Mittwoch, 25. Mai 2016

ധ്രുവദീപ്തി // കേരള രാഷ്ട്രീയം: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- തുടർച്ച...1970 ഏപ്രിൽ 1
                  കേരള രാഷ്ട്രീയം: 
കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ                              -തുടർച്ച-


 കെ. സി. സെബാസ്റ്റ്യൻ 

1970- കളിൽ കേരളജനത സാക്ഷിയായ കേരളഭരണത്തിന്റെ നിറഞ്ഞ യാഥാർത്ഥ്യങ്ങളുടെ പിന്നാമ്പുറ ചരിത്രങ്ങളിലൂടെ ചെറിയ തിരിഞ്ഞു നോട്ടമാണ് ശ്രീ. കെ. സി. സെബാസ്റ്റ്യൻ എഴുതിയ ഈ ലേഖനം. ആനുകാലിക രാഷ്ട്രീയവും മുൻകാലങ്ങളിലെ രാഷ്ട്രീയവും രൂപസ്വഭാവത്തിൽ എന്തെന്ന ചോദ്യത്തിന് അനുബന്ധപഠനം ഇവിടെ സാദ്ധ്യമാകുന്നുണ്ട്. ചരിത്ര വിദ്യാർത്ഥികൾക്ക് മാത്രമല്ല വിജ്ഞാനദാഹികൾക്ക് ഉത്തമ സാക്ഷ്യം നല്കുന്നു, ഈ ലേഖനം. കേരളത്തിൽ 2016 മെയ് 16-ന്, നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വഹിക്കുന്ന കേരളത്തിലെ ജനങ്ങൾ, ജനങ്ങൾക്ക്‌ വേണ്ടി സത്യപ്രതിഞ്ഞ ചെയ്തു അധികാരത്തിലെത്തിയ ഒരു പുതിയ സർക്കാരിന് വേണ്ടി സന്നദ്ധരായിരിക്കുന്നു. ഇതോടെ 2016 -മുതലുള്ള കേരള രാഷ്ട്രീയം എത്തിക്കഴിഞ്ഞു.

ജനാധിപത്യം വ്യാപ്തിയേറിയ ഒരു തത്വമാണ്. കേരളരാഷ്ട്രീയത്തിൽ വന്നിരിക്കുന്ന നിരവധി പരിവർത്തനങ്ങൾ ഉൾക്കൊണ്ട ചരിത്രപരമായി പ്രാധാന്യം അർഹിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ജനസമൂഹം മുഴുവൻ പങ്കുകൊണ്ടു. ജനാധിപത്യസംവിധാനത്തിൽ തിരഞ്ഞെടുപ്പും വിജയങ്ങളും വിജയാഘോഷങ്ങളും പരാജയവും പരാജയപ്പെട്ട ദു:ഖങ്ങളും അതിൽപെട്ടതുതന്നെയാണ്. ഒരു സർക്കാരിന്റെ ഭരണവ്യവസ്ഥയിൽ വിശ്വാസം നശിച്ചുകഴിയുന്ന ജനങ്ങൾക്ക്‌ അവരുമായി സഹകരിക്കാൻ കഴിയുന്നില്ലെങ്കിൽ ആ വ്യവസ്ഥയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിലും വിശ്വാസം നഷ്ടമാകും. അപ്പോൾ ജനങ്ങളുടെ ഓരോ ആവശ്യങ്ങൾ ധൈര്യമായി പ്രഖ്യാപിക്കാനും മെച്ചപ്പെടുത്താനും പറ്റിയ നല്ല അവസരമാണ് തിരഞ്ഞെടുപ്പുകൾ. ജനാധിപത്യത്തിന്റെ അടിസ്ഥാന ഉറപ്പ് ജനങ്ങളുടെ ഐക്യം ആണ്. ആ നിലയ്ക്ക് തെറ്റുകൾ എല്ലാവരെയും ഏറെയേറെ ബാധിക്കും. അതിൽനിന്നും പൂർണ്ണമായി സ്വതന്ത്രനാവുക വയ്യ //-
                                                                                                                                       -ധ്രുവദീപ്തി.കേരള രാഷ്ട്രീയം: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ-തുടർച്ച


1970 ഏപ്രിൽ 1-നു ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

കഴിഞ്ഞ നിയമസഭ -1.

കുരുക്ഷേത്രം- 

ഒന്നാം റൌണ്ടിന്റെ പശ്ചാത്തലം.

ര് അധികാരത്തിൽ വന്നാലും അവരെ ചുറ്റിപ്പറ്റി ഒരു തരക സംഘം പ്രവർത്തിക്കുന്നുണ്ടാകും. ഗവൺമെന്റിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള ത്രയും അവർ തട്ടിയെടുക്കും. തള്ളാനറിയാതെ അന്തസായി നിൽക്കുന്നവരാ കട്ടെ അവഗണിക്കപ്പെടുകയും ചെയ്യും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വഴക്കം അച്ചുതമേനോൻ (CPI) മന്ത്രിസഭയുടെ കാലത്തും തുടരുകയാണ്.

ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെയാണ് ഇപ്പോഴും തിരുവനന്തപുരം. നിയമസഭാ സമ്മേളനകാലത്ത് എം. എൽ. എ മാരെക്കൊണ്ടും, അവരെക്കൊണ്ട്‌ കാര്യങ്ങൾ സാധിക്കാനെത്തുന്നവരെക്കൊണ്ടും നല്ല തിരക്കായിരുന്നു. 148 ദിവസം പ്രായമുള്ള അച്ചുതമേനോൻ (C P I ) മന്ത്രിസഭയെ അട്ടിമറിക്കാനുള്ള മാർക്സിസ്റ്റ്‌- സംഘടനാ കോൺഗ്രസ് ശ്രമം മേളക്കൊഴുപ്പാർന്നതായിരുന്നു. എല്ലാ ഹോട്ടലുകളിലും പുതുമുഖങ്ങളെക്കൊണ്ടും പഴമുഖങ്ങളെക്കൊണ്ടും നിറഞ്ഞിരുന്നു. ഹോട്ടൽ മുറികളിൽ രാപകൽ ഭേദമില്ലാതെ സൽക്കാരങ്ങൾ നടന്നു. ആലോചനകൾക്ക് ആക്കം കൂടി. വഴിയിൽ ചെറുതും വലുതുമായ ഒട്ടേറെ പുതിയ കാറുകൾ സ്ഥലം പിടിച്ചു.

 സി. അച്യുതമേനോൻ, C P I.
അങ്ങനെ മേളക്കൊഴുപ്പോടെ നടന്നുവന്ന രാഷ്ട്രീയ ഉത്സവം 23-)0 തിയതി അച്ചുതമേനോൻ മന്ത്രിസഭ അവിശ്വാസപ്രമേയം വിജയകരമായി തരണം ചെയ്തതോടെ പെട്ടെന്നവസാനിച്ചു. താളക്കാരും മേളക്കാരും സ്ഥലം വിട്ടു. ഹോട്ടൽ മുറികൾ ശൂന്യമായി. സൽക്കാരങ്ങൾ നിലച്ചു. ഉത്സവം പ്രമാണിച്ചെത്തിയ കച്ചവടക്കാരും പോക്കറ്റടിക്കാരും സ്ഥലം വിട്ടു. ചിലർമാത്രം തിരുവനന്തപുരത്തു തങ്ങിനിൽക്കുന്നുണ്ട്, കാലിപെറുക്കാൻ. കാലി  പെറുക്കിക്കൊണ്ട് അവരും ഓരോരുത്തരായി സ്ഥലംവിടുകയാണ്. ഒഴിഞ്ഞകുപ്പികളും വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റികളും കുറെ ഓർമ്മകളും മാത്രമായി ഇന്നാ രാഷ്ട്രീയഉത്സവം അവശേഷിക്കുന്നു.

കണക്കുനോട്ടം

ഉത്സവക്കമ്മിറ്റിക്കാർ കൂടിയിരുന്നു കണക്കു നോക്കാൻ തുടങ്ങിയിട്ടില്ല. ഉത്സവം നടത്തിയതിന്റെ ക്ഷീണം തീർന്നു കണക്കു നോക്കുമ്പോൾ കമ്മിറ്റിക്ക് ആസ്തിയായിരിക്കുമോ ബാദ്ധ്യതയായിരിക്കുമോ അധികമെന്ന് പറയാറായി ട്ടില്ല. ബാദ്ധ്യതയുടെ വശം താണ് കിടക്കാനാണ് സാദ്ധ്യത. ഉത്സവം കൊഴുക്കണ മെന്നതിൽ കവിഞ്ഞ് വാശിയായ ഉത്സവം നടക്കുമ്പോൾ ആസ്തിബാദ്ധ്യതകൾ ആരും നോക്കാറില്ലല്ലോ.

1970 Oct. 04, Chief Minister C. Achuthamenon
             with his Cabinet members.

അച്യുതമേനോൻ മന്ത്രിസഭയെ അട്ടിമറിക്കാൻ മാർക്സിറ്റ്‌ പാർട്ടി ശ്രമിച്ചതിൽ പ്രത്യേകത ഒന്നുമില്ല. അവർ അതിനു ശ്രമിക്കാതിരുന്നാൽ മാത്രമേ അത്ഭുതമുള്ളൂ. 1969 നവംബർ 1 നു അച്ചുതമേനോൻ മന്ത്രിസഭ അധികാരത്തിൽ വന്ന അന്നുമുതൽ അതിനെ മറിച്ചിടാൻ മാർക്സിറ്റ്‌ പാർട്ടി പരസ്യമായി പരിശ്രമിക്കുന്നുണ്ട്. സമരത്തിൽക്കൂടി ഗവൺമെന്റിനെ മറിക്കാനുള്ള ശ്രമം മാർക്സിസ്റ്റ്‌കൾ തല്ക്കാലികമായി അവസാനിപ്പിച്ചിരിക്കയാണിപ്പോൾ. നിയമസഭയിലെ കൈബലംകൊണ്ട് മന്ത്രിസഭയെ മറിച്ചിടുന്നതിനുള്ള നീക്കമായി അടുത്തത്‌. നിയമസഭയിൽ മന്ത്രിസഭയെ മറിച്ചിടുന്നതിന് ഏതു പിശാചുമായും കൂട്ടുകൂടാൻ മാർക്സിസ്റ്റ്‌ പാർട്ടി തയ്യാറായി.

മാർക്സിസ്റ്റ്‌പാർട്ടി പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവരുടെ ഏറ്റവും വലിയ ശത്രു സംഘടനാ കോൺ ഗ്രസായിരിക്കും. സംഘടനാ കോൺഗ്രസ്സുമായി ഏതെങ്കിലും വിധത്തിൽ കൂട്ടു ചേരുന്നതിന്റെ കാരണങ്ങൾ മാർക്സിസ്റ്റ്‌ അണികളെ പറഞ്ഞു വിശ്വസിപ്പി ക്കുക പ്രയാസമുള്ള കാര്യമാണ്. പിശാച് പ്രയോഗം കൊണ്ട് അണികളെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശവും ബുദ്ധിമാനായ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നിരിക്കണം.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നയംമാറ്റം ബഡ്ജറ്റ് സമ്മേളനം മുതൽ വ്യക്തമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഗവർണ്ണറുടെ പ്രസംഗം ചർച്ച ചെയ്യാൻ നിയമസഭ കൂടിയപ്പോൾ സ്വീകരിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ നയമാണ് ഈ ബഡ്ജറ്റ് സമ്മേളനത്തിൽ അവർ നടപ്പിലാക്കിയത്. ജനുവരി സമ്മേളനത്തിൽ നിയമസഭാ നടപടികൾ അലങ്കോലപ്പെടുത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. നിയമസഭാവേദി പല അവസരത്തിലും മത്സ്യച്ചന്തയുടെ പ്രതീതി സൃഷ്ടിച്ചു. സ്പീക്കറെയും നിയമസഭാ സ്റ്റാഫിനെയും കയ്യേറ്റം ചെയ്തു. ബഡ്ജറ്റ് സമ്മേളനം വന്നപ്പോൾ നിലമാറി. പാർലമെന്ററി ജനാധിപത്യത്തിൽക്കൂടിത്തന്നെ ഗവൺമെന്റിനെ മറിച്ചിടുന്നതിനുള്ള നീക്കങ്ങളാണ് ബട്ജറ്റ് സമ്മേളന കാലത്ത് സ്വീകരിച്ചത്. മാർക്സിസ്റ്റ്‌ പാർട്ടിയെ ഇങ്ങനെ നയം മാറ്റത്തിന് പ്രേരിപ്പിച്ചതിന് പിന്നിൽ ശക്തമായ ബഹുജനാഭിപ്രായമാണ് ഉണ്ടായിരുന്നത്. മാർക്സിസ്റ്റ്‌ പാർട്ടിയിൽ വിശ്വാസമുറപ്പിച്ച സമാധാനപ്രിയരായ കുറെ ജനങ്ങളുണ്ട്‌. നിയമസഭയിലെ മാർക്സിസ്റ്റ്‌ കോപ്രായങ്ങൾ അവരെ ഞെട്ടിച്ചു. ആ വസ്തുത മനസ്സിലാക്കിയ മാർക്സിസ്റ്റുകൾ സ്വയം തിരുത്തി. ആ തിരുത്തലാണ് ബഡ്ജറ്റ് സമ്മേളനത്തിൽ പ്രതിഫലിച്ചത്.

ജനുവരിയിൽ മാർക്സിസ്റ്റ്കൾ നിയമസഭയിൽ കാണിച്ച കോപ്രായങ്ങൾ കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല എന്ന് പറഞ്ഞുകൂടാ. തൊഴിലില്ലായ്മകൊണ്ട് വലയുന്ന കേരളത്തിൽ നിയമസഭാ സെക്രട്ടറിയേറ്റിൽ കുറെ പുതിയ ഉദ്യോഗമുണ്ടായി. ചീഫ് മാർഷൽ, സാർജന്ട്, വാച്ച് ആൻഡ്‌ വാർഡ്‌ ഇങ്ങനെ വലുതും ചെറുതുമായ നൂറോളം ഉദ്യോഗങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ലഭിച്ചവരെല്ലാം മാർക്സിസ്റ്റ്‌ കോപ്രായങ്ങളോട് നന്ദി ഉള്ളവരായിരിക്കും. അതവിടെ നിൽക്കട്ടെ.

ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിയമസഭ വഴി മന്ത്രിസഭയെ മറിക്കുന്നതിനുള്ള ആലോചനകൾ മാർക്സിസ്റ്റ്‌ പാർട്ടി ആരംഭിച്ചിരുന്നു. മാർക്സിസ്റ്റ്‌ പാർട്ടിക്കും അവരുടെ ഉപഗ്രഹങ്ങൾക്കും കൂടി നിയമസഭയിൽ 55 വോട്ടുകൾ ഭദ്രമായിരുന്നു. 11 വോട്ടുകൾ കൂടി നേടിയിരുന്നെങ്കിൽ മന്ത്രിസഭ താഴെ വീഴുമായിരുന്നു. അച്യുതമേനോൻ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഒരിടക്കാല തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഉന്നയിച്ചിരുന്നത് മാർക്സിസ്റ്റ്‌ പാർട്ടിയും അവരുടെ ഉപഗ്രഹങ്ങളും ഉൾപ്പെട്ട 55 പേർ മാത്രമായിരുന്നു. സംഘടനാ കോൺഗ്രസും ഇന്ദിരാ കോൺഗ്രസും വലിഞ്ഞു കയറി പ്രസിഡണ്ട് ഭരണം ഒഴിവാക്കുകയെന്ന ഒറ്റ ആവശ്യത്തിനു ഗവൺമെന്റിന് പിന്തുണ നൽകുവാനും തയ്യാറായി. കോൺഗ്രസിന്റെ മാത്രം പിന്തുണകൊണ്ട് തങ്ങൾ അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് ശേഷവും കോൺഗ്രസ് പിന്തുണയുടെ കാര്യത്തിൽ വാശിതന്നെ പ്രകടിപ്പിച്ചു.

കഴിഞ്ഞ നാലര മാസം അച്യുതമേനോൻ മന്ത്രിസഭ ചെയ്യരുതാത്തതു ചെയ്തു എന്ന് ശത്രുക്കൾ പോലും നെഞ്ചത്ത് കൈവച്ച് പറയുകയില്ല. തകർന്നു കിടക്കുന്ന ക്രമസമാധാന നില മെച്ചപ്പെട്ടു. വീടുകളിൽ പേടിക്കാതെ കിടന്നുറ ങ്ങാവുന്ന സാഹചര്യമുണ്ടായി. സംഘടനാ കോൺഗ്രസ് തന്നെ ക്രമസമാധാന പാലനത്തിന് ആഭ്യന്തര വകുപ്പ് മന്ത്രിക്കു അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നിർല്ലോഭം നൽകിയിട്ടുണ്ട്.

സ്വപ്നമല്ല.

അങ്ങനെ മന്ത്രിസഭ സുഗമമായി മുമ്പോട്ട്‌ പോകുമ്പോഴാണ്, അച്യുതമേനോൻ മന്ത്രിസഭയ്ക്ക് ജനങ്ങളുടെ മാൻഡേറ്റില്ല; തിരഞ്ഞെടുപ്പ് വഴി പുതിയ പുതിയ മാൻഡേറ്റ് നേടണം' എന്ന തടിക്കഷണം സംഘടനാ കോൺഗ്രസ് എടുത്തിട്ടത്. ഒരു ദിവസം സംഘടനാ കോൺഗ്രസ് നേതാവിനുണ്ടായ സ്വപ്നമാണ് ഇങ്ങനെ അഭിപ്രായം നടത്തിച്ചതെന്ന് അഭിപ്രായപ്പെടുന്നത് വിഡ്ഢിത്തമാണ്. മന്ത്രിസഭയെ മാറ്റുകയെന്ന നമ്പൂതിരിപ്പാടിന്റെ ആവശ്യം സംഘടനാ കോൺഗ്രസ്സിൽക്കൂടി വെളിയിൽ വരുകയാണ് ചെയ്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രഹസ്യ ആലോചനകൾ ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നിൽ സംഘടനാ കോൺഗ്രസും മാർക്സിസ്റ്റ്‌ പാർട്ടിയും തമ്മിൽ നടന്നിരിക്കണം. നമ്പൂതിരിപ്പാടിനെ സംബന്ധിച്ചിടത്തോളം നടുക്കടലിൽ ലഭിച്ച വഴിവിളക്കായിരുന്നു ഡോ. ജോർജ് തോമസിന്റെ പ്രസ്താവന. 11 കൈകൾക്ക്‌ വേണ്ടി ശ്രമിച്ചവർക്ക് 5 കൈകൾ ഒന്നിച്ചു കിട്ടാനുള്ള സാദ്ധ്യത അങ്ങനെ തെളിഞ്ഞു വന്നു.

മന്ത്രിസഭയെ തകർക്കുന്നതിനു പിന്നീടുള്ള നീക്കങ്ങൾ വൈദ്യൂതവേഗത്തിൽ നടന്നു. മാർക്സിസ്റ്റ്‌ നേതാക്കന്മാർ തങ്ങളിൽ നിന്ന് വേർപെട്ട വിപ്ലവ കമ്മ്യൂണിസ്റ്റ്കാരായ K. P. R. ഗോപാലനേയും അണ്ണനെയും സമീപിച്ചു. തിരുനെല്ലിയിൽ വർഗീസ്സിന്റെ മരണം ഇവർ തമ്മിൽ ഇണക്കുന്നതിനുള്ള ഒരു കണ്ണിയായി പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ കാണിച്ചതിൽ കവിഞ്ഞ ആവേശത്തോടെ മാർക്സിസ്റ്റുകളും വർഗ്ഗീസിന്റെ മരണത്തിൽ   പ്രതിഷേധിച്ചു. നിയമസഭയിൽ വോട്ടിംഗിൽ പങ്കെടുക്കാതിരുന്ന അവരെ ഗവണ്മെന്റിനെതിരായി വോട്ടു ചെയ്യാൻ സന്നദ്ധമാക്കി. ഗവർമെന്റ് വിരുദ്ധ വോട്ടുകൾ 57 എന്ന നിലവന്നു. കാസർകോഡ് പ്രദേശം മൈസൂറിൽ ലയിപ്പിക്കുകയെന്നതു കർണ്ണാടക സമിതിയുടെ ഒരാവശ്യമാണ്. കാസർകോട്  സംബന്ധിച്ച മഹാജൻ കമ്മീഷൻ റിപ്പോർട്ട് ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി നിയമസഭയിൽ പരാമർശിച്ചു. അതേപ്പറ്റി കാസർകോട് പ്രദേശത്തു പ്രചാരമുള്ള പത്രങ്ങളിൽ വന്ന റിപ്പോർട്ട് കർണ്ണാടക സമിതിക്കാരെ വെറുപ്പിക്കുന്ന വിധമായിരുന്നു. കർണ്ണാടക സമിതിയിലെ രണ്ടംഗങ്ങൾ മന്ത്രി സഭയ്ക്ക് നിരുപാധികം പിന്തുണ നൽകിവന്നവരാണ്.

നിരുപാധികം എന്നുപറഞ്ഞാലും പിന്തുണ നൽകുന്നതിന് അംഗീകാരം പ്രതീക്ഷിക്കുക മനുഷ്യസഹജമാണല്ലോ. കർണ്ണാടക സമിതി അംഗങ്ങളോട് ഭരണ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ലെന്നും അവർക്ക് ഗവർമെന്റ് സംഘടിപ്പിക്കുന്ന കമ്മിറ്റികളിൽ പ്രാതിനിധ്യം നൽകുന്നില്ലെന്നും ഒരു പരാതി കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിരുന്നു. ആര് അധികാരത്തിൽ വന്നാലും അവരെ ചുറ്റിപ്പറ്റി ഒരു തരകസംഘം ഉണ്ടാകും. ഗവർമെന്റിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ മുഴുവനും അവർ തട്ടിയെടുക്കും. തള്ളാനറിയാതെ അന്തസായി നിൽക്കുന്നവർ അവഗണിക്കപ്പെടും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വഴക്കം അച്ചുതമേനോൻ മന്ത്രിസഭാകാലത്തും തുടരുന്നുണ്ട്. ഇതുവരെ ഇവിടെ വന്ന ഒരു ഗവർമെന്റിനും ഈ തരകവർഗ്ഗത്തിന്റെ പിടിയിൽനിന്നും മോചനം നേടാൻ സാധിച്ചിട്ടില്ല. അതും അവിടെ നിൽക്കട്ടെ.

കടുത്ത അവഗണന

Justice Meher Chand Mahajan
1966 october 17-
Central Govt. appointed Mahajan
Commission to redress the boundary-
(Kassarcode)between Kerala-Mysore
                                      State
 
തങ്ങളുടെ കാര്യം നോക്കി അന്തസായി നിയമസഭയിൽ ഗവർമെന്റിന് പിന്തുണ നല്കി പ്രവർത്തിച്ചുവന്ന കർണ്ണാടക സമിതിക്കാരെ ഗവർമെന്റിന്റെ തുടർച്ചയായ അവഗണന വേദനിപ്പിച്ചിരുന്നു. അവർ ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ നിയമസഭയിൽ ഹാജരാകാൻ കൂട്ടാക്കിയില്ല. ഇങ്ങനെയിരിക്കുമ്പോഴാണ് മഹാജൻ കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന മുഖ്യമന്ത്രിയിൽക്കൂടി വന്നത്. കർണ്ണാടക സമിതിക്കാരെ സംബന്ധിച്ചിടത്തോളം പുണ്ണിൽ ശൂലം തറച്ച പ്രതീതി പ്രസ്തുത പ്രസ്താവന ഉളവാക്കി.

എവിടെ അസംതൃപ്തിയുണ്ടോ അത് മണത്തു അറിയുന്നതിൽ മിടുക്കന്മാരായ മാർക്സിസ്റ്റുകൾ കർണ്ണാടക സമിതിക്കാരുടെ അസംതൃപ്തി മനസ്സിലാക്കി. മാർക്സിസ്റ്റ്‌ ദൂതന്മാർ കർണ്ണാടക സമിതിക്കാരെ സമീപിച്ചു. ചെവിയിൽ ഒത്തായി. കാസർകോട് മൈസൂറിൽ ചേർക്കുന്നതിനു തങ്ങൾ അനുകൂലമായ നിലപാടെടുക്കുമെന്ന് വരെ മാർക്സിസ്റ്റ്‌ ദൂതന്മാർ ഉറപ്പ് പറഞ്ഞു.

മന്ത്രിസഭ മാറണം; ബദൽ മന്ത്രിസഭ വരണം. കർണ്ണാടക സമിതി ആ മന്ത്രി സഭയിൽ ഉണ്ടായിരിക്കണം. ആ മന്ത്രിസഭ കാസർകോട് പ്രശ്നം ഏറ്റവുംവേഗം തീരുമാനിക്കണം. ഒന്നാംതരം ഓഫർ!. കർണ്ണാടക സമിതിക്കാരുടെ മനസ്സിനും അല്പം ചാഞ്ചല്യം സംഭവിച്ചു എന്ന് കരുതാതെ തരമില്ല. മാർക്സിസ്റ്റ്‌ കണക്ക് കൂട്ടൽ വിദഗ്ദ്ധന്മാർ മന്ത്രിസഭയ്ക്കെതിരായുള്ള നിയമസഭയിലെ കൈകളുടെ എണ്ണം 59 എന്നുറപ്പിച്ചു. വിജയത്തിന്റെ പച്ചവെളിച്ചം കണ്ട ആഹ്ലാദം മാർക്സിസ്റ്റ്‌ കേന്ദ്രങ്ങളിൽ ഉണ്ടായി.//-( അവസാനിക്കുന്നില്ല...)
---------------------------------------------------------------------------------------------------------------------------
  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.