Mittwoch, 18. Mai 2016

ധ്രുവദീപ്തി // Church in Kerala // വൃദ്ധ വിലാപം // ചെങ്ങളം ഇടവകപ്പള്ളിയിലെ അനീതിയിൽ പങ്കുപറ്റിയവരും...// ടി. പി. ജോസഫ് തറപ്പേൽ



വൃദ്ധ വിലാപം //

ചെങ്ങളം ഇടവകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീതീകരിക്കത്തക്കതോ? തുടർച്ച ...



ചെങ്ങളം ഇടവകപ്പള്ളിയിലെ അനീതിയിൽ 
പങ്കുപറ്റിയവരും
ഇപ്പോൾ പറ്റിക്കൊണ്ടിരിക്കുന്നവരും. 

ടി. പി. ജോസഫ് തറപ്പേൽ

 ടി. പി. ജോസഫ് തറപ്പേൽ 
മേരിക്കൻ ഗാന്ധി എന്ന് അപരനാമമുള്ള മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞു, " We must learn that passirity to an unjust system is to co- operate with that system and there by become a participant in its evil". അതായത്, "നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ്, അനീതി കാണുമ്പോൾ നിശബ്ദത പാലിക്കുന്നവർ ആ അനീതിയിൽ സഹകരിക്കുകയും പങ്കു പറ്റുകയും ചെയ്യുന്നു എന്നത്.

അങ്ങനെ ചെങ്ങളത്തെ ഇടവകപ്പള്ളിയുടെ നിർമ്മാണരംഗത്തെ അനീതിയിൽ പങ്കു പറ്റിയവരാണ് പഴയ പാരീഷ് കൗൺസിൽ അംഗങ്ങൾ. ഈ അനീതിയിൽ പങ്കു ചേരുന്നവരാണ്, പള്ളി കൗൺസിൽ കൂടുമ്പോൾ നിശബ്ദത വ്രുതമാക്കിയിരിക്കുന്ന ഇപ്പോഴത്തെ അംഗങ്ങളും.

ഇടവകയിലെ ഒരു ഡസൻ സ്ത്രീകൾ

അധാർമ്മികതയുടെ പരോക്ഷമായ ഉദാഹരണങ്ങൾ തന്നെയാണ് ഇവ. പിരിവിനെന്നും പറഞ്ഞ് ഇടവകയിലെ ഒരു ഡസൻ സ്ത്രീകൾ, "മാതൃദീപ്തി" അംഗങ്ങൾ എന്ന പേരിൽ, വീടുകൾ കയറിയിറങ്ങി. സ്വർണ്ണത്തിന്റെ തരികൾ, സ്വർണ്ണ ഉരുപ്പടികൾ മുതലായവ ശേഖരിക്കലായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം. അവർ അകത്തളങ്ങളിൽ ചെന്ന് വീട്ടമ്മമാരോട് സംസാരിക്കുന്നു. അവർ രണ്ടാമത്തെ ഗണത്തിൽപ്പെടുന്നു. ഒരു വീട്ടിൽ ചെന്നപ്പോളൊ ഗൃഹനാഥൻ ഒരു കഷണം കൊടുത്തു. അപ്പോൾ കാണുന്നു, വിരലിലൊരു മോതിരം. വിവാഹ മോതിരമായിരുന്നോ എന്ന് അറിഞ്ഞുകൂടാ ..., അതും അവർ ചോദിച്ചുകളഞ്ഞു. അന്ന് ഈക്കാര്യം ഒരു കേട്ടറിവായിരുന്നു. തെളിവുകൾ സഹിതം പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാൻ വയ്യാതെ വന്നു.

പള്ളി പണിയേണ്ടത് ആക്രി കൊണ്ടല്ല.

മൂന്നാമത്തെ കൂട്ടരാണ് നമ്മുടെ ഇവിടുത്തെ കുറെ ചെറുപ്പക്കാർ. അവർ ചെയ്തത് അന്തസ്സില്ലാത്ത ഏർപ്പാട്. അന്തസ്സുള്ളവർ ആ പ്രായത്തിൽ സ്വയം അദ്ധ്വാനിച്ച്, സമ്പാദിച്ച്, പള്ളി നിർമ്മാണവുമായി സഹകരിക്കും. അല്ലാതെ ആക്രി പെറുക്കുവാൻ നടക്കുകയില്ല. പഴയ നിയമത്തിൽ പറയുന്നു :" വിളവ് ശേഖരണം കഴിഞ്ഞു കാലാ പെറുക്കുവാൻ പോകരുത്, അത് പാവങ്ങളുടെ അവകാശമാണ്,എന്ന്. ആക്രി ബിസ്സിനസ് പാവങ്ങളുടെ കാലക്ഷേപത്തിനുള്ള മാർഗ്ഗമാണിവിടെ. അത് ആണത്തമുള്ള ചെറുപ്പക്കാർക്ക് ചേരുന്നതുമല്ല. ചെറുപ്പക്കാർ അദ്ധ്വാനിച്ചു ജീവിക്കാൻ പഠിക്കണം. പള്ളി പണിയേണ്ടത് ആക്രി കൊണ്ടല്ല, അവരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടായിരിക്കണം.

അടുത്തതായി, ചെങ്ങളത്തെ പള്ളി നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ വഞ്ചിതരാക്കപ്പെട്ട് അനീതിയിൽ പങ്കു കൊണ്ടവരാണ് ഇവിടുത്തെ മിഷൻ ലീഗ് കുട്ടികൾ. അവർ സ്വയമേ പങ്കുചേർന്നവരല്ല, അവരെ പങ്കു ചേർത്തതാണ്.

വകമാറ്റി ചെലവ് ചെയ്യാൻ പാടില്ല.

പത്തുകോടിയുടെ ആനയെ മേടിക്കാം. ആയിരത്തിന്റെ തോട്ടി മേടിക്കാൻ പക്ഷെ കാശില്ല പോലും! പള്ളിക്ക് അമ്പിളി അമ്മാവനെ പിടിച്ചു കെട്ടാൻ കാശുണ്ട്. ഒരു കുമ്പസാരക്കൂടിന് കാശില്ല! മിഷൻ ലീഗുകാർ പിരിക്കുന്ന പണം മിഷന് പോകണം. വക മാറ്റി ചെലവ് ചെയ്യാൻ പാടില്ല. ലോകം അങ്ങനെയാണ് കാണിക്കുന്നത്. ലോകം കാണിക്കുന്നതുപോലെ കാണിക്കുവാനല്ല കർത്താവ് സഭയോട് ആവശ്യപ്പെടുന്നത്. സഭ ലോകത്തിന്റെ ഉപ്പായി വർത്തിക്കുവാനുള്ളതല്ലേ. ഒന്നര ഇടങ്ങഴി മാവിൽ ചേർത്തു വച്ച പുളിമാവിനു തുല്യമായിരിക്കണം, സഭ. 

അങ്ങനെ അപ്പനൊരു കഞ്ഞി, അമ്മയ്ക്കൊരു കഞ്ഞി, ചെറുപ്പകാർക്കൊരു കഞ്ഞി, കുഞ്ഞുമക്കൾക്കൊരു കഞ്ഞി. രണ്ടു കഞ്ഞിയേർപ്പാടുള്ള സഭ കുടുംബങ്ങളിൽ നാലുകഞ്ഞിയേർപ്പാടിന് കളമൊരുക്കുന്നു. കുടുംബം ഒന്നാണ്, ഒരു യൂണിറ്റാണ്. അതിൽ അപ്പനും അമ്മയും മുതിർന്ന മക്കളും, കുഞ്ഞുമക്കളും എല്ലാവരും ഉൾപ്പെടും. പിരിവ് സംഘടിപ്പിക്കുമ്പോൾ കുടുംബത്തിന്റെ വിഹിതം കുടുംബ നാഥൻ തരുന്നു. പിന്നെ കുടുംബ നാഥയോട് പിരിവിനു വരുന്നത് കുടുംബത്തിൽ ഭിന്നത സൃഷ്ടിക്കാനല്ലേ? ഞാൻ ഒരു പിരിവിനു വരുന്നത് എനിക്കിഷ്ടമുള്ള സംഗതിയല്ല. എന്നേപ്പോലെ ആയിരിക്കുമല്ലോ മറ്റു പുരുഷന്മാരും. സ്വർണ്ണത്തിന്റെ കഷണത്തിനായി ഒരു അമ്പതു തവണയെങ്കിലും ചെങ്ങളം പള്ളിയിൽ വികാരിയുടെ ആഹ്വാനം നടന്നുവെന്നത് ആരെങ്കിലും നിഷേധിക്കുമോ? 

പൗരോഹിത്യം എന്ന് പറയുന്നത് അധികാരക്കസർത്തല്ല.


 തകർത്ത് കളഞ്ഞ ചെങ്ങളം പള്ളി.
ഇന്ന് കേരളത്തിൽ പടുത്തുയർത്തുന്ന "കോടിപ്പള്ളികളിൽ" ഒരോരോ തലമുറ കഴിയുമ്പോൾ ആരാധനയ്ക്ക് വരുന്ന വിശ്വാസികളുടെ എണ്ണം എത്രമാത്രം ആയിരിക്കും? ഇക്കാലത്ത് മഠങ്ങളൊക്കെ ആളില്ലാ മഠങ്ങളായിക്കൊണ്ടിരിക്കുന്നു. പൗരോഹിത്യം എന്ന് പറയുന്നത് ഏതോ അധികാരക്കസർത്തല്ല, എളിയ ശുശ്രൂഷ ആണെന്ന് മനസ്സിലാകുമ്പോൾ ഓരോരോ സെമിനാരികളും മെലിഞ്ഞുകൊണ്ടിരി ക്കും. കാരണം, വിളവിന്റെ നാഥന്റെ ആഗ്രഹമല്ല, കൊയ്ത്തുകാർ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 

അപ്പോൾ പിന്നെയോ, താൻപോരിമയും തങ്ങളുടെ മാനേജ്മെന്റ് വൈദഗ്ധ്യവും. അങ്ങനെ നമ്മുടെ പടുകൂറ്റൻ പള്ളികളും, യൂറോപ്പും കാനഡയും മാതൃക, പാശ്ചാത്യ നാടുകളിലെ പോലെതന്നെ  പടുകൂറ്റൻ മാളുകളും തീയേറ്ററുകളും മ്യൂസിയ ങ്ങളും ആകും. അങ്ങനെയൊക്കെ ഇവിടെയും ആയിത്തീരുവാനായിരി ക്കുമല്ലൊ. ഇപ്പോൾ പണിയുന്ന ദേവാലയത്തിന്റെ വിശുദ്ധിയുടെ സ്ഥലത്ത് ഇപ്പോൾ തന്നെ ടോയിലറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുപോലെ അവിടെ ത്തന്നെ ഒരു ഡസനിലേറെ, (അതിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത വരുടെയും പോലും) തിരുശേഷിപ്പുകൾ വച്ചിരിക്കുന്ന വിശുദ്ധിയുടെ സ്ഥലത്ത് മദ്ബഹയ്ക്ക് പിറകിൽ വൈദികർക്കു താമസ്സിക്കു വാനും മറ്റ് ശുചി സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

അച്ചന്മാർക്ക് പാളം തെറ്റുമ്പോൾ 

ഇവിടെ ഉദ്ധരിക്കുവാൻ പോകുന്നത് സത്യദീപം നവംബർ (2015) 18 ലക്കത്തിൽ വന്ന, പാലാ കോളജ് മുൻ പ്രിൻസിപ്പൽ ബഹു.ഈനാസച്ചന്റെ ലേഖന ഭാഗമാണ്. 1964-ലെ ബോംബെ അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സാണ് വിഷയം. അതിൽ അദ്ദേഹം 15-)0 ശതകത്തിൽ ജീവിച്ചിരുന്ന വളരെ വിശുദ്ധനായ ഒരു ജർമൻ അഗസ്തീനിയൻ സന്യാസി തോമസ്‌ അക്കംബിസിനെ ഉദ്ധരിക്കുന്നുണ്ട്. അത് അദ്ദേഹത്തിൻറെ "ക്രിസ്ത്യാനുകരണം" എന്ന പുസ്തകത്തിൽ നിന്നുമാണ്. കത്തോലിക്കർക്ക് ബൈബിൾ കഴിഞ്ഞാൽ അവരുടെ ആധ്യാത്മികതയ്ക്ക് ഏറ്റവും ഉതകുന്ന പുസ്തകമാണിത്. ഇനി ലേഖന ഭാഗം:

ക്രിസ്ത്യാനുകരണം നാലാം പുസ്തകം വി. കുർബാനയെപ്പറ്റിയുള്ള ചിന്തകളാണ്. ഈ ഗ്രന്ഥ കർത്താവായ തോമസ്‌ അക്കെമ്പിസ് നിരീക്ഷിക്കുന്നു. അനേകം പേർ പുണ്യവാന്മാരുടെ തിരുശേഷിപ്പുകൾ സന്ദർശിക്കുവാൻ പല സ്ഥലങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. അവർ പ്രവർത്തിക്കുന്ന അത്ഭുതങ്ങളെപ്പറ്റി കേട്ട് ആശ്ചര്യപ്പെടുന്നു. അവരുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രഹ്മാണ്ഢ ദേവാലയങ്ങൾ ചുറ്റി നടന്നു കാണുകയും, പൊന്നുചെപ്പുകളിൽ പട്ടിൽ പൊതിഞ്ഞു വച്ചിരിക്കുന്ന അവരുടെ അസ്ഥികൾ ചുംബിക്കുകയും ചെയ്യുന്നു. 

എന്നാൽ എന്റെ ദൈവവും, പുണ്യവാന്മാരുടെ പുണ്യവാനും മനുഷ്യരുടെ സൃഷ്ടികർത്താവും, ദൈവ ദൂതന്മാരുടെ നാഥനുമായ അങ്ങ് എന്റെ അടുക്കൽ ബലിപീഠത്തിൽ സന്നിഹിതനായിരിക്കുന്നു. മേൽപ്പറഞ്ഞവ കാണാൻ പോകുന്നത് പലപ്പോഴും കൗതുകത്തിനും കാഴ്ചകൾ കാണാനുള്ള ആഗ്രഹത്തിലുമാണ്. പരമാർത്ഥമായ അനുതാപം കൂടാതെ ഇത്ര ചപലമായി അങ്ങും ഇങ്ങും ഓടി നടക്കുന്നതുകൊണ്ട് ജീവിതത്തിൽ യാതൊരു സത്ഫലവുമുണ്ടാകുന്നില്ല".

ഈനാസച്ചൻ തുടരുന്നു. ഈ നിരീക്ഷണം ഇന്ന് കൂടുതൽ പ്രസക്തവും അർത്ഥവത്തുമാണെന്ന് തോന്നുന്നു. "തീർത്ഥാടനങ്ങളുടെയും, നൊവേനകളുടെയും, തിരുനാളാഘോഷങ്ങളുടെയും, കൊഴുപ്പ് കൂട്ടാനുള്ള അനുഷ്ടാനങ്ങളും പരിപാടിയുമായി കുർബാന പിന്തള്ളപ്പെട്ടിരിക്കുന്നു. പരിപാടി വിജയപ്പിക്കാനുള്ള തന്ത്രങ്ങളാണ് ബലി അർപ്പിക്കുന്ന വൈദികരും സ്വീകരിച്ചു പോരുന്നത്. ഇവിടെ ആത്മീയതയൊന്നുമില്ല. പ്രകടനപരമായ അഭ്യാസം മാത്രം. ദിശ തെറ്റിയ ഭക്തിപ്രകടനങ്ങൾക്ക് കടിഞ്ഞാണിടാനും, ശരിയായ ദിശാബോധം നൽകാനും നിയോഗിക്കപ്പെട്ടവരാണ് വൈദികരും  സഭാദ്ധ്യക്ഷന്മാരും. 

ചെങ്ങളത്തെ പള്ളിക്കുള്ളിലെ തിരുശേഷിപ്പ് ചാപ്പൽ.

 പണിതീരാത്ത ചെങ്ങളം പള്ളി.

 ചെങ്ങളത്തെ ഇന്നത്തെ അവസ്ഥ കണ്ടിട്ടായിരിക്കണം ഈനാസച്ചന്റെ ഈ വാക്കുകൾ എന്ന് തോന്നിപ്പോകുന്നു. ചെങ്ങളത്തെ "തിരുശേഷിപ്പ് ചാപ്പൽ"! തിരുശേഷിപ്പ് ഭക്തിക്കു കൊഴുപ്പ് കൂട്ടാൻ 12 തിരുശേഷിപ്പുകൾ നിലവിലുണ്ട്. ഇനിയുമതിന്റെ എണ്ണം കൂടും എന്നാണറിവ്. ഇത്രയേറെ തിരുശേഷിപ്പുകൾ ഉള്ള വേറെ ഒരു പള്ളി കേരളത്തിലൊരിടത്തും ഉണ്ടെന്നു തോന്നുന്നില്ല. ലോക ത്തിൽ ഒരിടത്തും കാണുകയില്ല. അപേക്ഷിക്കുകയാണെങ്കിൽ ചെങ്ങളം ഗിന്നസ് ബുക്കിൽ ഇടം നേടും.

സ്വർണ്ണംകൊണ്ടുള്ള കാളക്കുട്ടി 

തിരുശേഷിപ്പ് ഭക്തിക്കു എരിവും പുളിയും പകരുവാൻ തിരുശേഷിപ്പുകളുടെ ഇടയ്ക്ക് തിരുവോസ്തിയും പ്രതിഷ്ഠിച്ചിരിക്കുന്നു. മോശയുടെ കാലത്ത് അഹറോനായിരുന്നു പുരോഹിതൻ. പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 32- ൽ പറയുന്നു: മോശ യഹോവയുമൊത്ത് സീനായ് മലമുകളിൽ കഴിഞ്ഞശേഷം തിരിച്ചുവരാൻ വൈകിയപ്പോൾ ഇസ്രയേൽ ജനതയുടെ താത്പര്യമനുസരിച്ച് അഹറോൻ സ്വർണ്ണം കൊണ്ട് ഒരു കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അവർക്ക് അതിനെ ആരാധിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുത്തു. മോശ താഴേക്കിറങ്ങി വന്നപ്പോൾ രോഷാകുലനായി കാളക്കുട്ടിയെ എടുത്തു തീയിലിട്ട് ചുട്ട് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തിൽ കലക്കി അവരെക്കൊണ്ടു കുടിപ്പിച്ചു. അഹറോനേപ്പോലെ ഇന്നത്തെ ചില അച്ചന്മാർക്കും വേദപാഠം ശരിക്കും അറിഞ്ഞുകൂടാ. അവർ കുറെ അനുഷ്ഠാനങ്ങൾ നടത്തിയും വിശ്വാസികളെക്കൊണ്ട് നടത്തിച്ചും സായൂജ്യമടയുന്നു. 

ദൈവഹിതം നടപ്പാക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. അവിടുത്തെ ഹിതം നിറവേറ്റുന്നവരാണ്, അവിടുത്തെ സഹോദരനും, സഹോദരിയും അമ്മയും. അങ്ങനെയുള്ളവർ അവനിലും അവൻ അവരിലും വസിക്കുന്നു. ദിവ്യബലിയും ദിവ്യകാരുണ്യവുമാണ് അവിടുന്നിൽ ഒന്നാകാനുള്ള ഏറ്റവും മുകളിലത്തെ രണ്ടു പടികൾ. അവ രണ്ടും മാർഗ്ഗങ്ങളാണ്. ലക്ഷ്യമല്ല. ലക്ഷ്യം ദൈവത്തിൽ ഒന്നാകുക എന്നുള്ളതാണ്. മാർഗ്ഗങ്ങൾകൊണ്ട് ത്രുപ്തി യടയുന്നവർ എത്ര തവണ ബലിയിൽ പങ്കുകൊണ്ടാലും ദിവ്യകാരുണ്യം സ്വീകരിച്ചാലും ഒരു മാറ്റവുമില്ലാതെ തുടരുന്നു. പള്ളിക്ക് പുറത്തേയ്ക്ക് വരുമ്പോൾ അവർ പിന്നെയും പഴയ മനുഷ്യർ. // -
 -----------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.