Montag, 6. Juli 2015

ധ്രുവദീപ്തി // History- / Churches in Kerala / വൃദ്ധവിലാപം / ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ / by Late K. A Thomas Kuttikattu, / സമ്പാദകൻ - ടി. പി. ജോസഫ് തറപ്പേൽ.

വൃദ്ധവിലാപം / ചെങ്ങളം പള്ളി ചരിത്രങ്ങളിലൂടെ / സമ്പാദകൻ - ടി. പി. ജോസഫ് തറപ്പേൽ.


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും ഇടവക രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


 കേരളത്തിലെ സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ) ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു ചെങ്ങളംപള്ളി. കാഞ്ഞിരപ്പള്ളി രൂപതാ സഭാ അധികാരികളുടെ തീരുമാനപ്രകാരം ഡൈനാമിറ്റ് വച്ചു തകർത്തതിലൂടെ ചരിത്ര പ്രസിദ്ധമായിരുന്ന പള്ളിയുടെയും ചെങ്ങളത്തിന്റെ പൂർവചരിത്രത്തിലെ യാഥാർത്ഥ്യങ്ങളെയും അവർ തമസ്കരിക്കുകയാണ് ചെയ്തത് എന്ന് ഇവിടെ കുറിക്കട്ടെ . 

1968- 1969-ൽ ചെങ്ങളം സെന്റ്‌ ആന്റണീസ് ദൈവാലയത്തിന്റെയും സെന്റ്‌ ആന്റണീസ് സ്കൂളിന്റെയും കനകജൂബിലി ആഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മാരക സോവനീറിൽ  സോവനീർ കമ്മിറ്റി ചെയർമാനും കൂടിയായിരുന്ന യശ:ശരീരനായ ശ്രീ. കെ. എ .തോമസ്‌ സാർ കുറ്റിക്കാട്ട് അന്ന് എഴുതിയിരുന്ന  "ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ" എന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു. 

ഒരു നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു "ചരിത്ര സംക്ഷേപമായി" അവയിൽ ചിലതെങ്കിലും പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി. പി. ജോസഫ് തറപ്പേലിനും ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .

കനകജൂബിലി ആഘോഷത്തിന് നേർന്ന ആശംസകൾ

Message of HIS HOLINESS POPE PAUL VI

Vatican, 7th February 1969

To 
His Grace Archbishop Mathew Kavukattu,
Chenganachery.

Joining in the Celebration being held on the occation of the Golden Jubilee of St.Antony's Church and High School, Chengalam, I am happy to convey as a sign of Divine Graces the Blessing of the Holy Father.
+ Maximilean Cardinal de Fürstenberg.
-------------------
ലേഖനം :

 ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ
Late K. A Thomas Kuttikattu, 
(Rtd. Govt.School Headmaster)
(കണ്‍വീനർ , സെൻട് ആന്റണീസ് ചർച്ച് സുവർണ്ണ ജൂബിലി & ചരിത്ര നിർമ്മാണ കമ്മിറ്റി - 1967-1968.).
 

 ചെങ്ങളം - കേരളത്തിലെ പാദുവ.

ശ്രീ.കെ. എ. തോമസ്‌ കുറ്റിക്കാട്ട്
കോട്ടയം താലൂക്കിലെ അകലക്കുന്നം വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറു ഗ്രാമമാണ് (ഇപ്പോൾ ചെങ്ങളം വില്ലേജ്) ചെങ്ങളം. "കേരളത്തിലെ പാദുവ" എന്ന പ്രസിദ്ധമായ അപരനാമം കരസ്ഥമാക്കിയ ഈ പ്രദേശത്തു അര നൂറ്റാണ്ടിനു മുൻപ് ഒരു ദേവാലയം സ്ഥാപിതമായി. പ്രസ്തുത ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ അതിന്റെ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുന്നത്‌ ഉചിതമായിരിക്കുമല്ലോ. 

വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു ഒരു കാലത്ത് ചെങ്ങളം എന്ന കാര്യം ഒരു പക്ഷെ ഇന്നത്തെ തലമുറയിൽപ്പെട്ട പലരും അറിഞ്ഞിട്ടുണ്ടാവില്ല. യാത്രാസൗകര്യം അന്ന് തുലോം വിരളമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. നല്ല നടപ്പാതകൾ തന്നെ വെട്ടിത്തുറന്നിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. ത്യാഗ മനസ്ഥിതിയും സേവന സന്നദ്ധതയും ഉത്സാഹവും ദൈവവിശ്വാസവുമുള്ള ഒരു ജനതതിക്ക് ഐശ്വര്യം താനേ കൈവന്നുകൊള്ളും എന്നതിന് ഒരു ഉദാഹരണമാണ് ഇന്നും വളർന്നു കൊണ്ടിരിക്കുന്ന ചെങ്ങളം. 

അവിടെ ഇന്ന് വലുതും മനോഹരവുമായ ഒരു കത്തോലിക്ക ദൈവാലയമുണ്ട്. കിന്റർഗാർട്ടൻ മുതൽ സെക്കണ്ടറി സ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ്‌ ഓഫീസ്, ചെറിയ പബ്ലിക് മാർക്കറ്റ്, കോ. ഓപ്പറേറ്റീവ് ബാങ്ക്, പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടുത്തെ ജനങ്ങളുടെ ത്യാഗത്തിന്റെയും അത്യധ്വാനത്തിന്റെയും ഫലങ്ങളാണെന്ന് മുഴുവൻ അഭിമാനത്തോടെ പറയുവാൻ കഴിയും. ഇളങ്ങുളം, എലിക്കുളം, പൈക, മീനച്ചിൽ, കാഞ്ഞിരമറ്റം, ആനിക്കാട്, ഇളമ്പള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളിലേയ്ക്ക് മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് സാമാന്യം മെച്ചപ്പെട്ട റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ പൊൻകുന്നത്തുനിന്നും ചെങ്ങളം വഴി പോകുന്ന ബസ്സ്‌ സർവീസുകളും ഉണ്ട്.

ദേവാലയം സ്ഥാപിക്കുന്നതിന് ആലോചന നടത്തുന്നു. 

പരിശുദ്ധ പത്താം പീയുസ് മാർപ്പാപ്പ തിരുസഭയെ ഭരിക്കുന്ന കാലം. അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിയായിരുന്നു ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ. തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണാധിപൻ ശ്രീമൂലം തിരുനാൾ മഹാരാജാവും. ആയിടയ്ക്ക്, കൃത്യമായി പറഞ്ഞാൽ 1912- ൽ, ചെങ്ങളം നിവാസികളായ ഏതാനും പേർക്ക് തങ്ങളുടെ പ്രദേശത്തു ഒരു കുരിശു പള്ളി സ്ഥാപിച്ചു കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നി. അന്ന് ഈ പ്രദേശത്തുള്ളവർ ആനിക്കാട്ടു പള്ളി ഇടവകക്കാരായിരുന്നു. അവരിൽ വലിയ പറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ചപറമ്പത്ത് അവിരാ മാത്യു എന്നിവരായിരുന്നു കുരിശു പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി മുൻകൈ എടുത്തു പ്രവർത്തിച്ചത്. 

പ്രാരംഭമായിട്ടുള്ള കാര്യങ്ങൾ നറുക്കിട്ടാണ് തീരുമാനിച്ചത്. സ്ഥാപിക്കുന്ന കുരിശ് കാഞ്ഞിരത്തടികൊണ്ട് നിർമ്മിച്ചതാവണമെന്നും കുരിശുപള്ളി വി. അന്തോനീസിന്റെ നാമത്തിലായിരിക്കണമെന്നും തീരുമാനമെടുത്തത് അപ്രകാരമാണ്. അന്ന് ആനിക്കാട്ട് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് കൊച്ചയ്യങ്കനാലിനെ ഈ വിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹം സസന്തോഷം വേണ്ട പ്രോത്സാഹനങ്ങൾ നല്കി. പദ്ധതിക്ക് ബ. വികാരിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോൾ, പള്ളി സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഉണ്ടാക്കുന്നതിനെപ്പറ്റിയായി ആലോചന. ആവശ്യമായ സ്ഥലം ദാനം ചെയ്യാമെന്ന് തച്ചപറമ്പത്ത് അവിരാ മാത്യു സമ്മതിച്ചതോടുകൂടി ആ പ്രശ്നം അവസാനിച്ചു. 

ആദ്യത്തെ അത്ഭുതം. 

ആയിടയ്ക്ക് തച്ചപറമ്പത്ത് അവിരാ മാത്യുവിന് പണി പിടിപെടുകയും രോഗി ആശങ്കാജനകമായ നിലയിലെത്തിച്ചേരുകയും ചെയ്തു. രോഗവിമുക്തി അസാദ്ധ്യമെന്നു പല വൈദ്യന്മാരും വിധിയെഴുതി. തന്റെ ഉറ്റ സ്നേഹിതന്റെ രോഗവിവരമറിഞ്ഞു വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ രോഗിയെ സന്ദർശിക്കുകയും രോഗിയുടെ നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് രോഗശാന്തിക്കായി വി. അന്തോനീസിനോട് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. രോഗം പെട്ടെന്ന് ശാന്തമായി. താമസംവിനാ രോഗിക്ക് പൂർണ്ണ സൗഖ്യം കിട്ടുകയും ചെയ്തു. വിശുദ്ധ അന്തോനീസിന്റെ അത്ഭുതം നിമിത്തമാണ് അപ്രകാരം രോഗശാന്തി ലഭിച്ചതെന്നാണ് എല്ലാവരുടെയും വിശ്വാസം. പിൽക്കാലത്ത് ചെങ്ങളത്തു സംഭവിപ്പാനിരുന്ന അത്ഭുത പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അങ്ങനെ ആരംഭത്തിലെ നിർവഹിക്കപ്പെട്ടു എന്ന് പറയാം.

രോഗശാന്തി ലഭിച്ച ശേഷം കുരിശുപള്ളിക്ക് ആവശ്യമായ സ്ഥലം ശ്രീ അവിരാ മാത്യു തന്റെ മുൻ വാഗ്ദാനമനുസരിച്ച് ആനിക്കാട്ടു പള്ളിക്ക് തീറെഴുതി കൊടുത്തു. തന്റെ കുടുംബത്തിനു വേണ്ടി ആണ്ടിൽ രണ്ടു കുർബാന ചൊല്ലണം എന്ന വ്യവസ്ഥയിലാണ് സ്ഥലം ദാനം ചെയ്തത്. പ്രസ്തുത വ്യവസ്ഥ രൂപതാധികാരി അംഗീകരിക്കുകയും ചെയ്തു.

പള്ളിക്ക് അനുവാദം വാങ്ങുന്നു.

ചെങ്ങളത്തു ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദത്തിനുവേണ്ടി സ്ഥലവാസികൾ ഒപ്പിട്ട ഒരു അപേക്ഷ അന്നത്തെ രൂപതാധികാരിയായ മാർ തോമസ്‌ കുര്യാളശ്ശേറിയുടെ പക്കൽ സമർപ്പിക്കപ്പെട്ടു. അദ്ദേഹം അപേക്ഷ സ്വീകരിക്കുകയും അതിനുവേണ്ട അനുവാദം നൽകുകയും ചെയ്തു. എന്നാൽ ഗവണ്‍മെന്റിൽ നിന്നുകൂടി വേണ്ട അനുവാദം വാങ്ങിക്കൊള്ളണമെന്നു അദ്ദേഹം കല്പനയിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഗവണ്‍മെന്റിലും അപേക്ഷ സമർപ്പിച്ചു. 

ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു.
അന്നത്തെ നിയമം അനുസരിച്ച് പുതിയ ദേവാലയം തുടങ്ങുന്നതിനു കരക്കാരുടെയും മുറിക്കാരുടെയും സമ്മതം ആവശ്യമായിരുന്നു. കരക്കാരുടെ പ്രതിനിധിയായി ഒറ്റപ്ലാക്കൽ പരമേശ്വര പണിക്കരും മുറിക്കാരുടെ പ്രതിനിധി ആയി ഒരീഴവനായ മാക്കൽ കേളനും ഗവണ്‍മെന്റിൽ നിന്നുള്ള അന്വേഷണ കമ്മീഷന്റെ മുമ്പിൽ അനുകൂലമായ മൊഴി കൊടുത്തു. താമസിയാതെ ആവശ്യമായ അനുവാദം ഗവണ്‍മെന്റിൽ നിന്ന് ലഭിക്കുകയും ചെയ്തു. 

ഗവണ്‍മെന്റു ഉദ്യോഗസ്ഥന്മാരെ സമീപിക്കുന്നതിനും കാര്യങ്ങൾ നേടുന്നതിനും മറ്റും അന്ന് ആനിക്കാട്ട് പള്ളി വക സ്കൂളിൽ ഒരദ്ധ്യാപകനായിരുന്ന പള്ളം സ്വദേശി ശ്രീ രാമൻപിള്ള അവർകൾ ചെയ്തിട്ടുള്ള സഹായങ്ങളെ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കട്ടെ. വിവിധ അനുവാദങ്ങൾ വാങ്ങുന്നതിനും മറ്റുമായി അന്ന് ഏതാണ്ട് എഴുപതോളം രൂപ ചെലവായിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റും മുൻകൈ എടുത്തു പ്രവർത്തിച്ച രണ്ടു മൂന്നുപേർ സ്വന്തം കൈയ്യിൽ നിന്നാണ് അന്നത്തെ നിലയ്ക്ക് ഒട്ടും നിസ്സാരമല്ലാത്ത ഈ ചെലവുകൾ നിർവഹിച്ചതെന്ന യാഥാർത്ഥ്യവും കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതാണ്.

പള്ളി ആരംഭിക്കുന്നു: തറക്കല്ലിടീൽ.

പള്ളിപണിക്ക് ആവശ്യമായ അനുവാദങ്ങളെല്ലാം സമ്പാദിച്ചശേഷം 1913 ഒക്ടോബറിലെ ആദ്യ ചൊവ്വാഴ്ച പുതിയ പള്ളിക്ക് തറക്കല്ലിട്ടു. അവിടെ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കുരിശ് വലിയപറമ്പിൽ വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു നിർമ്മിച്ചതായിരുന്നു. പ്രസ്തുത കുരിശ് ആനിക്കാട്ടു പള്ളിയിൽ വെഞ്ചരിക്കുകയും ആഘോഷമായി ചെങ്ങളത്തേയ്ക്ക് കൊണ്ടുപോരുകയും ചെയ്തു.

ആനിക്കാട്ടു പള്ളിയുടെ അന്നത്തെ വികാരി ഫാ. പീലിപ്പോസ് പെരുമ്പഴ പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. തദവസരത്തിൽ ഫാ. ജോസഫ് കൊച്ചയ്യങ്കനാൽ വി. അന്തോനീസിന്റെ അത്ഭുത പ്രവർത്തനങ്ങളെ ആസ്പദമാക്കി ഒരു പ്രസംഗം ചെയ്യുകയും താൻതന്നെ സംഭാവന ചെയ്ത വിശുദ്ധ അന്തോനീസിന്റെ ഒരു രൂപം അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു.

ഒരു തുലാത്തോളം തൂക്കം വരുന്ന ഒരു മണിയും മൂന്നു കതിനാക്കുറ്റികളും ആനിക്കാട്ടു പള്ളിയിൽനിന്നും, ഒൻപത് തിരിയുള്ള ഒരു ഓട്ടു വിളക്ക് വലിയപറമ്പിൽ ചാക്കോ പോത്തനിൽ നിന്നും അന്ന് പള്ളിക്ക് സംഭാവന ലഭിച്ചുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കൂടാതെ അന്നത്തെ ചെലവുകൾക്കായി ഏതാണ്ട് എഴുപതു രൂപയും പന്ത്രണ്ടു പറ അരിയും കൊടുക്കുന്നതിനു മൂന്നു നാലുപേർ തയ്യാറായി എന്നതും വിസ്മരിക്കാവുന്നതല്ല.

കുരിശുപള്ളിയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനു വലിയപറമ്പിൽ വർക്കി പോത്തൻ, തച്ച പറമ്പത്ത് അവിരാ മാത്യു, തുടങ്ങി ഏതാനും പേരെ ആനിക്കാട്ടു പള്ളിയുടെ ബ. വികാരിയച്ചൻ നിയമിച്ചു. അവരുടെയും മറ്റു പലരുടെയും പരിശ്രമത്തിന്റെ ഫലമായി പള്ളിമേട, കുശിനി, കിണർ മുതലായവ താമസിയാതെ ഉണ്ടാക്കുവാൻ കഴിഞ്ഞു. 

തിരുനാൾ ആഘോഷങ്ങൾ .


 തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റിയായി പിന്നീടുള്ള ആലോചന. കല്ലിട്ട തിരുന്നാൾ പിരിവെടുത്തു നടത്തണമെന്നും പ്രസിദേന്തിയായി ഒരാളെ കുറിയിട്ട് തിരഞ്ഞെടുക്കണമെന്നും ഏതാനും പേർകൂടി തീരുമാനിച്ചു. മേലധികാരികളുടെ അനുവാദത്തിനു അപേക്ഷിച്ചതിൽ, പള്ളിക്ക് കല്ലിട്ട ദിവസവും വി.അന്തോനീസിന്റെ തിരുന്നാൾ ദിവസമായ ജൂണ്‍ 13-)0 തിയതിയും കുരിശുപള്ളിയിൽ ദിവ്യബലി അർപ്പിക്കുന്നതിനും ആ ദിവസങ്ങൾ തിരുന്നാളായി ആഘോഷിക്കുന്നതിനും അനുവാദം ലഭിച്ചു. 

ഷെഡ്‌ നേരത്തെതന്നെ നിർമ്മിച്ചിരുന്നതിനാൽ മദ്ബഹായും അൾത്താരയും മറ്റും മാത്രമേ ഉടനെതന്നെ ഉണ്ടാക്കേണ്ട ആവശ്യം നേരിട്ടുള്ളൂ. ചെങ്ങളത്ത് ഒരു പള്ളി പണിയുന്ന ഏറെ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു  പ്രവർത്തിച്ച ആദ്യകാല ട്രസ്ടിമാർ ചെയ്ത മഹത്തായ സേവനം എടുത്തു പറയേണ്ട ചരിത്ര യാഥാർത്ഥ്യങ്ങളാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾക്കും മറ്റുമായി പണിയെടുക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളവരിൽ ചിലരാണ് താഴെപ്പറയുന്നവർ. വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ,  പോത്തൻ അന്തോനി കുറ്റിക്കാട്ട്, തൊമ്മൻ മാത്യൂ മൈലാടിയിൽ, മത്തായി മത്തായി പതിയിൽ, തച്ചപറമ്പത്തു അവിരാ മാത്യു, വലിയപറമ്പിൽ ചാക്കോ മാത്യു, തോട്ടുപുറത്ത് ചാക്കോ കുര്യാക്കോസ്, തോട്ടുപുറത്ത് ചാക്കോ ജോസഫ്, തച്ചപറമ്പത്ത് ഐപ്പ് അവിര, കണികതോട്ട് തൊമ്മൻ തൊമ്മൻ, തുടങ്ങിയവർ. ശ്രീ പോത്തൻ അന്തോനി കുറ്റിക്കാട്ട് പള്ളിപണിയുടെ ഘട്ടത്തിൽ പലതവണ ട്രസ്ടിയായി പ്രവർത്തിച്ചിരുന്നു. അതുപോലെതന്നെ കൊഴുവനാൽ പള്ളി ഇടവകക്കാരനായ താമരശ്ശേരിൽ മാത്യു ആശാൻ ചെയ്തിട്ടുള്ള സഹായങ്ങൾ ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുകയില്ല. 

ആദ്യതിരുന്നാൾ, പ്രസിദേന്തി, മാത്തൂ മേസ്തിരി.

തോട്ടുപുറത്ത് മാത്യു ചാക്കോ ആയിരുന്നു ആദ്യത്തെ തിരുന്നാളിന്റെ പ്രസിദേന്തി. 1914 ഒക്ടോബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അത് ആഘോഷിക്കപ്പെട്ടത്‌. അന്ന് തിരുനാൾ കുർബാന അർപ്പിച്ചത് ഫാ. തോമസ്‌ കൊച്ചയ്യങ്കനാൽ ആയിരുന്നു. വിശുദ്ധ അന്തോനീസിന്റെ ഒരു കൊത്തുരൂപം അന്നേ ദിവസം ആലുങ്കൽത്താഴെ മാണി മാണി എന്നയാൾ പള്ളിക്ക് സംഭാവന ചെയ്തു. കാഞ്ഞിരമറ്റം പള്ളി ഇടവകക്കാരനായ ചേലയ്ക്കൽ മാത്തൂ മേസ്തിരിയാണ് പ്രസ്തുത കൊത്തുരൂപത്തിന്റെ നിർമ്മാതാവ്. പള്ളിക്ക് കല്ലിട്ട അന്ന് മുതൽ മാസം തോറും ആദ്യ ചൊവ്വാഴ്ച്ചകളിൽ വി. അന്തോനീസിനോടുള്ള പ്രാർത്ഥനയും മറ്റു നേർച്ചകളും മുടക്കം കൂടാതെ നടത്തി വരുന്നു.

ചങ്ങനാശ്ശേരിയുടെ മെത്രാൻ മാർ തോമസ്‌ കുര്യാളശ്ശേരി 1917 ഫെബ്രു. 17-ന് ചെങ്ങളം പള്ളി സന്ദർശിച്ചു. അക്കൊല്ലം തന്നെ ഏപ്രിൽ മാസത്തിൽ പള്ളിയിൽ ഒരു സ്ഥിരം വൈദികനെ നിയമിച്ചുകൊണ്ട് കല്പനയുമുണ്ടായി. കൊഴുവനാൽ പള്ളി ഇടവകക്കാരനായ ഫാ. മാത്യു മണിയങ്ങാട്ടാണ് ആദ്യമായി ഈ പള്ളിയിലേയ്ക്ക് വികാരിയായി നിയമിതനായത്. അങ്ങനെ സ്ഥിരം വൈദികനെ കിട്ടുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ നാല് കൊല്ലങ്ങൾക്ക് ശേഷം സഫലമായി. / -

(തുടരും - ധ്രുവദീപ്തി)

-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.