലരും കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ജോലി ചെയ്തവരായിരുന്നു. പിൽക്കാലത്തു കുറേപ്പേർ തീർത്തും ജർമനി വിട്ടുപേക്ഷിച്ചു അവരവരുടെ നാട്ടിലേയ്ക്ക് തിരിച്ചുപോയി. പക്ഷെ ജർമ്മനിയിൽ വന്നെത്തിയ ഭർത്താക്കന്മാർക്ക് അക്കാലത്തെ ജർമൻ നിയമം അനുസരിച്ചു തൊഴിലനുവാദം ലഭിക്കുമായിരുന്നില്ല. അത് പലരെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചു. മറ്റുചിലർ തൊഴിലില്ലായ്മയുടെ വേദന മനസ്സിൽ ഒതുക്കി ത്യാഗജീവിതം തുടർന്ന് കൊണ്ടിരുന്നു. പലപ്പോഴും അപ്രകാരമുള്ള സാഹചര്യങ്ങൾ അവരുടെ കുടുംബജീവിതത്തിൽത്തന്നെ വിള്ളലുകളും പൊള്ളലുകൾക്കും കാരണമാക്കിയിരുന്നു. ഭാര്യ ജോലിക്കു പോകുന്നു, അവൾ തിരിച്ചു വരുന്നതുവരെ ഭർത്താവ് വാടകമുറിയിലിരുന്ന് കഴിഞ്ഞകാല ദിനങ്ങളുടെ നിറവ്യതിയാനങ്ങളെ ചിന്തിച്ചിരുന്നുകാണും. എങ്കിലും ജർമനിയുടെ പൊതുജീവിതത്തിന്റെ ഭാഗമായിത്തീരാൻ അവർ വൈമുഖ്യമൊട്ടു കാണിച്ചിരുന്നില്ല. ചിലരെങ്കിലും അതിനു അപാന്തരമായി ജീവിച്ചു സാമൂഹ്യജീവിതത്തിന്റെ ഇരുളടഞ്ഞ തത്വശാസ്ത്രത്തിലേക്ക് വഴുതി വീണു. സ്വന്ത ജീവിതം തന്നെ ഇരുളിന്റെ അഗാധതയിൽ ലയിച്ചു പോയിരുന്നു. അവരിലാകട്ടെ ചിലർ ആൽക്കഹോളിനു അടിമകളായിമാറി. കുടുംബജീവിതം തീച്ചൂളയായി പരിവർത്തനപ്പെട്ടു. ഒറ്റപ്പെട്ട ചില കടുത്ത ക്രിമിനൽ കുറ്റങ്ങളുടെ ഉടമകളായി ചിലർ മാറിയിരുന്നു. ഇവയൊക്കെ ജർമ്മൻ ജീവിതത്തിലെ അപൂർവ ദുഃഖകഥകളുടെ ഒറ്റപ്പെട്ട കാര്യങ്ങളായി മാറി.

ഇതെല്ലാം ദൗർഭാഗ്യത്തിന്റെ അഗാധമായ ചുഴികളിൽപ്പെട്ട ഓരോ മനുഷ്യ ജീവിതത്തിന്റെ തുടർയാത്രയിൽ പകച്ചു നിന്ന് പോയിട്ടുള്ള നാൽക്കവല കളിൽ അപകടപ്പെട്ടുപോയ ഒറ്റപ്പെട്ട ഓരോരൊ ചെറിയ സംഭവങ്ങളാണ്.  ഇതിനു ഇടവന്നത് നമ്മുടെ മലയാളി ജീവിതത്തിന്റെ ഒരു ചെറിയ തരം നിർഭാഗ്യവശം മാത്രമായിരുന്നു. അതുപക്ഷേ കാലങ്ങൾ മാറി. താമസ-ജോലികൾ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വന്നു. ജർമ്മനിയിൽ ഫാമിലി വിസയിൽ വന്നെത്തിയവരിൽ ചിലർ യൂണിവേഴ്സിറ്റികളിലും അതുപോലെ നഴ്‌സിംഗ് പഠനത്തിനും ചേർന്നു. ഇന്ത്യയിൽ ഇവരിലേറെപ്പേരും സർക്കാർ സർവീസുകളിലോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലിചെയ്തവരായിരുന്നു. അങ്ങനെ അവരവരുടെ ജോലി- താമസ സൗകര്യങ്ങൾ അപരിചിതമായ ഒരു പുതിയ രാജ്യത്ത് മെച്ചപ്പെട്ട വഴികളിലെത്തി. അതിനുമുൻപ് നിരവധി പേർ നഴ്‌സസ് ക്വർട്ടേഴ്‌സുകളിൽ ഒതുങ്ങി ജീവിക്കേണ്ടിയിരുന്നു. അവർ പഴയ ജീവിത രംഗത്തോട് എന്നേയ്ക്കും  വിടപറഞ്ഞു പുത്തൻ ജീവിത മാർഗ്ഗത്തി ലെത്തി.. നമ്മുടെ മലയാളികുടുംബങ്ങൾ ദൈനംദിനം ജർമ്മനിയിൽ വലുതായി വികസിച്ചു വന്നു. 

എന്നിരുന്നാലും ജർമൻ ജനതയുടെ ഹൃദയത്തിൽ തട്ടി പ്രതിധ്വനിച്ച സ്നേഹ ബഹുമാനവും അഭിനന്ദനവും അംഗീകാരവും സൽപ്പേരും കുറഞ്ഞൊരു കാലയളവിലെ ജർമ്മനിയിലെ ജോലിജീവിതത്തിനുള്ളിൽത്തന്നെ നേരിട്ട് ലഭിച്ചവർ ആരായിരുന്നു, അത് നമ്മുടെ മലയാളി പെൺകുട്ടികൾക്കാണ് ലഭിച്ചത്. ജർമനിയിലെ മലയാളികളുടെ പൊതു ജീവിതത്തിന്റെ മുഴുവൻ അഭിമാനകരമായ സൽപ്പേര്‌ നേടിയെടുത്ത് "ഇന്ത്യൻ നഴ്‌സുമാർ", അഥവാ, "ഇന്ത്യൻ സഹോദരിമാർ" എന്ന അഭിമാനകരമായ അനുമോദനവും പൂർണ്ണ അംഗീകാരവും ലഭിച്ചതിന്റെ പിന്നിൽ ഉണ്ടായ കാരണം നമ്മുടെ മലയാളി നഴ്‌സുമാരുടെ മനുഷ്യസ്നേഹവും തനതു സേവനമനഃസ്ഥിതിയും ഉള്ളത് മാത്രമായിരുന്നു. ഇന്ത്യൻ നഴ്‌സുമാർ എന്ന (Indische Krankenswester) വിളിപ്പേരിൽ അറിയപ്പെട്ട മലയാളി പെൺകുട്ടികളെ ജർമൻജനതയും, അവരുടെ കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകരും, അവരെ സ്നേഹിച്ചു, അവരുടെ നല്ല ഹൃദയത്തിൽ അവരെ സ്വീകരിച്ചു, അംഗീകരിച്ചു, അതാകട്ടെ കുറഞ്ഞൊരു നാളുകൾക്കുള്ളിൽത്തന്നെ. അവരുടെ സംതൃപ്തിയിൽ തെളിഞ്ഞ പ്രകാശം ഹൃദയം സ്വീകരിച്ചപ്പോൾ ജർമനിയിലെ ജീവിതത്തിനുപമയില്ലാത്തവിധം പ്രചോദനമായിമാറി. അതുപക്ഷേ അവരിലെ ആ നിറഞ്ഞു തുളുമ്പിയിരുന്ന സന്തോഷത്തിന്റെ നാളുകളുടെ ശാന്തതയെ തകർക്കുന്ന ഇരുണ്ടുറഞ്ഞു കൂടുന്ന മേഘങ്ങളുടെയും ഭീകരമായ കൊടുങ്കാറ്റിനെയും അവർ നേരിൽ നേരിടേണ്ടിയാതായ യഥാർത്ഥ്യങ്ങളുടെ കാര്യം അന്ന് അവർ ആരും തന്നെ കരുതിയിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ യെല്ലാം ജീവിതത്തിന്റെ അഗാധ തലങ്ങളിൽ അനുഭവപ്പെടുന്ന പ്രത്യേകതകളിലൂ ടെ കടന്നു പോന്ന ജീവചെതന്യ വിശേഷങ്ങളെ ബാഹ്യമായോ ആന്തരിക മായോ അന്ന് തകർക്കുവാൻ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിന് ശക്തി യുണ്ടായിരുന്നോ?//-     
---------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.