Freitag, 23. Oktober 2015

ധ്രുവദീപ്തി // People /Journalism // കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുത്ത ചില ലേഖനങ്ങൾ- മരിക്കാത്ത സ്മരണകൾ


ധ്രുവദീപ്തി: കെ. സി.സെബാസ്റ്റിയൻ സ്മരണകൾ#

കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുത്ത ചില ലേഖനങ്ങൾ-

1929 നവംബർ രണ്ടിന് പാലായ്ക്കടുത്ത് കരൂർ ഗ്രാമത്തിൽ കാടൻകാവിൽ ശ്രീ ചാക്കോയുടെയും മറിയത്തിന്റെയും പുത്രനായി പിറന്ന ശ്രീ. കെ. സി. സെബാസ്റ്റ്യൻ 1946 -ൽ ദീപികയുടെ ഏജൻസി ഓർഗനൈസർ ആയിട്ടാണ് തിരുവനന്തപുരത്തെ ത്തിയത്. ഒരു യുഗത്തിന്റെ ചൈതന്യം സ്വന്തം പേനത്തുമ്പിൽ ആവാഹിച്ച് തൂലികവൃത്തി നടത്തി, ജീവിതകാലത്ത്തന്നെ ഇതിഹാസമാവുക - കാടൻകാവിൽ ചാക്കോ സെബാസ്റ്റ്യൻ എന്ന കെ. സി. സെബാസ്റ്റ്യൻ അത് സാധിച്ചു. നാല് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിൻറെ രാഷ്ട്രീയ പത്രപ്രവർത്തന ലേഖനങ്ങൾ ചരിത്രവിദ്യാർത്ഥികൾക്കും- പത്രപ്രവർത്തക ലോകത്തിലെ ഗവേഷകർക്കും പുതുതലമുറ രാഷ്ട്രീയപ്രവർത്തകർക്കും മാതൃക നൽകുന്ന വഴികാട്ടിയും ആണ്. അര നൂറ്റാണ്ടിനു മുമ്പ് കേരളപ്പിറവിക്കു തലേവർഷം 1955-മുതൽ 1981 വരെ കേരള പത്ര പ്രവർത്തന രംഗത്തും, ജനാധിപത്യകേരളരാഷ്ട്രീയത്തിലും, ഭരണരംഗത്തും  അത്ഭുതകരമായ പരിവർത്തനങ്ങൾക്ക് ഇടയാക്കിയ പലപ്പോഴായി എഴുതിയിട്ടുള്ള അനേകം ലേഖനങ്ങളിൽ നിന്നും എടുത്ത ചില ലേഖനങ്ങൾ ഇവിടെ ചേർക്കുകയാണ്-/ ധൃവദീപ്തി ഓണ്‍ലൈൻ.

 ദീപിക, 1955 ജനുവരി 14, വെള്ളിയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.

തിരുകൊച്ചി രാഷ്ട്രീയം ഒരു റിക്കാർഡ്കൂടി സൃഷ്ടിക്കുമോ?

പി. എസ്. പി, എം. എൻ. പി. കൊച്ചുകുഞ്ഞിന്റെ രാജി. 
(സ്വന്തം ലേഖകൻ, ജനു.13. തിരുവനന്തപുരം).


കെ. സി. സെബാസ്റ്റ്യൻ 
നിയമസഭാ സമ്മേളനം അടുത്തു വരുന്നതോടെ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ കൂടുതൽ സജീവമായി വരുന്നു. അടുത്ത സമ്മേളനം എങ്ങനെയും പ്രതിസന്ധി കൂടാതെ കടന്നുപോകുന്നതിന് മന്ത്രി പി. കെ. കുഞ്ഞിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമം നടന്നുകൊണ്ടിരിക്കുന്നു. നിയമസഭയിലെ ഇടതുപക്ഷങ്ങളുടെ പിൻതുണയോടുകൂടി ഭരണം തുടരുന്നതിനുള്ള സംരംഭമാണ് ഇപ്പോൾ നടക്കുന്നത്. ഐക്യമുന്നണിയിലെ ചില നേതാക്കന്മാരുമായി ഈ അടിസ്ഥാനത്തിൽ ഇതിനകം തന്നെ കൂടിയാലോചനകൾ നടന്നു കഴിഞ്ഞിട്ടുണ്ട്. തുടർന്ന് നടക്കുകയും ചെയ്യും. 

നിയമസഭയിൽ മന്ത്രിസഭയ്ക്ക് പരാജയം നേരിട്ടാൽ നിയമസഭ പിരിച്ചുവിടുന്നതിന് രാജപ്രമുഖനെ ഉപദേശിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു ഭീഷണിയായി കണക്കാക്കുന്നവരും കുറവല്ല. ഒരു പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുവാൻ യാതൊരു രാഷ്ട്രീയപാർട്ടിയും ഇഷ്ടപ്പെടുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന പണച്ചിലവും അത്യദ്ധ്വാനവും ആണ് ഈ വിമുഖതയ്ക്ക് കാരണം. പതിനെട്ടു അംഗങ്ങളുള്ള നിയമസഭയിലെ മൂന്നാംകിട കക്ഷിയുടെ നേതാവിന് നിയമസഭ പിരിച്ചു വിടുന്നതിനു രാജപ്രമുഖനെ ഉപദേശിക്കുവാനുള്ള അവകാശത്തെ, അധികാരത്തെ എല്ലാവരും ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി നൽകുന്ന ഉപദേശം രാജപ്രമുഖന് വേണമെങ്കിൽ തള്ളിക്കളയാം, എന്ന് ഇന്നലെ കോണ്‍ഗ്രസ് പാർട്ടി നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോൻ പ്രസ്താവിച്ചു. 

മന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ എണ്ണവും, വണ്ണവും ഓരോ ദിവസവും കൂടിക്കൂടി വരുകയുമാണ്‌ ചെയ്യുന്നത്. പി. എസ്. പി. നിയമസഭാകക്ഷിയിലെ ഒരംഗമായ പി. കെ. കൊച്ചുകുഞ്ഞ് പാർട്ടി ഭരണത്തിലുള്ള അതൃപ്തിയും വെറുപ്പും മൂലം രാജി വച്ചിരിക്കുന്നു. മന്ത്രിസഭയ്ക്ക് പരാജയം നേരിട്ടാൽ ഭാവിപരിപാടി എന്തായിരിക്കണമെന്നു കേന്ദ്രത്തിൽ നിന്നും വ്യക്തമായ തീരുമാനങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.   
  
                                                           ----------------------------------------------------------------

പ്രതിജ്ഞയും പൂർത്തീകരണവും /ദീപിക : ജൂലൈ 31, ഞായർ, 1960. /  
 കെ. സി. സെബാസ്റ്റ്യൻ 


നങ്ങൾ ഒരു പ്രതിജ്ഞ എടുത്തു: " ഈ സർക്കാർ പോയേ തീരൂ." അവർ ഒരു മുദ്രാവാക്യം മുഴക്കി. "ചലോ, ചലോ, സെക്രട്ടറിയേറ്റ്". 1959 ജൂലൈ 30, കേന്ദ്രമന്ത്രിസഭ കേരളപ്രശ്നം ചർച്ച ചെയ്തു. ജൂലൈ 31, കേന്ദ്രം കേരളത്തിൽ ഇടപെട്ടു- വിമോചനസമരം ഓർമ്മകളിലൂടെ. 1960 ജൂലൈ 31.

ബാലറ്റ് പെട്ടിയിൽക്കൂടി അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റിനെ വ്യവസ്ഥാപിതമായ ഒരു ജനകീയ പ്രക്ഷോപണം വഴി അധികാരത്തിൽ നിന്നും മാറ്റിയ ആ ചരിത്രപ്രസിദ്ധമായ ദിനത്തിന്റെ ഒന്നാം വാർഷികം കേരളം ഇന്ന് ആചരിക്കുകയാണ്. 

1959 ജൂലൈ 31, ഏതു ജനഹിതത്തെയും ധിക്കരിച്ച് പോലീസിന്റെ തോക്കും ലാത്തിയും കൊണ്ട് ഒരു ജനാധിപത്യ ഗവർമ്മെന്റിനു അധികാരത്തിൽ തുടരാൻ സാധിക്കുമെന്ന വിചാരം മിഥ്യയാണെന്ന് തെളിഞ്ഞ ദിനമാണിത്. കേരളമാകെ അന്ന് മധുര പലഹാര വിതരണം നടന്നു. കരിമരുന്നു പ്രയോഗം നടത്തപ്പെട്ടു. 28 മാസം നീണ്ടു നിന്ന വേദനയിൽ നിന്നുള്ള രക്ഷപെടൽ. ശ്വാസം മുട്ടലിനു ശേഷമുള്ള സ്വതന്ത്രമായ ശ്വാസോച്ഛ്വാസം.

ഓർമ്മകൾ.

 പി. റ്റി. ചാക്കോ 
ഓർമ്മകൾ പിന്നിലേയ്ക്ക് പോവുകയാണ്.

"ദുർഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റ് അധികാരത്തിൽനിന്നും മാറണം". വിമോചന സമര നേതാവ് മന്നത്ത് പത്മനാഭൻ തീർത്തു പറഞ്ഞു. കൂട്ടാക്കിയില്ല.

 "ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട നിങ്ങൾ രാജി വച്ചു ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുക" -പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ പി. ടി. ചാക്കോ ആവശ്യപ്പെട്ടു. പക്ഷെ, കേൾക്കാനാരും തയ്യാറായില്ല.

 "ഈ ഗവർമ്മെന്റു രാജി വച്ചു പിരിയുക എന്നതല്ലാതെ യാതൊരു ഒത്തുതീർപ്പും ഇല്ല"- കെ. പി. സി. സി. പ്രസിഡണ്ട് ആർ. ശങ്കർ പറഞ്ഞു.

 Pattom A.Thanu Pillai
"രാജിയൊഴിച്ചു എന്തും ആലോചിക്കാം" ഇതായിരുന്നു മറുപടി. "ഈ ഗവർമ്മെന്റിനു കേരളം ഭരിക്കാൻ അവകാശമില്ല" - പി. എസ്. പി. ചെയർമാൻ പട്ടം താണുപിള്ള പറഞ്ഞു. "നിയമസഭയിൽ ഭൂരിപക്ഷ മുള്ളിടത്തോളം കാലം ഭരിക്കും"- അതായിരുന്നു  ഉത്തരം.

"ഈ ഗവർമ്മെന്റ് ജനങ്ങളുടെ ഗവർമ്മെന്റല്ല"- മുസ്ലീം ലീഗ് നേതാവു ബാഫക്കി തങ്ങൾ വിധി എഴുതി. "ജനങ്ങൾ ഞങ്ങളുടെ കൂടെയാണ്" സങ്കോചമില്ലാതെ അവർ മദിച്ചു. 

"കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്യുക"- ജനലക്ഷങ്ങൾ പ്രധാന മന്ത്രി നെഹൃവിനോടും ഇന്ത്യൻ പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദിനോടും അഭ്യർത്ഥിച്ചു. "കത്തോലിക്കാ പള്ളിയുടെയും പാതിരിമാരുടെയും എൻ. എസ് എസ്‌, മുസ്ലീംലീഗ് സ്ഥാപിത താൽപ്പര്യക്കാരുടെയും ആഗ്രഹപ്രകടനം മാത്രമാണത്" - എന്ന് കമ്മ്യൂക്കൾ ഉത്തരം നൽകി. 

"ബഹുജന വിശ്വാസം നഷ്ടപ്പെട്ട നശിച്ച ഒരു മന്ത്രിസഭ രാജിവച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് ജനാധിപത്യപരമായ നടപടി", പ്രധാന മന്ത്രി നെഹ്രു ഉപദേശിച്ചു. "ജനാധിപത്യം ആരുടേയും കുത്തകയല്ല", ഉപദേശം തള്ളിക്കളഞ്ഞു. 

"മന്ത്രിസഭയെ പുറത്താക്കുക", ജനങ്ങൾ ഒന്നാകെ ഇളകി.

മറുപടിയായി തോക്കുകൾ ഗർജ്ജിച്ചു. ലാത്തികൾ നാലുപാടും  വീശി. ജനങ്ങൾ പരിക്കേറ്റും മരിച്ചും വീണു.

"പുറത്തിറക്കുക"- ജനങ്ങൾ വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു. കളക്ടറേറ്റുകൾ സ്തംഭിച്ചു. വീണ്ടും തോക്കുകൾ ഗർജ്ജിച്ചു. ലാത്തികൾ നാലുപാടും വീശി.

"ജയിലറ ഞങ്ങൾക്ക് പൂമേടയാണ്", ആയിരക്കണക്കിന് യുവതീ യുവാക്കന്മാരും സ്ത്രീപുരുഷന്മാരും തടങ്കലിലായി. ജയിൽ നിറഞ്ഞു.

" അമ്മേ, ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ". കൂടുതൽ കൂടുതൽ ആളുകൾ സമരരംഗത്തെയ്ക്ക് വന്നു. തോക്കുകൾ വീണ്ടും ഗർജ്ജിച്ചതും, ലാത്തികൾ വീണ്ടും നാലുപാടും വീശിയതും ഫലം.

ജനകീയ പ്രതിജ്ഞ.

അടി പതറിയില്ല. നാടാകെ രക്തക്കളമായി. ദീനരോദനമില്ല. ഒരു ശബ്ധമുയർന്നു...

"കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". 1959 ജൂലൈ 31. പകരം ചോദിച്ചു. കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റ് പുറത്താക്കപ്പെട്ടു. തനിയെ മാറാത്തവരെ പിടിച്ചു മാറ്റി... ... ...

(ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ ലേഖനങ്ങൾ തുടരും-
 ധൃവദീപ്തി ഓണ്‍ലൈൻ.കോം) .
 ----------------------------------------------------
Visit  

ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de

for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 


Published from Heidelberg, Germany, 



in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.