Dienstag, 21. Juli 2015

ധ്രുവദീപ്തി //Church History- Churches in Kerala / വൃദ്ധവിലാപം / ചെങ്ങളം പള്ളി ചരിത്രങ്ങളിലൂടെ-Part-II-

 
(1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന ചെങ്ങളത്തെ  സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും, ഇടവക- രൂപതാധികാരികളും ചേർന്ന് വി.അന്തോനീസിന്റെ പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില ! / വൃദ്ധ വിലാപം).
------------------------------------------------------------------------------ 

കനക ജൂബിലി സന്ദേശം 
Message of Most Rev. Mathew Kavukatt B. A. D. D
Archbishop of Chenganachery,
Archbishop's House, Chenganachery.


Archbishop Mar Mathew Kavukatt .


ചെങ്ങളം സെൻറ് ആന്റണീസ് ദേവാലയത്തിന്റെയും സ്കൂളിന്റെയും കനക ജൂബിലി ആഘോഷിച്ചതിന്റെ സ്മാരകമായി ഒരു ഗ്രന്ഥം പ്രസിദ്ധം ചെയ്യുന്നെന്നറിയുന്നതിൽ സന്തോഷമുണ്ട്. കത്തോലിക്കർക്ക് ദേവാലയവും വിദ്യാലയങ്ങളും ഒരുമിച്ചു പോകുന്ന സ്ഥാപനങ്ങൾ ആണല്ലോ.

അമ്പതു കൊല്ലങ്ങൾക്ക് മുമ്പ് ചെങ്ങളം നിവാസികൾ ദൈവാരാധനയ്ക്കായും അവരുടെ അപേക്ഷകളും ബലികളും ദൈവത്തിന്റെ പക്കൽ സമർപ്പിക്കുന്നതിനായും അത്ഭുത പ്രവർത്തകനായ വിശുദ്ധ   അന്തോനീസിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥാപിക്കുകയും ചെയ്തു. അത് അവരുടെ വിശ്വാസത്തിനു സംരക്ഷണവും വളർച്ചയും ലഭിക്കുവാൻ ഇടയാക്കുകയും ചെയ്തു.
 
കുട്ടികൾക്ക് അക്ഷരാഭ്യാസവും മനോവികാസവും ലഭിക്കുന്നതോടോപ്പം വിശ്വാസത്തെ സജ്ജീവമായി സംരക്ഷിക്കുന്നതിനും ത്യാഗപൂർവ്വം അവർ ഒരു വിദ്യാലയം സ്ഥാപിക്കുകയും അതിനെ ഹൈസ്കൂളാക്കി വളർത്തിയെടു ക്കുകയും ചെയ്തു. ആ വിദ്യാലയത്തിൽനിന്നു പ്രേഷിത ചൈതന്യമുള്ള കുഞ്ഞുങ്ങൾ വൈദികരായും കന്യാസ്ത്രികളായും നാടിന്റെ നാനാഭാഗ ങ്ങളിലും സേവനമനുഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അമ്പതു കൊല്ലങ്ങൾക്ക് മുമ്പ് ഈ സ്ഥാപനങ്ങൾക്കായി പ്രെയത്നിച്ചവരെയും ഇതിന്റെ വളർച്ചയ്ക്കായി ത്യാഗമനുഭവിച്ചവരെയും കൃതജ്ഞതയോടെ നാം അനുസ്മരിക്കുകയും ഈ ഇടവകയ്ക്കും വിദ്യാലയത്തിനും മംഗളങ്ങൾ ആശംസിക്കുകയും ദൈവ ത്തിന്റെ കൃപയും അനുഗ്രഹവും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 
Sd.
മാർ മാത്യൂ കാവുകാട്ട്.
ചങ്ങനാശേരി . അ. രൂ. മെത്രാപ്പോലീത്ത.
07. 02. 1969.

----------------------------------------------------------------------------------------------------------------------------

ചെങ്ങളം പ്രദേശത്തു ഒരു പള്ളി വി. അന്തോ നീസിന്റെ നാമത്തിൽ സ്ഥാപിക്കുവാൻ അന്നത്തെ ചങ്ങനാശ്ശേരി രൂപതാ അധികാരികൾ 1913- ൽ അനുവാദം നല്കി. അതിനുശേഷം തുടർച്ചയായി പള്ളിയുടെ ഭരണനിർവഹണത്തിനായി അവിടെ വികാരിമാരും മാറിമാറി ചുമതലയേറ്റു സേവനം ചെയ്തു തുടങ്ങി. ചെങ്ങളം പള്ളിയെ ഇടവകപ്പള്ളിയാക്കി ഉയർത്തുന്നത് മുതൽ പള്ളിയുടെയും പള്ളിയിലെത്തുന്ന ഓരോ വിശ്വാസികളുടെയും ഇടവകക്കാരുടെയും സഭാപരമായ വിവിധ  ആവശ്യങ്ങളെ ക്രമമായും ശരിയായും നടത്തിക്കൊടുത്ത അന്നത്തെ വികാരിമാരും അസിസ്റ്റന്റ് വികാരിമാരും ട്രസ്റ്റിമാരും ഇടവക ജനങ്ങളും പള്ളിയുടെ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്.

(ഈ ദേവാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെ (1968-69 ) സ്മരണികയിൽ ചരിത്ര നിർമ്മാണ കമ്മിറ്റി കണ്‍വീനർ 
Late ശ്രീ കെ. എ. തോമസ്‌ കുറ്റിക്കാട്ട് എഴുതിയ ലേഖനം .

Late   K. A. Thomas  Kuttikattu
കനകജൂബിലി തുടർച്ച...).ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ

തുടർച്ച .

 

ചെങ്ങളം പള്ളിയുടെ ആദ്യകാല വികാരിമാർ. 

                                       റവ. ഫാ.  മത്തായി  മണിയങ്ങാട്ട്.

വിവിധ കാലഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം അദ്ദേഹം ചെങ്ങളം പള്ളിയുടെ വികാരിയായിരുന്നിട്ടുണ്ട്. 1917 ഏപ്രിൽ മുതൽ മൂന്നര മാസ്സക്കാലവും 1919 മേയ് മുതൽ 1920 ജൂണ്‍ വരെയും 1942 മുതൽ 1945 മെയ് വരെയും അദ്ദേഹം വികാരിയായിരുന്നു. അദ്ദേഹം ആദ്യമായി ചെങ്ങളത്തു നിയമിതനായപ്പോൾ പള്ളി ഇടവകപ്പള്ളി ആയിരുന്നില്ല. ഇടവകപ്പള്ളി ആക്കുന്നതിനുവേണ്ടി അദ്ദേഹം തീവ്രമായി പരിശ്രമിച്ചു. അക്കാലത്താണ് ശവക്കോട്ട ഇവിടെ പണിയപ്പെട്ടത്‌. അദ്ദേഹം സ്ഥലം മാറിപ്പോയതിനു ശേഷമാണ് പള്ളി ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടത്.

Fr. Mathai Maniyangatt

അദ്ദേഹത്തിൻറെ ഭരണത്തിന്റെ രണ്ടാം കാലഘട്ടം ചെങ്ങളം പള്ളിയെ സംബന്ധിച്ചിടത്തോളം അവിസ്മര ണീയ നാളുകളായി രുന്നു. വി.അന്തോനീ  സിന്റെ മാദ്ധ്യസ്ഥത്താൽ തീരാവ്യാധികൾ വിട്ടുമാറുന്നതായും അതുപോലെതന്നെ  മറ്റനേകം അത്ഭുതസിദ്ധികൾ ലഭിക്കുന്നതുമായുള്ള വാർത്ത ഏതാണ്ട് കേരളത്തിൽ എമ്പാടും   പരന്നു കഴിഞ്ഞിരുന്നു. ജാതിമത
ഭേദമെന്യേ ആയിരക്കണക്കിന് ആളുകൾ ചെങ്ങളത്തേയ്ക്ക് പ്രവഹിച്ചു തുടങ്ങി. വന്നുകൂടുന്ന ആളുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിൽ വികാരിയച്ചൻ ശുഷ്ക്കാന്തി പ്രകടിപ്പിരുന്നു. ഏതാനും ചൊവ്വാഴ്ചകളിൽ തുടർച്ചയായി വി.അന്തോനീസിന്റെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കണം എന്നതായിരുന്നു നിർദ്ദേശങ്ങളിൽ ഒന്ന്. പ്രാർത്ഥന നടത്തേണ്ട ദിവസത്തിന്റെ എണ്ണം മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലായിരുന്നു അവരോട്  നിർദ്ദേശിക്കപ്പെട്ടിരുന്നത്.

അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ അനുസരിച്ച് പെരുമാറിയിട്ടുള്ള പല രോഗി കളും പൂർണ്ണ സുഖം പ്രാപിച്ച് ക്രുതാർത്ഥരായി തിരിച്ചുപോയിട്ടുള്ള സംഭ വങ്ങൾ ഇന്നും പലരും അനുസ്മരിക്കുന്നുണ്ട്‌. രോഗശാന്തിയുടെ രീതി ഏതാണ്ട് താഴെ പറയുന്നതുപോലെയായിരുന്നു.

രോഗികൾ വിശുദ്ധന്റെ രൂപത്തിന് മുമ്പിൽ വന്നു പ്രാർത്ഥിക്കുന്നു. പ്രാർത്ഥന യ്ക്കിടയിൽ പെട്ടെന്ന് അവരിൽ ഭാവഭേദമുണ്ടാകുകയും അവർ തുള്ളിച്ചാടി ഒച്ചപ്പാട് ഉണ്ടാക്കുന്നതിനു ആരംഭിക്കുകയും ചെയ്യും. ഏതാണ്ട് ഭ്രാന്തിളകിയ ആളുകൾ ചെയ്യുന്നതുപോലെയുള്ള പെരുമാറ്റങ്ങൾ. തുള്ളലിനിടയ്ക്ക് പെട്ടെന്നവർ ബോധരഹിതരായി നിലംപതിക്കുന്നു. പിന്നീട് ബോധം തെളിയു മ്പോൾ രോഗി പരിപൂർണ്ണ സുഖം പ്രാപിച്ചിരിക്കും. എത്ര ബഹളമുണ്ടാക്കുന്ന രോഗികളായാലും ബ. വികാരിയച്ചന്റെ സാന്നിദ്ധ്യത്തിൽ നിശബ്ധത പാലിക്കു കയും അദ്ദേഹത്തിൻറെ നിർദ്ദേശങ്ങളെ അനുസരിക്കുകയും ചെയ്തിരുന്നു.

പള്ളിപണി നടന്നുകൊണ്ടിരുന്ന അവസരത്തിൽ തലവേദനയുടെ ശാന്തി തീർത്ഥാടകർ നേർച്ചയായി വെട്ടുകല്ല് ചുമന്നു കൊണ്ടുവരുക പതിവായി. ഇങ്ങനെ കൊണ്ടുവരപ്പെട്ട കല്ലുകളാണ് പണിക്കു ഉപയോഗിച്ചവയിൽ നല്ല പങ്കുമെന്നു പറയാം. പള്ളിപണിക്ക് വേണ്ടി തങ്ങൾ കല്ല്‌ ചുമന്നിട്ടുള്ള വിവരം പള്ളിയുടെ ജൂബിലിയുടെ അവസരത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത തിരുമേനിയും പാലാമെത്രാൻ തിരുമേനിയും ചാരിതാർത്ഥ്യത്തോടെ അനുസ്മരിക്കുകയുണ്ടായി.

പള്ളിക്കുവേണ്ടി അഞ്ചേക്കർ സ്ഥലവും രണ്ടു വെള്ളിക്കുരിശും വാങ്ങിയതും ഇടവകയുടെ വടക്കെ അതിർത്തിയിൽ ഒരു കപ്പേള സ്ഥാപിച്ചതും, മാത്രമല്ല ചെങ്ങളം - കൂരാലി റോഡ്‌ വിസ്താരപ്പെടുത്തിക്കൊണ്ട് വാഹനസഞ്ചാര യോഗ്യമാക്കിത്തീർത്തതും ഈ കാലയളവിലാണ്.

മൂന്നാം പ്രാവശ്യം വികാരിയായി വന്നപ്പോഴേയ്ക്കും വാർദ്ധക്യം അദ്ദേഹത്തെ ബാധിച്ചിരുന്നു. എന്നിരിക്കലും ഇടവകയുടെ എല്ലാവിധ അഭിവ്രുത്തിക്കു വേണ്ടി പലകാര്യങ്ങളും അദ്ദേഹം ചെയ്തു. പള്ളിപ്പുരയിടത്തിലെ ദേഹണ്ഡ ങ്ങൾ അഭിവ്രുത്തിപ്പെടുത്തുക, പള്ളിമുറ്റം ഭിത്തികെട്ടി വൃത്തിയാക്കുക, പള്ളിയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാന്തം ഇടുവിക്കുക തുടങ്ങിയ കാര്യ ങ്ങൾ ഈയവസരത്തിലാണ് അദ്ദേഹം നിർവ്വഹിച്ചത്‌. 

ഇടവകപ്പള്ളിയാകുന്നു.

 

 ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു 
തകർത്തു.

റവ.ഫാ. മാത്യൂ വടാന വികാരിയായിവന്നശേഷം അധികം കഴിയുന്നതിനു മുമ്പ്, 1917 നവംബറിൽ ചെങ്ങളംപള്ളി ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടു. വി. അന്തോനീസിന്റെ മാധ്യസ്ത്ഥം മൂലമുള്ള അത്ഭുത രോഗശാന്തികൾ തുടർന്ന്, പ്രസിദ്ധവുമായി. തന്മൂലം പള്ളിയിലെ നേർച്ച വരവ് ക്രമേണ വർദ്ധിച്ചു വന്നു. ദേവാലയം പുതുക്കിപ്പണിയുന്ന കാര്യ ത്തിലേയ്ക്കാണ് പുതിയ വികാരിയുടെ യും ശ്രദ്ധ  പ്രധാനമായും തിരിഞ്ഞത്. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും ഇദ്ദേഹത്തിന്റെ കാലത്ത് തന്നെ പണിയ പ്പെട്ടുവെന്നു പറയാം. ഇടവകയുടെ തെക്കേ അതിർത്തിയിൽ ഒരു കപ്പേള പണിയിച്ചതും ഇദ്ദേഹമാണ്. ഇതു വരെയും സ്ഥലം പ്രൈമറിസ്കൂളിന്റെ മാനേജർ വലിയപറമ്പിൽ വർക്കി പോത്തൻ ആയിരുന്നു. ആ അവകാശം ബ. വാടാനയച്ചൻ പള്ളി വികാരിയുടെ പേരിലാക്കി വാങ്ങുകയും സ്കൂളിന്റെ ബഹുമുഖമായ ആവശ്യത്തിലേ യ്ക്കായി ഒരു ചെറിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

പള്ളി നിർമ്മാണത്തിന്റെ ഭാരവാഹികളായിരുന്നവർ.

വിശുദ്ധ സെബസ്ത്യാനോസിന്റെ ഒരു കൊത്തുരൂപം പാറാന്തോട്ട് തൊമ്മൻ തൊമ്മൻ പള്ളിക്ക് ദാനം ചെയ്തത് ഈ കാലയളവിലാണ്. തണ്ണിപ്പാറ കിഴക്ക് കുരുവിള മത്തായി ഈ കാലത്ത് പ്രതിഫലം കൂടാതെ പള്ളിക്കണക്കുകൾ എഴുതിയിരുന്നുവെന്നതും പ്രസ്താവ്യമാണ്.  1917 -1920 കാലഘട്ടത്തിൽ ട്രസ്ടിമാരായിരുന്നവർ പോത്തൻ അന്തോനി കുറ്റിക്കാട്ട്, ചാക്കോ ദേവസ്യ വലിയപറമ്പിൽ, വർക്കി പോത്തൻ വലിയ പറമ്പിൽകരോട്ട്, തൊമ്മൻ മാത്യൂ മൈലാടിയിൽ, ചാക്കോ മാത്യൂ വലിയ പറമ്പിൽതെക്ക്, മത്തായി മത്തായി പതിയിൽ എന്നിവരായിരുന്നു. ഇവരെല്ലാം പള്ളിപണിയുടെ പ്രധാന ഭാര വാഹികളും ആയിരുന്നു.

വികാരിമാരും പ്രവർത്തനങ്ങളും

1920 -മുതൽ 1924 വരെ റവ. ഫാ. എബ്രാഹം കൈപ്പൻപ്ലാക്കൽ ആയിരുന്നു ചെങ്ങളം പള്ളിയുടെ വികാരിയായത്. ഫ്രാൻസിസ്കൻ മൂന്നാം സഭാ പ്രവർ ത്തകനും മെത്രാൻ കച്ചേരിയിൽ ആലോചനക്കാരനും ആയിരുന്ന ഇദ്ദേഹം ഒരു എഴുത്തുകാരൻ എന്ന നിലയിൽ പ്രസിദ്ധനായിരുന്നു. തന്മൂലം വിദ്യാഭ്യാസ കാര്യത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ നൽകി. ചെങ്ങളം സ്കൂളിൽ നാലും അഞ്ചും ക്ലാസുകൾ നടത്തുന്നതിനു അനുവാദം വാങ്ങിയതും പഴയ സ്കൂൾ കെട്ടിടം പൊളിച്ച് കുരിശുംതൊട്ടിക്ക് അഭിമുഖമായി പുതുതായി പണിയിച്ച തും ഇദ്ദേഹമായിരുന്നു. അദ്ദേഹം ഇടവകയിൽ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ ഒരു ശാഖയും കത്തോലിക്കാ യുവജനസംഘം എന്നൊരു പുതിയ സംഘടനയും സ്ഥാപിച്ചു.

ആനിക്കാട് ഇടവകയുമായുള്ള അതിർത്തി തർക്കം തീർത്തതും ചെങ്ങളം പള്ളിക്ക് ഒൻപത് ഏക്കറോളം സ്ഥലം വാങ്ങിച്ചതും പള്ളിപ്പറമ്പിൽ തെങ്ങ് മുതലായവ കൃഷി ചെയ്യിച്ചതും അദ്ദേഹം തന്നെ. ചെങ്ങളത്ത് ആദ്യമായി ഒരു "അഞ്ചൽ പെട്ടി " പള്ളിമേടയിൽ സ്ഥാപിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിലും വി.അന്തോനീസിന്റെ അത്ഭുത രോഗശാന്തി തുടർന്ന് കൊണ്ടിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ.

ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിനു ശേഷം 1924 ഏപ്രിൽ മുതൽ 1928 നവംബർ വരെ ബ. ഫാ. സ്കറിയ തൈയ്യിൽ വികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തും പള്ളിപണി വളരെയധികം പുരോഗമിച്ചു. മദ്ബഹായുടെ പണി സംബന്ധിച്ചുണ്ടായിരുന്ന ചില അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം വളരെ നയപരമായി പറഞ്ഞു തീർക്കുകയും മദ്ബഹായുടെ പണി പൂർത്തിയാക്കി അൾത്താര പണികഴിപ്പിക്കുകയും ചെയ്തു. പുതിയ അൾത്താരയിൽ ദിവ്യ ബലി അർപ്പിക്കുന്നതിനുള്ള അനുവാദവും അദ്ദേഹം വാങ്ങി. അതേത്തുടർന്ന് പള്ളിയുടെ മുഖവാരത്തിന്റെ പണിക്ക് അദ്ദേഹം തുടക്കമിട്ടു. പ്രൈമറി  സ്കൂൾ കെട്ടിടത്തിന്റെ തെക്കോട്ടുള്ള നീണ്ട ഹാൾ പണിയിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. ഈയവസരത്തിൽ ഇടവകയിൽ എങ്ങനെയോ കക്ഷി വഴക്കുകൾ വർദ്ധിച്ചു.അവ അവസാനിക്കുന്നതിനു മുമ്പ്തന്നെ സ്ഥലംമാറ്റം കിട്ടി അദ്ദേഹം ചെങ്ങളത്തോട് യാത്ര പറഞ്ഞു പിരിഞ്ഞു.

കാഞ്ഞിരപ്പള്ളി ഫൊറോനായുടെ വികാരിയായിരിക്കെയാണ് റവ.ഫാ. ജോസഫ് ചക്കാലയിൽ (1928-മുതൽ 1931 വരെ) ഫാ. തൈയ്യിലിനു പകരം സ്ഥലം മാറ്റം കിട്ടി ചെങ്ങളം പള്ളിയുടെ വികാരിയായി ചാർജെടുത്തത്. പ്രഗത്ഭനും പണ്ഡിതനും ആയിരുന്നു, അദ്ദേഹം. എങ്കിലും അദ്ദേഹത്തിൻറെ ഭരണകാലം ഇടവകയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടോ എന്ന് പറയേണ്ടതുണ്ട്, സമാധാന പൂർണ്ണമായിരുന്നില്ല. പല നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നത് ഇവിടെ വിസ്മരിക്കാനാവില്ല. പള്ളിവക സ്വർണ്ണ ഉരുപ്പടികൾ വിറ്റ് പള്ളിയുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയതും സ്വർണ്ണം പൂശിയ ഒരു കുരിശു തീർപ്പിച്ചതും വി. അന്തോനീസിന്റെ ഒരു വലിയ രൂപം വാങ്ങിയതും പള്ളിക്കകം മുഴുവൻ സിമിന്റിട്ടതും ഇദ്ദേഹമാ യിരുന്നു. വലിയപറമ്പിൽ ചാക്കോ പോത്തൻ ഒരു വെള്ളിക്കുരിശു ദാനം ചെയ്തത് ഇദ്ദേഹത്തിന്റെ കാലത്താണ്.

ചെങ്ങളത്തിന്റെ വികസനം.

ആദ്യമായി ഇടവകയിലെ കക്ഷിവഴക്കുകൾ അവസാനിപ്പിച്ച് ശാന്തിയും സമാധാനവും കൈവരുത്തുന്നതിനാണ് വികാരിയായി ചാർജെടുത്ത റവ. ഫാ. ജോണ്‍ പൊറ്റേടം  പരിശ്രമിച്ചത്. ശാന്തഗംഭീരനും ഭരണ മികവുമുള്ള അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. 1931 മാർച്ച് മുതൽ 1935 ഡിസംബർ വരെ അദ്ദേഹം വികാരിയായി സേവനം ചെയ്തു. തികഞ്ഞ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ കൂടിയായിരുന്നു, അദ്ദേഹം. പ്രൈമറി സ്കൂൾ അറ്റകുറ്റപ്പണികൾ ചെയ്യിച്ചു മനോഹരമാക്കി. പള്ളിമൈതാനത്തിനു വടക്ക് വശത്തായി മിഡിൽ സ്കൂളിന്റെ ആവശ്യത്തിലേയ്ക്ക് മനോഹരമായ ഒരു കെട്ടിടം കരിങ്കല്ലു കൊണ്ട് പണി കഴിപ്പിച്ചു. കുന്നുംകുഴിയും പിടിച്ചുകിടന്നിരുന്ന പള്ളിപ്പരിസര ങ്ങൾ ഇടവകക്കാരെ സംഘടിപ്പിച്ചു മനോഹരമായ ഒരു മൈതാനമാക്കിത്തീർ ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പള്ളിയുടെ ജനലുകൾപെയിന്റടിപ്പിച്ചും മറ്റു ചിത്രവേലകൾ ചെയ്യിച്ചും പള്ളി മനോഹരമാക്കിത്തീർത്തു. ചെങ്ങളം വഴി കൂരാലി- മുത്തോലി റോഡ്‌ വിശാലമായി വെട്ടി തുറക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു. അതിലേറെ ജനശ്രദ്ധ നേടിയത് ചെങ്ങളത്ത് ഒരു "അഞ്ചൽ ആഫീസ്" (പോസ്റ്റ്‌ ഓഫീസ്) സ്ഥാപിച്ചത് അദ്ദേഹ മായിരുന്നുവെന്നതാണ്.

വി.അന്തോനീസിന്റെ സപ്തശതവാർഷികം ആഢംബരപൂർവ്വം ആഘോഷി ക്കുന്നതിൽ ബ. ഫാ. പൊറ്റേടം കാണിച്ച ശുഷ്കാന്തി അവിസ്മരണീയമാണ്. അന്ന് പൊന്തിഫിക്കൽ കുർബാന അർപ്പിച്ചതും ദിവ്യകാരുണ്യപ്രദക്ഷിണം നടത്തിയതും ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ ജയിംസ് കാളാശേരി തിരുമേനിയായിരുന്നു. അന്നത്തെ ആഘോഷങ്ങളോ ടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം രൂപതയൊട്ടുക്കുള്ള മൂന്നാം സഭക്കാരുടെ വിശേഷാൽ സമ്മേളനം എന്നിവ എടുത്തു പറയത്താക്ക സംഭവങ്ങൾ ആയിരുന്നു.

കൃഷികാര്യങ്ങളിലും പരിസ്ഥിതി സംരക്ഷണ കാര്യത്തിലും അദ്ദേഹം അതീവ തല്പ്പരനായിരുന്നു. കമ്പോസ്റ്റ് വളങ്ങളുടെ നിർമ്മാണോപയോഗങ്ങൾ പ്രവർ ത്തന രീതി എന്നിവ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുവാൻ അദ്ദേഹം ശ്രമിച്ചി രുന്നു. പള്ളിവക സ്ഥലത്ത് സാമാന്യം ഭേദപ്പെട്ട ഒരു തെങ്ങിൻതോപ്പു വച്ചു പിടിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻറെ പരിശ്രമത്തിന്റെയും ദീർഘവീ ക്ഷണത്തിന്റെയും സ്മാരകമായി ഇന്നും അവ പള്ളിപ്പറമ്പിൽ വളർന്നു നില്ക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയെന്ന പ്രധാനപ്പെട്ട കാര്യത്തിലാണ് 1936 മുതൽ 1939 വരെ ചെങ്ങളം പള്ളി വികാരിയായിരുന്ന റവ.ഫാ. മാത്യൂ വഴുതനപ്പള്ളിയുടെ ശ്രദ്ധ പ്രമുഖമായി പതിഞ്ഞത്. ചെങ്ങള ത്തു സ്ഥാപിക്കപ്പെട്ടിരുന്ന അഞ്ചലാഫീസിനു സമീപത്ത് തെക്കുവടക്കായി ബലവത്തും മനോഹരവുമായ ഒരു സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതോടെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ വർദ്ധിച്ചു. ( ഇപ്പോൾ ഈ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റപ്പെട്ടു മറ്റാവശ്യങ്ങൾക്കായി അവിടെ കെട്ടിടമുണ്ടാക്കി.) ആനിക്കാട്, കാഞ്ഞിരമറ്റം, ഇളങ്ങുളം, ചെങ്ങളം എന്നീ ഇടവകകൾ സംഘടിച്ച് ചെങ്ങളത്തുവച്ചു 1939- ൽ രാജത്വത്തിരുന്നാൽ റവ. ഫാ. പ്ലാസിഡിന്റെ അദ്ധ്യ ക്ഷതയിൽ മതസമ്മേളനം നടന്നതും അവിസ്മരണീയ സംഭവമായിരുന്നു. ഈ കാലയളവിൽ തന്നെയാണ് ചെങ്ങളത്ത് പ്രസിദ്ധമായി അറിയപ്പെട്ട "ചന്ത" (മാർക്കറ്റ്) സ്ഥാപിതമാകുന്നതും.

റോഡുഗതാഗത വികസനം
 
ഒരു തികഞ്ഞ സാമൂഹ്യ പ്രവർത്തകനായിരുന്നു റവ. ഫാ. ജോസഫ് കോയിത്ര. 1940 മുതൽ 1942 വരെ അദ്ദേഹം വികാരിയായി സേവനം ചെയ്തു. സ്ഥലത്തെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലുണ്ടായ അദ്ദേഹത്തിൻറെ പ്രവർത്തനഫലമാണ് ചെങ്ങളം-പൈക റോഡ്‌, ചെങ്ങളം- ഇളമ്പള്ളി, ചെങ്ങളം-ആനിക്കാട്, ചെങ്ങളം-പള്ളിക്കത്തോട് എന്നീ റോഡുകൾ നിർമ്മിക്കപ്പെട്ടത്. ഇടവകയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി ഇടവകയെ 12 വാർഡുക ളായി തിരിച്ചത് അദ്ദേഹമായിരുന്നു. ഈ വിഭജനം പിൽക്കാലത്ത് പ്രവർത്തന ങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.

1942 മുതൽ വീണ്ടും ചെങ്ങളം പള്ളിയുടെ പ്രഥമ വികാരിയായിരുന്ന റവ. ഫാ. മത്തായി  മണിയങ്ങാട്ട് വികാരിയായി 1945 മേയ് വരെ സേവനം ചെയ്തു. വാർദ്ധ ക്യ കാലം ചെങ്ങളത്ത് വീണ്ടും സ്തുത്യർഹമായ സേവനമാണ് അദ്ദേഹം നടത്തിയത്.

അദ്ദേഹത്തിനുശേഷം വികാരിയായി വന്നത് റവ.ഫാ. മാമ്മൻ കൂട്ടുമ്മേൽ ആയിരുന്നു. പുതിയ പ്രവർത്തനങ്ങളിൽ സജ്ജീവമായി അദ്ദേഹം എർപ്പെട്ടി ല്ലെങ്കിലും നിലവിലിരുന്ന മിഡിൽ സ്കൂൾ സണ്‍ഡേസ്കൂൾ എന്നിവയിലെ അദ്ധ്യയനരീതികൾ മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെതന്നെ പള്ളിപ്പുരയിടത്തിലെ ദേഹണ്ഡങ്ങൾ എല്ലാം മെച്ചപ്പെടുത്തുന്ന കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.

ചെങ്ങളം ആദ്ധ്യാത്മിക വളർച്ചയിൽ 

1948 ജനുവരി മുതൽ 1949 ഒക്ടോബർ വരെ ചെങ്ങളത്തു വികാരിയായി സേവനം ചെയ്ത റവ .ഫാ. തോമസ്‌ പ്ലാക്കാട്ട് ഇടവകജനങ്ങളുടെ ആദ്ധ്യാത്മിക അഭിവൃത്തിക്കുവേണ്ടി ധാരാളം കാര്യങ്ങൾ തുടങ്ങി. ഇടവകയിലെ കക്ഷി വഴക്കുകൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഇടവകയിൽ ഉണ്ടായിയെങ്കിലും നയതന്ത്രപരമായി അവയെല്ലാം നിയന്ത്രിച്ച്‌ സമാധാനവും സംതൃപ്തിയും കൈവരുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. കക്ഷിരഹിതനായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ വിദഗ്ദ്ധ്യത്തെ കൃതജ്ഞതയോടെ ഇടവകക്കാർ സ്മരിക്കുന്നു.

റവ.ഫാ. ജോസഫ് കൂടത്തിനാൽ 1949 മുതൽ 1951 വരെ ചെങ്ങളത്തു പള്ളി വികാരിയായിരുന്നു. സ്വതേ ശാന്തനായിരുന്ന അദ്ദേഹവും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കാണ് മുൻ‌തൂക്കം നല്കിയത്. ഇടവക ജനങ്ങളുടെ സമ്പൂർണ്ണ സഹകരണം നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഈ കൂട്ടായ സഹകരണം മൂലം അന്നുണ്ടായിരുന്ന മിഡിൽ സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു.


റവ.ഫാ.ജേക്കബ് കാഞ്ഞിരത്തിനാൽ 


റവ.ഫാ.ജേക്കബ് കാഞ്ഞിരത്തിനാൽ 1951 മുതൽ 1957 വരെ
ചെങ്ങളം പള്ളി വികാരിയായിരുന്നു. അദ്ദേഹത്തിൻറെ സേവനകാലം ചെങ്ങളം ഇടവകയെ സംബന്ധിച്ചിടത്തോളം തികച്ചും ആദ്ധ്യാത്മിക വിപ്ലവത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ഇടവകയിൽ മിഷൻലീഗ് സ്ഥാപിച്ചതും അതിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടൻ ആയിരുന്ന ചങ്ങനാശ്ശേരി മെത്രാൻ തിരുമേനിയുടെ അഭിനന്ദനങ്ങൾക്ക് പാത്രമാകത്തക്ക വിധം അതിനെ വളർത്തിയെടുത്തതും അദ്ദേഹമായിരുന്നു. ഈ കാലയളവിൽ ഇവിടെയുണ്ടായ ദൈവവിളി വർദ്ധനവിന് മിഷൻലീഗ് വളരെയധികം സഹായിച്ചിട്ടുണ്ടെന്നത് അവിതർക്കിത മാണ്. ബഹു. വികാരിയുടെ മാതൃകാ പരമായ ജീവിതവും സദ് ഉപ  ദേശങ്ങളും അതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്നും  ഈ ഇടവകയിൽപ്പെട്ട അന്നത്തെ അനേകം യുവതീ യുവാക്കന്മാർ ഇന്ത്യയിൽ പല ഭാഗത്തും ഇന്ത്യയ്ക്ക് വെളിയിലും പ്രേഷിത വേലകൾ ചെയ്യുന്നുണ്ട്. ഇത് അദ്ദേഹത്തിൻറെ വ്യക്തിനന്മയുടെ ആധാര അടയാളമായി നമുക്ക് കാണാൻ കഴിയും. ആദ്ധ്യാത്മികത മാത്രമല്ല, സ്ഥലത്തെ വിദ്യാഭ്യാസ സൗകര്യം വർദ്ധിപ്പിക്കുവാൻ ഹൈസ്കൂൾ കെട്ടിടത്തിനു വേണ്ടി ആദ്യത്തെ നില പണി കഴിപ്പിച്ചതും അദ്ദേഹമായിരുന്നു.

റവ.ഫാ. ജോസഫ് ഓണംകുളം 1957 ജനുവരി മുതൽ 1958 മേയ് വരെ പതിനാറു മാസ്സങ്ങൾ വികാരിയായിരുന്നു. പണ്ഢിതനും ഭക്തനുമായ ഇദ്ദേഹത്തെ ഒരു യഥാർത്ഥ സിദ്ധനായാണ് അക്രൈസ്തവർ പോലും കരുതുക. ഇതിനാൽ വിവിധ അവശതകൾ അനുഭവിക്കുന്നവർ ഇദ്ദേഹത്തെ സമീപിച്ചു ഉപദേശ ങ്ങൾ സ്വീകരിക്കുക പതിവായിരുന്നു. അവർ അങ്ങനെ ആശ്വാസം പ്രാപിക്കു കയും ചെയ്തിരുന്നു. രോഗികളും തങ്ങളുടെ വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ട വരും മറ്റുമായിരുന്നു അവരിൽ അധികമാളുകളും. ഇദ്ദേഹത്തിന്റെ നിർദ്ദേ ശാനുസരണം പള്ളിയിൽ പ്രാർത്ഥിക്കുകയും മറ്റും ചെയ്തു ഉദ്ദിഷ്ഠ കാര്യങ്ങ ൾ സാധിച്ചു പലരും സംതൃപ്തി നേടിയിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. സ്ഥലത്തെ ഹൈസ്കൂൾ കെട്ടിടത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും രണ്ടാം നില പൂർത്തിയാക്കുന്നതിനും വേണ്ടി ഇദ്ദേഹം സഹിച്ചിട്ടുള്ള ത്യാഗ ങ്ങൾ കൃതജ്ഞതയോടെ മാത്രമേ ഓർമ്മിക്കുവാൻ കഴിയൂ. ഇദ്ദേഹത്തിന്റെ കാലത്തും ചെങ്ങളത്തെ നിരവധി യുവതീ യുവാക്കൾ പ്രേഷിതവേലയ്ക്കായി മിഷൻ രംഗങ്ങളിലേയ്ക്ക് പോയിരുന്നു.

ബ .ഓണംകുളത്തച്ചന്റെ സ്ഥലം മാറ്റത്തിനുശേഷം പുതിയ വികാരി സ്ഥാന മേറ്റെടുക്കുന്നതിനു മുൻപായി രണ്ടുമൂന്നു മാസ്സങ്ങളോളം സ്ഥലത്തെ ഹെഡ് മാസ്റ്റർ കൂടിയായിരുന്ന ഫാ. എബ്രാഹം നെടുംതകിടി വികാരിയായും പ്രവർത്തിച്ചു. 

റവ .ഫാ. ലൂക്ക് മണിയങ്ങാട്ട്റവ. ഫാ. ലൂക്ക് മണിയങ്ങാട്ട്.


ചെങ്ങളം ഇടവകയിൽ ഏറ്റവും കൂടിയ കാലയളവിൽ വികാരിയായി മഹത്തായ സേവനം ചെയ്ത ജനപ്രിയനായ വൈദികനായിരുന്നു, ഫാ.ലൂക്ക് മണിയങ്ങാട്ട്. 1958 മുതൽ 1971 വരെ ചെങ്ങളം ഇടവക വികാരിയായിരുന്നു. ശാന്തസ്വഭാവം, ആകർഷകമായ പെരുമാറ്റം വിനയപൂർണ്ണവും ആദർശപരവുമായ ജീവിതം, അടിയുറച്ച ദൈവവിശ്വാസം, വിജയത്തിൽ ഒട്ടും അഹങ്കരിക്കാത്ത സ്വഭാവത്തിന് ഉടമ, അതിലുപരി സേവനസന്നദ്ധത ഇടവകജനങ്ങളെയെല്ലാം ഒരേ ചരടിൽ  കോർത്തിണക്കുന്നതിനു വേണ്ടിയ നയചാതുര്യം ഇത്രയുമായാൽ ബ. മണിയങ്ങാട്ട് അച്ചന്റെ ഏകദേശ രൂപമായി.  ചെങ്ങളം ഇടവകയുടെ സമുദ്ധാരണാർത്ഥം അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങൾ നിരവധിയാണ്. 

പ്രൈമറി സ്കൂൾ കെട്ടിടം പഴകി ജീർണ്ണിച്ച് ഉപയോഗയോഗ്യമല്ലാതായപ്പോൾ ഇടവക അംഗങ്ങളെ സംഘടിപ്പിച്ചു ചുരുങ്ങിയ കാലംകൊണ്ട് പുതിയതൊന്നു പണി കഴിപ്പിക്കുവാൻ അദ്ദേഹം നേതൃത്വം നല്കി. പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം ഹൈസ്കൂളിനുള്ള കളിസ്ഥലമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. പള്ളിപ്പുരയിടത്തോട് ചേർന്ന് കിടന്നിരുന്ന റബർ തോട്ടം വിലയ്ക്ക് വാങ്ങി ശാസ്ത്രീയമായി അവിടെ റബർ റീ പ്ലാന്റെഷൻ നടത്തിച്ചത് അദ്ദേഹ മായിരുന്നു. കൂടാതെ ഇന്നും കാണപ്പെട്ടിരുന്ന പള്ളിയുടെ ചുറ്റു മതിലുകൾ, പുതിയ വൈദിക മന്ദിരം ഇവയെല്ലാം തീർത്ത്‌ രൂപതാ മെത്രാന്റെ അഭിനന്ദന വും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തെ ഇക്കാര്യത്തിലെല്ലാം അന്ന് സഹായി ച്ച അന്തോനി അന്തോനി കുറ്റിക്കാട്ട്, ദുമ്മിനി കുര്യാക്കോസ് കൊച്ചുപറമ്പിൽ തുടങ്ങിയ നിരവധി പള്ളി ട്രസ്റ്റിമാരുടെ സേവനം ഒരിക്കലും വിസ്മരിക്കാനാ വില്ല.

പള്ളിയുടെയും സ്കൂളിന്റെയും കനക ജൂബിലി ആഘോഷപൂർവം നടത്തു വാനിടയായത് അദ്ദേഹത്തിൻറെ മികവുറ്റ നേതൃത്വം കൊണ്ടുതന്നെ യായിരു ന്നെന്നു പറയേണ്ടിയിരിക്കുന്നു. ജൂബിലിയോടനുബന്ധിച്ചു ഒരു സ്മരിണിക കൂടി പ്രസിദ്ധീകരിക്കുവാൻ അദ്ദേഹം എന്നോടൊപ്പം താൽപ്പര്യപൂർവ്വം സഹ കരിച്ചുവെന്നത് എടുത്തുപറയത്തക്കതു തന്നെ. 

അതുപോലെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങൾ മെച്ചപ്പെടുത്തു വാൻ സവിശേഷമായ ശദ്ധ നല്കി. ആവശ്യമായ സ്കൂൾ ഉപകരണങ്ങൾ വാങ്ങുന്നതിലും സ്കൂൾ കെട്ടിടവും പരിസരങ്ങളും നന്നാക്കുന്ന കാര്യങ്ങളി ലും പൊതുവെ സ്കൂളിന്റെ സര്‍വതോത്മുഖമായ അഭിവ്രുത്തിയിലും പ്രശസ്തിയിലും അദ്ദേഹം വഹിച്ചിരുന്ന പങ്കു ചരിത്രത്തിനു മായ്ക്കുവാനാ വില്ല. 

ഇടവകയുടെ എല്ലാവിധ വികസനപ്രവർത്തനത്തിലും ചെങ്ങളം പള്ളിയിൽ വികാരിമാരോടൊപ്പം സഹകരിച്ചു സഹായസേവനം ചെയ്തിട്ടുള്ള അനേകം അസിസ്റ്റന്റു വികാരിമാരുടെ നിശബ്ദ സേവനം ഏറെ പ്രശംസനീയവും മാത്രു കാപരവുമായിരുന്നു. ഇടവകയുടെ അവശ ക്രൈസ്തവ വിഭാഗത്തിന്റെ ഉന്നമനം ലാക്കാക്കിയുള്ള പ്രവർത്തനങ്ങൾ, ഇടവകയിൽ ഭക്തസംഘടനകൾ വളർത്തിയെടുക്കുവാനുള്ള പരിശ്രമങ്ങൾ, യുവജനങ്ങളെ സംഘടിപ്പിച്ചു, അവരുടെ സാംസ്കാരിക ആദ്ധ്യാത്മിക അഭിവ്രുത്തിക്ക് വേണ്ട ശ്രമങ്ങൾ ,സണ്‍ഡെസ്കൂൾ കാര്യക്ഷമമായി നടത്തുവാനുള്ള പദ്ധതികൾ ഇങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ സേവനം ചെയ്ത അസിസ്റ്റന്റു വികാരിമാർ ചെയ്ത മഹാത്തായ കാര്യങ്ങളാണ്. 

ജൂബിലിആഘോഷങ്ങൾ ഒരു പുതുമയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആരംഭി ച്ച സംഭവങ്ങളാണ്. ദൈവമാണ് അതിന്റെ ഉപജ്ഞാതാവ്. "അമ്പതാമത്തെ വർഷം നീ പവിത്രീകരിക്കണം. എന്തുകൊണ്ടെന്നാൽ അത് ജൂബിലി വർഷമാ കുന്നു" (ആചാര്യ - 25,10 എന്ന് വേദപുസ്തകത്തിൽ നാം വായിക്കുന്നുണ്ടല്ലോ. ഈ പശ്ചാത്തലത്തിൽ വേണം ജൂബിലി ആഘോഷങ്ങളെ വിലയിരു ത്തുവാൻ. 

അങ്ങനെ 1968 ഫെബ്രുവരി പത്തും പതിനൊന്നും തിയതികളിൽ ചെങ്ങളത്തെ വി.അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെയും സ്കൂളിന്റെയും സംയുക്ത സുവർണ്ണ ജൂബിലി അത്യാഢംബര പൂർവം ആഘോഷിക്കപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യൂ കാവുകാട്ട്, പാലാ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്യൻ വയലിൽ, ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയ ആദ്ധ്യാത്മിക - പൊതുരംഗത്തെ നേതാക്കൾ  എന്നിവർ ഒരുമിച്ചു ജൂബിലി ആഘോഷ പരിപാടികളിൽ സംബന്ധിച്ചുവെന്നത് ചെങ്ങളം ഇടവകയെ ധന്യമാക്കിയ മഹാസംഭവമായിരുന്നു. 

പള്ളി മൈതാനത്ത് മനോഹരമായി നിർമ്മിച്ചിരുന്ന മണ്ഡപത്തിൽ വച്ചു ചങ്ങ നാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൃത്യം അഞ്ചു മണിക്ക് ജൂബിലി സമ്മേളനം ആരംഭിച്ചു. ചെങ്ങളം സെന്റു ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. ടി. ആന്റണി മാപ്പിളത്താഴെ (കണികതോട്ട്) നടത്തിയ സ്വാഗത പ്രസംഗത്തിൽ ചെങ്ങളം ഇടവകയുടെ സംക്ഷിപ്തമായ ചരിത്രം വിവരിക്കുകയും, വികാരിമാരായും അസിസ്റ്റന്റു വികാരിമാരായും സേവനം ചെയ്തിട്ടുള്ള വൈദികരെ കൃതജ്ഞതയോടെ സ്മരിച്ചു സംസാരിക്കുകയുമുണ്ടായി. ചെങ്ങളത്തിന്റെ അഭിവ്രുത്തി ഇവിടുത്തെ ജനങ്ങളുടെ ത്യാഗ മാനോഭാവത്തിന്റെ മധുരിക്കുന്ന ഫലവും അമ്പതു വർഷത്തെ അവരുടെ ജീവിതത്തിന്റെ ജൂബിലിയുമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. / / -


-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com
   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.