പ്രാർത്ഥനയെന്ന മഹത്വ കീർത്തനം /
Dr. Dr. Joseph Pandiappallil
Dr. Dr. Joseph Pandiappallil
Dr. Dr. Fr. Joseph Pandiappallil |
പശ്ചാത്തലം.
മരണത്തെ മുന്നിൽ കണ്ടുകൊണ്ടും മരണനേരം കൃത്യമായി അറിഞ്ഞുകൊണ്ടും ജീവിക്കുക മനുഷ്യർക്ക് ഒട്ടും സുഖമുള്ള കാര്യമല്ല. നിരപരാധിയായിരുന്നിട്ടും അന്യായമായി കുറ്റം വിധിച്ച് കൊലമരത്തിൽ തൂക്കും എന്നറിയുന്ന ഒരുവന്റെ വികാരം സങ്കടമോ ദേഷ്യമോ നിരാശയോ ആകാം. ഈശോ തന്റെ ബന്ധനവും പീഡനവും മരണവും മുൻകൂട്ടി അറിഞ്ഞിരുന്നു. താൻ അന്യായമായി ബന്ധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഈശോ പ്രാർത്ഥിക്കുകയാണ്. ഈശോയുടെ ഈ അവസാനത്തെ പ്രാർത്ഥനയാണ് പുരോഹിത പ്രാർത്ഥന (യോഹ. 17:11-26). പുരോഹിത പ്രാർത്ഥനയിലൂടെ ഈശോ പിതാവിനെ മഹത്വപ്പെടുത്തുന്നു. സുദീർഘമായ ഈ പ്രാർത്ഥനയ്ക്ക് ശേഷം ഈശോ ശിഷ്യന്മാരെ പിരിഞ്ഞു ഗദ്സമെനിയിലേയ്ക്ക് പോയി.
ഈശോയുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ ശിഷ്യരോടുകൂടി പ്രാർത്ഥിക്കുമ്പോൾ പ്രതിഫലിക്കുന്നത് തകർന്ന ഒരു മനുഷ്യന്റെ വിലാപമല്ല. മറിച്ച് വിജയശ്രീലാളിതന്റെ മഹത്വകീർത്തനമാണ്.
മഹത്വപ്പെടുത്തിയെന്ന പ്രഖ്യാപനം.
ഈശോ പ്രാർത്ഥിക്കുകയാണ്. "പിതാവേ സമയമായിരിക്കുന്നു. പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിനു പുത്രനെ അങ്ങ് മഹത്വപ്പെടുത്തേണമേ" (യോഹ.17:1). ഇതുവരെ പിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് ഈശോ ജീവിക്കുകയായിരുന്നു. പിതാവിനെ ഈശോ മഹത്വപ്പെടുത്തിയത് പിതാവിന്റെ ഹിതം നിറവേറ്റിക്കൊണ്ടാണ്. അവിടുന്നു ഒരിക്കൽ പറഞ്ഞു," എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം" (യോഹ. 4:34). മരണവേദന അനുഭവിച്ചപ്പോഴും ഈശോ പ്രാർത്ഥിച്ചത് "എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ" (മത്തായി.26:40)എന്നാണ്. രോഗികളെ സുഖപ്പെടുത്തിയതും ദൈവവചനം പ്രഘോഷിച്ചതും പിതാവിന്റെ ഹിതം നിറവേറ്റാനായിരുന്നു. അതുകൊണ്ടാണ് ഈശോ പ്രാർത്ഥിക്കുന്നത് "അവിടുന്നു ഏൽപ്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി" (യോഹ. 17:4).
മഹത്വപ്പെടുത്താൻ അപേക്ഷ.
ഈശോ ഗെത് സമെനിൽ പ്രാർത്ഥിക്കുന്നു |
പിതാവിനെ മഹത്വപ്പെടുത്തിയ ഈശോ പിതാവിനോട് പ്രാർത്ഥിക്കുകയാണ്, " തന്നെ മഹത്വപ്പെടുത്തേണമേ" എന്ന്. "ആകയാൽ പിതാവേ, ലോകസൃഷ്ടിക്കു മുമ്പ് എനിക്ക് അവിടുത്തോട്കൂടിയുണ്ടായിരുന്ന മഹത്വ ത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തേണമേ" (യോഹ. 17:5 ). വിശുദ്ധ യോഹന്നാന്റെ ദൈവശാസ്ത്ര പ്രകാരം ഈശോ മഹത്വപ്പെടുന്നത് കുരിശി ലാണ്. കുരിശുമരണം ഈശോയുടെ മഹത്വീ കരണ മായിരുന്നു. അതിനാൽ "തന്നെ" മഹത്വപ്പെടുത്തേ ണമേ എന്ന് ഈശോ പ്രാർത്ഥിക്കുമ്പോൾ കുരിശുമരണം തന്നിൽ നിന്നെടുത്തുകളയരുതെ എന്നാണു പരോക്ഷ മായ അർത്ഥം.
ഈശോ തന്റെ ജീവിതത്തിൽ അനുഭവിച്ച സഹനത്തിന്റെ സംപൂർത്തിയാണ് കുരിശു മരണം. ജീവിതകാലത്ത് സഹിച്ച് പിതാവിന്റെ ഹിതം നിറവേറ്റിയ അവിടുന്ന് സഹനത്തിന്റെ സംപൂർത്തിയായ കുരിശിൽ മരിച്ചു പിതാവിനെ ഏറ്റം മഹത്തായ രീതിയിൽ മഹത്വപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. അപ്പോൾ ബലി പൂർത്തിയാകും. ഈശോയുടെ ദൗത്യം പൂർണ്ണമായും നിറവേറും. അതിലൂടെ പിതാവ് ഈശോയെ മഹത്വപ്പെടുത്തും. ഈ മഹത്വപ്പെടുത്തലിനു ഇടയാകണേ എന്നാണ് ഈശോ പ്രാർത്ഥിക്കുന്നത്.
മഹത്വവും സ്നേഹവും.
കുരിശിലാണ് ഈശോ മഹത്വപ്പെട്ടത് എന്ന് നാം പറഞ്ഞുവല്ലോ. ഈശോ പ്രാർത്ഥിക്കുന്നു. "പിതാവേ ലോകസ്ഥാപനത്തിനു മുമ്പ് എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്ക് മഹത്വം നല്കി" (യോഹ. 17:24 ) അപ്പോൾ സ്നേഹമാണ് മഹത്വത്തിന് നിദാനം. ഈശോയ്ക്ക് പിതാവു കുരിശു നിശ്ചയിച്ചത് പിതാവിന്റെ അവിടുത്തോടുള്ള സ്നേഹം മൂലമാണ്. സഹനത്തിലൂടെ പിതാവിനോടുള്ള ഐക്യം അവിടുന്ന് സുദ്രുഡമാക്കി. " അങ്ങ് എന്നിലും ഞാൻ അങ്ങിലുമാണെന്നു" പറയാനുള്ള ആഴമായ സ്നേഹാനുഭവം അവിടുത്തേയ്ക്കുണ്ടായി. ഈ സ്നേഹാനുഭവത്തിലൂടെ ഈശോ പിതാവിനെ മഹത്വപ്പെടുത്തി. പിതാവ് ഈശോയെയും മഹത്വപ്പെടുത്തി.
ഐക്യപ്പെടുത്തുന്ന മഹത്വം.
ഈശോ ശിഷ്യർക്ക് നൽകുന്നതും മഹത്വമാണ്. പിതാവ് ഈശോയ്ക്കു നൽകിയത് പോലെ അവിടുന്നു പ്രാർത്ഥിച്ചു. "നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിനുവേണ്ടി അങ്ങ് എനിക്ക് നൽകിയ മഹത്വം അവർക്ക് ഞാൻ നൽകിയിരിക്കുന്നു" (യോഹ.17:22). ഈശോയുടെ ശിഷ്യരും അവിടുത്തെപ്പോലെ പീഡിപ്പിക്കപ്പെട്ടവരായിരുന്നു. സഹനം അവിടുത്തെ ഐക്യപ്പെടുത്തി. കല്ലെറിയപ്പെട്ടപ്പോഴും വെട്ടി നുറുക്കപ്പെട്ടപ്പോഴും കുത്തി കൊല ചെയ്യപ്പെട്ട പ്പോഴും തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴും (ഹെബ്ര: 11:35-36) ഈശോയുടെ നാമത്തിൽ അവർ സ്നേഹസമൂഹമായി വർത്തിച്ചു. വിശ്വാസികളുടെ സംഖ്യ ദിനംതോറും ഏറി വന്നു. സഹനത്തിലൂടെ അവർ മഹത്വപ്പെട്ടു. ദൈവപുത്രനായ യേശു മഹത്വപ്പെട്ടതു പോലെ മഹത്വം അവരിൽ സ്നേഹം നിറച്ചു. അവർ സ്നേഹസമൂഹമായി തീർന്നു.
സഹനമാണ് സ്നേഹത്തിന്റെ അടയാളം. മനുഷ്യരക്ഷയ്ക്കവേണ്ടി ഈശോ സഹിച്ചതുകൊണ്ട് അവിടുന്നു പിതാവിനോട് സ്നേഹത്തിൽ ഒന്നായി. കാരണം മനുഷ്യർ പിതാവുമായി ഈശോയിലൂടെ അനുരഞ്ജനപ്പെട്ടു. ഈശോയോടുകൂടി സഹജീവികൾക്കുവേണ്ടി സഹിക്കുന്നവർ അവിടുത്തോ ടുകൂടി മഹത്വപ്പെടും. കുരിശുകൾ സ്നേഹപൂർവം വഹിക്കുകയും സഹിക്കുകയും ചെയ്യുമ്പോൾ നമ്മൾ പിതാവിനെ മഹത്വപ്പെടുത്തും. പിതാവ് അപ്പോൾ നമ്മെയും മഹത്വപ്പെടുത്തും. അതിലൂടെ സ്നേഹിക്കുന്നവരുടെ സമൂഹമായി ജീവിക്കുവാൻ നമുക്ക് കഴിയും. /
------------------------------
for up-to-dates and FW. link
Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press. DISCLAIMER: Articles published in this online magazine
are exclusively the views of the authors. Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.