Samstag, 23. November 2013

ധ്രുവദീപ്തി // Advent // ആഗമനപ്പെരുന്നാൾ ദിനങ്ങൾ, പ്രശാന്ത കാലം // George Kuttikattu.

ധ്രുവദീപ്തി // Advent //  


ആഗമനപ്പെരുന്നാൾ ദിനങ്ങൾ, പ്രശാന്ത കാലം // 



George Kuttikattu.


ആഗമനപ്പെരുന്നാൾ ദിനങ്ങൾ 

 ആഗമനപ്പെരുന്നാൾ കാലം.
ക്രിസ്തുമസ് ദിനത്തിനായി നമ്മുടെ തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള മഹത്തായ ഒരുക്കമാണ് സഭയിലെ  ആഗമനപ്പെരുന്നാൾ കാലം. ഏറ്റവും പ്രശാന്തമായ കാലം. ഈ ഭൂമിയിൽ വളരെയേറെ മനുഷ്യർക്ക്‌ പ്രത്യാശ നൽകുന്ന വർഷത്തിലൊരിക്കൽ മാത്രമുള്ള ദൈവീകമെന്നൊ അതി വിശിഷ്ടമെന്നോ പറയാവുന്ന നിത്യ പ്രതീക്ഷയുടെ മനോഹര ദിന രാത്രങ്ങൾ. ഇറ്റാലിയൻ ഭാഷയിൽ "അവ്വെന്റൊ" (AVVENTO), എന്ന് പറയും. ജർമനിയിലും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലും ഈ സുന്ദരമായ ദിനങ്ങളെ "അഡ്വന്റു കാലം" എന്നും  പറയും.

ആഗമനപ്പെരുന്നാളിന് "അഡ്വന്റ്" എന്ന പേരുണ്ടായത് ലത്തീൻ ഭാഷയിൽ നിന്നാണ് (Adventus Domini-Lat.). ആരുടെയോ വരവിനെപ്പറ്റിയുള്ള സൂചനയാണ് ഈ വാക്കിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ഇതിന് ലോകത്തിലെ വിവിധ ഭാഷകളിൽ വത്യസ്തമായ പദപ്രയോഗങ്ങൾ കാണാം. ഉദാഹരണം: ജർമൻ  ഭാഷയിൽ "അൻകുൻഫ്റ്റ്" എന്ന് പറയും. മലയാളത്തിൽ ഇതിനെ "സാന്നിദ്ധ്യം, ആഗമനം, സന്ദർശനം "എന്നൊക്കെയും പറയും. ഇവിടെയിപ്പോൾ "ആഗമനം" എന്നുദ്ദേശിക്കുന്നതിലൂടെ വ്യക്തമാകുന്നത്‌ ഒരു രാജാവിന്റെയോ ചക്രവർത്തിയുടെയോ വരവ് സൂചിപ്പിക്കാൻ ഈ പദം എപ്രകാരം ഉപയോഗിച്ചിരുന്നുവെന്നാണ്. ഗ്രീക്കുഭാഷയിൽ എങ്ങനെ ഈ പദം ഉദ്ദേശിച്ചുവെന്നു നോക്കാം. ഗ്രീക്കുകാർ തങ്ങളുടെ ദേവാലയങ്ങളിൽ ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും ഇപ്രകാരം "എപ്പിഫാനെയാ" (പ്രത്യക്ഷപ്പെടൽ) എന്ന് വിളിച്ചിരുന്നു. ഇതേ അർത്ഥത്തിലുള്ള "ആഗമനകാലം", യേശുവിന്റെ പിറവിത്തിരുനാൾ കാലം എന്ന വാക്ക് പിൽക്കാലത്ത് ക്രിസ്ത്യാനികൾ സ്വീകരിക്കുകയാണുണ്ടായത്.

ആഗമനക്കാലത്തിന്റെ തുടക്കം നവംബർ ഇരുപത്തി ഏഴിനും, ഡിസംബർ മൂന്നിനും ഇടയ്ക്കുവരുന്ന ഞായറാഴ്ചയും ഒടുക്കം ക്രിസ്തുമസിന്റെ തലേ ദിവസവുമാണ്. പ്രാചീനകാലം മുതൽക്കേ അഡ്വന്റുകാലം (ആഗമനകാലം) നോയമ്പ്കാലം അല്ലെങ്കിൽ വൃതകാലം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവംബർ പതിനൊന്നു മുതൽ ക്രിസ്തുമസ് ദിനവും വെളിപാട് പെരുന്നാൾ ദിനവുമായ ജനുവരി ആറാം തിയതി വരെ ക്രിസ്ത്യാനികളുടെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകൾ. അതിൽ ശനിയാഴ്ചകളും  ഞായറാഴ്ച്ചകളും ഒഴിവാക്കി നാൽപ്പതു ഉപവാസ ദിവസങ്ങൾ ആയിരുന്നു.

ആദിമ ക്രിസ്ത്യാനികൾ ആഗമനകാലം പ്രശാന്തമനോഹരമായി അക്കാലത്ത് ഭക്തിപൂർവം ആചരിച്ചിരുന്നു. അഞ്ചാംനൂറ്റാണ്ടിൽ ഇറ്റലിയിലെ "റിവന്നാ" പ്രദേശങ്ങളിൽ ആഗമനത്തിരുന്നാൾകാലം ആഘോഷിച്ചിരുന്നു. അന്നുവരെ ഈ ആചാരം സഭാതലത്തിൽ ആയിരുന്നില്ലായെന്നു ചരിത്രം വ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്. അക്കാലത്തിന് ശേഷം ആറാം നൂറ്റാണ്ടിൽ ആണ് കത്തോലിക്കാ സഭയുടെ തലവൻ ഗ്രിഗോർ മാർപാപ്പ ആഗമനകാല ലിറ്റർജി ക്രമം പ്രഖ്യാപിച്ച് മിശിഹായുടെ ആഗമനകാലത്തെ തിരുന്നാൾ ദിനങ്ങളാക്കി ഉയർത്തിയത്. ആഗമനകാല പെരുന്നാൾ ഞായറാഴ്ചകൾ എത്ര ദിവസങ്ങൾ ആയിരിക്കണം എന്നുകൂടി അന്ന് മാർപാപ്പ നിശ്ചയിച്ചു. ഇതോടെ സഭയിലെ ആഗമനകാലപെരുന്നാൾ ഞായറാഴ്ചകളുടെ എണ്ണം നാലായിട്ട് കുറച്ചു.

 ക്രിസ്മസ് മാർക്കറ്റ് 
ആഗമനകാലം എന്നു നാമുദ്ദേശി ക്കുന്ന കാലയളവ് യഥാർത്ഥത്തിൽ പുരാതന ക്രിസ്ത്യൻ സഭയിലെ നോയമ്പ് ആചരണകാലമാണ്. സൃഷ്ടാവായ  ദൈവത്തിന്റെ വര വിനെ അഥവാ നമ്മുടെ രക്ഷക നായ ദൈവത്തിന്റെ മനുഷ്യാവ താരത്തിനുള്ള ഒരുക്കവും ശാശ്വത പ്രതീക്ഷയുടെ കാത്തിരിപ്പ് സമയ വുമായിരുന്നു. പ്രശാന്ത സുന്ദര നിശബ്ധമായിരുന്ന കാലം. അക്കാല ത്ത് വലിയ ആഘോഷങ്ങൾ, ഡാൻസുകൾ, എന്നിവ നടത്താറില്ല. ആഘോഷ ങ്ങളടങ്ങിയ വിവാഹങ്ങൾ നടത്താറില്ല. ഈയൊരു ആചാരക്രമങ്ങൾക്കും പില്ക്കാലത്ത് മാറ്റങ്ങളുണ്ടായി. 1917 മുതൽ സഭയിൽ കർശനമായി നോയമ്പ് ആചരിക്കുന്നത് സഭ ആവശ്യപ്പെടുന്നില്ല.

ആദ്യകാലങ്ങളിൽ നാല് മുതൽ  ആറ് ഞായറാഴ്ച്ചകൾ വരെയുള്ള കാലം നോയമ്പ് കാലമായിരുന്നു. നാലാഴ്ചകൾ എന്നത് ലോകരക്ഷകന്റെ വരവിനായുള്ള നാലായിരം വർഷങ്ങൾക്കുള്ള പ്രതീകമായിട്ടാണ്‌ കരുതിയത്‌. അതുപക്ഷേ  സഭയുടെ കണക്കുകൾ പ്രകാരമാണ് അങ്ങനെ യൊരു കാലം തീർച്ചയാക്കപ്പെട്ടതും. അതായത്, പറുദീസയിലെ പാപത്തി ന്റെ പരിഹാര പ്രതീകമായി രക്ഷകന്റെ വരവിനായുള്ള നീണ്ടകാല  പ്രതീക്ഷാ പ്രതീകാത്മക കാത്തിരിപ്പ്‌. ഇതിനെല്ലാം ശേഷമാണ് പീയൂസ് അഞ്ചാമൻ മാർപാപ്പ റോമൻ സഭയ്ക്ക് വേണ്ടി പുതിയ രീതിയിൽ ക്രിസ്തുവി ന്റെ ആഗമനകാലലിറ്റർജി പരിഷ്കരിച്ച് പ്രഖ്യാപിച്ചതും. ഒന്നാമത്തെ അഡ്വ ന്റു ഞായർ മുതൽ ഒന്നാമത്തെ ലിറ്റർജിക്കൽ വർഷം തുടങ്ങുന്നു.

മഞ്ഞിൽ പൊതിഞ്ഞ
ക്രിസ്മസ്‌കാലം  
യേശുക്രിസ്തുവിന്റെ ആഗമനകാല പെരു ന്നാൾ, അഥവാ നോയമ്പ്കാലം ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഭക്തി പൂർവം ആചരിക്കുന്നു. ഓരോരോ രാജ്യങ്ങളിലെയും  വ്യത്യസ്തമായ പാരമ്പര്യ ആചാരക്രമം അനുസ രിച്ചു പെരുന്നാൾ ദിനങ്ങളിലെ ആഘോഷ രീതികൾക്കും വ്യത്യസ്തത കാണാം. ഇന്ത്യയി ൽ വിശിഷ്യ കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ നോയമ്പ് ആചരിച്ച് അവരുടെ  ദേവാലയ ങ്ങളിലെ വിശുദ്ധ കുർബാന തുടങ്ങി വിശുദ്ധ കർമ്മങ്ങളിൽ കുടുംബാംഗങ്ങൾ മുഴുവൻ പ്രാർത്ഥനാപൂർവം പങ്കു കൊള്ളു ന്നു. മുമ്പൊക്കെ വീടുകളിൽ പ്രത്യേക അലങ്കാരവേലകൾ ചെയ്തു വയ്ക്കുന്ന പാരമ്പര്യം ഇല്ലെന്നു തന്നെ പറയാം. എങ്കിലും കാലങ്ങൾ മാറിമറഞ്ഞതോടെ ആഘോഷങ്ങളും പ്രൗഢഗംഭീര അലങ്കാരവേലകളും കേരളത്തിൽ പൊതുവെ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും തന്നെ ഉള്ള പാരമ്പര്യാചാരക്രമ മനുസരിച്ച്‌ അഡ്വന്റു ദിനങ്ങളിൽ പുഷ്പഹാരങ്ങളും മെഴുകുതിരികളും കൊണ്ട് അവർ വീടുകൾ അലങ്കരിക്കു ന്നത് സാധാരണമാണ്.

ക്രിസ്ത്യൻ രാജ്യമായ ജർമനിയിൽ എങ്ങനെയാണ് അവർ ആഗമനകാലത്തു ആഘോഷമായ ഈ അലങ്കാരവേലകൾ ചെയ്യുന്നതെന്ന് പറയട്ടെ. പുതിയ നാല്  മെഴുകുതിരികൾ ആഘോഷത്തിന് വേണ്ടി അതിപ്രൌഡിയിലും ശ്രദ്ധയോടും മനോഹരമായും അലങ്കരിച്ചാണ് നിർമ്മിച്ച്‌ വയ്ക്കുന്നത്. ഈ നാലു മെഴുക് തിരികൾ ഓരോ അഡ്വന്റു ഞായറാഴ്ചകളുടെ പ്രതീകമാണ്.
 ആഗമന കാലത്തെ നാല്
മെഴുകുതിരികൾ
 
പക്ഷെ, ഇതിനു പ്രതീകാത്മകവും മനോഹരവുമായ സാന്ത്വന സ്പർശം നൽകുന്ന മറ്റൊരു യഥാർത്ഥസത്യം വേറെയുണ്ട്. ലോകത്തിൽ വർദ്ധി ച്ചു വരുന്ന മൂല്യച്യൂതിയെപ്പറ്റി നമ്മൾ വിലപിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം, ജീവിത രഹസ്യ ത്തിന്റെ ഉറവിടം ഇവിടെയുണ്ട് എന്നു നമ്മെ ചൂണ്ടിക്കാണിച്ചുകൊ ണ്ട് തരുന്ന പ്രകാശപൂർണമായ പ്രശാന്ത സുന്ദര ശീതളമായ നിലാവൊളിയായി ഈ നാല് മെഴുകുതിരികൾ ഇവിടെ രൂപാന്ത രപ്പെടുന്നു. ഈ രൂപാന്തരപ്പെടലു കൾ ഇവിടെ പരിപൂർണ്ണമാകുന്നത് ഇങ്ങനെയാണ്. സമാധാനം, വിശ്വാസം, സ്നേഹം, പ്രതീക്ഷ. സമാധാനം നഷ്ടപ്പെട്ട, വിശ്വാസം നഷ്ടപ്പെട്ട, പരസ്പര സ്നേഹം നഷ്ടപ്പെട്ട, പ്രതീക്ഷകൾ പാടേ തകർന്നടിഞ്ഞ ഒരു ലോകത്തിനു ഈ നാല് മെഴുകുതിരികളെല്ലാം  എങ്ങനെയോ കെട്ടുപൊയാലും വീണ്ടും വീണ്ടും അത് മഹത് വിസ്മയമായി തെളിഞ്ഞു പ്രകാശിക്കും. ഈ നാല് മെഴുകുതിരികളുടെ സത്യസന്ദേശം.

ഈ നാല് മെഴുകുതിരികൾ ആഗമനത്തിരുന്നാൾ ആഘോഷത്തിന് വേണ്ടി പ്രൌഡ മനോഹരമായി അലങ്കരിച്ചാണ് വയ്ക്കുന്നത്. മനോഹരമായി നിർമ്മിച്ചിരിക്കുന്ന പുഷ്പഹാരത്തിന്റെ നടുവിലാണ് ഈ മെഴുകു തിരികൾ ഉറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി ഫിർമരങ്ങളുടെ (Tannenbaum എന്ന് ജർമൻ ഭാഷയിൽ) ഇലകൾ നിറഞ്ഞ നല്ല കമ്പുകൾ ഉപയോഗിക്കുന്നു. സൂചി പോലെ ആകൃതിയുള്ള ഇലകൾ തിങ്ങിനിറഞ്ഞ ഫിർമര ചില്ലകൾ മുറിച്ചെടുത്തു വളരെ മനോഹരമായി പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെ, തയ്യാറാക്കിയ "അഡ്വന്റുമെഴുകുതിരി"കളും, പുഷ്പഹാരങ്ങളും എല്ലാ വീടുകളിലും ആഗമനകാലത്തു സ്ഥാനം പിടിക്കും. സിറ്റിംഗ് റൂം പോലെയുള്ള പ്രധാന മുറികളിൽ തിരികളും അതുപോലെ വീടിന്റെ പ്രധാന വാതിലിൽ പുഷ്പഹാരങ്ങളും അലങ്കരിച്ചു വയ്ക്കും. ഇങ്ങനെ വയ്ക്കുന്നത് സാധാരണ വീടുകളിൽ മാത്രമുള്ള പ്രത്യേക പതിവാണെന്നും കരുതേണ്ടതില്ല. പള്ളികളിലും സ്കൂളുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരത്തുകളിലും എല്ലാം ഇപ്രകാരം അലങ്കരിച്ച് ആഘോഷമായിത്തന്നെ ആഗമനകാലത്തെ കാത്തിരിക്കുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെയും വരാനിരിക്കുന്ന പ്രതീക്ഷയുടെ ആഗമന കാലത്തെ ഭക്തിപൂർവം ആചരിക്കുകയാണ്. ഒന്നാം ഞായറാഴ്ച ആദ്യത്തെ ഒന്നാമത്തെ തിരി കത്തിക്കും. രണ്ടാം ഞായറാഴ്ച രണ്ടാമത്തെ തിരികത്തിച്ചു  വയ്ക്കും. ഇങ്ങനെ നാല് തിരികളും ക്രമമായി അവിടെ തെളിയും; ഇങ്ങനെ നോയമ്പ്‌ കാലം മുഴുവൻ രക്ഷകനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാര ദിനത്തെ കാത്തിരിക്കുന്ന ഓർമ്മയിൽ പ്രതിഷ്ഠിക്കുന്നു.

 ആഗമനക്കാല പുഷ്പഹാരം 
1939 ലാണ് ജർമനിയിൽ ആദ്യമായി ആഗമനത്തിരുന്നാൾ ദിനങ്ങളിൽ പുഷ്പഹാരങ്ങൾ നിർമ്മിച്ച്‌ അലങ്കരി ച്ചു തുടങ്ങിയത്. "ജോഹാൻ ഹൈ ൻറിഷ് വിഷേണ്" എന്ന ഒരു ജർമൻ കാരനാണ് ഇത് തുടങ്ങി വച്ചത്. അദ്ദേഹം ജർമനിയിലെ "ബറ്റ്സാൾ" എന്ന സ്ഥലത്തു അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തി ൽ ഇത്തരമൊരു അതി മനോഹര മായ പുഷ്പഹാരം ഉണ്ടാക്കി തൂക്കി യിട്ടു. തടിയിൽ രൂപപ്പെടുത്തിയിരു ന്ന ഈ പുഷ്പഹാരത്തിൽ അദ്ദേഹം അന്ന് ഇരുപത്തിമൂന്ന് മെഴുക് തിരികളാണ് ഉപയോഗിച്ചിരുന്നത്.

അതിൽ നാലുതിരികൾ വിശുദ്ധ സായാഹ്നത്തിന് മുമ്പ് വരുന്ന ഓരോരോ ഞായറാഴ്ച്ചകളുടെയും  പ്രതീകമായിട്ടും ബാക്കിയുള്ള ചെറിയ തിരികളെല്ലാം ക്രിസ്തുമസ് ദിവസം വരെയുള്ള എല്ലാ അമൂല്യമായ ഓരോ പ്രവൃത്തി ദിവസങ്ങളുടെയും മഹനീയമായ നന്ദിപ്രതിരൂപമായിട്ടും കരുതിയിരുന്നു. ഇതിന് ഓരോ കുടുംബത്തിലെയും കുട്ടികൾ ഓരോ ദിവസവും ഓരോ തിരി മാത്രം കത്തിക്കുന്നു. ഡിസംബർ മാസം ഇരുപത്തിനാലിന് എല്ലാത്തിരികളുംകൂടി ഒന്നിച്ചു കത്തിക്കുന്നു. ഇതോടെ ക്രിസ്തുമസ് ദിനത്തിൽ തിരികൾ കത്തിച്ചുവച്ചുള്ള ഈ ആചാരവണക്കം തീരുന്നു.

ആഗമന പെരുന്നാൾ യൂറോപ്പിൽ വളരെ പ്രത്യേക സവിശേഷതയിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും എല്ലാം അതാതു സംസ്കാരത്തിന്റെ ശൈലിയിലും മട്ടിലും എല്ലാ മതവിശ്വാസികളും ഈ പുണ്യആഘോഷദിനങ്ങളെ ഉൾക്കൊള്ളുന്നു. വ്യത്യസ്ത മതദർശന ങ്ങളുടെ പുറംചട്ട വ്യതസ്തമെങ്കിലും ഉറവിടം ഒന്നാണെന്ന ബോധ്യം. യേശുവിന്റെ മനുഷ്യാവതാര രഹസ്യവും ഇതിന്റെ അനന്തരഫലമായി ത്തീരുന്നു.

കേരളത്തിൽ കൂടുതലും ദേവാലയങ്ങളിലെ ചടങ്ങുകളിൽ ആണ് കൂടുതൽ പ്രാധാന്യം നല്കിയിരുന്നത്. യൂറോപ്പിലെ ആഘോഷരീതികൾ കേരളത്തിലും സാവധാനം അനുകരിച്ചു കാണുവാനും തുടങ്ങി. ജർമനി പോലെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് കേക്കുകളും മറ്റ് പലതരം മധുരപലഹാരങ്ങളും വിവിധ വർണ്ണങ്ങളിലും രുചിയിലും വീടുകളിലും ബേക്കറികളിലും ഉണ്ടാക്കുന്നു.

 ക്രിസ്മസ് രാത്രിയിലെ ദൃശ്യം 
വിഭിന്ന നിറമുള്ളതും രുചിയുള്ള മധുരപലഹാരങ്ങൾഏതെല്ലാമാണ്? ക്രിസ്റ്റോളൻ, ആഹനർ പ്രിന്റർ, ന്യൂയൻബർഗർ ലേബ് കൂഹൻ, എന്നിങ്ങനെ നൂറു നൂറു ഇനങ്ങൾ മാർക്കറ്റിൽ കിട്ടും. നല്ല ഫീർമര ചില്ലകൾകൊണ്ട് എല്ലാ വീടുകളും ദേവാലയവും കെട്ടിടങ്ങളും ഓരോ റോഡുകളും, അതുപോലെതന്നെ   ക്രിസ്മസ് മാർക്കറ്റുകളും എല്ലാം ക്രിസ്തുമസ് ട്രീ ഉണ്ടാക്കി അലങ്കരി ച്ചു വയ്ക്കും.

സ്വർഗ്ഗത്തിൽനിന്നും മാലാഖമാർ വിതറുന്ന മുല്ലപ്പൂക്കൾ പോലെ അഡ്വന്റു കാലാരംഭത്തിൽ ആദ്യമായി ഭൂമിയിലേയ്ക്ക് പെയ്തിറങ്ങുന്ന തിളങ്ങുന്ന വെള്ളനിറമുള്ള പുത്തൻ പൊടി മഞ്ഞിന്റെ ജ്വലിക്കുന്ന സ്വർഗ്ഗീയ പ്രഭയിൽ നാട്ടിൻപുറങ്ങളെല്ലാം വർണ്ണപ്രകാശപൂരിതമായിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ആഹ്ളാദ  ദിനങ്ങൾ. പഞ്ചസാരപ്പൊടിപോലെ വെളുത്ത നിറമുള്ള മഞ്ഞു പുതഞ്ഞ ഗ്രാമങ്ങൾ, തെന്നുവണ്ടിയിൽ തലങ്ങും വിലങ്ങും തെന്നി സഞ്ചരിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഉത്സവ പറമ്പുകൾ ആയി ഗ്രാമങ്ങൾ രൂപാന്തരപ്പെടുകയാണ്. നാടും നഗരവും റോഡുകളും വീടുകളും, കുന്നുകളും മലകളും മരങ്ങളും ദേവാലയ മേൽ ക്കൂരയും വെളുത്ത തിളക്കമുള്ള സിൽക്ക് തുണിയിൽ മനോഹരമായി പൊതിഞ്ഞിരിക്കുന്ന വിശിഷ്ട  ക്രിസ്തുമസ് സമ്മാനപ്പൊതികളുടെ ഓരോരോ അത്ഭുതങ്ങളായി മാറുന്നു. ബ്ലാക്ക് ഫോറസ്റ്റിലെ നിത്യഹരിത അത്ഭുതകാഴ്ച യായ സൂചിയിലക്കാടുകൾ മാത്രമല്ല, എണ്ണമറ്റ ലോക രാജ്യങ്ങൾ അഡ്വന്റു കാലത്തെ മനോഹരമായ ശീതകാലത്തിലെ മഞ്ഞുമുത്തുമണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗീയ സൌന്ദര്യത്തിന്റെ കണ്ണഞ്ചിക്കുന്ന കാഴ്ചകളായിത്തീരുന്നു.

മഞ്ഞിൽ പൊതിഞ്ഞ പ്രശാന്തസുന്ദരമായ റോഡുകളും വീടുകളും ക്രിസ്തുമസ് കച്ചവടസ്ഥലങ്ങളും രാവും പകലും മിന്നിപ്രകാശിക്കുന്ന മെഴുക് തിരികളും വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കിടുകിടാ മരവിച്ചു വിറയ്ക്കുന്ന തണുപ്പിൽ എത്തുന്നവർക്ക് വേണ്ടി ചൂട് റെഡ് വൈൻ വിതരണം ചെയ്യുന്ന ക്രിസ്തുമസ് മാർക്കറ്റുകൾ, ചൂട് ഭക്ഷണം നല്കുന്ന ചെറിയ ചെറിയ പാതയോര ഇംബിസുകൾ തിരക്കിയെത്തുന്നവർ, കുടുംബാംഗങ്ങൾക്കും മറ്റുള്ള അടുത്ത സുഹൃത്തുക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുവാൻ നോക്കി നടക്കുന്നവർ - ഇങ്ങനെയെല്ലാം കൊണ്ടും നിരത്തുകളെല്ലാം തിക്കും തിരക്കും നിറഞ്ഞ ഉത്സവവേദിയായി മാറുന്നു. സന്ദർശകർക്ക് അവിടെനിന്നും എന്തെങ്കിലും വാങ്ങുന്നതിനോ ഉദ്ദേശമില്ലെങ്കിൽപോലും കുട്ടികളും അവരുടെ മാതാപിതാക്കളുമൊത്ത് മനോഹരമായി മിന്നിതിളങ്ങുന്ന ആഗമനകാലത്തെ ആഘോഷിക്കുന്ന ക്രസ്തുമസ് മാർക്കറ്റിൽ ഒരു സന്ദർശനം നടത്തുന്നത്  എത്രമാത്രം ആനന്ദദായകമാണ്. ഇവിടെ ദൈവം വസിക്കുന്നു.

എല്ലാവരും സമാധാനവും വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞ പ്രശാന്ത സുന്ദരമായ ക്രിസ്മസ് രാത്രിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ ദിനം. ആഗമനപ്പെരുന്നാളിന്റെ പുണ്യനാളുകളിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു കൂടുവാൻ വെമ്പൽ കൊള്ളുന്നു. /gk


 ------------------------------------------------------------------------------------------------------------------
ധ്രുവദീപ്തി ഓണ്‍ലൈൻ  
E-mail:  dhruwadeepti@gmail.com
http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.