Mittwoch, 6. November 2013

ധ്രുവദീപ്തി // കാനോനിക പഠനങ്ങൾ- // സഭാനിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ (Fr. Prof. Dr. Thomas Kuzhinapurathu)

ധ്രുവദീപ്തി // കാനോനിക പഠനങ്ങൾ- // 


സഭാനിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള 
ചൂണ്ടുപലകകൾ 


(Fr. Prof. Dr. Thomas Kuzhinapurathu


(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)

Fr.Prof:Dr.Thomas 
Kuzhinapurathu 
ഭൂമിയിൽ രക്ഷയുടെ കൂദാശയാണ് സഭ. അതായത്, സഭ ഭൂമിയിലെ മാനവരാശിയെ മുഴുവൻ രക്ഷയിലേയ്ക്ക് നയിക്കുന്നതിന് വേണ്ടി ദൈവം സ്ഥാപിച്ചിരിക്കുന്ന സാമൂഹ്യ യാഥാർത്ഥ്യമാണ്. മനുഷ്യൻ അവന്റെ സ്വഭാവത്തിന്റെ പരിമിതികളാൽ സ്വയം സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾക്കപ്പുറത്തേയ്ക്ക് നയിക്കപ്പെടുന്ന തികച്ചും ദൈവീകമായ അവസ്ഥയാണ് രക്ഷ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാനുഷിക പരിമിതികൾ അതിജീവിക്കപ്പെട്ട് ദൈവവുമായി ഒന്ന് ചേരുന്ന ഒരു ദൈവീക സംയോഗയാഥാർത്ഥ്യമാണ് രക്ഷ. ഈ രക്ഷയുടെ കൂദാശയാണ് സഭ എങ്കിൽ സഭയുടെ നിയമങ്ങൾ രക്ഷയിലേയ്ക്ക് നയിക്കുന്ന ചൂണ്ടുപലകകളാ കാതെ മറ്റൊന്നാകാൻ നിവൃത്തിയില്ല. ഈ വസ്തുതയുടെ വിശദീകരണം തേടുകയാണ് ഈ ലേഖനത്തിൽ.

സാർവത്രിക രക്ഷ ഒരു വിശദീകരണം.

സഭാപിതാവായ ജസ്റ്റിൻ ഇപ്രകാരം വിശദീകരിക്കുന്നു. "യേശുക്രിസ്തുവിൽ വിശ്വസിക്കുകയും തങ്ങൾ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ചു അനുതപിക്കുകയും ചെയ്യുന്ന പുറജാതികൾക്ക് ഇസ്രായേലിലെ പൂർവ പിതാക്കന്മാർക്കും പ്രവാചകന്മാർക്കും യാക്കോബിന്റെ സന്തതി പരമ്പരകൾക്കും തുല്യമായ രക്ഷ ലഭ്യമാകുന്നു. ഇതിനാൽ അവർ  സാബത്താചരിക്കണമെന്നോ, പരിഛേദന കർമ്മം നിർവഹിക്കണമെന്നോ യഹൂദന്മാരുടെ തിരുനാളുകൾ ആചരിക്കണമെന്നോ നിർബന്ധമില്ല." സാർവ്വത്രിക രക്ഷയെക്കുറിച്ച് ആദിമ സഭയ്ക്കുണ്ടായിരുന്ന കാഴ്ചപ്പാടാണ്‌ സഭാ പിതാവിന്റെ ഈ വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നത്. രക്ഷ എല്ലാ ദൈവമക്കൾക്കും ലഭ്യമാക്കപ്പെടണമെന്നതായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്. ഇത് യാഥാർത്ഥ്യമാക്കുവാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിക്കുകയും തന്റെ ഇഹലോക ജീവിതത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ സാർവ്വത്രിക രക്ഷ മനുഷ്യന് അനുഭവ വേദ്യമാക്കുകയും ചെയ്തത്. ദൈവം ദാനമായി നൽകുന്ന തന്റെ കൃപാവരം വഴി ഈ രക്ഷയിലേയ്ക്കുള്ള യാത്ര മനുഷ്യന് സുസാദ്ധ്യമാകുന്നു. ഈ രക്ഷയുടെ തുടരനുഭവം സാധ്യമാക്കുന്നതിന്  വേണ്ടിയാണ്  രക്ഷയുടെ കൂദാശയായ സഭ ക്രിസ്തുവിനാൽ സ്ഥാപിതമായത്.

സഭ രക്ഷയുടെ കൂദാശ. 
ദൈവത്തിന്റെ കൃപയുടെ സഹായത്താലാണ് മനുഷ്യൻ രക്ഷയിലേയ്ക്ക് നയിക്കപ്പെടുന്നതെന്ന് നാം ചിന്തിച്ചുവല്ലോ. ഈ ദൈവകൃപ മനുഷ്യന്റെ ജീവിതാവസ്ഥകൾക്കനുസൃതമായി അവനിലേയ്ക്ക് സംവേദനം ചെയ്യപ്പെടുന്നതിനായി ദൈവം സ്ഥാപിച്ച രക്ഷയുടെ കൂദാശയാണ് സഭ. അതായത് മനുഷ്യൻ ഒരു സാമൂഹിക ജീവിയായിരിക്കെ അവന്റെ രക്ഷ കരഗതമാകുന്നത് ദൈവത്താൽ സ്ഥാപിതമായ സാമൂഹിക യാഥാർത്ഥ്യമായ സഭയിലൂടെയാണ്. ഈ രക്ഷയിലേയ്ക്ക് മനുഷ്യമക്കളെ നയിക്കുന്നതിനാവശ്യമായ കൃപാവരം മനുഷ്യ ജീവിതത്തിന്റെ വിവിധ അവസ്ഥകൾക്കനുസൃതമായി നൽകുന്നതിനായി സഭയിൽ കൂദാശകൾ ദൈവത്താൽ സ്ഥാപിതമായി. ഈ കൂദാശകൾ മനുഷ്യമക്കൾക്ക് വേണ്ടി പരികർമ്മം ചെയ്യുന്നതിനായി ദൈവം സഭയിൽ പൌരോഹിത്യം സ്ഥാപിച്ചു. സഭയിലെ പൗരോഹിത്യത്തിന്റെയും ബാക്കിയെല്ലാ ഘടനാ വ്യവസ്ഥിതി കളുടെയും ലക്ഷ്യം സാർവ്വത്രിക രക്ഷയല്ലാതെ മറ്റൊന്നുമല്ല.

സഭാ നിയമങ്ങളുടെ ആവശ്യകത. 
ഇരുപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞൻ കാൾ റാനർ ഇപ്രകാരം എഴുതിയിട്ടുണ്ട്. "ഒരു സമൂഹമെന്ന നിലയിലും വിശ്വാസികളുടെ കൂട്ടായ്മ എന്ന നിലയിലും കൃസ്തുവിനെയും അവിടുത്തെ വചനത്തെയും കൃപയേയും പ്രതിനിധീകരിക്കുന്ന സാമൂഹിക അസ്തിത്വം എന്ന നിലയിലും സഭയ്ക്ക് ഒരു ഹൈരാർക്കിക്കൽ ഘടന ആവശ്യമാണ്. ഒരു വിശുദ്ധ നിയമവും ശുശ്രൂഷകളുടെ വിഭജനവും, അതുപോലെതന്നെ അംഗങ്ങളായ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധവും കൂടാതെ ദൈവജനമെന്ന നിലയ്ക്കുള്ള സഭയുടെ അസ്തിത്വത്തിന് നിലനിൽപ്പ്‌ ഉണ്ടാവില്ല." ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും സ്ഥായിയായ നിലനില്പ്പിനും പ്രവർത്തനങ്ങൾക്കും ഒരു നിയമ സംവിധാനം അത്യന്താപേക്ഷിതമാണ്. ഒരു സാമൂഹിക അസ്ഥിത്വം എന്ന നിലയിൽ സഭയ്ക്കും ഈ പൊതുതത്വത്തിൽ നിന്നും വിഭിന്നമായി നിലകൊള്ളാനാവില്ല, സഭയിലും നിയമങ്ങൾ ആവശ്യമാണ്.

സഭാ നിയമങ്ങൾ രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ.
 
രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങളും മറ്റ് ഘടനാ സംവിധാനങ്ങളും രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ ആയിരിക്കണം. രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ മനുഷ്യസ്വഭാവം എങ്ങനെ അവിഭക്തമായി വചനമായ ദൈവത്തോട് ചേർന്നിരുന്ന് രക്ഷയുടെ സജീവമായ അവയവമായി പ്രവർത്തിച്ചുവോ അതുപോലെ സഭയുടെ എല്ലാ ദൃശ്യഘടനാ സംവിധാനങ്ങളും ക്രിസ്തുവിന്റെ ആത്മാവോട്‌ ചേർന്ന് നിന്നുകൊണ്ട് ക്രിസ്തു ശരീരമായ സഭയുടെ കെട്ടുപണിയിൽ പങ്കാളിത്തം വഹിക്കണം" (തിരുസഭ-8). സഭയുടെ കെട്ടുപണിയിൽ പങ്കാളിത്തം വഹിക്കണം എന്ന് പറയുമ്പോൾ ദൈവജനത്തിന്റെ രക്ഷയിലേയ്ക്കുള്ള മുന്നേറ്റത്തിൽ അവരെ സഹായിക്കുക എന്നാണർത്ഥം. ഇത് ആദ്ധ്യാത്മികവും ഭൗതികവുമായ രക്ഷയിലേയ്ക്കും വിരൽ ചൂണ്ടുന്നു. രക്ഷ പരലോകത്തിൽ സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദൈവീകാവസ്ഥ മാത്രമല്ല. അതിനു ഐഹിക ജീവിതത്തിന്റെ സുസ്ഥിതി എന്ന അർത്ഥം കൂടി കർത്താവായ യേശു കൽപ്പിച്ചു തന്നിട്ടുണ്ട്. വിശക്കുന്നവന് ഭക്ഷണവും അറിവില്ലാത്തവന് ജ്ഞാനവും രോഗാതുരനായവന് സൗഖ്യവുമൊക്കെയായി ഈ ഐഹിക സുസ്ഥിതി കർത്താവായ യേശു ക്രിസ്തുവിലൂടെ മാനവകുലത്തിന് നൽകപ്പെട്ടു. അങ്ങനെ മനുഷ്യന്റെ രക്ഷ ഈ ലോകജീവിതത്തിൽ തന്നെ ആരംഭിച്ച് പരലോകത്തിൽ ദൈവവുമായുള്ള സംയോഗത്തിൽ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് യേശു സ്ഥാപിക്കുകയായിരുന്നു. മാനവകുലത്തിന്റെ രക്ഷ ഇപ്രകാരം വ്യാഖ്യാനിക്കപ്പെടുമ്പോൾ സഭയിലെ നിയമങ്ങൾക്ക് തദനുസ്രുതമായ വ്യാഖ്യാനങ്ങൾ നൽകപ്പെടെണ്ടതുണ്ട്. അവ മനുഷ്യന്റെ സുസ്ഥിതിയും ക്ഷേമവും ഉറപ്പുവരുത്തുന്ന നിബന്ധനകൾ കൂടിയാകണം. 'ആത്മാക്കളുടെ രക്ഷയാണ് അത്യുന്നത നിയമം' എന്ന് സഭാ നിയമ സംഹിതയിൽ പറയുമ്പോൾ ഈ സുസ്ഥിതിയും ക്ഷേമവും കൂടി സഭാ നിയമ നിർമ്മാതാക്കൾ അർത്ഥമാക്കുന്നുണ്ട്.

സീറോ മലങ്കര കത്തോലിക്കാസഭയുടെ പ്രത്യേക നിയമങ്ങൾ.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു കത്തോലിക്കാ സ്വയാധികാര സഭ എന്ന നിലയിൽ 'ആത്മാക്കളുടെ രക്ഷ' എന്നത് ഈ സഭാംഗങ്ങളായ വിശ്വാസികളുടെ രക്ഷ എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്. മറിച്ച് വിവിധ മത-സാംസ്കാരിക - സഭാസമൂഹങ്ങളുടെ മധ്യേ ജീവിക്കുന്ന ഒരു ദൈവജനസമൂഹമാണ് സീറോ-മലങ്കര കത്തോലിക്കാസഭ. ഈ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ നിന്നും വേറിട്ടുള്ള ഒരു ആത്മരക്ഷയെക്കുറിച്ചു ഈ സഭയ്ക്ക് ചിന്തിക്കാനാവില്ല. തന്മൂലം ഈ സഭയുടെ നിയമങ്ങൾ രൂപപ്പെടുമ്പോൾ ഈ പ്രത്യേക പശ്ചാത്തലവും ഉത്തരവാദിത്വവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

നമുക്ക് ചുറ്റും ജീവിക്കുന്ന ഹൈന്ദവന്റെയും മുസ്സൽമാന്റെയും അതുപോലെ തന്നെ ഓർത്തോഡോക്സ്‌ സഭാ വിശ്വാസികളുടെയും മാർത്തോമ്മസഭാ വിശ്വാസിയുടെയുമൊക്കെ ആത്മാവിൻറെ രക്ഷയിൽ നമുക്കുള്ള ഉത്തരവാദിത്വംകൂടി പരിഗണിക്കപ്പെടെണ്ടിയിരിക്കുന്നു. ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുത ആത്മാവിന്റെ രക്ഷ എന്നതുകൊണ്ട്‌ മനുഷ്യൻറെ ഭൌതിക ആവശ്യങ്ങളും അവന്റെ സുസ്ഥിതിയും അവഗണിക്കപ്പെടുന്നു എന്നർത്ഥമില്ല. ആത്മാവ് മനുഷ്യാസ്തിത്വത്തെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ദൈവജനത്തിന്റെ ഇത്തരത്തിലുള്ള ആത്മരക്ഷയെ ആയിരിക്കണം നമ്മുടെ പ്രത്യേക സഭാനിയമങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്.

ഉപസംഹാരം.
  
ഒരു സാമൂഹിക യാഥാർത്ഥ്യമെന്ന നിലയിൽ സഭയ്ക്ക് നിയമങ്ങൾ ആവശ്യമാണ്. രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകളാകേണ്ടതുണ്ട്. ഈ സാർവത്രിക രക്ഷ വിശാല മനുഷ്യ സമൂഹത്തിന്റെ സുസ്ഥിതി ലക്ഷ്യം വയ്ക്കുന്നതോടൊപ്പം എല്ലാ സാമൂഹിക വിഭാഗീയതകളെയും അതിജീവിക്കുകയും വേണം. നമ്മുടെ നിയമ നിർമ്മാണത്തിലും ഈ നിയമ ദർശനമാണ് നിറഞ്ഞു നിൽക്കേണ്ടത്.
----------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.