Samstag, 16. November 2013

ധ്രുവദീപ്തി // Religion/ കാനോനിക പഠനങ്ങൾ/ ദൈവശാസ്ത്ര നിയമ പാരസ്പര്യം: ഓയ്‌ർസിയൻ ചിന്തകൾ Fr.Dr. Thomas Kuzhinapurathu

 ധ്രുവദീപ്തി  // Christianity :


കാനോനിക പഠനങ്ങൾ/ ദൈവശാസ്ത്ര നിയമ പാരസ്പര്യം: 
ഓയ്‌ർസിയൻ ചിന്തകൾ 

Fr. Dr. Thomas Kuzhinapurathu

(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)




 Fr. Dr. Thomas
Kuzhinapurathu  

"മൃഗത്തിനു ഒന്നും ചെയ്യാനില്ലെങ്കിൽ അത് ഉറങ്ങും, എന്നാൽ മനുഷ്യന് ഒന്നും ചെയ്യാനില്ലെ ങ്കിൽ ആവൻ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കും." -പ്രശസ്ത ഭാഷാദാർശനികനായ ബർണാർഡ് ലോണെർഗന്റെ താണീ വാക്കുകൾ (Insight: A study of Human Understanding). സ്ഥാപിതമായ എന്തൊന്നി ന്റെയും പിന്നിലെ കാര്യ കാരണവിചാരങ്ങൾ തേടുക മനുഷ്യന് സ്വാഭാവിക മാണ്. നിയമത്തെ സംബന്ധിച്ചും മനുഷ്യന്റെ പ്രതി കരണം ഇപ്രകാരം തന്നെയാണ്. നിയമസംഹിത കളുടെ അന്തർധാരകളായി വർത്തിക്കുന്ന ശാസ്ത്രങ്ങളെ യും മനുഷ്യൻ അന്വേഷിക്കും. സഭാനിയമങ്ങൾക്ക് അവലംബമായ ദൈവശാസ്ത്ര തത്വങ്ങൾക്കുവേ ണ്ടിയുള്ള അന്വേഷണം ഇക്കാലയളവിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പഠന ശാഖയാണ്‌. 

നിയമവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്നിട്ടുള്ള ആനുകാലിക പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായത്‌ ലാഡിസ്ലാസ് ഒയ്ർസി (Ladislas Örsy) യുടെതാണ്. 1921-ൽ ഹംഗറിയിൽ ജനിച്ച അദ്ദേഹം 1951-ൽ ഈശോ സഭാ വൈദികനായി. തുടർന്ന് റോമിലെ ഗ്രിഗോറിയൻ സർവകലാ ശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ട്രേറ്റ് കരസ്ഥമാക്കി. പിന്നീടുണ്ടായ അവിശ്രാന്ത ചിന്താസപര്യയുടെ പരിണിതഫലമായി പ്രസിദ്ധീകരിച്ച രചനകളുടെ സംഖ്യ 300ൽ കവിയും. ഇവയിലധികവും നിയമത്തിലെ ദൈവശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും വേണ്ടിയുള്ള അന്വേഷണം ആയിരുന്നുവെന്ന് പറയാം. ദൈവശാസ്ത്രവും നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒയ്ർസി പങ്കുവയ്ക്കുന്ന ഏതാനും ചിന്തകളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം. 

നിർവചനങ്ങൾ 

ദൈവത്തെക്കുറിച്ചും അവിടുത്തെ ചിത്തവൃത്തികളെക്കുറിച്ചും മനുഷ്യൻ സമ്പാദിക്കുന്ന ജ്ഞാനത്തിന്റെ ആകെത്തുകയെ ദൈവശാസ്ത്രമെന്നു നിർവചിക്കാമെന്നാണ് ഒയ്ർസിയുടെ ചിന്ത. ഈ ജ്ഞാനത്തിനു രണ്ട് ഘടകങ്ങളുണ്ട്.

1. ദൈവദാനം: ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ വഴി നൽകുന്ന ജ്ഞാനത്തെ മനുഷ്യൻ സർവ്വാത്മനാ സ്വീകരിക്കുകയാണ് ചെയ്യുക. 

2. യുക്തിപരമായ പരിശ്രമം: വെളിപ്പെടുത്തൽ വഴി ലഭിച്ച അറിവിനെ മനുഷ്യൻ തന്റെ ബൌദ്ധിക ഘടകങ്ങളുടെ സഹായത്തോടെ യുക്തിപര മായി മനസ്സിലാക്കാൻ പരിശ്രമിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ ദൈവശാ സ്ത്രത്തിൽ സംഭവിക്കുക.

കാനൻ നിയമത്തെ ഒയ്ർസി നിർവ്വചിക്കുന്നത് ഇപ്രകാരമാണ്. നിയമ നിർമ്മാതാക്കളുടെ തീരുമാനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയും അനുസരിക്കുവാൻ ചുമതലയുള്ളവരുടെമേൽ ബന്ധപ്പെട്ട അധികാരി കളാൽ ആധികാരികമായി ഭാരമേൽപ്പിക്കപ്പെട്ടിട്ടുള്ളതുമായ നിബന്ധന കളുടെ സംഹിതയാണത്. സമൂഹത്തിന്റെ പൊതുവായ നന്മയെക്കുറിച്ചു അറിവും ബോധ്യവും ഉള്ളവരും ഉത്തരവാദപ്പെട്ടവരും യോഗ്യതയുള്ളവ രുമായ അധികാരികൾ, പൊതുവായ നന്മയെ മുന്നിൽകണ്ടുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്ന നിബന്ധനകളെ നിയമമെന്ന് പറയാം.

പരിണാമപ്രക്രിയ

സഭ ഒരു സജീവസമൂഹമാണ്. തന്മൂലം തുടർച്ചയായ വളർച്ചയും വികസനവും അതിന്റെ സ്വഭാവവുമാണ്. സഭയിൽ കുടികൊള്ളുന്ന ആന്തരിക ജീവാത്മക ഘടകമാണ് ഇതിനു പ്രചോദനകേന്ദ്രമായി വർത്തിക്കുന്നത്. അതിനാൽ കൂടുതൽ ജ്ഞാന സമ്പാദനത്തിനും മൂല്യങ്ങൾ സമാർജ്ജിക്കുന്നതിനും സഭ ശ്രമിക്കുന്നത് സ്വാഭാവികമാണുതാനും. അറിവിൽ നിന്നും തദനുസ്രുതമായ തീരുമാനത്തിലേയ്ക്കുള്ള ഒരു പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. ഒരു സമൂഹമെന്ന നിലയിൽ, ദൈവികജ്ഞാന സമ്പാദനം നടത്തേണ്ടതും ഈ ജ്ഞാനത്തിനു അനുസൃതമായി സഭാജീവിതം കെട്ടിപ്പെടുക്കേണ്ടതും ദൈവജനത്തിന്റെ ആവശ്യവുമാണ്. ഇതിനു തക്കതായ മാധ്യമങ്ങൾക്ക് സഭ രൂപം നൽകുന്നു. ദൈവശാസ്ത്രസത്യങ്ങളിൽ നിന്നും സഭാനിയമങ്ങളുടെ രൂപവത്കരണത്തി ലേയ്ക്കുള്ള പരിണാമപ്രക്രിയ ഇവിടെ  കണ്ടെത്താനാകും. 

വിശ്വാസത്തെ ബോധ്യതലത്തിലേയ്ക്കുയർത്താൻ ശ്രമിക്കുമ്പോഴാണ് ദൈവശാസ്ത്രം സൃഷ്ടിക്കപ്പെടുക. വിശ്വാസത്തിനും ബോധ്യങ്ങൾക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുവാൻ പരിശ്രമിക്കുമ്പോൾ സഭാനിയമം രൂപപ്പെടുന്നു. ഇത് മനുഷ്യനിലെ വ്യത്യസ്ത മാനസിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി വ്യക്തമാകും. മാനുഷിക പരിജ്ഞാനവും (knowledge) ഇച്ഛാശക്തിയും (will) വ്യത്യസ്ത ഘടകങ്ങളാണല്ലോ. ഇവയ്ക്കു സ്വതന്ത്രമായി നിലനിൽക്കുവാനും സാധിക്കും. പക്ഷെ, ഈ സ്ഥിതിവിശേഷം ഒരു അത്യാഹിതത്തിലേയ്ക്ക് നയിച്ചെന്നും വരാം. അറിവിന് വിപരീതമായതോ, അറിവില്ലായ്മയോടു കൂടിയതോ ആയ പ്രവൃത്തികൾ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഇവിടെ വിവക്ഷിക്ക പ്പെടുക. ഇത്തരം പ്രവൃത്തികൾ എപ്പോഴും ആപത്കരങ്ങളാകണമെന്ന് നിർബന്ധമില്ല. എന്നാൽ അറിവും പ്രവൃത്തിയും തമ്മിലുള്ള സാധർമ്യതയിലാണ് സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉറപ്പു ലഭിക്കുക. ഇതുപോലെ, വ്യതിരക്തത നിലനിർത്തിക്കൊണ്ടുള്ള ആരോഗ്യകരമായ പാരസ്പര്യം - അതാണ്‌ ദൈവശാസ്ത്ര - നിയമ ബന്ധത്തിലുണ്ടാകേണ്ടത്. 

ഭാഷയും സ്വഭാവവും  

നിർദ്ദേശാത്മക (Indicative) ഭാഷയാണ്‌ ദൈവശാസ്ത്രത്തിന്റേത്. എന്നാൽ നിബന്ധനാത്മക (Imperative) ഭാഷയാണ്‌ നിയമത്തിന്റേത്. ആയിരിക്കുന്നവ (what it is)യെക്കുറിച്ച് ദൈവശാസ്ത്രം വിശകലനം ചെയ്യുമ്പോൾ ആയിരിക്കേണ്ടവ (what ought to be) യെക്കുറിച്ച് പ്രതിപാദിക്കുവാനാണ് നിയമം പരിശ്രമിക്കുക. ചരിത്രത്തിലെ ദൈവീക പ്രവർത്തനങ്ങളെക്കുറിച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളേക്കുറിച്ചും പഠിക്കുകയാണ് ദൈവശാസ്ത്രം. ഈ പഠനത്തിനൊടുവിൽ മനുഷ്യന് അനുസരിക്കുവാൻ ബാദ്ധ്യതയുള്ള കൽപ്പനകളൊന്നും ദൈവശാസ്ത്രം പുറപ്പെടുവിക്കുന്നില്ല. എന്നാൽ നിയമമാകട്ടെ വിശ്വാസത്തെയും ബോധ്യങ്ങളെയും അടിസ്ഥാനമാക്കി, ബന്ധപ്പെട്ടവർക്ക് അനുസരിക്കാൻ ബാധ്യതയുള്ള ഉത്തരവാണ്. അനന്തരഫലമായ പ്രവൃത്തി അത് ആവശ്യപ്പെടുന്നുണ്ട്താനും. 

മതേതര സംസ്കാരങ്ങളും നിയമ സംവിധാനങ്ങളും 
   
മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾക്കും സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിനും അനുസൃതമായി ദൈവിക വെളിപാടുകൾ വ്യാഖ്യാനി ക്കപ്പെടെണ്ടതുണ്ട്. തന്മൂലം മദ്ധ്യകാലത്തുണ്ടായിരുന്ന ദാർശനിക - സാംസ്കാരിക സംവിധാനങ്ങളാണ് സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്റെ ചട്ടക്കൂടായി വർത്തിച്ചതെന്നു പറയാം. എന്നാൽ മദ്ധ്യകാല സഭയിലെ നിയമ നിർമ്മാതാക്കളാകട്ടെ, നിയമത്തെ ജീവിതബന്ധിയാക്കുന്നതിനു ഉപയോ ഗിച്ചത്, അന്ന് നിലവിലിരുന്ന റോമൻ നിയമസംവിധാനങ്ങളെയാണ്. ജസ്റ്റീനിയൻ ചക്രവർത്തിയുടെ നിയമസംഹിതകൾ പോലെയുള്ള മതേതര നിയമ ചട്ടക്കൂടുകളിൽ സഭാനിയമത്തിന്റെ ഉള്ളടക്കം തീരുകയാണ് ചെയ്തിട്ടുള്ളത്. ഇന്നും സഭാനിയമത്തിന്റെ രൂപഭാവങ്ങളിൽ ഈ സംവിധാന ങ്ങളുടെ പ്രസരണം ഏറെയുണ്ട്.

അപരിമേയ ചക്രവാളങ്ങളും നിശ്ചിതമേഖലയും 
   
ദൈവിക വെളിപാടുകളുടെ പിൻബലത്തോടെ, അതിർത്തികളില്ലാതെ പടർന്നു കയറുവാൻ മനുഷ്യമനസ്സിനവസരമുണ്ട്, ദൈവശാസ്ത്രമേഖല യിൽ. സൃഷ്ടാവിനെയും സൃഷ്ടിയെയും മനുഷ്യൻ ചർച്ചാവിഷയമാക്കുന്നു, ഇവിടെ. കാലത്തിന്റെ ആദ്യ വിച്ഛേദം മുതൽ ചിന്തകൻ ഇന്നായിരിക്കുന്ന നിമിഷം വരെയും അതുപോലെ ഭാവിയുടെ മണിക്കൂറുകളും വിവേചിക്കു വാനും പര്യവേക്ഷണം നടത്തുവാനും ദൈവശാസ്ത്രജ്ഞനാകും. ദൈവശാ സ്ത്ര പഠനത്തിലും വ്യാഖ്യാനത്തിലും അപരിമേയമേഖലകളുടെ വാതിലുക ളാണ് തുറക്കപ്പെട്ടിട്ടുള്ളത്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെയും അവയുടെ അടിസ്ഥാനത്തിൽ മനുഷ്യൻ നടത്തിയിട്ടുള്ള ചിന്താവ്യാപാരങ്ങളെയും കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിശാലമായ സാധ്യതകളുണ്ടി ന്ന്. ദൈവശാസ്ത്ര സത്യങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും അർത്ഥങ്ങളും അർത്ഥാന്തരങ്ങളെയും ആരായാൻ അവസരമുണ്ടിവിടെ.

എന്നാൽ നിയമജ്ഞനാകട്ടെ, സ്ഥാപിതനിയമങ്ങളുടെ ചുറ്റുപാടുകളിൽ ഒതുങ്ങിക്കൂടുകയേ നിവൃത്തിയുള്ളൂ. നിയമവ്യാഖ്യാനരംഗത്തും ഈ പരിമിതിയുണ്ട്. നിയമവ്യാഖ്യാനത്തിൽ, നിയമനിർമ്മാണത്തിനു പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാക്കി വിശകലനം ചെയ്യുക മാത്രമേ സാധിക്കുക യുള്ളൂ. നിയമത്തിലെ വാക്കുകളിലൂടെ നിയമനിർമ്മാതാവ് ഉദ്ദേശിച്ചിട്ടുള്ള അർത്ഥം മാത്രമേ വ്യാഖ്യാനിക്കപ്പെടാൻ പാടുള്ളൂ; നിയമത്തിലെ വാക്കുകൾ ക്കാരോപിക്കാവുന്ന എല്ലാ അർത്ഥാന്തരങ്ങളും നിയമവ്യാഖ്യാനത്തിൽ പാടുള്ളതല്ല. ദൈവശാസ്ത്രത്തിനുള്ള വ്യാഖ്യാനപദ്ധതികൾ നിയമവ്യാഖ്യാ നത്തിനുപയോഗിച്ചാൽ, നിയമബദ്ധ സമൂഹത്തിന്റെ ജീവിതം, അവതാളങ്ങ ളുടെയും അനശ്ചിതത്വത്തിന്റെയും സങ്കരമായി മാറാൻ കാലവിളംബമേറെ വേണ്ടി വരുകയില്ല.

ആന്തരിക ഐക്യത

ഒരേ ഉറവിടമായ സഭയുടെ അന്തരാത്മാവിൽ നിന്നും ആവിർഭവിക്കപ്പെടു ന്നു എന്നതിനാൽത്തന്നെ ദൈവശാസ്ത്രവും സഭാനിയമവും തമ്മിൽ ഒരു ആന്തരിക ഐക്യത നിലനിൽക്കുന്നു. ഈ ഐക്യത ഒരുതരം പരസ്പരാശ്ര യത്വത്തിലേയ്ക്കും വിരൽ ചൂണ്ടുന്നു. ശരിയായ പ്രവൃത്തിയുടെ അന്തരാ ത്മാവ് അറിവാണല്ലോ. സഭാനിയമത്തിന്റെ ആധികാരികതയ്ക്ക്‌, അതിനു ദൈവശാസ്ത്രവുമായുള്ള ആന്തരികവും ബാഹ്യവുമായ ആശ്രയത്വം അനിവാര്യമാണ്. ദൈവീക വെളിപാടുകളെക്കുറിച്ചുള്ള അവബോധം സഭാ തീരുമാനങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുക യും ചെയ്യേണ്ടതുണ്ട്.

ദൈവശാസ്ത്രത്തിനു നിയമത്തെ വിധിക്കാനാവുമോ?

ആവശ്യമെന്നുകണ്ടാൽ, നിയമത്തെ വിലയിരുത്തുവാനും നിയമസാധുതയെ ക്കുറിച്ചു വിധി കല്പിക്കുവാനും ദൈവശാസ്ത്രത്തിനു കഴിയും. ഇവിടെ 'ആവശ്യമായ അളവു വരെ മാത്രം' എന്ന പ്രയോഗം അടിവരയിട്ടു സ്ഥാപിക്കുന്നുണ്ട്. വിശുദ്ധ കുർബാന, രോഗികളുടെ തൈലാഭിഷേകം, വിവാഹം തുടങ്ങിയ കൂദാശകളെ സംബന്ധിച്ച നിയമങ്ങളിൽ സംഭവിച്ച പരിണാമം ഉദാഹരണങ്ങളാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നിയമത്തിന്റെ ആത്മസാക്ഷിയായി നിൽക്കുന്ന ദൈവശാസ്ത്രത്തെ കണ്ടെത്താനാവും. ഇതുപോലെ മനുഷ്യന്റെ വ്യക്തിപരമായ ഘടകങ്ങളെയും സാമൂഹിക ജീവിതത്തെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മന:ശാസ്ത്രത്തിനും മനോരോഗചികിത്സാ ശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനുമൊക്കെ നിയമ നിർമ്മാണത്തെ സഹായിക്കാനാവും എന്ന പക്ഷക്കാരനാണ് ഓയ്ർസി.

അന്തരാത്മാവ് തേടി 

സഭാനിയമത്തിന്റെ അന്തരാത്മാവ് തേടിച്ചെല്ലുമ്പോൾ, മനുഷ്യരക്ഷയ്ക്ക് വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു നിയമനിർമ്മാണത്തിനു പിന്നിൽ എന്ന് കണ്ടെത്താനാവും. ഈ രക്ഷാദർശനം കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പഠിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടു കയും ചെയ്യുകയാണാവശ്യം. നിയമം വഴി ബന്ധനത്തിന്റെ കൂച്ചുവിലങ്ങു കളാണ് മനുഷ്യകരങ്ങളിൽ അണിയിക്കപ്പെടുന്നത് എന്ന ചിന്ത, നിയമത്തി ന്റെ അന്തരാത്മാവിനുവേണ്ടിയുള്ള അന്വേഷണത്തിൽ സംഭവിക്കുന്ന അപജയത്തിൽ നിന്നും ആവിർഭവിക്കുന്നതാണ്. മനുഷ്യരക്ഷയ്ക്ക് വേണ്ടിയുള്ള തീക്ഷണതയും ഇതിനു സഹായകമായി മൂല്യാധിഷ്ടിതമായി ഒരു സഭാസമൂഹത്തെ കെട്ടിപ്പെടുക്കുന്നതിനുള്ള അഭിവാഞ്ഛയുമാണ്‌, സഭയിൽ നിയമങ്ങൾ രൂപപ്പെടുന്നതിന് പിന്നിലുള്ളത്. ഈ ചിന്ത ഇന്നും സഭയിലെ സഭയിലെ നിയമനിർമ്മാതാക്കളെയും വ്യാഖ്യാതാക്കളെയും ഒരുപോലെ സ്വാധീനിക്കട്ടെ. ഇത്തരം ഒരു നിയമ ദർശനം സഭയുടെ ഘടനാത്മകതയ്ക്കുള്ളിലേയ്ക്ക് ക്രമാനുഗതമായി സന്നിവേശിപ്പിക്കുമ്പോൾ ,ദൈവജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ അതിനുള്ളിൽ അനുഭവ വേദ്യമാകും.//-
-----------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.