Sonntag, 10. November 2013

ധ്രുവദീപ്തി // Kerala Crime / ആദർശ കേരളം അശുദ്ധമാക്കുന്ന കുറ്റവാളികൾ K.A.Philip, USA-

ധ്രുവദീപ്തി // Kerala Crime:

ആദർശ കേരളം അശുദ്ധമാക്കുന്ന കുറ്റവാളികൾ -

K. A. Philp, USA 


 സകല മനുഷ്യരെയും, 
ഓരോ സ്ത്രീയെയും പുരുഷനെയും ഈശ്വരനായി കാണുക. 
വാസ്തവത്തിൽ ആരെയും സഹായിക്കാൻ നിങ്ങൾക്ക് കഴിയില്ല,   
"സേവനം" ചെയ്യാനേ കഴിയൂ.
ജഗദീശ്വരന്റെ സന്താനങ്ങളെ സേവിക്കുക"- സ്വാമി വിവേകാനന്ദൻ . 

നസ്സിനെ മരവിപ്പിക്കുന്ന വിധത്തിലുള്ള പ്രാധാന്യത്തോടെ കേരളത്തിലും പൊതുവെ ലോകമെമ്പാടും ജീവിക്കുന്ന സാധാരണ മലയാളികളെല്ലാം ചർച്ച ചെയ്യപ്പെടുന്ന പ്രശ്നങ്ങളാണ് കേരളത്തിലെ സാമൂഹ്യജീവിത മുഖ്യധാരയിലെ ദുസ്ഥിതികളായ അക്രമപ്രവർത്തനങ്ങളും സാമൂഹ്യവിരുദ്ധപ്രവണതകളും. കേരളത്തിലെ, ജനമനസ്സിൽ വൈകാരികമായി വളർന്നുവരുന്ന വികൃതമായ വ്യക്തിത്വത്തിന്റെ പ്രകടമായ പ്രകാശനമാണ്, ആനുകാലികമായി നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിത പ്രതിസന്ധികളും വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും. അവിടെ ധാർമ്മിക നിയമങ്ങളും, ദുരന്തകഥകൾ പോലെ സാമൂഹ്യമൂല്യങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്, പരീക്ഷണ വിധേയവുമായിരിക്കുകയാണ്.

ലോകരാജ്യങ്ങളിൽ പൊതുവെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുപക്ഷെ വികസിത രാജ്യങ്ങളോ വികസ്വര രാജ്യങ്ങളോ എന്ന് അതിനെ വേർതിരിച്ച് കാണേണ്ടതില്ല. കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഈ കുറ്റകൃത്യപ്രവണത കാണുകയും ചെയ്യാം.

കേരളം കുറ്റ കൃത്യങ്ങളുടെ തലസ്ഥാനം.

കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിൽ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന അറിവ് വച്ചുനോക്കിയാൽ കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെയും വിരൂപമായിത്തീർന്നുകൊണ്ടിരിക്കുന്ന സാമൂഹ്യജീവിത ചട്ടക്കൂടുകളുടെ യും ഭീകരമുഖം കണ്ടു മന:സാക്ഷിയുടെ ആത്മസത്തയുൾക്കൊണ്ടവർക്ക് പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. ഇന്ത്യയിൽ 2012-ൽ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് വിശദീകരിച്ചു. ഒരു ലക്ഷം പേരിൽ ഏതാണ്ട് 4600 പേർ കുറ്റകൃത്യങ്ങൾ കേരളത്തിൽ ചെയ്തതായി രേഖപ്പെടുത്തി. കേരളത്തിലെ നഗരങ്ങളിൽ കുറ്റകൃത്യം നടക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ അപകടകരമായ സ്ഥലം കൊച്ചി നഗരമാണ്. 

കേരളത്തിൽ കൊലപാതകത്തിനും വധശ്രമത്തിനുമായി പലവട്ടം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ ഏറ്റവും അധികം യുവജനങ്ങൾ ആണെന്ന് സ്റ്റാറ്റിറ്റിക്ക് വ്യക്തമാക്കുന്നു. കുറ്റവാളികളുടെ ഇടയിൽ യുവതികളുടെ എണ്ണവും വളരെ ഉയർന്നിരിക്കുന്നു. ഇനി കുറ്റകൃത്യങ്ങളുടെ ഭീകരതയുടെ യഥാർത്ഥ രൂപങ്ങൾ എന്താണെന്ന് നോക്കുക. നിരവധി ഉദാഹരണങ്ങൾ നമുക്ക് ഓരോരുത്തർക്കും എണ്ണി എണ്ണി പറയാനുണ്ടാകും. അവയെല്ലാം മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അകാരണമായി നിലത്തു വലിച്ചെറിഞ്ഞു ശിക്ഷിക്കുക, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ക്രൂരമായി കൊന്നുകളയുക തുടങ്ങി പൈശാചികവും സമൂഹമന:സാക്ഷിയെ  ഞെട്ടിപ്പിക്കുന്നതുമായ ഭീകര സംഭവങ്ങൾ അവയിൽ ചിലതാണ്.

പിഞ്ചുകുഞ്ഞുങ്ങളുടെ നേർക്കുള്ള ക്രൂരത.

കുറ്റകൃത്യങ്ങളുടെ നിലവിലെ ഒരു കണക്കു പുറത്തുവന്നാൽ നാം ഞെട്ടും. മൃഗീയമായി പീഡിപ്പിക്കപ്പെട്ട ഒരു നാലരവയസ്സുകാരൻ ഷഫീക്കിന്റെ ദയനീയ കഥ മാധ്യമങ്ങളിലൂടെ വന്നപ്പോൾ നമ്മെ വേദനിപ്പിച്ചു. സർക്കാർ ഇടപെട്ടു ഈ കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ വെല്ലൂർ ആശുപതിയിൽ നല്കി. പീഡനം നടന്നത് കുമളിയിലാണ്. കുറ്റവാളികൾ മാതാപിതാക്കൾ !

അമ്മയുടെയടുക്കൽ ആശുപത്രി വരാന്തയിൽ ഓടിക്കളിച്ചുനടന്ന കുട്ടിയെ അവിടെ വന്നെത്തിയ ഒരു യുവാവ് അകാരണമായി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്നു താഴേയ്ക്ക് വലിച്ചെറിഞ്ഞ സംഭവം ഉണ്ടായത് ഈ കഴിഞ്ഞ നാളിലാണ്. വേറൊരു പൈശാചിക സംഭവം ഇതാണ്-നാലഞ്ചു വയസ്സ് മാത്രമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം അമ്മയും രണ്ടു കാമുകന്മാരും ചേർന്ന് ലൈംഗികമായി ക്രൂരമായി പീഡിപ്പിച്ച ശേഷം ഭിത്തിയിൽ വലിച്ചെറിഞ്ഞു കൊന്നശേഷം കുഴിച്ചുമൂടിയ ഭീകര സംഭവം കേട്ട് ലോകമാകെ ഞെട്ടിപ്പോയി.

വളരെ നിസ്സാര കാര്യങ്ങളിൽ പോലും അകാരണമായി പിഞ്ചുകുഞ്ഞുങ്ങളെ ശിക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കുട്ടി ഭക്ഷണം കഴിച്ചില്ലെങ്കിൽ, ചെറിയ അനുസരണക്കേട്‌ കാണിച്ചെങ്കിൽ, മാതാ പിതാക്കൾ പറയുന്നത് " നീ ഇപ്പോൾ അടി മേടിക്കും ". പൊതുവെ ഉപയോഗി ക്കുന്ന ആദ്യത്തെ കടുത്ത ശിക്ഷാ ഭീഷണിയാണത്. അതുപക്ഷെ അടി കൊടുത്ത് ശിക്ഷിക്കുകയും ചെയ്യുന്നു. പതിനൊന്നു വയസ്സുള്ള സ്വന്തം മകനെ ഒരു പെറ്റമ്മ തീവച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ഇവൻ എന്റെ സ്വന്തം കുഞ്ഞാണെന്ന്പോലും  മറന്നുപോകുന്ന അമ്മമാർ!

കുറ്റകൃത്യങ്ങൾക്ക് ഇരയായി അനേകം കുട്ടികളെ കേരളത്തിൽനിന്നും കാണാതാവുന്നുണ്ട്. ഈ അടുത്ത കാലത്ത്, കുറഞ്ഞപക്ഷം ഒരു കച്ചിത്തുരുമ്പ് എന്നുപറയുന്നതുപോലെ, കേരളത്തിലെ ഒരു ദൃശ്യമാധ്യമം ഇങ്ങനെ കാണാതാവുന്ന കുട്ടികളെ വീണ്ടും കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമം ശ്ലാഘനീയം തന്നെ. എങ്കിലും കുറ്റകൃത്യങ്ങൾക്ക് അവസാനമില്ല. പക്ഷിമൃഗാദികൾക്കുപോലും " തൻകുഞ്ഞു പൊൻ കുഞ്ഞു " തന്നെയാണല്ലോ. കുട്ടികളുടെ ഇളം പ്രായത്തിൽ തെറ്റും ശരിയും ഏതെന്നു തിരിച്ചറിയാതെ ചെയ്യുന്ന അവരുടെ വാക്കുകളും പ്രവർത്തികളും, നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങൾ ഇവയെല്ലാം മാതാപിതാക്കളുടെ ദൃഷ്ടിയിൽ "അറിഞ്ഞുകൊണ്ട് ധിക്കാരം ചെയ്യുന്നു" എന്ന മുൻവിധിയാണ് ചില മാതാപിതാക്കളിലുള്ളത്. മാതാപിതാക്കളുടെയും അവരുടെ കൌമാരപ്രായത്തിലേയ്ക്ക് കടക്കുന്ന കുട്ടികളുടെയും ആത്മ ബന്ധത്തിൽ ഉണ്ടാവേണ്ട സുരക്ഷിതത്വ ബോധം നഷ്ടപ്പെടുന്നത് മൂലം കുട്ടികളിൽ കുറ്റ കൃത്യങ്ങളും ആത്മഹത്യ പ്രവണതയും വർദ്ധിക്കുന്നു എന്ന് വേണം കരുതാൻ. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളും കേരളസമൂഹത്തിൽ ഉണ്ടാകുന്നതായി മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 സുരക്ഷിതത്വം നഷ്ടപ്പെട്ട കുട്ടികൾ 

ധനികരായാലും ദരിദ്രരായാലും ഒരു കുടുംബത്തിൽ പത്തും പന്തണ്ടും വരെ കുട്ടികൾ ഉണ്ടായിരുന്ന ഒരു നല്ല കാലം കേരളത്തിൽ ഉണ്ടായിരുന്നു. അപ്പനും അമ്മയും വല്യപ്പനും വല്യമ്മയും ഒക്കെ ഒരുമിച്ചു ഒരു വീട്ടിൽ എല്ലാവരും സമാധാനത്തിലും സന്തോഷത്തിലും കൂട്ടായ്മയിലും ജീവിച്ച ഒരു നല്ലകാലം. ഇളയ കുട്ടികളെ പരിചരിക്കുന്നതിലും സംരക്ഷിക്കുന്നതിലും മൂത്ത കുട്ടികൾ ശ്രദ്ധയോടെ സഹകരിക്കുമായിരുന്നു. ദാരിദ്ര്യവും രോഗങ്ങളും മൂലം എന്നും  ദുരിതമനുഭവിച്ചിരുന്ന കുടുംബത്തിലെ കുട്ടികളെ വളർത്തുന്നതിൽ പലവിധ  പോരായ്മകളും ഉണ്ടായിരുന്നുവെന്നു വരാം. എങ്കിലും, അവരിൽ പരസ്പര സ്നേഹത്തിന്റെ ഭാഷ്യവും മനുഷ്യത്വവും ആരും മറന്നിരുന്നില്ല.      

എന്നാൽ പരസ്പരം പ്രതിബദ്ധതകൾ ഇല്ലാതെ സ്വന്തം കാര്യം മാത്രം മതിയെന്ന വിചാരവുമായി കുടുംബാംഗങ്ങളും കുടുംബത്തിൽപ്പെട്ടവരും തങ്ങൾക്കു ആവശ്യമില്ലായെന്ന അപകടകരമായ ജീവിതരീതി മലയാളികളിൽ രൂക്ഷമായി വളരുകയാണ്. ഇത്തരം പ്രവണത വളർന്നാൽ ഒരു സമൂഹത്തിനു പരസ്പരം പ്രതിബദ്ധതകളില്ലാത്ത അപകടകരമായ ഭാവിയാണ് ഉണ്ടാക്കുക. നിരവധി കുറ്റകൃത്യങ്ങൾ കുട്ടികൾക്ക് സ്നേഹം പകർന്നു നൽകേണ്ടവരായ സ്വന്തം മാതാപിതാക്കൾ പോലും ചെയ്യുന്നുവെന്ന യാഥാർത്ഥ്യം കണ്ടിട്ടും കേട്ടിട്ടും  പൊതുസമൂഹം ഇത്തരം കൃത്യങ്ങളെ ഗൌരവത്തോടെ കാണുന്നില്ല. കേരളത്തിൽ നടക്കുന്നത് എന്താണ്? മക്കൾ അപ്പനെയോ അമ്മയെയോ കൊല്ലുന്നു. അഥവാ, മാതാപിതാക്കൾ മക്കളെ കൊല്ലുന്നു. കുറ്റബോധം ജനിക്കാത്ത മലയാളീ സമൂഹം ആയിത്തീരുന്നു. ഇവിടെ ആരംഭിക്കുന്നു, കുറ്റകൃത്യങ്ങൾ.

യുവജനങ്ങളിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ.

നമ്മുടെ ജന്മഭൂമിയായ കേരളത്തിനു എന്ത് സംഭവിച്ചു എന്ന ചോദ്യം മറുനാട്ടിൽ ജീവിക്കുന്ന ഓരോ മലയാളിയും സ്വയം ചോദിക്കുന്നത് ഞാൻ കേൾക്കുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീയും പുരുഷനും ഒരുപോലെ ഒട്ടും പിന്നിലല്ലാ. മയക്കുമരുന്നുകളുടെ ഉപയോഗം, മോഷണം, പിടിച്ചു പറിക്കൽ, കള്ളക്കടത്തുകൾ, അതെത്തുടർന്നുള്ള ഒളിച്ചോട്ടം, കോഴപ്പണം, വ്യഭിചാരവേലകൾ, അക്രമങ്ങളും കൊലപാതകങ്ങളും, ആസൂത്രിതമായ  തട്ടിപ്പുനടത്തിയുള്ള അവിഹിത പണഇടപാടുകൾ ഇങ്ങനെയുള്ള നിരവധി  കുറ്റകരമായ പ്രവർത്തികൾ കേരളത്തിലെ യുവജനങ്ങൾ ചെയ്തുവരുന്നു എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ കുറ്റവാളികൾ സാമൂഹ്യ ബന്ധങ്ങളും കുടുംബബന്ധങ്ങളും  തകർക്കുന്നു. കുത്തഴിഞ്ഞു തകർന്നു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളും അവിഹിത കൂട്ടുകെട്ടുകളും കേരള  സമൂഹത്തെ മുഴുവൻ വിഷലിപ്തമാക്കുകയാണ്.

മദ്യവും മയക്കുമരുന്നും കഴിച്ചു സ്വന്തം വീട്ടിലേയ്ക്ക് കടന്നുവരുന്ന കുടുംബ നാഥൻ, അഥവാ മക്കൾ, പണത്തിനു വേണ്ടി സ്വന്തം പെണ്‍മക്കളെ അനാശാസ്യ പ്രവർത്തനത്തിനു വിട്ടുകൊടുക്കുന്ന മാതാപിതാക്കൾ, പ്രസവിച്ച ഉടൻ അവിഹിത ബന്ധത്തിന്റെ പേരിൽ കുട്ടിയെ മാലിന്യ കൂമ്പാരത്തിൽ തള്ളി ഒളിപ്പിക്കുന്ന അമ്മമാർ, ഇവരെല്ലാം കേരളത്തിന്റെ പുതിയ ഭീകര വെല്ലുവിളിയാണ്. ഇങ്ങനെയെല്ലാം പൊതുവെ നിത്യസംഭവ മായിരിക്കുന്ന ഒരു സമൂഹത്തിൽ കുട്ടികൾ വളർച്ച പ്രാപിക്കുമ്പോൾ അവർ ധാർമ്മിക നിയമങ്ങളെ വെല്ലുവിളിച്ചു പ്രതികാര വികാരവും വിപ്ലവ വാസനയും ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന്റെ വക്താക്കളായി ത്തീരുകയാണ്.

വിദ്യാഭ്യാസം ലഭിച്ചവരും അല്ലാത്തവരും ഒരു തൊഴിലധിഷ്ടിത ജീവിത ക്രമം പരിശീലിക്കുന്നതിന് പകരം ഇങ്ങനെയുള്ളവരെ വികൃതമായ രാഷ്ട്രീയ പേക്കോലങ്ങൾ ആക്കി തെരുവിൽ ഇറക്കി അക്രമത്തിനും രാഷ്ട്രീയ പാർട്ടികൾ ഒരുക്കുന്ന തെരുവു ഗുണ്ടായിസത്തിനും പങ്കാളികളാക്കുകയാണ് എന്നത് മറ്റൊരു യാഥാർത്ഥ്യം ആണ്. പാശ്ചാത്യരാജ്യങ്ങളിൽ രാഷ്ട്രീയം ചെയ്യുന്നവർ അതിൽ പ്രവർത്തിക്കുന്നു. അല്ലാത്തവർക്ക് രാഷ്ട്രീയമില്ല, അവർ തൊഴിൽ  ചെയ്യുന്നു. കേരളത്തിൽ നടക്കുന്നതുപോലെ തൊട്ടതിനും തോന്നുന്നതിനും സമരങ്ങളും പണിമുടക്കുകളും ഹർത്താലുകളും മറ്റൊരു രാജ്യത്തും ഉണ്ടാകുന്നില്ല. തൊഴിൽ പ്രശ്നങ്ങൾ സർക്കാരും സംഘടനകളുടെ ഉത്തരവാദപ്പെട്ടവരും കൂടിയിരുന്നു പരിഹരിക്കും. ഇതാണ് ഒരു സാംസ്കാരിക രാഷ്ട്രത്തിലെ സാമൂഹ്യക്രമങ്ങൾ. കേരളം ഇക്കാര്യത്തിൽ നശിക്കുകയാണ്.

 പീഡനങ്ങൾക്കെതിരെ സ്ത്രീമുന്നേറ്റം 
പണം ഏതുവിധേനയും സമ്പാദി ക്കുക എന്ന നിഗൂഡ ലക്ഷ്യം സ്ത്രീകളിലും  പുരുഷന്മാരിലും ഒരുപോലെ തന്നെ കാണപ്പെടുന്നു. വ്യാപാരശാലകൾ, രാഷ്ട്രീയ മണ്ഡലങ്ങൾ, സമുദായം മതസ്ഥാപ നങ്ങൾ, സർക്കാർ തല ഉദ്യോഗസ്ഥ രുടെ സമൂഹം, നമ്മുടെ ജനപ്രതി നിധികളുടെ സമൂഹം, മന്തിമാരുടെ ഓഫീസുകൾ, നീതി ന്യായ മണ്ഡല ങ്ങൾ, ആശുപത്രികൾ മുതൽ സ്വകാര്യ-പൊതുമേഖലകളുമെല്ലാം അഴിമതി തമ്പടിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ ഒന്നും എകപക്ഷീ യമല്ല. പീഡന കഥകളും എകപക്ഷീയമല്ല. പീഡന കഥകൾ സ്ത്രീകൾ തന്ത്രപൂർവം മെനഞ്ഞെടു ക്കുന്ന തിരക്കഥയായി തീരുന്നുണ്ട്. കോടതി ശിക്ഷിച്ചു വിടുന്ന തടവിലാക്ക പ്പെടുന്നയാൾക്ക് സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന ജീവിതത്തെക്കാൾ രാജകീയ സുഖം നൽകുന്ന സൗകര്യം അത്തരം ജയിലുകളിൽ  ഉണ്ടെന്നു പോലും ഈ അടുത്ത കാലങ്ങളിൽ മാദ്ധ്യമങ്ങൾ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലിൽ കയറുന്നവർ അടുത്ത ദിവസം ജാമ്യം വാങ്ങി വീണ്ടും വീണ്ടും സ്വതന്ത്രരായി പുറത്തു വരുന്നു. വീണ്ടും അടുത്ത ദിവസത്തെ പുതിയ മോഷണമോ പുതിയ മറ്റൊരു കൊലപാതകത്തിനൊ പദ്ധതിയിടുന്നു. നാം കേൾക്കുന്ന അനന്തരഫലമോ?

വിശ്രമസമയങ്ങളിലും ഒഴിവു സമയങ്ങളിലും കുടുംബത്തോടോപ്പവുമോ കൂട്ടുകാരോത്തോ സിനിമകൾ കാണുന്ന സാധാരണ ഒരു മലയാളീ പാരമ്പര്യം ഉണ്ടായിരുന്നു. ഇക്കാലത്ത് അത്തരം സിനിമകൾ കാണുന്നതിലല്ല പലരുടെയും താത്പ്പര്യം. ഇന്റർനെറ്റ് പൊതുമാധ്യമങ്ങളിലും ദൃശ്യമാധ്യമ ങ്ങളിലും ഏറെ  വർദ്ധിച്ചുവരുന്ന ബ്ലൂ ഫിലിമുകൾ, അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ ഇവയെല്ലാം കേരളത്തിലെ പാരമ്പര്യസാമൂഹ്യ സംസ്കാരിക ജീവിതത്തെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തകർക്കാനുള്ള കാരണമാക്കിയിട്ടുണ്ട്.

വർദ്ധിച്ചു വരുന്ന കേരളത്തിലെ കുറ്റ കൃത്യങ്ങൾക്ക് കാരണം കൂടുതൽ ഏറെ തെരക്കേണ്ടതില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾ-കോളജുകൾ, സർവകലാശാലകൾ, എന്നിവിടങ്ങളിലെല്ലാം ക്രിമിനലുകളുടെ സ്ഥിര കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിത്തീരുകയാണ്. അക്രമങ്ങൾ നിത്യം പെരുകുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുന്നില്ല. അഴിമതികൾ എല്ലാതലത്തിലും ശീഘ്രം വർദ്ധിക്കുന്നു. അതിനെ ആരും കാണുന്നില്ല, കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെടുന്നില്ല. ശിക്ഷിക്കപ്പെടു ന്നില്ല. ഇതിൽ കുറ്റക്കാർ ആരാണ്? മന്ത്രിമാർ മുതൽ എല്ലാവരിലും വരെ ഈ സംശയ ചോദ്യം ഉന്നയിക്കാമെന്ന നിലയാണ് ഇപ്പോൾ നിലവിലുള്ളത്.

പാശ്ചാത്യരാജ്യജീവിതസംസ്കാരത്തെ പുശ്ചിച്ചു പറയുന്നതു കേരളത്തിലുള്ള "കുറെ അറിവുള്ളവർക്ക്" ഇഷ്ടപ്പെട്ട കാര്യമാണെന്ന് പറയട്ടെ. ഇക്കാര്യത്തിൽ സാംസ്കാരിക നായകരെന്നു ആദരവു ലഭിച്ചവർ പോലും ഉൾപ്പെടുന്നുണ്ട്. പാശ്ചാത്യജീവിത സംസ്കാരവും രീതികളും ജീവിതമര്യാദകളും ശീലങ്ങളും   ഒരൽപം അടുത്തു കണ്ടു മനസ്സിലാക്കി കടന്നുപോകുന്നത് ഏറെ നല്ലതാണല്ലോ. വിദേശരാജ്യങ്ങളിൽ, വിശിഷ്യ പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള  മലയാളികൾ ജീവിതസുരക്ഷിതത്വത്തെപ്പറ്റി ഏറെ പരാതി പറയുന്നില്ല. പക്ഷെ കേരളത്തിലെ സാമൂഹ്യജീവിത സംസ്കാരത്തിൽ ഉണ്ടായിരിക്കുന്ന ഭീകര പാളിച്ചകൾ ഇവരെ ഭയപ്പെടുത്തുകയാണ്. കേരള ത്തിന്റെ സാംസ്കാരിക മുഖം തീരെ വികൃതമാകുന്നത് കേരളത്തിനു വെളിയിൽ നിന്ന് നോക്കിയാൽ  കാണാൻ കഴിയും.

കേരളത്തിലെ ഇപ്പോഴുള്ള അപകടകരമായ ഈ വളർച്ചയ്ക്ക് നമുക്ക് എന്ത് പരിഹാരം നിർദ്ദേശിക്കുവാൻ ഉണ്ട്? ജീവിക്കാനും സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനും നമ്മുടെ ഇന്ത്യൻ ഭരണഘടന വാഗ്ദാനം നല്കുന്നുണ്ടല്ലോ. പക്ഷെ, കേരളത്തിൽ ഈ നിയമം അട്ടിമറിക്കപ്പെടുന്നു. പകലും രാവും ഒരു കൂട്ടം പിടിച്ചുപറിക്കാരുടെയും തട്ടിപ്പുകാരുടെയും അക്രമത്തിനു മുൻപിൽ  എപ്പോഴാണ് തങ്ങളും ഇരയാകുന്നതെന്ന  ഭീതിയിലാണ് ജനങ്ങൾ. മുതിർന്ന സ്ത്രീകളും യുവതികളും അവിടെ ബലാൽസംഗത്തിന് ഇരയാകുന്നു. പാശാത്യ രാജ്യങ്ങളിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ദയ അർഹിക്കാത്ത തക്ക ശിക്ഷ ഉറപ്പാണ്. പാശ്ചാത്യ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ അവിടവിടെ എന്നും നടക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലെ നിയന്ത്രണം ഇല്ലാതെ വർദ്ധിക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും അവിടെ സ്വതന്ത്രരാണ്. രാവും പകലും ഒറ്റയ്ക്കോ അല്ലാതെയോ സ്ത്രീകൾ ഭയമില്ലാതെ ജീവിതം നയിക്കുന്നു. കേരളസമൂഹം കുറ്റക്രുത്യങ്ങളാൽ അപകടപ്പെട്ട് ജീവിതം നരകതുല്യമാവുകയാണ്. ശക്തവും ഫലപ്രദവുമായ കർശന നിയമനടപടികൾ ഇല്ലാതിരിക്കുന്നതാണ് ഈ ദുരവസ്ഥയുടെ അതിലൊരു പ്രധാന കാരണം.

വിദേശരാജ്യങ്ങളിലെ സുരക്ഷാക്രമങ്ങൾ എങ്ങനെയെന്നും കുറ്റകൃത്യ ങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടുന്നുവെന്നും സാമൂഹ്യജീവിതത്തിലും ഓരോ കുടുംബജീവിത ക്രമത്തിലും ഉണ്ടാകാവുന്ന പിഴവുകൾ എങ്ങനെയൊക്കെ  നേരിടാമെന്നും മറ്റുമുള്ള ചില നിശ്ചിത കാര്യങ്ങളെ ചുരുക്കത്തിൽ നോക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ കർശനമായ സാമൂഹ്യനിയമഘടനയുണ്ട്, നിയമങ്ങൾ അവിടെ കർശനമായി പാലിക്കപ്പെടും. ഉദാഹരണമായി, അമേരിക്കയിലുള്ള കുട്ടികളുടെ കാര്യമെടുക്കാം. അവിടെ ഒരു കുട്ടിയെ യാതൊരു  കാരണത്താലും  ശാരീരികമായി ശിക്ഷിക്കാൻ മാതാപിതാക്കളെ അനുവദിക്കുകയില്ല. ഇത്തരം സംഭവങ്ങൾ തെളിയിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്തു ജയിലുകളിൽ അടയ്ക്കാം. എന്തുകൊണ്ട് ഇത്തരം സാമൂഹ്യചട്ടങ്ങൾ കേരളസമൂഹം ഒട്ടും ഇഷ്ടപ്പെടുന്നില്ല? കേരളത്തിൽ ഈയിടെ കുട്ടികൾക്കെതിരെ നടന്ന കൊടും ക്രൂര കൊലപാതകങ്ങൾക്കെതിരെ, കുറ്റവാളിക്ക് ഒന്നുകിൽ വധശിക്ഷയോ അഥവാ കുറ്റവാളിയുടെ ജീവിതാന്ത്യം വരെയോ പുറംലോകം കാണിക്കാത്ത കടുത്ത ശിക്ഷാ നടപടി ഉണ്ടായില്ല? എന്നാൽ കോടതിയെ പരിഹസിപ്പിക്കുന്ന വിധം വിധിപറയുന്ന കൊടും കുറ്റവാളികളായ വിധികർത്താക്കൾ കേരളത്തിലെ നീതിന്യായ പീഠങ്ങളിൽ പെരുകുന്നു എന്ന് ദുഃഖസത്യം മറച്ചു പറയേണ്ടതില്ല. . ഈ കാരണം കൊണ്ടുതന്നെ സ്ഥിരകുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നു.

അദ്ധ്യാപകർക്കോ മാതാപിതാക്കൾക്കോ കുട്ടികൾക്ക് നേരെ ശാരീരിക ശിക്ഷ നൽകാൻ പാടില്ലെന്നാണ് അമേരിക്കയിലെ സാധാരണ നിയമം. ശാരീരിക ശിക്ഷ കിട്ടിയെന്നു സ്കൂൾ അദ്ധ്യാപകരുടെ മുൻപിൽ കുട്ടിയുടെ  പരാതിയുണ്ടായാൽ കുറ്റം ചെയ്ത മാതാപിതാക്കളെ നിയമപരമായി ജയിലിൽ അടയ്ക്കാം. പതിമൂന്നു വയസ്സ് വരെ പ്രായമാകാത്ത കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് കർശനമായ ഉത്തരവാദിത്വം ഉണ്ട്. പത്തു വയസ്സുവരെയുള്ള കുട്ടികളെ മാതാപിതാക്കൾ സ്കൂളിൽ നേരിട്ട് ചെന്ന് കുട്ടിയെ എറ്റ് വാങ്ങണം. സ്കൂൾ സമയം കഴിഞ്ഞു ബസ്സിൽ വീടുകളിലേയ്ക്ക് കൊണ്ടുവരപ്പെടുന്ന കുട്ടിക്ക് ഇറങ്ങേണ്ട സ്ഥാനത്തു എവിടെയാണോ അവിടെ കാത്തുനിൽക്കുന്ന മാതാപിതാക്കളുടെ സാന്നിദ്ധ്യം ഇല്ലെങ്കിൽ ബസ്സിൽ നിന്നും പുറത്തിറക്കി വിടുകയില്ല. ഉത്തരവാദപ്പെട്ട ആൾ ഇല്ലെങ്കിൽ കുട്ടിയെ തിരിച്ചു സ്കൂളിലേയ്ക്ക് കൊണ്ടുപോകും. മാതാപിതാക്കൾ കുട്ടിയെ നേരിട്ട് ചെന്ന് കൂട്ടികൊണ്ട് പോരേണ്ടി വരും. മറ്റൊരു കർശനനിയമം ഇതാണ്. സ്വന്തം വീട്ടിൽപോലും പതിമൂന്നു വയസ്സാകുന്നതു വരെ ഒരു കുട്ടിയെ ഒരിക്കലും തനിച്ചിരുത്താൻ അനുവാദമില്ല. അങ്ങനെ സംഭവിച്ചതു പോലീസ് അറിഞ്ഞാൽ കുട്ടിയെ പോലീസ് കൂട്ടിക്കൊണ്ടു പോകും, മാതാപിതാക്കൾക്ക് നിയമം അനുശാസിക്കുന്ന ജയിൽ ശിക്ഷ വരെ ലഭിക്കാം. ഇക്കാര്യത്തിൽ കേരളത്തിൽ  സാധാരണ കാണുന്നതുപോലെ കുറ്റവാളികളെ രക്ഷി ക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ശുപാർശ അമേരിക്കയിൽ തീർത്തും വിലപ്പോകില്ല.

കുട്ടികളിൽ കുറ്റകൃത്യങ്ങൾ കണ്ടുതുടങ്ങുന്നത് അവരുടെ ബാല്യകാലത്തിൽ തന്നെയാകാമെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അപ്പോൾ, ജീവിക്കുന്ന സ്വഭവനത്തിൽ വച്ചുതന്നെ മാതാപിതാക്കൾ മക്കളെ എങ്ങനെ ശരിയായ ദിശയിൽ വളർത്തണമെന്നു മനസ്സിലാക്കണം. സമൂഹത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങൾക്കുമൊത്തു ഉയരാനാവാതെ യുവാക്കൾ പുറം തള്ളപ്പെടുമ്പോൾ, സാഹചര്യസമ്മർദ്ദത്താൽ അവർ സ്വയം അക്രമവാസനയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിനു പ്രേരകമാകുന്നു. നമ്മുടെ വിദ്യാഭ്യാസ സ്ഥപനങ്ങളിലും സമൂഹത്തിലും കുറ്റകൃത്യങ്ങൾക്ക് പ്രേരകമായ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.

 സാമൂഹ്യദുരന്തം 
മാധ്യമങ്ങൾ കുറ്റകൃത്യങ്ങളെ മികച്ച പ്രാധാന്യത്തോടെ ദൈനം ദിനം അവ പ്രസിദ്ധീകരിക്കുന്നു. അനാവശ്യമായ  സംഘട്ടനങ്ങളെ യും, കൊലപാതക കഥകളും കൂടാതെ അഴിമതികളും അനാ ശാസ്യ ലൈംഗീകതയും എന്നും കുത്തിനിറച്ചു ധന സമ്പാദനം മാത്രം ലക്ഷ്യമിട്ടുള്ള സിനിമകൾ കുറ്റ ക്രുത്യപ്രവണതയ്ക്ക് നല്ല ആക്കം കൂട്ടുകയാണ്. കേരളം നിത്യവും അക്രമത്തിനും ദുരന്ത കഥകൾക്കും   കേന്ദ്രമാകുകയാണ് എന്ന് പരക്കെ അഭിപ്രായം ഉണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ, സർക്കാർ ഓഫീ സുകളിൽ നടക്കുന്ന അഴിമതികൾ, തുറന്ന രാഷ്ട്രീയപകപോക്കലുകൾ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ വേറെ, വിദ്യാഭ്യാസരംഗ ത്തായാലും, മതസാമൂഹ്യരംഗത്തായാലും അവിടെ നടക്കുന്ന കോഴപ്പണ വ്യവസായം, എന്നിങ്ങനെ കേരളം കണ്ടിട്ടില്ലാത്ത അനുഭവങ്ങൾ ജനങ്ങൾക്ക്‌ എന്നും പറയുവാനുണ്ട്. നമ്മുടെ കേരളത്തിലെ സമുദായങ്ങളുടെ ഇടയിലെ അസംതൃപ്തരുടെയും അസ്വസ്ഥത നാൾതോറും വർദ്ധിക്കുന്നുണ്ട്. പരസ്പരം ശത്രുക്കളെ തോൽപ്പിക്കാൻ വാളും പരിചയും എടുത്തു കൊണ്ട് ഏറ്റുമുട്ടുന്നു.

നിവാരണ മാർഗങ്ങൾ.

മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചതുമൂലം സൃഷ്ടിച്ച ദൈവം പോലും ദു:ഖിച്ചുവെന്നു നാം സൃഷ്ടി പുസ്തകത്തിൽ വായിക്കുന്നു. അപ്പോൾ നമ്മുടെ കേരളത്തിലുള്ള  മലയാളികളുടെ ദുഷ്ടതകൾ കാണുന്ന ദൈവംപോലും എന്നെന്നേയ്ക്കുമായിട്ട്  അവിടെ നിന്നും അവരെ തുടച്ചു നീക്കാൻ കരുതും. പക്ഷേ, കരുണാനിധിയായ ദൈവം ഇവരെയോർത്തു ദു:ഖിക്കുന്നു.

നിലവിൽ കേരള സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുസ്ഥിതിക്ക് എന്ത് ചെയ്യാൻ കഴിയണം? കുട്ടികളെ വളർത്തുന്ന കാര്യങ്ങളിൽ പ്രത്യേക പരിശീലനങ്ങളും  ശിക്ഷണരീതിയുടെ ബോധവത്ക്കരണവും വിദ്യാഭ്യാസം കുറവുള്ള എല്ലാ മാതാപിതാക്കൾക്കും നൽകുന്നതിന് സർക്കാരും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സമഗ്ര പദ്ധതികൾ കൊണ്ടുവരണം. വസ്തുതകൾ ശരിക്കും  വിവേകപൂർവം മനസ്സിലാക്കി വളരുന്ന തലമുറകളെ സമൂഹത്തിന്റെ ഒപ്പം ചേർത്തു കൊണ്ടുവന്നു നമ്മുടെ പാരമ്പര്യ മലയാളീവിശ്വാസ മൂല്യങ്ങളെയും രക്ഷപെടുത്താനുള്ള ക്രിയാത്മക ഉണർവ് സമൂഹം ആർജിക്കണം, അതിനായി തയ്യാറാവുകയും വേണം.

പ്രായപൂർത്തി എത്തിയ യുവതീ യുവാക്കൾ ആയാലും, പ്രായപൂർത്തിയിൽ എത്താത്ത കുട്ടിയാണെങ്കിലും ചെയ്യുന്ന കുറ്റക്രുത്യം അതല്ലാതായിത്തീ രുന്നില്ല. അതി കർശനമായ നിയമനടപടികളും ശിക്ഷാ നടപടിക്രമങ്ങളും നടത്തുവാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിച്ചേ പറ്റൂ. സ്തീകൾക്കും പുരുഷന്മാർ ക്കും എന്നും  എവിടെയും, അത്, രാത്രികാലങ്ങളിലോ പകലോ ആകട്ടെ, ഒറ്റയ്ക്ക് വഴിയെ നടക്കാൻ പോലും ഭയപ്പെടെണ്ടിവരുന്ന ഒരു ദേശം ഏറ്റവും ഒന്നാമതായിട്ട്  കാണാൻ കഴിയുന്നത്‌ എവിടെയെന്നു ചോദിച്ചാൽ ഒരു പക്ഷെ കേരളമാണെന്ന് പറയപ്പെടുന്ന ദുസ്ഥിതിയാണ്‌ ഉള്ളത്. എന്നാൽ, കുറ്റവാളികൾ പിടിക്കപ്പെട്ടാൽ രക്ഷപെടുന്നത് കോടതിയിൽ എത്തുമ്പോഴാ ണ്. കുറ്റവാളികളെ സംരക്ഷിക്കാൻ ഉയർന്ന പദവിയിലിരിക്കുന്ന മന്ത്രിമാർ മുതൽ നിരവധിപേർ അരയും തലയും മുറുക്കി നിൽക്കുമ്പോൾ നിയമവും ശിക്ഷയും ഉടൻ അപ്രത്യക്ഷമാവുകയാണ്. കോടതിയിലെത്തുന്ന പരസ്യ മായ കുറ്റകൃത്യങ്ങൾ വരെ തെളിവുകളില്ലാതെ തേയ്ച്ചു മായ്ച്ചു കളയാൻ ആ കേസ്സുകൾ മാസങ്ങളോ വർഷങ്ങളോ വരെയും നീട്ടിക്കൊണ്ടു പോകുന്നതു സാധാരണ കാര്യം. വ്യക്തമായ കാര്യങ്ങളിൽ ജനം നിഷ്ക്രിയരായി വിവേകം വെടിഞ്ഞു മൌനം നടിക്കരുത്.

കേരളത്തിലെ പൊതുസമൂഹത്തിനു തന്നെ തീവ്ര മന:പരിവർത്തനം ഉണ്ടായേ  മതിയാവൂ. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, കോടതികൾ അഴിമതികളുടെ കേന്ദ്രമാകാൻ അനുവദിക്കാത്ത ഒരു പാർലമെണ്ടറി ജനാധിപത്യസംവിധാനം ഉണ്ടാവണം. നിയമവും മൌലീക അവകാശ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തുന്നതിൽ ജനങ്ങൾ ഉണരണം. പൈശാചിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന കാപാലികർക്ക് ദയയർഹിക്കാത്ത ദീർഘകാലതടവുശിക്ഷ കോടതി നൽകണം. ഇതിനുവേണ്ടി  ഭരണ ഘടനാ പരമായ മാറ്റങ്ങൾക്ക് പോലും വേണ്ടി വന്നാൽ വരുത്തണം. കുറ്റവാളികളെ ജനപ്രതിനിധിയാക്കുന്ന ദുഷ്പ്രവണതയെ ജനം കൃത്യമായി തിരിച്ചറിയണം. നമ്മുടെ ജന്മഭൂമിയായ കേരളത്തെയും നമ്മുടെ ആദർശ ജീവിത സംസ്കാരത്തെയും അശുദ്ധമാക്കുന്ന സാമൂഹ്യദുസ്ഥിതിക്ക് ശാശ്വത പരിഹാരം കാണുകയെന്നത് എല്ലാ മലയാളികളുടെയും പൊതുവായ ആവശ്യമാകണം.  
-------------------------------------------------------------------------------------------------------------------------


http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.