Mittwoch, 19. Juli 2017

ധ്രുവദീപ്തി // Literature // കഥ // ആ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു.// നന്ദിനി

Literature // ചെറുകഥ // 

  

ആ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു.// 

നന്ദിനി 

ദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം.
നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ, ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, 
ഒരു കാല് ഇല്ലെന്ന കാരണം 
അത് സത്യമാക്കുന്നുണ്ടല്ലൊ...............

"എന്താണ് കുട്ടി താമസിക്കുന്നത്.."  
സ്വതവേ ഊര്ജ്ജസ്വലനായ അദ്ദേഹത്തെ ആ ചിന്ത മഥിച്ചു കൊണ്ടിരുന്നു. വഴിയില്‍ കണ്ണും നട്ടിരുന്ന അദ്ദേഹത്തിന്റെ   മുന്നിലേയ്ക്ക് അവള്‍ ഓടി വന്നു.
"എന്തേ മോള് താമസിച്ചത്..?" അദ്ദേഹം ചോദിച്ചു.
ഒരു കുസൃതി നോട്ടമായിരുന്നു ഉത്തരം. കവിളില്‍ മുത്തം നല്‍കി അവള് വീട്ടിലേയ്ക്ക് ഓടി കയറി. പതിവിനു വിപരീതമായി കുട്ടി ഉല്ലാസവതിയായി കാണപ്പെട്ടു.

വരാന്തയില്‍ ചാരുകസേരയിലേയ്ക്ക് ചെരിഞ്ഞപ്പോള്‍ താഴെ വീണ ഊന്നു വടി അദ്ദേഹത്തെ ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയി...
മറക്കാന്‍ ശ്രമിക്കുന്നതും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായ ആ ഓര്‍മ്മകള്‍ അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്നു...
വര്‍ഷങ്ങള്‍ക്കു മുമ്പ് റയില്‍വേ ഗെയ്റ്റിനടുത്ത് പാളത്തിലൂടെ ഓടി പോകുന്ന ഒരു പിഞ്ചു കുഞ്ഞ്. അവളുടെ അമ്മയായിരിക്കണം ദൂരെ ചിന്നഭിന്നമായി കിടന്നിരുന്നത്. 
പേടിച്ചു ഓടുന്ന അവള്‍ പാഞ്ഞു വരുന്ന ട്രെയിനിന്റ്റെ മുന്നില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിച്ചതിന്റ്റെ ഫലമായി നഷ്ടപ്പെട്ട കാലിനെയും ലഭിച്ച കുഞ്ഞിനെയും കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിനു പ്രിയങ്കരവും ഒപ്പം തേങ്ങലുമായിരുന്നു. ഏകനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിനു ആ കുഞ്ഞ് മകളായിരുന്നു .

ദിവസങ്ങള്‍ കഴിഞ്ഞു പോകും തോറും കുട്ടിയുടെ സ്കൂളില്‍ നിന്ന് വരുന്ന സമയത്തിനു താമസം കണ്ടു തുടങ്ങി. എങ്കിലും അവള്‍ ഉത്സാഹവതിയായിരുന്നു.  
അയല്‍പക്കത്തെ അന്തോനിച്ചന്‍ ഗെയിറ്റ് കടന്നു വരുന്നു.
സമയം 5 മണി. കുട്ടി എത്തിയിട്ടില്ല..
"കുറേ കാലമായല്ലോ കണ്ടിട്ട്..." അദ്ദേഹം ചോദിച്ചു .
"വണക്കം മേനോന്‍...ഞാനിവിടൊക്കെ തന്നെ ഒണ്ടേ..." തമാശ കലര്‍ന്നുള്ള സംഭാഷണം.
"കുട്ടി എത്തിയില്ല അല്ലേ..."അന്തോനിച്ചന്‍ ചോദിച്ചു.
ഇല്ല....ഒരു ദീര്‍ഘനിശ്വാസത്തോടെ മേനോൻ ഉത്തരം പറഞ്ഞു.
"ഒന്നും വിചാരിക്കരുത്...കുട്ടി വടക്കെ പാലത്തിനു താഴെയുള്ള അമ്മിണിയുടെ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു."
അന്തോനിച്ചന്‍ പറഞ്ഞത് കേട്ടു മേനോന്‍ ഞെട്ടിപ്പോയി.
"ഗുണ്ട രാജുവിന്റ്റെ അമ്മയല്ലേ ആ സ്ത്രി..." 
മേനോന്‍ ചോദിച്ചു.
"അതേ...കുട്ടിയെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും..."
അന്തോനിച്ചന്‍ യാത്ര പറഞ്ഞിറങ്ങി ..
പുറകെ മേനോനും.

അമ്മിണിയുടെ വീടിന്റ്റെ മുന്നിലെത്തിയതേ കുട്ടിയുടെ സംസാരം കേട്ടു.
വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു...പതുക്കെ അകത്തേയ്ക്ക് നോക്കി..
അമ്മിണി കട്ടിലില്‍ കിടക്കുന്നു . ദീനമാണെന്നു തോന്നുന്നു. അടുത്തിരുന്നു ടിഫിന്‍ ബോക്സില്‍ നിന്നും ചോറ് വാരി അമ്മിണിക്ക് കൊടുക്കുന്നു തന്റ്റെ മോള് ...

മേനോന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു...
തെറ്റിദ്ധരിച്ച് താന്‍ അവിവേകം കാട്ടിയിരുന്നെങ്കില്‍ ...
മേനോന്‍ കണ്ണു തുടച്ചു..
പതുക്കെ വീട്ടിലേയ്ക്ക് നടന്നു ....

അന്ന് വീട്ടില്‍ വന്ന കുട്ടി ഒരു സങ്കടം അപ്പനോട് പറഞ്ഞു..
"പാലത്തിന്റ്റെ താഴത്തെ വീട്ടിലെ... അമ്മിണിയമ്മയ്ക്ക് തീരെ സുഖമില്ല ...ആശുപത്രിയില്‍ കൊണ്ടു പോകണം...അവരുടെ മകന്‍ ഇപ്പോള്‍ ജയിലിലാണ്..." 

തന്റ്റെ പ്രിയ മകളെ മാറോടു ചേര്‍ക്കുമ്പോള്‍ ആ അപ്പന്റ്റെ നഷ്ടപ്പെട്ട കാല്‍ വളരുകയായിരുന്നു....
പട്ടിണി കിടക്കുന്ന അനേകം ജന്മങ്ങള്‍ക്ക് വേണ്ടി... .........
-----------------------------------------------------------------------------------------------------------
(ഇരിപ്പിടം weekly നടത്തിയ   കഥാമത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ച കഥ)  
നന്ദിനി വര്‍ഗീസ്‌

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.