Montag, 7. März 2016

ധ്രുവദീപ്തി: യാത്രാസ്മരണകൾ //Part -1 // ബ്രൗണൗവിലെ സിംഹക്കൂടിനരികെ://- ജോർജ് കുറ്റിക്കാട്ട്

ധ്രുവദീപ്തി // യാത്രാസ്മരണകൾ//
Part -1 

അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം -

ബ്രൗണൗവിലെ സിംഹക്കൂടിനരികെ - 

ജോർജ് കുറ്റിക്കാട്ട് -

 ജോർജ് കുറ്റിക്കാട്ട്  
ലോകം വെറുക്കുന്ന, ചരിത്രം വിറയ്ക്കുന്ന, സമാനതകളില്ലാത്ത ഒരു ഭവനം ലക്ഷ്യമാക്കിയായിരുന്നു  ഞങ്ങളുടെ യാത്ര. മദ്ധ്യ യൂറോപ്പിന്റെ ഹൃദയ ഭാഗത്തിരിക്കുന്ന ഓസ്ട്രിയയുടെയും ജർമനിയുടെയും അതിർത്തി പ്രദേശ ഗ്രാമത്തിലെ ഒരിടത്തരം ജനവാസ കേന്ദ്രത്തിലെ ഒരു ഭവനം. ജർമ്മനിയുടെ അതിർത്തി കടന്ന് ഞങ്ങൾ  ചെന്നുചേർന്നത് ഓസ്ട്രിയയുടെ അതിർത്തിയിലെ ഒരു ചെറിയ   ഗ്രാമത്തെ തമ്മിൽ  കൂട്ടി ചേർത്തിണക്കുന്ന ഒരു ചെറിയ പാലത്തിലൂടെയാണ്. അവിടെനിന്നും ഞങ്ങളുടെ വാഹനം പിന്നെയും മുന്നോട്ടു  നീങ്ങിയെത്തിയത്‌ "ബ്രൗണൗവ് "നഗര വക്കിലേയ്ക്ക് ആയിരുന്നു. അവിടെ അടുത്തുള്ള  പാലത്തിനോട് തൊട്ടു ചേർന്ന്  Stadt Braunau am Inn  (ബ്രൗണൗ പട്ടണം), എന്നെഴുതിയത് വഴിവക്കിലെ ചൂണ്ടു പലകയിൽ ഞങ്ങൾ കണ്ടു.















ബവേറിയ സംസ്ഥാനത്തിലൂടെ തഴുകിയൊഴുകുന്ന "ഇൻ" നദിയുടെ തൊട്ട് കരയിലിരിക്കുന്ന, പഴമയുടെ മുത്തശ്ശിക്കഥകൾ പറയുന്ന ഒരു ചെറിയ പട്ടണം ബ്രൗണൗ, ഞങ്ങളെ വളരെയധികം ആകർഷിച്ചു. മനോഹരമാണ്, ബ്രൗണൗ നഗരം. ജർമനിയുടെ തെക്ക് കിഴക്കെ സംസ്ഥാനമായ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെഗാനഗരമാണ് മ്യൂണിച്ച്‌. അവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ ബ്രൗണൗവ് ലക്ഷ്യമാക്കി അന്ന് കടന്നുപോയത് ജർമനിയുടെയും  ഓസ്ട്രിയയുടെയും അതിർത്തി നഗരം പാസാവ് നഗരം കടന്നാണ്. ക്രിസ്തുമതത്തിന്റെയും ജർമനിയുടെ ചരിത്ര പുരാതനമായിട്ടുള്ള രാജകീയത്വത്തിന്റെയും രാജഭരണത്തിന്റെയും പുരാണകഥയുടെ ഏറെ അമ്പരപ്പിക്കുന്നതുമായ ഐതിഹാസികരഹസ്യങ്ങളിലെ അനശ്വര പ്രൗഡി യുടെ ചരിത്രമുറങ്ങുന്ന അതിമനോഹരമായ നഗരമാണ്, പാസാവ്. 

യൂറോപ്യൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി കുണുങ്ങി യൊഴുകി  ഒഴുകിയെത്തുന്ന "ഇൻ" നദിയുടെ കിഴക്കൻ കരയിലിരിക്കുന്ന പുരാതന പാസാവ് നഗരത്തെ ഇടത്തുനിന്നും വലത്തുനിന്നും ആലിംഗനം ചെയ്തു സ്വീകരിക്കുന്നത് പ്രസിദ്ധങ്ങളായ "ഡോണൗ", "ലിസ്" നദികളാണ്. പാസാവ്- ഇൻ, ലിസ്, ഡോണൗ എന്നീ മൂന്ന് യൂറോപ്യൻ  മഹാനദികളുടെ അത്ഭുതകരവും മനോഹരവുമായ സംഗമസ്ഥാനം. "ദ്രൈഫ്ലുസ് സ്റ്റട്‌" (Drei Fluß Stadt) അഥവാ മൂന്നു നദികൾ കൂടി ചേരുന്ന നഗരം (മൂന്നാർ നഗരം) എന്ന അപര നാമത്തിലാണ് പാസാവ് ഇന്ന് അറിയപ്പെടുന്നത്.

പാസാവ് നഗരത്തിന്റെ പൂർവ്വചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും പ്രതി പാദിക്കാതെ മുന്നോട്ടു കടന്നു പോകുന്നത് യുക്തമല്ല എന്ന തോന്നൽ ന്യായ മാണ്. പ്രകൃതിമനോഹരമായ ആൽപ്പൻപർവ്വതനിരകളിൽ അങ്ങുമിങ്ങും ഉരുമ്മിനിൽക്കുന്ന പാസാവ് നഗരം ബവേറിയൻ സംസ്ഥാനത്തിന്റെ ഓസ്ട്രിയയിലേയ്ക്കുള്ള അതിർത്തിയിലെ ചരിത്ര പുരാതന നഗരമാണ്. കലിയുഗകാലത്ത്  (Iron Age ) പോലും ഇപ്പോഴത്തെ പാസാവ് നഗരത്തിന്റെ ഓൾഡ്‌ സിറ്റിയുടെ ഭാഗങ്ങളിൽ ആദ്യത്തെ കെൽറ്റിക് വംശജരുടെ അധി വാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. "ബോജോദുറും" എന്ന പാസാവിന്റെ പഴയനഗര പ്രദേശത്തു താമസിച്ചിരുന്ന "കെൽറ്റിക്" വംശജരുടെ പുരാതന കോളനികളെല്ലാം ഒന്നാം നൂറ്റാണ്ട് കാലഘട്ടത്തിൽ റോമാക്കാർ നശിപ്പിച്ചു.

അതിനു പകരമായി ഇൻ നദിയുടെ മറുകരയിൽ റോമാക്കാർ അവരുടെ രണ്ടു പണ്ടകശാലകൾ നിർമ്മിച്ചു. "ഇൻ" നദിയുടെയും "ഡോണൗ" നദിയുടെ യും ഇടയ്ക്കുള്ള ഉപദീപിൽ റോമാക്കാർ ഒരു വലിയ കോട്ടയും( Kastell Batavis) അതിനുള്ളിൽ ഒരു വലിയ വ്യാപാരകേന്ദ്രവും നിർമ്മിച്ചു. അവിടെ താവളം ഉറപ്പിച്ചിരുന്ന ജർമാനിയൻ പട്ടാളക്കാരുടെ വംശപ്പേരായിരുന്നു Bataver എന്നത് (ബാറ്റാവർ ). ബാറ്റാവിസ്‌ എന്ന പേര് രൂപാന്തിരപ്പെട്ടു പകരം നൽകപ്പെട്ടതാണ്‌ ഇന്നത്തെ പാസാവ് നഗരത്തിന്റെ പേര്. ക്രിസ്തുവർഷം 476-ലാണ് റോമാക്കാർ ഈ പ്രദേശം വിട്ടു പോയത്. അങ്ങനെ പാസാവു നഗരം ആധുനികതയിലേക്ക് നടന്നു വളർന്നുതുടങ്ങി. ചക്രവർത്തിമാരുടെയും, മറ്റ് രാജഭരണത്തിനും, കത്തോലിക്കാസഭയുടെ മെത്രാസന കേന്ദ്രത്തിനും, നിരവധി ചരിത്രസംഭവ ങ്ങൾക്കും സാക്ഷ്യം നിന്ന പാസാവ് നഗരം 1978 മുതൽ ലോക പ്രസിദ്ധമായ സർവ്വകലാശാലാ നഗരമെന്ന നാമവും അലങ്കരിക്കുന്നുണ്ട് .

ഞങ്ങളുടെ തുടർയാത്ര പുറപ്പെട്ട അന്തർദ്ദേശീയ മഹാനഗരം മ്യൂണിച്ചിൽ നിന്നും കൃത്യം 170 കിലോമീറ്റർ അകലെ മാറി ആൽപ്പൻ നിരകളുടെ മടിത്തട്ടിൽ ഓസ്ട്രിയൻ രാജ്യത്തോട് ചേർന്നുള്ള പാസാവ് നഗരത്തിന് അമ്പതിനായിരം വർഷങ്ങളുടെ ചരിത്ര പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇവിടെനിന്നും ഞങ്ങൾ തേടിയിറങ്ങിയ ബ്രൗണൗവിലേയ്ക്ക് 90 കിലോമീറ്റർ ദൂരം കാറോടി ച്ചാൽ എത്തിച്ചേരാം.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ പ്രകൃതിയുടെ പണിപ്പുരയിലെ ഏതോ മാന്ത്രികചായക്കൂട്ടിൽ യൂറോപ്പിനെ അതിസുന്ദരിയാക്കുന്നു. യൂറോപ്പ് ഏറെ മനോഹരമാണ്. ശരാശരി 25-30 ഡിഗ്രി ചൂടിൽ വെട്ടിത്തിളങ്ങുന്ന തെളിഞ്ഞ നീലാകാശത്തിലെ സ്വപ്നങ്ങൾപോലെ, വിരിയുന്ന സ്വർണ്ണനിറം പൂശിയൊഴു കുന്ന മാസ്മരിക സൂര്യകിരണങ്ങൾ, അവയുടെ സ്വർഗ്ഗീയ വർണ്ണങ്ങളുടെയോ മൃദുല തലോടലേറ്റ് മിന്നിത്തിളങ്ങി നിൽക്കുന്ന കുട്ടിവനങ്ങളും ഓരോരോ പൂത്തോപ്പുകളും മനംനിറയെ കുളിർപ്പിക്കുന്ന ഓർമ്മകളാണ്. യൂറോപ്പിനെ ഹൃദയപൂർവ്വം ആശ്ലേഷിച്ച് ഈ മനോഹാരിത നുകരാൻ, ഇഴുകിയലിഞ്ഞു ചേരുവാൻ കൊതിക്കുന്നവർക്ക് അനുയോജ്യമായിട്ടുള്ള പ്രകൃതിയെയാണ് "ഗോൾഡൻ ഒക്ടോബർ" എന്ന് പോലും യൂറോപ്യർ വിശേഷിപ്പിക്കുന്നത്‌.

 ബ്രൗണൗ- ഏപ്രിൽ 20-1889.   ഹിറ്റ്ലർ ജനിച്ച വീട് .
ഞങ്ങളുടെ വാഹനം ബ്രൗണൗവ് പട്ടണത്തിലെ തീരെ തിരക്കില്ലാത്തതായ പാർശ്വഭാഗത്തായിരുന്നു എത്തി നിന്നത്. റോഡിന് ഇരുവശവും ബ്ലോക്ക് ഹൌസുകൾ, ബ്രൗണൗ നിവാസികൾ എല്ലാവരും ഈ വീടുകളിൽ നിറഞ്ഞു ജീവിക്കുന്നു. വഴി വക്കിൽ വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നതല്ലാതെ അവിടെ അവിടെയൊക്കെ താമസിക്കുന്ന ആരെയും ഞങ്ങൾക്ക് പുറത്തു നടക്കുന്നത് തീരെകാണാൻ കഴിഞ്ഞില്ല. വല്ലപ്പോഴും പതിവ് നടപ്പിനിറങ്ങുന്ന ആരോ ഒന്നുരണ്ടുപേർ നടന്നകലുന്നത് ഞാൻ കണ്ടു.

അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് കാണണം. യൂറോപ്പിൽ ലക്ഷക്കണക്കിന്‌ നിരപരാധികളായ ജനങ്ങളെ- സ്ത്രീകളെയും കുട്ടികളെയും, പുരുഷന്മാരെ യും - നിഷ്കരുണം കൊന്നൊടുക്കുവാൻ ക്രൂരകല്പന നൽകിയവൻ ജനിച്ച ഭവനം.. ലോകത്തെ ഒട്ടാകെ തന്റെ കൈപ്പിടിയിലൊതുക്കാൻ ഒരുമ്പെട്ടിറ ങ്ങിയവൻ. പിറന്നുവീണ, നിരങ്ങിനിരങ്ങി കൈപിടിച്ച് പിച്ചവച്ചു എഴുന്നേറ്റു നിന്ന് നടന്ന ആ ബ്രൗണൗവിന്റെ മണ്ണിനെപോലും ചോരക്കറയിൽ അശുദ്ധ മാക്കിയവൻ.. അഡോൾഫ് ഹിറ്റ്ലർ ജനിച്ച് ജീവിച്ച ദുരന്തഭൂമി- "ബ്രൗണൗ" എന്ന ചെറിയ പട്ടണം. ഞങ്ങളുടെ ലക്ഷ്യസ്ഥാനം അതായിരുന്നു.

ഇൻ നദിയുടെ കരയിലിരിക്കുന്ന ബ്രൗണൗ നഗരം അപ്പർ ആസ്ത്രിയയുടെ ഏറ്റവും കൂടിയ ജനസംഖ്യനിറഞ്ഞ സ്ഥലമാണ്. നിലവിൽ (2016-ൽ പുറത്തുവിട്ട കണക്ക്) 16716 പേർ ആ നഗരത്തിൽ വസിക്കുന്നുണ്ട്. അതായത് ഒരു ചതുരശ്ര മൈലിനുള്ളിൽ 673 പേർ താമസ്സിക്കുന്നു. മ്യൂനിച്ച് നഗരത്തിൽനിന്നും കിഴക്കു മാറി ഏകദേശം 110-120 കിലോമീറ്റർ, അത്രയും തന്നെ ദൂരമുണ്ട് ലിൻസിന് പടിഞ്ഞാറ് വശത്ത്‌ നിന്ന് ബ്രൗണൗവിലേയ്ക്ക്. സാൾസ്ബുർഗിൽ നിന്ന് വടക്ക് 60 കിലോമീറ്റർ ദൂരവുമുണ്ട്.

St.Stefans Church in Braunau Stadt
എങ്ങനെയാണ് ഹിറ്റ്ലറുടെ ജന്മസ്ഥലത്തിനു ഈ പേര് ലഭിച്ചത്? എ. ഡി. 788 കാലഘട്ടത്തിനു മുൻപ് ഈ സ്ഥലത്തിനു Ranshofen എന്നായിരുന്നു പേര് വിളിച്ചിരുന്നത്. ആ പേര് പിന്നീട് Rantesdorf എന്ന് വിളിച്ചുതുടങ്ങി. 1110- ൽ ഔദ്യോഗികമായി വേറെ വീണ്ടും ആ പേരിനു മാറ്റം വരുത്തി പ്രഖ്യാപനം ഉണ്ടായി. അങ്ങനെ പേര് Prounaw (പ്രൗനാവ്) എന്ന് വിളിച്ചു. 1260- ലാണ് അവസാനം പ്രൗനാവ് എന്ന വിളിപ്പേര് മാറ്റി ബ്രൗണൗ നഗരം എന്ന് സർട്ടിഫിക്കറ്റ് നൽകി അംഗീകരിച്ചത്. ബ്രൗണൗ നഗരം പല രാജവംശങ്ങളുടെയും രാജാക്കന്മാരുടെയും ഭരണത്തിലും അതുപോലെതന്നെ അധികാരത്തിനുള്ള യുദ്ധ വേദിയുമായിരുന്നെന്ന് കാണാൻ കഴിയും. ബ്രൗണൗനഗരം ക്രിസ്ത്യൻ കേന്ദ്രമായിരുന്നു. 15- നൂറ്റാണ്ടിൽ അവിടെ പ്രസിദ്ധമായ സെന്റ്‌. സ്റ്റെഫാൻസ് ദേവാലയം നിർമ്മിക്കപ്പെട്ടു. ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ 20. 4. 1889- ൽ ബ്രൗണൗവിൽ ജനിച്ചു.

ബ്രൗണൗ നഗരം എന്തുകൊണ്ടും ശ്രദ്ദേയമായ പ്രദേശമായിരുന്നു. 1914-ൽ യുദ്ധ ത്തടവുകാർക്കായി അവിടെ 120 ഓളം തടവു കേന്ദ്രങ്ങൾ നിർമ്മിച്ച്‌ ഏതാണ്ട് 15000 യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്നു. 1938 മുതൽ ബ്രൗണൗ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. അതിനൊരു പ്രമുഖ ഉദാഹരണം, നാസികൾ ഈ സ്ഥലത്തിനും അധികാരികളായിത്തീർന്നു.1938- ഒക്ടോബർ 15 ന് നാസികൾ "റാൻസ്ഹോഫൻ"(Ranshofen )ഗ്രാമപഞ്ചായത്തി നെ ബ്രൗണൗ മുനിസിപ്പാലിറ്റിയുമായി സംയോജിപ്പിച്ചു.

Pontonbridge The US Army of Braunau to Simbach  through the  Inn River am 5. Mai 1945
മാർട്ടിൻ ബോർമാൻ- നാഷണൽ സോഷ്യലിസ്റ്റ് (നാസി) പാർട്ടിയുടെ ഏറ്റവും പ്രധാന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നയാളായിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത വിശ്വസ്തൻ. യുദ്ധാനനന്തരകാലത്ത് നടന്ന ലോക പ്രസിദ്ധമായ ന്യൂയൻബർഗ്ഗർ വിചാരണ നടന്നപ്പോൾ അയാൾ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട  യുദ്ധകുറ്റവാളിയായിരുന്നെ ന്നു   തെളിഞ്ഞതിനാൽ 1.9.1946-ൽ അദ്ദേഹം അന്തരിച്ചശേഷം (അദ്ദേഹം 2.05.1945- ബർലിനിൽ മരിച്ചു) തൂക്കിക്കൊല്ലാൻ വിചാരണ കോടതി വിധിച്ചിരുന്നു. അതെല്ലാം യുദ്ധകാല ചരിത്രം. അദ്ദേഹം അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത വിശ്വാസിയും മന്ത്രിയുടെ പദവി അലങ്കരിക്കുന്ന  നാസി പാർട്ടിയുടെ തലവനും ആയിരുന്നു. 

അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം 150000 ജർമ്മൻ റൈഷ് മാർക്ക് നൽകിക്കൊണ്ട് ഉടമസ്ഥരായ പൊമ്മർ കുടുംബത്തിൽ നിന്നും മാർടിൻ ബോർമാൻ വിലയ്ക്ക് വാങ്ങി. അതുപക്ഷെ നാസികളുടെ ഔദ്യോഗിക റിക്കാർഡിൽ ഈ കച്ചവട ഇടപാട് വേണ്ടവിധം നടന്നില്ലയെന്ന കുറിപ്പാണ് നല്കിയത്. ഇന്നുവരെ ആ ഭവനം "പൊമ്മർ" കുടുംബത്തിന്റെ തനിച്ചുള്ള ഉടമസ്തയിലാണ്. ഇതിനിടെ 2012-ൽ റഷ്യൻ "ഡുമാ" രാഷ്ട്രീയ പാർട്ടിയുടെ ഒരു പാർലമെന്റ് അംഗം ഈ ഭവനം വിലയ്ക്കുവാങ്ങി പൊളിച്ചു പണിയുവാൻ  പ്ലാനിട്ടതായിരുന്നു എന്നറിഞ്ഞു.

രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രൗണൗ നഗരം അമേരിക്കൻ മിലിട്ടറിയുടെ  ക്യാമ്പായി മാറി. ഇൻ നദിയുടെ കരയ്ക്കിരിക്കുന്ന ബ്രൗണൗ നഗരം അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനമിരിക്കുന്ന സ്ഥലമാണെന്ന് ലോകം മുഴുവനും ഇപ്പോൾ അറിയാം. "ഹിറ്റ്ലർ" എന്ന് നാവെടുത്തു പറയാൻ പോലും ഭയപ്പെട്ടിരുന്ന ഒരു ഇരുപതാം നൂറ്റാണ്ട് കടന്നുപോയിയെങ്കിലും രക്തദാഹിയായിരുന്ന ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ഉറവിടം തേടിയാണ് ഞങ്ങൾ അവിടെയെത്തിയത്. ലോകജനതയുടെ മുഴുവൻ ജിജ്ഞാസയും അവയെ ഉണർത്തുന്ന വിദ്വേഷത്തിന്റെയും കടുത്ത വെറുപ്പിന്റെയും നിലയ്ക്കാത്ത വികാരം ആ ഭവനത്തിൽ തിങ്ങി ഉറഞ്ഞു നിൽപ്പുണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി. 

ഓസ്ട്രിയയുടെ അതിർത്തിനഗരമായ ബ്രൗണൗവിൽ ജനിച്ച അഡോൾഫിന്റെ വളർച്ച ആരംഭഘട്ടത്തിലെ തന്നെ ബ്രൗണൗവിൽ നിന്നും മാറി പാസാവ്, ലിൻസ്, ലെയോൺഡിംഗ് (ലിൻസ് നഗരത്തിനടുത്ത്) എന്ന് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. പാസാവ് നഗരം ഹിറ്റ്ലറിന് ജന്മനാടുപോലെയായി. ഓസ്ട്രിയയുടെയും ഹങ്കറിയുടെയും ഭരണാധികാരി ആയിരുന്ന ചക്രവർത്തിനി എലിസബത്തിന്റെയും ( സിസ്സി ), നെപ്പോളിയൻ ചക്രവർത്തി തുടങ്ങി നിരവധി ഭരണകർത്താക്കളുടെയും സംഗമ സ്ഥാനവും ആദിമ ക്രിസ്ത്യൻ ചരിത്രത്തിന്റെ ഭാഗമായിരുന്ന കിഴക്കൻ ഡോണൗവിന്റെ മെത്രാസന ആസ്ഥാനവും എന്നൊക്കെയുള്ള സവിശേഷതകൾകൊണ്ട് മാത്രം കൊണ്ട്  തീരുന്നതായിരുന്നില്ല പാസാവ് നഗരത്തിന്റെ ചരിത്രം. പാസാവ് നഗരത്തിൽ ഉടനീളം "ഹിറ്റ്ലർ യുവത്വം" വീശിയടിച്ചപ്പോൾ ഒരുപക്ഷെ അന്നാരും വരാനിരുന്ന ഭീകരചരിത്ര ദുരന്ത സംഭവങ്ങളെപ്പറ്റി അശേഷം ചിന്തിച്ചിട്ടുണ്ടാവില്ല.
(തുടരും.)
---------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.