Donnerstag, 23. Juli 2015

ധ്രുവദീപ്തി · // Panorama // കെ. സി. സെബാസ്റ്റ്യൻ അനുസ്മരണം. / George Kuttikattu

ധ്രുവദീപ്തി // Panorama // 
കെ. സി.സെബാസ്റ്റ്യൻ സ്മരണകൾ//  
                          George Kuttikattu

ദിവംഗതനായ പത്രപ്രവർത്തക ആചാര്യൻ 
ശ്രീ. കെ. സി. സെബാസ്റ്റ്യൻ
  ശ്രീ. കെ. സി. സെബാസ്റ്റ്യൻ 2015  ജൂലൈ 20 -നു ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ ഇരുപത്തിയൊമ്പത് വർഷങ്ങൾ തികഞ്ഞു. ഒരു പത്രപ്രവർത്തകന്റെ സമൂഹത്തോടുള്ള കടപ്പാട് അങ്ങേയറ്റം തികഞ്ഞ അവബോധത്തോടെ ഉൾക്കൊള്ളുകയും കക്ഷിരാഷ്ട്രീയത്തിനെതിരായി നിർഭയമായ, സ്വതന്ത്രമായ വിമർശനത്തിലൂടെ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്.

ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ ധ്രുവദീപ്തിയിൽ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നതാണ്.
ധ്രുവദീപ്തി ഓണ്‍ ലൈൻ.
--------------------------------------------

കെ. സി. സെബാസ്റ്റ്യൻ 
അനുസ്മരണം. 

-ധൃവദീപ്തി-


മാദ്ധ്യമ പ്രവർത്തനലോകത്തിന്റെ അരൂപി തൊട്ടറിഞ്ഞിട്ടുള്ള ഏതൊരു കേരളീയന്റെയും അറിവിൽ മാദ്ധ്യമ പ്രവർത്തനത്തിലും, കേരളാ- ഇന്ത്യൻ രാഷ്ട്രീയത്തിലും ഇത്രയേറെ കർമ്മധീരതയോടെ വ്യാപരിച്ച ശ്രീ. കെ. സി. സെബാസ്റ്റ്യൻ  അന്തരിച്ചിട്ട് 2015 ജൂലൈ 20 നു 29 വർഷങ്ങൾ തികഞ്ഞു. ദീപിക പത്രത്തിലൂടെ മലയാളിയുടെ രാഷ്ട്രീയ മാദ്ധ്യമ അഭിമാനബോധത്തെ അങ്ങങ്ങ്‌ ഉയരങ്ങളിൽ എത്തിച്ചു. അവരുടെ ജനാധിപത്യഅവകാശ സ്വാതന്ത്ര്യത്തെയും നേരെ ചൂണ്ടിക്കാണിച്ചുകൊടുത്ത, കേരളപ്പിറവിക്ക് ശേഷം അധികാരത്തിലെത്തി ജനവിരുദ്ധ ഭീകരഭരണം നടത്തിയ കേരളത്തിലെ ഭരണാധികാരികളെ മുട്ടുമടക്കിക്കാൻപോലും കരുത്തുറ്റ തൂലിക ചലിപ്പിച്ച ഒരപൂർവ്വ മഹാസംഭവം തന്നെയായിരുന്നു ശ്രീ. കെ. സി. സെബാസ്റ്റ്യൻ.

1986 ജൂലൈ 20 ഞായറാഴ്ചയുടെ  രാവിൽ  ഇന്ത്യൻ പത്രപ്രവർത്തക- രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ലോകത്തെ ദു:ഖപൂരിതമാക്കിയ മഹാനായ കെ.സി. സെബാസ്റ്റ്യന്റെ വേർപാട് ഇന്നുള്ള പലരും അന്നത്തെതുപോലെ തന്നെ ഇന്നും ഓർമ്മിക്കും. കെ. സി. സെബാസ്റ്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ തികഞ്ഞുവെങ്കിലും അദ്ദേഹം ഇന്നും ജനമനസ്സിൽ ജീവിച്ചിരിക്കുന്ന കർമ്മോൽസുകനായ പത്രപ്രവർത്തനലോകത്തിന്റെ ആത്മാവാണ്, ശക്തിപ്രഭയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 86 വയസുള്ള സമാനതയില്ലാത്ത ആദർശനിഷ്ടനായ ഒരു മഹാത്മാവായിരുന്നു.

മാദ്ധ്യമലോകത്തിലെയും മാത്രമല്ല, കേരളരാഷ്ട്രീയത്തിലെയും ഒട്ടുംതന്നെ  വേർതിരിച്ചു  മാറ്റപ്പെടാനാവാത്ത അവിഭാജ്യഘടകമായിരുന്നു ശ്രീ കെ. സി. സെബാസ്റ്റ്യൻ. കേരളത്തിന്റെ രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും ഉന്നത കാഴ്ചപ്പാട് പുലർത്തിയ ഹൃദയത്തിന്റെ ഉടമയായിരുന്നു ശ്രീ കെ. സി. സെബാസ്റ്റ്യൻ. പ്രസിദ്ധനായ പത്രപ്രവർത്തകൻ എന്ന ഖ്യാതി നേടിയ അദ്ദേഹത്തിൻറെ തൂലിക ചലിക്കുമ്പോൾ, അത് എതുവിധത്തിലുമുള്ള സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അഭിപ്രായങ്ങളിൽ  ജനങ്ങളെയെല്ലാം തന്റെ ഒപ്പം നിറുത്തുവാൻ തക്ക മൂർച്ചയുള്ളതായിരുന്നു. അതുപക്ഷെ കേരളരാഷ്ട്രീയത്തിലെ അതിവമ്പന്മാരുടെ സ്നേഹവും സൌഹൃദവും നേടി, അതിനൊപ്പം രാഷ്ട്രീയ പ്രതിയോഗികളെയും.

അദ്ദേഹത്തിൻറെ തൂലികയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അഭിപ്രായങ്ങൾ മൂർച്ചയേറിയ മുനയുള്ള വാളിനേക്കാൾ ശക്തമായിരുന്നു. ആ ശക്തിക്ക്  എല്ലാത്തരം ആളുകളുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ തൂലികയ്ക്ക് എല്ലായ്പ്പോഴും ജനാധിപത്യത്തിനുവേണ്ടി പൊരുതി നേടാനായി എന്നത് വാസ്തവമാണ്. സൗഹൃദബന്ധങ്ങളോ സാമൂഹ്യ സാംസ്കാരിക പരിചിത ബന്ധങ്ങളോ, അതുപോലെ കക്ഷി രാഷ്ട്രീയ ആശയവിരുദ്ധരോ ഒന്നും ഇതിനു തടസ്സമായില്ല. യാതൊരു ഭേദവുംകൂടാതെ, മുഖം നോക്കാതെയുമുള്ള കറതീർന്ന രാഷ്ട്രീയ റിപ്പോർട്ടുകൾക്ക് വേണ്ടി ജനം കാത്തിരുന്നു. അത് ഒന്നിനുപിറകെ മറ്റൊന്നായി  ദീപികയിൽ എന്നും നിറഞ്ഞു കൊണ്ടിരുന്നു. ഇന്ന് ദീപികയുടെ കെ. സി. സെബാസ്റ്യൻ എന്തെഴുതിയിരിക്കുന്നു എന്നാണ്, അല്ലാതെ, ഇ. എം. എസ്. നമ്പൂതിരിപ്പാട് എന്തുപറഞ്ഞു, എന്തു ചെയ്തു എന്നായിരുന്നില്ല, ജനങ്ങൾ ഓരോരോ പുലർച്ചയിലും അന്വേഷിച്ചിരുന്നത്.

കേരളസംസ്ഥാന രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായിരുന്ന ശ്രീ. പി. റ്റി . ചാക്കോ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉന്നതമാനദണ്ഡം പുലർത്തിയ മഹാവ്യക്തിയായിരുന്നു.  മുൻ പാർലമെന്റ് മെമ്പറും കേരളം കണ്ടിട്ടുള്ള മഹാന്മാരായ പത്രപ്രവർത്തകരിൽ ഏറ്റവും ശ്രേഷ്ഠവ്യക്തിത്വം ഉണ്ടായിരുന്ന ശ്രീ. കെ. സി. സെബാസ്റ്യൻ അന്തരിച്ചപ്പോൾ, മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. ആർ. ബാലകൃഷ് ണപിള്ള പറഞ്ഞത് ഇപ്രകാരമാണ്:"പി. ടി. ചാക്കോയും കെ. സി.സെബാസ്റ്റ്യനും ജേഷ്ഠനും അനുജനും പോലെ ആയിരുന്നു. സെബാസ്റ്റ്യന്റെ ഉപദേശം ചാക്കോയും  മറിച്ചു സെബാസറ്റ്യനും പോലും അങ്ങുമിങ്ങും സ്വീകരിച്ചുകൊണ്ടാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്" .

ദുർഭരണം നടത്തിയ കമ്യൂണിസ്റ്റ് സർക്കാരിന് നേർക്ക് തന്റെ വിമർശന ശരം തൊടുത്തു വിട്ടു. കേരളത്തിലെ ജനങ്ങൾ ഹൃദയം തുറന്ന പിന്തുണ അതിനു നല്കി. 1959  ജൂലൈ 31നു ദീപികയിൽ നല്കിയ രാഷ്ട്രീയ ലേഖനം അന്നത്തെ ഇ. എം. എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കേരളസർക്കാരിന്റെ നേരെ ഉയർത്തിയ മൂർച്ചയേറിയ തൂലികാചലനം ആയിരുന്നു. അദ്ദേഹം എഴുതി: "പ്രതിജ്ഞയും പൂർത്തീകരണവും" എന്ന തലക്കെട്ടിൽ. "ജനങ്ങൾ ഒരു പ്രതിജ്ഞയെടുത്തു: "ഈ സർക്കാർ പോയേതീരൂ". അവർ മുദ്രാവാക്യം മുഴക്കി. "ചലോ ചലോ  സെക്രട്ടറിയേറ്റ്".  "ഏതു ജനഹിതത്തെയും ധിക്കരിച്ചുകൊണ്ട്  പോലീസിന്റെ തോക്കും ലാത്തിയും വീശി,  അന്ന് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ഒരു ജനാധിപത്യ ഗവണ്‍മെന്റിന് അധികാരത്തിൽ തുടരാൻ സാധിക്കുമെന്ന വിചാരം വെറും മിഥ്യയാണെന്ന് തെളിഞ്ഞ ദിനമാണ്." സെബാസ്റ്റ്യൻ തന്റെ ലേഖനത്തിൽ ഇ. എം. എസിനെയും അദ്ദേഹത്തിൻറെ കമ്യൂണിസ്റ്റ് പാർട്ടിയെയും വെല്ലുവിളിച്ചു. കേരള ചരിത്രത്തിൽ ഒരിക്കലും മായാത്ത ചരിതം ദീപികദിനപ്പത്രം സൃഷ്ടിച്ചു. സെബാസ്റ്റ്യന്റെ ലേഖനങ്ങൾ ഓരോരോ മഹാസംഭവങ്ങൾ തന്നെയായിരുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ കാത്തിരുന്നത്, സെബാസ്റ്യൻ നാളെ ദീപികയിൽ എന്ത് പറയുന്നുവെന്നതായിരുന്നു. ശ്രീ കെ. സി  "സെബാസ്റ്റ്യൻ ദീപികയായിട്ടും, ദീപിക സെബാസ്റ്റ്യനായിട്ടും ആണ് അറിയപ്പെട്ടത്. രാഷ്ട്രീയരംഗത്ത് കോളിളക്കങ്ങൾക്ക് സെബാസ്റ്റ്യന്റെ രാഷ്ട്രീയ വാർത്തകൾ കാരണമായിട്ടുണ്ട്". അന്നത്തെ നിയമ സഭാ സ്പീക്കർ ആയിരുന്ന വിഎംസുധീരൻ അനുസ്മരിച്ചു. 

ശ്രീ. കെ. സി. സെബാസ്റ്റ്യൻ എന്ന മഹാപ്രതിഭ മാദ്ധ്യമലോകത്തിലെ  ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയായിരുന്നു. 1986 ജൂലൈ 20 നു ഞായറാഴ്ച വെളുപ്പിന് അദ്ദേഹം അമ്പത്തിഏഴാമത്തെ  വയസ്സിൽ ഈ ലോകത്തോട്‌ എന്നേയ്ക്കുമായി വിടപഞ്ഞപ്പോൾ അര ശതാബ്ദത്തോളം തന്റെ മാന്ത്രിക തൂലികയുടെ ചലനത്തിലെ അലകൾ തഴുകിയ ദീപിക പത്രത്തിനും കേരള സമൂഹത്തിനും നഷ്ടമായത് കെ. സി. സെബാസ്റ്റ്യൻ എന്ന ഒരു വ്യക്തിയെയോ അഥവാ ഒരു ജനപ്രതിനിധിയായ പാർലമെന്റു ആംഗത്തെയൊ അല്ല, ജന മനസ്സിൽ എന്നും  സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത ഒരു മഹാപ്രസ്ഥാനത്തെ യായിരുന്നു. ശ്രീ. കെ. സി. സെബാസ്റ്റ്യനു അദ്ദേഹത്തിൻറെ ശരീരവലുപ്പത്തെ ക്കാൾ വലിയ ഒരു സ്നേഹഹൃദയം ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ അതൊട്ടും തന്നെ അതിശയോക്തിയല്ല.

 സമൂഹത്തോടുള്ള ബന്ധത്തിനും വ്യക്തികളോടുള്ള ബന്ധത്തിനും മറ്റെന്തിനേ ക്കാൾ പ്രാധാന്യം നല്കി. എന്നാൽ സ്വന്തം രാഷ്ട്രീയ ആദർശത്തോട് പൂർണ്ണതോതിൽ വിശ്വസ്ഥത പുലർത്തി. കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ അദ്ദേഹം സ്വയംവരിക്കുകയാണ് ചെയ്തത്. കേരളാകോണ്‍ഗ്രസ്സിന്റെ ഒരു രാജ്യസഭാംഗം ആയി നോമിനേറ്റ് ചെയ്യപ്പെടുന്നതുവരെ ഒരു രാഷ്ട്രീയ പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. "എനിക്ക് സെബാസ്റ്റ്യൻ പത്രപ്രവർത്തകനല്ലായിരുന്നു. രാഷ്ട്രീയക്കാരനല്ലായിരുന്നു. എനിക്ക് എന്തും പറയാവുന്ന ഞാൻ ഉപദേശങ്ങൾ സ്വീകരിക്കുന്ന എന്റെ ജേഷ്ഠ സഹോദരൻ ആയിരുന്നു." അന്ന് കേരളാ നിയമ മന്ത്രിയായിരുന്ന ശ്രീ. കെ. എം. മാണി പറഞ്ഞു.

വിദ്യാർത്ഥിയാരിക്കുമ്പോൾ മുതൽ, തന്റെ പതിനേഴാമത്തെ വയസ്സു മുതൽ, തന്നിൽ ഉറഞ്ഞുകൂടിയ പത്രപ്രവർത്തനം അദ്ദേഹത്തിൻറെ അവസാന ശ്വാസം വിട്ടുപിരിയുന്നതുവരെ കൂട്ടുനിന്നു. 1946 മുതൽ മരണം തന്നെ ക്ഷണിച്ചു കൊണ്ടുപോകുന്നതുവരെ ഒരേശൈലിയിൽ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയായി ഒരേ ദീപികത്തറവാടിനു വേണ്ടി ദീപികയുടെ എല്ലാമായിരുന്ന അദ്ദേഹം എക്കാലവും കേരളത്തിലെ ജനങ്ങൾക്ക്  അവിസ്മരണീയനായിത്തീർന്നു. ഒരു "രാഷ്ട്രീയ പത്രപ്രവർത്തനം" എന്ന പുതിയൊരു ശൈലി പത്രപ്രവർത്തന ലോകത്തെ അമ്പരിപ്പിച്ച പുതിയ അതിശയമായിരുന്നു. ജീവിതം മുഴുവൻ പത്രപ്രവർത്തനം നടത്തുവാൻ, "അതെ അതൊരു തെരഞ്ഞെടുത്ത പ്രേഷിത വേല പോലെ" പ്രതിജ്ഞ ചെതത് 1929 നവംബർ 2- നു പാലായിലെ കാടങ്കാവിൽ തറവാട്ടിലെ ശ്രീ. കെ. സി. ചാക്കോയുടെയും ഭാര്യ മറിയത്തിന്റെയും പുത്രനായി ജനിച്ച ശ്രീ കെ. സി. സെബാസ്റ്റ്യൻ ആയിരുന്നു.  ഇന്ത്യയുടെ രാജ്യസഭാംഗവും ഒരു നൂറ്റാണ്ടിന്റെ പത്രപ്രവർത്തനചൈതന്യം സ്വന്തം പേനാത്തുമ്പിൽ ആവഹിച്ചു കേരളരാഷ്ട്രീയത്തെ നയിക്കുകയും ചെയ്ത അദ്ദേഹം  ജീവിതകാലത്തുതന്നെ ഒരു ഇതിഹാസ പുരുഷനായിത്തീർന്നു.

ലോകമാകെമാനം സോഷ്യൽ മീഡിയ വേൾഡ്  ശക്തി കിരീടമണിഞ്ഞു നിൽക്കു മ്പോൾ മലയാള മാദ്ധ്യമലോകത്തിനു കെ. സി. സെബാസ്റ്റ്യൻ, എന്നും അടുത്ത സുഹൃത്തുക്കളുടെ "ദേവസ്യാച്ചൻ", നല്കിയ പത്രപ്രവർത്തനത്തിന്റെ ആ ആത്മചൈതന്യം ഇപ്പോൾ കൈമോശം വന്നിരിക്കുന്നു.

വ്യക്തിബന്ധത്തിനു എന്നും മുന്തിയ സ്ഥാനം നൽകിയയാൾ, വിശാലമായ മാദ്ധ്യമലോകത്തിലെ പത്രപ്രവർത്തകൻ, പാർലമെന്റെറിയൻ, രാഷ്ട്രീയ വിമർശകൻ, സംഘാടകൻ എന്നിങ്ങനെ സ്വന്തം ജീവിതം മാദ്ധ്യമ- രാഷ്ട്രീയ ലോകത്തിനു മാതൃകാ സന്ദേശമാക്കിയ അദ്ദേഹത്തിലെ കർമ്മചൈതന്യം വള്ളിയും പുള്ളിയുമില്ലാതെ മാദ്ധ്യമ പ്രവർത്തകർക്കും ജനഹൃദയത്തിലും എക്കാലവും അദ്ദേഹം പരിധിയില്ലാത്ത ഉദാഹരണമായിരിക്കും. / / -
 
-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.