Sonntag, 4. Oktober 2015

ധ്രുവദീപ്തി // കെ. സി. സെബാസ്റ്റ്യൻ - സ്വന്ത ദൃഷ്ടിയിൽ / സമ്പാദകൻ: Dr. Fr.Thomas Kadenkavil C.M.I

ധ്രുവദീപ്തി


(ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ-തുടർച്ച....). / ധ്രുവദീപ്തി -


കെ. സി. സെബാസ്റ്റ്യൻ - സ്വന്ത ദൃഷ്ടിയിൽ / 


സമ്പാദകൻ: Dr. Fr.Thomas Kadenkavil C.M.I

ങ്ങൾ 9 അംഗങ്ങൾ ഉള്ള കുടുംബമാണ്. അഞ്ചു ആണും നാല് പെണ്ണും. ഞങ്ങളുടെ കുടുംബത്തിൽ എനിക്ക് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. നാലുപേർ, മിസ്സിസ് മേരി ജോസഫ്, കെ. സി. ചാക്കോ, കെ. സി. ജോസഫ്, കെ. സി. ചാണ്ടി.- മൂന്നാണും ഒരു പെണ്ണും. എനിക്ക് മൂത്തത് നാലുപേർ- സിസ്റ്റർ ഹാരോൾഡ്‌, സിസ്റ്റർ സെലറീന, സിസ്റ്റർ റോസുള, റവ. ഡോ. തോമസ്‌ കാടൻകാവിൽ സി. എം. ഐ - മൂന്നു പെണ്ണും ഒരു ആണും എനിക്ക് ഇളയതും. ഞാൻ നടുവിൽ നിൽക്കുന്നു.

കെ. സി. സെബാസ്റ്റ്യൻ
അവിടംകൊണ്ടും ഞങ്ങളുടെ കുടുംബത്തിന്റെ ഘടനയുടെ പ്രത്യേകത അവസാനിക്കുന്നില്ല. എനിക്ക് മുകളിലുള്ള നാലുപേരും ലോകത്തിനുള്ളവർ. എന്റെ മൂത്ത മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും വിവാഹിതരും കുടുംബജീവിതക്കാരും ആണ്. എനിക്കിളയ സഹോദരനും മൂന്നു സഹോദരികളും ദൈവത്തിനുള്ളവർ- നാലുപേരും സന്ന്യാസവൃതം സ്വീകരിച്ചു കഴിയുന്നു. ഇടയ്ക്ക് നിൽക്കുന്ന ഞാൻ ലോകത്തിനും ദൈവത്തിനും ഇടയ്ക്കുള്ള കുടുംബ ബാലൻസ്‌ തെറ്റിക്കാതെ നിൽക്കുന്നു. "ഞങ്ങളുടെ ചേട്ടൻ, നാല് സഹോദരന്മാരും നാല് സഹോദരികളും നാല് പുത്രന്മാരും നാല് പുത്രിമാരും നാല് കൊച്ചു പുത്രന്മാരും നാല് കൊച്ചു പുത്രിമാരും ഉള്ള ഒരു വലിയ "പാത്രിയാർക്കീസ്" ആണെന്ന് ഞങ്ങളുടെ അനുജൻ അച്ചൻ ചേട്ടന്റെ ഷഷ്ടിപൂർത്തി വേളയിൽ എഴുതിയയച്ചിരുന്ന കാര്യവും ഇവിടെ ആനുഷംഗികമായി ഓർമ്മിച്ചു പോകുന്നു.

ഞങ്ങളുടെ കുടുംബവും 'നാലു'മായി എന്താണാവോ ഇത്ര മമത? ഞങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഞങ്ങളുടെ പിതാവ് ആറു കൊല്ലം മുമ്പേ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങളെല്ലാം നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോൾ, എഴുപത്തിഏഴിൽപരം വർഷങ്ങൾ സ്പന്ദിച്ച ആ ശ്വാസം നിലച്ചു. ഭാഗ്യവാൻ എന്ന് ഞാൻ പറയും. നിരവധി പ്രതികൂല സാഹചര്യങ്ങളിൽക്കൂടി ഞങ്ങളുടെ കുടുംബ നൗക നയിച്ച ഞങ്ങളുടെ ഇച്ചാച്ചൻ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിതാവ് എന്നുപറയുന്നതിലും കൂടുതൽ ശരി "സുഹൃത്ത്" എന്ന് വിശേഷിപ്പിക്കുകയാണ്. ഞങ്ങളെ ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹം ഞങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും നൽകിയിരുന്നു. ഞാനൊഴിച്ച്‌ മറ്റു സഹോദരീ സഹോദരന്മാരോടൊപ്പം അമ്മ കഴിയുന്നു. ഞങ്ങളുടെ കുടുംബചരിത്രം അത്രയേ ഉള്ളൂ. കൂടുതൽ വിവരിക്കുന്നത് അപ്രസക്തമാണ്.

എന്റെ ഓർമ്മ ഓടിയെത്തുന്നത് ഞാൻ ഏതാണ്ട് ദിഗംബരനായി ഒരു തോർത്തുമുണ്ടുടുത്ത് ഓടിനടന്ന ബാല്യകാലത്തിലേയ്ക്കാണ്. പാലാ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പട്ടണമാണ്. അന്ന് പാലായുടെ പ്രാന്തപ്രദേശമായ കരൂരും മറ്റും ആണ്‍കുട്ടികൾക്ക് ചെറുപ്പത്തിൽ അത്രയോക്കെയേയുള്ളൂ വേഷം...

അന്നൊരിക്കൽ, ഞാൻ സ്കൂളിൽ നിന്നും മടങ്ങി വന്നതേയുള്ളൂ. മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്, എന്നാണ് ഓര്മ്മ...എന്റെ കൂട്ടുകാരായിരുന്ന കുട്ടികളിൽ പലരും അവരുടെ പുസ്തകങ്ങൾ കെട്ടാൻ റബർ വളയങ്ങൾ ഉപയോഗിച്ചിരുന്നു. സഞ്ചിയും ബാഗുമൊന്നും അന്ന് ഞങ്ങൾ പഠിച്ചിരുന്ന കരൂർ ഗവ.സ്കൂളിൽ ഒരു വിദ്യാർത്ഥിക്കും ഇല്ലായിരുന്നു. സ്കൂളിൽ വന്നാൽ റബർ വളയങ്ങൾ പരസ്പരം തെറ്റിക്കളിക്കും. എന്നാൽ എനിക്ക് പുസ്തകം കെട്ടാൻ റബർ വളയങ്ങൾ ഇല്ലായിരുന്നു. പക്ഷെ കളിയിൽനിന്നും മാറാനും വയ്യ! അതുകൊണ്ട് ഒരു കൂട്ടുകാരന്റെ വളയം കടം വാങ്ങി ഞാനും തെറ്റിക്കളിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, ആ വളയം തെറ്റിച്ചപ്പോൾ പൊട്ടിപ്പോയി. കൂട്ടുകാരന് വളയം വാങ്ങിക്കൊടുക്കുവാൻ ഞാൻ ബാദ്ധ്യസ്ഥനുമായി. നാലുകാശാണ് (2 പൈസ) വളയത്തിന്റെ വില. അത് വീട്ടിൽ ചോദിക്കാൻ പേടി. സാധാരണ ഗതിയിലുള്ള വികൃതികൾക്ക് ദിവസം നാലും അഞ്ചും അടി പതിവായി മേടിച്ചുവന്ന എനിക്ക് ഈ കുസൃതിക്കുള്ള അടികൂടി തീർച്ച! അതൊഴിവാക്കാൻ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. ഒരു പുതിയ സ്റ്റീൽ നിബ്ബ് വാങ്ങാൻ നാലുകാശു ചോദിച്ചു വാങ്ങുക. അങ്ങനെ നിബ്ബിന്റെ പേരിൽ വളയം വാങ്ങി,കടം വീട്ടിയ അന്നാണ് ചേട്ടന്റെ ഗ്രഹപ്പിഴ പിടിച്ച ആവശ്യം: എന്റെ സ്റ്റീൽ -- ഞാൻ ഒരുകാലത്ത് പേനയും എഴുത്തും കൊണ്ട് വരുമെന്നു സ്വപ്നം പോലും ചെയ്യാതിരുന്ന ആ കാലത്ത് സ്റ്റീലും നിബ്ബും പേനയും ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു.

പക്ഷെ, അന്നാണ് ചേട്ടൻ മദ്രാസിൽ നിന്നും വന്നത്. അന്ന് അത് അവിടെ ഒരു വലിയ  ദിവസമാണ്. എനിക്ക് പ്രത്യേകിച്ചും. ഇന്നത്തെപ്പോലെ യാത്രാ സൗകര്യമൊന്നും അന്നില്ലല്ലോ. ചേട്ടൻ ആലുവയിൽ വന്നു തീവണ്ടിയിറങ്ങി, പിറവം വഴി പാലായ്ക്കുള്ള ബസ്സിൽ, ഞങ്ങളുടെ വീട്ടിൽ നിന്നും അര മൈലകലെയുള്ള വെള്ളപ്പുരയ്ക്കൽ വന്നിറങ്ങും. നേരത്തെ ഞങ്ങളെ വിവരമറിയിക്കും. ചേട്ടനെ സ്വീകരിക്കാൻ ഞാൻ പോയി കാത്തുനിൽക്കും. വണ്ടി ഒരിക്കലും സമയത്ത് വരാറില്ല. 

ഒരിക്കലും സമയത്ത് കിട്ടാത്ത വണ്ടി (  S.K.V.) എന്ന ഖ്യാതി സമ്പാദിച്ച ഒരു സർവീസ് മാത്രമാണ് അന്ന് അതിലെ ഉണ്ടായിരുന്നത്. എന്നാലും ഞാൻ കാത്തു നിൽക്കും. ചേട്ടന്റെ പെട്ടി എടുക്കാൻ സഹായിക്കാനും കൂട്ടത്തിൽ മധുര ക്കൊതിയനായ ഞാൻ ചേട്ടന്റെ കൈയ്യിൽ ഉണ്ടായിരിക്കാവുന്ന പലഹാരങ്ങളിൽ ഒരു വീതം കൈക്കലാക്കുവാനും. തലേദിവസം രാത്രി വളരെ കാത്തുനിന്നിട്ടും വണ്ടി വന്നില്ല. പിറ്റെദിവസം ഞാൻ സ്കൂളിൽ നിന്നും വന്നപ്പോൾ ചേട്ടൻ വീട്ടിലുണ്ട്. അന്നത്തെ കൂടുതൽ മധുര പലഹാരവും നഷ്ടപ്പെട്ടു. പുറകെ സ്റ്റീലിനുള്ള വിളിയും.

മദ്രാസിൽ നിന്നും വന്ന ദിവസമല്ലെ എന്ന ധൈര്യത്തിൽ എന്റെ പഴയ സ്റ്റീലും മഷിയും ഞാനെടുത്തു കൊണ്ടുചെന്നു കൊടുത്തു. നിബ്ബ് മോശമാണെങ്കിൽ അത് മടക്കിത്തരേണ്ട കാര്യമല്ലേ ഉള്ളൂ. പക്ഷെ അതുകൊണ്ട് ഒരക്ഷരം പോലും എഴുതാൻ കഴിയുന്നില്ലല്ലോ എന്നായി ചേട്ടൻ. കൂട്ടത്തിൽ "ഈ നിബ്ബ് ഇന്ന് വാങ്ങിയതല്ലേ, ഇത്രവേഗം എങ്ങനെ കേടായി" എന്ന ചോദ്യവും. 'ഇതുകൊണ്ട് നന്നായി എഴുതാം' എന്ന് പറഞ്ഞ് ഞാൻ അത് വാങ്ങി എനിക്ക് പരിചിതമായ ഒരു വശം വച്ച് എഴുതിക്കാണിച്ചു. ചേട്ടന്റെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. " അമ്മെ ഇവൻ പുതിയ നിബ്ബ് വാങ്ങിയില്ല. കള്ളം പറയുന്നു". ചേട്ടൻ ആവർത്തിച്ചു. എഴുതാൻ പേന അന്വേഷിക്കുന്നതിനിടയിൽ ഞാൻ അന്ന് നടത്തിയെന്ന് അമ്മയെ ധരിപ്പിച്ചിരുന്ന നിബ്ബ് കച്ചവടത്തിന്റെ കാര്യം അമ്മ ചേട്ടനോട് പറഞ്ഞിരുന്നതുണ്ടോ, ഞാനറിയുന്നു: " നാക്കെടുത്തു വളച്ചാൽ ഗണപതിക്ക്‌ കുറിക്കാൻ പോലും അവൻ സത്യം പറയുകയില്ല. നീ അവനോട് ചോദിക്ക് " അമ്മ പവർ ഓഫ് അറ്റോർണി ചേട്ടന് നല്കി. പിന്നീട് അധികം താമസ്സിച്ചില്ല. ചേട്ടന്റെ ദേഷ്യം തീരുവോളം അടിച്ചു. അന്നത്തെ അടികൊണ്ട് കാൽവെണ്ണ പൊട്ടിയതിന്റെ പാട് ഇന്നും കാണുന്നുണ്ട്. എങ്കിലും ഞാനെന്റെ മുൻ പ്രസ്താവനയിൽത്തന്നെ പിടിച്ചു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടു: "പിള്ളാരെ ഇങ്ങനെ തല്ലാമോ ? സ്കൂളിൽ നിന്നും വിശന്നു വന്ന അവൻ കാപ്പിപോലും കുടിച്ചി ല്ലല്ലോ". 

അത് ഞങ്ങളുടെ ചേടത്തിയുടെ സ്വരമായിരുന്നു. 

ഇതെല്ലാമാണെങ്കിലും എനിക്ക് അന്ന് ചേട്ടനോട് കോപമോ വിരോധമോ ഒന്നും തോന്നിയില്ല. കള്ളം പറഞ്ഞതിന് കിട്ടിയ ശിക്ഷ എന്ന് മാത്രമേ തോന്നിയുള്ളൂ. കാപ്പികുടിക്കാതെ കരഞ്ഞുകൊണ്ടിരുന്ന എന്നെ വന്നു ചേട്ടൻ സാന്ത്വനപ്പെടുത്തുകയും കള്ളം പറയാതെ ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇന്നും ചേടത്തി കുടുംബസദസ്സുകളിൽ വച്ച് ചിലപ്പോഴെല്ലാം ഈ കഥ അനുസ്മരിച്ചുകൊണ്ട് പറയും: " ഏതായാലും ദേവസ്യാച്ചനു പറ്റിയ തൊഴിൽ കിട്ടി". പത്രപ്രവർത്തന രംഗത്ത് അതിശയോക്തിയും അല്പം ബഡായിയും അനിവാര്യമാണെന്നാണ് ചേടത്തിയുടെ വിശ്വാസം...

ഷെവ. കെ. സി. ചാക്കോ 
കാടൻകാവിൽ
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും ചേട്ടൻ (ഷെവലിയർ കെ. സി. ചാക്കോ കാടൻ കാവിൽ) എന്നെ വിളിച്ച് അടിയന്തിരമായി അവിടെ വരെ ചെല്ലണമെന്ന് പറഞ്ഞു. ഞാൻ തിരക്കിട്ട് എറണാകുളത്തു ചെന്ന് വിളിച്ചകാര്യം തിരക്കി. "പ്രത്യേകിച്ചൊന്നു മില്ല, കണ്ടിട്ട് വളരെ നാളുകളായ പോലെ തോന്നി. വെറുതെ കാണാൻ വിളിച്ചതാണ്" നാലുമാസ്സം മുമ്പാണ് ഞങ്ങൾ തമ്മിൽ കണ്ടത്. അക്കാര്യം അനുസ്മരിച്ചപ്പോൾ പറയുകയാണ്‌: ഇതൊക്കെ പ്രായമായതിന്റെ ലക്ഷണമാണ്. ഏതാനും മണിക്കൂറുകൾ സംസാരിക്കുകയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തപ്പോൾ സന്തോഷത്തോടെ എന്നെ മടക്കി അയച്ചു.

ഞങ്ങളുടെ അപ്പൻ, കെ. സി. ചാക്കോ, ഞങ്ങളുടെ സ്നേഹനിധിയായിരുന്നു. അപ്പൻ ഞങ്ങളെ വിട്ടു പിരിഞ്ഞു... ഇടയ്ക്ക് ചേട്ടൻ എന്നോട് പറയും നീ എന്റെ അനുജനാണ്. പക്ഷെ, പറയുമ്പോൾ ചേട്ടന്റെ മട്ടാണ്" അത് വൃഥാ പറയുകയാണ്‌.../ കെ. സി. സെബാസ്റ്റ്യൻ, കാടൻകാവിൽ.
-----------------------------------------------------------------------------------------------------------------------------
*
(താൻ കണ്ടുമുട്ടിയിട്ടുള്ള പരിചയപ്പെട്ടിട്ടുള്ള എല്ലാവർക്കും സ്നഹം പകർന്ന മഹാത്മാവായിരുന്നു ഷെവലിയർ കെ. സി. ചാക്കോ. അദ്ദേഹം അന്തരിക്കുന്നതിനു കുറച്ചു നാളുകൾക്കു മുമ്പ് അദ്ദേഹത്തെ സന്ദർശിക്കുവാൻ എറണാകുളത്തു ഇടപ്പള്ളിയിലെ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ ഞങ്ങളോട്  (ദീപികപത്രത്തിന്റെ മുൻ മാനേജിഗ് എഡിറ്റർ റവ. ഫാ. ആന്റണി നരിതൂക്കിൽ സി. എം. ഐ. യും ഞാനും)  സംസാരിക്കുമ്പോൾ, രാജ്യസഭാംഗവും പ്രശസ്തനും മുതിർന്ന തലമുറയിലെ പത്രപ്രവർത്തകനുമായിരുന്ന അദ്ദേഹത്തിൻറെ പ്രിയപ്പെട്ട സഹോദരൻ ശ്രീ. കെ. സി. സെബാസ്റ്റ്യനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ഇതിനിടെ അദ്ദേഹം ഒരു നിമിഷം സോറി പറഞ്ഞു മുറിയിലേയ്ക്ക് പോയി ഒരു സ്മരണികയുമായി തിരിച്ചു വന്നു. എന്റെ നേർക്കത് നീട്ടിക്കൊണ്ടു പറഞ്ഞു: "ഇതെന്റെ കൈവശമുള്ള ഒരെ ഒരു കോപ്പിയാണ്,  എന്റെ പ്രിയപ്പെട്ട അനുജൻ  സെബാസ്റ്റ്യനെപ്പറ്റിയുള്ള  കൈവശം സൂക്ഷിച്ചിരുന്ന സ്മരണയാണ്, ഇത് ഞാൻ ജോർജിന് തരുന്നു". എന്റെ മനസ്സിൽ അതുമുതൽ തുടിക്കുന്നത് ആ സഹോദര സ്നേഹത്തിന്റെ ജീവിക്കുന്ന ശബ്ദമായിരുന്നു) / ജോർജ് കുറ്റിക്കാട്ട് )

 -------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  


ധൃവദീപ്തി  ഓണ്‍ലൈൻ 


Dhruwadeepti.blogspot.de
for up-to-dates and FW. link 


Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 

Published from Heidelberg, Germany, 

in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.